സൊദോം ഗൊമോരാ പട്ടണങ്ങളുടെ തകര്‍ച്ച

ചരിത്രം ആവര്‍ത്തിക്കപ്പെടാറുണ്ട് എന്നത് ഒരു ചരിത്ര വസ്തുത ആണ്. കാരണം മനുഷ്യന്‍ എക്കാലത്തും ഒന്നുതന്നെയാണ്. മനുഷ്യന്റെ അടിസ്ഥാന സ്വഭാവം ഒരിയ്ക്കലും മാറുന്നില്ല. അവന്റെ ചിന്തകള്‍ക്ക് മാറ്റമുണ്ടാകുന്നില്ല. സംസ്കാരത്തിന്റെയും ആധുനികതയുടെയും, സഹവര്‍ത്തിത്വത്തിന്റെയും പേരില്‍ മനുഷ്യര്‍ സഹിഷ്ണതയുള്ളവരായി പെരുമാറുന്നു എന്നതുമാത്രമാണ് നമുക്ക് ഉണ്ടായിട്ടുള്ള പുരോഗതി. സാഹചര്യം അതിന് അനുകൂലമായാല്‍, നമ്മളില്‍ ഉള്ള പ്രാകൃത മനുഷ്യന്‍ പുറത്തുവരുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. അപൂര്‍വ്വമായിട്ടാണ് എങ്കിലും, ലോകത്തിലെ എല്ലാ രാജ്യങ്ങളിലും, മനുഷ്യന്റെ പ്രാകൃത സ്വഭാവത്തിന്റെ പ്രവര്‍ത്തികള്‍ ഇന്നും  സംഭവിക്കുന്നു.

ഈ മുഖവുരയോടെ നമുക്ക് രണ്ടു പുരാതന പട്ടണങ്ങളുടെ തകര്‍ച്ചയെക്കുറിച്ച് പഠിക്കാം. ഈ പഠനം മുഖ്യമായി ഒരു ചരിത്ര അവലോകനമാണ്. ഇതൊരു ദൈവശാസ്ത്രപരമായ വിശകലനം അല്ല. എന്നാല്‍ ഇതില്‍ ദൈവ ശാസ്ത്രം ഇല്ലാതെയുമില്ല. ചരിത്രവും, ഗവേഷകരുടെ കണ്ടെത്തലുകളും, വേദപുസ്തകത്തിലെ വിവരണവും ഒരുമിച്ച് നിരത്തി, സൊദോം, ഗൊമോരാ എന്നീ പുരാതന പട്ടണങ്ങളെക്കുറിച്ച് പഠിക്കുവാനാണ് നമ്മള്‍ ഇവിടെ ശ്രമിക്കുന്നത്.


മനുഷ്യന്റെ പ്രകൃത്യാലുള്ള സ്വഭാവത്തെക്കുറിച്ച് വേദപുസ്തകത്തിലെ ആദ്യ പുസ്തകമായ ഉല്‍പ്പത്തി 6 ആം അദ്ധ്യായത്തില്‍ ദൈവം പറയുന്നുണ്ട്.

 

ഉല്‍പ്പത്തി 6: 5 ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.

11 ആം വാക്യത്തില്‍ “എന്നാൽ ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായിഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു.” എന്നു പറയുന്നു. അതിനാല്‍ മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും, ഭൂമിയോടുകൂടെ നശിപ്പിക്കുവാന്‍ ദൈവം തീരുമാനിച്ചു. (6:7, 13). അങ്ങനെ ദൈവം ഭൂമിയുടെമേല്‍ ഒരു മഹാ ജലപ്രളയം വരുത്തി. അതില്‍ ഭൂമിയിലുള്ള സകല ജീവികളും മനുഷ്യരും മരിച്ചു. എന്നാല്‍ അക്കാലത്ത് ജീവിച്ചിരുന്ന നീതീമാന്‍ ആയിരുന്ന നോഹയ്ക്ക് ദൈവത്തിന്റെ കൃപ ലഭിച്ചു എന്നും, അതിനാല്‍ അവന്‍ ദൈവം പറഞ്ഞതുപ്രകാരം നിര്‍മിച്ച ഒരു പെട്ടകത്തില്‍ മഹാ പ്രളയത്തെ അതിജീവിച്ചു എന്നും വേദപുസ്തകം പറയുന്നു. പക്ഷികളിലും മൃഗങ്ങളിലും ഈരണ്ട് പേരെ ദൈവം പെട്ടകത്തില്‍ സൂക്ഷിച്ചു, അവരും പ്രളയത്തെ അതിജീവിച്ചു.

ഇത് മനുഷ്യ ചരിത്രത്തില്‍, അവരുടെ പാപം കാരണം ദൈവം ഇടപെട്ട ആദ്യത്തെ സംഭവമായി വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇതിന് ശേഷം, മനുഷ്യര്‍, ചില പ്രദേശങ്ങളിലും, പട്ടണങ്ങളിലും, ഗോത്രങ്ങളോ, കുലമായോ അതികഠിനമായ പാപത്തില്‍ ജീവിച്ചിട്ടുണ്ട്. അവിടെയും ദൈവത്തിന്റെ നീതിയ്ക്ക് യോജിച്ചവിധം, പാപം പെരുകിയപ്പോള്‍, ദൈവം ഇടപെടുകയും അവരെ നശിപ്പിക്കുകയും ചെയ്തു. ഇത്തരം ചരിത്രം ആവര്‍ത്തിച്ച് സംഭവിക്കുന്നത് വേദപുസ്തകത്തില്‍ കാണാം. ഇത് മനുഷ്യന്‍ “എല്ലായ്പോഴും ദോഷമുള്ളതത്രേ” എന്നും അതിനാല്‍ ചരിത്രം ആവര്‍ത്തിക്കപ്പെടും എന്നും നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. പാപം ആവര്‍ത്തിക്കപ്പെടുമ്പോള്‍ ദൈവീക ശിക്ഷയും ആവര്‍ത്തിക്കപ്പെടും.  

സൊദോം, ഗൊമോരാ

അതികഠിനമായ പാപം നിമിത്തം ദൈവം നശിപ്പിച്ച രണ്ട് പുരാതന പട്ടണങ്ങള്‍ ആണ് സൊദോം, ഗൊമോരാ എന്നിവ. നോഹയുടെ കാലത്തിനു സമാനമായ പാപത്തിന്റെ അവസ്ഥയും അതിനുള്ള ശിക്ഷയായ സര്‍വ്വനാശവും ആണ് സൊദോമിലും ഗൊമോരയിലും സംഭവിച്ചത്. ജലപ്രളയം ഭൂമിയെ മൊത്തമായി നശിപ്പിച്ചപ്പോള്‍, സൊദോം, ഗൊമോരാ പട്ടണങ്ങലൂടെ നാശം അതിനെ മാത്രം ബാധിക്കുന്ന ദൈവശിക്ഷയായിരുന്നു. നോഹയുടെ കാലത്ത് ജല പ്രളയം ശിക്ഷയുടെ ഉപകരണം ആയപ്പോള്‍ സൊദോമില്‍ തീയും ഗന്ധകവും ദൈവം ആയുധമായി ഉപയോഗിച്ചു.   

സൊദോം, ഗൊമോരാ എന്നിവ വെങ്കലയുഗത്തില്‍ സ്ഥിതിച്ചെയ്തിരുന്ന രണ്ടു അതിപുരാതന പട്ടണങ്ങള്‍ ആണ്. (Sodom - sod-uhm; Gomorrah -guh-mawr-uh). ഈ പട്ടണങ്ങളെ അതികഠിനമായ പാപത്തിന്റെ അടയാളങ്ങള്‍ ആയി പഴയനിയമ പ്രവാചകന്മാരും പുതിയനിയമത്തിലും പരാമര്‍ശിക്കുന്നു. മുസ്ലീം മതഗ്രന്ഥമായ ഖുറാനിലും ഈ പട്ടണത്തിന്റെ ചരിത്രം പറയുന്നുണ്ട്. ഉല്‍പ്പത്തി 13: 10, 12 വാക്യത്തില്‍ പറയുന്നതനുസരിച്ച്, യോർദ്ദാന്നരികെയുള്ള നീരോട്ടമുള്ള പ്രദേശത്തില്‍ ഉള്‍പ്പെട്ട പട്ടണങ്ങള്‍ ആയിരുന്നു സൊദോമും ഗൊമോരയും.

പട്ടണങ്ങള്‍ സ്ഥാപിക്കപ്പെടുന്നു

ഈ പട്ടണങ്ങള്‍ ജലപ്രളയത്തിന് ശേഷം സ്ഥാപിക്കപ്പെട്ടതായിരിക്കാം. നോഹയ്ക്ക് മൂന്ന് പുത്രന്മാര്‍ ഉണ്ടായിരുന്നതായി ഉല്‍പ്പത്തി 10 ആം അദ്ധ്യായത്തില്‍ പറയുന്നു. അവര്‍ ശേംഹാംയാഫെത്ത് എന്നിവര്‍ ആയിരുന്നു. ജലപ്രളയത്തിന് ശേഷം അവര്‍ക്ക് പുത്രന്മാര്‍ ജനിച്ചു. ഹാമിന്റെ പുത്രന്മാർ കൂശ്മിസ്രയീംപൂത്ത്കനാൻ എന്നിവര്‍ ആയിരുന്നു. കനാന് 11 പുത്രന്മാര്‍ ഉണ്ടായിരുന്നു. അവര്‍ സീദോൻഹേത്ത്യെബൂസ്യൻഅമോർയ്യൻ, ഗിർഗ്ഗശ്യൻഹിവ്യൻഅർക്ക്യൻസീന്യൻ, അർവ്വാദ്യൻസെമാർയ്യൻഹമാത്യൻ എന്നിവര്‍ ആയിരുന്നു. പിന്നീടു കനാന്യവംശങ്ങൾ ആ പ്രദേശത്ത് പരന്നു. അവര്‍ അവരുടേതായ പട്ടണങ്ങള്‍ സ്ഥാപിച്ചു. അവരുടെ എല്ലാവരുടെയും രാജ്യങ്ങളുടെ മൊത്തം അതിര്‍ത്തിയെക്കുറിച്ച് 19 ആം വാക്യത്തില്‍ പറയുന്നതിങ്ങനെ ആണ്:

 

ഉല്‍പ്പത്തി 10: 19 കനാന്യരുടെ അതിർ സീദോൻ തുടങ്ങി ഗെരാർവഴിയായി ഗസ്സാവരെയും സൊദോമും ഗൊമോരയും ആദ്മയും സെബോയീമും വഴിയായി ലാശവരെയും ആയിരുന്നു.

ലോത്തും സൊദോമും

അബ്രാഹാമിന്റെ സഹോദര പുത്രനായ ലോത്ത് താമസിച്ചിരുന്ന പട്ടണമായിരുന്നു സൊദോം. അബ്രാഹാമും ലോത്തും ഒരുമിച്ചാണ് ഊര്‍ എന്ന പട്ടണത്തില്‍ നിന്നും യാത്ര പുറപ്പെട്ടത്. എന്നാല്‍ കനാന്‍ ദേശത്ത് എത്തിയപ്പോള്‍, അവരുടെ ആടുമാടുകളെയും കന്നുകാലികളെയും ദാസന്‍മാരെയും ഉള്‍ക്കൊള്ളുവാന്‍ ആ ദേശത്തിന് കഴിഞ്ഞില്ല. അതിനാല്‍ അവര്‍ രണ്ടു വഴിക്കു പിരിയുവാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ലോത്ത് സൊദോം പട്ടണത്തില്‍ താമസമാകുന്നത്. ഉല്‍പ്പത്തി 13: 10 ല്‍ പറയുന്നത്:

 

ഉല്‍പ്പത്തി 13: 10 അപ്പോൾ ലോത്ത് നോക്കിയോർദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും നീരോട്ടമുള്ളതെന്നു കണ്ടുയഹോവ സൊദോമിനെയും ഗൊമോരയെയും നശിപ്പിച്ചതിന്നു മുമ്പെ അതു യഹോവയുടെ തോട്ടംപോലെയും സോവർവരെ മിസ്രയീംദേശംപോലെയും ആയിരുന്നു.

വളരെ ഫല സമ്പുഷ്ടമായ സ്ഥലം ആയിരുന്നു എങ്കിലും, “ സൊദോംനിവാസികൾ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു.” എന്നു 13 ആം വാക്യം പറയുന്നു. അതായത് ലോത്ത് അവിടെക്കു താമസം മാറ്റുന്നതിന് മുമ്പ് തന്നെ സൊദോമിലെ ജനങ്ങള്‍ ദുഷ്ടന്മാരും മഹാ പാപികളും ആയിരുന്നു. എന്നാല്‍ ലോത്ത് നീതിമാന്‍ ആയ ഒരു വ്യക്തിയായിരുന്നു. (2 പത്രൊസ് 2: 7, 8). അവന്‍ യഹോവയെ ഭയപ്പെട്ടു ജീവിച്ചുകാണും. എങ്കിലും, ലോത്തിന്റെ ജീവിതത്തില്‍ അവന്റെ തിരഞ്ഞെടുപ്പ് ഒരു വലിയ പരാജയമായി. ദുഷ്ടന്മാരും പാപികളും ആയിരുന്ന ഒരു കൂട്ടം ജനങ്ങളുടെ ഇടയില്‍ നീതിയോടെയും യഹോവയെ ഭയപ്പെട്ടും ജീവിക്കുവാന്‍ കഴിയും എന്ന ലോത്തിന്റെ ചിന്ത വലിയ തെറ്റായിരുന്നു. ഭൌതീക നന്മകള്‍ അല്ല ഒരു ദൈവ പൈതലിന്റെ മുന്‍ഗണന, അവന്‍ ദൈവീക വിശുദ്ധിയുള്ള ഇടപാടുകളും ജീവിത സാഹചര്യങ്ങളും ആണ് ഒന്നാമതായി കാണേണ്ടത് എന്നൊരു പാഠം നമുക്ക് ഇവിടെ ലഭിക്കുന്നു.   

പട്ടണങ്ങളുടെ നാശം

സൊദോം, ഗൊമോരാ പട്ടണങ്ങള്‍ നശിപ്പിക്കുന്നതിനെക്കുറിച്ച് ദൈവം അബ്രാഹാമിനെ മുന്‍ കൂട്ടി അറിയിച്ചു. “സൊദോമിന്റെയും ഗൊമോരയുടെയും നിലവിളി വലിയതും അവരുടെ പാപം അതികഠിനവും ആകുന്നു.” എന്നു ദൈവം അബ്രാഹാമിനോടു പറഞ്ഞു. അതിനാല്‍ ദൈവം അതിനെ നശിപ്പിക്കുവാന്‍ പോകുന്നു. അബ്രാഹാമിന്റെ സഹോദര പുത്രനായ ലോത്ത് സൊദോം പട്ടണത്തില്‍ താമസിച്ചിരുന്നു എന്നതിനാല്‍, പട്ടണത്തിനുവേണ്ടി ഇടുവില്‍ നില്‍ക്കുവാന്‍ അബ്രഹാം ശ്രമിച്ചു. എന്നാല്‍, പട്ടണം നശിപ്പിക്കാതെ ഇരിക്കത്തക്കവണ്ണം അവിടെ പത്തു നീതിമാന്മാരെപ്പോലും കണ്ടെത്തിയില്ല. അതിനാല്‍ അതിനെ നശിപ്പിക്കുവാനായി ദൈവം രണ്ട് ദൂതന്മാരെ അവിടെക്കു അയച്ചു. ലോത്ത് നീതിമാന്‍ ആയി ജീവിച്ചതിനാല്‍ ആയിരിക്കാം അവനെയും കുടുംബത്തേയും രക്ഷപ്പെടുത്തുവാനും ദൈവം തീരുമാനിച്ചു. ഇതിന്റെ പിന്നിലെ ദൈവീക പ്രമാണം അബ്രഹാം പറയുന്നുണ്ട്:

 

ഉല്‍പ്പത്തി 18: 25 ഇങ്ങനെ നീ ഒരുനാളും ചെയ്യുന്നതല്ലല്ലോനീതിമാൻ ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെ നീ ഒരുനാളും കൊല്ലുകയില്ല. സർവ്വഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവൃത്തിക്കാതിരിക്കുമോ?

ലോത്ത്, സൊദോം പട്ടണവാതിൽക്കൽ ഇരിക്കുമ്പോള്‍ ആണ് ദൂതന്മാര്‍ അവിടെ എത്തിയത്. ദൂതന്മാരെ കണ്ട ലോത്ത് അവരെ സ്വീകരിച്ചു തന്റെ വീട്ടില്‍ കൊണ്ടുപോയി. അവൻ അവർക്കു വിരുന്നൊരുക്കിപുളിപ്പില്ലാത്ത അപ്പം ചുട്ടുഅവർ ഭക്ഷണം കഴിച്ചു. അവർ ഉറങ്ങുവാൻ പോകുന്നതിനു മുമ്പേ സൊദോം പട്ടണത്തിലെ പുരുഷന്മാർ സകല ഭാഗത്തുനിന്നും ആബാലവൃദ്ധം എല്ലാവരും വന്നു വീടു വളഞ്ഞു. ദൂതന്മാരെ, സ്വവര്‍ഗ്ഗ അധാര്‍മ്മിക പ്രവൃത്തിക്കായി, അവര്‍ക്ക് വിട്ടുകൊടുക്കേണം എന്നു ആവശ്യപ്പെട്ടു. പട്ടണ നിവാസികള്‍ ലോത്തിനോട് ആവശ്യപ്പെട്ടത് ഇങ്ങനെയാണ്:

 

ഉല്‍പ്പത്തി 19: 5 ലോത്തിനെ വിളിച്ചു: ഈരാത്രി നിന്റെ അടുക്കൽ വന്ന പുരുഷന്മാർ എവിടെഞങ്ങൾ അവരെ ഭോഗിക്കേണ്ടതിന്നു ഞങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവാ

എന്നാല്‍ ദൂതന്മാര്‍ അവിടെ വന്നിരുന്ന സൊദോം നിവാസികള്‍ക്ക് അന്ധത വരുത്തി. അവര്‍ അവിടെനിന്നും പോയി.

അപ്പോള്‍ ദൂതന്മാര്‍, “ഇവരെക്കുറിച്ചുള്ള ആവലാധി യഹോവയുടെ മുമ്പാകെ വലുതായിത്തീർന്നിരിക്കകൊണ്ടു ഞങ്ങൾ ഈ സ്ഥലത്തെ നശിപ്പിക്കും” എന്ന് ലോത്തിനെ അറിയിച്ചു. (19:13). അതിന് മുമ്പായി, അവന്റെ മരുമക്കളോ പുത്രന്മാരോ പുത്രിമാരോ ഇങ്ങനെ പട്ടണത്തിൽ അവനുള്ളവരെയൊക്കെയും അവിടെ നിന്നും ഓടിപ്പോകുവാന്‍ അവര്‍ പറഞ്ഞു. “അങ്ങനെ ലോത്ത് ചെന്നു തന്റെ പുത്രിമാരെ വിവാഹം ചെയ്‍വാനുള്ള മരുമക്കളോടു സംസാരിച്ചു: “നിങ്ങൾ എഴുന്നേറ്റു ഈ സ്ഥലം വിട്ടു പുറപ്പെടുവിൻയഹോവ ഈ പട്ടണം നശിപ്പിക്കും എന്നു പറഞ്ഞു. എന്നാൽ അവൻ കളി പറയുന്നു എന്നു അവന്റെ മരുമക്കൾക്കു തോന്നി.” (19:14). അതിനാല്‍ അവര്‍ ലോത്തിനോടൊപ്പം രക്ഷപ്പെടുവാന്‍ ശ്രമിച്ചില്ല.

ഉഷസ്സായപ്പോൾ ദൂതന്മാർ ലോത്തിനെ ബദ്ധപ്പെടുത്തി. അവര്‍ അവനെയും ഭാര്യയെയും രണ്ടു പുത്രിമാരെയും കൈക്കു പിടിച്ചു പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയി. ജീവരക്ഷെക്കായി ഓടിപ്പോക: പുറകോട്ടു നോക്കരുതുഈ പ്രദേശത്തെങ്ങും നിൽക്കയുമരുതുനിനക്കു നാശം ഭവിക്കാതിരിപ്പാൻ പർവ്വതത്തിലേക്കു ഓടിപ്പോക എന്നും അവര്‍ പറഞ്ഞു. എന്നാല്‍ ലോത്ത്, സമീപത്തുള്ള മറ്റൊരു പട്ടണമായ സോവര്‍ പട്ടണത്തിലേക്ക് ഓടിപ്പോയി. അതിനാല്‍, ദൈവം ആ പട്ടണത്തിന് ദോഷം വരുത്തിയില്ല. എന്നാല്‍ ലോത്തിന്റെ ഭാര്യ അവന്റെ പിന്നിൽനിന്നു സൊദോമിനെ തിരിഞ്ഞുനോക്കി, അവള്‍ ഉപ്പുതൂണായി മാറി.

ലോത്തും കുടുംബവും രക്ഷപ്പെട്ടതിന് ശേഷം ദൈവം സൊദോം, ഗൊമോരാ പട്ടണങ്ങളെ നശിപ്പിച്ചു. അതിന്റെ വിവരണം വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്:

 

ഉല്‍പ്പത്തി 19: 24, 25

24  യഹോവ സൊദോമിന്റെയും ഗൊമോരയുടെയും മേൽ യഹോവയുടെ സന്നിധിയിൽനിന്നുആകാശത്തുനിന്നു തന്നെഗന്ധകവും തീയും വർഷിപ്പിച്ചു.

25  ആ പട്ടണങ്ങൾക്കും പ്രദേശത്തിന്നും മുഴുവനും ആ പട്ടണങ്ങളിലെ സകലനിവാസികൾക്കും നിലത്തെ സസ്യങ്ങൾക്കും ഉന്മൂലനാശം വരുത്തി.

സോദോംഗൊമോരഅദമസെബോയീം എന്നീ നാല് പട്ടണങ്ങളെ ദൈവം നശിപ്പിച്ചു. (ആവര്‍ത്തനപുസ്തകം 29: 22). എന്നാല്‍ ലോത്ത് ഓടിപ്പോയ സോവര്‍ പട്ടണത്തെ, ലോത്ത് കാരണം, ദൈവം നശിപ്പിച്ചില്ല.

സൊദോമിന്‍റെ ചരിത്ര പശ്ചാത്തലം


 ഇനി നമുക്ക് സൊദോം, ഗൊമോര പട്ടണങ്ങളുടെ ചരിത്ര പശ്ചാത്തലം മനസ്സിലാക്കുവാന്‍ ശ്രമിക്കാം. സൊദോം എന്ന വാക്കിന്റെ അര്‍ത്ഥം “കത്തുന്നത്” എന്നാണ്. ഈ പട്ടണം സിദ്ദീം താഴ്വരയില്‍ ആയിരുന്നു. (burning, Siddim, ഉല്‍പ്പത്തി 13:10; 14:1-16). ഗൊമോരാ എന്ന പേരിന്റെ അര്‍ത്ഥം “വെള്ളത്തില്‍ മുങ്ങിപ്പോകുന്ന” എന്നാണ്. (submersion).

ഭൂമി ശാസ്ത്രപരമായി സൊദോം ഗൊമോരാ എന്നീ പട്ടണങ്ങള്‍, പെന്‍റാപൊലിസ് എന്ന് അറിയപ്പെടുന്ന 5 പട്ടണങ്ങളില്‍ രണ്ടെണ്ണം ആയിരുന്നു. (Pentapolis). അവയെല്ലാം യോര്‍ദ്ദാന്‍ നദിയുടെ സമതലത്തില്‍, ചാവുകടലിനും തെക്ക് 7 മൈല്‍ (11 കിലോമീറ്റര്‍) അകലെ സ്ഥിതിചെയ്തിരുന്നു. ഇവിടെ ജീവിച്ചിരുന്നവര്‍ സൂര്യനെയും ചന്ദ്രനെയും ആരാധിച്ചിരുന്നു. ഈ പട്ടണങ്ങളുടെ ഒരു പട്ടിക നമുക്ക് ഉല്‍പ്പത്തി 14 ല്‍ ലഭ്യമാണ്:

 

ഉല്‍പ്പത്തി 14: 2 ഇവർ സൊദോംരാജാവായ ബേരാഗൊമോരാരാജാവായ ബിർശാആദ്മാരാജാവായ ശിനാബ്സെബോയീംരാജാവായ ശെമേബെർസോവർ എന്ന ബേലയിലെ രാജാവു എന്നിവരോടു യുദ്ധം ചെയ്തു. (Sodom, Gomorrah, Admah, Zeboim, Zoara).

രാജ്യങ്ങള്‍ ഇവയാണ്:

1.        സൊദോം

2.      ഗൊമോരാ

3.      ആദ്മാ

4.      സെബോയീം

5.      സോവർ

ഇവയില്‍ സോവർ പട്ടണത്തിലേക്കാണ് ലോത്ത് ഓടി രക്ഷപ്പെട്ടത്. അതിനാല്‍ അതിനെ ദൈവം നശിപ്പിച്ചില്ല. ഈ പട്ടണങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വേദപുസ്തകത്തില്‍ പല ഭാഗത്തും ഉണ്ട്. ഉല്‍പ്പത്തി, ആവര്‍ത്തന പുസ്സ്തകം, യെശയ്യാവ്, യെഹെസ്കേല്‍, ലൂക്കോസ്, യൂദാ, വെളിപ്പാട് എന്നിവിടങ്ങളില്‍ ഇതിനെക്കുറിച്ച് പറയുന്നു. ഇന്ന് ഈ പ്രദേശങ്ങള്‍ വരണ്ട, തരിശായ നിലമാണ്.

പഴയനിയമത്തില്‍ ഈ പട്ടണങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരണങ്ങള്‍ ഉണ്ട്. ഉല്‍പ്പത്തി 14: 2, 3 വാക്യങ്ങളില്‍, പെന്‍റാപോലീസിലെ അഞ്ചു രാജ്യങ്ങളുടെ പട്ടിക പറഞ്ഞതിന് ശേഷം, “ഇവരെല്ലാവരും സിദ്ദീം താഴ്‌വരയിൽ ഒന്നിച്ചുകൂടി. അതു ഇപ്പോൾ ഉപ്പുകടലാകുന്നു.” എന്നു പറയുന്നുണ്ട്. അതിനാല്‍, ഈ പട്ടണങ്ങള്‍ ചാവുകടലിന്റെ തീരത്താണ് സ്ഥിതിചെയ്തിരുന്നത് എന്നു അനുമാനിക്കാം.

മോശെയുടെ അന്ത്യ നാളില്‍, അവന്‍ യഹോവയുടെ കല്‍പ്പനപ്രകാരം മോവാബ്സമഭൂമിയിൽനിന്നു യെരീഹോവിന്നെതിരെയുള്ള നെബോപർവ്വതത്തിൽ ‌പിസ്ഗാമുകളിൽ കയറിഅവിടെ വച്ച് യഹോവ അവനെ വാഗ്ദത്ത ദേശം കാണിച്ചുകൊടുത്തു. അതിന്റെ അതിരുകള്‍ ഇങ്ങനെയായിരുന്നു:   

  

ആവര്‍ത്തനപുസ്തകം 34: 1-3

1     അനന്തരം മോശെ മോവാബ്സമഭൂമിയിൽനിന്നു യെരീഹോവിന്നെതിരെയുള്ള നെബോപർവ്വതത്തിൽ ‌പിസ്ഗാമുകളിൽ കയറിയഹോവ ദാൻവരെ ഗിലെയാദ്‌ദേശം ഒക്കെയും

2    നഫ്താലിദേശമൊക്കെയും എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശവും പടിഞ്ഞാറെ കടൽവരെ യെഹൂദാദേശം ഒക്കെയും 

3    തെക്കെദേശവും ഈന്തനഗരമായ യെരീഹോവിന്റെ താഴ്‌വീതി മുതൽ സോവാർവരെയുള്ള സമഭൂമിയും അവനെ കാണിച്ചു.

ആവര്‍ത്തനപുസ്തകത്തിലെ സ്ഥലങ്ങളുടെ പട്ടിക, ഈ പട്ടണങ്ങളുടെ ചരിത്ര ബന്ധത്തെ കാണിക്കുന്നു.

സൊദോം, ഗൊമോരാ സുവിശേഷത്തില്‍

സുവിശേഷത്തില്‍ നമ്മളുടെ കര്‍ത്താവ്, അവന്റെ സംഭാഷണങ്ങളില്‍ ഈ പട്ടണങ്ങളെ പരാമര്‍ശിക്കുന്നുണ്ട്. ലൂക്കോസിന്റെ സുവിശേഷം 10 ആം അദ്ധ്യായത്തില്‍, യേശു 70 പേരെ ഓരോ പട്ടണങ്ങളിലേക്ക് അയക്കുന്നതായി നമ്മള്‍ വായിക്കുന്നു. സമീപ പട്ടണങ്ങളില്‍ ചെന്ന്, രോഗികളെ സൌഖ്യമാക്കുവാനും ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു അറിയിക്കുവാനുമാണ് അവരെ അയച്ചത്. എല്ലാ പട്ടണക്കാരും അവരുടെ സന്ദേശത്തെ സ്വീകരിക്കില്ല എന്നു യേശു മുന്നറിയിപ്പ് നല്കുന്നുണ്ട്. അവരെ സ്വീകരിക്കാതെ ഇരിക്കുന്ന പട്ടണങ്ങളെക്കുറിച്ച് യേശു പറഞ്ഞതിങ്ങനെയാണ്: “ആ പട്ടണത്തെക്കാൾ സൊദോമ്യർക്കു ആ നാളിൽ സഹിക്കാവതാകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (ലൂക്കോസ് 10:12). സൊദോം പട്ടണത്തെക്കുറിച്ച് യേശു സംസാരിച്ചത്, അത് ഒരിക്കല്‍ നിലവിലിരുന്ന രണ്ടു പട്ടണങ്ങള്‍ ആയിരുന്നു എന്ന രീതിയില്‍ ആണ്. യേശുവിന് അതൊരു സങ്കല്‍പ്പിക കഥയോ, ഐതീഹമോ ആയിരുന്നില്ല. സൊദോം, ഗൊമോരാ എന്നീ പട്ടണങ്ങള്‍ ഭൂമിയില്‍ ഉണ്ടായിരുന്നു. അതിലെ നിവാസികള്‍ കഠിനമായ പാപത്തില്‍ ജീവിച്ചു. അതിനാല്‍ അവരെ ദൈവം നശിപ്പിച്ചു. ഇതൊരു ചരിത്ര സംഭവം ആണ്. യേശു ഇതിന്റെ ചരിത്ര ബന്ധത്തെ സ്ഥിരീകരിച്ചതിനാല്‍ നമുക്കും ഇതൊരു ചരിത്ര സത്യമായി വിശ്വസിക്കാം.

ഗവേഷകരും സൊദോം, ഗൊമോരാ പട്ടണങ്ങളും

സൊദോം ഗൊമോരാ പട്ടണങ്ങള്‍ ചരിത്രത്തില്‍ എപ്പോഴെങ്കിലും നിലനിന്നിരുന്നുവോ എന്നതില്‍ പുരാവസ്തു ഗവേഷകര്‍ക്കിടയില്‍ തര്‍ക്കം ഉണ്ട്. ചിലര്‍ ഈ പട്ടണങ്ങള്‍ നിലനിന്നിരുന്നു എന്നും അവ പിന്നീട് ചാവുകടലിന്റെ അടിയിലേക്ക് താഴ്ന്നുപോയി എന്നും വിശ്വസിക്കുന്നു. മറ്റ് ചിലര്‍, പട്ടണങ്ങളുടെ തകര്‍ച്ചയ്ക്ക് ശേഷം, അവ ചാവുകടലിന്റെ തെക്ക് കിഴക്കായി പുനസ്ഥാപിക്കപ്പെട്ടു എന്നും അവിടെ അവയ്ക്ക് പുതിയ പേര് ഉണ്ടായി എന്നും അഭിപ്രായപ്പെടുന്നു. എന്നാല്‍ ഈ പട്ടണങ്ങള്‍ ഒരിക്കലും നിലനിന്നിരുന്നില്ല, അവയെക്കുറിച്ചുള്ള കഥകള്‍ വെറും ഐതീഹകങ്ങള്‍ മാത്രമാണു എന്ന് വാദിക്കുന്നവരും ഉണ്ട്.  

സൊദോം, ഗൊമോരാ പട്ടണങ്ങള്‍ ചാവുകടലിന്റെ വടക്കേ തീരത്തായിരുന്നുവോ, തെക്കേ തീരത്തായിരുന്നുവോ എന്നത് വേദ പണ്ഡിതന്മാര്‍ക്കും പുരാവസ്തു ഗവേഷകര്‍ക്കും ഇടയിലെ തര്‍ക്ക വിഷയമാണ്. ഈ പട്ടണങ്ങള്‍ പുരാതനകാലത്ത് നിലനിന്നിരുന്നു എന്നും, എന്നാല്‍ അവ ഒരു പ്രകൃതി ക്ഷോഭത്താല്‍ തകര്‍ന്നുപോയി എന്നും പുരാവസ്തു ഗവേഷകരും ഭൂതത്ത്വ ശാസ്ത്രജ്ഞരും ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു. ഇവ, ഏകദേശം 2000 BC മുതല്‍ 1550 BC വരെ യുള്ള മദ്ധ്യ വെങ്കല കാലത്ത് ആയിരിക്കേണം അവിടെ സ്ഥിതിചെയ്തിരുന്നത്. ചില പുരാവസ്തു ഗവേഷകര്‍, BC 1800 മുതല്‍ 2300 വരെയുള്ള പൂര്‍വ്വ വെങ്കല യുഗത്തില്‍ ആയിരുന്നു ഈ  സമ്പുഷ്ട പട്ടണങ്ങള്‍ സ്ഥിതിചെയ്തിരുന്നത് എന്ന അഭിപ്രായക്കാര്‍ ആണ്. അതിന്റെ തകര്‍ച്ച BC 2100 നും 1900 നും ഇടയില്‍ സംഭവിച്ചിരിക്കേണം. പട്ടണത്തിന്റെ തകര്‍ച്ചയുടെ കാരണങ്ങളെക്കുറിച്ച് വ്യത്യസ്തങ്ങള്‍ ആയ അഭിപ്രായങ്ങള്‍ ഉണ്ട്.

സൊദോമും ഗൊമോരായും അതിനോടു ചേര്‍ന്ന് ഉണ്ടായിരുന്ന പട്ടണങ്ങളും ഒരിക്കല്‍ ഫലഭൂയിഷ്ടമായ പ്രദേശങ്ങള്‍ ആയിരുന്നു എന്ന് പുരാവസ്തു ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ശുദ്ധമായ വെള്ളം ഈ പ്രദേശങ്ങളില്‍ ലഭ്യമായിരുന്നു. നദികള്‍ ചാവുകടലിലേക്ക് ഒഴികിയിരുന്നു. അന്ന് ചാവുകടലിലും സാധാരണ സമുദ്ര ജലം ആയിരുന്നു. ഈ പ്രദേശം ഫലസമൃദ്ധി ഉള്ളത് ആയിരുന്നതിനാലാണ് ലോത്ത് അത് തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ കന്നുകാലികള്‍ക്കും ആടുമാടുകള്‍ക്കും മേയുവാനുള്ള സ്ഥലം ധാരാളം ഉണ്ടായിരുന്നു.

അനേകം ഭൂതത്ത്വ ശാസ്ത്രജ്ഞന്‍മാരും (Geologist), പുരാവസ്തു ഗവേഷകരും, ചരിത്രകാരന്മാരും, ഭൂഗോളശാസ്‌ത്രജ്ഞന്മാരും (geographer), സൊദോം, ഗൊമോരാ പട്ടണങ്ങളുടെ നാശത്തെക്കുറിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ട്. ഈ പട്ടണങ്ങളുടെ നാശം ഒരു അഗ്നിപര്‍വ്വതം പെട്ടന്ന് പൊട്ടിയതിനാല്‍ സംഭവിച്ചതാകാം എന്നൊരു അഭിപ്രായം അവര്‍ക്കിടയില്‍ ഉണ്ട്. എന്നാല്‍, അവരില്‍ ഒരു കൂട്ടം ഗവേഷകര്‍, ഈ പട്ടണങ്ങള്‍ നിലനിന്നിരുന്ന പുരാതന കാലത്ത്, ആ പ്രദേശങ്ങളില്‍ അഗ്നിപര്‍വ്വതങ്ങള്‍ പൊട്ടി നാശം സംഭവിച്ചിട്ടില്ല എന്ന് വാദിക്കുന്നു. ഒരു പക്ഷേ ഒരു വലിയ ഭൂമികുലുക്കം ആയിരിക്കാം ആ പട്ടണങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണം എന്നാണ് അവരുടെ വാദം. 1650 BC യില്‍ ഒരു വലിയ മേഘവിസ്ഫോടനം ഉണ്ടായി എന്നും ആകാശത്തു നിന്നും ഉല്‍ക്കകള്‍ പതിച്ചു എന്നും അഭിപ്രായപ്പെടുന്നവര്‍ ഉണ്ട്. ഇത് ഈ പട്ടണങ്ങളുടെമേല്‍ ഗന്ധകവും തീയും വീണു എന്ന വേദപുസ്തകത്തിലെ  വിവരണത്തോട് ചേര്‍ന്ന് നില്‍ക്കുന്ന അഭിപ്രായമാണ്.

സ്ട്രാബോ (Strabo)

BC 63 മുതല്‍ AD 24 വരെ, ഏഷ്യാ മൈനര്‍ പ്രദേശത്ത് ജീവിച്ചിരുന്ന, ഒരു പുരാതന ഗ്രീക്ക് തത്വചിന്തകനും, ഭൂഗോളശാസ്‌ത്രജ്ഞനും, ചരിത്രകാരനും ആയിരുന്നു സ്ട്രാബോ (Strabo - philosopher, geographer and historian). അദ്ദേഹത്തിന്റെ രചനകളില്‍, ചാവുകടലിന്റെ തീര പ്രദേശത്ത് 13 സ്വതന്ത്ര പട്ടണങ്ങള്‍ ഉണ്ടായിരുന്നു എന്നും അവിടെ ജനവാസം ഉണ്ടായിരുന്നു എന്നും പറയുന്നുണ്ട്. അതില്‍ സൊദോം, ഗൊമോരാ പട്ടണങ്ങള്‍ ഉള്‍പ്പെടുന്നു. സ്ട്രാബോ, മോസാദ എന്നൊരു പ്രദേശത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. (Moasada). ഇത് മസദ എന്ന പ്രദേശത്തെക്കുറിച്ചായിരിക്കാം. (Masada). ഇവിടെയുണ്ടായിരുന്ന പട്ടണങ്ങളില്‍, സൊദോം ഒരു തലസ്ഥാന പട്ടണമോ, അതിനു തുല്യമായ സ്ഥാനം ഉണ്ടായിരുന്ന പട്ടണമോ ആയിരുന്നു. സൊദോമിന് സമീപത്തായി ചാവുകടലിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത്, ചുണ്ണാമ്പ് കല്ലും ഉപ്പും നിറഞ്ഞ ഒരു ചെറിയ മല ഉണ്ടായിരുന്നതായും അദ്ദേഹം വിവരിക്കുന്നു. ഇതിനെ അറബിയില്‍ ജബാല്‍ ഉസ്ദും എന്നാണ് വിളിച്ചത്. (Jabal Usdum). ജബാല്‍ എന്നാല്‍ മല എന്നാണ്. ഉസ്ദും എന്ന വാക്കില്‍ നിന്നാകാം സൊദോം എന്ന പേര് ഉണ്ടായത്.

യഹൂദ ചരിത്രകാരനായ ജോസെഫസ് ചാവുകടലിന്റെ തീരത്ത് പുരാതന സൊദോം പട്ടണം സ്ഥിതിചെയ്തിരുന്നു എന്ന് അഭിപ്രായപ്പെടുന്നു. യിസ്രയേലില്‍ ഇന്നുള്ള ഉള്ള സെദോം എന്ന വ്യവസായിക പ്രദേശം പുരാതന സൊദോം ആയിരുന്നു എന്ന് ചില ഗവേഷകര്‍ കരുതുന്നു. 

അക്കാഡിയന്‍ സാമ്രാജ്യം

പുരാതന മെസൊപ്പൊത്താമ്യ പ്രദേശത്തെ ആദ്യത്തെ സാമ്രാജ്യമായിരുന്നു അക്കാഡിയന്‍ സാമ്രാജ്യം. (Mesopotamia, Akkadian Empire – ഏകദേശം 2350–2150 B.C). അക്കാഡിയ, സുമേറിയ എന്നീ ഭാഷകള്‍ സംസാരിച്ചിരുന്ന രാജ്യങ്ങളെ ഈ സാമ്രാജ്യം ഒന്നിപ്പിച്ചു. (Akkadian and Sumerian speakers). പൂരാതനമായ അക്കാഡിയന്‍ ഭാഷയിലുള്ള ഒരു കവിതയില്‍  തകര്‍പ്പെട്ട ഒരു പട്ടണത്തില്‍ നിന്നും രക്ഷപ്പെട്ട ഒരു  മനുഷ്യന്റെ കഥ പറയുന്നുണ്ട്. അതില്‍, ആകാശത്തുനിന്നും മഴപോലെ അഗ്നി ഇറങ്ങിവന്നാണ് ആ പട്ടണം തകര്‍ന്നത് എന്നു വിവരിക്കുന്നു. എന്നാല്‍, ആ പട്ടണത്തില്‍ നിന്നും രക്ഷപ്പെട്ട മനുഷ്യന്റെയോ, പട്ടണത്തിന്റെയോ പേര് ഇതില്‍ പറയുന്നില്ല. എങ്കിലും അക്കാലത്ത് നശിച്ചുപോയ പട്ടണങ്ങളെക്കുറിച്ചും അതിന്റെ നാശത്തിന്റെ കാരണത്തെക്കുറിച്ചും അന്നത്തെ ജനങ്ങള്‍ക്ക് അറിവുണ്ടായിരുന്നു എന്നു ഈ കവിതയില്‍ നിന്നും മനസ്സിലാക്കാം.

നുമേറിയ പട്ടണം

പുരാതന പൂര്‍വ്വ വെങ്കല കാലത്ത് ചാവുകടലിന്‍റെ തീരപ്രദേശത്ത്, ബാബ് എദ്-ദ്ര, നുമേറിയ എന്നിങ്ങനെ ചില പട്ടണങ്ങള്‍ ഉണ്ടായിരുന്നതായി ഭൂതത്ത്വ ശാസ്ത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെടുന്നു. (Early Bronze Age, Bab edh-Dhra, Numeira). നുമേറിയ എന്ന സ്ഥലത്ത് പെട്രോളിയം, ടാര്‍, സള്‍ഫര്‍, പ്രകൃതി വാതകം എന്നിവയുടെ നിക്ഷേപം ഉണ്ടായിരുന്നു. (petroleum, bitumen, sulfur, natural gas). ഇവിടെ ഭൂമികുലുക്കം ഉണ്ടായപ്പോള്‍, ഈ പ്രദേശത്ത് ഭൂമിയില്‍ വിള്ളല്‍ ഉണ്ടാകുകയും അതിലൂടെ പ്രകൃതി വാതകം പുറത്തേക്ക് വമിക്കുകയും, അത് പട്ടണത്തില്‍ പടരുകയും ചെയ്തു. പട്ടണത്തില്‍ മനുഷ്യര്‍ ഉപയോഗിച്ചുകൊണ്ടിരുന്ന തീയുമായി അത് ചേര്‍ന്ന്, വലിയ അഗ്നി ഉണ്ടായി. അങ്ങനെ പട്ടണം മുഴുവന്‍ അഗ്നിക്ക് ഇരയായി, നശിച്ചു. അഗ്നി കൊണ്ട് നശിച്ചതിനാല്‍, പട്ടണം കടല്‍ നിരപ്പില്‍ നിന്നും താഴ്ന്നു പോയി. കടലിലെ വെള്ളം അതിനുമീതെ കരകവിഞ്ഞു ഒഴുകി, അതിനെ മൂടികളഞ്ഞു. ഇത് ഗവേഷകരുടെ മറ്റൊരു കണ്ടെത്തല്‍ ആണ്.

റ്റാള്‍ എല്‍-ഹമ്മാം. (Tall el-Hammam)

ഗവേഷകരും ചരിത്രകാരന്മാരും കണ്ടെത്തിയ മറ്റൊരു പുരാതന പട്ടണത്തിന്റെ ചരിത്രം കൂടി നമുക്ക് പരിശോധിക്കാം. ഇത് ഒരു ചരിത്ര സംഭവം ആണ് എന്നു അവര്‍ പറയുന്നു. പുരാതനകാലത്ത് ആകാശത്തു നിന്നും വലിയ പാറക്കഷണങ്ങള്‍ ഭൂമിയില്‍ പതിച്ച്, ചില ജനവാസ പട്ടണങ്ങള്‍ തകര്‍ന്നുപോയിട്ടുണ്ട് എന്നു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ വലിയ പറക്കഷണങ്ങളെ ഉല്‍ക്ക എന്നു വിളിക്കുന്നു. ഇങ്ങനെ തകര്‍ന്നുപോയ ഒരു പുരാതന പട്ടണമായിരുന്നു, റ്റാള്‍ എല്‍-ഹമ്മാം. (Tall el-Hammam). വെങ്കല യുഗത്തില്‍, BC 1650 ല്‍ യോര്‍ദ്ദാന്‍ താഴ് വരയില്‍ ഈ പട്ടണം സ്ഥിതിചെയ്തിരുന്നു.  

റ്റാള്‍ എല്‍-ഹമ്മാം, അക്കാലത്ത്, യോര്‍ദ്ദാന്‍ താഴ് വരയില്‍ ഉണ്ടായിരുന്ന പ്രധാനപ്പെട്ട മൂന്ന് പട്ടണങ്ങളില്‍ ഒന്നായിരുന്നു. ആ പ്രദേശത്തിന്റെ രാക്ഷ്ട്രീയ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് ഈ പട്ടണം ആയിരുന്നു. ഈ മൂന്ന് പട്ടണങ്ങളിലുമായി ഏകദേശം 50, 000 പേര്‍ ജീവിച്ചിരുന്നു. അഞ്ചു നിലവരെ ഉള്ള കെട്ടിടങ്ങള്‍ അവിടെ ഉണ്ടായിരുന്നു. എല്ലാം ചെളികൊണ്ട് ഉണ്ടാക്കിയതായിരുന്നു.

ഈ പട്ടണങ്ങളുടെ തകര്‍ച്ച പെട്ടന്നായിരുന്നു. ഇവിടെ പൊടുന്നനവേ, അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിച്ചു എന്നും അത് പട്ടണത്തിന്റെ നാശത്തിന് കാരണമായി എന്നും ഗവേഷകര്‍ കരുതുന്നു. ഇവിടെ നിന്നും കണ്ടെടുത്ത കളിമണ്‍ പാത്രങ്ങളുടെ പുറം ഉരുകിപ്പോയിരുന്നു. അന്തരീക്ഷ ഊഷ്മാവിന്‍റെ വര്‍ദ്ധനവ് കാരണം ആ പട്ടണം അഗ്നിക്കിരയായി, അത് നശിക്കുക ആയിരുന്നു എന്നാണ് ഗവേഷകരുടെ അഭിപ്രായം. ഒരു യുദ്ധത്തിനോ, അഗ്നിപര്‍വ്വതത്തിനോ, അന്തരീക്ഷ വ്യത്യാസത്തിനോ, പട്ടണത്തില്‍ ഉണ്ടായ ഒരു അഗ്നിബാധയ്ക്കൊ, ഭൂമികുലുക്കത്തിനോ, ഇത്തരത്തില്‍ ഉയര്‍ന്ന ഒരു ഊഷ്മാവ് സൃഷ്ടിക്കുവാന്‍ കഴിയില്ല. അന്തരീക്ഷ ഊഷ്മാവ് ക്രമമായി വര്‍ദ്ധിച്ചതല്ല. അത് അപ്രതീക്ഷിതവും, കാരണങ്ങള്‍ കൂടാതെയും, പെട്ടന്നും സംഭവിച്ചതാണ്. അതിനെ ചെറുക്കുവാനോ, ഓടി രക്ഷപ്പെടുവാനോ, പട്ടണത്തിലെ ജനങ്ങള്‍ക്ക് കഴിഞ്ഞില്ല. അതിനാല്‍ ആകാശത്തുനിന്നും ഉല്‍ക്ക പോലുള്ള എന്തെങ്കിലും ആ പട്ടണത്തില്‍ പതിച്ചുകാണും എന്നു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

ആകാശത്ത് നിന്നും താഴേക്ക് വേഗത്തില്‍ പതിച്ച ഉല്‍ക്ക പട്ടണത്തിന് 2.5 മൈല്‍ ഉയരത്തില്‍, അന്തരീക്ഷത്തില്‍ വച്ച് പൊട്ടിച്ചിതറി. അത് അതീവ ശക്തിയോടെയും ഊഷ്മാവോടെയും പട്ടണത്തില്‍ പതിച്ചു. അതിന് ഹിരോഷിമയില്‍ വര്‍ഷിച്ച ആറ്റം ബോംബിനെക്കാള്‍ 1000 ഇരട്ടി പ്രഹര ശേഷി ഉണ്ടായിരുന്നു. അത് കാരണം അന്തരീക്ഷ ഊഷ്മാവ്, 1980 ഡിഗ്രി സെല്‍സിയസ്  ന് മുകളിലേക്ക് ഉയര്‍ന്നു. (1980 celsius – 3600 Fahrenheit). അവിടെ ഉണ്ടായിരുന്ന വാളും, കുന്തവും, ചെളികൊണ്ടു നിര്‍മ്മിക്കപ്പെട്ട  മതിലുകളും, വീടുകളുടെ ഭിത്തിയും, പാത്രങ്ങളും എല്ലാം ഉരുകിപ്പോയി. അഗ്നിക്ക് ശേഷം 740 മൈല്‍ വേഗത്തില്‍ ഒരു കൊടുങ്കാറ്റ് ഉണ്ടായി. പട്ടണം മുഴുവന്‍, കല്ലുകളും പൊടിയും മാത്രമായി. പട്ടണത്തില്‍ ഉണ്ടായിരുന്ന 8000 പേരും, മൃഗങ്ങളും അഗ്നിക്ക് ഇരയായി. അവരുടെ ശവശരീരങ്ങളിലെ എല്ലുകള്‍ പോലും പൊട്ടിത്തെറിച്ചു.

ഇവിടെനിന്നും കണ്ടെടുത്ത മണ്ണിലും വസ്തുകളിലും ഉപ്പിന്റെ അംശം വളരെകൂടുതലാണ്. ഇത് കാരണം അവിടെ പിന്നീട് യാതൊരു സസ്യജാലങ്ങളും വളര്‍ന്നില്ല. അതിനാല്‍ ഈ പട്ടണം സ്ഥിതിചെയ്തിരുന്ന യോര്‍ദ്ദാന്‍റെ താഴ് വരയിലെ പ്രദേശം നൂറ്റാണ്ടുകളോളം ജനവാസം ഇല്ലാതെ കിടന്നു. ഇതെല്ലാം ആണ് ഗവേഷകരുടെ അഭിപ്രായങ്ങള്‍.  

ഇതുതന്നെയാണോ വേദപുസ്തകത്തിലെ സൊദോം, ഗൊമോരാ എന്നീ പട്ടണങ്ങള്‍ എന്നു തീര്‍ച്ചയില്ല. ആണ് എന്നും അല്ല എന്നും അഭിപ്രായം ഉള്ളവര്‍ ഉണ്ട്. ഗവേഷകരുടെ കണ്ടെത്തലുകളില്‍ വിവരിക്കുന്ന സംഭവങ്ങള്‍ വേദപുസ്തകത്തില്‍ വിവരിക്കുന്ന സൊദോം, ഗൊമോരാ പട്ടണങ്ങളുടെ നാശത്തോട് വളരെ സാമ്യമുള്ളത് ആണ്. ഒരു പക്ഷേ ഗവേഷകര്‍ കണ്ടെത്തിയതും വേദപുസ്തകം പറയുന്നതും ഒരേ പട്ടണങ്ങളെക്കുറിച്ചാകാം. സൊദോം എന്ന വാക്കിന്റെ അര്‍ത്ഥം “കത്തുന്നത്” എന്നും ഗൊമോരാ എന്ന പേരിന്റെ അര്‍ത്ഥം “വെള്ളത്തില്‍ മുങ്ങിപ്പോകുന്ന” എന്നുമാണ്. ഈ പേരുകള്‍ പട്ടണങ്ങളുടെ നാശത്തിന് ശേഷം ഉണ്ടായതാകാം. മുമ്പ് അവയ്ക്കു മറ്റ് പേരുകള്‍ ഉണ്ടായിരുന്നിരിക്കാം. ഈ പട്ടണങ്ങളുടെ തകര്‍ച്ചയെക്കുറിച്ചുള്ള വേദപുസ്തകത്തിലെ വിവരണം ഇങ്ങനെയാണ്:

 

ഉല്‍പ്പത്തി 19: 24, 25

25 യഹോവ സൊദോമിന്റെയും ഗൊമോരയുടെയും മേൽ യഹോവയുടെ സന്നിധിയിൽനിന്നുആകാശത്തുനിന്നു തന്നെഗന്ധകവും തീയും വർഷിപ്പിച്ചു.

25  ആ പട്ടണങ്ങൾക്കും പ്രദേശത്തിന്നും മുഴുവനും ആ പട്ടണങ്ങളിലെ സകലനിവാസികൾക്കും നിലത്തെ സസ്യങ്ങൾക്കും ഉന്മൂലനാശം വരുത്തി.

വേദപുസ്തകത്തിലെ വിവരണവും ഗവേഷകരുടെ കണ്ടെത്തലുകളും കൂട്ടിവായിച്ചാല്‍, സൊദോം, ഗൊമോരാ എന്നീ പട്ടണങ്ങളുടെ ചരിത്രവും, അതിന്റെ സര്‍വ്വ നാശവും നമുക്ക് രൂപപ്പെടുത്തുവാന്‍ കഴിയും. ഗവേഷകര്‍ വസ്തുനിഷ്ഠാപരമായ തെളിവുകളെ കണ്ടെത്തുവാന്‍ ശ്രമിക്കുമ്പോള്‍, വേദപുസ്തകം ദൈവത്തിന്റെ കോപവും പാപത്തിന്റെ ശിക്ഷയും ആണ് നമ്മളോട് പറയുവാന്‍ ശ്രമിക്കുന്നത്. ഇതാണ് ഈ രണ്ടു വിവരണങ്ങള്‍ തമ്മിലുള്ള വ്യത്യാസം. ഒന്ന് മറ്റൊന്നിനെ എതിര്‍ക്കുകയല്ല, പരസ്പരം പൂരിപ്പിക്കുകയാണ് ചെയ്യുന്നത്.

സൊദോമിന്റെ പാപം 

നമ്മള്‍ തുടക്കത്തില്‍ പറഞ്ഞതുപോലെ, ഈ പഠനം ഒരു ചരിത്ര അവലോകനമാണ്. ഇതൊരു ദൈവശാസ്ത്ര പരമായ വിശകലനം അല്ല. എങ്കിലും ഇത് അവസാനിപ്പിക്കുന്നതിന് മുമ്പ് സൊദോമിന്റെ പാപം എന്തായിരുന്നു എന്ന് മനസ്സിലാക്കേണ്ടത് ആവശ്യമാണ്. അത് ഈ പട്ടണങ്ങളുടെ തകര്‍ച്ചയുടെ ചരിത്രത്തില്‍ നിന്നും നമ്മള്‍ പഠിക്കേണ്ടുന്ന പാഠം എന്താണ് എന്ന് നമ്മളോട് പറയും.

സൊദോമിന്റെ പാപം സ്വവര്‍ഗ്ഗ അധാര്‍മ്മിക പ്രവര്‍ത്തിയായിരുന്നു എന്നാണ് ക്രൈസ്തവരുടെ പരമ്പര്യ വിശ്വാസം. യാഥാസ്ഥിതികരായ വേദശാസ്ത്ര പണ്ഡിതന്മാരും ഇതേ അഭിപ്രായക്കാര്‍ ആണ്. എന്നാല്‍, ഈ വാദം ആധുനിക മനുഷ്യനെ ഭയപ്പെടുത്തുന്നുണ്ടാകേണം. അതിനാല്‍ ആയിരിക്കേണം, ചില ആധുനിക പണ്ഡിതന്മാര്‍, ഇതില്‍ സംശയം പ്രകടിപ്പിക്കുന്നത്. അവര്‍ സ്വവര്‍ഗ്ഗ അധാര്‍മ്മികത സൊദോമിന്റെ പാപമായി കാണുന്നില്ല. അതായത് സ്വവര്‍ഗ്ഗ അധാര്‍മ്മികതയെ ദൈവം വെറുക്കുന്ന പാപമായി അവര്‍ കാണുന്നില്ല. ഈ അഭിപ്രായത്തെ, ആധുനിക മനുഷ്യന്‍റെ പാപബോധത്തില്‍ അയവുവരുത്തുവാനുള്ള ബോധപൂര്‍വ്വമായ ചിന്തയായി കാണേണ്ടിയിരിക്കുന്നു.

സൊദോമിനെയും ഗൊമോരയെയും നശിപ്പിക്കുവാനുള്ള കാരണം ദൈവം അബ്രാഹാമിനോടു, ഉല്‍പ്പത്തി 18: 20 ല്‍ പറയുന്നുണ്ട്:

 

ഉല്‍പ്പത്തി 18: പിന്നെ യഹോവ: സൊദോമിന്റെയും ഗൊമോരയുടെയും നിലവിളി വലിയതും അവരുടെ പാപം അതികഠിനവും ആകുന്നു.

ഉല്‍പ്പത്തി 19: 13 ല്‍ ദൂതന്മാര്‍ ലോത്തിനോട് പറയുന്ന വാക്കുകള്‍ ഇതാണ്:

 

ഉല്‍പ്പത്തി 19: 13 ഇവരെക്കുറിച്ചുള്ള ആവലാധി യഹോവയുടെ മുമ്പാകെ വലുതായിത്തീർന്നിരിക്കകൊണ്ടു ഞങ്ങൾ ഈ സ്ഥലത്തെ നശിപ്പിക്കും. അതിനെ നശിപ്പിപ്പാൻ യഹോവ ഞങ്ങളെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.”

യെഹെസ്കേല്‍ 16 ആം അദ്ധ്യായത്തില്‍ ദൈവം യെരൂശലേമിനെ സൊദോമിനോട് സാമ്യപ്പെടുത്തി സംസാരിക്കുന്നുണ്ട്. ഇതില്‍നിന്നും സൊദോമിന്റെ പാപത്തിന്റെ സ്വഭാവം നമ്മള്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയും.

 

യെഹെസ്കേല്‍ 16: 49, 50

49  നിന്റെ സഹോദരിയായ സൊദോമിന്റെ അകൃത്യമോ: ഗർവ്വവും തീൻ പുളെപ്പും നിർഭയസ്വൈരവും അവൾക്കും അവളുടെ പുത്രിമാർക്കും ഉണ്ടായിരുന്നുഎളിയവനെയും ദരിദ്രനെയും അവൾ സഹായിച്ചതുമില്ല.

50  അവർ അഹങ്കാരികളായി എന്റെ മുമ്പിൽ മ്ലേച്ഛത ചെയ്തുഅതുകൊണ്ടു എനിക്കു ബോധിച്ചതുപോലെ ഞാൻ അവരെ നീക്കിക്കളഞ്ഞു.

ഇതില്‍ മൂന്നു കാര്യങ്ങള്‍ ദൈവം അരുളിചെയ്യുന്നതായി പ്രവാചകന്‍ പറയുന്നു: സൊദോമിന്റെ പാപത്തില്‍ ഒന്നു ഗര്‍വ്വും, തീന്‍ പുളപ്പും, നിര്‍ഭയ സ്വൈരവും ആയിരുന്നു. അതായത് അവര്‍ നിഗളം ഉള്ളവര്‍ ആയിരുന്നു. അവര്‍ക്ക് സമൃദ്ധമായി ആഹാരവും മറ്റ് ഭൌതീക വസ്തുവകകളും ഉണ്ടായിരുന്നു. അവര്‍ക്ക് നിര്‍ഭയ സ്വൈര്യം ഉണ്ടായിരുന്നു. “നിര്‍ഭയ സ്വൈര്യം” എന്നത് ഇംഗ്ലീഷില്‍ “abundance of idleness” എന്നാണ്. അതായത് അവര്‍ക്ക് ജോലിചെയ്യാതെ വിശ്രമിക്കുവാന്‍ ധാരാളം സമയം കിട്ടി. “അലസതയുടെ ധാരാളിത്തം” എന്ന് നമുക്ക് ഇതിനെ പരിഭാഷപ്പെടുത്താം. ഇതിനെ വിശ്രമവേളകളിലെ ഉല്ലാസങ്ങളോ, വിനോദ സഞ്ചാരമോ, മറ്റ് വിനോദ മാര്‍ഗ്ഗങ്ങളോ ആയി ബന്ധിപ്പിക്കാം. മാത്രവുമല്ല, അവര്‍ക്ക് ശത്രു രാജ്യങ്ങളെ പേടിക്കേണ്ടതില്ലായിരുന്നു എന്നും ഇതില്‍ അര്‍ത്ഥം കണ്ടെത്താം. ഇത് അന്നത്തെ കാലത്ത് വിശ്രമവേളയ്ക്ക് പ്രധാനമാണ്. അതിനാലാണ് മലയാളത്തില്‍ “നിര്‍ഭയ സ്വൈര്യം” എന്നു വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

“എളിയവനെയും ദരിദ്രനെയും അവൾ സഹായിച്ചതുമില്ല. എന്നാണ് യെഹെസ്കേലിന്‍റെ പുസ്തകത്തില്‍ പറയുന്ന മറ്റൊരു കുറ്റം. ഇത് ദൈവ കോപത്തിന്റെ കാരണമായി ചില വേദ പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സാധുക്കളെ സഹായിക്കുന്നത് മരണകരമായ കുറ്റമായി സൊദോമിലെ ജനങ്ങള്‍ കണ്ടിരുന്നു എന്നു ചില യഹൂദ രചനകളില്‍ പറയുന്നുണ്ട്. ഇതിന്റെ കൃത്യത നമുക് ലഭ്യമല്ല എങ്കിലും സാധ്യത തള്ളിക്കളയുന്നില്ല. കാരണം, ലോത്തിന്റെ വീട്ടില്‍ വന്ന ദൈവ ദൂതന്മാരോടുള്ള അവരുടെ പെരുമാറ്റം പരദേശികളോടും സാധുക്കളോടും ഉള്ള അവരുടെ ക്രൂരതയ്ക്കു ഉദാഹരണമാണ്.

എന്നാല്‍, സൊദോമിന്റെയും ഗൊമോരയുടെയും പാപം അധാര്‍മ്മികമായ സ്വവര്‍ഗ്ഗ ബന്ധങ്ങള്‍ ആയിരുന്നു എന്നാണ് പൊതുവേയുള്ള വിശ്വസം. സൊദോം പട്ടണക്കാര്‍ ലോത്തിനോടു പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു:

 

ഉല്‍പ്പത്തി 19: 5 ലോത്തിനെ വിളിച്ചു: ഈരാത്രി നിന്റെ അടുക്കൽ വന്ന പുരുഷന്മാർ എവിടെഞങ്ങൾ അവരെ ഭോഗിക്കേണ്ടതിന്നു ഞങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവാ.

ഇത് അവരുടെ പാപം നിറഞ്ഞ ജീവിതം വെളിപ്പെടുത്തുന്നു. ഇതിനെക്കുറിച്ചായിരിക്കാം, “അവർ അഹങ്കാരികളായി എന്റെ മുമ്പിൽ മ്ലേച്ഛത ചെയ്തു എന്നു യെഹെസ്കേല്‍ 16: 50 ല്‍ പറഞ്ഞിരിക്കുന്നത്. ഇത് തന്നെയായിരിക്കാം യൂദായുടെ ലേഖനത്തിലും പറയുന്നതു:

 

യൂദാ 1: 7 അതുപോലെ സൊദോമും ഗൊമോരയും ചുറ്റുമുള്ള പട്ടണങ്ങളും അവർക്കു സമമായി ദുർന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു നടന്നതിനാൽ നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി കിടക്കുന്നു.

2 പത്രൊസ് 2: 8 ല്‍ പറഞ്ഞിരിക്കുന്ന ദുഷ്കാമ പ്രവൃത്തികള്‍ സൊദോമ്യരുടെ സ്വവര്‍ഗ്ഗ അധാര്‍മ്മികത ആണ്.

 

2 പത്രൊസ് 2: 7, 8

7    അധർമ്മികളുടെ ഇടയിൽ വസിച്ചിരിക്കുമ്പോൾ നാൾതോറും അധർമ്മപ്രവൃത്തി കണ്ടും കേട്ടും തന്റെ നീതിയുള്ള മനസ്സിൽ നൊന്തു

8    അവരുടെ ദുഷ്കാമപ്രവൃത്തിയാൽ വലഞ്ഞുപോയ നീതിമാനായ ലോത്തിനെ വിടുവിക്കയും ചെയ്തു.

ആള്‍കൂട്ട ആക്രമണങ്ങള്‍ ആയിരുന്നു അവരുടെ പാപം എന്ന് വാദിക്കുന്ന പണ്ഡിതന്മാരും ഉണ്ട്. ലോത്തിന്റെ വീടില്‍ അഭയം പ്രാപിച്ച ദൂതന്മാരെ പട്ടണത്തിലെ ആബാലവൃദ്ധം ജനങ്ങളാണ് ആക്രമിക്കുവാന്‍ ശ്രമിച്ചത്. ഇത്തരം ആക്രമണങ്ങള്‍ ആ പ്രദേശത്ത് സംഭവിക്കുമായിരുന്നു എന്നതിന് വേദപുസ്തകത്തില്‍ തന്നെ തെളിവുകള്‍ ഉണ്ട്. ന്യായാധിപന്മാര്‍ 19 ല്‍ വിവരിക്കുന്ന സംഭവം സൊദോമിന്റെ നാശത്തിന് ശേഷം സംഭവിച്ചതാണ്. ഇവിടെ, യിസ്രായേല്‍ ഗോത്രങ്ങളില്‍ ഒന്നായ ബെന്യാമീന്‍ ഗോത്രത്തിലെ ജനങ്ങള്‍ താമസിച്ചിരുന്ന ഗിബെയ പട്ടണത്തിന്റെ ചരിത്രം പറയുന്നു. സൊദോമിലെ അധാര്‍മ്മിക ജീവിതത്തിന്റെ ഒരു ആവര്‍ത്തനം നമുക്ക് ഇവിടെ കാണാം.  

ഒരു ലേവ്യന്‍ അവന്റെ വെപ്പാട്ടിയുമായി അവളുടെ വീടായ ബേത്ത്ലേഹെമിൽനിന്നു അവന്റെ ജന്മ സ്ഥലമായ എഫ്രയീം മലനാട്ടിൽ ഉൾപ്രദേശത്തേക്ക് പോകുക ആയിരുന്നു. വഴിമദ്ധ്യേ, രാത്രിയില്‍ അവര്‍ ബെന്യാമീന്‍ ഗോത്രക്കാര്‍ താമസിച്ചിരുന്ന ഗിബെയ എന്ന പട്ടണത്തില്‍, ഒരു വൃദ്ധന്‍റെ വീട്ടില്‍ താമസിച്ചു. എന്നാല്‍ രാത്രിയില്‍, പട്ടണത്തിലെ ചില നീചന്മാർ വീടു വളഞ്ഞു വാതിലിന്നു മുട്ടി, ലേവ്യനെ സ്വവര്‍ഗ്ഗ അധാര്‍മ്മിക പ്രവൃത്തിക്കായി ആവശ്യപ്പെട്ടു. “നിന്റെ വീട്ടിൽ വന്നിരിക്കുന്ന പുരുഷനെ പുറത്തു കൊണ്ടുവാഞങ്ങൾ അവനെ ഭോഗിക്കട്ടെ” എന്നാണ് അവര്‍ ആവശ്യപ്പെട്ടത്. (ന്യായാധിപന്മാര്‍ 19:22). ഇത് സൊദോമിലെ ജനങ്ങള്‍ ലോത്തിനോടു പറഞ്ഞ വാക്കുകളുടെ ആവര്‍ത്തനമാണ്. നീചന്‍മാര്‍ പിരിഞ്ഞുപോകാതെ വന്നപ്പോള്‍, ആ ലേവ്യന്‍ അവന്റെ വെപ്പാട്ടിയെ വീടിന് പുറത്താക്കി അവര്‍ക്ക് വിട്ടുകൊടുത്തു. പട്ടണത്തിലെ നീചന്‍മാര്‍ ആ സ്ത്രീയെ രാത്രി മുഴുവന്‍ ബലാല്‍കാരം ചെയ്തു. അവള്‍ മരിച്ചുപോയി.

ഈ സംഭവത്തില്‍ സൊദോമിലെ അധാര്‍മ്മികതയും ആള്‍കൂട്ട ആക്രമണവും, കൂട്ട ബലാല്‍ക്കാരവും ആവര്‍ത്തിക്കപ്പെടുന്നത് കാണാം. ഈ സംഭവം കാരണം മറ്റ് യിസ്രയേല്യ ഗോത്രങ്ങള്‍ ബെന്യാമീന്‍ ഗോത്രക്കാരെ ആക്രമിച്ചു, അനേകരെ സംഹരിച്ചു. അത് പിന്നീട് ബെന്യാമീന്‍ ഗോത്രത്തിലെ ആളുകളുടെ എണ്ണം കുറയുവാനും ക്രമേണ അത് അപ്രത്യക്ഷമാകുവാനും കാരണമായി.  

ഉപസംഹാരം

വേദപുസ്തകത്തില്‍ പഴയനിയമത്തിലും പുതിയനിയമത്തിലും, പാപത്തിന്റെയും ദൈവ ശിക്ഷയുടെയും അടയാളമാണ് സൊദോം, ഗൊമോരാ പട്ടണങ്ങള്‍. യിസ്രായേല്‍ ജനത്തോടുള്ള മോശെയുടെ സുദീര്‍ഘമായ പ്രഭാഷണം ആവര്‍ത്തന പുസ്തകം 29 ല്‍ നമ്മള്‍ വായിക്കുന്നു. യിസ്രയേല്യര്‍ 400 ല്‍ അധികം വര്‍ഷങ്ങള്‍ മിസ്രയീം ദേശത്ത് അടിമകളായി ജീവിച്ചവര്‍ ആണ്. അവിടെ നിന്നും ആണ് യഹോവയായ ദൈവം അവരെ വിടുവിച്ചു കൊണ്ടുവന്നത്. മിസ്രയീം ജാതീയ ദേവന്‍മാരെയും വിഗ്രഹങ്ങളെയും ആരാധിക്കുന്നവര്‍ ആയിരുന്നു. അത് കണ്ടും കെട്ടും യിസ്രയേല്യര്‍ക്കും പരിചയമുണ്ട്. എന്നാല്‍ യഹോവയായ ദൈവം ഏക ദൈവമാണ്. അവന്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നത് വെറുക്കുന്നു. അതിനാല്‍ മിസ്രയീമ്യര്‍ സേവിച്ചിരുന്ന ദേവന്മാരെ സേവിക്കരുത് എന്നു മോശെ യിസ്രായേല്‍ ജനത്തിന് മുന്നറിയിപ്പ് നല്കി. ഏതെങ്കിലും ഒരുവന്‍, മിസ്രയീമ്യ ദേവനെ സേവിച്ചാല്‍, ദൈവം അരുളിച്ചെയ്ത ശാപം അവന്റെമേല്‍ വരും. യഹോവ ആകാശത്തിൻ കീഴിൽനിന്നു അവന്റെ നാമം മായിച്ചുകളയും.

ദൈവീക ശാപത്തിന്റെ സ്വഭാവം പറയുവാന്‍ മോശെ ഉപയോഗിക്കുന്ന ഉദാഹരണം സൊദോം, ഗൊമോരാ പട്ടണങ്ങളുടെ ദുര്‍വിധിയാണ്.

 

ആവര്‍ത്തനപുസ്തകം 29: 22 യഹോവ തന്റെ കോപത്തിലും ക്രോധത്തിലും സോദോംഗൊമോരഅദമസെബോയീം എന്ന പട്ടണങ്ങളെ മറിച്ചുകളഞ്ഞതുപോലെ വിതയും വിളവും ഇല്ലാതെയും പുല്ലുപോലും മുളെക്കാതെയും ഗന്ധകവും ഉപ്പും കത്തിയിരിക്കുന്ന ദേശമൊക്കെയും കാണുമ്പോൾ ...

അതായത് യിസ്രായേല്‍ ജനം വിഗ്രഹാരാധികള്‍ ആയാല്‍, സോദോംഗൊമോരഅദമസെബോയീം എന്നീ പട്ടണങ്ങളെ ദൈവം ശിക്ഷിച്ചതുപോലെ, അവരുടെ പട്ടണങ്ങളെയും ദൈവം മറിച്ചുകളയും. സൊദോം, ഗൊമോരാ എന്നീ പട്ടണങ്ങള്‍  ഗന്ധകവും ഉപ്പും നിറഞ്ഞ, വിതയും വിളവും ഇല്ലാത്ത, പുല്ലുപോലും മുളെക്കാത്ത ദേശമായി മാറിയതുപോലെ, വിഗ്രഹാരാധികളുടെ ദേശവും മാറും. 

സൊദോമും, ഗൊമോരയും അതിന്റെ നാശവും നമുക്ക് ദൃഷ്ടാന്തമാണ്. 2 പത്രൊസ് 2: 6 ല്‍ “സൊദോം ഗൊമോറ എന്ന പട്ടണങ്ങളെ ഭസ്മീകരിച്ചു ഉന്മൂലനാശത്താൽ ന്യായം വിധിച്ചു മേലാൽ ഭക്തികെട്ടു നടക്കുന്നവർക്കു ദൃഷ്ടാന്തമാക്കിവെക്കയും” ചെയ്തിരിക്കുന്നു എന്നു പറയുന്നു. യൂദായുടെ ലേഖനത്തിലും “സൊദോമും ഗൊമോരയും ചുറ്റുമുള്ള പട്ടണങ്ങളും അവർക്കു സമമായി ദുർന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു നടന്നതിനാൽ നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി കിടക്കുന്നു.” എന്നാണ് പറയുന്നത്. (യൂദാ 1: 7)

അതായത് സൊദോം, ഗൊമോരാ പട്ടണങ്ങളുടെ നാശം എക്കാലത്തെയും മനുഷ്യര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തലാണ്. ചരിത്രം വീണ്ടും ആവര്‍ത്തിക്കപ്പെടാതെ ഇരിക്കേണം എങ്കില്‍, അവരുടെ പാപത്തില്‍ നിന്നും നമ്മള്‍ അകന്നുമാറി ജീവിക്കേണം.

സൊദോം, ഗൊമോരാ പട്ടണങ്ങളുടെമേല്‍ ഉണ്ടായ ദൈവത്തിന്റെ ന്യായവിധി ഇനി ലോകത്തിനുമേല്‍ ഉണ്ടാകുവാനിരിക്കുന്ന ന്യായവിധിയുടെ നിഴല്‍ ആണ്. ദൈവം മനുഷ്യന്റെ ദുഷ്ടതയെ ശിക്ഷിക്കാതെ വിടുകയില്ല. സൊദോം, ഗൊമോറെ പട്ടണങ്ങളുടെ ദുഷ്ടത നിറഞ്ഞ ജീവിതം, നമ്മള്‍ ഇന്ന് ജീവിക്കുന്ന ആധുനിക ലോകത്തില്‍ കാണാം. അത് ദൈവത്തിന്റെ ശിക്ഷാവിധി ആസന്നമായി എന്നു നമ്മളെ വിളിച്ചറിയിക്കുന്നു. 

ഈ മുന്നറിയിപ്പോടെ, സൊദോം ഗൊമോരാ എന്നീ പുരാതന പട്ടണങ്ങളുടെ തകര്‍ച്ചയെക്കുറിച്ചുള്ള പഠനം ഇവിടെ അവസാനിപ്പിക്കട്ടെ.

തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്. വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക. രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റുംമലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.

കൂടാതെ അനേകം ഇ-ബുക്കുകളും നമ്മള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇ-ബുക്ക് ആവശ്യമുള്ളവര്‍ക്ക് അത് whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍ 9895524854.

naphtalitribebooks.in എന്ന ഇ-ബുക്ക് സ്റ്റോറില്‍ നിന്ന് നേരിട്ടും vathil.in എന്ന website ല്‍ ലഭ്യമായിരിക്കുന്ന link ഉപയോഗിച്ചും ഇ-ബുക്ക് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. എല്ലാ ഇ-ബുക്കുകളും സൌജന്യമാണ്.

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.  ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.

എല്ലാ മാസവും രണ്ടാം ശനിയാഴ്ച, വൈകിട്ട് 7 മുതൽ 8.30 വരെ, എറണാകുളത്ത്  കാക്കനാട് ഉള്ള  ന്യൂ ലൈഫ് ഫെല്ലോഷിപ്പ് ചർച്ചിൽ വച്ച് (New Life Fellowship Church)  ബൈബിൾ ക്ലാസ്സ് ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് dp എന്ന് whatsapp ചെയ്യുക. Phone: 9895524854

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!

No comments:

Post a Comment