ആരാണ് അന്യദേവന്മാർ?

ആരാണ് യഹോവയായ ദൈവം, അന്യദേവന്മാർ ഉണ്ട് എന്നു വേദപുസ്തകം പറയുന്നുണ്ടോ, ആരാണ് അന്യദേവന്മാർ, സാത്താനും വീണുപോയ ദൂതന്മാർക്കും അന്യദേവന്മാരെ ആരാധിക്കുന്നതിൽ എന്തെങ്കിലും പങ്ക് ഉണ്ടോ, എങ്ങനെയാണ് മനുഷ്യർ അന്യദേവന്മാരെ ആരാധിക്കുന്നതിൽ വീണുപോയത്? ഈ വിഷയങ്ങളെക്കുറിച്ചുള്ള വേദപുസ്തകത്തിന്റെ പഠിപ്പിക്കലുകളാണ് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്.  

ഈ പഠനത്തിൽ നമ്മൾ യഹോവയായ ദൈവം ഒഴികെയുള്ള ദൈവീക സങ്കൽപ്പങ്ങളെയാണ് അന്യദേവന്മാർ എന്നു വിളിക്കുന്നത്. 

 

പിശാചിനെയോ, ദുർഭൂതങ്ങളെയോ നേരിട്ട് ആരാധിക്കുന്നതിനെ അന്യദേവന്മാരുടെ ആരാധന എന്നു വിളിക്കുന്നില്ല. അവർ അന്യദേവന്മാർ അല്ല. അതിനാൽ അവരെ ആരാധിക്കുന്നത് ഇവിടെ ചർച്ച ചെയ്യുന്നില്ല.


ആരാണ് സത്യ ദൈവം?

 

യഹൂദ, ക്രിസ്തീയ വിശ്വാസം അനുസരിച്ച്, സകലത്തിനെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന, സകലതിന്മേലും സർവ്വാധികാരമുള്ള, വ്യക്തിത്വമുള്ള ഒരു ആത്മീയ സത്വം ആണ് സത്യ ദൈവം. ദൈവം ഏകനാണ്, അവന് തുല്യനായോ, അവനെക്കാൾ ശ്രേഷ്ഠനായോ, അവനെക്കാൾ താഴന്നവനായോ മറ്റൊരു ദൈവമോ, ദേവന്മാരോ ഇല്ല.  അവൻ വ്യവഹാരാതീതമായ, ഭൌതീകതയിൽ നിന്നും തികച്ചും വേറിട്ട് നിലക്കുന്ന ഒരു സത്വം അല്ലെങ്കിൽ വ്യക്തിത്വം ആണ്. എന്നാൽ അതേ സമയം അവന്റെ സൃഷ്ടിയിലെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടുവാൻ കഴിയുന്നവനും ആണ് .

എന്നാൽ ദൈവം ഭൌതീക വസ്തുക്കളിൽ അടങ്ങിയിരിക്കുന്നു എന്നോ ഉൾക്കൊള്ളുന്നു എന്നോ, ദൈവത്തിന്റെ സാന്നിദ്ധ്യം ഭൌതീക വസ്തുക്കളിൽ ഉണ്ട് എന്നോ ഉള്ള തത്വങ്ങളെ വേദപുസ്തകം അംഗീകരിക്കുന്നില്ല. പഴയനിയമത്തിൽ ഏക സത്യ ദൈവത്തെ യഹോവ എന്ന നാമത്തിൽ ആണ് നമ്മൾ പരിചയപ്പെടുന്നത്.

 

പുതിയനിയമത്തിൽ, അപ്പൊസ്തലന്മാരുടെ ലേഖനങ്ങളിലൂടെ നമ്മൾ കണ്ടുമുട്ടുന്ന ദൈവവും പഴയനിയമത്തിലെ ഏക സത്യ ദൈവമാണ്. ആദ്യകാല സഭാ പിതാക്കന്മാരും ഇതേ കാഴ്ചപ്പാട് ഉള്ളവർ ആയിരുന്നു.

 

യഹോവ എന്നത് ദൈവത്തിന്റെ പേരായി നമ്മള്‍ ആദ്യം വേദപുസ്തകത്തില്‍ കാണുന്നത് പുറപ്പാടു 3: 15 ആം വാക്യത്തില്‍ ആണ്. മിസ്രയീമില്‍ അടിമത്വത്തില്‍ ആയിരുന്ന യിസ്രായേല്‍ ജനത്തെ വിടുവിക്കുവാനായി ദൈവം മോശെയെ നിയമിക്കുന്നതാണ് ഈ വാക്യത്തിന്റെ സന്ദര്‍ഭം. ദൈവം മേശെയ്ക്ക് പ്രത്യക്ഷനാകുമ്പോള്‍, അവന്‍ യിസ്രായേല്‍ ജനത്തോടൊപ്പം മിസ്രയീമില്‍ ആയിരുന്നില്ല.

അവന്‍ വിജനമായ ഒരു പ്രദേശത്ത്, തന്റെ അമ്മായിയപ്പന്റെ ആടുകളെ മേയ്ക്കുക ആയിരുന്നു. അവിടെ, ദൈവം, യിസ്രായേല്‍ ജനത്തെ വിടുവിക്കുവാനും അവരെ വാഗ്ദത്ത ദേശത്തേക്ക് നയിക്കുവാനുമുള്ള നിയോഗം മോശെയ്ക്ക് നല്കി. എന്നാല്‍ യിസ്രായേല്‍ ജനത്തിന്റെ അടുക്കല്‍ മേശെ തിരികെ ചെന്നിട്ട്, വാഗ്ദത്ത ദേശത്തെക്കുറിച്ചോ, ദൈവം പ്രത്യക്ഷമായതിനെക്കുറിച്ചോ, ദൈവം അവരെ വിടുവിക്കുവാന്‍ പോകുന്നു എന്നോ പറഞ്ഞാല്‍ ആരും വിശ്വസിക്കുകയില്ല. മോശെ ആരെയാണ് കണ്ടത്, ആരാണ് മോശെയോട് സംസാരിച്ചത് എന്ന് അവന്‍ ജനത്തോട് പറയേണ്ടിവരും. അതിനാല്‍ മോശെ കണ്ട ദൈവത്തിന്റെ നാമം എന്തു എന്ന് യിസ്രായേല്‍ ജനം ചോദിച്ചാല്‍ അതിനു എന്തു മറുപടി പറയേണം എന്ന് അവന്‍ ദൈവത്തോട് ചോദിച്ചു.

മിസ്രയീമില്‍ അനേകം ദേവന്‍മാര്‍ ഉണ്ടായിരുന്നു എങ്കിലും, അവര്‍ക്ക് ഓരോരുത്തര്‍ക്കും പ്രത്യേകം പേരുകള്‍ ഉണ്ടായിരുന്നു. മിസ്രയീമ്യ ദേവന്‍മാര്‍ക്ക് പ്രത്യേകം രൂപങ്ങളും ഉണ്ടായിരുന്നു. അവരുടെ ദേവന്മാരെ അവര്‍ ജീവജാലങ്ങളുടെയും പ്രകൃതി വിഭവങ്ങളുടെയും പേരിലും രൂപത്തിലും ആരാധിച്ചു.

ഈ പശ്ചാത്തലത്തില്‍ ജനിച്ച്, ജീവിച്ച് വന്ന മോശെയും യിസ്രായേല്‍ ജനവും, അവരുടെ പിതാക്കന്മാരുടെ ദൈവത്തിനും ഒരു പേരുണ്ടായിരിക്കും എന്ന് ചിന്തിച്ചു. അതാണ് മോശെ ദൈവത്തോട് ചോദിച്ചതും, യിസ്രായേല്‍ ജനം ചോദിക്കും എന്ന് പ്രതീക്ഷിച്ചതും.

 

എന്നാല്‍ സര്‍വ്വശക്തനായ സാക്ഷാല്‍ ദൈവത്തിന് ഒരു പേരിന്റെ ആവശ്യമില്ലായിരുന്നു. അന്നേവരെ ദൈവം ഒരു പേര് സ്വീകരിക്കുകയോ, ആ പേരില്‍ അറിയപ്പെടുകയോ ചെയ്തിരുന്നില്ല. പേര് ഒരു വ്യക്തിയെ മറ്റൊരാളില്‍ നിന്നും വേര്‍തിരിച്ച് കാണിക്കുവാന്‍ ഉള്ളതാണ്. അത് ഒന്നിലധികം വ്യക്തികള്‍ ഉള്ളപ്പോള്‍ മാത്രമേ ആവശ്യമുള്ളൂ. എന്നാല്‍ ദൈവം ഒരാള്‍ മാത്രമേ ഉള്ളൂ. അദ്ദേഹത്തെ വേര്‍തിരിച്ച് കാണിക്കുവാന്‍, മറ്റൊരാള്‍ ദൈവമായി ഇല്ല. അതിനാല്‍ ദൈവത്തിന് പേരിന്റെ ആവശ്യമില്ല. കാരണം ദൈവം, ദൈവം ആണ്. അവന്‍ മാത്രമാണ് ദൈവം. അതിനാല്‍ ദൈവം മോശെയോട് ഇങ്ങനെ മറുപടി പറഞ്ഞു:  

 

പുറപ്പാടു 3: 14 അതിന്നു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽ മക്കളോടു പറയേണം എന്നു കല്പിച്ചു.

 

ഇവിടെ “ഞാന്‍ ആകുന്നു” എന്നതാണു ദൈവത്തിന്റെ നാമം. ഈ നാമത്തില്‍, ദൈവത്തിന്‍റെ എല്ലാ, ആത്മീയ മര്‍മ്മവും, സ്വഭാവ വിശേഷങ്ങളും, സത്വവും, അസ്തിത്വവും അടങ്ങിയിട്ടുണ്ട്. ദൈവത്തെക്കുറിച്ച് നമ്മള്‍ അറിയേണ്ടതെല്ലാം ഈ നാമത്തില്‍ അടങ്ങിയിട്ടുണ്ട്. 

 

“ഞാന്‍ ആകുന്നു” എന്നത് ദൈവത്തിന്റെ സവിശേഷതയും അവന്റെ ദൈവീകത്വത്തിന്റെ അവകാശവാദവും ആണ്. ജാതീയ മത വിശ്വാസത്തിലും അവരുടെ ദേവന്‍മാര്‍ അവര്‍ ദൈവമാണ് എന്ന് അവശപ്പെടുവാനായി “ഞാന്‍ ആകുന്നു” എന്ന വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്. അതിനാല്‍ അത് വ്യക്തമാക്കി യഹോവയായ ദൈവം പറഞ്ഞു: “ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു”.

അതായത്, ജാതീയ മതങ്ങളിലെ ദേവന്‍മാര്‍ “ഞാന്‍ ആകുന്നു” എന്നു അവകാശപ്പെടാറുണ്ട്. എന്നാല്‍ അവര്‍ അത്തരമൊരു അവകാശവാദത്തിന് അര്‍ഹരല്ല. യിസ്രയേലിന്റെ ദൈവമാണ് സത്യത്തില്‍ ഏക “ഞാന്‍ ആകുന്നു” എന്നത്.”

 

“ഞാന്‍ ആകുന്നു” എന്നത് ഒരു വ്യക്തിയെ തിരിച്ചറിയുവാനായി പറയുന്ന പദം ആണ്. “അത് ഞാന്‍ ആകുന്നു”, “അത് ഞാന്‍ തന്നെ ആണ്”, “ഞാന്‍ മാത്രമാണ്” എന്നിങ്ങനെ ആണ് അതിന്റെ അര്‍ത്ഥം. “ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു” എന്നത്, ഞാന്‍ അല്ലാതെ മറ്റാരും ഇല്ല എന്ന ധ്വനി നല്കുന്നു. മറ്റൊരു ദേവന്‍റെയോ, മനുഷ്യന്‍റെയോ അവകാശവാദങ്ങളെ അത് റദ്ദാക്കുന്നു. മറ്റാരും ദൈവമായി ഇല്ലാത്തതിനാല്‍ മിസ്രയീമ്യ ദേവന്‍മാര്‍ക്ക് ഉള്ളതുപോലെയുള്ള ഒരു പേര് ദൈവത്തിന് ആവശ്യമില്ല. മറ്റൊരാളില്‍ നിന്നും വേര്‍തിരിച്ച് അറിയുവാനായി ഒരു പേര് അവന് ആവശ്യമില്ല. അവന് പേരില്ല. ദൈവം ദൈവം ആണ്. 

 

മോശെയുടെ ചോദ്യത്തിന് “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു” എന്നിങ്ങനെ ദൈവം മറുപടി പറഞ്ഞതിന് ശേഷം, തുടര്‍ന്നു ദൈവം ഒരു പേര് തിരഞ്ഞെടുക്കുന്നത് കാണാം.

മോശെയുടെ ചോദ്യത്തില്‍ മാനുഷികവും ന്യായീകരിക്കത്തക്കതുമായ കാര്യം ഉണ്ട് എന്നു ദൈവത്തിന് തോന്നിയിരിക്കാം. അതിനാല്‍ അവന്‍ തുടര്‍ന്നു പറഞ്ഞു:

 

പുറപ്പാട് 3: 15 ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറതലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.

 

ഇവിടെ ആണ് നമ്മള്‍ വേദപുസ്തകത്തില്‍ ആദ്യമായി യഹോവ എന്ന പദം ദൈവത്തിന്റെ പേരായി കാണുന്നത്. യഹോവ എന്ന പേര് ദൈവം സ്വീകരിക്കുകയും അത് തലമുറയായി അവന്റെ പേരായിരിക്കേണം എന്നു ദൈവം കല്‍പ്പിക്കുകയും ചെയ്തു.

 

അതായത്, 14 ആം വാക്യത്തില്‍ മോശെയുടെ ചോദ്യത്തിന് മറുപടിയായി അവന് ഒരു പേരിന്റെ ആവശ്യമില്ല എന്നു വ്യക്തമാക്കിയതിന് ശേഷം, യിസ്രായേല്‍ ജനത്തിന് തലമുറ തലമുറയായി ഓര്‍മ്മയ്ക്കായുള്ള ജ്ഞാപകം ആയി യഹോവ എന്ന നാമം ദൈവം സ്വീകരിച്ചു. അവരുടെ ദൈവം ആരാണ് എന്നു ഓര്‍ക്കുവാനായാണ് യഹോവ എന്ന നാമം ദൈവം സ്വീകരിക്കുന്നത്.

 

മോശെയുടെ കാലത്തിനും മുമ്പ്, യിസ്രായേല്‍ ജനം അവരുടെ ദൈവത്തെ യാഹ് എന്നോ യാഹ് വെ എന്നോ വിളിച്ചിരിക്കാം. എന്നാല്‍ ദൈവം യാഹ് വെ എന്ന പേര് സ്വയം സ്വീകരിക്കുകയും അത് നിത്യമായിരിക്കും എന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നത് പുറപ്പാടു 3: 15 ല്‍ ആണ്. അതിനാല്‍, യിസ്രായേല്‍ ജനം മുമ്പ് യാഹ് എന്നോ യാഹ് വെ എന്നോ ദൈവത്തെ വിളിച്ചിരുന്നത് അവന്റെ സത്വത്തിന്റെ നാമമായി ആയിരിക്കുവാനാണ് സാധ്യത.

 

യഹോവ എന്ന പേരിന്റെ അര്‍ത്ഥം വ്യത്യസ്ഥമായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. “ഉള്ളതിനെയെല്ലാം ഉളവാക്കിയവന്‍” എന്നതാണു ഏറ്റവും ശരിയെന്ന് അനേകം പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.

യഹോവ എന്ന വാക്കിന് “സ്വയംഭൂ”, “സ്വയമായി നിലനില്‍ക്കുന്നവന്‍” എന്നും അര്‍ത്ഥമുണ്ട്. അവന്‍ സൃഷ്ടിക്കപ്പെട്ടതല്ല. അവന് സൃഷ്ടാവില്ല. അവന്‍ മാറ്റമില്ലാത്തവന്‍ ആണ്, നിത്യനാണ്. അവന് നിലനില്‍ക്കുവാന്‍ മാറ്റരുടെയും സഹായം ആവശ്യമില്ല. അവന്റെ അസ്തിത്വം മറ്റാരുമായും, മറ്റൊന്നിനോടും ആശ്രയിച്ചിരിക്കുന്നില്ല. ഈ അര്‍ത്ഥങ്ങള്‍ എല്ലാം ദൈവം സ്വീകരിച്ച യഹോവ എന്ന പേരില്‍ ഉണ്ട്.

 

മോശെയോടു ദൈവം, “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ” എന്നും “യാഹ് വെ” എന്ന പേരും നിത്യമായ പേരായിരിക്കും എന്ന് പറയുമ്പോള്‍ അത് അവന്റെ സത്വത്തിന്റെ വെളിപ്പെടുത്തല്‍ ആണ്. അത് നമ്മളുടെ പേരുപോലെ ഉള്ള ഒരു പേരല്ല. അത് മറ്റ് ജാതീയ ദേവന്‍മാരില്‍ നിന്നും അവനെ തിരിച്ചറിയുവാനുള്ള പേരല്ല. യാഹ് വെ അവന്റെ സവിശേഷ സ്വഭാവങ്ങളുടെ വെളിപ്പെടുത്തല്‍ ആണ്. അവന്‍ ആരാണ് എന്നതിന്റെ വെളിപ്പടുത്തല്‍ ആണിത്.

 

യാഹ് വേ സ്വയം നിലനില്‍ക്കുന്ന ദൈവമാണ്. അവന് നിലനില്‍ക്കുവാനായി യാതൊരു സൃഷ്ടിയുടെയും സഹായമോ പിന്തുണയോ ആവശ്യമില്ല. അവന്‍ നിത്യനായ ദൈവമാണ്. ദൈവം ഒരിയ്ക്കലും ദൈവമല്ലാതെ ഇരുന്നിട്ടില്ല. ദൈവം ഒരിയ്ക്കലും ദൈവമല്ലാതെയിരിക്കുകയില്ല. അതുകൊണ്ടാണ് ദൈവം മോശെയോടു പറഞ്ഞത്, “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു”. ഞാന്‍ ആകുന്നു എന്നു പറയുവാന്‍ കഴിയുന്ന ഏക ദൈവം യഹോവയായ ദൈവം മാത്രമാണ്. ഞാന്‍ ആകുന്നു എന്ന് ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് പറയുവാന്‍ കഴിയില്ല. അതില്‍ ഞാന്‍ മാത്രമാകുന്നു എന്ന ധ്വനികൂടി ഉണ്ട്. അതിനാല്‍, “ഞാന്‍ ആകുന്നു” എന്ന് പറയുവാന്‍ കഴിയുന്ന ഏക ദൈവം “ഞാന്‍ ആകുന്നു”, എന്നാണ് യഹോവയായ ദൈവം അവകാശപ്പെട്ടത്.

 

യഹോവ സ്വയംഭൂവായ ദൈവം ആണ് എന്നു പറയുമ്പോള്‍ അതിനര്‍ത്ഥം അവന്‍ കാലാതീതന്‍ ആണ് എന്നാണ്.  ദൈവത്തിന്നു ഒരു ഭൂതകാലമോ, ഭാവി കാലമോ ഇല്ല. അവന് വര്‍ത്തമാന കാലമേ ഉള്ളൂ. അവന്‍ ആയിരുന്ന ദൈവമല്ല, ഭാവിയില്‍ ആകുന്ന ദൈവമല്ല, അവന്‍ കാലാതീതമായി ദൈവമാണ്. കാലങ്ങള്‍ അവന്റെ സൃഷ്ടിയാണ്.

അതിനാല്‍ കാലങ്ങള്‍ അവനെ ബാധിക്കുന്നില്ല. അവന്‍ വര്‍ത്തമാനകാലത്തിലെ ദൈവം ആണ്. അവന്‍ ഒരു പഴയ സങ്കല്‍പ്പമല്ല, ഇന്നത്തെ എന്നപോലെ എന്നത്തേയും സത്യമാണ്. 

 

അവന്‍ മാത്രമാണു ദൈവം. അവനല്ലാതെ മറ്റൊരു ദൈവം ഇല്ലാത്തതിനാല്‍, അവന് വെല്ലുവിളികള്‍ ഇല്ല. അവന് ദൈവം എന്ന നിലയില്‍ ശത്രുക്കള്‍ ഇല്ല. മറ്റൊരു ദൈവത്തെയും തോല്‍പ്പിക്കേണ്ട കാര്യം ഇല്ല.  അതുകൊണ്ടാണ്, അന്യദേവന്മാരെ വ്യാജം എന്നു അവന്‍ വിളിക്കുന്നത്. അന്യദേവന്‍മാര്‍ എന്നൊരു ദൈവമോ, ദേവന്മാരോ ഇല്ല. അങ്ങനെ ഒന്നു നിലനില്‍ക്കുന്നില്ല. അന്യദേവന്‍മാര്‍ എന്നത് സങ്കല്‍പ്പവും, മിഥ്യയും, വ്യാജവും മാത്രമാണ്. 

 

യഹോവയായ ദൈവമല്ലാതെ മറ്റൊരു ദൈവമില്ല. അവനെക്കാൾ വലിയ ദേവന്മാരോ, ചെറിയ ദേവന്മാരോ, എതിരാളികളോ ഇല്ല. യുദ്ധം ചെയ്യുവാൻ അവന് എതിരാളിയായ ഒരു ശത്രു ദേവൻ ഇല്ല. അതിനാൽ തന്നെ ആരെയും തോൽപ്പിക്കേണ്ടുന്ന കാര്യവും ഇല്ല.

അതിനാൽ ദൈവവും തിരുവചനവും, മറ്റൊരു ദേവൻ എന്ന എല്ലാ അവകാശ വാദങ്ങളെയും വ്യാജവും അന്യവും ആയി കാണുന്നു. അതിന്റെ അർത്ഥം, അന്യദേവന്മാർ എന്നൊന്ന് യാഥാർത്ഥത്തിൽ ഇല്ല. അന്യദേവന്മാർ എല്ലാം മനുഷ്യരുടെ സങ്കൽപ്പങ്ങളും സൃഷ്ടികളും ആണ്.

 

                       (ഓഡിയോ സന്ദേശം കേൾക്കുവാൻ മുകളിലുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക)

 

 അന്യദേവന്മാർ ഉണ്ടോ?

 

വേദപുസ്തകത്തിൽ അന്യദേവന്മാരെക്കുറിച്ച് പറയുന്നുണ്ടോ? ഉണ്ട് എന്നതാണ് ഉത്തരം.

 

പുരാതന കാലം മുതൽ, ലോകത്തിലെ എല്ലാ ഭാഗങ്ങളിലും മനുഷ്യർ, അന്യദേവന്മാരെ ആരാധിച്ചിരുന്നു. പഴയനിയമകാലത്ത് യിസ്രായേല്യരും പുതിയനിയമ കാലത്ത് യഹൂദന്മാരും, ക്രിസ്തീയ വിശ്വാസികളും ഒഴികെയുള്ള എല്ലാവരും അനേകം ദേവന്മാരെ ആരാധിച്ചിരുന്നു. ഈ ദൈവീക സങ്കൽപ്പങ്ങളുമായി യഹൂദന്മാരും ക്രൈസ്തവരും എപ്പോഴും സംഘർഷത്തിൽ ആയിരുന്നു.

 

അന്യദേവന്മാരെ വിളിക്കുവാൻ പഴയനിയമത്തിൽ സാധാരണയായി ഉപയോഗിച്ചിരുന്ന വാക്ക്, “ബാൽ” എന്നായിരുന്നു. “ബാൽ” എന്ന വാക്കിന്റെ അർത്ഥം പ്രഭു, എന്നോ കർത്താവ് എന്നോ ആണ് (Baal, lord). മദ്ധ്യ പൂർവ്വ ദേശങ്ങളിൽ പഴയനിയമ കാലത്ത് ആരാധിക്കപ്പെട്ടിരുന്ന ബഹു ദേവന്മാരെ പൊതുവേ വിളിക്കുവാൻ “ബാൽ” എന്ന വാക്ക് ഉപയോഗിക്കുമായിരുന്നു. ചിലപ്പോൾ അത് ഒരു പ്രത്യേക അന്യദേവനെ സൂചിപ്പിച്ചു, മറ്റ് സന്ദർഭങ്ങളിൽ അത് അന്യദേവന്മാരെ പൊതുവേ പരാമർശിച്ചു.

 

അതായത്, യിസ്രായേല്യരുടെ ചുറ്റിനും താമസിച്ചിരുന്ന ജനസമൂഹകങ്ങൾ ആരാധിച്ചിരുന്ന അന്യദേവന്മാരെക്കുറിച്ച് വേദപുസ്തകത്തിൽ പരമാർശങ്ങൾ ഉണ്ട്. ചില കാലങ്ങളിൽ യിസ്രായേല്യർ പോലും അന്യദേവന്മാരെ ആരാധിച്ചിരുന്നു. ഇതിന്റെ അർത്ഥം, അന്യദേവന്മാർ എന്നത് ഒരു യാഥാർത്ഥ്യം ആണ്. 

 

ആദ്യകാല യഹൂദ മതവും അന്യദേവന്മാരുടെ സാന്നിദ്ധ്യത്തെ നിഷേധിക്കുന്നില്ല.

ഗോത്രപിതാവായ യാക്കബിന്റെ പ്രിയ ഭാര്യ, അവളുടെ പിതാവിന്റെ വീട്ടിൽ നിന്നും അവർ ഓടിപ്പോയപ്പോൾ, അവിടെ ഉണ്ടായിരുന്ന ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചു, കൂടെ എടുത്തുകൊണ്ടു പോയി.

 

പുറപ്പാട് പുസ്തകത്തിൽ വിവരിക്കപ്പെടുന്ന മിസ്രയീമിലെ ബാധകളുടെ ചരിത്രം, മിസ്രയീമ്യർ അന്യദേവന്മാരെ ആരാധിച്ചിരുന്നു എന്നതിന്റെ മറ്റൊരു തെളിവാണ്. ഇവിടെ മിസ്രയീം ദേശത്ത് സംഭവിച്ച ബാധകൾ അവരുടെ ദേവന്മാർക്കെതിരെയുള്ള യഹോവയായ ദൈവത്തിന്റെ പോരാട്ടങ്ങൾ ആയാണ് ചിത്രീകരിച്ചിരിക്കുന്നത്.

 

ഒന്നാമത്തെ കൽപ്പന

 

യഹോവയായ ദൈവം മോശെയയിലൂടെ നല്കിയ പത്ത് കൽപ്പനകളിൽ ഒന്നാമത്തെ കൽപ്പനയിൽ തന്നെ അന്യദേവന്മാരെക്കുറിച്ചുള്ള പരാമർശമുണ്ട്. ഇത് പല വിധത്തിലുള്ള വ്യാഖ്യാനങ്ങൾക്ക് കാരണമാകുകയും ചെയ്തിട്ടുണ്ട്. വാക്യം ഇങ്ങനെയാണ്:

പുറപ്പാട് 20:3 ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.

 

യിസ്രായേൽ ജനം, ഏക സത്യ ദൈവമായ യഹോവയായ ദൈവത്തെ മാത്രമേ ആരാധിക്കുവാൻ പാടുള്ളൂ എന്നാണ് ഈ കൽപ്പനയുടെ അർത്ഥം എന്നാണ് പൊതുവേയുള്ള വ്യാഖ്യാനം. ഈ കൽപ്പന, യഹോവയെ ഉപേക്ഷിച്ച് ബഹുദേവന്മാരെ ആരാധിക്കുന്നതിനെയും, യഹോവയായ ദൈവത്തെയും ബഹുദേവന്മാരെയും ഒരുമിച്ച് ആരാധിക്കുന്നതിനെയും വിലക്കുന്നു.

 

ഈ വാക്യത്തിൽ, മലയാളത്തിൽ ഇല്ലാത്ത ഒരു വാക്ക് ഉണ്ട്. അത് “എനിക്കു മുമ്പാകെ” എന്ന വാക്കാണ്. അത് കൂട്ടിച്ചേർത്താൽ ഈ വാക്യം ഇങ്ങനെയായിരിക്കും:

 

പുറപ്പാട് 20:3 ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു എനിക്കു മുമ്പാകെ ഉണ്ടാകരുതു.

 

“എനിക്കു മുമ്പാകെ” എന്ന പദ സമുച്ചയമാണ് വിവിധ വ്യാഖ്യാനങ്ങൾക്ക് കാരണമായിരിക്കുന്നത്.

ഈ കൽപ്പന, അന്യദേവന്മാരെ ആരാധിക്കുന്നതിൽ നിന്നും യിസ്രായേൽ ജനത്തെ പൂർണമായി വിലക്കിയോ എന്നതാണ് തർക്കം. ചില പുരോഗമന വാദികൾ ആയ വേദശാസ്ത്രജ്ഞൻമാർ, ഈ വാക്കിൽ, ഒരു സ്വർഗ്ഗീയമായ അധികാര ക്രമീകരണം ആണ് ഉള്ളത് എന്നു അഭിപ്രായപ്പെടുന്നു. അതായത് ഏറ്റവും മുകളിൽ യഹോവയായ ദൈവവും അദ്ദേഹത്തിന് താഴെ മറ്റ് ചില ദേവന്മാരും ഉണ്ട്. ഈ ദേവന്മാരെ യഹോവയ്ക്ക് മീതെയാക്കി ആരാധിക്കരുത് എന്നാണ് ഈ കൽപ്പനയിൽ പറയുന്നത് എന്നാണ് അവരുടെ വാദം. ഈ വാദം അനുസരിച്ച്, യിസ്രായേൽ ജനത്തിന് പോലും അന്യദേവന്മാരെ ആരാധിക്കുവാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നു.

 

എന്നാൽ, “മുമ്പാകെ” എന്നു പറയുവാൻ എബ്രായ ഭാഷയിൽ പൊതുവേ ഉപയോഗിക്കുന്ന “അൽ” എന്ന വാക്കിന്, “മുമ്പാകെ” എന്നു മാത്രമല്ല അർത്ഥമുള്ളത്. എന്നോടൊപ്പം, ഉപരിയായി, എന്നീ അർത്ഥങ്ങളും ഈ വാക്കിന് ഉണ്ട്. ഇതിന് എന്റെ സാന്നിദ്ധ്യത്തിൽ എന്നും അർത്ഥം പറയാം. അങ്ങനെയാണ് എങ്കിൽ ഈ വാക്യം ഇങ്ങനെയായിരിക്കേണം:

 

പുറപ്പാട് 20:3 ഞാനല്ലാതെ അന്യദൈവങ്ങൾ എന്റെ സാന്നിദ്ധ്യത്തിൽ നിനക്കു ഉണ്ടാകരുതു.

അതായത്, അന്യദേവന്മാരെ ആരാധിക്കുന്നത് പൂർണ്ണമായും ദൈവം വിലക്കുന്നു. ദൈവം തന്റെ സ്ഥാനവും മഹത്വവും, സ്തുതിയും മറ്റ് ആരുമായും പങ്ക് വയ്ക്കുന്നില്ല. അവന് ദൈവം എന്ന നിലയിൽ മറ്റ് മൽസരികൾ ഇല്ല. അവനോടുള്ള നമ്മളുടെ വിശ്വസ്തത മറ്റാരുമായും പങ്ക് വെയ്ക്കേണ്ടതില്ല.

 

“ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ” യഹോവയായ ദൈവമാണ്. ഇത് അരുളിച്ചെയ്ത ദൈവം അവനെകൂടാതെ അന്യദേവന്മാരെ ആരാധിക്കുവാൻ അനുവദിക്കുകയില്ല. അവൻ മാത്രമാണ് ദൈവം. അവനോടൊപ്പം മറ്റൊരു ദേവനും അസ്തിത്വം ഇല്ല. മറ്റെല്ലാ ദേവന്മാരും അന്യദേവന്മാരും വ്യാജവും ആണ് എന്നാണ് ഒന്നാമത്തെ കൽപ്പന പറയുന്നത്.

 

യിസ്രായേലിന്റെ ഏക ദൈവവും, മറ്റ് ജന സമൂഹങ്ങൾ ആരാധിച്ചിരുന്ന ബഹുദേവന്മാരും തമ്മിലുള്ള സംഘർഷം പഴയ നിയമം കൊണ്ട് അവസാനിക്കുന്നില്ല.

 

പുതിയനിയമ കാലത്ത്, റോമൻ സാമ്രാജ്യത്തിൽ ഉടനീളം, ബഹുദേവന്മാരെ ആരാധിക്കുന്നവർ ഉണ്ടായിരുന്നു. അപ്പൊസ്തലനായ പൌലൊസിന്റെ സുവിശേഷ യാത്രയിൽ അന്യദേവാന്മാരുമായുള്ള സംഘർഷം കാണാം. അക്കാലത്ത്, റോമൻ ചക്രവർത്തിമാരെ ദേവന്മാരായി ആരാധിക്കേണം എന്ന കൽപ്പന ഉണ്ടായിരുന്നു. 

 

                              (ഇ-ബുക്ക് ഡൗൺലോഡ് ചെയ്യുവാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക)

 

എന്താണ് അന്യദേവന്മാർ?

 

ഏക സത്യ ദൈവമല്ലാതെ, മനുഷ്യർ ആരാധിക്കുന്ന ദൈവീക സങ്കൽപ്പങ്ങളെയും, രൂപങ്ങളേയും, വിഗ്രഹങ്ങളെയും, ശക്തികളെയും ആണ് വേദപുസ്തകം അന്യദേവന്മാർ എന്നു വിളിക്കുന്നത്. അത് ക്രമവിരുദ്ധമായതും പ്രവർത്തനരഹിതമായതും ആയ മനുഷ്യ സങ്കൽപ്പങ്ങൾ മാത്രമാണ്.

 

പുരാതന കാലത്ത്, ഒന്നോ അതിലധികമോ പ്രകൃതി വിഭവങ്ങളെ മനുഷ്യർ ദേവന്മാരായി കരുതി ആരാധിച്ചിരുന്നു. അങ്ങനെ അവർ സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, സമുദ്രം, മുഗങ്ങൾ, കാറ്റ് എന്നിവയെയെല്ലാം ആരാധിച്ചു. ബാൽ, തമ്മൂസ്സ് മുതലായ ദേവീ-ദേവന്മാരെ സങ്കൽപ്പിച്ചുണ്ടാക്കി. അവരുടെ രൂപങ്ങൾ, കല്ലുകൊണ്ടും, തടികൊണ്ടും, ലോഹം കൊണ്ടും ഉണ്ടാക്കി, അവയെ ആരാധിച്ചു.

 

അന്യ ദേവന്മാർ യഥാർത്ഥ ജീവികളോ, വസ്തുക്കളോ അല്ല എന്നാണ് വേദപുസ്തകത്തിന്റെ പഠിപ്പിക്കൽ. അവയെല്ലാം മനുഷ്യരുടെ സങ്കൽപ്പങ്ങൾ ആണ്. അതിനാൽ അവയ്ക്ക് മനുഷ്യരെ സഹായിക്കുവാനോ, സൃഷ്ടിക്കുവാനോ, രക്ഷിക്കുവാനോ, സംസാരിക്കുവാനോ, കേൾക്കുവാനോ, അവയെ ആരാധിക്കുന്നവരുമായി ഒരു വ്യക്തിപരമായ ബന്ധം ഉണ്ടാക്കുവാനോ കഴിയില്ല.

 

പഴയനിയമ കാലത്തെ യിസ്രായേല്യരും, പുതിയനിയമ കാലത്തെ ക്രിസ്തീയ വിശ്വാസികളും അന്യദേവന്മാരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ എല്ലായിപ്പോഴും അവരുടെ പ്രതികരണം ഒന്നായിരുന്നു. അബ്രാഹാമിന്റെയും, യിസ്ഹാക്കിന്റെയും, യാക്കോബിന്റെയും ദൈവം ഏക സത്യ ദൈവമാണ്. മറ്റെല്ലാം വ്യാജ ദൈവീക സങ്കൽപ്പങ്ങൾ ആണ്. ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവമാണ് ഏക സത്യ ദൈവം. അവന്റെ പേര് യഹോവ എന്നാണ്.

 

അന്യദേവന്മാർ വിഗ്രഹങ്ങൾ മാത്രമല്ല. ദൈവത്തെക്കാൾ വലുതായോ, പ്രധാനപ്പെട്ടതായൊ മനുഷ്യർ കാണുന്ന എല്ലാം അന്യദേവന്മാർ ആണ്. ഇതിനെയെല്ലാം വേദപുസ്തകം വിഗ്രഹങ്ങൾ എന്നാണ് വിളിക്കുന്നത്. ധനമോ, പ്രശസ്തിയോ, ഭൌതീക വസ്തുവകകളോ, ആഹാരമോ, ഉദ്യോഗമോ, വ്യക്തി ബന്ധങ്ങളോ, വിവാഹ ബന്ധങ്ങളോ, ഹോബികളോ, വിനോദങ്ങളോ, സൌന്ദര്യമോ, ശരരീരത്തിന്റെ മേനിയോ, ദൈവത്തെക്കാൾ വലുതായി മനുഷ്യർ ഗണിക്കുന്ന എന്തും, വിഗ്രഹങ്ങളും അന്യദേവനും ആണ്. 

 

അതായത് സത്യ ദൈവം, ഒന്നാമത്തെ ദൈവമല്ല, ഏക ദൈവമാണ്.

 

എന്തുകൊണ്ടാണ് മനുഷ്യർ അന്യദേവന്മാരെ ആരാധിക്കുന്നത്?

 

അന്യദേവന്മാരുടെ ആരാധനയ്ക്ക് പിന്നിൽ സാത്താൻ ഉണ്ടോ? ഉണ്ട് എന്നാണ് ഉത്തരം. എന്നാൽ അന്യദേവന്മാർ സാത്താനോ വീണുപോയ ദൂതന്മാരോ അല്ല. അന്യദേവന്മാരുടെ പിന്നിൽ സാത്താനും അവന്റെ കൂടെയുള്ള ദൂതന്മാരും ഉണ്ട്.

അന്യദേവന്മാർ അസ്തിത്വമില്ലാത്ത സങ്കൽപ്പങ്ങൾ മാത്രമാണ്. അവ അസ്തിത്വമുള്ള ജീവികൾ അല്ല. അന്യദേവന്മാർ ഒന്നുമല്ല, അങ്ങനെ ദേവന്മാർ ഇല്ല.

 

എന്നാൽ സാത്താൻ, അന്യദേവന്മാർ ഉണ്ട് എന്നും അവയ്ക്ക് ചില അമാനുഷിക ശക്തി ഉണ്ട് എന്നും ഉള്ള മിഥ്യാധാരണ മനുഷ്യരിൽ ഉണ്ടാക്കിയിരിക്കുന്നു. അന്യദേവന്മാർക്ക് മനുഷ്യരെ സംരക്ഷിക്കുവാനും, അവന് ആവശ്യമുള്ളത് എല്ലാം കൊടുക്കുവാനും കഴിയും എന്ന തെറ്റായ ധാരണ മനുഷ്യരിൽ ഉളവാക്കുവാൻ സാത്താന് കഴിഞ്ഞിട്ടുണ്ട്. ഇതാണ് അന്യദേവന്മാരുടെ ആരാധനയിൽ സാത്താനുള്ള അടിസ്ഥാനപരമായ പങ്ക്.

 

സാത്താൻ ഒരിക്കലും മനുഷ്യരെ നേരിട്ടുവന്നു പരീക്ഷിക്കാറില്ല. മനുഷ്യരുടെ അടുക്കൽ സാത്താൻ തന്ത്രങ്ങൾ ഉപയോഗിക്കുകയാണ് പതിവ്. വഞ്ചനയാണ് സാത്താന്റെ വലിയ തന്ത്രം. വഞ്ചന എന്നത് സത്യം എന്നു തോന്നിപ്പിക്കുന്ന, ദൈവത്തോടുള്ള മൽസരം ആണ്. അല്ലെങ്കിൽ, ദൈവീകം എന്നു മനുഷ്യർക്ക് തോന്നുന്ന, എന്നാൽ യാഥാർത്ഥത്തിൽ ദൈവത്തോടുള്ള മൽസരം ആണ് പിശാചിന്റെ വഞ്ചന.

ആദ്യ പാപം ഈ ലോകത്തിൽ സംഭവിച്ചത്, പിശാചിന്റെ വഞ്ചനയിൽ മനുഷ്യർ വീണുപോയതുകൊണ്ടാണ്. പിശാച് ആദമിനെയും ഹവ്വയേയും വഞ്ചിക്കുകയാണ് ചെയ്തത്.

 

ഉൽപ്പത്തി 3 ആം അദ്ധ്യായത്തിൽ ആണ് മനുഷ്യരുടെ വീഴ്ചയുടെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. “എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു” എന്നു പറഞ്ഞുകൊണ്ടാണ് കഥ ആരംഭിക്കുന്നത്. അതായത്, തുടർന്ന് പറയുവാൻ പോകുന്ന കഥ ഒരു വഞ്ചനയുടെ കഥയാണ്. 

 

യഹൂദ പാരമ്പര്യം അനുസരിച്ച്, പിശാച് ഹവ്വയുമായി സംഭാഷണത്തിൽ ആയിരുന്നപ്പോൾ, ആദാം അവിടെ ഉണ്ടായിരുന്നില്ല. സ്ത്രീ ഫലം പറിച്ചു തിന്നു. ശേഷം അൽപ്പ സമയം കഴിഞ്ഞപ്പോൾ അവൾ ആദാമിനും ഫലം ഭക്ഷിക്കുവാൻ കൊടുത്തു എന്നാണ് യഹൂദ പാരമ്പര്യ വ്യാഖ്യാനം. എന്നാൽ വേദപുസ്തകത്തിലെ വിവരണം അനുസരിച്ച്, പാമ്പും ഹവ്വയും തമ്മിൽ സംഭാഷണം നടക്കുമ്പോൾ, ആദാം ഹവ്വയോടൊപ്പം ഉണ്ടായിരുന്നു എന്നു അനുമാനിക്കാം.

 

എന്നാൽ പാമ്പ് ഹവ്വയോട് മാത്രമേ സംസാരിച്ചുള്ളൂ, അവൾ പറഞ്ഞ മറുപടികൾ മാത്രമേ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളൂ. അതിനാൽ ഈ സംഭാഷണത്തിൽ ആദാം പങ്കെടുത്തുവോ എന്നു നമുക്ക് തീർച്ചയില്ല. എന്നാൽ അവൻ അപ്പോൾ ഹവ്വയോട് കൂടെ ഉണ്ടായിരുന്നു എന്നതാണ് ശരിയായ അനുമാനം.

 

ഏദൻ തോട്ടത്തിലെ സംഭവത്തിൽ നിന്നും നമുക്ക് ചില കാര്യങ്ങൾ മനസ്സിലാക്കാം:

 

1.   പിശാചും, വീണുപോയ ദൂതന്മാരും, ആത്മീയ ജീവികൾ ആണ്. അതായത് അവർ ഭൌതീകമായ വസ്തുക്കളാൽ ഉണ്ടാക്കപ്പെട്ടവർ അല്ല. അതിനാൽ അവരെ സാധാരണയായി മനുഷ്യർക്ക് കാണുവാൻ സാദ്ധ്യമല്ല. അവർ മനുഷ്യർക്ക് കാണുവാൻ കഴിയുന്ന ഏതെങ്കിലും രൂപത്തിൽ പ്രത്യക്ഷമായാലേ മനുഷ്യർക്ക് അവയെ കാണുവാൻ കഴിയൂ.

 

2.  പിശാചിനും ദുഷ്ട ദൂതന്മാർക്കും ഏത് ജീവനുള്ള ജീവിയിലും ആവസിക്കുവാൻ കഴിയും. ഏദൻ തോട്ടത്തിൽ അവൻ പാമ്പിൽ ആവസിച്ചുകൊണ്ടാണ് മനുഷ്യർക്ക് ഗോചരിഭവിച്ചത്.

3.  ആദമിന്റെയും ഹവ്വയുടെയും അടുക്കൽ പിശാച് വന്നത്, കൂടുതൽ വ്യക്തവും മെച്ചവുമായത് എന്നു തോന്നിക്കുന്ന ഒരു ദൈവശാസ്ത്രവുമായാണ്. അവൻ ആദ്യം, ദൈവത്തേക്കുറിച്ചുള്ള ഹവ്വയുടെ അറിവിനെ ആശയക്കുഴപ്പത്തിൽ ആക്കി. അതിന് ശേഷം ശരിയായ ദൈവശാസ്ത്രം എന്നോണം ഒരു വ്യാജ വ്യാഖ്യാനം അവതരിപ്പിച്ചു. ദൈവത്തെപ്പോലെ ആകുവാനുള്ള കൂടുതൽ മെച്ചമായ ഒരു മാർഗ്ഗം അവൻ മുന്നോട്ട് വച്ചു. ദൈവത്തെപ്പോലെ ആകുവാൻ ആഗ്രഹിക്കുന്നത് ഒരു പാപം അല്ല, ദൈവമാകുവാൻ ആഗ്രഹിക്കുന്നതാണ് പാപം.

പിശാച് അവന്റെ ലക്ഷ്യം നേടുവാനായി, ദൈവം പറഞ്ഞ വാക്യത്തിലെ നല്ല അർത്ഥത്തെ വികലമായി അവതരിപ്പിച്ചു. “തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.” എന്നു ദൈവം കൽപ്പിച്ചു. എന്നാൽ പിശാച് ചോദിച്ചത് ഇങ്ങനെയാണ്: “തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ”.

 

4.    ഹവ്വയക്ക് ദൈവ വചനത്തിൽ ആഴമുള്ള അടിത്തറ ഇല്ലായിരുന്നു എന്നു നമുക്ക് തോന്നും. ദൈവീക കൽപ്പന അവൾ ആദാമിൽ നിന്നും ഗ്രഹിച്ചതാണ്. അതിനാൽ അതിൽ അത്ര തീർച്ച പോരായിരുന്നു എന്നു അവളുടെ മറുപടി കേട്ടാൽ തോന്നും. ദൈവത്തിന്റെ കൽപ്പനയെ അവൾ അത്ര ഗൌരമായി കണ്ടില്ല. അതിനാൽ, ജീവിക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും മറ്റ് മാർഗ്ഗങ്ങളും ഉണ്ടാകാം എന്നു അവൾ ചിന്തിച്ചു.

 

5.    ഹവ്വയുമായുള്ള സംഭാഷണത്തിലൂടെ സാത്താൻ മനുഷ്യരുമായി ഒരു വ്യക്തിപരമായ ബന്ധം സ്ഥാപിച്ചു. ആശയക്കുഴപ്പത്തിൽ നിലക്കുന്ന ഹവ്വയുടെ മുന്നിൽ, അവന്റെ അവസാനത്തെ വ്യാജ വെളിപ്പാട് പിശാച് അവതരിപ്പിച്ചു.

 

ഉൽപ്പത്തി 3:4,5

4   പാമ്പു സ്ത്രീയോടു: നിങ്ങൾ മരിക്കയില്ല നിശ്ചയം;

5   അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു.

6.    പിശാചിന്റെ പുതിയ വ്യാഖ്യാനം ഇതാണ്: “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം” യഥാർത്ഥത്തിൽ ജ്ഞാനത്തിന്റെ വൃക്ഷമാണ്. അതിനാൽ അതിൽ മരണം ഇല്ല. അതിന്റെ ഫലം ഭക്ഷിച്ചാൽ നിങ്ങളുടെ കണ്ണുകൾ തുറക്കും, “നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും”.

 

സാത്താന്റെ പുതിയ വ്യാഖ്യാനം പറയുന്നത്, പാപം, അതിന്റെ പരിണത ഫലം എന്നൊക്കെ പറയുന്നത് ഒരു കെട്ടുകഥയാണ്. നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകക എന്നതാണ് പുതിയ വേദശാസ്ത്രം.

7.     ഈ വ്യാഖ്യാനങ്ങളുടെയും വ്യക്തിപരമായ ബന്ധത്തിന്റെയും അടിസ്ഥാനത്തിൽ അവൻ ആദമിനെയും ഹവ്വയേയും വഞ്ചിച്ചു.

 

വഞ്ചനയാണ് പിശാചിന്റെ പ്രധാന തന്ത്രം. അവൻ അത് വളരെ വിജയകരമായി ഏദൻ തോട്ടത്തിൽ ഉപയോഗിച്ചു. അവൻ അത് ഉപയോഗിച്ച് അനേകം മനുഷ്യരെ അന്യദേവന്മാരെ ആരാധിക്കുന്നതിൽ വീഴ്ത്തി. അവൻ ഇന്നും അതേ തന്ത്രം ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.

 

പുരാതന കാലം മുതൽ ഇന്നുവരെ, അന്യദേവന്മാർക്ക് സ്വന്തമായ അസ്തിത്വം ഉണ്ട് എന്നും, അവയ്ക്ക് ദൈവീക ശക്തി ഉണ്ട് എന്നും സാത്താൻ മനുഷ്യരെ ധരിപ്പിച്ചു വഞ്ചിച്ചുകൊണ്ടിരിക്കുന്നു.

 

സാത്താന്റെ വഞ്ചന

 

അന്യ ദേവന്മാർക്ക് ദൈവീക ശക്തിയും അധികാരവും ഉണ്ട് എന്ന വഞ്ചനയിൽ എങ്ങനെയാണ് സാത്താൻ മനുഷ്യരെ ബന്ധിക്കുന്നത്.

അന്യദേവന്മാരെ ആരാധിക്കുമ്പോൾ, മനുഷ്യർക്ക് ഒരു അയഥാർത്ഥ സംരക്ഷണ ബോധം ഉണ്ടാകുന്നു. സത്യ ദൈവത്തിൽ നിന്നും അല്ലാതെ സംരക്ഷണവും ഭൌതീക നന്മകളും ലഭിക്കുവാൻ കഴിയുന്ന മറ്റൊരു ശ്രോതസ്സ് ആണ് അന്യദേവന്മാർ എന്ന തോന്നൽ പിശാച് മനുഷ്യർക്ക് ഉണ്ടാക്കുന്നു. അവർ മനുഷ്യർ ആഗ്രഹിക്കുന്ന ഭൌതീക നന്മകൾ, അവർ ആഗ്രഹിക്കുന്ന വിധത്തിൽ നല്കുന്നു. പകരമായി, അന്യദേവന്മാർ യാഗങ്ങളും, സമർപ്പണവും, അനുസരണവും ആവശ്യപ്പെടുന്നു. അന്യദേവന്മാർ അയഥാർത്ഥ സങ്കൽപ്പങ്ങൾ മാത്രം ആയതിനാൽ, മനുഷ്യനിൽ നിന്ന് ആരാധന പിശാചിന് ലഭിക്കുന്നു.

 

സത്യ ദൈവം നമ്മളോട് ഉപദേശിക്കുന്നത്, ഭൌതീക നന്മകൾക്കായി അവനെ ആരാധിക്കുവാനല്ല. ഭൌതീകതയെ പൂർണമായി മറക്കുവാനാണ്. ഇത് സത്യ ദൈവവും അന്യദേവന്മാരും തമ്മിലുള്ള അടിസ്ഥാനമായ വ്യത്യാസമാണ്.  

 

വ്യാജമായ സുരക്ഷിതത്വം, ഭൌതീക നന്മകളുടെ വാഗ്ദാനം എന്നിവ ദൈവീക നിയന്ത്രണം, കരുതൽ എന്നിവയെക്കുറിച്ചുള്ള ഒരു മിഥ്യാബോധം മനുഷ്യർക്ക് നല്കുന്നു.

മനുഷ്യർ പൊതുവേ യാഥാർത്ഥ്യങ്ങളെക്കാൾ മിഥ്യാബോധങ്ങളിൽ ജീവിക്കുവാൻ ഇഷ്ടപ്പെടുന്നവരാണ്. അവനെ സംരക്ഷിക്കുവാൻ മറ്റാരോ ഉണ്ട് എന്നും അവന് ആഗ്രഹമുള്ളതെല്ലാം, അവന് ആഗ്രഹിക്കുന്ന രീതിയിൽ നല്കുവാൻ തയ്യാറുള്ള ഒരു ശക്തിയോ വ്യക്തിയോ ഉണ്ട് എന്നും വിശ്വസിക്കുന്നത് മനുഷ്യന് ആശ്വാസമാണ്. ഇതിൽ സത്യം ഇല്ലായെങ്കിലും, മനുഷ്യർ അസത്യത്തിൽ ജീവിക്കുവാൻ ആഗ്രഹിക്കുന്നു. എന്നാൽ ഇത്തരം മിഥ്യാബോധങ്ങൾ വ്യാജവും, ആത്യന്തികമായി നാശവും ആണ് എന്നു വേദപുസ്തകം പഠിപ്പിക്കുന്നു. അതിനാൽ മിഥ്യാബോധങ്ങളിലുള്ള ജീവിതത്തെ ദൈവം വിലക്കുന്നു.  

 

അന്യദേവന്മാരിൽ വ്യത്യസ്തനായി, ഏക സത്യ ദൈവം, മനുഷ്യർ യാഥാർത്ഥ്യങ്ങളിൽ ജീവിക്കുവാൻ ആഗ്രഹിക്കുന്നു. സകലതും ദൈവത്തിന്റെ നിയന്ത്രണത്തിൽ ആണ്. അവൻ സർവ്വാധികാരിയാണ്. ദൈവത്തിന്റെ അധികാരം സമ്പൂർണ്ണവും സത്യവും ആണ്.

 

പിശാചിനാൽ വഞ്ചിക്കപ്പെട്ട മനുഷ്യർ, വ്യാജമായ അന്യദേവന്മാരെ സൃഷ്ടിച്ചു. അവർ വ്യാജമായ സംരക്ഷണത്തിന്റെയും കരുതലിന്റെയും ഒരു മിഥ്യാലോകത്തിൽ ജീവിക്കുന്നു.

 

അവസാന വാക്ക്

 

നമുക്ക് ഈ പഠനം ഇവിടെ അവസാനിപ്പിക്കാം.

 

അന്യദേവന്മാരും, അവയുടെ വിഗ്രഹങ്ങളും, രൂപങ്ങളും, ചിത്രങ്ങളും മനുഷ്യരുടെ സങ്കൽപ്പങ്ങൾ ആണ്, അവരുടെ കരവിരുതിനാൽ നിർമ്മിക്കപ്പെട്ട ഭൌതീക വസ്തുക്കൾ ആണ്. അവയെല്ലാം വ്യാജവും, അസത്യവും, അയാർത്ഥ്യവും ആണ്. അന്യദേവന്മാർക്ക് യാതൊരു അസ്തിത്വവും ഇല്ല. അവയ്ക്ക് ജീവനോ, ശക്തിയോ, ഇല്ല. അന്യദേവന്മാർ എന്നൊരുകൂട്ടം ഇല്ല.

 

എന്നാൽ സാത്താൻ, അന്യദേവന്മാർ ഉണ്ട് എന്നും അവയ്ക്ക് അമാനുഷിക ശക്തികൾ ഉണ്ട് എന്നും മനുഷ്യരെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. അന്യദേവന്മാരുടെ നിയന്ത്രണത്തിൽ ആണ് മനുഷ്യർ എന്ന മിഥ്യാധാരണ പിശാച് സൃഷ്ടിച്ചിരിക്കുന്നു. ഇത് അവയെ ആരാധിക്കുന്നവരുടെ മനസ്സിൽ ഒരു വ്യാജ സുരക്ഷിത ബോധം നല്കുന്നു. അന്യദേവന്മാർ അവർക്കുവേണ്ടി കരുതുന്നു എന്ന തെറ്റായ വിശ്വാസവും ഉണ്ടാകുന്നു.

വിഗ്രഹങ്ങൾക്കൊ, അന്യദേവന്മാർക്കോ മനുഷ്യരിൽ നിന്നും യാതൊന്നും സ്വീകരിക്കുവാൻ കഴിയില്ല. അതിനാൽ, അവയ്ക്ക് സമർപ്പിക്കുന്ന എല്ലാ ആരാധനയും, ബലികളും, പൂജകളും, അവയുടെ പിന്നിൽ പ്രവർത്തിക്കുന്ന പിശാചിന് ലഭിക്കുന്നു. ഭൂതങ്ങളുടെ മേശയിൽ അംശികൾ ആകുന്നത് ദൈവജനത്തിന് വിലക്കിയിരിക്കുന്നു.

 

1 യോഹന്നാൻ 4:1 ൽ കള്ള ആത്മാക്കൾ ഉണ്ട് എന്നു പറയുന്നു. അവർ പ്രവാചകന്മാരായി പോലും പ്രവർത്തിക്കുന്നുണ്ട്. അതിനാൽ എല്ലാ ആത്മാക്കളേയും വിശ്വസിക്കരുത് എന്നു യോഹന്നാൻ ഉപദേശിക്കുന്നു. അതിന്റെ അർത്ഥം, പിശാചും കൂട്ടരും, നമ്മൾ പൊതുവേ അന്യദേവന്മാർ എന്നും വിഗ്രഹങ്ങൾ എന്നും കരുതുന്നവയിലൂടെ മാത്രമല്ല പ്രവർത്തിക്കുന്നത്. ദൈവരാജ്യത്തിന് എതിരായുള്ള എല്ലാ പ്രവർത്തനങ്ങളും, ശക്തിയും, സാന്നിധ്യവും, അധികാരവും, അന്യദേവന്മാരും ദുഷ്ട ശക്തികളും ആണ്.

 

പിശാചിനാൽ വഞ്ചിക്കപ്പെട്ട ഒരു വ്യക്തിക്കും സ്വയം രക്ഷിക്കുവാൻ സാദ്ധ്യമല്ല. അവന് പരിശുദ്ധാത്മാവിനാൽ പുതുക്കം ആവശ്യമാണ്. അവന് രക്ഷയക്കായുള്ള ദൈവകൃപയും യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലമുള്ള രക്ഷയും ആവശ്യമാണ്.   

 

ഈ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേൻ.   

 


 

 

 

  

 

No comments:

Post a Comment