അന്യഭാഷ - എന്ത്? എന്തിന്?

പഴയനിയമകാലം മുതല്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെമേല്‍ പരിശുദ്ധാത്മാവിന്റെ ശക്തമായ പകര്‍ച്ച ഉണ്ടായിട്ടുണ്ട്. അതിന്റെ മുഖ്യ അടയാളം പ്രവചനം ആയിരുന്നു. എന്നാല്‍ അവര്‍ അന്യഭാഷാ ഭാഷണം നടത്തിയിരുന്നില്ല. അന്യഭാഷ പഴയനിയമത്തില്‍ ഒരു അടയാളം ആയിരുന്നില്ല. ആത്മനിറവ് പ്രാപിച്ചവര്‍ ആദ്യമായി അന്യഭാഷ സംസാരിക്കുന്നതു പുതിയനിയമ സഭയുടെ ആരംഭത്തില്‍ ആണ്. യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിന് ശേഷം പരിശുദ്ധാത്മാവിന്റെ ശക്തമായ പകര്‍ച്ച, യേശുവില്‍ വിശ്വസിച്ചിരുന്ന 120 പേരുടെമേല്‍ വന്നപ്പോള്‍, അവര്‍ എല്ലാവരും അന്യഭാഷയില്‍ സംസാരിച്ചു. അന്നുമുതല്‍ പരിശുദ്ധാത്മ സ്നാനത്തിന്റെ അടയാളമായി അന്യഭാഷ മാറി.

 

ഭാഷാ വരത്തെക്കുറിച്ച് നമ്മള്‍ ആദ്യമായി വായിക്കുന്നത്, സ്വര്‍ഗ്ഗാരോഹരണം ചെയ്യുന്നതിന് മുമ്പ് യേശുക്രിസ്തു ശിഷ്യന്മാരോടു അത് വാഗ്ദത്തം ചെയ്യുമ്പോള്‍ ആണ്.

 

മര്‍ക്കോസ് 16: 17വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും

ഈ വാക്യത്തില്‍, “ഭാഷകളില്‍” എന്നു പറയുവാന്‍ മര്‍ക്കോസ് ഉപയോഗിച്ച ഗ്രീക്ക് വാക്ക്, ഗ്ലോസ്സ (Glōssa - gloce-sah) എന്നതാണ്. ഈ വാക്കിന്റെ അര്‍ത്ഥം പ്രാദേശിക ഭാഷാഭേദം എന്നാണ് (dialect). അതായത് ഇത് ഒരു ഭാഷയുടെ തന്നെ പല പ്രദേശങ്ങളില്‍ സംസാരിക്കുന്ന ഭാഷാഭേദത്തെയാണ് സൂചിപ്പിക്കുന്നത്. യേശു “പുതുഭാഷകളില്‍” സംസാരിക്കും എന്നാണ് പറഞ്ഞത്. അത് പുതുഭാഷയാകുന്നത് അത് സംസാരിക്കുന്ന ശിഷ്യന്മാര്‍ക്കാണ്. അവര്‍ അന്നേവരെ സംസാരിച്ചിട്ടില്ലാത്ത പ്രാദേശിക ഭാഷാഭേദങ്ങളില്‍ സംസാരിക്കും. ഇത് അവര്‍ക്ക് അന്യമായ ഒരു  ഭാഷയെക്കുറിച്ചുള്ള കൃത്യമായ പ്രവചനമാണ്.

 

ഇത് ആദ്യമായി സംഭവിച്ചത് പെന്തെക്കൊസ്ത് ദിവസമാണ്. അന്ന് യെരൂശലേമില്‍ സംഭവിച്ച കാര്യങ്ങളുടെ വിവരണം വിവരണം ഇങ്ങനെയാണ്:

 

അപ്പോസ്തലപ്രവൃത്തികള്‍ 2: 2-4

2    പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു.

3    അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെമേൽ പതിഞ്ഞു.

4    എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി. 

 

അന്ന് പെന്തെക്കൊസ്ത് പെരുനാളിന്റെ ദിവസം ആയിരുന്നതിനാല്‍, വിവിധ റോമന്‍ പ്രവിശ്യകളിലായി ചിതറി താമസിച്ചിരുന്ന യഹൂദന്മാര്‍, യെരൂശലേമില്‍ ഒത്തുകൂടിയിരുന്നു. അവര്‍ സംസാരിച്ചിരുന്നത്, അവര്‍ താമസിച്ചിരുന്ന പ്രാദേശങ്ങളിലെ ഭാഷാഭേദം ആയിരുന്നു. അവരോടു, അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയിലാണ്, ആത്മനിറവില്‍ അപ്പോസ്തലന്മാര്‍ സംസാരിച്ചത്. പശിശുദ്ധാത്മാവ് അവരുടെമേല്‍ പകര്‍ന്നപ്പോള്‍, അപ്പോസ്തലന്മാര്‍ “ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു” എന്നാണ് നമ്മള്‍ വായിക്കുന്നത്. അപ്പോസ്തലന്മാരുടെ അന്യഭാഷാ ഭാഷണം കേട്ട യഹൂദന്‍മാര്‍ക്കിടയില്‍ രണ്ടു രീതിയിലുള്ള പ്രതികരണം ഉണ്ടായി.

 

എല്ലാവരും ഭ്രമിച്ചു ആശ്ചര്യപ്പെട്ടു

 

അപ്പോസ്തലപ്രവൃത്തികള്‍ 2: 7, 8

   എല്ലാവരും ഭ്രമിച്ചു ആശ്ചര്യപ്പെട്ടു: ഈ സംസാരിക്കുന്നവർ എല്ലാം ഗലീലക്കാർ അല്ലയോ?

   പിന്നെ നാം ഓരോരുത്തൻ ജനിച്ച നമ്മുടെ സ്വന്തഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നതു എങ്ങനെ?

 

11    ക്രേത്യരും അറബിക്കാരുമായ നാം ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു കേൾക്കുന്നുവല്ലോ എന്നു പറഞ്ഞു.

 

ശിഷ്യന്മാര്‍, യെരൂശലേമില്‍ ഒത്തുകൂടിയിരുന്നവരുടെ പ്രാദേശിക ഭാഷയില്‍ സംസാരിക്കുന്നത് അവരവര്‍ കേട്ടു എന്നാണ് നമ്മള്‍ ഇവിടെ വായിക്കുന്നത്. ഇതിനെക്കുറിച്ച് രണ്ട് വ്യാഖ്യാനങ്ങള്‍ ഉണ്ട്.

 

ഒരു വ്യാഖ്യാനം നമുക്ക് പൊതുവേ അറിവുള്ളതാണ്: അപ്പോസ്തലന്മാരും കൂടെ ഉണ്ടായിരുന്നവരും ആത്മാവില്‍, വ്യത്യസ്തങ്ങള്‍ ആയ ഭാഷകളില്‍ സംസാരിച്ചു. അവര്‍ ആരും ഈ ഭാഷകള്‍ മുമ്പ് സംസാരിക്കുകയോ പഠിക്കുകയോ ചെയ്തിട്ടില്ല. അത് അന്ന് യെരൂശലേമില്‍ കൂടിവന്നിരുന്ന യഹൂദന്മാര്‍ ജീവിച്ചിരുന്ന പ്രദേശങ്ങളിലെ ഭാഷാഭേദങ്ങള്‍ ആയിരുന്നു. അതിനാല്‍ പെന്തെക്കോസ്ത് നാളില്‍ അപ്പൊസ്തലന്‍മാര്‍ സംസാരിച്ച അന്യഭാഷ, ഈ ഭൂമിയില്‍ ഒരു ജന സമൂഹം സംസാരിക്കുന്ന ഭാഷ ആയിരുന്നു.   

 

രണ്ടാമത്തെ വ്യാഖ്യാനം, ആത്മാവു നിറഞ്ഞവര്‍ അന്യഭാഷയില്‍ സംസാരിച്ചു. അവര്‍ സംസാരിച്ച അന്യഭാഷയും പിന്നീട് കാലകാലങ്ങളിലായി വിശ്വസിച്ചിരുന്നവര്‍ സംസാരിച്ച അന്യഭാഷയും ഒന്നുതന്നെയാണ്. അത് അവിടെ കൂടി വന്നിരുന്ന യഹൂദന്മാരുടെ പ്രാദേശിക ഭാഷയോ, ഈ ഭൂമിയിലെ ഏതെങ്കിലും ജനസമൂഹം സംസാരിക്കുന്ന ഒരു ഭാഷയോ ആയിരുന്നില്ല. എന്നാല്‍ ശിഷ്യന്മാര്‍ സംസാരിക്കുന്നത് കേട്ടവര്‍ അവരവരുടെ ഭാഷയില്‍ അത് കേട്ടു അല്ലെങ്കില്‍ ഗ്രഹിച്ചു. ഇവിടെ പരിശുദ്ധാത്മാവ് തന്നെ ഒരു ഭാഷാ വ്യാഖ്യാനം നടത്തുകയാണ്. 

 

ഈ രണ്ട് വ്യാഖ്യാനങ്ങള്‍ക്കും സാധ്യതയുണ്ട്. അതായത്, അന്ന് പരിശുദ്ധാത്മ സ്നാനം ലഭിച്ചവര്‍ വ്യത്യസ്തങ്ങളായ പ്രാദേശിക ഭാഷകളില്‍ സംസാരിച്ചു. ശിഷ്യന്മാര്‍ അന്യഭാഷയില്‍ സംസാരിച്ചു എങ്കിലും അത് കേട്ട യഹൂദന്മാര്‍ അവരവരുടെ പ്രാദേശിക ഭാഷയില്‍ അത് കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്തു.  

 

അപ്പോസ്തലപ്രവൃത്തികള്‍ 2: 4 ല്‍ പറയുന്നത്,ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി. എന്നാണ്. ഇവിടെ അന്യഭാഷ എന്ന ഏകവചനമല്ല, “അന്യഭാഷകളില്‍” എന്ന ബഹുവചനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത് അവര്‍ എല്ലാവരും ഒരു അന്യഭാഷയില്‍ സംസാരിക്കുക ആയിരുന്നില്ല. അവര്‍ വിവിധ അന്യഭാഷകളില്‍ സംസാരിച്ചു. എന്നാല്‍ ഇത് ആത്മാവു അവര്‍ക്ക് ഉച്ചരിപ്പാന്‍ നല്കിയതുപോലെയായിരുന്നു. അതിനാല്‍, അന്യഭാഷ ഓരോരുത്തര്‍ക്കും വിവിധ ഭാഷകള്‍ ആകാം. ഇത് ആത്മാവു ഓരോരുത്തര്‍ക്കും നല്‍കുന്നതുപോലെ വ്യത്യാസപ്പെട്ടിരിക്കും.

 

11 ആം വാക്യമനുസരിച്ച്, അന്യഭാഷാ ഭാഷണത്തില്‍ ശിഷ്യന്മാര്‍ ജനത്തോട് സുവിശേഷം അറിയിക്കുക ആയിരുന്നില്ല, ദൈവത്തിന്റെ വന്‍കാര്യങ്ങളെ പ്രസ്താവിക്കുക ആയിരുന്നു.

 

ഇവർ പുതു വീഞ്ഞു കുടിച്ചിരിക്കുന്നു

 

എന്നാല്‍ അവിടെ കൂടിവന്നിരുന്ന എല്ലാ യഹൂദന്മാരും, അപ്പോസ്തലന്മാര്‍ “ദൈവത്തിന്റെ വൻകാര്യങ്ങളെ” പ്രസ്താവിക്കുന്നത് കേട്ടില്ല. അവര്‍ അന്യഭാഷ കേട്ടു, അവര്‍ക്ക് യാതൊന്നും മനസ്സിലായില്ല. അവര്‍ക്ക് അതെല്ലാം അര്‍ത്ഥശൂന്യമായ ശബ്ദ ബഹളങ്ങള്‍ മാത്രം ആയിരുന്നു. ലഹരിപ്പിടിച്ചവരുടെ കോലാഹലങ്ങള്‍ ആയി മാത്രമേ അവര്‍ അതിനെ കാണുകയും കേള്‍ക്കുകയും ചെയ്തുള്ളൂ. അവര്‍ പ്രതികരിച്ചതിങ്ങനെയാണ്.  

 

അപ്പോസ്തല പ്രവൃത്തികള്‍ 2: 13 ഇവർ പുതു വീഞ്ഞു കുടിച്ചിരിക്കുന്നു എന്നു മറ്റു ചിലർ പരിഹസിച്ചു പറഞ്ഞു.

 

അപ്പോസ്തലന്മാര്‍ “ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു” അവരുടെ പ്രാദേശിക ഭാഷയില്‍ ആയിരുന്നു എങ്കില്‍, അവര്‍ ഇങ്ങനെ പറയുക ഇല്ലായിരുന്നു. അതായത്, അപ്പോസ്തലന്മാരുടെ അന്യഭാഷാ ഭാഷണം കെട്ടവരില്‍ അത് എന്താണ് എന്നു ഗ്രഹിച്ചവരും ഗ്രഹിക്കാത്തവരും ഉണ്ടായിരുന്നു. അതിനാല്‍, ശിഷ്യന്മാര്‍ അന്യഭാഷയില്‍ സംസാരിച്ചു എന്നും അത് കേട്ട ചിലര്‍ക്ക് അത് അവരവരുടെ പ്രാദേശിക ഭാഷയില്‍ ഗ്രഹിക്കുവാന്‍ കഴിഞ്ഞു എന്നുമുള്ള വ്യാഖ്യാനത്തിന് സാധുതയുണ്ട്. പരിശുദ്ധാത്മാവ് ശിഷ്യന്‍മാര്‍ക്ക് അന്യഭാഷകള്‍ നല്കി എന്നു മാത്രമല്ല, അതിന്റെ വ്യാഖ്യാഖ്യാനവും അവിടെ കൂടിയിരുന്ന ചില യഹൂദന്‍മാര്‍ക്ക് നല്കി. ഇത് വ്യാഖ്യാനവരം നല്കി എന്നല്ല, വ്യാഖ്യാനം പകര്‍ന്നുകൊടുത്തു എന്നാണ് മനസ്സിലാക്കേണ്ടത്.  

 

യേശുക്രിസ്തു ഒരിക്കല്‍, അവന്‍ ഉപമകളിലൂടെ സംസാരിക്കുന്നതിന്റെ സാംഗത്യത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ നമ്മള്‍ ഇവിടെ ഓര്‍ക്കുന്നത് നല്ലതായിരിക്കും.

 

ലൂക്കോസ് 8: 10 ദൈവരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; ശേഷമുള്ളവർക്കോ കണ്ടിട്ടും കാണാതിരിപ്പാനും, കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും ഉപമകളിലത്രേ.

 

വിന്‍സണ്‍ സൈനാന്‍ എന്ന ചരിത്രകാരന്‍, പെന്തക്കോസ്ത് മുന്നേറ്റത്തിന്റെ ആദ്യകാല ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട് (Harold Vinson Synan - 1 December 1934). അദ്ദേഹം, അസൂസ തെരുവിലെ സംഭവങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ട്. അസൂസ തെരുവിലെ ഉണര്‍വ് യോഗങ്ങളില്‍ ഭാഷയും ദേശവും വര്‍ഗ്ഗവും ഒരു തടസ്സമായിരുന്നില്ല. ഇംഗ്ലീഷ് അറിഞ്ഞുകൂടാത്ത, മറ്റ് ഭാഷയില്‍ നിന്നുള്ളവര്‍ക്കും, അവരവരുടെ ഭാഷയില്‍ പാട്ടുകള്‍ പാടുവാനും പ്രസംഗിക്കുവാനും കഴിയുമായിരുന്നു. ഇത്തരം പ്രസംഗങ്ങള്‍ക്ക് പരിഭാഷ ഉണ്ടായിരുന്നില്ല. മറ്റുള്ളവര്‍ക്ക് പരിശുദ്ധാത്മാവ് പ്രസംഗത്തിന്റെ ആശയം മനസ്സിലാക്കിക്കൊടുത്തു. ജനം ശരിയായി പ്രതികരിക്കുകയും ചെയ്യുമായിരുന്നു.

 

ശിഷ്യന്മാര്‍ അന്യഭാഷകളില്‍ സംസാരിക്കുന്നത് കേട്ട ജനം “ഭ്രമിച്ചു ചഞ്ചലിച്ചു”. എന്താണ് അവിടെ സംഭവിക്കുന്നത് എന്നു അവര്‍ക്ക് മനസ്സിലായില്ല. അതിനാല്‍ പത്രൊസ് എഴുന്നേറ്റ് നിന്നുകൊണ്ടു അവരോടു സുവിശേഷം പ്രസംഗിച്ചു (2:14). ഇതാണ് യേശുവിന്റെ ശിഷ്യന്മാര്‍ ഒരു ജനകൂട്ടത്തോട് ആദ്യമായി അറിയിക്കുന്ന സുവിശേഷ പ്രഭാഷണം. ഈ പ്രസംഗം അന്യഭാഷയില്‍ ആയിരുന്നില്ല. അന്യഭാഷ സുവിശേഷ പ്രഭാഷണത്തിന് അവര്‍ ഉപയോഗിച്ചില്ല. അവരുടെ പ്രഭാഷണം, അത് വിശ്വസിച്ചവരും വിശ്വസിക്കാത്തവരും ഒരുപോലെ കേട്ടു. തിരഞ്ഞെടുക്കപ്പെട്ടവര്‍ വിശ്വസിച്ചു, അവര്‍ സഭയോടു ചേര്‍ന്നു. മറ്റുള്ളവര്‍ നിരസിച്ചു. 

 

 പെന്തെക്കൊസ്ത് ദിവസത്തിന് ശേഷം

 

അന്യഭാഷ എന്തായിരുന്നു എന്നു മനസ്സിലാക്കുവാനായി, യേശുവില്‍ വിശ്വസിച്ചവര്‍ പരിശുദ്ധാത്മ സ്നാനം പ്രാപിച്ച ഒരു സന്ദര്‍ഭം കൂടി നമുക്ക് പരിശോധിക്കാം.

 

അപ്പോസ്തല പ്രവൃത്തികള്‍ 10 ആം അദ്ധ്യായത്തില്‍ കൊര്‍ന്നേല്യോസിന്റെ ഭവനത്തില്‍ സംഭവിച്ച ആത്മപകര്‍ച്ചയുടെ വിവരണമുണ്ട്. കൊര്‍ന്നേല്യോസ് ഒരു റോമന്‍ ശതാധിപന്‍ ആയിരുന്നു. അദ്ദേഹം ഒരു യഹൂദന്‍ ആയിരുന്നില്ല. അദ്ദേഹത്തിന്റെ മാതൃഭാഷ ലാറ്റിന്‍ ആയിരുന്നിരിക്കേണം. പത്രൊസ് കൊര്‍ന്നേല്യോസിന്റെ ഭവനത്തില്‍ ചെന്നപ്പോള്‍, അവിടെ “അനേകര്‍ വന്നു കൂടിയിരിക്കുന്നത് കണ്ടു” (10:27). ഇവരും റോമാക്കാര്‍ ആയിരുന്നിരിക്കേണം. പത്രൊസ് അവരോട് യേശുക്രിസ്തുവിലൂടെയുള്ള രക്ഷയുടെ സുവിശേഷം അറിയിച്ചു.

 

അപ്പോസ്തലപ്രവൃത്തികള്‍ 10: 44 - 46

44  ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവു വന്നു.

45  അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കയാൽ

46  പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെമേലും പകർന്നതു കണ്ടു വിസ്മയിച്ചു.

 

കൊര്‍ന്നേല്യോസിന്റെ ഭവനത്തില്‍ ഉണ്ടായിരുന്നവര്‍ യേശുവില്‍ വിശ്വസിച്ചപ്പോള്‍ ആത്മാവു അവരുടെമേല്‍ വരുകയും അവര്‍ അന്യഭാഷകളില്‍ സംസാരിക്കുകയും ചെയ്തു. ഇവിടെയും അന്യഭാഷ എന്ന ഏകവചനമല്ല ഉപയോഗിച്ചിരിക്കുന്നത്, അന്യഭാഷകള്‍ എന്ന ബഹുവചനമാണ്.

 

അന്യഭാഷകളില്‍ സംസാരിച്ച റോമാക്കാര്‍ വിവിധ പ്രാദേശിക ഭാഷകള്‍ സംസാരിച്ചതായി ഇവിടെ പറയുന്നില്ല. അവിടെ ഒരു സമ്മിശ്ര ഭാഷാ സമൂഹവും ഉണ്ടായിരുന്നില്ല. അവര്‍ പറഞ്ഞത് എന്തായിരുന്നു എന്നു, അവരില്‍ ആരും വ്യാഖ്യാനിച്ചില്ല. അവര്‍ “അന്യഭാഷകളില്‍” ആണ് സംസാരിച്ചത്. അതായത് അവിടെ കൂടിവന്നിരുന്നവര്‍, ആത്മാവു അവര്‍ക്ക് നല്‍കിയതുപോലെ, വിവിധ അന്യഭാഷകളില്‍ സംസാരിച്ചു. അവര്‍ അന്യഭാഷകളില്‍ ദൈവത്തെ മഹത്വീകരിക്കുന്നത് പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ കേട്ട് വിസ്മയിച്ചു. അതായത് അവര്‍ പറഞ്ഞ അന്യഭാഷാ ഭാഷണം, ദൈവത്തിന്റെ വൻകാര്യങ്ങളെ” പ്രസ്താവിക്കുക ആയിരുന്നു എന്ന് പത്രൊസിനോടൊപ്പാം വന്നിരുന്ന യഹൂദന്‍മാര്‍ക്ക് ആത്മാവില്‍ വ്യാഖ്യാനിക്കപ്പെട്ട് മനസ്സിലായി.

 

അതിനാല്‍, അന്യഭാഷ ഭാഷണം “പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ” സംസാരിക്കുന്നതാണ്. (അപ്പോസ്തലപ്രവൃത്തികള്‍ 2:4). അത് ഏതെങ്കിലും ഒരു ജന സമൂഹം സംസാരിക്കുന്ന ഭാഷ ആയിരിക്കേണം എന്നില്ല. അന്യഭാഷ പരിശുദ്ധാത്മാവ് ചിട്ടപ്പെടുത്തി, ഓരോരുത്തര്‍ക്കും ദാനമായി നല്‍കുന്ന ഭാഷയാണ്.

 

അന്യഭാഷാ ദൂതന്മാരുടെ ഭാഷയല്ല

 

അന്യഭാഷ എന്താണ് എന്നു ചിന്തിക്കുമ്പോള്‍ ആദ്യം നമ്മളുടെ മനസ്സില്‍ വരുന്ന ഉത്തരം, അന്യഭാഷാ ദൂതന്മാരുടെ ഭാഷയാണ് എന്നതാണ്. എന്നാല്‍ അന്യഭാഷാ ദൂതന്മാരുടെ ഭാഷയാണ് എന്നു പറയുന്ന വാക്യം വേദപുസ്തകത്തില്‍ ഇല്ല. ഇതിനെക്കുറിച്ചു ചില തെറ്റിദ്ധാരണകള്‍ നമ്മളുടെ ഇടയില്‍ ഉണ്ട്. അത് 1 കൊരിന്ത്യര്‍ 13: 1 ആം വാക്യം തെറ്റായി വ്യാഖ്യാനിക്കുന്നതിലൂടെ ഉണ്ടായതാണ്. 

 

1 കൊരിന്ത്യര്‍ 13: 1 ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ.

 

1 കൊരിന്ത്യര്‍ 13 ആം അദ്ധ്യായം സ്നേഹത്തെക്കുറിച്ച് പറയുന്ന ഒരു വേദഭാഗമായാണ് പൊതുവേ കരുതപ്പെടുന്നത്. അതായത് ഇവിടെ അന്യഭാഷാ എന്നത് ഒരു വിഷയമല്ല. പൌലൊസ് സംസാരിക്കുന്നതു സ്നേഹം ഇല്ലായെങ്കില്‍ നമ്മളുടെ എല്ലാ വാക്കുകളും അര്‍ത്ഥശൂന്യമാണ് എന്നാണ്. നമ്മള്‍ മനുഷ്യരുടെ ഭാഷകള്‍ സംസാരിച്ചാലും സ്വര്‍ഗ്ഗീയ ഭാഷകള്‍ സംസാരിച്ചാലും, നമ്മളില്‍ നിര്‍മ്മലമായ സ്നേഹമില്ലായെങ്കില്‍, നമ്മളുടെ വാക്കുകള്‍ ചിലമ്പുന്ന കൈത്താളം പുറപ്പെടുവിക്കുന്ന ശബ്ദം പോലെയുള്ളൂ.

 

13: 1 ല്‍ പൌലൊസ് മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും” എന്നു പറയുമ്പോള്‍ അവന്‍ രണ്ടു ധ്രുവങ്ങളെ അവതരിപ്പിക്കുകയാണ്. ദൂതന്മാരുടെ ഭാഷ എന്നത് മനുഷ്യനു എത്തിപ്പിടിക്കുവാന്‍ കഴിയുന്നതിനും അപ്പുറത്തുള്ള ഒന്നാണ്. ഇവിടെ, ദൂതന്മാരുടെ ഭാഷ എന്ന പ്രയോഗം ഒരു അതിശോക്തിയായി പൌലൊസ് ഉപയോഗിക്കുന്നു എന്നു മാത്രം (Hyperbole). അത് മനുഷ്യനു എത്തിപ്പിടിക്കുവാന്‍ കഴിയുന്നതിലും അപ്പുറത്തുള്ള ഒരു കാര്യമാണ്.

 

അന്യഭാഷ ആത്മാവില്‍ മനുഷ്യര്‍ സംസാരിക്കുന്നതാണ്. അത് അവര്‍ തിരഞ്ഞെടുക്കുന്നതല്ല. ആത്മാവ് അവര്‍ക്ക് നല്‍കുന്നതാണ്. ഇത് ഒരിയ്ക്കലും ദൂതന്മാരുടെ ഭാഷയാകുകയില്ല. കാരണം, ദൂതന്മാരുടെ ഭാഷ, സ്വര്‍ഗ്ഗീയ ഭാഷയാണ്. അത് മനുഷ്യര്‍ക്ക് സംസാരിക്കുവാന്‍ സാധ്യമല്ല എന്നു പൌലൊസ് തന്നെ പറയുന്നുണ്ട്.

 

2 കൊരിന്ത്യര്‍ 12 ആം അദ്ധ്യായത്തില്‍ പൌലൊസ്, അദ്ദേഹത്തിന്നുണ്ടായ ഒരു ആത്മീയ അനുഭവത്തെക്കുറിച്ച് പറയുന്നുണ്ട്. അദ്ദേഹം ആത്മാവില്‍ മൂന്നാം സ്വര്‍ഗ്ഗത്തോളം എടുക്കപ്പെട്ടു. അവിടെ അദ്ദേഹം സ്വര്‍ഗ്ഗീയമായ ഭാഷ കേട്ടു. അതിനെക്കുറിച്ച് പൌലൊസ് പറഞ്ഞതിങ്ങനെയാണ്: 

 

2 കൊരിന്ത്യര്‍ 12: മനുഷ്യനു ഉച്ചരിപ്പാൻ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ അവൻ കേട്ടു എന്നു ഞാൻ അറിയുന്നു.

 

അതായത് സ്വര്‍ഗ്ഗീയ ഭാഷ മനുഷ്യര്‍ ഉച്ചരിക്കുവാന്‍ പാടില്ലാത്ത ഒരു ഭാഷയാണ്. അന്യഭാഷ ദൂതന്മാരുടെയോ സ്വര്‍ഗ്ഗീയമായതോ ആയ ഭാഷയല്ല. യേശുവില്‍ വിശ്വസിക്കുന്ന മനുഷ്യര്‍ പറയുന്ന അന്യഭാഷ, പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവര്‍ക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ സംസാരിക്കുന്നതാണ്. (അപ്പോസ്തലപ്രവൃത്തികള്‍ 2: 4).  

 

1 കൊരിന്ത്യര്‍ 14

 

അന്യഭാഷയെക്കുറിച്ചുള്ള ഏറ്റവും പ്രശസ്തമായ വിശദീകരണം പൌലൊസ് കൊരിന്തിലെ സഭയ്ക്ക് എഴുതിയ ഒന്നാമത്തെ ലേഖനം 14 ആം ആദ്ധ്യായത്തില്‍  രേഖപ്പെടുത്തിയിരിക്കുന്നതാണ്. പ്രവചനവരമാണോ, അന്യഭാഷാ വരമാണോ കൂടുതല്‍ ശ്രേഷ്ഠം എന്നൊരു തര്‍ക്കം കൊരിന്തിലെ സഭയില്‍ ഉണ്ടായിരുന്നു. പൌലൊസ് ഇതില്‍ ഏതാണ് പൊതു സഭയ്ക്ക് നല്ലത് എന്നു പറയുകയാണ്. അന്യഭാഷാ ഭാഷണവും പ്രവചനവും എങ്ങനെ സഭയ്ക്ക് പൊതുവായി പ്രയോജനപ്പെടുത്താം എന്നും ഒരു ഒരുവന്റെ ആത്മീയ വര്‍ദ്ധനവിന് ഏതാണ് കൂടുതല്‍ നല്ലത് എന്നും പൌലൊസ് ഇവിടെ പറയുന്നു.

 

ആത്മാവില്‍ മര്‍മ്മങ്ങളെ പ്രസ്താവിക്കുന്നു

 

1 കൊരിന്ത്യര്‍ 14: 2 അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു.

 

ഇവിടെ അന്യഭാഷാ ദൈവത്തോട് സംസാരിക്കുന്ന ഭാഷയാണ് എന്നു പൌലൊസ് പറയുന്നു. അത് മനുഷ്യര്‍ ആരും തിരിച്ചറിയുന്നില്ല. സംസാരിക്കുന്നതു ആത്മാവിലാണ് എന്നും അത് ആത്മീയ മര്‍മ്മങ്ങള്‍ ആണ് എന്നും അദ്ദേഹം പറയുന്നു.

 

പെന്തെക്കൊസ്ത് ദിവസം ആത്മാവിലായവര്‍ അന്യഭാഷകളില്‍ സംസാരിച്ചപ്പോള്‍, “അവർ ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു” അവിടെ കൂടിയിരുന്ന യഹൂദന്മാര്‍ കേട്ടു. (അപ്പോസ്തല പ്രവൃത്തികള്‍ 2: 11). 1 കൊരിന്ത്യര്‍ 14 ലും പൌലൊസ് അതേ കാര്യമാണ് പറയുന്നതു: “അവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു.”

 

തനിക്കുതാൻ ആത്മികവർദ്ധന വരുത്തുന്നു

14: 4 ല്‍ പൌലൊസ് പറയുന്നു, അന്യഭാഷയില്‍ സംസാരിക്കുന്നവന്‍ തനിക്കുതന്നെ ആത്മീയ വര്‍ദ്ധനവ് വരുത്തുന്നു.

 

1 കൊരിന്ത്യര്‍ 14: 4 അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതാൻ ആത്മികവർദ്ധന വരുത്തുന്നു; പ്രവചിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന വരുത്തുന്നു.

 

ആത്മാവില്‍ പ്രാര്‍ത്ഥിക്കുക

ആത്മാവില്‍ പ്രാര്‍ത്ഥിക്കുക എന്നത് പരിശുദ്ധാത്മാവിന്റെ മറ്റൊരു വരമാണ്. അന്യഭാഷ ആത്മാവില്‍ പ്രാര്‍ത്ഥിക്കുവാനായി ഉപയോഗിക്കുന്ന ഭാഷയാണ്.

 

1 കൊരിന്ത്യര്‍ 14: 14 ഞാൻ അന്യഭാഷയിൽ പ്രാർത്ഥിക്കുന്നു എങ്കിൽ എന്റെ ആത്മാവു പ്രാർത്ഥിക്കുന്നു; എന്റെ ബുദ്ധിയോ അഫലമായിരിക്കുന്നു.

 

റോമര്‍ 8: 26 അവ്വണ്ണം തന്നേ ആത്മാവു നമ്മുടെ ബലഹീനതെക്കു തുണനില്ക്കുന്നു. വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവു തന്നേ ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു.

 

ആത്മാവില്‍ പ്രാര്‍ത്ഥിക്കുന്നത് ആത്മാവായ ദൈവം മാത്രമേ മനസ്സിലാക്കുന്നുള്ളൂ. അത് മനുഷ്യര്‍ ഗ്രഹിക്കേണം എന്നില്ല.

 

അന്യഭാഷ സ്തുതിയുടെ ഭാഷയാണ്

അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കും എന്നു പറഞ്ഞതുപോലെതന്നെ, അന്യഭാഷയില്‍ പാട്ടുകള്‍ പാടുകയും സ്തോത്രം ചെയ്യുകയും ചെയ്യും എന്നും പൌലൊസ് പറയുന്നു.

 

1 കൊരിന്ത്യര്‍ 14: 15 ആകയാൽ എന്തു? ഞാൻ ആത്മാവുകൊണ്ടു പ്രാർത്ഥിക്കും; ബുദ്ധികൊണ്ടും പ്രാർത്ഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും.

 

1 കൊരിന്ത്യര്‍ 14: 14 ല്‍ “ഞാൻ അന്യഭാഷയിൽ പ്രാർത്ഥിക്കുന്നു എങ്കിൽ എന്റെ ആത്മാവു പ്രാർത്ഥിക്കുന്നു എന്നു പൌലൊസ് പറയുന്നതിനാല്‍, 15, 16 വാക്യങ്ങളിലും “ആത്മാവ് കൊണ്ട് പ്രാര്‍ത്ഥിക്കും”, “ആത്മാവുകൊണ്ടു പാടും”, “ആത്മാവുകൊണ്ട് സ്തോത്രം” ചെല്ലും എന്നീ വാക്കുകള്‍ അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കും, അന്യഭാഷയില്‍ പാടും, അന്യഭാഷയില്‍ സ്തോത്രം ചൊല്ലും എന്നിങ്ങനെ നമുക്ക് മനസ്സിലാക്കാവുന്നതാണ്. അതായത് അന്യഭാഷയില്‍, പ്രാര്‍ത്ഥിക്കുകയും, സ്തുതി ഗീതങ്ങള്‍ പാടുകയും, ദൈവത്തിന്നു മഹത്വം കരേറ്റുകയും ചെയ്യാം. 

 

അന്യഭാഷയും വ്യാഖ്യാനവും

 

അന്യഭാഷാ ഭാഷണം എങ്ങനെ പൊതു സഭയ്ക്ക് പ്രയോജനപ്പെടുത്താം എന്നത് ഈ അദ്ധ്യായത്തിലെ ഒരു വിഷയമാണ്. അന്യഭാഷയുടെ വ്യാഖ്യാനത്തെക്കുറിച്ചും വ്യാഖ്യാനവരത്തെക്കുറിച്ചും പൌലൊസ് ഇവിടെ പറയുന്നുണ്ട്.

 

1 കൊരിന്ത്യര്‍ 14: നിങ്ങൾ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കേണം എന്നും വിശേഷാൽ പ്രവചിക്കേണം എന്നും ഞാൻ ഇച്ഛിക്കുന്നു. അന്യഭാഷകളിൽ സംസാരിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന ലഭിക്കേണ്ടതിന്നു വ്യാഖ്യാനിക്കുന്നില്ലെങ്കിൽ പ്രവചിക്കുന്നവൻ അവനെക്കാൾ വലിയവൻ.

 

മറ്റുള്ളവര്‍ക്ക് മനസ്സിലാക്കുവാന്‍ സാധിക്കാത്ത ഒരു ഭാഷണമാണ് അന്യഭാഷയില്‍ ഉള്ളത്. അതിനാല്‍ പൊതു സഭയില്‍ അന്യഭാഷാ പറയുമ്പോള്‍ അതിനു വ്യാഖ്യാനം ആവശ്യമാണ്. 

 

അന്യഭാഷയുടെ വ്യാഖ്യാനം

എന്നാല്‍, പൌലൊസ് ഉദ്ദേശിക്കുന്നത് എന്താണ് എന്നു മനസ്സിലാക്കേണം എങ്കില്‍ “വ്യാഖ്യാനം” എന്നത് എന്താണ് എന്നു ആദ്യമേ അറിഞ്ഞിരിക്കേണം. അന്യഭാഷാ വ്യാഖ്യാനം എന്നത് ഒരുവന്‍ പറയുന്ന അന്യഭാഷ, കേള്‍വിക്കാര്‍ക്ക് അറിയാവുന്ന ഒരു ഭാഷയിലേക്ക്, അവന്‍ തന്നെയോ മറ്റൊരാളോ പരിഭാഷപ്പെടുത്തുന്നതല്ല. അത് ഏതെങ്കിലും ഒരു പ്രദേശത്ത് സംസാരിക്കുന്ന ഒരു മാനുഷിക ഭാഷയിലേക്ക് പാദനുപദമായി വിവര്‍ത്തനം ചെയ്യുന്നതല്ല.

 

“വ്യാഖ്യാനം” എന്നു പറയുവാന്‍ 14: 5, 13, 27 എന്നീ വാക്യങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദം “ഡിയര്‍മെനുവോ” എന്ന വാക്കാണ് (Diermēneuō - dee-er-main-yoo'-o). ഈ വാക്കിന്റെ അര്‍ത്ഥം, “ഒരുവന്‍ പറഞ്ഞതിന്റെ മറഞ്ഞിരിക്കുന്ന അര്‍ത്ഥം വിശദീകരിച്ച് പറയുക” എന്നാണ് (to unfold the meaning of what is said, explain, expound). വ്യാഖ്യാനം എന്നതിന് 12: 10, 14: 26 എന്നീ വാക്യങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത് “ഹെര്‍മിനൈയ” എന്ന ഗ്രീക്കു പദമാണ് (hermēneia- her-may-ni'-ah). ഈ വാക്കിന്റെ അര്‍ത്ഥം “ ഒരുവന്‍ അവ്യക്തമായി പറഞ്ഞതിനെ വ്യാഖ്യാനിക്കുക” എന്നാണ് (interpretation of what has been spoken more or less obscurely by others).

 

ഈ രണ്ടു ഗ്രീക്ക് പദങ്ങളുടെയും അര്‍ത്ഥം ഒന്നു തന്നെയാണ്. വ്യാഖ്യാനം എന്നത് പദാനുപദ പരിഭാഷയല്ല. അത് അന്യഭാഷയില്‍ പറയുന്നതിന്റെ അര്‍ത്ഥം വിശദീകരിച്ച് പറയുന്നതാണ്. 

 

27 ആം വാക്യത്തില്‍ പൌലൊസ് പറയുന്നത് അനുസരിച്ച്, അന്യഭാഷാ പറയുന്നവന്‍ തന്നെ അതിനെ വ്യാഖ്യാനിക്കേണം എന്നു നിര്‍ബന്ധമില്ല. അത് മറ്റൊരാള്‍ക്ക് വ്യാഖ്യാനിക്കാം. പക്ഷേ വ്യാഖ്യാനം ഇല്ലാ എങ്കില്‍ അന്യഭാഷ സഭയ്ക്ക് പൊതുവായി പ്രയോജനം ചെയ്യുകയില്ല. എന്നാല്‍ അന്യഭാഷാ വ്യാഖ്യാനം, ഒരുവന്‍ അന്യഭാഷയില്‍ പറയുന്നതു സഭയോട് പൊതുവേ പറയേണ്ടുന്ന കാര്യങ്ങള്‍ ആണെങ്കിലെ അത് പൊതു സഭയ്ക്ക് പ്രയോജനപ്പെടുകയുള്ളൂ.

 

അതിനാല്‍, വ്യക്തിപരമായി പ്രാര്‍ത്ഥിക്കുമ്പോള്‍ അന്യഭാഷാ ഭാഷണത്തെ വ്യാഖ്യാനിക്കേണം എന്നു പൌലൊസ് നിര്‍ബന്ധം പിടിക്കുന്നില്ല.

 

1 കൊരിന്ത്യര്‍ 14: 28 വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ.

 

4 ആം വാക്യത്തില്‍ “അന്യഭാഷയില്‍ സംസാരിക്കുന്നവന്‍ തനിക്കുതാന്‍ ആത്മീയ വര്‍ദ്ധന വരുത്തുന്നു” എന്നു പൌലൊസ് പറയുന്നുണ്ട്.

 

1 കൊരിന്ത്യര്‍ 14: 4 അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതാൻ ആത്മികവർദ്ധന വരുത്തുന്നു; ....

 

1 കൊരിന്ത്യര്‍ 14: 5 ല്‍ വ്യാഖ്യാനം കൂടാതെ അന്യഭാഷാ ഭാഷണം സഭയ്ക്ക് ആത്മീയ വര്‍ദ്ധനവ് വരുത്തുന്നില്ല എന്നു പൌലൊസ് പറയുന്നുണ്ട്. അങ്ങനെയെങ്കില്‍, വ്യാഖ്യാനം കൂടാതെയുള്ള അന്യഭാഷാ ഭാഷണം എങ്ങനെയാണ് അത് പറയുന്ന ഒരുവന് വ്യക്തിപരമായി ആത്മീയ വര്‍ദ്ധനവ് വരുത്തുന്നത്? അന്യഭാഷയുടെ വ്യാഖ്യാനമാണ് ആത്മീയ വര്‍ദ്ധനവ് വരുത്തുന്നത് എങ്കില്‍, സഭയുടെയും വ്യക്തിയുടെയും ആത്മീയ വര്‍ദ്ധനവിന് വ്യാഖ്യാനം ആവശ്യമാണ്.

 

അതായത്, അന്യഭാഷയില്‍ ഒരുവന്‍ പറയുന്നതു എന്തു എന്നു അവന്‍ മനസ്സിലാക്കുമ്പോള്‍ ആണ് അവന് ആത്മീയ വര്‍ദ്ധനവ് ഉണ്ടാകുന്നത്. ഇതിന് വ്യാഖ്യാനം ആവശ്യമാണ്. ഈ വ്യാഖ്യാനം മറ്റൊരു വ്യക്തി നല്‍കുന്ന വ്യാഖ്യാനം അല്ല. പരിശുദ്ധാത്മാവ് അന്യഭാഷ പറയുന്നവന്റെ ഹൃദയത്തില്‍ നല്‍കുന്ന വ്യാഖ്യാനം ആണ്. പെന്തെക്കൊസ്ത് നാളില്‍ അപ്പോസ്തലന്മാര്‍ അന്യഭാഷയില്‍ സംസാരിച്ചപ്പോള്‍, അവിടെ കൂടിയിരുന്ന ചിലര്‍, അവരുടെ പ്രാദേശിക ഭാഷയില്‍ ശിഷ്യന്മാര്‍ സംസാരിക്കുന്നതായി കേട്ടതു പോലെയാണത്.

 

അതായത് ഒരുവന്‍ പറയുന്ന അന്യഭാഷയെ, അവനുതന്നെ വ്യാഖ്യാനിച്ചു നല്കുവാന്‍ ആത്മാവിന് കഴിയും. ഇതിന് മാത്രമേ അവന് ആത്മീയ വര്‍ദ്ധനവ് വരുത്തുവാന്‍ കഴിയൂ.

 

1 കൊരിന്ത്യര്‍ 14: 5 ല്‍ “നിങ്ങൾ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കേണം”  എന്നും പൌലൊസ് പറയുന്നുണ്ട്. അതിനാല്‍ അന്യഭാഷാ എല്ലാവര്‍ക്കും പ്രാപിക്കാവുന്ന ആത്മനിറവിന്റെ അടയാളം ആണ്.  

 

 (ഇ-ബുക്ക് ആവശ്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക)

 

അന്യഭാഷാ ഭാഷണം നിന്നുപോയോ?

 

1 കൊരിന്ത്യര്‍ 13 ല്‍ ഇങ്ങനെ ഒരു വാക്യമുണ്ട്.

 

1 കൊരിന്ത്യര്‍ 13: 8

   സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും.

   അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു;

10   പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.

 

ഈ വാക്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്യഭാഷാ വരവും പ്രവചനവരവും, മറ്റ് കൃപാവരങ്ങളും, പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തിന്റെ എല്ലാ കാണപ്പെടുന്ന അടയാളങ്ങളും നിന്നുപോയി എന്നു അഭിപ്രായപ്പെടുന്നവര്‍ ഉണ്ട്. ഇതില്‍ എത്രമാത്രം ശരിയുണ്ട് എന്നു നോക്കാം.

 

ആദിമ സഭയില്‍ ഉപദേശങ്ങള്‍ പൂര്‍ണ്ണമായി രൂപീകരിക്കപ്പെട്ടിരുന്നില്ല. അത് ദൈവം അപ്പോസ്തലന്‍മാര്‍ക്ക് ക്രമാനുഗതമായി, പടിപടിയായി വെളിപ്പെടുത്തികൊണ്ടിരുന്നു. അതിനാല്‍, സഭയുടെ ആദ്യനാളുകളില്‍, പ്രവചനവും അന്യഭാഷയും അതിന്റെ വ്യാഖ്യാനങ്ങളും വെളിപ്പാടും എല്ലാം, സഭയ്ക്ക് ആവശ്യമായ ഉപദേശങ്ങള്‍ ദൈവത്തില്‍ നിന്നും ലഭിക്കുന്ന ആത്മീയ മാര്‍ഗ്ഗങ്ങള്‍ ആയിരുന്നു.

 

1 കൊരിന്ത്യര്‍ 13: 8 ല്‍ “പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും.” എന്ന് ഒരുമിച്ച് പറയുന്നതു, ഇതെല്ലാം ദൈവീക വെളിപ്പാടുകള്‍ സഭകള്‍ക്ക് ലഭിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ആയിരുന്നതിനാല്‍ ആണ്.

 

സഭയ്ക്ക് എന്നന്നേക്കുമായി ആവശ്യമുള്ള ഉപദേശങ്ങള്‍ ക്രമാനുഗതമായി, അപ്പോസ്തലന്‍മാരിലൂടെ വെളിപ്പെട്ട് വരുവാന്‍ ചില വര്‍ഷങ്ങള്‍ എടുത്തു. അത് പടിപടിയായുള്ള വെളിപ്പെടുത്തല്‍ ആയിരുന്നു. അതിനു കൂടുതല്‍ ആധികാരികത ഉണ്ടായിരുന്നു. അവര്‍ അത് എഴുതി സഭകള്‍ക്ക് അയച്ചുകൊടുത്തു. അതെല്ലാം എല്ലാ സഭകളുടെയും, എന്നന്നേക്കുമുള്ള അടിസ്ഥാന ഉപദേശങ്ങള്‍ ആയി. അപ്പോസ്തലന്മാരുടെ കാലത്തിനു ശേഷം ഈ രീതിയിലുള്ള ഉപദേശങ്ങളുടെ വെളിപ്പാടുകള്‍ തുടര്‍ന്നു ഉണ്ടായില്ല. അതിനാല്‍ സഭയുടെ ഉപദേശങ്ങളുടെ വെളിപ്പാടുകള്‍ അപ്പോസ്തലന്മാരോടൊപ്പം അവസാനിച്ചു. 

 

ഇതാണ് പൌലൊസ് പറഞ്ഞത്:

 

1 കൊരിന്ത്യര്‍ 13: 9, 10

   അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു;

10   പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.

 

അംശമായത് അന്നത്തെ സഭകള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ദൈവീക വെളിപ്പാടുകള്‍ ആണ്. പൂര്‍ണ്ണമായത് എന്നന്നേക്കുമായി ദൈവസഭയ്ക്ക് ആവശ്യമായ ഉപദേശങ്ങള്‍ ആണ്. അത് അപ്പോസ്തലന്മാരുടെ കാലത്തോടെ പൂര്‍ണ്ണമായി. ഇനി അത്തരം വെളിപ്പാടുകള്‍ ആവശ്യമില്ല.

 

ഇതിന്റെ അര്‍ത്ഥം ഏതെങ്കിലും കൃപാവരങ്ങള്‍ നിന്നുപോയി എന്നല്ല. അന്യഭാഷാ അവനവന് തന്നെ ആത്മീയ വര്‍ദ്ധനവ് വരുത്തുന്നതാണ് എങ്കില്‍ അത് നിന്നുപോകേണ്ട കാര്യമില്ലല്ലോ. അപ്പോസ്തലന്മാരുടെ കാലത്തും വ്യക്തിപരമായ ദൂതുകള്‍ പറയുന്ന പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. അതും നിന്നുപോകേണ്ട കാര്യം ഇല്ലല്ലോ. ദൈവരാജ്യത്തിന്റെ സമ്പൂര്‍ണ്ണ നിവൃത്തിയില്‍ രോഗങ്ങളും കഷ്ടതയും, ശാപവും മാറിപ്പോകുമെങ്കില്‍, അത്രയും നാള്‍ അവയെല്ലാം ഈ ഭൂമിയില്‍ ഉണ്ടാകുമല്ലോ. അതിനാല്‍ അതിന്മേലുള്ള ദൈവീക ഇടപെടലും ഉണ്ടാകും. കൃപാവരങ്ങളും ദൈവജനം ഈ ഭൂമിയില്‍ ജീവിക്കുന്നിടത്തോളവും പ്രവര്‍ത്തനക്ഷമമായിരിക്കും. പുതിയ യെരൂശലേമില്‍ സകലത്തിനും നിവര്‍ത്തിയും സമാപ്തിയും  ഉണ്ടാകും.   

 


 

No comments:

Post a Comment