കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു

വീണ്ടും ജനനം ജനനം പ്രാപിച്ചവർ, അതിനുതക്ക ഫലം പുറപ്പെടുവിക്കേണം എന്ന പ്രമാണം വീണ്ടും ജനനത്തേക്കുറിച്ചുള്ള യേശുവിന്റെ പഠിപ്പിക്കലിൽ ഉണ്ടോ? ഇതാണ് നമ്മൾ ഇവിടെ ചിന്തിക്കുന്ന വിഷയം. അതിനായി, ഈ പഠനം, പുതുതായി ജനിക്കുക എന്ന പ്രക്രിയ എങ്ങനെയാണ് സംഭവിക്കുക എന്നതിനെക്കുറിച്ച് യേശു പറഞ്ഞ ഒരു വാക്യം വായിച്ചുകൊണ്ടു ആരംഭിക്കാം. 

 

യോഹന്നാന്‍ 3: 8 കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു” എന്നു ഉത്തരം പറഞ്ഞു.

 

സുവിശേഷ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള, ദൈവശാസ്ത്രപരമായി ഏറ്റവും പ്രാധാന്യമുള്ള ഒരു വേദഭാഗമാണ്, യോഹന്നാൻ 3:1-21. നാല് സുവിശേഷങ്ങളിൽ ഏറ്റവും അവസാനമായി എഴുതപ്പെട്ട ഗ്രന്ഥമാണ് യോഹന്നാന്റെ സുവിശേഷം. മർക്കോസ് 70 AD യിലും, മത്തായി 90-95 AD യിലും, ലൂക്കോസ് 90 AD യിലും യോഹന്നാൻ 100 AD യിലും ആയിരിക്കേണം സുവിശേഷങ്ങൾ എഴുതിയത്. ഇതൊരു ഏകദേശ കണക്കാണ്. ഓരോ എഴുത്തുകാരനും ഒരു കൂട്ടം വായനക്കാരെയും, അവരോട് പറയുവാൻ ഉദ്ദേശിച്ച പ്രധാന സന്ദേശവും ഉണ്ടായിരുന്നു. യോഹന്നാന്റെ സുവിശേഷം തത്ത്വശാസ്ത്രപരമായ ഒരു വാദമാണ്. ഇതു എഴുതിയതിന്റെ ഉദ്ദേശത്തേക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്:

 

യോഹന്നാൻ 20: 31 എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.

 

അതിനാൽ, യോഹന്നാന്‍റെ സുവിശേഷം 3 ആം അദ്ധ്യായം യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ താത്വികമായ അടിത്തറയാണ് എന്നു പറയാം. ഇവിടെ യോഹന്നാൻ ദൈവശാസ്ത്രം അവതരിപ്പിക്കുന്നത് ഒരു സംഭാഷണത്തിലൂടെയാണ്. ദൈവരാജ്യത്തിന്റെ തത്വശാസ്ത്രം അവതരിപ്പിക്കുവാൻ യോഹന്നാൻ സംഭാഷണത്തിന്റെ രീതി തിരഞ്ഞെടുത്തത്, ഗ്രീക്ക് തത്വ ശാസ്ത്രജ്ഞന്മാരുടെ രീതി അനുസരിച്ചാകാം. സോക്രട്ടീസ്, (469-399 BC), പ്ലേറ്റോ (428-347 BC), അരിസ്റ്റോട്ടിൽ (384-322 BC) എന്നിവരെല്ലാം, വായ്മൊഴിയാലോ, ചോദ്യ ഉത്തരങ്ങളിലൂടെയോ ആണ് അവരുടെ ചിന്തകൾ പഠിപ്പിച്ചിരുന്നത്. യേശുക്രിസ്തുവും ഇതേ രീതി പലപ്പോഴും ഉപയോഗിക്കുന്നുണ്ട്. ഇത് അന്നത്തെ സമൂഹത്തിന് പരിചയം ഉള്ളതായിരുന്നു. അതിനാൽ യോഹന്നാനും ഇതുതന്നെ അനുധാവനം ചെയ്തു.  

 

യോഹന്നാൻ ഇവിടെ രേഖപ്പെടുത്തുന്നത്, നിക്കോദേമൊസ് എന്ന് പേരുള്ള ഒരു മനുഷ്യനും യേശുവും തമ്മിലുള്ള ഒരു സംഭാഷണം ആണ്. ഈ സംഭാഷണം വായിച്ചാൽ, നിക്കോദേമൊസ് ചോദിച്ചതും യേശു പറഞ്ഞതുമായ എല്ലാ വാക്കുകളും യോഹന്നാന്‍ ഇവിടെ രേഖപ്പെടുത്തിയിട്ടില്ല, എന്നു മനസ്സിലാക്കാം. സംഭാഷണത്തിലെ വിഷയം, “പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല” എന്നതാണ് (യോഹന്നാൻ 3:3).

 

നിക്കോദേമൊസ് ഒരു പരീശനും യെഹൂദന്മാരുടെ പ്രമാണിയും ആയിരുന്നു. പരീശന്‍ എന്നതിനും യെഹൂദ പ്രമാണി എന്നതിനും പ്രാധാന്യമുണ്ട്. പരീശന്‍മാർ യേശുവിന്റെ കാലത്ത് മതപരമായി യാഥാസ്ഥികര്‍ ആയിരുന്നു. അവർ ന്യായപ്രമാനങ്ങളെ വ്യഖാനിക്കുകയും അവയുടെ ആത്മീയ മര്‍മ്മങ്ങൾ ജനങ്ങളെ പഠിപ്പിക്കുകയും അത് അനുസരിച്ച് ജീവിക്കുവാൻ പ്രബോധിപ്പിക്കുകയും ചെയ്തു. പ്രവര്‍ത്തികളിലൂടെ ഉള്ള പാപമോചനത്തിനും രക്ഷയിലും വിശുദ്ധീകരണത്തിലും അവര്‍ വിശ്വസിച്ചു. നിക്കോദേമൊസും ഒരു പരീശൻ ആയിരുന്നു.  

 

നിക്കോദേമൊസ് ഒരു യെഹൂദ പ്രമാണിയും ആയിരുന്നു. അവന്‍ യഹൂദന്‍മാരുടെ ന്യായാധിപസഭയിലെ അംഗം ആയിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. യഹൂദന്‍മാരുടെ ന്യായാധിപസഭ, 70 അംഗങ്ങള്‍ ഉള്ള ഒരു കീഴ് കോടതി ആയിരുന്നു. അതില്‍ പരീശന്മാരും സദൂക്യരും അംഗങ്ങള്‍ ആയിരുന്നു. എല്ലാ യഹൂദ പട്ടണങ്ങള്‍ക്കും ഇപ്രകാരം ഉള്ള കീഴ് കോടതികള്‍ ഉണ്ടായിരുന്നു. യഹൂദന്മാരുടെ മതപരമായ കാര്യങ്ങളില്‍ വിചാരണ നടത്തുകയും തീരുമാനങ്ങള്‍ എടുക്കുകയും വിധികള്‍ പുറപ്പെടുവിക്കുകയും ചെയ്യുവാനുള്ള അധികാരം അവര്‍ക്ക് ഉണ്ടായിരുന്നു.

 

ദൈവരാജ്യം അവകാശമാക്കുവാന്‍ എന്ത് ചെയ്യേണം എന്ന് നിക്കോദേമൊസ് ചോദിച്ചതായി യോഹന്നാന്‍ രേഖപ്പെടുത്തിയിട്ടില്ല. അവന്റെ ആദ്യ വാചകം ഇതാണ്:

 

യോഹന്നാൻ 3:2 അവൻ രാത്രിയിൽ അവന്റെ (യേശുവിന്റെ) അടുക്കൽ വന്നു അവനോടു: റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടു കൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‍വാൻ ആർക്കും കഴികയില്ല എന്നു പറഞ്ഞു.

 

യോഹന്നാൻ രേഖപ്പെടുത്തിയിരിക്കുന്ന അടുത്ത വാചകം, യേശു പറയുന്ന മറുപടിയാണ്.

 

യോഹന്നാൻ 3:3 യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ” എന്നു ഉത്തരം പറഞ്ഞു.

 

‘ഉത്തരം പറഞ്ഞു’ എന്നതില്‍ നിന്നും നിക്കോദേമൊസ് ഒരു ചോദ്യം ചോദിച്ചിരുന്നു എന്നു അനുമാനിക്കാം. യേശു നല്‍കിയ ഉത്തരത്തില്‍ നിന്നും ചോദ്യം എന്തായിരുന്നു എന്നും നമുക്ക് ഗ്രഹിക്കാം. ചോദ്യം തീര്‍ച്ചയായും, ദൈവരാജ്യം അവകാശമാക്കുന്നതിനെ കുറിച്ച് ആയിരിക്കേണം. യേശു ഇവിടെ, “പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല” എന്ന് മറുപടി പറയുന്നു. ഇത് ദൈവരാജ്യം ദൂരെ നിന്ന് കാണുന്നതിനെ കുറിച്ചല്ല, ദൈവരാജ്യം എങ്ങനെ കൈവശമാക്കുന്നതിനെക്കുറിച്ചാണ്. ഇവിടെ ദൈവരാജ്യം അവകാശമാക്കുവാന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ യോഗ്യതയെ കുറിച്ചാണ് യേശു പറയുന്നത്. അത് പുതുതായി ജനിക്കേണം എന്നാണ്.

 

മലയാളത്തിൽ, ഈ വാക്യങ്ങളിൽ, “പുതുതായി ജനിക്കേണം” എന്നാണ് നമ്മൾ വായിക്കുന്നത്. ഇഗ്ലീഷിൽ ഇത്, “born again” എന്നാണ്. “born again” എന്ന ഇഗ്ലീഷ് വാക്കിന്റെ അർത്ഥം “വീണ്ടും ജനനം” എന്നാണ് (3:3). 4 ആം വാക്യത്തിലെ നിക്കോദേമൊസിന്റെ തുടർന്നുള്ള ചോദ്യത്തിൽ “വീണ്ടും ജനനം” എന്ന വാക്ക് ഇല്ല എങ്കിലും, ഈ ആശയം ഉണ്ട്. അദ്ദേഹം ചോദിച്ചത് ഇങ്ങനെയാണ്:

 

യോഹന്നാൻ 3: 4 നിക്കോദെമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു.

 

മലയാള പരിഭാഷയിൽ “വീണ്ടും ജനനം” എന്ന വാക്ക് ഇല്ലായെങ്കിലും, നമ്മൾ ഈ ആത്മീയ അനുഭവത്തെ ഈ വാക്കുകൊണ്ടാണ് സാധാരണയായി വിശേഷിപ്പിക്കുന്നത്.  

 

‘ജനനം’ എന്ന വാക്കിന് മൂല ഭാഷയായ ഗ്രീക്കില്‍ “ഗെനഒ” (gennao, ghen-nah'-o)എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ‘വീണ്ടും’ എന്നതിന് “അനോതൻ” (anothen, an'-o-then)  എന്ന ഗ്രീക്ക് പദം ഉപയോഗിച്ചിരിക്കുന്നു. “ഗെനഒ” എന്ന ഗ്രീക്ക് പദത്തിന്, ജനിപ്പിക്കുക, പുനര്‍ജ്ജീവിപ്പിക്കുക, എന്നും “അനോതൻ” എന്ന പദത്തിന്,  വീണ്ടും, ഉയരത്തില്‍ നിന്നും, പുതിയതായി, എന്നിങ്ങനെയും ആണ് അര്‍ത്ഥം. അങ്ങനെയാണ് “വീണ്ടും ജനിക്കുക” എന്ന വാക്ക് ഉണ്ടായത്. ജനിപ്പിക്കുകഎന്നും “പുതിയതായി” എന്നുമുള്ള അർത്ഥത്തിൽ നിന്നുമാണ് മലയാളത്തിൽ, “പുതുതായി ജനിച്ചില്ല എങ്കിൽ” എന്ന വിവർത്തനം ഉണ്ടായത്.

 

ഈ അർത്ഥങ്ങൾ അനുസരിച്ച്, പുതുതായി ജനിക്കുക” അല്ലെങ്കിൽ ‘വീണ്ടും ജനിക്കുക’ എന്നീ പദസമുച്ചയത്തിന് ‘പുതിയതായി ജനിക്കുക’ എന്നും ‘ഉയരത്തില്‍ നിന്നും ജനിക്കുക’ എന്നും അര്‍ത്ഥം ഉണ്ടാകുന്നു. യേശു ഉദ്ദേശിച്ച പുതുതായി ജനിക്കേണം” എന്ന അനുഭവം ഭൌതീകമായ രണ്ടാമതൊരു ജനനം അല്ല. അത് പരിശുദ്ധാത്മാവിനാൽ ഉളവാകുന്ന “ഉയരത്തിൽ നിന്നുള്ള” ജനനമാണ്. അതിനാല്‍ ‘ഉയരത്തില്‍ നിന്നും ജനിക്കുക’ എന്ന അര്‍ത്ഥമാണ് കൂടുതല്‍ ആശയ സമ്പുഷ്ടം എന്ന് കരുതുന്ന വേദ പണ്ഡിതന്മാര്‍ ഉണ്ട്.

 

വീണ്ടും ജനിക്കുക എന്നത് തത്വത്തിൽ നിക്കോദെമൊസിന് ഗ്രഹിക്കുവാൻ പ്രയാസം ഉണ്ടായിക്കാണുക ഇല്ല. ഇതിന്റെ ആശയപരമായ വിശദീകരണം അല്ല അവന്റെ തുടർന്നുള്ള അവന്റെ ചോദ്യം. അവന് മനസ്സിലാക്കാതിരുന്നത്, “വീണ്ടും ജനിക്കുക” എന്ന പ്രക്രിയ എങ്ങനെ പ്രായോഗികമായി സംഭവിക്കും എന്നതിനെക്കുറിച്ചാണ്.

 

യോഹന്നാൻ 3:4 നിക്കോദെമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു.

 

അപ്പോൾ യേശു, അവൻ ഉദ്ദേശിച്ച “വീണ്ടും ജനനം” ഉയരത്തിൽ നിന്നുള്ളതാണ് എന്നു വിശദീകരിച്ചു. അത് ഭൌതീകമല്ല, ആത്മീയമായ പുതുക്കമാണ്.

 

യോഹന്നാൻ 3:5, 6

5    അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.

6    ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.

 

ഇതും പൂർണമായി ഗ്രഹിക്കാതെ നിക്കോദെമൊസ് ആശ്ചര്യപ്പെട്ടുനിന്നു. അവന്റെ ചോദ്യം “ഇതു എങ്ങനെ സംഭവിക്കും” എന്നായിരുന്നു (3:9). ഇത്രയും വിശദമായി പറഞ്ഞിട്ടും വീണ്ടും ജനനം എങ്ങനെ സംഭവിക്കും എന്ന് നിക്കോദേമൊസിന് മനസ്സിലായില്ല. അതിനാല്‍ യേശു മറ്റൊരു ഉദാഹരണം പ്രകൃതിയില്‍ നിന്നും എടുത്ത് പറയുകയാണ്‌.

 

യോഹന്നാൻ 3:8 കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു” എന്നു ഉത്തരം പറഞ്ഞു.

 

യേശു ഇവിടെവരെ പറഞ്ഞത് ഇതാണ്. വീണ്ടും ജനനം അല്ലെങ്കിൽ ഉയരത്തിൽ നിന്നും ജനിക്കാതെ ആരും ദൈവരാജ്യം കൈവശമാക്കുകയില്ല. വീണ്ടും ജനനം ആത്മാവിനാൽ ഉള്ള ജനനമാണ്. അത് കാറ്റ് വീശുന്നതു നമ്മൾ അനുഭവിക്കുന്നതുപോലെയാണ്.


 

വീണ്ടും ജനനവും സൽപ്രവർത്തികളും

 

മത്തായി 25:31-46

31   മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും.

32 സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു,

33 ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.

34 രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.

35 എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു;

36 നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു.

37 അതിന്നു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു?

38 ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടപ്പിക്കയോ ചെയ്തു?

39 നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും.

40 രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.

41   പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.

42 എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല.

43 അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്നു അരുളിച്ചെയ്യും.

44 അതിന്നു അവർ: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവൻ അവരോടു:

45 ഈ ഏറ്റവും ചെറിവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും.

46 ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.”

മത്തായി 25:31-46 വരെയുള്ള വാക്യങ്ങൾ അന്ത്യകാലത്തെ ന്യായവിധിയെക്കുറിച്ച്, യേശുക്രിസ്തു വിവരിച്ച ഒരു ചിത്രമാണ്. ഇവിടെ യേശു പറഞ്ഞതിങ്ങനെയാണ്: ഭാവിയിൽ ഒരു ദിവസം, മനുഷ്യപുത്രൻ സകല മഹത്വത്തോടും കൂടെ പ്രത്യക്ഷനാകും. ഒരു ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നത് പോലെ, അവൻ രക്ഷിക്കപ്പെട്ടവരെയും രക്ഷിക്കപ്പെടാത്തവരെയും തമ്മിൽ വേർതിരിക്കും. ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും. അവൻ തന്റെ വലത്തുള്ള ചെമ്മരിയാടുകളോട് അരുളിച്ചെയ്യും: “എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.” (25:34). അതിന്റെ കാരണം, “ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു” എന്നതാണ് (25:40). അതിന് ശേഷം ഇടത്തുള്ള കോലാടുകളോട് ഇങ്ങനെ പറയും: “ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.” (25:41) ഇതിന്റെ കാരണവും യേശു പറയുന്നുണ്ട്: “ഈ ഏറ്റവും ചെറിവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു”. (25:45). ഈ വേർതിരിക്കൽ, ഘോരവും ദൃഡവും, നിത്യവുമാണ്.  

 

ഈ വിവരണത്തിലെ ചെമ്മരിയാടുകൾ രക്ഷിക്കപ്പെട്ടവരും, കോലാടുകൾ രക്ഷിക്കപ്പെടാത്തവരുമാണ്. അന്ത്യ ന്യായവിധിയും അതിനോട് അനുബന്ധിച്ച സംഭവങ്ങളുമാണ് വിഷയം. ചെമ്മരിയാടുകളെ ദൈവരാജ്യത്തിലേക്കും, കോലാടുകളെ നിത്യാഗ്നിയിലേക്കും അയക്കുന്നത് “ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു” ചെയ്തതിനും ചെയ്യാതിരുന്നതിനും ഒത്തവണ്ണമാണ്. ഇവിടെ രക്ഷ പ്രവർത്തിയാലോ അതോ വിശ്വാസത്താൽ ആണോ, അതോ രണ്ടും കണക്കാക്കപ്പെടുമോ എന്നൊരു സംശയം ഉണ്ടാകാറുണ്ട്.

 

രക്ഷ പ്രവർത്തിയാൽ ലഭിക്കും എന്നല്ല യേശുക്രിസ്തു ഇവിടെ പറയുന്നത്. തിരുവെഴുത്തുകൾ ഒരിക്കലും അതിൽ തന്നെ വിരുദ്ധമാകുന്നില്ല. രക്ഷ ദൈവ കൃപയാൽ, യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രമേ ലഭിക്കൂ എന്നതാണ് വേദപുസ്തകത്തിന്റെ പഠിപ്പിക്കൽ. യേശുവും, അപ്പൊസ്തലന്മാരും അങ്ങനെതന്നെയാണ് പഠിപ്പിച്ചത്.

 

യോഹന്നാൻ 1:12 അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.

 

അപ്പൊസ്തല പ്രവർത്തികൾ 15:11 കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതു പോലെ അവരും വിശ്വസിക്കുന്നു

 

റോമർ 3:21-24 

21   ഇപ്പോഴോ ദൈവത്തിന്റെ നീതി, വിശ്വസിക്കുന്ന എല്ലാവർക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതി, തന്നേ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു.

22 അതിന്നു ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.

23 ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,

24 അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു.

 

റോമർ 4:3-8

3    തിരുവെഴുത്തു എന്തു പറയുന്നു? “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു” എന്നു തന്നേ.

4    എന്നാൽ പ്രവർത്തിക്കുന്നവന്നു കൂലി കണക്കിടുന്നതു കൃപയായിട്ടല്ല കടമായിട്ടത്രേ.

5    പ്രവർത്തിക്കാത്തവൻ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവന്നോ അവന്റെ വിശ്വാസം നീതിയായി കണക്കിടുന്നു.

6    ദൈവം പ്രവൃത്തിക്കുടാതെ നീതികണക്കിടുന്ന മനുഷ്യന്റെ ഭാഗ്യം ദാവീദും വർണ്ണിക്കുന്നതു:

7    അധർമ്മം മോചിച്ചും പാപം മറെച്ചും കിട്ടിയവർ ഭാഗ്യവാന്മാർ.

8    കർത്താവു പാപം കണക്കിടാത്ത മനുഷ്യൻ ഭാഗ്യവാൻ.”

 

ഗലാത്യർ 3:6-9

6    അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ.

7    അതുകൊണ്ടു വിശ്വാസികൾ അത്രേ അബ്രാഹാമിന്റെ മക്കൾ എന്നു അറിവിൻ.

8    എന്നാൽ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ടു: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു.

9    അങ്ങനെ വിശ്വാസികൾ വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു.

 

എഫെസ്യർ 2:8-10

8    കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.

9    ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.

10   നാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.

 

ഈ വാക്യങ്ങൾ എല്ലാം രക്ഷ ദൈവ കൃപയാൽ ലഭിക്കുന്ന വിശ്വാസം മൂലം പ്രാപിക്കുന്നു എന്ന മർമ്മമാണ് പറയുന്നത്. മത്തായി 25: 34 ൽ യേശു പറയുന്നത് ഇങ്ങനെയാണ്:

 

മത്തായി 25:34 രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.

 

അതായത്, രക്ഷിക്കപ്പെട്ടവരുടെ ദൈവരാജ്യത്തിലേക്കുള്ള അവകാശം ലോകസ്ഥാപനംമുതൽ ഒരുക്കിയിരിക്കുന്നതാണ്. രക്ഷ ലോകസ്ഥാപനത്തിനും മുമ്പെയുള്ള തിരഞ്ഞെടുപ്പിനാലും മുൻ നിയമനത്തിനാലും ലഭിക്കുന്നതാണ്.   

 

എഫെസ്യർ 1:4-6, 11

4    നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും

5    തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു

6    അവൻ പ്രിയനായവനിൽ നമുക്കു സൌജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ.

 

11    അവനിൽ നാം അവകാശവും പ്രാപിച്ചു, തന്റെ ഹിതത്തിന്റെ ആലോചനപോലെ സകലവും പ്രവർത്തിക്കുന്നവന്റെ നിർണ്ണയപ്രകാരം മുന്നിയമിക്കപ്പെട്ടതു മുമ്പിൽകൂട്ടി

12   ക്രിസ്തുവിൽ ആശവെച്ചവരായ ഞങ്ങൾ അവന്റെ മഹത്വത്തിന്റെ പുകഴ്ചെക്കാകേണ്ടതിന്നു തന്നേ.

 

Ephesians 1:11 In Him also we have obtained an inheritance, being predestined according to the purpose of Him who works all things according to the counsel of His will, (NKJV)

 

റോമർ 8:28-30

28 എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.

29 അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.

30 മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.

 

2 തെസ്സലൊനീക്യർ 2:13, 14

13   ഞങ്ങളോ, കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു.

14   നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മഹത്വം പ്രാപിപ്പാനല്ലോ അവൻ ഞങ്ങളുടെ സുവിശേഷഘോഷണത്താൽ നിങ്ങളെ രക്ഷെക്കു വിളിച്ചതു.

 

യോഹന്നാൻ 6:44 എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടില്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.

 

2 തിമൊഥെയൊസ് 2:10 അതുകൊണ്ടു ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടുകൂടെ വൃതന്മാർക്കു (the elect) കിട്ടേണ്ടതിന്നു ഞാൻ അവർക്കായി സകലവും സഹിക്കുന്നു.

 

അതിനാൽ, മത്തായി 25:31-46 വരെയുള്ള വേദഭാഗത്ത്, പ്രവർത്തികളുടെ അടിസ്ഥാനത്തിൽ ഒരുവനെ ദൈവരാജ്യത്തിന് അവകാശിയാക്കും എന്നല്ല യേശു പറയുന്നത്. യേശു ഇവിടെ പറയുന്നതിന്റെ അർത്ഥം മറ്റൊരു രീതിയിൽ നമ്മൾ ഗ്രഹിക്കേണം.

 

യേശു ഈ വാചകങ്ങൾ പറഞ്ഞ സാഹചര്യത്തിൽ, ആന്തരീകമായി രൂപാന്തരം പ്രാപിക്കാത്ത മനുഷ്യർ, വിശക്കുകയും, ദാഹിക്കുകയും, പരദേശിയും കാരാഗൃഹത്തിൽ ആയിരിക്കുകയും ചെയ്യുന്ന “ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു” നന്മ ചെയ്യുവാൻ സാധാരണയായി ആഗ്രഹിക്കുകയില്ല. ഇതാണ് യേശു പറഞ്ഞത്. പരദേശിയും കാരാഗൃഹത്തിൽ ആയിരിക്കുകയും ചെയ്യുന്നവർ “ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ” ഉണ്ട് എന്നത് നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണം. 

 

ഇവിടെ യേശു, ആന്തരിക രൂപാന്തരത്തിനാണ് ഊന്നൽ കൊടുക്കുന്നത്. ആന്തരിക രൂപാന്തരം അതിനുതക്ക നല്ല ഫലങ്ങൾ ഉളവാക്കും. നല്ല ഫലങ്ങൾ, രക്ഷിക്കപ്പെട്ട ഒരുവന്റെ ആന്തരീക പുതുക്കത്തിന്റെ അടയാളം ആണ്. ഈ ഫലങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത ആവശ്യകതയാണ് യേശു ഇവിടെ ഊന്നൽ കൊടുക്കുന്നത്.

 

അതായത്, മത്തായി 25:31-46 വരെയുള്ള വാക്യങ്ങളിൽ യേശു പറയുന്ന നല്ല പ്രവർത്തികൾ, രക്ഷയയ്ക്ക് കാരണമാകുന്നില്ല, എന്നാൽ അതെല്ലാം രക്ഷിക്കപ്പെട്ടവരിൽ ഉളവാകുന്ന ഫലങ്ങൾ ആണ്.

 

യോഹന്നാൻ 15:16 നിങ്ങൾ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു, നിങ്ങൾ പോയി ഫലം കായ്ക്കേണ്ടതിന്നു നിങ്ങളുടെ ഫലം നിലനിൽക്കേണ്ടതിന്നും നിങ്ങളേ ആക്കിവെച്ചുമിരിക്കുന്നു; നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ നിങ്ങൾക്കു തരുവാനായിട്ടു തന്നേ.

 

ഗലാത്യർ 5:22, 23

22 ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത,

23 ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.

 

എഫെസ്യർ 2:10 നാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.

 

ഈ സൽപ്രവർത്തികൾ, ലോകത്തിന്റെ അംഗീകാരത്തിനായി ചെയ്യുന്നതല്ല. ഇതെല്ലാം രക്ഷിക്കപ്പെട്ട ഒരുവനിൽ നിന്നും സ്വാഭാവികമായി പുറപ്പെട്ടുവരുന്ന ഫലങ്ങൾ ആണ്.

 

വൃക്ഷവും ഫലങ്ങളും

 

പുതുജീവൻ പ്രാപിച്ചവരെ എങ്ങനെ തിരിച്ചറിയുവാൻ കഴിയും? ഇതിന് യേശു പറയുന്ന ഒരേഒരു അളവുകോൽ, ഒരുവൻ പുറപ്പെടുവിക്കുന്ന ഫലത്തെ അറിയുക എന്നതാണ്.

 

ലൂക്കോസ് 6:43-45

43 ആകാത്തഫലം കായക്കുന്ന നല്ല വൃക്ഷമില്ല; നല്ലഫലം കായക്കുന്ന ആകാത്ത വൃക്ഷവുമില്ല.

44 ഏതു വൃക്ഷത്തെയും ഫലംകൊണ്ടു അറിയാം. മുള്ളിൽനിന്നു അത്തിപ്പഴം ശേഖരിക്കുകയും ഞെരിഞ്ഞിലിൽ നിന്നു മുന്തിരിങ്ങാ പറിക്കയും ചെയ്യുമാറില്ലല്ലോ.

45 നല്ലമനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടൻ ദോഷമായതിൽ നിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്താവിക്കുന്നതു.

 

യേശു ഇവിടെ “ഏതു വൃക്ഷത്തെയും ഫലംകൊണ്ടു അറിയാം” എന്നാണ് പറയുന്നത്. ഏത് ഫലത്തെയും വൃക്ഷം കൊണ്ട് അറിയാം എന്നു യേശു പറഞ്ഞില്ല. അതായത് വൃക്ഷം ആണ് ഫലം എന്താണ് എന്നു തീരുമാനിക്കുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഒരു ഫലം ഏത് വൃക്ഷത്തിൽ നിന്നാണ് ഉളവായത് എന്നാണ് അത് മറ്റുള്ളവരോട് പറയുന്നത്. ഫലത്തിന്റെ ഗുണവിശേഷം വൃക്ഷത്തിന്റെ ഗുണവിശേഷം ആണ്.

 

ഫലം കായ്ക്കാത്ത വൃക്ഷത്തിന്റെ ഉപമ

 

യേശു ഒരിക്കൽ ഒരു മുന്തിരി തോട്ടത്തിന്റെ ഉടമസ്ഥന്റെയും, തോട്ടം സൂക്ഷിക്കുന്ന വ്യക്തിയുടെയും, തോട്ടത്തിൽ ഫലം കായ്ക്കാതെ നിലക്കുന്ന അത്തി വൃക്ഷത്തിന്റെയും ഉപമ പറയുക ഉണ്ടായി. ഇതിന് ഒരു യഹൂദ പശ്ചാത്തലം ഉണ്ട് എങ്കിലും അത് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നില്ല.

 

ഈ ഉപമ, യിസ്രായേൽ ജനം ഫലം കായ്ക്കേണം എന്നു പറയുന്നതിനോടൊപ്പം, രക്ഷിക്കപ്പെട്ട ഒരുവൻ ഫലം കായ്ക്കേണം എന്നും പറയുന്നു. ഫലം കായ്ക്കാത്തതിനെ വെട്ടിക്കളയുക എന്നത് രണ്ടുകൂട്ടർക്കും ബാധകമായ അന്ത്യമാണ്.  

 

ലൂക്കോസ് 13:6-9 

6    അവൻ ഈ ഉപമയും പറഞ്ഞു: “ഒരുത്തന്നു തന്റെ മുന്തിരിത്തോട്ടത്തിൽ നട്ടിരുന്നോരു അത്തിവൃക്ഷം ഉണ്ടായിരുന്നു; അവൻ അതിൽ ഫലം തിരഞ്ഞുവന്നു, കണ്ടില്ലതാനും.

7    അവൻ തോട്ടക്കാരനോടു: ഞാൻ ഇപ്പോൾ മൂന്നു സംവത്സരമായി ഈ അത്തിയിൽ ഫലം തിരഞ്ഞുവരുന്നു കാണുന്നില്ലതാനും; അതിനെ വെട്ടിക്കളക അതു നിലത്തെ നിഷ്ഫലമാക്കുന്നതു എന്തിന്നു എന്നു പറഞ്ഞു.

8    അതിന്നു അവൻ: കർത്താവേ, ഞാൻ അതിന്നു ചുറ്റും കിളെച്ചു വളം ഇടുവോളം ഈ ആണ്ടും കൂടെ നിൽക്കട്ടെ.

9    മേലാൽ കായിച്ചെങ്കിലോ - ഇല്ലെങ്കിൽ വെട്ടിക്കളയാം” എന്നു ഉത്തരം പറഞ്ഞു.

 

മുന്തിരിത്തോട്ടത്തിൽ  നട്ടിരുന്ന അത്തി വൃക്ഷം മൂന്ന് വർഷമായി ഫലം കായ്ക്കുന്നില്ല. അതിനാൽ അതിനെക്കുറിച്ച് തോട്ടത്തിന്റെ ഉടമസ്ഥൻ പറയുന്നത് ഇതാണ്: “അതിനെ വെട്ടിക്കളക അതു നിലത്തെ നിഷ്ഫലമാക്കുന്നതു എന്തിന്നു”. അതായത്, ഫലം പുറപ്പെടുവിക്കാത്തവർ നിലത്തെ നിഷ്ഫലമാക്കുന്നവർ ആണ്. അതിനെ വെട്ടിക്കളയും. ഇത് ഫലം കായ്ക്കുക എന്നത്, രക്ഷിക്കപ്പെട്ട എല്ലാവരുടെയും ജീവിതത്തിൽ സ്വാഭാവികമായി ഉണ്ടാകേണ്ടുന്ന പ്രവർത്തിയാണ് എന്നു നമ്മളെ പഠിപ്പിക്കുന്നു.  

 

പൂർണ്ണമായി ഫലം നൽകാത്ത വൃക്ഷം

 

ഒരു വൃക്ഷത്തിന്റെ ഫലം എങ്ങനെ ആയിരിക്കേണം എന്നു യേശുവിന്റെ മറ്റൊരു ഉപമയിൽ നിന്നും, പഴയനിയമത്തിലെ യിസ്രായേലിനെക്കുറിച്ചുള്ള ഒരു പ്രവചന ഭാഗത്തുനിന്നും നമുക്ക് മനസ്സിലാക്കാം.

 

മത്തായി 13:3-8 വരെയും മര്‍ക്കോസ് 4:3-8 വരെയും ലൂക്കോസ് 8:4-8 വരെയുമുള്ള വാക്യങ്ങളില്‍, യേശു പറഞ്ഞ, വിതയ്ക്കുന്നവന്റെ ഉപമ രേഖപ്പെടുത്തിയിട്ടുണ്ട്. യേശു പറയുന്ന ഇതിന്‍റെ വിശദീകരണം മത്തായി 13:19-23 വരെയും മര്‍ക്കോസ് 4:14-20 വരെയും ലൂക്കോസ് 8:11-15 വരെയുമുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

 

യേശു പറഞ്ഞ ഉപമ ഇങ്ങനെയാണ്: വിതെക്കുന്നവൻ വിത്തു വിതെപ്പാൻ പുറപ്പെട്ടു. വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണിട്ടു ചവിട്ടിപ്പോകയും ആകാശത്തിലെ പറവജാതി അതിനെ തിന്നുകളകയും ചെയ്തു. (ലൂക്കോസ് 8: 5). ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്ത ഇടത്തു വീണു; ക്ഷണത്തിൽ മുളെച്ചുവന്നു. സൂര്യൻ ഉദിച്ചാറെ ചൂടുതട്ടി. മണ്ണിന്നു താഴ്ചയില്ലായ്കയാലും, നനവ് ഇല്ലായ്കയാലും (ലൂക്കോസ് 8:6), വേര്‍ ഇല്ലായ്കകൊണ്ടും അത് ഉണങ്ങിപ്പോയി. മറ്റു ചിലതു മുള്ളിന്നിടയിൽ വീണു; മുള്ളുംകൂടെ മുളെച്ചു അതിനെ ഞെരുക്കിക്കളഞ്ഞു (ലൂക്കോസ് 8: 7); അതു വിളഞ്ഞതുമില്ല. (മര്‍ക്കോസ് 4: 7). മറ്റു ചിലതു നല്ലമണ്ണിൽ വീണിട്ടു മുളെച്ചു വളർന്നു ഫലം കൊടുത്തു; മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു. (മര്‍ക്കോസ് 4:8)

 

ഈ ഉപമയിൽ വിത്ത് വീണ മൂന്നാമത്തെ സ്ഥലത്തെക്കുറിച്ച് യേശു പറഞ്ഞത് ഇതാണ്: “മറ്റു ചിലതു മുള്ളിന്നിടയിൽ വീണു; മുള്ളുംകൂടെ മുളെച്ചു അതിനെ ഞെരുക്കിക്കളഞ്ഞു.” (ലൂക്കോസ് 8:7). ഇതിന് യേശു പറഞ്ഞ വ്യാഖ്യാനം ഇങ്ങനെയായിരുന്നു:

 

മത്തായി 13:22 മുള്ളിന്നിടയിൽ വിതെക്കപ്പെട്ടതോ, ഒരുത്തൻ വചനം കേൾക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു നിഷ്ഫലനായി തീരുന്നതാകുന്നു.

 

മർക്കോസ് 4:19 ഇഹലോകത്തിന്റെ ചിന്തകളും ധനത്തിന്റെ വഞ്ചനയും മറ്റുവിഷയ മോഹങ്ങളും അകത്തു കടന്നു, വചനത്തെ ഞെരുക്കി നഷ്ഫലമാക്കി തീർക്കുന്നതാകുന്നു.

 

ഇത് ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നത് അല്‍പ്പം വ്യത്യസ്തം ആയിട്ടാണ്. മുള്ളിന്നിടയിൽ വീണതിനെ ചിന്തകളും, ധനവും, സംസാരഭോഗങ്ങളും, ഞെരുക്കിയതിനാൽ, അതിന് “പൂർണ്ണമായി ഫലം” പുറപ്പെടുവിക്കുവാൻ കഴിഞ്ഞില്ല.

 

ലൂക്കോസ് 8: 14 മുള്ളിന്നിടയിൽ വീണതോ കേൾക്കുന്നവർ എങ്കിലും പോയി ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും ഞെരുങ്ങി പൂർണ്ണമായി ഫലം കൊടുക്കാത്തവരത്രേ.

 

Luke 8:14 "Now the ones that fell among thorns are those who, when they have heard, go out and are choked with cares, riches, and pleasures of life, and bring no fruit to maturity. (NKJV)

 

ഒരേ ഗുണമുള്ള വിത്ത് വ്യത്യസ്തങ്ങളായ പരിസ്ഥിതികളില്‍ വിതച്ചാല്‍ ഉണ്ടാകുന്ന അനുഭവങ്ങള്‍ ആണ് ഉപമയിലെ സന്ദേശം. വിത്ത് വിതയ്ക്കുന്നവന്റെ ലക്ഷ്യം “പൂർണ്ണമായി ഫലം  ഉണ്ടാകുക എന്നതാണ്. ഉപമയുടെ വ്യാഖ്യാനത്തിൽ, വിത്ത് മുളച്ചു എങ്കിലും അത് “നിഷ്ഫലനായി” എന്നു മത്തായിയും, “നഷ്ഫലമാക്കി” എന്നു മർക്കോസും പറയുമ്പോൾ ലൂക്കോസ് കൂടുതൽ കൃത്യതയോടെ പറയുന്നു. അത് “പൂർണ്ണമായി ഫലം കൊടുക്കാത്തവരത്രേ”. 

 

മത്തായിയും മർക്കോസും പറയുന്നത് വായിച്ചാൽ, സസ്യം ഫലം പുറപ്പെടുവിച്ചില്ല എന്ന ആശയമാണ് ഉണ്ടാകുക. എന്നാൽ ലൂക്കോസിന്റെ വിവരണം വായിച്ചാൽ, ഫലം ഉണ്ടായി എന്നാൽ അത് പാകമായില്ല എന്ന ആശയം ലഭിക്കുന്നു. എല്ലാം ശരിയാണ് എങ്കിലും ലൂക്കോസ് ആണ് കൂടുതൽ ശരി.   

 

മർക്കോസ് 4:7 “അതു വിളഞ്ഞതുമില്ല” എന്നാണ് മുള്ളിനിടയിൽ വീണ വിത്തിനെക്കുറിച്ച് പറയുന്നത്.

 

മർക്കോസ് 4:7 മറ്റു ചിലതു മുള്ളിന്നിടയിൽ വീണു; മുള്ളു മുളെച്ചു വളർന്നു അതിനെ ഞെരുക്കിക്കളഞ്ഞു; അതു വിളഞ്ഞതുമില്ല.

 

ഇതിന് ഫലം പുറപ്പെടുവിച്ചില്ല എന്നാണ് ഇംഗ്ലീഷിൽ ഉള്ളത് (it yielded no fruit - KJV). ഫലം എന്നതിന്റെ ഗ്രീക്ക് പദം, “കാർപ്പാസ്” എന്നാണ് (karpos, kar-pos'). ഇത് വളര്‍ന്ന് വരുന്ന ഫലം അല്ല, അതു പറിക്കുവാന്‍ തക്കവണം പാകമായ ഫലം ആണ്. അതിനാല്‍ ആണ് English Standard Version, Amplified Bible, New International Version എന്നീ പരിഭാഷകളില്‍ ഫലത്തെക്കുറിച്ച് പറയുവാന്‍ “വിത്ത്” (grain) എന്ന വാക്ക് ഉപയോഗിക്കുന്നത്.

 

Mark 4:7 Other seed fell among thorns, which grew up and choked the plants, so that they did not bear grain. (NIV)

 

അതായത്, വിത്ത് വളര്‍ന്നു, ഫലം പുറപ്പെടുവിച്ചു എന്നാല്‍ ഫലം വിളഞ്ഞില്ല, അല്ലെങ്കില്‍ പാകമായില്ല. അതിന്റെ കാരണം വിത്ത് മുളച്ചു വളര്‍ന്ന് വന്നപ്പോള്‍ അതിനോടൊപ്പം മുള്ളുകള്‍ കൂടെ മുളെച്ചു; മുള്ളുകള്‍ സസ്യത്തെ ഞെരുക്കി കളഞ്ഞു. അതിനാല്‍ സസ്യം ഫലം പുറപ്പെടുവിച്ചു എങ്കിലും അത് വിളഞ്ഞില്ല അല്ലെങ്കില്‍ പാകമായില്ല. അങ്ങനെ ഫലം ഉപയോഗശൂന്യമായി പോയി. 

 

ഒന്നാമത്തെ ഉപമയിലെ വൃക്ഷം ഫലം പുറപ്പെടുവിക്കാതെ നിലത്തെ നിഷ്ഫലമാക്കുന്നതാണ്. അതിനെ വെട്ടിക്കളയും. രണ്ടാമത്തെ ഉപമയിൽ പറയുന്നത്, വൃക്ഷം ഫലം പുറപ്പെടുവിച്ചാൽ പോരാ, അത് വിളഞ്ഞ്, പാകമായ, പൂർണ്ണ ഫലം കൊടുക്കേണം.

 

ഇനി പഴയനിയമത്തിലെ മറ്റൊരു ഉപമയിലേക്ക് പോകാം. ഈ ഉപമ യിസ്രായേൽ ജനത്തെക്കുറിച്ച് ഉള്ളതാണ്. എന്നാൽ അതിൽ നിന്നും വൃക്ഷവും ഫലവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മാത്രമേ നമ്മൾ ഇവിടെ ചിന്തിക്കുന്നുള്ളൂ.     

 

കാടുമുന്തിരിങ്ങ കായ്ച്ച മുന്തിരിവള്ളി

 

യെശയ്യാവ് പ്രവാചകന്റെ പുസ്തകം അഞ്ചാം അദ്ധ്യായം 1 മുതൽ 6 വരെയുള്ള വാക്യങ്ങൾ ഒരു മുന്തിരി തോട്ടത്തിന്റെ കഥ പറയുന്നു. അത് “ഏറ്റവും ഫലവത്തായോരു കുന്നിന്മേൽ” ആയിരുന്നു. തോട്ടക്കാരൻ അതിനെ വളരെ ശ്രദ്ധയോടെയും കരുതലോടെയും പരിപാലിച്ചു. “വേലി കെട്ടി, അതിലെ കല്ലു പെറുക്കിക്കളഞ്ഞു, അതിൽ നല്ലവക മുന്തിരിവള്ളി നട്ടു, നടുവിൽ ഒരു ഗോപുരം പണിതു, ഒരു ചക്കും ഇട്ടു”. ഇവിടെ “നല്ലവക മുന്തിരിവള്ളി”യാണ് നട്ടത് എന്നത് ഊന്നി പറയുന്നുണ്ട്. എന്നാല്‍ ഈ തോട്ടത്തില്‍ നിന്നും നല്ല മുന്തിരി കായ്ക്കും എന്നു തോട്ടക്കാരന്‍ പ്രതീക്ഷിച്ചു എങ്കിലും കായ്ച്ചത് കാടുമുന്തിരിങ്ങ ആയിപ്പോയി. അതിനാല്‍ അദ്ദേഹം, അതിന്റെ വേലി പൊളിച്ചുകളയും, അതിന്റെ മതിൽ ഇടിച്ചുകളയും എന്നും ആ തോട്ടം മൃഗങ്ങള്‍ ചവിട്ടി മെതിച്ചു കളയും, പറക്കാരയും മുള്ളും അതിൽ മുളെക്കും എന്നു പറഞ്ഞുകൊണ്ടു ഉപമ അവസാനിക്കുന്നു. (യെശയ്യാവ് 5:5,6).

 

വൃക്ഷം, ഫലം എന്ന ആശയത്തിൽ നമ്മൾ ഒരു പടികൂടെ മുന്നോട്ട് പോകുകയാണ്. ഇവിടെ തോട്ടത്തിൽ നട്ട മുന്തിരിവള്ളി നല്ലവക ആയിരുന്നു. അതിൽ മുന്തിരി കായ്ച്ചു. ഫലം വിളഞ്ഞു, പാകമായി. എന്നാൽ ഫലമെല്ലാം കാട്ടുമുന്തിരയായി പോയി. അതുകൊണ്ടു തോട്ടക്കാരന് യാതൊരു പ്രയോജനവും ഉണ്ടായില്ല. അതിനാൽ തോട്ടത്തെ മുഴുവനും അദ്ദേഹം നശിപ്പിക്കുവാൻ തീരുമാനിക്കുന്നു.

 

അതായത് ഫലം പുറപ്പെടുക്കുകയും, അത് പാകമാകുകയും ചെയ്താൽ പോര, അത് തോട്ടക്കാരന് പ്രയോജനമുള്ളത് ആയിരിക്കേണം.

 

നമ്മൾ പഠിച്ച മൂന്ന് ഉപമകളിലെ പഠനങ്ങളെ ഒന്നുകൂടി ചേർത്തുവച്ചാൽ അതിങ്ങനെ ആയിരിക്കും. ഏതു വൃക്ഷത്തെയും ഫലംകൊണ്ടു തിരിച്ചറിയാം. ഫലം പുറപ്പെടുവിക്കാത്തവർ നിലത്തെ നിഷ്ഫലമാക്കുന്നവർ ആണ്. അതിനെ വെട്ടിക്കളയും. വൃക്ഷം ഫലം പുറപ്പെടുവിച്ചാൽ പോരാ, അത് വിളഞ്ഞ്, പാകമായ, ഫലം ആയിരിക്കേണം. ഫലം തോട്ടക്കാരന് ഗുണകരമായ ഫലം ആയിരിക്കേണം അല്ലാത്ത എല്ലാ വൃക്ഷവും നശിപ്പിക്കും.

 

മുന്തിരിവള്ളിയിൽ കായ്ക്കുന്ന കൊമ്പ്

 

ഏത് വൃക്ഷവും ഫലം കായ്ക്കേണം എന്ന ചിന്തയിൽ നിന്നും എങ്ങനെ നല്ല ഫലം കായ്ക്കാം എന്നതിലേക്ക് ഇനി നമുക്ക് പോകാം. ഇതിന്റെ ആത്മീയ മർമ്മം യോഹന്നാൻ 15:1-6 വരെയുള്ള വാക്യങ്ങളിൽ യേശു വിവരിക്കുന്നുണ്ട്.

 

യോഹന്നാന്‍ 15: 1- 6

    ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു.

   എന്നിൽ കായ്ക്കാത്ത കൊമ്പു ഒക്കെയും അവൻ നീക്കിക്കളയുന്നു; കായ്ക്കുന്നതു ഒക്കെയും അധികം ഫലം കായ്ക്കേണ്ടതിന്നു ചെത്തി വെടിപ്പാക്കുന്നു.

   ഞാൻ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു.

   എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിന്നു മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല.

   ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്‍വാൻ കഴികയില്ല.

   എന്നിൽ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ടു അവൻ ഉണങ്ങിപ്പോകുന്നു; ആ വക ചേർത്തു തീയിൽ ഇടുന്നു; അതു വെന്തുപോകും.

 

നമ്മൾ മുമ്പ് പഠിച്ച ഉപമകളിൽ നിന്നും ചില വ്യത്യാസങ്ങൾ ഇവിടെ ഉണ്ട്. ഒന്നാമതായി, ഇതൊരു ഉപമ അല്ല, ഒരു രൂപകമാണ് (metaphor). അതായത്, യേശു, കേള്‍വിക്കാര്‍ക്ക് പരിചിതമായ ഒരു ചിത്രം എടുത്തു കാണിച്ച്, ഒരു ആത്മീയ മര്‍മ്മം വിശദീകരിക്കുകയാണ്. യേശുവും വിശ്വാസികളും തമ്മിലുള്ള അത്മീയ ബന്ധത്തെയാണ് ഈ രൂപകം വിശദീകരിക്കുന്നത്. ഇവിടെ മുന്തിരിത്തോട്ടം എന്ന വിശാലമായ ചിത്രം ഇല്ല. മുന്തിരി വള്ളിയും, അതിന്റെ കൊമ്പുകളും, അതില്‍ ഉണ്ടാകുന്ന ഫലങ്ങളും മാത്രമേ ഉള്ളൂ.

 

വൃക്ഷം-ഫലം എന്ന ആശയത്തെ കൂടുതൽ സൂക്ഷമായി ഇവിടെ വിശദീകരിക്കുന്നു. എല്ലാ വൃക്ഷങ്ങളും പാകമായ നല്ല ഫലം കായ്ക്കേണം എന്ന ആശയത്തിൽ നിന്നും, ആരാണ് ഫലം കായ്ക്കുന്നത്, അത് എങ്ങനെയാണ് സംഭവിക്കുന്നത് എന്നീ ചിന്തകളിലേക്ക് പോകുന്നു.

 

ഈ രൂപകം യേശു സംസാരിക്കുന്നത് യഹൂദ ദേശത്തുവച്ചും അവിടെയുള്ള ആത്മീയവും ഭൌതീകവുമായ സാഹചര്യത്തിലും ആണ്. മുന്തിരി യിസ്രായേല്‍ ജനത്തിന്റെ ആത്മീയ ജീവിതത്തിന്റെ അടയാളമാണ്. യേശുക്രിസ്തു ഈ രൂപകം ഉപയോഗിക്കുമ്പോള്‍ അത് പുതിയനിയമ വിശ്വാസിയുടെ ആത്മീയ ജീവിതത്തിന്റെ അടയാളമായി മാറുന്നു. അതായത് മുന്തിരി ഒരു പുതിയനിയമ വിശ്വാസിയുടെ ആത്മീയ ജീവിതത്തിന്റെ സൂചകം ആണ്.

 

യോഹന്നാന്‍ 15 ആം അദ്ധ്യായത്തിലെ തോട്ടക്കാരന്‍ എന്നത് തോട്ടത്തിന്റെ ഉടമസ്ഥന്‍ ആണ്. നമ്മൾ മുമ്പ് ചിന്തിച്ച ഉപമയിലെപ്പോലെ, ഒരു തോട്ടത്തിന്റെ ഉടമസ്ഥനും തോട്ടം സൂക്ഷിക്കുന്ന തോട്ടക്കാരനും ഇവിടെയില്ല. ഇവിടെ പറയുന്ന തോട്ടക്കാരൻ, തോട്ടത്തിന്റെ ഉടമസ്ഥനായ പിതാവായ ദൈവമാണ്. മുന്തിരിവള്ളിയും കൊമ്പുകളും തോട്ടത്തിന്റെ ഉടമസ്ഥന്റെതാണ്. അതായത്, “ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു” എന്നു യേശു പറയുമ്പോൾ, അവൻ പിതാവിന്റെ തോട്ടത്തിലെ മുന്തിരിവള്ളി മാത്രമായി നില്‍ക്കുന്നു. അതായത്, കൊമ്പുകള്‍ക്ക് ജീവന്‍ നല്‍കുന്ന, അതിൽ ഫലം പുറപ്പെടുവിക്കുന്ന മുന്തിരിവള്ളിയാണ് യേശു.

 

അതായത്, ഈ രൂപകത്തിലേക്ക് നമ്മൾ വരുമ്പോൾ, വൃക്ഷം-ഫലം എന്ന ആശയം കൂടുതൽ താത്വികമാകുന്നു. ഇതിനെ നമ്മൾ മുമ്പ് പഠിച്ച ഉപമകളുമായി ചേർത്ത് വച്ച് ചിന്തിച്ചാൽ, നമുക്ക് ഇങ്ങനെ പറയുവാൻ കഴിയും, യേശു തായ് വൃക്ഷമാണ്. അവൻ ആണ് ഫലം പുറപ്പെടുവിക്കുന്നത്. ഫലം യേശു ആരാണ് എന്നു വെളിപ്പെടുത്തുന്നതാണ്. ഫലങ്ങൾ തായ് വൃക്ഷത്തിന്റെ കൊമ്പുകളിലൂടെയാണ് പുറപ്പെടുന്നത്. എന്നാൽ കൊമ്പുകൾ അല്ല, തായ് വൃക്ഷം ആണ് ഫലം പുറപ്പെടുവിക്കുന്നത്. ഇതാണ് യേശു പറഞ്ഞത്, “ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും”.

 

ഫലം കൊമ്പുകൾ ആരാണ് എന്നല്ല, അത് ചേർന്ന് നിൽക്കുന്ന തായ് വൃക്ഷം ഏതാണ് എന്നാണ് വെളിപ്പെടുത്തുന്നത്. കൊമ്പുകൾ അല്ല മുന്തിരിവള്ളിയാണ് യഥാർത്ഥ വൃക്ഷം. ഈ ഫലങ്ങൾ തായ് വൃക്ഷത്തിൽ നിന്നും കൊമ്പുകളിലൂടെ ലോകത്തിന് വെളിവായി വരുന്നു. അതിന്റെ ഉദ്ദേശ്യമോ, വൃക്ഷത്തിന്റെ മഹത്വമാണ്.

 

ഇവിടെ ഫലം, കൊമ്പുകൾ മുന്തിരിവള്ളിയോട് ചേര്‍ന്ന് നില്‍ക്കുന്നതിന്റെ തെളിവാണ്. അത് സ്വഭാവികമായ, പ്രകൃതി ദത്തമായ ഒരു പ്രക്രിയ ആണ്. അതായത് മുന്തിരിവള്ളിയോട് ചേര്‍ന്ന് നില്‍ക്കുന്ന ശാഖകള്‍ക്ക് ഫലം കായ്ക്കാതെയിരിക്കുവാന്‍ സാദ്ധ്യമല്ല.

 

ഫലം കായ്ക്കുക എന്നത് ഒരു കോമ്പിന്റെ തിരഞ്ഞെടുപ്പ് അല്ല. അതിനു ഇഷ്ടമുണ്ടെങ്കില്‍, തല്‍പര്യമുണ്ടെങ്കില്‍ ഫലം കായ്കാം എന്നല്ല. ഫലം കായ്ക്കുക എന്നതാണു അതിനെ മുന്തിരിവള്ളിയോടു ചേര്‍ത്തു നിറുത്തുന്നതിന്റെ ഉദ്ദേശ്യം. ഫലം പുറപ്പെടുവിക്കുന്നതില്‍ നിന്നും കൊമ്പുകള്‍ക്ക് ഒഴിഞ്ഞു മാറി നില്‍ക്കുവാന്‍ സാധ്യമല്ല.

 

ഒരു മുന്തിരിവള്ളിയുടെ ശാഖ അതിനോടു ചേര്‍ന്ന് വളരുന്നതാണ്. ആ ശാഖയുടെ ജീവന്‍ മുന്തിരിവള്ളി നല്‍കുന്നതാണ്. ശാഖയ്ക്ക് സ്വന്തമായി ജീവനില്ല. അത് ജീവിക്കേണം എങ്കില്‍ മുന്തിരിവള്ളിയോട് ചേര്‍ന്ന് നിന്നു ജീവിക്കേണം. മുന്തിരിവള്ളി ശാഖയ്ക്ക് ആവശ്യമായ വെള്ളവും ആഹാരവും നല്കുന്നു. മുന്തിരിവള്ളി തന്റെ ജീവനെ ശാഖയിലേക്ക് പകരുകരുന്നു. ഈ ജീവനാണ് ശാഖയുടെ ജീവന്‍. എപ്പോള്‍ ഒരു ശാഖ മുന്തിരിവള്ളിയില്‍ നിന്നും വേറിട്ട് പോകുന്നുവോ, അപ്പോള്‍ തന്നെ അതിനു ജീവന്‍ നഷ്ടപ്പെടുന്നു. പിന്നെ അത് ജീവനുള്ളതല്ല, മരിച്ച ശാഖയാണ്. അത് വേഗം ഉണങ്ങി വാടിപ്പോകുന്നു. അതിനെ പിന്നെ ജീവനിലേക്ക് തിരികെ കൊണ്ടുവരുവാന്‍ കഴിയുക ഇല്ല. അതിന്റെ അവസാനം തീയില്‍ ഇട്ടു ചുട്ടുകളയുക എന്നതാണ്. അത് തീയില്‍ വെന്ത് ചാരമായി തീരും. അത് കൊണ്ട് യേശു ശിഷ്യന്മാരോടും നമ്മളോടും ഉപദേശിക്കുന്നത് ഇതാണ്: “എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും”.

 

നമ്മള്‍ക്ക് യേശുക്രിസ്തു ആകുന്ന മുന്തിരിവള്ളി ജീവന്‍ നല്‍കിയതും, നമ്മളെ അവനോടു ചേര്‍ത്തു നിറുത്തിയതും നമ്മള്‍ പിതാവായ ദൈവത്തിനു വേണ്ടി ഫലം പുറപ്പെടുവിക്കുവാനാണ്. അതുകൊണ്ടാണ് തക്ക സമയത്ത് ഫലം പുറപ്പെടുവിക്കാത്ത ശാഖകളെ വെട്ടിക്കളയുന്നത്. “എന്നിൽ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ടു അവൻ ഉണങ്ങിപ്പോകുന്നു; ആ വക ചേർത്തു തീയിൽ ഇടുന്നു; അതു വെന്തുപോകും.” (യോഹന്നാന്‍ 15:6).

 

ഇതിൽ നിന്നും നമ്മൾ പഠിക്കുന്ന പാഠം ഇതാണ്: കൊമ്പുകൾ സ്വതവേ, അതിന്റെ കഴിവുകൾ കൊണ്ട്, യാതൊരു ഫലവും പുറപ്പെടുവിക്കുന്നില്ല. വൃക്ഷത്തിന്റെ ഉള്ളിൽ സംഭവിക്കുന്ന ഒരു പ്രക്രിയയാൽ ആണ് കൊമ്പുകളിൽ ഫലം ഉണ്ടാകുന്നത്. ഫലങ്ങൾ ബാഹ്യമായി കൂട്ടിച്ചേർക്കുന്നത് അല്ല. അത് മറ്റൊരു വൃക്ഷത്തിന്റെയോ, മനുഷ്യരുടെയോ പ്രവർത്തന ഫലമായി അല്ലാതെ, ഉള്ളിൽ നിന്നും വൃക്ഷം പുറപ്പെടുവിക്കുന്നതാണ്. അതിനായി കൊമ്പുകൾ ചെയ്യേണ്ടത്, വൃക്ഷത്തോട് ചേർന്നു നിൽക്കുക എന്നത് മാത്രമാണ്. ഫലങ്ങൾ പുറപ്പെടുവിക്കുന്നത്, വൃക്ഷത്തോട് ചേർന്ന് നിലക്കുന്ന കൊമ്പുകളിലെ സ്വാഭാവികമായ ഒരു പ്രക്രിയ ആണ്.

 

അതായത് മനുഷ്യരുടെ വാക്കുകളും പ്രവർത്തികളും, അവൻ സൂക്ഷിക്കുന്ന വിശുദ്ധിയുടെ അടയാളങ്ങളും, അത് ഉള്ളിലുള്ള രൂപന്തരത്തിന്റെ ഫലങ്ങൾ ആയിരിക്കേണം. രക്ഷിക്കപ്പെട്ട ഒരു വ്യക്തി, തന്റെ രൂപാന്തരത്തെ അറിയിക്കുവാൻ സ്വയമേ യാതൊന്നും ചെയ്യുന്നില്ല. അത് ഒരു ആന്തരിക മാറ്റത്തിന്റെ സ്വാഭികമായ ഫലങ്ങൾ മാത്രമാണ്. ഇത്തരം ഫലങ്ങൾ അനിവാര്യമാണ്.

 

ഇത്രയും കാര്യങ്ങൾ വൃക്ഷത്തെക്കുറിച്ചും ഫലത്തേക്കുറിച്ചും മനസ്സിലാക്കികൊണ്ട് നമുക്ക് “വീണ്ടും ജനനം” എന്ന പ്രക്രിയയെക്കുറിച്ച് യേശു പറഞ്ഞ കാര്യങ്ങളിലേക്ക് പോകാം.  

 

കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു

 

യോഹന്നാന്‍ 3: 8 കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു” എന്നു ഉത്തരം പറഞ്ഞു.

 

വീണ്ടും ജനനം, ആത്മാവിന്റെ പുതുക്കവും, ഉയരത്തിൽ നിന്നുള്ള ജനനവും ആണ് എന്നു നമ്മൾ മുമ്പ് കണ്ടുകഴിഞ്ഞു. ഇത് എങ്ങനെ സംഭവിക്കും, അഥവാ, വീണ്ടും ജനിക്കുക എന്ന പ്രക്രിയ എങ്ങനെ സംഭവിക്കും എന്നായിരുന്നു, നിക്കോദേമൊസ് ന്റെ സംശയം. ഇത് യേശു വിശദീകരിക്കുന്നത് പ്രകൃതിയിൽ നിന്നുള്ള ചിത്രം എടുത്തുകാണിച്ചാണ്.

 

“വീണ്ടും ജനനം” എന്നത് ഒരു മനുഷ്യന്റെ ആത്മീയമായ പുതു ജനനം ആണ്. അത് മനുഷ്യന്റെ ആത്മാവിന്‍റെ പുതുക്കം ആണ്. വീണ്ടും ജനനം ശാരീരികമായ ജനനം അല്ല, ശാരീരികമായ പുതുക്കവും അല്ല.

 

യോഹന്നാന്‍ 3: 5,6

5    അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.

6    ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.

 

വീണ്ടും ജനനത്തില്‍ ഒരു മനുഷ്യന്‍റെ ആത്മാവും മനസ്സും ദൈവത്തിന്റെ ആത്മാവിനാല്‍ പുതുജീവൻ പ്രാപിക്കുകയാണ്. അതായത് അവന്റെ വ്യക്തിത്വവും ഇശ്ചാശക്തിയും സമ്പൂര്‍ണ്ണമായും പുതിയതായി തീരുന്നു. വീണ്ടും ജനനം പ്രാപിച്ചവന്റെ ചിന്താരീതികളും വികാരങ്ങളും തിരഞ്ഞെടുപ്പുകളും എല്ലാം ദൈവാത്മാവിനാല്‍ നിയന്ത്രിതം ആയിരിക്കും.

 

യോഹന്നാൻ 3:8 ൽ ‘കാറ്റ്’ എന്ന് പറയുവാന്‍ യേശു ഉപയോഗിച്ച ‘ന്യൂമ’ (pneuma) എന്ന ഗ്രീക്ക് പദം തന്നെ ആണ് ‘ആത്മാവ്’ എന്ന് പറയുവാനും ഉപയോഗിക്കുന്നത്. ഒരു വ്യക്തിയിലുള്ള ആത്മാവിന്റെ പ്രവർത്തനത്തെ, നിക്കോദെമൊസിന് എളുപ്പം മനസ്സിലാക്കുവാൻ കഴിയുന്ന പ്രകൃതിയിലുള്ള കാറ്റിന്റെ പ്രവർത്തനത്തോട് യേശു സാമ്യപ്പെടുത്തുകയാണ്.

 

കാറ്റ് വീശുമ്പോള്‍ അതിനെ ആര്‍ക്കും കാണുവാന്‍ കഴിയുക ഇല്ല. കാറ്റ് ഇഷ്ടമുള്ളേടത്തു ഊതുന്നു. അതിന്റെ ആരംഭവും അവസാനവും എവിടെയാണ് എന്നു നമുക്ക് തീർച്ച പറയുവാൻ സാധ്യമല്ല. അത് എങ്ങോട്ടു വീശുന്നു എന്നും നമുക്ക് പറയുവാൻ സാധ്യമല്ല. നമുക്ക് അതിനെ അനുഭവിക്കുവാൻ കഴിയും എങ്കിലും അതിനെ പിടിച്ചു നിറുത്തുവാന്‍ കഴിയുക ഇല്ല.

 

എന്നാല്‍, കാറ്റ് വീശുന്നിടത്തെല്ലാം അത് ചില മാറ്റങ്ങള്‍ വരുത്തും. അത് നമ്മളുടെ ശരീരത്തില്‍ വീശുന്നത് നമുക്ക് അറിയുവാന്‍ കഴിയും. വൃക്ഷങ്ങളുടെ ഇലകള്‍ അനങ്ങുന്നതും, ശിഖിരങ്ങള്‍ ഉലയുന്നതും നമുക്ക് കാണുവാന്‍ കഴിയും.

 

ഇതിന്റെ അർത്ഥം, കാറ്റിന്റെ തുടക്കവും അവസാനവും അതിന്റെ ദിശയും നമ്മൾ മനസ്സിലാക്കുന്നത് കാറ്റിൽ നിന്നല്ല, അത് നമുക്ക് ചുറ്റിനുമുള്ള വസ്തുക്കളിൽ ഉണ്ടാക്കുന്ന ചലനങ്ങളിൽ നിന്നാണ്. ആകാശത്തിലെ മേഘങ്ങളുടെ ഗതിയിൽ നിന്നോ, കാറ്റിന്റെ ഗതിയെ അളക്കുവാൻ കഴിയുന്ന ഉപകരണങ്ങൾ ഉപയോഗിച്ചോ, വൃക്ഷങ്ങളുടെ ശിഖിരങ്ങൾ ഉലയുന്നത് നോക്കിയോ, അത് നമ്മളുടെ ശരീരത്തിൽ ഉണ്ടാക്കുന്ന അനുഭവങ്ങൾ വച്ചോ നമ്മൾ കാറ്റിനെ മനസ്സിലാക്കുന്നു.

 

അതായത് കാറ്റ് എന്ത് ചെയ്യുന്നു, എങ്ങോട്ടു പോകുന്നു, എവിടെ നിന്നും വരുന്നു, എന്നെല്ലാം നമ്മൾ മനസിലാക്കുന്നത് അത് കടന്നുപോകുന്ന മർഗ്ഗത്തിൽ ഉളവാക്കുന്ന മാറ്റങ്ങളിൽ നിന്നാണ്.

 

ഇതുപോലെയാണ് ആത്മാവിന്റെ പ്രവർത്തികളും. പരിശുദ്ധ ആത്മാവ് എങ്ങനെ പ്രവർത്തിക്കുന്നു എന്നു നമുക്ക് ഗ്രഹിക്കുവാൻ കഴിയില്ല. “വീണ്ടും ജനനം” പരിശുദ്ധ ആത്മാവിന്റെ പ്രവര്‍ത്തി ആണ്. ആത്മാവ് അദൃശ്യമാണ്, എങ്കിലും അതിന്റെ പ്രവര്‍ത്തനത്താലുള്ള രൂപാന്തരം നമുക്ക് കാണുവാനും അനുഭവിക്കുവാനും കഴിയും. പരിശുദ്ധാത്മാവ് ചലിക്കുന്നിടത്തോക്കെയും രൂപാന്തരം ഉണ്ടാകും. വീണ്ടും ജനനം പ്രാപിച്ചവരുടെ ജീവിതത്തില്‍ ഈ രൂപാന്തരം മറ്റുള്ളവർക്ക് കൂടി കാണുവാന്‍ കഴിയും. ആന്തരീകമായി സംഭവിക്കുന്ന രൂപാന്തരത്തെ, ബാഹ്യമായി പുറപ്പെടുവിക്കുന്ന ഫലങ്ങളായി കാണുവാനും അനുഭവിക്കുവാനും കഴിയും.

 

ഫലം ഇല്ലായെങ്കിൽ, അവനിലെ ആത്മാവ് പുതുക്കം പ്രാപിക്കാത്ത, മരിച്ച അവസ്ഥയിൽ ആണ്. ആത്മാവിന് പുതുജീവൻ വന്നിട്ടുണ്ട് എങ്കിൽ, അത് ജീവന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കും, അത് ഫലങ്ങൾ ഉളവാക്കും. അത് മറ്റുള്ളവർക്ക് ഗുണകരം ആകുകയും ചെയ്യും.

 

ആത്മാവിന്റെ പുതുക്കം മാർമ്മികമാണ്. അത് എങ്ങനെ സംഭവിക്കുന്നു എന്നു വിശദീകരിക്കുവാൻ നമുക്ക് സാദ്ധ്യമല്ല. യേശുവും ആന്തരികമായ പുതുജനനത്തിന്റെ പ്രക്രിയ എന്താണ് എന്നു വിശദീകരിച്ചില്ല.

 

എന്നാൽ യേശു പറഞ്ഞു, ആന്തരിക പുതുക്കത്തിന് അതിന്റേതായ ഫലങ്ങൾ ഉണ്ടാകും അത് നമ്മൾക്ക് കാണുവാനും, കേൾ ക്കുവാനും, അനുഭവിക്കുവാനും കഴിയും. ഇതിലൂടെ വൃക്ഷം ഏതാണ് എന്നും നല്ലതാണോ എന്നും നമുക്ക് തിരിച്ചറിയാം.

 

ഫലം കൊമ്പുകൾ പുറപ്പെടുവിക്കുന്നത് അല്ല, വൃക്ഷം പുറപ്പെടുവിക്കുന്നത് ആണ്. കാറ്റ് വീശുമ്പോൾ, മേഘങ്ങൾ ചലിക്കുന്നത്, വൃക്ഷങ്ങളുടെ ശാഖകൾ കുനിഞ്ഞ് ആടുന്നത്, അത് സ്വയം ചെയ്യുന്നതല്ല. കാറ്റ് വരുത്തുന്ന മാറ്റങ്ങൾ ആണ്. അതായത്, മേഘങ്ങൾ ചലിക്കുന്നതുകൊണ്ടോ, മരത്തിന്റെ ശാഖകൾ ആടിയുലയുന്നത് കൊണ്ടോ അല്ല കാറ്റ് ഉണ്ടാകുന്നത്. കാറ്റ് വീശുന്നതിനാൽ ഈ ചലനങ്ങൾ ഉണ്ടാകുന്നതാണ്. വീണ്ടും ജനനം പ്രാപിച്ച ഒരു മനുഷ്യന്റെ ജീവിതത്തിലെ മാറ്റങ്ങൾ ആത്മാവിന്റെ ഫലങ്ങൾ ആണ്. അതിൽ അവന് യാതൊരു പങ്കും ഇല്ല.

 

ഒരു വൃക്ഷത്തിന്റെ ഫലങ്ങൾ ബാഹ്യമായി ഘടിപ്പിക്കുന്നത് അല്ല. അത് വൃക്ഷം പുറപ്പെടുവിക്കുന്നതാണ്. ഫലങ്ങൾ, കൊമ്പുകൾ വൃക്ഷത്തോട് ചേർന്നു നിൽക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്നതാണ്. അതൊരു മനപ്പൂർവ്വമായ പ്രവർത്തിയല്ല.

 

വീണ്ടും ജനനം ആത്മാവിന്റെ പ്രവർത്തിയാണ്. അത് മുകളിൽ നിന്നുള്ള ജനനം ആണ്. അതിനായി കീഴ്പ്പെടുക, സമർപ്പിക്കുക, സ്വീകരിക്കുക എന്നിവ മാത്രമാണ് നമ്മളുടെ പങ്ക്. ആന്തരീകമായ രൂപാന്തരവും അതിന്റെ ബാഹ്യമായ ഫലങ്ങളും ആത്മാവിന്റെ പ്രവർത്തികൾ ആണ്.
No comments:

Post a Comment