നീതീകരണം എന്നത് ക്രിസ്തീയ ദൈവ ശാസ്ത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വിഷയം ആണ്. ഈ വിഷയമാണ് മറ്റ് മതവിശ്വാസങ്ങളില്‍നിന്നും ക്രിസ്തീയ വിശ്വാസത്തെ വേര്‍തിരിച്ച് നിറുത്തുന്നത്. മറ്റ് പല മതങ്ങളും ചില ക്രിസ്തീയ സഭാവിഭാഗങ്ങളും നമ്മളുടെ പ്രവൃത്തികളാല്‍ ദൈവമുമ്പാകെ നീതീകരണം പ്രാപിക്കേണം എന്നു പഠിപ്പിക്കുന്നു. യഥാര്‍ത്ഥ ക്രിസ്തീയ വിശ്വാസവും തിരുവെഴുത്തും രക്ഷയും നീതീകരണവും ദൈവകൃപയാല്‍ ലഭിക്കുന്നു എന്ന് പഠിപ്പിക്കുന്നു. ഇതാണ് നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയം.
നീതീകരണം, ഒരു ക്രിസ്തീയ വിശ്വാസിയെ, ദൈവ കൃപയാല്‍, യേശുക്രിസ്തുവിന്റെ പരമ യാഗത്തിലൂള്ള വിശ്വാസം മൂലം, പാപത്തിന്റെ കുറ്റത്തില്‍ നിന്നും ശിക്ഷയില്‍ നിന്നും, മോചിപ്പിക്കുകയും ദൈവമുമ്പാകെ നീതിമാന്‍ എന്നു പ്രഖ്യാപിക്കുകയും ചെയ്യുന്ന ദൈവ പ്രവത്തി ആണ്.
നീതീകരിക്കണം എന്നതിന് ഗ്രീക്ക് ഭാഷയില്‍ ഡൈകൈഓസീസ് എന്ന വാക്കും ലാറ്റിന്‍ ഭാഷയില്‍ ജസ്റ്റിഫിക്കേഷിയോ എന്ന വാക്കും ആണ് ഉപയോഗിക്കുന്നത്. (dikaiōsis - Latin: justificatio), ഈ വാക്കുകള്‍ക്ക് നിയമങ്ങളുമായും കോടതിയുമായും ബന്ധമുണ്ട്. ഇതിന്റെ നിയമപരമായ അര്‍ത്ഥം, ഒരു നിരപരാധിയായ വ്യക്തിയെ നീതിമാനായി പ്രഖ്യാപിക്കുക എന്നതാണ്.
എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് ക്രിസ്തീയ ദൈവ ശാസ്ത്രത്തില്‍ ഈ വാക്ക് ഉപയോഗിക്കുന്നത്. ഇവിടെ, ദൈവം പാപികളെ, അവര്‍ അതേ അവസ്ഥയില്‍ ആയിരിക്കുമ്പോള്‍ തന്നെ, നീതിമാന്‍ എന്നു പ്രഖ്യാപിക്കുന്നു. നീതീകരണത്തിലൂടെ ദൈവം ഒരു പാപിയെ, ന്യായപ്രമാണത്തില്‍ നിന്നും, പാപത്തില്‍ നിന്നും, മരണത്തില്‍ നിന്നും മോചിപ്പിക്കുകയും അവന്‍ ദൈവത്തോട് നിരപ്പ് പ്രാപിക്കുകയും ചെയ്യുന്നു.
ആദ്യകാല സഭാ കാഴ്ചപ്പാടുകള്‍
യേശുക്രിസ്തുവിന്റെ ജീവിതത്തെ, സ്വമനസ്സാലെ, മനപ്പൂര്‍വ്വമായി അനുധാവനം ചെയ്യുന്നതിലൂടെ ഒരുവന് നീതീകരണം പ്രാപിക്കുവാന്‍ കഴിക്കുവാന്‍ കഴിയും എന്നു പെലാജിയസ് പഠിപ്പിച്ചു. മനുഷ്യന്റെ ഇശ്ചാശക്തിയ്ക്ക് രക്ഷയെയും നീതീകരണത്തെയും തിരഞ്ഞെടുക്കുവാനും അനുധാവനം ചെയ്യുവാനും കഴിയും എന്നാണ് അദ്ദേഹം പഠിപ്പിച്ചത്. നമ്മളുടെ പ്രവൃത്തികള്‍ക്ക് നീതീകരണം സാധ്യമാക്കുവാന്‍ കഴിയും എന്ന വാദമാണിത്.
എന്നാല്‍, നീതീകരണം ദൈവ പ്രവൃത്തിയാണ് ആണ് എന്നും, അത് ദൈവ കൃപയാല്‍ നമ്മള്‍ക്ക് ലഭികുന്നു എന്നും അഗസ്റ്റീന്‍ അഭിപ്രായപ്പെട്ടു. സഭ അഗസ്റ്റീന്റെ അഭിപ്രായത്തെ സ്വീകരിക്കുകയും പെലാജിയസിനെ തള്ളുകയും ചെയ്തു.
മനുഷ്യനു നീതീകരണത്തിനായി യാതൊന്നും ചെയ്യുവാന്‍ കഴിയുക ഇല്ല എന്നു സെന്‍റ്. അഗസ്റ്റീന്‍ വാദിച്ചു. എന്നാല്‍ പിന്നീട് വന്ന, മദ്ധ്യ കാലഘട്ടത്തിലെ ദൈവ ശാസ്ത്രജ്ഞന്മാര്‍ ഈ ചിന്തയെ പരിഷ്കരിച്ചു. മനുഷ്യന്റെ കൃപയും വിശുദ്ധിയും നിറഞ്ഞ പ്രവര്‍ത്തികള്‍ക്ക് നീതീകരണത്തില്‍ പങ്കുണ്ട് എന്നു അവര്‍ അഭിപ്രായപ്പെട്ടു. 16 ആം നൂറ്റാണ്ടില്‍, മാര്‍ട്ടിന്‍ ലൂതറിന്റെ നേതൃത്വത്തില്‍ ഉണ്ടായ നവീകരണ മുന്നേറ്റം, സെന്‍റ്. അഗസ്റ്റീന്റെ അഭിപ്രായത്തോട് ചേര്‍ന്ന് നിന്നു. നീതീകരണം, വിശ്വസം മൂലം, ദൈവ കൃപയാല്‍ മാത്രം സംഭവിക്കുന്നു എന്നു അവര്‍ വാദിച്ചു.
കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍, നവീകരണ മുന്നേറ്റക്കാര്‍ക്കുള്ള മറുപടി രൂപീകരിക്കുവാനായി, 1543 മുതല്‍ 1563 വരെ, വടക്കന്‍ ഇറ്റലിയില്‍, കൌണ്‍സില്‍ ഓഫ് ട്രെന്‍റ്, എന്നു അറിയപ്പെടുന്ന ആലോചനാ യോഗം ചേര്‍ന്നു. (Council of Trent). ഇതില്‍, പ്രവൃത്തികളാലുള്ള നീതീകരണം എന്ന മദ്ധ്യകാലഘട്ടത്തിലെ കാഴ്ചപ്പാടുകളെ റോമന്‍ കത്തോലിക്ക സഭ ശരിവച്ചു. ഇത് പ്രൊട്ടസ്റ്റന്‍റ്-കത്തോലിക്ക വിഭാഗങ്ങള്‍ക്കിടയിലെ പ്രധാന വ്യത്യാസമായി ഇന്നും തുടരുന്നു.
1530 ജൂണ്‍ 25 ആം തീയതി കൂടിയ ഒഗ്സ്ബര്‍ഗിലെ ആലോചനായോഗത്തില്‍ അവതരിക്കപ്പെട്ട “ഒഗ്സ്ബര്‍ഗിലെ ഏറ്റുപറച്ചില്‍” എന്ന പ്രസിദ്ധമായ പ്രസ്താവന നവീകരണ മുന്നേറ്റക്കാരുടെ വിശ്വാസത്തിന്റെ ഒരു ചരിത്ര രേഖയാണ്. (Augsburg Confession). അതിലെ പ്രധാന വാദങ്ങള്‍ ഇങ്ങനെയായിരുന്നു: മനുഷ്യര്‍ നീതീകരിക്കപ്പെടുന്നത്, യേശുക്രിസ്തുവിന്റെ നീതി അവരില്‍ കണക്കിടുന്നതുകൊണ്ടാണ്. യേശുക്രിസ്തുവില്‍ വിശ്വസിക്കുമ്പോള്‍, അവര്‍ ദൈവ കൃപയിലേക്ക് സ്വീകരിക്കപ്പെടുന്നു. ക്രിസ്തു അവന്റെ ക്രൂശ് മരണത്തിലൂടെ നമ്മളുടെ പാപങ്ങള്‍ക്ക് പരിഹാരം വരുത്തിയതിനാല്‍, അവനില്‍ വിശ്വസിക്കുന്നവരുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടുന്നു. ക്രിസ്തുവിലുള്ള വിശ്വാസത്തെ ദൈവം നീതീയായി കണക്കിടുന്നു. അങ്ങനെ ക്രിസ്തുവിന്റെ നീതി, വിശ്വസം മൂലം, വിശ്വസിക്കുന്നവരുടെമേല്‍ കണക്കിടപ്പെടുന്നു. ഈ കാഴ്ചപ്പാട് ആണ് വേദപുസ്തകത്തോടും അപ്പൊസ്തലനായ പൌലൊസിന്റെ പഠിപ്പിക്കലിനോടും ഏറെ ചേര്‍ന്ന് നില്‍ക്കുന്നത്.
പൌലൊസിന്റെ ലേഖനങ്ങളില്‍, ദൈവകൃപായാല്‍, വിശ്വസം മൂലമുള്ള നീതീകരണവും, മോശെയുടെ ന്യായപ്രമാണങ്ങളുടെ അനുസരണവും നേര്‍ക്കുനേര്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. നീതീകരണം എന്ന വിഷയത്തിന്റെ അടിസ്ഥാനത്തില്‍ മോശെയുടെ ന്യായപ്രണത്തെക്കാള്‍ പുതിയനിയമത്തിന്റെ ദൈവ കൃപയാണ് ശ്രേഷ്ഠം എന്ന് അദ്ദേഹം വാദിക്കുന്നു.
പൌലൊസിന്റെ വാദങ്ങള്‍ ഇങ്ങനെയായിരുന്നു: എല്ലാ മനുഷ്യരും ദൈവ മുമ്പാകെ പാപികള്‍ ആണ്. അതിനാല്‍, ഒരു മനുഷ്യനു പ്രവൃത്തികളാല്‍ ദൈവ മുമ്പാകെ നീതിമാന്‍ ആകുവാന്‍ കഴിയില്ല. മോശെയുടെ ന്യായപ്രമാണം എല്ലാം അനുസരിക്കുവാന്‍ മനുഷ്യര്‍ക്ക് കഴിയാത്തതിനാല്‍, അതിനാലും ആരും നീതീമാന്‍ ആകുന്നില്ല. എന്നാല്‍, മാനസാന്തരപ്പെട്ടു യേശുക്രിസ്തുവിന്റെ പരമായാഗത്തില്‍ വിശ്വസിക്കുന്നവരെ, അവരുടെ വിശ്വസം മൂലം, ദൈവം നീതീകരിക്കുന്നു. ഒരുവന്‍ നീതിമാന്‍ ആകുകയല്ല, ദൈവം നീതിമാന്‍ എന്നു പ്രഖ്യാപിക്കുക ആണ്. ദൈവ കൃപയാല്‍ മാത്രമേ മനുഷ്യനു ദൈവമുമ്പാകെ നീതിയോടെ നില്‍ക്കുവാന്‍ കഴിയൂ.
ദൈവം ഇങ്ങനെ ചെയ്യുന്നത്, ഏകപക്ഷീയമായോ, നിയമാനുസൃതം അല്ലാതെയോ അല്ല. ദൈവരാജ്യത്തിന്റെ പ്രമാണങ്ങള്‍ക്ക് അനുസരിച്ചാണ് ദൈവം ഇത് പ്രഖ്യാപിക്കുന്നത്. ഈ പ്രമാണം എന്താണ് എന്നു പൌലൊസ് റോമര്‍ 4: 24, 25 വാക്യങ്ങളില്‍ പറയുന്നുണ്ട്: “നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന്നു ഏല്പിച്ചും നമ്മുടെ നീതീകരണത്തിന്നായി ഉയിർപ്പിച്ചുമിരിക്കുന്ന, നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നു ഉയർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാൽ തന്നേ.”
നീതീകരിക്കപ്പെടുവാന്‍, ഒരുവന്‍ ദൈവത്തിന്‍റെ കൃപയിലും, യേശുക്രിസ്തുവിലൂടെയുള്ള രക്ഷയിലും വിശ്വസിക്കേണം. നീതീകരിക്കപ്പെടുന്ന വ്യക്തി, പാപത്തിന്റെ പ്രലോഭനങ്ങളില്‍ നിന്നും മോചിതന്‍ ആകുന്നില്ല. അതിനാല്‍ ഒരു വിശുദ്ധ ജീവിതം നയിക്കുവാന്‍, അവന്‍ തുടര്‍ന്നും ദൈവ കൃപയില്‍ ആശ്രയിക്കേണം. അവന്‍ പാപത്തെയും സാത്താനെയും എതിര്‍ത്തു തോല്‍പ്പിക്കേണം.
പൌലൊസും യാക്കോബും
ആദ്യവായനയില്‍, നീതീകരണം എന്ന വിഷയത്തില്‍ അപ്പോസ്തലന്മാരായ യാക്കോബും പൌലൊസും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട് എന്നു നമുക്ക് തോന്നും. എന്നാല്‍, അവര്‍ എഴുതിയ ലേഖനങ്ങളില്‍, ഒരേ വിഷയമല്ല ചര്‍ച്ച ചെയ്യുന്നത്. അതിനാല്‍ അവര്‍ ഒരേ വിഷയത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പറയുന്നില്ല. ഇതിനെക്കുറിച്ച് ഹൃസ്വമായി ഗ്രഹിക്കുവാന്‍ നമുക്ക് ശ്രമിക്കാം.
പുതിയനിയമത്തിലെ യാക്കോബിന്റെ ലേഖനത്തില്‍ ക്രിസ്തീയ വിശ്വാസ പ്രമാണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നൊരു വിമര്‍ശനം പൊതുവേ ഉണ്ട്. യാക്കോബിന്റെ ലേഖനം, “ചിതറിപ്പാര്‍ക്കുന്ന പന്ത്രണ്ടു ഗോത്രങ്ങള്‍ക്കും” എഴുതപ്പെട്ടതാണ്. അതായത് യഹൂദന്‍മാര്‍ക്ക് വേണ്ടി എഴുതപ്പെട്ട ഒരു ലേഖനമാണിത്. ഇതില്‍ ക്രിസ്തീയ വിശുദ്ധ ജീവിതമാണ് വിഷയം.
യാക്കോബിന്റെ ലേഖനത്തിന്റെ എഴുത്തുകാരന്‍, സെബദിയുടെ മകനായ യാക്കോബ് തന്നെ ആയിരുന്നു എന്നതിന് വ്യക്തയില്ല. അദ്ദേഹം AD 44 നു മുമ്പ് കൊല്ലപ്പെട്ടു. യേശുക്രിസ്തുവിന്റെ സഹോദരനും യെരൂശലേം സഭയുടെ അദ്ധ്യക്ഷനുമായിരുന്ന യാക്കോബ് AD 62 ല്‍ കൊല്ലപ്പെട്ടു. ഇതിനെല്ലാം ശേഷമുള്ള സാഹചര്യങ്ങള്‍ ലേഖനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് എന്നതിനാല്‍ അതിന്റെ എഴുത്തുകാരന്‍ ഇവര്‍ രണ്ടുപേരും അല്ല എന്ന വാദം വേദപണ്ഡിതന്മാരുടെ ഇടയില്‍ ഉണ്ട്. ഇന്ന് നമുക് അജ്ഞാതനായ ആരോ ഈ ലേഖനം എഴുതുകയും, അതിനു അപ്പോസ്തലന്‍മാരില്‍ ഒരുവനായ യാക്കോബിന്റെ പേര് ഇടുകയും ചെയ്തു. ഇങ്ങനെ അപ്രശസ്തതനായ ഒരാള്‍ എഴുതുകയും, മറ്റൊരു പ്രശസ്തനായ വ്യക്തിയുടെ പേരില്‍ അറിയപ്പെടുകയും ചെയ്യുന്ന കൃതികള്‍ അന്ന് വേറെയും ഉണ്ടായിരുന്നു. ലേഖനത്തിനു അപ്പോസ്തോലിക അധികാരം ലഭിക്കുവാനായിരുന്നു അങ്ങനെ ചെയ്തിരുന്നത്. ഇതൊരു പണ്ഡിത വാദം ആണ്.
യാക്കോബിന്റെ ലേഖനം എഴുതപ്പെട്ടത് ഒന്നാം നൂറ്റാണ്ടിണ്ടിന്റെ ആരംഭത്തില്‍ ആയിരിക്കേണം. ഇതില്‍ കല്‍പ്പനകളും, ബൌദ്ധിക ചിന്തകളും, നന്‍മ തിന്‍മകളുടെ പട്ടികയും, ക്രിസ്തീയവും ജാതീയവുമായ നാടന്‍ ചൊല്ലുകളും അടങ്ങിയിട്ടുണ്ട്.
യാക്കോബിന്റെ ലേഖനം സുവിശേഷീകരണം ലക്ഷ്യമാക്കിയുള്ള ലേഖനം അല്ല. ക്രിസ്തീയ വിശ്വാസത്തിന്റെ ചില മൂലതത്ത്വങ്ങള്‍ ആണ് ലേഖനത്തിലെ വിഷയം. ദൈനംദിന ജീവിതത്തിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആണ് ഇതിലുള്ളത്. സമ്പത്തും, സമ്പന്നരുടെ സഭയിലുള്ള സ്ഥാനവും ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. സഭയുടെ പ്രവര്‍ത്തനങ്ങളിലും, രോഗ സൌഖ്യത്തിലും പ്രാര്‍ത്ഥനയുടെ പ്രാധാന്യം ഇതില്‍ ഊന്നി പറയുന്നുണ്ട്. എണ്ണ പൂശിയുള്ള അഭിഷേകവും, പാപങ്ങള്‍ ഏറ്റു പറയുന്നതും രോഗ സൌഖ്യത്തിന് സഹായമാകും എന്നും പറയുന്നു. 1 ആം അദ്ധ്യായം 2, 3 വാക്യങ്ങളില്‍ പറയുന്നവ അന്നത്തെ സഭയ്ക്കുള്ള പ്രചോദനമാണ്: “ എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ, നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ.”
യക്കോബ് 2: 26 ല്‍ അദ്ദേഹം ഇങ്ങനെ എഴുതി: “ഇങ്ങനെ ആത്മാവില്ലാത്ത ശരീരം നിർജ്ജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജ്ജീവമാകുന്നു.” ഈ വാക്യം പൌലൊസിന്റെ പഠിപ്പിക്കലിനെ തിരസ്കരിക്കുന്നു എന്ന ചിന്ത വളരെയധികം ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍, പൌലൊസിന്റെ വിശ്വസം മൂലം നീതീകരണം എന്ന കാഴ്ചപ്പാടും യക്കോബ് ഇവിടെ പറയുന്ന “പ്രവൃത്തിയില്ലാത്ത വിശ്വസം നിര്‍ജ്ജീവം” എന്ന ചിന്തയും രണ്ടു വിഷയങ്ങള്‍ ആണ്.
റോമര്‍ക്ക് എഴുതിയ ലേഖനത്തിലാണ് പ്രധാനമായും പൌലൊസ് വിശ്വസം മൂലം നീതീകരണം എന്ന ചിന്ത അവതരിക്കുന്നത്. ഇവിടെ പൌലൊസ് ന്യായപ്രമാണപ്രകാരമുള്ള പ്രവൃത്തിയെ ആണ്, നീതീകരണത്തിന് ഹേതുവല്ലാത്തതായി തള്ളിപ്പറയുന്നത്. യഹൂദന്മാരെയും ജാതികളെയും തമ്മില്‍ വേര്‍തിരിക്കുന്നത് ന്യായപ്രമാണമാണ്. ജാതികള്‍ ന്യായപ്രമാണ പ്രകാരമുള്ള പരിച്ഛേദനയോ, യഹൂദ രീതികള്‍ അനുസരിച്ചുള്ള ആഹാര ക്രമീകരണങ്ങളോ പാലിച്ചിരുന്നില്ല. എങ്കിലും ക്രിസ്തുവിലുള്ള വിശ്വസം മൂലം ജാതികളും നീതീകരിക്കപ്പെടുന്നു.
എന്നാല്‍, യാക്കോബ് വിശ്വാസത്തിന്റെയും രക്ഷയുടെയും ഫലമായുളവാകുന്ന പ്രവര്‍ത്തികളെക്കുറിച്ചാണ് എഴുതിയത്. അതിനാല്‍ ഈ രണ്ടു പേരുടെയും അഭിപ്രായങ്ങള്‍ ഒന്നായിരിക്കേണം എന്നില്ല. ഗലാത്യര്‍ 6: 2 ല്‍ “തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിപ്പിൻ.” എന്നു പൌലൊസ് പ്രബോധിപ്പിക്കുന്നുണ്ട്. ഇതിനെയാണ് യാക്കോബ് 2: 8 ല്‍ രാജകീയ പ്രമാണം എന്നു വിളിക്കുന്നത്. വാക്യം ഇങ്ങനെയാണ്: “എന്നാൽ “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന തിരുവെഴുത്തിന്നു ഒത്തവണ്ണം രാജകീയന്യായപ്രമാണം നിങ്ങൾ നിവർത്തിക്കുന്നു എങ്കിൽ നന്നു.”
അബ്രാഹാമിന്റെ വിശ്വാസത്തെ, വിശ്വാസത്താല്‍ നീതീകരണം എന്നതിന് ഉദാഹരണമായി പൌലൊസും അബ്രാഹാമിന്റെ ജീവിതത്തിലെ മറ്റൊരു സംഭവത്തെ, പ്രവര്‍ത്തികളാല്‍ ജീവിക്കുന്ന വിശ്വാസത്തിന് ഉദാഹരണമായി യക്കോബൂം ചൂണ്ടിക്കാണിക്കുന്നു. പൌലൊസ് പരാമര്‍ശിക്കുന്നത്, ഉല്‍പ്പത്തി 15: 6 ആം വാക്യമാണ്. “അവൻ യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു.” യാക്കോബ് പരാമര്‍ശിക്കുന്ന അബ്രാഹാമിന്റെ പ്രവൃത്തി ഉല്‍പ്പത്തി 22 ലെ യിസ് ഹാക്കിനെ യാഗമായി അര്‍പ്പിക്കുവാന്‍ കൊണ്ടുപോകുന്നതാണ്. ഉല്‍പ്പത്തി 22: 12 ല്‍, “നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു” എന്നാണ് അബ്രാഹാമിനെക്കുറിച്ച് പറയുന്നത്. അവിടെ വിശ്വാസത്താലുള്ള നീതീകരണത്തെക്കുറിച്ച് പറയുന്നുമില്ല. പൌലൊസ് ജാതികളില്‍ നിന്നും വിശ്വാസത്തിലേക്ക് വന്നവര്‍ക്കും യാക്കോബ് യഹൂദ ക്രിസ്ത്യാനികള്‍ക്കും ആണ് ലേഖനങ്ങള്‍ എഴുത്തുന്നത്. ഇതെല്ലാം, വ്യത്യസ്തങ്ങള്‍ ആയ ചിന്തകള്‍ക്ക് കാരണമാകാം. നിശ്ചയമായും പൌലൊസ് പറഞ്ഞതിനെ ഖണ്ഡിക്കുക എന്നത് യാക്കോബിനോ, യാക്കോബിനെ ഖണ്ഡിക്കുക എന്നത് പൌലൊസിനോ ഉദ്ദേശ്യമില്ലായിരുന്നു.
പൌലൊസും നീതീകരണവും
നീതീകരണം എന്ന ഉപദേശം രൂപീകരിച്ചത് അപ്പൊസ്തലനായ പൌലൊസ് ആണെന്ന് പറയാം. റോമര്‍, ഗലാത്യര്‍ എന്നീ ലേഖനങ്ങളിലെ ഒരു പ്രധാന വിഷയമാണിത്. മറ്റ് പല ലേഖനങ്ങളിലും ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
റോമര്‍ക്ക് എഴുതിയ ലേഖനത്തില്‍, നീതീകരണം എന്ന വിഷയം ചര്‍ച്ചയാക്കുന്നത്, പാപത്തോടുള്ള ദൈവ ക്രോധത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് (റോമര്‍ 1:18 - 3:20). ദൈവ ക്രോധത്തിന്റെ പരിഹാരമായാണ് നീതീകരണം അവതരിക്കപ്പെടുന്നത് (റോമര്‍ 3:21-26, 5:1). റോമര്‍ 3: 28 ല്‍ അദ്ദേഹം പറയുന്നു: “അങ്ങനെ മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൂടാതെ വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.” ഇത് വിശദീകരിക്കുവാനായി പൌലൊസ് ആദാമിന്റെ പാപത്തെക്കുറിച്ചും യേശുക്രിസ്തുവിന്റെ നീതീയെക്കുറിച്ചും പറയുന്നു (റോമര്‍ 5).
5 ആം അദ്ധ്യായാം 15 മുതല്‍ 19 വരെയുള്ള വാക്യങ്ങളില്‍, ആദാമിലൂടെ പാപവും, പാപത്തിലൂടെ മരണവും ലോകത്തില്‍ വന്നു എന്നും യേശുക്രിസ്തുവിലൂടെ നീതിയും, ജീവനും മനുഷ്യര്‍ക്ക് ലഭിച്ചു എന്നും പൌലൊസ് പറയുന്നു. 19 ആം വാക്യം ഇങ്ങനെയാണ്: “ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.” ഫിലിപ്പിയര്‍ 2: 8 ല്‍ നമ്മള്‍ വായിക്കുന്നതിങ്ങനെ ആണ്: “തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.” അതിനാല്‍ അവനില്‍ വിശ്വസിക്കുന്നവര്‍, അവനിലൂടെ, ദൈവമുമ്പാകെ നീതീകരിക്കപ്പെടുന്നു.
റോമര്‍ 8 ആം അദ്ധ്യായത്തില്‍ പൌലൊസ് നീതീകരണത്തെയും മുന്‍ നിയമനത്തെയും ചേര്‍ത്തു നിറുത്തുന്നു (8: 30). നീതീകരിക്കപ്പെട്ടവര്‍ക്ക് ക്രിസ്തുവിന്റെ സ്നേഹത്തില്‍ നിന്നും വേര്‍പ്പെട്ടിരിക്കുവാന്‍ സാധ്യമല്ല എന്നും ഇതേ അദ്ധ്യായത്തില്‍ പൌലൊസ് പറയുന്നുണ്ട് (8: 33-39).
ഈ ചിന്തകള്‍ എല്ലാം വിശ്വാസത്താല്‍ നീതീകരണം എന്ന പ്രൊട്ടസ്റ്റന്‍റ് കാഴ്ചപ്പാടിന് കാരണമാണ്. ഇത് നീതീകരണത്തെക്കുറിച്ചുള്ള കത്തോലിക്ക സഭയുടെ കാഴ്പ്പാടുകളെ നിരാകരിക്കുകയും ചെയ്യുന്നു.
ഗലാത്യര്‍ക്കുള്ള ലേഖനം
വിശ്വാസത്താല്‍ നീതീകരണം എന്ന വിഷയത്തെക്കുറിച്ചുള്ള വിശദമായ മറ്റൊരു ചര്‍ച്ച പൌലൊസ് എഴുതിയ ഗലാത്യര്‍ക്കുള്ള ലേഖനത്തില്‍ ഉണ്ട്. ഇവിടെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലുള്ള നീതീകരണത്തെ പൌലൊസ് തള്ളിക്കളയുന്നു. ഈ ലേഖനം ശരിയായി മനസ്സിലാക്കുവാന്‍ അതിന്റെ പശ്ചാത്തലവും അതിലെ മുഖ്യ വിഷയവും എന്താണ് എന്നു നമ്മള്‍ അറിഞ്ഞിരിക്കേണം. ഗ്രീസിന്റെ കിഴക്ക് ഭാഗത്തായി, പഴയ റോമന്‍ സാമ്രാജ്യത്തിന്റെ ഒരു ഭാഗമായിരുന്നു ഗലേഷ്യ എന്ന പ്രദേശം. ഇത് ഇന്നത്തെ തുര്‍ക്കിയില്‍ ആണ്. പൌലൊസ് അദ്ദേഹത്തിന്റെ മിഷനറി യാത്രയില്‍ ഗലേഷ്യയിലെ സഭയെ സന്ദര്‍ശിച്ചിട്ടുണ്ട്.
പൌലൊസിന്റെ ലേഖനങ്ങള്‍ AD 50 നും 67 നും ഇടയിലാണ് എഴുതപ്പെട്ടത്. യേശുക്രിസ്തുവിന്റെ ക്രൂശീകരണം നടക്കുന്നതു ഏകദേശം 30 AD യിലാണ്. വേദപുസ്തകത്തിലെ സുവിശേഷ ഗ്രന്ഥങ്ങള്‍ ഒന്നാം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളില്‍, AD 62 മുതല്‍ 85 വരെയുള്ള കാലഘട്ടത്തില്‍ ആണ് എഴുതപ്പെട്ടത്. ഗലാത്യര്‍ 1: 9 ല്‍ പൌലൊസ് ഗലാത്യരോട് “നിങ്ങള്‍ കൈക്കൊണ്ട സുവിശേഷത്തെ”ക്കുറിച്ച് പറയുന്നു. എന്നാല്‍ ഇത് ഇന്ന് നമ്മള്‍ വേദപുസ്തകത്തില്‍ കാണുന്ന എഴുതപ്പെട്ട സുവിശേഷ ഗ്രന്ഥങ്ങള്‍ അല്ല. ഒരു പക്ഷേ എഴുതപ്പെട്ട രേഖയെക്കുറിച്ചേ അല്ലായിരിക്കാം പൌലൊസ് ഇവിടെ പരമര്‍ശിക്കുന്നത്. അക്കാലത്ത് യേശുവിന്റെ സുവിശേഷം വായ്മൊഴിയായി എല്ലായിടവും പരന്നിരുന്നു. അപ്പോസ്തലന്മാര്‍ അത് പ്രസംഗിക്കുകയും ചെയ്തു. വേദപുസ്തകത്തിലെ സുവിശേഷ ഗ്രന്ഥങ്ങള്‍ അല്ലാതെയുള്ള രചനകളും ക്രിസ്തീയ വിശ്വാസികള്‍ക്ക് സുപരിചിതം ആയിരുന്നു. ഇത്തരം വായ്മൊഴിയാലുള്ള ചരിത്രവും, രചനകളും ആസ്പദമാക്കിയാണ് പിന്നീട് സുവിശേഷ ഗ്രന്ഥകര്‍ത്താക്കള്‍ അവരുടെ പുസ്തകങ്ങള്‍ രചിച്ചത്.
അതിനാല്‍ പൌലൊസ് ഗലാത്യര്‍ക്കുള്ള ലേഖനത്തില്‍ പരാമര്‍ശിക്കുന്ന സുവിശേഷം, വായ്മൊഴികളോ, മറ്റ് രചനകളോ, അപ്പോസ്തലന്മാരുടെ പഠിപ്പിക്കലുകളോ, അവയെയെല്ലാം ഒരുമിച്ചോ ആകാം. 1 ആം അദ്ധ്യായം 6 ആം വാക്യത്തില്‍, “ക്രിസ്തുവിന്റെ കൃപയാല്‍ നിങ്ങളെ വിളിച്ചവനെ വിട്ടു ... വേറൊരു സുവിശേഷത്തിലേക്ക് മറിയുന്നു” എന്നു പൌലൊസ് ഗലാത്യരെകുറിച്ചു പറയുന്നു. അതായത്, ഗലാത്യയിലെ സഭ മോശയുടെ ന്യായപ്രമാണങ്ങളും യഹൂദ ആചാരങ്ങളും പാലിക്കുന്നതിലേക്ക് തിരികെ പോയോ എന്നു പൌലൊസ് സംശയിക്കുന്നു. അതിനാല്‍ ഗലാത്യര്‍ 5: 6 ല്‍ പൌലൊസ് അവരെ പ്രബോധിപ്പിക്കുന്നത് ഇങ്ങനെയാണ്: “ക്രിസ്തുയേശുവിൽ പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം.”
ക്രിസ്തീയ വിശ്വസം യഹൂദ മതത്തിന്‍റെ ഒരു വിഭാഗം ആണോ അതോ അത് തികച്ചും മറ്റൊരു വ്യത്യസ്തമായ വിശ്വാസ ധാരയാണോ എന്നതാണു, വിശാല അര്‍ത്ഥത്തില്‍, പൌലൊസ് ഗലാത്യര്‍ക്കുള്ള ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. നീതീകരണം ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ അതോ യേശുക്രിസ്തുവിഉള്ള വിശ്വസം മൂലം മാത്രമോ എന്നതാണ് പ്രത്യക്ഷത്തിലുള്ള ചിന്തകള്‍. പരിച്ഛേദന രക്ഷയ്ക് ആവശ്യമാണോ എന്ന ചോദ്യത്തിനുള്ള ഉത്തരവും നമുക്ക് ഈ ലേഖനത്തില്‍ വായിയ്ക്കാം.
ക്രിസ്തീയ
വിശ്വസം യഹൂദമതത്തിന്റെ ഭാഗം അല്ലായെങ്കില്‍, യഹൂദന്മാരുടെ പ്രത്യാശയായ മശിഹാ എങ്ങനെ ജാതികളുടെ രക്ഷകന്‍ ആകും. ഈ
ചോദ്യത്തിനാണ് പൌലൊസ് മറുപടി നല്‍കുന്നത്. യഹൂദന്മാര്‍ മാത്രമല്ല, യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന എല്ലാവരും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരും
രക്ഷയ്ക്കായി മുന്‍നിയമിക്കപ്പെട്ടവരും ആണ്. പഴയനിയമത്തിലുള്ള ദൈവീക വാഗ്ദത്തങ്ങള്‍
ക്രിസ്തുവില്‍ വിശ്വസിക്കുന്ന ജാതികള്‍ ഉള്‍പ്പെടെയുള്ള എല്ലാ മനുഷ്യരിലേക്കും
എത്തിച്ചെര്‍ന്നു. ഈ വാദങ്ങള്‍ യുക്തി ഭദ്രമായി തന്നെ അദ്ദേഹം സമര്‍ത്ഥിക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ വാദങ്ങള്‍ ഗലാത്യര്‍ 2: 16;
5: 4-6 വരെയുള്ള വാക്യങ്ങളില്‍ സംക്ഷിപ്തമായി നമുക്ക് കാണാം.
ഗലാത്യര്‍
2: 16 എന്നാൽ യേശുക്രിസ്തുവിലുള്ള
വിശ്വാസത്താലല്ലാതെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ മനുഷ്യൻ
നീതികരിക്കപ്പെടുന്നില്ല എന്നു അറിഞ്ഞിരിക്കകൊണ്ടു നാമും ന്യായപ്രമാണത്തിന്റെ
പ്രവൃത്തികളാലല്ല ക്രിസ്തുവിലുള്ള വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടേണ്ടതിന്നു
ക്രിസ്തുയേശുവിൽ വിശ്വസിച്ചു; ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ലല്ലോ.
ഗലാത്യര്‍ 5: 4
– 6
4 ന്യായപ്രമാണത്താൽ
നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി.
5 ഞങ്ങളോ വിശ്വാസത്താൽ നീതി
ലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ആത്മാവിനാൽ കാത്തിരിക്കുന്നു.
6 ക്രിസ്തുയേശുവിൽ പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം.
പൌലോസിന്റെ ഈ വാദങ്ങള്‍ ശരിയായി മനസ്സിലാക്കുവാന്‍ ന്യായപ്രമാണം, നീതീകരണം, വിശ്വസം എന്നിവ എന്താണ് എന്ന് നമ്മള്‍ അറിഞ്ഞിരിക്കേണം. പൌലൊസ് നീതീകരണത്തെ പാപത്തോടുള്ള ബന്ധത്തില്‍ ആണ് നിര്‍വചിക്കുന്നത്. അതിനാല്‍ പാപം എങ്ങനെ ആണ് പ്രവര്‍ത്തിക്കുന്നത് എന്നും അറിയേണ്ടതുണ്ട്.
ഗലാത്യര്‍ 2 ആം അദ്ധ്യായത്തില്‍, പൌലൊസ്, യഹൂദ മര്യാദകളെയും ന്യായപ്രമാണത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നത് കാണാം. യഹൂദ മര്യാദകള്‍ ന്യായപ്രമാണമാണ്, ന്യായപ്രമാണം പ്രവൃത്തികള്‍ ആണ്, അത് ദൈവം മോശെയ്ക്ക് നല്കിയ പ്രമാണങ്ങള്‍ ആണ്. യിസ്രയേല്യര്‍ ചെയ്യേണ്ടുന്ന കാര്യങ്ങള്‍, ചെയ്യരുതാത്ത കാര്യങ്ങള്‍, ചെയ്യരുതാത്തത് ചെയ്തുപോയാലുള്ള പരിഹാരം എന്നിവയാണ് ന്യായപ്രമാണത്തിന്റെ മുഖ്യ വിഷയം.
ന്യായപ്രമാണം പാപവുമായി ബന്ധപ്പെട്ടിരിക്കുന്നു. ലേവ്യ പുസ്തകം 4: 2 ഇങ്ങനെയാണ്: “നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും ആരെങ്കിലും അബദ്ധവശാൽ പിഴെച്ചു ആ വക വല്ലതും ചെയ്താൽ-“ ഇത് ഇംഗ്ലീഷില്‍ “അറിയാതെ പാപം ചെയ്തു പോയാല്‍” എന്നാണ് (If a soul shall sin through ignorance against any of the commandments of the LORD…). അതായത് പാപം എന്നത് യഹോവ കല്‍പ്പിച്ചിട്ടുള്ള വല്ലകാര്യത്തിലും പിഴെച്ചു ചെയ്യുന്നതാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, പാപം എന്നത് ദൈവ പ്രമാണത്തോടുള്ള അനുസരണക്കേടാണ്. പാപം ദൈവവുമായുള്ള മനുഷ്യന്റെ ബന്ധത്തെ തകരാറില്‍ ആക്കുന്നു.
ഗലാത്യര്‍ 3: 21 ല്‍ “ജീവിപ്പിപ്പാൻ കഴിയുന്നോരു ന്യായപ്രമാണം നല്കിയിരുന്നു എങ്കിൽ ന്യായപ്രമാണം വാസ്തവമായി നീതിക്കു ആധാരമാകുമായിരുന്നു” എന്നും 10 ആം വാക്യത്തില്‍ “... ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്‍വാൻ തക്കവണ്ണം അതിൽ നിലനിൽക്കാത്തവൻ എല്ലാം ശപിക്കപ്പെട്ടവൻ...) എന്നും പൌലൊസ് പറയുന്നു. അതായത് ന്യായപ്രമാണപ്രകാരം ഒരു മനുഷ്യനും ജീവിക്കുവാന്‍ കഴിയുന്നില്ല. അതുകൊണ്ടു ന്യായപ്രമാണത്താല്‍ നീതീകരണം ലഭ്യമല്ല.
ഗലാത്യര്‍ 2: 17 ല്‍ “നാമും പാപികൾ എന്നു വരുന്നു” എന്നും, 3: 22 ല്‍ “തിരുവെഴുത്തു എല്ലാവറ്റെയും പാപത്തിൻ കീഴടെച്ചുകളഞ്ഞു” എന്നും പൌലൊസ് പറയുന്നു. ഗലാത്യര്‍ 2: 16 ല്‍ “എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ മനുഷ്യൻ നീതികരിക്കപ്പെടുന്നില്ല” എന്നു പറയുന്നു. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ നമ്മള്‍ മനസ്സിലാക്കുന്നത് ഇതാണ്:
ന്യായപ്രമാണ ലംഘനം പാപമാണ്. അതിനാല്‍ ശാപം ഉണ്ടാകുന്നു. ഒരു മനുഷ്യനും ന്യായപ്രമാണങ്ങള്‍ മുഴുവനും പാലിക്കുവാന്‍ കഴിയുന്നില്ല. അങ്ങനെ, എല്ലാ മനുഷ്യരും പാപത്തിനും ശാപത്തിനും കീഴില്‍ ആകുകയും ചെയ്തു. ന്യായപ്രമാണ പ്രകാരം ആരും നീതിക്ക് അര്‍ഹരാകുന്നില്ല.
ന്യായപ്രമാണം ആര്‍ക്കും നിവൃത്തിക്കുവാന്‍ സാധ്യമല്ല എന്നല്ല പൌലൊസ് ഇവിടെ പറയുന്നത്. കാരണം ക്രിസ്തു ന്യായപ്രമാണം നിവൃത്തിച്ചിട്ടുണ്ട്. പാപ പ്രകൃതി ഉള്ള മനുഷന്‍ പരാജയപ്പെടുന്നിടത്ത് പാപമില്ലാത്ത ക്രിസ്തു ജയിക്കുന്നു. പാപം, പിശാച്, മരണം എന്നിവയുടെമേല്‍ യേശുക്രിസ്തു ജയം നേടിയിട്ടുണ്ട്. അതിനാല്‍, അവന്‍ നീതീകരണവും പ്രാപിച്ചു. ക്രിസ്തുവിന്റെ നീതീകരണം അവനിലുള്ള വിശ്വാസം മൂലം നേടുക എന്നത് മാത്രമേ മനുഷ്യന് സാധ്യമായുള്ളൂ.
പാപം എന്നത് ദൈവവുമായുള്ള ബന്ധത്തിന്റെ തകര്‍ച്ചയാണ് എങ്കില്‍ നീതീകരണം ദൈവവുമായുള്ള ശരിയായ ബന്ധമാണ്. നീതീകരണം എന്ന വാക്കിന്റെ എബ്രായ പദം പഴയനിയമത്തില്‍ “വിടുതല്‍” എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതില്‍ ഭരണാധികാരികളും ന്യായപാലകന്മാരും കല്‍പ്പിക്കുന്ന വിടുതല്‍, സ്വാതന്ത്ര്യം എന്നീ ആശയങ്ങള്‍ ഉണ്ട്. ഈ എബ്രായ ആശയം ആയിരിക്കാം പൌലൊസിന്റെയും മനസ്സില്‍ ഉള്ളത്.
ഗലാത്യര്‍ക്കുള്ള ലേഖനത്തില്‍ പൌലൊസ് 6 പ്രാവശ്യം നീതീകരണത്തെക്കുറിച്ച് പറയുന്നുണ്ട്. 2: 16 ല്‍ “എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ മനുഷ്യൻ നീതികരിക്കപ്പെടുന്നില്ല” എന്നും 2: 17 ല്‍ “എന്നാൽ ക്രിസ്തുവിൽ നീതീകരണം അന്വേഷിക്കയിൽ നാമും പാപികൾ എന്നു വരുന്നു” എന്നും 3: 8 ല്‍ “എന്നാൽ ദൈവം വിശ്വാസം മൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ടു” എന്നും 3: 11 ല്‍ “എന്നാൽ ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല” എന്നും 3: 24 ല്‍ “അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു.” എന്നും 5: 4 ല്‍ “ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി.” എന്നും പൌലൊസ് പറയുന്നുണ്ട്.
വിശ്വസം എന്നതിന്റെ എബ്രായ പദത്തില്‍ ഉറപ്പ്, ദൃഢത, സ്ഥിരത എന്നീ ആശയങ്ങള്‍ ഉണ്ട്. പുതിയനിയമത്തില്‍ വിശ്വസം എന്ന പദം, ക്രിസ്തുവിലും ദൈവത്തിലും ഉള്ള വിശ്വാസത്തെ സൂചിപ്പിക്കുന്നു. ഇതില്‍ ദൈവത്തിന്റെ എല്ലാ സവിശേഷതകളിലും ഉള്ള വിശ്വസം ഉണ്ട്. ദൈവത്തിന്റെ സര്‍വ്വാധികാരത്തിലും, ശക്തിയിലും വിശ്വസ്തതയിലും ഉള്ള വിശ്വാസമാണത്.
അതായത് പൌലൊസ് പറയുന്ന വിശ്വാസം, ദൈവത്തിലുള്ള പൂര്‍ണ്ണമായ വിശ്വാസമാണ്. ഇതില്‍ പാപിയായ നമ്മളെ, യേശുക്രിസ്തുവില്‍ ഉള്ള വിശ്വാസം മൂലം ദൈവത്തിന് നീതീകരിക്കുവാന്‍ കഴിയും എന്ന വിശ്വാസവും ഉള്‍പ്പെടുന്നു.
ഗലാത്യര്‍ 3: 6 മുതല്‍ 9 വരെയുള്ള വാക്യങ്ങളില്‍ നീതീകരണത്തിന് ആവശ്യമായ വിശ്വാസത്തിന്റെ ഉദാഹരണമായി, പൌലൊസ് അബ്രാഹാമിനെ ചൂണ്ടിക്കാണിക്കുന്നു. ഉല്‍പ്പത്തി 15: 5 ല്‍ ദൈവം അബ്രാഹാമിനോട് കല്‍പ്പിക്കുന്നത് ഇങ്ങനെ ആണ്: “നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതി ഇങ്ങനെ ആകും...” 6 ആം വാക്യം പറയുന്നു: “അവൻ യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു.” അതായത് അബ്രഹാം ദൈവത്തിന്റെ വാക്ക് വിശ്വസിച്ചു, അത് അവന് നീതിയായി കണക്കിട്ടു. ഈ വിശ്വാസത്തെക്കുറിച്ചാണ് പൌലൊസ് ഗലാത്യര്‍ 3 ല്‍ പരമര്‍ശിക്കുന്നത്. ഇതിന് സമാനമായ വിശ്വാസമാണ് നീതീകരണത്തിന് മൂലമാകുക.
അതായത് വിശ്വസം എന്നു മാത്രമല്ല, എന്തിലുള്ള വിശ്വസം എന്നുകൂടി പൌലൊസ് ഇവിടെ പറയുന്നു. ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അവന്റെ സന്തതി പെരുകി വലിയൊരു ജന സമൂഹമാകും എന്ന ദൈവത്തിന്‍റെ വാക്കുകളിലും വാഗ്ദത്തത്തിലും ആണ് അബ്രഹാം വിശ്വസിച്ചത്. ഈ ഉദാഹരണത്തിലൂടെ പൌലൊസ് അബ്രാഹാമിനെയും അവന്റെ സന്തതികളെയും ജാതീയ ക്രിസ്തീയ വിശ്വാസികളെയും ഒരേ ചങ്ങലയില്‍ കൊണ്ടുവരുകയാണ്. അബ്രഹാം എന്തു വിശ്വസിച്ചോ, അത് വിശ്വസിക്കുന്ന ജാതികളും വിശ്വാസം മൂലം നീതികരിക്കപ്പെടും. അബ്രഹാമിന്റെ നക്ഷത്രങ്ങളെപ്പോലെ പെരുപ്പമുള്ള ജാതികള്‍ എന്നതില്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ ഉള്‍പ്പെടുന്നു. വിശ്വസിക്കുന്ന എല്ലാവരും ആ വിശ്വാസം മൂലം നീതീകരിക്കപ്പെടും.
അപ്പോള്‍ വാഗ്ദത്തം നിവൃത്തിക്കുന്ന ദൈവമാണ് നമ്മളുടെ ദൈവം എന്ന വിശ്വാസമാണ് പൌലൊസ് ഉദ്ദേശിക്കുന്ന വിശ്വാസം. സ്ത്രീയുടെ സന്തതി പിശാചിന്‍റെ തല തകര്‍ത്ത്, പാപത്തിന്‍ കീഴില്‍ അടയ്ക്കപ്പെട്ട നമ്മളെ എന്നന്നേക്കുമായി വിടുവിക്കും എന്നതാണു വിശ്വാസം (ഗലാത്യര്‍ 3: 22). വിശ്വസിക്കുന്നവരെ നീതീകരിക്കും എന്നും നീതീകരിച്ചവരെ വിശുദ്ധീകരിക്കും എന്നും, വിശുദ്ധീകരിച്ചവരെ തേജസ്കരിക്കും എന്നതുമാണ് വിശ്വാസം (റോമര്‍ 8:30). അബ്രാഹാമിന്റെ വാഗ്ദത്ത സന്തതിയായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന എല്ലാവരെയും ദൈവവുമായുള്ള ശരിയായ ബന്ധത്തിലേക്ക് തിരികെ കൊണ്ടുവരും. ഇതാണ് നീതീകരണം.
യേശുക്രിസ്തുവിന്റെ മരണം, ഉയിര്‍പ്പ്, അതിലൂടെ നേടിയ പിശാചിന്റെമേലുള്ള ജയം എന്നിവയിലൂടെ ആണ് അവനില്‍ വിശ്വസിക്കുന്നവര്‍ക്ക് നീതീകരണം ലഭിക്കുന്നത്. യഥാര്‍ത്ഥത്തില്‍, യേശുക്രിസ്തുവാണ് ഏക നീതീകരിക്കപ്പെട്ട വ്യക്തി. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക്, അവന്റെ നീതീ കണക്കിടുന്നു എന്നു മാത്രം. ക്രിസ്തുവിന്റെ നീതിയാല്‍ അവനില്‍ വിശ്വസിക്കുന്നവരെയും നീതിമാന്‍ എന്നു എണ്ണുന്നു.
വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍
നീതീകരണത്തെക്കുറിച്ച് റോമന്‍ കത്തോലിക്ക സഭ, പൌരസ്ത്യ ഓര്‍ത്തഡോക്സ് സഭകള്‍, പ്രൊട്ടസ്റ്റന്‍റ് സഭകള്‍ എന്നിവരുടെ ഇടയില്‍ പ്രധാനമായും മൂന്ന് വ്യത്യസ്തങ്ങള്‍ ആയ കാഴ്ചപ്പാടുകള്‍ നിലവിലുണ്ട്. അതിനാല്‍ ഈ സഭാ വിഭാഗങ്ങളുടെ അടിസ്ഥാന വ്യത്യാസമായി ഈ ഉപദേശത്തെ കാണുന്നു.
നീതീകരണത്തെക്കുറിച്ചുള്ള അഞ്ച് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളില്‍ ആണ് ഉപദേശ വ്യത്യാസം കാണുന്നത്. ഒന്നാമത്തെ ചോദ്യം: നീതീകരണം ഒരിക്കലായി, പൊടുന്നനവേ സംഭവിക്കുന്ന ഒരു കാര്യമാണോ അതോ അതൊരു തുടര്‍ പ്രക്രിയ ആണോ? രണ്ടാമത്തെ ചോദ്യം: നീതീകരണം ദൈവത്താല്‍ മാത്രം സഭാവിക്കുന്നതാണോ, അതോ, ദൈവവും മനുഷ്യനും അതില്‍ പങ്കാളികള്‍ ആണോ, അതോ മനുഷ്യന്റെ പ്രവൃത്തികളാല്‍ സാധ്യമാകുന്നതാണോ? മൂന്നാമത്തെ ചോദ്യം: നീതീകരണം ഒരിക്കല്‍ ലഭിച്ചു കഴിഞ്ഞാല്‍ അത് നഷ്ടപ്പെടാതെ നിത്യമായിരിക്കുമോ, അതോ അത് നഷ്ടപ്പെട്ട് പോകുവാന്‍ സാധ്യതയുണ്ടോ? നാലാമത്തെ ചോദ്യം: നീതീകരണം, അത് നഷ്ടപ്പെടുപോയാല്‍, എങ്ങനെ അതിനെ വീണ്ടും നേടിയെടുക്കാം. അഞ്ചാമത്തെ ചോദ്യം: നീതീകരണവും വിശുദ്ധീകരവും തമ്മിലുള്ള ബന്ധം എന്താണ്?
അവര്‍ക്കിടയിലുള്ള വ്യത്യസ്ത ചിന്തകള്‍ പ്രധാനമായും ഇതെല്ലാമാണ്: ഒന്നു: പാപിയായ, അനീതിയില്‍ ആയിരിക്കുന്ന ഒരു വ്യക്തിയെ, ദൈവം കൃപയിലേക്കും നീതിയിലേക്കും മാറ്റുന്ന പ്രക്രിയ ആണ് നീതീകരണം. രണ്ടാമത്തേത്, ഒരു വ്യക്തി ആയിരിക്കുന്ന അവസ്ഥയുടെ മാറ്റമാണ് നീതീകരണം. ഒരുവനെ, പാപത്തില്‍ ആയിരിക്കുന്ന അവസ്ഥയില്‍ നിന്നും നീതീകരണത്തിന്റെ അവസ്ഥയിലേക്ക് മാറ്റുന്നു. മൂന്നാമത്തേത് പ്രൊട്ടസ്റ്റന്‍റ് വിശ്വാസമാണ്: നീതീകരണം എന്നത് ഒരു കുറ്റ വിമോചനം ആണ്. മാനസാന്തരപ്പെടുന്ന വ്യക്തികള്‍ക്ക് ദൈവം, കൃപയാല്‍, നീതീകരിക്കപ്പെട്ടു എന്ന പദവി നല്കുന്നു. അതൊരു പ്രഖ്യാപനമാണ്.
കത്തോലിക്ക സഭയും നീതീകരണവും
കത്തോലിക്ക സഭയുടെ വിശ്വാസമനുസരിച്ച് നീതീകരണം ഒരു മാറ്റമാണ്. ഒന്നാമത്തെ ആദാമിന്റെ സന്തതിയായി ജനിക്കുന്നവര്‍, രണ്ടാമത്തെ ആദാമായ യേശുക്രിസ്തുവിലൂടെ ദൈവ കൃപ എന്ന അവസ്ഥയിലേക്കും ദൈവത്തിന്റെ ദത്തെടുക്കപ്പെട്ട മക്കളായും മാറുന്നു. ഒരു പാപിയായ മനുഷ്യന്‍ അനീതിയുടെ അവസ്ഥയില്‍ നിന്നും വിശുദ്ധിയുടെ അവസ്ഥയിലേക്ക് മാറുന്നു. ഈ മാറ്റം, യേശുക്രിസ്തുവിന്റെ പാപയാഗത്താലും, വിശ്വാസത്താലും കൂദാശകളിലൂടെയും സാദ്ധ്യമാകുന്നു. പ്രവൃത്തിയില്ലാത്ത വിശ്വാസം നിര്‍ജ്ജീവമാണ് എന്നും പ്രവൃത്തികള്‍ വിശ്വാസത്തെ ഊനമില്ലാത്തതും പൂര്‍ണ്ണവുമാക്കുന്നു എന്നും അവര്‍ പഠിപ്പിക്കുന്നു.
മനുഷ്യര്‍ എല്ലാവരും ആദ്യ പാപം എന്ന അവസ്ഥയില്‍ ജനിക്കുന്നു എന്നു കത്തോലിക്ക സഭ വിശ്വസിക്കുന്നു. അതിനാല്‍ ആദാമിന്റെ പ്രകൃതി എല്ലാ മനുഷ്യരിലും വ്യാപരിക്കുന്നു. സ്വയം നീതീമാന്മാര്‍ ആകുവാന്‍ ആര്‍ക്കും കഴിയില്ല എന്നതിനാല്‍ അവന് ദൈവീക നീതീകരണം ആവശ്യമാണ്. നീതീകരണം ദൈവത്താല്‍, അവന്റെ കൃപയാല്‍ ഒരു ക്രിസ്തീയ വിശ്വാസിക്ക്, സൌജന്യ ദാനമായി ലഭിക്കുന്നു. അതിനു പുണ്യ പ്രവൃത്തികളിലൂടെ വെളിപ്പെട്ടു വരുന്ന വിശ്വാസമാണ് മൂലകാരണം. മാമോദീസ എന്ന കൂദാശയ്ക്കു വിശ്വാസവുമായി ബന്ധമുള്ളതിനാല്‍, അത് സ്വീകരിക്കുമ്പോള്‍ നീതീകരണവും വിശുദ്ധീകരണവും ഉണ്ടാകുന്നു. അങ്ങനെ പാപത്തില്‍ നിന്നും ശുദ്ധരായി ക്രിസ്തീയജീവിതത്തിലേക്ക് പ്രവേശിക്കുന്നു.
ഒരു ക്രിസ്തീയ വിശ്വാസിയുടെ തുടര്‍ന്നുള്ള ജീവിതത്തില്‍, ദൈവത്തിന്റെ കൃപ പരിശുദ്ധാത്മാവിലൂടെയും കൂദാശകളിലൂടെയും ലഭിക്കുന്നു. ഇത് പാപത്തോടു പോരാടി, ഹൃദയത്തിലും പ്രവൃത്തികളിലും കൂടുതല്‍ നീതിയുള്ളവനാകുവാന്‍ അവനെ സഹായിക്കും. ആരെങ്കിലും മരണകരമായ പാപത്തില്‍ അകപ്പെട്ടുപോയാല്‍, അവന് ദൈവീക നീതീകരണം നഷ്ടപ്പെടും. എന്നാല്‍ സ്നേഹത്താലുള്ള വിശ്വാസത്തിന്റെ പ്രവൃത്തികളിലൂടെയും കുമ്പസാരത്തിലൂടെയും മറ്റ് കൂദാശകളിലൂടെയും നീതീകരണം തിരികെ ലഭിക്കും. അന്ത്യ ന്യായവിധിയില്‍, ഓരോ വ്യക്തികളുടെയും പ്രവൃത്തികള്‍ വിലയിരുത്തപ്പെടും. അവിടെ ഇഹലോക ജീവിതത്തില്‍ നീതി പ്രവൃത്തിച്ചവര്‍ അന്തിമമായി നീതിമാന്മാര്‍ ആയി പ്രഖ്യാപിക്കപ്പെടും.
കത്തോലിക്ക വിശ്വാസമനുസരിച്ച്, നീതീകരണം, ഒരുവന്റെ ഉള്ളില്‍ ദൈവം പകരുന്നു. ദൈവ കൃപ ഒരുവന്റെ ആത്മാവിലേക്ക് ദൈവം പകരുകയാണ്. പുണ്യ പ്രവര്‍ത്തികളാല്‍ വെളിപ്പെടുന്ന വിശ്വാസത്താല്‍, ദൈവ കൃപ തുടര്‍ന്നും അധികമായി പകര്‍ന്നുകൊണ്ടേയിരിക്കും.
1543 മുതല്‍ 1563 വരെയുള്ള കാലഘട്ടത്തില്‍ ഉത്തര ഇറ്റലിയിലെ ട്രെന്‍റ് എന്ന സ്ഥലത്തു കൂടിയ ആലോചനായോഗത്തില്‍ നീതീകരണം സംബന്ധിച്ച കത്തോലിക്ക വിശ്വാസം അലംഘനീയമായി പ്രസ്താവിക്കപ്പെട്ടു (Council of Trent). അതില്‍, ദൈവ കൃപയാല്‍, വിശ്വാസത്താല്‍ മാത്രം നീതീകരണം എന്ന നവീകരണ ചിന്തയെ തള്ളിക്കളഞ്ഞു. രക്ഷയ്ക്കും നീതീകരണത്തിനും സഭയിലെ കൂദാശകളെ ആവശ്യമാണ് എന്നും അത് നിരസിക്കുന്നവര്‍ സഭാ ഭ്രഷ്ടര്‍ ആയിരിയ്ക്കും എന്നും പ്രഖ്യാപിക്കപ്പെട്ടു.
പൌരസ്ത്യ ഓര്‍ത്തഡോക്സ് സഭകള്‍
പൌരസ്ത്യ ഓര്‍ത്തഡോക്സ് സഭകള്‍ നീതീകരണത്തെ ദൈവീക അവസ്ഥയായി കാണുന്നു (Eastern Orthodoxy and Oriental Orthodoxy, "theosis"). അതിനാല്‍ കത്തോലിക്ക, പ്രൊട്ടസ്റ്റന്‍റ് വിഭാഗങ്ങള്‍ നല്‍കുന്ന പ്രാധാന്യം അവര്‍ അതിനു കല്‍പ്പിക്കുന്നില്ല. ആദാമിന്റെ പാപം മനുഷ്യവര്‍ഗ്ഗം വഹിക്കുന്നു എങ്കിലും അതിന്റെ കുറ്റം വഹിക്കുന്നില്ല. അതിനാല്‍ നീതീകരണത്തിന് ആവശ്യകതയില്ല.
രക്ഷ എന്നത് ഒരു ദൈവീകരണ പ്രക്രിയ ആയാണ് ഓര്‍ത്തഡോക്സ് സഭകള്‍ കാണുന്നത്. രക്ഷയിലൂടെ ഒരു വ്യക്തി ക്രിസ്തുവുമായി ചേരുകയും അവനില്‍ ക്രിസ്തു പുനര്‍ജനിക്കുകയും ചെയ്യുന്നു. മാമോദീസയിലൂടെ ഒരുവന്റെ പാപങ്ങള്‍ എല്ലാം കഴുകപ്പെടുന്നു. അതിനാല്‍ നീതീകരണം എന്നത് ദൈവീകരണം ആണ് (theosis). ഈ കാഴ്ചപ്പാടുകള്‍ യാതൊരു വിധത്തിലും പ്രൊട്ടസ്റ്റന്‍റ് ചിന്തകളോട് ചേരുന്നില്ല. എന്നാല്‍ പൌരസ്ത്യ ഓര്‍ത്തഡോക്സ് സഭകളുടെ ഉപദേശങ്ങള്‍ക്ക് കത്തോലിക്ക സഭയുടെ ചിന്തകളോട് ഭാഗികമായ യോജിപ്പുണ്ട്.
പ്രൊട്ടസ്റ്റന്‍റ് സഭകളുടെ കാഴ്ചപ്പാടുകള്‍
നീതീകരണം എന്നതിനെ ക്രിസ്തീയ വിശ്വാസത്തിന്റെ പ്രധാന ഉപദേശമായാണ് ആണ് നവീകരണ മുന്നേറ്റത്തിന്റെ പോരാളിയായിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ വിശേഷിപ്പിച്ചത്. ഇതിനാല്‍ സഭ നിലനിക്കുകയോ വീഴുകയോ ചെയ്യും എന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന പ്രസിദ്ധം ആണ്. നവീകരണ വിശ്വാസമനുസരിച്ച്, ദൈവ കൃപയാല്‍ മാത്രവും, ക്രിസ്തുവീലുള്ള വിശ്വാസത്താല്‍ മാത്രവും, ക്രിസ്തുവിന്റെ നീതിയാല്‍ മാത്രവും ലഭിക്കുന്നതാണ് നീതീകരണം. മറ്റെല്ലാ ക്രിസ്തീയ ഉപദേശങ്ങളും നീതീകരണത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാടില്‍ കേന്ദ്രീകരിച്ചിരിക്കുന്നു.
നീതീകരണത്തെ പൂര്‍ണ്ണമായും ദൈവത്തിന്റെ പ്രവൃത്തിയായാണ് ലൂഥര്‍ മനസ്സിലാക്കിയത്. അത് യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരുവനെ നീതീമാനായി ദൈവം പ്രഖ്യാപിക്കുന്ന പ്രവൃത്തിയാണ്. ഒരുവന്‍ പ്രാപിക്കുന്ന നീതീകരണം അവന്റെ സ്വന്തമല്ല അത് യേശുക്രിസ്തുവിന്റെ നീതീകരണം അവനില്‍ കണക്കിടുന്നതാണ്. യേശുക്രിസ്തു മാത്രമേ ന്യായപ്രമാണത്തെ മുഴുവന്‍ നിവര്‍ത്തിച്ചുള്ളൂ. അതിനാല്‍ ക്രിസ്തു മാത്രമേ ദൈവ മുമ്പാകെ നീതിമാനായുള്ളൂ. ക്രിസ്തുവിലുള്ള വിശ്വാസത്തിന്നു മാത്രമേ ഒരുവനെ നീതീമാനും ന്യായപ്രമാണം നിവര്‍ത്തിച്ചവനും ആക്കുവാന്‍ കഴിയൂ. വിശ്വാസമോ, ദൈവത്തിന്റെ ദാനമാണ്. അത് പരിശുദ്ധാത്മാവിനാല്‍ ഒരുവന് ലഭിക്കുന്നതാണ്. വിശ്വാസത്താല്‍ നമ്മള്‍ രക്ഷയെ പ്രാപിക്കുകയാണ്, വിശ്വാസം രക്ഷയെ ഉളവാക്കുകയല്ല. അതിനാല്‍ നമ്മളുടെ തീരുമാനങ്ങള്‍ രക്ഷയെ ഉളവാക്കും എന്ന ഇന്നത്തെ ഇവാഞ്ചലിക്കാല്‍ സുവിശേഷകരുടെ വാദത്തോട് ലൂഥറന്‍ വിശ്വാസികള്‍ യോജിക്കുന്നില്ല.
നീതീകരണം എന്ന ദൈവപ്രവൃത്തിയെ ഒരു നിയപരമായ പ്രഖ്യാപനമായിട്ടാണ് ലൂഥര്‍ വ്യാഖ്യാനിച്ചത്. അത് ഒരുവനെ, അവന്‍ പാപിയായിരിക്കുമ്പോള്‍ത്തന്നെ, ക്രിസ്തുവിലുള്ള വിശ്വസം മൂലം നീതിമാന്‍ എന്ന് ദൈവം പ്രഖ്യാപിക്കുകയാണ്. ഇതിന് നമ്മളുടെ പ്രവൃത്തികള്‍ ആധാരമാകുന്നില്ല. “അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നതു.” എന്നാണ് നമ്മള്‍ റോമര്‍ 3: 24 ല്‍ വായിക്കുന്നത്.
വീണ്ടും
ജനനവും നീതീകരണവും ഒരേ സമയത്ത് സംഭവിക്കുന്നു എങ്കിലും അവ രണ്ടും ഒരു
പ്രവൃത്തിയല്ല.
നീതീകരണത്തെക്കുറിച്ചുള്ള ലൂതറിന്റെ കാഴ്ചപ്പാടുകളോട്, മറ്റൊരു നവീകരണ പോരാളിയായി ആയിരുന്ന ജോണ്‍ കാല്‍ വിന്‍ യോജിച്ചിരുന്നു (John Calvin). ആദാം പാപം ചെയ്തപ്പോള്‍ സകലമനുഷ്യരും പാപികള്‍ ആയതുപോലെ ക്രിസ്തു നീതിയെ പ്രാപിച്ചപ്പോള്‍ അവനില്‍ വിശ്വസിക്കുന്ന എല്ലാവരും നീതീമാന്മാര്‍ ആയി. രക്ഷിക്കപ്പെടുന്നവര്‍ ക്രിസ്തുവിനോട് ചേരുകയാണ്. രക്ഷിക്കപ്പെടുന്ന ഒരുവന്‍ ക്രിസ്തുവിനോട് ചേരുന്നതിനാല്‍ അവന് നീതീകരണം പിന്നീട് നഷ്ടപ്പെടുന്നില്ല എന്നാണ് കാല്‍ വിന്‍ വിശ്വസിച്ചത്.
നീതീകരണം, ദൈവത്താല്‍, ദൈവ കൃപയാല്‍, ക്രിസ്തുവിലുള്ള വിശ്വസം മൂലം മാത്രം ലഭിക്കുന്നു എന്നും നീതീകരണം ദൈവത്തിന്‍റെ പ്രവൃത്തിയാലുള്ള അര്‍ഹത പരിഗണിക്കാതെയുള്ള സൌജന്യ ദാനമാണ് എന്നും ആണ് പ്രൊട്ടസ്റ്റന്‍റ് സഭകളുടെ പൊതുവായ വിശ്വാസം. നീതീകരണം ഒരു ദൈവ പ്രവൃത്തിയാണ്. അതൊരു ദൈവീക പ്രഖ്യാപനമാണ്. അതൊരു വ്യക്തിയുടെ അവസ്ഥയുടെ മാറ്റമല്ല. അതില്‍ മനുഷ്യന്റെ പ്രവൃത്തികള്‍ ഉള്‍പ്പെട്ടിട്ടില്ല. അത് ഒരിക്കലായി സംഭവിക്കുന്ന പ്രക്രിയ ആണ്. നീതീകരണം ഭൂതകാലത്ത്, ക്രിസ്തുവിന്റെ ക്രൂശു മരണത്താല്‍ സംഭവിച്ചു കഴിഞ്ഞ ഒരു പ്രക്രിയ ആണ്. അത് ഇപ്പൊഴും ക്രിസ്തുവില്‍ വിശ്വസിക്കുന്നവരിലേക്ക് കണക്കിടപ്പെടുന്നു. നീതീകരണം നമ്മളെ പാപത്തിന്റെ ശിക്ഷയില്‍ നിന്നും വിടുവിക്കുന്നു. ന്യായപ്രമാണത്തിലെ സാന്‍മാര്‍ഗ്ഗിക നിയമങ്ങള്‍ പാലിക്കുന്നത്, നീതീകരിക്കപ്പെടുവാനോ, നീതീകരിക്കപ്പെട്ടതിന് ശേഷം അതില്‍ തുടര്‍ന്നു ജീവിക്കുവാനോ ആവശ്യമില്ല. നീതീകരണത്തിന് വിശ്വസം മാത്രം മതിയാകും.
നീതീകരണം സ്വര്‍ഗ്ഗീയ നീതിയ്ക്ക് യോഗ്യമായ ഒരു പ്രവൃത്തിയാണോ? നീതിമാനും വിശുദ്ധനുമായിരിക്കുന്ന ദൈവത്തിന്നു എങ്ങനെ ഒരു പാപിയോട് ക്ഷമിക്കുവാന്‍ കഴിയും? ഒരു പാപിയെ, അതേ അവസ്ഥയില്‍ അവന്‍ ആയിരിക്കുമ്പോള്‍ തന്നെ, എങ്ങനെ നീതിമാനും വിശുദ്ധനായ ഒരു ദൈവത്തിന് നീതിമാന്‍ എന്ന് പ്രഖ്യാപിക്കുവാന്‍ കഴിയും? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമിതാണ്: നീതീകരണം നമ്മളുടെ പാപങ്ങള്‍ക്കുള്ള ഒഴിവ് അല്ല. ഇവിടെ നമ്മളുടെ പാപങ്ങള്‍ അവഗണിക്കപ്പെടുന്നില്ല. നമ്മളുടെ പാപങ്ങളെ വിശുദ്ധമായി ന്യായീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. ഒരുവന്റെ പാപങ്ങള്‍ക്ക് തക്ക ശിക്ഷ അവന് നല്കുകയും ചെയ്യുന്നു. ഈ ശിക്ഷയാണ് ക്രിസ്തു നമുക്ക് വേണ്ടി ക്രൂശില്‍ വഹിച്ചത്. യേശുക്രിസ്തു നമ്മളുടെ പ്രതിനിധിയും പകരക്കാരനുമായി ക്രൂശില്‍ ശിക്ഷ അനുഭവിച്ചു. അതിനാല്‍ നമ്മള്‍ ക്രിസ്തുവില്‍ വിശ്വസിക്കുമ്പോള്‍, പാപത്തില്‍നിന്നല്ല, അതിന്റെ ശിക്ഷയില്‍ നിന്നും സ്വതന്ത്രര്‍ ആകുന്നു. അങ്ങനെ ദൈവം ക്രിസ്തുവിന്റെ നീതി നിമിത്തം നമ്മളെ നീതീമാന്മാര്‍ ആയി പ്രഖ്യാപിക്കുന്നു. (1 പത്രൊസ് 3:18, യെശയ്യാവ് 53:4-6, റോമര്‍ 8:1, റോമര്‍ 3:26). ദൈവം, കൃപയാല്‍ നമ്മളെ ക്രിസ്തു മുഖാന്തിരം നീതീകരിച്ചിരിക്കയാല്‍ നമുക്ക് ദൈവത്തോട് സമാധാനം ഉണ്ട്. (റോമര്‍ 5:1).
കത്തോലിക്ക, ഓര്‍ത്തകോക്സ് സഭകള്‍, ഒരു ശിശു മാമോദീസ സ്വീകരിക്കുമ്പോള്‍, അവന്‍ നീതീകരിക്കപ്പെടുന്നു എന്നു വിശ്വസിക്കുന്നു. പ്രൊട്ടസ്റ്റന്‍റ് സഭകള്‍, ഒരു വ്യക്തി വിശ്വസിച്ച് രക്ഷിക്കപ്പെടുമ്പോള്‍ നീതീകരിക്കപ്പെടുന്നു എന്നു വിശ്വസിക്കുന്നു. രക്ഷയ്ക്ക് ശേഷമുള്ള വിശുദ്ധ ജീവിതം ജീവിതകാലമെല്ലാം തുടരുന്ന ഒരു തുടര്‍ പ്രക്രിയ ആണ് എല്ലാവരും സമ്മതിക്കുന്നു. നല്ല വൃക്ഷം നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കുന്നതുപോലെ, നീതീകരിക്കപ്പെട്ട വ്യക്തികള്‍ നീതിയുടെ നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കും. ഈ പ്രവൃത്തികളാണ് വിശ്വാസവും രക്ഷയും യഥാര്‍ത്ഥമാണോ എന്നതിന്റെ തെളിവുകള്‍.
ക്രിസ്തുവിലുള്ള വിശ്വസം നഷ്ടപ്പെടുമ്പോഴും, പാപം ചെയ്യുമ്പോഴും രക്ഷയും നീതീകരണവും നഷ്ടപ്പെടും എന്ന് പ്രൊട്ടസ്റ്റന്‍റ് സഭകള്‍ പൊതുവേ വിശ്വസിക്കുന്നു. നഷ്ടപ്പെട്ട നീതീകരണം മനസാന്തരത്താലും വിശ്വാസത്താലും വീണ്ടും പ്രാപിക്കാവുന്നതാണ്. എന്നാല്‍, രക്ഷയും നീതീകരണവും, അത് ലഭിച്ചു കഴിഞ്ഞാല്‍, ഒരിയ്ക്കലും പൂര്‍ണ്ണമായും നഷ്ടപ്പെടുക ഇല്ല എന്നും വിശ്വസിക്കുന്ന പ്രൊട്ടസ്റ്റന്‍റ് വിഭാഗങ്ങളും ഉണ്ട്.
ഇത്തരം, വ്യത്യസ്തങ്ങളായ വാദങ്ങളില്‍ ഒരു ഐക്യരൂപം ഉണ്ടാകുവാനായി, 1999 ഒക്ടോബര്‍ 31 ആം തീയതി, കത്തോലിക്ക സഭയും ലൂഥറന്‍ വേള്‍ഡ് ഫെഡറേഷന്‍ എന്ന സംഘടനയും ഒരുമിച്ച് ചേര്‍ന്ന് ഒരു പ്രസ്താവന പുറപ്പെടുവിച്ചു. ലൂഥറന്‍ വിഭാഗവും കത്തോലിക്ക സഭയും തമ്മില്‍ നീതീകരണം സംബന്ധിച്ചു ഒരു പൊതുധാരണ ഉണ്ട് എന്ന് അതില്‍ പറയുന്നു. വിശ്വസം, പ്രത്യാശ, സ്നേഹം എന്നിവയിലൂന്നിയ നല്ല പ്രവൃത്തികള്‍, നീതീകരണത്തിന്റെ ഫലങ്ങള്‍ ആണ്. ക്രിസ്തീയ വിശ്വാസികള്‍ക്ക് പാപവുമായുള്ള പോരാട്ടം ജീവിതകാലമെല്ലാം തുടരുന്നു എന്നതിനാല്‍, നീതീകരണത്തിന്റെ ഫലങ്ങള്‍ ആയ നല്ല പ്രവൃത്തികള്‍ പുറപ്പെടുവിക്കേണ്ടത് ആവശ്യമാണ്. ഇത് ഇരുകൂട്ടര്‍ക്കും ഇടയില്‍ യോജിപ്പുള്ള അഭിപ്രായം ആണ്.
വിശുദ്ധികരണവും തേജസ്കരണവും
വിശുദ്ധീകരണം, തേജസ്കരണം എന്നീ വിഷയങ്ങള്‍ കൂടി മനസ്സിലാക്കികൊണ്ടു ഈ പഠനം അവസാനിപ്പിക്കാം. വിശുദ്ധീകരണം എന്നത് വേര്‍പാട് ആണ്. സന്‍മാര്‍ഗ്ഗികമായി, വിശുദ്ധീകരണം എന്നത് വിശുദ്ധമായ ഒരു ജീവിതമാണ്. ആത്മീയമായി, വിശുദ്ധീകരണം, ദൈവത്തിനായി വേര്‍തിരിക്കപ്പെടുന്ന അവസ്ഥയാണ്. അത് ദൈവം ഒരുവനെ, പാപത്തില്‍നിന്നും വേര്‍പെട്ട്, യേശുക്രിസ്തുവിന്റെ മനോഭാവം ഉള്ളവരായി മാറുവാന്‍ വേര്‍തിരിച്ച് നിറുത്തുന്നതാണ്.
നീതീകരണം പാപത്തിന്റെ ശിക്ഷയെ നീക്കിക്കളയുന്നു. വിശുദ്ധീകരണം പാപത്തെ ജയിക്കുവാന്‍ ഒരുവനെ ശക്തികരിക്കുന്നു. നീതീകരണം പാപത്തെ സംബന്ധിച്ചുള്ളതാണ്. വിശുദ്ധീകരണം പാപത്തിന്റെ ശക്തിയെ സംബന്ധിച്ചുള്ളതാണ്. നീതീകരണം ഒരുവന്‍ നീതിമാന്‍ ആണ് എന്ന ദൈവത്തിന്റെ പ്രഖ്യാപനം ആണ്. വിശുദ്ധീകരണം തുടര്‍ന്നുള്ള അവന്റെ ജീവിതത്തിന്റെ രൂപാന്തരമാണ്.
നീതീകരണം വിശുദ്ധീകരണത്താല്‍ സംഭവിക്കുന്നില്ല. വിശുദ്ധീകരണം നീതീകരണത്തിന്റെ ഭാഗവും അല്ല. നീതീകരണം വിശുദ്ധീകരണത്തില്‍ മുന്നോട്ട് പോകുവാനുള്ള ശക്തി നല്കുന്നു. വിശുദ്ധീകരണം ഒരുവന്‍ ക്രിസ്തുവില്‍ പുതിയ സൃഷ്ടിയായതിന് ശേഷം മാത്രം സംഭവിക്കുന്നു. നീതീകരണത്തിന് നമ്മളുടെ പ്രവൃത്തികള്‍ ആവശ്യമില്ല. വിശുദ്ധീകരണത്തിന് ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെയും പാപത്തോടുള്ള വിജയത്തിന്റെയും അടയാളമായ പ്രവൃത്തികള്‍ ആവശ്യമാണ്. വിശുദ്ധീകരണം പാപത്തോടുള്ള ദിനം തോറുമുള്ള മരണം ആണ്. ദൈവ സന്നിധിയിലേക്ക് ധൈര്യത്തോടെ പ്രവേശിക്കുവാനുള്ള യോഗ്യത നീതീകരണം നല്കുന്നു. വിശുദ്ധീകരണം ദൈവരാജ്യത്തെ കൈവശമാക്കുവാനുള്ള സൌമ്യത നമുക്ക് നല്കുന്നു.
നീതീകരണം ഒരിക്കലായി സംഭവിച്ച, ഒരു ഭൂതകാല ദൈവ പ്രവൃത്തിയാണ്. ഒരുവന്‍ രക്ഷിക്കപ്പെടുമ്പോള്‍ അത് ക്രിസ്തുവിന്റെ കണക്കില്‍ നിന്നും അവന്റെ കണക്കിലേക്ക് ചേര്‍ക്കപ്പെടുന്നു. എന്നാല്‍, വിശുദ്ധീകരണം, ഒരു വര്‍ത്തമാന കാല പ്രക്രിയ ആണ്. വിശുദ്ധീകരണം പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്. അത് രക്ഷിക്കപ്പെടുമ്പോള്‍ ആരംഭിച്, നമ്മള്‍ ക്രിസ്തുവിന്റെ സ്വരൂപത്തോടു അനുരൂപകരകുന്നതുവരെ തുടരുന്ന പ്രക്രിയ ആണ്. (റോമര്‍ 8; 29). വിശുദ്ധീകരണം പാപത്തിന്റെയും ജഡത്തിന്റെയും, ലോകത്തിന്റെയും അധികാരത്തില്‍ നിന്നുള്ള വിടുതലും ക്രിസ്തുവിന്റെ വിശുദ്ധിയിലേക്കുള്ള മാറ്റവുമാണ്. ഇത് നമ്മള്‍ ക്രിസ്തുവിനോടു ചേരുന്നതുവരെ തുടരും. അതിനാല്‍, വിശുദ്ധീകരണം ഒരു മനുഷ്യന്റെയും ഇഹലോക ജീവിതത്തില്‍ പൂര്‍ണ്ണമാകുന്നില്ല. അതിനാല്‍ ക്രിസ്തീയ വിശ്വാസികള്‍ അവരുടെ ഭൌതീക ജീവിതത്തില്‍ എപ്പോഴും ഒരേ സമയം പാപിയും വിശുദ്ധനും ആയിരിയ്ക്കും. ദൈവത്തിന്റെ ദൃഷ്ടിയില്‍, ക്രിസ്തുവിലുള്ള വിശ്വാസം മുഖാന്തിരം വിശുദ്ധരും, പാപത്തിന്റെ അവസ്ഥയില്‍ തുടരുന്നതിനാല്‍ പാപികളും ആയിരിയ്ക്കും. പാപത്തോടു പോരാടി ജയിക്കുവാനും, രക്ഷയുടെ നല്ല പ്രവൃത്തികള്‍ ചെയ്യുവാനും നമ്മളെ ശക്തരാക്കുവാന്‍ പരിശുദ്ധാത്മാവിന് കഴിയും.
രക്ഷിക്കപ്പെടുമ്പോള്‍ ഒരുവന്‍ വിശ്വാസത്താല്‍ നീതീകരിക്കപ്പെടുന്നു, എങ്കിലും പാപ പ്രകൃതി അവനില്‍ തുടരുന്നു. എന്നാല്‍ അവന്‍ പാപത്തില്‍ തുടരുന്നില്ല. അതായത് പാപ പ്രകൃതി ഒരുവനില്‍ തുടരുന്നു എന്നതും അവന്‍ പാപത്തില്‍ തുടരുന്നു എന്നതും രണ്ടു അവസ്ഥകളാണ്. ഇതാണ് വിശുദ്ധീകരണം എന്ന കാഴ്ചപ്പാടിന്റെ കാതല്‍.
എന്നാല്‍, നീതികരണത്താല്‍ വിശുദ്ധീകരണവും ലഭിക്കുന്നു എന്ന് ജോണ്‍ കാല്‍വിന്‍ വിശ്വസിച്ചു. രക്ഷിക്കപ്പെട്ടവര്‍ ഒരേ സമയം പാപിയും വിശുദ്ധനുമാണ് എന്ന കാഴ്ചപ്പാടിനോട് തത്വത്തില്‍ കാല്‍ വിന് യോജിപ്പായിരുന്നു.
ജോണ്‍ വെസ്ലിയുടെ പഠിപ്പിക്കലുകളില്‍ അധിഷ്ഠിതമായ, മെത്തോഡിസ്റ്റ് സഭയുടെ കാഴ്ചപ്പാട് അല്‍പ്പം വ്യത്യസ്തം ആണ് (John Wesley, Methodist Church). വീണ്ടും ജനനം പ്രാപിക്കുമ്പോള്‍ നീതീകരണം ലഭിക്കുന്നു എന്നും അത് വിശുദ്ധീകരണത്തിലേക്ക് നയിക്കുന്നു എന്നും അവര്‍ വിശ്വസിക്കുന്നു. പുണ്യ പ്രവര്‍ത്തികളും ന്യായപ്രമാണത്തിലെ സാന്‍മാര്‍ഗ്ഗിക നിയമങ്ങള്‍ അനുസരിക്കുന്നതും വിശുദ്ധീകരണത്തിന് ആവശ്യമാണ്. ഇത് സമ്പൂര്‍ണ്ണ വിശുദ്ധീകരണത്തിലേക്ക് നയിക്കും. വിശുദ്ധീകരണം ദൈവകൃപയുടെ രണ്ടാമത്തെ പ്രവര്‍ത്തനമാണ് (the second work of grace). സമ്പൂര്‍ണ്ണ വിശുദ്ധീകരണം ക്രിസ്തുവിന്റെ മനോഭാവം ഉള്ളവരാക്കി നമ്മളെ മാറ്റും. ഇതൊക്കെയാണ് നീതീകരണത്തെക്കുറിച്ചും വിശുദ്ധീകരണത്തെക്കുറിച്ചുമുള്ള അവരുടെ ഉപദേശങ്ങള്‍.
തേജസ്കരണം
ഒരു ക്രിസ്തീയ വിശ്വാസിയുടെ രക്ഷയില്‍ തുടങ്ങുന്ന ആത്മീയ യാത്രയില്‍ മൂന്ന് പ്രധാനപ്പെട്ട സംഭവങ്ങള്‍ ആണ് ഉള്ളത്. അത് നീതീകരണം, വിശുദ്ധീകരണം, തേജസ്കരണം എന്നിവയാണ്. റോമര്‍ 8: 30 ല്‍ “മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.” എന്നും കൊലൊസ്യര്‍ 3: 4 ല്‍ “നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും.” എന്നും നമ്മള്‍ വായിക്കുന്നു.
തേജസ്കരണം നമ്മളുടെ പാപങ്ങളെ അന്തിമായി നീക്കം ചെയ്യുന്നതാണ്. അത് ഭാവിയില്‍ സംഭവിക്കുവാനിരിക്കുന്ന ഒരു ദൈവീക പ്രവൃത്തിയാണ്. തേജസ്കരണമാണ് നമ്മളുടെ രക്ഷയുടെ പൂര്‍ത്തീകരണം. നമ്മള്‍ രക്ഷിക്കപ്പടുമ്പോള്‍ നീതീകരിക്കപ്പെടുകയും, തുടര്‍ന്നുള്ള ജീവിതത്തില്‍ വിശുദ്ധീകരിക്കപ്പെടുകയും, അന്തിമമായി നമ്മള്‍ തേജസ്കരിക്കപ്പെടുകയും ചെയ്യും. നീതീകരണം ഒരിക്കലായി സംഭവിക്കുന്നു, വിശുദ്ധീകരണം തുടര്‍ച്ചയായി സംഭവിക്കുന്നു, തേജസ്കരണം ഒരിക്കലായി ഭാവിയില്‍ സംഭവിക്കുന്നു. ക്രിസ്തുവിന്റെ പാപ പരിഹാരയാഗവും അതിലുള്ള നമ്മളുടെ വിശ്വാസവും മൂലം, ഈ മൂന്ന് അവസ്ഥകളും നമുക്ക് ഉറപ്പായും, ദൈവകൃപയാല്‍ മാത്രം ലഭിക്കുന്നു.
അവസാന വാക്ക്
ഇതുവരെ നമ്മള്‍ പഠിച്ചതെല്ലാം ഒന്നുകൂടി ചുരുക്കമായി പറഞ്ഞുകൊണ്ടു ഇത് അവസാനിപ്പിക്കട്ടെ. നീതീകരണം ഒരു പ്രഖ്യാപനമാണ്, അത് ഒരുവന്റെ അവസ്ഥയുടെ മാറ്റമല്ല. നീതീകരണം ഒരുവനെ വിശുദ്ധനാക്കുന്നില്ല. അത് ഒരുവനെ ദൈവ മുമ്പാകെ നീതിമാനും വിശുദ്ധനുമാണ് എന്ന പ്രഖ്യാപനവും അവനെ അങ്ങനെ കണക്കിടുന്നതുമാണ്. അവന്‍ മേലില്‍ കുറ്റക്കാരന്‍ അല്ല. ഒരുവന് മാറ്റങ്ങള്‍ ഉണ്ടാകുന്നത് വിശുദ്ധീകരണത്തിന്റെ പ്രക്രിയയില്‍ ആണ്. വിശുദ്ധീകരണം നീതീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു എങ്കിലും അത് രണ്ടും ഒന്നല്ല.
നീതീകരണം ന്യായപ്രമാണത്തില്‍ നിന്നല്ല ഉളവാകുന്നത്. ന്യായപ്രമാണത്തിന്റെ പ്രവൃത്തികള്‍ പാലിക്കുന്നതിലൂടെ നീതീകരണം പ്രാപിക്കുവാന്‍ സാധ്യമല്ല. നീതീകരണം യേശുക്രിസ്തുവിന്റെ പാപ പരിഹാര യാഗത്താല്‍ മാത്രം ലഭിക്കുന്നു. ക്രിസ്തുവിനെ വിശ്വാസത്താല്‍ സ്വീകരിക്കുന്നവര്‍ക്ക് നീതീകരണം സൌജന്യമായി ലഭികുന്നു. ഇത് ദൈവത്തിന്റെ ദാനമാണ്. നീതീകരണം മനുഷ്യന്റെ നീതിയല്ല, ദൈവത്തിന്റെ നീതിയെയാണ് വെളിപ്പെടുത്തുന്നത്.
നമ്മള്‍ രക്ഷിക്കപ്പെടുമ്പോള്‍ തന്നെ നീതീകരിക്കപ്പെട്ടവരായും പ്രഖ്യാപിക്കപ്പെടും. നമ്മളുടെ നീതീകരണത്തിനായുള്ള സകലതും യേശുക്രിസ്തു ക്രൂശില്‍ ചെയ്തു തീര്‍ത്തിട്ടുണ്ട്. റോമര്‍ 5:9 ല്‍ “അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽനിന്നു രക്ഷിക്കപ്പെടും.” എന്നും 4:24, 25 വാക്യങ്ങളില്‍ “നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന്നു ഏല്പിച്ചും നമ്മുടെ നീതീകരണത്തിനായി ഉയിർപ്പിച്ചുമിരിക്കുന്ന നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നു ഉയർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാൽ തന്നേ.” എന്നും നമ്മള്‍ വായിക്കുന്നു.
വിശുദ്ധീകരണം നീതീകരണത്തിന് ശേഷമുള്ള തുടര്‍ പ്രക്രിയയും തേജസ്കരണം അന്തിമമായ രക്ഷയും, നീതീകരണവും, വിശുദ്ധീകരണവും ആണ്.
നീതീകരണം എന്ന വിഷയത്തെക്കുറിച്ചുള്ള ഈ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ.
തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്. വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക. രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.
ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.
കൂടാതെ അനേകം ഇ-ബുക്കുകളും നമ്മള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇ-ബുക്ക് ആവശ്യമുള്ളവര്‍ക്ക് അത് whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍ 9895524854.
naphtalitribebooks.in എന്ന ഇ-ബുക്ക് സ്റ്റോറില്‍ നിന്ന് നേരിട്ടും vathil.in എന്ന website ല്‍ ലഭ്യമായിരിക്കുന്ന link ഉപയോഗിച്ചും ഇ-ബുക്ക് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. എല്ലാ ഇ-ബുക്കുകളും സൌജന്യമാണ്.
എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്. ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.
ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!
No comments:
Post a Comment