ദാനിയേൽ 9:26 ൽ പറഞ്ഞിരിക്കുന്ന “വരുവാനിരിക്കുന്ന പ്രഭു” ആരാണ് എന്നതാണ് ഈ പഠനത്തിന്റെ വിഷയം. വാക്യം ഇങ്ങനെയാണ്:
ദാനിയേൽ 9:26 അറുപത്തു രണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ ഛേദിക്കപ്പെടും; (Messiah shall be cut off – NKJV) അവന്നു ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.
ദാനിയേൽ പ്രവചന പുസ്തകത്തിന്റെ മുഖ്യ വിഷയം ദൈവരാജ്യത്തിന്റെ പുനസ്ഥാപനം ആണ്. ദാനിയേൽ, ബാബേല്‍ പ്രവാസത്തില്‍ ആയിരുന്നപ്പോള്‍ ലഭിച്ച ദൈവീക വെളിപ്പാടുകള്‍ ആണിവ. ഇതിന്റെ കാലഗതികളെക്കുറിച്ചുള്ള ഒന്നിലധികം പ്രവചനങ്ങൾ അദ്ദേഹത്തിന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ഒന്നാണ് “ദാനിയേലിന്റെ 70 ആഴ്ചവട്ടം” എന്നു അറിയപ്പെടുന്നത്. ഇത് ദാനിയേലിന്റെ പുസ്തകം 9 ആം അദ്ധ്യായം 24 മുതൽ 27 വരെയുള്ള വാക്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ദാനിയേൽ, യെരൂശലേമിന്റെയും യഹൂദ ജനത്തിന്റെയും പുനസ്ഥാപനത്തിനായി ദൈവത്തോട് പ്രാർത്ഥിച്ചപ്പോൾ, ഗബ്രീയേൽ ദൂതൻ മുഖാന്തിരം ദൈവം അറിയിച്ച വെളിപ്പാടുകൾ ആണ് “ദാനിയേലിന്റെ 70 ആഴ്ചവട്ടം” എന്ന് അറിയപ്പെടുന്നത്.
ഗബ്രിയേൽ ദൂതന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു:
ദാനിയേൽ 9:21-27
21 ഞാൻ എന്റെ പ്രാർത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ, ആദിയിങ്കൽ ഞാൻ അത്യന്തം ക്ഷീണിച്ചിരുന്ന സമയം ദർശനത്തിൽ കണ്ട ഗബ്രീയേൽ എന്ന പുരുഷൻ ഏകദേശം സന്ധ്യായാഗത്തിന്റെ നേരത്തു എന്നോടു അടുത്തുവന്നു.
22 അവൻ വന്നു എന്നോടു പറഞ്ഞതെന്തെന്നാൽ: ദാനീയേലേ, നിനക്കു ബുദ്ധി ഉപദേശിച്ചുതരേണ്ടതിന്നു ഞാൻ ഇപ്പോൾ വന്നിരിക്കുന്നു.
23 നീ ഏറ്റവും പ്രിയനാകയാൽ നിന്റെ യാചനകളുടെ ആരംഭത്തിങ്കൽ തന്നേ കല്പന പുറപ്പെട്ടു, നിന്നോടു അറിയിപ്പാൻ ഞാൻ വന്നുമിരിക്കുന്നു; അതുകൊണ്ടു നീ കാര്യം ചിന്തിച്ചു ദർശനം ഗ്രഹിച്ചുകൊൾക.
24 അതിക്രമത്തെ തടസ്ഥം ചെയ്തു പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിന്നു പ്രായശ്ചിത്തം ചെയ്തു നിത്യനീതി വരുത്തുവാനും ദർശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്‍വാനും തക്കവണ്ണം നിന്റെ ജനത്തിന്നും വിശുദ്ധനഗരത്തിന്നും എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു.
25 അതുകൊണ്ടു നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടതെന്തെന്നാൽ: യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായോരു പ്രഭുവരെ ഏഴു ആഴ്ചവട്ടം; അറുപത്തുരണ്ടു ആഴ്ചവട്ടംകൊണ്ടു അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽ തന്നേ വീണ്ടും പണിയും.
26 അറുപത്തു രണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ ഛേദിക്കപ്പെടും; അവന്നു ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.
27 അവൻ ഒരു ആഴ്ചവട്ടത്തേക്കു പലരോടും നിയമത്തെ കഠിനമാക്കും; ആഴ്ചവട്ടത്തിന്റെ മദ്ധ്യേ അവൻ ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കിളക്കയും; മ്ളേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും; നിർണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെ മേൽ കോപം ചൊരിയും.
“നിന്റെ ജനത്തിന്നും വിശുദ്ധനഗരത്തിന്നും എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു.” എന്നാണ് ഗബ്രിയേൽ ദൂതൻ പറഞ്ഞത്. (ദാനിയേല്‍ 9: 24). അതിനാൽ, ഈ വെളിപ്പാടുകൾ യിസ്രായേല്‍ ജനത്തിനുള്ളതാണ്, അവരുടെ ഭാവി ചരിത്രമാണ്. ഇത് പുതിയനിയമ സഭയുടെ സമ്പൂർണ്ണ ഭാവി ചരിത്രമല്ല. എന്നാൽ പുതിയ നിയമ സഭയുടെ കാലവും 70 ആഴ്ചവട്ടം എന്ന കാലയളവിൽ ഉൾപ്പെടുന്നുണ്ട്. ഇതിൽ യേശു ക്രിസ്തുവിന്റെ ഒന്നാമത്തെ വരവും, ക്രശീകരണവും പ്രവചിക്കപ്പെടുന്നുണ്ട്. ഇത് എതിർ ക്രിസ്തുവിന്റെ അവസാനം വരെ നീളുന്ന കാലത്തേക്കുറിച്ച് പറയുന്നു. എന്നാൽ ഇതെല്ലാം യഹൂദ ജനവുമായി ബന്ധപ്പെടുത്തിയാണ് ഗബ്രിയേൽ ദൂതൻ പറയുന്നത്.
ദാനീയേൽ പുസ്തകത്തിലെ പ്രവചനങ്ങൾ, ഗൂഢാര്‍ത്ഥമായ ഭാഷയിലാണ് (cryptic prophecy) രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാൽ, രണ്ടാം യഹൂദ ദൈവാലയ കാലം മുതൽ പണ്ഡിതന്മാർക്കിടയിൽ ഇതിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ട്.
എഴുപതു ആഴ്ചവട്ടം
“ആഴ്ചവട്ടം” എന്നതിന്റെ എബ്രായ പദം “ഷബൂഅ” എന്നാണ്. ഈ വാക്കിന്റെ ശരിയായ അർത്ഥം “ആഴ്ചവട്ടം” എന്നല്ല, “ഏഴുകൾ” അല്ലെങ്കിൽ ഏഴുവർഷങ്ങളുടെ കാല ദൈർഘ്യം, എന്നാണ്. ഇത് ഏഴ് വർഷങ്ങളെയാണ് അർത്ഥമാക്കുന്നത് (šāḇûaʿ - shabuwa` - shaw-boo'-ah).
ഗബ്രിയേല്‍ ദൂതന്‍ അറിയിച്ച 70 ആഴ്ചവട്ടം എന്നത് 490 വര്‍ഷങ്ങള്‍ ആണ് (70x7=490). ഇതിൽ ആദ്യത്തെ 69 ആഴ്ചവട്ടത്തെ, ആദ്യത്തെ 7 ആഴ്ചവട്ടം, അതിനുശേഷമുള്ള 62 ആഴ്ചവട്ടം, എന്നിങ്ങനെ രണ്ടായി വിഭജിച്ചിരിക്കുന്നു. ആദ്യത്തെ 7 ആഴ്ചവട്ടത്തിൽ ആണ് യെരൂശലേം പട്ടണം പുതുക്കി പണിയുന്നത്. ഇത് 49 വര്‍ഷങ്ങള്‍ ആണ് (7x7=49).
70 ആഴ്ചവട്ടത്തിലെ രണ്ടാമത്തെ ഘട്ടം 62 പ്രവചന ആഴ്ചവട്ടം ആണ്. ഇത് യെരൂശലേം പട്ടണത്തിന്റെ പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയായത് മുതലുള്ള 434 വര്‍ഷങ്ങള്‍ ആണ്. ഈ കാലഘട്ടം അവസാനിക്കുന്നത് അഭിഷിക്തനായോരു പ്രഭുവിന്റെ (മശീഹയുടെ) വരവോടെയാണ്.
ദാനിയേല്‍ 9:25 അതുകൊണ്ടു നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടതെന്തെന്നാൽ: യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായോരു പ്രഭുവരെ (Messiah the Prince – NKJV) ഏഴു ആഴ്ചവട്ടം; അറുപത്തുരണ്ടു ആഴ്ചവട്ടംകൊണ്ടു അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽ തന്നേ വീണ്ടും പണിയും.
Daniel 9: 25 "Know therefore and understand, That from the going forth of the command To restore and build Jerusalem Until Messiah the Prince, There shall be seven weeks and sixty-two weeks; The street shall be built again, and the wall, Even in troublesome times. (NKJV)
Daniel 9: 25 “Know and understand this: From the time the word goes out to restore and rebuild Jerusalem until the Anointed One, the ruler, comes, there will be seven ‘sevens,’ and sixty-two ‘sevens.’ It will be rebuilt with streets and a trench, but in times of trouble. (NIV)
ഇവിടെ മലയാളത്തിലുള്ള വിവര്‍ത്തനത്തില്‍ ചെറിയ ഒരു ആശയക്കുഴപ്പം ഉണ്ട്. അത് ശരിയായ സ്ഥലത്ത് വിരാമചിഹ്നം ഇല്ലാത്തതിനാലാണ്. വാക്യം ഇങ്ങനെയാണ് മനസ്സിലാക്കേണ്ടത്:
“അതുകൊണ്ടു നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടതെന്തെന്നാൽ: യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായോരു പ്രഭുവരെ ഏഴു ആഴ്ചവട്ടവും, അറുപത്തുരണ്ടു ആഴ്ചവട്ടവും ഉണ്ടായിരിക്കും. അതിനെ (യെരൂശലേം പട്ടണത്തെ) വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽ തന്നേ വീണ്ടും പണിയും.
അതായത്, “യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ” ഏഴു ആഴ്ചവട്ടം. ഈ കാലയളവിൽ “അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽ തന്നേ വീണ്ടും പണിയും.”. അതിന് ശേഷം “അഭിഷിക്തനായോരു പ്രഭുവരെ” അറുപത്തുരണ്ടു ആഴ്ചവട്ടം. അങ്ങനെ മൊത്തം 69 ആഴ്ചവട്ടം.
വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകൾ
“അഭിഷിക്തൻ ഛേദിക്കപ്പെടും”, “വരുവാനിരിക്കുന്ന പ്രഭു”, അവന്റെ പടജനം, 26 ആം വാക്യത്തിന്റെ കാലം, എന്നിവയെക്കുറിച്ച് ഒന്നിലധികം വ്യാഖ്യാനങ്ങൾ വേദപണ്ഡിതന്മാരുടെ ഇടയിൽ ഉണ്ട്. ദാനിയേൽ 9:27 ൽ പറയുന്ന “അവൻ” ആരാണ് എന്നതാണ് ഈ അഭിപ്രായ വ്യത്യാസങ്ങളുടെ അടിസ്ഥാനം.
ദാനിയേൽ 9:27 അവൻ ഒരു ആഴ്ചവട്ടത്തേക്കു പലരോടും നിയമത്തെ കഠിനമാക്കും; ആഴ്ചവട്ടത്തിന്റെ മദ്ധ്യേ അവൻ ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കിളക്കയും; മ്ളേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും; നിർണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെ മേൽ കോപം ചൊരിയും.
ദാനിയേൽ 9:26 ൽ രണ്ട് പേരെകുറിച്ച് പറയുന്നുണ്ട്.
ദാനിയേൽ 9:26 അറുപത്തു രണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ ഛേദിക്കപ്പെടും; അവന്നു ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.
ഈ വാക്യത്തിൽ പറയുന്ന ഒരുവൻ ഛേദിക്കപ്പെടുന്ന അഭിഷിക്തനാണ്. രണ്ടാമത്തെ വ്യക്തി, “വരുവാനിരിക്കുന്ന പ്രഭു” ആണ്. ഇതിൽ ആരാണ് 27 ആം വാക്യത്തിൽ പറയുന്ന “അവൻ”.
യേശുക്രിസ്തു ആണ് ഛേദിക്കപ്പെടുന്ന “അഭിഷിക്തൻ” എന്നും അത് മറ്റൊരു ഭരണാധികാരിയോ, പുരോഹിതനോ ആണ് എന്നും അഭിപ്രായങ്ങൾ ഉണ്ട്. “വരുവാനിരിക്കുന്ന പ്രഭു” യേശുക്രിസ്തു ആണ് എന്നും, അത് ഒരു റോമൻ ചക്രവർത്തിയോ സൈന്യാധിപനോ ആണ് എന്നും, അത് എതിർ ക്രിസ്തു ആണ് എന്നും അഭിപ്രായമുള്ളവർ ഉണ്ട്. ആരാണ് യിസ്രായേലുമായി ഉടമ്പടി ചെയ്തത്? ആരാണ് ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കിയത്? ഈ രണ്ട് ചോദ്യങ്ങൾക്ക് ഉള്ള മറുപടിയിലാണ് ഇതിനുള്ള ഉത്തരമുള്ളത്.
ഒന്നാമത്തെ യഹൂദ കലാപം 66 AD മുതൽ 70 AD വരെയായിരുന്നു. റോമൻ അധീശത്വത്തിനെതിരെയുള്ള ഈ കലാപം, നീറോ ചക്രവർത്തിയുടെ കാലത്താണ് ആരംഭിക്കുന്നത് (Nero). അവൻ വേസ്പേഷ്യനെ കലാപം അടിച്ചമർത്തുവാനായി യെരൂശലേമിലേക്ക് അയച്ചു (Vespasian). അതിന് ശേഷം വേസ്പേഷ്യൻ രാജാവായപ്പോൾ ടൈറ്റസിനെ അയച്ചു. “വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജനം”, ഈ രാജാക്കന്മാർ അയച്ച റോമൻ സൈന്യം ആയിരിക്കും.
അതിനാൽ, നീറോ ചക്രവർത്തിയോ, വേസ്പേഷ്യനോ ആണ് “വരുവാനിരിക്കുന്ന പ്രഭു” എന്നു ചിലർ കരുതുന്നു. ആദം ക്ലാർക്ക് (Adam Clarke) നെപ്പോലെയുള്ള വേദ പണ്ഡിതന്മാർ, ഈ പ്രഭു, റോമൻ സൈന്യാധിപൻ ആയിരുന്ന ടൈറ്റസ് വെസ്പേഷിയൻ ആണ് എന്നു കരുതുന്നു (Titus Vespasian). ഈ പ്രഭുവിന്റെ പടജനം റോമൻ സൈന്യമാണ് എന്നും അവർ വാദിക്കുന്നു. ഇവർ പട്ടണത്തെയും ദൈവാലയത്തെയും 70 AD ൽ നശിപ്പിച്ചു.
എന്നാൽ ദാനിയേൽ 27 ൽ പറയുന്ന ഉടമ്പടി ഇവരിൽ ആരും ഉറപ്പിക്കുന്നില്ല. അതിനാൽ “വരുവാനിരിക്കുന്ന പ്രഭു” അന്നത്തെ റോമൻ ഭരണകർത്താക്കൾ ആകുവാൻ സാദ്ധ്യതയില്ല. എന്നാൽ “വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജനം” ആണ് യെരൂശലേമിനെ ആക്രമിച്ചു തകർത്തത് എന്നതിനാലും ഈ പടജനം റോമൻ സൈന്യം ആയിരുന്നു എന്നതിനാലും, “വരുവാനിരിക്കുന്ന പ്രഭു” റോമൻ സാമ്രാജ്യത്തിൽ നിന്നും വരുന്നവൻ ആയിരിക്കേണം.
ഛേദിക്കപ്പെടുന്ന അഭിഷിക്തൻ
ദാനിയേൽ 9:26 ൽ പറയുന്ന “അഭിഷിക്തൻ ഛേദിക്കപ്പെടും” എന്നതിലെ അഭിഷിക്തൻ യേശുക്രിസ്തു ആണ് എന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാൽ അത് യേശുക്രിസ്തു അല്ല എന്നും മറ്റേതെങ്കിലും മഹാപുരോഹിതൻ ആണ് എന്നും വാദിക്കുന്നവരും ഉണ്ട്. ഒനിയാസ് മൂന്നാമൻ എന്ന മഹാ പുരോഹിതൻ സെലൂസിഡ് സാമ്രാജ്യത്തിന്റെ കാലത്താണ് കൊല്ലപ്പെടുന്നത്. (Onias III, son of Simon II, Seleucid Empire, 312 BC-63 BC). ജോൺ ഹൈക്കാർനസ് എന്ന മഹാ പുരോഹിതനെ ഹെരോദാ രാജാവ് കൊല്ലുന്നത് 30 BC ൽ ആണ് (John Hyrcanus II, Herod). ഛേദിക്കപ്പെടുന്ന അഭിഷിക്തനായി മറ്റ് ചിലരുടെയും പേരുകൾ പറയപ്പെടുന്നുണ്ട് എങ്കിലും അവർ ഒന്നും ദാനിയേൽ പറയുന്ന ചരിത്ര വിഭജനവുമായി പൊരുത്തപ്പെടുന്നില്ല. അതിനാൽ, “അഭിഷിക്തൻ ഛേദിക്കപ്പെടും” എന്നത് യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തെക്കുറിച്ച് ആയിരിക്കേണം.
യേശുക്രിസ്തു എന്ന വരുവാനിരിക്കുന്ന പ്രഭു
ചില വേദ പണ്ഡിതന്മാർ, 70 ആഴ്ചവട്ടത്തെ അക്ഷരാർത്ഥത്തിൽ 490 വർഷങ്ങളായി കണക്കാക്കുന്നില്ല. ദാനിയേലിന്റെ പ്രവചന പുസ്തകം ദൈവീക വെളിപ്പാടുകൾ ആണ് എന്നും അത് വിശ്വസ്വനീയം ആണ് എന്നും അവർ കരുതുന്നു. യേശുക്രിസ്തുവിന്റെ രക്ഷാകരമായ യാഗം എന്നതിലേക്കാണ് ഈ പ്രവചനങ്ങൾ വിരൽ ചൂണ്ടുന്നത് എന്നാണ് അവരുടെ വാദം. ദാനിയേൽ 9:26, 27 വാക്യങ്ങൾ ഒരേ കാലഘട്ടത്തിലെ ഒരേ സംഭവങ്ങളുടെ വ്യത്യസ്തമായ വിശദീകരണങ്ങൾ ആണ്. അതായത്, ദാനിയേൽ 9:26 ലെ “അഭിഷിക്തൻ ഛേദിക്കപ്പെടും” എന്നതും 27 ലെ,”അവൻ ഒരു ആഴ്ചവട്ടത്തേക്കു പലരോടും നിയമത്തെ കഠിനമാക്കും; ആഴ്ചവട്ടത്തിന്റെ മദ്ധ്യേ അവൻ ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കിളക്കയും” എന്നതും ഒരേ കാലത്ത് സംഭവിച്ച ഒരേ സംഭവമാണ്. ഛേദിക്കപ്പെടുന്ന അഭിഷിക്തൻ തന്നെയാണ് ഒരു ഉടമ്പടി ഉറപ്പിക്കുന്നതും, ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കുന്നതും. ഈ സംഭവം 69 ആഴവട്ടം കഴിയുമ്പോൾ സംഭവിക്കും.
അതിനാൽ, “അഭിഷിക്തൻ ഛേദിക്കപ്പെടും” എന്നത് യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തെ സൂചിപ്പിക്കുന്നു. “നിയമത്തെ കഠിനമാക്കും” എന്നത് ഒരു ഉടമ്പടി ഉറപ്പോടെ സ്ഥാപിക്കും എന്നതാണ്. (confirm a covenant – NKJV; a strong covenant – English Standard Version; a firm covenant – American Standard Version). ഇത് യേശുക്രിസ്തുവിന്റെ പരമയാഗത്തോടെ നിലവിൽ വരുന്ന പുതിയ ഉടമ്പടിയാണ്. ഇവിടെ യിസ്രായേൽ ജനതയ്ക്കും പുതിയനിയമ സഭയ്ക്കും തമ്മിൽ വ്യത്യാസം പറയുന്നില്ല. അതിനാൽ, ഈ പ്രവചനങ്ങൾ ക്രിസ്തീയ സഭയ്ക്കും ഉള്ളതാണ്.
പുതിയനിയമ ഉടമ്പടി ഉറപ്പിച്ചതും യാഗങ്ങളുടെ ആവശ്യകത ഇല്ലാതാക്കിയതും യേശുക്രിസ്തു ആണ് എന്നു എബ്രായർക്കുള്ള ലേഖനത്തിൽ പറയുന്നുണ്ട്.
എബ്രായർ 9:15 അതുനിമിത്തം ആദ്യനിയമത്തിലെ ലംഘനങ്ങളിൽനിന്നുള്ള വീണ്ടെടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ടു നിത്യാവകാശത്തിന്റെ വാഗ്ദത്തം വിളിക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന്നു അവൻ പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥൻ ആകുന്നു.
എബ്രായർ 10:16-18
16 “ഈ കാലം കഴിഞ്ഞശേഷം ഞാൻ അവരോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും എന്നു കർത്താവിന്റെ അരുളപ്പാടു” എന്നു അരുളിച്ചെയ്തശേഷം:
17 “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഓർക്കയുമില്ല” എന്നു അരുളിച്ചെയ്യുന്നു.
18 എന്നാൽ ഇവയുടെ മോചനം ഉള്ളേടത്തു ഇനിമേൽ പാപങ്ങൾക്കു വേണ്ടി ഒരു യാഗവും ആവശ്യമില്ല.
എബ്രായർ 9:11,12
11 ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ
12 ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.
ദാനിയേൽ 9:26 ആം വാക്യത്തിലെ, “വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും;” എന്നതിലെ “പ്രഭു” യേശുക്രിസ്തുവാണ് എന്നു ഇവർ വാദിക്കുന്നു. കാരണം യേശുക്രിസ്തുവിന്റെ വരവോടെ യെരൂശലേമിലെ മനുഷ്യ നിർമ്മിതമായ ആലയത്തിന്റെയും അവന്റെ ക്രൂശ് മരണത്തോടെ യാഗങ്ങളുടെയും ആവശ്യകത ഇല്ലാതെയായി. യഹൂദന്മാർ തുടർന്നും യാഗങ്ങൾ അർപ്പിച്ചിരുന്നിരിക്കാം. അവ യെരൂശലേം ദൈവാലയത്തിന്റെ തകർച്ച 70 AD ൽ സംഭവിക്കുന്നത് വരെ തുടർന്നു. എന്നാൽ ദൈവത്തിന്റെ ദൃഷ്ടിയിൽ യേശു ക്രിസ്തുവിന്റെ ക്രൂശ് മരണത്തോടെ സകല യാഗങ്ങളും അവസാനിച്ചു. അവയ്ക്ക് നിയമപരമായി, ഉടമ്പടി പ്രകാരം സാധുത ഇല്ല.
യേശുവിനെ യഹൂദന്മാർ തിരസ്കരിച്ചതിന്റെ പരിണത ഫലമാണ് ദൈവാലയത്തിന്റെയും പട്ടണത്തിന്റെയും തകർച്ച. യേശുക്രിസ്തു തന്നെ ഇതിനെ വിശേഷിപ്പിച്ചത്, “ആ നാളുകൾ പ്രതികാരകാലം ആകുന്നു” എന്നാണ് (ലൂക്കോസ് 21: 22). ഇത് 70 AD ൽ റോമൻ സൈന്യത്തിന്റെ ആക്രമണത്തോടെ നിവർത്തിയായി.
ദാനിയേൽ 9:26 ആം വാക്യത്തിൽ പറയുന്ന “വരുവാനിരിക്കുന്ന പ്രഭു” യേശുക്രിസ്തു ആണ് എങ്കിൽ, 27 ആം അദ്ധ്യായത്തിൽ പറയുന്ന “അവൻ” ഉം യേശുക്രിസ്തു ആയിരിക്കേണം. 27 ആം വാക്യത്തിന്റെ രണ്ടാം ഭാഗത്തെ പ്രവചനങ്ങൾ, യെരൂശലേമിന്റെ തകർച്ചയ്ക്ക് ശേഷം, തുടർച്ചയായി സംഭവിക്കുന്നതാണ്.
ദാനിയേൽ 9:27 ... ആഴ്ചവട്ടത്തിന്റെ മദ്ധ്യേ അവൻ ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കിളക്കയും; മ്ലേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും; നിർണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെമേൽ കോപം ചൊരിയും.
യേശുക്രിസ്തുവിന്റെ ഭൌതീക ശുശ്രൂഷാ കാലം മൂന്നര വർഷങ്ങൾ ആയിരുന്നു എന്നൊരു വാദവും ഉണ്ട്. റോമൻ സൈന്യം ദൈവത്തിന്റെയോ യേശുക്രിസ്തുവിന്റെയോ കൈയ്യിലെ ആയുധങ്ങൾ ആണ്. അവരെ, യിസ്രായേൽ ജനത്തെ തകർത്തുകളയുവനായി ദൈവം ഉപയോഗിച്ചതാണ്.
“വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജനം” യഹൂദന്മാർ ആണ് എന്നു വാദിക്കുന്നവരും ഉണ്ട്. യഹൂദന്മാർ ആണ് യാഥാർത്ഥത്തിൽ യെരൂശലേമിന്റെയും ആലയത്തിന്റെയും തകർച്ചയുടെ കാരണം എന്നാണ് ഇവർ വാദിക്കുന്നത്.
എന്നാൽ ഈ വാദങ്ങൾക്ക് ചില ന്യൂനതകൾ ഉണ്ട്. യേശുക്രിസ്തുവിന്റെ ശിഷ്യന്മാരോ, യിസ്രായേൽ ജനമോ അല്ല യെരൂശലേമിനെ തകർത്തത്. റോമൻ സൈന്യമാണ് യെരൂശലേമിനെ തകർത്തത്. ഇതൊരു ചരിത്ര സത്യമാണ്. അതിന് യഹൂദ കലാപം കാരണമായി എന്നതുകൊണ്ട്, യഹൂദന്മാർ പട്ടണത്തിന്റെയോ, ദൈവാലയത്തിന്റെയോ തകർച്ചയ്ക്ക് കാരണമാകുന്നില്ല. അത് ദൈവത്തിന്റെ പ്രതികാര കാലമായിരുന്നു എന്നതും അവരുടെ നേരിട്ടുള്ള പങ്കിന്റെ തെളിവല്ല. പ്രതികാര കാലത്ത് ദൈവം യഹൂദ ജനത്തെ ശത്രുക്കളുടെ കൈയിൽ എൽപ്പിച്ചത് ആകാം.
യേശുക്രിസ്തു സ്ഥാപിച്ച ഉടമ്പടി നിത്യമാണ്. അത് മൂന്നര വർഷമോ, ഏതെങ്കിലും ഒരു കാല ദൈർഘ്യമോ കഴിയുമ്പോൾ ഭേദിക്കപ്പെടുന്നില്ല. എന്നാൽ ദാനിയേൽ 9:27 ലെ “അവൻ”
“ഒരു ആഴ്ചവട്ടത്തേക്കു പലരോടും നിയമത്തെ കഠിനമാക്കും” എന്നാണ് പറയുന്നത്. മാത്രവുമല്ല, “ആഴ്ചവട്ടത്തിന്റെ മദ്ധ്യേ അവൻ ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കിളക്കയും” എന്നും പറയുന്നു. അതായത്, “വരുവാനിരിക്കുന്ന പ്രഭു” ഉറപ്പിക്കുന്ന ഉടമ്പടി 7 വർഷത്തേക്ക് ഉള്ളതായിരിക്കും. എന്നാൽ അവൻ മൂന്നര വർഷം കഴിയുമ്പോൾ, ഉടമ്പടി ലംഘിക്കും.
എതിർക്രിസ്തു എന്ന വരുവാനിരിക്കുന്ന പ്രഭു
ദാനിയേലിന്റെ 70 ആഴവട്ടത്തിലെ 69 ആഴ്ചവട്ടത്തിനും അവസാനത്തെ ഒരു ആഴ്ചവട്ടത്തിനും ഇടയിൽ ഒരു ഇടവേള ഉണ്ട് എന്നു ഡിസ്പെൻസെഷണലിസം എന്ന വ്യാഖ്യാന രീതിയിൽ വിശ്വസിക്കുന്നവർ വാദിക്കുന്നു (dispensational view). ഈ കാലയളവ് പുതിയനിയമ സഭയുടേതാണ്. ജാതികൾ സഭയോട് ചേർക്കപ്പെടുന്ന കാലയളവാണിത്.
പുതിയനിയമ സഭ ഈ ഭൂമിയിൽ നിന്നും എടുക്കപ്പെട്ടത്തിന് ശേഷം, ദാനിയേലിന്റെ 70 ആഴ്ചവട്ടത്തിലെ അവസാനത്തെ 7 വർഷങ്ങൾ ആരംഭിക്കും എന്നാണ് ഡിസ്പെൻസെഷണലിസം വ്യാഖ്യാനിക്കുന്നത്. ഇത് എതിർ ക്രിസ്തുവിന്റെയും, മഹാ ഉപദ്രവത്തിന്റെയും കാലമായിരിക്കും. ഈ കാലം, അക്ഷരാർത്ഥത്തിൽ 7 വർഷങ്ങൾ ആയിരിക്കും. ഈ കാലത്തിന്റെ ആരംഭത്തിങ്കൽ, എതിർ ക്രിസ്തു, യിസ്രായേലുമായി ഒരു ഉടമ്പടിയിൽ ഏർപ്പെടും. ഈ ഉടമ്പടി, മൂന്നര വർഷം കഴിയുമ്പോൾ ലംഘിക്കപ്പെടും. ഇത് മഹാ ഉപദ്രവ കാലത്തിന്റെ ആരംഭം ആകും. 27 ആം വാക്യത്തിൽ “മ്ലേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും” എന്നു പറയുന്നത് എതിർ ക്രിസ്തുവിനെക്കുറിച്ചാണ്. ഇതെല്ലാം ആണ് ഡിസ്പെൻസെഷണലിസത്തിൽ വിശ്വസിക്കുന്നവരുടെ വാദങ്ങൾ.
(ഓഡിയോ സന്ദേശത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക)
ഇടവേള
ദാനിയേലിന്റെ പ്രവചനം സൂക്ഷ്മമായി പഠിച്ചാൽ, ആദ്യത്തെ 69 ആഴവട്ടത്തെ സംഭവങ്ങൾ 25 ആം വാക്യത്തോടെ അവസാനിക്കുന്നു എന്നു മനസ്സിലാക്കാം. ദാനിയേൽ 9:26 ആരംഭിക്കുന്നത് “അറുപത്തു രണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ ഛേദിക്കപ്പെടും” എന്നു പറഞ്ഞുകൊണ്ടാണ്. അതായത് ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ, 69 (7+62=69) ആഴവട്ടത്തിലെ എല്ലാ സംഭവങ്ങൾക്കും ശേഷം സംഭവിക്കുന്നതാണ്. 27 ആം വാക്യം ആരംഭിക്കുന്നത് “അവൻ ഒരു ആഴ്ചവട്ടത്തേക്കു പലരോടും നിയമത്തെ കഠിനമാക്കും;” എന്നു പറഞ്ഞുകൊണ്ടാണ്. ഇത് അടുത്ത ആഴവട്ടം, അഥവാ അവസാനത്തെ ഒരു ആഴ്ചവട്ടം ആയിരിക്കും. അതിനാൽ 26 ആമത്തെ വാക്യത്തിൽ പറഞ്ഞിരിക്കുന്ന സംഭവങ്ങൾ 69 ആഴവട്ടത്തിനും അവസാനത്തെ എഴുപതാമത്തെ ആഴ്ചവട്ടത്തിനും ഇടയിൽ സംഭവിക്കേണ്ടത് ആണ്.
ഈ ഇടവേള കാലത്താണ്, “അഭിഷിക്തൻ ഛേദിക്കപ്പെടും”, “വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും” എന്നീ പ്രവചനങ്ങൾ നിവർത്തിക്കപ്പെടേണ്ടത്. . “വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജനം” വരുന്നത് അഭിഷിക്തൻ ഛേദിക്കപ്പെട്ടത്തിന് ശേഷമാണ്. ഇത് യേശുക്രിസ്തുവിന്റെ ക്രൂശീകരണവും, യെരൂശലേമിന്റെയും ദൈവാലയത്തിന്റെയും തകർച്ചയുമാണ്.
ദാനിയേൽ 9:25, 26 വാക്യങ്ങളിൽ നിന്നും, ഗബ്രിയേൽ ദൂത് പറയുന്ന കാലത്തിന് ശേഷം, യെരൂശലേം പട്ടണവും ദൈവാലയവും പുനസ്ഥാപിക്കപ്പെടുമെന്ന് ഗ്രഹിക്കാം. എന്നാൽ അതിന് ശേഷം “വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജനം” അതിനെ രണ്ടിനേയും തകർക്കുമെന്ന് 26 ആം വാക്യം പറയുന്നു.
യെരൂശലേമിന്റെ തകർച്ചയെക്കുറിച്ച് യേശുക്രിസ്തുവും പ്രവചിച്ചിട്ടുണ്ട്. ഇത് പ്രതികാരകാലം ആകുന്നു എന്നാണ് യേശുക്രിസ്തു പറഞ്ഞത്. ഇത് യഹൂദന്മാരുടെ മേൽ സംഭവിക്കുവാനിരിക്കുന്ന ദൈവീക പ്രതികാര കാലം ആയിരുന്നു.
ലൂക്കോസ് 21: 20–24
20 സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.
21 അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ പുറപ്പെട്ടുപോകട്ടെ; നാട്ടുപുറങ്ങളിലുള്ളവർ അതിൽ കടക്കരുതു.
22 എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന്നു ആ നാളുകൾ പ്രതികാരകാലം ആകുന്നു.
23 ആ കാലത്തു ഗർഭിണികൾക്കും മുല കുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! ദേശത്തു വലിയ ഞെരുക്കവും ഈ ജനത്തിന്മേൽ ക്രോധവും ഉണ്ടാകും.
24 അവർ വാളിന്റെ വായ്ത്തലയാൽ വീഴുകയും അവരെ സകലജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികൾ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും.
ഈ സംഭവങ്ങൾ എപ്പോൾ നടക്കും എന്നത് യേശുക്രിസ്തു പ്രവചിച്ചിരുന്നു:
ലൂക്കോസ് 21: 32 സകലവും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
ദാനിയേൽ 9:26 ൽ തുർടന്ന് പറയുന്നതിങ്ങനെയാണ്: “അവന്റെ (അതിന്റെ – യെരൂശലേമിന്റെ) അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.” “പ്രളയം” എന്ന വാക്ക് പ്രവചനങ്ങളിൽ വലിയ നാശത്തെ കാണിക്കുന്നു. ഈ വാക്കുകൾ സംഭവിക്കുവാനിരുന്ന സംഹാരത്തിന്റെ വ്യാപ്തിയും ഭയങ്കരത്വവും കാണിക്കുന്നു.
ഈ ചരിത്ര സംഭവം 70 AD ൽ സംഭവിച്ചു. അന്ന്, റോമന്‍ സൈന്യം യെരൂശലേം പട്ടണത്തെയും, യഹൂദ ദൈവാലയത്തേയും തീവച്ച് നശിപ്പിച്ചു. അനേകമായിരം യഹൂദന്മാർ കൊല്ലപ്പെട്ടു. അവരുടെ രക്തം പുഴപ്പോലെ പട്ടണത്തിലൂടെ ഒഴുകി. യഹൂദ ജനം പല ദേശത്തേക്കു ചിതറിപ്പോയി.
യെരൂശലേമിന്റെ പതനം വരെയുള്ള പ്രവചനങ്ങൾ മനുഷ്യ ചരിത്രത്തിൽ നിവർത്തിക്കപ്പെട്ടു കഴിഞ്ഞു. ഇനി സംഭവിക്കുവാനുള്ളത് 27 ആം വാക്യത്തിൽ പറയുന്ന “വരുവാനിരിക്കുന്ന പ്രഭു”വിന്റെ കാലമാണ്. ഈ വാക്യം ആരംഭിക്കുന്നത് “വരുവാനിരിക്കുന്ന പ്രഭു” അനേകരുമായി ഒരു ഉടമ്പടി ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്. ദാനിയേലിന്റെ പ്രവചനങ്ങൾ എല്ലാം യിസ്രായേൽ ജനവുമായി ബന്ധമുള്ളത് ആകയാൽ, ഈ ഉടമ്പടി യിസ്രായേൽ രാജ്യവുമായുള്ള ഉടമ്പടി ആയിരിക്കാം എന്നു അനുമാനിക്കാം.
ദാനിയേല്‍ 9:27 അവൻ ഒരു ആഴ്ചവട്ടത്തേക്കു പലരോടും (many – NKJV) നിയമത്തെ കഠിനമാക്കും; ….
ഇവിടെ പറയുന്ന “ഒരു ആഴ്ചവട്ടം” എഴുപതാമത്തെ ആഴ്ചവട്ടം ആണ്. അതായത്, അഭിഷിക്തന്‍ കൊല്ലപ്പെടുന്നത് അവസാനത്തെ ഒരു ആഴ്ചവട്ടത്തില്‍ അല്ല. അവൻ ഛേദിക്കപ്പെട്ടത്തിന് ശേഷം 70 ആഴ്ചവട്ടത്തിലെ ഒരു ആഴ്ചവട്ടം കൂടി ബാക്കിഉണ്ടാകും. അതിന്റെ അര്‍ത്ഥം, 69 ആഴ്ചവട്ടത്തിനും അവസാനത്തെ ഒരു ആഴ്ചവട്ടത്തിനും ഇടയില്‍ പ്രവചന നിവർത്തിക്ക് ഇടവേളയുണ്ട്.
എന്തുകൊണ്ട് ഇടവേള?
എന്തുകൊണ്ടാണ് പ്രവചന നിവർത്തിയക്ക് ഒരു ഇടവേള ഉണ്ടാകുന്നത്? എല്ലാ പ്രവചനങ്ങളും വേഗത്തിലും തുടർച്ചയായും സംഭവിക്കേണം എന്നില്ല. അതിലെ സംഭവങ്ങൾ തുടർച്ചയായോ, ഇടവേളയോടെയോ സംഭവിക്കാം. ഈ ഇടവേളയെക്കുറിച്ച് പ്രവാചകന്മാർ പ്രത്യേകം പരാമർശിക്കേണം എന്നില്ല. ഇത്തരം അവസരങ്ങൾ വേദപുസ്തക ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. യെശയ്യാവ് 9:6 ൽ പറഞ്ഞ മശീഹയുടെ ഒന്നാമത്തെ വരവിനെക്കുറിച്ചുള്ള പ്രവചനം നിവർത്തിയാകുവാൻ അനേകം വർഷങ്ങൾ എടുത്തു. അതിനാൽ ദാനിയേൽ പറഞ്ഞ പ്രവചനവും നിവർത്തിയാകുന്നതിൽ ഇടവേള ഉണ്ടാകുന്നത് അസാധ്യമല്ല.
യെശയ്യാവ് 9:6,7
6 നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.
7 അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.
ലൂക്കോസ് 1:30-33
30 ദൂതൻ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു.
31 നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.
32 അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും
33 അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.
ദാനിയേല്‍ 9:24 മുതൽ 27 വരെ പറയുന്ന സംഭവങ്ങളെ പരിശോധിച്ചാൽ, 9:24 ൽ പറയുന്ന എഴുപത് ആഴ്ചവട്ടം ഇതുവരെയും അവസാനിച്ചട്ടില്ല എന്നു മനസ്സിലാക്കുവാൻ കഴിയും. ആദ്യത്തെ 69 ആഴ്ചവട്ടത്തിന് ശേഷം, പ്രവചന ഘടികാരം വീണ്ടും ചലിക്കുന്നത് എതിർ ക്രിസ്തു യിസ്രായേലുമായി ഒരു ഉടമ്പടി ഉറപ്പിക്കുന്നത് മുതൽ ആയിരിക്കും. അവസാനത്തെ ആഴ്ചവട്ടം കൂടി സംഭവിച്ചു കഴിയുമ്പോൾ, ദാനിയേൽ 9:24 ൽ പറഞ്ഞിരിക്കുന്ന പ്രവചനങ്ങൾ നിവർത്തിയാകും.
ദാനിയേല്‍ 9:24 അതിക്രമത്തെ തടസ്ഥം ചെയ്തു പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിന്നു പ്രായശ്ചിത്തം ചെയ്തു നിത്യനീതി വരുത്തുവാനും ദർശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്‍വാനും തക്കവണ്ണം നിന്റെ ജനത്തിന്നും വിശുദ്ധനഗരത്തിന്നും എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു.
ഈ വാക്യത്തിൽ പറയുന്നത് യിസ്രായേലിന്റെ പുനസ്ഥാപനം ആണ്. ദാനീയേലിന് ഈ പ്രവചനം ലഭിക്കുമ്പോൾ അവർ ബാബേലിൽ പ്രവാസത്തിൽ ആയിരുന്നു. യെരൂശലേമിന്റെയും യഹൂദ ജനത്തിന്റെയും പുനസ്ഥാപനത്തിനായി ദൈവത്തോട് പ്രാർത്ഥിച്ചപ്പോൾ ആണ് ദാനീയേലിന് ഗബ്രീയേൽ ദൂതൻ മുഖാന്തിരം ഈ വെളിപ്പാടുകൾ ലഭിക്കുന്നത്.
70 ആഴ്ചവട്ടത്തിന്റെ ഉദ്ദേശ്യം എന്താണ് എന്നാണ് 24 ആം വാക്യത്തിൽ ഗബ്രിയേൽ ഈ പറയുന്നത്.
1. അതിക്രമത്തെ തടസ്ഥം ചെയ്തു (To finish the transgression - NKJV)
2. പാപങ്ങളെ മുദ്രയിടുവാനും (To make an end of sins)
3. അകൃത്യത്തിന്നു പ്രായശ്ചിത്തം ചെയ്തു (To make reconciliation for iniquity)
4. നിത്യനീതി വരുത്തുവാനും (To bring in everlasting righteousness)
5. ദർശനവും പ്രവചനവും മുദ്രയിടുവാനും (To seal up vision and prophecy)
6. അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്‍വാനും (to anoint the Most Holy) … എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു
ഗബ്രിയേലിന്റെ പ്രവചനം യിസ്രായേലിനോട് ഉള്ളതാണ്. അതിനാൽ, ഇതെല്ലാം യിസ്രായേലുമായുള്ള ബന്ധത്തിൽ ആണ് നിവർത്തിയാകേണ്ടത്. 70 ആഴ്ചവട്ടം, പാപത്തെ അവസാനിപ്പിക്കുവാനും നിത്യമായ നീതി സ്ഥാപിക്കുവാനും വേണ്ടിയാണ്. ഇതിൽ മൂന്നാമത് പറഞ്ഞിരിക്കുന്ന “അകൃത്യത്തിന്നു പ്രായശ്ചിത്തം ചെയ്തു” എന്നത് യേശുക്രിസ്തുവിന്റെ ക്രൂശ് മരണത്തിൽ നിവർത്തിയായി. മറ്റുള്ളവ ഇനിയും നിവർത്തിയാകുവാൻ ഉണ്ട്.
അതിനാൽ, യിസ്രായേൽ ജനം അഭിഷിക്തനായ ക്രിസ്തുവിനെ തള്ളിക്കളഞ്ഞതുകൊണ്ടു, അവരുടെ മടങ്ങി വരവ് വരെ പ്രവചന നിവർത്തി താൽക്കാലികമായി നിറുത്തിയിരിക്കുന്നു, എന്നു കരുതുന്നത് ശരിയാണ്. എന്നാൽ, 69 ആം വർഷത്തിനും 70 ആം വർഷത്തിനും ഇടയിലുള്ള കാലത്തേക്കുറിച്ചുള്ള പ്രവചനത്തിൽ യിസ്രായേൽ ജനത്തിന്റെ മടങ്ങി വരവിനെക്കുറിച്ച് പരമാർശിക്കുന്നില്ല. കാരണം ഈ കാലയളവ് ക്രിസ്തുവിന്റെ സഭയുടെ കാലമാണ്.
അതായത് “വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും” നശിപ്പിച്ചതിന് ശേഷം, “വരുവാനിരിക്കുന്ന പ്രഭു” വരുകയും അവൻ യിസ്രായേലുമായി ഒരു ഉടമ്പടി സ്ഥാപിക്കുംകയും ചെയ്യും. ഈ രണ്ട് സംഭവങ്ങൾക്കും ഇടയിലുള്ള കാലം സഭായുഗമാണ്. ഈ കാലയളവിന്റെ അന്ത്യത്തിൽ ദൈവം വീണ്ടും യിസ്രായേൽ ജനവുമായി ഇടപ്പെടുവാൻ തുടങ്ങും. അവരുടെ വിടുതലിന്റെ പദ്ധതി വീണ്ടും ആരംഭിക്കും.
(ഇ-ബുക്ക് ഡൗൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
വരുവാനിരിക്കുന്ന പ്രഭു
“വരുവാനിരിക്കുന്ന പ്രഭു” ആരാണ് എന്നതിനെക്കുറിച്ച് വ്യത്യസ്തങ്ങൾ ആയ അഭിപ്രായങ്ങൾ ഉണ്ട് എങ്കിലും, അവൻ എതിർ ക്രിസ്തുവാണ് എന്ന ചിന്തയാണ് ആണ് കൂടുതൽ പ്രബലമായിട്ടുള്ളത്. 27 ആം വാക്യത്തിൽ പറയുന്ന “ഒരു ആഴ്ചവട്ടത്തേക്കു പലരോടും നിയമത്തെ” കഠിനമാക്കുന്നതും, ആഴ്ചവട്ടത്തിന്റെ മദ്ധ്യേ അത് ഭേദിക്കുന്നതും ഈ പ്രഭുവാണ്.
ഇതിനെക്കുറിച്ചുള്ള പ്രവചനങ്ങൾ ഇങ്ങനെയാണ്: ഗബ്രിയേൽ ദൂതൻ, അവസാനത്തെ 7 വർഷങ്ങളെ, മൂന്നര വർഷങ്ങൾ വീതമുള്ള, രണ്ട് കാലഘട്ടമായി വിഭജിക്കുന്നുണ്ട്. ഇതിൽ ഒന്നാമത്തെ ഘട്ടത്തിൽ “വരുവാനിരിക്കുന്ന പ്രഭു” പ്രത്യക്ഷനാകും. അവന്‍ യിസ്രായേലും മറ്റ് രാജ്യങ്ങളുമായും ഒരു ഉടമ്പടി ചെയ്യും (Then he shall confirm a covenant with many for one week – NKJV). ഉടമ്പടി 7 വര്‍ഷത്തേക്ക് ഉള്ളതായിരിക്കും (ദാനിയേല്‍ 9: 27). “ആഴ്ചവട്ടത്തിന്റെ മദ്ധ്യേ” “അവൻ ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കിക്കളയും”. അവസാനത്തെ 7 ഏഴു വർഷങ്ങളുടെ മദ്ധ്യേ, ആദ്യത്തെ മൂന്നര വർഷം കഴിയുമ്പോൾ അത് സംഭവിക്കും. അവന്‍ വിശുദ്ധ സ്ഥലത്ത് ശൂന്യമാക്കുന്ന മ്ളേച്ഛത സ്ഥാപിക്കും (ദാനിയേല്‍ 9:27; മത്തായി 24:15). അന്ത്യത്തില്‍ നിർണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തി ശൂന്യമാക്കുന്നവന്റെമേൽ വരും. ഇതെല്ലാം യോജിക്കുന്നത് എതിർ ക്രിസ്തുവിനാണ്.
യേശുക്രിസ്തുവും അപ്പൊസ്തലനായ പൌലൊസും ഇതേ പ്രവചനം ആവർത്തിക്കുണ്ട്.
മത്തായി 24: 15 എന്നാൽ ദാനീയേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ളേച്ഛത വിശുദ്ധസ്ഥലത്തിൽ നിൽക്കുന്നതു നിങ്ങൾ കാണുമ്പോൾ” - വായിക്കുന്നവൻ ചിന്തിച്ചു കൊള്ളട്ടെ –
2 തെസ്സലൊനീക്യർ 2:3,4
3 ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം.
4 അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ടു ദൈവം എന്നു നടിച്ചു, ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിന്നും മീതെ തന്നെത്താൻ ഉയർത്തുന്ന എതിരാളി അത്രേ.
ഈ വാക്യങ്ങൾ “വരുവാനിരിക്കുന്ന പ്രഭു” എതിർ ക്രിസ്തു ആണ് എന്ന് തെളിയിക്കുന്നു. ഇവിടെ പറയുന്ന സംഭവങ്ങൾ ഇതുവരെയും നിവർത്തിയായിട്ടില്ല.
ദാനിയേൽ 9:27 ൽ “വരുവാനിരിക്കുന്ന പ്രഭു” ഒരു ഉടമ്പടി അനേകരുമായി “കഠിനമാക്കും” എന്നു പറയുന്നു. “കഠിനമാക്കും” എന്നതിന്റെ എബ്രായ പദം “ഗബയർ” എന്നതാണ് (gabar, gaw-bar'). ഈ വാക്കിന്റെ അർത്ഥം, ദൃഡമായിരിക്കുക, ശക്തനായിരിക്കുക, പ്രബലപ്പെടുക, എന്നിങ്ങനെയാണ് (to be strong, have strength, to prevail). ഇതിന് “ധിക്കാരത്തോടെ പ്രവർത്തിക്കുക” എന്നും അർത്ഥം ഉണ്ട് (act insolently). അതിനാൽ, ഇതൊരു സൌഹൃദ ഉടമ്പടി ആയിരിക്കുകയില്ല എന്നൊരു ധ്വനി ഈ വാക്യത്തിൽ ഉണ്ട്. ഇത് എതിർ ക്രിസ്തു നിർബന്ധപൂർവ്വം ഉറപ്പിക്കുന്ന ഒരു ഉടമ്പടി ആയിരിക്കും.
ദാനിയേൽ പ്രവചനം പ്രധാനമായും യിസ്രായേലിനോട് ബന്ധപ്പെട്ട പ്രവചനം ആയതിനാൽ, അവൻ യിസ്രായേലുമായും ഉടമ്പടി ഉറപ്പിക്കും എന്നു കരുതാം. ഈ ഉടമ്പടി പ്രകാരം യിസ്രായേൽ എതിർ ക്രിസ്തുവിനെ ഒരു രാക്ഷ്ട്രീയ മശീഹ ആയി സ്വീകരിക്കും. യേശുക്രിസ്തു ഇത് മുൻകൂട്ടി പ്രവചിച്ചിട്ടുണ്ട്.
യോഹന്നാൻ 5:43 ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.
“അവൻ ഒരു ആഴ്ചവട്ടത്തേക്കു പലരോടും നിയമത്തെ കഠിനമാക്കും” എന്നത് “അവൻ ഒരു ആഴ്ചവട്ടത്തേക്കു അനേകരോട് ഉടമ്പടി ഉറപ്പിക്കും” എന്നുവേണം മനസ്സിലാക്കുവാൻ (“പലരോടും” – “many” – NKJV, NIV, “with the people” - NLT). ഇത് യിസ്രായേൽ എന്ന രാജ്യവുമായുള്ള ഉടമ്പടി ആകാം. ഇതിൽ മറ്റ് രാജ്യങ്ങളും ഭാഗമായേക്കാം. രാജ്യങ്ങളുമായി ഉടമ്പടി ഉറപ്പിക്കേണം എങ്കിൽ, അവൻ രാക്ഷ്ട്രീയ സ്വാധീനമുള്ള ഒരു വ്യക്തി ആയിരിക്കേണം.
മൂന്നര വർഷങ്ങൾ കഴിയുമ്പോൾ “വരുവാനിരിക്കുന്ന പ്രഭു”, ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കും എന്നു പറയുമ്പോൾ, മൂന്നര വർഷങ്ങൾ യാഗങ്ങൾ യെരൂശലേം ദൈവാലയത്തിൽ നടന്നുകൊണ്ടിരിക്കും എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത്. അതായത്, ഇത് സംഭവിക്കുമ്പോൾ, യെരൂശലേം ദൈവാലയം ഉണ്ടായിരിക്കും. അവിടെ യാഗങ്ങളും മറ്റ് ആരാധനയും ഉണ്ടായിരിക്കും. ഇത് 70 AD യിലെ റോമൻ ആക്രമണത്തിന് ശേഷം, ഭാവിയിൽ എപ്പോഴോ യെരൂശലേം ദൈവാലയം പുനർനിർമ്മിക്കപ്പെടും എന്നും ആ കാലയളവിൽ ഒരു പ്രഭു വരും എന്നതിന്റെയും വ്യക്തമായ സൂചനയാണ്.
ദാനിയേൽ 9:27 ആം വാക്യത്തിലെ “അവൻ” 26 ആം വാക്യത്തിലെ “വരുവാനിരിക്കുന്ന പ്രഭു” ആണ്. ഇവിടെ ഛേദിക്കപ്പെടുന്ന അഭിഷിക്തനും, നിയമത്തെ കഠിനമാക്കുന്ന “അവൻ” നും മാത്രമേ വ്യക്തികളായി പരമാർശിക്കപ്പെടുന്നുള്ളൂ. “അവൻ” റോമൻ സാമ്രാജ്യത്തിൽ വേരുകൾ ഉള്ളവൻ ആയിരിക്കും. അതിനാൽ ലോകത്തിലെ അവസാനത്തെ സാമ്രാജ്യം പുനർജ്ജനിക്കുന്ന റോമൻ സാമ്രാജ്യം തന്നെ ആയിരിക്കും.
എതിർ ക്രിസ്തുവിന്റെ ഭരണ കാലത്തോടെ ദാനിയേൽ പ്രവചിച്ച എഴുപതു ആഴ്ചവട്ടം അവസാനിക്കും.
ദാനിയേൽ 9:27 ... നിർണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെ മേൽ കോപം ചൊരിയും.
ദാനിയേലിന്റെ പ്രവചനങ്ങൾ
ദാനിയേൽ 2, 7 എന്നീ അദ്ധ്യായങ്ങളിൽ വിവരിക്കുന്ന പ്രവചനങ്ങളിൽ, നെബൂഖദുനേസ്സരിൽ തുടങ്ങി, വരുവാനിരിക്കുന്ന നാല് സാമ്രാജ്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അവ ബാബിലോണ്‍, മേദ്യ-പാർസ്യ, ഗ്രീക്ക്, റോമന്‍ സാമ്രാജ്യം എന്നിവയായിരുന്നു. ഇതിൽ പറയുന്ന റോമൻ സാമ്രാജ്യം യേശുക്രിസ്തുവിന്റെ കാലത്ത് നിലനിന്നിരുന്നു. എന്നാൽ പിന്നീട് അത് ചിന്നഭിന്നമായി പോയി. എങ്കിലും അതിന്റെ ശക്തിയും സ്വാധീനവും, സാന്നിധ്യവും, പല രാകഷ്ട്രീയ, മത സംവിധാനങ്ങളിലൂടെ ഇന്നും നിലനിൽക്കുന്നു.
AD 476 ൽ പടിഞ്ഞാറൻ റോമൻ സാമ്രാജ്യവും, AD 1453 ല്‍ കിഴക്കൻ റോമൻ സാമ്രാജ്യവും പൂർണ്ണമായും ശത്രുക്കളുടെ കൈയിൽ ആയി. പടിഞ്ഞാറൻ റോമൻ സാമ്രാജ്യത്തിന്റെ തകർച്ചയക്ക് ശേഷം, അതിൽ നിന്നും പത്ത് രാജ്യങ്ങൾ രൂപപ്പെട്ടു എന്നു ചരിത്രകാരന്മാർ കരുതുന്നു. ഈ രാജ്യങ്ങൾ ഏതെല്ലാമാണ്, എങ്ങനെ രൂപീകൃതമായി എന്നതിനെക്കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ഉണ്ട്. എങ്കിലും പടിഞ്ഞാറൻ റോമൻ സാമ്രാജ്യം തകർന്നപ്പോൾ ഉണ്ടായ പത്ത് രാജ്യങ്ങൾ ഇവയെല്ലാം ആയിരുന്നു എന്നാണ് പൊതുവേയുള്ള ധാരണ.
1. സ്പെയിൻ, ആഫ്രിക്ക എന്നിവ ആസ്ഥാനായി ഉണ്ടായ വാണ്ടൽസ്, അലൻസ് (The kingdom of the Vandals and Alans in Spain and Africa)
2. സ്പെയിനിലെ സെവിയൻസ് (The kingdom of the Suevians in Spain)
3. ദക്ഷിണ ഫ്രാൻസ്, ഐബെരിയ എന്നിവിടങ്ങളിൽ ഉണ്ടായിരുന്ന വീസ്ഗോത്ത് രാജത്വം (The kingdom of the Visigoths in southwestern France and the Iberian Peninsula)
4. പശ്ചിമ യൂറോപ്പിലെ ഗാല്ലിയ പ്രദേശത്തെ അലൻസ് രാജത്വം (The kingdom of the Alans in Gallia, Western Europe)
5. പശ്ചിമ യൂറോപ്പിലെ ബർഗണ്ടിയൻസ് രാജത്വം (The kingdom of the Burgundians) Western Europe
6. ഉത്തര ഫ്രാൻസ്, ബെൽജിയം, പശ്ചിമ ജർമ്മനി എന്നിവിടങ്ങളിൽ നിലനിന്നിരുന്ന ഫ്രാങ്ക്സ് രാജത്വം (The kingdom of the Franks in northern France, Belgium, and western Germany)
7. ഇന്നത്തെ ഗ്രേറ്റ് ബ്രിട്ടനിൽ ഉണ്ടായിരുന്ന ബ്രിട്ടൻ രാജത്വം (The kingdom of the Britains in Great Britain)
8. മദ്ധ്യ ഏഷ്യ, കാക്കസൂസ്, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ ഹൺസ് രാജത്വം (The kingdom of the Hunns in Central Asia, the Caucasus, and Eastern Europe)
9. ഉത്തര ഇറ്റലി, മദ്ധ്യ ഇറ്റലി എന്നിവിടങ്ങളിലെ ലൊംബാർഡ്സ് രാജത്വം (The kingdom of the Lombards in north and central Italy)
10. ഉത്തര ഇറ്റലിയിലെ റാവെന്ന രാജത്വം (The kingdom of Ravenna in northeastern Italy)
ഈ രാജ്യങ്ങളുടെ പേരും അതിർത്തിയും ഇപ്പോൾ വ്യത്യാസപ്പെട്ടിരിക്കാം. അതിൽ ഇപ്പോഴത്തെ ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, ഹംഗറി, ജർമ്മനി, സ്പെയ്ൻ, ചില ആഫ്രിക്കൻ രാജ്യങ്ങൾ, പോർട്ടുഗൽ, ഡെൻമാർക്ക്, പോളണ്ട്, സ്വിറ്റ്സർലാൻഡ്, സ്വീഡൻ, ഗ്രീസ്, മുതലായ രാജ്യങ്ങൾ ഉണ്ട്. (France, Italy, Hungary, Germany, Spain, some states of Africa, Portugal, Denmark, Poland; Switzerland, Sweden, Greece). ഇന്ന് റോമൻ പിന്തുടർച്ച അവകാശപ്പെടുന്ന പത്തിൽ അധികം രാജ്യങ്ങൾ യൂറോപ്പിൽ ഉണ്ട്.
ഇന്ന് നമ്മള്‍ ജീവിക്കുന്നത് റോമന്‍ സാമ്രാജ്യത്തിന്‍റെ സ്വാധീനം ഉള്ള ഒരു ലോകത്താണ്. നമ്മള്‍ കാണുന്ന പല സംവിധാനങ്ങളും റോമന്‍ സാമ്രാജ്യത്തിന്റെ പിന്തുടര്‍ച്ച ആണ്. റോമന്‍ ഭാഷയായിരുന്ന ലാറ്റിന്‍ ഭാഷയുടെ സ്വാധീനം എല്ലാ പാശ്ചാത്യ ഭാഷകളിലും കാണാം. നമ്മളുടെ സംസ്കൃതവും ലാറ്റിനും ഒരേ കുടുംബക്കാര്‍ ആണ് എന്ന് ഭാഷാ പണ്ഡിതന്മാര്‍ പറയുന്നു. പടിഞ്ഞാറന്‍ റോമിന്റെ മതമായിരുന്നു ഇന്നത്തെ റോമന്‍ കത്തോലിക്കാ സഭ. ഓര്‍ത്തോഡോക്സ് സഭകളുടെ പാരമ്പര്യം കിഴക്കന്‍ റോമിലെ സഭയിലാണ്.
ഇതിന്റെയെല്ലാം അർത്ഥം, റോമൻ സാമ്രാജ്യം തകർക്കപ്പെട്ട് ചിന്നഭിന്നമായി എങ്കിലും അത് പൂർണ്ണമായി ഇല്ലാതായില്ല. അത് പല യൂറോപ്യൻ രാജ്യങ്ങളായി ഇന്നും നിലനിൽക്കുന്നു. റോമൻ സാമ്രാജ്യം വീണ്ടും രൂപീകരിക്കപ്പെടും. അവിടെ നിന്നും എതിർ ക്രിസ്തു ഉയർന്ന് വരും.
റോമൻ സാമ്രാജ്യത്തിന്റെ ചരിത്രം
റോമൻ സാമ്രാജ്യത്തിന് മുമ്പ് ഉണ്ടായിരുന്നത് ഗ്രീക്ക് സാമ്രാജ്യമായിരുന്നു. ഗ്രീക്ക് സാമ്രാജ്യം അലക്സണ്ടാർ ചക്രവർത്തിയുടെ മരണത്തിനു ശേഷം പ്രധാനമായും നാല് രാജ്യങ്ങള്‍ ആയി വിഭജിക്കപ്പെട്ടു. പിന്നീടു അത് ശത്രുക്കളുടെ കൈകളിലേക്ക് വീണുപോയി. ഗ്രീക്ക് സാമ്രാജ്യത്തിൽ നിന്നുമാണ് റോമൻ സാമ്രാജ്യം ഉയർന്ന് വന്നത്.
റോം എന്ന പട്ടണം 753 BC ല്‍ റൊമുലസ് എന്ന ഐതിഹാസ്യ വ്യക്തി ആണ് സ്ഥാപിച്ചത്. 509 BC ല്‍ ഈ പട്ടണം ഒരു റിപ്പബ്ലിക് ആയി മാറി. അതിനു ശേഷം അവര്‍ അവരുടെ അതിരുകള്‍ വലുതാക്കുവാന്‍ തുടങ്ങി. AD രണ്ടാം നൂറ്റാണ്ട് ആയപ്പോഴേക്കും ട്രാജന്‍ എന്ന ചക്രവര്‍ത്തിയുടെ കാലത്ത് അതിന്റെ വളര്‍ച്ച ഉന്നതിയില്‍ എത്തി. യൂറോപ്പ്, വടക്കന്‍ ആഫ്രിക്ക, ഏഷ്യയുടെ ചില ഭാഗങ്ങള്‍ എന്നിവയെല്ലാം റോമന്‍ സാമ്രാജ്യത്തിന് കീഴില്‍ ആയി. AD 285 ആയപ്പോള്‍, സാമ്രാജ്യത്തിന്റെ വലിപ്പം കാരണം, റോമില്‍ നിന്നും കേന്ദ്രീകൃതമായി ഒരു ഭരണം സാധ്യമല്ലാതായി. റോമില്‍ നിന്നും അയക്കുന്ന സന്ദേശങ്ങള്‍ അതിര്‍ത്തിയിലുള്ള പ്രദേശങ്ങളില്‍ എത്തിച്ചേരുവാന്‍ ആഴ്ചകള്‍ എടുത്തു. വിദേശ രാജ്യങ്ങള്‍ അതിര്‍ത്തികളെ നിരന്തരം ആക്രമിക്കുന്നതും പതിവായി. അതിനാൽ അതിനെ രണ്ടായി, കിഴക്കന്‍ റോം എന്നും പടിഞ്ഞാറന്‍ റോം എന്നും വിഭജിച്ചു.
AD 284, നവംമ്പറില്‍, ഡയോക്ലീഷ്യന്‍ റോമിന്റെ പുതിയ അധികാരി ആയി. അദ്ദേഹത്തിന്റെ ആദ്യ നടപടികളില്‍ ഒന്ന്, റോമന്‍ സാമ്രാജ്യത്തെ രണ്ടായി വിഭജിക്കുക എന്നതായിരുന്നു. അദ്ദേഹം കിഴക്കന്‍ റോം ഭരിക്കുകയും പടിഞ്ഞാറന്‍ റോം മാക്സിമിയന്‍ എന്ന വ്യക്തിക്ക് നല്‍കുകയും ചെയ്തു. പടിഞ്ഞാറന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം റോമും, കിഴക്കന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം ബൈസാന്റിയം അഥവാ കോന്‍സ്റ്റാന്റിനോപിള്‍ ആയിരുന്നു. ഓരോ ഭാഗവും രണ്ടു ചക്രവര്‍ത്തിമാര്‍ സ്വതന്ത്രമായി ഭരിക്കും, എന്നാല്‍ വിദേശ ശത്രുക്കള്‍ക്ക് എതിരെ ഒരുമിച്ച് പോരാടും. രണ്ടുഭാഗവും റോമന്‍ സാമ്രാജ്യം എന്നുതന്നെ അറിയപ്പെട്ടു എങ്കിലും പടിഞ്ഞാറന്‍ റോമന്‍ സാമ്രാജ്യത്തിന് വിശുദ്ധ റോമന്‍ സാമ്രാജ്യം എന്ന പേരുകൂടെ ഉണ്ടായിരുന്നു. എങ്കിലും കാലം മുന്നോട്ട് പോകുന്തോറും റോമന്‍ സാമ്രാജ്യം ക്ഷയിക്കുവാന്‍ തുടങ്ങി. AD 476 സെപ്റ്റംമ്പര്‍ 4 ആം തീയതി, പടിഞ്ഞാറന്‍ റോമന്‍ സാമ്രാജ്യത്തിന്റെ അവസാനത്തെ രാജാവായ റൊമുലസ് അഗസ്റ്റസിനെ, ജെര്‍മാനിക് രാജാവായ ഒഡോസര്‍ (Odoacer) പുറത്താക്കി.
പടിഞ്ഞാറന്‍ റോമിന്റെ വീഴച്ചക്ക് ശേഷവും ഏകദേശം ആയിരം വര്‍ഷങ്ങളോളം തുടര്‍ന്നും കിഴക്കന്‍ റോമന്‍ സാമ്രാജ്യം ശക്തമായി നിലനിന്നു. എന്നാല്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ ഇസ്ലാം രാജ്യമായ ഓട്ടോമന്‍ സാമ്രാജ്യം (Ottoman Empire) കോന്‍സ്റ്റാന്റിനോപിളിനെ ആക്രമിച്ചു. AD 1453 ല്‍ അവര്‍ കോന്‍സ്റ്റാന്റിനോപിളിനെ പിടിച്ചടക്കി, അതിന്‍റെ പേര് ഇസ്താംബൂള്‍ എന്നാക്കി മാറ്റി. അങ്ങനെ കിഴക്കന്‍ റോമന്‍ സാമ്രാജ്യവും അവസാനിച്ചു.
ദാനീയേലും റോമൻ സാമ്രാജ്യവും
എന്നാൽ, ദാനിയേൽ 9:26 ൽ പറയുന്ന “വരുവാനിരിക്കുന്ന പ്രഭു” റോമൻ സാമ്രാജ്യത്തിൽ നിന്നും വേണം ഉയർന്ന് വരുവാൻ. അവൻ ഇതുവരെ പ്രത്യക്ഷനായിട്ടില്ല. അതിനാൽ റോമൻ സാമ്രാജ്യം വീണ്ടും രൂപീകരിക്കപ്പെടേണം. ഇത് സാധ്യമാണോ എന്നു മനസ്സിലാക്കുവാൻ നെബൂഖദുനേസ്സര്‍ രാജാവ് കണ്ട ബിംബത്തേയും അതിന് ദാനിയേൽ നല്കുന്ന വ്യഖ്യാനവും സഹായമാകും.
ദാനിയേല്‍ 2:40 നാലാമത്തെ രാജത്വം ഇരിമ്പുപോലെ ബലമുള്ളതായിരിക്കും; ഇരിമ്പു സകലത്തെയും തകർത്തു കീഴടക്കുന്നുവല്ലോ. തകർക്കുന്ന ഇരിമ്പുപോലെ അതു അവയെ ഒക്കെയും ഇടിച്ചു തകർത്തുകളയും.
ഇത് റോമൻ സാമ്രാജ്യത്തിന്റെ ഉദയവും വളർച്ചയും പ്രവചിക്കുന്നു. തുടർന്ന് ദാനിയേൽ നെബൂഖദുനേസ്സര്‍ രാജാവ് കണ്ട ബിംബത്തിന്റെ കാലും കാൽവിരലുകളും പാതി കളിമണ്ണും പാതി ഇരുമ്പും കൊണ്ടുള്ളതായിരിക്കും എന്നു പ്രവചിച്ചു. ഇതിനെക്കുറിച്ച് ദാനിയേല്‍ നല്‍കുന്ന വ്യാഖ്യാനം ഇതാണ്:
ദാനിയേല്‍ 2:41 കാലും കാൽവിരലും പാതി കളിമണ്ണും പാതി ഇരുമ്പുംകൊണ്ടുള്ളതായി കണ്ടതിന്റെ താല്പര്യമോ: അതു ഒരു ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതുപോലെ അതിൽ ഇരിമ്പിന്നുള്ള ബലം കുറെ ഉണ്ടായിരിക്കും.
പാതി ഇരിമ്പുകൊണ്ടും കളിമണ്ണുകൊണ്ടും ഉള്ള കാല്‍പാദങ്ങള്‍ റോമന്‍ സാമ്രജ്യത്തിനുശേഷമുള്ള ലോകക്രമത്തെയാണ് സൂചിപ്പിക്കുന്നത്. റോമന്‍ സാമ്രജത്തെ സൂചിപ്പിക്കുന്ന ഇരുമ്പ് കാല്പാദത്തിലും നമ്മള്‍ കാണുന്നു. അത് റോമന്‍ സാമ്രാജ്യം പുതുക്കപ്പെട്ട നിലയില്‍ നമ്മള്‍ ജീവിക്കുന്ന ഈ അന്ത്യകാലത്തും ലോകത്തില്‍ ഉണ്ടായിക്കും എന്നതിന്റെ സൂചനയാണ്. പുതുക്കപ്പെട്ട റോമന്‍ സാമ്രാജ്യത്തില്‍ ഒന്നിലധികം രാജ്യങ്ങളും അവയ്ക്ക് ഓരോ ഭരണാധികാരികളും ഉണ്ടായിരിക്കും.
യൂറോപ്പിയൻ യൂണിയൻ
ഇവിടെ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഉണ്ടായ ചില ചരിത്ര സംഭവങ്ങളെക്കുറിച്ച് നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു. 1948 മെയ് മാസം 19 ആം തീയതി ആണ് യിസ്രായേല്‍ വീണ്ടും ഒരു പരമാധികാര രാഷ്ട്രമായി പ്രഖ്യാപിക്കപ്പെടുന്നത്. ഇതിന് പിന്നാലെ, റോമന്‍ സാമ്രാജ്യത്തിന്റെ നവീകരണത്തിന് ആരംഭമായി. 1950 മെയ് മാസം 9 ആം തീയതി, ഫ്രാന്‍സിലെയും പടിഞ്ഞാറന്‍ ജര്‍മ്മനിയിലെയും കല്‍ക്കരിയുടെയും ഉരുക്കിന്റെയും നിര്‍മ്മാണം ഏക ഉന്നത അധികാരത്തിന് കീഴിലാക്കിക്കൊണ്ട് ഫ്രാന്‍സിന്‍റെ വിദേശകാര്യ മന്ത്രി ഒരു പ്രഖ്യാപനം നടത്തി. ഇതിന്‍റെ പേരില്‍ ഉണ്ടാകാനിടയുള്ള യുദ്ധങ്ങള്‍ ഒഴിവാക്കുക ആണ് മുഖ്യ ഉദ്ദേശ്യം എന്ന് അദ്ദേഹം പറഞ്ഞു. അന്നുതന്നെ 6 യൂറോപ്യന്‍ രാജ്യങ്ങള്‍ റോമാ നഗരത്തില്‍ ഒത്തുകൂടുകയും ട്രീറ്റി ഓഫ് റോം (Treaty of Rome) എന്ന് അറിയപ്പെട്ട ഒരു സന്ധിയില്‍ ഒപ്പിടുകയും ചെയ്തു. ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, ബല്‍ജിയം, ലക്സംബര്‍ഗ് എന്നിവ ആയിരുന്നു ആ 6 രാജ്യങ്ങള്‍. അവരുടെ പ്രഥമ ഉദ്ദേശ്യം 10 രാജ്യങ്ങളുടെ കൂട്ടായ്മ ആയിരുന്നു.
1951 ഏപ്രില്‍ 18 ആം തീയതി “യൂറോപ്പിയൻ കോൾ ആന്റ് സ്റ്റീൽ കമ്മ്യൂണിറ്റി” രൂപീകരിച്ചുകൊണ്ട് “ട്രീറ്റി ഓഫ് പാരീസ്” എന്ന സന്ധി നിലവില്‍ വന്നു (European Coal and Steel Community, Treaty of Paris). ഇതിന്റെ ഉദ്ദേശ്യം, യൂറോപ്പ്യന്‍ ഭൂഖണ്ഡത്തില്‍ യുദ്ധം ഇല്ലാതാക്കി, ശാശ്വത സമാധാനം സൃഷ്ടിക്കുക, അംഗ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുക എന്നിവ ആയിരുന്നു. 1952 ജൂലൈയില്‍ ഈ ഉടമ്പടി പ്രാബല്യത്തില്‍ വന്നു. കല്‍ക്കരി, ഇരുമ്പ്, അയിര് എന്നിവയുടെ സ്വതന്ത്ര വ്യാപാരം 1953 തുറന്നു.
ഇതിനു ശേഷം മറ്റ് ചില ഉടമ്പടികളും ഉണ്ടായി. അങ്ങനെ ക്രമേണ യൂറോപ്പിന് ഒരു സ്വതന്ത്ര വ്യാപാര മേഖല ഉണ്ടായി. അതിന്റെ ഫലമായി, 1957, മാര്‍ച്ച് 25 ആം തീയതി, “ട്രീറ്റി എസ്റ്റാബ്ലിഷിങ് ദി യൂറോപ്പിയൻ എക്കണോമിക് കമ്മ്യൂണിറ്റി” എന്നൊരു ഉടമ്പടി, റോമിലെ കാപ്പിറ്റൊളിന്‍ എന്ന സ്ഥലത്തുവച്ച് രൂപീകരിച്ചു (Treaty Establishing the European Economic Community). 1992 ല്‍ ഈ ഉടമ്പടിയുടെ പേര് “ട്രീറ്റി എസ്റ്റാബ്ലിഷിങ് ദി യൂറോപ്പിയൻ കമ്മ്യൂണിറ്റി” എന്നാക്കി മാറ്റി (Treaty establishing the European Community). 2009 ല്‍ “ട്രീറ്റി ഓൺ ദി ഫങ്ഷണിങ് ഓഫ് ദി യൂറോപ്പിയൻ യൂണിയൻ” നിലവില്‍ വന്നു. അങ്ങനെ റോമന്‍ സാമ്രാജ്യം മറ്റൊരു രൂപത്തില്‍ പുനര്‍ജനിച്ചു (Treaty on the Functioning of the European Union).
യൂറോപ്പ്യന്‍ രാജ്യങ്ങളുടെ ഈ കൂട്ടായ്മ 6 ല്‍ നിന്നും വളര്‍ന്നു. പത്താമത്തെ രാജ്യമായി ഗ്രീസ് കൂട്ടത്തില്‍ ചേര്‍ന്നു. ഇന്ന് യൂറോപ്പ്യന്‍ യൂണിയന്‍ എന്ന് വിളിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയില്‍ പത്തില്‍ കൂടുതല്‍ അംഗ രാജ്യങ്ങള്‍ ഉണ്ട്. എന്നാൽ, അവരുടെ ആദ്യകാല പദ്ധതി പത്ത് രാജ്യങ്ങളുടെ കൂട്ടായ്മ തന്നെ ആയിരുന്നു. പഴയ റോം ഇപ്പോൾ പത്തിലധികം രാജ്യങ്ങൾ ആയി ഭിന്നിച്ചിരിക്കുന്നതിനാൽ ആണ് അതിന്റെ കൂട്ടായ്മയിൽ എണ്ണത്തിൽ പത്തിൽ അധികം രാജ്യങ്ങളെ നമ്മൾ കാണുന്നത്.
അതിനാൽ, യൂറോപ്പ്യന്‍ യൂണിയന്‍, നെബൂഖദുനേസ്സര്‍ രാജാവ് കണ്ട ബിംബത്തിലെ ഇരിമ്പും കളിമണ്ണുംകൊണ്ടുള്ള കാല്പാദത്തോട് ഒക്കുന്നു എന്ന് നിസ്സംശയം പറയാം.
യൂറോപ്യൻ രാജ്യങ്ങളുടെ ഈ കൂട്ടായ്മ, പുതു ജീവൻ വച്ച റോമന്‍ സാമ്രാജ്യമാണ് എന്നു നിസംശയം പറയാം. ദാനിയേൽ 7:7, 24 എന്നീ വാക്യങ്ങളിലെ നാലാമത്തെ മൃഗത്തിന്റെ പത്ത് കൊമ്പുകൾ, റോമൻ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് ശേഷം രൂപപ്പെട്ട പത്ത് രാജ്യങ്ങളെയും ഇപ്പോൾ പുനർ രൂപീകരിക്കപ്പെട്ട റോമൻ രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്പ്യന്‍ യൂണിയനിലെ രാജ്യങ്ങളെയും സൂചിപ്പിക്കുന്നു.
ചുരുക്കിപറഞ്ഞാല്‍, റോമന്‍ സാമ്രാജ്യത്തിന് ശേഷം സമ്മിശ്രമായ ഒരു ഭരണ സംവിധാനം ലോകത്തില്‍ നിലവില്‍ വരുമെന്നും അതില്‍ റോമന്‍ സാമ്രാജ്യത്തിന്റെ തുടര്‍ച്ച ഉണ്ടായിരിക്കും എന്നും ആണ് ദാനിയേല്‍ പറഞ്ഞത്. രാജത്വം, ജനാധിപത്യം, മതാധിപത്യം, സൈനീക ഭരണം, ഏകാധിപത്യം എന്നിങ്ങനെയുള്ള പലവിധ ഭരണ സംവിധാനങ്ങള്‍ നമ്മളുടെ ലോകത്ത് ഇന്ന് നിലനില്‍ക്കുന്നു. ഇതാണ് ബിംബത്തിലെ ഇരുമ്പും കളിമണ്ണും കൊണ്ടുള്ള കാലം. ഇതിൽ നിന്നുമാണ് എതിർ ക്രിസ്തു എഴുന്നേൽക്കേണ്ടത്.
എതിർ ക്രിസ്തു എന്ന ചെറിയ കൊമ്പ്
ദാനിയേല്‍ 7:24 ൽ “മറ്റൊരുത്തൻ എഴുന്നേല്ക്കും” എന്നു പ്രവചിച്ചിരിക്കുന്നത് എതിർ ക്രിസ്തുവിന്റെ പ്രത്യക്ഷതയെക്കുറിച്ചാണ്. ഇവിടെ ദാനിയേൽ ഒരു രാത്രി ദർശനത്തിൽ കാണുന്ന 4 മഹാ മൃഗങ്ങളെക്കുറിച്ചാണ് പറയുന്നത്. അവൻ കണ്ട ദര്‍ശനത്തിലെ നാലാമത്തെ മൃഗത്തിന് പത്ത് കൊമ്പുകള്‍ ഉണ്ടായിരുന്നു.
ദാനിയേൽ 7:7,8
7 രാത്രിദർശനത്തിൽ ഞാൻ പിന്നെയും ഘോരവും ഭയങ്കരവും അതിബലവും ഉള്ള നാലാമതൊരു മൃഗത്തെ കണ്ടു; അതിന്നു വലിയ ഇരിമ്പുപല്ലു ഉണ്ടായിരുന്നു; അതു തിന്നുകയും തകർക്കുകയും ചെയ്തിട്ടു ശേഷമുള്ളതിനെ കാൽകൊണ്ടു ചവിട്ടിക്കളഞ്ഞു; മുമ്പെ കണ്ട സകല മൃഗങ്ങളിലുംവെച്ചു ഇതു വ്യത്യാസമുള്ളതായിരുന്നു; അതിന്നു പത്തു കൊമ്പു ഉണ്ടായിരുന്നു.
8 ഞാൻ ആ കൊമ്പുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ, അവയുടെ ഇടയിൽ മറ്റൊരു ചെറിയ കൊമ്പു മുളെച്ചുവന്നു; അതിനാൽ മുമ്പിലത്തെ കൊമ്പുകളിൽ മൂന്നു വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പിൽ മനുഷ്യന്റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു.
ദാനിയേൽ 7:24-26
24 ഈ രാജ്യത്തുനിന്നുള്ള പത്തു കൊമ്പുകളോ എഴുന്നേല്പാനിരിക്കുന്ന പത്തു രാജാക്കന്മാരാകുന്നു; അവരുടെ ശേഷം മറ്റൊരുത്തൻ എഴുന്നേല്ക്കും; അവൻ മുമ്പിലത്തവരോടു വ്യത്യാസമുള്ളവനായി മൂന്നു രാജാക്കന്മാരെ വീഴിച്ചുകളയും.
25 അവൻ അത്യുന്നതനായവന്നു വിരോധമായി വമ്പു പറകയും അത്യുന്നതനായവന്റെ വിശുദ്ധന്മാരെ ഒടുക്കിക്കളകയും സമയങ്ങളെയും നിയമങ്ങളെയും മാറ്റുവാൻ ശ്രമിക്കയും ചെയ്യും; കാലവും കാലങ്ങളും കാലാംശവും അവർ അവന്റെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കും.
26 എന്നാൽ ന്യായവിസ്താരസഭ ഇരുന്നുകൊണ്ടു അവന്റെ ആധിപത്യം എടുത്തുകളഞ്ഞു അന്തംവരെ നശിപ്പിച്ചു മുടിക്കും.
നമ്മൾ മുമ്പ് പറഞ്ഞതുപോലെ, പത്ത് കൊമ്പുകൾ, റോമൻ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് ശേഷം രൂപപ്പെടുന്ന രാജ്യങ്ങളെ സൂചിപ്പിക്കുന്നു. 8 ആം വാക്യത്തിൽ, ഈ കൊമ്പുകൾക്കിടയിൽ “മറ്റൊരു ചെറിയ കൊമ്പു മുളെച്ചുവന്നു” എന്നു പറയുന്നു. ഇതിനാൽ “മുമ്പിലത്തെ കൊമ്പുകളിൽ മൂന്നു വേരോടെ പറിഞ്ഞുപോയി” എന്നും ദാനിയേൽ പറയുന്നുണ്ട്. 24 ആം വാക്യത്തിൽ, “അവരുടെ ശേഷം മറ്റൊരുത്തൻ എഴുന്നേല്ക്കും” എന്നു ദാനിയേൽ വ്യാഖ്യാനിക്കുന്നു. ഇതെല്ലാം റോമൻ സാമ്രാജ്യത്തിന്റെ തകർച്ചയെയും പുനർ ആവിർഭാവത്തെയും കാണിക്കുന്നു.
ചെറിയ കൊമ്പ്, പത്ത് കൊമ്പുകള്‍ക്കിടയില്‍ നിന്നുമാണ് വെളിപ്പെട്ടുവരുന്നത്. “അവൻ മുമ്പിലത്തവരോടു വ്യത്യാസമുള്ളവനായി മൂന്നു രാജാക്കന്മാരെ വീഴിച്ചുകളയും.” അതായത്, എതിര്‍ക്രിസ്തു പത്ത് രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്നും പുറപ്പെട്ടു വരുകയും അന്ന് നിലവിലുള്ള മൂന്ന് രാജ്യങ്ങളെ കീഴടക്കുകയോ പുനര്‍നിര്‍മ്മിച്ച റോമന്‍ സാമ്രാജ്യത്തിന്‍റെ കൂട്ടായ്മയില്‍ നിന്നും നീക്കം ചെയ്യുകയോ ചെയ്യും.
മൂന്ന് രാജ്യങ്ങളുടെ നേതാക്കന്മാരെ മറ്റികളഞ്ഞു അധികാരത്തില്‍ എത്തുന്ന എതിര്‍ക്രിസ്തു ക്രമേണ ലോകത്തിന്റെ മുഴുവന്‍ അധികാരം കരസ്ഥമാക്കും. ഏകാധിപതിയായ എതിര്‍ക്രിസ്തു, സകല മനുഷ്യരുടെയും ആരാധന ആവശ്യപ്പെടുകയും മനുഷ്യരുടെ എല്ലാം ജീവിതത്തിന്‍ മേല്‍ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. ഇതിനെക്കുറിച്ച് യോഹന്നാൻ പ്രവചിക്കുന്നത് ഇങ്ങനെയാണ്:
വെളിപ്പാട് 13:16,17
16 അതു ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരുമായ എല്ലാവർക്കും വലങ്കൈമേലോ നെറ്റിയിലോ മുദ്ര കിട്ടുമാറും
17 മൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വില്ക്കുകയോ ചെയ്‍വാൻ വഹിയാതെയും ആക്കുന്നു.
പുനർജീവിക്കുന്ന റോമൻ സാമ്രാജ്യത്തിൽ നിന്നും വരുന്നവനാണ് “വരുവാനിരിക്കുന്ന പ്രഭു”. അവനാണ് എതിർ ക്രിസ്തു എന്ന ഭരണാധികാരി. ദാനിയേൽ ദാനിയേൽ 7:25 ൽ പറയുന്ന “കാലവും കാലങ്ങളും കാലാംശവും അവർ അവന്റെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കും.” എന്നത് മൂന്നര വർഷത്തെ എതിർ ക്രിസ്തുവിന്റെ ഭരണ കാലത്തെ സൂചിപ്പിക്കുന്നു.
ചെറിയ കൊമ്പ് ശക്തമായ ഒരു മത സംവിധാനത്തെ കാണിക്കുന്നു എന്ന് അഭിപ്രായമുള്ള പണ്ഡിതരും ഉണ്ട്. യൂറോപ്പ്യന്‍ യൂണിയനിലെ ഏഴ് രാജ്യങ്ങള്‍ ഈ മത സംവിധാനത്തോടെ ചേര്‍ന്നുനില്‍ക്കും എന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. അങ്ങനെയെങ്കിൽ “വരുവാനിരിക്കുന്ന പ്രഭു” എന്ന എതിർ ക്രിസ്തു ഒരേ സമയം ഒരു രാകഷ്ട്രീയ അധികാരിയും മത നേതാവും ആയിരിക്കേണം.
അവസാന വാക്ക്
“വരുവാനിരിക്കുന്ന പ്രഭു” ആരായിരിക്കാം എന്നതാണ് നമ്മൾ ചർച്ച ചെയ്തുകൊണ്ടിരുന്നത്. അതിന്റെ വിവിധ വ്യാഖ്യാനങ്ങൾ, സാധ്യതകൾ എന്നിവയാണ് നമ്മൾ പഠന വിധേയമാക്കിയത്. ഇനിയും അധികം ദീർഘിപ്പിക്കാതെ ഈ പഠനം ഇവിടെ ചുരുക്കാം എന്നു കരുതുന്നു.
ദാനിയേൽ 9:26 ൽ പറയുന്ന “വരുവാനിരിക്കുന്ന പ്രഭു” ഭാവിയിൽ വരുവാനിരിക്കുന്ന ഒരു ഭരണാധികാരിയെ സൂചിപ്പിക്കുന്നു. അവനെക്കുറിച്ചാണ് ദാനിയേൽ 9:27 ൽ “മ്ലേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും;” എന്ന് പറയുന്നത്. “ചിറക്” അതിന്റെ വേഗത്തെയും കഠിനതയേയും കാണിക്കുന്നു. ഇത് എതിർ ക്രിസ്തുവിന് യോജിക്കുന്ന പാരാമർശമാണ്.
ദാനിയേൽ 9:26 ൽ അഭിഷിക്തൻ ഛേദികപ്പെടും എന്നും അതിന് ശേഷം വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജനം യെരൂശലേം പട്ടണത്തെയും ദൈവാലയത്തെയും നശിപ്പിക്കും എന്നുമാണ് പറയുന്നത്. ഇതിനെ യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തിന് ശേഷമുള്ള ചരിത്രവുമായി ബന്ധപ്പെടുത്തിയാൽ, ഇത് 70 AD ൽ സംഭവിച്ച യെരൂശലേമിനെതിരെയുള്ള റോമൻ ആക്രമണമാണ്. അന്ന് യെരൂശലേമിനെതിരെ വന്നത്, വരുവാനിരിക്കുന്ന പ്രഭു അല്ല, അവന്റെ പടജനമാണ്. പ്രഭു ഇനിയും വരുവാനിരിക്കുന്നതെയുള്ളൂ. അതായത്, വരുവാനിരിക്കുന്ന പ്രഭുവും റോമൻ സാമ്രാജ്യത്തിൽ നിന്നും എഴുന്നേറ്റ് വരേണം. റോമൻ സൈന്യത്തെ അന്ന് നയിച്ചിരുന്നത് ടൈറ്റസ് വെസ്പേഷിയൻ ആയിരുന്നു (Titus Vespasian). ടൈറ്റസ് വരുവാനിരിക്കുന്ന പ്രഭുവിന്റെ നിഴൽ മാത്രമാണ്.
വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം റോമൻ സൈന്യം ആണെങ്കിൽ, വരുവാനിരിക്കുന്ന പ്രഭുവും റോമൻ സാമ്രാജ്യത്തിൽ നിന്നും വരേണം. അവൻ ഒരു വലിയ സാമ്രാജ്യത്തിന്റെ ഭരണാധികാരി ആകേണം. ലോകം അവന്റെ നിയന്ത്രണത്തിൽ ആകേണം.
അതിനാൽ, “വരുവാനിരിക്കുന്ന പ്രഭു” എതിർ ക്രിസ്തുവാണ് എന്നു നമുക്ക് തീർച്ചപ്പെടുത്താം. അപ്പോസ്തലന്മാര്‍ എതിര്‍ക്രിസ്തുവിനെ കുറിച്ച് നമുക്ക് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുമുണ്ട്.
1 യോഹന്നാന്‍ 2: 18 കുഞ്ഞുങ്ങളേ, ഇതു അന്ത്യനാഴിക ആകുന്നു; എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കയാൽ അന്ത്യനാഴിക ആകുന്നു എന്നു നമുക്കു അറിയാം.”
“ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കയാൽ” എന്നു യോഹന്നാൻ പറയുന്നതിനാല്‍ അത് ഒരു വ്യക്തി എന്നതിനേക്കാള്‍ ഒരു ദുഷ്ട ആത്മാവാണ് എന്ന് പറയാം. എതിര്‍ക്രിസ്തുവിന്റെ ആത്മാവ് ചരിത്രത്തില്‍ അനേകം ഭരണാധികാരികളെ സ്വാധീനിക്കുകയും ക്രൈസ്തവ വിശ്വാസികളെ പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഗ്രീക്ക് ഭരണാധികാരിയായിരുന്ന അന്റിഓക്കസ് നാലാമൻ എപ്പിഫാനെസ്, റോമൻ ചക്രവർത്തി ആയിരുന്ന നീറോ, റോമൻ സൈന്യാധിപൻ ആയിരുന്ന ടൈറ്റസ് എന്നിവർ എതിർ ക്രിസ്തുവിന്റെ നിഴലായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. (Antiochus Epiphanes, Nero Claudius Caesar Augustus Germanicus, Titus Caesar Vespasianus).
ദാനിയേൽ 7:25 ൽ പറയുന്നത് അനുസരിച്ച്, എതിർ ക്രിസ്തു “അത്യുന്നതനായവന്റെ വിശുദ്ധന്മാരെ ഒടുക്കിക്കളകയും” ചെയ്യും. ഇത് യിസ്രായേൽ ജനത്തിനെതിരെയുള്ള മഹാ ഉപദ്രവങ്ങൾ ആയിരിക്കും. “സമയങ്ങളെയും നിയമങ്ങളെയും മാറ്റുവാൻ ശ്രമിക്കയും” ചെയ്യും എന്നത് യിസ്രായേലിന്റെ മതവിശ്വാസങ്ങളും, ആചാരങ്ങളും, യാഗങ്ങളും ആയിരിക്കാം. എതിർ ക്രിസ്തു ആരാധന അവസാനിപ്പിക്കുകയും സ്വയം ദൈവമായി പ്രഖ്യാപിക്കുകയും ആരാധന ആവശ്യപ്പെടുകയും ചെയ്യും.
അതായത്, എതിര്‍ക്രിസ്തുവിന്റെ ആത്മാവ് ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിന് മുമ്പ് വീണ്ടും ഒരു വ്യക്തിയെ സ്വാധീനിക്കും അവൻ ദൈവ ജനത്തിനെതിരെ കൊടിയ പീഡനവുമായി എഴുന്നേല്‍ക്കും. അനേകര്‍ ക്രിസ്തു നിമിത്തം കൊല്ലപ്പെടും. ഈ എതിർ ക്രിസ്തു പുനരുദ്ധരിക്കപ്പെട്ട റോമൻ സാമ്രാജ്യത്തിൽ നിന്നുള്ളവൻ ആയിരിക്കും.
No comments:
Post a Comment