കാണാതെപോയ ആട്

മത്തായി 18:12-14 വരെയുള്ള വാക്യങ്ങളിലും, ലൂക്കോസ് 15:4-32 വരെയുള്ള വാക്യങ്ങളിലും ആയി യേശുക്രിസ്തു പറഞ്ഞ മൂന്ന് ഉപമകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവ മൂന്നും കാണാതെപോയവ പിന്നീട് കണ്ടുകിട്ടുന്നതിനെ കുറിച്ചുള്ളതാണ്.

ഇതിൽ മത്തായി നഷ്ടപ്പെട്ടുപോകുന്ന, എന്നാൽ പിന്നീട് കണ്ടു കിട്ടുന്ന ആടിന്റെ ഉപമയാണ് പറയുന്നത്. ഇത് ഹൃസ്വമായ ഒരു വിവരണം ആണ്.

 

മത്തായി 18:12-14

12   നിങ്ങൾക്കു എന്തു തോന്നുന്നു? ഒരു മനുഷ്യന്നു നൂറു ആടു ഉണ്ടു എന്നിരിക്കട്ടെ; അവയിൽ ഒന്നു തെറ്റി ഉഴന്നുപോയാൽ തൊണ്ണൂറ്റൊമ്പതിനെയും വിട്ടേച്ചു തെറ്റിപ്പോയതിനെ മലകളിൽ ചെന്നു തിരയുന്നില്ലയോ?

13   അതിനെ കണ്ടെത്തിയാൽ തെറ്റിപ്പോകാത്ത തൊണ്ണൂറ്റമ്പതിലും അധികം അതിനെക്കുറിച്ചു സന്തോഷിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

14   അങ്ങനെതന്നേ ഈ ചെറിയവരിൽ ഒരുത്തൻ നശിച്ചുപോകുന്നതു സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു ഇഷ്ടമല്ല.   

 

ഇവിടെ കാണാതെ പോയ ആട് “ഈ ചെറിയവരിൽ ഒരുത്തൻ” ആണ്. ആരാണ് “ഈ ചെറിയവരിൽ ഒരുത്തൻ”?

 

18 ആം അദ്ധ്യായം ആരംഭിക്കുന്നത് ശിഷ്യന്മാരുടെ ഒരു ചോദ്യത്തോടെ ആണ്.

 

മത്തായി 18:1 ആ നാഴികയിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കെ വന്നു. സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആർ എന്നു ചോദിച്ചു.

 

ഇതിന് ഉത്തരമായി യേശു ഒരു ശിശുവിനെ അടുക്കൽ വിളിച്ചു, അവരുടെ നടുവിൽ നിറുത്തി. “ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു.” എന്നു പറഞ്ഞു (18:4). തുടർന്നു യേശു പറഞ്ഞു: “ഇങ്ങിനെയുള്ള ശിശുവിനെ എന്റെ നാമത്തിൽ കൈകൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു.” (18:5). ശിശുവിന്റെ പ്രത്യേകതയായി യേശു ഇവിടെ എടുത്തു പറഞ്ഞത് “തന്നെത്താൻ താഴ്ത്തുന്നവൻ” എന്നാണ്. അതിനാൽ, “ഇങ്ങനെയുള്ള ശിശുവിനെ” എന്നത് “ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ” എന്നതാണ്.   

 

6, 7 വാക്യങ്ങളിൽ യേശു “എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ആരെങ്കിലും ഇടർച്ച വരുത്തിയാലോ”, “ഇടർച്ച വരുത്തുന്ന മനുഷ്യന്നു അയ്യോ കഷ്ടം.” എന്നു പറയുന്നു. ഇവിടെ പറയുന്ന “ ചെറിയവൻ”, 4, 5 വാക്യങ്ങളിൽ പറയുന്ന “ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ” ആണ്. “

 

ഇതിന്റെ ശേഷം യേശു പറയുന്ന കാര്യങ്ങൾ, ഇന്നത്തെ വായനക്കാർക്ക്, വളരെ തെറ്റിദ്ധാരണ ഉളവാക്കുന്ന വാക്കുകൾ ആണ്. യേശു പറഞ്ഞതിങ്ങനെയാണ്:

 

മത്തായി 18:8,9

8    നിന്റെ കയ്യോ കാലോ നിനക്കു ഇടർച്ച ആയാൽ അതിനെ വെട്ടി എറിഞ്ഞുകളക; രണ്ടു കയ്യും രണ്ടു കാലും ഉള്ളവനായി നിത്യാഗ്നിയിൽ വീഴുന്നതിനെക്കാൾ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കടക്കുന്നതു നിനക്കു നന്നു.

9    നിന്റെ കണ്ണു നിനക്കു ഇടർച്ച ആയാൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ ഒറ്റക്കണ്ണനായി ജീവനിൽ കടക്കുന്നതു നിനക്കു നന്നു.     

 

ഇവിടെ “എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ആരെങ്കിലും ഇടർച്ച വരുത്തിയാലോ” എന്നതിൽ നിന്നും ഒരുവന് അവൻ തന്നെ ഇടർച്ച വരുത്തുന്നതിലേക്ക് സംഭാഷണം പോകുന്നു. യേശു പറഞ്ഞത്, “നിന്റെ കയ്യോ കാലോ നിനക്കു ഇടർച്ച ആയാൽ” എന്നാണ്. ഇങ്ങനെ ഒരുവന്റെ കയ്യോ, കാലോ, കണ്ണോ അവന്റെ ആത്മീയ ജീവിതത്തിന് ഇടർച്ച വരുത്തുന്നു എങ്കിൽ, അതിനെ “വെട്ടി എറിഞ്ഞുകളക”, “ചൂന്നെടുത്തു എറിഞ്ഞുകളക” എന്നാണ് യേശു ഉപദേശിക്കുന്നത്.  

 

യേശുവിന്റെ ഈ സംഭാഷണം, അത് ശരിയായി ഗ്രഹിക്കാത്തതിനാൽ, പലപ്പോഴും ആശയക്കുഴപ്പങ്ങൾക്ക് കാരണമായിട്ടുണ്ട്. യേശുവിന്റെ ഈ ഉപദേശം, മത്തായി 5:29, 30, മർക്കോസ് 9:41-48 എന്നീ വേദഭാഗങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. മത്തായിയുടെ വിവരണത്തെക്കാൾ കൂടുതൽ വിശദീകരണം മർക്കോസ് രേഖപ്പെടുത്തിയിട്ടുണ്ട്.    

 

മർക്കോസ് 9:41-48

41   നിങ്ങൾ ക്രിസ്തുവിന്നുള്ളവർ എന്നീ നാമത്തിൽ ആരെങ്കിലും ഒരു പാനപാത്രം വെള്ളം നിങ്ങൾക്കു കുടിപ്പാൻ തന്നാൽ അവന്നു പ്രതിഫലം കിട്ടാതിരിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

42 എങ്കൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ഇടർച്ചവരുത്തുന്നവന്റെ കഴുത്തിൽ വലിയോരു തിരികല്ലു കെട്ടി അവനെ കടലിൽ ഇട്ടുകളയുന്നതു അവന്നു ഏറെ നല്ലു.

43 നിന്റെ കൈ നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക:

44 ഊനനായി ജീവനിൽ കടക്കുന്നതു രണ്ടു കയ്യുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ പോകുന്നതിനെക്കാൾ നിനക്കു നല്ലു.

45 നിന്റെ കാൽ നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക:

46 മുടന്തനായി ജീവനിൽ കടക്കുന്നതു രണ്ടു കാലുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ വീഴുന്നതിനെക്കാൾ നിനക്കു നല്ലു.

47 നിന്റെ കണ്ണു നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ ചൂന്നുകളക; ഒറ്റക്കണ്ണനായി ദൈവരാജ്യത്തിൽ കടക്കുന്നതു രണ്ടുകണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ നിനക്കു നല്ലു.

48 അവിടെ അവരുടെ പുഴു ചാകുന്നില്ല. തീ കെടുന്നതുമില്ല.

 

വിശ്വാസജീവിതത്തിന് ഇടർച്ച ഉണ്ടാക്കുന്നതിനെ അതീവ ഗൌരമായിട്ടാണ് യേശു കണ്ടത്.  ഒരു വിശ്വാസിക്കെങ്കിലും ഒരുവൻ ഇടർച്ച വരുത്തിയാൽ, കഴുത്തിൽ വലിയോരു തിരികല്ലു കെട്ടി അവനെ കടലിൽ ഇട്ടുകളയുന്നതു ഏറെ നല്ലത് എന്നാണ് യേശു പറഞ്ഞത്.

 

മത്തായി 18:6 എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ആരെങ്കിലും ഇടർച്ച വരുത്തിയാലോ അവന്റെ കഴുത്തിൽ വലിയോരു തിരിക്കല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്ത്തിക്കളയുന്നതു അവന്നു നന്നു.

 

ഇതിന് തുടർച്ചയായി, പാപത്തിന് കാരണം ആകുന്ന കണ്ണും, കൈയ്യും, കാലും വെട്ടിക്കളയുവാനാണ് യേശു പറഞ്ഞത്. അംഗഹീനനായി സ്വർഗ്ഗത്തിൽ കടക്കുന്നത് അംഗപൂർണ്ണനായി നരകത്തിൽ പോകുന്നതിനെക്കാൾ നല്ലതാണ്.

 

എന്താണ് യേശു ഈ വാക്കുകളിലൂടെ ഉദ്ദേശിക്കുന്നത്. മനപ്പൂർവ്വമായോ, അല്ലാതെയോ, പാപം കൂടാതെ, ഒരു മനുഷ്യനും ഈ ഭൂമിയിൽ ജീവിക്കുക സാധ്യമല്ല. യേശു പറഞ്ഞത് അക്ഷരാർത്ഥത്തിൽ അനുസരിക്കുകയാണ് എങ്കിൽ, ഒരു മനുഷ്യനും അംഗപൂർണ്ണനായി ജീവിക്കുക സാധ്യമല്ല. യേശുവിന്റെ വാക്കുകൾ, അക്ഷരാർത്ഥത്തിൽ പ്രായോഗികമാക്കുവാൻ സാധ്യമല്ല.

 

ഇന്ന് നമ്മൾ ഈ വേദഭാഗം വായിക്കുമ്പോൾ ഗ്രഹിക്കുന്നതും, യേശു ഇത് പറഞ്ഞപ്പോൾ കെട്ടുകൊണ്ടിരുന്ന ജനങ്ങൾ മനസ്സിലാക്കിയതും വ്യത്യസ്തമായ ആശയങ്ങളാണ്. ഗ്രീക്ക് സംസ്കാരവും തത്വജ്ഞാനവും, യഹൂദ ദേശം ഉൾപ്പെടെ, പഴയ ഗ്രീക്ക് സാമ്രാജ്യത്തിൽ എല്ലായിടത്തും വലിയ സ്വാധീനം ചെലുത്തിയിരുന്ന ഒരു കാലത്താണ് യേശുക്രിസ്തു ജീവിച്ചിരുന്നത്. ഗ്രീക്ക് തത്വശാസ്ത്രം അനുസരിച്ച്, ഭൌതീകമായതെല്ലാം അശുദ്ധവും, ആത്മീയമായത് മാത്രം ശുദ്ധവും ആണ്. അതിനാൽ മനുഷ്യരുടെ ശരീരം അശുദ്ധവും ആത്മാവു നല്ലതുമാണ്. എന്നാൽ യഹൂദന്മാർ ഇതിൽ നിന്നും എതിരായ ഒരു തത്വശാസ്ത്രത്തിൽ ആണ് വിശ്വസിച്ചിരുന്നത്. യഹൂദ വിശ്വാസമനുസരിച്ച്, മനുഷ്യരുടെ ശരീരം ദൈവീക ദാനമാണ്. ദൈവം മനുഷ്യനെ, അവന്റെ “സാദൃശ്യപ്രകാരം” “സ്വരൂപത്തിൽ” ആണ് സൃഷ്ടിച്ചത് (ഉൽപ്പത്തി 1:26, 27). അതിനാൽ മനുഷ്യരുടെ ജീവനും, ശരീരവും, അവന്റെ ആരോഗ്യവും, ഭൌതീക നന്മകളും എല്ലാം ദൈവീക ദാനവും, നല്ലതും, മൂല്യമുള്ളതുമാണ്. അതിനാൽ യഹൂദന്മാർ ശരീരത്തെ വളരെ വിലയേറിയതായി കരുതി. അവരുടെ ജീവൻ, കണ്ണുകൾ, കൈകൾ, കാലുകൾ എന്നിവയെല്ലാം വിലയേറിയത് ആയതിനാൽ, അതിനെ സംരക്ഷിക്കുക ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഇവയ്ക്ക് യാതൊരു ഹാനിയും ഉണ്ടാകുവാൻ പാടില്ല.

 

യഹൂദന്മാരുടെ ഈ ചിന്തയെ പിന്താങ്ങുന്ന മോശെയുടെ പ്രമാണം ഉണ്ട്. അത് ശരീരത്തെ മുറിവേൽപ്പിക്കുന്നത് വിലക്കുന്നു.

 

ലേവ്യപുസ്തകം 19:28 മരിച്ചവന്നുവേണ്ടി ശരീരത്തിൽ മുറിവുണ്ടാക്കരുതു; മെയ്മേൽ പച്ചകുത്തരുതു; ഞാൻ യഹോവ ആകുന്നു. 

 

അതിനാൽ, കൈകളെയും, കാലുകളെയും വെട്ടിക്കളയുക, കണ്ണുകളെ ചൂന്നുകളക എന്നിവ ഒരു യഹൂദന്  കഠിനമായ ഉപദേശം ആണ്. എന്നാൽ, യേശു പറയുന്നത്, സ്വർഗ്ഗത്തിൽ പ്രവേശിക്കുവാൻ അക്ഷരാർത്ഥത്തിൽ ഇങ്ങനെ ചെയ്യേണം എന്നല്ല. നരകത്തിൽ പോകുന്നതിനെക്കാൾ നല്ലത്, കൈകളെയും, കാലുകളെയും വെട്ടിക്കളയുന്നതും, കണ്ണുകളെ ചൂന്നുകളയുന്നതും ആണ്. അതിന്റെ അർത്ഥം, നമ്മളുടെ മൂല്യമുള്ള എല്ലാ ഭൌതീക നന്മകളും ഉപേക്ഷിക്കേണ്ടിവന്നാലും നരകത്തിൽ പോകാതെ സൂക്ഷിക്കേണം. എല്ലാവിധേനെയും ഒഴിവാക്കേണ്ടുന്ന ഒരു സ്ഥലമാണ് നരകം.

 

ഇതിന് ശേഷമാണ്, 12 ആം വാക്യം മുതൽ 14 വരെയുള്ള വാക്യങ്ങളിൽ യേശു കാണാതെപോയി, പിന്നീട് കണ്ടുകിട്ടിയ ആടിന്റെ ഉപമ പറയുന്നത്. അതിന് ശേഷം, നമ്മളോട് തെറ്റ് ചെയ്യുന്ന സഹോദരനെ വിശ്വാസ ജീവിതത്തിലേക്ക് മടക്കികൊണ്ടു വരുന്നതിനെക്കുറിച്ച് യേശു പറഞ്ഞു. തുടർന്നു സഹോദരനോട് “ഏഴുവട്ടമല്ല, എഴു എഴുപതു വട്ടം” ക്ഷമിക്കേണം എന്നും യേശു ഉപദേശിച്ചു. ഇതോടെ ഈ അദ്ധ്യായം അവസാനിക്കുന്നു. 

 

ലൂക്കോസിന്റെ സുവിശേഷം 15 ആം അദ്ധ്യായത്തിൽ മൂന്ന് ഉപമകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 1 മുതൽ 7 വരെയുള്ള വാക്യങ്ങളിൽ കാണാതെപോയ ആടിന്റെ ഉപമ പറയുന്നു. 8 മുതൽ 10 വരെയുള്ള വാക്യങ്ങളിൽ, കാണാതെ പോകുന്ന ഒരു ദ്രഹ്മയുടെ ഉപമ പറയുന്നു. 11 മുതൽ 32 വരെയുള്ള വാക്യങ്ങളിൽ നഷ്ടപ്പെട്ട പുത്രന്റെ ഉപമ പറയുന്നു. ഇവിടെ ഒരുവന് വളരെ വിലയേറിയതും, പ്രിയമായതും ആയ ഒരു ആട്, വസ്തു, പുത്രൻ, എന്നിവർ അൽപ്പകാലത്തേക്ക് നഷ്ടപ്പെട്ടു പോകുന്നതും, അതിന്റെ ഉടമസ്ഥൻ അതിനെ അന്വേഷിച്ച് കണ്ടെത്തുന്നതുമാണ് വിഷയം.

 

അൽപ്പകാലത്തേക്ക് നഷ്ടപ്പെട്ടു പോയ ഇവർ ആരെയാണ് സൂചിപ്പിക്കുന്നത്? കാണാതെപോയാൽ, അതിനെ ഉപേക്ഷിക്കാതെ അതിനെ കണ്ടെത്തുവാൻ ശ്രമിക്കുന്നവൻ ആരാണ്? കണ്ടെത്തിയാൽ അതിൽ സന്തോഷിക്കുന്നവർ എന്ത് സന്ദേശമാണ് നമുക്ക് നല്കുന്നത്? ഇതെല്ലാമാണ് നമ്മൾ ഈ സന്ദേശത്തിൽ ചിന്തിക്കുന്നത്. 

 

                                        (ഓഡിയോ സന്ദേശം കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

 

ഈ ഉപമകളിൽ എല്ലാം കാണാതെപോകുന്നത് അതിന്റെ ഉടമസ്ഥന്റെ പ്രിയപ്പെട്ട ഒരു വസ്തുവാണ്. മത്തായി 18 ൽ പറയുന്നത്, “ഒരു മനുഷ്യന്നു നൂറു ആടു ഉണ്ടു എന്നിരിക്കട്ടെ” എന്നാണ്. (18:12) അതായത് നൂറ് ആടുകൾ അദ്ദേഹത്തിന്റെ സ്വന്തമാണ്. ആടുകളെ മേയ്ക്കുന്ന വിശാലമായ പ്രദേശത്ത് ഉഴന്നുനടന്ന കുറെയധികം ആടുകളിൽ ഒന്നിനെക്കുറിച്ചല്ല ഇവിടെ പറയുന്നത്. ഒരു മനുഷ്യന്റെ സ്വന്തമായ നൂറ് ആടുകളിൽ “അവയിൽ ഒന്നു തെറ്റി ഉഴന്നുപോയാൽ തൊണ്ണൂറ്റൊമ്പതിനെയും വിട്ടേച്ചു തെറ്റിപ്പോയതിനെ മലകളിൽ ചെന്നു തിരയുന്നില്ലയോ?” എന്നാണ് യേശു ചോദിക്കുന്നത്. അതായത് ഒരു ആട്ടിടയന് സ്വന്തമായി നൂറ് ആടുകൾ ഉണ്ടായിരുന്നു. അദ്ദേഹം അതിനെ മേയ്ച്ചുകൊണ്ടു കഴിയുക ആയിരുന്നു. ആടുകൾ എല്ലാം അവന്റെ കൂട്ടമായി, അവനെ അനുസരിച്ച് ജീവിച്ചുവന്നു. ഒരിക്കൽ, അവന്റെ സ്വന്തം നൂറു ആടുകളിൽ ഒരെണ്ണം തെറ്റിപ്പോയി. തെറ്റിപ്പോയത് ആ പ്രദേശത്ത് ഉണ്ടായിരുന്ന കുറേ ആടുകളിൽ ഒരെണ്ണം അല്ല, അവന്റെ സ്വന്തം ആടുകളിൽ ഒരെണ്ണം ആണ്.

 

അവന്റെ സ്വന്തം ആടുകളിൽ ഒരെണ്ണം തെറ്റിപ്പോയി എന്നു മനസ്സിലാക്കിയ ഇടയൻ, അവന്റെ ബാക്കി ഉണ്ടായിരുന്ന ആടുകളെ സുരക്ഷിതമായ ഒരു സ്ഥലത്ത് ആക്കിയതിന് ശേഷം തെറ്റിപ്പോയതിനെ അന്വേഷിച്ചു പോയി. തൊണ്ണൂറ്റൊമ്പത് ആടുകളെക്കുറിച്ച് അവൻ വ്യാകുലപ്പെട്ടില്ല. കാരണം അവയെല്ലാം അവന്റെ ആട്ടിൻകൂട്ടത്തിൽ തന്നെ സുരക്ഷിതരായി ഉണ്ടായിരുന്നു. അവയൊന്നും തെറ്റിപ്പോയില്ല. എന്നാൽ തെറ്റിപ്പോയത് ഒരു ആട് ആണ് എങ്കിലും, അത് അവന്റെ സ്വന്തം ആട്ടിൻ കൂട്ടത്തിൽ ഉള്ളതാണ് എന്നതിനാൽ, അത് അവന് പ്രിയപ്പെട്ടതും വിലയേറിയതും ആണ്. അതിനാൽ അവൻ അതിനെ അന്വേഷിച്ചു പോയി, കണ്ടെത്തി, തിരികെ ആട്ടിൻകൂട്ടത്തിലേക്ക് കൊണ്ടുവന്നു. തെറ്റിപ്പോയി എങ്കിലും അതിനെ തിരികെ കിട്ടിയതിനാൽ അവൻ ഏറെ സന്തോഷിച്ചു. 

 

13 ആം വാക്യം പറയുന്നത്, “അതിനെ കണ്ടെത്തിയാൽ തെറ്റിപ്പോകാത്ത തൊണ്ണൂറ്റമ്പതിലും അധികം അതിനെക്കുറിച്ചു സന്തോഷിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” ഈ വാക്യം തെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പത് ഇടയന് പ്രിയമുള്ളതോ, വിലയേറിയതോ, അല്ല എന്ന അർത്ഥമല്ല വിനിമയം ചെയ്യുന്നത്. അവ തെറ്റിപ്പോകാതെ അവന്റെ ആട്ടിന് കൂട്ടത്തിൽ തുടർന്നിരുന്നു. എന്നാൽ സ്വന്തമായ ആട്ടിൻകൂട്ടത്തിൽ ഒന്നുപോലും തെറ്റിപ്പോകുവാൻ ഇടയൻ ആഗ്രഹിക്കുന്നില്ല. കാരണം അതും അവന്റെ സ്വന്തമാണ്.

 

14 ആം വാക്യം ഈ ആശയം കൂടുതൽ വ്യക്തമാക്കുന്നുണ്ട്. “അങ്ങനെതന്നേ ഈ ചെറിയവരിൽ ഒരുത്തൻ നശിച്ചുപോകുന്നതു സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു ഇഷ്ടമല്ല.” ആരാണ് “ഈ ചെറിയവരിൽ ഒരുത്തൻ”? 6 ആം വാക്യത്തിൽ യേശു പറഞ്ഞു: “എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ആരെങ്കിലും ഇടർച്ച വരുത്തിയാലോ അവന്റെ കഴുത്തിൽ വലിയോരു തിരിക്കല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്ത്തിക്കളയുന്നതു അവന്നു നന്നു.” അതായത് “ഈ ചെറിയവരിൽ ഒരുത്തൻ” യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ചെറിയവരിൽ ഒരുത്തനാണ്. 4 ആം വാക്യത്തിൽ യേശു പറഞ്ഞതനുസരിച്ച് ഒരു ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തി, യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവൻ ആണ് “ചെറിയവരിൽ ഒരുത്തൻ”. അവൻ “നശിച്ചുപോകുന്നതു സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു ഇഷ്ടമല്ല.” ഈ ചെറിയവൻ തെറ്റിപ്പോയാൽ, ഇടയൻ അവനെ അന്വേഷിച്ച് കണ്ടെത്തി തിരികെ ആട്ടിൻകൂട്ടത്തിലേക്ക് ചേർത്തുകൊള്ളും. ഇതാണ് ഈ ഉപമകൾ നല്കുന്ന പ്രത്യാശയുടെ ദൂത്.

 

ലൂക്കോസ് 15 – മൂന്ന് ഉപമകൾ

 

ലൂക്കോസ് 15 ആം അദ്ധ്യായത്തിലെ മൂന്ന് ഉപമകളിൽ ഒന്നാമത്തേത് കാണാതെപോകുന്ന ആടിന്റെ ഉപമയാണ്. കാണാതെപോയ ആടിന്റെ ഉപമ യേശു പറഞ്ഞതിന്റെ പശ്ചാത്തലം മത്തായി വിവരിക്കുന്നതും, ലൂക്കോസ് വിവരിക്കുന്നതും വ്യത്യസ്തമാണ്. ലൂക്കോസിന്റെ സുവിശേഷത്തിൽ ഈ ഉപമ പറയുവാനുള്ള സന്ദർഭം ഇതാണ്:  

 

ലൂക്കോസ് 15:1, 2

1     ചുങ്കക്കാരും പാപികളും എല്ലാം അവന്റെ വചനം കേൾപ്പാൻ അവന്റെ അടുക്കൽ വന്നു.

2    ഇവൻ പാപികളെ കൈക്കൊണ്ടു അവരോടുകൂടി ഭക്ഷിക്കുന്നു എന്നു പരീശന്മാരും ശാസ്ത്രിമാരും പറഞ്ഞു പിറുപിറുത്തു.

 

ഇവിടെ പറയുന്ന “ചുങ്കക്കാരും പാപികളും” യഹൂദന്മാർ തന്നെയാണ്. യേശു അവന്റെ ശുശ്രൂഷ അധികമായി ജാതികളുടെ ഇടയിൽ ചെയ്തിട്ടില്ല. അവൻ ഗലീല, യഹൂദ്യ, എന്നീ ദേശങ്ങൾ വിട്ടു അധികം യാത്രചെയ്തിട്ടില്ല. എന്നാൽ ഒരിക്കൽ അവൻ ശമര്യക്കാരുടെ ദേശത്ത് കൂടെ യാത്ര ചെയ്തിട്ടുണ്ട്. എന്നാൽ അത് ഒരിക്കൽ മാത്രമാണ്. യേശുക്രിസ്തു പെരെയ എന്ന പ്രേദേശത്തും ശുശ്രൂഷ ചെയ്തിട്ടുണ്ട് (Perea or Peraea). ഈ പ്രദേശത്തെ, “യോർദ്ദാന്നക്കരെ” (മത്തായി 4:25, മാർക്കോസ് 3:8, യോഹന്നാൻ 10:40), എന്നാണ് സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് യഹൂദന്മാരുടെ ദേശം ആയിരുന്നു. ഗലീലയിൽ നിന്നും യഹൂദ്യയിലേക്ക് പോകുന്ന ഒരുവൻ ശമര്യയിൽ പ്രവേശിക്കാതെ ഇരിക്കുവാനായി പെരെയ പ്രദേശത്തുകൂടെ ആയിരുന്നു യാത്ര ചെയ്തിരുന്നത്. പെരെയ, യോർദ്ദാൻ താഴ് വരയുടെ കിഴക്കൻ പ്രദേശമാണ്.    

 

അതിനാൽ ലൂക്കോസ് 15:1, 2 വാക്യങ്ങളിൽ പറയുന്ന ചുങ്കക്കാരും പാപികളും യഹൂദന്മാർ ആയിരുന്നു. റോമൻ സാമ്രാജ്യത്തിനുവേണ്ടി കരം പിരിക്കുന്ന യഹൂദന്മാരെ സമൂഹം പാപികളായി കണക്കാക്കി. യേശു ഇവരുമായി ഭക്ഷണം കഴിച്ചു കൂട്ടായ്മയിൽ ആയിരുന്നതിനെ പരീശന്മാരും ശാസ്ത്രികളും കുറ്റവും, അശുദ്ധിയും ആയി കണ്ടു. ഈ സാഹചര്യത്തിൽ ആണ് യേശു കാണാതെപോയതിന്റെ ഉപമ പറയുന്നത്.

 

കാണാതെപോയ ആടിന്റെ ഉപമ മത്തായി 3 വാക്യങ്ങളിൽ പറയുമ്പോൾ, ലൂക്കോസ്  അത് 4 വാക്യങ്ങളിൽ വിവരിക്കുന്നു. മത്തായി പറയാത്ത ചില കാര്യങ്ങൾ ലൂക്കോസ് പറയുന്നുണ്ട്.

 

മത്തായി ഉപമ അവസാനിപ്പിക്കുന്നത്, ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തി, യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന “ചെറിയവരിൽ ഒരുത്തൻ” “നശിച്ചുപോകുന്നതു സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു ഇഷ്ടമല്ല.” എന്നു പറഞ്ഞുകൊണ്ടാണ്. ലൂക്കോസ് അവസാനിപ്പിക്കുന്നത്, “മാനസാന്തരം കൊണ്ടു ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പതു നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വർഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകും” എന്നു പറഞ്ഞുകൊണ്ടാണ്.

 

രണ്ടുപേരും കാണാതെപോയ ആട് ആരുടേതായിരുന്നു, അതിന് ഇടയനുമായുള്ള ബന്ധം എന്തായിരുന്നു എന്നു പറഞ്ഞുകൊണ്ടാണ് ഉപമ ആരംഭിക്കുന്നത്. രണ്ട് വിവരണങ്ങളിലും നൂറ് ആടുകളും ഒരു ഇടയന്റെ സ്വന്തമാണ്. അതിൽ ഒന്നാണ് കാണാതെ പോയത്. അതിനെ അന്വേഷിച്ചു പോയപ്പോൾ, ഇടയൻ ബാക്കിഉണ്ടായിരുന്ന തൊണ്ണൂറ്റൊമ്പത് ആടുകളെ സുരക്ഷിതമായ ഒരു സ്ഥലത്താക്കി. ഈ തൊണ്ണൂറ്റൊമ്പത് ആടുകൾ, മത്തായിയുടെ വിവരണത്തിൽ, യേശുക്രിസ്തുവിൽ വിശ്വസിച്ച് അവന്റെ ആട്ടിൻകൂട്ടത്തിൽ ചേർന്ന ചെറിയവർ ആണ്. ലൂക്കോസിന്റെ വിവരണത്തിൽ അത് ദൈവത്തിന്റെ തിരഞ്ഞെടുപ്പിനാൽ അവന്റെ സ്വന്ത ജനമായി തീർന്ന യഹൂദന്മാർ ആണ്. ഇവരെ “മാനസാന്തരം കൊണ്ടു ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പതു നീതിമാന്മാർ” എന്നു യേശു വിശേഷിപ്പിക്കുന്നു.

 

യഹൂദന്മാർ ദൈവത്തിന്റെ സ്വന്തജനമാണ് എന്നും അവർ തിരഞ്ഞെടുക്കപ്പെട്ടവർ ആണ് എന്നും ആയിരുന്നു അവരുടെ വിശ്വാസം. ഈ വിശ്വാസം യേശു ഇവിടെ ചർച്ച ചെയ്യുന്നില്ല. യഹൂദന്മാർ നീതിമാന്മാർ ആയിരുന്നുവോ, അവർ മാനസാന്തരം ആവശ്യമില്ലാത്തവർ ആയിരുന്നുവോ എന്നും ഉപമയിൽ  പരിശോധിക്കുന്നില്ല. പാപികളെ കൈക്കൊണ്ടു അവരോടുകൂടി യേശു ഭക്ഷിക്കുന്നു എന്നു കുറ്റം കണ്ടെത്തിയ പരീശന്മാരേയും, ശാസ്ത്രിമാരേയും ആയിരിക്കാം “മാനസാന്തരം കൊണ്ടു ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പതു നീതിമാന്മാർ” എന്നു അവൻ വിശേഷിപ്പിച്ചത്. അങ്ങനെയെങ്കിൽ അതൊരു വ്യഗ്യമായ ഭാഷയാണ്. മാനസാന്തരം ആവശ്യമില്ലാ എന്നു സ്വയം ചിന്തിക്കുന്ന തൊണ്ണൂറ്റൊമ്പതു നീതിമാന്മാർ എന്നു നമ്മൾ മനസ്സിലാക്കേണം.

 

ഒരു പക്ഷെ യഹൂദന്മാരെ മൊത്തമായി സൂചിപ്പിക്കുവാൻ ആയിരിക്കാം “മാനസാന്തരം കൊണ്ടു ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പതു നീതിമാന്മാർ” എന്നു യേശു പറഞ്ഞത്. എന്നാൽ ഇവർ ആരായിരുന്നാലും, അവർ ഈ ഉപമകളിൽ പ്രധാന വ്യക്തികൾ അല്ല.  

 

ഇത്രയും സൂക്ഷമവും, വിശദവുമായി പഠിച്ചത്തിൽ നിന്നും നമ്മൾ ഒരു കാര്യം മനസ്സിലാക്കുന്നു. ഈ ഉപമകൾ കാണാതെപോകുന്ന ഏതെങ്കിലും ഒരു ആടിനെ കുറിച്ച് ഉള്ളതല്ല, ഇടയന്റെ സ്വന്തമായിരുന്ന ആട്ടിൻകൂട്ടത്തിൽ നിന്നും കാണാതെ പോകുന്ന ആടിന്റെ ഉപമയാണ്. അതിനെയാണ് അവൻ അന്വേഷിച്ചു കണ്ടെത്തി, തിരികെ ആട്ടിന് കൂട്ടത്തിലേക്ക് കൊണ്ടുവന്നത്.

 

കാണാതെ പോയ ദ്രഹ്മ

 

ലൂക്കോസ് കാണാതെപോയ ആടിന്റെ ഉപമയ്ക്ക് ശേഷം രണ്ട് ഉപമകൾ കൂടി പറയുന്നുണ്ട്. 15 ആം അദ്ധ്യായം 8 മുതൽ 10 വരെയുള്ള വാക്യങ്ങളിൽ കാണാതെപോയ ഒരു ദ്രഹ്മയുടെ ഉപമ പറയുന്നു. ഉപമ ആരംഭിക്കുന്നത്, “ഒരു സ്ത്രീക്കു പത്തു ദ്രഹ്മ ഉണ്ടു എന്നിരിക്കട്ടെ;” എന്നു പറഞ്ഞുകൊണ്ടാണ്. അതായത് ഒരു സ്ത്രീയ്ക്ക് സ്വന്തമായി ഉണ്ടായിരുന്ന പത്ത് ദ്രഹ്മകളിൽ ഒന്നാണ് കാണാതെ പോയത്. കാണാതെ പോകുന്നതിന് മുമ്പ് അത് അവളുടെ സ്വന്തം ദ്രഹ്മകളിൽ ഒന്നായിരുന്നു. അത് കാണാതെപോയപ്പോൾ അവൾ സൂക്ഷ്മമായി അന്വേഷിച്ചു, അതിനെ കണ്ടെത്തി. ഈ ഉപമ അവസാനിക്കുന്നത് “അങ്ങനെ തന്നേ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും” എന്നു പറഞ്ഞുകൊണ്ടാണ്.

 

നഷ്ടപ്പെട്ട മകന്റെ ഉപമ

 

11 ആം വാക്യം മുതൽ 32 ആം വാക്യംവരെ നഷ്ടപ്പെട്ട ഒരു മകന്റെ കഥ പറയുന്നു. ഈ ഉപമയും ആരംഭിക്കുന്നത്, ഒരു മനുഷ്യന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു.” എന്നു പറഞ്ഞുകൊണ്ടാണ്. അതായത് ഇത് രണ്ട് മനുഷ്യരുടെയോ, രണ്ട് പുത്രന്മാരുടെയോ കഥയല്ല, ഒരു മനുഷ്യന്റെ രണ്ട് പുത്രന്മാരുടെ കഥയാണ്. രണ്ട് പേരും അവന്റെ സ്വന്ത പുത്രന്മാർ ആയിരുന്നു. അതിൽ ഒന്നാണ് നഷ്ടപ്പെട്ടു പോയത്.     

 

ഈ ഉപമയിൽ, നഷ്ടപ്പെട്ട പുത്രന്റെ പിതാവ് അവനെ അന്വേഷിച്ചു പോകുന്നില്ല, അവൻ തിരികെ വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്. അന്വേഷിച്ച് പോകുക എന്നത് കഥയുടെ സ്വാഭാവികത ഇല്ലാതെയാക്കും എന്നതിനാൽ ആകാം അത് ഇവിടെ ഇല്ലാത്തത്. എന്നാൽ നഷ്ടപ്പെട്ട മകൻ തിരികെ വരുന്നത് ദൂരത്ത് നിന്നുതന്നെ കണ്ട പിതാവ്, അവന്റെ അടുക്കലേക്ക് ഓടിച്ചെന്ന്, അവനെ സ്വീകരിച്ചു വീട്ടിലേക്ക് കൊണ്ടുവരുന്നു.

 

ഉപമ അവസാനിക്കുമ്പോൾ, പിതാവ് മൂത്ത മകനോട് പറയുന്ന വാചകം ഇതാണ്.

 

ലൂക്കോസ് 15:31, 32

31   അതിന്നു അവൻ അവനോടു: മകനേ, നീ എപ്പോഴും എന്നോടു കൂടെ ഇരിക്കുന്നവല്ലോ; എനിക്കുള്ളതു എല്ലാം നിന്റെതു ആകുന്നു.

32 നിന്റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. ആകയാൽ ആനന്ദിച്ചു സന്തോഷിക്കേണ്ടതാവശ്യമായിരുന്നു എന്നു പറഞ്ഞു.    

 

മൂത്ത മകൻ പിതാവിനോടു കൂടെ എപ്പോഴും ഉണ്ടായിരുന്നവൻ ആണ്. അവൻ നഷ്ടപ്പെട്ടവൻ അല്ല. അതിനാൽ അവന് ഒരു തരിച്ചു വരവ് ആവശ്യമില്ല.

 

ഈ ഉപമകളിൽ എല്ലാം, സ്വന്തമായിരുന്ന ഒന്ന് നഷ്ടപ്പെടുമ്പോൾ, അതിനെ ഉപേക്ഷിക്കാതെ, അന്വേഷിച്ചു കണ്ടെത്തി തിരകെ സ്വന്തത്തിലേക്ക് കൊണ്ടുവരുന്ന ഒരു ദൈവത്തെ നമ്മൾ കാണുന്നു. ഇതാണ് ഈ ഉപമകളുടെ മുഖ്യ സന്ദേശം. അവന്റെ ആട്ടിൻകൂട്ടത്തിലെ ഒരു ആട് പോലും നഷ്ടപ്പെടുവാൻ ദൈവം അനുവദിക്കുകയില്ല. ഏതെങ്കിലും സാഹചര്യത്തിൽ തെറ്റിപ്പോയാൽ ദൈവം തെറ്റിപ്പോകുന്നവനെ തേടിവരും. കാരണം അവൻ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിലെ ഒരുവൻ ആണ്.

 

അതായത്, രക്ഷിക്കപ്പെട്ട്, യേശുക്രിസ്തുവിന്റെ ആട്ടിൻകൂട്ടത്തിൽ ആയിത്തീർന്ന നമ്മൾ, നഷ്ടപ്പെട്ടു പോകുവാൻ അവൻ സമ്മതിക്കുകയില്ല. അൽപ്പകാലത്തേക്ക് കൂട്ടം തെറ്റിയാലും, അവൻ നമ്മളെ തേടിവരും, അവൻ നമ്മളെ വീണ്ടും അവന്റെ ആട്ടിൻകൂട്ടത്തോട് ചേർക്കും. ഇതൊരു ആശ്വാസകരവും, സന്തോഷകരവും ആയ നല്ല വിശേഷമാണ്.  ഇത് നമ്മൾക്ക് ബലവും, ധൈര്യവും നല്കുന്ന വാർത്തയാണ്.

 

ഇതിന്റെ അർത്ഥം നമ്മൾ പോകുന്ന വഴികളെയെല്ലാം ദൈവം അംഗീകരിക്കും എന്നല്ല. നമ്മൾ തിരഞ്ഞെടുക്കുന്ന വഴികൾ ചിലപ്പോൾ നമ്മളെ ആട്ടിൻകൂട്ടത്തിൽ നിന്നും തെറ്റിച്ചുകളയുന്നത് ആകാം. അങ്ങനെ നമ്മൾ കൂട്ടം വിട്ട് അലഞ്ഞു പോയേക്കാം. എന്നാൽ, നമുക്ക് ഒരു ധൈര്യവും പ്രത്യാശയുമുണ്ട്. നമ്മൾ എന്നന്നേക്കുമായി നഷ്ടപ്പെട്ടു പോകുവാൻ നമ്മളുടെ ശ്രേഷ്ഠ ഇടയൻ അനുവദിക്കുകയില്ല. അവൻ തീർച്ചയായും നമ്മളെ അന്വേഷിച്ച് വരും, നമ്മളെ വീണ്ടും അവനോടു കൂടെ ചേർക്കും.

 

ഇത് കൂട്ടം വിട്ടു തെറ്റിപ്പോകുവാനുള്ള പ്രചോദനം അല്ല. തെറ്റിപ്പോയവർ അതിന്റെ പരിണത ഫലം അനുഭവിക്കുന്നുണ്ട്. എന്നാൽ ഒരു മടങ്ങിവരവിന് സാധ്യതയുണ്ട് എന്ന നല്ല വിശേഷമാണ് ഈ ഉപമകൾ നല്കുന്നത്.

 

കാണാതെപോയപ്പോൾ അവയ്ക്ക് എന്ത് സംഭവിച്ചു? കാണാതെപോകുന്നതിന് മുമ്പ്, അവയുടെ അവസ്ഥ എന്തായിരുന്നു? ഇടയന്റെ ആട്ടിൻ കൂട്ടത്തിൽ ഉണ്ടായിരുന്ന ആട്, ഇടയന്റെ എല്ലാ സ്നേഹവും, കരുതലും, സംരക്ഷണവും അനുഭവിച്ചുകൊണ്ടു ജീവിച്ചു. ദ്രഹ്മ ഒരു ജീവനുള്ള വസ്തുവല്ല. ഈ മൂന്ന് ഉപമകളിൽ ജീവനില്ലാത്ത വസ്തു ദ്രഹ്മ മാത്രമാണ്. എന്നാൽ അതും അതിന്റെ യജമാനന് വിലയേറിയതായിരുന്നു. അവർ അതിനെ സംരക്ഷിച്ചു, അതിനായി കരുതി. നഷ്ടപ്പെട്ട മകൻ, പിതാവിന്റെ ഭവനത്തിൽ സ്നേഹവും, സരക്ഷണവും, കരുതലും അനുഭവിച്ചുകൊണ്ട് ജീവിക്കുക ആയിരുന്നു. ഇതെല്ലാമാണ് കാണാതെപോയപ്പോൾ, അല്ലെങ്കിൽ കൂട്ടം തെറ്റിപ്പോയപ്പോൾ അവർക്ക് നഷ്ടമായത്.

 

കാണാതെ പോയതിനെ യജമാനൻ വീണ്ടും അന്വേഷിച്ചു കണ്ടെത്തുന്നില്ല എങ്കിൽ അത് എന്നന്നേക്കുമായി നശിച്ചുപോകും. അതിന് ഒരിക്കലും സ്വയം തിരികെ വരുവാൻ സാധ്യമല്ല. അവനിൽ ദൈവത്തിന്റെ ആത്മാവിന്റെ പുനർജീവിപ്പിക്കുന്ന ഇടപെടൽ ഉണ്ടായില്ല എങ്കിൽ, അതിന് ഒരിക്കലും മുമ്പ് അനുഭവിച്ച ഇടയന്റെ സ്നേഹത്തിലേക്കൊ, കരുതലിലേക്കൊ തിരികെ വരുവാൻ സാധ്യമല്ല.

 

എബ്രായർ 6:4-6

4    ഒരിക്കൽ പ്രകാശനം ലഭിച്ചിട്ടു സ്വർഗ്ഗീയദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും

5    ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവർ പിന്മാറിപ്പോയാൽ

6    തങ്ങൾക്കു തന്നേ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവന്നു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ടു അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിവുള്ളതല്ല.

 

കൂട്ടം തെറ്റുന്നവൻ തിരികെ വരാതിരുന്നാൽ അവൻ നശിച്ചുപോകും എന്നു മത്തായിയുടെ സുവിശേഷത്തിൽ യേശു വ്യക്തമാക്കുന്നുണ്ട്.

 

മത്തായി 18:14 അങ്ങനെതന്നേ ഈ ചെറിയവരിൽ ഒരുത്തൻ നശിച്ചുപോകുന്നതു സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു ഇഷ്ടമല്ല.

 

ഒരിക്കൽ രക്ഷയുടെ സന്തോഷവും മഹത്വവും അനുഭവിച്ചർ നഷ്ടപ്പെട്ടു പോയാൽ അവർ നശിച്ചുപോകും എങ്കിലും, ഇടയൻ ഉപേക്ഷിക്കുകയില്ല എന്നതാണ് ഈ ഉപമകളിലെ നല്ല സന്ദേശം. ഈ പുനസ്ഥാപനം ആണ് പിതാവ് ഇഷ്ടപ്പെടുന്നത്. ഈ പുനസ്ഥാപനത്തിൽ ആണ് സ്വർഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകുന്നത്. മുമ്പ് അവൻ മനസന്തരപ്പെട്ട് രക്ഷിക്കപ്പെട്ടു ദൈവ പൈതൽ ആയതിനെക്കാൾ “അധികം സന്തോഷം” കൂട്ടം തെറ്റിപ്പോയ ഒരുവനെ തിരികെ കിട്ടുമ്പോൾ ഉണ്ടാകും.

 

ലൂക്കോസ് 15:7 അങ്ങനെ തന്നേ മാനസാന്തരം കൊണ്ടു ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പതു നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വർഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.

 

അതായത്, ഒരിക്കൽ ഇടയന് സ്വന്തമായിരുന്നതും, പിന്നീട് കാണാതെ പോകുന്നതും, ഇടയൻ അതിനെ അന്വേഷിച്ച് കണ്ടെത്തുന്നതും, അത് വീണ്ടും സ്വന്ത ആട്ടിൻകൂട്ടത്തിലേക്ക് അത് തിരികെ ചേരുമ്പോൾ ഉണ്ടാകുന്ന അധികം സന്തോഷവുമാണ് ഈ ഉപമകളിലെ വിഷയം.

 

ഉദാഹരണങ്ങൾ

 

ഇടയന്റെ കൂട്ടത്തിലെ ആടുകൾ കാണാതെ പോകുന്നത്തിന്റെയും, ഇടയൻ അതിനെ അന്വേഷിച്ചു കണ്ടെത്തുന്നതിന്റെയും ഉദാഹരണങ്ങൾ നമുക്ക് സുവിശേഷങ്ങളിൽ കാണാം. മറ്റ് റബ്ബിമാരിൽ നിന്നും വ്യത്യസ്തനായി, അന്ന് സാധാരണയായി ചെയ്തുപോന്നിരുന്ന രീതികളിൽ നിന്നും വ്യത്യസ്തമായിട്ടാണ് യേശു അവന്റെ ശിഷ്യന്മാരെ തിരഞ്ഞെടുത്തത്. സാധാരണയായി ഒരു റബ്ബിയുടെ അടുക്കൽ ഒരുവൻ വന്നു, അവന്റെ ശിഷ്യൻ ആകുവാൻ ആഗ്രഹമുണ്ട് എന്നു പറയുമ്പോൾ, അവൻ യോഗ്യൻ ആണ് എന്നു റബ്ബിയ്ക്ക് ബോധ്യം വന്നാൽ അവനെ ശിഷ്യൻ ആയി തിരഞ്ഞെടുക്കും. എന്നാൽ യേശു, അവന്റെയടുക്കൽ വന്നു ശിഷ്യനാകുവാൻ ആഗ്രഹമുണ്ട് എന്നു പറഞ്ഞവരെ ആരെയും ശിഷ്യൻ ആയി സ്വീകരിച്ചില്ല. യേശുവിന്റെ ശിഷ്യനാകുവാൻ ആഗ്രഹം പ്രകടിപ്പിക്കാത്തവർ ആയിരുന്നു അവൻ തിരഞ്ഞെടുത്ത ശിഷ്യന്മാർ. യേശു അവരെ അന്വേഷിച്ചു, കണ്ടെത്തി, വിളിച്ചു, ശിഷ്യന്മാർ ആക്കി.

 

ലൂക്കോസ് 6: 13 നേരം വെളുത്തപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കെ വിളിച്ചു, അവരിൽ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു, അവർക്കു അപ്പൊസ്തലന്മാർ എന്നും പേർ വിളിച്ചു.

 

ഇവിടെ “തിരഞ്ഞെടുത്തു” എന്നു പറയുവാൻ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക്, “എക്ലെഗോമ” എന്നാണ് (eklegomai, ek-leg'-om-ahee) എന്നതാണ്. ഈ വാക്കിന്റെ അർത്ഥം പലരിൽ നിന്നും ഒരുവന്റെ സ്വന്തമാകേണ്ടതിനായി തിരഞ്ഞെടുക്കുക എന്നാണ്. (to pick or choose out for one's self, choosing one out of many for one's self). ഒരു പ്രത്യേക സ്ഥാനത്തേക്ക് ഒരുവനെ തിരഞ്ഞെടുക്കുന്നതിനെയും ഈ വാക്ക് സൂചിപ്പിക്കുന്നു.

 

അതിനാൽ ഈ വാക്കിന്റെ അർത്ഥം: ദൈവം അവന്റെ അനുഗ്രഹങ്ങൾ ലഭിക്കേണ്ടതിനായും, അവന്റെ കൃപയിൽ എക്കാലവും ജീവികേണ്ടതിനായും,  അനേകം മനുഷ്യരിൽ നിന്നും, ഒരു കൂട്ടത്തെയോ, ഒരു മനുഷ്യനെയോ  അവന്റെ സ്വന്ത ജനമായി തിരഞ്ഞെടുക്കുന്നു. ഇത് പഴയനിയമ യിസ്രായേല്യരുടെയും പുതിയനിയമ സഭയുടെയും തിരഞ്ഞെടുപ്പാണ്.

 

ആവർത്തന പുസ്തകം 7:6-8

6    നിന്റെ ദൈവമായ യഹോവെക്കു നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.

7    നിങ്ങൾ സംഖ്യയിൽ സകലജാതികളെക്കാളും പെരുപ്പമുള്ളവരാകകൊണ്ടല്ല യഹോവ നിങ്ങളെ പ്രിയപ്പെട്ടു തിരഞ്ഞെടുത്തതു; നിങ്ങൾ സകലജാതികളെക്കാളും കുറഞ്ഞവരല്ലോ ആയിരുന്നതു.

8    യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോടു താൻ ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും അത്രേ യഹോവ നിങ്ങളെ ബലമുള്ള കയ്യാൽ പുറപ്പെടുവിച്ചു അടിമവീടായ മിസ്രയീമിലെ രാജാവായ ഫറവോന്റെ കയ്യിൽനിന്നു വീണ്ടെടുത്തതു.

 

യാക്കോബ് 2: 5 പ്രിയ സഹോദരന്മാരേ, കേൾപ്പിൻ: ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നേ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന്നു തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു.

 

2 പത്രൊസ് 1:10, 11

10   അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ.

11    ഇങ്ങനെ ചെയ്താൽ നിങ്ങൾ ഒരുനാളും ഇടറിപ്പോകാതെ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും.

 

1 കൊരിന്ത്യർ 1:26 സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ: ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ ഏറെയില്ല, ബലവാന്മാർ ഏറെയില്ല, കുലീനന്മാരും ഏറെയില്ല.

 

ഈ തിരഞ്ഞെടുപ്പ് യേശുവിന്റെ ഇഷ്ടപ്രകാരമല്ല, പിതാവിന്റെ ഹിതപ്രകാരമാണ് സംഭവിച്ചത്. പിതാവ് കൂട്ടിച്ചേർത്തവർ മാത്രമേ യേശുവിന്റെ ശിഷ്യന്മാർ ആയിട്ടുള്ളൂ.

 

യോഹന്നാൻ 17:6 നീ ലോകത്തിൽനിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവർ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു.

 

യോഹന്നാൻ 17:12 അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.

 

യോഹന്നാൻ 6:70 യേശു അവരോടു: “നിങ്ങളെ പന്ത്രണ്ടു പേരെ ഞാൻ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുത്തൻ ഒരു പിശാചു ആകുന്നു” എന്നു ഉത്തരം പറഞ്ഞു. ഇതു അവൻ ശിമോൻ ഈസ്കര്യയ്യോർത്താവിന്റെ മകനായ യൂദയെക്കുറിച്ചു പറഞ്ഞു.

 

യോഹന്നാൻ 13:18 നിങ്ങളെ എല്ലാവരെയും കുറിച്ചു പറയുന്നില്ല; ഞാൻ തിരഞ്ഞെടുത്തവരെ ഞാൻ അറിയുന്നു; എന്നാൽ “എന്റെ അപ്പം തിന്നുന്നവൻ എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതാകുന്നു.

 

സങ്കീർത്തനം 41:9 ഞാൻ വിശ്വസിച്ചവനും എന്റെ അപ്പം തിന്നവനുമായ എന്റെ പ്രാണസ്നേഹിതൻ പോലും എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു.

 

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് പേരും അവന്റെ ആട്ടിൻകൂട്ടം ആയിരുന്നു. എന്നാൽ അതിൽ ഒരുവൻ അവനെ ശത്രുക്കൾക്ക് കാണിച്ചുകൊടുക്കുവാനായി കൂടെ ചേർക്കപ്പെട്ടവൻ ആയിരുന്നു. അവൻ നാശയോഗ്യൻ ആയിരുന്നു. അവനെക്കുറിച്ചുള്ള ദൈവീക പദ്ധതി നിവർത്തിക്കപ്പെട്ടു, അങ്ങനെ അവൻ നഷ്ടപ്പെട്ടു പോയി. അവനെ ഇടയൻ അന്വേഷിച്ച് പോയില്ല. അവനെ നാശത്തിനായി വിട്ടുകൊടുത്തു.

 

1 യോഹന്നാൻ 2:19 അവർ നമ്മുടെ ഇടയിൽനിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവർ ആയിരുന്നില്ല; അവർ നമുക്കുള്ളവർ ആയിരുന്നു എങ്കിൽ നമ്മോടുകൂടെ പാർക്കുമായിരുന്നു; എന്നാൽ എല്ലാവരും നമുക്കുള്ളവരല്ല എന്നു പ്രസിദ്ധമാകേണ്ടതല്ലോ.

 

യൂദാ ഈസ്കര്യോത്താവ് യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്നു. എന്നാൽ അവൻ അവർക്കുള്ളവൻ ആയിരുന്നില്ല. അവർക്കുള്ളവൻ ആയിരുന്നു എങ്കിൽ, അവൻ അവരോടുകൂടെ പാർക്കുമായിരുന്നു. എന്നാൽ അവൻ അവർക്കുള്ളവൻ ആയിരുന്നില്ല എന്നതിനാൽ, അവൻ അവരുടെ ഇടയിൽ നിന്നും പുറപ്പെട്ട് പോയി.

 

എന്നാൽ ശേഷമുണ്ടായിരുന്ന പതിനൊന്നു പേരും അവന്റെ സ്വന്ത ആട്ടിൻകൂട്ടത്തിലെ വിലയേറിയ ആടുകൾ ആയിരുന്നു. എങ്കിലും, യേശുക്രിസ്തുവിന്റെ ക്രൂശീകരണവും അതിന് ശേഷമുള്ള സംഭവങ്ങളും ശിഷ്യന്മാരെ ആശയക്കുഴപ്പത്തിലാക്കി. അവർ പരിഭ്രാന്തരായി, ഓടിക്കളഞ്ഞു. ഇവരിൽ പത്രൊസ് യേശുവിനെ മൂന്ന് പ്രാവശ്യം തള്ളിപ്പറഞ്ഞു. എന്നാൽ യേശു അവനെ ഉപേക്ഷിച്ചില്ല. അവൻ പത്രൊസിനെ അവിടെ വച്ചുതന്നെ വീണ്ടും കൂടെ ചേർത്തു.

 

ഈ സംഭവം യേശു മുൻകൂട്ടി പ്രവചിച്ചത് ഇങ്ങനെയാണ്:

 

മത്തായി 26: 34 യേശു അവനോടു: “ഈ രാത്രിയിൽ കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു” എന്നു പറഞ്ഞു.

 

ലൂക്കോസ് 22:60-62

60 മനുഷ്യാ, നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ തന്നേ പെട്ടെന്നു കോഴി കൂകി.

61   അപ്പോൾ കർത്താവു തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി: “ഇന്നു കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും” എന്നു കർത്താവു തന്നോടു പറഞ്ഞ വാക്കു പത്രൊസു ഓർത്തു

62 പുറത്തിറങ്ങി അതിദുഃഖത്തോട കരഞ്ഞു.

 

പത്രൊസ് യേശുവിനെ തള്ളിപ്പറഞ്ഞു. എന്നാൽ അപ്പോഴും യേശു അവനെ ചേർത്ത് പടിച്ചു. അവൻ നഷ്ടപ്പെട്ടു പോകുവാൻ യേശു സമ്മതിച്ചില്ല.

 

എന്തുകൊണ്ടാണ് പത്രൊസ് നഷ്ടപ്പെട്ടു പോകുവാൻ യേശു അനുവദിക്കാതിരുന്നത്. അവനെക്കുറിച്ചു ദൈവത്തിന് ഒരു പ്രത്യേക പദ്ധതി ഉണ്ടായിരുന്നു.

 

ലൂക്കോസ് 22:31

31   ശിമോനേ, ശിമോനെ, സാത്താൻ നിങ്ങളെ കോതമ്പു പോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു.

32 ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.

 

യേശു പത്രൊസിനോടു പറഞ്ഞത് ഇതാണ്. സാത്താൻ നിന്നെ ഗോതമ്പ് പോലെ പാറ്റുന്ന ഒരു അവസരം ഉണ്ടാകും. എന്നാൽ നിന്റെ വിശ്വാസം നഷ്ടപ്പെട്ടുപോകുകയില്ല. കാരണം നീ തിരിഞ്ഞു വന്നു, കൂട്ട് സഹോദരങ്ങളെ ഉറപ്പിക്കേണം എന്നാണ് ദൈവത്തിന്റെ പദ്ധതി.

 

പത്രൊസ് മാത്രമല്ല, യേശുവിന്റെ സ്വന്ത ആട്ടിൻകൂട്ടത്തിലെ ആരും നശിച്ചുപോകുവാൻ അവൻ അനുവദിച്ചില്ല. യോഹന്നാൻ 17:12യേശു പറഞ്ഞതിങ്ങനെയാണ്: “അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; .... ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.” പതിനൊന്നു ശിഷ്യന്മാരിൽ ആരും നഷ്ടപ്പെട്ടു പോയില്ല.  

 

യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റത്തിന് ശേഷം അവൻ ശിഷ്യന്മാർക്ക് പല പ്രാവശ്യം പ്രത്യക്ഷനായി. എല്ലാ പ്രത്യക്ഷതയും കാണാതെപോയ അവന്റെ ആടുകളെ അന്വേഷിച്ചുള്ളതായിരുന്നു.

 

യേശു ഉയിർത്തെഴുന്നേറ്റ ദിവസം, രണ്ടുപേർ യെരൂശലേമിൽനിന്നു ഏഴു നാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്കു പോയി. ഇവർ ശിഷ്യന്മാരിൽ രണ്ടു പേരോ, യേശുവിനോടൊപ്പം ഉണ്ടായിരുന്ന രണ്ടു പേരോ ആകാം.  അവർ നിരാശരും, ദുഖിതരും, പ്രതീക്ഷ നഷ്ടപ്പെട്ടവരും, വലിയ ആശയക്കുഴപ്പത്തിലും ആയിരുന്നു. എന്നാൽ യേശു അവരെ അന്വേഷിച്ച് പോയി, അവർക്ക് ആശ്വാസമായി, പ്രതീക്ഷയായി അവർക്ക് അവനെ വെളിപ്പെടുത്തി. (ലൂക്കോസ് 24:13-31).

 

അന്നുതന്നേ യേശു വീണ്ടും ശിഷ്യന്മാർക്ക് പ്രത്യക്ഷനായി. (ലൂക്കോസ് 24:36). എല്ലാം കാണാതെപോയ ആടുകളെ തേടിയുള്ള യേശുവിന്റെ യാത്ര ആയിരുന്നു. അവൻ സ്വന്തമായതിനെ ഉപേക്ഷിക്കുന്ന ദൈവമല്ല, അതിനെ കാണാതെ പോകുന്നിടത്ത് നിന്നും ശേഖരിക്കുന്ന ദൈവമാണ്.

 

യേശു ഉയിർത്തെഴുന്നേറ്റു എന്നു ബോധ്യം വന്നിട്ടും, ശിഷ്യന്മാർ നിരാശർ ആയിരുന്നു. അവർ പ്രതീക്ഷിച്ചതുപോലെ യിസ്രായേലിന് രാജ്യം യാഥാസ്ഥാനത്താക്കുന്ന പ്രവർത്തികൾ യാതൊന്നും യേശു ചെയ്തില്ല (അപ്പൊസ്തല പ്രവൃത്തികൾ 1:6). അതിനാൽ ആയിരിക്കാം അവർ വീണ്ടും അവരുടെ പഴയ തൊഴിൽ ആയ മീന് പിടുത്തത്തിലേക്ക് പോയത്. (യോഹന്നാൻ 21: 2,3). പത്രൊസും, തോമസും, നഥനയേലും, സെബെദിയുടെ മക്കൾ യാക്കോബും, യോഹന്നാനും, വേറെ രണ്ട് പേര് പറയാത്ത രണ്ട് ശിഷ്യന്മാരും (ആകെ 7 പേർ) ആയിരുന്നു മീന് പിടിക്കുവാൻ തിബെര്യാസ് കടലിൽ പോയത്. തിബെര്യാസ് കടൽ തന്നെയാണ് ഗലീല കടൽ എന്നും അറിയപ്പെട്ടിരുന്നത്. ഇവിടെ ഈ ശിഷ്യന്മാർ രാത്രി മുഴുവൻ മീൻ പിടിക്കുവാനായി അദ്ധ്വാനിച്ചു എങ്കിലും യാതൊന്നും ലഭിച്ചില്ല. അങ്ങനെ നിരാശരായി നിൽക്കുന്ന അവർക്ക് യേശു വീണ്ടും പ്രത്യക്ഷനായി. അപ്പോൾ അവർ കരയിൽ നിന്നും ഏകദേശം ഇരുനൂറു മുഴത്തിൽ അധികം ദൂരത്തല്ലായിരുന്നു. (യോഹന്നാൻ 21:8)

 

യേശു കരയിൽ നിന്നു, “കുഞ്ഞുങ്ങളേ, കൂട്ടുവാൻ വല്ലതും ഉണ്ടോ എന്നു ചോദിച്ചു; ഇല്ല എന്നു അവർ ഉത്തരം പറഞ്ഞു.” (യോഹന്നാൻ 21:5). യേശു അവരോട് “പടകിന്റെ വലത്തുഭാഗത്തു വല വീശുവിൻ; എന്നാൽ നിങ്ങൾക്കു കിട്ടും” എന്നു പറഞ്ഞു. അവർക്ക് പെരുത്ത മീൻ കൂട്ടം ലഭിച്ചു.

 

ഉടൻ പത്രൊസ്, അവൻ യേശുവിനെ ആദ്യമായി കണ്ടുമുട്ടിയ സന്ദർഭം ഓർത്തു, കരയിൽ നിൽക്കുന്നത് യേശു ആണ് എന്നു തിരിച്ചറിഞ്ഞു. അവൻ ആദ്യവും ശേഷം മറ്റ് ശിഷ്യന്മാരും കരയിൽ വന്നു. അവിടെ അവർ യേശുക്രിസ്തുവിന്റെ വലിയ കരുതൽ കണ്ടു. രാത്രി മുഴുവൻ അദ്ധ്വാനിച്ച്, വിശന്നും നിരാശരുമായിരിക്കുന്ന ശിഷ്യന്മാർക്ക് അവൻ പ്രാതൽ കരുതി വച്ചിരുന്നു.

 

യോഹന്നാൻ 21:

9    കരെക്കു ഇറെങ്ങിയപ്പോൾ അവർ തീക്കനലും അതിന്മേൽ മീൻ വെച്ചിരിക്കുന്നതും അപ്പവും കണ്ടു.

12   യേശു അവരോടു: വന്നു പ്രാതൽ കഴിച്ചുകൊൾവിൻ എന്നു പറഞ്ഞു; കർത്താവാകുന്നു എന്നു അറിഞ്ഞിട്ടു ശിഷ്യന്മാരിൽ ഒരുത്തനും: നീ ആർ എന്നു അവനോടു ചോദിപ്പാൻ തുനിഞ്ഞില്ല.

 

യേശു മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റശേഷം മൂന്നാംപ്രവാശ്യം ശിഷ്യന്മാർക്കു പ്രത്യക്ഷനാകുന്ന സന്ദർഭമാണിത് എന്നു യോഹന്നാൻ പറയുന്നു. (യോഹന്നാൻ 21:14).

 

ഇതെല്ലാം നമ്മളോടെ പറയുന്ന സന്ദേശം ഇതാണ്. യേശുക്രിസ്തു അവന്റെ സ്വന്തമായതിനെ കരുതുന്നു. അത് നഷ്ടമായി പോകുവാൻ അവൻ അനുവദിക്കുകയില്ല. അത് അൽപ്പ സമയത്തേക്ക് കാണാതെ പോയാലും, അവൻ അതിനെ അന്വേഷിച്ചു കണ്ടെത്തി, വീണ്ടും അവന്റെ ആട്ടിൻ കൂട്ടത്തോട് ചേർത്തുകൊള്ളും. ഇത് ഈ ലോകത്തിലെ ക്രിസ്തീയ ജീവിതത്തിന് ധൈര്യം പകരുന്ന ചിന്തയാണ്.  

  


 

No comments:

Post a Comment