അന്വേഷിപ്പിന്‍, നിങ്ങള്‍ കണ്ടെത്തും

യേശുക്രിസ്തു, തന്റെ ഇഹലോക ശുശ്രൂഷയുടെ ആദ്യ ഘട്ടത്തില്‍ പറഞ്ഞ ദൈര്‍ഘ്യമേറിയ ഒരു ഭാഷണമാണ്, ഗിരി പ്രഭാഷണം എന്നു അറിയപ്പെടുന്നത്. യേശുക്രിസ്തുവിന്‍റെ പ്രഭാഷണങ്ങളില്‍ ഏറ്റവും പ്രശസ്തമായതും ലോകത്തില്‍ തന്നെ ഏറ്റവും പ്രചാരമുള്ളതുമായ പ്രസംഗം ആണിത്. ഇത് സുവിശേഷ ഗ്രന്ഥകര്‍ത്താവും യേശുവിന്റെ ശിഷ്യനും ആയിരുന്ന  മത്തായി എഴുതിയ സുവിശേഷം 5 മുതല്‍ 7 വരെയുള്ള അദ്ധ്യായങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. യേശു പ്രസംഗിച്ച സ്ഥലം, ഗലീല കടലിന്‍റെ വടക്ക് പടിഞ്ഞാറെ തീരത്തുള്ള, കഫർന്നഹൂമിനും ഗെന്നേസരെത്തിനും ഇടയില്‍ ആയിരുന്നിരിക്കേണം. ഗിരി പ്രഭാഷണം യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകളുടെ സത്ത ആണ്.


ഗിരി പ്രഭാഷണവും സീനായ് മലയും

മത്തായി സുവിശേഷം എഴുതിയത് മുഖ്യമായും യഹൂദ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി ആണ്. അതുകൊണ്ട് ദൈവീക ചരിത്രം എഴുതുമ്പോള്‍ പാലിക്കപ്പെട്ടിരുന്ന പല രീതികളും മത്തായിയും അനുധാവനം ചെയ്യുന്നുണ്ട്. കൂട്ടത്തില്‍, മത്തായി മനപ്പൂര്‍വ്വമായി തന്നെ, സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചുള്ള യഹൂദ കാഴ്ചപ്പാടും യേശു അവതരിപ്പിച്ച കാഴ്ചപ്പാടും തമ്മിലുള്ള അന്തരം നമ്മളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നുണ്ട്.

സ്വര്‍ഗ്ഗരാജ്യം എന്നത് യോഹന്നാന്‍ സ്നാപകനോ യേശുവോ അവതരിപ്പിച്ച ഒരു പുതിയ ആശയം ആയിരുന്നില്ല.

സ്വര്‍ഗ്ഗരാജ്യം എന്നത് പഴയനിയമ കാലം മുതല്‍ യഹൂദന്‍റെ പ്രത്യാശ ആയിരുന്നു. യഹൂദന്‍റെ എല്ലാ ശത്രുക്കളെയും തോല്‍പ്പിച്ച് എന്നന്നേക്കും നിലനില്‍ക്കുന്ന ഒരു രാജ്യം സ്ഥാപിക്കുന്ന ഒരു ഭൌമീക രാജാവായാണ്‌ അവര്‍ മശിഹയെ പ്രതീക്ഷിച്ചിരുന്നത്. മശിഹയുടെ കാലത്ത് ദേശത്ത്‌ എന്നും സമൃദ്ധിയും സമാധാനവും ഉണ്ടാകും എന്നും അവര്‍ വിശ്വസിച്ചു.   

ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തിനായുള്ള ദൈവീക പദ്ധതിയ്ക്ക് യഹൂദ ചിന്തകളുമായി സാമ്യമുണ്ട് എങ്കിലും വ്യത്യാസങ്ങളും ഉണ്ട്. യഹൂദന് ദൈവരാജ്യം അവന് വേണ്ടി മാത്രം ഉള്ളതാണ്. എന്നാല്‍ ദൈവീക പദ്ധതിയില്‍ ദൈവരാജ്യം യഹൂദനുവേണ്ടി മാത്രമായി ഉള്ളതല്ല. ദൈവരാജ്യം യഹൂദനും ജാതീയര്‍ക്കും ഒരുപോലെ കൈവശമാക്കുവാന്‍ കഴിയുന്നതാണ്. യഹൂദന്‍റെ ദൈവരാജ്യം ഭൌതീകമാകുമ്പോള്‍ ക്രിസ്തുവിന്റെ ദൈവരാജ്യം ഈ ലോകത്തില്‍ നിന്നുള്ളതല്ല. മോശെയുടെ ഉടമ്പടിയാല്‍ ക്രമീകരിക്കപ്പെടുന്ന ദൈവരാജ്യമല്ല യേശുവിന്റെ രാജ്യം. മോശെയുടെ ന്യായപ്രമാണങ്ങളുടെ ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന സ്വര്‍ഗ്ഗീയ മൂല്യങ്ങളാല്‍ രൂപീകരിക്കപ്പെടുന്നതാണ് ക്രിസ്തുവിന്റെ ദൈവരാജ്യം. പ്രവര്‍ത്തികളാല്‍ കൈവശമാക്കുന്നതല്ല, യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ അവകാശമാക്കുന്നതാണ് പുതിയനിയമ ദൈവരാജ്യം.    

പുതിയനിയമത്തില്‍ പ്രഖ്യാപിക്കപ്പെട്ട ദൈവരാജ്യം പഴയനിയമത്തിന്റെ വാഗ്ദത്തമാണ്. ദൈവം രാജാവായും, ജനം രാജകീയ പുരോഹിതന്മാരും ആയിരിക്കുന്ന ഒരു വിശുദ്ധ രാജ്യത്തിന്റെ രൂപീകരണം പഴയ നിയമകാലത്ത് ആരംഭിച്ച്, അത് ക്രമാനുഗതമായി, കാലകാലങ്ങളിലായി വെളിപ്പെട്ടുവന്നതാണ്. ദൈവം അബ്രഹാമിനെ വിളിച്ചു വേര്‍തിരിച്ചതിന്റെ ഉദ്ദേശ്യം ദൈവരാജ്യത്തിന്റെ പുനസ്ഥാപനം ആയിരുന്നു. മരുഭൂമിയിലെ യിസ്രായേല്‍ ജനം പഴയനിയമ കാലത്തെ ദൈവരാജ്യത്തിന്റെ ഒരു പ്രത്യക്ഷത ആയിരുന്നു. ദൈവം സീനായ് പര്‍വ്വതമുകളില്‍ ഇറങ്ങിവന്നത്, ദൈവം രാജാവായും യിസ്രായേല്‍ പ്രജകളുമായ ഒരു രാജ്യം പ്രഖ്യാപിക്കുവാന്‍ ആണ്.

 

പുറപ്പാട് 19:5,6

   ആകയാൽ നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ.

 6   നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽമക്കളോടു പറയേണ്ടുന്ന വചനങ്ങൾ ആകുന്നു.

ഒരു രാജ്യത്തിന്‌ ഒരു രാജാവും ഭരണ പ്രദേശവും ജനവും നിയമങ്ങളും വേണം. ഇവിടെ ദൈവം അവരുടെ രാജാവാണ്, വാഗ്ദത്ത ദേശം ഭരണ പ്രദേശമാണ്. യിസ്രായേല്‍, ദൈവരാജ്യത്തിലെ ജനവും ആണ്. ഈ രാജ്യത്തേയും ജനത്തെയും ഭരിക്കുന്നതിന് ആവശ്യമായ നിയമങ്ങള്‍ രാജവില്‍നിന്നും നേരിട്ട് പ്രാപിക്കുവാന്‍ രാജാധിരാജാവായ ദൈവം മോശെയെ പര്‍വ്വത മുകളിലേക്ക് വിളിച്ചു. ജാതികള്‍ള്ളതുപോലെ ഒരു ഒരു മനുഷ്യന്‍ രാജാവായിരിക്കുന്ന രാജ്യം ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമായിരുന്നില്ല. ദൈവം നേരിട്ടു ഭരിക്കുന്ന രാജ്യമാണ് ദൈവരാജ്യം. അതിന്റെ നിയമങ്ങളും മൂല്യവ്യവസ്ഥകളും രാജാവായ ദൈവം തന്റെ ഹിതപ്രകാരം തീരുമാനിക്കും. അങ്ങനെ അത്, ദൈവത്തിന്റെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തിന് തുല്യമാകും. അത് ദൈവരാജ്യമാകും.

ദൈവരാജ്യത്തിന്റെ രാജാവായ ദൈവം സീനായ് പര്‍വ്വതമുകളില്‍ വന്നത് നിയമങ്ങള്‍ നല്‍കുവാന്‍ വേണ്ടി മാത്രം ആയിരുന്നില്ല. അതുവരെയും ഒരു രാജ്യം അല്ലാതിരുന്ന യിസ്രായേലിനെ ഒരു രാജ്യമായി പ്രഖ്യപിക്കുവാനും ഉറപ്പിക്കുവാനും ആണ് ദൈവം സീനായ് പര്‍വ്വതത്തില്‍ ഇറങ്ങിവന്നത്. നിയമങ്ങള്‍ രാജ്യത്തിന്റെ രൂപീകരണത്തിന്റെ ഒരു ഭാഗം മാത്രം ആയിരുന്നു. അങ്ങനെ, ദൈവം രാജ്യമായി പ്രഖ്യാപിച്ചതും ദൈവം രാജാവായിരിക്കുന്നതുമായ ഏക രാജ്യം യിസ്രായേല്‍ ആയിരുന്നു. ദൈവവും മനുഷ്യനും തമ്മിലുള്ള ഒരു ഉടമ്പടിയിലൂടെ നിലവില്‍ വന്ന ഏക രാജ്യവും യിസ്രായേല്‍ ആണ്.

സീനായ് പര്‍വ്വത മുകളില്‍ ദൈവത്തിന്‍റെ സന്നിധിയില്‍ മോശെ 40 രാവും പകലും ചിലവഴിച്ചു. അവിടെ ഒരു രാജ്യത്തിന്റെ ആരംഭം ദൈവം പ്രഖ്യാപിച്ചു, അതിന്റെ നിയമങ്ങളും ദൈവം മോശെക്ക് നല്‍കി.

മോശെ അതിനുശേഷം താഴ് വാരത്തിലേക്ക് ഇറങ്ങി വന്നു, ന്യായപ്രമാണങ്ങള്‍ ജനത്തെ വായിച്ചു കേള്‍പ്പിച്ചു. ജനമെല്ലാം ആമേന്‍ എന്നു പറഞ്ഞു പ്രമാണങ്ങളെ സ്വീകരിച്ചു. മോശെ യാഹോവയ്ക്ക് യാഗം കഴിച്ചു, ഉടമ്പടിയുടെ അത്താഴത്തില്‍ പങ്കുചേര്‍ന്നു. അങ്ങനെ യിസ്രായേല്‍ എന്ന ഒരു പുതിയ രാജ്യം നിലവില്‍ വന്നു.

യേശു പര്‍വ്വത മുകളില്‍

യേശുക്രിസ്തുവിന്റെ ഗിരി പ്രഭാഷണം പഴയനിയമത്തിലെ ഈ സംഭവങ്ങളെയാണ് ഓര്‍മ്മിപ്പിക്കുന്നത്. പുതിയനിയമത്തില്‍, ദൈവരാജ്യത്തിന്റെ മറ്റൊരു പ്രത്യക്ഷത ആരംഭിക്കുകയാണ്. അത് പഴയനിയമ ദൈവരാജ്യത്തിന്റെ പ്രത്യക്ഷത പരാജയമായതുകൊണ്ടാണ് എന്നു ചിന്തിക്കുന്നതിന് പകരം, ദൈവരാജ്യത്തിന്റെ കാലനുഗതമായ പ്രത്യക്ഷതയാണ് എന്ന് ചിന്തിക്കുന്നതാണ് കൂടുതല്‍ ശരി. യേശു പ്രഖ്യാപിച്ച ദൈവരാജ്യം കൂടുതല്‍ വ്യക്തവും, കൃത്യതയുള്ളതും ആയിരുന്നു. പഴയനിയമത്തില്‍ വാഗ്ദത്തം ചെയ്യപ്പെട്ട ദൈവരാജ്യത്തിന്റെ, ഈ ഭൂമിയിലുള്ള, ആരംഭം ആയിരുന്നു പുതിയനിയമത്തില്‍ യേശു പ്രഖ്യാപിച്ചു ആരംഭിച്ച ദൈവരാജ്യം.

യേശുക്രിസ്തു പ്രഖ്യാപിച്ച ദൈവരാജ്യത്തിനും വ്യക്തമായ പ്രമാണങ്ങളും മൂല്യ വ്യവസ്ഥകളും ഉണ്ട്. അതിന്റെ പ്രഖ്യാപനമാണ്, യേശു ഗിരി പ്രഭാഷണത്തില്‍ നടത്തിയത്. അത് ആരംഭിക്കുന്നത് മത്തായി 5 ആം അദ്ധ്യായത്തില്‍ ആണ്.  

 

മത്തായി 5: 1, 2

    അവൻ പുരുഷാരത്തെ കണ്ടാറെ മലമേൽ കയറി. അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു.

   അവൻ തിരുവായ്മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാൽ:

യിസ്രായേല്‍ ജനം സീനായ് പര്‍വ്വത്തിന്റെ താഴ് വാരത്തിലും മോശെ പര്‍വ്വതത്തിന്റെ മുകളില്‍ ദൈവ സന്നിധിയിലുമായി, ദൈവം പ്രഖ്യാപിച്ച ദൈവരാജ്യത്തിന്‍റെ പ്രമാണങ്ങള്‍  ആണ് പഴയനിയമ വ്യവസ്ഥയിലെ ന്യായപ്രമാണങ്ങള്‍. ന്യായപ്രമാണങ്ങളെ, മോശെ എന്ന പ്രവാചകന്‍, യിസ്രായേല്‍ ജനത്തിനുവേണ്ടി,  ദൈവത്തില്‍നിന്നും സ്വീകരിച്ചു. പുതിയനിയമത്തില്‍, ഗിരി പ്രഭാഷണത്തില്‍, യേശുക്രിസ്തു എന്ന രാജാവു ദൈവരാജ്യത്തിന്റെ പ്രമാണങ്ങള്‍ പ്രഖ്യാപിക്കുകയാണ്. ഇവിടെ യേശുക്രിസ്തു, ന്യായപ്രമാണങ്ങളെ പുനര്‍ നിര്‍വചിക്കുന്ന, പുതിയനിയമത്തിന്റെ നിയമകര്‍ത്താവാണ്. സീനായ് പര്‍വ്വതത്തില്‍ ദൈവം നിയമകര്‍ത്തവും മോശെ മദ്ധ്യസ്ഥനും, പ്രവാചകനും ആയിരുന്നു എങ്കില്‍, ഇവിടെ യേശുക്രിസ്തു തന്നെയാണ് നിയമകര്‍ത്താവും മദ്ധ്യസ്ഥനും പ്രവാചകനും. യേശുവിന്റെ രക്തത്താല്‍ അവന്‍ പുതിയനിയമത്തിന്റെ പ്രമാണങ്ങളെ ഉറപ്പിച്ചു. വിശ്വാസത്താല്‍ നമ്മള്‍ അത് സ്വീകരിക്കുന്നു. തിരുവത്താഴ ശുശ്രൂഷയില്‍ പങ്കെടുക്കുന്നതിലൂടെ നമ്മള്‍ അത് വീണ്ടും ഏറ്റുപറയുന്നു.

സീനായ് പര്‍വ്വതമുകളില്‍ ദൈവം പ്രഖ്യാപിച്ച രാജ്യവും യേശുക്രിസ്തു മലമുകളില്‍ പ്രഖ്യാപിച്ച രാജ്യവും രണ്ടല്ല. അത് ഒരേ രാജ്യത്തിന്റെ രണ്ടു പ്രത്യക്ഷതയാണ്. മരുഭൂമിയിലെ യിസ്രായേല്‍, യേശു പ്രഖ്യാപിച്ച ദൈവരാജ്യത്തിന്റെ നിഴലും, യേശു പ്രഖ്യാപിച്ച ദൈവരാജ്യം അതിന്റെ മാര്‍മ്മികമായ പൊരുളും ആണ്. ദൈവരാജ്യത്തിന്‍റെ സമ്പൂര്‍ണ്ണ നിവര്‍ത്തി ഭാവില്‍ ഉണ്ടാകുവാനിരിക്കുന്നതെ ഉള്ളൂ.

ഗിരി പ്രഭാഷണം

യേശുക്രിസ്തു ഇഹലോക ശുശ്രൂഷകള്‍ ആരംഭിക്കുന്നത് കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞുകൊണ്ടാണ് (മര്‍ക്കോസ് 1:15). അതിനുശേഷം അവന്‍ ശിഷ്യന്മാരെ വിളിച്ച് ചേര്‍ത്തു, ശുശ്രൂഷകള്‍ തുടര്‍ന്നു. അവന്‍ പ്രഖ്യാപിച്ച ദൈവരാജ്യത്തിന്റെ സാന്നിധ്യം അത്ഭുതങ്ങളാലും അടയാളങ്ങളാലും ലോകത്തെ അറിയിച്ചു. ഇതിന് ശേഷമാണ് യേശു ഗിരി പ്രഭാഷണം നടത്തുന്നത്. അതായത് രാജാവ് വന്നു കഴിഞ്ഞു; രാജാവിന്റെ അധികാരവും ശക്തിയും, ദൈവരാജ്യത്തിന്‍റെ സാന്നിധ്യവും വെളിപ്പെടുത്തി. അതിനു ശേഷം രാജ്യത്തിന്റെ പ്രമാണങ്ങള്‍ യേശു പ്രഖ്യാപിച്ചു.

മത്തായി 4 ആം അദ്ധ്യായം അവസാന വാക്യങ്ങളില്‍ അതുവരെ യേശു ചെയ്തതെല്ലാം ചുരുക്കി പറഞ്ഞിട്ടുണ്ട്.

 

മത്തായി 4: 23 പിന്നെ യേശു ഗലീലയിൽ ഒക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ടു അവരുടെ പള്ളികളിൽ ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകലദീനത്തെയും വ്യാധിയെയും സൗഖ്യമാക്കുകയും ചെയ്തു.

“വളരെ പുരുഷാരം അവനെ പിന്തുടര്‍ന്നു” എന്ന് പറഞ്ഞുകൊണ്ടു മത്തായി 4 ആം അദ്ധ്യായം അവസാനിപ്പിക്കുന്നു (4:25). ഇതിന് തുടര്‍ച്ചയായി, 5 ആം അദ്ധ്യായം ആരംഭിക്കുന്നതിങ്ങനെയാണ്: “അവൻ പുരുഷാരത്തെ കണ്ടാറെ മലമേൽ കയറി. അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു. അവൻ തിരുവായ്മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാൽ ...”. 5 ആം അദ്ധ്യായത്തില്‍ ആരംഭിക്കുന്ന പ്രഭാഷണം 7 ആം അദ്ധ്യായത്തില്‍, പാറപ്പുറത്ത് വീട് പണിത ബുദ്ധിയുള്ള മനുഷ്യന്‍റെ ഉപമയോടെ അവസാനിക്കുന്നു.

ഗിരി പ്രഭാഷണത്തിന്റെ പശ്ചാത്തലം ഇത്രയും വിശദമായി പറഞ്ഞത്, അത് ദൈവരാജ്യത്തിന്റെ പ്രമാണങ്ങള്‍ ആണ് എന്നു ബോധ്യമാകുവാന്‍ വേണ്ടിയാണ്. ഈ പ്രമാണങ്ങളില്‍ ഒന്നിനെക്കുറിച്ച് മാത്രമാണു നമ്മള്‍ ഇവിടെ ചിന്തിക്കുന്നത്. അത് മത്തായി 7: 7 ആം വാക്യത്തിലും ലൂക്കോസ് 11: 9, 10 വാക്യങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. 

യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും

 

മത്തായി 7: 7, 8

7    യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും. 

   യാചിക്കുന്ന ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും. 

 

ലൂക്കോസ് 11 : 9, 10

9    യാചിപ്പിൻ, എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും. 

10   യാചിക്കുന്നവന്നു ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

മത്തായി രേഖപ്പെടുത്തിയിരിക്കുന്നതും ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നതും ആയ രണ്ടു പ്രസ്താവനകള്‍ ഒന്നുതന്നെ ആണ് എങ്കിലും അത് രണ്ടു സന്ദര്‍ഭങ്ങളില്‍ ആണ് യേശു പറയുന്നത്. യേശുവിന്റെ കാലത്തെ യഹൂദ റബ്ബിമാരും അവരുടെ ശിഷ്യന്മാരും വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ചുകൊണ്ടേ ഇരിക്കും. ഈ യാത്രയിലാണ്, ജീവിതം കൊണ്ടും വാക്കുകളിലൂടെയും റബ്ബിമാര്‍ ശിഷ്യന്മാരെ ആത്മീയ മര്‍മ്മങ്ങള്‍ പഠിപ്പിക്കുന്നത്. ശിഷ്യന്മാര്‍, യഹൂദ പള്ളികളിലും അത്തിവൃക്ഷങ്ങളുടെ തണലിലും ഇരുന്നു, റബ്ബിമാരില്‍ നിന്നും കേട്ട് പഠിക്കുമായിരുന്നു. അതിനാല്‍ ആണ്, “പാദപീഠത്തില്‍ ഇരിക്കുക”, “അത്തിവൃക്ഷ തണലില്‍” എന്നീ പദ പ്രയോഗങ്ങള്‍ക്കു റബ്ബിമാരില്‍ നിന്നും പഠിക്കുക എന്ന അര്‍ത്ഥമുണ്ടായത്. റബ്ബിമാര്‍, വായ്മൊഴിയാലാണ് ദൈവീക മര്‍മ്മങ്ങള്‍ അവരുടെ ശിഷ്യന്മാരെ പഠിപ്പിച്ചിരുന്നത്. അത് അവര്‍ വ്യത്യസ്തങ്ങള്‍ ആയ സന്ദര്‍ഭങ്ങളില്‍, അപ്പോഴത്തെ സന്ദര്‍ഭവുമായി ബന്ധപ്പെടുത്തി, ആവര്‍ത്തിച്ച് പറയുമായിരുന്നു. അത് ശിഷ്യന്മാര്‍ മനഃപാഠമാക്കുക ആയിരുന്നു പതിവ്. അതിനാലാണ് ഒരേ ആശയം ഉള്ള വാക്യങ്ങള്‍ സുവിശേഷങ്ങളില്‍ ആവര്‍ത്തിച്ച് കാണുന്നത്. ചിലത് വ്യത്യസ്തങ്ങള്‍ ആയ സന്ദര്‍ഭങ്ങളില്‍ പറഞ്ഞതായതിനാല്‍, അതില്‍ ചില വ്യത്യാസങ്ങളും കാണാം.

മത്തായി ഈ വാക്യം രേഖപ്പെടുത്തിയിരിക്കുന്നത് ഗിരി പ്രഭാഷണത്തിന്റെ ഭാഗമായിട്ടാണ്. ഗിരി പ്രഭാഷണം ദൈവരാജ്യത്തിന്റെ പ്രമാണങ്ങള്‍ ആണ് എന്ന് പറഞ്ഞുകഴിഞ്ഞല്ലോ. അതിനാല്‍ ഈ വാക്യവും ദൈവരാജ്യത്തിന്റെ പ്രമാണമാണ്. ഇവിടെ ദൈവരാജ്യത്തെ ലഭിക്കുന്നതിനെകുറിച്ചും, അതിനെ കണ്ടെത്തുന്നതിനെക്കുറിച്ചും അതിന്റെ വാതിലുകള്‍ നമുക്കായി തുറക്കുന്നതിനെക്കുറിച്ചുമാണ് പറയുന്നത്. ദൈവരാജ്യം അത് അന്വേഷിക്കുന്നവര്‍ക്ക് ഉള്ളതാണ്. “യാചിക്കുന്ന ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും.” എന്നു യേശു ഉറപ്പിച്ച് പറയുന്നു. (മത്തായി 7: 8).

അതായത് യേശു പ്രഖ്യാപിച്ച ദൈവരാജ്യം യഹൂദന് സ്വഭാവികമായും ലഭിക്കുന്നതല്ല. ജാതീയര്‍ക്കും എല്ലാവര്‍ക്കും ഉള്ളതല്ല. അത് അന്വേഷിച്ചു കണ്ടെത്തുന്നവര്‍ കൈവശമാക്കുന്നതാണ്. മാനസാന്തരപ്പെട്ടു സുവിശേഷത്തില്‍ വിശ്വസിക്കുക എന്നതാണു യോഗ്യത. വിശ്വസിക്കുന്നവന്‍ അതിനായി അന്വേഷിക്കുകയും കണ്ടെത്തുകയും കൈവശമാക്കുകയും ചെയ്യും.  

ലൂക്കോസ്

മത്തായിയുടെ സുവിശേഷത്തില്‍ കാണുന്ന ഈ വാക്യം നമ്മള്‍ വീണ്ടും ലൂക്കോസിന്റെ സുവിശേഷം 11 ആം അദ്ധ്യായത്തില്‍ കാണുന്നു. ഇവിടെയും യേശുവിന്റെ ഈ പ്രസ്താവന ദൈവരാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. യാചിക്കുക, അന്വേഷിക്കുക, മുട്ടുക എന്നീ പദങ്ങളുടെ അര്‍ത്ഥം ലൂക്കോസില്‍ കൂടുതല്‍ വ്യക്തമാണ്.  

ലൂക്കോസ് ഗിരി പ്രഭാഷണത്തിന്റെ ചരിത്രമല്ല പറയുന്നത്. അവിടെയുള്ള പശ്ചാത്തലം ഇങ്ങനെയാണ്. യേശു ഒരു സ്ഥലത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അവന്‍ പ്രാര്‍ത്ഥിച്ചു തീര്‍ന്നശേഷം ശിഷ്യന്മാരിൽ ഒരുത്തൻ അവനോടു: കർത്താവേ, യോഹന്നാൻ സ്നാപകന്‍ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിപ്പാൻ പഠിപ്പിക്കേണമേ എന്നു പറഞ്ഞു. അതിനു മറുപടിയായി യേശു, നമ്മള്‍ കര്‍ത്താവിന്റെ പ്രാര്‍ത്ഥന എന്നു വിളിക്കുന്ന പ്രാര്‍ത്ഥന ശിഷ്യന്മാരെ പഠിപ്പിച്ചു. അതിനോട് ചേര്‍ന്നാണ്,യാചിപ്പിൻ, എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും. എന്ന് യേശു പറഞ്ഞത്. (ലൂക്കോസ് 11: 9)

ഈ വാക്യത്തിന്റെ വിശദമായ പഠനത്തിലേക്ക് പോകുന്നതിനു മുമ്പായി, എന്തായിരിക്കാം യോഹന്നാന്‍ സ്നാപകന്‍ അവന്റെ ശിഷ്യന്മാരെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ചത് എന്നു നോക്കാം. യഥാര്‍ത്ഥത്തില്‍ യോഹന്നാന്‍ സ്നാപകന്‍റെ  പഠിപ്പിക്കലുകള്‍ എന്തെല്ലാം ആയിരുന്നു എന്നു ഇന്ന് നമുക്ക് അറിവില്ല. എന്നാല്‍, യോഹന്നാന്‍റെ ജീവിതവും അന്നത്തെ റബ്ബിമാരുടെ രീതികളും അനുസരിച്ച്, അവന്റെ പഠിപ്പിക്കലുകളെക്കുറിച്ച് ചില കാര്യങ്ങള്‍ നമുക്ക് അനുമാനിക്കുവാന്‍ കഴിയും.   

യോഹന്നാന്‍ സ്നാപകന്‍റെ പിതാവ് സെഖര്യാവു ഒരു ലേവ്യ പുരോഹിതന്‍ ആയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ ഏക മകനായിരുന്ന യോഹന്നാന്‍ സ്നാപകന്‍ പിതാവിന്റെ പിന്തുടര്‍ച്ചയായി ആലയത്തിലെ പുരോഹിതന്‍ ആയില്ല. അദ്ദേഹം ചാവുകടലിന്‍റെ തീരത്ത്, വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ക്യൂമ്രാന്‍ എന്ന പ്രദേശത്ത് താമസിച്ചിരുന്ന എസ്സെനെസ് എന്ന യഹൂദ സന്യാസ സമൂഹത്തില്‍ ചേര്‍ന്ന് ജീവിച്ചു. (Qumrān/ Kumran; Essenes). എസ്സെനെസ് എന്നത് പരീശന്‍മാരേക്കാളും തീവ്രമായ വിശ്വാസപ്രമാണങ്ങള്‍ ഉള്ള, മശിഹായുടെ വരവിനായി എരിവോടെ കാത്തിരുന്ന ഒരു പ്രത്യേക യഹൂദ സമൂഹം ആയിരുന്നു. മശിഹയുടെ വരവ് താമസിക്കുന്നത് യഹൂദ ജനത്തിന്റെ കുറവുകള്‍ മൂലമാണ് എന്ന് അവര്‍ വിശ്വസിച്ചു. അതിനാല്‍ ന്യായപ്രമാണങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട്, ഉപവാസത്തിലും പ്രാര്‍ത്ഥനയിലും അവര്‍ ജീവിച്ചു. എല്ലാ ദിവസവും അവര്‍ പാപങ്ങള്‍ ഏറ്റ് പറഞ്ഞു മാനസാന്തരപ്പെടുകയും അതിനു ശേഷം ദിവസവും വെള്ളത്തില്‍ മുങ്ങി സ്നാനപ്പെടുകയും ചെയ്തിരുന്നു.

യോര്‍ദ്ദാന്‍ നദിയുടെ തീരത്ത് യോഹന്നാന്‍ ശുശ്രൂഷകള്‍ ആരംഭിച്ചു. അവന്‍ അന്ത്യന്യായവിധിയെക്കുറിച്ചും, അതില്‍ നിന്നും രക്ഷപ്പെടുവാനായി മാനസാന്തരവും സ്നാനവും പ്രസംഗിച്ചു. യോഹന്നാന്റെ ശിഷ്യന്മാര്‍ ഉപവാസത്തിനും പ്രാര്‍ത്ഥനയ്ക്കും ന്യായപ്രമാണ പാലനത്തിനും വളരെ പ്രാധാന്യം നല്കി. “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ” എന്നു അവന്‍ വിളിച്ച് പറഞ്ഞു. (മത്തായി 3: 2). “എന്നിലും ബലമേറിയവന്‍ എന്‍റെ പിന്നാലേ വരുന്നു” എന്നതായിരുന്നു യോഹന്നാന്റെ സന്ദേശം. (മര്‍ക്കോസ് 1:7)

അന്നത്തെ യഹൂദ റബ്ബിമാരുടെ പഠിപ്പിക്കല്‍ അനുസരിച്ചു, ഒരു യഹൂദന്‍, മശിഹായുടെ വരവിനായി പ്രത്യാശയോടെ പ്രാര്‍ത്ഥിയ്ക്കുന്നില്ല എങ്കില്‍, അവന്‍റെ പ്രാര്‍ത്ഥനകള്‍ ഒന്നും യഥാര്‍ത്ഥ പ്രാര്‍ത്ഥന ആകുന്നില്ല. ഓരോ റബ്ബിയും അവരുടെ ചിന്തകള്‍ക്ക് അനുസരിച്ചുള്ള ഒരു പ്രാര്‍ത്ഥന അവരുടെ ശിഷ്യന്മാരെ പഠിപ്പിക്കുമായിരുന്നു. റബ്ബിമാരുടെ ശിഷ്യന്മാര്‍ അത്തിവൃക്ഷ തണലുകളില്‍ ഇരുന്നു ദീര്‍ഘ നേരം മശിഹായുടെ വരവിനായി പ്രാര്‍ത്ഥിക്കുമായിരുന്നു.

ഇതില്‍ നിന്നും യോഹന്നാന്‍ സ്നാപകന്‍ തന്റെ ശിഷ്യന്മാരെ എന്തു പ്രാര്‍ത്ഥിക്കുവാനാണ് പഠിപ്പിച്ചത് എന്നു ഗ്രഹിക്കാവുന്നതേയുള്ളൂ. അവന്‍ മശിഹായുടെ വരവിനായി പ്രാര്‍ത്ഥിക്കുവാന്‍ ശിഷ്യന്മാരെ പഠിപ്പിച്ചു. ഇതാണ് ശിഷ്യന്മാര്‍ യേശുവിനോട് പറഞ്ഞത്: “കർത്താവേ, യോഹന്നാൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിപ്പാൻ പഠിപ്പിക്കേണമേ”.

യേശുക്രിസ്തു ഇതിന് മറുപടിയായി അവരെ ഒരു പ്രാര്‍ത്ഥന പഠിപ്പിച്ചു. യേശുവിന്റെ പ്രാര്‍ത്ഥന ആരംഭിക്കുന്നത് ഇങ്ങനെയാണ്:

 

ലൂക്കോസ് 11: 2 അവൻ അവരോടു പറഞ്ഞതു: “നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ചൊല്ലേണ്ടിയതു: (സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ) പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; (നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;) 

യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയ്ക്കും റബ്ബിമാര്‍ പഠിപ്പിച്ച പ്രാര്‍ത്ഥനയ്ക്കും തമ്മില്‍ ഒരു വ്യത്യാസം ഉണ്ട്. റബ്ബിമാര്‍ മശിഹായുടെ വരവിനായി പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ചപ്പോള്‍ യേശു ദൈവരാജ്യം വരുവാനായും ദൈവത്തിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകുവാനും ആയി പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ചു. കാരണം മശിഹാ വന്നുകഴിഞ്ഞു. അവന്‍ രാജ്യം പ്രഖ്യാപിച്ചു കഴിഞ്ഞു.

യേശുക്രിസ്തു തന്റെ ശുശ്രൂഷ ആരംഭിക്കുന്നത് ദൈവരാജ്യം വന്നിരിക്കുന്നു എന്നു പ്രഖ്യാപിച്ചുകൊണ്ടാണ്. അതിനുശേഷം, ഒരിക്കല്‍ യോഹന്നാന്‍ സ്നാപകന്റെ ശിഷ്യന്മാര്‍ യേശുവിന്‍റെ അടുക്കല്‍ വന്ന്, കാരാഗൃഹത്തില്‍ ആയിരുന്ന യോഹന്നാന്റെ ഒരു സന്ദേശം, അവന് കൈമാറി. യോഹന്നാന്റെ ചോദ്യം ഇതായിരുന്നു: “വരുവാനുള്ളവൻ നീയോ, ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കയോ” (മത്തായി 11:3). അതിനു യേശു പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു:

 

മത്തായി 11: 4, 5 യേശു അവരോടു: “കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർക്കുന്നു; ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കേൾക്കയും കാണുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ. 

 

യോഹന്നാന്‍ ചോദിച്ചത്, യേശു മശിഹാ തന്നെയോ അതോ ഇനി മറ്റൊരുവന്‍ വരുമോ എന്നാണ്. യേശു അതിനു, ഞാനാണ് മശിഹ എന്ന ഒറ്റവാക്കിലുള്ള മറുപടി നല്‍കിയില്ല. അതിനു പകരം യേശു, അവനിലൂടെ സംഭവിക്കുന്ന അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും ഒരു ചെറിയ പട്ടിക പറഞ്ഞു. അതായത്, ഓരോ അത്ഭുത പ്രവര്‍ത്തിയും മശിഹയും ദൈവരാജ്യം വന്നിരിക്കുന്നു എന്നതിന്റെയും അടയാളങ്ങള്‍ ആണ്. അത്ഭുതങ്ങള്‍ യേശുവിന്റെ കീര്‍ത്തി പരക്കുവാനോ, ജനക്കൂട്ടത്തെ ആകര്‍ഷിക്കുവാനോ ചെയ്തതല്ല. അത് ദൈവരാജ്യം വന്നിരിക്കുന്നു എന്നു വിളംബരം ചെയ്യുവാനായി പ്രവര്‍ത്തിച്ചതാണ്.

യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍, യേശു കാനാവിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കിയ അത്ഭുതം വിവരിക്കുണ്ട്. ഇതിന്റെ വിവരണത്തിന് ശേഷം യോഹന്നാന്‍ ഇങ്ങനെ എഴുതി: “യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽ വെച്ചു ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു.” (യോഹന്നാന്‍ 2:11). എല്ലാ അത്ഭുതങ്ങളും, അത് കാണുകയും കേള്‍ക്കുകയും ചെയ്യുന്നവരില്‍ ചിലര്‍ ദൈവരാജ്യത്തില്‍ വിശ്വസിക്കുവാന്‍ വേണ്ടിയുള്ള, ദൈവരാജ്യത്തിന്റെ സാന്നിധ്യത്തിന്റെ അടയാളങ്ങള്‍ ആയിരുന്നു.

വിജയത്തിന്‍റെ നല്ല സന്ദേശം

യേശു തന്റെ ഇഹലോക ലോക ശുശ്രൂഷകള്‍ ആരംഭിച്ചത്, കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞുകൊണ്ടാണ് എന്നു നമ്മള്‍ മനസ്സിലാക്കിക്കഴിഞ്ഞു (മര്‍ക്കോസ് 1:15). ഇനി എന്താണ് “സുവിശേഷം” എന്നു ഗ്രഹിക്കാം.  

“സുവിശേഷം” എന്ന വാക്കിന് മൂലഭാഷയായ ഗ്രീക്കില്‍ ഉപയോഗിച്ചിരിക്കുന്ന പദം “യുആന്‍ഗേലിഓണ്‍” (euangelion - yoo-ang-ghel-ion) എന്നാണ്. ഇതു പുതിയനിയമത്തില്‍ 76 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. ഈ വാക്കിന്‍റെ അര്‍ത്ഥം “നല്ല സന്ദേശം”, “നല്ല അറിയിപ്പ്” എന്നിവ ആണ്. “യൂആന്‍ഗെലൈസോ” (euangelizo - yoo-ang-ghel-id-zo) എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം “സുവിശേഷിക്കുക” എന്നാണ്. (ലൂക്കോസ് 4: 43). അതായത് ദൈവരാജ്യം വന്നിരിക്കുന്നു എന്ന നല്ല സന്ദേശം പ്രഖ്യാപിക്കുന്നതാണ് സുവിശേഷീകരണം. ഈ പദം പുതിയനിയമത്തില്‍ 54 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്.

ദൈവവചനത്തില്‍ “സുവിശേഷം” എന്നതിന് കൂടുതല്‍ വിശാലമായ അര്‍ത്ഥം ഉണ്ട്. “സുവിശേഷം” എന്നത് “വിജയത്തിന്‍റെ നല്ല സന്ദേശം” ആണ്.

പഴയനിയമത്തിന്റെ ഗ്രീക്ക് പരിഭാഷയില്‍ “യൂആന്‍ഗെലൈസോ” (euangelizo) എന്ന വാക്ക് 20 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഇവിടെ എല്ലാം ബാസാര്‍ (basar - baw-sar - Strong's Hebrew Lexicon Number - 01319), എന്ന എബ്രായ പദത്തെയാണ് ഗ്രീക്കില്‍ “യൂആന്‍ഗെലൈസോ” (euangelizo) എന്ന് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ബാസാര്‍ (basar) എന്ന എബ്രായ പദത്തിന്റെ അര്‍ത്ഥം “യുദ്ധത്തിലെ വിജയത്തിന്റെ നല്ല സന്ദേശം” എന്നാണ്. (1 ശമുവേല്‍ 31: 9;   2 ശമുവേല്‍ 18: 19). അതായത്, “സുവിശേഷം” എന്നത് ദൈവരാജ്യത്തിന്റെ വിജയത്തിന്‍റെ നല്ല സന്ദേശം ആണ്. സുവിശേഷം എന്നത് യുദ്ധത്തിലെ ജയത്തിന്‍റെ വിളംബരം ആണ്.

 

ചരിത്രപരമായി, റോമന്‍ ചക്രവര്‍ത്തിമാരെ ദൈവമായി കരുതി ആരാധിച്ചിരുന്ന ഒരു കാലത്താണ് യേശു ജനിച്ചതും ശുശ്രൂഷകള്‍ ചെയ്തതും. 42 BC യില്‍ ജൂലിയസ് സീസര്‍, അദ്ദേഹത്തിന്‍റെ മരണത്തിനു ശേഷം, ദൈവമായി പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ അദ്ദേഹത്തിന്‍റെ ദത്തുപുത്രന്‍ ആയിരുന്ന ഒക്ടാവിയസ് അഗസ്റ്റസ് ദൈവപുത്രനായി. പിന്നീട് അധികാരത്തില്‍ വന്ന റോമന്‍ ചക്രവര്‍ത്തി ടൈബീരിയസ് ദൈവപുത്രന്‍ എന്ന പേര് സ്വീകരിച്ചു. ഒന്നാം നൂറ്റാണ്ടിന്റെ അവസാനഭാഗത്ത് അധികാരത്തില്‍ ഇരുന്ന ഡോമീഷിയന്‍ ചക്രവര്‍ത്തിയെ യജമാനന്‍ എന്നും ദൈവം എന്നും വിളിച്ചിരുന്നു.

 

പുതിയ നിയമം ആരംഭിക്കുന്ന കാലത്ത് റോമന്‍ സാമ്രാജ്യം ലോകത്തിലെ ഏറ്റവും വലിയ ശക്തി ആയിരുന്നു. യേശുക്രിസ്തുവിന്റെ ജനന സമയത്ത് സീസര്‍ അഗസ്റ്റസ് (ഒക്ടാവിയസ് അഗസ്റ്റസ്) ആയിരുന്നു റോമന്‍ ചക്രവര്‍ത്തി. അഗസ്റ്റസ് എന്ന വാക്കിന്റെ അര്‍ത്ഥം “ആരാധ്യന്‍” എന്നാണ്. ഈ വിശേഷണം സീസറിനു ദൈവീക പരിവേഷം നല്‍കുകയും ആരാധനാമൂര്‍ത്തി ആക്കുകയും ചെയ്തു. അദ്ദേഹത്തെ റോമിന്റെയും ലോകത്തിന്റെതന്നെയും “രക്ഷിതാവ്” എന്നും “ദൈവപുത്രന്‍” എന്നും വിളിച്ചിരുന്നു. അഗസ്റ്റസിന്റെ വീരപ്രവര്‍ത്തികളുടെ വര്‍ണനയെ “യുആന്‍ഗേലിഓണ്‍” (euangelion) എന്ന് ഗ്രീക്ക് ഭാഷയില്‍ വിശേഷിപ്പിച്ചിരുന്നു.

 

യേശുക്രിസ്തു ദൈവരാജ്യം ഇതാ വന്നു കഴിഞ്ഞു എന്നു പ്രഖ്യാപിച്ചപ്പോള്‍ അവന്‍ അഗസ്റ്റസ് ചക്രവര്‍ത്തിയുടെയും റോമന്‍ സാമ്രാജ്യത്തിന്റെയും അവകാശവാദങ്ങളെ തകര്‍ക്കുക ആയിരുന്നു. അഗസ്റ്റസിന്റെ രാജ്യം വ്യാജമാണ്, യേശുവിന്റെ രാജ്യമാണ് സത്യം. യേശുവിന്റെ രാജ്യമാണ് നിത്യമായ ദൈവരാജ്യം. അവനാണ് സത്യമായ ദൈവപുത്രന്‍. അവന്റെ രാജ്യം വന്നിരിക്കുന്നു.

 

എന്തുകൊണ്ട് പ്രാര്‍ത്ഥിക്കേണം?

 

യേശുവിന്റെ ദൈവരാജ്യം വന്നിരിക്കുന്നു എങ്കില്‍, എന്തിനാണ് “നിന്റെ രാജ്യം വരേണമേ” എന്നു പ്രാര്‍ത്ഥിക്കുവാന്‍ യേശു ശിഷ്യന്മാരെ പഠിപ്പിച്ചത്. ഇതിലെ ആത്മീയ മര്‍മ്മം ഗ്രഹിക്കുവാന്‍ “നിന്റെ രാജ്യം വരേണമേ” എന്ന പ്രാര്‍ത്ഥനയെ രണ്ടു തലത്തില്‍ നമ്മള്‍ കാണേണ്ടതുണ്ട്. ഒന്ന്, യേശു പ്രഖ്യാപിച്ച ദൈവരാജ്യം ഇപ്പോള്‍ ആരംഭിച്ചതേയുള്ളൂ. അതിന്റെ സമ്പൂര്‍ണ്ണ നിവൃത്തി ഭാവിയില്‍ ഉണ്ടാകുവാനിരിക്കുന്നതേയുള്ളൂ. അതിനായി നമ്മള്‍ പ്രാര്‍ത്ഥിക്കേണം. എങ്കിലേ നമ്മളുടെ പ്രാര്‍ത്ഥന, യഥാര്‍ത്ഥ പ്രാര്‍ത്ഥന ആകുന്നുള്ളൂ. ദൈവരാജ്യത്തിന്റെ നിവര്‍ത്തിക്കയുള്ള നമ്മളുടെ പ്രാര്‍ത്ഥന നമ്മളുടെ പ്രത്യാശയേയും, വാഞ്ചയെയും കാണിക്കുന്നു. ദൈവരാജ്യത്തിനായി നമ്മള്‍ പ്രാര്‍ത്ഥിക്കേണം എന്നത്, അതിന്റെ പ്രമാണമാണ്.

 

രക്ഷിക്കപ്പെട്ട ദൈവജനം ഇപ്പോള്‍, യേശുവിന്റെ പ്രഖ്യാപനത്തോടെ ആരംഭിക്കപ്പെട്ടിരിക്കുന്ന ദൈവരാജ്യത്തിന്റെ സ്ഥാനാപതികളും രാജകീയ പ്രതിനിധികളും ആയി നിയമിക്കപ്പെട്ടിരിക്കുന്നു.

 

2 കൊരിന്ത്യര്‍ 5: 20 ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു.

 

2 തിമൊഥെയൊസ് 1: 11 ആ സുവിശേഷത്തിന്നു ഞാൻ പ്രസംഗിയും അപ്പൊസ്തലനും ഉപദേഷ്ടാവുമായി നിയമിക്കപ്പെട്ടിരിക്കുന്നു.

 

‘പ്രസംഗി’ എന്ന വാക്കിന്‍റെ ഗ്രീക്ക് പദം കെരുക്സ് എന്നും അതിന്‍റെ ക്രിയാ പദം കെരുസ്സോ എന്നുമാണ്. (Kerux, kerusso). ചരിത്രപരമായി, ഒരു രാജ്യത്തിലെ രാജാവ്, തന്റെ ഇഷ്ടങ്ങളും, ആഗ്രഹങ്ങളും, വിചാരങ്ങളും, പദ്ധതികളും, പ്രതീക്ഷകളും, താന്‍ കാത്തുസൂക്ഷിക്കുവാന്‍ ആഗ്രഹിക്കുന്ന സംസ്കാരവും, മൂല്യങ്ങളും, നിയമങ്ങളും എല്ലാം തന്റെ രാജ്യത്തെ ജനങ്ങളെ അറിയിക്കുവാനായി നിയമിക്കുന്ന രാജകീയ പ്രതിനിധി ആണ് കെരുക്സ്. അദ്ദേഹം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പോയി, അവിടെയുള്ള ജനങ്ങളോട്, രാജാവിന്റെ മൂല്യവ്യവസ്ഥകളെ വിളമ്പരം ചെയ്യും. അപ്പോസ്തലനായ പൌലോസ് തന്നെത്തന്നെ കെരുക്സ് അഥവാ രാജകീയ പ്രതിനിധി ആയി കരുതി. സ്വര്‍ഗീയനായ രാജാവിന്‍റെ ഹിതം ജനങ്ങളെ അറിയിക്കുക, അതിന്‍പ്രകാരം തങ്ങളുടെ ജീവിതത്തെ ക്രമീകരിക്കുവാന്‍ ജനങ്ങളെ സഹായിക്കുക എന്നതായിരുന്നു പൌലോസിന്റെ  ദൌത്യം.

ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായും പ്രസംഗിയായും, ദൈവരാജ്യത്തിന്റെ ജയത്തിന്റെ സുവിശേഷവും അതിന്റെ മൂല്യ വ്യവസ്ഥകളും, ദൈവത്തോട് നിരന്നുകൊള്‍വീന്‍ എന്ന സന്ദേശവും, വരുവാനിരിക്കുന്ന ദൈവരാജ്യത്തിന്റെ സമ്പൂര്‍ണ്ണ നിവര്‍ത്തിയും ജനങ്ങളോട് വിളമ്പരം ചെയ്യുകയാണ് നമ്മള്‍ ഇപ്പോള്‍ ചെയ്യുന്നത്. അത്, യേശുക്രിസ്തു, പിശാചിന്റെ “വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.” എന്ന വിജയത്തിന്റെ നല്ല സന്ദേശമാണ്. (കൊലൊസ്സ്യര്‍ 2:15).     

“നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്ന പ്രാര്‍ത്ഥനയുടെ രണ്ടാമത്തെ അര്‍ത്ഥ തലം നമ്മളുടെ വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ടതാണ്. യേശു പ്രഖ്യാപിച്ച ദൈവരാജ്യം നമ്മളുടെ ജീവിതത്തില്‍ വരേണം. ദൈവരാജ്യം, അതിന്റെ എല്ലാ സവിശേഷതകളോടെയും നമ്മളുടെ ജീവിതത്തില്‍ അനുഭവത്തില്‍ വരേണം. ദൈവരാജ്യം “നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും” പ്രാപിക്കുന്നതാണ് (റോമര്‍ 14:17). അത് രോഗസൌഖ്യവും വിടുതലും ആണ്. എല്ലാറ്റിനും ഉപരിയായി, ദൈവരാജ്യം മാനസാന്തരമാണ്. ദൈവരാജ്യം ദൈവത്തിന്റെ ഭരണം നമ്മളുടെ ജീവിതത്തില്‍ വരുന്നതാണ്. അവന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ നമ്മളുടെ ജീവിതത്തില്‍ നിവര്‍ത്തിക്കപ്പെടുന്നതാണ്. ഇതിനായി നമ്മള്‍ പ്രാര്‍ത്ഥിക്കേണം.

എന്നാല്‍ യേശുവിന്റെ രാജ്യം അവന്റെ പ്രഖ്യാപനം കേള്‍ക്കുന്ന എല്ലാവര്‍ക്കും ഉള്ളതല്ല. അത് “മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസി”ക്കുന്നവര്‍ക്ക് മാത്രം ഉള്ളതാണ് (മര്‍ക്കോസ് 1: 15). കേള്‍ക്കുന്നവര്‍ ചിലര്‍ ഈ മര്‍മ്മം ഗ്രഹിക്കും, മറ്റ് ചിലര്‍ കേള്‍ക്കുന്നു എങ്കിലും ഗ്രഹിക്കുകയില്ല. ഗ്രഹിക്കുന്ന എല്ലാവരും ദൈവരാജ്യം കൈവശമാക്കിക്കൊള്ളേണം എന്നുമില്ല. ദൈവരാജ്യം, പാപത്തില്‍ നിന്നും മാനസാന്തരപ്പെട്ട്, ദൈവരാജ്യത്തിന്റെ ജയത്തിന്റെ നല്ല വിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഉള്ളതാണ്. മാനസാന്തരം ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒരു അനുഭവമല്ല, അതൊരു തുടര്‍ പ്രക്രിയ ആണ്.

ദൈവരാജ്യത്തിനായി യാചിക്കുകയും, അന്വേഷിക്കുകയും, മുട്ടുകയും ചെയ്യേണം എന്ന ഉപദേശം, കര്‍ത്താവിന്റെ പ്രാര്‍ത്ഥന പഠിപ്പിച്ചതിന് ശേഷം, യേശുക്രിസ്തു ഒരു ഉപമയിലൂടെ വിശദീകരിക്കുന്നുണ്ട്. ലൂക്കോസ് 11: 5 മുതല്‍ 8 വരെയുള്ള വാക്യങ്ങളില്‍ ഈ ഉപമ രേഖപ്പെടുത്തിയിരിക്കുന്നു.

അത് ഇങ്ങനെ ആണ്: ഒരു മനുഷ്യന്റെ വീട്ടില്‍ അര്‍ദ്ധരാത്രിയില്‍ അവന്റെ ഒരു സ്നേഹിതന്‍ വന്നു. അവിചാരിതമായും അര്‍ദ്ധരാത്രിയിലും വന്നതുകൊണ്ടാകാം, അവന് കൊടുക്കുവാന്‍ ആ മനുഷ്യന്റെ വീട്ടില്‍ ആഹാരം ഉണ്ടായിരുന്നില്ല. അതിനാല്‍ അവന്‍, അവന്റെ അയല്‍ക്കാരനായ മറ്റൊരു സ്നേഹിതന്റെ വീട്ടിലേക്ക് ആഹാരം വായ്പയായി വാങ്ങുവാന്‍ പോയി. അവന്‍ തന്റെ അയല്‍ക്കാരനായ സ്നേഹിതന്റെ വീട്ടില്‍ വാതില്‍ക്കല്‍ മുട്ടി വിളിച്ചു, മൂന്ന് അപ്പം വായ്പ ചോദിച്ചു. അതിനുള്ള കാരണവും അവന്‍ അറിയിച്ചു: “എന്റെ ഒരു സ്നേഹിതൻ വഴിയാത്രയിൽ എന്റെ അടുക്കൽ വന്നു; അവന്നു വിളമ്പിക്കൊടുപ്പാൻ എന്റെ പക്കൽ ഏതും ഇല്ല”. (11:6). എന്നാല്‍ അയല്‍ക്കാരനായ മനുഷ്യന്‍ എഴുന്നേറ്റ് വാതില്‍ തുറക്കുവാന്‍ വിസമ്മതിച്ചു. അവന്‍ പറഞ്ഞു: കതക് അടച്ചിരിക്കുന്നു, കുട്ടികള്‍ ഉറക്കത്തിലാണ്, അതിനാല്‍ വാതില്‍ തുറന്നു നിനക്കു ഇപ്പോള്‍ അപ്പം തരുവാന്‍ കഴിയില്ല. എന്നാല്‍, അപ്പം ചോദിച്ചുവന്ന സ്നേഹിതന്‍ വീണ്ടും വീണ്ടും മുട്ടി വിളിച്ചുകൊണ്ടിരുന്നു. അവന്‍ ആവശ്യക്കാരന്‍ ആയിരുന്നു. അതിനാല്‍ അയല്‍ക്കാരനായ മനുഷ്യന്‍ എഴുന്നേറ്റ്, അവന് ആവശ്യമുള്ളതത്രയും അപ്പം കൊടുത്തു.

ഈ ഉപമ പറഞ്ഞതിന് ശേഷം, തുടര്‍ച്ചയായി യേശു പറഞ്ഞു: യാചിപ്പിൻ, എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.” (ലൂക്കോസ് 11:9). ദൈവരാജ്യം എങ്ങനെയാണ് കൈവശമാക്കേണ്ടത് എന്നാണ് യേശു പറഞ്ഞത്. അവന്‍ ദൈവരാജ്യത്തിന്റെ ഒരു പ്രമാണം വിശദീകരിക്കുകയായിരുന്നു. എന്തുകൊണ്ടാണ് നമ്മള്‍ “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്നു പ്രാര്‍ത്ഥിക്കേണ്ടത് എന്നു യേശു പഠിപ്പിക്കുക ആണ്. മടികൂടാതെ, ചോദിച്ചുകൊണ്ടിരിക്കുകയും, അന്വേഷിച്ചുകൊണ്ടിരിക്കുകയും, മുട്ടികൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നതാന് ദൈവരാജ്യം. യാചിക്കുന്നതും, അന്വേഷിക്കുന്നതും, മുട്ടുന്നതും തുടര്‍ച്ചയായി ചെയ്യേണ്ടുന്ന പ്രവര്‍ത്തികള്‍ ആണ്.

ഉല്‍പ്പത്തി 6:8 ല്‍ നോഹയെക്കുറിച്ച് നമ്മള്‍ വായിക്കുന്നതിങ്ങനെ ആണ്: “എന്നാൽ നോഹെക്കു യഹോവയുടെ കൃപ ലഭിച്ചു.” ഇവിടെ കൃപ ലഭിച്ചു എന്നത്, ഇംഗ്ലീഷില്‍ “found grace” എന്നാണ്, അതായത് നോഹ യഹോവയുടെ കൃപ കണ്ടെത്തി. Found അഥവാ ലഭിച്ചു എന്നത് എബ്രായ ഭാഷയില്‍ മൌറ്റ്സ (matsa' - maw-tsaw) എന്ന വാക്ക് ആണ്. ഈ വാക്കിന്റെ അര്‍ത്ഥം, കണ്ടെത്തുക, വെളിപ്പെട്ടു വരുക, ലഭിക്കുക എന്നിങ്ങനെ ആണ്. അതായത് നോഹ ദൈവ കൃപയ്ക്കായി അന്വേഷിച്ചിരുന്നു. അവന്‍ അത് കണ്ടെത്തി. ദൈവ കൃപ പ്രവര്‍ത്തിയാല്‍ ലഭിക്കുന്നില്ല എങ്കിലും അത് അന്വേഷിക്കുന്നവര്‍ക്ക് അത് ലഭിക്കുന്നു. അന്വേഷണം ഹൃദയത്തിന്റെ വാഞ്ചയാണ്. അത് ആവശ്യക്കാരന്റെ മനോഭാവം ആണ്.

യേശു പറഞ്ഞതിന്റെ പൊരുള്‍ ഇങ്ങനെ സംഗ്രഹിക്കാം: യേശു പ്രഖ്യാപിച്ച ദൈവരാജ്യം നമ്മളുടെ ഇടയില്‍ ഉണ്ട്. മാനസാന്തരപ്പെട്ടു ജയത്തിന്റെ സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ മാത്രം അതിനായി യാചിക്കുന്നു. അവര്‍ അതിനായി അന്വേഷിക്കുന്നു. അവര്‍ അതിനായി മുട്ടിക്കൊണ്ടിരിക്കുന്നു. അവര്‍ മാത്രം അത് കണ്ടെത്തുന്നു.

അതായത്, നമ്മളുടെ ജീവിതത്തില്‍, ദൈവരാജ്യം വരേണമോ, നമ്മള്‍ അതിനായി യാചിച്ചുകൊണ്ടിരിക്കേണം. ദൈവരാജ്യം പിശാചിന്‍റെ മേല്‍ യുദ്ധത്തില്‍ ജയം നേടിയ രാജ്യമാണ്. അതിനാല്‍ അതിനു പിശാചിന്‍റെ സകല പ്രവര്‍ത്തികളുടെ മേലും ജയം ഉണ്ട്. ഈ ജയം അനുഭവത്തില്‍ ആകേണമോ, നമ്മള്‍ ദൈവരാജ്യം അന്വേഷിച്ചുകൊണ്ടിരിക്കേണം. ദൈവരാജ്യത്തിന്റെ അനുഭവമായ പാപത്തില്‍ നിന്നും അതിന്റെ പരിണത ഫലത്തില്‍ നിന്നും ഉള്ള വിടുതലിനായി നമ്മള്‍ മുട്ടികൊണ്ടിരിക്കേണം. കര്‍ത്താവ് പറഞ്ഞു നിറുത്തുന്നതിങ്ങനെയാണ്: “യാചിക്കുന്നവന്നു ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (ലൂക്കോസ് 11:10).

ഈ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ. 

No comments:

Post a Comment