പഴയനിയമത്തിലെ ദൈവം ക്രൂരനോ?

വേദപുസ്തകത്തിലെ ദൈവം ക്രൂരനും, മൃഗീയനുമായ ഒരു ദൈവമാണോ? ഈ ചോദ്യത്തിനുള്ള ഒരു വിശദീകരണമാണ് ഈ വീഡിയോയിലെ വിഷയം. ഈ ചോദ്യം പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ദൈവത്തെക്കുറിച്ചാണ് എങ്കിലും, ക്രിസ്തീയ വിശ്വാസത്തെ വിമർശിക്കുന്നവർ കൂടുതലായി ചൂണ്ടിക്കാണിക്കുന്നത്, പഴയനിയമ ചരിത്രമാണ്. അവർ എടുത്തു പറയുന്ന വേദപുസ്തകത്തിലെ സംഭവങ്ങളിൽ ചിലത് മാത്രം ഇവിടെ പഠനവിഷയമാക്കുകയാണ്.

ആദമിന്റെയും ഹവ്വയുടെയും വീഴ്ച

 

വേദപുസ്തകത്തിലെ ദൈവം ക്രൂരനായ ഒരു വ്യക്തിത്വമാണ് എന്ന് എന്നു വാദിക്കുവാൻ, വിമർശകർ ആദ്യം ഉന്നയിക്കുന്നത് മനുഷ്യരുടെ സൃഷ്ടിയുടെ ചരിത്രമാണ്. ഇത് ആദാമിന്റെയും ഹവ്വയുടെയും പാപത്തിൽഉള്ള വീഴ്ചയുടെ കഥയാണ്. അവരുടെ വീഴ്ച സംബന്ധിച്ച് രണ്ട് ചോദ്യങ്ങൾ ഉയരാറുണ്ട്.

ദൈവത്തിന്റെ സർവ്വ ജ്ഞാനത്താൽ, മനുഷ്യർ പാപം ചെയ്യുമെന്നും, അതിന് നിത്യമായ ശിക്ഷ ലഭിക്കും എന്നും ദൈവത്തിന് അറിവുണ്ടായിരുന്നു എങ്കിൽ, എന്തിനാണ് അവൻ മനുഷ്യരെ സൃഷ്ടിച്ചത്? ഇതാണ് ഒന്നാമത്തെ ചോദ്യം.

 

ഈ ചോദ്യം ദൈവത്തിന്റെ സർവ്വജ്ഞാനത്തെയും സർവ്വസ്നേഹത്തേയും സംശയത്തിലാക്കുന്നു. ദൈവം സർവ്വജ്ഞാനിയാണ് എന്നു പറഞ്ഞാൽ, സകല സൃഷ്ടിക്കും മുമ്പുള്ള കാര്യങ്ങൾ മുതൽ, നിത്യതയോളം സകല കാര്യങ്ങളും അവന് മുൻകൂട്ടി അറിയാം. അവന്റെ ജ്ഞാനം പരിപൂർണ്ണമാണ്. യാതൊന്നും അവനിൽ നിന്നും മറഞ്ഞിരിക്കുന്നില്ല. എന്തെല്ലാം സംഭവിക്കും, അത് എന്തുകൊണ്ട് സംഭവിക്കും, അതിന്റെ പരിണിത ഫലം എന്തായിരിക്കും എന്നെല്ലാം അവന് അറിയാം. അതുപോലെ തന്നെ, സംഭവിക്കുവാൻ സാധ്യതയുള്ള തിന്മകളിൽ നിന്നുള്ള രക്ഷയുടെ മാർഗ്ഗം എന്താണ് എന്നും അവന് അറിയാം.

 

അതിനാൽ, പ്രപഞ്ച സൃഷ്ടിക്ക് മുമ്പ് തന്നെ, മനുഷ്യർ പാപത്തിൽ വീഴും എന്നു ദൈവത്തിന് അറിയാമായിരുന്നു. എങ്കിലും, അവന്റെ സർവ്വാധികാരത്താൽ, അവൻ മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യന് നന്മയെയോ, തിന്മയെയോ തിരഞ്ഞെടുക്കുവാനുള്ള സ്വതന്ത്ര ഇച്ഛാശക്തിയും നല്കി. എന്നാൽ, മനുഷ്യർ തിന്മ തിരഞ്ഞെടുക്കേണം എന്നു ദൈവം ആഗ്രഹിച്ചിരുന്നില്ല. അവൻ മനപ്പൂർവ്വമായി നന്മയെയും, ദൈവത്തോടുള്ള വിശ്വസ്തതയേയും തിരഞ്ഞെടുക്കേണം എന്നായിരുന്നു ദൈവത്തിന്റെ ആഗ്രഹം. അതിനാൽ, നന്മ തിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ സാന്നിദ്ധ്യത്തെ കുറിച്ചും, അതിന്റെ ഫലം കഴിച്ചാൽ ഉണ്ടാകുന്ന ഭവിഷത്തുകളെക്കുറിച്ചും, ദൈവം മനുഷ്യരെ മുൻകൂട്ടി അറിയിച്ചു. അതിൽ നിന്നും രക്ഷപ്പെടുവാനായി, അതിന്റെ ഫലം മാത്രം തിന്നരുതു എന്നും ദൈവം കൽപ്പിച്ചു.

 

ആദാമിനെയും ഹവ്വയെയും, പാപത്തിന്റെ സാധ്യതയെക്കുറിച്ചും, അതിനെ ഒഴിവാക്കുന്നതിനെക്കുറിച്ചും ദൈവം മുൻകൂട്ടി അറിയിച്ചിരുന്നു. അവർക്ക് തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്നും, അതിൽ ദൈവം ഇടപ്പെടുകയില്ല എന്നും അവർക്ക് അറിയാമായിരുന്നു. അതിനാൽ, പാപം ചെയ്താൽ അത് മനപ്പൂർവ്വമായുള്ള തിരഞ്ഞെടുപ്പാകും എന്നും അവരെ ദൈവം ധരിപ്പിച്ചിരുന്നു. പാപത്തിന്റെ പരിണിത ഫലം എന്താകും എന്നും അവർക്ക് ദൈവം അറിയിപ്പു കൊടുത്തു.

മനുഷ്യർ, മനപ്പൂർവ്വമായി, അവന്റെ സ്വതന്ത്ര ഇച്ഛാശക്തി  ഉപയോഗിച്ച്, പാപത്തെ തള്ളിക്കളയുകയും, ദൈവത്തോടുള്ള വിശ്വസ്തതയെയും, നന്മയെയും സ്വീകരിക്കുകയും വേണം എന്ന് ദൈവം ആഗ്രഹിച്ചു.

 

എന്നാൽ, മനുഷ്യർ വഞ്ചിക്കപ്പെടും എന്നും അവർ പാപത്തിൽ വീഴും എന്നും ദൈവത്തിന് അറിയാമായിരുന്നു. അതിനാൽ, ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിക്കും മുമ്പേ, പാപത്തിന്റെ അനന്തര ഫലത്തിൽ നിന്നും അവരെ രക്ഷിക്കുവാനുമുള്ള ഒരു പദ്ധതി ദൈവം തയ്യാറാക്കിയിരുന്നു. അത് ഒരു കുഞ്ഞാടിനെ മനുഷ്യരുടെ പാപത്തിന്റെ പരിഹാരത്തിനായി, യാഗമായി അർപ്പിക്കുക എന്നതായിരുന്നു. ഇത് യേശുക്രിസ്തു മുഖാന്തിരമുള്ള പാപമോചനവും, വിടുതലും, നിത്യജീവനുമാണ്.

 

ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുക, അതിൽ ജീവജാലങ്ങളെയും മനുഷ്യരെയും സൃഷ്ടിക്കുക എന്നിവ ദൈവത്തിന്റെ സമ്പൂർണ്ണ പദ്ധതി ആകുന്നില്ല. സൃഷ്ടി അവന്റെ പദ്ധതിയുടെ ആരംഭം മാത്രമേ ആകുന്നുള്ളൂ. പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കപ്പെട്ട്,

അവിടെ വീണ്ടെടുക്കപ്പെട്ട മനുഷ്യർ, ദൈവത്തോട് കൂടെ നിത്യമായി വസിക്കുമ്പോൾ മാത്രമേ അവന്റെ പദ്ധതി പൂർണ്ണമാകുന്നുള്ളൂ. അവിടെ പാപവും, പാപത്തിൽ വീഴുവാനുള്ള സാധ്യതയും ഉണ്ടായിരിക്കുകയില്ല, കാരണം, അവിടെ എപ്പോഴും, മനുഷ്യരോടൊപ്പം, ദൈവത്തിന്റെ വാസം ഉണ്ടായിരിക്കും.

 

അതിനാൽ ദൈവീക പദ്ധതിയെ നമുക്ക് ഇങ്ങനെ മനസ്സിലാക്കാം. ഇപ്പോൾ നമ്മൾ ജീവിക്കുന്ന ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി, ഒരു വിശാലമായ ദൈവീക പദ്ധതിയുടെ ആരംഭ ഘട്ടം മാത്രമാണ്. ഈ ഘട്ടത്തെക്കുറിച്ച് നമുക്ക് അറിയാവുന്ന പ്രാഥമികവും, പരിമിതവുമായ വിവരങ്ങൾ അടിസ്ഥാനമാക്കി, ദൈവത്തിന്റെ ഉദ്ദേശ ശുദ്ധിയെ വിലയിരുത്തുന്നത് ശരിയാകുക ഇല്ല.

 

ആദമിന്റെയും ഹവ്വയുടെയും വീഴ്ചയുമായി ബന്ധപ്പെട്ടുള്ള, രണ്ടാമത്തെ ചോദ്യം, രണ്ട് ആദിമ മനുഷ്യർ പാപം ചെയ്തു എന്നതിനാൽ, പിന്നീട് ജനിച്ച എല്ലാ മനുഷ്യരെയും ശിക്ഷിക്കുന്നത് ന്യായമാണോ?

 

ദൈവം ഈ പ്രപഞ്ചത്തെയും അതിലുള്ള സകല ജീവജാലങ്ങളേയും, മനുഷ്യരെയും സൃഷ്ടിച്ചത് 6 ദിവസം കൊണ്ടാണ് എന്നാണ് വേദപുസ്തകം പറയുന്നത്. മനുഷ്യരെ സൃഷ്ടിച്ചത് 6 ആമത്തെ ദിവസമാണ്. അവൻ സൃഷ്ടിച്ചതെല്ലാം ഒന്നുമില്ലായ്മയിൽ നിന്നായിരുന്നു. 6 ആമത്തെ ദിവസത്തിന് ശേഷം ദൈവം യാതൊന്നും, ഇതേ രീതിയിൽ സൃഷ്ടിച്ചില്ല.

 

മനുഷ്യനെ സൃഷ്ടിച്ചതിന് ശേഷം ജീവജാലങ്ങൾക്ക് ഉണ്ടായ എല്ലാ വർദ്ധനവും, അവരിലൂടെ ഉണ്ടായ ജനന പ്രക്രിയയിലൂടെയാണ് സംഭവിക്കുന്നത്. ഓരോ തരം മൃഗങ്ങളും സസ്യങ്ങളും, മനുഷ്യരും അതതുതരം പിൻതലമുറയ്ക്ക് ജന്മം നല്കുന്നു. ഇതായിരുന്നു  ദൈവത്തിന്റെ പദ്ധതി. വർദ്ധനവിന്റെ ഈ നിയമം, സൃഷ്ടികർത്തവായ ദൈവം പ്രഖ്യാപിച്ച പ്രമാണമാണ്.

 

ദൈവം, ഏദൻ തോട്ടത്തിൽ വച്ച് ആദാമിനെയും ഹവ്വയേയും സൃഷ്ടിച്ചതിന് സമാനമായ രീതിയിൽ, പിന്നീട് മനുഷ്യരെ ആരെയും സൃഷ്ടിച്ചിട്ടില്ല. എന്നാൽ സകല മനുഷ്യരും, ആദാമിലൂടെ, ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവർ ആണ്. ദൈവം ലോകത്തിന് അടിസ്ഥാനമിടുന്നതിന് മുമ്പേ, അവന്റെ മനസിലും അറിവിലും, ആദാം മുതലുള്ള സകല മനുഷ്യരും ഉണ്ടായിരുന്നു.

അവൻ ആദാമിനെ സൃഷ്ടിച്ചപ്പോൾ, എല്ലാ മനുഷ്യരും, ആദാമിൽ അടങ്ങിയിരുന്നു. ഹവ്വയെപ്പോലും ദൈവം ആദാമിനെ സൃഷ്ടിച്ചതുപോലെയല്ല സൃഷ്ടിച്ചത്. ദൈവം, ഹവ്വയെ, നേരിട്ട് മണ്ണിൽ നിന്നും സൃഷ്ടിച്ചില്ല, ഹവ്വയുടെ മൂക്കിൽ ദൈവം ജീവ ശ്വാസം ഊതിയില്ല. ഹവ്വയക്ക്, അസ്ഥിയും മാംസവും ജീവശ്വാസവും ലഭിച്ചത് ആദാമിൽ നിന്നാണ്. അതായത്, ആദാമിന് ശേഷമുള്ള എല്ലാ മനുഷ്യരേയും, ദൈവം, ആദാമിൽ ഉൾക്കൊള്ളിച്ചിരുന്നു.

 

ദൈവം ഇവിടെ പിന്തുടർച്ചയുടെ പ്രമാണം പ്രഖ്യാപിക്കുകയാണ്. ആദാമിൽ ഉണ്ടായിരുന്നതെല്ലാം, ഹവ്വയിലേക്കും, അവരുടെ സന്തതി പരമ്പരകളിലേക്കും പകർന്നു. അവരുടെ ആദ്യത്തെ സന്തതി, കയീൻ ജനിക്കുന്നത്, അവർ പാപത്തിൽ വീണുപോയത്തിന് ശേഷവും, അവർ തോട്ടത്തിൽ നിന്നും പുറത്തായത്തിന് ശേഷവും ആണ്. അവൻ, ആദാമിൽ നിന്നും പാപ പ്രകൃതി പ്രാപിച്ചവനായി ജനിച്ചു. പിന്നീട് ജനിച്ചവരിലേക്കെല്ലാം, ആദാമിൽ നിന്നും പാപപ്രകൃതി പകർന്നു ലഭിച്ചു.

 

ഇതിൽ ദൈവം ക്രൂരമായി യാതൊന്നും പ്രവർത്തിച്ചിട്ടില്ല. സന്തതി പരമ്പരകളിലൂടെയുള്ള തുടർച്ച അവന്റെ എല്ലാ ജീവജാലങ്ങൾക്കുമുള്ള പ്രമാണമാണ്. ദൈവം എല്ലാം ഒരിക്കലായി സൃഷ്ടിച്ചു, അതിൽ വർദ്ധനവിന്റെ പ്രമാണം കൽപ്പിച്ചു, അത് സന്തതി പരമ്പരകളിലൂടെയുള്ള വർദ്ധനവ് ആയിരുന്നു. ഈ വർദ്ധനവിൽ, പൂർവ്വികരുടെ സകല വിശേഷഗുണങ്ങളും ഉണ്ട്. ഈ പ്രമാണ പ്രകാരം, ആദാമിന്റെ പാപത്താൽ മലിനമായ പ്രകൃതി സകല മനുഷ്യരിലേക്കും പരമ്പരയായി പകർന്നു ലഭിച്ചു.

 

ആദമിന്റെയും ഹവ്വയുടെയും പാപത്തിൽ ഉള്ള വീഴ്ചയുടെ വിവരണത്തിൽ, നമ്മൾ കാണുന്നത്, ദൈവത്തിന്റെ ക്രൂരതയല്ല, അവന്റെ സ്നേഹമാണ്. ദൈവം മനുഷ്യരെ, മറ്റെല്ലാ സൃഷ്ടികളെക്കാളും അധികമായി സ്നേഹിച്ചു.

 

ദൈവം ആദാമിന് നല്കിയിരുന്ന മുന്നറിയിപ്പ്, “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.” എന്നായിരുന്നു. എന്നാൽ, നിഷിധമായിരുന്ന വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ച അതേ ദിവസം, മനുഷ്യർ മരിച്ചില്ല.

ദൈവം അവരോട് കരുണ കാണിച്ചു, അവർക്കു ഒരു കൃപാ കാലം കൂടികൊടുത്തു. അതായത്, പാപത്തിൽ നിന്നും മാനസാന്തരപ്പെടുവാനും, പരിഹാരം അർപ്പിക്കുവാനും ആവശ്യമായ, മതിയായ, ഒരു കാലം ദൈവം മനുഷ്യർക്ക് കൊടുത്തു.

 

പാപം ചെയ്ത ആദാമിനെയും ഹവ്വയേയും ഏദൻ തോട്ടത്തിൽ നിന്നും പുറത്താക്കിയപ്പോൾ, എല്ലാ മനുഷ്യരെയും ആണ് പുറത്താക്കിയത്. അവരിൽ സകല മനുഷ്യരും അടങ്ങിയിരുന്നു.

 

മനുഷ്യരെ ഏദൻ തോട്ടത്തിൽ നിന്നും പുറത്താക്കി എങ്കിലും, ദൈവം തോട്ടത്തെ നശിപ്പിച്ചില്ല. അവൻ ദൂതന്മാരെ കാവൽ നിറുത്തി, ഏദൻ തോട്ടത്തെ, പിശാചിൽ നിന്നും പാപത്തിൽ വീണുപോയ മനുഷ്യരിൽ നിന്നും സംരക്ഷിച്ചു. ഇവർ രണ്ട് കൂട്ടരും ഇനി ഒരിക്കലും തോട്ടത്തിൽ പ്രവേശിക്കുക ഇല്ല. തോട്ടം ഒരു വിശുദ്ധ സ്ഥലമായി ദൈവം സംരക്ഷിക്കുന്നു.

 

എന്നാൽ, അതേ സമയം, പാപത്തിന് പരിഹാരമായി തീരുവനായി, ഒരു സന്തതിയെ നല്കാം എന്നു ദൈവം, ഹവ്വയക്ക് വാഗ്ദത്തം ചെയ്തതിലൂടെ ദൈവം മനുഷ്യർക്ക് രക്ഷ വാഗ്ദത്തം ചെയ്യുക ആയിരുന്നു. ഒരിക്കൽ, മനുഷ്യർ രക്ഷ പ്രാപിച്ചു കഴിഞ്ഞാൽ, അവർക്ക് തോട്ടത്തിലേക്ക് വീണ്ടും പ്രവേശിക്കാം. അവിടെ അവർക്ക് അവകാശം ലഭിക്കും. ക്രിസ്തുവിലൂടെ, അവകാശം പ്രാപിച്ച ദൈവജനം, തോട്ടത്തിൽ തിരികെ പ്രവേശിക്കുന്ന നാൾ വരെ, തോട്ടത്തെ പിശാചിൽ നിന്നും പാപത്തിൽ നിന്നും സംരക്ഷിക്കുവാനാണ്, ദൈവം ദൂതന്മാരെ കാവൽ നിറുത്തിയിരിക്കുന്നത്. ഇത് ദൈവത്തിന്റെ മഹാ കരുണയും കരുതലുമാണ്.

 

ഏദൻ തോട്ടത്തിൽ സംഭവിച്ച മനുഷ്യന്റെ വീഴ്ച ഒരു ദുരന്തപര്യവസായി ആയ കഥയല്ല. അത് പരീക്ഷയുടെയും, കൃപയുടെയും, രക്ഷയുടെയും കഥയാണ്. സൃഷ്ടികർത്താവ്, അവന്റെ സൃഷ്ടികളെ ഉപേക്ഷിച്ചിട്ടില്ല. മനുഷ്യർ ഇപ്പോൾ, പ്രത്യാശയില്ലാത്തവരായി ഉഴന്നു നടക്കുന്നവർ അല്ല. നമ്മളുടെ നന്മയ്ക്കായി, നിത്യമായ വാസസ്ഥലം, അൽപ്പ കാലത്തേക്ക് മാറ്റി വച്ചിരിക്കുന്നു എന്നേയുള്ളൂ. 

 

 നോഹയുടെ കാലത്തെ വെള്ളപ്പൊക്കം

 

നോഹയുടെ കാലത്തുണ്ടായ വലിയ പ്രളയത്തിൽ ദൈവം നിരപരാധികളായ മനുഷ്യരെ, ശിശുക്കളെ ഉൾപ്പെടെ, മൊത്തമായി കൊന്നൊടുക്കിയത് അവന്റെ ക്രൂരതയുടെ മറ്റൊരു ഉദാഹരണമായി വിമർശകർ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ അതിനെക്കുറിച്ചുള്ള ചരിത്രം ഇനി നമുക്ക് പരിശോധിച്ച് നോക്കാം.

 

ഭൂമിയിൽ പരക്കെ വ്യാപരിച്ചിരുന്ന തിന്മയെ ഇല്ലാതാക്കുവാൻ, ഒരു വിശാല തലത്തിൽ, ദൈവം ആദ്യമായി ഇടപെടുന്ന ചരിത്രമാണ്, നോഹയുടെ കാലത്തെ പ്രളയം.

 

ഈ പ്രപഞ്ചത്തിന്റെ സർവ്വാധികാരിയും സൃഷ്ടാവും ദൈവമാണ്. ഈ ഭൂമിയിലെ മനുഷ്യർ എങ്ങനെ ജീവിക്കേണം എന്നു തീരുമാനിക്കുവാനുള്ള സർവ്വാധികാരം അവനുണ്ട്. ദൈവത്തിന് മാത്രമേ ഈ അധികാരം ഉള്ളൂ. ഈ ഭൂമിയിൽ ദുഷ്ടന്മാരായ ജനം ജീവിക്കേണം എന്നല്ല ദൈവത്തിന്റെ പദ്ധതി. മനപ്പൂർവ്വമായ തിരഞ്ഞെടുപ്പിലൂടെ, ദൈവത്തോട് വിശ്വസ്തത പാലിച്ചുകൊണ്ട്, മനുഷ്യർ ഇവിടെ ജീവിക്കേണം എന്നാണ് ദൈവീക ഉദ്ദേശ്യം.

എന്നാൽ, നോഹയുടെ കാലം ആയപ്പോഴേകും, മനുഷ്യർ എല്ലാവരും, ദുഷ്ടതയും, ദൈവത്തോടുള്ള മൽസരവും തിരഞ്ഞെടുത്തു. തിന്മ, അത്യധികമായി വർദ്ധിച്ചു.

 

അതിനാൽ, ഈ ലോകത്തെ, ദുഷ്ടതയിൽനിന്നും സ്വതന്ത്രമാക്കുവാൻ, ദുഷ്ടതയെ നിയന്ത്രിക്കുവാൻ, ദൈവത്തിന് ഇടപ്പെടേണ്ടി വന്നു. അവന് അതിനുള്ള അധികാരവും ഉണ്ട്. എന്നാൽ, ദൈവം അപ്രതീക്ഷിതമായി ഒരു ശിക്ഷ നടപ്പിലാക്കുകയോ, നാശം വരുത്തുകയോ ചെയ്തില്ല. എല്ലാ മനുഷ്യർക്കും, മാനസാന്തരപ്പെടുവാനും, ദൈവത്തിങ്കലേക്ക് തിരിയുവാനുമുള്ള, നീണ്ട ഒരു സമയം ദൈവം കൊടുത്തു. ഈ കാലയളവിൽ, സംഭവിക്കുവാനിരിക്കുന്ന ദൈവീക ശിക്ഷയെക്കുറിച്ച് അവർക്ക് മുന്നറിയിപ്പും കൊടുത്തു. അവരുടെ മുന്നിൽ ഒരു രക്ഷാ മാർഗ്ഗവും ക്രമീകരിക്കപ്പെട്ടു.  

 

ദുഷ്ടതയിൽ ജീവിക്കുന്ന മനുഷ്യരുടെ ഇടയിൽ, ദൈവത്തിന്റെ കൃപ അന്വേഷിക്കുന്ന, നീതിമാനായ ഒരു മനുഷ്യനെ ദൈവം കണ്ടെത്തി. നോഹ നീതിമാനായിരുന്നു എന്നതുമാത്രമാണ് അവനെ തിരഞ്ഞെടുത്ത് രക്ഷിക്കുവാനുള്ള ഏക മാനദണ്ഡം. അതായത്, നീതിമാന്മാരായി, ദൈവ കൃപ അന്വേഷിക്കുന്നവരായി ജീവിച്ചിരുന്ന എല്ലാവർക്കും, രക്ഷ ലഭ്യമായിരുന്നു.

എന്നാൽ ദൈവത്തിന് നോഹയെ അല്ലാതെ മറ്റാരെയും കണ്ടെത്തുവാൻ കഴിഞ്ഞില്ല. അതിനാൽ, നോഹയെ മാത്രം തിരഞ്ഞെടുത്തതിൽ യാതൊരു അനീതിയും ഇല്ല. മാത്രവുമല്ല, ദൈവത്തെ അന്വേഷിക്കുന്നവരോടുള്ള, അവന്റെ കൃപ ഇവിടെ വെളിപ്പെടുകയും ചെയ്യുന്നു. 

 

ദൈവത്തിന്റെ യഥാർത്ഥ ഉദ്ദേശ്യം, ഈ ഭൂമിയിലെ എല്ലാ മനുഷ്യരെയും തുടച്ചുനീക്കുക എന്നതായിരുന്നില്ല. ദുഷ്ടതയെയും പാപികളെയും ഇല്ലാതാക്കുക എന്നതായിരുന്നു ലക്ഷ്യം. അവൻ നശിപ്പിക്കുവാൻ ഉദ്ദേശിച്ച മനുഷ്യരെക്കുറിച്ച് ദൈവം പറയുന്നതിങ്ങനെയാണ്:

 

ഉൽപ്പത്തി 6: 5 ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.

 

ദൈവത്തിങ്കലേക്ക് തിരിയുന്ന എല്ലാവരെയും രക്ഷിക്കുവാനായി, ദൈവം ഒരു പദ്ധതി പ്രഖ്യാപിച്ചു. എല്ലാവരും കാൺകെ, ഒരു പെട്ടകം ഉണ്ടാക്കുവാൻ ദൈവം, നോഹയോട് കൽപ്പിച്ചു.

വരുവാനിരിക്കുന്ന ദൈവ കോപത്തിൽ നിന്നും രക്ഷപ്പെടുവാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും, ഈ പെട്ടകത്തിൽ കയറി രക്ഷ പ്രാപിക്കാം. ദൈവം, നോഹയോടു, പാപത്തേക്കുറിച്ചും അതിന്റെ പരിണിത ഫലത്തേക്കുറിച്ചും ജനങ്ങളോട് പ്രസംഗിക്കുവാൻ ആവശ്യപ്പെട്ടു. ദൈവീക ശിക്ഷയിൽ നിന്നും രക്ഷ പ്രാപിക്കുവാനുള്ള ഏക മാർഗ്ഗത്തെക്കുറിച്ചും നോഹ എല്ലാവരെയും അറിയിച്ചു.  

 

വേദപുസ്തക പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, നോഹ ഏകദേശം 120 വർഷങ്ങൾ പ്രസംഗിച്ചു. അവൻ പെട്ടകം നിർമ്മിക്കുകയും, വരുവാനിരിക്കുന്ന ശിക്ഷയെയും, അതിൽ നിന്നുള്ള രക്ഷാ മർഗ്ഗത്തെയും കുറിച്ച് പ്രസംഗിക്കുകയും ചെയ്തു. ദുഷ്ടതയുടെ ശിക്ഷ ഈ ഭൂമിൽ നടപ്പാക്കുന്നതിന് മുമ്പ്, ദൈവം 120 വർഷങ്ങളോളം, ക്ഷമയോടെ കാത്തിരുന്നു. ഇത് സകല മനുഷ്യർക്കും ലഭിച്ച കൃപാ കാലമായിരുന്നു.

 

ഇവിടെ ദൈവം, ദ്രുതഗതിയിൽ, ക്രൂരനും, മൃഗീയനും ആയി പ്രവർത്തിക്കുക ആയിരുന്നു എന്ന് ആർക്കും പറയുവാൻ കഴിയുക ഇല്ല. എല്ലാ മനുഷ്യർക്കും രക്ഷ പ്രാപിക്കുവാൻ അവസരം ഉണ്ടായിരുന്നു. കുട്ടികളെയെങ്കിലും രക്ഷപ്പെടുത്തുവാൻ അവർ മനസ്സ് കാണിക്കേണ്ടതായിരുന്നു. എന്നാൽ ആരും സർവ്വാധികാരിയായ ദൈവത്തെ വിശ്വസിച്ചില്ല. അവർ പാപത്തിൽ നിന്നും പിന്തിരിയുകയോ, രക്ഷ അന്വേഷിക്കുകയോ ചെയ്തില്ല.

 

120 വർഷങ്ങൾ, രക്ഷ പ്രാപിക്കുവാനുള്ള ഒരു സുദീർഘ കാലമാണ്. ഈ നീണ്ട, കൃപാ കാലത്തിന് ശേഷം, ദൈവം, ദുഷ്ടതയ്ക്കുള്ള ശിക്ഷയായി പ്രളയത്തെ അയച്ചു. ദൈവത്തെ വിശ്വസിച്ച്, പെട്ടകത്തിൽ പ്രവേശിച്ച നോഹയും കുടുംബവും ഒഴികെ എല്ലാവരും പ്രളയത്തിൽ നശിച്ചു.

 

എന്നാൽ വീണ്ടും ദൈവം മനുഷ്യരോട് കൃപയോടെ പെരുമാരുമാറി. പ്രളയത്തിനു ശേഷം, അവൻ ഒരു ഉടമ്പടി പ്രഖ്യാപിച്ചു. ഇതിനെ നമ്മൾ നോഹയുടെ ഉടമ്പടി എന്നു വിളിക്കുന്നു.

 

ദൈവം, കാലത്തിന്റെ വിത്തുകളിലേക്ക് നോക്കി അരുളിച്ചെയ്തു: “മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ളതു ആകുന്നു”. എങ്കിലും, എല്ലാ മനുഷ്യരെയും ഒരുപോലെ നശിപ്പിക്കുന്ന ഒരു പ്രളയം അതിനൊരു ശ്വാശത പരിഹാരമല്ല. അതിനാൽ, ദുഷ്ടതയെ ഇല്ലാതാക്കുവാൻ, വീണ്ടും ഇതേ മാർഗ്ഗം സ്വീകരിക്കുക ഇല്ല.

മാത്രവുമല്ല, ദൈവ കൃപയാൽ, എല്ലാ മനുഷ്യർക്കും ഉള്ള, വിശുദ്ധനും, അശുദ്ധനും ലഭിക്കുന്ന, പൊതുവായ അനുഗ്രഹത്തിന്റെ ഉടമ്പടി അവൻ പ്രഖ്യാപിച്ചു. ഇതിനെ നമ്മൾ, “പൊതുവായ ദൈവം കൃപ” എന്നു വിളിക്കുന്നു.

 

ദൈവം കൃപയോടെ മാത്രമേ മനുഷ്യരോട് എക്കാലവും ഇടപെട്ടിട്ടുള്ളൂ. അവൻ ദുഷ്ടന്മാരെ ശിക്ഷിച്ചപ്പോഴും, അവന്റെ കൃപ വീണ്ടും നമ്മളിലേക്ക് ഇറങ്ങി വന്നു. ദൈവത്തിന് ഒരിക്കലും ക്രൂരനോ, മൃഗീയനോ ആകുവാൻ കഴിയില്ല.

 

യെരീഹോ പട്ടണത്തിനെതിരെയുള്ള യുദ്ധം

 

കനാന്യ യുദ്ധം യഹോവയായ ദൈവത്തിന്റെ യുദ്ധം ആയിരുന്നു. കനാന്യർ യിസ്രായേല്യരുടെ ശത്രുക്കൾ ആയിരുന്നില്ല, ദൈവത്തിന്റെ ശത്രുക്കൾ ആയിരുന്നു. ഈ യുദ്ധത്തിൽ ദൈവമായിരുന്നു, “സൈന്യത്തിന്റെ അധിപതി”.

അത് ഒരു പ്രത്യേക ദേശത്ത്, ഒരു പ്രത്യേക ഉദ്ദേശത്തിനായി നടന്നതായിരുന്നു. ഇതൊരു മാതൃകാ യുദ്ധം ആയിരുന്നില്ല. പിന്നീട് ഒരിക്കലും, പഴയനിയമ വിശ്വാസികളോ, പുതിയ നിയമ വിശ്വാസികളോ പിന്തുടരേണ്ടുന്ന യുദ്ധം അല്ല.

 

യിസ്രായേൽ ജനം കനാൻ ദേശത്ത് എത്തിയതിനു ശേഷം, അവർ ആദ്യമായി ആക്രമിച്ച് പിടിച്ചെടുത്ത പട്ടണ രാജ്യമായിരുന്നു, യെരീഹോ. ഇത്, കനാൻ ദേശത്തിലെ ഏറ്റവും ശക്തമായ രാജ്യമായിരുന്നു. യിസ്രായേൽ അവർക്ക് എതിരെ യുദ്ധം ചെയ്തു, അവരെ പരാജയപ്പെടുത്തി, “പുരുഷൻ, സ്ത്രീ, ബാലൻ, വൃദ്ധൻ, ആടു, മാടു, കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലത്തെയും അവർ വാളിന്റെ വായ്ത്തലയാൽ അശേഷം സംഹരിച്ചു.”

 

യെരീഹോ നിവാസികളും, എല്ലാ കനാന്യ രാജ്യങ്ങളും, യിസ്രയേൽ ജനത്തിന്റെ പഴയകാല ചരിത്രവും, സമീപ കാലത്തെ സംഭവങ്ങളും നല്ലതുപോലെ അറിയാവുന്നവർ ആയിരുന്നു.

 

യിസ്രായേല്യർ മിസ്രയീമിൽ അടിമത്വത്തിൽ ആയിരുന്നു എന്നും, യഹോവയായ ദൈവം മിസ്രയീമ്യരുടെ മേൽ പത്ത് ബാധകളെ അയച്ച്, അവരെ സ്വതന്ത്രർ ആക്കി എന്നും, അവരുടെ മരുഭൂമിയാത്രയും, അവരുടെ ലക്ഷ്യവും, കനാന്യർക്ക് അറിയാമായിരുന്നു. മരുഭൂമിയിൽ അമാലേക്യർ അവരെ ആക്രമിച്ച ചരിത്രവും, യിസ്രായേൽ ജനം അവരെ പരാജയപ്പെടുത്തിയതും, യോർദ്ദാൻ നദിയുടെ അക്കരെ, അമോർയ്യരെ പരാജയപ്പെടുത്തിയതും, അവർക്ക് അറിയാമായിരുന്നു. യിസ്രായേൽ കനാന്യ ദേശം പിടിച്ചെടുക്കുവാനായി വരുകയാണ് എന്നും യഹോവയായ ദൈവം, ഈ ദേശത്തെ അവർക്ക് വാഗ്ദത്തം ചെയ്തിരിക്കുകയാണ് എന്നും കനാന്യർക്ക് അറിവുണ്ടായിരുന്നു. അവരുടെ പാപം നിമിത്തം യഹോവയായ ദൈവം അവരെ ശിക്ഷിക്കുവാൻ പോകുകയാണ് എന്ന് അറിയാത്തവരായി കനാന്യ ദേശത്ത് ആരും ഉണ്ടായിരുന്നില്ല. എന്നാൽ അവർ ദൈവത്തോട് മൽസരിച്ച്കൊണ്ട് ജീവിച്ചു.

 

ഒരു രക്ഷാ മാർഗ്ഗം ചൂണ്ടിക്കാണിക്കാതെ, ദൈവം യെരീഹോവിനെ നശിപ്പിച്ചില്ല. 400 വർഷങ്ങൾ, അവർ മാനസാന്തരപ്പെടുവാൻ ദൈവം കാത്തിരുന്നു.

യിസ്രായേൽ ജനം മരുഭൂമിയിൽ ഉഴന്നുനടന്ന 40 വർഷങ്ങൾ, യെരീഹോ നിവാസികൾക്ക് മനസന്തരപ്പെടുവാൻ ലഭിച്ച നല്ല അവസരമാണ്. അവസാന നിമിഷത്തിലും, ദൈവത്തിങ്കലേക്ക് തിരിയുന്നവരെ സ്വീകരിക്കുവാൻ അവൻ തയ്യാറായിരുന്നു. എന്നാൽ, രാഹാബ് എന്നു പേരുള്ള ഒരു സ്ത്രീ മാത്രം ദൈവത്തെ സ്വീകരിച്ചു. അവളും കുടുംബവും നാശത്തിൽ നിന്നും രക്ഷിക്കപ്പെട്ടു. എന്നു മാത്രമല്ല, യേശുക്രിസ്തുവിന്റെ വംശാവലിയിൽ പെരുള്ളവളായി, രാഹാബ് ബഹുമാനിക്കപ്പെട്ടു.   

 

ദൈവത്തിങ്കലേക്ക് തിരിഞ്ഞ്, മനസന്തരപ്പെടുവാനുള്ള അവസരവും, സ്വാതന്ത്ര്യവും, അവകാശവും എല്ലാവർക്കും ഒരുപോലെ ലഭ്യമായിരുന്നു. രക്ഷ ഓരോരുത്തരും തിരഞ്ഞെടുക്കേണ്ടത് ആയിരുന്നു. ദൈവത്തിൽ നിന്നുള്ള രക്ഷയെ സ്വീകരിച്ച്, നാശത്തിൽ നിന്നും രക്ഷ പ്രാപിക്കുന്ന എല്ലാവരുടെയും നിഴലാണ് രാഹാബ്. 

 

                                  (ഇ-ബുക്ക് ഡൗൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

 

അമാലേക്യരുടെ വംശഹത്യ

 

യിസ്രായേൽ ജനത്തോട്, പൂർണമായി നശിപ്പിക്കേണം എന്ന് ദൈവം കൽപ്പിച്ച ഒരു വംശം ആയിരുന്നു, അമാലേക്യർ. പഴയനിയമ കാലത്ത്, യഹൂദ്യയുടെ തെക്ക് ഭാഗത്തായി, നെഗേവ് എന്ന മരുഭൂമി പ്രദേശത്ത് ജീവിച്ചിരുന്ന ഒരു കൂട്ടം നാടോടി വംശജർ ആയിരുന്നു, അമലേക്യർ. ഇവർ തലമുറയായി, മരുഭൂമിയിലെ നാളുകൾ മുതൽ പേർഷ്യൻ സാമ്രാജ്യത്തിന്റെ നാളുകൾ വരെ, യിസ്രായേല്യരുടെ ശത്രുക്കൾ ആയിരുന്നു.

 

യിസ്രായേൽ ജനം, മിസ്രയീമിൽ നിന്നും വാഗ്ദത്ത ദേശത്തേക്ക് വരുന്ന വഴി, മരുഭൂമിയിൽ രെഫീദീം എന്ന സ്ഥലത്ത് വച്ച് അമാലേക്യർ, യിസ്രായേലിനോടു യുദ്ധംചെയ്തു. യിസ്രായേല്യരുടെ ഭാഗത്ത് നിന്നും യാതൊരു വിധ പ്രകോപനവും കൂടാതെയാണ് അമാലേക്യർ യുദ്ധം ചെയ്തത്. ചെങ്കടൽ കടന്ന ശേഷം, യിസ്രായേല്യരൊട് യുദ്ധം ചെയ്യുന്ന ആദ്യത്തെ വംശജരായിരുന്നു അമാലേക്യർ. മരുഭൂമിയിലൂടെയുള്ള യാത്രയാൽ ജനം ക്ഷീണിച്ചും തളർന്നും ഇരിക്കുമ്പോൾ അവരുടെ പിമ്പിൽ പിന്നണിയിലുള്ള ബലഹീനരെ അമാലേക്യർ ആക്രമിച്ചു. യിസ്രായേൽ, അവരെ എതിർത്ത് തോൽപ്പിച്ചു. എന്നാൽ, അവരെ പൂർണ്ണമായും ഇല്ലാതാക്കുവാൻ കഴിഞ്ഞില്ല. അതിനാൽ, അമാലേക്യരും യിസ്രായേല്യരും തമ്മിലുള്ള ശത്രുത തലമുറയായി തുടർന്നു.

ഈ കാരണം കൊണ്ടും, അമാലേക്യരുടെ പാപ ജീവിതം കൊണ്ടും അവരെ ഉന്മൂല നാശം ചെയ്യേണം എന്നു ദൈവം യിസ്രായേൽ ജനത്തോട് കൽപ്പിച്ചു. വാഗ്ദത്ത ദേശം കൈവശമാക്കി, അവിടെ താമസിക്കുവാൻ തുടങ്ങുമ്പോൾ, അമാലേക്യരിൽ ശേഷിച്ചവരെ പൂർണമായി നശിപ്പിക്കേണം എന്നു മോശെയും യിസ്രായേൽ ജനത്തോട് കൽപ്പിച്ചു. ഇതിനെ ദൈവത്തിന്റെ കൽപ്പനയായി കാണാം.  

 

എന്നാൽ, ഒരു യുദ്ധത്തിൽ, അമാലേക്യരെ പൂർണ്ണമായി ഇല്ലാതാക്കുവാൻ യിസ്രായേലിന് കഴിഞ്ഞില്ല. അവർ തമ്മിലുള്ള ശത്രുത തലമുറയായി തുടർന്നു. അതിനാൽ, സംഖ്യാപുസ്തകം 14 ആം അദ്ധ്യായത്തിൽ യിസ്രായേലും അമലേക്യരും തമ്മിലുള്ള മറ്റൊരു യുദ്ധത്തെക്കുറിച്ച് പറയുന്നു.

 

പിന്നീട് നമ്മൾ അവരെ ന്യായാധിപന്മാരുടെ പുസ്തകത്തിൽ വീണ്ടും കാണുന്നു. വാഗ്ദത്ത ദേശത്ത് താമസിച്ചിരുന്ന യിസ്രായേൽ, യഹോവയ്ക്ക് അനിഷ്ടമായത് പ്രവർത്തിച്ചു. അതിനാൽ ദൈവം അവരെ ശത്രുക്കളെ പക്കൽ എൽപ്പിച്ചുകൊടുത്തു. ശത്രുക്കളുടെ കൂട്ടത്തിൽ അമലേക്യരും ഉണ്ടായിരുന്നു.

ന്യായാധിപന്മാരുടെ പുസ്തകം 6: 3 ൽ അമാലേക്യർ, ഏഴു വർഷങ്ങൾ യിസ്രായേലിയരെ ആക്രമിക്കുന്നതായി വീണ്ടും കാണുന്നു. അമലേക്യർ, യിസ്രായേലിന് എതിരായി യിസ്രായേൽ താഴ് വരയിൽ പാളയം അടിച്ചു. എന്നാൽ യുദ്ധത്തിൽ, ഗിദെയോന്റെ നേതൃത്വത്തിൽ യിസ്രായേൽ ജനം, അമാലേക്യരെ തോൽപ്പിച്ചു. എങ്കിലും അമാലേക്യരെയോ, നെഗേവ് എന്ന അവരുടെ പട്ടണത്തെയോ, പൂർണ്ണമായി സംഹരിക്കുവാൻ കഴിഞ്ഞില്ല.

 

യിസ്രായേലിന്റെ ആദ്യത്തെ രാജാവായിരുന്ന ശൌൽ രാജാവിന്റെ കാലത്ത്, വളരെ പ്രധാനപ്പെട്ട ഒരു യുദ്ധം നടന്നു. അമാലേക്യരെ മുഴുവനും ഇല്ലാതാക്കുവാൻ, ദൈവം, ശമുവേൽ പ്രവാചകനിലൂടെ, ശൌലിനോട് കൽപ്പിച്ചു. എന്നാൽ, ശൌൽ, അമാലേക്യരോട് യുദ്ധം ചെയ്ത്, അവരെ തോൽപ്പിച്ചു എങ്കിലും, അവരെ പൂർണ്ണമായും ഇല്ലാതാക്കുവാൻ അവന് കഴിഞ്ഞില്ല. അവൻ ദൈവീക കൽപ്പന അനുസരിക്കുന്നതിൽ ശ്രദ്ധിച്ചില്ല. എല്ലാ അമാലേക്യരും ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടില്ല. അവരെ 1 ശമുവേൽ 30 ആം അദ്ധ്യായത്തിൽ, ശൌലിന്റെ വാഴ്ചയുടെ അവസാന നാളുകളിൽ വീണ്ടും കാണുന്നുണ്ട്.

 

ദാവീദിനെ ദൈവം അടുത്ത രാജാവായി അഭിഷേകം ചെയ്തതിനാൽ, ശൌൽ, അവനെ കൊല്ലുവാൻ ശ്രമിച്ചു. അതിനാൽ ദാവീദ്, ഫെലിസ്ത്യരുടെ ദേശത്തിലേക്ക് ഓടിപ്പോയി. ദാവീദിനോടൊപ്പം അവന്റെ രണ്ട് ഭാര്യമാരും, 600 പുരുഷന്മാരും അവരുടെ കുടുംബാഗങ്ങളും ഉണ്ടായരുന്നു. ഗത്ത്‌ ദേശത്തിന്റെ രാജാവായ ആഖീശ്, അവരെ സിക്ളാഗ് എന്ന സ്ഥലത്ത് താമസിപ്പിച്ചു.

 

ദാവീദും, കൂടെയുള്ള പുരുഷന്മാരും സിക്ളാഗിൽ ഇല്ലാതിരുന്ന ഒരു അവസരത്തിൽ, അമലേക്യർ, അവിടം ആക്രമിച്ചു, അവരുടെ സ്ത്രീകളേയും കുട്ടികളേയും, സമ്പത്തും പിടിച്ചുകൊണ്ട് പോയി. ഇതറിഞ്ഞ ദാവീദും കൂട്ടരും, അവരുടെ പിന്നാലെ പോയി, അവരെ തോൽപ്പിച്ചു, എല്ലാവരെയും തിരികെ കൊണ്ടുവന്നു. എന്നാൽ, 400 അമാലേക്യ യുവാക്കൾ, ഒട്ടകപ്പുറത്ത് കയറി, ഓടിച്ചുപോയി, രക്ഷപ്പെട്ടു..

 

1 ദിനവൃത്താന്തം 4: 41, 43 വാക്യങ്ങളിൽ മറ്റൊരു യുദ്ധത്തെക്കുറിച്ച് സൂചനയുണ്ട്.

യഹൂദ രാജാവായിരുന്ന യഹിസ്കീയാവിന്റെ കാലത്തു, ശിമെയോന്റെ പിൻതലമുറക്കാർ, സേയീർ പർവ്വതത്തിൽ താമസിച്ചിരുന്ന അമാലേക്യരെ ആക്രമിച്ചു, അവരെ കൊന്നു. എന്നാൽ ഇതുകൊണ്ടും അമാലേക്യരോ, അവരുടെ ശത്രുതയോ ഇല്ലാതായില്ല.

 

ഏറ്റവും അവസാനത്തെ അമാലേക്യനെ നമ്മൾ കാണുന്നത്, എസ്ഥേറിന്റെ പുസ്തകത്തിൽ ആണ്. ഇവിടെ കാണുന്ന, ഹാമാൻ, അമാലേക്യ രാജാവായിരുന്ന ആഗാഗിന്റെ പിൻതലമുറക്കാരൻ ആയിരുന്നു. (എസ്ഥേർ 3: 1). പേർഷ്യൻ സാമ്രാജ്യത്തിൽ താമസിച്ചിരുന്ന എല്ലാ യഹൂദന്മാരെയും കൊല്ലുവാൻ അവൻ ഒരു രഹസ്യ പദ്ധതി തയ്യാറാക്കി. അതിനായി അഹശ്വേരോശ്‌ രാജാവിന്റെ കൽപ്പനയും വാങ്ങിച്ചു. എന്നാൽ, എസ്ഥേർ രാജ്ഞി മുഖാന്തിരം, ദൈവം യിസ്രായേൽ ജനത്തെ രക്ഷിച്ചു. ഹാമാനും, അവന്റെ കുടുംബാഗങ്ങളും, യിസ്രായേലിന്റെ സകല ശത്രുക്കളും കൊല്ലപ്പെടുകയും ചെയ്തു. അങ്ങനെ അമലേക്യർ മൊത്തമായി ഇല്ലാതെയായി.  

 

അമാലേക്യർ ഒരിക്കൽ മാത്രം യിസ്രായേലിനോട് യുദ്ധം ചെയ്തവരല്ല. അവർ തലമുറയായി, ഏകദേശം 100 വർഷത്തിലധികം, യിസ്രായേലിന്റെ ശത്രുക്കളായി തുടർന്നു.

ഒരു തലമുറകൊണ്ട്, അവർ ശത്രുത അവസാനിപ്പിക്കുകയോ, യിസ്രായേലിനെതിരായ ദുഷ്ടത ഇല്ലാതാകുകയോ ചെയ്തില്ല. കുട്ടികൾ, അവരുടെ പിതാക്കന്മാരുടെ ശത്രുത ഏറ്റെടുത്തു. ഇതിനാലാണ്, അവരെ ഉന്മൂല നാശം ചെയ്യുവാൻ ദൈവം കൽപ്പിച്ചത്.

 

പഴയനിയമത്തിലെ ദൈവവും പുതിയനിയമത്തിലെ ദൈവവും

 

പഴയനിയമത്തിലെ ദൈവവും പുതിയനിയമത്തിലെ ദൈവവും വ്യത്യസ്തരായ ദൈവമാണോ? പഴയത്തിലെ ദൈവം പുതിയനിയമത്തിലേക്ക് വരുമ്പോൾ, ചിലതെല്ലാം ഉപേക്ഷിച്ചുവോ? അവൻ വ്യത്യസ്തമായ സ്വഭാവ വിശേഷങ്ങൾ സ്വീകരിച്ചുവോ?

 

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതാണ്: പഴയനിയമത്തിലെ ദൈവവും പുതിയനിയമത്തിലെ ദൈവവും ഒരു ദൈവം തന്നെയാണ്. ദൈവം മറ്റമില്ലാത്തവൻ ആയതിനാൽ, അവന് ഒരു മാറ്റവും സാധ്യമല്ല.

 

വേദപുസ്തകത്തിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങളെയാണ് “തോറ” എന്നു വിളിക്കുന്നത്. ഈ പുസ്തകങ്ങൾ, ഉൽപ്പത്തി, പുറപ്പാടു, ലേവ്യ, സംഖ്യ, ആവർത്തനം എന്നിവയാണ്.  യഹോവയായ ദൈവം, സീനായ് പർവ്വതത്തിൽ പ്രത്യക്ഷനായി, മോശെ മുഖാന്തിരം, യിസ്രായേൽ ജനത്തിന് നല്കിയ പ്രമാണങ്ങൾ ആണ് “തോറ” അല്ലെങ്കിൽ മോശെയുടെ ന്യായപ്രമാണങ്ങൾ എന്നു അറിയപ്പെടുന്നത്.

 

ഇന്നത്തെ ഉദാരവാദികൾ (liberal) ആയ വേദപണ്ഡിതന്മാർക്കും, ക്രൈസ്തവ തലമുറയ്ക്കും, ന്യായപ്രമാണങ്ങൾ, കഠിനവും, കർക്കശവും, ദയ ഇല്ലാത്തതും, ആയ കൽപ്പനകൾ ആണ്. അതിൽ, തെറ്റുകൾക്കുള്ള ക്രൂരമായ ശിക്ഷകൾ ഉണ്ട്. അതിനാൽ ഇതിനൊരു പ്രാകൃത സ്വഭാവമുണ്ട് എന്നാണ് ആധുനിക ചിന്തകരുടെ അഭിപ്രായം.

 

എബ്രായ ഭാഷയിലെ “തോറ” എന്ന വാക്ക് ന്യായപ്രമാണങ്ങൾ എന്നാണ് നമ്മൾ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഇതേ വാക്കാണ്, മാതാപിതാക്കൾ മക്കൾക്കും, അദ്ധ്യാപകർ കുട്ടികൾക്കും നല്കുന്ന ഉപദേശത്തിനും ഉപയോഗിച്ചിരിക്കുന്നത്.

സദൃശ്യവാക്യങ്ങൾ 1: 8 മകനേ, അപ്പന്റെ പ്രബോധനം കേൾക്ക. അമ്മയുടെ ഉപദേശം (torah, ന്യായപ്രമാണം)  ഉപേക്ഷിക്കയുമരുതു;

 

ഈ വാക്യത്തിൽ “അമ്മയുടെ ഉപദേശം” എന്നു പറയുന്നിടത്ത്, “ഉപദേശം” എന്നു പറയുവാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം “തോറ” എന്നാണ്. എബ്രായ ഭാഷയിൽ “തോറ” എന്ന വാക്കിന്റെ അർത്ഥം, നിയമങ്ങൾ, മാർഗ്ഗ നിർദ്ദേശങ്ങൾ, പ്രബോധനം എന്നിങ്ങനെയാണ്. അതിന്റെ അർത്ഥം, പഴയനിയമ വിശ്വാസികൾ, തോറയെ, അല്ലെങ്കിൽ ന്യായപ്രമാണത്തെ, അമ്മയുടെ സ്നേഹത്തോടെയുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ആയിട്ടാണ് കണ്ടത്. ഒരു വിശുദ്ധ ജീവിതം നയിക്കുവാനുള്ള, ദൈവത്തിന്റെ സ്നേഹത്തോടെയുള്ള നിർദ്ദേശങ്ങളും, പ്രബോധനങ്ങളും ആണ് “തോറ”. അതിനാൽ ആണ് ദാവീദ് ഇങ്ങനെ പറഞ്ഞത്:

 

സങ്കീർത്തനം 119: 103 തിരുവചനം എന്റെ അണ്ണാക്കിന്നു എത്ര മധുരം! അവ എന്റെ വായിക്കു തേനിലും നല്ലതു.  

 

ഇങ്ങനെ, ന്യായപ്രമാണങ്ങളെ മനസ്സിലാക്കിയാൽ, അവയെല്ലാം, ദൈവത്തിന്റെ സ്നേഹത്തോടെയുള്ള പ്രബോധനങ്ങൾ ആയിരുന്നു എന്ന കാഴ്ചപ്പാടിൽ എത്തിച്ചേരുവാൻ കഴിയും. അതിലെ, തെറ്റുകൾക്കുള്ള ശിക്ഷകൾ, യിസ്രായേൽ ജനത്തെ ശരിയായ ജീവിത പാതയിൽ നയിക്കുവാനുള്ള ബാലശിക്ഷ ആയിരുന്നു. ബാലശിക്ഷ എന്ന ആശയം, പഴയനിയമത്തിലും പുതിയ നിയമത്തിലും നമുക്ക് ഒരുപോലെ കാണാം. ദൈവം മനുഷ്യരെ കൊന്നൊടുക്കുന്ന ക്ഷിപ്രകോപിയായ ഒരു വ്യക്തിത്വമല്ല, അവൻ നമ്മളെ ശരിയായ രീതിയിൽ നയിക്കുവാൻ ആഗ്രഹിക്കുന്ന സ്നേഹവാനായ ഒരു പിതാവാണ്.  

 

യിസ്രായേലിന് “തോറ” നല്കിയ അതേ ദൈവമാണ്, നമ്മളെ വീണ്ടെടുക്കുവാനായി, ഒരു യാഗമായി തീരുവാൻ, സ്വന്ത പുത്രനെ ദാനമായി നല്കിയത്. നമുക്ക് ഒരു ദൈവം മാത്രമേയുള്ളൂ, അവന്, അവന്റെ സത്തയിലോ, സ്വഭാവ വിശേഷങ്ങളിലോ, രീതികളിലോ, പ്രവർത്തനങ്ങളിലോ മാറ്റങ്ങൾ വരുത്തുവാൻ കഴിയുക ഇല്ല.

 

പുതിയനിയമ എഴുത്തുകാർ എപ്പോഴും, പഴയനിയമത്തിൽ വെളിപ്പെട്ട ദൈവവും, പുതിയനിയമത്തിൽ, യേശുക്രിസ്തുവിലൂടെ വെളിപ്പെട്ട ദൈവവും ഒന്ന് തന്നെയാണ് എന്ന് ഉറപ്പിക്കുവാൻ ശ്രദ്ധിച്ചിരുന്നു. യേശുക്രിസ്തുവിനെ വചനം ജഡമായവനായി അവതരിപ്പിച്ചപ്പോൾ, യോഹന്നാൻ ഉദ്ദേശിച്ചതും ഇതുതന്നെയാണ്. വചനം ജഡമായി, നമ്മളുടെ ഇടയിൽ, യേശുക്രിസ്തു ആയി ജീവിച്ചു. വചനം ഇവിടെ പരമമായ ദൈവമാണ്.

 

യേശുക്രിസ്തുവിനെ ഈ ഭൂമിയിലേക്ക് അയക്കുവാൻ തക്കവണ്ണം, ദൈവം നമ്മളെ എത്രമാത്രം സ്നേഹിച്ചുവോ, അതേ സ്നേഹം അവന്, പഴയനിയമ കാലത്ത്, യിസ്രായേൽ ജനത്തോടും ഉണ്ടായിരുന്നു. എന്നാൽ അവൻ എപ്പോഴും, വിശുദ്ധനും, നീതിമാനും ആയിരുന്നു. അവൻ പാപത്തേയും അനീതിയേയും ഒരിക്കലും അനുവദിച്ചിരുന്നില്ല. അവന്റെ സൃഷ്ടികൾ, അനീതിയിലും, പാപത്തിലും, അധികമായി ജീവിക്കുമ്പോൾ, അവരുടെ ഇടയിൽ നീതി നടപ്പാക്കുക എന്നത് അവന്റെ ഉത്തരവാദിത്തമാണ്. അവൻ നീതി നടപ്പിലാക്കിയപ്പോൾ എല്ലായ്പ്പോഴും, അത് ദയയോടെയും, ദീർഘക്ഷമയോടെയും നടപ്പിലാക്കി. ദൈവീക ശിക്ഷയിൽ നിന്നും രക്ഷ പ്രാപിക്കുവാനുള്ള അവസരം എല്ലാവർക്കും നല്കി.

മനസന്തരപ്പെടാത്ത മനുഷ്യർക്ക് സംഭവിക്കുവാനിരിക്കുന്ന ദൈവീക ശിക്ഷയെക്കുറിച്ച് യേശുക്രിസ്തുവും അനേക പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ശ്രദ്ധിച്ചു പഠിച്ചാൽ, യേശുക്രിസ്തു പറയുന്ന ദൈവീക ശിക്ഷകൾ ആണ്, പഴയനിയമത്തിൽ സംഭവിച്ചതിനെക്കാൾ ഭയാനകമായത്. പഴയനിയമത്തിൽ, എല്ലാ ശിക്ഷകളും, താൽക്കാലികവും, ഭൌതീകവും, ശാരീരികവും ആയിരുന്നു. എന്നാൽ പുതിയനിയമത്തിൽ, അത്, നിത്യവും, ശരീരത്തെയും ആത്മാവിനെയും നശിപ്പിക്കുന്നതും ആണ്.

 

മത്തായി 10: 28 ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ. 

 

വരുവാനിരിക്കുന്ന നിത്യമായ ദൈവീക ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ, ലേഖനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.

 

 

എബ്രായർ 10: 26, 27

26 സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവ്വം പാപം ചെയ്താൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ

27 ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളു.

 

അവസാന വാക്ക്

 

ഈ പഠനം ഇവിടെ ചുരുക്കുവാൻ ആഗ്രഹിക്കുന്നു. നമ്മളിൽ ആരോടെങ്കിലും മറ്റൊരാൾ അനീതിയോ, അക്രമോ ചെയ്താൽ, ദൈവം അതിൽ ഇടപ്പെടേണം എന്നും, നമ്മൾക്ക് നീതി ലഭിക്കേണം എന്നും നമ്മൾ ആവശ്യപ്പെടും. ദൈവീക ഇടപെടൽ ഉണ്ടായില്ല എങ്കിൽ, ദൈവം നിശബ്ദനായി ഇരിക്കുന്നു, അവൻ നീതി നടപ്പിലാക്കുന്നില്ല, എന്നെല്ലാം നമ്മൾ പരാതിപ്പെടും. നമ്മളുടെ കഷ്ടതയുടെ ദിവസങ്ങളിൽ, “ദൈവം എവിടെ?” എന്നു നമ്മൾ ചോദിക്കാറുണ്ട്. എന്നാൽ, ദൈവം അവന്റെ നീതി, അവന്റേതായ ദിവസത്തിൽ, അവന്റേതായ മാർഗ്ഗത്തിൽ, നടപ്പിലാക്കുമ്പോൾ, ദൈവം ക്രൂരനും, മൃഗീയനും ആണ് എന്നും നമ്മൾ വിളിച്ചു പറയും.

 

ആത്മാവിന്റെ നിത്യമായ രക്ഷയെക്കുറിച്ച്, അവിശ്വാസികളോട് സംസാരിക്കുമ്പോൾ, അവർ ചോദിക്കുന്ന ചോദ്യം ഇങ്ങനെയാണ്: “സ്നേഹവാനായ ദൈവം, മനുഷ്യരെ നിത്യമായ ദണ്ഡനത്തിനായി നരകത്തിലേക്ക് തള്ളിയിടും എന്നു നിങ്ങൾ കരുതുന്നുണ്ടോ?” ഉത്തരം ഇതാണ്: യേശുക്രിസ്തുവിലൂടെ, ഇപ്പോൾ സൌജന്യമായി ലഭിക്കുന്ന രക്ഷയെ നിരസിക്കുന്ന, പാപത്തിൽ ജീവിക്കുന്ന, എല്ലാവരെയും വിശുദ്ധനും, നീതിമാനുമായ ദൈവം, നിശ്ചയമായും നിത്യമായ നരകത്തിൽ തള്ളിയിടും. ഈ സത്യത്തിൽ ഇളവ് നല്കുവാൻ തിരുവചനം അനുവദിക്കുന്നില്ല.

 

എന്നാൽ, എല്ലാ മനുഷ്യരും നിത്യത നരകത്തിൽ ചിലവഴിക്കേണ്ടി വരുകയില്ല. നമ്മൾ എല്ലാവരും നിത്യ ശിക്ഷയ്ക്ക് അർഹരും, അതിനായി വിധിക്കപ്പെട്ടവരുമാണ്.

എന്നാൽ, ദയാലുവായ ദൈവം, കൃപയാൽ, ശിക്ഷയിൽ നിന്നും രക്ഷ പ്രാപിക്കുവാനുള്ള ഒരു മാർഗ്ഗം യേശുക്രിസ്തുവിൽ വിശ്വസിക്കുന്നതിലൂടെ നമുക്ക് നല്കി. യേശുക്രിസ്തുവിലൂടെയുള്ള ഈ രക്ഷയെ, ഈ ഭൂമിയിൽ ജീവിച്ചിരിക്കെ സ്വീകരിക്കുന്നവർ, നിത്യ ശിക്ഷാവിധിയിൽ നിന്നും എന്നന്നേക്കുമായി രക്ഷിക്കപ്പെടും. ഈ രക്ഷയെ ആരെങ്കിലും നിരസിച്ചാൽ അതിന് ദൈവത്തെ കുറ്റം പറയുക സാധ്യമല്ല.

 

പഴയനിയമത്തിൽ, യിസ്രയേൽ ജനത്തിന്മേലും, പ്രാകൃത ജനങ്ങളുടെമേലും, ദൈവീക ശിക്ഷ ഒരുപോലെ സംഭവിച്ചിട്ടുണ്ട്. ഇത്, ഇനി സംഭവിക്കുവാനിരിക്കുന്ന അന്ത്യ ന്യായവിധി എപ്രകാരം ആയിരിക്കും എന്നതിന്റെ നിഴൽ ആണ്. 

 

നമുക്ക് ഒരു ദൈവമേയുള്ളൂ. പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ദൈവം ഒന്നുതന്നെയാണ്. അവൻ വിശുദ്ധനും നീതിമാനും ആയതിനാൽ, പാപത്തെ ശിക്ഷിക്കാതെ വിടുകയില്ല. എന്നാൽ, ദൈവം ഒരിക്കലും ക്രൂരനോ, രക്തദാഹിയോ, മൃഗീയനോ അല്ല. അവൻ വിശുദ്ധനും, നീതിമാനും സ്നേഹവാനും ആണ്. 

 


 

No comments:

Post a Comment