ആസ്ബറിയിലെ ഉണർവ് 2023


മെത്തോഡിസ്റ്റ് സഭാ സ്ഥാപകനായിരുന്ന ജോൺ വെസ്ലിയുടെ ചിന്തകളിൽ അടിസ്ഥാനമായി, 19 ആം നൂറ്റാണ്ടിൽ അമേരിക്കയിൽ രൂപപ്പെട്ട ഹോളിനെസ്സ് മുന്നേറ്റത്തോട് ചേർന്ന് നിലക്കുന്ന, ഒരു താരതമ്യേന ചെറിയ സ്വകാര്യ സർവ്വകലാശാലയാണ്, ആസ്ബറി യൂണിവേഴ്സിറ്റി (Asbury University). ഇത് അമേരിക്കയിൽ, കെൻറ്റുക്കി എന്ന സംസ്ഥാനത്തെ, വിൽമോർ എന്ന ഒരു ചെറിയ പട്ടണത്തിലാണ് സ്ഥിതിചെയ്യുന്നത് (Kentucky, Wilmore). ഈ യൂണിവേർസീറ്റിയിൽ, എല്ലാ ബുധനാഴ്ചയും വിദ്യാർത്ഥികൾക്കായി നടക്കറുണ്ടായിരുന്ന ആരാധന, അന്ന് അവസാനിക്കാതെ, ഏകദേശം രണ്ട് ആഴ്ചയോളം തുടർന്നു. ഇതിനെയാണ് ആസ്ബറി ഉണർവ് 2023 എന്നു വിളിക്കുന്നത്. ഇവിടെ കഴിഞ്ഞകാലങ്ങളിലും സമാനമായ ഉണർവ് സംഭവിച്ചിട്ടുണ്ട് എന്നതിനാൽ ആണ് അതിനെ 2023 എന്ന വർഷം കൂടി ചേർത്ത് വിളിക്കുന്നത്.

 

ഈ ആത്മീയ ഉണർവ്വ്, അമേരിക്കയിലേയും, ലോകത്തിലെ വിവിധ രാജ്യങ്ങളിലേയും ക്രിസ്തീയ വിശ്വാസികളുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ക്രിസ്തീയ വിശ്വാസത്തിൽ, ഉണർവ് എന്നത്, പരിശുദ്ധാത്മാവിന്റെ ശക്തവും അസാധാരണവുമായ വ്യാപാരമാണ്. അത് ദൈവത്തിനായുള്ള ദാഹമാണ്. ആത്മീയമായി വരണ്ട ഒരു ഇടവേളയ്ക്ക് ശേഷം, ദൈവവുമായി വീണ്ടും ചേർന്നിരിക്കുന്ന അനുഭവമാണ്. ഉണർവിന്റെ ഫലമായി, വിശുദ്ധീകരണവും, അതിൽ തുടർന്ന് ജീവിക്കുവാനുള്ള ശാക്തീകരണവും ഉണ്ടാകുന്നു. ഉണർവിന്റെ ഫലമായി സുവിശേഷ പ്രവർത്തനങ്ങൾ വർദ്ധിക്കുകയും പുതിയ പ്രാദേശിക കൂടിവരവുകൾ ആരംഭിക്കുകയും വേണം.

 

മനുഷ്യർ ദൈവത്തിന്നായി ദാഹിക്കുമ്പോൾ ആണ് ആത്മീയ ഉണർവ് സംഭവിക്കുന്നത്. ദൈവത്തിന്റെ ഒരു ഇടപെടൽ അനിവാര്യമാണ് എന്ന ചിന്തയാണ് ഇതിന് പിന്നിൽ ഉള്ളത്. ലോകത്തിൽ അനീതിയും, അരാജകത്വവും, പാപവും പെരുകുകയും, എങ്ങും യാതൊരു പ്രത്യാശയും കാണപ്പെടാതെ ഇരിക്കുകയും ചെയ്യുമ്പോൾ ആണ് നമ്മൾ ദൈവീക ഇടപെടലിനായി തീഷ്ണതയോടെ ആഗ്രഹിക്കുന്നത്. ആസ്ബറിയിലെ ഉണർവിന്റെ പിന്നിലും ഇതേ കാരണങ്ങൾ തന്നെയാണ് ഉള്ളത്.

 

മനുഷ്യർ ക്രമീകരിക്കുന്ന ഒന്നല്ല ആത്മീയ ഉണർവ്. നമ്മൾ വിചാരിച്ചാൽ അതിനെ സംഭവിപ്പിക്കുവാൻ സാധ്യമല്ല. നമുക്ക്, ഒരു കൂട്ടം മനുഷ്യരെ ഒരു സ്ഥലത്ത് വിളിച്ചു കൂട്ടി, ഉണർവ് ആരംഭിക്കുവാൻ സാധ്യമല്ല. അത് യാദൃശ്ചികമായും, നിർഗ്ഗളമായും (spontaneous) സംഭവിക്കേണം. മനുഷ്യർക്ക് അതിനെ നിയന്ത്രിക്കുവാനും, നായിക്കുവാനും സാധ്യമല്ല.

 

ആസ്ബറി യൂണിവേഴ്സിറ്റിയിലെ ചാപ്പലിൽ പ്രവർത്തി ദിവസങ്ങളിൽ ക്രമമായി ആരാധന ക്രമീകരിക്കപ്പെടാറുണ്ട്. ഈ ആരാധനകളിൽ, ഒരു നിശ്ചിത എണ്ണത്തിൽ എങ്കിലും, വിദ്യാർത്ഥികൾ പങ്കെടുക്കേണം എന്നു നിയമമുണ്ട്. എല്ലാ ബുധനാഴ്ചയും ജോൺ ഹൂസ് മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വച്ച് ഇത്തരം ആരാധന നടക്കാറുണ്ട്. ജോൺ വെസ്ലി ഹൂസ് ആണ് ആസ്ബറി യൂണിവേഴ്സിറ്റി സ്ഥാപിച്ചത് (John Wesley Hughes). അദ്ദേഹത്തിന്റെ പേരിലുള്ള ഈ ഓഡിറ്റോറിയത്തിന് 1500 പേരെ ഉൾക്കൊള്ളുവാൻ സ്ഥലമുണ്ട്.

 

ഇവിടെ വച്ച്, 2023 ഫെബ്രുവരി 8 ആം തീയതി, രാവിലെ നടന്ന ആരാധനയാണ്, ഉണർവിന്റെ ആരംഭം കുറിച്ചത്. ആരാധയുടെ അവസാനം, അവിടെ കൂടിയിരുന്നവർക്ക് സ്വയം സമർപ്പിക്കുവാനും, പാപങ്ങൾ ഏറ്റുപറയാനുമുള്ള ആഹ്വാനമുണ്ടായി. ഗായകർ പാട്ടുകൾ പാടികൊണ്ടിരുന്നു. ചില കുട്ടികൾ ആരാധന അവസാനിച്ചതിന് ശേഷവും, ഗായകരോടൊപ്പം പാട്ടുകൾ പാടികൊണ്ട് അവിടെ തന്നെ തുടർന്നു. കൂട്ടത്തിൽ ഒരു കുട്ടി, മുന്നോട്ട് ചെന്ന്, തന്റെ പാപങ്ങളെ പരസ്യമായി ഏറ്റുപറഞ്ഞ്, മാനസന്തരപ്പെട്ടു. ഇതോടെ അവിടെയുള്ള ആത്മീയ അന്തരീക്ഷം ആകെ വ്യത്യസ്തമായി. 100 ൽ അധികം കുട്ടികൾ മുട്ടിന്മേൽ വീണ്, പാപങ്ങൾ ഏറ്റു പറഞ്ഞ് പ്രാർത്ഥിക്കുവാൻ തുടങ്ങി. അതോടെ പരിശുദ്ധാത്മാവിന്റെ ശക്തമായ ഒരു വ്യാപാരം അവിടെ ആരംഭിച്ചു. കുട്ടികൾ, അവിടെതന്നെ ആരാധനയിൽ തുടർന്നു.

 

ആരാധന, ഇടവേളയില്ലാതെ, തുടർന്നുകൊണ്ടിരുന്നു. ഇതിനെക്കുറിച്ചുള്ള ആദ്യത്തെ വാർത്ത, “ദി ആസ്ബറി കൊളേജിയൻ” എന്ന വിദ്യാർത്ഥികളുടെ വർത്തമാന പത്രത്തിൽ പ്രസിദ്ധീകരിച്ചു (The Asbury Collegian). എന്നാൽ, പിന്നീട്, ആരാധനയിൽ പങ്കെടുത്തവർ, അതിന്റെ വീഡിയോകൾ, ടിക് ടോക്, ഇൻസ്റ്റാഗ്രാം മുതലായ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചു (TikTok, Instagram). ഈ വീഡിയോകളിൽ, കുട്ടികൾ, കൈകൾ ഉയർത്തി പാട്ടുകൾ പാടി ദൈവത്തെ ആരാധിക്കുന്നതും, ചിലർ കരയുന്നതും കാണാമായിരുന്നു. അവർ പാപങ്ങളെ ഏറ്റു പറയുകയും, അവരുടെ സാക്ഷ്യങ്ങളിലൂടെ മറ്റുള്ളവരെ പ്രേചോദിപ്പിക്കുകയും ചെയ്തു. വളരെ ചുരുങ്ങിയ സമയം കൊണ്ട്, ഈ വീഡിയോകൾ ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിച്ചേർന്നു. 

 

 

രാജ്യത്തെ എല്ലാ ഭാഗങ്ങളിൽ നിന്നും ജനങ്ങൾ ആസ്ബറിയിലേക്ക്, ആരാധനയിൽ പങ്കെടുക്കുവാനായി ഒഴുകിയെത്തുവാൻ തുടങ്ങി. അവരുടെ സംഖ്യ വലുതായിക്കൊണ്ടിരുന്നു. ഓഡിറ്റോറിയത്തിന് അകത്തേക്ക് പ്രവേശിക്കുവാന് സ്ഥലമില്ലാത്തതിനാൽ, ജനങ്ങൾ വെളിയിൽ, തുറസ്സായ സ്ഥലത്ത്, കാത്തുനിന്നു.

 

ഫെബ്രുവരി 9 ആം തീയതി, ആരാധന രണ്ടാമത്തെ ദിവസത്തിലേക്ക് കടന്നു. അന്ന് രാത്രിയിലും ഏകദേശം 50 ഓളം കുട്ടികൾ, ഓഡിറ്റോറിയത്തിൽ തന്നെ, ആരാധനയിൽ തുടർന്നു. വിദ്യാർത്ഥികളെ കൂടാതെ, പൊതുജനങ്ങളും ആരാധനയിൽ പങ്കെടുത്തു. പ്രാദേശിക പത്രങ്ങൾ, ഉണർവിന്റെ വാർത്ത പ്രസിദ്ധീകരിച്ചു. നാലാമത്തെ ദിവസമായപ്പോഴേക്കും, ജോൺ ഹൂസ് ഓഡിറ്റോറിയത്തിന്, ജനക്കൂട്ടത്തെ ഉൾകൊള്ളുവാൻ കഴിയാതെ വന്നു.

 

ഫെബ്രുവരി 12 ആം തീയതിയിലും ഉണർവ് തുടർന്നു. മറ്റ് സഭകളിൽ നിന്നുമുള്ള ജനങ്ങൾ, വാഹനങ്ങളിൽ എത്തിച്ചേർന്നു. അതിനാൽ, ആരാധന ക്രമീകരിക്കുവാനായി, കൂടുതൽ ഓഡിറ്റോറിയങ്ങൾ യൂണിവേഴ്സിറ്റി അധികാരികൾ തുറന്നുകൊടുത്തു.

 

13 ആം തീയതി, വെർജീനിയ തിയോളൊജിക്കൽ സെമിനാരിയിൽ, സമാനമായ ഉണർവ് യോഗങ്ങൾ ആരംഭിച്ചു. ഒഹിയോ സംസ്ഥാനത്തുള്ള, സെഡാർവില്ലെ യൂണിവേഴ്സിറ്റിയിലും ഉണർവ് യോഗങ്ങൾ ആരംഭിച്ചു. (Cedarville University, in southwest Ohio). ഇത് ബാപ്തിസറ്റ് സഭയോട് ചേർന്ന്നിലക്കുന്ന ഒരു സർവ്വകലാശാല ആണ്. ഇവിടെ ആരാധന ക്രമീകരിച്ചത്, മെത്തോഡിസ്റ്റ് സൊസൈറ്റി ഓഫ് എപ്പിസ്കോപ്പൽ ചർച്ച് എന്ന സംഘടനയാണ് (Methodist Society of the Episcopal Church).

 

ഫെബ്രുവരി, 14 ആം തീയതി, ആസ്ബറിയിലെ ഉണർവ് 7 ആം ദിവസത്തേക്ക് കടന്നു. 3000 പേർ ആരാധനയിൽ പങ്കെടുക്കുവാനായി വന്നു. യൂണിവേഴ്സിറ്റിയിലെ 4 ഓഡിറ്റോറിയങ്ങൾ ആരാധനയ്ക്കായി തുറന്നു. ഹവായ്, മാസ്സച്ചുസെറ്റ്സ്, ഇല്ലിനോയിസ്, മിനെസോട്ട, ടെന്നീസി, ഇൻഡിയാന എന്നിവിടങ്ങളിൽ നിന്നെല്ലാം ജനം എത്തിച്ചേർന്നു (Hawaii, Massachusetts, Illinois, Minnesota, Tennessee, Indiana).

 

ഓഡിറ്റോയത്തിനകത്തേക്ക് പ്രവേശനം കാത്ത് ജനം വരിവരിയായി നിന്നു. ഇത് നിയന്ത്രിക്കുവാൻ, പോലീസ് വളരെ പാടുപെട്ടു. വാഹനങ്ങളെ അവർ വഴിതിരിച്ച് വിട്ട്, ഗതാഗതത്തെ നിയന്ത്രിക്കുവാൻ ശ്രമിച്ചു. എല്ലാവർക്കും ആരാധനയിൽ പങ്കെടുക്കുവാൻ കഴിയേണം എന്ന ആഗ്രഹത്തോടെ യൂണിവേഴ്സിറ്റി അധികാരികൾ പ്രവർത്തിച്ചു.

 

ക്രമേണ മറ്റ് യൂണിവേഴ്സിറ്റികളിലേക്കും, സഭാ, സംഘനാ വ്യത്യാസങ്ങൾ ഇല്ലാതെ ഉണർവ് വ്യാപിച്ചുകൊണ്ടിരുന്നു. കെൻറ്റുക്കിയിലെ തന്നെ കാമ്പ്ബെൽസ് വില്ലെ യൂണിവേർസിറ്റി, ടെന്നിസ്സിയിൽ, ക്ലീവ് ലാന്റിലെ, ലീ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും ഉണർവ് യോഗങ്ങൾ ആരംഭിച്ചു (Campbellsville University, Campbellsville, Kentucky; Lee University, Cleveland, Tennessee). കാമ്പ്ബെൽസ് വില്ലെ യൂണിവേർസിറ്റി, ബാപ്തിസ്റ്റ് സഭയുടെ സ്ഥാപനവും, ലീ യൂണിവേർസിറ്റി, ചർച്ച് ഓഫ് ഗോഡ് സഭയുടെ സ്ഥാപനവും ആണ്.

 

ഫെബ്രുവരി 15 ആം തീയതി, ആസ്ബറിയിലെ ഉണർവിന്റെ വാർത്ത, അമേരിക്കയിലെ പ്രമുഖ ദിനപത്രമായ “ദി വാഷിങ്ടൺ പോസ്റ്റ്” പ്രസിദ്ധീകരിച്ചു (The Washington Post). ജനം അധികമായപ്പോൾ, ഹൂസ് ഓഡിറ്റോറിയത്തിലേക്കുള്ള പ്രവേശനം 26 വയസ്സിൽ താഴെ മാത്രം പ്രായമുള്ള യുവാക്കൾക്കായി നിയന്ത്രിക്കപ്പെട്ടു. മറ്റുള്ളവർക്ക് വേണ്ടി, മറ്റ് ഓഡിറ്റോറിയങ്ങളിൽ ആരാധന നടത്തി.

 

ഇതേ ദിവസം, അലബാമയിൽ, ഹോംവുഡ് എന്ന സ്ഥലത്തുള്ള, സാംഫോർഡ് യൂണിവേഴ്സിറ്റിയിൽ ഉണർവ് യോഗങ്ങൾ ആരംഭിച്ചു. ഈ ആരാധന ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. സാംഫോർഡ് യൂണിവേർസിറ്റി, ബാപ്തിസ്റ്റ് സഭയുടെ സ്ഥാപനമാണ്.

 

ഫെബ്രുവരി 15 ആം തീയതി, സാമൂഹിക മാധ്യമങ്ങളിൽ, “ആസ്ബറി റിവൈവൽ” എന്ന ഹാഷ്ടാഗ്, ടിക് ടോക്കിലൂടെ ഏകദേശം 240 ലക്ഷം പേരിൽ എത്തിച്ചേർന്നു. ഫെബ്രുവരി 18 ന് അത് കണ്ടവരുടെ എണ്ണം 630 ലക്ഷം ആയി വർദ്ധിച്ചു.

 

ഫെബ്രുവരി 16 ആം തീയതി, തുടർച്ചയായ ഉണർവ് യോഗങ്ങൾ, 9 ആം ദിവസത്തേക്ക് കടന്നു. അന്ന് രാവിലെ 1 മണിമുതൽ 12 മണിവരെ വരെ ഹൂസ് ഓഡിറ്റോറിയം അടച്ചിട്ടു. ഓഡിറ്റോറിയത്തിൽ നിന്നുള്ള, തൽസമയ പ്രക്ഷേപണങ്ങൾ നിരോധിച്ചു.

 

എങ്കിലും ഉണർവ് യോഗങ്ങൾ തുടർന്നുകൊണ്ടിരുന്നു. 10 മത്തെ ദിവസം വീണ്ടും ഹൂസ് ഓഡിറ്റോറിയം പൊതു ജനങ്ങൾക്കായി തുറന്നു. എന്നാൽ, 25 വയസ്സിൽ താഴെ പ്രായമുള്ള വിദ്യാർത്ഥികൾക്ക്, പ്രവേശനത്തിൽ മുൻഗണന കൊടുത്തു. അന്ന് വൈകീട്ട് 5 മണിക്ക്, ആസ്ബറി യൂണിവേഴ്സിറ്റിയുടെ വെളിയിൽ, അതിന് സമീപത്തുള്ള, മൌണ്ട് ഫ്രീഡം ബാപ്തിസ്റ്റ് ചർച്ച് ഉണർവ് യോഗങ്ങൾക്കായി തുറന്നു (Mount Freedom Baptist Church).

ഫെബ്രുവരി 18 ആം തീയതി, യോഗങ്ങൾ, 11 ആം ദിവസത്തേക്ക് പ്രവേശിച്ചു. ആസ്ബറി യൂണിവേഴ്സിറ്റിയിലെ അധികാരികളും, പട്ടണത്തിന്റെ അധികാരികളും, അവിടെ കൂടിവരുന്ന ജനങ്ങളുടെ സുരക്ഷയേക്കുറിച്ച് ആകുലരാകുവാൻ തുടങ്ങി. ഫെബ്രുവരി 19 ആം തീയതിയോടെ, യൂണിവേഴ്സിറ്റിയിൽ, പൊതുജനങ്ങൾക്ക് പങ്കെടുക്കുവാൻ അനുവാദമുള്ള ആരാധന,  അവസാനിക്കും എന്ന പ്രഖ്യാപനമുണ്ടായി.


 

ഫെബ്രുവരി 19 ആം തീയതി, സാമൂഹിക മാധ്യമങ്ങളിൽ, “ആസ്ബറി റിവൈവൽ” എന്ന ഹാഷ്ടാഗ്, ടിക് ടോക്കിലൂടെ ഏകദേശം 680 ലക്ഷം പേർ കണ്ടു.

 

ആസ്ബറിയിലെ ഉണർവ്വ്, ദേശീയ, അന്തർദ്ദേശീയ ശ്രദ്ധ നേടിക്കഴിഞ്ഞു. ഏകദേശം 22 യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥികൾ ഇവിടെ എത്തി ആരാധനയിൽ പങ്കെടുത്തു. ഇതിന് കൂടുതൽ പ്രചാരവും പിൻബലവും കിട്ടിക്കൊണ്ടിരിക്കുന്നു. അമേരിക്കയിൽ നിന്നുമാത്രമല്ല, മറ്റ് അയൽ രാജ്യങ്ങളിൽ നിന്നുള്ള ക്രിസ്തീയ വിശ്വാസികൾ ഇവിടെയെത്തി ആരാധനയിൽ പങ്കെടുക്കുന്നു. അമേരിക്കയുടെ മുൻ പ്രസിഡന്റായ, മൈഖിൾ പെൻസ് ഇതിന്, ട്വീറ്ററിലൂടെ,  പിന്തുണ അറിയിച്ചിട്ടുണ്ട് (Mike Pence).

 

ഈ ഉണർവ് യോഗങ്ങളുടെ ശ്രദ്ധേയമായ പ്രത്യേകത, ഇവിടെ ശാന്തമായ ആരാധനയാണ് നടക്കുന്നത് എന്നതാണ്. വർത്തമാന കാലത്തെ, ശബ്ദകോലാഹത്തോടുകൂടിയ സംഗീതം ഇവിടെ ഇല്ല. പ്രശസ്തരായ ഗായക സംഘയമോ, പ്രസംഗകരോ ഇവിടെയില്ല. ജനത്തെ ആകർഷിക്കുന്ന യാതൊന്നും ഇവിടെ ഇല്ല. ശക്തമായ ദൈവ സാന്നിദ്ധ്യം മാത്രമേ ഇവിടയുള്ളൂ. ഇതാണ് ഇവിടെ എത്തുന്നവർ അനുഭവിക്കുന്നതും.

 

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കാഴ്ചകൾ എല്ലാം സത്യസന്ധമാണ്. ഒരു വീഡിയോയിൽ, ഒരു യുവതി, അവരുടെ കണ്ണുകൾ അടച്ചു വച്ചുകൊണ്ട്, മൈക്കിലൂടെ ഇങ്ങനെ വിളിച്ചു പറയുന്നത് കാണാം. “നിന്റെ (ദൈവത്തിന്റെ) സമൃദ്ധവും ശ്രേഷ്ടവുമായ സാന്നിദ്ധ്യം ഇവിടയുണ്ട്. ഞങ്ങൾക്ക് അത് അനുഭവിക്കുവാൻ കഴിയുന്നുണ്ട്. ഞങ്ങളെ എല്ലാവരെയും മൂടുന്ന ഒരു പുതപ്പ് പോലെ, നിന്റെ സാന്നിദ്ധ്യം ഞങ്ങൾ അനുഭവിക്കുന്നു”. (സ്വതന്ത്രമായ പരിഭാഷ. “You are in this place richly. We can feel you. We feel your presence like a blanket, it covers us all”). അത്ഭുത രോഗ സൌഖ്യത്തിന്റെയും വിടുതലിന്റെയും സാക്ഷ്യങ്ങൾ ആരാധനാ മദ്ധ്യേ പ്രസ്താവിക്കപ്പെടുന്നുണ്ട്. ആരാധന മദ്ധ്യേ, അനേകർ, നിരാശ, ആത്മഹത്യ പ്രവണത എന്നിവയിൽ നിന്നും വിടുതൽ പ്രാപിക്കുന്നു.

 

ദൂരെ പ്രദേശങ്ങളിൽ നിന്നുമാണ് അനേകർ ആരാധനയ്ക്കായി വന്നരിക്കുന്നത്. അവർ ഹോട്ടലുകളിലും, സ്നേഹിതരുടെയും, ബന്ധുക്കളുടെയും വീടുകളിലും തമാസിച്ചുകൊണ്ടാണ് തുടർച്ചയായി ആരാധനയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നത്. ഇവർക്ക് ആവശ്യമായ സഹായം ചെയ്യുവാൻ ഒരു പ്രത്യേക സംഘത്തെ ക്രമീകരിച്ചിട്ടുണ്ട്. അവർ അസാധാരണമായ ദൈവ സ്നേഹത്തോടെ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് ഭക്ഷണവും, പുസ്തകങ്ങളും, കളിപ്പാട്ടങ്ങളും അവർ നല്കുന്നു. അവർ കുട്ടികളോടൊപ്പം സമയം ചലവഴിക്കുന്നു. ഇത് അവരുടെ മാതാപിതാക്കന്മാർക്ക് ആരാധനയിൽ പങ്കെടുക്കുവാൻ സാവകാശം നല്കുന്നു. കറുത്ത വർഗ്ഗക്കാരെ, വെളുത്ത വർഗ്ഗക്കാർ അവരുടെ വീടുകളിൽ, സ്നേഹത്തോടെ തമാസിപ്പിക്കുന്നത് ഒരു മനോഹരമായ കാഴ്ചയാണ്.

 

ഇവിടെ ദൈവ സ്നേഹം മാത്രമേയുള്ളൂ. ദൈവമല്ലാതെ മറ്റാരും ആരുടെയും ഇടയിലില്ല. ഉണർവ് ക്രിസ്തുവിന്റെ ആത്മാവിന്റെ പ്രവർത്തനമാണ് എന്നു ഇതെല്ലാം നമ്മളെ ഓർമ്മിപ്പിക്കുന്നു. അത്, പ്രസംഗവും, വിലാപവും, ഗാനങ്ങളും മാത്രമല്ല, ദൈവ സ്നേഹത്തിന്റെ പ്രകടനം കൂടിയാണ്.

 

കഴിഞ്ഞ ആഴ്ചയുടെ അവസാനത്തെ ദിവസം, ഏകദേശം 20, 000 പേർ ആസ്ബറി ഉണർവ് യോഗങ്ങളിൽ പങ്കെടുത്തു. ഇതെല്ലാം, ഏകദേശം 6000 പേർ മാത്രം ജനസംഖ്യയുള്ള, വിൽമോർ എന്നൊരു ചെറിയ പട്ടണത്തിൽ ആണ് സംഭവിക്കുന്നത്.

 

യൂണിവേഴ്സിറ്റിയിലെ 5 ഓഡിറ്റോറിയങ്ങളിൽ ആണ് ഉണർവ് യോഗങ്ങൾ നടന്നത്. എല്ലാ ഓഡിറ്റോറിയങ്ങളും നിറഞ്ഞു കവിഞ്ഞിരുന്നു. ജനങ്ങൾ തുറസ്സായ സ്ഥലത്ത്, പുൽത്തകിടിയിൽ നിന്നുകൊണ്ടും ദൈവത്തെ ആരാധിച്ചു. പൊതു വീഥികൾ വാഹനങ്ങളാൽ നിറഞ്ഞു, രണ്ടര മൈലുകളോളം മർഗ്ഗതടസ്സമുണ്ടായി. വിൽമോർ പട്ടണത്തിലെ അധികാരികൾ വളരെ പ്രയാസപ്പെട്ട് വാഹനങ്ങളെ നിയന്ത്രിച്ചു. വിൽമോർ പട്ടണത്തിന് താങ്ങുവാൻ കഴിയുന്നതിനെക്കാൾ കൂടുതൽ ആളുകൾ അവിടേക്ക് ഒഴുകി എത്തികൊണ്ടിരിക്കുന്നു.

 

ആസ്ബറിയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഉണർവ്, അമേരിക്കയുടെയോ, അവിടയുള്ള യൂണിവേഴ്സിറ്റികളുടെയോ ചരിത്രത്തിലെ ആദ്യത്തെ സംഭവമല്ല. ഇതിന് മുമ്പും, പല പ്രാവശ്യം, വിദ്യാർത്ഥികളുടെ ചെറിയ പ്രാർത്ഥനാ കൂട്ടങ്ങളിൽ നിന്നും വലിയ ആത്മീയ ഉണർവ് ആരംഭിച്ചിട്ടുണ്ട്. 1740 കളിലെ, ദി ഗ്രേറ്റ് അവെക്കെനിങ്, 1970 കളിലെ ജീസസ്സ് മൂവ്മെന്റ് എന്നിവ ഇതിന് ഉദാഹരണങ്ങൾ ആണ്. (The Great Awakening, Jesus Movement).

 

ആസ്ബറി യൂണിവേർസിറ്റി എന്നും ആത്മീയ ഉണർവിന്റെ ഇടമായിരുന്നു. 1905, 1908, 1921, 1950, 1958, 1970, 1992, and 2006 എന്നീ വർഷങ്ങളിൽ ഇവിടെ ഉണർവ് ഉണ്ടായിട്ടുണ്ട്. 1970 ലെ ഉണർവ്വ്, ഏകദേശം 185 മണിക്കൂറുകൾ, അഥവാ 7 ദിവസങ്ങളിലധികം നീണ്ടുനിന്നു. അതിന് ശേഷം ഇടവിട്ട്, ഉണർവ് യോഗങ്ങൾ നടന്നു കൊണ്ടിരുന്നു. അത് പിന്നീട് അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും പടർന്നു.

 

യൂണിവേഴ്സിറ്റിയ്ക്ക് ഉള്ളിലേക്ക് വലിയ കൂട്ടം ജനം വരുന്നതിനാൽ, അവിടെയുള്ള പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നുണ്ട്. അതിനാൽ, പൊതുജനങ്ങൾക്കായുള്ള ഉണർവ് യോഗങ്ങൾ, യൂണിവേഴ്സിറ്റിയിൽ അവസാനിപ്പിക്കുവാൻ അധികാരികൾ തീരുമാനിച്ചു കഴിഞ്ഞു. ഫെബ്രുവരി 19, ഞായറാഴ്ച ആണ് പൊതുജനങ്ങൾക്കുള്ള അവസാനത്തെ യോഗമായി അവർ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, ഫെബ്രുവരി 20, തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്കുള്ള യോഗത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കും. പിന്നീട് യൂണിവേഴ്സിറ്റിയിൽ ഉണർവ് യോഗങ്ങളിൽ പങ്കെടുക്കുവാനായി പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുക ഇല്ല.

എന്നാൽ അവിടെ വിദ്യാർത്ഥികൾക്കായി ക്രമമായി ക്രമീകരിച്ചിരിക്കുന്ന ബുധനാഴ്ചത്തെ ആരാധന തുടരും. ഉണർവ് യോഗങ്ങൾ, വിദ്യാർത്ഥികൾക്കായി, ഫെബ്രുവരി 23, വ്യാഴാഴ്ച വരെ തുടരും. 23 ആം തീയതി, കോളേജ് വിദ്യാർത്ഥികളുടെ ദേശീയ പ്രാർത്ഥനാ ദിവസമാണ് (National Collegiate Day of Prayer).

 

യൂണിവേർസിറ്റിയിലെ ഉണർവ് യോഗങ്ങൾ തൽക്കാലത്തേക്ക് നിറുത്തുന്നു എങ്കിലും, ഉണർവ് അവസാനിക്കുന്നില്ല. അത് സമീപത്തും ദൂരെയുമുള്ള സ്ഥലങ്ങളിൽ തുടർന്നുകൊണ്ടിരിക്കും.

 

2023 ഫെബ്രുവരിയിൽ ഉണ്ടായ ആസ്ബറിയിലെ ഉണർവിനെ കുറിച്ചുള്ള, ചില വിവരങ്ങൾ ആണ് ഈ വീഡിയോയിൽ പങ്കുവെച്ചത്. ഇത് നിങ്ങൾക്ക് അനുഗ്രഹമായിരുന്നു എന്നു വിശ്വസിക്കുന്നു. ഉണർവിന്റെ അലകൾ നമ്മളുടെ ദേശത്തും എത്തിച്ചേരുവാൻ നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കാം.

 

ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.




No comments:

Post a Comment