തിന്മ ആര് സൃഷ്ടിച്ചു?

എന്താണ് തിന്മ?

 

ഈ പ്രപഞ്ചത്തിലെ തിന്മയുടെ അസ്തിത്വത്തെക്കുറിച്ച് പഠിക്കുവാന്‍ ആദിമകാലം മുതല്‍ മനുഷ്യര്‍ ശ്രമിച്ചിട്ടുണ്ട്. ഇതിന്റെ പിന്നിലെ രഹസ്യത്തിന്റെ ചുരുള്‍ പൂര്‍ണ്ണമായും അഴിക്കുവാന്‍ മനുഷ്യമനസ്സുകള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. നമ്മള്‍ നന്‍മയുള്ളവരായി ജീവിക്കുവാന്‍ ശ്രമിക്കുന്നു, നന്മ മാത്രം പരത്തുവാന്‍ ശ്രമിക്കുന്നു, നന്മ പ്രവര്‍ത്തിക്കേണം എന്നു മറ്റുള്ളവരെ പ്രബോധിപ്പിക്കുന്നു, തിന്മ ചെയ്യുന്നവരെ ശിക്ഷിക്കുന്നു, തിന്മയെ തുടച്ചു നീക്കുവാന്‍ നമുക്ക് ചെയ്യുവാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നു. എന്നിട്ടും തിന്മ ഇല്ലാതാകുന്നില്ല എന്നു മാത്രമല്ല, അത് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. മതങ്ങളും, രാക്ഷ്ട്രീയ സിന്ധാന്തങ്ങളും മനുഷ്യ നന്മയാണ് ലക്ഷ്യം വയ്ക്കുന്നത് എന്നു അവകാശപ്പെടുമ്പോഴും, അതിന്റെ അനുയായികൾ നിരപരാധികളായ ആയിരങ്ങളെ കൊന്നൊടുക്കുന്നു. ലോകമഹായുദ്ധങ്ങള്‍, പ്രാദേശിക യുദ്ധങ്ങള്‍, ആഭ്യന്തര കലാപങ്ങള്‍, വംശീയ കലാപങ്ങള്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം അതിക്രൂരമായ അക്രമങ്ങളാണ് മനുഷ്യരുടെമേല്‍ അഴിച്ചുവിടുന്നത്. ഇവിടെയെല്ലാം നിരപരാധികളായ മനുഷ്യരാണ് കൊല്ലപ്പെടുന്നത്. തിന്മ ഇല്ലാതാകുന്നില്ല എന്നു മാത്രമല്ല, കുറയുന്നതുപോലും ഇല്ല. അതിന്റെ വ്യാപ്തിയും ക്രൂരതയും വര്‍ദ്ധിച്ചുവരുന്നതെ ഉള്ളൂ.

 

ഇതിന്റെ പശ്ചാത്തലത്തിലാണ് തിന്മ എന്താണ്, അതിന്റെ ഉല്‍ഭവം എവിടെയാണ്, അതിന്റെ പരിഹാരം എന്താണ് എന്നിവ നമ്മള്‍ ചിന്തിക്കേണ്ടത്. തിന്മയെക്കുറിച്ച്, തത്വചിന്തകരും, മത ഗുരുക്കന്മാരും, മറ്റ് ചിന്തകരും അവരുടേതായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്കൊന്നും തിന്മയെ ഇല്ലാതാകുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എങ്കിലും മനുഷ്യര്‍ ഇപ്പൊഴും അതിനെക്കുറിച്ച് അന്വേഷിച്ചും പഠിച്ചും കൊണ്ടിരിക്കുന്നു. ഇതില്‍ തിന്‍മയെക്കുറിച്ചുള്ള ക്രിസ്തീയ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട്, അതിനെ മനസ്സിലാകുവാനുള്ള ഒരു ശ്രമമാണ് ഈ ഹൃസ്വ പഠനം.

 

ഹാനികരവും, വേദനാജനകവും, അരോചകവുമായ അനുഭവങ്ങളെ സംഭവിപ്പിക്കുന്ന ഒന്നിനെ തിന്മ എന്നു നിര്‍വചിക്കാം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഹാനികരമായ, വേദനാജനകമായ, അരോചകമായ അനുഭവങ്ങള്‍ ഒന്നും നന്മ അല്ല. നന്മ അല്ലാത്തതെല്ലാം തിന്‍മയാണ്. ഈ നിർവചനത്തിന്റെ അടിസ്ഥാനത്തില്‍, തിന്മ എന്നത് നന്‍മയുടെ എതിരായ അനുഭവങ്ങള്‍ ആണ് എന്ന ചിന്ത ഉടലെടുക്കുന്നു. ഇത് ഈ പഠനത്തിന്റെ അടിസ്ഥാനം ആയിരിക്കും.

 

തിന്മ എന്ന പ്രശ്നം (The problem of evil)

 

തിന്മ എന്ന പ്രശനം, ദര്‍ശനികമായതും ദൈവശാസ്ത്രപരമായതും ആയ ഒരു പഠന വിഷയമാണ്. സര്‍വ്വജ്ഞാനിയും, സര്‍വ്വസ്നേഹവാനും, സര്‍വ്വശകതനുമായ ദൈവത്തിന്റെ അസ്തിത്വത്തെ തിന്മയുടെ സാന്നിദ്ധ്യവുമായി എങ്ങനെ പൊരുത്തപ്പെടുത്താം എന്ന ചോദ്യമാണ്, ഇവിടെ ചര്‍ച്ച ചെയ്യുന്നത് (omniscient, omnibenevolent and omnipotent).

 

തിയോഡെസി

 

ദൈവത്തിന്റെ അസ്ഥിത്വത്തിന്റെ അടിസ്ഥാനത്തില്‍, തിന്മ എന്ന പ്രശ്നത്തെക്കുറിച്ച് (problem of evil) ചര്‍ച്ച ചെയ്യുന്ന ദര്‍ശനികവും ദൈവശാസ്ത്രപരവുമായ പഠന ശാഖയാണ് തിയോഡെസി (Theodicy - UK - θiːˈɒdɪsi; USA - thē-ˈä-də-sē). തിയോസ്/തെഒസ് (theos), ഡൈക്ക് / ഡൈകൈഒസ് (dike/ dikaios) എന്നീ രണ്ട് ഗ്രീക്ക് വാക്കുകള്‍ സംയോജിച്ചാണ് തിയോഡെസി എന്ന പദം ഉണ്ടായിരിക്കുന്നത്.

 

തിയോസ് എന്ന വാക്കിന്റെ അര്‍ത്ഥം ദൈവം എന്നും ഡൈകൈഒസ് എന്നതിന്റെ അര്‍ത്ഥം നീതി എന്നുമാണ്. തിയോഡെസി എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്ന അര്‍ത്ഥമിതാണ്: മനുഷ്യരോടുള്ള ദൈവത്തിന്റെ പ്രവര്‍ത്തികളെ നീതീകരിക്കുക (a justification of the ways of God towards humans). ലളിതമായി പറഞ്ഞാല്‍, തിന്മ ഉണ്ട് എന്ന യാഥാര്‍ത്ഥ്യം ഉള്ളപ്പോള്‍ തന്നെ ദൈവത്തിന്റെ അസ്തിത്വത്തെ ന്യായീകരിക്കുക എന്നതാണ് തിയോഡെസി എന്ന പഠന ശാഖ ചെയ്യുന്നത്. 

 

സര്‍വ്വജ്ഞാനിയും, സര്‍വ്വസ്നേഹവാനും, സര്‍വ്വശക്തനുമായ ഒരു ദൈവത്തിന്റെ അസ്തിത്വത്തെ പ്രതിരോധിക്കുവാന്‍ മൂന്ന് ചോദ്യങ്ങള്‍ക്കാണ് തിയോഡെസി എന്ന പഠന ശാഖ മറുപടി നല്‍കേണ്ടത്.


1.    ആരാണ് തിന്മയെ സൃഷ്ടിച്ചത്? എങ്ങനെ, എന്തുകൊണ്ടാണ് ഈ പ്രപഞ്ചത്തില്‍ തിന്മ     ഉടലെടുത്തത്?

2.   എന്തുകൊണ്ടാണ് തിന്മ ഉടലെടുക്കുന്നത് ദൈവം തടയാതിരുന്നത്?

3.    ഇന്നും തിന്മ ഉണ്ടാകുവാനും നിലനില്‍ക്കുവാനും ദൈവം എന്തുകൊണ്ട്             അനുവദിക്കുന്നു?

 

ഈ പ്രപഞ്ചത്തില്‍ തിന്മ ഉള്ളപ്പോള്‍ തന്നെ ക്രിസ്തീയ വിശ്വാസമനുസരിച്ചുള്ള ദൈവം ഉണ്ട് എന്ന് തിയോഡെസി താര്‍ക്കികമായി (logically) തെളിയിക്കുന്നു. ഇവിടെ തിന്മ ഉണ്ടാകേണ്ടതിന്, ദൈവം അതിനെ സൃഷ്ടിക്കേണം എന്നില്ല. ഈ ലോകത്തിലെ കഷ്ടതയ്ക്കും, തിന്‍മയ്ക്കും, ആത്മീയവും നിത്യവുമായ ഒരു പശ്ചാത്തലമുണ്ട്. ഇതാണ് ശരിയായ തിയോഡെസിയുടെ പ്രധാന വാദം.

 

അതിനാല്‍ നമുക്ക് തിന്മയുടെ പ്രശ്നത്തെ ഇങ്ങനെ നിര്‍വചിക്കാം: സര്‍വ്വജ്ഞാനിയും, സര്‍വ്വസ്നേഹവാനും, സര്‍വ്വശക്തനുമായ ഒരു ദൈവവും മനുഷ്യര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതും ഈ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നതുമായ തിന്‍മയും, ഒരേ ഇടത്തും, ഒരേ സമയത്തും നിലനില്‍ക്കുന്നു എന്നതിലെ വൈരുദ്ധ്യമാണ് തിന്മയുടെ പ്രശ്നം. തിന്മ ഉണ്ട് എന്ന യാഥാര്‍ത്ഥ്യം, വേദപുസ്തകം വിവരിക്കുന്ന ദൈവം ഇല്ല എന്നതിന്റെ തെളിവാണ് എന്നാണ് നാസ്തികരുടെ വാദം. നന്മ നിറഞ്ഞ മനുഷ്യരുടെ ജീവിതത്തില്‍ തിന്മ സംഭവിക്കുന്നതിനാല്‍, ഒന്നുകില്‍ ദൈവം ഇല്ല, അല്ലെങ്കില്‍ അവന്‍ നന്മ കുറഞ്ഞ, ശക്തി കുറഞ്ഞ ഒരു ദൈവം ആയിരിക്കേണം.

 

മൂന്ന് തരത്തിലുള്ള തിന്മ

 

ദാര്‍ശനിക, ക്രൈസ്തവ കാഴ്ചപ്പാടുകള്‍ ഒരുമിച്ച് ചേര്‍ത്തു പിടിച്ചാല്‍, നമ്മളുടെ ജീവിത അനുഭവത്തില്‍ മൂന്ന് തരത്തിലുള്ള തിന്മകള്‍ ഉണ്ട് എന്നു കാണാം.

 

1.     സാന്‍മാര്‍ഗ്ഗികമായ തിന്മ (Moral evil). ഇത് മനുഷ്യരുടെ, മനപ്പൂര്‍വ്വമായ പ്രവര്‍ത്തികളാല്‍ ഉളവാകുന്ന തിന്‍മയാണ്. ഇതില്‍ പാപം, യുദ്ധം, കൊലപാതകം, മോഷണം, ചതി, ക്രൂരത എന്നിങ്ങനെയുള്ളതെല്ലാം ഉള്‍പ്പെടുന്നു. മനുഷ്യനു നന്‍മയോ തിന്‍മയോ ചെയ്യുവാനുള്ള സ്വതന്ത്ര ഇശ്ചാശക്തി ഉള്ളതിനാല്‍ അവന് അത് തിരഞ്ഞെടുക്കുവാനും പ്രവര്‍ത്തിക്കുവാനും കഴിയും.

 

2.   പ്രാപഞ്ചികമായ തിന്മ (natural evil). ഇത് പ്രകൃതിയില്‍ നിന്നും മനുഷ്യര്‍ അനുഭവിക്കുന്ന തിന്മയാണ്. ഇതിന്റെ പിന്നില്‍ മനുഷ്യന്റെ ഇച്ഛാശക്തി ഇല്ല. പ്രകൃതി ദുരന്തങ്ങൾ ഇതില്‍ ഉള്‍പ്പെടും. ചില തത്വജ്ഞാനികള്‍ ഇതിനെ തിന്‍മയായി കാണുന്നില്ല. ഇത് പ്രകൃതിയുടെ സ്വഭാവിക പ്രവര്‍ത്തനങ്ങള്‍ മാത്രമായി അവർ കാണുന്നു.

 

3.   പ്രപഞ്ചാതീതമായ തിന്മ (metaphysical evil). ഈ പ്രപഞ്ചത്തിന്റെ പരിമിതമായ അവസ്ഥയെ പ്രപഞ്ചാതീതമായ തിന്മ എന്നു വിളിക്കുന്നു. ഇതൊരു തത്ത്വശാസ്ത്രപരമായ ചിന്തയാണ്. ഈ ചിന്ത അനുസരിച്ച്, ഈ പ്രപഞ്ചം വസ്തു, സ്ഥലം, സമയം എന്നിവയില്‍ പരിമിതമാണ് (finite or limited). ഈ അപൂര്‍ണ്ണതയെയാണ് പ്രപഞ്ചാതീതമായ തിന്മ എന്നു വിളിക്കുന്നത്. ഈ പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികളും പൂര്‍ണ്ണത ഇല്ലാത്തവ ആണ്. ഈ അപൂര്‍ണ്ണതയാണ് സന്‍മാര്‍ഗ്ഗിക തിന്‍മയില്‍ നമ്മള്‍ കാണുന്നത്. അതിനാല്‍ പ്രപഞ്ചാതീതമായ തിന്മ ഒരു തിന്‍മയല്ല. ഇതിനെ മനുഷ്യര്‍ക്ക് ഇല്ലാതാക്കുവാനോ, ഒഴിഞ്ഞ് ജീവിക്കുവാനോ കഴിയുക ഇല്ല എന്ന്, ഹിന്ദുമതം, ബുദ്ധമതം എന്നിവപോലുള്ള മതങ്ങള്‍ പഠിപ്പിക്കുന്നു.                      

 

എപ്പിക്കൂറസിന്‍റെ സിദ്ധാന്തം

 

എപ്പിക്കൂറസ് (Epicurus) ഒരു പുരാതന ഗ്രീക്ക് തത്വ ചിന്തകന്‍ ആയിരുന്നു. അദ്ദേഹമാണ് എപ്പിക്കൂറിയനിസം (Epicureanism) എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്. (ജനനം, BC 341, Samos, Greece – മരണം, 270 BC, Athens, Greece). ദൈവത്തിന്റെ അസ്തിത്വത്തിനെതിരെ ഉയര്‍ന്നുവന്നിട്ടുള്ള ഏറ്റവും ശക്തമായ വാദം അദ്ദേഹം മുന്നോട്ട് വച്ച, തിന്മ എന്ന പ്രശ്നത്തെക്കുറിച്ചുള്ള ദര്‍ശനികമായ കാഴ്ചപ്പാട് ആണ്. ഈ വാദങ്ങള്‍ ആദ്യം എപ്പിക്കൂറസ് ആണ് പറഞ്ഞത് എന്നാണ് പൊതുവേയുള്ള വിശ്വസം. എന്നാല്‍ അത് അദ്ദേഹം തന്നെയാണോ പറഞ്ഞിട്ടുള്ളത് എന്നതില്‍ ചിന്തകന്‍മാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ട്.

 

ദൈവം സര്‍വ്വജ്ഞാനിയും, സര്‍വ്വസ്നേഹവാനും, സര്‍വ്വശക്തനും ആണ് എന്ന നിര്‍വചനത്തെ അടിസ്ഥാനമാക്കിയാണ് എപ്പികൂറസ് അദ്ദേഹത്തിന്റെ വാദങ്ങള്‍ നിരത്തുന്നത്. (omniscient, omnibenevolent and omnipotent God). ഈ പറയുന്ന സവിശേഷതകള്‍ ദൈവത്തിനുണ്ട് എങ്കില്‍, അല്ലെങ്കില്‍ ഈ സവിശേഷതകള്‍ ഉള്ള വ്യക്തിത്വമാണ് ദൈവം എങ്കില്‍, ലോകത്ത് തിന്മ ഉണ്ടാകുവാന്‍ സാധ്യമല്ല എന്നാണ് ആദേഹത്തിന്റെ വാദം. എന്നാല്‍ തിന്മ ലോകത്തില്‍ ഉണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതിനാല്‍ സര്‍വ്വജ്ഞാനിയും, സര്‍വ്വസ്നേഹവാനും, സര്‍വ്വശക്തനും ആയ ഒരു ദൈവം ഉണ്ടായിരിക്കുവാന്‍ സാദ്ധ്യമല്ല.

 

അദ്ദേഹത്തിന്റെ ന്യായവാദങ്ങള്‍ ഇവയെല്ലാം ആണ് (ന്യായവാദം, തര്‍ക്കശാസ്ത്രം, logic):

 

നിര്‍വചനം 1  -   ദൈവം സര്‍വ്വജ്ഞാനിയും, സര്‍വ്വസ്നേഹവാനും, സര്‍വ്വശക്തനും ആണ്

നിര്‍വചനം 2 -   നന്മയ്ക്ക് എതിരായ ഒരു പ്രവര്‍ത്തിയോ, ശക്തിയോ ആണ് തിന്മ.

 

 

അനുമാനം 1   -   സര്‍വ്വജ്ഞാനിയും, സര്‍വ്വസ്നേഹവാനും, സര്‍വ്വശക്തനും ആയ ഒരു

(Premise)          ദൈവം ഉണ്ട്.

അനുമാനം 2 -   സര്‍വ്വജ്ഞാനിയായ ദൈവത്തിന്, അവന്റെ സൃഷ്ടിയായ ഈ പ്രപഞ്ചത്തില്‍ തിന്മ പ്രവേശിക്കുമോ എന്നും, അതിനെ തടയുവാന്‍ എന്ത് ചെയ്യേണം എന്നും അറിവുണ്ടായിരിക്കും

അനുമാനം 3 -   സര്‍വ്വ സ്നേഹവാനായ ദൈവം, നിശ്ചയമായും, തിന്മയെ ഇല്ലാതാക്കുവാന്‍ ആഗ്രഹിക്കും. അവന്‍ ഒരിയ്ക്കലും അവന്റെ സൃഷ്ടികള്‍ കഷ്ടത അനുഭവിക്കുവാന്‍ ആഗ്രഹിക്കുകയില്ല.

അനുമാനം 4 -   സര്‍വ്വശക്തനായ ദൈവത്തിന് തിന്മ ഉണ്ടാകുന്നതും, അത് ഈ പ്രപഞ്ചത്തില്‍ പ്രവേശിക്കുന്നതും തടയുവാനും, അതിനെ ഇല്ലാതാക്കുവാനും ഉള്ള ശക്തിയുണ്ട്.

അനുമാനം 5 -   അതിനാല്‍, സര്‍വ്വജ്ഞാനിയും, സര്‍വ്വസ്നേഹവാനും, സര്‍വ്വശക്തനുമായ ദൈവം ഒരിയ്ക്കലും തിന്മയെ സൃഷ്ടിക്കുകയോ, അത് ഉണ്ടാകുവാനോ, ഈ പ്രപഞ്ചത്തില്‍ പ്രവേശിക്കുവാനോ, ഇവിടെ തുടരുവാനോ അനുവദിക്കുകയില്ല. 

അനുമാനം 6 -   എന്നാല്‍ തിന്മ ഈ പ്രപഞ്ചത്തില്‍ ഉണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. അത് ഉണ്ടാകുന്നതോ, അത് ഈ പ്രപഞ്ചത്തില്‍ പ്രവേശിച്ചതിനെയോ, അത് ഇപ്പൊഴും ഇവിടെ നിലനില്‍ക്കുന്നതിനെയോ ദൈവം തടഞ്ഞിട്ടില്ല. ഇത് 1 മുതല്‍ 5 അവരെയുള്ള അനുമാനങ്ങളുടെ വിപരീതമാണ്.

തീരുമാനം 1    -   അതിനാല്‍, സര്‍വ്വജ്ഞാനിയും, സര്‍വ്വസ്നേഹവാനും, സര്‍വ്വശക്തനുമായ ഒരു

(Conclusion)     ദൈവം നിലവിലില്ല. 

തീരുമാനം 2   -   സര്‍വ്വജ്ഞാനിയും, സര്‍വ്വസ്നേഹവാനും, സര്‍വ്വശക്തനും അല്ലാത്ത ഒരു ദൈവം ഇല്ലാത്തതിനാല്‍, ദൈവം ഇല്ല.

 

തിന്മ എന്ന പ്രശ്നത്തില്‍ ചർച്ച ചെയ്യുന്ന ന്യായവാദങ്ങളെ നമുക്ക്, ന്യായവാദപരമായ പ്രശ്നം എന്നും തെളിവുകളെ ആധാരമാക്കിയുള്ള പ്രശ്നം എന്നും രണ്ടായി തിരിക്കാം (logical problem and evidential problem).

 

തിന്മ ആര് സൃഷ്ടിച്ചു?

       

തിന്മ എന്ന പ്രശ്നത്തിന്‍റെ “എങ്ങനെ” (how) എന്ന ചോദ്യമാണ്, തിന്മ എങ്ങനെ, ആര് സൃഷ്ടിച്ചു എന്നത്.

 

തിന്മ, ദൈവത്തിന്റെ നന്‍മയില്‍ നിന്നുള്ള വ്യതിചലനമാണ് 

 

തിന്മ എങ്ങനെ ഈ പ്രപഞ്ചത്തില്‍ ഉണ്ടായി എന്നതിന് ഒന്നിലധികം സിദ്ധാന്തങ്ങള്‍ ആണ് ഉള്ളത്. ദൈവം പര്‍പൂര്‍ണ്ണമായും നന്മയാണ്. അവന്‍ മാത്രമാണു പൂര്‍ണ്ണമായും നന്മ മാത്രമായിരിക്കുന്ന ഏക വ്യക്തിത്വം. അതിനാല്‍ ദൈവത്തിന് തിന്മയെ സൃഷ്ടിക്കുവാന്‍ സാധ്യമല്ല. ദൈവത്തിന്റെ സമ്പൂര്‍ണ്ണമായ നന്മ എന്ന സവിശേഷതയ്ക്ക് മാറ്റമുണ്ടായാല്‍, ദൈവം പൂര്‍ണ്ണമായും നന്‍മയല്ലാതെയാകും. അതായത്, ദൈവത്തിന്റെ സമ്പൂര്‍ണ്ണ നന്മ എന്ന സവിശേഷത ഇല്ലാതാകുകയോ, അതിനു മാറ്റമുണ്ടാകുകയോ ചെയ്താല്‍, ദൈവത്തിന് അസ്തിത്വമില്ലാതെയാകും.

 

അവനില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന യാതൊന്നും പരിപൂര്‍ണ്ണമായി നന്‍മയാകുകയില്ല. അതിനാല്‍, ദൈവത്തിന്റെ സൃഷ്ടികൾ എല്ലാം അവനില്‍ നിന്നും വ്യത്യസ്തര്‍ ആയിരിയ്ക്കും. അവ പര്‍പൂര്‍ണ്ണതയില്‍ ദൈവത്തോട് തുല്യര്‍ ആയിരിക്കുകയില്ല. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, അവര്‍ പരിപൂര്‍ണര്‍ ആയിരിക്കുകയില്ല. ഈ പ്രപഞ്ചവും അതിലുള്ള സകലതും ദൈവം സൃഷ്ടിച്ചതാണ്. അവയ്ക്കു ഒന്നിന്നും പരിപൂര്‍ണ്ണമായി നന്മ ആയിരിക്കുവാന്‍ സാധ്യമല്ല. മനുഷ്യരും ദൈവ സൃഷ്ടിയാണ് എന്നതിനാല്‍ നന്മയില്‍ പരിപൂര്‍ണ്ണര്‍ അല്ല. തിന്മ ദൈവ സൃഷ്ടിയല്ല, അത് ദൈവീക നന്മയില്‍ നിന്നുള്ള വ്യതിചലനം മാത്രമാണു.

 

ഈ പ്രപഞ്ചത്തിലെ സകലതും സൃഷ്ടിച്ചതിന് ശേഷം ദൈവം പറഞ്ഞത് “എത്രയും നല്ലതു” എന്നാണ്. (ഉല്‍പ്പത്തി 1: 31). ആദാമും ഹവ്വയും സൃഷ്ടിയില്‍ പാപമില്ലാത്തവര്‍ ആയിരുന്നു. അവര്‍ ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യപ്രകാരവും സൃഷ്ടിക്കപ്പെട്ടു (ഉല്‍പ്പത്തി 1: 26, 27). മനുഷ്യര്‍ എന്ന നിലയില്‍ യാതൊരു കുറവും അവര്‍ക്ക് ഉണ്ടായിരുന്നില്ല. എങ്കിലും അവര്‍ മനുഷ്യര്‍ ആയിരുന്നു, ദൈവത്തിന് തുല്യര്‍ ആയിരുന്നില്ല. ദൈവം മനുഷ്യരെ “ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി” സൃഷ്ടിച്ചു.

 

സങ്കീര്‍ത്തനങ്ങള്‍ 8: 4, 5

4    മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?

5    നീ അവനെ ദൈവത്തെക്കാൾ ('elohiym - angels) അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.

Psalms 8: 4, 5

4    What is man that You are mindful of him, And the son of man that You visit him?

5    For You have made him a little lower than the angels, And You have crowned him with glory and honor. (NKJV) 

 

എബ്രായര്‍ 2: 6, 7

6    എന്നാൽ “മനുഷ്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?

7    നീ അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി,

 

തിന്മ ദൈവവുമായി ഛിദ്രിച്ച അവസ്ഥയാണ്

(disunity with God)

 

ദൈവത്തിന്റെ ഹിതവുമായി മനുഷ്യന്‍ ഛിദ്രിച്ചതിന്റെ പരിണിത ഫലമാണ് തിന്മ എന്നാണ് പൊതുവേയുള്ള ക്രിസ്തീയ വിശ്വസം. പഴയനിയമ കാലത്ത്, മോശെയുടെ ന്യായപ്രമാണവും, പുതിയനിയമ കാലത്ത് യേശുക്രിസ്തുവിന്റെ പഠിപ്പിക്കലും, മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്റെ ഹിതമെന്താണ് എന്നു വെളിപ്പെടുത്തുന്നു. എങ്കിലും മനുഷ്യര്‍ അതെല്ലാം ഭേദിച്ചുകൊണ്ടു സാന്‍മാര്‍ഗ്ഗിക തിന്മ പ്രവര്‍ത്തിക്കുന്നു. മനുഷ്യര്‍ ദൈവത്തെ അനുസരിക്കാതെ പാപ പ്രവര്‍ത്തികള്‍ ചെയ്യുന്നു.

 

ദൈവം സ്വര്‍ഗ്ഗീയ ദൂതന്മാരെയും മനുഷ്യരെയും “എത്രയും നല്ലതു” ആയി സൃഷ്ടിച്ചു (ഉല്‍പ്പത്തി 1: 31). ദൂതന്‍മാര്‍ക്കും മനുഷ്യര്‍ക്കും സ്വതന്ത്ര ഇശ്ചാശക്തിയും ദൈവം കൊടുത്തു (free will; Latin - liberum arbitrium). അതിനാല്‍, ദൈവത്തോട് അനുസരണത്തിലും വിശ്വസ്തതയിലും ആയിരിക്കുവാനും, ദൈവത്തോട് മല്‍സരിക്കുവാനും അവിശ്വസ്തര്‍ ആയിരിക്കുവാനുമുള്ള സ്വാതന്ത്ര്യം അവര്‍ക്ക് ഉണ്ടായിരുന്നു. സാത്താനും ഒരു സ്വര്‍ഗ്ഗീയ ദൂതന്‍ ആയിരുന്നു, അവന്‍ സൃഷ്ടിയില്‍ നന്മ ഉള്ളവന്‍ ആയിരുന്നു. എന്നാല്‍ അവന്റെ സ്വതന്ത്ര ഇശ്ചാശക്തിയാല്‍, അവന്‍ ദൈവത്തോടുള്ള മല്‍സരത്തെ തിരഞ്ഞെടുത്തു. അവനോടൊപ്പം ഒരു കൂട്ടം ദൂതന്മാരും ചേര്‍ന്നു. മല്‍സരം പാപമായി, സാത്താന്‍ തിന്മ നിറഞ്ഞ ദൂതനായി മാറി. സാത്താനും, അവനോടു കൂടെച്ചേർന്ന് ദൈവത്തോട് മല്‍സരിച്ച ദൂതന്‍മാര്‍ക്കും തിരഞ്ഞെടുപ്പിനായി രണ്ടാമതൊരു അവസരം ലഭിച്ചില്ല. അവർ സ്വഗ്ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ടു.

 

പിശാചിന്റെ വീഴ്ചയ്ക്ക് കാരണം സ്വതന്ത്ര ഇശ്ചാശക്തിയല്ല, ദൈവത്തോടുള്ള മല്‍സരമാണ്. സ്വര്‍ഗ്ഗത്തില്‍ ശേഷിച്ച ദൂതന്മാരെപ്പോലെ, സാത്താനും കൂട്ടര്‍ക്കും ദൈവത്തോടുള്ള വിശ്വസ്തത തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യം ഉണ്ടായിരുന്നു. ആരും അവരെ വഞ്ചിക്കുകയോ, പ്രലോഭിപ്പിക്കുകയോ ചെയ്തില്ല. അവര്‍ സ്വന്ത ഇഷ്ടത്താല്‍, മനപ്പൂര്‍വ്വമായി, ദൈവത്തോടുള്ള മല്‍സരത്തെ തിരഞ്ഞെടുത്തു. അങ്ങനെ അവര്‍ പാപത്തില്‍ വീണു, സ്വര്‍ഗ്ഗീയ മഹത്വം എന്നന്നേക്കുമായി നഷ്ടപ്പെട്ടു. 

 

ഈ പ്രപഞ്ചത്തിന്റെയും, മനുഷ്യരുടെയും സൃഷ്ടിയ്ക്കു ശേഷം, സാത്താല്‍ ആദ്യ മനുഷ്യരെ വഞ്ചനയാല്‍ പാപത്തില്‍ വീഴ്ത്തി. ആദാമും ഹവ്വയും ദൈവീക കല്‍പ്പന ലഘിച്ച് ദൈവത്തോട്  മല്‍സരിക്കുന്നവര്‍ ആയിമാറി. സാത്താന്റെയും കൂട്ടരുടെയും വീഴ്ചയ്ക്ക് കാരണം സ്വതന്ത്ര ഇശ്ചാശക്തിയല്ല എന്നതുപോലെ തന്നെ, ആദാമിന്റെയും ഹവ്വയുടെയും വീഴ്ചയ്ക്ക് കാരണം സ്വതന്ത്ര ഇശ്ചാശക്തിയല്ല, അവരുടെ മനപ്പൂര്‍വ്വമായ അനുസരണക്കേടാണ് (volitional disobedience). സ്വതന്ത്ര ഇശ്ചാശക്തി നിഷ്പക്ഷമാണ്. അതിന്, അതില്‍ തന്നെ, പ്രലോഭനങ്ങളോ, പ്രേരണകളോ ഇല്ല.

 

ആദാമിലൂടെ സകല മനുഷ്യരിലേക്കും, പിന്തുടര്‍ച്ചയായി, പാപ പ്രകൃതി പരന്നു. ഈ പാപ പ്രകൃതിയെയാണ് “ആദ്യ പാപം” (original sin) എന്നു വിളിക്കുന്നത്. അങ്ങനെ പാപത്താൽ എല്ലാ മനുഷ്യരും മലിനമായി (depraved), ദൈവത്തെ സ്വയം തിരഞ്ഞെടുക്കുവാനും, ദൈവീക കല്‍പ്പനകള്‍ അനുസരിക്കുവാനും, ദൈവത്തെ അനുഗമിക്കുവാനും ഉള്ള ശേഷി ഇല്ലാത്തവരായി തീര്‍ന്നു. അവർ, അവരുടെ സ്വതന്ത്ര ഇശ്ചാശക്തിയെ, തിന്മയെ തിരഞ്ഞെടുക്കുവാനായി ഉപയോഗിക്കുവാന്‍ തുടങ്ങി.  

 

ഈ പ്രപഞ്ചത്തിലെ തിന്മയുടെ ഉറവിടം ദൈവമല്ല, മനുഷ്യരാണ്. ദൈവം മനുഷ്യരെ സൃഷ്ടിച്ചപ്പോള്‍, നന്‍മയോ തിന്‍മയോ തിരഞ്ഞെടുക്കുവാനുള്ള സ്വതന്ത്ര ഇശ്ചാശക്തി അവര്‍ക്ക് നല്കി. എന്നാല്‍ ആദാമും ഹവ്വയും തിന്മയെ തിരഞ്ഞെടുത്തു. അങ്ങനെ തിന്മ ഈ പ്രപഞ്ചത്തില്‍ പ്രവേശിച്ചു. തിന്മ എന്നത് ഒരു വസ്തുവല്ല, അതൊരു പ്രവര്‍ത്തിയാണ്. തിന്മ മോശമായ ഒരു ബന്ധമാണ്. തിന്മ ഒരു വസ്തുവല്ലാത്തനിന്നാല്‍, അത് സൃഷ്ടിക്കപ്പെട്ടത് അല്ല.

 

ദൈവം തിന്മയെ സൃഷ്ടിച്ചുവോ?

 

ദൈവമാണ് തിന്മയെ സൃഷ്ടിച്ചത് എന്നു വാദിക്കുവാന്‍ ക്രിസ്തീയ വിശ്വാസത്തെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്ന രണ്ടു വാക്യങ്ങള്‍ ഉണ്ട്. അത് യെശയ്യാവ് 45: 7 ഉം, ആമോസ് 3: 6 ഉം ആണ്. വാക്യങ്ങള്‍ ഇങ്ങനെയാണ്.

 

യെശയ്യാവ് 45: 7 ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; ഞാൻ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും (evil – KJV) സൃഷ്ടിക്കുന്നു. യഹോവയായ ഞാൻ ഇതൊക്കെയും ചെയ്യുന്നു.

 

Isaiah 45:7 I form the light, and create darkness: I make peace, and create evil: I the LORD do all these things. (KJV)

 

ആമോസ് 3: 6 നഗരത്തിൽ കാഹളം ഊതുമ്പോൾ ജനം പേടിക്കാതിരിക്കുമോ? യഹോവ വരുത്തീട്ടല്ലാതെ നഗരത്തിൽ അനർത്ഥം (evil – KJV) ഭവിക്കുമോ?

 

Amos 3: 6 Shall a trumpet be blown in the city, and the people not be afraid? shall there be evil in a city, and the LORD hath not done it? (KJV)

 

ഈ വാക്യങ്ങളില്‍ ദൈവം പറയുന്നതിങ്ങനെയാണ്: “ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; ഞാൻ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും (evil – KJV) സൃഷ്ടിക്കുന്നു.”; “യഹോവ വരുത്തീട്ടല്ലാതെ നഗരത്തിൽ അനർത്ഥം (evil – KJV) ഭവിക്കുമോ?” ഇത് വായിക്കുമ്പോള്‍ യഹോവയായ ദൈവം തിന്മയെ സൃഷ്ടിച്ചു എന്നും അനര്‍ത്ഥം വരുത്തുന്നു എന്നും നമുക്ക് തോന്നും. എന്നാല്‍ ഈ വാക്യങ്ങളുടെ ശരിയായ അര്‍ത്ഥം വ്യത്യസ്തമാണ്.

 

യെശയ്യാവു പ്രവാചകന്റെ പുസ്തകത്തില്‍, “ഞാൻ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും (evil – KJV) സൃഷ്ടിക്കുന്നു” എന്ന ഭാഗത്തെ “തിന്മ” എന്ന വാക്ക് എബ്രായ കൈയെഴുത്ത് പ്രതികളില്‍ ഇല്ല. ഇവിടെ “തിന്മ” എന്നു പറയുവാന്‍ ഉപയോഗിച്ചിരികുന്ന എബ്രായ പദം “റാ” എന്നതാണു (ra - rah). ആമോസില്‍ “അനര്‍ത്ഥം” (evil – KJV) എന്നു പറയുവാനും ഇതേ വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. “റാ” എന്ന വാക്ക് “റാഅ” എന്ന ക്രിയാപദത്തിന്റെ, നാമ രൂപമാണ്. (ʿaʿ - ra-a - raw-ah' -  verb; noun - ra” rah). “റാ” എന്ന വാക്കിന്റെ അര്‍ത്ഥം പ്രാപഞ്ചികമായ തിന്മ, സാന്‍മാര്‍ഗ്ഗിക തിന്മ, ദുരിതം, ദുഖം, കഷ്ടത, അപകടം, പ്രകൃതി നാശം എന്നിവയാണ്.  (natural evil, moral evil, distress, misery, injury, or calamity). “റാഅ” എന്നു പറഞ്ഞാല്‍, “കഷണങ്ങളായി തകര്‍ത്ത് നശിപ്പിക്കുക” എന്നാണ് അര്‍ത്ഥം (spoil by breaking to pieces). നമ്മള്‍ തിന്മ എന്നു കരുതുന്ന കാര്യങ്ങളെയാണ് ഈ വാക്കുകള്‍ അര്‍ത്ഥമാക്കുന്നത്. ഇതെല്ലാം നമ്മളെ വേദനിപ്പിക്കുന്നതോ, അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതോ ആണ്. ഈ അര്‍ത്ഥത്തില്‍ ആണ് യെശയ്യാവിലും ആമോസിലും ഈ വാക്കുകള്‍ തിന്മ എന്നും അനര്‍ത്ഥം എന്നും പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

 

ഇംഗ്ലീഷ് പരിഭാഷയായ New King James Version ലും മറ്റ് പരിഭാഷകളിലും ഈ പിശക് തിരുത്തിയിട്ടുണ്ട്.

 

Isaiah 45: 7  I form the light and create darkness, I make peace and create calamity; I, the LORD, do all these things.' (NKJV)

 

Amos 3: 6 If a trumpet is blown in a city, will not the people be afraid? If there is calamity in a city, will not the LORD have done it? (NKJV)

 

ഈ പരിഭാഷകളില്‍ “തിന്മ”, “അനര്‍ത്ഥം” എന്നീ പദങ്ങള്‍ക്ക് പകരമായി “അത്യാപത്ത്, വിപത്ത്” എന്നീ അര്‍ത്ഥം വരുന്ന calamity എന്ന ഇഗ്ലീഷ് പദമാണ് ഉപയോഗിച്ചിരിക്കുന്നത്.  

 

എന്നാല്‍, “തിന്മ” (evil)  എന്നു പറയുവാന്‍ വേദപുസ്തകത്തില്‍ മറ്റൊരു എബ്രായ പദം ഉപയോഗിച്ചിട്ടുണ്ട്.

 

ഉല്‍പ്പത്തി 18: 23 അബ്രാഹാം അടുത്തുചെന്നു പറഞ്ഞതു: ദുഷ്ടനോടുകൂടെ (wicked - KJV) നീതിമാനെയും നീ സംഹരിക്കുമോ?

 

Genesis 18: 23 And Abraham drew near, and said, Wilt thou also destroy the righteous with the wicked? (KJV)

 

ഈ വാക്യത്തില്‍, “ദുഷ്ടനോടുകൂടെ” എന്നു പറയുവാന്‍ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം, “റഷ” എന്നതാണ് (rāšāʿ - raw-shaw' - rashaa). ഈ വാക്കിന്റെ അര്‍ത്ഥം സാന്‍മാര്‍ഗ്ഗിക തിന്മ, ദുഷ്ടത എന്നിങ്ങനെയാണ്. ഇത് നമ്മള്‍, ക്രിമിനൽ കുറ്റം എന്നു വിളിക്കുന്നതാണ് (criminal evil). ഈ വാക്ക് ആശയകുഴപ്പം ഇല്ലാതെ തന്നെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

 

ദൈവം “അത്യാപത്ത്, വിപത്ത്” (റാ – rah) എന്നിവ സംഭവിപ്പിക്കുന്നുണ്ട് എങ്കിൽ, അതിനു അവന്‍റേതായ നീതിയും ഉദ്ദേശ്യവും ഉണ്ട്. അത് നമ്മളുടെ നന്മയ്ക്കായി ആയിരിയ്ക്കും. ചിലപ്പോള്‍ വിപത്തുകള്‍ സംഭവിക്കുന്നത്, ദൈവത്തിങ്കലേക്കു നമ്മളുടെ മനസ്സിനെ തിരിക്കുന്നതിന് ആയിരിക്കേണം. നമ്മള്‍ നമ്മളുടെ ദുഷ്ടത വിട്ടു തിരിഞു ദൈവ മുഖം അന്വേഷിക്കേണം എന്നതാണ് ദൈവം അനുവദിക്കുന്ന വിപത്തുകളിലെ സന്ദേശം. ചിലപ്പോള്‍ ദൈവത്തിന്നു മറ്റൊരു ഉദ്ദേശ്യമോ ലക്ഷ്യമോ കണ്ടേക്കാം. ദൈവത്തിന്റെ എല്ലാ പ്രവര്‍ത്തികള്‍ക്കും, നന്മയിലേക്ക് നമ്മളെ നയിക്കുന്ന ഒരു ലക്ഷ്യം ഉണ്ട്.

 

ഹോശേയ 5: 15 അവർ കുറ്റം ഏറ്റുപറഞ്ഞു എന്റെ മുഖം അന്വേഷിക്കുവോളം ഞാൻ മടങ്ങിപ്പോയി എന്റെ സ്ഥലത്തു ഇരിക്കും; കഷ്ടതയിൽ അവർ എന്നെ ജാഗ്രതയോടെ അന്വേഷിക്കും.

 

എന്നാല്‍ ദൈവം ഒരിയ്ക്കലും, “തിന്മ” അല്ലെങ്കില്‍ “ദുഷ്ടത” സൃഷ്ടിക്കുന്നില്ല (rāšāʿ - raw-shaw' - rashaa). തിന്മ ദൈവത്തില്‍ നിന്നും വരുന്നു എന്നു തിരുവെഴുത്ത് പഠിപ്പിക്കുന്നില്ല.

 

നന്‍മയുടെ അഭാവം എന്ന സിദ്ധാന്തം

(Privation theory)

 

എതിരായി ഒന്നില്ലാതെ തിന്‍മയ്ക്ക് അസ്തിത്വമില്ല (evil does not exist without something to counter it). നന്മയില്ലാതെ തിന്‍മയ്ക്ക് നിലനില്‍ക്കുവാന്‍ സാധ്യമല്ല. നന്‍മയുടെ അത്യുന്നതമായ അവസ്ഥ ദൈവത്തില്‍ മാത്രമേയുള്ളൂ.

 

ദൈവം സ്വര്‍ഗ്ഗീയ ദൂതന്മാരെയും മനുഷ്യരെയും സൃഷ്ടിച്ചത് “എത്രയും നല്ലത്” ആയിട്ടാണ് (ഉല്‍പ്പത്തി 1: 31). ഇവരുടെ സൃഷ്ടിയിലെ ഏറ്റവും നല്ല ഗുണം, അവര്‍ക്ക് തിരഞ്ഞെടുപ്പിനുള്ള സ്വതന്ത്ര ഇശ്ചാശക്തി ഉണ്ടായിരുന്നു എന്നതാണ്. സ്വതന്ത്ര ഇശ്ചാശക്തി ഒരു നന്മ ആയിരുന്നു. ഈ സ്വാതന്ത്ര്യം ദൈവം അവര്‍ക്ക് നല്കിയത്, അവര്‍ മനപ്പൂര്‍വ്വമായി നന്മ തിരഞ്ഞെടുക്കേണം എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു. അവര്‍ തിന്മ തിരഞ്ഞെടുക്കേണം എന്നു ദൈവം ആഗ്രഹിച്ചിരുന്നില്ല.

 

എന്നാല്‍ തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തിന് അര്‍ത്ഥം ഉണ്ടാകേണമെങ്കില്‍, അതിനുള്ള അവസരവും സാഹചര്യവും ഉണ്ടാകേണം. നന്മ തിരഞ്ഞെടുക്കുന്നത് അര്‍ത്ഥവത്താകണമെങ്കില്‍, നന്മ അല്ലാത്ത മറ്റൊന്നുകൂടി ഉണ്ടായിരിക്കേണം. അതിനാല്‍ സ്വര്‍ഗ്ഗീയ ദൂതന്‍മാര്‍ക്കും, മനുഷ്യര്‍ക്കും, നന്‍മയെയോ, തിന്‍മയെയോ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും, അവസരവും ദൈവം നല്കി.

 

ചില ദൂതന്മാരും, ആദ്യ മനുഷ്യരും, നിര്‍ഭാഗ്യവശാല്‍, തിന്മയെ തിരഞ്ഞെടുത്തു. അല്ലെങ്കില്‍, നന്മയെ തിരസ്കരിച്ചു. അങ്ങനെ ദൈവവും, തിന്മയെ തിരഞ്ഞെടുത്ത ദൂതന്മാരും, മനുഷ്യരും തമ്മിലുള്ള ഊഷ്മളമായ ബന്ധം തകര്‍ന്നു. നല്ല രണ്ടു കാര്യങ്ങള്‍ക്കിടയില്‍ മോശമായ ഒരു ബന്ധം നിലവില്‍ വരുമ്പോള്‍, നമ്മള്‍ അതിനെ തിന്മ എന്നു വിളിക്കുന്നു. എന്നാല്‍ തിന്മ ഒരു സൃഷ്ടിക്കപ്പെട്ട വസ്തു അല്ല. ദൈവം തിന്മയെ സൃഷ്ടിച്ചിട്ടില്ല.

 

തിന്മ നന്‍മയുടെ അഭാവം ആണ്. തിന്മ, സകല നന്‍മയുടെയും ഉറവിടമായ ദൈവത്തിന്റെ അഭാവം ആണ്. തിന്മ നിലവില്‍ ഉണ്ടാകുവാന്‍, ദൈവം അതിനെ സൃഷ്ടിക്കേണ്ടതില്ല. ദൈവത്തിന്റെയും, നന്‍മയുടെയും അഭാവം, സ്വഭാവികമായി തിന്‍മയാണ്. ഈ ചിന്തകളെയാണ് “അഭാവത്തിന്റെ സിദ്ധാന്തം” എന്നു വിളിക്കുന്നത് (privation theory).

 

തിന്മ, നന്‍മയുടെ അഭാവമാണ് എന്ന ചിന്ത മനസ്സിലാക്കുവാന്‍ അടിസ്ഥാനമായി റോമര്‍ 3: 23 ആം വാക്യത്തെ എടുക്കാവുന്നതാണ്. ഈ വാക്യം നമുക്ക് ഒന്നു കൂടി വായിയ്ക്കാം:

 

റോമര്‍ 3: 23 ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,

 

ഈ വാക്യം പറയുന്നതനുസരിച്ച്, എല്ലാ മനുഷ്യരും പാപം ചെയ്തു, ദൈവ തേജസ്സു ഇല്ലാത്തവരായി തീര്‍ന്നു. ദൈവത്തിന്റെ അതിശ്രേഷ്ഠമായ വിശുദ്ധിയാണ് എല്ലാ നന്‍മയുടെയും അടിസ്ഥാനമായ അളവുകോല്‍. പാപം, സാന്‍മാര്‍ഗ്ഗിക തിന്‍മയാണ്. തിന്മ എന്താണ് എന്നു നിര്‍വചിക്കുന്നത് മനുഷ്യരുടെ ചിന്തകള്‍ക്ക് അനുസരിച്ചല്ല. നന്മ, തിന്മകള്‍ എന്താണ് എന്നു നിശ്ചയിക്കുക പിശാചിന്റെയോ, ലോകത്തിന്റെയോ, ജഡത്തിന്റെയോ ചിന്തകള്‍ക്ക് അനുസൃതമായല്ല. ദൈവത്തിന്റെ വിശുദ്ധി, നീതി എന്നിവയുമായി തുലനം ചെയ്യുമ്പോള്‍, നമ്മള്‍ ദൈവ തേജസ്സ് ഇല്ലാത്തവരായി തീര്‍ന്നിരിക്കുന്നു. ദൈവത്തിന്റെ വിശുദ്ധി, നന്മ, നീതി, എന്നിവയോട് ചേര്‍ന്നുനില്‍ക്കാത്തതെല്ലാം തിന്‍മയാണ്. അതായത് ദൈവത്തിന്റെ അതിശ്രേഷ്ഠമായ നന്‍മയുടെ നിലവാരം ഇല്ലാത്തതെല്ലാം തിന്മ ആണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ദൈവത്തിന്റെ നന്മയുടെ അഭാവമാണ് തിന്മ.

 

അലക്സാഡ്രിയയിലെ ക്ലെമെന്‍റ്

(Clement of Alexandria)

 

രണ്ടാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞന്‍മാര്‍, തിന്മ എന്ന പ്രശനത്തോട് നിഷേധാത്മകമായാണ് പ്രതികരിച്ചത്. അതായത് തിന്മയുടെ അസ്തിത്വത്തെ അവര്‍ നിഷേധിച്ചു (negating the existence of evil). ഇവരില്‍ പ്രമുഖനായിരുന്നു അലക്സാഡ്രിയയിലെ ക്ലെമെന്‍റ്. അദ്ദേഹം തിന്മ എന്ന പ്രശനത്തിന് ഒന്നിലധികം വിശദീകരണങ്ങള്‍ നല്കിയിട്ടുണ്ട്. അതില്‍ ഒന്നാണ്, “തിന്മ, നന്‍മയുടെ അഭാവമാണ്” എന്ന സിദ്ധാന്തം (privation theory of evil). ഇതിനെ നമുക്ക്, തുടര്‍ന്നുവരുന്ന പഠനത്തില്‍, “അഭാവ സിദ്ധാന്തം” എന്നു വിളിക്കാം (privation theory).

 

അലക്സാഡ്രിയയിലെ ക്ലെമെന്‍റ് ഒരു ക്രിസ്ത്യന്‍ തത്വചിന്തകനും, ദൈവശാസ്ത്രജ്ഞനും ആയിരുന്നു (Clement of Alexandria - Latin name - Titus Flavius Clemens; ജനനം - 150 AD, ഏതെന്‍സ്, ഗ്രീസ്, മരണം 211 നും 215 ഇടയില്‍, യെരൂശലേം). അദ്ദേഹം ഈജിപ്തിലെ അലക്സാഡ്രിയായിലെ ക്രിസ്തീയ മതബോധന പഠനശാലയില്‍ പഠിപ്പിച്ചിരുന്നു (Catechetical School of Alexandria).

 

ക്ലെമെന്‍റിന്റെ അഭിപ്രായത്തില്‍, ദൈവം സമ്പൂര്‍ണ്ണമായും നന്മയാണ്. അതിനാല്‍ അവന് തിന്മയെ സൃഷ്ടിക്കുവാന്‍ സാധ്യമല്ല. ദൈവം തിന്മയെ സൃഷ്ടിച്ചിട്ടില്ല എങ്കില്‍, തിന്‍മയ്ക്ക് അസ്തിത്വമില്ല. അതായത് തിന്മ എന്നൊന്ന്, യഥാര്‍ത്ഥത്തില്‍, സകാരാത്മകമായി നിലവിലില്ല (evil does not exist as a positive). അത് നന്‍മയുടെ അഭാവം എന്ന രീതില്‍ നന്‍മയുടെ നിഷേധമായിട്ട് മാത്രമേ നില്‍നില്‍ക്കുന്നുള്ളൂ. 

 

എന്നാല്‍ ജ്ഞാനവാദികള്‍ ക്ലെമിന്‍റിന്‍റെ വാദത്തെ ശക്തമായി എതിര്‍ത്തു. തിന്മ എന്നൊന്ന് ഇല്ലാ എങ്കില്‍, എങ്ങനെയാണ് ലോകത്തില്‍ ഉള്ള കഷ്ടതയെ നമ്മള്‍ വിശദീകരിക്കുക? എന്തുകൊണ്ട് നന്‍മയുടെ അഭാവം ഇല്ലാത്ത സൃഷ്ടികളെ ദൈവം സൃഷ്ടിച്ചില്ല? ക്ലെമെന്‍റ് ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കിയിട്ടുണ്ട്. അതിനായി അദ്ദേഹം, പ്ലേറ്റോയുടെ ദാര്‍ശനിക പാരമ്പര്യത്തെയാണ് സഹായമായി ഉപയോഗിച്ചത്.

 

പ്ലേറ്റോ, ഏതെന്‍സില്‍ ജീവിച്ചിരുന്ന, സോക്രടീസിന്‍റെ ശിഷ്യന്‍ ആയിരുന്ന, ഒരു ഗ്രീക്ക് തത്വചിന്തകന്‍ ആയിരുന്നു (ജനനം -  428/427 BC, ഏതെന്‍സ്, ഗ്രീസ്; മരണം - 348/347, ഏതെന്‍സ്).

 

പ്ലേറ്റോ, രണ്ടു യാഥാര്‍ത്ഥ്യങ്ങളെ (two realities) അവതരിപ്പിച്ചു.

 

1.       ദൈവവും സത്യവും (God and Truth)

2.     മാനുഷികമായതും, ഇന്ദ്രീയങ്ങളാല്‍ സംവേദിക്കപ്പെടുന്നതുമായ (ഗ്രഹിക്കുന്ന) അനുഭവങ്ങള്‍ (human and perceived experience)

 

തിന്മ സത്യമല്ല, മനുഷ്യര്‍ ഇന്ദ്രീയങ്ങളാല്‍ ഗ്രഹിക്കുന്ന അനുഭവങ്ങള്‍ മാത്രമാണു. നന്മയെ കണ്ടെത്തുവാനും പ്രവര്‍ത്തിക്കുവാനും, മനുഷ്യര്‍ ആവശ്യമായ ശ്രദ്ധ കൊടുക്കാത്തത്തിന്റെ ഫലമാണ് തിന്മ. നന്മ ഉണ്ടായിരിക്കേണ്ടുന്ന ഇടത്ത്, നന്‍മയുടെ അഭാവമാണ് തിന്മ (Evil is an absence of good where good should be).

 

സെന്‍റ് അഗസ്റ്റീന്‍ (Saint Augustine)

 

സെന്‍റ് അഗസ്റ്റീന്‍, AD 4 ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു ദൈവശാസ്ത്രജ്ഞനും, തത്വജ്ഞാനിയുമാണ്. അദ്ദേഹം വടക്കന്‍ ആഫ്രിക്കയിലെ ബെര്‍ബര്‍ എന്ന സ്ഥലത്താണ് ജനിച്ചത് (North Africa, Berber; ജനനം, AD 354, നവംബര്‍ 13; മരണം – 28 ആഗസ്റ്റ് 430). വടക്കന്‍ ആഫ്രിക്കയിലെ, ഹിപ്പോ എന്ന പ്രദേശത്തെ ക്രിസ്തീയ സഭയുടെ ബിഷപ്പായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. (Hippo Regius, Roman North Africa, the modern city of Annaba, Algeria). പടിഞ്ഞാറന്‍ റോമന്‍ സഭയുടെ പരമ്പര്യത്തില്‍ ഗണിക്കപ്പെടുന്ന അഗസ്റ്റീന്‍, അപ്പൊസ്തലനായ പൌലൊസിന് ശേഷം, ആദ്യകാല ക്രിസ്തീയ സഭയിലെ ഏറ്റവും പ്രമുഖനായ ചിന്തകന്‍ ആയിരുന്നു.

 

അദ്ദേഹം, തത്വജ്ഞാനത്തില്‍, ഒരു നവ-പ്ലേറ്റോണിസ്റ്റ് ആയിരുന്നു (Neo-Platonist). നവ-പ്ലേറ്റോണിസ്റ്റ് ചിന്തകളെ, തിന്മ എന്താണ് എന്നു വിശദീകരിക്കുവാന്‍ അദ്ദേഹം ഉപയോഗിച്ചു. മനുഷ്യര്‍ക്ക് ദൈവം സ്വതന്ത്ര ഇശ്ചാശക്തി നല്കിയിട്ടുണ്ട് എന്നു അദ്ദേഹം വിശ്വസിച്ചിരുന്നു. അദ്ദേഹം തിന്മ എന്താണ് എന്നു വിശദീകരിക്കുന്നതില്‍, അലക്സാഡ്രിയയിലെ ക്ലെമെന്‍റിനോട് യോജിച്ചു നിന്നു.  

 

അഗസ്റ്റീന്‍ ന്‍റെ അഭിപ്രായമനുസരിച്ച്, കാരണമാണ്, അതിന്റെ പരിണിത ഫലത്തേക്കാള്‍ ഉന്നതമായിരിക്കുന്നത് (cause is superior to effects). സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സകലത്തിന്റെയും കാരണം (cause), ഭൌതീകനല്ലാത്ത, സര്‍വ്വാധികാരിയായ, ആത്മീയ അസ്തിത്വമായ ദൈവമാണ്. അവന്റെ സര്‍വ്വാധികാരം സമ്പൂര്‍ണ്ണമാണ് (absolute). ഒന്നുമില്ലായ്മയില്‍ നിന്നാണ് ദൈവം, നമ്മള്‍ കാണുന്ന സകലത്തിനെയും സൃഷ്ടിച്ചത്. (Ex nihilo - Latin for “from nothing”). 

 

എബ്രായര്‍ 11: 3 ഈ കാണുന്ന ലോകത്തിന്നു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു.   

 

അതിനാല്‍, ദൈവം, സൃഷ്ടികളെക്കാള്‍ ഉന്നതനാണ്. ദൈവം സൃഷ്ടിച്ചതെല്ലാം “എത്രയും നല്ലത്” ആയിരുന്നു (ഉല്‍പ്പത്തി 1: 31).

 

തിന്‍മയെക്കുറിച്ചുള്ള അഗസ്റ്റീന്റെ തിയോഡെസിയും, ഐറേനിയന്‍ തിയോഡെസിയും വ്യത്യസ്ഥമാണ്. ലൈഒണിലെ ഐറേനിയസ് (Irenaeus, Bishop of Lyons), 2 ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു സഭാ പിതാവും, ദൈവശാസ്ത്രജ്ഞനും ആയിരുന്നു. മനുഷ്യര്‍ പൂർണ്ണരായി സൃഷ്ടിക്കപ്പെട്ടു എന്നും, പിന്നീട് അവര്‍ പാപത്തില്‍ വീണു എന്നും അഗസ്റ്റീന്‍ വിശ്വസിക്കുന്നു. അതിനു ശേഷം, മനുഷ്യര്‍ അവരുടെ സ്വതന്ത്ര ഇശ്ചാശക്തി, തിന്മയെ തിരഞ്ഞെടുക്കുവാനായി ഉപയോഗിച്ചു.

എന്‍ചിരിഡൈഓണ്‍ ഓണ്‍ ഫെയ്ത്ത്, ഹോപ്പ് ആന്‍റ് ലവ്, എന്ന പുസ്തകത്തില്‍ അഗസ്റ്റീന്‍ പറയുന്നത്, തിന്മ എന്നത് നന്‍മയുടെ അഭാവം മാത്രമാണ് എന്നും അത് ഒരു വസ്തുവല്ല, അതിനു അസ്തിത്വമില്ല എന്നുമാണ്. (Enchiridion on Faith, Hope and Love - privation of good - privatio boni; non-substance - non substantia; non-being - non esse). നന്മ ഉണ്ടായിരിക്കേണ്ട ഇടത്ത്, അതിന്റെ അഭാവമാണ് തിന്മ. തിന്‍മയ്ക്ക് സ്വതന്ത്രമായ ഒരു സത്തയോ, അസ്തിത്വമൊ ഇല്ല. അതിന്റെതായ സത്തയോടെയോ, അസ്തിത്വത്തോടെയോ അത് നിലനില്‍ക്കുന്നില്ല. സ്വന്തയായ ഒരു അസ്തിത്വമുണ്ടാകുവാൻ അത് ഒരു വസ്തുവല്ല. തിന്മയെ, ഒരു വസ്തുവായോ, പദാര്‍ത്ഥമായോ നിര്‍വചിക്കുവാന്‍ സാധ്യമല്ല. അതിനാല്‍, തിന്മയെ പ്രവര്‍ത്തി എന്നാണ് എപ്പോഴും നിര്‍വചിക്കാറുള്ളത്. നന്‍മയുടെ നിലവാരത്തിലെത്തുവാന്‍ പരാജയപ്പെടുന്ന പ്രവര്‍ത്തികളാണ് തിന്മ. നന്‍മയുടെ അഭാവം നമ്മളുടെ ഇശ്ചാശക്തിയുടെ പ്രവര്‍ത്തിയാണ്. അത് ദൈവം നമുക്ക് നല്കിയിട്ടുള്ള പരിധിയില്ലാത്ത നന്‍മയുടെ തിരസ്കരണം ആണ്. ഈ തിരസ്കരണം മനുഷ്യന്റെ സ്വതന്ത്ര ഇശ്ചാശക്തിയാലുള്ള തിരഞ്ഞെടുപ്പ് ആണ്.

 

തിന്മയെ ഇങ്ങനെ മനസ്സിലാക്കിയാല്‍, അത് ദൈവത്തിന്റെ സര്‍വ്വശക്തിയേയോ, നന്മയെയോ നിഷേധിക്കുന്നില്ല.

 

എന്നാല്‍ ഈ കാഴ്ചപ്പാടിനെതിരെ വിമര്‍ശനങ്ങള്‍ ഉണ്ട്. കൊലപാതകം, ബലാല്‍സംഗം, ഭീകരത, വേദന, കഷ്ടത എന്നിവയെല്ലാം അത് അനുഭവിക്കുന്ന ഒരുവന് യഥാര്‍ത്ഥമാണ്. അതിനെ നന്‍മയുടെ അഭാവം എന്ന് മാത്രം പറഞ്ഞ് തള്ളിക്കളയുവാന്‍ സാധ്യമല്ല. അഗസ്റ്റീന്‍, തിന്‍മയും കഷ്ടതയും ഈ ലോകത്ത് നിലനില്‍ക്കുന്നു എന്ന് സമ്മതിച്ചിരുന്നു. “അഭാവ സിദ്ധാന്തം” (privation theory) തിന്മയുടെ പ്രശനത്തിന് ഒരു പരിഹാരമാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.        

   

സെന്‍റ്. അക്വിനാസ് (St. Thomas Aquinas)

 

സെന്‍റ്. തോമസ് അക്വിനാസ്, ഇറ്റലിയില്‍ ജീവിച്ചിരുന്ന ഒരു ഡൊമിനിക്കന്‍ ക്രിസ്തീയ സന്യാസിയായിരുന്നു (Dominican friar). അദ്ദേഹം, ക്രിസ്തീയ സഭയില്‍ വളരെ സ്വാധീനമുണ്ടായിരുന്ന ഒരു ദര്‍ശനികനും, ദൈവശാസ്ത്രജ്ഞനും, നിയമ വിദഗ്ധനും ആയിരുന്നു. (ജനനം - AD 1224/1225, Roccasecca, Italy; മരണം - 7 March 1274, Abbazia di Fossanova, Fossanova Abbey, Italy).

 

സെന്‍റ്. അഗസ്റ്റീന്‍ മുന്നോട്ടുവച്ച, തിന്‍മയെക്കുറിച്ചുള്ള സിദ്ധാന്തത്തെ ക്രമീകരിക്കുകയും, അതിനോടു കൂടുതല്‍ വിശദീകരണങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയുമാണ്, അക്വിനാസ് ചെയ്തത്. അഗസ്റ്റീന്‍ പറഞ്ഞതുപോലെ, തിന്മ, ഒരു സൃഷ്ടിയില്‍ പ്രകൃത്യാ ഉണ്ടായിരിക്കേണ്ടുന്ന നന്‍മയുടെ അഭാവമാണ് എന്നു അക്വിനാസും നിര്‍വചിച്ചു. ശ്രേഷ്ഠമായ നന്മ എന്ന ദൈവവുമായി ബന്ധമുള്ള ഒരു സ്രോതസ്സ് പോലെയുള്ള, ജൈവതത്ത്വശാസ്ത്രമായ ഒരു സ്ത്രോതസ്സ് (ontological source) തിന്‍മയ്ക്ക് ഇല്ല.

 

തിന്മ യാഥാർഥ്യമല്ല, എന്നാൽ യുക്തി സഹമാണ്. ഒരു വസ്‌തുനിഷ്‌ഠമായ സത്യമായി തിന്മ നിലനിക്കുന്നില്ല. തിന്മ ആത്മനിഷ്‌ഠമായ ഒരു ആശയ ഗ്രഹണം മാത്രമാണ്. (Evil is not real but rational - it exists not as an objective fact, but as a subjective conception).

 

ഒരു വസ്തുവും അതില്‍ തന്നെ തിന്‍മയല്ല. മറ്റ് വ്യക്തികളുമായോ, വസ്തുക്കളുമായോ ബന്ധപ്പെടുത്തിയാണ് അത് തിന്‍മയാണ് എന്നു തീരുമാനിക്കപ്പെടുന്നത്. എല്ലാ യാഥാർത്ഥ്യങ്ങളും നിര്‍വ്വഹണപരമാണ് (functional). അവ യാദൃശ്ചികമായെ മോശമായ ഫലം ഉണ്ടാക്കാറുള്ളൂ. അതിനാല്‍, എല്ലാ തിന്‍മയുടെയും കാരണം, ‘അടിസ്ഥാനമായ നന്മയും’, തിന്മയെ കണ്ടെത്തുന്ന വസ്തുക്കളും ആണ് (the final cause of evil is fundamental 'goodness,' as well as the objects in which evil is found).

 

അഭാവം (Privation)

 

ഒരു കല്ലോ, പാറയോ, വെള്ളമോ, ഇലക്ട്രിസിറ്റിയോ പോലെ മൂര്‍ത്തമായ (substantial) ഒരു വസ്തു അല്ല തിന്മ. നമുക്ക് ഒരു കിലോയോ, ഒരു ലിറ്ററോ തിന്മ കൈവശം വെക്കുവാന്‍ കഴിയുക ഇല്ല. തിന്‍മയ്ക്ക് അതില്‍ത്തന്നെ ഒരു അസ്തിത്വമില്ല. തിന്മ, അതില്‍ത്തന്നെ, അങ്ങനെതന്നെ യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നില്ല. തിന്മ, നന്‍മയുടെ അഭാവമാണ്, തിന്മ നന്‍മയുടെ ഇല്ലായ്മയാണ്. 

 

സാധാരണയായി ഒരു സവിശേഷത കാണപ്പെടേണ്ട സ്ഥാനത്ത്, അത് നഷ്ടമാകുകയോ, ഇല്ലാതിരിക്കുകയോ ചെയ്യുന്നതിനെയാണ് “അഭാവം” (Privation) എന്ന് വിളിക്കുന്നത്. തിന്മ ഒരു വസ്തുവല്ല, അത് കണ്ടെത്താനാകുന്ന ഒരു സ്ത്രോതസ്സ് ഉള്ള സത്ത അല്ലെങ്കില്‍ പദാര്‍ത്ഥമല്ല എന്നാണ് “അഭാവ സിദ്ധാന്തം” പറയുന്നത്,  (Evil isn’t a “substance” that has a traceable “source.”; Privation theory).

 

ഉദാഹരണത്തിന്: അന്ധകാരം, വെളിച്ചത്തിന്റെ അഭാവം ആണ്. വെളിച്ചം സൃഷ്ടിക്കപ്പെട്ടതാണ്. നമുക്ക് വെളിച്ചത്തെ സൃഷ്ടിക്കാം. എന്നാൽ അന്ധകാരത്തെ സൃഷ്ടിക്കുവാൻ സാധ്യമല്ല. ദൈവം പ്രകാശത്തെ സൃഷ്ടിച്ചു, ഇരുളിനെ സൃഷ്ടിച്ചില്ല. ഇരുള്‍ എന്നൊന്ന്, അതില്‍ തന്നെ ഇല്ല. പ്രകാശത്തിന്റെ അഭാവത്തെ വിശേഷിപ്പിക്കുവാന്‍ നമ്മള്‍ ഉപയോഗിയ്ക്കുന്ന വാക്കാണ് ഇരുള്‍. മറ്റൊരു വസ്തുവിന്റെ അല്ലെങ്കില്‍ അവസ്ഥയുടെ അഭാവത്തെയാണ് ഇരുള്‍ എന്ന വാക്ക് സൂചിപ്പിക്കുന്നത്. വെളിച്ചം ഉണ്ടാകുമ്പോൾ, ആ സ്ഥലത്തുണ്ടായിരുന്ന അന്ധകാരം എവിടേക്ക് പോയി എന്നു പറയുക സാധ്യമല്ല. വെളിച്ചം ഇല്ലാത്ത അവസ്ഥയാണ് അണ്ഡകാരം.  

 

ഒരു വസ്തുവില്‍ മാത്രമേ ദ്വാരം (hole) സ്ഥിതിചെയ്യുന്നുള്ളൂ. ഒരു വസ്തു ഇല്ലാതെ ദ്വാരം ഉണ്ടാകുകയില്ല. മൂര്‍ത്തമായ ഒരു വസ്തുവില്‍ കുറെ ഭാഗത്ത്, അത് ഇല്ലാതെ ഇരിക്കുന്നതിനെയാണ് നമ്മള്‍ ദ്വാരം എന്നു വിളിക്കുന്നത്. എന്നാല്‍, ദ്വാരത്തിന് അതിന്റെതായ ഒരു അസ്തിത്വമില്ല. മൂര്‍ത്തമായ വസ്തുവിനെ മാറ്റിയാല്‍, ദ്വാരം അതിനാല്‍ തന്നെ നിലനില്‍ക്കുകയില്ല. അതായത്, ഒരു ദ്വാരത്തെ, മൂര്‍ത്തമായ ഒരു വസ്തുവില്‍ നിന്നും എടുത്തുമാറ്റിയില്‍, അതിനു അസ്തിത്വമില്ലാതെ വരും.

 

തിന്മയെ, നന്‍മയുടെ നിഷേധം (negation) എന്നും അഭാവം (privation) എന്നും നിര്‍വചിക്കുന്നു. തിന്മയുടെ നിര്‍വചനം, നന്മയെന്താണ് എന്ന മനസ്സിലാക്കുന്നതില്‍ ആശ്രയിച്ചാണിരിക്കുന്നത്. പാപം എന്നത്, അനീതിയും, അനുസരണക്കേടും, അസന്‍മാര്‍ഗ്ഗികതയും, അതുപോലെയുള്ള തിന്മകള്‍ ആണ് എന്ന് നമ്മള്‍ പറയുന്നു. ഇതെല്ലാം, നന്മ എന്ന സത്തയെയും, ഗുണത്തെയും (substance and quality of the good) ആശ്രയിച്ചാണ് ഇരിക്കുന്നത്.

 

ബന്ധങ്ങളുടെ ഒരു ഭാവമാണ് തിന്മ (Evil is an aspect of relationship). അതിനാല്‍ തിന്മ സൃഷ്ടിക്കപ്പെട്ടത് അല്ല.

 

ഇതേ വിവരണം തന്നെ താപം (ചൂട്, physical heat) എന്നതിനും യോജ്യമാണ്. ഒരു വസ്തുവിലെ പരമാണുവും, തന്മാത്രകളും, വേഗത്തില്‍ ചലിക്കുകയും കൂട്ടിമുട്ടുകയും ചെയ്യുമ്പോള്‍ ആണ് താപോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് (Thermal energy - also called heat energy - is produced when a rise in temperature causes atoms and molecules to move faster and collide with each other). എല്ലാ വസ്തുക്കളിലും താപോര്‍ജ്ജം ഉണ്ട്. ഒരു വസ്തു തണുത്തിരിക്കുന്നു എന്ന് പറഞ്ഞാല്‍, അതിലെ തന്മാത്രകളുടെ ചലനം കുറവാണ് എന്നാണ് അര്‍ത്ഥം. ഒരു വസ്തുവിന്റെ താപനില സമ്പൂര്‍ണ്ണമായി പൂജ്യത്തില്‍ ആകുമ്പോള്‍ (absolute zero), അതിന്റെ തന്മാത്രകളുടെ ചലനം പൂര്‍ണ്ണമായി നിലക്കുന്നു എന്ന് വേണം താത്വികമായി (theoretically) മനസ്സിലാക്കുവാന്‍. ആ വസ്തുവിന് അതില്‍ കൂടുതല്‍ “തണുത്തത്” ആകുവാന്‍ സാദ്ധ്യമല്ല. കാരണം അതില്‍ കൂടുതല്‍ തണുപ്പ് കൂട്ടിച്ചേര്‍ക്കുവാന്‍ സാദ്ധ്യമല്ല. ഒരു വസ്തുവില്‍ നിന്നും നമുക്ക് താപത്തെ നീക്കുവാനേ കഴിയൂ, തണുപ്പിനെ ചേര്‍ക്കുവാന്‍ കഴിയുകയില്ല. അതായത് താപത്തിന്റെ അഭാവമാണ് തണുപ്പ്.

 

ചുരുക്കത്തില്‍, തിന്മ, അസ്തിത്വമില്ലാത്ത, സത്തയില്ലാത്ത, അതില്‍ തന്നെ നിലനില്‍പ്പില്ലാത്ത, നന്‍മയുടെ അഭാവമോ, കുറവോ ആണ്. തിന്മ അമൂര്‍ത്തവും, വാസ്തവമല്ലാത്തതുമാണ് (non-substantial). തിന്മ സൃഷ്ടിക്കപ്പെട്ടത് അല്ല; ദൈവം അതിനെ സൃഷ്ടിച്ചിട്ടില്ല. തിന്മയെ, മറ്റൊരു ശക്തിയും സൃഷ്ടിച്ചതല്ല. സൃഷ്ടി നടത്തുവാന്‍ അധികാരവും, ശക്തിയുമുള്ള ഒരേഒരാള്‍ മാത്രമേയുള്ളൂ; അത് ദൈവം ആണ്. അതിനാല്‍, ദൈവമാണ് തിന്മ സൃഷ്ടിച്ചത് എന്ന അനുമാനം പൂര്‍ണ്ണമായും അസാധുവാണ്.

 

 

 

എന്തുകൊണ്ട് ദൈവം തിന്മയെ അനുവദിക്കുന്നു?

 

എന്തുകൊണ്ട് ദൈവം ഈ പ്രപഞ്ചത്തില്‍ തിന്മയെ അനുവദിക്കുന്നു? ദൈവം സര്‍വ്വജ്ഞാനിയും, സര്‍വ്വസ്നേഹവാനും, സര്‍വ്വശക്തനുമാണ് എങ്കില്‍, എന്തുകൊണ്ട് മനുഷ്യരെയും, മറ്റ് ജീവജാലങ്ങളെയും, ജീവനില്ലാത്തവയേയും കഷ്ടതയിലാകുവാന്‍ അനുവദിക്കുന്നു. എന്തുകൊണ്ട് ദൈവം തിന്മയെ തടയുകയോ, ഇല്ലാതാക്കുകയോ ചെയ്യുന്നില്ല. ഇതാണ് തിന്മ എന്ന പ്രശനത്തിലെ “എന്തുകൊണ്ട്” (why) എന്ന ചോദ്യം.  

 

തിന്മ ഈ പ്രപഞ്ചത്തില്‍ ഉണ്ട് എന്നത് ഒരു യഥാര്‍ഥ്യമാണ്, അതിനെ സര്‍വ്വാധികാരിയായ ദൈവം തടയുകയോ ഇല്ലാതെയാക്കുകയോ ചെയ്യുന്നില്ല, എങ്കില്‍ ദൈവം അതിനെ അനുവദിക്കുന്നു എന്നു മനസ്സിലാക്കാം. അതിന്റെ പിന്നിൽ ദൈവത്തിന്നു ഒരു പരിപൂര്‍ണ്ണ പദ്ധതിയും ഉദ്ദേശ്യവും ഉണ്ടായിരിക്കും. തിന്മ ദൈവം അനുവദിക്കുന്നത് എന്തുകൊണ്ട് എന്നതിന്റെ എല്ലാ വിശദാംശങ്ങളും മനുഷ്യർക്ക് മനസ്സിലാക്കുവാന്‍ സാധിച്ചു എന്നു വരുകയില്ല. എന്നാല്‍, മനുഷ്യ മനസ്സുകള്‍ക്ക്, ഇപ്പോള്‍, ഗ്രഹിക്കുവാന്‍ കഴിയുന്ന അത്രയും കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും. അതിനാല്‍ ഇതിനെക്കുറിച്ച്, ആദ്യകാല സഭാ പിതാക്കന്മാരും, പില്‍ക്കാലത്തും, വർത്തമാന കാലത്തും ഉള്ള ദൈവശാസ്ത്ര പണ്ഡിതന്മാരും നല്കിയിട്ടുള്ള വിശദീകരണങ്ങൾ മനസ്സിലാക്കുവാന്‍ ശ്രമിക്കാം.

 

ഐറേനിയന്‍ തിയോഡസി (Irenaean theodicy)

 

സെന്‍റ്. ഐറേനിയസ്, അപ്പൊസ്തലനായ യോഹന്നാന്റെ ശിഷ്യനായിരുന്ന പോളികാര്‍പ്പിന്റെ ശിഷ്യന്‍ ആയിരുന്നു. (Saint Irenaeus, Polycarp). പോളികാര്‍പ്പ് ജനിച്ചത് AD 69 ല്‍ ആണ്. അദ്ദേഹം മരിക്കുന്നത് 155 ല്‍ സ്മൂര്‍ന്നയില്‍ വച്ചാണ്. അദ്ദേഹം അവിടെ ബിഷപ്പായിയിരുന്നു. പോളികാര്‍പ്പ്, ഒരു റോമന്‍ പൌരന്‍ ആയിരുന്നു.   

 

ഐറേനിയസ് ഒരു ഗ്രീക്ക് ബിഷപ്പ് ആയിരുന്നു. അദ്ദേഹം ജനിച്ചത്, ഏകദേശം AD 130 ല്‍, ഏഷ്യ മൈനര്‍ ഭാഗത്തുള്ള, സ്മൂര്‍ന്ന (ഇന്നത്തെ തുര്‍ക്കിയിലെ, ഇസ്മിഎ, ɪzmɪə) എന്ന സ്ഥലത്തായിരുന്നു Asia Minor, Smyrna, Izmir). അദ്ദേഹം മരിക്കുന്നത്, 202 ല്‍ ഫ്രാന്‍സിലെ, ഗോള്‍ എന്ന പ്രദേശത്തെ, ലഗ്ഡുനം എന്ന സ്ഥലത്താണ്. (Gaul - ɡɔːl; Lugdunum - lʊɡˈduːnəm; ഇന്നത്തെ ഫ്രാന്‍സിലെ, ലയണ്‍ എന്ന സ്ഥലം; Lyon - ˈlʌɪən). AD 177 ല്‍ ആണ് അദ്ദേഹം ലഗ്ഡുനം എന്ന സ്ഥലത്തെ ബിഷപ്പാകുന്നത്. അദ്ദേഹം, രണ്ടാം നൂറ്റാണ്ടിലെ, ഒരു പ്രധാന വിശ്വാസ സംരക്ഷകനും (apologist), ദൈവ ശാസ്ത്രജ്ഞനും ആയിരുന്നു. AD 180 ല്‍ എഴുതിയ, അഡ് വേഴ്സസ് ഹേരെസെസ് എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന കൃതി (Adversus haereses - Against Heresies). ഇതിലെ ഇതിവൃത്തം, ജ്ഞാനവാദികള്‍ (Gnosticism) എന്ന ഒരു കൂട്ടം മത വിരോധികള്‍തിരെയുള്ള വാദങ്ങളായിരുന്നു. തിരുവചന ഗ്രന്ഥങ്ങളെക്കുറിച്ചും (canon of Scripture), സഭയുടെ പ്രമാണം, ഉപദേശങ്ങള്‍, സഭാ ഭരണം എന്നിവയെക്കുറിച്ചും, ഒരു ആധികാരികമായ പ്രമാണം ഉണ്ടാകേണം എന്ന ആശയവും, ഈ കൃതിയില്‍, ഐറേനിയസ് മുന്നോട്ട് വച്ചു.

 

ഐറേനിയന്‍ തിയോഡെസിയെ, ആത്മ-നിര്‍മ്മാണത്തിന്റെ തിയോഡെസി എന്നും വിളിക്കാറുണ്ട് (Irenaean theodicy; soul-making theodicy). അദ്ദേഹം മുന്നോട്ട് വച്ച സിദ്ധാന്തത്തെ കിഴക്കന്‍ ക്രിസ്തീയ സഭകള്‍ പിന്തുടരുന്നു. ആത്മ-നിര്‍മ്മാണത്തിന്റെ തിയോഡെസി പറയുന്നത് ഇതാണ്: മനുഷ്യരുടെ ആത്മാവിന്റെ വളര്‍ച്ചയ്ക്ക് തിന്മ നിലനില്‍ക്കേണ്ടത് ആവശ്യമാണ്. സന്‍മാര്‍ഗ്ഗികമായ നന്മ ചെയ്തുകൊണ്ടും അതിന്‍ പ്രകാരം ജീവിച്ചുകൊണ്ടും മനുഷ്യരുടെ ആത്മാവിനെ മെച്ചമാക്കുവാന്‍ കഴിയും. കഷ്ടതയില്‍ നിന്നും പഠിക്കുവാനും, സാന്‍മാര്‍ഗ്ഗിക ഗുണങ്ങള്‍ വളര്‍ത്തിയെടുക്കുവാനും തിന്മ മനുഷ്യന് അവസരം നല്കുന്നു.

 

ഐറേനിയസിന്റെ അഭിപ്രായത്തില്‍, ദൈവം മനുഷ്യരെ, സന്‍മാര്‍ഗ്ഗികമായും ആത്മീയമായും അപൂര്‍ണ്ണമായ അവസ്ഥയിലാണ് സൃഷ്ടിച്ചത്. അതുകൊണ്ടു, മനുഷ്യരുടെ സാന്‍മാര്‍ഗ്ഗികവും ആത്മീയവുമായ ജീവിതത്തിന്റെ വളര്‍ച്ചയ്ക്ക് തിന്മ ഈ ഭൂമിയിലുണ്ടാകേണ്ടത് ആവശ്യമാണ്. തിന്മ ഒരു ദൈവീക പദ്ധതിയുടെ ഭാഗമാണ്. അതിനാല്‍ തിന്മ ഈ പ്രപഞ്ചത്തില്‍ ഉണ്ടായിരിക്കുന്നതില്‍ ദൈവത്തിന് ഭാഗികമായ ഉത്തരവാദിത്തം ഉണ്ട്.

 

മനുഷ്യരിലെ പരിപൂര്‍ണ്ണത, ദൈവത്തിന്റെ ഹിതപ്രകാരം ജീവിക്കുവാനുള്ള മനുഷ്യരുടെ സ്വാതന്ത്ര്യം എടുത്തുമാറ്റും. മനുഷ്യര്‍ അപൂര്‍ണ്ണര്‍ ആയിരിക്കുന്നതിനാല്‍, അവന്‍ ആത്മ-നിര്‍മ്മാണത്തിലൂടെ (soul-making) പൂര്‍ണ്ണതയിലേക്കും ദൈവത്തിന്റെ പുത്രന്മാര്‍ എന്ന നിലയിലേക്കും വളരേണം. ലോകാന്ത്യത്തില്‍ തിന്മയെ, നന്മ കീഴടക്കും എന്നും ഐറേനിയസ് വിശ്വസിച്ചു. ഈ ചിന്തകള്‍, ഇപ്പൊഴും ക്രിസ്തീയ ദൈവശാസ്ത്രത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു.

 

ശിക്ഷയ്കായുള്ള തിന്മ (Punishment theodicy)

 

തിന്മ ചെയ്യുന്നവര്‍ക്കുള്ള, ദൈവീക നീതിയാലുള്ള ശിക്ഷയാണ് കഷ്ടത എന്നൊരു വാദം ക്രിസ്തീയ ചിന്തകര്‍ക്കിടയില്‍ ഉണ്ട്. ശിക്ഷകളിലൂടെ ദൈവം, പാപത്തിനെതിരെയുള്ള, അവന്റെ നീതിയും, ന്യായവും വെളിപ്പെടുത്തുകയാണ്.

 

കഷ്ടത, മനുഷ്യരെ ശിക്ഷണം (discipline) പഠിപ്പിക്കുവാനുള്ള ഒരു ദൈവീക പദ്ധതിയാണ്. നമ്മളെ മാനസാന്തരത്തിലേക്ക് കൊണ്ടുവരുവാനുള്ള ദൈവീക മാര്‍ഗ്ഗമാണ് കഷ്ടത. നമ്മള്‍ ദൈവത്തിന്റെ നന്മയില്‍ നിന്നും മാറിപ്പോയിരിക്കുന്നു എന്നതിന്റെ ഒരു അടയാളവും മുന്നറിയിപ്പും ആണ് കഷ്ടത.

 

ദൈവീക കരുതലിലുള്ള നമ്മളുടെ വിശ്വാസവും ആശ്രയവും പരീക്ഷിക്കുവാനാണ് കഷ്ടത സംഭവിക്കുന്നത് എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. കഷ്ടത നമ്മളുടെ വിശ്വാസത്തെ കൂടുതല്‍ ബലവും സ്ഥിരതയും ഉള്ളതാക്കും.

 

ഈ ഭൂമിയിലെ നമ്മളുടെ കഷ്ടത, അല്‍പ്പകാലത്തേക്കുള്ള, തല്‍ക്കാലികവും, ലഘുവുമായ അനുഭവം മാത്രമാണു എന്നും, നിത്യതയില്‍, ശോഭനമായ അത്യധികം സന്തോഷം ലഭിക്കുവാന്‍ അത് കാരണമാകും എന്നും വിശ്വസിക്കുന്നവരും ഉണ്ട്.

 

എന്നാല്‍, ഈ വാദങ്ങൾ തിന്മയുടെ പ്രശ്നം എന്താണ് എന്നു വിശദീകരിക്കുന്നില്ല. തിന്മ ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമല്ല എന്നും, അതിനു യാതൊരു ദൈവീക പദ്ധതിയും ഉദ്ദേശ്യവും ഇല്ല എന്നും കരുതുന്നവരും ക്രിസ്തീയ ലോകത്തില്‍ ഉണ്ട്.  

 

ദൈവത്തിന്റെ സര്‍വ്വാധിപത്യം / നന്മയ്ക്കായുള്ള തിന്മ (God’s sovereignty / greater good defense)

 

തിന്മ എന്ന പ്രശ്നത്തിന് സ്വീകാര്യമായ ഒരു വിശദീകരണമാണ്, ദൈവം സര്‍വ്വാധികാരിയാണ് എന്നും, കഷ്ടത ഉണ്ടാകുന്നത് കൂടുതല്‍ മെച്ചമായ നന്മയ്ക്കാണ് എന്നുമുള്ള വാദങ്ങള്‍. ദൈവം സര്‍വ്വജ്ഞാനിയും, സര്‍വ്വസ്നേഹവാനും, സര്‍വ്വശക്തനുമാണ്. അതിനാല്‍ തിന്മയെ, ഒരു വ്യക്തിയുടെയോ, സമൂഹത്തിന്റെയോ, പ്രപഞ്ചത്തിന്റെയോ നന്മയ്ക്കായി നിയന്ത്രിക്കുവാനും മാറ്റുവാനും ദൈവത്തിന് കഴിയും. പാപത്തിന്റെ ഉല്‍ഭവത്തിന് കാരണക്കാര്‍ മനുഷ്യരാണ് എങ്കിലും ദൈവത്തിന് തിന്മയെ നിയന്തിക്കുവാന്‍ കഴിയും.

 

തിന്മ ഒരു അവസാനമല്ല, അത് കൂടുതല്‍ നല്ല നന്മയ്ക്കായി ദൈവം നിശ്ചയിച്ചിരിക്കുന്നു. തിന്മയെ ഈ പ്രപഞ്ചത്തില്‍ അനുവദിക്കാതെ, ദൈവത്തിന് കൂടുതല്‍ മൂല്യമുള്ള നന്മയുടെ അസ്തിത്വത്തെ യഥാര്‍ത്യമാക്കുവാന്‍ കഴിയുകയില്ല. അതിനാല്‍ ദൈവം തിന്മയെ തടയുകയോ, ഇല്ലാതാക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ തിന്മയെ ദൈവം നിയന്ത്രിക്കുന്നുണ്ട്. ദൈവത്തിന്റെ സര്‍വ്വ ഗുണങ്ങള്‍ (omni attributes) തിന്മയുടെ പ്രശനമല്ല, തിന്‍മയ്ക്കുള്ള പരിഹാരമാണ്.

 

മറ്റൊരു രീതിയിലും യാഥാര്‍ത്ഥ്യമാക്കുവാന്‍ സാധിക്കാത്ത നന്മയെ സംഭവിപ്പിക്കുവാന്‍ തിന്‍മയും കഷ്ടതയും ഈ പ്രപഞ്ചത്തില്‍ ആവശ്യമാണ്. ചില നന്മകള്‍, തിന്മകള്‍ക്കുള്ള ഉത്തരമാണ് എന്നതിനാല്‍ തിന്മകള്‍ ഇല്ലാതെ അതിനു അസ്തിത്വമില്ല. അപകടാവസ്ഥ ഇല്ലാത്തയിടത്ത് ധൈര്യം വെളിപ്പെടില്ല. കഷ്ടത ഇല്ലാത്തയിടത്ത് സഹാനുഭൂതി ഉണ്ടാകുകയില്ല. പാപമില്ലാ എങ്കില്‍ പാപക്ഷമ ആവശ്യമില്ല. കഷ്ടത അനുഭവിക്കാതെ പാപ പരിഹാരമില്ല. ആവശ്യങ്ങള്‍ ഇല്ലാത്തയിടത്ത് ദയ ഉണ്ടാകില്ല. പ്രതികൂലങ്ങള്‍ ഇല്ലായെങ്കില്‍ ദീര്‍ഘക്ഷമ ആവശ്യമില്ല. അപ്രകാരം, നന്മകള്‍ ഈ പ്രപഞ്ചത്തിന്റെ ഭാഗമാകുവാന്‍ വേണ്ടി ദൈവം തിന്‍മകളെ അനുവദിക്കുന്നു. ഇത് നന്മകളെ നമ്മള്‍ എങ്ങനെ നിര്‍വചിക്കുന്നു എന്നതിനെ അടിസ്ഥാനമായിരിക്കുന്നു.

 

തിന്മയുടെ മദ്ധ്യേ, ദൈവത്തിന്റെ നന്മ വെളിപ്പെട്ട ചരിത്രമാണ്, ഇയ്യോബ്, യോസേഫ്, യേശുക്രിസ്തു എന്നിവരുടെ ജീവിതം. ഇവരുടെ ജീവിതത്തില്‍ ചില കാര്യങ്ങള്‍ പൊതുവായി ഉള്ളതായി നമുക്ക് മനസ്സിലാക്കാം:

 

1.       ദൈവം ശ്രേഷ്ഠമായ ഒരു നന്മ, അവനായും, മനുഷ്യര്‍ക്കായും, അവനും മനുഷ്യര്‍ക്കുമായും ലക്ഷ്യം വെക്കുന്നു.

2.     ശ്രേഷ്ഠമായ നന്മകള്‍, തിന്മയുടെ അനുഭവങ്ങളിലൂടെയും സംഭവങ്ങളിലൂടെയും യാഥാര്‍ത്ഥ്യമാകേണം എന്നു ദൈവം ഉദ്ദേശിക്കുന്നു.

3.     തിന്മയുടെ കാരണം, ഉദ്ദേശ്യം, എന്നിവയെക്കുറിച്ച് മനുഷ്യനു യാതൊരു അറിവും ദൈവം നല്‍കുന്നില്ല. ഏത് തിന്മ, എന്ത് നന്മയ്ക്ക് ഉതകും എന്ന് ഒരു മനുഷ്യനും അറിയുന്നില്ല. 

             

ഇയ്യോബിന്റെ ചരിത്രം

 

പഴയനിയമത്തില്‍ ഇയ്യോബിന്റെ പേരില്‍ തന്നെയുള്ള ഒരു പുസ്തകത്തിലാണ് അദ്ദേഹത്തിന്റെ കഷ്ടതയുടെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ഇയ്യോബ് “നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.” (ഇയ്യോബ് 1: 1) അവനെക്കുറിച്ച് ദൈവം തന്നെ സാക്ഷി പറഞ്ഞത്: “അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ” എന്നായിരുന്നു (ഇയ്യോബ് 1: 8). എന്നാല്‍ അവന്റെ സമൃദ്ധി നിമിത്തമാണ് അവന്‍ ദൈവത്തെ ആരാധിക്കുന്നത് എന്നും, അവന്റെ ഭൌതീക സമ്പത്ത് ഇല്ലാതായാല്‍ അവന്‍ ദൈവത്തെ തള്ളിപ്പറയും എന്നും സാത്താന്‍ ദൈവത്തോട് വാദിച്ചു. അതിനാല്‍ ഇയ്യോബിന്റെ ഭൌതീക സമ്പത്ത് എടുത്തുകളയുവാന്‍ ദൈവം സാത്താന് അനുവാദം കൊടുത്തു. അങ്ങനെ ഇയ്യോബിന്റെ പുത്രന്മാരും, പുത്രിമാരും, ദാസീദാസന്‍മാരും എല്ലാം മരിച്ചു. അവന്റെ ഭൌതീക സമ്പത്ത് ആയിരുന്ന ആടുമാടുകള്‍, ഒട്ടകങ്ങള്‍ എല്ലാം നശിച്ചു. ഇയ്യോബ് മാരകമായ രോഗത്തിന് ഇരയായി. എന്നാല്‍ ഇതിലൊന്നും അവന്‍ ദൈവത്തെ തള്ളിപ്പറഞ്ഞില്ല. ഈ പരീക്ഷകളുടെ അന്ത്യത്തില്‍ ദൈവം ഇയ്യോബിന് പ്രത്യക്ഷനാകുകയും അവന്റെ സകല സമ്പത്തും ഇരട്ടിയായി കൊടുക്കുകയും ചെയ്തു.

 

ഇവിടെ ദൈവം, അവന്റെ തന്നെ ന്യായീകരണത്തിനായിട്ടാണ് ഇയ്യോബിന് കഷ്ടം വരുത്തിയത്. ദൈവം ഇയ്യോബിനെ അനുഗ്രഹിച്ചതിലോ, അവനെക്കുറിച്ച് പറഞ്ഞ സാക്ഷ്യത്തിലോ അനീതിയില്ല. ഇയ്യോബ് അതിനു അര്‍ഹനായിരുന്നു. ഭൌതീക അനുഗ്രഹങ്ങള്‍ക്ക് ഉപരിയായി, മനുഷ്യര്‍ക്ക് ആരാധിക്കുവാന്‍ യോഗ്യനാണ് ദൈവം. ഇത് തെളിയിക്കുവാനായി ദൈവം സന്‍മാര്‍ഗ്ഗികവും, പ്രാപഞ്ചികവുമായ തിന്മകള്‍ ഇയ്യോബിന്റെ ജീവിതത്തില്‍ വരുത്തി.

 

എന്തുകൊണ്ടാണ് തന്റെ ജീവിതത്തില്‍ തിന്മകള്‍ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച് ഇയ്യോബിന് യാതൊരു അറിവും ഉണ്ടായിരുന്നില്ല. കഷ്ടതയുടെ കാരണം ഇയ്യോബിന് മറഞ്ഞിരുന്നു. അതിന്റെ പിന്നിലുള്ള ദൈവീക പദ്ധതിയും, അതിന്റെ അന്ത്യ ഫലവും ഇയ്യോബിന് മറയ്ക്കപ്പെട്ടിരുന്നു.

 

ജീവിതത്തില്‍ തകര്‍ച്ച സംഭവിക്കുന്നതിന് മുമ്പ്, ദൈവവും സാത്താനും തമ്മിലുണ്ടായ സംഭാഷണത്തെക്കുറിച്ച് ഇയ്യോബിന് അറിവുണ്ടായിരുന്നില്ല. അവസാനം, “യഹോവ ചുഴലിക്കാറ്റിൽ നിന്നു ഇയ്യോബിനോടു ഉത്തരം” അരുളിച്ചെയ്തപ്പോഴും, അവന് സംഭവിച്ച ദൌര്‍ഭാഗ്യങ്ങളുടെ കാരണം ദൈവം വെളിപ്പെടുത്തിയില്ല. (ഇയ്യോബ് 38: 1). അതിനു പകരം, ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിയ്ക്ക് പിന്നിലെ ക്രമീകരണങ്ങളെക്കുറിച്ചുള്ള ഇയ്യോബിന്റെ അജ്ഞത ദൈവം അവനെ ബോധ്യപ്പെടുത്തി. ദൈവത്തിന്റെ പ്രവര്‍ത്തികളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും, പരിപാലനത്തെക്കുറിച്ചും ഉള്ള അറിവില്ലായ്മ ഇയ്യോബ് ഏറ്റുപറഞ്ഞു.

 

ഇയ്യോബ് 42: 1 - 3

1   അതിന്നു ഇയ്യോബ് യഹോവയോടു ഉത്തരം പറഞ്ഞതു:

2 നിനക്കു സകലവും കഴിയുമെന്നും നിന്റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ അറിയുന്നു.

3 അറിവുകൂടാതെ ആലോചനയെ മറിച്ചുകളയുന്നോരിവനാർ? അങ്ങനെ എനിക്കറിഞ്ഞുകൂടാതവണ്ണം അത്ഭുതമേറിയതു ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി.

 

ഇയ്യോബിന്റെ പുസ്തകം, ദൈവീക നീതിയെക്കുറിച്ചുള്ള അറിവ് വര്‍ദ്ധിക്കുവാന്‍ നമ്മളെ സഹായിക്കും. സകല സൃഷ്ടികളുടെമേലുമുള്ള ദൈവത്തിന്റെ സര്‍വ്വാധികാരം ആണ് നമ്മള്‍ ഈ ജീവചരിത്രത്തില്‍ കാണുന്നത്. രാജാവിന്, അവന്റെ പ്രജകളുടെ വിശ്വസ്തതയെ പരീക്ഷിക്കുവാനുള്ള അധികാരമുണ്ട്. ദൈവം മനുഷ്യനു നല്കിയിട്ടുള്ള എല്ലാ ഭൌതീക അനുഗ്രഹങ്ങളും എടുത്തു മാറ്റുവാനും, ഇരട്ടിയായി നല്‍കുവാനുമുള്ള അധികാരമുണ്ട്. അവന്‍ സകലത്തിലും സര്‍വ്വാധികാരിയാണ്. കഷ്ടത, പാപത്തിന്റെ ശിക്ഷയാണ് എന്ന ലളിതമായ ഉപദേശത്തെ തിരുത്തുന്ന ഒരു ഇയ്യോബിനെയാണ് നമ്മള്‍ ഈ കഥയുടെ അന്ത്യത്തില്‍ കാണുന്നത്.  

 

 

യോസേഫിന്റെ ചരിത്രം

 

ദൈവരാജ്യത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ദൈവ ജനത്തെ രക്ഷിക്കുവാനുള്ള ദൈവീക പദ്ധതിയുടെ നിവര്‍ത്തിയാണ് യോസേഫിന്റെ ജീവചരിത്രത്തില്‍ നമ്മള്‍ കാണുന്നത്. കൂട്ടത്തില്‍ മെഡിറ്ററേനിയന്‍ പ്രദേശത്തെയാകെ ക്ഷാമകാലത്ത് ദൈവം സംരക്ഷിക്കുതും ഇവിടെ കാണുന്നു. ഇതിനായി ദൈവം തിരഞ്ഞെടുത്തത് യോസേഫ് എന്ന വ്യക്തിയെ ആയിരുന്നു. ദൈവീക പദ്ധതിയുടെ നിവര്‍ത്തിയ്ക്കായി, യോസേഫിന് വലിയ കഷ്ടതകള്‍ അനുഭവിക്കേണ്ടിവന്നു.

 

യോസേഫിന്റെ പിതാവായ യാക്കോബിന്റെ പേരാണ് യിസ്രായേല്‍ എന്നത്. അവന്റെ സന്തതി പരമ്പരകള്‍ ആണ് യിസ്രായേല്‍ ജനം. അവരില്‍ ആണ് ലോകരക്ഷകനായ യേശുക്രിസ്തു ജനിക്കേണ്ടത്. ഈ സന്തതിയുടെ ജനനം, ദൈവം ആദാമിനും, അബ്രാഹാമിനും നല്കിയ വാഗ്ദത്തമാണ്. ഈ വലിയ നന്മ സംഭവിക്കേണ്ടതിനായി, കൊടിയ യാതനകള്‍ യോസേഫ് സഹിക്കേണ്ടിവന്നു. യോസേഫിന്റെ പിതാവ്, യാക്കോബിനും, വളരെയധികം മാനസിക വിഷമങ്ങളിലൂടെ പോകേണ്ടിവന്നു. അന്ത്യത്തില്‍, യോസേഫ് ഈ ദൈവീക പദ്ധതി തിരിച്ചറിഞ്ഞു:

 

ഉല്‍പ്പത്തി 50: 20 നിങ്ങൾ (യോസേഫിന്റെ സഹോദരന്മാര്‍) എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിന്നു ജീവരക്ഷ വരുത്തേണ്ടതിന്നു അതിനെ ഗുണമാക്കിത്തീർത്തു.

 

അവന് 17 വയസ്സായപ്പോള്‍ മുതല്‍ ആരംഭിച്ച കഷ്ടത, നന്മയിലേക്ക് എത്തിയപ്പോള്‍ അവന് 30 വയസ്സായി. (ഉല്‍പ്പത്തി 37: 2, 41: 46). അവന്റെ കഷ്ടതയുടെ കാലത്ത്, ദൈവീക പദ്ധതി അവന് പൂർണമായി വെളിവായിരുന്നുവോ എന്നു നമുക്ക് അറിയില്ല. 17 ആമത്തെ വയസ്സില്‍ അവന്‍ കണ്ട രണ്ടു സ്വപ്നങ്ങള്‍ മാത്രം അവന്റെ ഓര്‍മ്മയില്‍ ഉണ്ടായിരുന്നു. അവന്റെ അപ്പനും, സഹോദരങ്ങളും, യിശ്മായേല്യ കച്ചവടക്കാരും, പോത്തീഫറും, കാരാഗ്രഹത്തില്‍ അവന്‍ കണ്ടുമുട്ടിയ, പാനാപാത്ര വാഹകനും, അപ്പക്കാരനും, ദൈവത്തിന്റെ വലിയ പദ്ധതിയെക്കുറിച്ച് അജ്ഞര്‍ ആയിരുന്നു. ദൈവീക പദ്ധതി യോസേഫിനും പൂര്‍ണ്ണമായി വെളിപ്പെട്ടില്ല. മറ്റുള്ളവര്‍ തികഞ്ഞ അജ്ഞതയിലായിരുന്നു. അവര്‍ക്ക് ആര്‍ക്കും, അവര്‍ യോസേഫിനോട് ചെയ്യുന്ന പ്രവര്‍ത്തികളുടെ പിന്നിലെ ദൈവീക ഉദ്ദേശ്യം മനസ്സിലായില്ല. എല്ലാം മെച്ചപ്പെട്ട ഒരു നന്മയ്ക്കായി ആയിരുന്നു.

 

യേശുക്രിസ്തുവിന്റെ ചരിത്രം

 

ദൈവം തിരഞ്ഞെടുത്തവരുടെ പാപമോചനവും വീണ്ടെടുപ്പുമാണ് യേശുക്രിസ്തുവിന്റെ ചരിത്രത്തില്‍ നമ്മള്‍ കാണുന്നത്. യേശുക്രിസ്തുവിന്റെ ഈ ഭൂമിയിലെ കഷ്ടത ദൈവത്തിന്റെ നീതിയും, സ്നേഹവും, കൃപയും, കരുണയും, ജ്ഞാനവും, ശക്തിയും വെളിപ്പെടുത്തി. അത് ദൈവത്തിന്  മഹത്വമായി. എന്നാല്‍ അതിനായി, ഒരു മനുഷ്യന്‍ അനുഭവിക്കുവാന്‍ ഇടയുള്ള ഏറ്റവും വലിയ കഷ്ടതകളിലൂടെ യേശുവിന് കടന്നുപോകേണ്ടി വന്നു. പിശാചിന്റെ പരീക്ഷ, സ്വന്ത ജനമായ യഹൂദന്മാരുടെ കുറ്റാരോപണങ്ങള്‍, ശിഷ്യനായിരുന്ന യൂദായുടെ വഞ്ചന, പീലാത്തൊസിന്‍റെ ഭീരുത്വം, റോമന്‍ ഭരണകൂടത്തിന്റെ അനീതിയുള്ള വിചാരണയും ശിക്ഷയും, റോമന്‍ പടയാളികളുടെ അതിക്രൂരമായ പീഡനങ്ങള്‍, ഇതെല്ലാം യേശു സഹിച്ചു. ഒരു മനുഷ്യനു ലഭിക്കാവുന്ന ഏറ്റവും നിന്ദ്യവും, ക്രൂരവുമായ വിധത്തില്‍, ക്രൂശില്‍ തറയ്ക്കപ്പെട്ടവനായി അവന്‍ മരിച്ചു.

 

എന്നാല്‍ ഇതിന്റെയെല്ലാം പിന്നിലെ അതിശ്രേഷ്ഠമായ ദൈവീക പദ്ധതി പിശാചിനോ, യേശുവിനെതിരെ പ്രവര്‍ത്തിച്ചവര്‍ക്കോ അറിയില്ലായിരുന്നു. പിശാചും, യഹൂദന്മാരും, യൂദായും, പീലാത്തോസും, പടയാളികളും എല്ലാം ദൈവത്തിന്റെ പദ്ധതിയെ നിവര്‍ത്തിക്കുവാനായി, അവർ അറിയാതെ, പ്രവര്‍ത്തിച്ചവര്‍ ആണ്. യേശുവിന്റെ മരണം, അവന്റെ മഹത്വത്തിനായി ആയിരുന്നില്ല, അത് മാനവരാശിയുടെ രക്ഷയ്ക്കായി ഉള്ളതായിരുന്നു. ലക്ഷ്യം അതിശ്രേഷ്ഠം ആയിരുന്നതിനാല്‍, അതിന്റെ മാര്‍ഗ്ഗം അതികഠിനം ആയിരുന്നു. യേശുവിന്റെ ശത്രുക്കള്‍ ക്രൂശില്‍ പരാജയപ്പെട്ടു, ദൈവം മാത്രം ജയിച്ചു.

 

പരിമിതമായ ജ്ഞാനം (Cognitive limitation)

 

നമുക്ക് ഒരിയ്ക്കലും ഒരു മനുഷ്യന്റെ യഥാര്‍ത്ഥ അവസ്ഥ എന്താണ് എന്നു അറിയുവാന്‍ കഴിയുകയില്ല. അവന്‍ അനുഭവിക്കുന്ന കഷ്ടതയ്ക്കു പിന്നില്‍ ഒരു ദൈവീക ഉദ്ദേശ്യമുണ്ടോ എന്നും അത് എന്താണ് എന്നും പൂര്‍ണ്ണമായി മനസ്സിലാക്കുവാന്‍ കഴിയുകയില്ല. ദൈവീക പദ്ധതി എപ്പോഴും മനുഷ്യര്‍ക്ക് അജ്ഞാതമായിരിക്കും.

 

അതിനാല്‍ തിന്മ സംഭവിക്കുന്നതിന്റെയോ, നിലനില്‍ക്കുന്നതിന്റെയോ, കൃത്യമായ കാരണം എന്താണ് എന്നു നിര്‍വചിക്കുവാന്‍ നമുക്ക് കഴിയുകയില്ല. തിന്മ എങ്ങനെ ഉണ്ടായി, എന്തുകൊണ്ട് ഇപ്പൊഴും സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ദൈവശാസ്ത്രജ്ഞന്മാര്‍ വളരെയധികം പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്നുണ്ട് എങ്കിലും, തിന്മയുടെ പിന്നിലെ യഥാര്‍ത്ഥ കാരണമെന്താണ് എന്നു ദൈവം ഇതുവരെയും ആര്‍ക്കും വെളിപ്പെടുത്തികൊടുത്തിട്ടില്ല. തിരുവചനം അത് പൂര്‍ണ്ണമായി വെളിപ്പെടുത്തുന്നതുമില്ല.

 

എല്ലാ തിന്‍മകളുടെയും കാരണമോ, ഉദ്ദേശ്യമോ നമുക്ക് വിശദീകരിക്കുവാന്‍ സാദ്ധ്യമല്ല, എന്നതുപോലെ തന്നെ, അതിന്റെയെല്ലാം പിന്നില്‍ യാതൊരു ദൈവീക പദ്ധതിയും ഇല്ല എന്നും പറയുവാന്‍ കഴിയുകയില്ല. തിന്മ, പാപത്തിന്റെ സ്വഭാവികമായ ഫലമാകാം, ശുദ്ധീകരണ മാര്‍ഗ്ഗമാകാം, ശിക്ഷയാകാം, കൂടുതല്‍ മെച്ചമായ നന്മയ്ക്കായുള്ള പദ്ധതിയാകാം, ദൈവത്തിന്റെ നീതീകരണം ആകാം. എന്നാല്‍ ഏതെങ്കിലും ഒരു കഷ്ടതയുടെ അനുഭവം, ഇതില്‍ എന്തുകൊണ്ടാണ് എന്നോ, ഏതിനുവേണ്ടിയാണ് എന്നോ നമുക്ക് അറിവില്ല. ഇതാണ് പരിമിതമായ ജ്ഞാനം എന്ന സിദ്ധാന്തം വിശദീകരിക്കുന്നത്.

 

ഒരു ശിശു ജനിച്ചു കഴിഞ്ഞാല്‍, അവന്, കൃത്യമായ ഇടവേളകളില്‍, പ്രതിരോധ കുത്തിവയ്പ്പുകള്‍ കൊടുക്കാറുണ്ട്. അത് അവന് വേദന ഉണ്ടാക്കും, അതില്‍ അവന്റെ മാതാപിതാക്കള്‍ക്ക് വിഷമം ഉണ്ട്. എങ്കിലും, അവന്റെ കൂടുതല്‍ മെച്ചമായ ആരോഗ്യത്തിനായി, മാതാപിതാക്കള്‍ കുത്തിവെപ്പുകള്‍ കൃത്യമായി നല്കുന്നു. അവനെ എന്തിനാണ് കുത്തിവയ്ക്കുന്നത്, അവനെ എന്തിനാണ് വേദനിപ്പിക്കുന്നത്, ഇതുകൊണ്ടു എന്താണ് ഗുണം എന്നൊന്നും ആ ശിശുവിന് അറിയില്ല. അവന്‍ എത്ര ചിന്തിച്ചാലും അവന് അത് ഗ്രഹിക്കുവാന്‍ കഴിയില്ല. അത് അവന് അജ്ഞാതമായിരിക്കും. എന്നാല്‍ പിന്നീട്, ഇതെല്ലാം നന്മയ്ക്കായി ആയിരുന്നു എന്ന് അവന്‍ മനസ്സിലാക്കും.

 

ദൈവം സര്‍വ്വജ്ഞാനിയാണ് (omniscient). നമുക്ക് അജ്ഞാതമായിരിക്കുന്നത് ദൈവത്തിന് അറിയാം എന്ന് മാത്രമല്ല, സകലത്തിനെക്കുറിച്ചും, സകലതും, സമ്പൂര്‍ണ്ണമായും ദൈവത്തിന് അറിയാം. സകലത്തിന്റെയും എല്ലാ വിശദാംശങ്ങളും ദൈവത്തിന് അറിയാം. എന്തു, എപ്പോള്‍, എങ്ങനെ സംഭവിക്കുന്നു എന്ന് മാത്രമല്ല, അത് എപ്പോള്‍, എങ്ങനെ, എന്തായിതീരും എന്നും ദൈവത്തിന് അറിയാം. അത് ഊഹമല്ല, കൃത്യമായ അറിവാന്. അതിനാല്‍ നന്മ, തിന്മ എന്നിവയെകുറിച്ച്, അതിന്റെ സങ്കീര്‍ണ്ണമായ നിലനില്‍പ്പിനെക്കുറിച്ച്, ദൈവത്തിന് സകലതും അറിയാം.

 

ദൈവത്തിന്റെ ജ്ഞാനം എന്താണ് എന്ന് ഗ്രഹിക്കുവാന്‍ നമുക്ക് പരിമിതി ഉള്ളതിനാല്‍, ദൈവം മനുഷ്യര്‍ അനുഭവിക്കുന്ന കഷ്ടതയെക്കുറിച്ച് ചിന്തിക്കുന്നില്ല എന്ന് വാദിക്കുന്നത് ശരിയല്ല. ചില സംഭവങ്ങളെ നമുക്ക് മനസ്സിലാകുന്നില്ല എന്നതുകൊണ്ടു, അത് തെറ്റാണ് എന്നോ, ശിക്ഷയാണ് എന്നോ, പരീക്ഷയാണ് എന്നോ പറയുവാന്‍ കഴിയില്ല. നമുക്ക് അതിനെ വിശദീകരിക്കുവാനോ, അതിന്റെ പിന്നിലെ കാരണങ്ങള്‍ എന്താണ് എന്ന് പറയുവാനോ കഴിയുന്നില്ല എന്ന് മാത്രം. നമ്മളുടെ ജ്ഞാനം പരിമിതമാണ്.

 

ദൈവം നിശബ്ദനല്ല

 

ഈ പ്രപഞ്ചത്തില്‍ തിന്മ ഇപ്പൊഴും നിലനില്‍ക്കുന്നു എന്നത്, ദൈവം അതിനെക്കുറിച്ച് നിശബ്ദനായിരിക്കുന്നു എന്നതിന്റെ തെളിവല്ല. തിന്മയെ തടയുവാനും, ഇല്ലാതാക്കുവാനും, കാലാകാലങ്ങളില്‍, മനുഷ്യ ചരിത്രത്തില്‍, ദൈവം ഇടപെടുന്നുണ്ട്. നോഹയുടെ കാലത്തെ വലിയ പ്രളയവും, സൊദോം ഗൊമോരാ പട്ടണങ്ങളുടെ തകര്‍ച്ചയും, തിന്‍മയ്ക്കെതിരെയുള്ള ദൈവീക ഇടപെടലിന്റെ ഉദാഹരണങ്ങള്‍ ആണ്. ഇതെല്ലാം മനുഷ്യരുടെ ദുഷ്ടതയ്ക്കെതിരെയുള്ള ദൈവീക പ്രതികരണം ആയിരുന്നു.

 

നോഹയുടെ കാലത്ത്, ദുഷ്ടന്മാരായ സകല മനുഷ്യരെയും ദൈവം പ്രളയത്താല്‍ നശിപ്പിച്ചു. അന്നത്തെ ഭൂമിയെ ദൈവം പുനരുദ്ധരിച്ചു. ദുഷ്ടന്മാരായവരെ ഇല്ലാതെയാക്കുവാന്‍ ദൈവം, സൊദോം ഗൊമോരാ പട്ടണങ്ങളെ തീയും ഗാന്ധകവും കൊണ്ട് നശിപ്പിച്ചു. ഇതെല്ലാം ദൈവത്തിന്റെ നീതിയാല്‍ ഉളവായ, തിന്‍മകളെ നശിപ്പിക്കുവാനോ, തടയുവാനോ ഉള്ള, ദൈവീക പ്രവര്‍ത്തികള്‍ ആയിരുന്നു. യിസ്രയേല്യരെ മരുഭൂമിയില്‍ ആക്രമിച്ച അമേലേക്യരേയും, യെരീഹോ പട്ടണവും ഇതേ കാരണത്താലാണ് ദൈവം തകര്‍ത്തത്.

 

ഇതെല്ലാം തിന്മയുടെ ശക്തിയെ കുറയ്ക്കുവാനോ, ഇല്ലാതാക്കുവാനോ ഉള്ള ദൈവീക പദ്ധതികള്‍ ആണ്. ദൈവമാണ് ഈ പ്രപഞ്ചത്തിന്റെ ഏക സൃഷ്ടാവ്. അവനാണ് ഏക സര്‍വ്വാധികാരി. അതിനാല്‍ ഈ പ്രപഞ്ചത്തില്‍ എന്തെല്ലാം നിലനില്‍ക്കേണം എന്നും, എന്തെല്ലാം ഇല്ലാതെയാകേണം എന്നും തീരുമാനിക്കുവാനുള്ള അധികാരം അവന് ഉണ്ട്. അവന്റെ സൃഷ്ടിയെല്ലാ, എപ്പോഴും, “എത്രയും നല്ലത്” ആയിരിക്കേണം എന്നു ആഗ്രഹമുണ്ട്. അതിനാല്‍ അല്ലാത്തതിനെയെല്ലാം ദൈവം നശിപ്പിക്കുന്നു. പരിപൂര്‍ണ്ണമായ ദൈവരാജ്യം പുനസ്ഥാപിക്കുവാന്‍ അവന്‍ സദാ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

 

ദൈവം തിന്മ സൃഷ്ടിച്ചു എന്നോ, അതിനെ നിലനിറുത്തു എന്നോ തിരുവെഴുത്ത് പറയുന്നില്ല. തിന്‍മയ്ക്കെതിരെയുള്ള ദൈവത്തിന്റെ പ്രവര്‍ത്തികളെക്കുറിച്ച് തിരുവെഴുത്ത് പറയുന്നുമുണ്ട്.

 

തിന്മയുടെ ആഘാതം കുറയ്ക്കുവാനും, അതിനെക്കുറിച്ച് നമുക്ക് മുന്നറിയിപ്പ് നല്‍കുവാനും ദൈവം എപ്പോഴും ശ്രമിക്കുന്നു. അതിന്‍ നിന്നും രക്ഷപ്പെടുവാനുള്ള മാര്‍ഗ്ഗവും അവന്‍ നമുക്ക് കാണിച്ചു തരുന്നു. തിന്‍മയോട് എതിരിട്ടു, അതിനെ തോല്‍പ്പിച്ച് ജയജീവിതം നയിക്കുവാനുള്ള ശക്തി ദൈവം നല്കുന്നു.

 

തിന്മയുടെ അനിയന്ത്രണമായ വ്യാപനത്തെ നിയന്ത്രിക്കുവാനും അതിനെ ഇല്ലാതാക്കുവാനും ദൈവം ഈ പ്രപഞ്ചത്തില്‍ ഇടപെടുന്നുമുണ്ട്. എല്ലാറ്റിലും ഉപരിയായി, പ്രപഞ്ചത്തിന്റെ സൃഷ്ടിക്കും മുമ്പേ തന്നെ, തിന്‍മയേയും, കഷ്ടതയേയും, ഉന്മൂലനാശം ചെയ്യുവാനുള്ള ഒരു പദ്ധതി ദൈവം തയ്യാറാക്കുകയും അത് പടിപടിയായി നിവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ദൈവം ഒരിക്കല്‍, തിന്മയെ എന്നന്നേക്കുമായി ഇല്ലാതാക്കുകയും ചെയ്യും.       

 

നമ്മള്‍ ഈ ഭൂമിയിലെ നശ്വരമായ ജീവിതത്തിനു വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവരല്ല എന്നാണ് തിരുവെഴുത്തുകള്‍ പറയുന്നത്. നമ്മള്‍ കാണുന്നത് ഈ പ്രപഞ്ചം മാത്രമാണ്. എന്നാല്‍ അതിനുമപ്പുറം മറ്റൊരു ആത്മീയ മണ്ഡലം ഉണ്ട്. അതിനാല്‍ മരണാനന്തര ജീവിതം ക്രിസ്തീയ ജീവിതത്തിന്റെ അഭിഭാജ്യമായ ഘടകമാണ്.

 

ഈ ഭൂമിയില്‍ നമ്മള്‍ അനുഭവിക്കുന്ന എല്ലാ കഷ്ടതയ്ക്കും ഒരിക്കല്‍ പരിഹാരവും തക്ക നന്മയും ലഭിക്കും എന്നാണ് ക്രിസ്തീയ വിശ്വസം. കഴിഞ്ഞ കാലത്ത് ദൈവം ചെയ്തതുപോലെ, ഇന്നും ദൈവം തിന്മയെ നിയന്ത്രിക്കുവാന്‍ ഇടപെടുന്നുണ്ട്. നമ്മള്‍ ഇന്ന് അനുഭവിക്കുന്ന കഷ്ടതകള്‍ അല്ല നമ്മളുടെ ജീവിത ഉദ്ദേശ്യം. നമ്മളുടെ ജീവിത മൂല്യം നിര്‍വചിക്കപ്പെടുന്നത്, നമ്മള്‍ അനുഭവിക്കുന്ന കഷ്ടതകളുടെ അടിസ്ഥാനത്തിലല്ല. എല്ലാ തിന്‍മകളെയും നന്‍മയാക്കുന്ന ഒരു ദൈവീക പദ്ധതി ഉണ്ട്. ഈ ഭൂമിയില്‍ നമ്മള്‍ കഷ്ടത അനുഭവിക്കുന്നു എങ്കിലും, നിത്യമായ ഒരു സ്വസ്ഥതയും സമാധാനവും ഓരോ ക്രിസ്തീയ വിശ്വാസിയുടെയും പ്രത്യാശയാണ്.

 

വെളിപ്പാട് 21: 4, 5

   അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും.

   ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല

വെളിപ്പാട് 22: 3 യാതൊരു ശാപവും ഇനി ഉണ്ടാകയില്ല;

 

സ്വതന്ത്ര ഇശ്ചാശക്തി (free will defense)

  

“സ്വതന്ത്ര ഇശ്ചാശക്തി എന്നതിന്റെ അടിസ്ഥാനത്തിലുള്ള വിശദീകരണം താര്‍ക്കികമായതാണ് (logical explanation).

 

ഇവിടെ, തിന്‍മ എന്ന പ്രശ്നം, മനുഷ്യരുടെ സ്വതന്ത്ര ഇശ്ചാശക്തിയുടെ ഫലമാണ് എന്ന് വിശദീകരിക്കപ്പെടുന്നു. ഈ സിദ്ധാന്തം, ദൈവത്തിന്റെ സര്‍വ്വശക്തിയേയും, സര്‍വ്വസ്നേഹത്തേയും, പരിപൂര്‍ണ്ണ നന്മയേയും, പ്രതിരോധിക്കുന്നു. തിന്മയുടെ ഏക കാരണം മനുഷ്യരുടെ സ്വതന്ത്ര ഇശ്ചാശക്തി, അവർ ദുരുപയോഗം ചെയ്തു എന്നതാണ്.

 

മനുഷ്യനു സ്വതന്ത്രമായി, നന്‍മയോ, തിന്‍മയോ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ദൈവം നല്കിയിട്ടുണ്ട്. ഇതിനെയാണ് സ്വതന്ത്ര ഇശ്ചാശക്തി എന്ന് വിളിക്കുന്നത്. ഇതിനാല്‍ മനുഷ്യനു സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കുകയും നടപ്പിലാക്കുകയും ചെയ്യാം. അങ്ങനെ മനുഷ്യരുടെ എല്ലാ തീരുമാനങ്ങളുടെയും ഉത്തരവാദിത്തം അവന് തന്നെയായി. ദൈവത്തിന്, എപ്പോള്‍ വേണമെങ്കിലും, എങ്ങനെ വേണമെങ്കിലും, എവിടെവച്ചും മനുഷ്യരുടെ ജീവിതത്തില്‍ ഇടപ്പെടുവാന്‍ അധികാരം ഉണ്ട് എങ്കിലും, അവന്‍ മനുഷ്യനു നല്കിയ സ്വതന്ത്ര ഇശ്ചാശക്തിയില്‍ ഇടപെടാറില്ല. അതായത്, മനുഷ്യരുടെ ഇശ്ചാശക്തിയെ ദൈവം ഒരിയ്ക്കലും ഹനിക്കുന്നില്ല (God never violates human volition).

 

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, താര്‍ക്കികമായി (logically) ദൈവത്തിന് മനുഷ്യരെ നിര്‍ബന്ധിച്ച് (coercion, compulsion) തിന്മയെ തടയുവാന്‍ സാദ്ധ്യമല്ല. കാരണം, ദൈവത്തിന്റെ നിര്‍ബന്ധപൂര്‍വ്വമുള്ള ഇടപെടല്‍, മനുഷരുടെ സ്വതന്ത്ര ഇശ്ചാശക്തിയെ ഹനിക്കും. അതായത്, ദൈവത്തിന്റെ നിര്‍ബ്ബന്ധപൂര്‍വ്വമായ ഇടപെടലും, മനുഷന്റെ സ്വതന്ത്ര ഇശ്ചാശക്തിയും ഒരുമിച്ച്, ഒരു സമയത്ത് ഉണ്ടാകുക സാദ്ധ്യമല്ല.

 

സ്വതന്ത്ര ഇശ്ചാശക്തി ഇല്ലായെങ്കില്‍ മനുഷ്യര്‍ യന്ത്രമനുഷ്യരെപ്പോലെയുള്ള ജീവികള്‍ ആകും. നമുക്ക് യാതൊന്നും തിരഞ്ഞെടുക്കുവാന്‍ സാധിക്കുകയില്ല. മുന്‍കൂട്ടി ക്രമീകരിച്ചിരിക്കുന്ന ഒരു പരിപാടിയുടെ അടിസ്ഥാനത്തില്‍ ചലിക്കുന്ന യന്ത്രങ്ങള്‍ മാത്രമായി മനുഷ്യര്‍ ചുരുങ്ങും.

 

ദൈവം തിന്മയെ സൃഷ്ടിച്ചില്ല എങ്കിലും അവന്‍ ഈ പ്രപഞ്ചത്തില്‍ തിന്മ നിലനില്‍ക്കുവാന്‍ അനുവദിക്കുന്നു. ഇതിന് മറ്റൊരു കാരണം കൂടി ഉണ്ട്.

 

സ്വര്‍ഗ്ഗീയ ദൂതന്മാരും, മനുഷ്യരും ദൈവത്തെ ആരാധിക്കുക എന്നത്, സ്വതന്ത്രമായി തിരഞ്ഞെടുത്തത് ആണ്. ദൈവം ഏതെങ്കിലും വിധത്തിൽ, നിർബന്ധിക്കുകയോ, പ്രലോഭിപ്പിക്കുകയോ, പ്രേരിപ്പിക്കുകയോ ചെയ്യുന്നത് കൊണ്ടല്ല, ദൂതന്മാരും മനുഷ്യരും ദൈവത്തെ ആരാധിക്കുന്നത്. ദൈവത്തെ ആരാധിക്കുന്നത് അവരുടെ ഒരു തിരഞ്ഞെടുപ്പാണ്. സ്വാതന്ത്ര്യം ഇല്ലായെങ്കില്‍, അവര്‍ ദൈവീക ശക്തിയുടെ നിയന്ത്രണത്താല്‍ മാത്രം ദൈവത്തെ ആരാധിക്കുന്നവര്‍ ആകും. ഇത് യഥാര്‍ത്ഥ, സത്യമായ ആരാധന ആകുകയില്ല. ദൈവം ഇങ്ങനെയുള്ള ആരാധന ആഗ്രഹിക്കുന്നില്ല. അതിനാല്‍ അവനെ ആരാധിക്കുവാനും, സേവിക്കുവാനും, ആരാധിക്കാതിരിക്കുവാനും തള്ളിക്കളയുവാനുമുള്ള സ്വാതന്ത്ര്യം, ദൈവം ദൂതന്‍മാര്‍ക്കും മനുഷ്യര്‍ക്കും നല്കി.

 

സ്വതന്ത്ര ഇശ്ചാശക്തി ഇല്ലാത്ത ജീവികളെക്കാള്‍, നൈസര്‍ഗ്ഗികമായി (സ്വഭാവികമായി, innately) കൂടുതല്‍ മൂല്യമുള്ളവര്‍ ആണ് സ്വതന്ത്ര ഇശ്ചാശക്തിയുള്ള ജീവികള്‍. തിരഞ്ഞെടുക്കുവാനും തള്ളുവാനുമുള്ള സ്വാതന്ത്ര്യം ഇല്ലാത്ത ഇടത്ത്, സത്യസന്ധമായ, സ്നേഹം, വിശ്വസ്തത, കരുണ എന്നിവപ്പോലുള്ള നന്മകള്‍ ഉണ്ടാകുകയോ അനുഭവിക്കുവാന്‍ സാധിക്കുകയോ ഇല്ല. വികാരങ്ങള്‍ (emotions) ഇല്ലായെങ്കില്‍ സ്വതന്ത്ര ഇശ്ചാശക്തിക്ക് അര്‍ത്ഥമില്ല.

 

എന്നാല്‍ ഇതേ സ്വതന്ത്ര ഇശ്ചാശക്തിക്ക് നന്‍മയെയും തിന്‍മയെയും തിരഞ്ഞെടുക്കുവാനുള്ള പ്രാപ്തിയുണ്ട്. ഈ പ്രാപ്തി ഇല്ലാതെ സ്നേഹമോ, അതുപോലെയുള്ള വികാരങ്ങളോ സത്യസന്ധമായി ഉണ്ടാകുവാന്‍ സാധ്യമല്ല. അതിനാല്‍, നമുക്ക് സ്വതന്ത്ര ഇശ്ചാശക്തി ഉണ്ടായിരിക്കേണം എങ്കില്‍, തിന്‍മയും ഈ പ്രപഞ്ചത്തില്‍ ഉണ്ടായിരിക്കേണം.

 

തിന്മ ഇല്ലാത്ത ഒരു ലോകത്ത്, സത്യസന്ധമായ ഒരു ബന്ധം - അതാണ് ദൈവം മനുഷ്യരില്‍ നിന്നും ആഗ്രഹിക്കുന്നത്.

 

സത്യസന്ധമായ ബന്ധങ്ങള്‍ക്ക് സ്വാതന്ത്ര്യം ആവശ്യമാണ്. അതിനാല്‍ മനുഷ്യരുടെ സ്വതന്ത്ര ഇശ്ചാശക്തിയാലുള്ള തിരഞ്ഞെടുപ്പിലൂടെ, സാധ്യമായ ഏറ്റവും മെച്ചമായ ഒരു സ്നേഹബന്ധം രൂപപ്പെടുത്തിയെടുക്കുവാന്‍ ദൈവം ആഗ്രഹിച്ചു.

 

സ്വതന്ത്ര ഇശ്ചാശക്തിയില്‍ വലിയ അപകടം ഇളിഞ്ഞിരിപ്പുണ്ട് എന്ന് അറിവില്ലാഞ്ഞിട്ടില്ല. തിന്മയെ തിരഞ്ഞെടുത്താല്‍ ദൈവം ആഗ്രഹിച്ച ബന്ധം തകര്‍ന്നുപോകും. എന്നാല്‍ തിന്മയെ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കാതെ യഥാര്‍ത്ഥ സ്നേഹ ബന്ധത്തെ രൂപപ്പെടുത്തുവാന്‍ സാധ്യമല്ല. അതിനാല്‍ തിന്മ ഈ പ്രപഞ്ചത്തില്‍ നിലനില്‍ക്കുവാന്‍ ദൈവം അനുവദിച്ചു.

 

അഗപ്പെ (agape)  

 

യഥാര്‍ത്ഥ സ്നേഹം ഒരു തിരഞ്ഞെടുപ്പാണ്. വിവിധ തലത്തിലുള്ള സ്നേഹ ബന്ധങ്ങളെ സൂചിപ്പിക്കുവാന്‍ ഒന്നിലധികം വാക്കുകള്‍ ഗ്രീക്കില്‍ ഉപയോഗിക്കാറുണ്ട്. അതില്‍ “അഗപ്പെ” (agape, ˈaɡəpi, ɑːˈɡɑː.peɪ) എന്ന വാക്ക് ദൈവ സ്നേഹത്തെക്കുറിച്ച് പറയുന്നു. ഇത് ദൈവത്തിന് മനുഷ്യരോടും, മനുഷ്യര്‍ക്ക് ദൈവത്തോടുമുള്ള സ്നേഹമാണ്.

 

ഈ സ്നേഹത്തിന്റെ പ്രത്യേകത, അത് പ്രകടിപ്പിക്കപ്പെടുന്നതാണ് എന്നതാണ്.

 

അതായത് അഗപ്പെ സ്നേഹത്തിന്, അതിന്റെ മൂല്യം വ്യക്തമാക്കുന്ന ഒരു പ്രവര്‍ത്തി ഉണ്ടായിരിക്കും. ദൈവത്തിന് മനുഷ്യരോടുള്ള അഗപ്പെ സ്നേഹം, ക്രൂശില്‍ അവന്‍ പ്രകടമാക്കി.

 

എഫെസ്യര്‍ 2: 4, 5

4 കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാ സ്നേഹംനിമിത്തം

5 അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടു കൂടെ ജീവിപ്പിക്കയും — കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു

 

നമ്മളുടെ പാപങ്ങള്‍ക്ക് പരിഹാരമായ യേശുക്രിസ്തുവിന്റെ യാഗത്തിന് മനുഷ്യര്‍ ഒരിയ്ക്കലും അര്‍ഹരായിരുന്നില്ല. നമ്മളോട് കരുണ കാണിക്കുവാനുള്ള ഒരു ബാദ്ധ്യതയും, ആവശ്യകതയും, ദൈവീക നീതിയാല്‍, അവന് ഉണ്ടായിരുന്നില്ല. എന്നാല്‍, പാപികളായ മനുഷ്യരോട് കരുണ കാണിപ്പാന്‍, ദൈവം അഗപ്പെ സ്നേഹത്തെ തിരഞ്ഞെടുത്തു. അങ്ങനെ നമ്മള്‍ പാപികൾ ആയിരിക്കുമ്പോള്‍ തന്നെ, ക്രിസ്തു നമുക്ക് വേണ്ടി ക്രൂശില്‍ മരിച്ചു, അവന്റെ അഗപ്പെ സ്നേഹം വെളിപ്പെടുത്തി.

 

റോമര്‍ 5: 6 - 8

6 നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നേ ക്രിസ്തു തക്കസമയത്തു അഭക്തർക്കുവേണ്ടി മരിച്ചു.

7   നീതിമാന്നുവേണ്ടി ആരെങ്കിലും മരിക്കുന്നതു ദുർല്ലഭം; ഗുണവാന്നുവേണ്ടി പക്ഷേ മരിപ്പാൻ തുനിയുമായിരിക്കും.

8 ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.

 

അഗപ്പെ അര്‍ഹതയില്ലാത്ത ഒരുവനോടു കാണിക്കുന്ന സ്നേഹമാണ്. അഗപ്പെ ഒരു തിരഞ്ഞെടുപ്പാണ്. അവന് അര്‍ഹതയില്ലാത്തതിനാല്‍, അവനോടു സ്നേഹം കാണിക്കുകയോ, സ്നേഹിക്കാതിരിക്കുകയോ ചെയ്യുവാനുള്ള സ്വാതന്ത്ര്യം നമുക്ക് ഉണ്ട്. അവന് അതിനു അര്‍ഹത ഇല്ല, എന്നതുപോലെ തന്നെ, അവനെ സ്നേഹിക്കുവാന്‍ യാതൊരു കടപ്പാടും, ഉത്തരവാദിത്തവും നമുക്ക് ഇല്ല. അവനെ സ്നേഹിക്കാതിരുന്നാല്‍, നമ്മളെ കുറ്റം വിധിക്കുന്ന യാതൊരു നീതിയുടെ പ്രമാണവും ഇല്ല. എന്നിട്ടും, അവനോടു സ്നേഹം കാണിക്കുവാൻ നമ്മള്‍ തിരഞ്ഞെടുക്കുകയാണ് എങ്കില്‍, അതിനെയാണ് അഗപ്പെ എന്നു വിളിക്കുന്നത്. അര്‍ഹതയില്ലാത്തവനോടു, തിരഞ്ഞെടുപ്പിനാല്‍ പ്രകടപ്പിക്കുന്ന സ്നേഹമാണ് അഗപ്പെ.

 

ഒരു ഉദാഹരണം, നമ്മളുടെ കർത്താവ് പറഞ്ഞ ഒരു ഉപയിൽ നിന്നുമെടുക്കാം. ലൂക്കോസ് 10: 30 മുതൽ 37 വരെയുള്ള വേദഗഭാഗത്ത് കർത്താവ് നല്ല ശമര്യക്കാരന്റെ ഉപമ പറയുന്നു. അവൻ ഈ ഉപമ പറയുന്നത്, ആരാണ് നല്ല സ്നേഹിതൻ എന്നു വിശദീകരിക്കുവാനാണ്. ഉപമ ഇങ്ങനെയാണ്:

 

ഒരു യഹൂദൻ, യെരൂശലേമിൽ നിന്നു യെരീഹോവിലേക്കു പോകുമ്പോൾ, അവനെ കള്ളന്മാർ ആക്രമിച്ചു. അവന്റെ സമ്പത്ത് അവർ കൊള്ളചെയ്തു എന്നു മാത്രമല്ല, കള്ളന്മാർ അവനെ അടിച്ചു, വസ്ത്രം ഉരിഞ്ഞെടുത്തു, മരിക്കാറായ അവസ്ഥയിൽ, വഴിയിൽ ഉപേക്ഷിച്ചു പോയി. അൽപ്പ സമയം കഴിഞ്ഞപ്പോൾ, ആ വഴിയായി ഒരു യഹൂദ പുരോഹിതൻ വന്നു. അവൻ, മരിക്കാറായി കിടക്കുന്ന ഈ മനുഷ്യനെ കണ്ടിട്ട്, അവനെ സഹായിക്കാതെ മാറിപ്പോയി. പുരോഹിതന് അവനെ സഹായിക്കുവാൻ കടപ്പാട് ഉണ്ടായിരുന്നു എങ്കിലും അവൻ സഹായിച്ചില്ല. പിന്നീട് ഒരു ലേവ്യനും ആ വഴിക്ക് വന്നു. അവനും, പുരോഹിതനെപ്പോലെ മാറിപ്പോയി.

 

കുറെക്കഴിഞ്ഞപ്പോൾ, ഒരു ശമര്യക്കാരൻ ആ വഴിക്ക് വന്നു. യഹൂദന്മാരും ശമര്യക്കാരും തമ്മിൽ യാതൊരു സഹകരണവും അക്കാലത്ത് ഉണ്ടായിരുന്നില്ല. യഹൂദന്മാർ, ശമര്യക്കാരെ ജാതികളായി കണ്ടു, അകറ്റി നിറുത്തി. അവർ ശമര്യദേശത്ത് കൂടെ വഴി പോകുകപോലും ഇല്ലായിരുന്നു. അവരിൽ നിന്നും ആഹാരമോ, വെള്ളമോ, വാങ്ങി കുടിക്കുക ഇല്ലായിരുന്നു. ശമര്യക്കാരും യഹൂദന്മാരെ ശത്രുക്കളെപ്പോലെ കരുതി.

 

അതായത്, മുറിവേറ്റ്, മരിക്കാറായി കിടക്കുന്ന ഒരു യഹൂദനെ സഹായിക്കുവാനുള്ള, ബാധ്യതയോ, കടപ്പാടോ, സ്നേഹബന്ധമോ ശമര്യക്കാരന് ഇല്ലായിരുന്നു. ഒരു യഹൂദനെ സഹായിക്കാതെ ശമര്യക്കാരൻ പോയാൽ, അവനെ ആരും കുറ്റം വിധിക്കുകയില്ല. എന്നാൽ, ഒരു യഹൂദനെ സഹായിക്കുവാൻ, ഒരു യഹൂദന്റെ ജീവനെ രക്ഷിക്കുവാൻ, ഈ ശമര്യക്കാരൻ തീരുമാനിച്ചു. അത് അവൻ തിരഞ്ഞെടുത്ത സ്നേഹമാണ്.

 

സ്നേഹിക്കുവാനും, സ്നേഹിക്കാതിരിക്കുവാനും ശമര്യക്കാരന് സ്വതന്ത്ര്യമുണ്ടായിരുന്നു. എന്നാൽ സ്നേഹിക്കുക എന്നത് അവൻ തിരഞ്ഞെടുത്തു. ഇതാണ് അഗപ്പെ സ്നേഹം.

 

ഉപമ ഇങ്ങനെയാണ് അവസാനിക്കുന്നത്, ശമര്യക്കാരൻ, മരിക്കാരായ യഹൂദന്റെ, മുറിവുകളെ കെട്ടി, അവനെ വസ്ത്രം ധരിപ്പിച്ചു, അവന്റെ വാഹനത്തിൽ കയറ്റി, വഴിയമ്പലത്തിലേക്കു കൊണ്ടുപോയി. അവിടെ അവനെ ശുശ്രൂഷിക്കുവാൻ വേണ്ടത് ചെയ്തു.

 

ഉപമയുടെ അവസാനം യേശു ചോദിച്ചതിങ്ങനെയാണ്: പുരോഹിതൻ, ലേവ്യൻ, ശമര്യക്കാരൻ, ഈ മൂവരിൽ ആരാണ് നല്ല സ്നേഹിതൻ. നിശ്ചയമായയും, അർഹതയോ, കടപ്പാടോ, ഇല്ലാത്തയിടത്ത്, സ്നേഹം പ്രകടിപ്പിക്കുവാൻ തിരഞ്ഞെടുത്ത ശമര്യക്കാരനാണ് നല്ല സ്നേഹിതൻ.

 

തിരഞ്ഞെടുക്കുന്ന, പ്രകടപ്പിക്കുന്ന, സ്നേഹമാണ് അഗപ്പെ സ്നേഹം.  

 

ഈ അഗപ്പെ സ്നേഹമാണ് ദൈവം നമ്മളില്‍ നിന്നും പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പിനാല്‍ നമ്മള്‍ പ്രകടമാക്കുന്ന സ്നേഹം. നിര്‍ബന്ധപൂര്‍വ്വമല്ല, മറ്റൊന്നിന് അവസരം ഇല്ലാത്തതുകൊണ്ടല്ല, ദൈവത്തെ സ്നേഹിക്കുവാന്‍, സ്വതന്ത്രമായി, നമ്മള്‍ തീരുമാനിക്കുകയാണ്. ഇതിന് സ്വാതന്ത്ര്യം മനുഷ്യനു ആവശ്യമാണ്. അതിനാല്‍ ദൈവം മനുഷര്‍ക്ക് സ്വതന്ത്ര ഇശ്ചാശക്തി നല്കി.

 

ദൈവം അവന്റെ തീരുമാനങ്ങളിലും, വിളംബരങ്ങളിലും, പ്രവര്‍ത്തികളിലും, സ്ഥിരത പാലിക്കുന്നു. അവന്റെ സാന്‍മാര്‍ഗ്ഗിക പ്രവര്‍ത്തന രീതികളിലും, പെരുമാറ്റത്തിലും സ്ഥിരത ഉണ്ട്. അവന്റെ സൃഷ്ടിയുടെ സ്വഭാവികമായ, പ്രകൃത്യായുള്ള പ്രവര്‍ത്തനങ്ങളിലും അവന്‍ സ്ഥിരത പാലിക്കുന്നു. മനുഷ്യനു സ്വതന്ത്ര ഇശ്ചാശക്തി നല്കിയതിലും അവന്‍ സ്ഥിരതയുള്ളവനാണ്. ദൈവത്തിന്റെ സ്ഥിരത, മനുഷ്യരുടെ അസ്ഥിരമായ പെരുമാറ്റങ്ങള്‍ക്ക് വിരുദ്ധമായ സവിശേഷതയാണ്. നമ്മളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസൃതമായി, മാറിമറിയുന്ന, വ്യത്യാസപ്പെടുന്ന ഒരു ദൈവത്തെയാണ് മനുഷ്യര്‍ക്ക് ഇഷ്ടം. എന്നാല്‍ ദൈവത്തിന് മാറ്റങ്ങള്‍ക്ക് വിധേയനാകുവാന്‍ കഴിയുകയില്ല. അവന്‍ മാറ്റമില്ലാത്ത ദൈവമാണ്.

 

നമ്മള്‍ ഇതുവരെ പറഞ്ഞതുപോലെ, ദൈവത്തിന്റെ കല്‍പ്പനകളെ നിരസിക്കുവാനുള്ള സ്വാതന്ത്ര്യവും നമ്മളുടെ സ്വതന്ത്ര ഇശ്ചാശക്തിയില്‍ ഉണ്ട്. എന്നാല്‍, ദൈവീക പ്രമാണങ്ങളെ നിരസിക്കുന്നതിനു, അതിന്റെ പരിണിതഫലം ഉണ്ടായിരിക്കും. നമുക്ക് ഈ പരിണിത ഫലത്തെക്കുറിച്ച് ബോധ്യം ഉണ്ട് എങ്കിലും, പലപ്പോഴും നമ്മള്‍ അതിനെ മനപ്പൂര്‍വ്വമായി അവഗണിക്കുകയാണ് ചെയ്യുന്നത്. നമ്മളുടെ ജീവിതത്തില്‍ തിന്മ സംഭവിക്കുമ്പോള്‍, നമ്മള്‍ ദൈവത്തെ കുറ്റം പറയുകയും ചെയ്യും.

 

നമ്മളുടെ അനുസരണക്കേടിന്റെ ഫലം മാത്രമല്ല, മറ്റുള്ളവരുടെ അനുസരണക്കേടിന്റെ ഫലം കൂടി നമ്മള്‍ അനുഭവിക്കേണ്ടി വന്നേക്കാം. നമ്മളുടെ കുടുംബാഗങ്ങളുടെയും, സുഹൃത്തുക്കളുടെയും, സഭാ നേതൃത്വത്തിന്റെയും, രാക്ഷ്ട്രീയ നേതാക്കന്മാരുടെയും, തെറ്റായ തിരഞ്ഞെടുപ്പുകളുടെ ഫലം നമ്മളും അനുഭവിക്കാറുണ്ട്.      

 

സ്വതന്ത്ര ഇശ്ചാശക്തി എന്ന ആശയത്തിന്റെ ശക്തനായ പ്രചാരകനായിരുന്നു, 4 ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സെന്‍റ്. അഗസ്റ്റീന്‍ (Saint Augustine). ദൈവം മനുഷ്യര്‍ക്ക് സ്വതന്ത്ര ഇശ്ചാശക്തി നല്കിയിട്ടുണ്ട് എന്നതിനാല്‍, നന്‍മയോ, തിന്‍മയോ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നമുക്ക് ഉണ്ട്, എന്നു അദ്ദേഹം പഠിപ്പിച്ചു. അതിന്റെയര്‍ത്ഥം, മനുഷ്യര്‍ തിന്മയെ തിരഞ്ഞെടുക്കുന്നതിനാല്‍ ആണ് ഈ ലോകത്ത് തിന്മ നിലനില്‍ക്കുന്നത്. നന്മ മാത്രം തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം യഥാര്‍ത്ഥ സ്വാതന്ത്ര്യം അല്ല. അതിനാല്‍ നമ്മള്‍ തിന്മയെ തിരഞ്ഞെടുക്കുന്നതിനെ ദൈവം തടയുന്നില്ല. എന്നാല്‍ അതിനൊരു വിലയുണ്ട്, അതാണ് കഷ്ടത. 

 

പ്രാപഞ്ചികമായ തിന്മ (Natural evil)

 

സ്വതന്ത്ര ഇച്ഛാശക്തി എന്ന സിദ്ധാന്തത്തിൽ അടിസ്ഥാനമായ, തിന്മ എന്ന പ്രശ്നത്തെക്കുറിച്ചുള്ള വിശദീകരണത്തിന് അഭിമുഖീകരിക്കേണ്ടിവരുന്ന വെല്ലുവിളി, പ്രാപഞ്ചികമായ തിന്മയെക്കുറിച്ചുള്ള ചോദ്യങ്ങൾ ആണ്. പ്രാപഞ്ചികമായ തിന്മയുടെ കാരണം പ്രാപഞ്ചികമായ കാരണങ്ങൾ ആണ്. ഉദാഹരണത്തിന്, ശിശുക്കൾ പലവിധത്തിലുള്ള കഷ്ടങ്ങൾ അനുഭവിക്കേണ്ടിവരുന്നു, അവർ രോഗത്തിലും, ദരിദ്ര്യത്തിലും ആകുന്നു. അവർ ക്രൂരമായി ആക്രമിക്കപ്പെടുന്നു. അവർ മരിക്കുന്നു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളാൽ, മനുഷ്യർ കൂട്ടമായി കൊല്ലപ്പെടുന്നു. പ്രാപഞ്ചിക തിന്മകൾക്ക്, ഒറ്റ നോട്ടത്തിൽ, മനുഷ്യന്റെ തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവും കാണുന്നില്ല.

 

ഇതിന് ക്രിസ്തീയ വേദപണ്ഡിതന്മാർ നല്കുന്ന വിശദീകരണം ഇതാണ്: മനുഷ്യർ ചെയ്യുന്ന സാന്മാർഗ്ഗിക തിന്മയെയും (moral evil), പ്രാപഞ്ചിക തിന്മയെയും വേർതിരിച്ച് കാണുവാൻ സാധ്യമല്ല. കാരണം, മനുഷ്യരും, അവരുടെ തിരഞ്ഞെടുപ്പുകളും, പ്രകൃതിയുടെ ഭാഗമാണ്. മനുഷ്യരുടെ സന്മാർഗ്ഗികമായ തിന്മ, പ്രകൃതിയേയും ബാധിക്കും. അതിനാൽ പ്രാപഞ്ചിക തിന്മയും ഉളവാകും. അതിനാൽ എല്ലാ തിന്മകളും ഒരുപോലെ ഉള്ളതാണ്.

 

പാപം ചെയ്ത ആദാമിനോട് ദൈവം പറഞ്ഞതിതാണ്:

 

ഉൽപ്പത്തി 3: 17  (ദൈവം) മനുഷ്യനോടു കല്പിച്ചതോ: നീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്നു അഹോവൃത്തി കഴിക്കും.

 

സെന്റ്. അഗസ്റ്റീന്റെ അഭിപ്രായത്തിൽ, പ്രാപഞ്ചിക തിന്മ, ദൈവത്തോട് മൽസരിച്ച് തിന്മ പ്രവർത്തിക്കുന്ന മനുഷ്യരോടുള്ള പ്രകൃതിയുടെ പ്രതികരണമാണ്. സന്മാർഗ്ഗിക തിന്മയും, പ്രാപഞ്ചിക തിന്മയും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുവാൻ, പൊതുവേ, ക്രിസ്തീയ വേദപണ്ഡിതന്മാർ ഉപയോഗിക്കുന്ന വാദം ഇതാണ്.  

 

എപ്പിക്കൂറസിനുള്ള മറുപടി

 

എപ്പിക്കൂറസിനുള്ള മറുപടി കൂടി രേഖപ്പെടുത്തിക്കൊണ്ട്, ഈ പഠനം അവസാനിപ്പിക്കുവാൻ ആഗ്രഹിക്കുന്നു. ദൈവം തിന്മയെ സൃഷ്ടിക്കുകയോ, അത് ഈ പ്രപഞ്ചത്തിൽ ഉണ്ടായിരിക്കേണം എന്നു ആഗ്രഹിക്കുകയോ ചെയ്യുന്നില്ല. എന്നാൽ സന്മാർഗ്ഗിക തിന്മ എന്നത് അനിവാര്യമായ ഒരു സാദ്ധ്യതയാണ്. നമ്മൾ യാഥാർത്ഥത്തിൽ സ്വതന്ത്രർ ആകേണമെങ്കിൽ, ദൈവത്തിന്റെ നന്മയെ കൂടാതെ മറ്റൊന്നുകൂടി തിരഞ്ഞെടുക്കുവാനുള്ള സാദ്ധ്യത ഉണ്ടായിരിക്കേണം. അതായത്, നന്മയെയോ, തിന്മയെയോ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും, സാധ്യതയും ഒരുപോലെ ഉണ്ടായിരിക്കേണം. എന്നാൽ, ദൈവത്തിന്റെ ഹിതം നിരസിച്ചാൽ, അതിന് പരിണിത ഫലവും ഉണ്ടായിരിക്കും എന്നു വേദപുസ്തകം വ്യക്തമായി പഠിപ്പിക്കുന്നു. അത് വ്യക്തിയേയും, കുടുംബത്തെയും, സമൂഹത്തേയും ബാധിക്കും. തിന്മയുടെ ഫലം, ഭൌതീകവും, ശാരീരികവും, ആത്മീയവുമാകാം.

 

ദൈവം സർവ്വാധികാരിയാണ്. അതിനാൽ, അവൻ നമ്മളുടെ ഹിതപ്രകാരം പ്രവത്തിച്ചു എന്നു വരുകയില്ല. നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ ദൈവം പ്രവർത്തിക്കേണമെന്നില്ല. ഇത് നമ്മളെ അസ്വസ്ഥരാക്കിയേക്കാം. ദൈവം സർവ്വശക്തനാണ്, എങ്കിലും നമ്മളെ അവൻ സ്വതന്ത്ര ഇച്ഛാശക്തി നല്കി സൃഷ്ടിച്ചു. അതിനാൽ, കൂടുതൽ മെച്ചമായ, നിത്യമായ നന്മ കൈവശപ്പെടുത്തുവാൻ, അവൻ തിന്മയെ ഈ പ്രപഞ്ചത്തിൽ നിലനിലക്കുവാൻ അനുവദിക്കുന്നു.

 

ഭൌതീക തലത്തിലും, പ്രാപഞ്ചികമായും കാണപ്പെടുന്ന തിന്മ, മനുഷ്യരുടെ സാന്മാർഗ്ഗിക തിന്മയുടെ (moral evil) പരിണിത ഫലമാണ്. വ്യക്തിയായും, സമൂഹമായും, എല്ലാ സന്മാർഗ്ഗിക തിന്മയുടെയും ഉത്തരവാദിത്തം മനുഷ്യർക്കാണ്. നമ്മളുടെയോ, മറ്റുള്ളവരുടെയോ, തിന്മയുടെ ഫലം നമ്മൾ അനുഭവിക്കുന്നു. കാരണം-ഫലം എന്ന താർക്കിക സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലും നമ്മൾ തിന്മ അനുഭവിക്കുന്നു (logical principle of cause-and-effect). ചിലപ്പോൾ നമ്മൾ അനുഭവിക്കുന്ന കഷ്ടതയുടെ പിന്നിൽ ഒരു ദൈവീക ഉദ്ദേശ്യം ഉണ്ടായിരിക്കാം. അത് നമ്മളിലും, മറ്റുള്ളവരിലും, പ്രത്യാശ ഉളവാക്കിയേക്കാം. മറ്റുള്ളവരുടെ കഷ്ടത മനസ്സിലാക്കുവാനും, അവരെ സഹായിക്കുവാനും അത് സഹായമായേക്കാം. ചിലപ്പോൾ, തിന്മ ഒരു മുന്നറിയിപ്പ് എന്നവണ്ണം സംഭവിച്ചേക്കാം.

 

ഒരു കാര്യം നമുക്ക് തീർച്ചയാക്കാം. തിന്മ ഈ പ്രപഞ്ചത്തിൽ നിലനിൽക്കുന്നു. അത് നമ്മളിലും നമ്മളുടെ പെരുമാറ്റത്തിലും, പ്രവർത്തികളിലും, വാക്കുകളിലും, ഉണ്ട്. ഈ ലോകത്തിൽ മനുഷ്യർ അനുഭവിക്കുന്ന വേദനയുടെയും കഷ്ടതയുടെയും കാരണം തിന്മയാണ്.

 

എന്നാൽ, എപ്പോഴും, ദൈവം സർവ്വാധികാരിയായി വാഴുന്നു. അവൻ തിന്മയുടെമേലും അധികാരം ഉള്ളവനാണ്. ഇപ്പോൾ നമുക്ക് എങ്ങനെയെല്ലാം അനുഭവപ്പെട്ടാലും, തിന്മ ഉൾപ്പെടെ സകലതും, അന്തിമമായി, ദൈവത്തിന്റെ മെച്ചമായ, നന്മ നിറഞ്ഞ, ഉദ്ദേശ്യം നിവർത്തിക്കും. എല്ലാം ദൈവീക നന്മയ്ക്കായി പരിണമിക്കും. കാലാവസാനത്തിങ്കൽ, സർവ്വാധികാരിയായ ദൈവം തിന്മയെയും കീഴടക്കുകയും, അതിനെ എന്നന്നേക്കുമായി ഇല്ലാതാക്കുകയും ചെയ്യും. വിടുതലിന്റെ ഈ പ്രത്യാശയാണ് ഓരോ ക്രിസ്തീയ വിശ്വാസിയുടെയും നിത്യമായ സന്തോഷവും വിശ്രമവും.

 

അവസാനമായി, ഗ്രീക്ക് തത്വചിന്തകനായിരുന്ന എപ്പിക്കൂറസ് (Epicurus), ദൈവത്തിന്റെ അസ്തിത്വത്തിനെതിരെ മുന്നോട് വച്ച അനുമാനങ്ങൾക്ക് ഉള്ള മറുപടി കൂടി രേഖപ്പെടുത്താം. എപ്പിക്കൂറസ് വിമർശിക്കുന്ന ദൈവം, വേദപുസ്തകം പരിചയപ്പെടുത്തുന്ന ദൈവമല്ല. അദ്ദേഹം ഗ്രീക്ക് ദേവന്മാരെ മുന്നിൽ കണ്ടുകൊണ്ടാണ് വിമർശനങ്ങൾ എഴുതിയത്. ഗ്രീക്ക് മതം, ബഹുദൈവ വിശ്വാസമുള്ള മതമായിരുന്നു. അവിടെ ഒന്നിലധികം ദേവന്മാർ, തുല്യരായി പ്രവർത്തിക്കുന്നു. പ്രപഞ്ചത്തെക്കുറിച്ച്  അന്ന് ഉണ്ടായിരുന്നത് ഒരു ദ്വന്ദ യാഥാർത്ഥ്യ കാഴ്ചപ്പാട് ആയിരുന്നു (dualistic view of reality). നമ്മൾ കാണുന്നത് നിഴലും, കാണാത്ത ഒന്ന് യാഥാർത്ഥ്യവും എന്ന് ഗ്രീക്ക് തത്വജ്ഞാനികൾ വിശ്വസിച്ചു.

 

എപ്പിക്കൂറസിന്റെ അനുമാനങ്ങളോടുള്ള ക്രിസ്തീയ പ്രതികരണം ഇങ്ങനെ ചുരുക്കി പറയാം:

 

എപ്പിക്കൂറസ്       : ദൈവം സർവ്വജ്ഞാനിയല്ല. അവൻ സൃഷ്ടിക്കുന്ന പ്രപഞ്ചത്തിൽ തിന്മയുടെ സാന്നിദ്ധ്യം ഉണ്ടാകുമെന്നും, മനുഷ്യർ തിന്മ തിരഞ്ഞെടുക്കും എന്നും അവൻ മുൻകൂട്ടി അറിഞ്ഞിരുന്നില്ല.

ക്രിസ്തീയ മറുപടി : ദൈവം സർവ്വജ്ഞാനിയാണ്. അവൻ സൃഷ്ടിക്കുന്ന പ്രപഞ്ചത്തിൽ തിന്മയുടെ സാന്നിദ്ധ്യം ഉണ്ടാകും എന്നും, മനുഷ്യർ തിന്മയെ തിരഞ്ഞെടുക്കും എന്നും അവൻ അറിഞ്ഞിരുന്നു. എന്നാൽ അർത്ഥവത്തായ ഒരു ലോകത്ത്, മനുഷ്യർക്ക് സ്വതന്ത്ര ഇച്ഛാശക്തി ഉണ്ടാകേണ്ടതിന്, ദൈവം, തിന്മയുടെ സാന്നിധ്യത്തെ അനുവദിച്ചു.

എപ്പിക്കൂറസ്       : ദൈവം സർവ്വശക്തനല്ല. കാരണം അവൻ തിന്മയെ തടയുവാൻ ആഗ്രഹിക്കുന്നു  എങ്കിലും അവന് അതിന് കഴിയുന്നില്ല.   

ക്രിസ്തീയ മറുപടി : തിന്മയെ നിയന്തിക്കുവാനും, പരിമിതപ്പെടുത്തുവാനും, ഇല്ലാതാക്കുവാനും ദൈവം ഈ പ്രപഞ്ചത്തിൽ ഇടപെട്ടിട്ടുണ്ട്. അതിനാൽ അവൻ ഇപ്പോഴും സർവ്വശക്തൻ തന്നെയാണ്.

എപ്പിക്കൂറസ്       : തിന്മയെ ഇല്ലാതാക്കുവാൻ ദൈവം ശക്തനാണ്, പക്ഷെ അവൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ദൈവം സർവ്വസ്നേഹവാനല്ല.      

ക്രിസ്തീയ മറുപടി : തിന്മയെ ഇല്ലാതാക്കുവാൻ ദൈവം ശക്തനാണ്, പക്ഷെ അവൻ തിന്മയെ പൂർണമായി ഇല്ലാതാക്കുവാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. കാരണം, അവൻ മനുഷ്യർക്ക് നല്കിയ സ്വതന്ത്ര ഇച്ഛാശക്തിയെ ഇല്ലാതാക്കുവാൻ അവൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ദൈവം സർവ്വസനേഹവാനാണ്.  

എപ്പിക്കൂറസ്       : തിന്മയെ ഇല്ലാതാക്കുവാന് ദൈവത്തിന് ശക്തിയുണ്ട്, അവൻ അതിന് സമ്മതമാണ്, എങ്കിൽ തിന്മ എവിടെ നിന്നും വന്നു? തിന്മയെ ആര് സൃഷ്ടിച്ചു?       

ക്രിസ്തീയ മറുപടി : ദൈവം മനുഷ്യ ജീവിതത്തിൽ ഇടപെടുകയും, തിന്മയെ പരാജയപ്പെടുത്തുകയും ചെയ്തുകഴിഞ്ഞു. യേശുക്രിസ്തുവിന്റെ ക്രൂശിലെ മരണം, തിന്മയുടെ പരാജയമാണ്. മനുഷ്യർ ദൈവത്തിന്റെ ഹിതത്തിന് എതിരെ തിരഞ്ഞെടുപ്പ് നടത്തിയപ്പോൾ തിന്മയ്ക്ക് ഈ പ്രപഞ്ചത്തിൽ അസ്തിത്വമുണ്ടായി. ദൈവവുമായുള്ള മനുഷ്യരുടെ ഭിന്നത എന്ന കാരണത്തിന്റെ ഫലമാണ് തിന്മ (cause and effect).

എപ്പിക്കൂറസ്       : തിന്മയെ ഇല്ലാതാക്കുവാൻ  ദൈവത്തിന് ശക്തിയില്ല എങ്കിലും, അവന് അതിന് സമ്മതമില്ല എങ്കിലും, എന്തിനാണ് അവനെ ദൈവം എന്ന് വിളിക്കുന്നത്?          

ക്രിസ്തീയ മറുപടി : തിന്മയെ ഇല്ലാതാക്കുവാൻ ദൈവത്തിന് സമ്മതമാണ്, അവൻ അതിന് ശക്തനാണ്. നമ്മൾ അംഗീകരിക്കാതെ ഇരുന്നാലും അവൻ ദൈവമല്ലാതെ ആകുകയോ, ശക്തി കുറഞ്ഞ ദൈവമായി തീരുകയോ ഇല്ല.  

 



No comments:

Post a Comment