യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റത്തിന്റെ അന്‍പതാം ദിവസമായ, പെന്തക്കോസ്ത് ഉല്‍സവത്തിന്റെ ദിവസം, ശിഷ്യന്മാരുടെമേല്‍ ഉണ്ടായ ആത്മപകര്‍ച്ചയെയാണ് പരിശുദ്ധാത്മ സ്നാനം എന്ന് വിളിക്കുന്നത്. ഈ അനുഭവം, വ്യത്യസ്ഥമായ രീതിയിലും അളവിലും, ക്രിസ്തുവില്‍ വിശ്വസിക്കുന്നവരില്‍ ഇന്നും ഉണ്ടാകുന്നു എന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു.
പഴയനിയമത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളില്‍
മാത്രമാണ് ആത്മപകര്‍ച്ച ഉണ്ടായത്. അന്ന് ന്യായാധിപന്‍മാരിലും പ്രവാചകന്മാരിലും
പുരോഹിതന്മാരിലും ആത്മാവ് പകരപ്പെട്ടു. ഈ ആത്മപകര്‍ച്ചയെ യഹൂദ റബ്ബിമാരുടെ
കൃതികളില്‍ “പ്രവാചനാത്മാവ്” എന്നാണ് വിളിക്കുന്നത്. അന്ന്,
പരിശുദ്ധാത്മാവിന്റെ പകര്‍ച്ചയുടെ അടയാളം പ്രവചനം ആയിരുന്നു.
പെന്തെക്കോസ്ത് വിശ്വാസികള്‍ അന്യാഭാഷാ ഭാഷണം ആത്മ
സ്നാനത്തിന്റെ പ്രത്യക്ഷമായ അടയാളമായി കരുതുന്നു. ഇത് ഒരുവന്‍
രക്ഷിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ആത്മ പകര്‍ച്ചയില്‍ നിന്നും വ്യത്യസ്തമായ
അനുഭവമാണ് എന്നും അവര്‍ വിശ്വസിക്കുന്നു. പെന്തെക്കോസ്ത് വിശ്വാസമനുസരിച്ച്,
പരിശുദ്ധാത്മ സ്നാനം രക്ഷിക്കപ്പെട്ടതിന് ശേഷം പ്രാപിക്കുന്നതാണ്.
ആദ്യകാല സഭയില്‍, പരിശുദ്ധാത്മ സ്നാനത്തിനായി, രക്ഷിക്കപ്പെട്ട ഒരു വ്യക്തിയുടെമേല്‍, അപ്പോസ്തലന്മാര്‍ കൈവച്ച് പ്രാര്‍ത്ഥിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ അപ്പോസ്തലന്‍മാര്‍ക്ക് ശേഷം ഈ പതിവ് നമ്മള്‍ ചരിത്രത്തില്‍ കാണുന്നില്ല.
എന്താണ് പരിശുദ്ധാത്മ
സ്നാനം?
പരിശുദ്ധാത്മ
സ്നാനം എന്താണ് എന്ന് മനസ്സിലാക്കുവാന്‍ നമ്മള്‍ ഏറ്റവും കുറഞ്ഞത് മൂന്ന്
വേദഭാഗങ്ങള്‍ വിശദമായി പഠിച്ചിരിക്കേണം. ഈ വാക്യങ്ങളില്‍ പറയുന്ന ആത്മ പകര്‍ച്ചയുടെ
മര്‍മ്മങ്ങള്‍ എന്താണ് എന്ന് ഗ്രഹിക്കുവാന്‍ വേണ്ടിയാണിത്.
യോഹന്നാന്റെ
പ്രവചനം
അതില്‍
ആദ്യത്തേത് യോഹന്നാന്‍ സ്നാപകന്റെ പ്രവചനമാണ്.
മര്‍ക്കോസ് 1: 8 ഞാൻ നിങ്ങളെ വെള്ളത്തിൽ സ്നാനം
കഴിപ്പിക്കുന്നു; അവനോ നിങ്ങളെ പരിശുദ്ധാത്മാവിൽ സ്നാനം
കഴിപ്പിക്കും എന്നു അവൻ പ്രസംഗിച്ചുപറഞ്ഞു.
യോഹന്നാന്‍ സ്നാപകന്‍ ആണ് ആത്മവിനാലുള്ള
സ്നാനത്തെക്കുറിച്ച് പുതിയനിയമത്തില്‍ ആദ്യമായി പ്രവചിച്ചത്. യോഹന്നാന്‍ വെള്ളത്താലുള്ള
സ്നാനത്തെയും പരിശുത്മാവിലുള്ള സ്നാനത്തെയും ഒരു വാചകത്തില്‍ പറയുന്നു. ഇത് ഇവ
രണ്ടും തമ്മിലുള്ള സാദൃശ്യം വ്യക്തമാക്കുന്നു. വെള്ളത്താല്‍
സ്നാനപ്പെടുന്നതുപോലെയുള്ള അനുഭവമാണ് പരിശുദ്ധാത്മ സ്നാനം എന്നാണ് യോഹന്നാന്‍
ഇവിടെ പറയുന്നത്. യോഹന്നാന്റെ കാലത്തോ യേശുക്രിസ്തുവിന്റെ ഈ ഭൂമിയിലെ ശുശ്രൂഷാ
കാലത്തോ, യേശുക്രിസ്തുവിനല്ലാതെ മറ്റാര്‍ക്കും, ഇങ്ങനെയൊരു അനുഭവം ഉണ്ടായില്ല.
മത്തായി 3 ല്‍ വിവരിക്കപ്പെടുന്നത് അനുസരിച്ച്, യോഹന്നാന്‍
“സ്വർഗ്ഗരാജ്യം
സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ” എന്നു പ്രസംഗിക്കുകയും, മനസാന്തരപ്പെട്ടവരെ വെള്ളത്തില്‍ സ്നാനപ്പെടുത്തുകയും ചെയ്തു.
മത്തായി
3: 5, 6
5 അന്നു യെരൂശലേമ്യരും യെഹൂദ്യദേശക്കാരൊക്കയും
യോർദ്ദാന്റെ ഇരുകരെയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ടു അവന്റെ അടുക്കൽ ചെന്നു
6 തങ്ങളുടെ പാപങ്ങളെ
ഏറ്റുപറഞ്ഞുകൊണ്ടു യോർദ്ദാൻനദിയിൽ അവനാൽ സ്നാനം ഏറ്റു.
യോഹന്നാന്റെ
സ്നാനത്തിനായി “പരീശരിലും സദൂക്യരിലും പലർ” വന്നു എന്ന് 7 ആം വാക്യത്തില്‍ പറയുന്നു. ഇവിടെ
ആരും യോഹന്നാന്റെ സ്നാനത്തെ എതിര്‍ക്കുന്നില്ല. സ്നാനം യഹൂദന് ആവശ്യമില്ല എന്നു
പറയുന്നില്ല. എന്നാല്‍ പലരും മനസാന്തരപ്പെടാതെ സ്നാനപ്പെടുവാന്‍ യോഹന്നാന്‍റെ അടുക്കല്‍
ചെന്നു. മനസാന്തരം അവര്‍ക്ക് ആവശ്യമുണ്ട് എന്നതില്‍ അവര്‍ യോഹന്നാനോടു യോജിച്ചില്ല.
കാരണം അവര്‍ അബ്രാഹാമിന്റെ ജഡപ്രകാരമുള്ള സന്തതികളാണ്, അവര്‍ക്ക്
വാഗ്ദത്തത്തിന്മേല്‍ അവകാശമുള്ളത് അബ്രാഹാമിന്റെ സന്തതികള്‍ എന്ന നിലയിലാണ്.
യോഹന്നാന്‍
നടത്തിയ സ്നാനവും ക്രിസ്തീയ സ്നാനവും വ്യത്യസ്തമാണ്. യോഹന്നാന്‍ പ്രസംഗിച്ച സ്നാനം
യഹൂദന്‍മാര്‍ക്കിടയില്‍ നിലനിന്നിരുന്ന സ്നാനമാണ്. അതോടൊപ്പം മനസാന്തരവും അദ്ദേഹം
പ്രസംഗിച്ചു. മാനസാന്തരം മശീഹായുഗത്തിന്റെ നിവര്‍ത്തിക്ക് ആവശ്യമാണ് എന്ന ആശയം ബാബേല്‍
പ്രവാസകാലം മുതല്‍ യഹൂദന്‍മാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഈ ചിന്തയില്‍ ഉടലെടുത്ത
എസ്സെനെസ്സ് എന്ന തീവ്ര യാഥാസ്ഥിതികരായ യഹൂദന്മാരുടെ കൂട്ടത്തിലെ ഒരു
അംഗമായിരുന്നു യോഹന്നാന്‍ സ്നാപകന്‍
(Essenes). എന്നാല്‍ ക്രിസ്തീയ
സ്നാനം യേശുക്രിസ്തുവിന്റെ ക്രൂശു മരണത്തോടെ മാത്രമേ നിലവില്‍ വന്നുള്ളൂ. ഈ രണ്ടു
സ്നാനങ്ങളും തമ്മില്‍ സാമ്യം ഏറെയുണ്ട് എങ്കിലും മാര്‍മ്മികമായ വ്യത്യാസമുണ്ട്.
യോഹന്നാന്‍, “എന്നിലും ബലമേറിയവൻ എന്റെ പിന്നാലെ വരുന്നു” എന്നും “ഞാൻ
നിങ്ങളെ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; അവനോ
നിങ്ങളെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും” എന്നും പ്രസംഗിച്ചു. അതായത്
യോഹന്നാന്‍ നടത്തിയ വെള്ളത്താലുള്ള സ്നാനത്തെയും പരിശുദ്ധാത്മാവിനാല്‍
സംഭവിക്കുവാനിരിക്കുന്ന സ്നാനത്തേയുമാണ് അദ്ദേഹം സാമ്യപ്പെടുത്തിയത്. അതിനാല്‍, ആത്മസ്നാനത്തെക്കുറിച്ചുള്ള യോഹന്നാന്റെ പ്രവചനം
പഠിക്കുമ്പോള്‍, അത് യോഹന്നാന്‍ ഉദ്ദേശിച്ച ആശയ
പരിധിക്കുള്ളില്‍ ആയിരിക്കേണം.
സ്നാനം എന്ന വാക്ക് യഹൂദ മതാചാരങ്ങളില്‍ കാണുന്നില്ല.
അവരുടെ ഇടയിലെ ശുദ്ധീകരണ പ്രക്രിയയെ റ്റിവിയ എന്നായിരുന്നു വിളിച്ചിരുന്നത്.
(tvila). ഈ എബ്രായ വാക്കിന്റെ അര്‍ത്ഥം മുങ്ങുക, മുഴുകുക
എന്നതാണ്. ഇത്തരം ശുദ്ധീകരണം ഒരുവന്റെ ജീവിതത്തില്‍ ആവര്‍ത്തിച്ച്
ചെയ്യേണ്ടതായിരുന്നു. അത് അശുദ്ധിയെ കഴുകി കളയുന്നത് ആയിരുന്നു.
ദൈവാലയം നിര്‍മ്മിക്കപ്പെട്ടപ്പോള്‍, ആലയത്തോടൊപ്പം സമീപത്തായി ശുദ്ധീകരണത്തിനായുള്ള കുളങ്ങളും
നിര്‍മ്മിക്കപ്പെട്ടു. ആലയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് എല്ലാവരും
ശുദ്ധീകരണം വരുത്തേണം എന്ന പ്രമാണവും നിലവില്‍ വന്നു. ഇത്തരം കുളങ്ങളിലേക്ക്
ഇറങ്ങിച്ചെല്ലുവാനും സ്നാനത്തിന് ശേഷം കയറി വരുവാനും പ്രത്യേകമായി വേര്‍തിരിച്ച
പടികള്‍ ഉണ്ടായിരുന്നു.
ശുദ്ധീകരണ കുളങ്ങള്‍ “മിഖ് വ” എന്നു അറിയപ്പെട്ടു. (mikvah
/ മിഖ് വെ - mikveh).
പഴയനിയമ പ്രമാണ പ്രകാരം ഒരുവന്‍ പലവിധ കാരണങ്ങളാല്‍ അശുദ്ധന്‍ ആയിത്തീരാം.
അശുദ്ധനായി തീര്‍ന്നവന്‍, ശുദ്ധീകരണ കുളത്തിലെ വെള്ളത്തില്‍
മുങ്ങി ശുദ്ധീകരണം പ്രാപിക്കേണം. ഇത് അവന് ശുദ്ധീകരണം ഉണ്ടാകുവാനും, അവനാല്‍
മറ്റുള്ളവര്‍ അശുദ്ധരായി തീരാതെയിരിക്കുവാനും വേണ്ടിയായിരുന്നു. പുരോഹിതന്മാര്‍ മിഖ്
വയില്‍ മുങ്ങി ശുദ്ധീകരണം പ്രാപിക്കാതെ ദൈവാലയത്തിലേക്ക് പ്രവേശിക്കുവാന്‍
പാടില്ല.
മിഖ് വയിലെ ശുദ്ധീകരണം, വീണ്ടും ജനനം പോലെ, ഒരുവനെ പുതുതാക്കി തീര്‍ക്കും എന്നു
യഹൂദന്മാര്‍ വിശ്വസിച്ചിരുന്നു. പഴയനിയമത്തിലും പുതിയനിയമത്തിലും സ്നാനം
വെള്ളത്തില്‍ മുഴുകുന്നതാണ്. അത് ഒരുവന്റെ ഇപ്പോഴത്തെ അവസ്ഥയെ മൊത്തമായി
വ്യത്യാസപ്പെടുത്തുന്നതിന്റെ മാര്‍ഗ്ഗമോ അടയാളമോ ആണ്.
അപൂര്‍വ്വമായി മാത്രമേ ജാതീയര്‍ യഹൂദ വിശ്വാസത്തിലേക്ക്
സ്വീകരിക്കപ്പെടുകയുള്ളൂ. ഇങ്ങനെ യഹൂദ വിശ്വാസം സ്വീകരിക്കുന്ന ജാതീയരും
ശുദ്ധീകരണം പ്രാപിക്കേണം. ബാബിലോണിയന്‍ പ്രവാസകാലത്തിന് ശേഷമാണ് യഹൂദ മതത്തിലേക്ക്
ചേരുന്ന ജാതീയരെ മിഖ് വയില്‍ മുക്കി സ്നാനപ്പെടുത്തുന്ന രീതി ഉടലെടുത്തത്. ഈ
സ്നാനം അവന്റെ അവസ്ഥയ്ക്ക് വ്യത്യാസം ഉണ്ടാക്കുന്നു.
രണ്ടാം ദൈവാലയ കാലത്തില്‍,
ഗ്രീക്ക് ഭാഷാപ്രദേശങ്ങളില്‍ താമസിച്ചിരുന്ന യഹൂദന്മാര്‍,
ശുദ്ധീകരണത്തിന്നായുള്ള വെള്ളത്തില്‍ മുഴുകിയുള്ള സ്നാനത്തെ,
ഗ്രീക്ക് ഭാഷയില്‍, ബാപ്ത്മൊസ് എന്നു വിളിച്ചു. (രണ്ടാം
ദൈവാലയ കാലം, 516 BC – 70 AD).
യോഹന്നാന്‍ സ്നാപകന്‍ അംഗമായിരുന്ന എസ്സെനെസ് എന്ന കടുത്ത
യഹൂദ യാഥാസ്ഥിക വിഭാഗം, യഹൂദ മരുഭൂമിയില്‍,
ചാവുകടലിനോടു ചേര്‍ന്നുള്ള ഗുഹകളില്‍ ജീവിച്ചിരുന്നു. അവര്‍ എല്ലാ ദിവസവും
മനസാന്തരം ഏറ്റുപറയുകയും ശേഷം വെള്ളത്തില്‍ മുഴുകി സ്നാനപ്പെടുകയും
ചെയ്യുമായിരുന്നു.
അതായത്, യോഹന്നാന്‍ സ്നാപകന്റെയും യേശുക്രിസ്തുവിന്റെയും കാലത്ത്
വെള്ളത്തില്‍ മുഴുകി സ്നാനപ്പെടുന്ന രീതി യഹൂദന്‍മാര്‍ക്കിടയില്‍ ഉണ്ടായിരുന്നു.
ഇത് ശരീരത്തിന്റെ ശുദ്ധീകരണത്തിനുള്ള സ്നാനം ആയിരുന്നു. യോഹന്നാന്‍ സ്നാനം
പ്രസംഗിച്ചപ്പോള്‍ യഹൂദന്മാര്‍ അതിനെ എതിര്‍ക്കാതിരുന്നത് അതുകൊണ്ടാണ്. എന്നാല്‍
യോഹന്നാന്‍ മനസാന്തരപ്പെട്ടത്തിന് ശേഷമുള്ള സ്നാനമാണ് പ്രസംഗിച്ചത്. അതിനോടു
എല്ലാവരും യോജിച്ചതായി കാണുന്നില്ല.
ശുദ്ധീകരണം, ആത്മീയ അവസ്ഥയിലുള്ള മാറ്റം,
വെള്ളത്തില്‍ മുഴുകുന്നതുപോലെയുള്ള അനുഭവം എന്നീ അനുഭവങ്ങള്‍ യോഹന്നാന്റെ സ്നാനത്തില്‍
ഉള്ളതുപോലെ, പരിശുദ്ധാത്മാവിനാലുള്ള സ്നാനത്തിലും
ഉണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞത്.
യേശുവിന്റെ
വാഗ്ദത്തം
രണ്ടാമത്തെ വേദഭാഗം യേശു നല്‍കുന്ന വാഗ്ദത്തമാണ്. യോഹന്നാന്‍
സ്നാപകന്‍ ആത്മസ്നാനം പ്രവചിച്ചപ്പോള്‍, യേശുക്രിസ്തു
അത് വാഗ്ദത്തം ചെയ്തു. അതിനായി കാത്തിരിക്കേണം എന്നും ശിഷ്യന്മാരോടു പറഞ്ഞു.
അപ്പോസ്തല
പ്രവൃത്തികള്‍ 1: 5, 8
5 യോഹന്നാൻ
വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ
പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.
8 എന്നാൽ
പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും
യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും
എന്നു പറഞ്ഞു.
ഈ പ്രവചനവും വാഗ്ദത്തവും പെന്തെക്കോസ്ത് നാളില്‍ നിവര്‍ത്തിക്കപ്പെട്ടു.
മാനവ ചരിത്രത്തില്‍ ആദ്യമായി സാധാരണ മനുഷ്യരുടെമേല്‍ പരിശുദ്ധാത്മാവ്
എന്നന്നേക്കുമായി വസിക്കുവാനായി ഇറങ്ങിവന്നു. ഇതിന് മുമ്പ്,
പരിശുദ്ധാത്മാവ് ഒരുവന്റെമേല്‍ എന്നന്നേക്കുമായി വസിച്ച ഒരു അനുഭവമേയുള്ളൂ. അത്
യേശുക്രിസ്തുവിന്റെമേലുള്ള ആത്മപകര്‍ച്ചയാണ്. യേശുക്രിസ്തു സ്നാനപ്പെട്ട്
വെള്ളത്തില്‍ നിന്നും കയറിയപ്പോള്‍ പരിശുദ്ധാത്മാവ് അവന്റെ മേല്‍ വന്നു, അവനില്‍
വസിച്ചു.
മത്തായി 3: 16
യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി; അപ്പോൾ
സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെമേൽ വരുന്നതു അവൻ
കണ്ടു;
യോഹന്നാന്‍ 1: 32, 33
32 യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞതു: ആത്മാവു ഒരു പ്രാവുപോലെ
സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അതു
അവന്റെമേൽ വസിച്ചു.
33 ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും
വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു
ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം
കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.
ഇത് ഒരുവനില്‍ ആത്മാവിന്റെ സ്ഥിരമായ വാസത്തെക്കുറിച്ചുള്ള
പരാമര്‍ശമാണ്. ആത്മസ്നാനം യേശുവിന്റെ പിന്നീടുള്ള ശുശ്രൂഷകള്‍ക്ക് ശക്തി പകര്‍ന്നു.
അതിലുപരിയായി, മരുഭൂമിയില്‍ അവന്‍ പിശാചിനാല്‍
പരീക്ഷിക്കപ്പെട്ടപ്പോള്‍ പിശാചിനെ ജയിക്കുവാനുള്ള ശക്തിയും ആത്മസ്നാനത്തിലൂടെ
ലഭിച്ചു.
ഇതേ അനുഭവമാണ് യേശുക്രിസ്തു ശിഷ്യന്‍മാര്‍ക്ക് വാഗ്ദത്തം
ചെയ്തതും അവര്‍ പെന്തെക്കോസ്ത് ദിവസം പ്രാപിച്ചതും. അന്ന് ക്രിസ്തുവിന്റെ സഭ ഈ
ഭൂമിയില്‍ രൂപീകൃതമായി. തുടര്‍ന്നു അപ്പോസ്തലന്മാരുടെ പ്രവര്‍ത്തനങ്ങളിലെല്ലാം പരിശുദ്ധാത്മാവിന്റെ
മുഖ്യ സാന്നിധ്യം കാണാം. അവര്‍ എപ്പോഴും പരിശുദ്ധാത്മ സാന്നിധ്യത്തെ ഏറ്റുപറയുകയും
ചെയ്തു.
പെന്തെക്കോസ്ത് നാളിലെ ആത്മപകര്‍ച്ച
മൂന്നാമത്തെ വേദഭാഗം,
പെന്തെക്കോസ്ത് നാളില്‍ സംഭവിച്ച പരിശുദ്ധാത്മ സ്നാനത്തിന്റെ വിവരണമാണ്. ഇത്
നമ്മള്‍ അപ്പോസ്തലപ്രവൃത്തികള്‍ 2 ആം അദ്ധ്യായത്തില്‍ വായിക്കുന്നു.
അപ്പോസ്തല
പ്രവൃത്തികള്‍ 2: 1 - 4
1 പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു
സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു.
2 പെട്ടെന്നു
കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു.
3 അഗ്നിജ്വാലപോലെ
പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെമേൽ പതിഞ്ഞു.
4 എല്ലാവരും
പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ
അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി.
പെന്തെക്കോസ്ത് ദിവസം,
ശിഷ്യന്മാര്‍ പരിശുദ്ധാത്മാവ് നിറഞ്ഞവരായി. അവര്‍ അന്യഭാഷകളില്‍ “ദൈവത്തിന്റെ
വൻകാര്യങ്ങളെ” പ്രസ്താവിച്ചു. ഇത് കേട്ട യഹൂദന്മാര്‍ രണ്ടു രീതിയിലാണ്
പ്രതികരിച്ചത്.
അപ്പോസ്തല
പ്രവൃത്തികള്‍ 2: 11, 12, 13
11 ക്രേത്യരും അറബിക്കാരുമായ നാം ഈ നമ്മുടെ ഭാഷകളിൽ അവർ
ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു കേൾക്കുന്നുവല്ലോ എന്നു പറഞ്ഞു.
12 എല്ലാവരും ഭ്രമിച്ചു ചഞ്ചലിച്ചു; ഇതു
എന്തായിരിക്കും എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.
13 ഇവർ പുതു വീഞ്ഞു കുടിച്ചിരിക്കുന്നു എന്നു
മറ്റു ചിലർ പരിഹസിച്ചു പറഞ്ഞു.
ഇതിനുള്ള മറുപടിയും വിശദീകരണവും ആണ് പത്രൊസിന്റെ പ്രഥമ
പ്രസംഗം. ഇവിടെ പരിശുദ്ധാത്മ സ്നാനം എന്താണ്, അത്
എങ്ങനെ സംഭവിച്ചു, അതിന്റെ ഉദ്ദേശ്യം എന്താണ്
എന്നതിനെക്കുറിച്ചാണ് പത്രൊസ് പ്രസംഗിക്കുന്നത്.
അപ്പോസ്തലപ്രവൃത്തികള്‍
2: 16 – 18
16 ഇതു
യോവേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാൽ:
17 “അന്ത്യകാലത്തു
ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ
പുത്രന്മാരും പുത്രിമാരും പ്രവചിക്കും;
നിങ്ങളുടെ യൌവ്വനക്കാർ ദർശനങ്ങൾ
ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ
കാണും.
18 എന്റെ
ദാസന്മാരുടെമേലും ദാസിമാരുടെമേലുംകൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.
യോവേല്‍ പ്രവചനം മശീഹായുഗത്തില്‍ നിറവേറ്റപ്പെടും
എന്നായിരുന്നു യഹൂദന്മാരുടെ വിശ്വസം. അന്ന് എല്ലാ യിസ്രയേല്യരും പരിശുദ്ധാത്മ
നിറവില്‍ ആകും. എല്ലാവരും പ്രവാചകന്മാരും ദര്‍ശകന്‍മാരും ആകും. യിസ്രായേല്‍ പ്രവചന
ആത്മാവിനാല്‍ നിറയും. അത് പ്രവാചകന്മാരുടെ രാജ്യമായി മാറും.
ഈ പ്രവചനം പെന്തെക്കോസ്ത് ദിവസം നിവര്‍ത്തിക്കപ്പെട്ടു
എന്നാണ് പത്രൊസ് പറഞ്ഞത്. അതായത് മശീഹാ യുഗം മാര്‍മ്മികമായി ആരംഭിച്ചു. യേശു
പ്രസംഗിച്ചതുപോലെ ദൈവരാജ്യം വന്നിരിക്കുന്നു. ക്രിസ്തീയ വിശ്വാസികളുടെ സമൂഹം,
പ്രവാചകന്‍മാരുടേയും ദര്‍ശകന്‍മാരുടെയും ദൈവരാജ്യമായി തീര്‍ന്നിരിക്കുന്നു. ഇതാണ്
പത്രൊസ് പ്രസംഗിച്ചത്.
യോവേല്‍ പ്രവാചകന്റെ വാക്കുകള്‍ നിവര്‍ത്തിക്കപ്പെട്ടതിന്റെ
നാള്‍വഴി എന്താണ് എന്നാണ് പത്രൊസ് തുടര്‍ന്നു വിശദീകരിക്കുന്നത്. പത്രൊസിന്‍റെ പ്രസംഗത്തിന്റെ ആദ്യഭാഗം
അവസാനിപ്പിക്കുന്നത് യേശു മശീഹയാണ് എന്ന് പറഞ്ഞുകൊണ്ടാണ്.
അപ്പോസ്തല പ്രവൃത്തികള്‍ 2: 36 ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം
കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി
അറിഞ്ഞുകൊള്ളട്ടെ.
അപ്പോള്‍ ജനത്തില്‍ ഒരുകൂട്ടര്‍, യോവേല്‍
പ്രവാചകന്‍ മുഖാന്തിരം അരുളിച്ചെയ്ത പ്രവചനം, അവരുടെ
ജീവിതത്തില്‍ നിവര്‍ത്തിയാകുവാന്‍, അവര്‍ ഇനി എന്തു ചെയ്യേണം എന്ന്
ചോദിച്ചു. അതിനുള്ള പത്രൊസിന്റെ മറുപടി ഇങ്ങനെയായിരുന്നു:
അപ്പോസ്തല
പ്രവൃത്തികള്‍ 2: 38, 39
38 പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ
പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.
39 വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ
കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു.
ഇതാണ് യോവേല്‍ പ്രവാചകനിലൂടെ ദൈവം നല്കിയ അരുളപ്പാടുകള്‍
നിവര്‍ത്തിയാകുവാനുള്ള ദൈവീക പദ്ധതി. ഈ ദൈവീക പദ്ധതിയാണ് ആത്മസ്നാനത്തിലൂടെ നിവര്‍ത്തിയായത്.
പെന്തെക്കോസ്ത് നാളില്‍ നിവര്‍ത്തിക്കപ്പെട്ട പരിശുദ്ധാത്മ
സ്നാനം യോഹന്നാന്‍ സ്നാപകന്‍ പ്രവചിച്ച ആത്മസ്നാനമാണ്. അത് യേശു വാഗ്ദത്തം
ചെയ്തതാണ്. അത് യോവേല്‍ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്ത മശീഹയുഗത്തിന്റെ മാര്‍മ്മികമായ
നിവര്‍ത്തിയാണ്.
പരിശുദ്ധാത്മ സ്നാനത്തിന്റെ ഉദ്ദേശ്യങ്ങള്‍
പരിശുദ്ധാത്മ സ്നാനത്തിന്റെ ഏക ദൈവീക ഉദ്ദേശ്യം നമ്മളെ യേശുക്രിസ്തുവിന്റെ
സാക്ഷികള്‍ ആകുവാന്‍ വേണ്ടി ശക്തരാക്കുക എന്നതാണ്.
അപ്പോസ്തലപ്രവൃത്തികള്‍ 1: 8 എന്നാൽ പരിശുദ്ധാത്മാവു
നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ
എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.
നമ്മള്‍ യേശുക്രിസ്തുവിന്റെ സാക്ഷികള്‍ ആകുന്നത് രണ്ട്
വിധമാണ്:
1.
ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക്
ഒത്തവണ്ണമുള്ള ഒരു വിശുദ്ധ ജീവിതം, ക്രിസ്തുവിന്റെ സാക്ഷ്യം ആണ്.
വിശുദ്ധ ജീവിതം, പിശാചിനോടും
പാപത്തോടും പോരാടി ജയിക്കുന്ന ജീവിതമാണ്. വിശുദ്ധ ജീവിതം ജയ ജീവിതമാണ്. എന്നാല്‍
പോരാട്ടം ഉള്ളത് മനുഷ്യരൊട് അല്ല, അത് പിശാചിനോടും പാപത്തോടുമാണ്. ഈ
പോരാട്ടത്തിനുള്ള ശക്തിയാണ് ആത്മസ്നാനം നല്‍കുന്നത്.
അതായത്, പരിശുദ്ധാത്മ സ്നാനം
ഉടന്‍ തന്നെ ഒരുവനെ വിശുദ്ധീകരിക്കുന്നില്ല. അത് വിശുദ്ധമായ ഒരു ജീവിതം
നയിക്കുവാനുള്ള ശക്തി പകര്‍ന്നു നല്കുന്നു. ആത്മാവ് വിശുദ്ധമായ ജീവിതത്തിനായുള്ള
ആഗ്രഹം ജനിപ്പിക്കുന്നു. വിശുദ്ധീകരണം ഒരു തുടര്‍ പ്രക്രിയ ആണ്. അതിനാല്‍
പരിശുദ്ധാത്മ നിറവ് ഒരു തുടര്‍ പ്രക്രിയ ആയിരിക്കേണം. അതിനു മാത്രമേ
വിശുദ്ധീകരണത്തെ മുന്നോട്ട് നയിക്കുവാന്‍ കഴിയൂ.
ജഡവും, ലോകവും,
പിശാചുമാണ് നമ്മളുടെ മൂന്നു ശത്രുക്കള്‍. ഇതിനെ ജയിച്ച ജീവിതമാണ് വിശുദ്ധ ജീവിതം.
ആത്മസ്നാനം ഇതിനെ ജയിക്കുവാന്‍ നമുക്ക് ശക്തി നല്കുന്നു.
1 യോഹന്നാന്‍ 2: 14 – 16
14 പിതാക്കന്മാരേ, ആദിമുതലുള്ളവനെ
നിങ്ങൾ അറിഞ്ഞിരിക്കയാൽ ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നു. ബാല്യക്കാരേ, നിങ്ങൾ ശക്തരാകയാലും ദൈവവചനം നിങ്ങളിൽ വസിക്കയാലും നിങ്ങൾ
ദുഷ്ടനെ ജയിച്ചിരിക്കയാലും ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നു.
15 ലോകത്തെയും
ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ
പിതാവിന്റെ സ്നേഹം ഇല്ല.
16 ജഡമോഹം, കണ്മോഹം,
ജീവനത്തിന്റെ പ്രതാപം ഇങ്ങനെ
ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല,
ലോകത്തിൽനിന്നത്രേ ആകുന്നു.
യാക്കോബ് 3: 14, 15
14 എന്നാൽ നിങ്ങൾക്കു
ഹൃദയത്തിൽ കൈപ്പുള്ള ഈർഷ്യയും ശാഠ്യവും ഉണ്ടെങ്കിൽ സത്യത്തിന്നു വിരോധമായി
പ്രശംസിക്കയും ഭോഷ്കു പറകയുമരുതു.
15 ഇതു ഉയരത്തിൽനിന്നു
വരുന്ന ജ്ഞാനമല്ല, ഭൌമികവും പ്രാകൃതവും പൈശാചികവും
ആയതത്രേ.
2. പരിശുദ്ധാത്മ
സ്നാനം ക്രിസ്തുന്റെ വേല ശക്തിയോടെ ചെയ്യുവാന്‍ നമ്മളെ പ്രാപ്തരാക്കുന്നു. ഇതിനായി
ദൈവം നമുക്ക് വിവിധ കൃപാവരങ്ങളെ നല്കുന്നു.
യേശുക്രിസ്തു
ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന് മുമ്പേ ശിഷ്യന്മാരോട് പറഞ്ഞത്,
പരിശുദ്ധാത്മ സ്നാനം ലഭിക്കുമ്പോള്‍ അവര്‍ അവന്റെ സാക്ഷികള്‍ ആകുവാന്‍ ശക്തര്‍
ആകും എന്നാണ്. അതിനാല്‍, യേശുവിന്റെ സാക്ഷിയാകാത്ത ഒരുവന്‍
പരിശുദ്ധാത്മ സ്നാനം പ്രാപിച്ചവനാണ് എന്നു പറയുന്നതു ഒരു വൈരുദ്ധ്യതയാണ്.
പരിശുദ്ധാത്മ
പകര്‍ച്ച നല്‍കുന്ന ശക്തി സുവിശേഷം പ്രസംഗിക്കുവാന്‍ മാത്രമുള്ളതല്ല. അത്
അത്ഭുതങ്ങളാലും അടയാളങ്ങളും വീര്യപ്രവൃത്തികളായും വചനത്തെ ഉറപ്പിക്കുവാനുള്ള
ശക്തികൂടിയാണ്. അതിന്റെ ചരിത്രമാണ് അപ്പോസ്തല പ്രവൃത്തികളില്‍ നമ്മള്‍ വായിക്കുന്നത്.
ഇതിനായി വിവിധ കൃപാവരങ്ങള്‍ ആത്മാവു നമുക്ക് നല്കുന്നു.
കൃപാവരങ്ങള്‍
ഒരുവന്റെ വ്യക്തിത്വ സവിശേഷതയോ, കഴിവുകളോ അല്ല. കൃപാവരങ്ങള്‍
താലന്ത് പരിശോധനയിലൂടെ കണ്ടെത്തുന്നതല്ല. അതൊരു വ്യക്തിത്വത്തിന്റെയോ,
കഴിവുകളുടെയോ പരിശോധനയിലൂടെ തീരുമാനിക്കപ്പെടുന്നതല്ല. കൃപാവരങ്ങള്‍
പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ ആണ്. കൃപാവരങ്ങള്‍ നമ്മളുടെ ശക്തിയെ കൂടുതല്‍ ബലപ്പെടുത്തുന്ന
പ്രവര്‍ത്തനങ്ങള്‍ അല്ല. നമ്മളുടെ ശക്തിഹീനതയില്‍ വെളിപ്പെടുന്ന ദൈവത്തിന്റെ
ശക്തിയാണ്.
2 കൊരിന്ത്യര്‍
12: 9, 10
9 അവൻ എന്നോടു:
എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു
എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന്നു ഞാൻ
അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും.
10 അതുകൊണ്ടു ഞാൻ
ക്രിസ്തുവിന്നു വേണ്ടി ബലഹീനത,
കയ്യേറ്റം, ബുദ്ധിമുട്ടു, ഉപദ്രവം,
ഞെരുക്കം എന്നിവ സഹിപ്പാൻ
ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ
ശക്തനാകുന്നു.
1 കൊരിന്ത്യര്‍ 1: 27, 28, 29
26 സഹോദരന്മാരേ, നിങ്ങളുടെ
വിളിയെ നോക്കുവിൻ: ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ ഏറെയില്ല, ബലവാന്മാർ
ഏറെയില്ല, കുലീനന്മാരും ഏറെയില്ല.
27 ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്വമായതു
തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം
ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു.
28 ഉള്ളതിനെ ഇല്ലായ്മയാക്കുവാൻ ദൈവം ലോകത്തിൽ കുലഹീനവും
നികൃഷ്ടവുമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു;
29 ദൈവസന്നിധിയിൽ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിന്നു തന്നേ.
ഇതിനൊരു ഉദാഹരമാണ്,
പണ്ഡിതനല്ലാതിരുന്ന, അശക്തനും ഭീരുവുമായിരുന്ന പത്രൊസിന്റെ
പെന്തെക്കോസ്ത് ദിവസത്തെ പ്രസംഗം.
പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങളുടെ ഒരു പട്ടിക 1 കൊരിന്ത്യര്‍ 12: 8 മുതല്‍ 10 വരെയുള്ള വാക്യങ്ങളില്‍ പൌലൊസ്
പറയുന്നുണ്ട്. എന്നാല്‍ യേശുക്രിസ്തുവിന്റെ സാക്ഷികള്‍ ആകുവാനുള്ള കൃപാവരങ്ങളില്‍
ഇത് മാത്രമല്ല ഉള്ളത്. അവന്നുവേണ്ടി കഷ്ടം സഹിക്കുക എന്നതും ഒരു കൃപാവരമാണ്.
അപ്പോസ്തപ്രവൃത്തികള്‍ 1: 8 ല്‍ പറയുന്ന “സാക്ഷികള്‍” എന്ന
വാക്കിന്റെ ആത്മീയ അര്‍ത്ഥം, ഒരുവന്റെ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ
ശക്തിയും സത്യവും, ക്രൂരമായ മരണത്തിലൂടെ കടന്നുപോയി
തെളിയിക്കുക എന്നതാണ് അതായത് യേശുക്രിസ്തുവിന്റെ സാക്ഷിയാകുക എന്നത് അവനായി രക്ത
സാക്ഷിയാകുക എന്നതാണ്. അല്ലെങ്കില്‍
മരണത്തോളം, ക്രിസ്തുവിനോടു വിശ്വസ്തനായിരിക്കുക എന്നതാണ്. ഇതിനാണ്
പരിശുദ്ധാത്മ സ്നാനം നമ്മളെ ശക്തരാക്കുന്നത്.
ഇതിന്റെ ഒരു ഉദാഹരണം നമുക്ക് എബ്രായലേഖനത്തിലെ വിശ്വാസികളുടെ
പട്ടികയില്‍ കാണാം.
എബ്രായര്‍ 11: 35 – 38
35 (വിശ്വാസത്താല്‍) .... മറ്റു ചിലർ ഏറ്റവും നല്ലൊരു
ഉയിർത്തെഴുന്നേല്പു ലഭിക്കേണ്ടതിന്നു ഉദ്ധാരണം കൈക്കൊള്ളാതെ ഭേദ്യം ഏറ്റു.
36 വേറെ ചിലർ പരിഹാസം,
ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു.
37 കല്ലേറു ഏറ്റു,
ഈർച്ചവാളാൽ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു,
വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു,
38 കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളർപ്പുകളിലും ഉഴന്നു
വലഞ്ഞു; ലോകം അവർക്കു യോഗ്യമായിരുന്നില്ല.
ക്രിസ്തുവിന്റെ
സാക്ഷിയാകുക എന്നത്, അവന് വേണ്ടി കഷ്ടം സഹിക്കുക എന്നതാണ്.
എങ്ങനെ ആത്മസ്നാനം പ്രാപിക്കാം
പരിശുദ്ധാത്മ സ്നാനം പ്രാപിക്കുന്നതിന്
വിശ്വസിക്കുക, പ്രാര്‍ത്ഥിക്കുക എന്നതല്ലാതെ മറ്റൊരു
മാര്‍ഗ്ഗമോ, സൂത്രവാക്യങ്ങളോ (formula)
ദൈവവചനം നല്‍കുന്നില്ല. പെന്തെക്കോസ്ത് നാളിലെ ആത്മപകര്‍ച്ചയാണ് പിന്നീട് സംഭവിച്ച
പരിശുദ്ധാത്മ സ്നാനത്തിന് മാതൃക. അപ്പോസ്തലന്മാര്‍ “ഒരുമനപ്പെട്ടു പ്രാര്‍ത്ഥിച്ചു”കൊണ്ടിരുന്നപ്പോഴാണ്
പരിശുദ്ധാത്മ സ്നാനം ഉണ്ടായത് (അപ്പോസ്തല പ്രവൃത്തികള്‍ 1: 14,
2: 1-4).
യേശുക്രിസ്തുവാണ് നമ്മളെ പരിശുദ്ധാത്മാവിനാല്‍
സ്നാനപ്പെടുത്തുന്നത്. വിശ്വസിക്കുന്നവരെ വെള്ളത്താല്‍ സ്നാനപ്പെടുത്തുവാന്‍ യേശു
നമ്മളോട് കല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ആത്മ സ്നാനം യേശുക്രിസ്തു നല്‍കുന്നതാണ്.
അപ്പോസ്തലപ്രവൃത്തികള്‍ 8: 20 ല്‍ പത്രൊസ് ഇതിനെ “ദൈവത്തിന്റെ ദാനം” എന്നാണ് വിശേഷിപ്പിക്കുന്നത്.
അതിനാല്‍ മനുഷ്യര്‍ക്ക് ആര്‍ക്കും ആത്മപകര്‍ച്ച നല്കുവാന്‍ കഴിയുന്നതല്ല.
അപ്പോസ്തലന്മാര്‍ കൈവച്ച് പ്രാര്‍ത്ഥിച്ചപ്പോഴും അങ്ങനെ
ചെയ്യാതിരുന്ന സന്ദര്‍ഭങ്ങളിലും വിശ്വസിച്ചവരുടെമേല്‍ ആത്മപകര്‍ച്ച ഉണ്ടായി. യെരൂശലേമില്‍ പെന്തക്കോസ്ത് നാളില്‍
ആരും ശിഷ്യന്മാരുടെമേല്‍ കൈവച്ച് പ്രാര്‍ത്ഥിച്ചില്ല. കൊര്‍ന്നല്യൊസിന്റെ
ഭവനത്തിലും, വിശ്വസിച്ചവരുടെ മേല്‍ കൈവച്ച്
പ്രാര്‍ത്ഥിക്കാതെ തന്നെ അവരുടെ മേല്‍ ആത്മാവു പകര്‍ന്നു.
പഴയനിയമത്തിലും പുതിയനിയമത്തിലും,
മനുഷ്യരുടെമേല്‍ പരിശുദ്ധാത്മ പകര്‍ച്ചയുണ്ടായപ്പോള്‍, അതിനു അടയാളങ്ങള്‍ ഉണ്ടായിരുന്നു.
പഴയനിയമത്തില്‍ അത് പ്രവചനം ആയിരുന്നെങ്കില്‍ പുതിയനിയമത്തില്‍ അത് അന്യഭാഷാ ഭാഷണം
ആയിരുന്നു. അന്യഭാഷാ ഭാഷണവും പ്രവചനവും ഒരേ ആത്മപ്രവൃത്തിയാണ്.
അപ്പോസ്തല പ്രവൃത്തികളില്‍ രേഖപ്പെടുത്തിയിരിക്കുന്ന
ചരിത്രത്തില്‍ ഉടനീളം, അന്യഭാഷാ ഭാഷണം പരിശുദ്ധാത്മ
സ്നാനത്തിന്റെ അടയാളമായിരുന്നു. പുതിയനിയമത്തില്‍ ഒരിടത്തുപോലും,
പരിശുദ്ധാത്മ സ്നാനം അന്യഭാഷാ ഭാഷണം കൂടാതെ സംഭവിച്ചതായി രേഖപ്പെടുത്തിയിട്ടില്ല.
അതിനാല്‍ ആത്മ സ്നാനം സംഭവിക്കുമ്പോള്‍, ഒരുവന്‍ അന്യഭാഷയില്‍ സംസാരിക്കേണം. അത്
പരിശുദ്ധാത്മ സ്നാനത്തിന്റെ പുതിയനിയമത്തില്‍ പറയുന്ന ഏക അടയാളമാണ്.
വിവിധ സന്ദര്‍ഭങ്ങളില്‍, ഒരു വ്യക്തി
മാത്രമായും വിശ്വാസികളുടെ കൂട്ടവും ആത്മ സ്നാനം
പ്രാപിച്ചിട്ടുണ്ട്. പൌലൊസ് പരിശുദ്ധാത്മ സ്നാനം പ്രാപിച്ചപ്പോള്‍,
കൂട്ടത്തില്‍ മറ്റാരും അതേ അനുഭവം പ്രാപിച്ചതായി വായിക്കുന്നില്ല.
വീണ്ടും ജനനം
പ്രപ്പിക്കുന്നതിനും പരിശുദ്ധാത്മ സ്നാനത്തിനും ഇടയില്‍ ഒരു ഇടവേള ഉണ്ടായിരിക്കേണം
എന്നു നിര്‍ബന്ധമില്ല. എന്നാല്‍ വീണ്ടും ജനനം സാധ്യമാക്കുന്ന ആത്മാവിന്റെ പ്രവര്‍ത്തനവും
പരിശുദ്ധാത്മ സ്നാനവും രണ്ടു അനുഭവങ്ങള്‍ ആണ്. പരിശുദ്ധാത്മ സ്നാനം രണ്ടാമത്തെ
അനുഗ്രഹമോ, ദൈവകൃപയുടെ രണ്ടാമത്തെ പ്രവര്‍ത്തനമോ
അല്ല (second blessing, second work of grace). അത് യേശുക്രിസ്തുവിന്റെ സാക്ഷികള്‍ ആകുവാനുള്ള ശാക്തീകരണം
ആണ്.
No comments:
Post a Comment