ഇയ്യോബിന്റെ കഷ്ടത

 ഇയ്യോബിന്റെ പുസ്തകത്തിന് ഒരു ആമുഖം

 

യഹൂദന്മാരുടെ തനാക്ക് ൽ (പഴനിയമ ഗ്രന്ഥങ്ങൾ), കെറ്റുവിം എന്നു വിളിക്കപ്പെടുന്ന “രചനകൾ” എന്ന ഭാഗത്ത് ഉൾപ്പെടുത്തിയിടുഉള്ള ഒരു പുസ്തകമാണ് “ഇയ്യോബിന്റെ പുസ്തകം” (Tanakh, Ketuvimwritings, Book of Job). ക്രിസ്തീയ വേദപുസ്തകത്തിൽ, പഴയനിയമ ഭാഗത്ത്, കവിതാ രചനകളിൽ (poetic books) ആദ്യത്തേത് ആണ് ഇയ്യോബ്. ഈ പുസ്തകത്തിലെ പ്രധാന കഥാപാത്രമായ ഇയ്യോബ് ന്റെ പേരാണ് പുസ്തകത്തിനുള്ളത്.  

 

ഇയ്യോബിന്റെ പുസ്തകം BC 7 ആം നൂറ്റാണ്ടിനും 4 ആം നൂറ്റാണ്ടിനും ഇടയിലായിരിക്കേണം എഴുതപ്പെട്ടത് എന്നു വേദപുസ്തക പണ്ഡിതന്മാർ കരുതുന്നു. 6 ആം നൂറ്റാണ്ടിൽ എഴുതപ്പെട്ടത് ആയിരിക്കുവാനാണ് കൂടുതൽ സാദ്ധ്യത. തിന്മ എങ്ങനെ ഉണ്ടാകുന്നു, അതിൽ, ദൈവത്തിന്റെ പങ്ക് എന്താണ് എന്നതാണ് മുഖ്യവിഷയം. തിന്മയെക്കുറിച്ചുള്ള ദൈവശാസ്ത്രപരമായ പഠനത്തെ “തിയോഡെസി” എന്നാണ് വിളിക്കുന്നത് (theodicy). ഇയ്യോബ് എന്ന ഇതിഹാസ തുല്യനായ ഒരു വ്യക്തിയുടെ ജീവിത ചരിത്രത്തിലൂടെ, എന്തുകൊണ്ട് ദൈവം കഷ്ടതകളെ മനുഷ്യരുടെ ജീവിതത്തിൽ അനുവദിക്കുന്നു എന്ന ദാർശനികമായ വിഷയമാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ഇയ്യോബിന്റെ പുസ്തകത്തിൽ കഷ്ടത, അതിന് അർഹനല്ലാത്ത ഒരു വ്യക്തിയുടെ ജീവിതത്തിൽ ആണ് സംഭവിക്കുന്നത്. കഷ്ടത, പാപം എന്ന കാരണത്താൽ അതിനർഹരായവരുടെമേലും, പാപം എന്ന കാരണം കൂടാതെ, അർഹരല്ലാത്തവരുടെമേലും സംഭവിക്കുന്നു. ഇത് ഈ വിഷയത്തെ വിശദീകരിക്കുവാൻ പ്രായസമുള്ളതാക്കുന്നു.

 

ഈ പുസ്തകത്തിലെ ഭാഷ പുരാതനമാണ്. ഇതിൽ നിയമ വ്യവഹാരങ്ങളിൽ ഉപയോഗിക്കുന്ന വാക്കുകളും, വിലാപങ്ങളും, വേദപുസ്തകത്തിൽ മറ്റൊരിടത്തും കാണാത്ത ചില എബ്രായ പദങ്ങളും ഉണ്ട്. ഇതിൽ കവിതകളിലെ പോലെയുള്ള സമാന്തര വരികൾ ആണ് രചനാശൈലിയായി ഉപയോഗിച്ചിട്ടുള്ളത്. അതിനാൽ ഇത് കാവ്യ ശൈലിയിൽ എഴുതപ്പെട്ടത് ആയിരുന്നിരിക്കാം. ഭാഷയും ശൈലയും ഇതിന്റെ പൗരാണികതയെ സൂചിപ്പിക്കുന്നു.


 എഴുത്തുകാരൻ

 

ഇയ്യോബിന്റെ പുസ്തകം ആരാണ് എഴുതിയത് എന്നത് തീർച്ചയില്ല. ഇയ്യോബ് തന്നെയാണ് ഇത് എഴുതിയത് എന്നു കരുതുന്നവർ ഉണ്ട്. ഇയ്യോബിന്റെ നാലാമത്തെ സ്നേഹിതനായ എലീഹൂ, പഴയനിയമത്തിലെ മറ്റ് പുസ്തകങ്ങൾ എഴുതിയ എഴുത്തുകാർ, ഗ്രന്ഥപരിശോധകർ (editors), എന്നിവരും എഴുത്തുകാരായി പരിഗണിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ ഉണ്ട്. ഇത്, ഇയ്യോബിന്റെ ജീവിതത്തിന്റെ ഏതോ ദൃക്സാക്ഷി ആണ് എഴുതിയത് എന്നും അഭിപ്രായപ്പെടുന്നവർ ഉണ്ട്. കാരണം, സുദീർഘമായ സംഭാഷണങ്ങൾ ഒരു ദൃക്സാക്ഷിക്ക് മാത്രമേ കൃത്യമായി രേഖപ്പെടുത്തുവാൻ കഴിയൂ. ഇവിടെ ഇയ്യോബിന്റെ നാലാമത്തെ സ്നേഹിതൻ ആയിരുന്ന എലീഹൂവിന് സാദ്ധ്യതയുണ്ട്.   

 

ഇയ്യോബ് ആണ് ഇത് എഴുതിയത് എന്ന വാദത്തിൽ ദൈവശാസ്ത്രപരമായ ചില പൊരുത്തക്കേടുകൾ ഉണ്ട്. ജീവിതത്തിൽ സംഭവിച്ച കഷ്ടതയുടെ കാരണം എന്ത് എന്നു ഇയ്യോബിന് വെളിപ്പെട്ടു കിട്ടിയതായി രേഖപ്പെടുത്താതെയാണ് പുസ്തകം അവസാനിക്കുന്നത്. അങ്ങനെയാണ് എങ്കിൽ, പുസ്തകത്തിലെ 1, 2 അദ്ധ്യായങ്ങൾ മറ്റൊരാൾ, പിന്നീട് എപ്പോഴോ എഴുതിയതാണ് എന്ന് പറയേണ്ടിവരും.

 

ചില യഹൂദ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഇയ്യോബിന്റെ പുസ്തകം, മോശെ എഴുതിയതാണ്. യഹൂദന്മാരുടെ വ്യാഖ്യാന ഗ്രന്ഥമായ തലമഡ് ൽ ഇയ്യോബിന്റെ പുസ്തകം മോശെ എഴുതിയതാണ് എന്നു പറയുന്നുണ്ട് (Talmud). മദ്ധ്യകാലത്തെ യഹൂദ പണ്ഡിതനായിരുന്ന സാഡിയ ഗഓൺ (Saadia Gaon) ന്റെ അഭിപ്രായവും ഇത് തന്നെയാണ്.

 

എന്നാൽ ആധുനിക ക്രിസ്തീയ ചിന്തകർ, യഹൂദ പാരമ്പര്യ വിശ്വാസത്തോട് യോജിക്കുന്നില്ല. അവർ, എലീഹൂ, ശലോമോൻ, എസ്രാ, ഇയ്യോബ് എന്നിവരെയാണ് എഴുത്തുകാരായി കാണുന്നത്. ഇയ്യോബിന്റെ പുസ്തകത്തിന്റെ എഴുത്തുകാരൻ, ഒരു യിസ്രായേല്യൻ ആയിരുന്നിരിക്കേണം എന്നാണ് പൊതുവേയുള്ള അഭിപ്രായം. അതിൽ പുരാതനമായ എബ്രായ പദങ്ങളും, വേദപുസ്തകത്തിൽ മറ്റൊരിടത്തും കാണാത്ത ചില എബ്രായ പദങ്ങളും, ഉള്ളതിനാൽ, അത് എഴുതിയത് മോശെയ്ക്കും മുമ്പ് ആയിരുന്നിരിക്കേണം.   

 

പുസ്തക ഘടന

 

ഘടനാപരമായി ഇയ്യോബിന്റെ പുസ്തകത്തെ രണ്ടായി തിരിക്കാം. ഒന്നും രണ്ടും അദ്ധ്യായങ്ങൾ, ആമുഖമാണ് (prologue). 42 ആം അദ്ധ്യായം 7 മുതൽ 17 വരെയുള്ള വാക്യങ്ങൾ ഉപസംഹാരമാണ് (epilogue). ഇത് രണ്ടും ഗദ്യത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്. രണ്ടാമത്തെ ഭാഗം ആമുഖത്തിനും ഉപസംഹാരത്തിനും ഇടയിലുള്ള സംഭാഷണങ്ങൾ ആണ്. ഇത് പദ്യത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്. 

 

മനുഷ്യർ അനുഭവിക്കുന്ന തീവ്രമായ കഷ്ടതകളുടെ കാരണമന്വേഷിക്കുന്നതാണ് ഇതിവൃത്തം. ആമുഖത്തിൽ, കഥ തുടങ്ങുന്നതിനു മുമ്പ് സംഭവിച്ച ചില കാര്യങ്ങൾ ഗ്രന്ഥകർത്താവ് വായനക്കാരെ അറിയിക്കുന്നു. ഈ അറിവിന്റെ വെളിച്ചത്തിൽ വേണം നമ്മൾ കഥ വായിച്ച് മനസ്സിലാക്കുവാൻ. ഈ സംഭവങ്ങൾ അദൃശ്യ ലോകത്തിൽ നടന്ന കാര്യങ്ങളാണ്. ഇതെല്ലാം കഥയിലെ കഥാപാത്രങ്ങൾക്ക് അജ്ഞാതമായിരിക്കുന്നു. എന്നാൽ, ഈ സംഭവങ്ങൾ കാരണമാണ്, കഥയിലെ പ്രധാന കഥാപാത്രമായ ഇയ്യോബ് അനർഹമായതും, തീവ്രമായതുമായ കഷ്ടത അനുഭവിക്കുന്നത്. എന്തുകൊണ്ടാണ് ഇയ്യോബിനെ കഷ്ടതയിലാക്കുവാൻ ദൈവം സാത്താനെ അനുവദിച്ചത് എന്നാണ് ഇവിടെ പറയുന്നത്. ഇതിൽ, ഈ കഥയിലൂടെ വിനിമയം ചെയ്യുവാൻ ആഗ്രഹിക്കുന്ന പ്രധാന സന്ദേശമുണ്ട്.

 

അദൃശ്യമായ ലോകത്തിൽ സംഭവിച്ച കാര്യങ്ങൾ അറിയാത്ത കഥാപാത്രങ്ങൾ, ഇയ്യോബിന് വന്നു ഭവിച്ച അനർഹമായ കഷ്ടതയുടെ കാരണം കണ്ടെത്തുവാൻ ശ്രമിക്കുന്നതാണ് കഥ. ഇത് മൂന്ന് ഘട്ടങ്ങളായുള്ള സംഭാഷണങ്ങളിലൂടെ ഗ്രന്ഥകർത്താവ് വിവരിക്കുകയാണ്. ദൈവശാസ്ത്രപരമായ അവരുടെ അറിവും, അറിവിന്റെ പരിമിതിയും ഇവിടെ കാണുന്നു. പരിസമാപ്തിയിൽ എത്തുവാൻ കഴിയാത്ത ഈ സംഭാഷണങ്ങൾക്ക് ഒടുവിൽ, ദൈവം ഇയ്യോബിന്നും സ്നേഹിതർക്കും പ്രത്യക്ഷനാകുന്നു (ഇയ്യോബ് 38: 1, 42: 7). ദൈവം ആദ്യം ഇയ്യോബിനോടും പിന്നീട് അവന്റെ സ്നേഹിതരോടും സംസാരിച്ചു. സകലത്തിന്റെയും മേലുള്ള ദൈവത്തിന്റെ സർവ്വാധിപത്യം അവൻ അവരെ ഓർമ്മിപ്പിച്ചു. അവർ, ഇയ്യോബിനെപ്പോലെ ദൈവത്തെക്കുറിച്ച് വിഹിതമായത് സംസാരിച്ചില്ല എന്നതിനാൽ, അവരുടെ പാപക്ഷമയ്ക്കായി, ഇയ്യോബ് അവർക്കായി ഹോമയാഗം കഴിക്കുവാൻ ദൈവം കൽപ്പിച്ചു. ശേഷം ദൈവം ഇയ്യോബിനെ, പിൻകാലത്ത് ഉണ്ടായിരുന്നതിനെക്കാൾ അധികം ഭൌതീക നന്മകൾ നല്കി അനുഗ്രഹിച്ചു.

 

ചരിത്ര പശ്ചാത്തലവും പ്രധാന വിഷയവും

 

ഇയ്യോബ്, ഊസ് എന്ന പ്രദേശത്താണ് ജീവിച്ചിരുന്നത്. ഇത് കനാൻ ദേശത്തിന് വെളിയിലുള്ള, കനാൻ ദേശത്തിന്നു തെക്കേ ഭാഗത്തുള്ള, ഏദോം ദേശമോ, അറേബിയ ദേശമോ ആണ്. ഈ പ്രദേശം, മെസൊപ്പൊത്താമ്യയിലോ, ഈജിപ്തിലോ ആയിരിക്കുവാനും സാധ്യതയുണ്ട്. മെസൊപ്പൊത്താമ്യ അബ്രാഹാമിന്റെ പിതൃദേശമാണ് (ഉൽപ്പത്തി 24: 4, 7, 10). അബ്രാഹാം യഹോവയായ ദൈവത്തെ ആരാധിച്ചിരുന്നവൻ ആണ്. അദ്ദേഹത്തിന്റെ ദേശത്ത് യഹോവയുടെ ആരാധന അക്കാലത്ത് ഉണ്ടായിരുന്നു. ഇത് ഇയ്യോബും, യഹോവ എന്ന ഏക ദൈവത്തെ ആരാധിക്കുവാനുള്ള കാരണമാണ്.

 

ഇയ്യോബിന്റെ ജീവിതകാലം മോശെയുടെ ന്യായപ്രമാണത്തിന് മുമ്പായിരുന്നു. മോശെയുടെ പ്രമാണത്തോടെ പൌരോഹിത്യം നിലവിൽ വന്നു. എന്നാൽ, നോഹ, അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവരെപ്പോലെ, ഇയ്യോബാണ് അവന് വേണ്ടിയും കുടുംബത്തിനുവേണ്ടിയും യാഗം കഴിച്ചിരുന്നത്. കഥയുടെ അവസാനം, അവന്റെ സ്നേഹിതർക്കുവേണ്ടി യാഗം കഴിക്കുവാൻ ദൈവം കൽപ്പിച്ചത് ഇയ്യോബിനോടാണ്. അതുകൊണ്ടു അവൻ പൌരോഹിത്യവും മോശെയുടെ ന്യായപ്രമാണങ്ങളും നിലവിൽ വരുന്നതിനു മുമ്പ് ജീവിച്ചിരുന്നു എന്നു അനുമാനിക്കാം. 

 

ഇയ്യോബ് 42: 15, അവന്റെ പുത്രിമാർക്ക് അവരുടെ സഹോദരന്മാരോടുകൂടെ അവകാശം കൊടുത്തു എന്നു പറയുന്നു. ഇത് മോശെയുടെ കാലത്തിന് മുമ്പുള്ള രീതി ആയിരുന്നിരിക്കേണം. മോശെയുടെ ന്യായപ്രമാണ പ്രകാരം പുത്രിമാർക്ക് പിതാവിന്റെ സ്വത്തിൽ അവകാശമില്ല.

 

ഇയ്യോബ് 42: 16 പ്രകാരം, ഇയ്യോബ് അവന്റെ കഷ്ടതയുടെ കാലത്തിന് ശേഷം 140 വർഷങ്ങൾ ജീവിച്ചിരുന്നു, അവൻ മക്കളെയും, മക്കളുടെ മക്കളെയും, നാലു തലമുറയോളം കണ്ടു.

 

ഇയ്യോബ് 42: 10, 16

10   ഇയ്യോബ് തന്റെ സ്നേഹിതന്മാർക്കു വേണ്ടി പ്രാർത്ഥിച്ചപ്പോൾ യഹോവ അവന്റെ സ്ഥിതിക്കു ഭേദം വരുത്തി മുമ്പെ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന്നു ഇരട്ടിയായി കൊടുത്തു.

 

16   അതിന്റെശേഷം ഇയ്യോബ് നൂറ്റിനാല്പതു സംവത്സരം ജീവിച്ചിരുന്നു; അവൻ മക്കളെയും മക്കളുടെ മക്കളെയും നാലു തലമുറയോളം കണ്ടു.

 

10 ആം വാക്യം പറയുന്നത്, “മുമ്പെ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന്നു ഇരട്ടിയായി കൊടുത്തു” എന്നാണ്. യഹൂദ പാരമ്പര്യ വിശ്വാസമനുസരിച്ച്, അവന് ആയുസ്സും ഇരട്ടിയായി ലഭിച്ചു. അങ്ങനെയാണ് എങ്കിൽ അവന്റെ മേൽ കഷ്ടത ഉണ്ടായപ്പോൾ അവന് 70 വയസ്സ് പ്രായമായിരുന്നു എന്നു അനുമാനിക്കാം. അതിന്റെ ഇരട്ടിയായ 140 വർഷങ്ങൾ കൂടി ദൈവം അവന് നല്കി. അവന്റെ കഷ്ടതയുടെ കാലം ഒരു ആഴ്ചയിലധികമോ, ചില മാസങ്ങളോ മാത്രമേ നീണ്ടുനിന്നുള്ളൂ. അതിനാൽ അത് ഗണിക്കപ്പെടേണ്ട കാല ദൈർഘ്യമല്ല. അപ്പോൾ, അവന്റെ മൊത്തം ആയുഷ്കാലം 210 വർഷങ്ങൾ എന്നു കണക്കുകൂട്ടാം.  

 

അബ്രാഹാമിന്റെ പിതാവായ തേരഹിന്റെ ആയുഷ്കാലം 205 വർഷങ്ങൾ ആയിരുന്നു (ഉൽപ്പത്തി 11: 32). നോഹയുടെ വെള്ളപ്പൊക്കത്തിന് ശേഷം മനുഷ്യരുടെ ആയുസ്സ് കുറഞ്ഞ് വന്നു. അബ്രാഹാമിന്റെ ആയുസ്സ്, 175 വർഷങ്ങളും, യിസ്ഹാക്കിന്റെ ആയുസ്സ് 180 വർഷങ്ങളും, യാക്കോബിന്റെ ആയുസ്സ് 147 വർഷങ്ങളും ആയിരുന്നു. (ഉൽപ്പത്തി 25: 7; 35: 28; 47: 28).

 

ഇയ്യോബിന്റെ ആയുഷ്ക്കാലം 210 വർഷങ്ങൾ ആണെങ്കിൽ, അബ്രാഹാം മുതൽ യാക്കോബ് വരെയുള്ള പിതാക്കന്മാരുടെ കാലത്ത്, അവൻ ജീവിച്ചിരുന്നു. അങ്ങനെയാണ് എങ്കിൽ ഇയ്യോബ് ഏകദേശം, BC  2100 നും 1900 നും മദ്ധ്യേ ആയിരുന്നിരിക്കേണം ജീവിച്ചിരുന്നത്.

 

ചരിത്ര മനുഷ്യൻ

 

ഇയ്യോബ് ഒരു സങ്കൽപ്പിക കഥാപാത്രം ആയിരുന്നില്ല. അദ്ദേഹം ചരിത്രത്തിൽ എപ്പോഴോ ജീവിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു. ബാബേൽ പ്രവാസ കാലത്ത്, BC 6 ആം നൂറ്റാണ്ടിൽ എഴുതപ്പെട്ട, യേഹേസ്കേൽ പ്രവാചകന്റെ പുസ്തകത്തിൽ, ഇയ്യോബിനെക്കുറിച്ച് പറയുന്നുണ്ട്.

 

യേഹേസ്കേൽ 14: 20 നോഹയും ദാനീയേലും ഇയ്യോബും അതിൽ ഉണ്ടായിരുന്നാലും, എന്നാണ, അവർ പുത്രനെയോ പുത്രിയെയോ രക്ഷിക്കാതെ തങ്ങളുടെ നീതിയാൽ സ്വന്ത ജീവനെ മാത്രമേ രക്ഷിക്കയുള്ളു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.  

 

ഇവിടെ ചരിത്ര പുരുഷന്മാർ ആയിരുന്ന നോഹ, ദാനിയേൽ, എന്നിവരോടൊപ്പമാണ് ഇയ്യോബിന്റെ പേര് പറയുന്നത്. ഇത് അദ്ദേഹം ജീവിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു എന്നതിന്റെ തെളിവാണ്.

 

അപ്പൊസ്തലനായ യാക്കോബ്, അദ്ദേഹത്തിന്റെ ലേഖനത്തിൽ 5 ആം അദ്ധ്യായത്തിൽ, ഇയ്യോബ്, ഏലിയാവ് എന്നിവരെക്കുറിച്ച് പറയുന്നുണ്ട്.

 

യാക്കോബ് 5: 11, 17 

11    സഹിഷ്ണത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്നു പുകഴ്ത്തുന്നു. യോബിന്റെ സഹിഷ്ണത നിങ്ങൾ കേട്ടും കർത്താവു വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കർത്താവു മഹാ കരുണയും മനസ്സലിവുമുള്ളവനല്ലോ.

17   ഏലീയാവു നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന്നു അവൻ പ്രാർത്ഥനയിൽ അപേക്ഷിച്ചു; മൂന്നു സംവത്സരവും ആറു മാസവും ദേശത്തു മഴ പെയ്തില്ല.

 

ഏലിയാവ് നമ്മൾക്ക് സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു എന്നു പറയുന്നത് പോലെ തന്നെയാണ് ഇയ്യോബിനെക്കുറിച്ചും, യാക്കോബ് പറയുന്നത്. രണ്ടും ജീവിച്ചിരുന്ന വ്യക്തികൾ തന്നെയാണ് എന്നായിരുന്നു യാക്കോബിന്റെ വിശ്വാസം.

 

പ്രധാന വിഷയം

 

നമ്മളുടെ കഷ്ടതയിൽ ആശ്വാസം കണ്ടെത്തുവാനായി പൊതുവേ ഉപയോഗിക്കുന്ന പുസ്തകമാണ് ഇയ്യോബിന്റെ പുസ്തകം. മനുഷ്യരുടെ ജീവിതത്തിൽ, അനർഹമായതും, അർഹമായതും ആയ കഷ്ടത എന്തുകൊണ്ടു ഉണ്ടാകുന്നു എന്ന ചിന്ത എല്ലാ കാലത്തും എല്ലാ മനുഷ്യരെയും അലട്ടിയിട്ടുണ്ട്. തത്വചിന്തകർക്കോ, ശാസ്ത്രജ്ഞൻമാർക്കോ, വേദപണ്ഡിതന്മാർക്കോ ഇതിന്റെ കാരണം പൂർണ്ണമായി വിശദീകരിക്കുവാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഇതിൽ, മനുഷ്യ മനസിന് ഗ്രഹിക്കുവാൻ കഴിയാത്ത അനേകം ആത്മീയ മർമ്മങ്ങൾ കൂടിച്ചേർന്നിരിക്കുന്നു എന്നതാണ് കാരണം.

 

ഒരു കാരണത്തിന്റെ ഫലമായുണ്ടാകുന്ന, അർഹമായ കഷ്ടത വിശദീകരിക്കുവാൻ എളുപ്പമാണ് (cause and effect). എന്നാൽ, കഷ്ടതയ്ക്ക് ഒരു കാരണം കണ്ടെത്തുവാൻ കഴിയാതെ വരുമ്പോൾ, നമ്മൾ നിശബ്ദരായി നിന്നുപോകുന്നു. മനുഷ്യരുടെ ജ്ഞാനം പരിമിതമാണ് എന്ന ബോധ്യം നല്കുന്ന അവസരങ്ങൾ ആണിത്.

 

അനർഹമായ കഷ്ടതയുടെ കാരണം അന്വേഷിക്കുന്ന ഒരു ചരിത്ര ഗ്രന്ഥമാണ് ഇയ്യോബിന്റെ പുസ്തകം. ഇയ്യോബിന്റെ ജീവിതത്തിൽ സംഭവിച്ച അനർഹമായ കഷ്ടതയുടെ കാരണം തേടുന്ന കഥാപാത്രങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. അതിന്റെ ഉത്തരം കണ്ടെത്താതെ കഥ അവസാനിക്കുകയും ചെയ്യുന്നു. 

 

ഈ പുസ്തകത്തേക്കുറിച്ച്, വാല്യങ്ങൾ എഴുതിയിട്ടുള്ള പണ്ഡിതന്മാർ ഉണ്ട്. നൂറു കണക്കിന് പ്രഭാഷണങ്ങൾ പറഞ്ഞിട്ടുള്ള പ്രസംഗകർ ഉണ്ട്. അവർ ആരും തന്നെ ഈ പുസ്തകത്തെ പൂർണ്ണമായി വിശദീകരിക്കുവാൻ കഴിഞ്ഞു എന്നു അവകാശപ്പെടുന്നില്ല. അതിനാൽ ഈ പഠനവും, സമ്പൂർണ്ണമാണ് എന്നോ, സമഗ്രമാണ് എന്നോ, അവസാന വാക്കാണ് എന്നോ, അവകാശപ്പെടുന്നില്ല.

 

ഇയ്യോബിന്റെ പുസ്തകത്തിൽ നിന്നും നമുക്ക് പഠിക്കുവാൻ കഴിയുന്ന അനേക വിഷയങ്ങളിൽ, “ദൈവത്തിന്റെ സർവ്വാധിപത്യം” എന്നതാണ് നമ്മൾ ഇവിടെ ഗ്രഹിക്കുവാൻ ശ്രമിക്കുന്നത്. ഈ പ്രപഞ്ചത്തിനുമേൽ, ഇതിലെ ജീവനുള്ളതും, ജീവനില്ലാത്തതുമായ സകലത്തിന്മേലും ദൈവത്തിന് സർവ്വാധികാരമുണ്ട്. അവന്റെ അധികാരം സമ്പൂർണ്ണമാണ്. അത് അവൻ ആരുമായും പങ്കുവെക്കുന്നില്ല. ആരും അതിന് മീതെയല്ല. ഇതെല്ലാം എല്ലാ ദൈവ വിശ്വാസികളും അംഗീകരിക്കുന്ന സത്യമാണ്.

 

ഇയ്യോബിന്റെ പുസ്തകത്തിലെ വിഷയം, പൊതുവായ ദൈവീക സർവ്വാധികാരമല്ല. ഓരോ വ്യക്തിയുടെയും ജീവിതത്തിന് മേലുള്ള ദൈവത്തിന്റെ സർവ്വാധികാരമാണ്. അത് ജീവൻ നല്കുവാനും, അതിനെ എടുക്കുവാനുമുള്ള ദൈവത്തിന്റെ സർവ്വാധികാരമാണ്. അതിന് ആരോടും യാതൊരു കാരണവും ബോധിപ്പിക്കേണ്ടുന്ന ബാധ്യത ദൈവത്തിന് ഇല്ല. അതിന്റെ പ്രയോഗവും, അതിനോടുള്ള ഇയ്യോബിന്റെ പ്രതികരണവും, അതിനെക്കുറിച്ചുള്ള അജ്ഞതയാലുള്ള മറ്റുള്ളവരുടെ പ്രതികരണവും ആണ് ഈ പുസ്തകത്തിലെ പ്രധാന വിഷയം. ഇതാണ് ഈ പുസ്തകത്തിന്റെ സവിശേഷത. 

                            (ഓഡിയോ സന്ദേശം കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

 

ആരായിരുന്നു ഇയ്യോബ്?

 

മദ്ധ്യപൂർവ്വ ദേശത്ത് പുരാതന കാലത്ത് ജീവിച്ചിരുന്ന അതിസമ്പന്നനായ ഒരു മനുഷ്യൻ ആയിരുന്നു ഇയ്യോബ്. വേദപുസ്തകത്തിലെ പ്രധാന വ്യക്തികളിൽ ഒരാളാണ് അദ്ദേഹം. അതിതീവ്രമായ, അനർഹമായ കഷ്ടതകളാൽ പരീക്ഷിക്കപ്പെട്ടു, എങ്കിലും ദൈവത്തെ തള്ളിപ്പറയാതെ, ഈ പരീക്ഷണ ഘട്ടത്തെ അദ്ദേഹം ജയിച്ചു. അങ്ങനെ അദ്ദേഹം അബ്രാഹാമിനോടൊപ്പം വിശ്വാസവീരനായി കണക്കാക്കപ്പെടുന്നു.

 

ഇയ്യോബിന്റെ പുസ്തകം ആരംഭിക്കുന്നത് അദ്ദേഹത്തെ പരിചയപ്പെടുത്തികൊണ്ടാണ്.

 

ഇയ്യോബ് 1: 1 ഊസ് ദേശത്തു ഇയ്യോബ് എന്നു പേരുള്ളോരു പുരുഷൻ ഉണ്ടായിരുന്നു; അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.

 

ഈ പരിച്ചപ്പെടുത്തലിലൂടെ ഗ്രന്ഥകർത്താവ് നമ്മളോട് പറയുന്ന ഒരു സന്ദേശമുണ്ട്. ഇയ്യോബ് ആരാണ് എന്നു മാത്രമല്ല, ഇയ്യോബിനെക്കുറിച്ച് നമ്മൾ എന്ത് മനസ്സിലാക്കിയിരിക്കേണം എന്നു എഴുത്തുകാരൻ പറയുകയാണ്. ഇതൊരു മുന്നറിയിപ്പ് കൂടിയാണ്. അദ്ദേഹം പറയുന്നത്, ഏതോ ഒരു കാലത്ത് ജീവിച്ചിരുന്ന, ഏതോ ഒരു വ്യക്തിയുടെ കഥ അല്ല. ഇത് “നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും” ആയ ഇയ്യോബ് എന്ന മനുഷ്യന്റെ കഥയാണ്. ഇയ്യോബിനെ മറ്റൊരുവനായി കാണുവാൻ ഗ്രന്ഥകർത്താവ് നമ്മളെ അനുവദിക്കുന്നില്ല. അദ്ദേഹം പറയുന്ന ഇയ്യോബിന്റെ കഥ അല്ല വായനക്കാർ വായിക്കുവാൻ ആഗ്രഹിക്കുന്നത് എങ്കിൽ, അവർ ഇത് തുടർന്നു വായിക്കേണ്ടതില്ല.

 

അതായത്, വേദപുസ്തകത്തിലെ, ഇയ്യോബിന്റെ പുസ്തകം, “നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും” ആയ ഇയ്യോബ് എന്ന മനുഷ്യന്റെ കഥയാണ്. ഈ ചിന്ത ആദിയോടന്തം നമ്മളുടെ മനസ്സിൽ ഉണ്ടായിരിക്കേണം. 

 

ഇയ്യോബിനെക്കുറിച്ചുള്ള ഗ്രന്ഥകർത്താവിന്റെ അഭിപ്രായം മാനുഷികമല്ല. യഹോവയായ ദൈവവും ഇതേ സാക്ഷ്യം ഇയ്യോബിനെക്കുറിച്ച് പറയുന്നുണ്ട്.

 

ഇയ്യോബ് 1: 8 യഹോവ സാത്താനോടു: എന്റെ ദാസനായ ഇയ്യോബിന്മേൽ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ എന്നു അരുളിച്ചെയ്തു. 

 

അതായത് എഴുത്തുകാരൻ പറയുന്നു, അദ്ദേഹത്തിന്റെ കഥ “നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും” ആയ ഇയ്യോബ് എന്ന മനുഷ്യനെക്കുറിച്ചാണ്. ദൈവം പറയുന്നു, ഈ കഥയിലെ ഇയ്യോബ്, “നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും” ആണ്.

 

ഇവിടെ ഇയ്യോബിന്റെ പാപം എന്തായിരുന്നു എന്ന നമ്മളുടെ അന്വേഷണത്തെ ആരംഭത്തിൽ തന്നെ എഴുത്തുകാരനും ദൈവവും തള്ളിക്കളയുന്നു. ഇയ്യോബിന്റെ കഷ്ടതയുടെ കാരണം കണ്ടെത്തേണം എങ്കിൽ, അത് ഇയ്യോബിൽ നിന്നല്ല, മറ്റൊരിടത്ത് നിന്നും കണ്ടെത്തേണ്ടിയിരിക്കുന്നു.

 

ഇയ്യോബിനെ ഇവിടെ നീതിമാനായ ഒരു മനുഷ്യനായാണ് എഴുത്തുകാരനും, ദൈവവും അവതരിപ്പിക്കുന്നത്. എന്നാൽ, ആദാമ്യ പാപം കൂടാതെ ആരും ഈ ഭൂമിയിൽ ജനിക്കുന്നില്ല എന്നു നമുക്ക് അറിയാം. യേശുക്രിസ്തു അല്ലാതെ മറ്റൊരു മനുഷ്യനും ആദാമ്യ പാപ പ്രകൃതി കൂടാതെ ജനിച്ചിട്ടില്ല. ഇയ്യോബും ആദാമിന്റെ പിന്തുടർച്ചക്കാരൻ ആണ്. ആദാമിൽ നിന്നും പാപ പ്രകൃതി അദ്ദേഹത്തിന്റെമേലും, ഭാര്യയുടെമേലും, തലമുറകളുടെമേലും ഉണ്ട്. ഇതിനെക്കുറിച്ച് ഇയ്യോബിന് നല്ലതുപോലെ അറിയാമായിരുന്നു.

 

അതിനാൽ ആണ് അവന്റെ മക്കൾ, അവരുടെ ഹൃദയം കൊണ്ട് പാപം ചെയ്തു കാണുമോ എന്നു ഇയ്യോബ് ഭയപ്പെട്ടിരുന്നത്. അതിന് പരിഹാരമായി അദ്ദേഹം യാഗങ്ങൾ അർപ്പിക്കുകയും ചെയ്തു.

 

ഇയ്യോബ് 1: 5 എന്നാൽ വിരുന്നുനാളുകൾ വട്ടംതികയുമ്പോൾ ഇയ്യോബ് പക്ഷെ എന്റെ പുത്രന്മാർ പാപം ചെയ്തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചുപോയിരിക്കും എന്നു പറഞ്ഞു ആളയച്ചു അവരെ വരുത്തി ശുദ്ധീകരിക്കയും നന്നാ രാവിലെ എഴുന്നേറ്റു അവരുടെ സംഖ്യക്കു ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു. 

 

അവന്റെ മക്കൾ, വിരുന്നു നാളുകളിൽ, പാപം ചെയ്തു എന്നോ, ദൈവത്തെ ഹൃദയം കൊണ്ട് ത്യജിച്ചു എന്നോ, ഈ കഥയിൽ പറയുന്നില്ല. എന്നാൽ ആദാമ്യ പാപ പ്രകൃതി, മനുഷ്യർ എന്ന നിലയിൽ അവരിലും ഉണ്ടായിരുന്നതിനാൽ, ഹൃദയ വിചാരത്തിലെങ്കിലും, പാപത്തിനുള്ള സാദ്ധ്യത ഉണ്ടായേക്കാം എന്ന ചിന്തയാണ്, അവർക്കായി യാഗം നടത്തുവാൻ ഇയ്യോബിനെ പ്രേരിപ്പിച്ചത്. യാഗങ്ങൾ അവരുടെ പാപത്തിന് പരിഹാരമായി തീരുകയും ചെയ്തു.  

 

ഈ പുസ്തകത്തിൽ പാപത്തേക്കുറിച്ചോ, നീതികരണത്തെക്കുറിച്ചോ ഉള്ള ദൈവശാസ്ത്ര കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുന്നില്ല. അതിനാൽ, ഇതിനെക്കുറിച്ചുള്ള മൂന്ന് കാര്യങ്ങൾ നമ്മൾ ഇവിടെ ശ്രദ്ധിക്കേണം. 

 

1.  ഇയ്യോബിന്റെ പുസ്തകത്തിൽ, എല്ലാ മനുഷ്യരിലും പകരപ്പെട്ടിരിക്കുന്ന, ആദാമ്യ പാപത്തിന്റെ പിന്തുടർച്ച എന്ന വിഷയം ചർച്ച ചെയ്യപ്പെടുന്നില്ല.

2. മനപ്പൂർവ്വമോ, മനപ്പൂർവ്വമല്ലാത്തതോ ആയ പാപങ്ങൾക്ക് യാഗത്തിലൂടെ അവൻ പരിഹാരം കണ്ടെത്തി.  ഇത് ദൈവത്തോടുള്ള അവന്റെ ഭയം, ബഹുമാനം, സ്നേഹം, എന്നിവയെ കാണിക്കുന്നു. ഈ മനോഭാവവും, അതിന്റെ ഫലമായുളവായ പ്രവർത്തികളും ആണ് അവനെ “നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും” ആക്കിയത്.

3. വിശ്വാസത്താലുള്ള നീതീകരണം എന്ന ഉപദേശം ഇവിടെ ചർച്ചചെയ്യപ്പെടുന്നില്ല.

 

ഇയ്യോബിന്റെ പ്രവർത്തികളെക്കുറിച്ചു അവൻ തന്നെ വിവരിക്കുന്ന വാക്യങ്ങൾ ഉണ്ട്:

 

ഇയ്യോബ് 29: 12 – 17

12   നിലവിളിച്ച എളിയവനെയും അനാഥനെയും തുണയറ്റവനെയും ഞാൻ വിടുവിച്ചു.

13   നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേൽ വന്നു; വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷം കൊണ്ടു ആർക്കുമാറാക്കി.

14   ഞാൻ നീതിയെ ധരിച്ചു; അതു എന്റെ ഉടുപ്പായിരുന്നു; എന്റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു.

15   ഞാൻ കുരുടന്നു കണ്ണും മുടന്തന്നു കാലും ആയിരുന്നു.

16   ദരിദ്രന്മാർക്കു ഞാൻ അപ്പനായിരുന്നു; ഞാൻ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു.

17   നീതികെട്ടവന്റെ അണപ്പല്ലു ഞാൻ തകർത്തു; അവന്റെ പല്ലിൻ ഇടയിൽനിന്നു ഇരയെ പറിച്ചെടുത്തു.    

 

ഇയ്യോബിന്റെ നല്ല പ്രവർത്തികൾ നിമിത്തമാണോ, ദൈവ കൃപയാലാണോ അവൻ നീതിമാനായത് എന്ന വിഷയം ഇവിടെ ചർച്ച ചെയ്യപ്പെടുന്നില്ല. അവൻ നീതിമാൻ ആയി ജീവിച്ചു എന്നതിന്റെ തെളിവായി ഈ വിവരണങ്ങളെ കണ്ടാൽ മതിയാകും. അതായത് നീതിമാന്റെ ഫലം അവന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു.

 

നമ്മൾക്ക് ശരി എന്നു തോന്നുന്നത് അനുസരിച്ച് ജീവിക്കുന്നതല്ല, ദൈവത്തിന് ശരി എന്നു തോന്നുന്നത് അനുസരിച്ച് നമ്മൾ ജീവിക്കുന്നതാണ് നീതിയുടെ ഫലം. ദൈവത്തിന്റെ നീതിയാണ് നമ്മളുടെയും നീതി. 

 

പാപത്തിന്റെ പരിണിത ഫലമായ കഷ്ടത

(retribution theology)

 

മനുഷ്യരുടെ ജീവിതത്തിൽ കഷ്ടത എങ്ങനെ ഉണ്ടാകുന്നു? എന്തുകൊണ്ട് നീതിമാന്മാർ കഷ്ടത അനുഭവിക്കുന്നു? ഈ ചോദ്യത്തിനുള്ള, സാധാരണയായി നമ്മൾ പറയുകയും, കേൾക്കുകയും ചെയ്യുന്ന മറുപടി, മനുഷ്യന്റെ കഷ്ടത അവനെ പാപത്തിന്റെ പരിണിത ഫലമാണ് എന്നാണ്. ഇത് വേഗം പറയുവാനും, നമ്മളുടെ ഉത്തരവാദിത്തത്തിൽ നിന്നു ഒഴിയുവാനും നമ്മളെ സഹായിക്കും. ദൈവത്തെ നമ്മൾ ഇവിടെ പഴിചാരുന്നില്ല എന്ന ഒരു നീതിബോധവും ഇതിലുണ്ട്.

 

മോശെയുടെ ന്യായപ്രമാണം, അന്ന് ഭൂമിയിൽ മനുഷ്യരുടെ ഇടയിൽ നിലവിൽ ഉണ്ടായിരുന്ന സുസെറൈന്‍ ഉടമ്പടിയുടെ രീതിയിൽ രൂപപ്പെടുത്തിയതാണ് (Suzerain treaty). സുസെറൈന്‍ ഉടമ്പടി രണ്ടോ അതില്‍ അധികമോ, രാജ്യങ്ങളോ വ്യക്തികളോ തമ്മിലുള്ള ഒരു ബന്ധം ആണ്. സാധാരണയായി, ഒരു ശക്തനായ രാജാവും അശക്തനായ മറ്റൊരു രാജാവും തമ്മിലായിരിക്കും ഉടമ്പടി ഉണ്ടാകുക. ശക്തനായ രാജാവിനെയാണ് സുസെറൈന്‍ എന്നു വിളിക്കുന്നത്. സുസെറൈന്‍ ഉടമ്പടി, ഉയര്‍ന്ന ഒരു വ്യക്തിയും താഴ്ന്ന ഒരു വ്യക്തിയും തമ്മിലുള്ള ഉടമ്പടി ആയിരുന്നു.

 

ഒരിക്കലും താഴ്ന്ന, ശക്തി കുറഞ്ഞ ഒരു വ്യക്തിക്ക്, ഉയർന്ന ശക്തനായ ഒരു വ്യക്തിയോട് ഒരു ഉടമ്പടി പ്രഖ്യാപിക്കുവാനോ, അതിലെ വ്യവസ്ഥകൾ നിർദ്ദേശിക്കുവാനോ കഴിയുക ഇല്ല. ഉടമ്പടിയും അതിലെ വ്യവസ്ഥകളും സുസെറൈന്‍ എന്ന ഉയർന്ന വ്യക്തി പ്രഖ്യാപിക്കും.

 

ഇതിൽ താഴ്ന്ന വ്യക്തിക്ക് കടമകൾ ഉള്ളതുപോലെ, ഉയർന്ന വ്യക്തിക്ക് ചില ഉത്തരവാദിത്തങ്ങൾ ഉണ്ട്. ഈ ഉത്തരവാദിത്തങ്ങൾ അദ്ദേഹം ചെയ്യാതിരിക്കുകയോ. താഴ്ന്ന വ്യക്തി അദ്ദേഹത്തിന്റെ കടമകൾ നിറവേറ്റാതിരിക്കുകയോ ചെയ്താൽ ഉടമ്പടി ലംഘിക്കപ്പെടും.

 

പാപം എന്ന കാരണം, അതിന്റെ ഫലമായി ഉണ്ടാകുന്ന കഷ്ടത, എന്ന തത്വം മോശെയുടെ ന്യായപ്രമാണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് (cause and effect). ഇതിന്റെ ഉദാഹരമാണ് ആവർത്തന പുസ്തകം 28 ആം അദ്ധ്യായം. ഇവിടെ 1 മുതൽ 14 വരെയുള്ള വാക്യങ്ങളിൽ, ഉടമ്പടി അനുസരിച്ചാൽ ഉണ്ടാകുന്ന അനുഗ്രഹവും, 15 മുതൽ 69 വരെയുള്ള വാക്യങ്ങളിൽ ഉടമ്പടി ലഘിച്ചാൽ ഉണ്ടാകുന്ന ശാപവും വിവരിക്കപ്പെടുന്നു. 

 

എന്നാൽ, ഈ പ്രമാണം, ഇയ്യോബിന്റെ ചരിത്ര കഥയിൽ പ്രസക്തമല്ല. കാരണം, അവൻ മോശെയുടെ ന്യായപ്രമാണത്തിന് മുമ്പ് ജീവിച്ചിരുന്നവൻ ആണ്.

 

പാപത്തിന്റെ പരിണിത ഫലമായ കഷ്ടത എന്ന ചിന്ത, മോശെയുടെ കാലത്തിനും മുമ്പേ, മനുഷ്യരുടെ ആരംഭ കാലം മുതൽ ഉള്ളതാണ്.  കൃത്യമായി പറഞ്ഞാൽ, ആദാമും ഹവ്വയും പാപം ചെയ്ത നാൾ മുതൽ, പാപം എന്ന കാരണവും, കഷ്ടത എന്ന പരിണിത ഫലവും എന്ന തത്വശാസ്ത്രം ഉണ്ട്. എന്നാൽ പാപത്തിന്റെ പരിണിത ഫലമായ കഷ്ടത എന്ന സിദ്ധാന്തം ഇയ്യോബിന്റെ ജീവിത ചരിത്രത്തിൽ പ്രസക്തമല്ല. പാപത്തിന്റെ പരിണിത ഫലമല്ലാതെയും കഷ്ടത ഉണ്ടാകാം എന്ന സന്ദേശമാണ് ഇയ്യോബിന്റെ ചരിത്രം നമ്മളോട് പറയുന്നത്. ഇത് അനർഹമായ കഷ്ടതയാണ്.

 

പാപം എന്ന കാരണവും കഷ്ടത എന്ന ദൈവീക ശിക്ഷയും എന്ന ആശയമാണ് ഇയ്യോബിന്റെ സ്നേഹിതരുടെ കാഴ്ചപ്പാട്. എന്നാൽ അവരുടെ കാഴ്ചപ്പാടിനെ, എഴുത്തുകാരനും, ഇയ്യോബും, ദൈവവും അംഗീകരിക്കുന്നില്ല. ഇയ്യോബിന് കഷ്ടത ഉണ്ടായത്, പാപത്തിന്റെ പരിണിത ഫലത്താൽ അല്ല. ഇത് പറഞ്ഞുകൊണ്ടാണ് ഈ ചരിത്രം ആരംഭിക്കുന്നത്. അതിനാൽ ഇനിയും ഇയ്യോബിന്റെ പാപം എന്തായിരുന്നു എന്നു നമ്മൾ അന്വേഷിക്കുന്നതിൽ അർത്ഥമില്ല.  

 

ഗ്രന്ഥകർത്താവും, ദൈവവും നീതിമാൻ എന്ന് സാക്ഷ്യപ്പെടുത്തിയ ഇയ്യോബിന്റെ ജീവിതത്തിൽ ആണ് കഷ്ടത ഉണ്ടായത്. ഇത് ദൈവത്തിന്റെ സർവ്വാധികാരം സകല മനുഷ്യരുടെമേലും ഉണ്ട് എന്ന സന്ദേശമാണ് നമ്മളോട് പറയുന്നത്. ജീവിതത്തിൽ കഷ്ടത ഉണ്ടായപ്പോൾ ഇയ്യോബ് ആദ്യം പ്രതികരിച്ചത് ഇങ്ങനെയാണ്:   

 

ഇയ്യോബ് 1: 21 നഗ്നനായി ഞാൻ എന്റെ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നു, നഗ്നനായി തന്നേ മടങ്ങിപ്പോകും, യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.

 

ഇയ്യോബിനെക്കുറിച്ച് ചില കാര്യങ്ങൾ കൂടി ഗ്രന്ഥകർത്താവ് പറയുന്നുണ്ട്. ഇത് വായനക്കാർ അറിഞ്ഞിരിക്കണ്ടുന്ന കാര്യങ്ങൾ ആണ്. അവന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ടായിരുന്നു. ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ഏർ കാളയും അഞ്ഞൂറു പെൺ കഴുതയുമായ മൃഗസമ്പത്തും ഏറ്റവും വളരെ ദാസീദാസന്മാരും ഉണ്ടായിരുന്നു; അങ്ങനെ അവൻ പൂർവ്വദേശത്ത് എല്ലായിടവും മഹാനായി അറിയപ്പെട്ടിരുന്നു. ഇതെല്ലാം അവന്റെ ഭൌതീക സമ്പത്തിന്റെ വിവരണം ആണ്.

 

തുടർന്നു നമ്മൾ വായിക്കുന്നത്, അവന്റെ ആത്മീയ ജീവിതത്തെക്കുറിച്ചാണ്. അവൻ എത്രമാത്രം ദൈവത്തെ ഭയപ്പെട്ടിരുന്നു എന്നു നമ്മൾ അറിയുവാനായി, ഗ്രന്ഥകർത്താവ് ഒരു സംഭവം വിവരിക്കുന്നു.  

 

ഇയ്യോബിന്റെ പുത്രന്മാർ, സഹോദരങ്ങൾക്കായി, അവരുടെ വീടുകളിൽ വിരുന്നു ക്രമീകരിക്കുമായിരുന്നു. അതിന് ക്രമീകരിക്കപ്പെട്ട ചില ദിവസങ്ങൾ ഓരോരുത്തർക്കും ഉണ്ടായിരുന്നു. ഓരോരുത്തരുടെ വീടുകളിൽ മാറിമാറി ആയിരുന്നു വിരുന്ന് ക്രമീകരിച്ചിരുന്നത്. ഇതിലേക്കായി സഹോദരിമാരെക്കൂടെ ക്ഷണിക്കുകയും ചെയ്യുമായിരുന്നു. ഇത് പതിവായി നടന്നിരുന്നു.

 

വിരുന്നു നാളുകൾ തീരുമ്പോൾ, വിരുന്നിന്റെ ആഘോഷത്തിൽ, അവർ ദൈവത്തെ മറന്നു ഹൃദയത്തിൽ ചിന്തിക്കുക എങ്കിലും ചെയ്തുവോ എന്നു ഇയ്യോബ് ഭയന്നു. അതിനാൽ പുത്രന്മാരെ ആളയച്ചു വരുത്തി, അവർക്കു വേണ്ടി ഹോമയാഗങ്ങളെ കഴിച്ചു. ഇത് ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു. അദ്ദേഹത്തിന്റെ പുത്രന്മാരോ, പുത്രിമാരോ ദൈവത്തെ മറന്നു എന്തെങ്കിലും പ്രവർത്തിച്ചതായല്ല ഇവിടെ പറയുന്നത്. ഇത് ഇയ്യോബിന്റെ ദൈവ ഭയത്തെയാണ് കാണിക്കുന്നത്. 

 

ഇത്രയും കാര്യങ്ങളാണ് ഇയ്യോബിനെ പരിചയപ്പെടുത്തിക്കൊണ്ട് ഗ്രന്ഥകർത്താവ് പറയുന്നത്. ഇയ്യോബ് എന്നൊരു മനുഷ്യൻ ഊസ് എന്ന ദേശത്ത്, പുരാതന ചരിത്ര കാലത്തിൽ ജീവിച്ചിരുന്നു. അദ്ദേഹത്തിന് 10 മക്കൾ ഉണ്ടായിരുന്നു. അദ്ദേഹം വളരെ സമ്പന്നനും ദൈവ ഭയമുള്ള മനുഷ്യനും ആയിരുന്നു. അവൻ “നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.”

 

ഇങ്ങനെയുള്ള ഒരു മനുഷ്യന്റെ ചരിത്രമാണ് ഗ്രന്ഥകർത്താവ് നമ്മളോട് പറയുന്നത്. ഈ വിവരണങ്ങളിൽ നമ്മൾ ഗ്രന്ഥകർത്താവിനോട് യോജിക്കുന്നില്ല എങ്കിൽ, നമ്മൾ ഇത് തുടർന്ന് വായിക്കേണ്ടതില്ല. അദ്ദേഹം, മറ്റൊരു വ്യക്തിയുടെ കഥ പറയുന്നില്ല. 

(ഇ-ബുക്ക് ഡൗൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

 

കഥ തുടരുന്നു ...

 

ഇയ്യോബിനെ പരിചയപ്പെടുത്തിയത്തിന് ശേഷം, കഥ ദൈവവും സാത്താനും തമ്മിലുള്ള ഒരു കൂടികാഴ്ചയിലേക്ക് പോകുന്നു. ഈ കൂടികാഴ്ചയും അതിന്റെ വിവരങ്ങളും, കഥയിലെ കഥാപാത്രങ്ങൾ ആരും അറിയുന്നില്ല. ഇത് നടക്കുന്നത് എവിടെയാണ് എന്നു നമുക്ക് കൃത്യതയില്ല. എന്നാൽ അത് സ്വർഗ്ഗത്തിൽ ആയിരിക്കുകയില്ല. പിശാചിനെ ദൈവം, അവന്റെ പാപം നിമിത്തം സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കിയതാണ്. പാപത്തിന് വീണ്ടും സ്വർഗ്ഗത്തിൽ പ്രവേശിക്കുവാൻ സാധ്യമല്ല. അതിനാൽ, ആത്മ മണ്ഡലത്തിലുള്ള മറ്റൊരു സ്ഥലത്തുവച്ചാണ് ഈ കൂടികാഴ്ച നടക്കുന്നത്. ഇത് ഒരുപക്ഷെ, പിശാചിന്റെ പ്രവർത്തനങ്ങളെ ദൈവം അന്വേഷിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്ന വേദി ആയിരിക്കാം. സാത്താൻ ദൈവജനത്തിനെതിരെ ദൈവ സന്നിധിയിൽ അപവാദം പറയുന്ന ഇടമായിരിക്കാം (വെളിപ്പാട് 12: 10). ഈ കണ്ടുമുട്ടലിന്റെ സ്ഥലത്തേക്കുറിച്ച് നമുക്ക് വ്യക്തമായ വിവരം ഇല്ല.   

 

ഇയ്യോബ് 1: 6 “ഒരു ദിവസം ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നു; അവരുടെ കൂട്ടത്തിൽ സാത്താനും ചെന്നു.” 

 

ദൈവപുത്രന്മാരുടെ സാന്നിദ്ധ്യം ഉള്ളതുകൊണ്ട്, ഈ കൂടികാഴ്ച സ്വർഗ്ഗത്തിൽ ആകേണം എന്നില്ല. ദൈവപുത്രന്മാർ ആരാണ് എന്ന് നമുക്ക് തീർച്ചയില്ല. എന്നാൽ, നമ്മളുടെ അറിവിൽ, സ്വർഗീയ ദൂതന്മാർ മാത്രമേ, ആത്മ മണ്ഡലത്തിൽ ദൈവ സൃഷ്ടികളായി ഉള്ളൂ. ഈ വാക്യത്തിൽ പറയുന്ന ദൈവപുത്രന്മാർ ആരാണ് എന്നത് ഈ കഥയിൽ പ്രസക്തമല്ല. അവർക്ക് ഇതിൽ യാതൊരു പങ്കും ഇല്ല.

 

ഇവിടെ വിവരിക്കപ്പെടുന്ന പ്രത്യേക കൂടിക്കാഴ്ചയിൽ പങ്കെടുത്തവർ ദൈവത്തോട് കണക്ക് ബോധിപ്പിക്കുക ആയിരുന്നു. സാത്താനും ഇതിനായി ദൈവ സന്നിധിയിൽ നിന്നു. ഇത്, ഇപ്പോഴും, സകല സൃഷ്ടികളും എന്നപോലെ, സാത്താനും, ദൈവത്തിന്റെ സർവ്വാധികാരത്തിന് കീഴിലാണ് എന്നത്തിന്റെ തെളിവാണ്. ദൈവം സാത്താനോട്, അവന്റെ പ്രവർത്തികളുടെ കണക്ക് ചോദിച്ചപ്പോൾ, അവൻ “ഭൂമിയിൽ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു” എന്നു മറുപടി നല്കി. ഇയ്യോബ് 1: 8 ആം വാക്യത്തിൽ, ദൈവം ഇയ്യോബിന്റെ കാര്യം സംഭാഷണ വിഷയമാക്കുന്നു.      

 

ഇയ്യോബ് 1: 8 യഹോവ സാത്താനോടു: എന്റെ ദാസനായ ഇയ്യോബിന്മേൽ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ എന്നു അരുളിച്ചെയ്തു.

 

കഥയുടെ ആരംഭത്തിൽ നമ്മൾ പറഞ്ഞതുപോലെ, ഇയ്യോബ് “നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും” ആണ് എന്നും അവനെപ്പോലെ “ഭൂമിയിൽ ആരും ഇല്ലല്ലോ” എന്നും ദൈവവും സാക്ഷ്യം പറയുകയാണ്. ഈ സാക്ഷ്യം തെളിയിക്കപ്പെടുന്നതാണ് ഇനിയുമുള്ള കഥയുടെ ഇതിവൃത്തം.

 

ദൈവവും സാത്താനും തമ്മിലുള്ള സംഭാഷണത്തിൽ, ഇയ്യോബിനെ കൊണ്ടുവന്നത് ദൈവമാണ്. ഇയ്യോബിന്റെ “വീട്ടിന്നും അവന്നുള്ള സകലത്തിന്നും ചുറ്റും വേലികെട്ടീട്ടില്ലയോ? നീ അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു;” എന്നത് ദൈവം പറഞ്ഞതിനോടുള്ള പിശാചിന്റെ പ്രതികരണമാണ്. ഇതിൽ നിന്നും പിശാച് അവനെ ഉപദ്രവിക്കുവാൻ ശ്രമിച്ചിട്ടില്ല എന്നു വ്യക്തമാണ്. കാരണം, ദൈവത്തിന്റെ വേലിയും, അനുഗ്രഹത്തെയും പിശാചിന് ഭേദിക്കുവാൻ കഴിയുകയില്ല. അവന്റെ ഈ പരിമിതി ഇവിടെ സമ്മതിക്കുകയാണ്. സാത്താൻ ഇയ്യോബിന്റെ മേൽ, അവനെ ഉപദ്രവിക്കുവാനായി, അതുവരെ കണ്ണുവച്ചിട്ടില്ല.

 

അതായത്, ഇതിന് ശേഷം സംഭവിക്കുവാനിരിക്കുന്ന സംഭവങ്ങളിലേക്ക് ഇയ്യോബിനെ കൊണ്ടുവന്നത് ദൈവമാണ്. എന്തിനാണ് ദൈവം ഇങ്ങനെ ചെയ്തത് എന്നു നമുക്ക് അറിഞ്ഞുകൂടാ. കഥ മൊത്തമായി എടുത്താൽ, ദൈവത്തിന്റെ സർവ്വാധികാരത്തിൽ, അവന് അതിനുള്ള അധികാരമുണ്ട് എന്നു മാത്രമേ നമുക്ക് പറയുവാൻ കഴിയൂ.

 

ഇയ്യോബിന്റെ ജീവിതം, അന്നേവരെ മുന്നോട്ട് പോയിരുന്ന അവസ്ഥയിൽ നിന്നും, മറ്റൊരു വഴിയേ നീങ്ങുന്നത്, അവനെക്കുറിച്ചുള്ള ദൈവത്തിന്റെ പ്രസ്താവനയോടെയാണ്. ഇതിനെ തുടർന്നു പിശാച് ഒരു വെല്ലുവിളി ദൈവമുമ്പാകെ വച്ചു. ഇയ്യോബ് ദൈവ ഭക്തനായിരിക്കുന്നത് അവനെ ദൈവം ഭൌതീകമായി അനുഗ്രഹിച്ചതുകൊണ്ടും, അത് നഷ്ടമായി പോകാതെ ഇരിക്കുവാൻ ദൈവം അതിനെ സംരക്ഷിക്കുന്നത് കൊണ്ടും ആണ്. ഭൌതീക അനുഗ്രഹങ്ങൾ നഷ്ടമായാൽ ഇയ്യോബ് ദൈവത്തെ ത്യജിക്കും.

 

ഇത് ഒരു വലിയ വെല്ലുവിളിയാണ്. ഇയ്യോബിന്റെ പുസ്തകം, ഒരു പക്ഷെ വേദപുസ്തകത്തിലെ പുസ്തകങ്ങളിൽ ആദ്യമെഴുതിയ ഗ്രന്ഥമായിരിക്കാം. അല്ലെങ്കിൽ, ആദ്യമെഴുതിയ ഗ്രന്ഥങ്ങളിൽ ഒന്നാണ്. ഇത് മോശെയയ്ക്കും മുമ്പ് ഒരു കാലത്ത് നടന്ന സംഭവമാണ്. ഈ പശ്ചാത്തലം പിശാചിന്റെ വെല്ലുവിളി മനസ്സിലാക്കുന്നതിൽ പ്രധാനമാണ്.

 

ഇയ്യോബ് സകല മനുഷ്യരുടെയും പ്രതീകമാണ്. അവനെക്കുറിച്ചുള്ള സാത്താന്റെ പരമാർശത്തിലും, അവന്റെ ജീവിതത്തിലുള്ള ദൈവീക ഇടപെടലിലും  അവൻ സകല മനുഷ്യർക്കും വേണ്ടി നിൽക്കുന്നു. ഇയ്യോബിനെക്കുറിച്ചും അതിലൂടെ സകല മനുഷ്യരെക്കുറിച്ചും, മനുഷ്യരും ദൈവവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പിശാച് പറഞ്ഞത് ഇതാണ്:

 

1.       ദൈവവും മനുഷ്യനും തമ്മിൽ ഒരു കൊടുക്കൽ  വാങ്ങൽ ബന്ധമാണ് ഉള്ളത്. മനുഷ്യർ ദൈവത്തെ ആരാധിക്കുന്നത്, അവൻ ഭൌതീക അനുഗ്രഹങ്ങൾ നൽകും എന്നതുകൊണ്ട് മാത്രമാണ്. ഭൌതീക അനുഗ്രഹങ്ങളെ സംരക്ഷിക്കുവാൻ വേണ്ടിയാണ് മനുഷ്യർ ദൈവത്തെ ആരാധിക്കുന്നത്. ഇതിൽ, ഇപ്പോൾ നന്മകൾ ലഭിച്ചിട്ടില്ല എങ്കിലും, ഭാവിയിൽ അനുഗ്രഹങ്ങൾ ലഭിക്കും എന്ന പ്രതീക്ഷയും ഉണ്ട്. ഈ പ്രതീക്ഷയും ദൈവത്തെ ആരാധിക്കുവാൻ കാരണമാണ്. അതായത് ഭൌതീക അനുഗ്രഹങ്ങൾ ആണ് മനുഷ്യർ ദൈവത്തെ ആരാധിക്കുവാനുള്ള കാരണം.

 

2.     അതായത്, ദൈവം, അങ്ങനെതന്നെ, ആരാധനയ്ക്ക് യോഗ്യൻ അല്ല. ദൈവം, മനുഷ്യന്റെ എല്ലാ സാഹചര്യത്തിലും - നന്മയിലും, കഷ്ടതയിലും - ആരാധിക്കുവാൻ യോഗ്യൻ അല്ല.  

 

ഇയ്യോബിനെക്കുറിച്ചുള്ള ദൈവത്തിന്റെ  സാക്ഷ്യത്തിൽ, അവൻ ദൈവത്തെ ആരാധിക്കുന്നതും, “നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും” ആയി ഭൂമിയിൽ ജീവിക്കുന്നതും, അവന്റെ ഭൌതീക അനുഗ്രഹങ്ങളുമായി യാതൊരു ബന്ധവും പറയുന്നില്ല. ദൈവം ഇയ്യോബിന് നല്കിയിട്ടുള്ള ഭൌതീക അനുഗ്രഹങ്ങളെക്കുറിച്ച് ദൈവം യാതൊന്നും പറയുന്നില്ല. എന്നാൽ, പിശാചിന്റെ ആരോപണത്തിൽ പറയുന്നു, ഇയ്യോബ് ദൈവത്തെ ആരാധിക്കുന്നതും, അവൻ നീതിയോടെ ജീവിക്കുന്നതും, അവന് ഭൌതീക നന്മകൾ ലഭിക്കുന്നതുകൊണ്ടും അത് സംരക്ഷിക്കപ്പെടുന്നത് കൊണ്ടുമാണ്.  

 

ഇവിടെ ആരോപണം ഉന്നയിക്കുന്നത് പിശാചാണ് എന്നതിനാൽ അത് തെളിയിക്കുവാനുള്ള ബാധ്യത പിശാചിനാണ് ഉള്ളത്. അത് തെളിയിക്കുവാൻ അവൻ തയ്യാറാണ്. എന്നാൽ, ദൈവം ഇയ്യോബിനു ചുറ്റിനും വേലികെട്ടി സംരക്ഷിച്ചിരിക്കുകയാണ്. ഇത്, അവന്റെ ആരോപണങ്ങൾ തെളിയിക്കുവാൻ തടസ്സമാണ്.  

 

ഇയ്യോബ് 1: 10, 11

10   നീ അവന്നും അവന്റെ വീട്ടിന്നും അവന്നുള്ള സകലത്തിന്നും ചുറ്റും വേലികെട്ടീട്ടില്ലയോ? നീ അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു.

11    തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നു ഉത്തരം പറഞ്ഞു.

 

ഇയ്യോബിന് ചുറ്റിനുമുള്ള വേലി, ദൈവത്തിന്റെ സർവ്വാധികാരത്തെയും, പിശാചിന്റെ പരിമിതിയെയും കാണിക്കുന്നു. പിശാചിന്, തത്വത്തിൽ, ഇയ്യോബിന്റെ ജീവിതത്തിൽ കഷ്ടത വരുത്തുവാൻ കഴിയും എങ്കിലും, അതിനുള്ള സർവ്വാധികാരം ഇല്ല. എല്ലാം എപ്പോഴും ദൈവത്തിന്റെ സർവ്വാധികാരത്തിൻ കീഴിൽ ആയിരിക്കുന്നു.

 

ദൈവത്തിന് ആരുടെയും മുന്നിൽ ഒന്നും തെളിയിക്കേണ്ടുന്ന കാര്യം ഇല്ല. അവൻ ഇയ്യോബിനെ കുറിച്ച് പറഞ്ഞത് തെളിയിക്കേണ്ടുന്ന കാര്യം ദൈവത്തിനില്ല. കാരണം, അവൻ പറയുന്നത് എപ്പോഴും “ഉവ്വ്”എന്നത് “ഉവ്വ്” എന്നും “ഇല്ല” എന്നത് “ഇല്ല” എന്നും ആയിരിക്കും. ദൈവത്തിന് മറ്റാരുടെയും പിന്തുണയോ, പ്രതിരോധമോ ആവശ്യമില്ല.  

 

സംഖ്യാപുസ്തകം 23: 19 വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല; താൻ കല്പിച്ചതു ചെയ്യാതിരിക്കുമോ? താൻ അരുളിച്ചെയ്തതു നിവർത്തിക്കാതിരിക്കുമോ?

 

എങ്കിലും, ഇവിടെ ദൈവത്തിന്റെ ഇയ്യോബിനെക്കുറിച്ചുള്ള സാക്ഷ്യത്തെ പിശാച് ചോദ്യം ചെയ്യുകയാണ്. ദൈവത്തിന്റെ സാക്ഷ്യം സത്യവും, കൃത്യവുമല്ല എന്നാണ് പിശാചിന്റെ ആരോപണം. അതിനാൽ ഇയ്യോബിനെക്കുറിച്ചുള്ള ദൈവത്തിന്റെ സാക്ഷ്യം സത്യമാണ് എന്ന് വരേണ്ടതിന്, അതിൽ പിശക് ഉണ്ട് എന്നു തെളിയിക്കുവാനുള്ള സ്വാതന്ത്ര്യം ദൈവം പിശാചിന് നല്കി.

 

ദൈവത്തിന്റെ സർവ്വജ്ഞാനവും സർവ്വാധികാരവും

 

ഇവിടെ ഒരു ചോദ്യം ഉയരുന്നു. പിശാച് ആരോപിച്ചത്തിന് വിപരീതമായി, ഭൌതീക നന്മകൾ ഉള്ളതിനാൽ അല്ല, ഇയ്യോബ് ദൈവത്തെ ആരാധിക്കുന്നത് എന്ന് ദൈവത്തിന് എങ്ങനെ നിശ്ചയമായി അറിയുവാൻ കഴിഞ്ഞു. അതോ ദൈവം അന്നേവരെയുള്ള ഇയ്യോബിന്റെ നീതിയെക്കുറിച്ചാണോ പറഞ്ഞത്. കഠിനമായ കഷ്ടതകൾ ഉണ്ടായാലും, ഇയ്യോബ് ഒരിക്കലും ദൈവത്തെ തള്ളിപ്പറയുക ഇല്ല എന്ന് ദൈവത്തിന് ഉറപ്പുണ്ടായിരുന്നുവോ?

 

ഇതിന്റെ മറുപടിയായി, ഒരു തെറ്റായ വിശദീകരണത്തിൽ നമ്മൾ എത്തിച്ചേരാറുണ്ട്. അതായത്, ഇയ്യോബ് ദൈവത്തെ തള്ളിപ്പറയുക ഇല്ല എന്നു ദൈവത്തിന് മുൻകൂട്ടി അറിയാമായിരുന്നു. ദൈവം സർവ്വജ്ഞാനിയാണ്. അവന് യാതൊന്നും മറഞ്ഞിരിക്കുന്നില്ല. അവന്റെ മുന്നിൽ, ഭൂതകാലവും, വർത്തമാന കാലവും, ഭാവി കാലവും ഒരുപോലെ തുറന്നിരിക്കുന്നു. അതിനാൽ, ദൈവം ഭാവിയിലേക്ക് നോക്കി, ഇയ്യോബിന്റെ ജീവിതത്തിൽ കഷ്ടത ഉണ്ടാകുന്നതും അതിനോട് ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും, നോക്കി കണ്ടു. അവൻ ദൈവത്തെ തള്ളിപ്പറയായാതെ ഇരിക്കുന്നതും കണ്ടു. ഇതിന്റെ അടിസ്ഥാനത്തിൽ, ഇയ്യോബ് ദൈവത്തെ തള്ളിപ്പറയുക ഇല്ല എന്നു ദൈവം മനസ്സിലാക്കി. അതിനാൽ, ദൈവം ഇയ്യോബിന്റെമേൽ കഷ്ടതയെ വരുത്തുവാൻ പിശാചിനെ അനുവദിച്ചു.

 

ഇതൊരു തെറ്റായ, വികലമായ വ്യാഖ്യാനമാണ്. ക്രൈസ്തവ അടിസ്ഥാന ഉപദേശങ്ങളോട് ചേർന്ന് നിൽക്കുന്ന വ്യാഖ്യാനമല്ല.

 

നിശ്ചയമായും ദൈവം സർവ്വജ്ഞാനിയാണ്. എന്നാൽ, ഭാവിയിലേക്ക് നോക്കി, ഒരു മനുഷ്യൻ എന്ത് ചെയ്യും, എന്ത് ചെയ്യില്ല എന്നു മനസ്സിലാക്കി, തീരുമാനങ്ങൾ എടുക്കുന്നതല്ല ദൈവത്തിന്റെ രീതി. ഈ രീതിയിലുള്ള പ്രവർത്തനത്തിൽ ദൈവത്തിന്റെ സർവ്വാധിപത്യത്തിന് ഇടം ഇല്ല. ഭാവിയിൽ എന്തെല്ലാം സംഭവിക്കും എന്നു അറിയാവുന്നവർ എല്ലാം സർവ്വാധികാരികൾ അല്ല. ഭാവി മുൻകൂട്ടി മനസ്സിലാക്കി, കാര്യങ്ങളെ തീരുമാനിക്കുന്നതു സർവ്വാധികാരത്തിന്റെ പ്രയോഗമല്ല.

 

അതായത്, സർവ്വാധികാരം എന്നാൽ, സംഭവങ്ങളെ മുന്നമേ കണ്ടുകൊണ്ട്, കാര്യങ്ങൾ തീരുമാനിക്കുന്നത് അല്ല. സകലതും ക്രമീകരിക്കുന്നതും, സംഭവിക്കുമാറാക്കുന്നതും, അതിന്റെ ആഴവും വ്യാപ്തിയും നിയന്ത്രിക്കുന്നതും ദൈവമാണ്. ഇത് ഭാവിയിലേക്ക് നോക്കി, സംഭവിക്കുവാനിരിക്കുന്നവ മുന്നമേ അറിഞ്ഞുകൊണ്ട് കാര്യങ്ങൾ തീരുമാനിക്കുന്നത് അല്ല. സർവ്വാധികാരത്താൽ ഭാവി തീരുമാനിക്കപ്പെടുന്നതാണ്.

 

മനുഷ്യരുടെ ജീവിതം എന്തായിരിക്കേണം, എങ്ങനെ ആയിരിക്കേണം എന്നെല്ലാം, ദൈവത്തിന്റെ തിരുഹിതത്തിന് ഒത്തവണ്ണം, അവൻ തീരുമാനിക്കുന്നതാണ് അവന്റെ സർവ്വാധികാരം.

 

ദൈവത്തിന്റെ സർവ്വജ്ഞാനം, അവന് തീരുമാനങ്ങൾ എടുക്കുവാനുള്ള അറിവല്ല. അത് അവന്റെ സ്വഭാവസവിശേഷതകളിൽ (attribute) ഒന്നാണ് എന്നു മാത്രം. ഒന്നും ദൈവത്തിന് മറഞ്ഞിരിക്കുന്നില്ല. കാരണം അവൻ സമയ ബന്ധിതൻ അല്ല. അവന് ഭൂതവും, വാർത്തമാനവും, ഭാവിയും, ഇല്ല. അവന് എല്ലാം വർത്തമാന കാലമാണ്.

 

സകല മനുഷ്യർക്കും എന്നപോലെ, ഇയ്യോബിനും, സ്വതന്ത്ര ഇച്ഛാശക്തി ഉണ്ട്. അവന് നന്മയെയോ, തിന്മയെയോ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. സ്വർഗ്ഗീയ ദൂതന്മാരെപ്പോലെ നന്മയോട് ചേർന്ന് നിലക്കുവാനും, വീണുപോയ ദൂതന്മാരെപ്പോലെ തിൻമയോട് ചേരുവാനുമുള്ള സ്വാതന്ത്ര്യം എല്ലാ മനുഷ്യർക്കും ഉണ്ട്. ആദാം, ഹവ്വ എന്നിവരെപ്പോലെ തിൻമയോട് ചേരുവാനും, യേശുക്രിസ്തുവിനെപ്പോലെ തിന്മയെ തള്ളിക്കളയുവാനും അവന് സ്വാതന്ത്ര്യം ഉണ്ട്. 

 

അങ്ങനെയാണ് എങ്കിൽ, ഇയ്യോബ് നീതിമാനാണ് എന്നു അരുളിച്ചെയ്ത ദൈവം, അവനെ പിശാചിന്റെ കൈയ്യിൽ എൽപ്പിക്കുമ്പോൾ, അവൻ പറഞ്ഞതിന് എതിരായത് സംഭവിക്കുവാനുള്ള സാദ്ധ്യത ഉണ്ടായിരുന്നില്ലേ. ഇവിടെ ദൈവം ഒരു അപകടസാദ്ധ്യത ഏറ്റെടുക്കുക ആയിരുന്നുവോ? ഈ ചോദ്യത്തിനുള്ള ഉത്തരം, ദൈവം ഒരു അപകടസാദ്ധ്യത ഏറ്റെടുക്കുക ആയിരുന്നില്ല. സകലതും അവന്റെ സർവ്വാധികാരത്തിൻ കീഴിലാണ്. ഇതിനെക്കുറിച്ച് ഈ സന്ദേശത്തിന്റെ അവസാനം നമുക്ക് ചിന്തിക്കാം.

 

ഇയ്യോബിന്റെ കഷ്ടതയുടെ കാരണം

 

പിശാചിന്റെ വെല്ലുവിളിയിലേക്ക് നമുക്ക് തിരികെ പോകാം. യാഥാർത്ഥത്തിൽ, സാത്താൻ വെല്ലുവിളിച്ചത്, ഇയ്യോബിന്റെ വിശ്വാസത്തെയല്ല. മനുഷ്യന്റെ എല്ലാ സാഹചര്യങ്ങളിലും, ദൈവം ആരാധനാ യോഗ്യൻ ആണോ എന്നതാണ് വെല്ലുവിളിയുടെ സാരം. മനുഷ്യരുടെ നന്മയുടെ സാഹചര്യത്തിലും തിന്മയുടെ നാളുകളിലും, അവന് ആരാധിക്കുവാൻ തക്കവണ്ണം ദൈവം യോഗ്യൻ ആണോ? അതേ എന്നു ദൈവത്തിന് ഉറപ്പുണ്ട് എങ്കിലും, അല്ല എന്നു തെളിയിക്കുവാനുള്ള അവസരം പിശാചിന് ലഭിക്കുന്നു. ഇതാണ് ഇയ്യോബിന്റെ കഷ്ടതയുടെ കാരണം.

 

പിശാചിന്റെ വെല്ലുവിളി, ഇയ്യോബിനെതിരെയല്ല, ദൈവത്തിന് എതിരെയാണ്. ആരാധനയ്ക്കുള്ള ദൈവത്തിന്റെ യോഗ്യതയ്ക്ക് എതിരായ വെല്ലുവിളി ആണ്. ഈ വെല്ലുവിളിയിൽ പങ്കാളിയാകുകയും, സാത്താനെ തോൽപ്പിക്കുകയും ചെയ്യുക എന്നത് ഇയ്യോബിന് ലഭിച്ച വിശേഷ ഭാഗ്യമോ, വിശേഷ അവകാശമോ ആണ് (privilege). ഇത് കഷ്ടതയല്ല, ദൈവത്തിനുവേണ്ടിയുള്ള, പിശാചിന് എതിരായുള്ള പോരാട്ടമാണ്. പോരാട്ടത്തിൽ വിജയിക്കുക നമ്മളുടെ കടമയാണ്. അത് ദൈവത്തിന്റെ ജയമാണ്.

 

ഈ പോരാട്ടത്തിൽ ദൈവം പരാജയപ്പെടുകയില്ല. ദൈവം പോരാട്ടത്തിനായി തിരഞ്ഞെടുക്കുന്ന മനുഷ്യരും തോൽക്കുക ഇല്ല.

 

ഇയ്യോബിന്റെ പ്രതികരണങ്ങൾ

 

നമ്മൾ മുമ്പ് മനസ്സിലാക്കിയതുപോലെ, ഇയ്യോബിന്റെ പുസ്തകം ഒന്നാമത്തെ അദ്ധ്യായം ഒന്നാം വാക്യം മുതൽ, 2 ആം അദ്ധ്യായം 7 ആം  വാക്യം വരെയുള്ള വേദഭാഗം, ഈ ചരിത്ര കഥയുടെ ആമുഖമാണ്. ഇതിൽ, ഇയ്യോബിന് സംഭവിച്ച കഷ്ടതകളുടെ ലഘുവായ വിവരണം ഒഴികെ, മറ്റുള്ളതെല്ലാം അദൃശ്യമായ ഒരു ലോകത്തിൽ വച്ചു സംഭവിക്കുന്നതാണ്. അതിനെക്കുറിച്ച് ഗ്രന്ഥകർത്താവ്, വായനക്കാരെ അറിയിക്കുന്നു എങ്കിലും, ഇയ്യോബിന് അതിനെക്കുറിച്ച് യാതൊന്നും അറിയില്ല. ഇയ്യോബിന്റെ കഷ്ടതയ്ക്ക് മുമ്പോ, കഷ്ടതയുടെ നാളുകളിലോ, കഷ്ടതയ്ക്ക് ശേഷമോ, ദൈവ സന്നിധിയിൽ സംഭവിച്ചതിനെക്കുറിച്ച് യാതൊന്നും അവന് അറിയില്ല. അതായത് അവന്റെ കഷ്ടതയുടെ കാരണം എന്തായിരുന്നു എന്നു ഇയ്യോബ് അവന്റെ ഈ ഭൂമിയിലെ ജീവിത കാലത്ത് അറിഞ്ഞിരുന്നില്ല. അതിനാൽ, കഷ്ടതയോടുള്ള അവന്റെ പ്രതികരണത്തിന് വലിയ പ്രാധാന്യമുണ്ട്. ഇതിലൂടെയാണ് ഗ്രന്ഥകർത്താവ്, ദൈവത്തിന്റെ സർവ്വാധിപത്യം എന്ന ആശയം നമ്മളിൽ എത്തിക്കുന്നത്.

 

പിശാചിന്റെ വെല്ലുവിളി, രണ്ട് ഘട്ടങ്ങളിലായാണ് ഗ്രന്ഥകർത്താവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒന്നാമത്തെ അദ്ധ്യായത്തിൽ, ദൈവവുമായുള്ള ആദ്യത്തെ കണ്ടുമുട്ടൽ ഉണ്ടായി. അവിടെ ഇയ്യോബിന്റെ സകല സമ്പത്തിന്റെമേലും നാശം വിതയ്ക്കുവാനുള്ള സ്വാതന്ത്ര്യം സാത്താന് ലഭിച്ചു (1: 12). അതിന്റെ ഫലമായി, ഇയ്യോബിന്റെ, മൃഗസമ്പത്ത് മുഴുവൻ ഒറ്റ ദിവസം തന്നെ ശത്രുക്കൾ പിടിച്ചുകൊണ്ട് പോയി. അവർ വേലക്കാരെ കൊന്നു. ശേഷിച്ചവയുടെമേൽ, ആകാശത്ത് നിന്നും തീ ഇറങ്ങി വന്നു, അതെല്ലാം കത്തിപ്പോയി. ഇയ്യോബിന്റെ മക്കൾ, അവരുടെ ജേഷ്ഠ സഹോദരന്റെ വീട്ടിൽ പതിവ് പോലെ വിരുന്നു കഴിക്കുവാൻ ഒരുമിച്ച് കൂടിയിരുന്നു. പെട്ടന്ന്, മരുഭൂമിയിൽനിന്നു ഒരു കൊടുങ്കാറ്റു വന്നു, അവർ ഇരുന്ന വീട് തകർത്തു, അത് അവരുടെമേൽ വീണു, അവർ മരിച്ചുപോയി. ഇതാണ് ഇയ്യോബിന്റെ കഷ്ടതയുടെ ഒന്നാമത്തെ ഘട്ടം.

 

ഈ സംഭവത്തിന് ശേഷം, വീണ്ടും ദൈവവും, സാത്താനും കണ്ടുമുട്ടി. ഇത് രണ്ടാം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇവിടെ ദൈവം വീണ്ടും, ഇയ്യോബിനെക്കുറിച്ചുള്ള സാക്ഷ്യം പ്രസ്താവിക്കുന്നു. ഒപ്പം, ഇയ്യോബിന് സംഭവിച്ച കഷ്ടതയിൽ ദൈവം ദുഖിക്കുകയും ചെയ്യുന്നു. പിശാച് വെല്ലുവിളിച്ചതുപോലെയുള്ള കാര്യങ്ങൾ തെളിയിക്കുവാൻ അവന് കഴിഞ്ഞില്ല എന്ന കാര്യവും ദൈവം ഓർമ്മിപ്പിക്കുന്നു. ഇതോടെ, ഇയ്യോബിന്റെ കഷ്ടത അവസാനിപ്പിക്കാമായിരുന്നു.

 

എന്നാൽ, ദൈവം അവർക്ക് നല്കുന്ന ഭൌതീക നന്മകൾ കാരണമാണ് മനുഷ്യർ ദൈവത്തെ ആരാധിക്കുന്നത് എന്ന വാദത്തിൽ സാത്താൻ ഉറച്ചു നിന്നു. ഭൌതീക നന്മകളിൽ, അവരുടെ ശരീരത്തിന്റെ ആരോഗ്യവും ഉൾപ്പെടും. അതിന്മേൽ കൈവയ്ക്കുവാൻ ദൈവം ഇതുവരെയും അനുവദിച്ചിട്ടില്ല. ഇയ്യോബിന്റെ ശരീരത്തിൽ കഷ്ടത ഉണ്ടായാൽ തീർച്ചയായും, അവന് ദൈവത്തെ ആവശ്യമില്ലാതെ വരും, അവൻ ദൈവത്തെ തള്ളിപ്പറയും. അങ്ങനെ, ഇയ്യോബിന്റെ അസ്ഥിയിൻമേലും, മാംസത്തിന്മേലും കഷ്ടത വരുത്തുവാൻ സാത്താന് ദൈവം അനുവാദം കൊടുത്തു. അവന്റെ പ്രാണനെ തൊടരുത് എന്ന കൽപ്പനയും ദൈവം നല്കി.

 

ഇവിടെയെല്ലാം നമ്മൾ ദൈവത്തിന്റെ സർവ്വാധികാരത്തെ ആവർത്തിച്ച്  കാണുകയാണ്. പിശാചിന് എന്ത് ചെയ്യാം, ഏതറ്റം വരെ പോകാം എന്നു ദൈവം തീരുമാനിക്കും. ഒരു ദൈവഭക്തനായ മനുഷ്യന്റെ ജീവിതത്തിൽ, സാത്താന് ചെയ്യുവാൻ കഴിയുന്ന പ്രവർത്തിയുടെ നീളവും, വീതിയും, ആഴവും എന്തായിരിക്കേണം എന്ന് തീരുമാനിക്കുന്നത് ദൈവമാണ്. പിശാചിന്റെ പ്രവർത്തികളുടെ അതിരുകളെ നിശ്ചയിക്കുന്നത് ദൈവമാണ്. അതിനപ്പുറത്തേക്ക് യാതൊന്നും ചെയ്യുവാൻ പിശാചിന് കഴിയുക ഇല്ല. എക്കാലവും കഷ്ടത വരുത്തുവാനും പിശാചിന് കഴിയുക ഇല്ല. സകലതും, എപ്പോഴും, ദൈവത്തിന്റെ സർവ്വാധികാരത്തിന് കീഴിലാണ്.

 

ഇതോടെ, ഇയ്യോബിന്റെ രണ്ടാമത്തെ കഷ്ടത ആരംഭിക്കുന്നു. ഇയ്യോബിന്റെ ഉള്ളങ്കാൽ മുതൽ നെറുകവരെ കഠിനമായ പരുക്കൾ ഉണ്ടായി.

 

ദൈവം തന്നു, ദൈവം എടുത്തു

 

ഇയ്യോബിന്റെ ജീവിതത്തിൽ പെട്ടന്ന് വലിയ നാശമാണ് ഉണ്ടായത്. അവന്റെ സമ്പത്തും മക്കളും ഒറ്റദിവസം തന്നെ ഇല്ലാതായി. അവന്റെ മൃഗസമ്പത്ത് നഷ്ടപ്പെട്ടതിനെക്കുറിച്ച് അറിയിക്കുവാനായി ഓടിവന്ന ദാസൻ ഇങ്ങനെയാണ് പറഞ്ഞത്:

 

ഇയ്യോബ് 1: 16 അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ വേറൊരുത്തൻ വന്നു; ദൈവത്തിന്റെ തീ ആകാശത്തുനിന്നു വീണു കത്തി, ആടുകളും വേലക്കാരും അതിന്നു ഇരയായ്പോയി; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.

 

അവൻ പറഞ്ഞത്, “ദൈവത്തിന്റെ തീ ആകാശത്തുനിന്നു വീണു കത്തി” എന്നാണ്. ഇത് ഇയ്യോബിന്റെ പ്രതികരണത്തിന് മുന്നോടിയാണ്. ദൈവമല്ലാതെ മറ്റാരും ഇയ്യോബിന്റെ സമ്പത്തിന്മേൽ തൊടുകയില്ല എന്ന വിശ്വാസമാണ്. സാത്താനാണ് ഇത് ചെയ്തത് എങ്കിലും അതിന്റെ അന്തിമ ഉത്തരവാദി ദൈവം തന്നെയാണ്. ദൈവം ഒരിക്കലും അതിൽ നിന്നും മാറിനിൽക്കുന്നില്ല. അവന്റെ സർവ്വാധികാരത്തിൽ അല്ലാതെ യാതൊന്നും സംഭവിക്കുന്നില്ല.

 

ഇതിന് ശേഷം മറ്റൊരു ദാസൻ ഓടിവന്നു, ഇയ്യോബിന്റെ മക്കളുടെ മരണം അറിയിച്ചു. അപ്പോൾ ഇയ്യോബ് പ്രതികരിച്ചതിങ്ങനെയാണ്”

 

ഇയ്യോബ് 1: 20, 21

20 അപ്പോൾ ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി തല ചിരെച്ചു സാഷ്ടാംഗം വീണു നമസ്കരിച്ചു:

21   നഗ്നനായി ഞാൻ എന്റെ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നു, നഗ്നനായി തന്നേ മടങ്ങിപ്പോകും, യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.

 

ഇതാണ് ഇയ്യോബിന്റെ കഷ്ടതയോടുള്ള അവന്റെ ആദ്യത്തെ പ്രതികരണം. അവൻ പറഞ്ഞത് ഇതെല്ലാമാണ്: ഞാൻ നഗ്നയായി ഈ ഭൂമിയിൽ ജനിച്ചു. എനിക്കു ഉണ്ടായിരുന്ന ഭൌതീക നന്മകൾ എല്ലാം ദൈവം തന്നത്താണ്. സമ്പത്തും മക്കളും ദൈവത്തിന്റെ ദാനമാണ്. അത് യഹോവ തിരികെ എടുത്തിരിക്കുന്നു. ഇതിൽ യാതൊന്നും അവന് പരാതിപറയുവാൻ ഇല്ല. അതിനാൽ, ദൈവത്തിന്റെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ.

 

ഭൌതീക അനുഗ്രഹങ്ങളെ നല്കുവാനും അത് തിരികെ എടുക്കുവാനും ദൈവത്തിന് അധികാരമുണ്ട്. അവൻ അനുഗ്രഹങ്ങളെ തന്നത് അവന്റെ സർവ്വാധികാരത്താൽ ആണ്. അതിൽ ഇയ്യോബിന് യാതൊരു പങ്കുമയില്ല. അവന്റെ നീതി കാരണം അവന് ഭൌതീക നന്മകൾ ലഭിച്ചതല്ല. ദൈവത്തിന്റെ സർവ്വാധികാരത്താൽ, ഭൌതീക നന്മകൾ ദൈവം അവന് കൊടുത്തു എന്നു മാത്രമേയുള്ളൂ.

 

അതിനാൽ തന്നെ അത് എല്ലാം തിരികെ എടുക്കുവാൻ ദൈവത്തിന് സകല അധികാരവും ഉണ്ട്. എപ്പോൾ വേണമെങ്കിലും ദൈവത്തിന് അതെല്ലാം തിരികെ എടുക്കാം. തരുന്നതും, എടുക്കുന്നതും ദൈവത്തിന്റെ സർവ്വാധികാരത്തിൽപ്പെട്ട കാര്യമാണ്. അതിൽ ഇയ്യോബിന് യാതൊരു പങ്കും ഇല്ല.

 

ഭൌതീക നന്മകൾ ഇയ്യോബിന് ലഭിക്കുന്നതിന് മുമ്പ് അതെല്ലാം ദൈവത്തിന്റേത് ആയിരുന്നു. നന്മകൾ ഇയ്യോബിന് ലഭിച്ചതിന് ശേഷവും, അതെല്ലാം ദൈവത്തിന്റേതാണ്. ഇപ്പോൾ തിരികെ എടുത്തു കൈവശം വച്ചിരിക്കുന്നതും ദൈവമാണ്.

 

യെരൂശലേം ദൈവാലയത്തിന്റെ നിർമ്മാണത്തിനായി ദാവീദ് രാജാവും, ജനവും, സ്വര്‍ണ്ണവും, തങ്കവും, വെള്ളിയും, താമ്രവും, ഇരുമ്പും, നാനവർണ്ണമുള്ള കല്ലുകളും, വിലയേറിയ സകലവിധ രത്നങ്ങളും, മറ്റ് വിലകൂടിയ അനേകം കാര്യങ്ങളും ദാനമായി നല്‍കി. അതിന് ശേഷം ദാവീദ് ഇങ്ങനെ പ്രാർത്ഥിച്ചു:

 

1 ദിനവൃത്താന്തം 29: 14 എന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂർവ്വമായി ദാനം ചെയ്യേണ്ടതിന്നു പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ ജനവും എന്തുള്ളു? സകലവും നിങ്കൽനിന്നല്ലോ വരുന്നതു; നിന്‍റെ കയ്യിൽനിന്നു വാങ്ങി ഞങ്ങൾ നിനക്കു തന്നതേയുള്ളു.

 

ഭൌതീക നന്മകളും അർഹതയും

 

ഭൌതീക നന്മകളും അർഹതയും തമ്മിൽ ഇയ്യോബ് ബന്ധിപ്പിക്കുന്നില്ല. അതിന്റെ നഷ്ടവും അനർഹതയും തമ്മിലും അദ്ദേഹം ബന്ധിപ്പിക്കുന്നില്ല. ഭൌതീക നന്മകൾ അർഹതയുടെ അടിസ്ഥാനത്തിൽ ലഭിച്ചതല്ല. അതിന്റെ നഷ്ടത്തിന് അനർഹത കാരണമല്ല.

 

ഇയ്യോബിന്റെ നീതിബോധത്തിന്റെ ആഴമാണ് നമ്മൾ ഇവിടെ കാണുന്നത്. അവൻ ദൈവത്തെ ആരാധിച്ചിരുന്നത്, അവനുള്ള ഭൌതീക അനുഗ്രഹങ്ങൾ കാരണമായിരുന്നില്ല. അനുഗ്രഹങ്ങൾ ഭാവിയിൽ ലഭിക്കും എന്ന പ്രതീക്ഷയിൽ ദൈവത്തെ ആരാധിക്കുക ആയിരുന്നില്ല. ലഭിച്ചുകഴിഞ്ഞ ഭൌതീക അനുഗ്രഹങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി ദൈവത്തെ ആരാധിക്കുക ആയിരുന്നില്ല.

 

ഇയ്യോബും ദൈവവും തമ്മിലുള്ള ബന്ധത്തിൽ ഭൌതീക നന്മകൾ ഒരു ഘടകമേ ആയിരുന്നില്ല. ദൈവത്തെ ആരാധിക്കുന്നതിൽ ഭൌതീകത ഒരു ഘടകമോ, പ്രതീക്ഷ പോലുമോ ആയിരുന്നില്ല. ഭൌതീക അനുഗ്രഹങ്ങൾ ഉള്ളപ്പോഴും, അവന് ദൈവത്തെ നീതിയോടെയും, നിഷ്കളങ്കതയോടെയും, ദോഷം വിട്ടകലുന്നവനായും, ആരാധിക്കുവാൻ കഴിഞ്ഞത്, ഭൌതീകതയുമായുള്ള അവന്റെ വേർപാട് ആണ്. അനുഗ്രഹങ്ങൾ നഷ്ടപ്പെട്ടപ്പോഴും അവന്റെ ആരാധനയ്ക്ക് മാറ്റം വരാതെയിരുന്നതും അവന്റെ ഭൌതീകതയോടുള്ള വേർപാട് കാരണമാണ്.

 

എല്ലാ ഭൌതീക നന്മകളും ഉപേക്ഷിക്കുന്നത് അല്ല വേർപാട്. ഭൌതീകത ഒരുവന്റെ ജീവിതത്തെയും ആരാധനയെയും നിയന്ത്രിക്കാതിരിക്കുന്നതാണ് വേർപാട്. ഏതെങ്കിലുമൊരു ഭൌതീക വസ്തുവിനെ ഉപേക്ഷിക്കുന്നതല്ല, അതിനോടുള്ള മനോഭാവമാണ് വേർപാട്. ഭൌതീകതയുമായി ബന്ധിക്കപ്പെടാത്ത ജീവിതമാണ് വേർപ്പെട്ട ജീവിതം. അതിനോട് മോഹമില്ലാത്ത ജീവിതമാണ് വേർപ്പെട്ട ജീവിതം.  

 

അനുഗ്രഹങ്ങൾ ഉണ്ടായാലും, ഇല്ലാതെ ആയാലും, അതിൽ ഇയ്യോബിന് കാര്യമില്ല. അത് ദൈവത്തിന്റെ സർവ്വാധികാരമാണ്. അവൻ എപ്പോഴും, എല്ലാ സാഹചര്യങ്ങളിലും, ദൈവത്തെ ആരാധിച്ചുകൊണ്ടിരിക്കും. ഇയ്യോബിന്റെ ആദ്യത്തെ പ്രതികരണം നോക്കുക:

 

ഇയ്യോബ് 1: 20, 21

20 ... സാഷ്ടാംഗം വീണു നമസ്കരിച്ചു:

21   ... യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ

 

നന്മയും തിന്മയും കൈക്കൊള്ളേണം

 

ഇയ്യോബിന്റെ രണ്ടാമത്തെ പ്രതികരണം, 2 ആം അദ്ധ്യായത്തിൽ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇയ്യോബിന്റെ ശരീരത്തെ മുഴുവൻ കഠിനമായ പരുക്കൾ ബാധിച്ചു. അപ്പോൾ അവന്റെ ഭാര്യ, ദൈവത്തെ ത്യജിച്ചുകളയുവാൻ അവനെ ഉപദേശിച്ചു. അവളോടുള്ള ഇയ്യോബിന്റെ മറുപടി ഇങ്ങനെ ആയിരുന്നു:

 

ഇയ്യോബ് 2: 10 ... നാം ദൈവത്തിന്റെ കയ്യിൽനിന്നു നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ എന്നു പറഞ്ഞു.

 

ദൈവം തന്റെ സർവ്വാധികാരത്താൽ, നമുക്ക് നന്മ തന്നു. നമ്മൾ അത് സ്വീകരിച്ചു. ഇപ്പോൾ ദൈവം അവന്റെ സർവ്വാധികാരത്താൽ തിന്മ തന്നിരിക്കുന്നു. അതും നമ്മൾ സ്വീകരിക്കേണം. ഇതാണ് ഇയ്യോബിന്റെ ദൈവശാസ്ത്രം.

 

ഇവിടെ മുമ്പ് പറഞ്ഞ പ്രസ്താവനയിൽ ഊന്നൽ നൽകാത്ത ഒരു കാര്യം കൂടി ഇയ്യോബ് പറയുന്നുണ്ട്. നമ്മളുടെ ജീവിതത്തിൽ ഇടപ്പെടുവാൻ ദൈവത്തിന് സർവ്വാധികാരമുണ്ട്. നമ്മളുടെ ജീവിതത്തിന്റെ അധികാരി അവനാണ്. നന്മ ലഭിച്ചത്, അവന്റെ അധികാരത്താൽ നമ്മളുടെ ജീവിതത്തിലുള്ള ഇടപെടൽ ആയിരുന്നു. തിന്മ ലഭിക്കുന്നത്, അതേ അധികാരത്താൽ ഉള്ള ഇടപെടൽ മാത്രമാണ്.

 

വ്യക്തിപരമായി, നമ്മളുടെ ജീവിതത്തിൽ ഇടപ്പെടുവാൻ ദൈവത്തിന് അധികാരമുണ്ട്. അവന് എപ്പോൾ വേണമെങ്കിലും, എങ്ങനെ വേണമെങ്കിലും ഇടപ്പെടുവാൻ കഴിയും. അതിനെയാണ് ദൈവീക സർവ്വാധികാരം എന്നു വിളിക്കുന്നത്.

 

ഇയ്യോബ്, ഭൌതീകതയോടുള്ള അവന്റെ വേർപാട് ഒന്നാമത്തെ പ്രസ്താവനയിൽ പറഞ്ഞു. രണ്ടാമത്തെ പ്രസ്താവനയിൽ, അവൻ ദൈവത്തിന്റെ സർവ്വാധികാരത്തിന് കീഴ്പ്പെടുകയാണ്. അവൻ എപ്പോഴും ദൈവത്തിന് കീഴപ്പെട്ടിരുന്നു, ഇപ്പോൾ വീണ്ടും അത് ആവർത്തിച്ചു പ്രഖ്യാപിക്കുന്നു. നന്മ ലഭിച്ചപ്പോൾ, അവൻ ദൈവത്തിന് കീഴപ്പെട്ടിരുന്നു, തിന്മ ലഭിച്ചപ്പോഴും ദൈവത്തിന് കീഴപ്പെട്ടിരുന്നു. അവന്റെ ജീവിതത്തിൽ എപ്പോഴും, എങ്ങനെയും ഇടപ്പെടുവാൻ ദൈവത്തിന് അധികാരമുണ്ട്.

 

ഇയ്യോബ് പറഞ്ഞ ശ്രദ്ധേയമായ മൂന്നാമത്തെ പ്രസ്താവന, 42 ആം ആദ്ധ്യായത്തിന്റെ ആരംഭത്തിൽ രേഖപ്പെടുത്തിയിടുണ്ട്.

 

ഇയ്യോബ് 42: 1-6  

1     അതിന്നു ഇയ്യോബ് യഹോവയോടു ഉത്തരം പറഞ്ഞതു:

2    നിനക്കു സകലവും കഴിയുമെന്നും നിന്റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ അറിയുന്നു.

3    (ദൈവം ചോദിച്ചു - NKJV) അറിവുകൂടാതെ ആലോചനയെ മറിച്ചുകളയുന്നോരിവനാർ? (ഇയ്യോബിന്റെ മറുപടി) അങ്ങനെ എനിക്കറിഞ്ഞുകൂടാതവണ്ണം അത്ഭുതമേറിയതു ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി.

4    കേൾക്കേണമേ; ഞാൻ സംസാരിക്കും; ഞാൻ നിന്നോടു ചോദിക്കും; എന്നെ ഗ്രഹിപ്പിക്കേണമേ.

5    ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു.

6    ആകയാൽ ഞാൻ എന്നെത്തന്നേ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു.

 

Job 42: 3 You asked, 'Who is this who hides counsel without knowledge?' Therefore I have uttered what I did not understand, Things too wonderful for me, which I did not know. (NKJV)

 

ഇയ്യോബ് 38: 1, 2 

1     അനന്തരം യഹോവ ചുഴലിക്കാറ്റിൽ നിന്നു ഇയ്യോബിനോടു ഉത്തരം അരുളിച്ചെയ്തതെന്തെന്നാൽ:

2    അറിവില്ലാത്ത വാക്കുകളാൽ ആലോചനയെ ഇരുളാക്കുന്നോരിവനാർ?

 

42: 1 - 6 വാക്യങ്ങൾ ആണ് ഈ ജീവ ചരിത്രത്തിന്റെ ഉപസംഹാരം. ഗ്രന്ഥകർത്താവ് വായനക്കാരോട് പറയുവാൻ ആഗ്രഹിച്ചതെല്ലാം ഈ വാക്കുകളിൽ ഉണ്ട്. ഇയ്യോബ് പറഞ്ഞു: “നിനക്കു സകലവും കഴിയുമെന്നും നിന്റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ അറിയുന്നു.” അവന്റെ ജീവിതത്തിനുമേലുള്ള ദൈവത്തിന്റെ സർവ്വാധിപത്യം അവൻ വീണ്ടും ഏറ്റുപറയുകയാണ്. ഇത്തവണ, അവൻ മനുഷ്യരോടല്ല, ദൈവത്തോട് തന്നെ ഏറ്റു പറഞ്ഞു, സകലതും നിന്റെ അധികാരത്തിൻ കീഴിൽ ആയിരിക്കുന്നു. അവൻ നിർണ്ണയിക്കുന്നത് സാധിക്കുന്നു. അതിനെ തടയുവാൻ ആർക്കും കഴിയുക ഇല്ല. അതിനെ ചോദ്യം ചെയ്യുവാൻ ആർക്കും കഴിയുക ഇല്ല. അതിനെ ഗ്രഹിക്കുവാനും ആർക്കും കഴിയുക ഇല്ല.

 

ദൈവം പ്രത്യക്ഷനാകുന്നു

 

38 ആം അദ്ധ്യായത്തിന്റെ തുടക്കത്തിൽ ആണ് ദൈവം ഇയ്യോബിനും അവന്റെ സ്നേഹിതർക്കും പ്രത്യക്ഷനാകുന്നത്. എന്നാൽ, ഇയ്യോബിന്റെ കഷ്ടതയുടെ കാരണം ദൈവം ഇവിടെ വിശദീകരിക്കുന്നില്ല. ഇയ്യോബിന്റെ ന്യായവാദങ്ങൾ കേൾക്കുവാൻ അവൻ തയ്യാറാകുന്നുമില്ല.  

 

ഇയ്യോബ് 23: 3 - 5

3    അവനെ എവിടെ കാണുമെന്നറിഞ്ഞെങ്കിൽ കൊള്ളായിരുന്നു; അവന്റെ ന്യായാസനത്തിങ്കൽ ഞാൻ ചെല്ലുമായിരുന്നു.

4    ഞാൻ അവന്റെ മുമ്പിൽ എന്റെ ന്യായം വിവരിക്കുമായിരുന്നു; ന്യായവാദം കോരിച്ചൊരിയുമായിരുന്നു.

5    അവന്റെ ഉത്തരം അറിയാമായിരുന്നു; അവൻ എന്തു പറയുമെന്നും ഗ്രഹിക്കാമായിരുന്നു.

 

ഇയ്യോബിന്റെ ന്യായാ-അന്യായങ്ങൾ കാരണമല്ല അവന് കഷ്ടത സംഭവിച്ചത്. അതുകൊണ്ടു ഇയ്യോബിനായി ന്യായാസനങ്ങൾ വയ്ക്കുകയോ, അവന്റെ ന്യായവാദങ്ങൾ കേൾക്കുകയോ ചെയ്യേണ്ട കാര്യമില്ല. ഇയ്യോബിനും സ്നേഹിതർക്കും മറുപടി നല്കുവാനല്ല ദൈവം പ്രത്യക്ഷനായത്, അവന്റെ സർവ്വാധികാരത്തിന്റെ വ്യാപ്തിയും ആഴവും അവരെ ബോധ്യപ്പെടുത്തുവാനാണ്.

 

ദൈവം ഇയ്യോബിനോട് തുടർച്ചയായി ചില ചോദ്യങ്ങൾ ചോദിച്ചു. ഈ പ്രപഞ്ചത്തെക്കുറിച്ചുള്ള ഇയ്യോബിന്റെ അജ്ഞതയും അവന്റെ ബലഹീനതയും വെളിവാക്കുന്ന ചോദ്യങ്ങൾ ആയിരുന്നു അതെല്ലാം.

 

ദൈവത്തിന്റെ ആദ്യത്തെ ചോദ്യം ഇതായിരുന്നു:

 

ഇയ്യോബ് 38: 1, 2 

1     അനന്തരം യഹോവ ചുഴലിക്കാറ്റിൽ നിന്നു ഇയ്യോബിനോടു ഉത്തരം അരുളിച്ചെയ്തതെന്തെന്നാൽ:

2    അറിവില്ലാത്ത വാക്കുകളാൽ ആലോചനയെ ഇരുളാക്കുന്നോരിവനാർ?

3    നീ പുരുഷനെപ്പോലെ അര മുറുക്കികൊൾക; ഞാൻ നിന്നോടു ചോദിക്കും; എന്നോടു ഉത്തരം പറക.

4    ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക.

5    അതിന്റെ അളവു നിയമിച്ചവൻ ആർ? നീ അറിയുന്നുവോ? അല്ല, അതിന്നു അളവുനൂൽ പിടിച്ചവനാർ?

 

ഇതിന്റെ മറുപടിയാണ് 42: 3 ൽ ഇയ്യോബ് പറയുന്നത്:

 

ഇയ്യോബ് 42: 3 (ദൈവം ചോദിച്ചു) അറിവുകൂടാതെ ആലോചനയെ മറിച്ചുകളയുന്നോരിവനാർ? (ഇയ്യോബിന്റെ മറുപടി) അങ്ങനെ എനിക്കറിഞ്ഞുകൂടാതവണ്ണം അത്ഭുതമേറിയതു ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി.

 

എന്തുകൊണ്ട് ഇയ്യോബിന്റെ ജീവിതത്തിൽ കഷ്ടത ഉണ്ടായി എന്നു ദൈവം വിശദീകരിക്കുന്നില്ല. ദൈവവും സാത്താനും തമ്മിലുണ്ടായ സംഭാഷണങ്ങളെക്കുറിച്ചോ, പിശാചിന്റെ വെല്ലുവിളികളെക്കുറിച്ചോ ഇയ്യോബ് അറിഞ്ഞിട്ടില്ല. ഇയ്യോബിന്റെ ജീവിതകാലത്ത് ഒരിക്കലും, അവൻ അനുഭവിച്ച കഷ്ടതയുടെ കാരണം എന്താണ് എന്നു അവന് മനസ്സിലായില്ല. എങ്കിലും അത് ദൈവവുമായുള്ള അവന്റെ ബന്ധത്തെ ബാധിച്ചില്ല. അവന്റെ കഷ്ടതയുടെ കാരണം എന്ത് എന്നു അവൻ ദൈവത്തോട് ചോദിച്ചു മനസ്സിലാക്കുവാൻ ശ്രമിച്ചില്ല. ഒരു കാര്യം മാത്രം അവൻ ഏറ്റു പറഞ്ഞു. ദൈവം സർവ്വാധികാരിയാണ്. ദൈവത്തിന് അവന്റെ സൃഷ്ടികളുടെ ജീവിതത്തിൽ എങ്ങനെയും ഇടപ്പെടുവാൻ അധികാരം ഉണ്ട്. ഇയ്യോബ് ഈ അധികാരത്തിന് കീഴിൽ കീഴടങ്ങുന്നു.

 

ഈ അറിവിൽ അവൻ ഏറ്റുപറഞ്ഞു:

 

ഇയ്യോബ് 42: 6 ആകയാൽ ഞാൻ എന്നെത്തന്നേ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു.

 

അവൻ അറിഞ്ഞുകൂടാതവണ്ണം അത്ഭുതമേറിയതു, തിരിച്ചറിയാതെ പറഞ്ഞുപോയി. അതിനാൽ പശ്ചാത്താപത്തോടെ അനുതപിക്കുന്നു.

 

ദൈവം പ്രത്യക്ഷനായപ്പോൾ, ഇയ്യോബിന്റെ പക്കൽ അനീതി ഉണ്ട് എന്നു ദൈവം പറഞ്ഞില്ല. എന്നു മാത്രമല്ല, അവന്റെ സ്നേഹിതരുടെ വാക്കുകൾ ദൈവത്തോട് നീതിയുള്ളത് ആയിരുന്നില്ല എന്നു പറയുകയും ചെയ്തു.  

 

ഇയ്യോബ് 42: 7, 8

7    യഹോവ ഈ വചനങ്ങളെ ഇയ്യോബിനോടു അരുളിച്ചെയ്തശേഷം യഹോവ തേമാന്യനായ എലീഫസിനോടു അരുളിച്ചെയ്തതു: നിന്നോടും നിന്റെ രണ്ടു സ്നേഹിതന്മാരോടും എനിക്കു കോപം ജ്വലിച്ചിരിക്കുന്നു; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ചു വിഹിതമായതു സംസാരിച്ചിട്ടില്ല.

8    ആകയാൽ നിങ്ങൾ ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും എന്റെ ദാസനായ ഇയ്യോബിന്റെ അടുക്കൽ കൊണ്ടുചെന്നു നിങ്ങൾക്കു വേണ്ടി ഹോമയാഗം കഴിപ്പിൻ; എന്റെ ദാസനായ ഇയ്യോബ് നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കും; ഞാൻ അവന്റെ മുഖം ആദരിച്ചു നിങ്ങളുടെ മൂഢതെക്കു തക്കവണ്ണം നിങ്ങളോടു ചെയ്യാതിരിക്കും; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ചു വിഹിതമായതു സംസാരിച്ചിട്ടില്ലല്ലോ.

 

ഇയ്യോബിന്റെ സ്നേഹിതരിൽ ദൈവം കാണുന്ന കുറ്റം ഇതാണ്: “എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ചു വിഹിതമായതു സംസാരിച്ചിട്ടില്ല.” ഇവിടെ എന്താണ് ഇയ്യോബ് ദൈവത്തിന് വിഹിതമായത് സംസാരിച്ചത്, എന്താണ് ഇയ്യോബിന്റെ സ്നേഹിതർ ദൈവത്തിന് വിഹിതമല്ലാതെ സംസാരിച്ചത്.

 

ഇയ്യോബിന്റെ സ്നേഹിതർ അവന് സംഭവിച്ച കഷ്ടത അനീതിയുള്ള പ്രവർത്തികളുടെ പരിണിത ഫലമാണ് എന്നു പറഞ്ഞപ്പോൾ, ഇയ്യോബ് അത് ദൈവത്തിന്റെ സർവ്വാധികാരത്താൽ സംഭവിച്ചതാണ് എന്നു പറഞ്ഞു. മനുഷ്യരുടെ ജീവിതത്തിൽ ഏതുവിധത്തിലും, എപ്പോൾ വേണമെങ്കിലും ഇടപ്പെടുവാൻ ദൈവത്തിന് അധികാരമുണ്ട് എന്നു ഇയ്യോബ് പറഞ്ഞപ്പോൾ, അങ്ങനെ ഒരു കാഴ്ചപ്പാട് അവന്റെ സ്നേഹിതർക്ക് ഇല്ലാതെ പോയി.

 

മനുഷ്യന്റെ എല്ലാ ഭൌതീക സാഹചര്യത്തിലും, ദൈവം ആരാധനയ്ക്ക് യോഗ്യനാണ് എന്നു ഇയ്യോബ് വിശ്വാസിച്ചപ്പോൾ, ദൈവത്തെ ഭൌതീക നന്മകളുമായി ബന്ധിപ്പിച്ച് നിറുത്തുവാനാണ് അവന്റെ സ്നേഹിതർ ശ്രമിച്ചത്. നമ്മളുടെ നന്മയിലും, തിന്മയിലും, ദൈവം ഒരുപോലെ ആരാധനയ്ക്ക് യോഗ്യനാണ് എന്നതാണ് ദൈവത്തിന് ഹിതകരമായ വിശ്വാസം. സകലത്തിന്മേലുമുള്ള അവന്റെ സർവ്വാധികാരത്തെ അംഗീകരിക്കുന്നതാണ് ദൈവത്തിന് ഹിതകരമായ വാക്കുകൾ.

 

ഇയ്യോബ് പറയാത്ത രണ്ട് കാര്യങ്ങൾ

 

ഇയ്യോബ്, അവന്റെ കഷ്ടതയുടെ നാളുകളിൽ, പറയാത്ത രണ്ട് കാര്യങ്ങൾ ഉണ്ട്. ഒന്ന് അവൻ ഒരു സാഹചര്യത്തിലും ദൈവത്തെ തള്ളിപ്പറഞ്ഞില്ല. അവൻ ദൈവത്തിന്റെ സർവ്വാധികാരത്തിന് കീഴിൽ അവനെതന്നെ സമർപ്പിച്ചു. നന്മയും, കഷ്ടതയും ഒരേ മനസ്സോടെ ഏറ്റെടുക്കുവാൻ  തയ്യാറായി.

 

ഇയ്യോബ് പറയാതിരുന്ന രണ്ടാമത്തെ കാര്യം, അവന്റെ പക്കൽ നീതികേട് ഉണ്ട് എന്ന് അവൻ ഒരിക്കലും പറഞ്ഞില്ല. ഇയ്യോബിന്റെ ഈ മനോഭാവം, സ്വയനീതീകരണം അല്ല. അവൻ എങ്ങനെ ആയിരുന്നുവോ, അത് അവൻ തള്ളിപ്പറയുവാൻ തയ്യാറായില്ല എന്നു മാത്രം. സ്നേഹിതർ അവനിൽ അനീതി ഉണ്ട് എന്നു പറഞ്ഞപ്പോൾ, അത് കണ്ടെത്തുവാൻ കഴിയുന്നില്ല എങ്കിലും, അവരോട് യോജിച്ച വ്യക്തിയല്ല അദ്ദേഹം. ഒരു പക്ഷെ അനീതി കണ്ടേക്കാം എന്നു ഇയ്യോബ് പറഞ്ഞില്ല. കപട ഭക്തിയും അതിവിനയവും  അവന്റെ സ്വഭാവം ആയിരുന്നില്ല. അവൻ, അവനോട് എപ്പോഴും സത്യസന്ധത പുലർത്തി.

 

ഇയ്യോബ് സ്വയം നീതീകരിക്കുക ആയിരുന്നില്ല, അവൻ നീതിമാൻ ആയിരുന്നതിനാൽ അത് ഏറ്റു പറഞ്ഞു എന്നേയുള്ളൂ. അവൻ പറഞ്ഞതിങ്ങനെയാണ്:  

 

ഇയ്യോബ് 12: 4 ദൈവത്തെ വിളിച്ചു ഉത്തരം ലഭിച്ച ഞാൻ എന്റെ സഖിക്കു പരിഹാസ വിഷയമായിത്തീർന്നു; നീതിമാനും നഷ്കളങ്കനുമായവൻ തന്നേ പരിഹാസ വിഷയമായിത്തീർന്നു.

 

ഇയ്യോബ് 13: 15, 16, 18  

15   അവൻ എന്നെ കൊന്നാലും ഞാൻ അവനെത്തന്നേ കാത്തിരിക്കും; ഞാൻ എന്റെ നടപ്പു അവന്റെ മുമ്പാകെ തെളിയിക്കും.

16   വഷളൻ അവന്റെ സന്നിധിയിൽ വരികയില്ല എന്നുള്ളതു തന്നേ എനിക്കൊരു രക്ഷയാകും.  

18   ഇതാ, ഞാൻ എന്റെ ന്യായങ്ങളെ ഒരുക്കിയിരിക്കുന്നു. ഞാൻ നീതീകരിക്കപ്പെടും എന്നു ഞാൻ അറിയുന്നു.

 

അവന്റെ നീതിയുള്ള പ്രവർത്തികളെക്കുറിച്ചു അവൻ തന്നെ വിവരിക്കുന്ന വാക്യങ്ങൾ ഉണ്ട്:

 

ഇയ്യോബ് 29: 12 – 17

12   നിലവിളിച്ച എളിയവനെയും അനാഥനെയും തുണയറ്റവനെയും ഞാൻ വിടുവിച്ചു.

13   നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേൽ വന്നു; വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷം കൊണ്ടു ആർക്കുമാറാക്കി.

14   ഞാൻ നീതിയെ ധരിച്ചു; അതു എന്റെ ഉടുപ്പായിരുന്നു; എന്റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു.

15   ഞാൻ കുരുടന്നു കണ്ണും മുടന്തന്നു കാലും ആയിരുന്നു.

16   ദരിദ്രന്മാർക്കു ഞാൻ അപ്പനായിരുന്നു; ഞാൻ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു.

17   നീതികെട്ടവന്റെ അണപ്പല്ലു ഞാൻ തകർത്തു; അവന്റെ പല്ലിൻ ഇടയിൽനിന്നു ഇരയെ പറിച്ചെടുത്തു. 

 

ഇയ്യോബിനെക്കുറിച്ച് അവന്റെ സ്നേഹിതനായ തേമാന്യനായ എലീഫസ് പറഞ്ഞതിങ്ങനെയാണ്:  

 

ഇയ്യോബ് 4: 3, 4

3    നീ പലരേയും ഉപദേശിച്ചു തളർന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു.

4    വീഴുന്നവനെ നിന്റെ വാക്കു താങ്ങി കുഴയുന്ന മുഴങ്കാൽ നീ ഉറപ്പിച്ചിരിക്കുന്നു.

 

അവന്റെ പക്കൽ  നീതികേട് ഉണ്ട് എന്നു ഇയ്യോബ് പറയാതിരുന്നത്, സ്വയനീതീകരണം അല്ല, അവൻ എന്തായിരിക്കുന്നുവോ, അത് അവൻ ഏറ്റുപറയുന്നു എന്നു മാത്രമേയുള്ളൂ.

 

ഇയ്യോബ് അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രലോഭനം, അവന്റെ കഷ്ടത, അനീതിയുടെ ഫലമായി ഉണ്ടായതാണ് എന്നു ഏറ്റുപറയുക എന്നതായിരുന്നു. ഇയ്യോബ് അത് ഏറ്റുപറഞ്ഞിരുന്നു എങ്കിൽ, അനർഹമായ കഷ്ടത എന്ന വിഷയം ഇവിടെ ഉദിക്കുകയില്ലായിരുന്നു. അവന്റെ കഷ്ടതയിന്മേലുള്ള ദൈവത്തിന്റെ സർവ്വാധികാരം വെളിപ്പെടാതെ പോയേനെ. എന്നാൽ, അനർഹമായി, നന്മയും തിന്മയും നല്കുവാൻ ദൈവത്തിന് സർവ്വാധികാരമുണ്ട് എന്ന സത്യത്തിൽ അവൻ ഉറച്ച് നിന്നു.

 

ദൈവം പ്രത്യക്ഷനായപ്പോൾ, ഇയ്യോബ് സ്വയം നീതീകരിച്ചതിനാൽ ആണ് അവന്റെ മേൽ കഷ്ടത ഉണ്ടായത് എന്നു ദൈവം പറഞ്ഞില്ല. ഇയ്യോബ് പറഞ്ഞതെല്ലാം ദൈവത്തെക്കുറിച്ച് വിഹിതമായത് ആയിരുന്നു എന്നാണ് ദൈവം തന്നെ സാക്ഷിച്ചത് (ഇയ്യോബ് 42: 7). അതിനാൽ, ഇയ്യോബിന്റെ വാക്കുകളിൽ പാപം കണ്ടെത്തുവാൻ നമ്മൾ ശ്രമിക്കേണ്ടതില്ല.

 

ഇയ്യോബ് 42: 7 ... എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ചു വിഹിതമായതു സംസാരിച്ചിട്ടില്ല.

 

വെളിപ്പാട് 22: 11 ... നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.   

 

നമ്മൾ ഇപ്പോൾ എന്തായിരിക്കുന്നുവോ, അത് പറയേണ്ടുന്ന സാഹചര്യത്തിൽ പറയുന്നതല്ല സ്വയനീതീകരണം. നമ്മളെ എപ്പോഴും പാപികളായി കാണുന്നത് വിശുദ്ധിയും അല്ല. നമ്മളിൽ നീതി ഇല്ലാതെയിരിക്കെ, നീതിമാൻ എന്നു ഭാവിക്കുന്നതാണ് ആണ് സ്വയനീതീകരണം. സ്വയനീതീകരണം, നമ്മൾ, നമ്മളെ തന്നെ, കാരണം കൂടാതെ, നീതീകരിക്കുന്നതാണ്. അതിൽ സത്യം അശേഷം ഇല്ലാതെയാകുന്നു. സ്വയനീതീകരണത്തിൽ മറ്റുള്ളവരെ അനീതിയുള്ളവർ എന്നു കാണുന്ന മനോഭാവവും ഉണ്ട്.

 

ഇയ്യോബിന്റെ വിശ്വാസം

 

ഒരു വിഷയം കൂടി ചർച്ച ചെയ്തുകൊണ്ട് ഈ സന്ദേശം അവസാനിപ്പിക്കുവാൻ ആഗ്രഹിക്കുന്നു. എന്തുകൊണ്ട് ഇയ്യോബ് അവന്റെ വിശ്വാസത്തെ തള്ളിപ്പറഞ്ഞില്ല? അത് അവന്റെ വിശ്വാസത്തിന്റെ ശക്തിയും, വലിപ്പവും കൊണ്ടാണ് എന്നതാണ് സാധാരണ ഉത്തരം. എന്നാൽ, ഇയ്യോബിന്, അവന്റെ വിശ്വാസത്തെ, അവൻ അനുഭവിച്ച കഷ്ടതകളുടെ മദ്ധ്യത്തിലും മുറുകെ പടിക്കുവാൻ തക്ക മാനുഷിക ശക്തി ഉണ്ടായിരുന്നുവോ?

 

എന്തുകൊണ്ടാണ് ദൈവം ഇയ്യോബിന്റെ മേൽ കഷ്ടത വരുത്തിയത്? ഇയ്യോബ് ഒരിക്കലും അവന്റെ വിശ്വാസത്തെ തള്ളിപ്പറയുക ഇല്ല എന്നു ദൈവം മുൻകൂട്ടി മനസ്സിലാക്കിയത്തിന്റെ അടിസ്ഥാനത്തിൽ, അവന്റെ മേൽ കഷ്ടത വരുത്തിയത് ആണോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം, ദൈവത്തിന്റെ സർവ്വാധികാരത്തിന്റെ ഒരു പ്രധാന മർമ്മമാണ്.

 

ആരാണ് ഇയ്യോബിന് വിശ്വാസത്തെ നല്കിയത്? ആരാണ് ഇയ്യോബിന്റെ വിശ്വാസം നഷ്ടപ്പെടാതെ സൂക്ഷിച്ചത്. ദൈവമോ, ഇയ്യോബോ?  

 

ഈ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കുവാനായി, കഥയുടെ ആരംഭം മുതൽ താഴേയ്ക്ക് വീണ്ടും യാത്ര ചെയ്യേണ്ടി വരും. ഇയ്യോബ്, അവന്റെ കാലത്ത്, ആ ദേശത്ത്, നീതിമാൻ ആയി അറിയപ്പെടയിരുന്നു. അതാണ് ഗ്രന്ഥകർത്താവ് പറഞ്ഞത്:

 

ഇയ്യോബ് 1: 1 ... അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.

 

ഇങ്ങനെയുള്ള ഒരുവന്റെ ജീവിതത്തിൽ പെട്ടന്ന് സകല നഷ്ടങ്ങളും ഉണ്ടായി. അവന്റെ മക്കൾ 10 പേരും ഒരു ദിവസം തന്നെ കൊല്ലപ്പെട്ടു. പാപത്തിന്റെ ഫലമായാണ് കഷ്ടത ഉണ്ടാകുന്നത് എന്നു മനുഷ്യർ വിശ്വസിച്ചിരുന്ന ഒരു കാലമായിരുന്നു അത്. അതാണ് അവന്റെ സ്നേഹിതർ അവനോട് പറഞ്ഞത്. അവർ കഷ്ടതയെ വിശദീകരിക്കുവാൻ, ഇയ്യോബിന്റെ പാപത്തെ അന്വേഷിച്ചു.

 

ഇയ്യോബ് 4:

1        അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

 

6    നിന്റെ ഭക്തി നിന്റെ ആശ്രയമല്ലയോ? നിന്റെ നടപ്പിന്റെ നിർമ്മലത നിന്റെ പ്രത്യാശയല്ലയോ?

7    ഓർത്തു നോക്കുക: നിർദ്ദോഷിയായി നശിച്ചവൻ ആർ? നേരുള്ളവർ എവിടെ മുടിഞ്ഞുപോയിട്ടുള്ളു?

8    ഞാൻ കണ്ടേടത്തോളം അന്യായം ഉഴുതു കഷ്ടത വിതെക്കുന്നവർ അതു തന്നേ കൊയ്യുന്നു.

9    ദൈവത്തിന്റെ ശ്വാസത്താൽ അവർ നശിക്കുന്നു; അവന്റെ കോപത്തിന്റെ ഊത്തിനാൽ മുടിഞ്ഞുപോകുന്നു.

 

ഇയ്യോബ് 8: 1, 3-6, 13-15, 20  

1     അതിന്നു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

3    ദൈവം ന്യായം മറിച്ചുകളയുമോ? സർവ്വശക്തൻ നീതിയെ മറിച്ചുകളയുമോ?

4    നിന്റെ മക്കൾ അവനോടു പാപം ചെയ്തെങ്കിൽ അവൻ അവരെ അവരുടെ അതിക്രമങ്ങൾക്കു ഏല്പിച്ചുകളഞ്ഞു.

5    നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കയും സർവ്വശക്തനോടപേക്ഷിക്കയും ചെയ്താൽ,

6    നീ നിർമ്മലനും നേരുള്ളവനുമെങ്കിൽ അവൻ ഇപ്പോൾ നിനക്കു വേണ്ടി ഉണർന്നുവരും; നിന്റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും.

 

13   ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെ തന്നേ; വഷളന്റെ ആശ നശിച്ചുപോകും;

14   അവന്റെ ആശ്രയം അറ്റുപോകും; അവന്റെ ശരണം ചിലന്തിവലയത്രെ.

15   അവൻ തന്റെ വീട്ടിനെ ആശ്രയിക്കും; അതോ നിൽക്കയില്ല; അവൻ അതിനെ മുറുകെ പിടിക്കും; അതോ നിലനിൽക്കയില്ല.

 

20 ദൈവം നിഷ്കളങ്കനെ നിരസിക്കയില്ല; ദുഷ്‌പ്രവൃത്തിക്കാരെ താങ്ങുകയുമില്ല.

 

ഇയ്യോബ് 11: 1, 14-16

1     അതിന്നു നയമാത്യനായ സോഫർ ഉത്തരം പറഞ്ഞതെന്തെന്നാൽ:

14   നിന്റെ കയ്യിൽ ദ്രോഹം ഉണ്ടെങ്കിൽ അതിനെ അകറ്റുക; നീതികേടു നിന്റെ കൂടാരങ്ങളിൽ പാർപ്പിക്കരുതു.

15   അപ്പോൾ നീ കളങ്കംകൂടാതെ മുഖം ഉയർത്തും; നീ ഉറെച്ചുനില്ക്കും; ഭയപ്പെടുകയുമില്ല.

16   അതേ, നീ കഷ്ടത മറക്കും; ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഓർക്കും.

 

ഇവിടെ ഇയ്യോബിന്റെ ഭാര്യയുടെ പ്രസ്താവനകൂടി പരിശോധിക്കേണ്ടി ഇരിക്കുന്നു. ഒരിക്കൽ മാത്രമേ അവരെ നമ്മൾ കാണുന്നുള്ളൂ. അവരുടെ പേര് നമ്മൾക്ക് അറിഞ്ഞുകൂടാ. കഠിനമായ നിരാശയുടെയും, അപ്രതീക്ഷിതമായ തകർച്ചയുടെയും മദ്ധ്യത്തിൽ നിന്നുകൊണ്ടാണ് അവർ സംസാരിക്കുന്നത്. അവരുടെ എല്ലാ സമ്പത്തും നഷ്ടപ്പെട്ടു, 10 മക്കളും ഒറ്റ ദിവസം തന്നെ മരിച്ചു. ദൈവഭക്തനും നീതിമാനും ആയിരുന്ന ഭർത്താവ് അതികഠിനമായ രോഗത്താൽ ബാധിതനായി. ഈ സാഹചര്യത്തിൽ ഏത് മനുഷ്യനും പറയുവാൻ സാധ്യതയുള്ളത് മാത്രമേ അവർ പറഞ്ഞുള്ളൂ. അവരുടെ പ്രസ്താവനയ്ക്കുള്ള ഇയ്യോബിന്റെ മറുപടിയിൽ അവരുടെ സാഹചര്യത്തിന്റെ ചിത്രം കൂടി ഉണ്ട്.

 

ഇയ്യോബ് 2: 9, 10

9    അവന്റെ ഭാര്യ അവനോടു: നീ ഇനിയും നിന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക എന്നു പറഞ്ഞു.

10   അവൻ അവളോടു: ഒരു പൊട്ടി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു; നാം ദൈവത്തിന്റെ കയ്യിൽ നിന്നു നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ എന്നു പറഞ്ഞു. ഇതിൽ ഒന്നിലും ഇയ്യോബ് അധരങ്ങളാൽ പാപം ചെയ്തില്ല.

 

“ദൈവത്തെ ത്യജിച്ചുകളക” എന്നാണ് ഇയ്യോബിന്റെ ഭാര്യയുടെ ഉപദേശം. ഇയ്യോബിൽ അനീതിയുണ്ട്, അതിനാൽ ആണ് ദൈവം കഷ്ടത വരുത്തിയത് എന്നു അവൾ പറഞ്ഞില്ല. അവർക്കു ഉണ്ടായിരിക്കുന്ന കഷ്ടത, അനർഹമായതാണ് എന്നാണ് അവളും വിശ്വസിച്ചത്. അതുകൊണ്ടാണ്, അനർഹമായ കഷ്ടത നീതിമാന്മാരുടെമേൽ വരുത്തുന്ന ദൈവത്തെ ത്യജിച്ചുകളയുവാൻ അവൾ ഇയ്യോബിനോട് ആവശ്യപ്പെടുന്നത്.

 

ഇതിന് ഇയ്യോബ് കൊടുക്കുന്ന മറുപടി, മലയാളത്തിൽ അത്ര വ്യക്തമല്ല. യാഥാർത്ഥത്തിൽ ഇയ്യോബ് പറഞ്ഞത് ഇങ്ങനെയാണ്:

 

“വീഡികളായ സ്ത്രീകൾ സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു. നമ്മൾ ദൈവത്തിന്റെ കയ്യിൽ നിന്നും നിശ്ചയമായും നന്മ കൈക്കൊള്ളുന്നു; പ്രതികൂലമായതും നമ്മൾ കൈക്കൊള്ളരുതോ എന്നു പറഞ്ഞു.”

 

Job 2: 10 But he said to her, "You speak as one of the foolish women speaks. Shall we indeed accept good from God, and shall we not accept adversity?" (NKJV)

 

ഇയ്യോബ് പറഞ്ഞതിന്റെ സാരം ഇതാണ്: ദൈവത്തിൽ നിന്നും നമ്മൾക്ക് നന്മ മാത്രമേ ലഭിക്കൂ എന്നത് വിഡ്ഡിത്തമായ ഒരു ചിന്തയാണ്. നന്മയും, തിന്മയും ദൈവത്തിൽ നിന്നും ലഭിച്ചേക്കാം എന്നതാണ് ശരിയായ ചിന്ത. നമ്മൾ ദൈവത്തിൽ നിന്നും നന്മ സ്വീകരിക്കുന്നു എങ്കിൽ തിന്മയും സ്വീകരിക്കുവാൻ തയ്യാറായിരിക്കേണം. നമ്മളുടെ നീതി ഇതിൽ ഒന്നിനും കാരണം അല്ല. നന്മയും, തിന്മയും ദൈവത്തിന്റെ സർവ്വാധികാരത്തിൽ നല്കപ്പെടുന്നു.

 

എങ്കിലും, ഈ സംഭാഷണങ്ങളുടെയെല്ലാം ഫലമായി, ഇയ്യോബ് ആകെ ആശയക്കുഴപ്പത്തിലായി. ദൈവം നീതിമാനാണ് എന്നു അവന് അറിയാം. ഇയ്യോബ് അനീതി ഒന്നും ചെയ്തിട്ടില്ല എന്ന് അവന് അറിയാം. എന്നാൽ അവന്റെ കഷ്ടതയുടെ കാരണം വിശദീകരിക്കുവാൻ അവന് കഴിയുന്നുമില്ല.

 

അനർഹമായ കഷ്ടതയുടെയും, ഒറ്റപ്പെടുത്തലിന്റെയും, സ്നേഹിതരുടെ കുറ്റപ്പെടുത്തലിന്റെയും, തന്റെ കുറവുകൾ കണ്ടെത്തുവാൻ കഴിയാതെയും വിഷമിക്കുന്ന അവസ്ഥയിലും ഇയ്യോബ് ദൈവത്തെ തള്ളിപ്പറഞ്ഞില്ല. ഇയ്യോബ് പ്രാർത്ഥിച്ചത് ഇങ്ങനെയാണ്:

 

ഇയ്യോബ് 13: 20, 21 

20 രണ്ടു കാര്യം മാത്രം എന്നോടു ചെയ്യരുതേ; എന്നാൽ ഞാൻ നിന്റെ സന്നിധി വിട്ടു ഒളിക്കയില്ല.

21   നിന്റെ കൈ എങ്കൽനിന്നു പിൻവലിക്കേണമേ; നിന്റെ ഘോരത്വം എന്നെ ഭ്രമിപ്പിക്കരുതേ.

 

എന്തുകൊണ്ട് ഇയ്യോബ്, അവൻ അനുഭവിച്ച അനർഹമായ കഷ്ടതയുടെ മദ്ധ്യത്തിലും ദൈവത്തെ തള്ളിപ്പറഞ്ഞില്ലേ? ഈ ചോദ്യമാണല്ലോ നമ്മൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. 

 

ഇയ്യോബ് ദൈവത്തിൽ വിശ്വസിച്ചത് കൊണ്ടാണ് അവൻ ദൈവത്തെ തള്ളിപ്പറയാഞ്ഞത് എന്നതാണ് നമ്മളുടെ ഉത്തരം. ഇയ്യോബിന്റെ വിശ്വാസം ശക്തമായിരുന്നു. അതിനാൽ അവൻ വിശ്വാസത്തിൽ മുറുകെപിടിച്ചു നിന്നു. ഇയ്യോബ്, അവന്റെ ബലത്തിൽ, അവന്റെ ശക്തിയിൽ, അവന്റെ വിശ്വാസത്തിന്റെ വലിപ്പം കാരണം, ഉറച്ചുനിന്നു. ഈ മറുപടിയിൽ ദൈവത്തിന് പങ്കില്ല.

 

എന്നാൽ, ഇയ്യോബിന്റെ കഥ മുഴുവൻ, മനുഷ്യരുടെ ജീവിതത്തിൽ ഇടപ്പെടുവാനുള്ള ദൈവത്തിന്റെ അധികാരത്തെക്കുറിച്ചുള്ളതാണ്. മാത്രവുമല്ല, നമ്മൾ മുകളിൽ പറഞ്ഞ മറുപടിയിൽ, മറ്റ് ചില ചോദ്യങ്ങളും ഉയരുന്നുമുണ്ട്. ആരാണ് യാഥാർത്ഥത്തിൽ ഇയ്യോബിന് വിശ്വാസം നല്കിയത്? എങ്ങനെയാണ് ഇയ്യോബിന് വിശ്വാസം ലഭിച്ചത്? അത് അവന്റെ നീതിപ്രവർത്തികളുടെ ഉപഫലമാണോ?

 

നമ്മളുടെ വിശ്വാസം, നമ്മൾ മാനുഷിക കഴിവുകളാൽ ആർജ്ജിക്കുകയും, വർദ്ധിപ്പിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്ന ഒന്നാണോ?

 

വേദപുസ്തകത്തിലെ വാക്യങ്ങൾ അനുസരിച്ച്, നമ്മളുടെ വിശ്വാസം, നമ്മൾ സ്വയമായി ആർജ്ജിച്ചതോ, നമ്മളുടെ ഏതെങ്കിലും പ്രവർത്തികളുടെ ഉപഫലമോ അല്ല. വിശ്വാസം എപ്പോഴും, എല്ലാവരിലും, ദൈവം പകരുന്നതാണ്. വിശ്വാസം ദൈവത്തിന്റെ ദാനമാണ്.

 

റോമർ 12: 3 ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു.  

 

മര്‍ക്കോസ് 11: 22 യേശു അവരോടു ഉത്തരം പറഞ്ഞതു: ദൈവത്തിൽ വിശ്വാസമുള്ളവർ ആയിരിപ്പിൻ.

 

“ദൈവത്തിൽ വിശ്വാസമുള്ളവർ” എന്നതിന്,  ഗ്രീക്ക് വ്യാകരണ ശാസ്ത്രപ്രകാരമുള്ള അർത്ഥം, “ദൈവത്തിന്‍റെ വിശ്വാസം ഉള്ളവര്‍ ആയിരിപ്പീന്‍” എന്നാണ്. ഇത് മൂല കൃതിയായ ഗ്രീക്കിൽ  ഇഹോ പീസ്റ്റീസ് തിയോസ്” (എഹോ പീസ്റ്റിസ് തെയോസ് - echo, pistis, theos) എന്നാണ്.

 

ഇഹോ” എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ത്ഥം, “കൈവശം വെക്കുക, ഉള്‍ക്കൊള്ളുക, സ്വന്തമാക്കുക” എന്നിങ്ങനെ ആണ്. അതായത്, “ഉപയോഗിക്കുവാന്‍ കഴിയത്തക്കവണ്ണം കൈയില്‍ മുറുക്കെ പിടിക്കുക”. (to have a thing in readiness, have at hand, have in store - Joseph Henry Thayer's Greek–English Lexicon). വിശ്വാസം എന്ന അര്‍ത്ഥത്തില്‍ ആണ് “പീസ്റ്റീസ്” എന്ന ഗ്രീക്ക് പദം പുതിയനിയമത്തില്‍ പൊതുവേ ഉപയോഗിച്ചിട്ടുള്ളത്. “തിയോസ്” എന്നാല്‍ ദൈവം എന്നാണ്. അങ്ങനെ ഈ പദസമുച്ചയത്തിന്‍റെ അര്‍ത്ഥം “ദൈവത്തിന്‍റെ വിശ്വാസം കൈവശം വെക്കുക” എന്നാണ്.

 

പ്രശസ്തമായ Wycliffe Bible ല്‍ അത്, “ദൈവത്തിന്‍റെ വിശ്വാസം ഉള്ളവര്‍ ആയിരിപ്പീന്‍” എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത് (Have ye the faith of God). പുതിയ നിയമത്തിന്‍റെ മറ്റ് ചില പരിഭാഷകളും “ദൈവത്തിന്‍റെ വിശ്വാസമുള്ളവര്‍ ആയിരിപ്പീന്‍” എന്ന വിവര്‍ത്തനത്തെ സ്വീകരിച്ചിരിച്ചിട്ടുണ്ട്. Modern King James Version, The Bible in Basic English, Young's Literal Translation, 1599 Geneva Bible, The Passion Translation, The Worrell New Testament, എന്നീ പരിഭാഷകള്‍ ഉദാഹരണങ്ങള്‍ ആണ് (Have the faith of God/ God kind of faith). യഹൂദന്മാരുടെ എബ്രായ ഭാഷയില്‍ ഉള്ള, “Jewish New Testament” ല്‍ ഈ പദങ്ങളെ പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ ആണ്: “ദൈവത്തില്‍ നിന്നും വരുന്ന വിശ്വാസം ഉള്ളവരായിരിപ്പിൻ” (Have the kind of trust that comes from God - The Jewish New Testament by David Stern).

 

രക്ഷിക്കപ്പെടുന്നതിനെക്കുറിച്ചുള്ള പ്രശസ്തമായ വാക്യം, വിശ്വാസം ദൈവത്തിന്റെ ദാനമാണ് എന്നു ഉറപ്പിക്കുന്നതാണ്.

 

എഫെസ്യർ 2: 8, 9

8    കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.

9    ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.

 

Ephesians 2: 8, 9 (NKJV)

9    For by grace you have been saved through faith, and that not of yourselves; it is the gift of God,

 9   not of works, lest anyone should boast.

 

നമ്മളിൽ ഉള്ള വിശ്വാസം നമ്മളുടേതല്ല, അത് ദൈവം നമ്മളിലേക്ക് പകർന്നു നല്കിയതാണ്. അതിനെ നല്കിയതും നിലനിറുത്തുന്നതും, ശക്തീകരിക്കുന്നതും ദൈവമാണ്. ഇയ്യോബിന് ദൈവത്തിന്റെ സർവ്വാധികാരത്തിൽ ഉണ്ടായിരുന്ന വിശ്വാസവും, അവന്റേതല്ല. അതിനെ നിലനിറുത്തിയതും അവൻ അല്ല. അതിനെ ബലപ്പെടുത്തിയതും അവൻ അല്ല.

 

ഇയ്യോബ്, അവന്റെ ഇഹലോക ജീവിതത്തിൽ, ഭൌതീക സമ്പത്തിന്റെ ഒരു പുനസ്ഥാപനം പ്രതീക്ഷിച്ചിട്ടില്ല. അവന്റെ പ്രത്യാശ അവൻ ഇങ്ങനെയാണ് പറഞ്ഞത്:

 

ഇയ്യോബ് 19: 25, 26

25 എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.

26 എന്റെ ത്വൿ ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും. 

 

ഭൌതീക അനുഗ്രഹങ്ങളുടെ പുനസ്ഥാപനം ഉണ്ടാകും എന്ന പ്രതീക്ഷയല്ല അവന്റെ വിശ്വാസം. നന്മയും, തിന്മയും നല്കുവാൻ ദൈവത്തിന് സർവ്വാധികാരമുണ്ട് എന്നതിലാണ് അവൻ വിശ്വസിച്ചത്.

 

ഈ വിശ്വാസം അവന് പകർന്നു ലഭിച്ച വിശ്വാസമാണ്. അത് ദൈവത്തിന്റെ വിശ്വാസമാണ്. അത് തകർന്നു പോകാതെ ദൈവം സംരക്ഷിച്ചു. ഇതിൽ ഇയ്യോബിന് യാതൊരു കാര്യവുമില്ല.

 

സാത്താൻ, ഇയ്യോബിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ ദൈവം ആദ്യം, അവന്റെ ഭൌതീക സമ്പത്തുക്കളുടെയും തലമുറകളുടെയും മേൽ നാശം വിതയ്ക്കുവാൻ സാത്താനെ അനുവദിച്ചു. ഗ്രന്ഥകർത്താവിന്റെ ഭാഷയിൽ പറഞ്ഞാൽ, ദൈവം ഇയ്യോബിന്റെ ചുറ്റിനുമുള്ള വേലി അൽപ്പം കുറച്ചു. അതിന് ശേഷം, വീണ്ടും ഇയ്യോബിനെക്കുറിച്ച് സാത്താൻ ആരോപണം ഉന്നയിച്ചപ്പോൾ, ഇയ്യോബിന്റെ ശരീരത്തിന്മേൽ രോഗം വരുത്തുവാൻ ദൈവം അനുവദിച്ചു. ദൈവം വേലി അൽപ്പം കൂടെ താഴ്ത്തി. എന്നാൽ ഇയ്യോബിന് ചുറ്റുമുള്ള വേലി പൂർണ്ണമായി എടുത്തുകളഞ്ഞില്ല.

 

ഇയ്യോബ് 2: 6 യഹോവ സാത്താനോടു: ഇതാ, അവൻ നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ പ്രാണനെമാത്രം തൊടരുതു എന്നു കല്പിച്ചു.

 

ദൈവം സംരക്ഷിച്ചത് എല്ലാം നിലനിന്നു. ദൈവം സംരക്ഷിക്കാഞ്ഞത് എല്ലാം സാത്താൻ തകർത്തു. ദൈവം ഇയ്യോബിന്റെ വിശ്വാസത്തെ കൊട്ടകെട്ടി സംരക്ഷിച്ചു. അതിനാൽ അവന്റെ വിശ്വാസം നിലനിന്നു.

 

ഇത് മനസ്സിലാക്കുവാൻ പുതിയനിയമത്തിൽ നിന്നും ഒരു വാക്യം വായിക്കാം.

 

ലൂക്കോസ് 22: 31-34

31   ശിമോനേ, ശിമോനെ, സാത്താൻ നിങ്ങളെ കോതമ്പു പോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു.

32 ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.

33 അവൻ അവനോടു: കർത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.

34 അതിന്നു അവൻ: “പത്രൊസെ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയുംമുമ്പെ ഇന്നു കോഴി കൂകുകയില്ല എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു.  

 

ലൂക്കോസ് 22: 59-62

59 ഏകദേശം ഒരു മണി നേരം കഴിഞ്ഞാറെ വേറൊരുവൻ: ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവൻ ഗലീലക്കാരനല്ലോ എന്നു നിഷ്കർഷിച്ചു പറഞ്ഞു.

60 മനുഷ്യാ, നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ തന്നേ പെട്ടെന്നു കോഴി കൂകി.

61   അപ്പോൾ കർത്താവു തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി: “ഇന്നു കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും” എന്നു കർത്താവു തന്നോടു പറഞ്ഞ വാക്കു പത്രൊസു ഓർത്തു

62 പുറത്തിറങ്ങി അതിദുഃഖത്തോട കരഞ്ഞു.

 

പത്രോസിന്റെ വിശ്വാസത്തെ തകർക്കുവാൻ സാത്താൻ അനുവാദം ചോദിച്ചു. ദൈവം പത്രോസിന്റെ വിശ്വാസത്തെ സംരക്ഷിക്കുന്നു എന്നതിനാൽ ആണ്, അത് തകർക്കുവാൻ യേശുവിന്റെ അനുവാദം സാത്താൻ ചോദിച്ചത്. യേശുവിന്റെ അനുവാദം കൂടാതെ പത്രോസിന്റെ വിശ്വാസത്തെ തകർക്കുവാൻ സാത്താന് കഴിയുകയില്ല.

 

എന്നാൽ യേശു, പത്രോസിന്റെ വിശ്വാസം പൊയ്പ്പോകാതെ ഇരിക്കുവാൻ അവന്നുവേണ്ടി പിതാവായ ദൈവത്തോട് അപേക്ഷിച്ചു. എന്നാൽ, പിന്നീടുള്ള സംഭവങ്ങളിൽ, പത്രൊസ് യേശുവിനെ തള്ളിപ്പറയുന്നത് നമ്മൾ കാണുന്നു. അവൻ ഒരു ഭീരുവായി തീർന്നു. അവനെ സാത്താൻ കോതമ്പു പോലെ പാറ്റി, എന്നാൽ അവന്റെ വിശ്വാസം പൂർണ്ണമായി തകർന്നുപോയില്ല. കാരണം യേശു അവന്നുവേണ്ടി ഇടുവിൽ നിന്നു പ്രാർത്ഥിച്ചു. യേശു അവന്റെ വിശ്വാസത്തെ സംരക്ഷിച്ചു.

 

അതുകൊണ്ടാണ്, ഈസ്കായ്യോർത്ത് യൂദായിൽ നിന്നും വിഭിന്നനായി, അവൻ പശ്ചാത്തപിച്ച് യേശുവിങ്കലേക്ക് തിരികെ വന്നത്. യൂദായയും അനുതപിച്ചു, പക്ഷെ യേശുവിന്റെ അടുക്കലേക്ക് തിരികെ വന്നില്ല. അവനിൽ വിശ്വാസം അൽപ്പം പോലും ശേഷിച്ചില്ല. അവന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ യേശു പ്രാർത്ഥിച്ചില്ല. യൂദാ, യേശുവിനെ കാണിച്ചുകൊടുത്തത്തിൽ അനുതപിച്ചു. അവൻ “കെട്ടിഞാന്നു ചത്തുകളഞ്ഞു.” (മത്തായി 27: 3 - 5)

 

പത്രൊസ് നിരാശനായി, പ്രത്യാശ നഷ്ടപ്പെട്ടവനായി, ഭീരുവായി, എന്നാൽ അവന്റെ വിശ്വാസം പൂർണ്ണമായും തകർന്നില്ല. കാരണം യേശു അവന്നുവേണ്ടി ഇടുവിൽ നിന്നു പ്രാർത്ഥിച്ചു. യേശു അവന്റെ വിശ്വാസത്തെ സംരക്ഷിച്ചു.

 

ലൂക്കോസ് 22: 32 ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.

 

പത്രൊസ് യേശുവിനെ തള്ളിപ്പറയും, എന്നാൽ അവൻ തിരിഞ്ഞു വരും. അവൻ മറ്റുളളവരെകൂടെ ഉറപ്പിക്കും. ഇതാണ് യേശു മുൻകൂട്ടി പറഞ്ഞത്.

 

പത്രൊസ് യേശുവിനെ പൂർണ്ണമായും ത്യജിക്കാതെ ഇരുന്നത് അവന്റെ വിശ്വാസം മൂലമാണ്. ഇയ്യോബ് ദൈവത്തെ ത്യജിക്കാതെ ഇരുന്നത് അവന്റെ വിശ്വാസം മൂലമാണ്. ഈ വിശ്വാസം ദൈവം അവരിൽ പകർന്നതാണ്. അവർ പ്രതികൂലങ്ങളിലൂടെ പോകഞ്ഞിട്ടല്ല, ദൈവം അവരുടെ വിശ്വാസത്തെ വേലികെട്ടി സംരക്ഷിച്ചതിനാൽ, അത് തകർന്നില്ല. ദൈവീക സംരക്ഷണം ഉള്ളതിനാലാണ് അവരുടെ വിശ്വാസം പോയ്പ്പോകാതെ ഇരുന്നത്.

 

നമ്മൾ ഇപ്പോൾ അനർഹമായ കഷ്ടതയിലൂടെ പോകുകയാണോ? അത് ചിലപ്പോൾ, ദൈവത്തിന്റെ സർവ്വാധികാരത്താൽ, ഇന്ന് അവന് മാത്രം അറിയാവുന്ന ഒരു കാരണത്താൽ സംഭവിക്കുന്നത് ആയിരിക്കാം. നമ്മൾ നിരാശരും, ദുഖിതരും ആയിരിക്കാം. എന്നാൽ ഇപ്പോഴും നമ്മൾ ദൈവത്തെ ആരാധിക്കുന്നത്, രണ്ട് കാരണങ്ങൾ കൊണ്ടാണ്.

 

ഒന്നാമതായി, നമ്മളുടെ ഏത് സാഹചര്യത്തിലും ദൈവം ആരാധനയ്ക്ക് യോഗ്യൻ ആണ്. ദൈവത്തെ ആരാധിക്കുക എന്നതിന് നമ്മളുടെ ഭൌതീക സാഹചര്യങ്ങളുമായി യാതൊരു ബന്ധവും ഇല്ല. ദൈവത്തിന്റെ സർവ്വാധികാരത്തിൽ, നമുക്ക് നന്മ നല്കുവാനും അതിനെ എടുത്തുമാറ്റുവാനുമുള്ള അധികാരമുണ്ട്.

 

രണ്ടാമതായി, പ്രതികൂലത്തിന്റെ സാഹചര്യത്തിലും നമ്മൾ ദൈവത്തെ ആരാധിക്കുന്നത്, നമ്മളിലുള്ള വിശ്വാസം ഹേതുവയാണ്. ഈ വിശ്വാസം, ഭൌതീക നന്മകൾ എപ്പോഴെങ്കിലും പുനസ്ഥാപിക്കപ്പെടും എന്ന പ്രതീക്ഷയല്ല. ദൈവത്തിന്റെ സർവ്വാധികാരത്തിലുള്ള വിശ്വാസമാണ്. ഈ വിശ്വാസമോ, ദൈവം നമുക്ക് ദാനമായി നല്കിയതാണ്. അത് തകർന്നു പോകാതെ ഇരിക്കുന്നത്, ദൈവം അതിനെ വേലികെട്ടി സംരക്ഷിക്കുന്നത് കൊണ്ടാണ്. നമുക്ക് ഇതിലൊന്നും പ്രശംസിക്കുവാൻ യാതൊന്നും ഇല്ല.

      


 

 

 

 

No comments:

Post a Comment