പഴയനിയമ ചരിത്രത്തില്‍ തകര്‍ന്നുപോയ സമ്പന്നമായിരുന്ന ചില പുരാതന പട്ടണങ്ങളും രാജ്യങ്ങളും ഉണ്ട്. ഇവയുടെ തകര്‍ച്ചയില്‍ ദൈവീക ഇടപെടലുകള്‍ ഉണ്ടായിരുന്നതായും വേദപുസ്തകത്തില്‍ പറയുന്നുണ്ട്. ആ പട്ടണങ്ങളുടെ അതിക്രമവും, ദുഷ്ടതയും, അധാര്‍മ്മിക ജീവിതവും, ദൈവ ജനത്തിനെതിരെയുള്ള മല്‍സരവും ആണ് ദൈവത്തിന്റെ പ്രതികൂല ഇടപെടലുകള്‍ക്ക് കാരണം. ഇത്തരത്തില്‍ തകര്‍ന്നുപോയ ഒരു പുരാതന മഹാനഗരം ആയിരുന്നു സോര്‍.
യെശയ്യാവു 23, യെഹെസ്കേല്‍ 26 എന്നീ അദ്ധ്യായങ്ങളിലും മറ്റ് ചില പ്രവചന പുസ്തകങ്ങളിലും സോര്‍ പട്ടണത്തിന്റെ തകര്‍ച്ചയെക്കുറിച്ചുള്ള ദൈവത്തിന്റെ അരുളപ്പാടുകള്‍ നമുക്ക് വായിക്കാം.
എന്തുകൊണ്ട് യഹോവ സോരിന് എതിരായി
യഹോവയായ ദൈവം സോര്‍ പട്ടണത്തിന് പ്രതികൂലമായി നില്‍ക്കുവാനുള്ള കാരണങ്ങള്‍ പ്രവാചകന്മാരിലൂടെ ദൈവം വെളിപ്പെടുത്തുന്നുണ്ട്. ഈ വെളിപ്പെടുത്തലുകളില്‍ നിന്നും പട്ടണത്തിന്റെ തകര്‍ച്ചയുടെ പിന്നില്‍ യഹോവയായ ദൈവത്തിന്റെ ഇടപെടില്‍ ഉണ്ടായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. എന്തായിരുന്നു അതിനുള്ള കാരണം എന്ന് മനസ്സിലാക്കികൊണ്ടു നമുക്ക് സോരിന്റെ പതനത്തിന്റെ ചരിത്രത്തിലേക്ക് പോകാം.
യെഹെസ്കേല്‍ 26: 3, 4
3 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; സമുദ്രം തന്റെ തിരകളെ കയറിവരുമാറാക്കുന്നതുപോലെ ഞാൻ അനേകം ജാതികളെ നിന്റെ നേരെ പുറപ്പെട്ടുവരുമാറാക്കും.
4 അവർ സോരിന്റെ മതിലുകളെ നശിപ്പിച്ചു, അതിന്റെ ഗോപുരങ്ങളെ ഇടിച്ചുകളയും; ഞാൻ അതിന്റെ പൊടി അടിച്ചുവാരിക്കളഞ്ഞു അതിനെ വെറും പാറയാക്കും.
ഈ ദൈവീക അരുളപ്പാടിനെ നമുക്ക് ചരിത്രവുമായി ചേര്‍ത്തു വച്ച് വായിച്ചു നോക്കാം. സോര്‍ പട്ടണം ദൈവജനമായിരുന്ന യിസ്രയേലിന്റെ ഒരു ശത്രു രാജ്യം ആയിരുന്നില്ല. സോര്‍ പട്ടണത്തിലെ ഹീരാം രാജാവു ദാവീദ് രാജാവിന്റെ സുഹൃത്തായിരുന്നു. “സോർ രാജാവായ ഹീരാം ദാവീദിന്റെ അടുക്കൽ ദൂതന്മാരെയും ദേവദാരുക്കളെയും ആശാരികളെയും കല്പണിക്കാരെയും അയച്ചു; അവർ ദാവീദിന്നു ഒരു അരമന പണിതു.” എന്ന് നമ്മള്‍ 2 ശമുവേല്‍ 5: 11 ല്‍ വായിക്കുന്നു. പിന്നീട് ശലോമോന്‍ രാജാവായപ്പോള്‍, “ഈ മഹാജനത്തെ വാഴുവാൻ ദാവീദിന്നു ജ്ഞാനമുള്ളോരു മകനെ കൊടുത്ത യഹോവ ഇന്നു വാഴ്ത്തപ്പെടുമാറാകട്ടെ” എന്നാണ് ഹീരാം രാജാവ് പറഞ്ഞത്. (1 രാജാക്കന്മാര്‍ 5: 7).
ശലോമോന്‍ രാജാവു യെരൂശലേമില്‍ ദൈവാലയം നിര്‍മ്മിച്ചപ്പോള്‍, സോരിലെ രാജാവായിരുന്ന ഹീരാം (King Hiram of Tyre) ആലയത്തിന്റെ നിര്‍മ്മാണത്തിനായി ദേവദാരുമരം, സരളമരം എന്നിവ എത്തിച്ചു കൊടുത്തു. അവന്‍ പ്രഗല്‍ഭരായ ജോലിക്കാരെയും കൊടുത്തു. അതിനു പകരമായി ശലോമോന്‍, സോരിന്റെ രാജാവായ ഹീരാമിന് ഇരുപതിനായിരം പറ ഗോതമ്പും ഇരുപതു പറ ഇടിച്ചെടുത്ത എണ്ണയും ആണ്ടുതോറും കൊടുത്തു. (1 രാജാക്കന്മാര്‍ 5: 2-11).
സോര്‍ പട്ടണത്തിന് യിസ്രായേലുമായി നല്ല വ്യാപാര ബന്ധം ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച് യെഹെസ്കേല്‍ 27: 17 ല്‍ പറയുന്നുണ്ട്:
യെഹെസ്കേല്‍ 27: 17 യെഹൂദയും യിസ്രായേൽദേശവും നിന്റെ വ്യാപാരികളായിരുന്നു; അവർ മിന്നീത്തിലെ കോതമ്പും പലഹാരവും തേനും എണ്ണയും പരിമളതൈലവും നിന്റെ ചരക്കിന്നു പകരം തന്നു.
ഈ സൌഹൃദത്തില്‍ സോര്‍ പട്ടണത്തിന് വ്യാപാര ഇടപാടുകള്‍ ആയിരുന്നു താല്‍പര്യം. അവര്‍ ഒരിയ്ക്കലും യഹോവയിലുള്ള യിസ്രയേലിന്റെ വിശ്വാസത്തെ സ്വീകരിച്ചിട്ടില്ല.
എന്നാല്‍ ശലോമോന് ശേഷം ഈ സൌഹൃദം തുടര്‍ന്നില്ല. യോവേല്‍ 3 ആം അദ്ധ്യായത്തില്‍ “സോരും സീദോനും സകല ഫെലിസ്ത്യ പ്രദേശങ്ങ”ളോടുള്ള ദൈവീക അരുളപ്പാട് ഉണ്ട്. 4 മുതല്‍ 6 വരെയുള്ള വാക്യങ്ങളില്‍ “നിങ്ങൾ എന്റെ വെള്ളിയും പൊന്നും എടുത്തു എന്റെ അതിമനോഹരവസ്തുക്കൾ നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കു കൊണ്ടുപോയി.” എന്നും “യെഹൂദ്യരെയും യെരൂശലേമ്യരെയും ... യവനന്മാർക്കു വിറ്റുകളഞ്ഞു.” എന്നും പറയുന്നു. വാക്യം ഇങ്ങനെയാണ്:
യോവേല്‍ 3: 4-7
4 സോരും സീദോനും സകല ഫെലിസ്ത്യ പ്രദേശങ്ങളുമായുള്ളോവേ, നിങ്ങൾക്കു എന്നോടു എന്തു കാര്യം? നിങ്ങളോടു ചെയ്തതിന്നു നിങ്ങൾ എനിക്കു പകരം ചെയ്യുമോ? അല്ല, നിങ്ങൾ എന്നോടു വല്ലതും ചെയ്യുന്നു എങ്കിൽ ഞാൻ വേഗമായും ശീഘ്രമായും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേൽ തന്നേ വരുത്തും.
5 നിങ്ങൾ എന്റെ വെള്ളിയും പൊന്നും എടുത്തു എന്റെ അതിമനോഹരവസ്തുക്കൾ നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കു കൊണ്ടുപോയി.
6 യെഹൂദ്യരെയും യെരൂശലേമ്യരെയും അവരുടെ അതിരുകളിൽനിന്നു ദൂരത്തു അകറ്റുവാൻ തക്കവണ്ണം നിങ്ങൾ അവരെ യവനന്മാർക്കു വിറ്റുകളഞ്ഞു.
7 എന്നാൽ നിങ്ങൾ അവരെ വിറ്റുകളഞ്ഞിടത്തുനിന്നു ഞാൻ അവരെ ഉണർത്തുകയും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേൽ തന്നേ വരുത്തുകയും ചെയ്യും.
ആമോസ് 1: 9 ആം വാക്യത്തില്‍ യഹോവ അരുളിചെയ്യുന്നതിങ്ങനെയാണ്:
ആമോസ് 1: 9 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ സഹോദര സഖ്യത ഓർക്കാതെ ബദ്ധന്മാരെ ആസകലം എദോമിന്നു ഏല്പിച്ചുകളഞ്ഞിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.
ഇതില്‍ നിന്നും സോര്‍ പട്ടണക്കാരുടെ അതിക്രമങ്ങളില്‍ രണ്ടു കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാം:
1. അവര്‍ യഹോവയായ ദൈവത്തിന്റെ ആലയത്തില്‍ നിന്നും (എന്റെ) വെള്ളിയും പൊന്നും, അവിടെയുള്ള അതിമനോഹരവസ്തുക്കളും എടുത്തു, അവരുടെ ക്ഷേത്രങ്ങളിലേക്കു കൊണ്ടുപോയി.
2. യെഹൂദ്യരെയും യെരൂശലേമ്യരെയും പിടിച്ച് യവനന്‍മാര്‍ക്കും എദോമ്യര്‍ക്കും അടിമകള്‍ ആയി വിറ്റുകളഞ്ഞു.
ഇത് അവര്‍ക്കെതിരെയുള്ള യഹോവയുടെ കോപത്തിന് കാരണമായി. എന്നാല്‍ ഇത് കൂടാതെ മൂന്നാമതൊരു കാരണം കൂടി ഉണ്ട്. അതാണ് യെഹെസ്കേല്‍ 26: 2 മുതല്‍ 4 വരെയുള്ള വാക്യങ്ങളില്‍ പറയുന്നത്:
യെഹെസ്കേല്‍ 26: 2 - 4
2 മനുഷ്യപുത്രാ, യെരൂശലേമിനെക്കുറിച്ചു: നന്നായി, ജാതികളുടെ വാതിലായിരുന്നവൾ തകർന്നുപോയി; അവൾ എങ്കലേക്കു തിരിഞ്ഞിരിക്കുന്നു; അവൾ ശൂന്യമായ്തീർന്നിരിക്കയാൽ ഞാൻ നിറയും എന്നു സോർ പറയുന്നതുകൊണ്ടു
3 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; സമുദ്രം തന്റെ തിരകളെ കയറിവരുമാറാക്കുന്നതുപോലെ ഞാൻ അനേകം ജാതികളെ നിന്റെ നേരെ പുറപ്പെട്ടുവരുമാറാക്കും.
4 അവർ സോരിന്റെ മതിലുകളെ നശിപ്പിച്ചു, അതിന്റെ ഗോപുരങ്ങളെ ഇടിച്ചുകളയും; ഞാൻ അതിന്റെ പൊടി അടിച്ചുവാരിക്കളഞ്ഞു അതിനെ വെറും പാറയാക്കും.
ഈ വാക്യത്തിന്റെ ചരിത്ര പശ്ചാത്തലം ഇതാണ്:
605 BC യില്‍ ബാബിലോണ്‍ രാജാവായ നെബൂഖദുനേസർ ഈജിപ്തിനെ ആക്രമിച്ചു കീഴടക്കി. അപ്പോള്‍ യഹൂദ ഈജിപ്തിന് കപ്പം കൊടുക്കുന്ന ആശ്രയ രാജ്യം ആയിരുന്നു. അതിനാല്‍, തുടര്‍ന്നു യഹൂദ ബാബിലോണിന് കപ്പം നല്‍കുന്ന ഒരു പ്രവിശ്യയായി മാറി.
BC 609 ല്‍ യെഹോയാക്കീം യെരൂശലേമില്‍ രാജാവായി. അവന്‍ ബാബിലോണിന് കപ്പം കൊടുക്കുന്ന പതിവ് ലംഘിച്ചു. അതിനാല്‍ 598 BC ല്‍ യെഹൂദയെ നെബൂഖദുനേസർ ആക്രമിക്കുകയും യഹൂദന്മാരെ ബാബിലോണിലേക്ക് പിടിച്ചുകൊണ്ടു പോകുകയും ചെയ്തു. അവര്‍ യഹൂദ രാജാവായ യെഹോയാക്കീം നെ പിടിച്ചു, ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി. നെബൂഖദുനേസർ യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളും ബാബേലിൽ കൊണ്ടുപോയി അവരുടെ ദേവന്റെ ക്ഷേത്രത്തിൽവെച്ചു. (2 രാജാക്കന്മാര്‍ 24, 2 ദിനാവൃത്താന്തം 36). എന്നാല്‍ പിന്നീട് യെഹോയാക്കീമിനെ യെരൂശലേമില്‍, ബാബിലോണിന്റെ ആശ്രിത രാജാവാക്കി വച്ചു. 586 BC ല്‍ ബാബിലോണ്‍ പൂര്‍ണ്ണമായി യഹൂദ്യയെ കീഴടക്കി.
യെരൂശലേമിന്റെ ഈ വീഴ്ചയില്‍ സോര്‍ പട്ടണക്കാര്‍ സന്തോഷിച്ചു എന്നാണ് യെഹെസ്കേല്‍ 26: 2 ല്‍ പറയുന്നത്.
യെഹെസ്കേല്‍ 26: 2 മനുഷ്യപുത്രാ, യെരൂശലേമിനെക്കുറിച്ചു: നന്നായി, ജാതികളുടെ വാതിലായിരുന്നവൾ തകർന്നുപോയി; അവൾ എങ്കലേക്കു തിരിഞ്ഞിരിക്കുന്നു; അവൾ ശൂന്യമായ്തീർന്നിരിക്കയാൽ ഞാൻ നിറയും എന്നു സോർ പറയുന്നതുകൊണ്ടു”
സോര്‍ എപ്പോഴും അവരുടെ വ്യാപാര അഭിവൃദ്ധിയെക്കുറിച്ച് മാത്രമേ ചിന്തിച്ചിരുന്നുള്ളൂ. യെരൂശലേമിന്റെ തകര്‍ച്ച സോരിന്റെ വ്യാപാരത്തിന് ഗുണകരമാകും എന്ന് അവര്‍ പറഞ്ഞു സന്തോഷിച്ചു. ഏതെങ്കിലും വിഷയത്തില്‍ സോരിന്റെ വ്യാപാരത്തിന് യഹൂദ്യ ഒരു വെല്ലുവിളി ആയിരുന്നിരിക്കേണം. അതിനെക്കുറിച്ച് നമുക്ക് ഇന്ന് വ്യക്തതയില്ല. യെഹൂദ്യയുടെ പതനം വ്യാപാരത്തിന്റെ കുത്തക സോരിന് ലഭിക്കുവാന്‍ ഇടയാക്കി. അതിനാല്‍ യെരൂശലേമിന്റെ പരാജയത്തില്‍ സോര്‍ സന്തോഷിച്ചു.
ഈ മൂന്ന് കാരണങ്ങള്‍, യഹോവയ്ക്ക് അനിഷ്ടമായതായി വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സോര്‍ പട്ടണക്കാര്‍ യഹൂദ ജനത്തെ പിടിച്ച് അടിമകള്‍ ആയി വിറ്റു. യഹോവയുടെ ആലയത്തിലെ വെള്ളിയും പൊന്നും, അതിമനോഹരവസ്തുക്കളും എടുത്തു അവരുടെ ക്ഷേത്രങ്ങളിലേക്കു കൊണ്ടുപോയി. ബാബിലോണിയന്‍ രാജാവായിരുന്ന നെബൂഖദുനേസർ യെഹൂദ്യയെ പിടിച്ചെടുത്തപ്പോള്‍ സോര്‍ അതില്‍ ഏറെ സന്തോഷിച്ചു. ഇതെല്ലാം അവര്‍ക്കെതിരെയുള്ള യഹോവയുടെ കോപത്തിന് കാരണമായി.
ഭൌതീക വസ്തുക്കളുടെ സമ്പന്നതയില്‍ അഹങ്കരിക്കുകയും ദൈവ ജനത്തിന്റെ തകര്‍ച്ചയില്‍ സന്തോഷിക്കുകയും അത് അവര്‍ക്ക് നന്‍മായി തീരും എന്നു ചിന്തിക്കുകയും ചെയ്യുന്ന രാജ്യങ്ങളെയും വ്യക്തികളെയും ദൈവം ശിക്ഷിക്കും എന്നതിന്റെ ഒരു ഉദാഹരണം ആണ് സോര്‍ പട്ടണം.
സദൃശവാക്യങ്ങള്‍ 17: 5 ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ആപത്തിൽ സന്തോഷിക്കുന്നവന്നു ശിക്ഷ വരാതിരിക്കയില്ല.
ഫെനീഷിയ (Phoenicia - 1200 BC–539 BC)
നോഹയുടെ പുത്രനായ ഹാമിന്‍റെ പുത്രനാണ് കനാന്‍. ഉല്‍പ്പത്തി 10 : 18 ല്‍ കനാന്‍റെ മക്കള്‍ വിവിധ പട്ടണങ്ങള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. കനാന്‍റെ ആദ്യജാതന്‍ ആയിരുന്നു സീദോന്‍. അവന് 10 സഹോദരങ്ങള്‍ കൂടി ഉണ്ടായിരുന്നു. ഇവരെല്ലാവരും അവരുടേതായ പട്ടണങ്ങള്‍ സ്ഥാപിച്ചു കാണും. അവരുടെ എല്ലാവരുടെയും രാജ്യങ്ങളുടെ മൊത്തം അതിര്‍ത്തിയെക്കുറിച്ച് 19 ആം വാക്യത്തില്‍ പറയുന്നതിങ്ങനെ ആണ്:
ഉല്‍പ്പത്തി 10: 19 കനാന്യരുടെ അതിർ സീദോൻ തുടങ്ങി ഗെരാർവഴിയായി ഗസ്സാവരെയും സൊദോമും ഗൊമോരയും ആദ്മയും സെബോയീമും വഴിയായി ലാശവരെയും ആയിരുന്നു.”
സോര്‍ എന്നത് ഒരു പുരാതന ഫെനീഷ്യന്‍ പട്ടണം ആയിരുന്നു. മെഡിറ്ററേനിയന്‍ സമുദ്രത്തിന്‍റെ (മദ്ധ്യധരണ്യാഴി) തീരത്ത് സ്ഥിതിചെയ്തിരുന്ന ഒരു കൂട്ടം പട്ടണങ്ങളെയാണ് ഫെനീഷ്യ എന്ന് വിളിക്കുന്നത്. ഫെനീഷ്യ എന്ന പേര് വേദപുസ്തകത്തിലോ, ഫെനീഷ്യ എന്നൊരു ഒരു രാജ്യത്തെക്കുറിച്ച് പുരാതന ബാബിലോണിയ, അസ്സീറിയ രേഖകളിലോ പറയുന്നില്ല. എങ്കിലും അവിടെയുള്ള പട്ടണങ്ങളെക്കുറിച്ച് പരമര്‍ശങ്ങള്‍ ഉണ്ട്. ഓരോ പട്ടണവും ഓരോ ചെറിയ സ്വതന്ത്ര രാജ്യങ്ങള്‍ ആയിരുന്നു. ഇന്നത്തെ സിറിയ, ലെബനന്‍, വടക്കന്‍ യിസ്രായേല്‍ എന്നിവ പഴയ ഫെനീഷ്യന്‍ പട്ടണങ്ങള്‍ സ്ഥിതിചെയ്തിരുന്ന പ്രദേശങ്ങള്‍ ആണ്. അവര്‍ ചിലപ്പോള്‍ സംഘര്‍ഷത്തിലും ചിലപ്പോള്‍ സന്ധികളില്‍ അധിഷ്ഠിതമായ സൌഹൃദത്തിലും നിലനിന്നു. അവര്‍ പിന്നീട് സിറിയ, കാര്‍ത്തേജ് എന്നിവയുടെ തീരങ്ങളിലേക്ക് കുടിയേറി.
ഫെനീഷ്യ എന്ന പേര് പുരാതന ഗ്രീക്കു കൃതികളില്‍ കാണാവുന്നതാണ്. ഫെനീഷ്യക്കാര്‍ ഒരു പ്രത്യേക തരത്തിലുള്ള പര്‍പ്പിള്‍ നിറം (ധൂമ്രവര്‍ണ്ണം) ഉണ്ടാക്കിയിരുന്നു. ഈ നിറത്തിലുള്ള വസ്ത്രങ്ങള്‍ക്ക് വലിയ വിലയായിരുന്നു. പര്‍പ്പിള്‍ നിറത്തിന് ഗ്രീക്കില്‍ ഉള്ള വാക്ക് ആയിരുന്നു ഫെനീഷ്യ. ലെബാനോനിന്റെ തീരത്ത് താമസിച്ചിരുന്നവര്‍ പര്‍പ്പിള്‍ നിറം നിര്‍മ്മിക്കുന്നവര്‍ ആയിരുന്നതിനാല്‍, അവര്‍ക്ക് ഫെനീഷ്യക്കാര്‍ എന്നു പേരായി എന്നു ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നു.
ഫെനീഷ്യരും ഫെലിസ്ത്യരും പലസ്തീന്‍ പ്രദേശത്തെ തീര പ്രദേശങ്ങളില്‍, അതായത്, ഇന്നത്തെ ലെബനന്‍റെ തീരപ്രദേശങ്ങളില്‍ ജീവിച്ചിരുന്നവര്‍ ആണ്. അവര്‍ മുമ്പ് ഒരു കൂട്ടര്‍ ആയിരുന്നിരിക്കേണം. അവര്‍ പേര്‍ഷ്യന്‍ പ്രദേശങ്ങളില്‍ നിന്നും ഏകദേശം 3000 BC യില്‍ മെഡിറ്ററേനിയന്‍ തീരത്ത് കുടിയേറി കോളനികള്‍ സ്ഥാപിച്ചു താമസിച്ചിരുന്നവര്‍ ആയിരുന്നു.
ഫെനീഷ്യയും കനാന്‍ രാജ്യങ്ങളും
പശ്ചിമ ഏഷ്യയിലെ, കിഴക്കന്‍ മെഡിറ്ററേനിയന്‍ പ്രദേശത്തു (the Levant region - Eastern Mediterranean region of Western Asia) ഉണ്ടായിരുന്ന, അനേകം ചെറിയ പട്ടങ്ങള്‍ ചേര്‍ന്ന, വളരെ വിശാലമായ, സമ്പന്നമായ ഒരു പ്രദേശത്തിന്റെ പൊതുവായ പേരായിരുന്നു കനാന്‍. ഫെനീഷ്യരും മോവാബ്യരും, എദോമ്യരും കനാന്‍ ദേശത്ത് താമസിച്ചിരുന്നു. അതിനാല്‍ ഫെനീഷ്യരെയും കനാന്യര്‍ എന്നു വിശാല അര്‍ത്ഥത്തില്‍ വിളിക്കാം. ഇന്നത്തെ സിറിയ, ലെബനന്‍, ജോര്‍ദ്ദാന്‍, യിസ്രായേല്‍ എന്നീ രാജ്യങ്ങളുടെ പ്രദേശം കനാന്‍ ദേശം ആയിരുന്നു. ഈ പ്രദേശങ്ങളെ പൊതുവേ ഫെനീഷ്യ എന്നും വിളിച്ചിരുന്നു. കനാനില്‍ സ്വതന്ത്രമോ, മറ്റ് രാജ്യങ്ങള്‍ക്ക് കപ്പം കൊടുക്കുന്നത്തോ ആയ പല ചെറിയ പട്ടണങ്ങള്‍ ഉണ്ടായിരുന്നു. ഓരോ പട്ടണവും ഒരു ചെറിയ രാജ്യം ആയിരുന്നു. ഫെനീഷ്യ ഒരു കനാന്യ രാജ്യം ആയിരുന്നു. എന്നാല്‍ എല്ലാ കനാന്യ രാജ്യങ്ങളും ഫെനീഷ്യക്കാര്‍ അല്ല.
ഫെനീഷ്യ എന്ന ഭൂപ്രദേശത്ത് പല പട്ടണങ്ങള്‍ ഉണ്ടായിരുന്നു. സീദോന്‍, സോര്‍, അര്‍വാദ് എന്നി പട്ടണങ്ങള്‍ ആയിരുന്നു പ്രധാന ഫെനീഷ്യന്‍ പട്ടണങ്ങള്‍. ഗെബാല്‍, ബിബ്ലോസ് (ബൈബ്ലോസ്), ബാല്‍ബേക് എന്നീ പട്ടണങ്ങള്‍ മതപരമായ കാര്യങ്ങള്‍ക്ക് പ്രശസ്തമായിരുന്നു. അവര്‍ക്കൊരു കേന്ദ്രീകൃത ഭരണ സംവിധാനം ഇല്ലായിരുന്നു. എന്നാല്‍, സീദോന്‍, സോര്‍ എന്നീ പട്ടണങ്ങളെ പോലെ, പ്രാധാനപ്പെട്ട, സമ്പന്ന പട്ടണങ്ങള്‍ മറ്റുള്ള ചെറിയ പട്ടണങ്ങളുടെമേല്‍ സ്വധീനം ചെലുത്തിയിരുന്നു. എന്നാല്‍ എല്ലാ പട്ടണങ്ങള്‍ക്കും അവരുടേതായ രാജാവും സ്വതന്ത്ര ഭരണവും ഉണ്ടായിരുന്നു.
സീദോന്‍ പട്ടണത്തിന് ഫെനീഷ്യയുടെ തെക്കന്‍ പ്രദേശങ്ങളില്‍ സ്വധീനം ഉണ്ടായിരുന്നു. കനാന്‍റെ മക്കളില്‍ ഒരാളായ അർക്ക്യൻ സ്ഥാപിച്ച പട്ടണം വടക്കന്‍ ഫെനീഷ്യയില്‍ സ്വധീനം ഉറപ്പിച്ചു. ഗെബല്‍ എന്ന പട്ടണം ഫെനീഷ്യയുടെ മദ്ധ്യഭാഗത്തെ പട്ടണങ്ങളെ നിയന്ത്രിച്ചിരുന്നു. (Gebal – സങ്കീര്‍ത്തനങ്ങള്‍ 83:7, യോശുവ 13:5, യെഹെസ്കേല്‍ 27:9).
വ്യാപാരം ആയിരുന്നു അവരുടെ വരുമാന സ്രോതസ്സ്. തടി, വസ്ത്രം, ചില പ്രത്യേക ചായങ്ങള്‍ (നിറങ്ങള്‍), ചിത്ര തുന്നല്‍, മദ്യം, അലങ്കാര വസ്തുക്കള്‍ എന്നിവയായിരുന്നു പ്രധാന വ്യാപാര വസ്തുക്കള്‍. (wood, cloth, dyes, embroideries, wine, and decorative objects). ദന്തനിര്‍മ്മിത വസ്തുക്കളും തടിയിലെ കൊത്തുപണിയിലും അവര്‍ നിപുണര്‍ ആയിരുന്നു. ഫെനീഷ്യയിലെ സ്വര്‍ണ്ണ പണിക്കാരുടെയും ലോഹ പണിക്കാരുടെയും നിര്‍മ്മാണങ്ങള്‍ വളരെ പ്രശസ്തമായിരുന്നു. (goldsmiths and metalsmiths). എന്നാല്‍, ഫെനീഷ്യക്കാര്‍ ഭക്ഷ്യ സാധനങ്ങള്‍ക്ക് മറ്റ് അയല്‍ രാജ്യങ്ങളെ ആശ്രയിച്ചു. യഹൂദ രാജ്യവുമായുള്ള അവരുടെ വ്യാപാര ബന്ധത്തില്‍ ഭക്ഷണ സാധനങ്ങളുടെ ക്രയവിക്രയം നമുക്ക് കാണാവുന്നതാണ്.
ഫെനീഷ്യക്കാര്‍ സില്‍ക്ക് വസ്ത്രങ്ങള്‍ക്കും പര്‍പ്പിള്‍ ചായത്തിനും (നിറം) പ്രശസ്തരായിരുന്നു. അതാണ് അവരെ സമ്പന്നരാക്കിയത്. ഫെനീഷ്യന്‍ തീരപ്രദേശത്ത് കണ്ടുവന്നിരുന്ന ഒരു പ്രത്യേകതരം ഒച്ചുകളില്‍ നിന്നുമായിരുന്നു അവര്‍ വിശിഷ്ടമായ പര്‍പ്പിള്‍ നിറം ഉണ്ടാക്കിയിരുന്നത്. (Murex shellfish). അതിനാല്‍ ഈ നിറവും അതില്‍ മുക്കിയ വസ്ത്രവും അവരുടെ കുത്തക വ്യാപാരം ആയിരുന്നു. ചെറിയ ഒരു അളവ് പര്‍പ്പിള്‍ ചായം ഉണ്ടാക്കുവാന്‍ പോലും കഠിനമായ അദ്ധ്വാനം വേണമായിരുന്നു. ഒരു വസ്ത്രത്തിന് പര്‍പ്പിള്‍ നിറം നല്‍കുവാനാവശ്യമായ ചായം നിര്‍മ്മിക്കുവാന്‍ ഏകദേശം 12, 000 ഒച്ചുകളെ വേണമായിരുന്നു. അതിനാല്‍ അത് വളരെ വിലയേറിയത് ആയി മാറി. യഹൂദ ദൈവാലത്തിലെ പുരോഹിതന്മാരും, രാജാക്കന്മാരും അതി സമ്പന്നരും മാത്രമേ ഈ നിറത്തില്‍ ഉള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നുള്ളൂ. അതിനാല്‍ ഇത് രാജകീയ പ്രൌഡിയുടെയും സമ്പന്നതയുടെയും അടയാളമായിരുന്നു.
മാനവ ചരിത്രത്തില്‍ അക്ഷരങ്ങള്‍ കണ്ടുപിടിച്ച്, അതിനെ വികസിപ്പിച്ച്, ഔദ്യോഗികമായി ഉപയോഗിച്ച ആദ്യത്തെ രാജ്യം ഫെനീഷ്യ ആയിരുന്നു എന്ന് കരുതപ്പെടുന്നു. ആധുനിക അക്ഷരമാലയുടെ പിതാമഹന്‍ ഫെനീഷ്യന്‍ അക്ഷരമാല ആണ്. അവര്‍ അവരുടെ തന്നെ ഫെനീഷിയന്‍ ഭാഷ ആണ് ഉപയോഗിച്ചിരുന്നത്.
സീദോന്‍ പട്ടണം (Sidon)
സോര്‍ ആദ്യകാലത്ത്, സീദോന്‍ എന്ന ഫെനീഷ്യ പട്ടണത്തിന്റെ കോളനി ആയിരുന്നു. സീദോന്‍ പട്ടണത്തെ നോഹയുടെ പുത്രനായ ഹാമിന്‍റെ പുത്രനായ കനാന്‍റെ ആദ്യജാതന്‍ ആയ സീദോന്‍ സ്ഥാപിച്ചത് ആയിരിക്കേണം.
സീദോന്‍ വളരെ സമ്പന്നമായ ഒരു തുറമുഖ പട്ടണം ആയിരുന്നു. അത് BC 3000 മുതല്‍ നിലനിന്നിരുന്നു എന്നു പുരാവസ്തു ഗവേഷകരും ചരിത്രകാരന്മാരും കരുതുന്നു. ഏകദേശം ബിസി 2000 ആയപ്പോഴേക്കും സീദോന്‍ ഫെനീഷ്യയിലെ പ്രധാന പട്ടണമായി. യോശുവ 11: 8; 19: 29 എന്നിവിടങ്ങളില്‍ അതിനെ, മഹാനഗരമായ സീദോന്‍ എന്നാണ് വിളിക്കുന്നത്.
സീദോന്‍ എന്ന പേരിന്റെ അര്‍ത്ഥം “മല്‍സ്യബന്ധന കേന്ദ്രം” എന്നായിരുന്നു. (fishing station). അങ്ങനെയാണ് അവരുടെ സാമ്പത്തിക ചരിത്രം ആരംഭിക്കുന്നത്.
BC 16 ആം നൂറ്റാണ്ടില്‍ ഫെനീഷ്യന്‍ പട്ടണങ്ങള്‍ ഈജിപ്തിന്റെ അധീനതയില്‍ ആയിരുന്നു. പിന്നീട് വടക്കന്‍ പട്ടണങ്ങളെ അമോര്യരും ഹിത്യരും കീഴടക്കി. ഈജിപ്ത് വീണ്ടും ഈ പട്ടണങ്ങളെ പിടിച്ചെടുത്തു എങ്കിലും ഫെലിസ്ത്യര്‍ അതിനെയെല്ലാം അധീനതയിലാക്കി. ഈജിപ്ത്യന്‍ രാജാക്കന്മാര്‍ തുടര്‍ന്നും ഈ പട്ടണങ്ങളെ അധീനതയിലാക്കുവാന്‍ ശ്രമിച്ചു എങ്കിലും ക്രമേണ ഈജിപ്ത്യന്‍ സാമ്രാജ്യം തന്നെ തകര്‍ന്നു. അതോടെ, ഏകദേശം BC 12 ആം നൂറ്റാണ്ടോടെ, ഫെനീഷ്യയിലെ പട്ടണങ്ങള്‍ സ്വതന്ത്രര്‍ ആയി.
ക്രമേണ സീദോന്‍റെ സമ്പന്നത കുറഞ്ഞു വരുകയും അതിന്റേതന്നെ ഒരു സഹോദര പട്ടണമായ സോര്‍ കൂടുതല്‍ സമ്പന്നമാകുകയും ചെയ്തു. യിസ്രായേല്‍ പഴയനിയമ കാലത്ത്, കനാനില്‍ രാജ്യം സ്ഥാപിച്ചപ്പോള്‍, സോര്‍ അവരുമായി സൌഹൃദം ഉണ്ടാക്കി. അത് അവരുടെ വ്യാപാരത്തെ വര്‍ദ്ധിപ്പിച്ചു.
സീദോനും യിസ്രായേലുമായി സഹൃദം ആഗ്രഹിച്ചു. വ്യാപാരം ആയിരുന്നു അവരുടെയും ലക്ഷ്യം. അവര്‍ വിവാഹ ബന്ധങ്ങളിലൂടെ യിസ്രായേലുമായി സൌഹൃദം സ്ഥാപിക്കുവാന്‍ ശ്രമിച്ചു. പഴയനിയമത്തിലെ യിസ്രയേലിന്റെ രാജാവായ ആഹാബിന്റെ ഭാര്യ ഈസബെല്‍ സീദോന്യ രാജാവായ എത്ത്-ബാലിന്റെ മകള്‍ ആയിരുന്നു. (1 രാജാക്കന്മാര്‍ 16:31). യിസ്രയേലില്‍ എത്തിയെങ്കിലും, ഈസെബെല്‍ അവളുടെ രാജ്യത്തിന്റെ മതവും ദേവന്‍മാരെയും ജീവിത രീതികളെയും ഉപേക്ഷിക്കുവാന്‍ തയ്യാറായില്ല. ബാലിന്റെ സീദോനിലെ ആരാധന ആഹാബ് രാജാവും ഈസെബെലും യിസ്രയേലില്‍ പ്രചരിപ്പിച്ചു. ഇത് അക്കാലത്ത് ജീവിച്ചിരുന്ന, ഏലീയാവിനെപ്പോലെയുള്ള യഹോവയുടെ പ്രവാചകന്‍മാര്‍ക്ക് അനിഷ്ടമായി.
പിന്നീട് യിസ്രയേലിന്റെ ഭരണം ആഹാബില്‍ നിന്നും യേഹൂ പിടിച്ചെടുത്തു. അങ്ങനെ ആഹാബിന്റെയും ഈസെബേലിന്റെയും ഭരണം അവസാനിച്ചതോടെ സീദോനും യിസ്രായേലും തമ്മിലുണ്ടായിരുന്ന വ്യാപാര ബന്ധവും അവസാനിച്ചു. എന്നാല്‍ സോര്‍ പട്ടണം യിസ്രായേലും യഹൂദ്യയുമായുള്ള വ്യാപാരം തുടരുകയും അവര്‍ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു.
സോര്‍ പട്ടണം (Tyre)
2000 BC മുതല്‍ ഗ്രീക്ക് സാമ്രാജ്യത്തിന്റെ കാലം വരെ അതി സമ്പന്നമായി നിലനിന്നിരുന്ന ഒരു ഫെനീഷ്യന്‍ സ്വതന്ത്ര പട്ടണം ആയിരുന്നു സോര്‍. അത് ഇന്നത്തെ സിറിയയുടെ തീരപ്രദേശത്ത് നിലനിന്നിരുന്നു. യിസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ നിന്നും 12 മൈല്‍ (20 കിലോമീറ്റര്‍) ദൂരെമാറിയായിരുന്നു അത് സ്ഥിതിചെയ്തിരുന്നത്. സോര്‍ പട്ടണത്തെ കുറിച്ച് BC 14 ആം നൂറ്റാണ്ടില്‍ ഉള്ള പുരാതന രചനകളില്‍ പരമര്‍ശങ്ങള്‍ ഉണ്ട്.
അറബിയില്‍ സൂര്‍ (സോര്‍) എന്നായിരുന്നു ഈ പട്ടണത്തിന്റെ പേര്. (sūr). അതിനെ ഇംഗ്ലീഷ് വേദപുസ്തകത്തില്‍ Tyre എന്നാണ്. പറഞ്ഞിരിക്കുന്നത്. എബ്രായ ഭാഷയില്‍ റ്റ്സൂര്‍ എന്ന് പറഞ്ഞാല്‍ “പാറ” എന്നാണ് അര്‍ത്ഥം. (Tsur - Rock).
ഇത് ആരംഭത്തില്‍ ഒരു സീദോന്യ കോളനി ആയിരുന്നു. സോരിന്റെ നാണയത്തില്‍ “സീദോന്‍റെ മുഖ്യ നഗരം” എന്നു രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. (metropolis of the Sidonians). സീദോന്‍ പട്ടണത്തിലെ വ്യാപരികള്‍ സോരില്‍ വ്യാപാരം ചെയ്തിരുന്നു. അത് സോര്‍ നിവാസികള്‍ക്ക് അഭിവൃദ്ധി ഉണ്ടാക്കി. ഇതിനെക്കുറിച്ചാണ് യെശയ്യാവ് 23: 2 ല്‍ പറയുന്നുണ്ട്:
യെശയ്യാവ് 23: 2 സമുദ്രസഞ്ചാരം ചെയ്യുന്ന സീദോന്യവർത്തകന്മാർ നിന്നെ പരിപൂർണ്ണയാക്കിയല്ലോ.
പുരാതന സോര്‍ പട്ടണത്തിന് രണ്ടു ഭാഗങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഒന്നു മെഡിറ്ററേനിയന്‍ സമുദ്ര തീര പ്രദേശത്ത് കരയിലും മറ്റൊന്നു സമുദ്രതീരത്ത് നിന്നും, അര മൈല്‍ (ഒരു കിലോമീറ്ററില്‍ താഴെ) ദൂരെ മാറി കടലില്‍ ഒരു ദ്വീപിലും ആയിരുന്നു. വേദപുസ്തകത്തില്‍ പറയുന്ന സോര്‍ പട്ടണം കടലിലെ ദ്വീപില്‍ സ്ഥിതിചെയ്തിരുന്ന പട്ടണമാണ്. ഈ പട്ടണം ക്രിസ്തുവിനും ഏകദേശം 2760 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ചത് ആയിരിക്കേണം.
ദ്വീപിലെ പട്ടണത്തിന് ഏകദേശം 4 മൈല്‍ വിസ്തൃതി ഉണ്ടായിരുന്നു. യെശയ്യാവ് പ്രവാചകന്‍ 23: 10 ല്‍ “തർശീശ്പുത്രിയേ” എന്നു വിളിക്കുന്നത് ദ്വീപിലെ സോര്‍ പട്ടണത്തെയാണ്. സമുദ്ര തീരത്തുണ്ടായിരുന്ന പഴയ സോര്‍ പട്ടണത്തിന്റെ സൃഷ്ടിയാണ് ദ്വീപിലെ സോര്‍ പട്ടണം.
ദ്വീപിലുണ്ടായിരുന്ന സോര്‍ പട്ടണത്തിന് രണ്ടു തുറമുഖങ്ങള്‍ ഉണ്ടായിരുന്നു. വടക്കന്‍ തുറമുഖത്തെ സീദോന്യ തുറമുഖം എന്നു വിളിച്ചിരുന്നു. (Sidonian Harbour). തുറമുഖമുണ്ടായിരുന്നതിനാല്‍, വ്യാപത്തിനുള്ള കപ്പലുകള്‍ അവിടെ എത്തിച്ചേരുമായിരുന്നു. മറ്റ് രാജ്യങ്ങള്‍ക്ക് വ്യാപാരം ചെയ്യുവാനുള്ള ഒരു സ്വതന്ത്ര വ്യാപാര മേഖല ആയിരുന്നു ദ്വീപിലെ സോര്‍. ക്രമേണ തീരപ്രദേശത്തെ പഴയ സോര്‍ പട്ടണത്തിന്റെ പ്രാധാന്യം കുറഞ്ഞു. ദ്വീപിലെ പട്ടണം അതി സമ്പന്നമാകുകയും അതിനു ചുറ്റും കോട്ടകള്‍ നിര്‍മ്മിക്കുകയും ചെയ്തു.
സോര്‍ അതി സമ്പന്നമായ ഒരു വ്യാപാര കേന്ദ്രം ആയിരുന്നു. ഇത് മതപരമായ ജാതീയ ആരാധനയുടെ കേന്ദ്രം കൂടിയായിരുന്നു. സീദോനും സോരും, കനാന്യദേശ നിവാസികള്‍ തന്നെ ആയിരുന്നതിനാല്‍, അവര്‍ കനാന്യ ദേവന്മാരെ ആരാധിച്ചിരുന്നു. ബാല്‍ ആയിരുന്നു പ്രധാന ദേവന്‍. ബാല്‍, സോരില്‍ മെല്‍കാര്‍ട് എന്നാണ് അറിയപ്പെട്ടിരുന്നത്. (Melkart or Melqart). മറ്റ് സ്ഥലങ്ങളിലെ ബാലിന്റെ ആരാധനപോലെ, പരസംഗം, ശിശു ബലി എന്നിവ സോരിലെയും ആരാധനയുടെ ഭാഗം ആയിരുന്നു.
യോശുവ കനാന്‍ ദേശം യിസ്രായേല്‍ ഗോത്രങ്ങള്‍ക്ക് വീതം വച്ച് നല്കുമ്പോള്‍, അവരില്‍ ആശേര്‍ ഗോത്രത്തിന് നറുക്കു വീണ പ്രദേശത്തില്‍ ഉള്‍പ്പെട്ട പട്ടണങ്ങള്‍ ആയിരുന്നു, “മഹാ നഗരമായ സീദോന്‍”, “ഉറപ്പുള്ള പട്ടണമായ സോര്‍” എന്നിവ. (യോശുവ 19: 28, 29). ഒരിക്കല്‍ ഫിലിസ്ത്യര്‍ സീദോനെ ആക്രമിച്ചപ്പോള്‍ അവിടെയുള്ള ജനങ്ങള്‍ സോരിലേക്ക് ഓടിപ്പോയി രക്ഷപെട്ടു എന്നതിന് ചരിത്ര തെളിവുകള്‍ ഉണ്ട്.
സോരിന്റെ വളര്‍ച്ചയില്‍ ഈജിപ്തിന് നല്ല ഒരു പങ്ക് ഉണ്ട്. സീഹോര്‍ എന്നത് ഈജിപ്തിലെ നൈല്‍ നദിയാണ്. ഈജിപ്തുകാര്‍ നൈല്‍ നദിയിലൂടെ സമുദ്രത്തില്‍ എത്തുകയും, സോരും ആയി വ്യാപാരം ചെയ്യുകയും ചെയ്തു. ഇതിനെക്കുറിച്ച് യെശയ്യാവ് പ്രവാചകന്റെ പുസ്തകത്തില്‍ പ്രയുന്നുണ്ട്:
യെശയ്യാവ് 23: 3 വലിയ വെള്ളത്തിന്മേൽ സീഹോർ പ്രദേശത്തെ കൃഷിയും നീലനദിയിങ്കലെ കൊയ്‌ത്തും അതിന്നു ആദായമായ്വന്നു; അതു ജാതികളുടെ ചന്ത ആയിരുന്നു.
സോര്‍, കയറ്റുമതിയും ഇറക്കുമതിയും ഉള്ള തുറമുഖ പട്ടണം ആയിരുന്നു. അവര്‍ അനേക രാജ്യങ്ങളുടെ ഒരു വ്യാപാര കേന്ദ്രം ആയിരുന്നു. അതായത്, ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ അതൊരു സ്വതന്ത്ര വ്യാപാര മേഖല അല്ലെങ്കില്‍ free port ആയിരുന്നു. ഏത് രാജ്യക്കാര്‍ക്കും അവരുടെ ഉല്‍പ്പന്നങ്ങള്‍ സോരില്‍ കൊണ്ടുവന്നു വില്‍ക്കുകയും മറ്റുള്ളവരില്‍ നിന്നും അവര്‍ക്ക് ആവശ്യമുള്ളവ വാങ്ങുകയും ചെയ്യാമായിരുന്നു. എല്ലാ വര്‍ഷവും വ്യാപാരികള്‍ ഒത്തുകൂടുന്ന വലിയ ആഘോഷങ്ങള്‍ സോരില്‍ സംഘടിപ്പിക്കുമായിരുന്നു. വ്യാപരികള്‍ക്ക് താമസിക്കുവാനുള്ള സ്ഥലങ്ങളും വിനോദ സംവിധാനങ്ങളും, പാട്ടും, നൃത്തവും, ചൂതാട്ടവും എല്ലാം അവിടെ ഉണ്ടായിരുന്നു. പണം ചിലവഴിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ക്രമീകരിക്കപ്പെട്ടിരുന്നു. ഇത്തരം ഉല്ലാസങ്ങള്‍ അനുഭവിക്കുവാന്‍ കഴിയാത്ത മറ്റ് രാജ്യങ്ങളോട് അവര്‍ക്ക് പുച്ഛം ആയിരുന്നു. ഇതാണ് യെശയ്യാവ് 23: 7 ല്‍ പറയുന്നത്:
യെശയ്യാവ് 23: 7 പുരാതനമായി പണ്ടേയുള്ള നിങ്ങളുടെ ഉല്ലസിതനഗരം ഇതാകുന്നുവോ?
യെശയ്യാവു 23: 8 ആം വാക്യത്തില്‍ ചുറ്റിനുമുള്ള ചെറിയ പട്ടണങ്ങളുടെമേല്‍ സോര്‍ പട്ടണത്തിനുണ്ടായിരുന്ന സ്വാധീനത്തെക്കുറിച്ച് പറയുന്നുണ്ട്:
യെശയ്യാവു 23: 8 കിരീടം നല്കുന്നതും വർത്തകന്മാർ പ്രഭുക്കന്മാരും വ്യാപാരികൾ ഭൂമിയിലെ മഹാന്മാരുമായുള്ളതുമായ സോരിനെക്കുറിച്ചു അതു നിർണ്ണയിച്ചതാർ?
സോര്‍ ഒരു കിരീടം നല്‍കുന്ന പട്ടണം ആയിരുന്നു. അയല്‍ക്കാരായ ചെറിയ ഫെനീഷ്യന്‍ പട്ടണങ്ങളിലെ രാജാക്കന്മാരെ വാഴിക്കുന്നത് സോര്‍ പട്ടണത്തിലെ രാജാക്കന്മാര്‍ ആയിരുന്നു. ചെറിയ പട്ടണങ്ങളില്‍ സോര്‍ അവരോടു വിധേയത്വമുള്ള പാവ രാജാക്കന്മാരെ വാഴിച്ചു. എന്നാല്‍ സോരിന്റെ രാജാവിനെ അവര്‍ തന്നെ വാഴിക്കുമായിരുന്നു. അതില്‍ മറ്റ് ഫെനീഷ്യന്‍ രാജ്യങ്ങള്‍ക്ക് അധികാരം ഇല്ലായിരുന്നു. കാരണം സോര്‍ ശക്തമായ ഒരു പട്ടണം ആയിരുന്നു.
സോരിലെ വ്യാപരികളില്‍, “വർത്തകന്മാർ പ്രഭുക്കന്മാരും വ്യാപാരികൾ ഭൂമിയിലെ മഹാന്മാരുമായുള്ളതുമായ” വ്യാപികള്‍ ഉണ്ടായിരുന്നു. സോര്‍ നിവാസികളെയും അവിടെ വ്യാപാരം ചെയ്യുന്ന വ്യാപാരികളെയും എല്ലാ രാജ്യങ്ങളും ബഹുമാനിച്ചിരുന്നു. അവിടെ വ്യാപാരം ചെയ്യപ്പെട്ട വസ്തുക്കളും മറ്റ് രാജ്യങ്ങള്‍ വിലയേറിയതായി കണ്ടു.
എന്നാല്‍ യെശയ്യാവ് 23: 9 ല്‍ അദ്ദേഹം പ്രവചിച്ചു:
യെശയ്യാവ് 23: 9 സകലമഹത്വത്തിന്റെയും ഗർവ്വത്തെ അശുദ്ധമാക്കേണ്ടതിന്നും ഭൂമിയിലെ സകലമഹാന്മാരെയും അപമാനിക്കേണ്ടതിന്നും സൈന്യങ്ങളുടെ യഹോവ അതു നിർണ്ണയിച്ചിരിക്കുന്നു.
ദൈവം സോര്‍ പട്ടണത്തെ തകര്‍ക്കുവാന്‍ നിശ്ചയിച്ചു എന്നായിരുന്നു ഈ പ്രവചനം.
അവരുടെ പട്ടണത്തിന്റെ സമ്പന്നത, വ്യാപാര ബാഹുല്യം, തുറമുഖ പട്ടണം എന്ന സവിശേഷത, ദ്വീപായതിനാലും ചുറ്റിനും കോട്ടയുള്ളതിനാലും ഉള്ള സുരക്ഷ എന്നിവ കാരണം അവര്‍ യെശയ്യാവ്, യെഹെസ്കേല്‍ എന്നിവരുടെ പ്രവചനങ്ങളെ തള്ളിക്കളഞ്ഞു. അവര്‍ക്ക് സുരക്ഷയ്ക്ക് യാതൊരു ഭീഷണിയും ഉള്ളതായി തോന്നിയില്ല. അവര്‍ പുരാതനമായ നഗരമാണ് എന്നും അത് എന്നന്നേക്കും നിലനിക്കും എന്നും അവര്‍ വിശ്വസിച്ചു. അതിനെ ആര്‍ക്കും തകര്‍ക്കുവാന്‍ കഴിയില്ല. അവര്‍ എപ്പോഴും ശത്രുക്കളില്‍ നിന്നും സുരക്ഷിതര്‍ ആണ് എന്നൊരു അമിത വിശ്വാസം സോരിലെ ജനങ്ങള്‍ക്ക് ഉണ്ടായിരുന്നു. അവരുടെ സമ്പന്നതയിലും പ്രകൃതി സൌന്ദര്യത്തിലും പട്ടണത്തിന്റെ അഭിവൃദ്ധിയിലും അവര്‍ അഹങ്കരിച്ചിരുന്നു. എന്നാല്‍, യെശയ്യാവു 23: 7 ല്‍, അവര്‍ സ്വന്ത ദേശം വിട്ടു ഓടിപ്പോകേണ്ടി വരും എന്നു യെശയ്യാവ് പ്രവചിച്ചു. അദ്ദേഹത്തിന്റെ പ്രവചനം ഇങ്ങനെ ആയിരുന്നു:
യെശയ്യാവു 23: 7 പുരാതനമായി പണ്ടേയുള്ള നിങ്ങളുടെ ഉല്ലസിതനഗരം ഇതാകുന്നുവോ? സ്വന്തകാൽ അതിനെ ദൂരത്തു പ്രവാസം ചെയ്‍വാൻ വഹിച്ചു കൊണ്ടുപോകും.
പതനത്തിന്റെ ചരിത്ര പശ്ചാത്തലം
ഫെനീഷ്യ പ്രദേശത്തിന്‍റെ ചരിത്രം കലാപങ്ങളുടെയും, അധിനിവേശത്തിന്റെയും കൂടെ ചരിത്രമാണ്. ഇതില്‍, ഫെനീഷ്യ പ്രദേശങ്ങളിലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹം കാണാം. അവര്‍ എപ്പോഴും സ്വതന്ത്രര്‍ ആയി ജീവിക്കുവാന്‍ ആഗ്രഹിച്ചു.
ദാവീദ് രാജാവിന്റെ കാലമായപ്പോഴേക്കും സോര്‍ പട്ടണം ഫെനീഷ്യ പ്രദേശത്തെ ഒരു സ്വാധീന ശക്തിയായി മാറിക്കഴിഞ്ഞിരുന്നു. BC 9 ആം നൂറ്റാണ്ടില്‍, BC 877 നും 860 നും ഇടയില്‍, ഫെനീഷ്യ പ്രദേശം അശ്ശൂര്‍ സാമ്രാജ്യത്തിന്‍റെ അധീനതയില്‍ ആയി. BC 7 ആം നൂറ്റാണ്ടില്‍ അശ്ശൂര്‍ തകര്‍ന്നതോടെ ഫെനീഷ്യന്‍ പട്ടണങ്ങള്‍ വീണ്ടും സ്വതന്ത്രമായി.
ഫെനീഷ്യ BC 740 ല്‍ സിറിയ യിലെ റ്റിഗ്ലത്ത് പിലേസറിന്റെ അധീനതയില്‍ ആയി. (Tiglath-pileser). റ്റിഗ്ലത്ത് പിലേസറിന്റെയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായിരുന്ന ശല്‍മനേസ്സര്‍ നാലാമന്‍റെയും ഭരണത്തിനെതിരെ ഫെനീഷ്യയില്‍ കലാപങ്ങള്‍ ഉണ്ടായി. സീദോന്‍ ഈ കലാപത്തില്‍ അശ്ശൂരിനോടൊപ്പം ചേര്‍ന്നു. സോര്‍ പട്ടണം ഈ കലാപത്തില്‍ വിജയിച്ചു. പിന്നീട് 7 ആം നൂറ്റാണ്ടില്‍ സീദോന്‍ അശ്ശൂരിനെതിരെ കലാപം ഉണ്ടാക്കി എങ്കിലും അശ്ശൂര്‍ സീദോന്‍ പട്ടണത്തെ പിടിച്ചെടുക്കുകയും അതിനെ കൊള്ള ചെയ്യുകയും അതിലെ നിവാസികളെ കൊല്ലുകയോ, അടിമകളായി അശ്ശൂരിലേക്ക് പിടിച്ചുകൊണ്ടു പോകുകയോ ചെയ്തു. സീദോനിലേക്ക് അശ്ശൂരില്‍ നിന്നും ജനങ്ങള്‍ കുടിയേറി താമസിച്ചു.
ഏകദേശം 630 BC ല്‍ ആയിരിക്കേണം ഫെനീഷ്യ പ്രദേശം പൂര്‍ണ്ണമായും അശ്ശൂരില്‍ നിന്നും സ്വതന്ത്രമാകുന്നത്. അതിനുശേഷം ഈജിപ്തും ബാബിലോനും തമ്മില്‍ സിറിയ പിടിച്ചെടുക്കുവാനായി സംഘര്‍ഷം ഉണ്ടായി. ഈ കാലയളവില്‍ ആയിരിക്കേണം സോര്‍ പട്ടണം അഭിവൃദ്ധി പ്രാപിച്ചത്.
യെഹെസ്കേലിന്‍റെ പ്രവചനം
സോര്‍ പട്ടണത്തിന്റെ പതനം അത് സംഭവിക്കുന്നതിനും 1900 വര്‍ഷങ്ങള്‍ക്കും മുമ്പ് യെഹെസ്കേല്‍ പ്രവാചകന്‍ പ്രവചിച്ചിട്ടുണ്ട്. ബാബിലോണിയന്‍ രാജാവായ നെബൂഖദുനേസർ അതിനെ ആക്രമിക്കുന്നതോടെ പട്ടണത്തിന്റെ പതനം ആരംഭിച്ചു.
അയല്‍ രാജ്യമായിരുന്ന യിസ്രായേലുമായി സോരിന് വ്യാപാര ബന്ധം ഉണ്ടായിരുന്നു. യിസ്രയേലിന്റെ അഭിവൃദ്ധി അവരില്‍ അസൂയ ഉളവാക്കി. എന്നാല്‍ യിസ്രായേലിന് ശത്രുക്കളുടെ കൈയാല്‍ സംഭവിക്കുന്ന പരാജയങ്ങളെ അവര്‍ പരിഹാസത്തോടെ കണ്ടു. ഈ സാഹചര്യങ്ങളെയെല്ലാം വ്യാപാരത്തിനായി ചൂഷണം ചെയ്യുക സോരിന്റെ നയം ആയിരുന്നു. അതിനാല്‍ യെഹെസ്കേല്‍ സോരിന്റെ പതനത്തെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാട് അറിയിച്ചു. അത് യെഹെസ്കേല്‍ 26: 1 മുതല്‍ 28 : 10 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യെഹെസ്കേല്‍ ഇത് പ്രവചിക്കുമ്പോള്‍ സോരിന് ഇങ്ങനെ ഒരു പ്രതികൂലം ഉണ്ടാകും എന്ന ചിന്ത അന്യം ആയിരുന്നു. എന്നാല്‍ അതിന്റെ സൂക്ഷ്മമായ വിവരങ്ങള്‍ പോലും യെഹെസ്കേല്‍ പ്രവചിച്ചു. യെശയ്യാവും സോരിനെതിരെ പ്രവചിച്ചിട്ടുണ്ട്. അത് നമുക്ക് യെശയ്യാവു 23 ആം അദ്ധ്യായത്തില്‍ വായിക്കാം. മറ്റ് ചില പ്രവചന പുസ്തകങ്ങളിലും അതിന്റെ പതനത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ട്.
യെഹെസ്കേല്‍ 26: 7 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ വടക്കുനിന്നു രാജാധിരാജാവായ നെബൂഖദുനേസർ എന്ന ബാബേൽരാജാവിനെ കുതിരകളോടും രഥങ്ങളോടും കുതിരച്ചേവകരോടും ജനസമൂഹത്തോടും വളരെ പടജ്ജനത്തോടും കൂടെ സോരിന്നുനേരെ വരുത്തും.
കരയില്‍ ഉണ്ടായിരുന്ന സോര്‍ പട്ടണത്തെയും അതിന് സമീപത്തുണ്ടായിരുന്ന മറ്റ് പട്ടണങ്ങളെയും ബാബിലോണിയന്‍ സൈന്യം ആക്രമിച്ച് പിടിച്ചെടുത്തു. പട്ടണത്തിന്റെ കോട്ട മതിലുകളും വാതിലുകളും, പട്ടണത്തിനുള്ളിലെ വീടുകളും ബാബിലോണിയന്‍ സൈന്യം തകര്‍ത്തു നിലംപരിശാക്കി. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ജനങ്ങള്‍ ദ്വീപിലേക്ക് കുടിയേറി. BC 573 ല്‍ നെബൂഖദുനേസർ പഴയ സോര്‍ പട്ടണത്തെ കീഴടക്കിയപ്പോള്‍ അവിടെ ജനങ്ങള്‍ ആരും ഇല്ലായിരുന്നു. പട്ടണം തകര്‍ത്തത്തിന്റെ കല്ലുകളും മണ്ണും അവിടെ കൂടികിടന്നു. ഇത് പിന്നീട് അലക്സാണ്ടര്‍ ചക്രവര്‍ത്തി ദ്വീപിലെ സോരിലേക്ക് നടപ്പാത പണിയുവാന്‍ ഉപയോഗിച്ചു.
എന്നാല്‍ ശക്തമായ ഒരു നാവിക പട ഇല്ലാതിരുന്നതിനാല്‍ ബാബിലോണിയന്‍ സൈന്യത്തിന് ദ്വീപിലുണ്ടായിരുന്ന സോര്‍ പട്ടണത്തെ പിടിച്ചെടുക്കുവാന്‍ കഴിഞ്ഞില്ല. അതിനാല്‍ സോരിനെതിരെ ഒരു നീണ്ട ഉപരോധം അവര്‍ ഏര്‍പ്പെടുത്തി. ഈ ഉപരോധം 13 വര്‍ഷങ്ങള്‍ നീണ്ടുനിന്നു എന്ന് യഹൂദ ചരിത്രകാരനായ ജോസെഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കരയിലെയും ദ്വീപിലെയും സോര്‍ പട്ടണത്തിനെതിരെ 13 വര്‍ഷങ്ങളുടെ ഉപരോധം ഏര്‍പ്പെടുത്തി എന്നും, ഉപരോധം ദ്വീപിലെ സോരിനെതിരെ മാത്രം ആയിരുന്നു എന്നും വിഭിന്ന അഭിപ്രായം ഉണ്ട്. ഉപരോധത്തിന്റെ ആദ്യത്തെ മൂന്നു വര്‍ഷങ്ങള്‍ ഇതൊബാല്‍ ഉം പിന്നീടുള്ള 10 വര്‍ഷങ്ങള്‍ ബാല്‍ ഉം ആയിരുന്നു ദ്വീപിലെ സോരിലെ രാജാക്കന്മാര്‍. (Ithobal, Baal).
നെബൂഖദുനേസറിന്റെ സൈന്യം കരയില്‍ നിന്നും ആഹാരസാധനങ്ങളോ വെള്ളമോ ദ്വീപിലേക്ക് കടത്തിവിട്ടില്ല. ഈ വിധത്തില്‍ ദ്വീപിലുള്ളവരെ പട്ടിണിയില്‍ ആക്കി, കീഴടക്കാം എന്ന് നെബൂഖദുനേസർ കരുതി. എന്നാല്‍ സോര്‍ ദ്വീപിലെ നിവാസികള്‍ അവര്‍ക്കാവശ്യമുള്ള ആഹാരവും വെള്ളവും സമുദ്രം വഴിയായി ശേഖരിച്ചുകൊണ്ടിരുന്നു. ഇത് തടയുവാന്‍ നെബൂഖദുനേസർ ശ്രമിച്ചു എങ്കിലും അത് അത്ര വിജയിച്ചില്ല.
നെബൂഖദുനേസർ സോരിന് നേരെ ഏര്‍പ്പെടുത്തിയ നീണ്ട ഉപരോധത്തിന്റെ കാലത്തെല്ലാം അവിടെ ഉണ്ടായിരുന്ന ബാബിലോണിയന്‍ സൈനീകര്‍ എപ്പോഴും സൈനീക വേഷത്തില്‍ യുദ്ധ സന്നദ്ധരായി നിന്നു. അവര്‍ എപ്പോഴും തലയില്‍ ലോഹനിര്‍മ്മിതമായ കവചം ധരിച്ചിരുന്നതിനാല്‍, അവരുടെ തലമുടി കൊഴിഞ്ഞുപോയി. അവരുടെ പടച്ചട്ട തോളില്‍ ഉരസി, അവിടെയുള്ള ത്വക്ക് ഉരിഞ്ഞുപോയി. യെഹെസ്കേല്‍ 29: 18 ല്‍ ഇതിനെക്കുറിച്ച് അദ്ദേഹം പ്രവച്ചിരുന്നതിങ്ങനെയാണ്:
യെഹെസ്കേല്‍ 29: 18 മനുഷ്യപുത്രാ, ബാബേൽരാജാവായ നെബൂഖദുനേസർ സോരിന്റെ നേരെ തന്റെ സൈന്യത്തെക്കൊണ്ടു വലിയ വേല ചെയ്യിച്ചു; എല്ലാതലയും കഷണ്ടിയായി എല്ലാചുമലും തോലുരിഞ്ഞുപോയി; ....
ഉപരോധം ബാബിലോണിയന്‍ സൈന്യത്തിന് വളരെ പ്രായസവും ചിലവേറിയതും ആയിരുന്നു. ഇതിനെക്കുറിച്ചാണ് യെഹെസ്കേല്‍ പറഞ്ഞത്:
യെഹെസ്കേല്‍ 29: 18 .... എങ്കിലും സോരിന്നു വിരോധമായി ചെയ്ത വേലെക്കു അവന്നോ അവന്റെ സൈന്യത്തിന്നോ അവിടെനിന്നു പ്രതിഫലം കിട്ടിയില്ല.
ഇതിന്റെ നഷ്ടം നികത്തുവാനായി ദൈവം നെബൂഖദുനേസർ രാജാവിന് ഈജിപ്ത് നല്കാം എന്ന് വാഗ്ദത്തം ചെയ്യുന്നു.
യെഹെസ്കേല്‍ 29: 19, 20
19 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മിസ്രയീംദേശത്തെ ബാബേൽരാജാവായ നെബൂഖദുനേസരിന്നു കൊടുക്കും; അവൻ അതിലെ സമ്പത്തു എടുത്തു അതിനെ കൊള്ളയിട്ടു കവർച്ചചെയ്യും; അതു അവന്റെ സൈന്യത്തിന്നു പ്രതിഫലമായിരിക്കും.
20 ഞാൻ അവന്നു മിസ്രയീംദേശത്തെ അവൻ ചെയ്തവേലെക്കു പ്രതിഫലമായി കൊടുക്കുന്നു; അവർ എനിക്കായിട്ടല്ലോ പ്രവർത്തിച്ചതു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
നെബൂഖദുനേസർ സോരിനെ ആക്രമിച്ചതിന്റെയും ഉപരോധം ഏര്‍പ്പെടുത്തിയതിന്റെയും പിന്നീട് ഈജിപ്തിനെ ആക്രമിച്ചതിന്റെയും ചരിത്ര രേഖകള്‍ കുറവാണ്. എങ്കിലും, ചില പുരാതന രേഖകളില്‍ (cuneiform tablets) ബാബിലോണ്‍, സോരിനെയും ഈജിപ്തിനെയും ആക്രമിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
നെബൂഖദുനേസർ ദ്വീപിലെ സോരിനെ ആക്രമിച്ച് കീഴടക്കിയില്ല. ഒരു പക്ഷേ 13 വര്‍ഷങ്ങളുടെ ഉപരോധത്തിന്റെ അവസാനം, അവര്‍ ഒരു സമാധാന സന്ധിയില്‍ ഏര്‍പ്പെട്ടുകാണും. ദീപിലെ പട്ടണം ഒരു പക്ഷേ നെബൂഖദുനേസറിന് കപ്പം കൊടുക്കാം എന്നു സമ്മതിച്ചു കാണും. ശേഷം ബാബിലോണിനാല്‍ നിയന്ത്രിക്കപ്പെട്ട ഒരു ഭരണം അവിടെ ഉണ്ടായിക്കാണാം.
അങ്ങനെ യെഹെസ്കേല്‍ പ്രവാചകന്റെ പ്രവചനം ഭാഗികമായി നെബൂഖദുനേസർ രാജാവിന്റെ കാലത്ത് നിവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ പ്രവചനത്തിന്റെ ശേഷം ഭാഗങ്ങളുടെ നിവര്‍ത്തി ഏകദേശം 250 വര്‍ഷങ്ങള്‍ക്ക് ശേഷം, ഗ്രീസിലെ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ ആക്രമണത്തോടെ നിവര്‍ത്തിക്കപ്പെട്ടു.
പേര്‍ഷ്യന്‍ സാമ്രാജ്യം
538 ല്‍ ബാബിലോണ്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിന് കീഴടങ്ങും വരെ ഫെനീഷ്യയെ ബാബിലോണ്‍ നിയന്തിച്ചിരുന്നു. പേര്‍ഷ്യന്‍ രാജാക്കന്മാര്‍ അമിതമായ അധികാരം ഫെനീഷ്യയില്‍ ചെലുത്തിയിരുന്നില്ല. പേര്‍ഷ്യ, ഫെനീഷ്യക്കാരുടെ കപ്പലുകള്‍ ഉപയോഗിച്ച് ഈജിപ്തിനെതിരെ യുദ്ധം ചെയ്തു. എന്നാല്‍ കര്‍ത്തേജിനെതിരെ കപ്പലയക്കുവാന്‍ ഫെനീഷ്യക്കാര്‍ വിസമ്മതിച്ചു. അതിനാല്‍ കര്‍ത്തേജിനെതിരെ യുദ്ധം ചെയ്യുന്നതില്‍ നിന്നും പേര്‍ഷ്യ പിന്തിരിഞ്ഞു.
അടുത്ത 150 വര്‍ഷങ്ങള്‍ ഫെനീഷ്യ, പേര്‍ഷ്യന്‍ സാമ്രാജ്യത്തോട് കൂറുള്ളവരായി തുടര്‍ന്നു. എന്നാല്‍ BC 351 ല്‍ സീദോനിലെ രാജാവായിരുന്ന റ്റാബ്നിറ്റ് രണ്ടാമന്‍ (king Tabnit II അല്ലെങ്കില്‍ Tennes) സീദോനെ ഒരു സ്വതന്ത്ര പട്ടണമായി പ്രഖ്യാപിച്ചു. മറ്റ് ഫെനീഷ്യന്‍ പട്ടണങ്ങളെയും സ്വതന്ത്രമാകുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. പേര്‍ഷ്യന്‍ കാവല്‍ സൈന്യത്തെ അവരുടെ പട്ടണങ്ങളില്‍ നിന്നും ഓടിച്ചുവിടുകയോ, അവരെ കൊല്ലുകയോ ചെയ്തു.
അതിനാല്‍ പേര്‍ഷ്യന്‍ രാജാവായിരുന്ന ഒക്കസ്, സീദോനെ ആക്രമിച്ചു. (Ochus). ഇതില്‍ ഭയന്നുപോയ സീദോന്‍ രാജാവ് പട്ടണത്തെ പേര്‍ഷ്യന്‍ രാജാവിന് ഒറ്റിക്കൊടുത്തു. അദ്ദേഹം ഒക്കസിന് കീഴടങ്ങി. എന്നാല്‍ പട്ടണത്തിലെ ജനങ്ങള്‍ തന്നെ അവരുടെ പട്ടണത്തിന് തീവച്ചു. അവര്‍ അതില്‍ മരിച്ചു. പേര്‍ഷ്യന്‍ രാജാവ് സിദോന്‍ രാജാവിനെ വധിക്കുകയും ചെയ്തു. ഇതോടെ മറ്റ് പട്ടണങ്ങള്‍ വീണ്ടും പേര്‍ഷ്യന്‍ അധിനിവേശത്തെ അംഗീകരിച്ച്, കീഴടങ്ങി. അങ്ങനെ ഗ്രീക്ക് ചക്രവര്‍ത്തിയായ അലക്സാണ്ടര്‍ ന്റെ കാലം വരെ ഫെനീഷ്യ പേര്‍ഷ്യന്‍ അധിനിവേശത്തില്‍ തുടര്‍ന്നു.
അലക്സാണ്ടര്‍ ചക്രവര്‍ത്തി
യെഹെസ്കേല്‍ പ്രവാചകന്റെ പ്രവചനം പൂര്‍ണ്ണമായി നെബൂഖദുനേസർ രാജാവിന്റെ കാലത്ത് നിവര്‍ത്തിയായില്ല എന്ന് നമ്മള്‍ പറഞ്ഞല്ലോ. അതിന്റെ ശേഷം ഭാഗത്തിന്റെ നിവര്‍ത്തി ഗ്രീക്ക് സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായ അലക്സാണ്ടറിന്റെ കാലത്ത് നിവര്‍ത്തിക്കപ്പെട്ടു. ദൈവത്തിന്റെ അരുളപ്പാട് പ്രകാരമുള്ള സോരിന്റെ പതനം അലക്സാണ്ടറിന്റെ ആക്രമണത്തോടെ പൂര്‍ണ്ണമായി.
ഇതിനെക്കുറിച്ചാണ് യെഹെസ്കേല്‍ 26: 3 ല്‍ അദ്ദേഹം പ്രവചിച്ചത്:
യെഹെസ്കേല്‍ 26: 3 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; സമുദ്രം തന്റെ തിരകളെ കയറിവരുമാറാക്കുന്നതുപോലെ ഞാൻ അനേകം ജാതികളെ നിന്റെ നേരെ പുറപ്പെട്ടുവരുമാറാക്കും.
BC 333 ല്‍ അലക്സാണ്ടര്‍ പേര്‍ഷ്യയെ കീഴടക്കിയപ്പോള്‍, എല്ലാ ഫെനീഷ്യന്‍ പട്ടണങ്ങളും ഗ്രീക്ക് സാമ്രാജ്യത്തിന്റെ കീഴില്‍ ആയി. എന്നാല്‍ സോര്‍ കീഴടങ്ങുവാന്‍ വിസമ്മതിച്ചു. അലക്സാണ്ടര്‍ സോരിനെതിരെ ഉപരോധം ഏര്‍പ്പെടുത്തി. 7 മാസത്തോളം ഉപരോധം തുടര്‍ന്നു.
BC 332 ല്‍ അലക്സാണ്ടര്‍ സോരിനെതീരെ യുദ്ധം ചെയ്യുവാനെത്തി. അലക്സാണ്ടര്‍ ചക്രവര്‍ത്തി സോരിനെ ആക്രമിക്കാതിരിക്കുവാന്‍ സോരിലെ രാജാവ് ഒരു സന്ധി സംഭാഷണത്തിന് ശ്രമിച്ചിരുന്നു. അദ്ദേഹം അലക്സാണ്ടര്‍ക്ക് സമ്മാനങ്ങള്‍ കൊടുത്തയച്ചു. ഇരുവര്‍ക്കും ഇടയില്‍ ഒരു സന്ധി ഉണ്ടാക്കേണം എന്ന് അലക്സാണ്ടറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ നയതന്ത്രം വിജയിച്ചില്ല.
സോരില്‍ മെല്‍കാര്‍ട് ദേവന്റെ (Melkart / Melqart) ഒരു വലിയ ക്ഷേത്രം ഉണ്ടായിരുന്നു. മെല്‍കാര്‍ട് കനാന്യ ദേവനായ ബാല്‍ ആയിരുന്നു. ഗ്രീക്കുകാര്‍ ഈ ദേവനെ അവരുടെ ഹെരാക്ലീസ് ദേവനായി കരുതി. (Hercacles or Roman Hercules). അലക്സാണ്ടര്‍ ചക്രവര്‍ത്തി ഹെറാക്ലീസ് ദേവന്റെ പുത്രനാണ് എന്ന് സ്വയം അവകാശപ്പെട്ടിരുന്നു.
സോര്‍ നിവാസികള്‍ മെല്‍കാര്‍ട് ദേവനായി ഒരു വലിയ ഉല്‍സവം ആചരിക്കുന്ന സമയത്താണ്, അലക്സാണ്ടര്‍ അവിടെ എത്തിയത്. ഈ അവസരത്തില്‍, സോര്‍ നിവാസികളുടെ സന്ധിക്കായുള്ള അപേക്ഷയ്ക്ക് പകരമായി, മെല്‍കാര്‍ട് ദേവന്റെ ക്ഷേത്രത്തില്‍ ഒരു യാഗം അര്‍പ്പിക്കുവാന്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തി അനുവാദം ചോദിച്ചു. എന്നാല്‍ ഇത് അലക്സാണ്ടറുടെ അധികാരത്തെ സ്വീകരിച്ചു എന്ന് വ്യാഖ്യാനിക്കപ്പെടും എന്നതിനാല്‍, സോര്‍ അത് അനുവദിച്ചില്ല. പട്ടണത്തില്‍ യാഗത്തിനായി പ്രവേശിക്കുന്ന ഗ്രീക്ക് പടയാളികള്‍ ഒരു പക്ഷേ തിരികെ പോയില്ല എന്ന് വന്നേക്കാം. അതിനാല്‍ സമുദ്ര തീരത്തുള്ള പഴയ സോര്‍ പട്ടണത്തില്‍ അലക്സാണ്ടര്‍ യാഗം കഴിക്കുവാന്‍ സോര്‍ നിര്‍ദ്ദേശിച്ചു. ഇതില്‍ അലക്സാണ്ടര്‍ ക്ഷുഭിതനായി. ദ്വീപിലെ സോര്‍ പട്ടണത്തെ കരയാക്കിമാറ്റും എന്നു അദ്ദേഹം പ്രഖ്യാപിച്ചു.
എന്നാല്‍, സോര്‍ പട്ടണം അലക്സാണ്ടറിന് കീഴടങ്ങുവാന്‍ വിസമ്മതിച്ചു. അലക്സാണ്ടറിന്റെ ദൂതന്മാരില്‍ ചിലരെ അവര്‍ കൊന്നുകളഞ്ഞു. സോര്‍ നിവാസികള്‍ അവരുടെ സൈന്യ ബലത്തിലും നാവിക ശേഷിയിലും, പട്ടണം ഒരു ദ്വീപിലാണ് സ്ഥിതിചെയ്യുന്നത് എന്നതിലും, ചുറ്റുമുള്ള കോട്ടയിലും അമിതമായി വിശ്വസിച്ചു. മാത്രവുമല്ല, അലക്സാണ്ടര്‍ പേര്‍ഷ്യയെ ആക്രമിച്ചപ്പോള്‍, അവിടുത്തെ രാജാവായ ദാരിയസ് മൂന്നാമന്‍ ഓടിപ്പോയി ഒളിവില്‍ താമസിച്ചു. അദ്ദേഹം വീണ്ടും ഒരു യുദ്ധത്തിന് തയ്യാറെടുക്കുക ആയിരുന്നു. പേര്‍ഷ്യന്‍ രാജാവായ ദാരിയസ് കരമാര്‍ഗ്ഗം സോരിന്റെ സഹായിത്തിന് എത്തും എന്നും സോര്‍ പട്ടണക്കാര്‍ പ്രതീക്ഷിച്ചു. അവരുടെ കോളനിയായിരുന്ന കാര്‍ത്തേജിന്റെ സഹായവും അവര്‍ പ്രതീക്ഷിച്ചു. (Carthage).
എന്നാല്‍, അലക്സാണ്ടര്‍, നെബൂഖദുനേസർ രാജാവില്‍ നിന്നും വ്യത്യസ്ഥമായ ഒരു യുദ്ധ രീതി സ്വീകരിച്ചു. അദ്ദേഹം നീണ്ട ഉപരോധം ഏര്‍പ്പെടുത്തി കാത്തിരുന്നില്ല.
ദ്വീപിലെ സോര്‍ പട്ടണവും കരയിലെ പഴയ പട്ടണവും തമ്മില്‍ ദൂരക്കുറവുള്ള ഒരു സ്ഥലം അദ്ദേഹം കണ്ടെത്തി. പഴയ പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ ആയ കല്ലും മണ്ണും ധാരാളം അവിടെ ഉണ്ടായിരുന്നു. സെഡാര്‍ (ദേവദാരു) മരങ്ങളുടെ തടികളും അവര്‍ക്ക് സുലഭമായി ലഭിച്ചു. അലക്സാണ്ടറുടെ സൈന്യം അതെല്ലാം ഉപയോഗിച്ച് ദ്വീപിലേക്ക് ഒരു നടപ്പാത ഉണ്ടാക്കി.
നടപ്പാതയുടെ നിര്‍മ്മാണം അസാദ്ധ്യമാണ് എന്ന് സോര്‍ നിവാസികള്‍ കരുതി, അവര്‍ അലക്സാണ്ടറുടെ സൈന്യത്തെ പരിഹസിച്ചു. എന്നാല്‍ നടപ്പാതയുടെ പണി തുടര്‍ന്നുകൊണ്ടിരുന്നു. സമീപ പ്രദേശങ്ങളില്‍ നിന്നും അലക്സാണ്ടര്‍ കൂടുതല്‍ ജോലിക്കാരെ നിയമിച്ചു. ക്രമേണ അതിന്റെ അപകടം സോര്‍ നിവാസികള്‍ മനസ്സിലാക്കി. സോര്‍ നിവാസികള്‍ ധൈര്യശാലികളും വീരന്മാരും നിപുണരും ആയിരുന്നു. അവര്‍ അലക്സാണ്ടറുടെ സൈന്യത്തിന് നേരെ, അവരുടെ പട്ടണത്തിന്റെ കോട്ടയ്ക്ക് മുകളിലൂടെ തീയമ്പുകളും കുന്തങ്ങളും അയച്ചു. ഇത് അലക്സാണ്ടറുടെ ചില പടയാളികളെയും കൊല്ലുകയും മുറിപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ അലക്സാണ്ടര്‍ ഉയരമുള്ള മതിലുകള്‍ നിര്‍മ്മിച്ചു, അതിനെ നടപ്പാതയുടെ മുന്നില്‍ നിറുത്തി. തുടര്‍ന്നു അങ്ങോട്ടും ഇങ്ങോട്ടും വലിയ ആക്രമണങ്ങള്‍ നടന്നു.
ദ്വീപിനെ ആക്രമിക്കുവാനായി അലക്സാണ്ടര്‍ ഒരു നാവിക സേനയെ രൂപപ്പെടുത്തി, യുദ്ധം തുടര്‍ന്നു. അന്ത്യത്തില്‍, അദ്ദേഹവും സമര്‍ത്ഥരായ സൈന്യാധിപന്‍മാരും സോര്‍ പട്ടണത്തില്‍ പ്രവേശിച്ചു. പട്ടണത്തിനുള്ളില്‍ ശക്തമായ യുദ്ധം ഉണ്ടായി എങ്കിലും അത് നീണ്ടുപോയില്ല. സോര്‍ നിവാസികളില്‍ ചിലര്‍ മെല്‍കാര്‍ട്ടിന്റെ ക്ഷേത്രത്തില്‍ അഭയം പ്രാപിച്ചു. സോരിലെ 6000 പോരാളികളും അലക്സാണ്ടറിന്റെ 400 പടയാളികളും യുദ്ധത്തില്‍ മരിച്ചു. 30,000 സോര്‍ നിവാസികളെ അടിമകളായി വിറ്റു. ഏകദേശം 2000 സോര്‍ പടയാളികളെ ജീവനോടെ പിടിച്ചു. അവരെ സോരിന്റെ തീര പ്രദേശത്തേക്ക് കൊണ്ടുപോയി, വൃക്ഷങ്ങളില്‍ ആണികള്‍കൊണ്ട് തറച്ചു തൂക്കിയിട്ടു. അവിടെകിടന്ന് അവര്‍ മരിച്ചു. അലക്സാണ്ടര്‍ നടപ്പാക്കിയ ഈ കൊലപാതക രീതിയാണ് പിന്നീട് റോമന്‍ സാമ്രാജ്യം ക്രൂശീകരണം എന്ന രീതിയില്‍ സ്വീകരിച്ച ശിക്ഷാ സമ്പ്രദായം.
അലക്സാണ്ടര്‍ ആഗ്രഹിച്ചതുപോലെ, മെല്‍കാര്‍ട്ട് ദേവന്റെ ക്ഷേത്രത്തില്‍ യാഗം നടത്തി. ക്ഷേത്രത്തിലെ ദേവനോടുള്ള ബഹുമാന സൂചകമായി അവിടെ അഭയം തേടിയ സോര്‍ നിവാസികളെ അദ്ദേഹം ജീവനോടെ വിട്ടു. സോര്‍ നിവാസികളില്‍ ചിലര്‍ ഗ്രീക്ക് സൈന്യത്തിന്റെ രഹസ്യ സഹായത്തോടെ സോരില്‍ രക്ഷപെട്ടു കാര്‍ത്തേജിലേക്ക് ഓടിപ്പോയിരുന്നു.
സോര്‍ പട്ടണം പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു, അത് നിലംപരിശായി. അതിന്റെ മതിലുകള്‍ തകര്‍ക്കപ്പെട്ടു. കരയില്‍ നിന്നും നടപ്പാത ഉണ്ടായതോടെ അതൊരു ദ്വീപ് അല്ലാതെയായി. അത് ജനവാസമില്ലാതെയായി. പട്ടണത്തിന്റെ ശൂന്യമായ അവസ്ഥയെക്കുറിച്ചാണ് യെശയ്യാവ് പ്രവചിച്ചത്:
യെശയ്യാവ് 23: 4 സീദോനേ, ലജ്ജിച്ചുകൊൾക; എനിക്കു നോവു കിട്ടീട്ടില്ല, ഞാൻ പ്രസവിച്ചിട്ടില്ല, ബാലന്മാരെ പോറ്റീട്ടില്ല, കന്യകമാരെ വളർത്തീട്ടുമില്ല എന്നു സമുദ്രം, സമുദ്രദുർഗ്ഗം തന്നേ, പറഞ്ഞിരിക്കുന്നു.
അങ്ങനെ എല്ലാ പ്രവചനങ്ങളും നിവര്‍ത്തിയായി. അതിസമ്പന്നമായിരുന്ന സോര്‍ പട്ടണം സമുദ്രത്തിന്റെ നടുവിൽ മീന്‍പിടുത്തക്കാരുടെ വലവിരിക്കുന്നതിന്നുള്ള സ്ഥലമായി തീര്‍ന്നു. (യെഹെസ്കേല്‍ 26:5).
യെഹെസ്കേല്‍ 26:5 അതു സമുദ്രത്തിന്റെ നടുവിൽ വലവിരിക്കുന്നതിന്നുള്ള സ്ഥലമായ്തീരും; ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; അതു ജാതികൾക്കു കവർച്ചയായ്തീരും.
അലക്സാണ്ടറിന്റെ മരണശേഷം ഫെനീഷ്യ, ഈജിപ്തിലെ ടോളമിയുടെ അധീനതയില്‍ ആയി. (Ptolemies of Egypt). പിന്നീട് സിറിയയിലെ സെലൂസിഡ് രാജവംശത്തിന്റെ ഭരണത്തില്‍ ആയി. പിന്നീട്ടു അത് റോമന്‍ സാമ്രാജ്യത്തിന്റെ കീഴില്‍ ആയി. റോമാക്കാരുടെ കാലത്ത് ഈ പട്ടണത്തെ ഒരു തുറമുഖമായി വീണ്ടും പണിതു എങ്കിലും ഒരിയ്ക്കലും അത് പഴയ പ്രതാപത്തിലേക്ക് തിരികെ വന്നില്ല. ഗ്രീക് അധിനിവേശത്തോടെ അവരുടെ ഭാഷ ഗ്രീക്ക് ആയി മാറ്റപ്പെട്ടു. ക്രമേണ അവരുടെ സ്വതന്ത്രമായ അസ്തിത്വം ഇല്ലാതെയായി.
പുതിയനിയമത്തില്‍ സോര്‍, സീദോന്‍ എന്നീ പട്ടണങ്ങളെക്കുറിച്ച് പരമര്‍ശങ്ങള്‍ ഉണ്ട്.
മര്‍ക്കോസ് 3: 8 യെഹൂദ്യയിൽനിന്നും യെരൂശലേമിൽനിന്നും എദോമിൽനിന്നും യോർദാന്നക്കരെനിന്നും സോരിന്റെയും സിദോന്റെയും ചുറ്റുപാടിൽനിന്നും വലിയോരു കൂട്ടം അവൻ ചെയ്തതു ഒക്കെയും കേട്ടിട്ടു അവന്റെ അടുക്കൽ വന്നു.
മത്തായി 15: 21 മുതല്‍ 28 വരെയുള്ള വാക്യങ്ങളില്‍, യേശു സോര്‍, സീദോന്‍ പ്രദേശങ്ങളില്‍ പോയിരുന്നു എന്നും അവിടെ ഒരു കനാന്യ സ്ത്രീയുടെ മകളെ ഭൂതബാധയില്‍ നിന്നും സൌഖ്യമാക്കി എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോസ്തല പ്രവര്‍ത്തി 21 ല്‍ പൌലൊസിന്റെ മൂന്നാമത്തെ സുവിശേഷ യാത്രയില്‍ അദ്ദേഹം ഫെനീഷ്യയില്‍ പോയിരുന്നു എന്നും അവിടെ ഒരു ചെറിയ ക്രിസ്തീയ സമൂഹം ഉണ്ടായിരുന്നു എന്നും പറയുന്നുണ്ട്. പൌലൊസ് അവിടെ 7 ദിവസം താമസിച്ചു.
എന്നാല്‍ AD 7 ആം നൂറ്റാണ്ടില്‍ ഫെനീഷ്യയില്‍ മുസ്ലീം സാമ്രാജ്യങ്ങളുടെ അധിനിവേശം ഉണ്ടായി. 1124 ല്‍ ഒന്നാമത്തെ കുരിശ് യുദ്ധത്തില്‍ കുരിശ് യുദ്ധക്കാര്‍ സോരിനെ പിടിച്ചെടുത്തു. എന്നാല്‍ AD 1289 – 91 കാലയളവില്‍ ഈജിപ്തിലെ സുല്‍ത്താന്‍ ദ്വീപിലെ സോര്‍ പട്ടണത്തെ പൂര്‍ണ്ണമായി തകര്‍ത്തു.
അതിനു ശേഷം സോര്‍ ശൂന്യമായി തീര്‍ന്നു. ഇപ്പോള്‍ അവിടെ ചെറിയ കുടിലുകളില്‍ താമസിക്കുന്ന സാധുക്കളായ, മല്‍സ്യബന്ധനം തൊഴില്‍ ആക്കിയിരിക്കുന്ന 50 ഓ 60 ഓ അതില്‍ കുറവോ ആയ കുടുംബങ്ങള്‍ മാത്രമേ ഉള്ളൂ. ഫെനീഷ്യന്‍ ജനതയുടെ ഭാഷയും സംസ്കാരവും മതവും എല്ലാം ഇന്ന് അപ്രത്യമായിരിക്കുന്നു.
1984 ല്‍ സോര്‍ പട്ടണത്തിന്റെ ശേഷിപ്പുകളെയും പ്രദേശത്തേയും UNESCO പുരാതന പൈതൃകമായി പ്രഖ്യാപിച്ചിട്ടുണ്ട്.
പതനം നല്‍കുന്ന പാഠം
ഗര്‍വ്വും, ഭൌതീകതയോടുള്ള അമിതമായ ആഗ്രഹവും, സമ്പത്തിലുള്ള ആശ്രയവും, അമിത ആത്മവിശ്വാസവും ആയിരുന്നു സോര്‍ പട്ടണത്തിന്റെ തകര്‍ച്ചയുടെ കാരണം. ഇത് യഹോവയായ ദൈവത്തെയും അവന്റെ അരുളപ്പാടുകളെയും നിഷേധിക്കുവാന്‍ സോര്‍ പട്ടണവാസികളെ പ്രേരിപ്പിച്ചു. അവര്‍ യിസ്രായേല്‍ ജനത്തിന്റെ സമ്പത്തില്‍ പങ്ക് പറ്റി, എന്നാല്‍ ദൈവജനത്തിന്റെ തകര്‍ച്ചയില്‍ സന്തോഷിച്ചു. അവര്‍ യിസ്രായേല്‍ ജനത്തെ പീഡിപ്പിച്ച്, അടിമകള്‍ ആക്കി ജാതികള്‍ക്ക് വിട്ടുകളഞ്ഞു. അതിനാല്‍, ദൈവം അരുളിച്ചെയ്തു:
യെഹെസ്കേല്‍ 26: 3, 4
3 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; സമുദ്രം തന്റെ തിരകളെ കയറിവരുമാറാക്കുന്നതുപോലെ ഞാൻ അനേകം ജാതികളെ നിന്റെ നേരെ പുറപ്പെട്ടുവരുമാറാക്കും.
4 അവർ സോരിന്റെ മതിലുകളെ നശിപ്പിച്ചു, അതിന്റെ ഗോപുരങ്ങളെ ഇടിച്ചുകളയും; ഞാൻ അതിന്റെ പൊടി അടിച്ചുവാരിക്കളഞ്ഞു അതിനെ വെറും പാറയാക്കും.
യഹോവയായ ദൈവം അരുളിച്ചെയ്തതു അവര്‍ നിവര്‍ത്തിക്കുകയും ചെയ്തു.
സോര്‍ പട്ടണത്തിന്റെ തകര്‍ച്ചയെക്കുറിച്ചുള്ള പഠനം ഇവിടെ അവസാനിപ്പിക്കട്ടെ.
തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്. വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക. രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.
ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.
കൂടാതെ അനേകം ഇ-ബുക്കുകളും നമ്മള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇ-ബുക്ക് ആവശ്യമുള്ളവര്‍ക്ക് അത് whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍ 9895524854.
naphtalitribebooks.in എന്ന ഇ-ബുക്ക് സ്റ്റോറില്‍ നിന്ന് നേരിട്ടും vathil.in എന്ന website ല്‍ ലഭ്യമായിരിക്കുന്ന link ഉപയോഗിച്ചും ഇ-ബുക്ക് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. എല്ലാ ഇ-ബുക്കുകളും സൌജന്യമാണ്.
എല്ലാ മാസവും രണ്ടാം ശനിയാഴ്ച, വൈകിട്ട് 7 മുതൽ 8.30 വരെ, എറണാകുളത്ത് കാക്കനാട് ഉള്ള ന്യൂ ലൈഫ് ഫെല്ലോഷിപ്പ് ചർച്ചിൽ വച്ച് (New Life Fellowship Church) ബൈബിൾ ക്ലാസ്സ് ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് dp എന്ന് whatsapp ചെയ്യുക. Phone: 9895524854
ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!
No comments:
Post a Comment