ദൈവ ശാസ്ത്രപരവും തത്വശാസ്ത്രപരവുമായ ഒരു വിഷയമാണ് നമ്മള്‍ ചിന്തിക്കുവാന്‍ പോകുന്നത്. ആരാണ് യഹോവ എന്ന ചോദ്യമാണ് പഠനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ദൈവം ആരാണ് എന്നു മനുഷ്യര്‍ക്ക് പൂര്‍ണ്ണമായി മനസ്സിലാക്കുവാനോ നിര്‍വചിക്കുവാനോ സാധ്യമല്ല. അതിനാല്‍ യഹോവ ആരാണ് എന്ന ചോദ്യത്തിന് അവസാന വാക്കായി ഒരു ഉത്തരം നല്കുവാന്‍ സാധ്യമല്ല. എങ്കിലും, നമ്മള്‍ക്ക്, നമ്മള്‍ മനസ്സിലാക്കിയിരിക്കേണ്ടുന്ന ചില ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുവാന്‍ കഴിയും. യഹൂദന്മാരും ക്രൈസ്തവരും ദൈവത്തിന്റെ ഒരു നാമമായി യഹോവ എന്ന പദത്തെ കരുതുന്നു. ഈ നാമം മനുഷ്യര്‍ ദൈവത്തിന്നു നല്കിയതല്ല, ദൈവം സ്വയം സ്വീകരിച്ചതാണ് എന്നാണ് വേദപുസ്തകം പറയുന്നത്. ദൈവം ഈ നാമം സ്വീകരിച്ചത്, അതിലൂടെ ദൈവത്തെക്കുറിച്ചുള്ള ചില ആത്മീയ കാഴ്ചപ്പാടുകള്‍ നമുക്ക് നല്കുവാന്‍ വേണ്ടി ആയിരുന്നിരിക്കേണം. ഈ മര്‍മ്മങ്ങള്‍ മനസ്സിലാക്കുവാന്‍ ആണ് നമ്മള്‍ ഇവിടെ ശ്രമിക്കുന്നത്.
യഹോവയായ ദൈവം ആരാണ് എന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരം, ഇന്ന് ക്രിസ്തീയ വിശ്വാസികള്‍ക്കിടയില്‍ പോലും വ്യത്യസ്ഥമാണ്. ചിലര്‍ യഹോവ പഴയ നിയമത്തിലെ ദൈവവും യിസ്രായേല്‍ ജനത്തിന്റെ ദൈവവും ആണ് എന്നു പറയും. യേശുവിന്റെ പിതാവായ ദൈവമാണ് എന്നു അഭിപ്രായമുള്ള ചിലര്‍ ഉണ്ടാകും. സകല മനുഷ്യരുടെയും ദൈവമാണ് എന്നും യഹോവയാണ് സൃഷ്ടികര്‍ത്താവായ ദൈവം എന്നും അവനാണ് ഏക ദൈവമെന്നും അഭിപ്രായമുള്ളവരും ഉണ്ടാകും. ഇന്നത്തെ യുവ തലമുറയോടും ചില ആധുനിക പ്രഭാഷകരോടും ചോദിച്ചാല്‍, യഹോവ, പഴയനിയമത്തിലെ, രക്ത ദാഹിയും ക്രൂരനുമായ ദൈവമാണ് എന്നു പറയും. യഹോവ യിസ്രായേല്‍ എന്ന വംശത്തിന്റെ ഒരു ഗോത്ര ദൈവ സങ്കല്‍പ്പം ആണ് എന്നു അക്രൈസ്തവര്‍ പറഞ്ഞേക്കാം. എന്നാല്‍, സത്യത്തില്‍ യഹോവ ആരാണ്?
ഈ പഠനം ആരംഭിക്കുന്നതിന് മുമ്പ്, മൂന്ന് കാര്യങ്ങള്‍ നമ്മള്‍ മനസ്സിലാക്കേണം. ഒന്ന്, സത്യം എപ്പോഴും ഏകവും, മാറ്റമില്ലാത്തതും, നിത്യവുമാണ്. അതായത് സത്യത്തിന് ഒന്നിലധികം മുഖങ്ങളോ, വിശദീകരണമോ, പ്രത്യക്ഷതയോ ഇല്ല. സത്യം യാതൊരു മായവും ചേരാത്തതാണ്. അത് എപ്പോഴും പൂര്‍ണ്ണവും മാറ്റങ്ങള്‍ക്ക് വിധേയം അല്ലാത്തതുമാണ്. സത്യം എക്കാലവും സത്യമാണ്, അത് നിത്യമായി സത്യമാണ്. അതിനാല്‍ സത്യത്തെ വ്യത്യസ്തമായി വിവരിക്കുവാന്‍ സാധ്യമല്ല.
രണ്ടാമതായി നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്ന വസ്തുത, യഹോവയായ ദൈവം ആരാണ് എന്നു മനസ്സിലാക്കുവാന്‍ നമ്മളെ സഹായിക്കുന്ന രേഖ വേദപുസ്തകം മാത്രമാണ്. വേദപുസ്തകം, യഥാര്‍ത്ഥത്തില്‍, ദൈവം ആരാണ് എന്നു വിശദീകരിക്കുന്ന പുസ്തകം അല്ല. അത് ഒരു മത ഗ്രന്ഥം അല്ല. വേദപുസ്തകം ഒരു മതം സ്ഥാപിക്കുവാനായി ദൈവം മനുഷ്യനു കൊടുത്ത വെളിപ്പാടുകള്‍ അല്ല. ഒരു മത സ്ഥാപനത്തെക്കുറിച്ച് അതില്‍ പറയുന്നില്ല. ദൈവം ഒരു മതത്തെയും സ്ഥാപിക്കുകയോ, തിരഞ്ഞെടുക്കുകയോ ചെയ്യുന്നില്ല. വേദപുസ്തകം മനുഷ്യന്റെ ചരിത്രമാണ് പറയുന്നത്. അതില്‍, മനുഷ്യന്റെ സൃഷ്ടിയെക്കുറിച്ചും അവന്റെ പാപത്തിലുള്ള വീഴ്ച്ചയെക്കുറിച്ചും പറയുന്നു. ഇത് വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന മനുഷ്യ ചരിത്രത്തിന്റെ ആമുഖം ആണ്. വേദപുസ്തകത്തിലെ പ്രധാന വിഷയം, മനുഷ്യന്റെ വീണ്ടെടുപ്പും അവന്റെയും ദൈവരാജ്യത്തിന്റെയും പുനസ്ഥാപനവും ആണ്. അതായത് വേദപുസ്തകം, ദൈവം ക്രമീകരിച്ചിരിക്കുന്ന, മനുഷ്യന്റെ പാപത്തില്‍ നിന്നുള്ള വീണ്ടെടുപ്പിന്റെ ചരിത്രമാണ്. ഈ ചരിത്രം ദൈവമാണ് നിശ്ചയിച്ചതും വെളിപ്പെടുത്തുന്നതും. അതിനാല്‍, അത് സംഭവിക്കുന്നതിനും മുമ്പേ വെളിപ്പെട്ടതും രേഖപ്പെടുത്തിയതും ആണ്. അതിനാല്‍, വേദപുസ്തകം, ദൈവത്തിന്റെ ജീവചരിത്രം പറയുന്ന പുസ്തകമല്ല.
എന്നാല്‍, വേദപുസ്തകത്തിലെ മനുഷ്യനെക്കുറിച്ചുള്ള ദൈവീക പദ്ധതിയുടെ വെളിപ്പെടുത്തലുകളില്‍ നിന്നും ദൈവത്തെക്കുറിച്ച് അല്‍പ്പമായി നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും. ഇത് മനുഷ്യ മനസ്സുകള്‍ക്ക് ഗ്രഹിക്കുവാന്‍ അസാദ്ധ്യമായ ദൈവീക സത്വത്തെക്കുറിച്ചുള്ള ഭാഗികമായ അറിവ് മാത്രമാണ്. നമ്മള്‍ മനസ്സിലാക്കിയിരിക്കുന്ന അറിവുകള്‍ കൊണ്ട് ദൈവം ആരാണ് എന്നു അന്തിമമായി പറയുവാന്‍ മനുഷ്യനു സാധ്യമല്ല. ദൈവം അഗോചരവും, അമൂര്‍ത്തവും, നിത്യവും, നിര്‍വചനങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും അതീതവും ആണ്. അവനാണ് ആരംഭം, അവന് അവസാനമില്ല. അവനാണ് സകലത്തിന്റെയും സൃഷ്ടികര്‍ത്താവ്. അവനെകൂടാതെ ഒന്നുമില്ല. അവനാണ് സകലത്തിന്റെയും സര്‍വ്വാധികാരി.
മൂന്നാമത്തെ കാര്യം, ദൈവത്തെ നിര്‍വചിക്കുവാനോ, വിശദീകരിക്കുവാനോ, വെളിച്ചത്ത് കൊണ്ടുവരുവാനോ മനുഷ്യനു സാധ്യമല്ല. മനുഷ്യനു അവന്റെ ജഡശരീരത്തിലെ പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് കാണുവാനോ, കേള്‍ക്കുവാനോ, അനുഭവിക്കുവാനോ കഴിയാത്തതിനാല്‍, അതിനാലോ മാനുഷിക ബുദ്ധികൊണ്ടോ ദൈവത്തെ വിശദീകരിക്കുവാന്‍ സാധ്യമല്ല. അതിനാല്‍, ദൈവം ആരാണ് എന്നു അവന്‍ തന്നെ വെളിപ്പെടുത്തേണം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ദൈവം ആരാണ് എന്നു അവന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത് അല്ലാതെ യാതൊന്നും മനുഷ്യന് ദൈവത്തെക്കുറിച്ച് അറിഞ്ഞുകൂടാ. അധികമായി അറിയുവാന്‍ സാധ്യവുമല്ല. ഇത് ദൈവത്തെക്കുറിച്ചുള്ള മനുഷ്യന്റെ അറിവിന്റെ പരിമിതി ആണ്. ഇത് നമ്മള്‍ അംഗീകരിച്ചേ മതിയാകൂ. ദൈവം ആരാണ് എന്നു ഗ്രഹിക്കുവാന്‍, ദൈവം സ്വയം വെളിപ്പെടുത്തിയ മര്‍മ്മങ്ങള്‍ മാത്രമേ നമുക്ക് ആശ്രയമായുള്ളൂ. അതിലധികമായ നമ്മളുടെ വ്യാഖ്യനങ്ങള്‍ എല്ലാം തെറ്റാണ്.
ഇതെല്ലാം മനസ്സില്‍ വച്ചുകൊണ്ട് നമുക്ക് യഹോവയ ആരാണ് എന്നു മനസ്സിലാക്കുവാന്‍ ശ്രമിക്കാം. ഇതിന് നമ്മളെ സഹായിക്കുവാന്‍ വേദപുസ്തകം എന്ന ഒരു രേഖ മാത്രമേയുള്ളൂ എന്നതിനാല്‍ അവിടെ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ പഠിക്കാം.
വേദപുസ്തകം പഠിക്കുന്നതിന് ചില ക്രമീകരണ രീതികള്‍ ഉണ്ട്. അതില്‍ ഒരു പ്രമാണമാണ്, പ്രഥമ പ്രസ്താവനയുടെ പ്രമാണം (law of first mention). ഇതനുസരിച്ച് ഒരു വാക്കോ, ആശയമോ വേദപുസ്തകത്തില്‍ ആദ്യമായി പ്രസ്താവിക്കപ്പെടുമ്പോള്‍, അവിടെ അതിനുള്ള അര്‍ത്ഥം പ്രധാനപ്പെട്ടത് ആണ്. അതായിരിക്കും മിക്കപ്പോഴും ആ വാക്കിന്റെയും ആശയത്തിന്റെയും ശരിയായ അര്‍ത്ഥം.
പുറപ്പാടു പുസ്തകത്തില്‍ ആണ് നമ്മള്‍ ആദ്യമായി യഹോവ (Yahweh - YHWH) എന്ന പേര് കാണുന്നത്. BC 6 ആം നൂറ്റാണ്ടിലെ ബാബിലോണിയന്‍ പ്രവാസത്തിന് ശേഷം, യഹൂദന്മാര്‍, യഹോവ എന്ന പേരിനു പകരം ഏലോഹീം (Elohim) എന്ന പേര് വ്യാപകമായി ഉപയോഗിക്കുവാന്‍ തുടങ്ങി. യഹോവ യിസ്രയേലിന്റെ മാത്രം ദൈവമല്ല, അവന്‍ സര്‍വ്വ പ്രപഞ്ചത്തിന്റെയും, സകല സൃഷ്ടിയുടെയും ദൈവമാണ്, എന്ന കാഴ്ചപ്പാടിലേക്ക് ക്രമേണ യഹൂദ പണ്ഡിതന്മാര്‍ എത്തിച്ചേര്‍ന്നു. അതേ കാലത്ത് തന്നെ ആയിരിക്കേണം അഡൊണായി (Adonai) എന്ന വാക്കും പ്രചാരത്തില്‍ ആയത്. യഹോവ എന്ന പേര് വളരെ പരിശുദ്ധമായതിനാല്‍ അത് ഉച്ചരിക്കുവാന്‍ പോലും യിസ്രായേല്‍ ജനം ഭയപ്പെട്ടു. അതിനാല്‍ അവരുടെ സിനഗോഗുകളില്‍, ദൈവം, കര്‍ത്താവ്, യജമാനന്‍, പ്രഭു എന്നിങ്ങനെ അര്‍ത്ഥം വരുന്ന അഡൊണായി (Adonai) എന്ന വാക്ക് ഉപയോഗിക്കുവാന്‍ തുടങ്ങി. ഇതിന് പഴയനിയമത്തിന്റെ ഗ്രീക്കിലേക്കുള്ള സെപ്റ്റാജിന്‍റ് പരിഭാഷയില്‍ കൈറിയോസ് (Kyrios) എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. എബ്രായ, ഗ്രീക്ക് വാക്കുകള്‍ക്ക് അര്‍ത്ഥ വ്യത്യാസം ഇല്ല.
ദൈവത്തിന്റെ പേരുകളായി 1000 ഓളം പേരുകള്‍ നമ്മള്‍ വേദപുസ്തകത്തില്‍ കാണുന്നുണ്ട്. അതെല്ലാം അദ്ദേഹത്തിന്റെ സത്വത്തിന്റെ പ്രത്യേകതകളോ സവിശേഷതകളോ പരാമര്‍ശിക്കുന്നതാണ്. എന്നാല്‍ യഹോവ എന്ന നാമം അതില്‍ നിന്നെല്ലാം വിഭിന്നമായി മാറി നില്ക്കുന്നു. അത് അവന്‍ അവനായി തിരഞ്ഞെടുത്ത പേരാണ്.
യഹോവ എന്ന പേര് പഴയനിയമത്തില്‍ ഏകദേശം 6800 പ്രാവശ്യം നമ്മള്‍ കാണുന്നു. എസ്ഥേര്‍, സഭാപ്രസംഗി, ഉത്തമഗീതം എന്നീ പുസ്തകങ്ങള്‍ ഒഴികെയുള്ള മറ്റ് എല്ലാ പുസ്തകങ്ങളിലും ഈ വാക്ക് കാണാം. യെരൂശലേം ദൈവാലയത്തിലെ ആരാധനയില്‍ മാത്രമേ യഹൂദന്മാര്‍ ഈ പേര് ഉറക്കെ പറയാറുണ്ടായിരുന്നുള്ളൂ. അതിനാല്‍, AD 70 ല്‍ ആലയം തകര്‍ക്കപ്പെട്ടതിന് ശേഷം, ഈ പേര് അവര്‍ ഉച്ചരിച്ചിട്ടില്ല.
യഹോവ എന്നത് ദൈവത്തിന്റെ പേരായി നമ്മള്‍ ആദ്യം വേദപുസ്തകത്തില്‍ കാണുന്നത് പുറപ്പാടു 3: 15 ആം വാക്യത്തില്‍ ആണ്. ഈ പേരിന്റെ അര്‍ത്ഥം മനസ്സിലാക്കുവാന്‍, അതിന്റെ സന്ദര്‍ഭവും അതിനു മുമ്പുള്ള വാക്യവും കൂടി അറിഞ്ഞിരിക്കേണം.
400 ല്‍ അധികം വര്‍ഷങ്ങളായി
മിസ്രയീമില്‍ അടിമത്വത്തില്‍ ആയിരുന്ന യിസ്രായേല്‍ ജനത്തെ വിടുവിക്കുവാനായി ദൈവം
മോശെയെ നിയമിക്കുന്നതാണ് സന്ദര്‍ഭം. ദൈവം മേശെയ്ക്ക് പ്രത്യക്ഷനാകുമ്പോള്‍, അവന്‍ മിസ്രയീമില്‍ യിസ്രായേല്‍
ജനത്തോടൊപ്പം ആയിരുന്നില്ല. അവന്‍ ചില നാളുകള്‍ക്ക് മുമ്പ് മിസ്രയീം
രാജ്യത്തുനിന്നും പ്രാണ രക്ഷാര്‍ത്ഥം ഓടി പോയതാണ്. ദൈവം മോശെയ്ക്ക്
പ്രത്യക്ഷമാകുമ്പോള്‍ അവന്‍ വിജനമായ ഒരു പ്രദേശത്ത്, തന്റെ
അമ്മായിയപ്പന്റെ ആടുകളെ മേയ്ക്കുക ആയിരുന്നു. അവിടെ, ദൈവം, യിസ്രായേല്‍ ജനത്തെ വിടുവിക്കുവാനും അവരെ വാഗ്ദത്ത ദേശത്തേക്ക്
നയിക്കുവാനുമുള്ള നിയോഗം മോശെയ്ക്ക് നല്കി. എന്നാല്‍ യിസ്രായേല്‍ ജനത്തിന്റെ
അടുക്കല്‍ മേശെ തിരികെ ചെന്നിട്ട്, വാഗ്ദത്ത
ദേശത്തെക്കുറിച്ചോ, ദൈവം പ്രത്യക്ഷമായതിനെക്കുറിച്ചോ, ദൈവം അവരെ വിടുവിക്കുവാന്‍ പോകുന്നു എന്നോ പറഞ്ഞാല്‍ ആരും
വിശ്വസിക്കുകയില്ല. മോശെ ആരെയാണ് കണ്ടത്, ആരാണ് മോശെയോട്
സംസാരിച്ചത് എന്ന് അവന്‍ ജനത്തോട് പറയേണ്ടിവരും. അതിനാല്‍ മോശെ കണ്ട ദൈവത്തിന്റെ
നാമം എന്തു എന്ന് യിസ്രായേല്‍ ജനം ചോദിച്ചാല്‍ അതിനു എന്തു മറുപടി പറയേണം എന്ന്
അവന്‍ ദൈവത്തോട് ചോദിച്ചു.
ദൈവത്തിന്റെ നാമം
എന്തു എന്നു മോശെ ചോദിച്ചു എന്നു പറയുമ്പോള്‍, അതുവരെ മോശെയ്ക്ക് പോലും ദൈവത്തിന്റെ നാമം എന്തു എന്നു നിശ്ചയം
ഇല്ലായിരുന്നു എന്നു വ്യക്തമാണ്. അപ്പോള്‍ അതിനു മുമ്പ് ദൈവമെന്നോ യാഹ് എന്നോ അവര്‍
വിളിച്ചിരുന്നത്, ദൈവത്തിന്റെ ഒരു പേരായിട്ട് അല്ലായിരുന്നു.
ഒരു പക്ഷേ ദൈവം എന്നതിന് പൊതുവായി അവര്‍ യാഹ് എന്ന പദം ഉപയോഗിച്ചതാകാം. ഇതിന്
നമുക് വ്യക്തയില്ല. യിസ്രായേല്‍ ജനത്തെ വിടുവിക്കുവാന്‍ അവരുടെ പിതാക്കന്മാരുടെ
ദൈവം മാത്രമേ ഇടപെടുകയുള്ളൂ എന്ന് മോശെയ്ക്കും യിസ്രായേല്‍ ജനത്തിനും അറിയാമായിരുന്നു.
ആ ദൈവം അന്നേവരെ ഒരു പേരില്‍ സ്വയം പരിചയപ്പെടുത്തുകയോ അറിയപ്പെടുകയോ
ചെയ്തിരുന്നില്ല എന്നു വേണം മോശെയുടെ ചോദ്യത്തില്‍ നിന്നും അനുമാനിക്കുവാന്‍.
എങ്കിലും ദൈവത്തിന്
ഒരു നാമം ഉണ്ടായിരിക്കും എന്നു മോശെ ചിന്തിച്ചു. യിസ്രായേല്‍ ജനം, അവന് പ്രത്യക്ഷനായ ദൈവത്തിന്റെ പേര്, മോശെയോട് ചോദിച്ചേക്കാം എന്ന് അവന്‍ ചിന്തിച്ചു. എന്തുകൊണ്ടാണ് മേശെ
ഇങ്ങനെ ചിന്തിച്ചത്? ഒരു നാമം, അവരുടെ
പിതാക്കന്മാരുടെ ദൈവത്തിന്‍റെ പേരായി യിസ്രായേല്‍ ജനത്തിന് അന്നേവരെ
അറിവില്ലായിരുന്നു എങ്കില്‍, എന്തുകൊണ്ടാണ് അവര്‍ മോശെയോടു
അവന് പ്രത്യക്ഷനായ ദൈവത്തിന്റെ പേര് ചോദിക്കുന്നത്? എന്തുകൊണ്ട്
ദൈവത്തിന്നു ഒരു പേര് ഉണ്ടായിരിക്കും എന്ന് യിസ്രായേല്‍ ജനം കരുതി? മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അവരുടെ ദൈവത്തിന് സ്പഷ്ടമായ ഒരു പേര്
ഉണ്ടായിരിക്കേണം എന്ന് അവര്‍ ആഗ്രഹിച്ചു. ഈ പേരാണ് മോശെ ദൈവത്തോട് ചോദിച്ചത്.
400 വര്‍ഷങ്ങള്‍ക്ക്
മുമ്പ് മിസ്രയീമില്‍ കുടിയേറി താമസിച്ച അവരുടെ പൂര്‍വ്വ പിതാവായ യാക്കോബ് ദൈവത്തെ
വ്യക്തിപരമായി അറിഞ്ഞവന്‍ ആണ്. അവന് ദൈവത്തില്‍ നിന്നുള്ള വാഗ്ദത്തം ഉണ്ട്.
എന്നാല്‍ അദ്ദേഹവും മക്കളും അവരുടെ തലമുറയും മരിച്ചു കഴിഞ്ഞു. മിസ്രയീമിലെ ദേവന്‍മാരില്‍
നിന്നും വ്യത്യസ്തന്‍ ആയ ഒരു ദൈവമാണ് അവരുടെ പിതാക്കന്മാരുടെ ദൈവം എന്ന് പിന്‍തലമുറയ്ക്ക്
അറിയാം. എന്നാല്‍ ആ ദൈവത്തിന്റെ പേര് അവര്‍ക്ക് അറിയില്ല. ആദ്യ തലമുറകള്‍ മരിച്ചു
കഴിഞ്ഞപ്പോള്‍,
യിസ്രയേലില്‍ ചിലരെങ്കിലും മിസ്രയീമ്യ ദേവന്‍മാരെയും, അവരുടെ
പിതാക്കന്മാരുടെ ദൈവത്തോടൊപ്പം ആരാധിച്ചിരുന്നു എന്നതിന് വേദപുസ്തകത്തില്‍
തെളിവുകള്‍ ഉണ്ട്. മിസ്രയീമില്‍ അനേകം ദേവന്‍മാര്‍ ഉണ്ടായിരുന്നു എങ്കിലും, അവര്‍ക്ക് ഓരോരുത്തര്‍ക്കും പ്രത്യേകം പേരുകള്‍ ഉണ്ടായിരുന്നു.
മിസ്രയീമ്യ ദേവന്‍മാര്‍ക്ക് പ്രത്യേകം രൂപങ്ങളും ഉണ്ടായിരുന്നു. അവരുടെ ദേവന്മാരെ
അവര്‍ ജീവജാലങ്ങളുടെയും പ്രകൃതി വിഭവങ്ങളുടെയും പേരിലും രൂപത്തിലും ആരാധിച്ചു. ഈ
പശ്ചാത്തലത്തില്‍ ജനിച്ച്, ജീവിച്ച് വന്ന മോശെയും യിസ്രായേല്‍
ജനവും, അവരുടെ പിതാക്കന്മാരുടെ ദൈവത്തിനും ഒരു
പേരുണ്ടായിരിക്കും എന്ന് ചിന്തിക്കുന്നത് സ്വാഭാവികം മാത്രമാണ്. അതാണ് മോശെ
ദൈവത്തോട് ചോദിച്ചതും, യിസ്രായേല്‍ ജനം ചോദിക്കും എന്ന്
പ്രതീക്ഷിച്ചതും.
എന്നാല്‍ സര്‍വ്വശക്തനായ
സാക്ഷാല്‍ ദൈവത്തിന് ഒരു പേരിന്റെ ആവശ്യമില്ലായിരുന്നു. അന്നേവരെ ദൈവം ഒരു പേര്
സ്വീകരിക്കുകയോ, ആ പേരില്‍
അറിയപ്പെടുകയോ ചെയ്തിരുന്നില്ല. പേര് ഒരു വ്യക്തിയെ മറ്റൊരാളില്‍ നിന്നും വേര്‍തിരിച്ച്
കാണിക്കുവാന്‍ ഉള്ളതാണ്. അത് ഒന്നിലധികം വ്യക്തികള്‍ ഉള്ളപ്പോള്‍ മാത്രമേ
ആവശ്യമുള്ളൂ. എന്നാല്‍ ദൈവം ഒരാള്‍ മാത്രമേ ഉള്ളൂ. അദ്ദേഹത്തെ വേര്‍തിരിച്ച്
കാണിക്കുവാന്‍, മറ്റൊരാള്‍ ദൈവമായി ഇല്ല. അതിനാല്‍ ദൈവത്തിന്
പേരിന്റെ ആവശ്യമില്ല. കാരണം ദൈവം, ദൈവം ആണ്. അവന്‍ മാത്രമാണ്
ദൈവം. അതിനാല്‍ ദൈവം മോശെയോട് ഇങ്ങനെ മറുപടി പറഞ്ഞു:
പുറപ്പാടു 3: 14 അതിന്നു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽ മക്കളോടു പറയേണം എന്നു കല്പിച്ചു.
ഇവിടെ “ഞാന്‍ ആകുന്നു” എന്നതാണു ദൈവത്തിന്റെ നാമം. ഈ നാമത്തില്‍, ദൈവത്തിന്‍റെ എല്ലാ, ആത്മീയ മര്‍മ്മവും, സ്വഭാവ വിശേഷങ്ങളും, സത്വവും, അസ്തിത്വവും അടങ്ങിയിട്ടുണ്ട്. ദൈവത്തെക്കുറിച്ച് നമ്മള്‍ അറിയേണ്ടതെല്ലാം ഈ നാമത്തില്‍ അടങ്ങിയിട്ടുണ്ട്. ഈ മര്‍മ്മം മനസ്സിലാക്കിയത്തിന് ശേഷം നമുക്ക് മുന്നോട്ട് നീങ്ങാം.
അന്നത്തെ ജാതീയ മത വിശ്വാസത്തിന്റെ പശ്ചാത്തലത്തില്‍ വേണം യഹോവയായ ദൈവം “ഞാന്‍ ആകുന്നു” എന്ന് പറഞ്ഞതിനെ മനസ്സിലാക്കുവാന്‍. “ഞാന്‍ ആകുന്നു” എന്നത് ദൈവത്തിന്റെ സവിശേഷതയും അവന്റെ ദൈവീകത്വത്തിന്റെ അവകാശവാദവും ആണ്. ജാതീയ മത വിശ്വാസത്തിലും അവരുടെ ദേവന്‍മാര്‍ അവര്‍ ദൈവമാണ് എന്ന് അവശപ്പെടുവാനായി “ഞാന്‍ ആകുന്നു” എന്ന വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്. അതിനാല്‍ അത് വ്യക്തമാക്കി യഹോവയായ ദൈവം പറഞ്ഞു: “ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു”. അതായത്, ജാതീയ മതങ്ങളിലെ ദേവന്‍മാര്‍ “ഞാന്‍ ആകുന്നു” എന്നു അവകാശപ്പെടാറുണ്ട്. എന്നാല്‍ അവര്‍ അത്തരമൊരു അവകാശവാദത്തിന് അര്‍ഹരല്ല. യിസ്രയേലിന്റെ ദൈവമാണ് സത്യത്തില്‍ ഏക “ഞാന്‍ ആകുന്നു” എന്നത്.” (e'heyeh aser' e'heyeh” - I AM WHO I AM - NKJV).
“ഞാന്‍ ആകുന്നു” എന്നത് ഒരു വ്യക്തിയെ തിരിച്ചറിയുവാനായി പറയുന്ന പദം ആണ്. “അത് ഞാന്‍ ആകുന്നു”, “അത് ഞാന്‍ തന്നെ ആണ്”, “ഞാന്‍ മാത്രമാണ്” എന്നിങ്ങനെ ആണ് അതിന്റെ അര്‍ത്ഥം. “ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു” എന്നത്, ഞാന്‍ അല്ലാതെ മറ്റാരും ഇല്ല എന്ന ധ്വനി നല്കുന്നു. മറ്റൊരു ദേവന്‍റെയോ, മനുഷ്യന്‍റെയോ അവകാശവാദങ്ങളെ അത് റദ്ദാക്കുന്നു. മറ്റാരും ദൈവമായി ഇല്ലാത്തതിനാല്‍ മിസ്രയീമ്യ ദേവന്‍മാര്‍ക്ക് ഉള്ളതുപോലെയുള്ള ഒരു പേര് ദൈവത്തിന് ആവശ്യമില്ല. മറ്റൊരാളില്‍ നിന്നും വേര്‍തിരിച്ച് അറിയുവാനായി ഒരു പേര് അവന് ആവശ്യമില്ല. അവന് പേരില്ല. ദൈവം ദൈവം ആണ്.
യേശുക്രിസ്തുവിന് മുമ്പ്, ഗ്രീക്ക് തത്വ ചിന്തകന്‍ ആയിരുന്ന പ്ലേറ്റോ അദ്ദേഹത്തിന്റെ പാര്‍മെനൈഡ്സ് എന്ന കൃതിയില്‍ ദൈവത്തെക്കുറിച്ച് ചില വീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. (Parmenides). ദൈവത്തിന്റെ പ്രകൃതിയെ ശരിയായി വെളിപ്പെടുത്തുവാന്‍ യാതൊന്നിനാലും കഴിയുക ഇല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു പേരും അവന് നല്കുവാന്‍ കഴിയുക ഇല്ല എന്നും അദ്ദേഹം പറഞ്ഞു. പ്ലേറ്റോയുടെ അഭിപ്രായം കൂടി പരിഗണിച്ചാല്‍, മോശെയ്ക്ക് വെളിപ്പെട്ട ദൈവം, സ്വയംഭൂവാണ്, സ്വയം നിലനില്‍ക്കുന്നതാണ്, നിത്യമാണ്, മനുഷ്യനു പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ കഴിയാത്തവനാണ്.
മോശെയുടെ ചോദ്യത്തിന് “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു” എന്നിങ്ങനെ ദൈവം മറുപടി പറഞ്ഞതിന് ശേഷം, തുടര്‍ന്നു ദൈവം ഒരു പേര് തിരഞ്ഞെടുക്കുന്നത് കാണാം. മോശെയുടെ ചോദ്യത്തില്‍ മാനുഷികവും ന്യായീകരിക്കത്തക്കതുമായ കാര്യം ഉണ്ട് എന്നു ദൈവത്തിന് തോന്നിയിരിക്കാം. അതിനാല്‍ അവന്‍ തുടര്‍ന്നു പറഞ്ഞു:
പുറപ്പാട് 3: 15 ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറതലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.
ഇവിടെ ആണ് നമ്മള്‍ വേദപുസ്തകത്തില്‍ ആദ്യമായി യഹോവ എന്ന പദം ദൈവത്തിന്റെ പേരായി കാണുന്നത്. യഹോവ എന്ന പേര് ദൈവം സ്വീകരിക്കുകയും അത് തലമുറയായി അവന്റെ പേരായിരിക്കേണം എന്നു ദൈവം കല്‍പ്പിക്കുകയും ചെയ്തു. അതായത്, 14 ആം വാക്യത്തില്‍ മോശെയുടെ ചോദ്യത്തിന് മറുപടിയായി അവന് ഒരു പേരിന്റെ ആവശ്യമില്ല എന്നു വ്യക്തമാക്കിയതിന് ശേഷം, യിസ്രായേല്‍ ജനത്തിന് തലമുറ തലമുറയായി ഓര്‍മ്മയ്ക്കായുള്ള സ്ഥാപകസ്തംഭം ആയി യഹോവ എന്ന നാമം ദൈവം സ്വീകരിച്ചു. അവരുടെ ദൈവം ആരാണ് എന്നു ഓര്‍ക്കുവാനായാണ് യഹോവ എന്ന നാമം ദൈവം സ്വീകരിക്കുന്നത്.
യഹോവ എന്ന പേര് എബ്രായ ഭാഷയില്‍ “യാഹ് വെ” എന്നാണ് (YHWH - YAHWEH). “യാഹ് വെ” എന്ന പേര് ഉല്‍പ്പത്തി പുസ്തകത്തില്‍ 160 പ്രാവശ്യം വ്യത്യസ്തങ്ങളായ രൂപത്തില്‍ കാണാം. അതിനാല്‍, മോശെയുടെ കാലത്തിനും മുമ്പ് തന്നെ യഹോവ എന്ന പേര് അറിയപ്പെട്ടിരുന്നു എന്ന് കരുതുന്നവര്‍ ഉണ്ട്. പുറപ്പാട് 6: 20, സംഖ്യ പുസ്തകം 26: 59 എന്നീ വാക്യങ്ങള്‍ അനുസരിച്ചു, മോശെയുടെ അമ്മയുടെ പേര് യോഖേബെദ് എന്നായിരുന്നു. (Jochebed – Yowkebed – yokheved - yo-keh'-bed). ഈ പേരിനു യാഹ് (yah) എന്നും കാബേദ് (kabed) എന്നും രണ്ട് ഭാഗങ്ങള്‍ ഉണ്ട്. യാഹ് എന്നത് യഹോവ എന്നതിന്റെ ചുരുക്കമാണ്. കാബേദ് എന്നതിന്റെ അര്‍ത്ഥം ഭാരമുള്ളത്, മഹത്വം, മതിപ്പ് തോന്നിപ്പിക്കുന്ന എന്നിങ്ങനെ ആണ്. അതിനാല്‍, യോഖേബെദ് എന്ന പേരിന്റെ അര്‍ത്ഥം “യഹോവയുടെ മഹത്വം” എന്നോ “യഹോവ എന്‍റെ മഹത്വം” എന്നോ ആണ് എന്നു വ്യാഖ്യാനിക്കപ്പെടുന്നു. “യാഹ്” എന്ന ഉപസര്‍ഗ്ഗം പേരിനോടൊപ്പം ഉള്ള, വേദപുസ്തകത്തിലെ ആദ്യത്തെ വ്യക്തിയാണ് മോശെയുടെ അമ്മ.
മോശെയുടെ കാലത്തിനും മുമ്പ്, യിസ്രായേല്‍ ജനം അവരുടെ ദൈവത്തെ യാഹ് എന്നോ യാഹ് വെ എന്നോ വിളിച്ചിരിക്കാം. എന്നാല്‍ ദൈവം യാഹ് വെ എന്ന പേര് സ്വയം സ്വീകരിക്കുകയും അത് നിത്യമായിരിക്കും എന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നത് പുറപ്പാടു 3: 15 ല്‍ ആണ്. അതിനാല്‍, യിസ്രായേല്‍ ജനം മുമ്പ് യാഹ് എന്നോ യാഹ് വെ എന്നോ ദൈവത്തെ വിളിച്ചിരുന്നത് അവന്റെ സത്വത്തിന്റെ നാമമായി ആയിരിക്കുവാനാണ് സാധ്യത.
യഹോവ എന്ന പേരിന്റെ അര്‍ത്ഥം വ്യത്യസ്ഥമായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. “ഉള്ളതിനെയെല്ലാം ഉളവാക്കിയവന്‍” (He Brings into Existence Whatever Exists” (Yahweh-Asher-Yahweh).) എന്നതാണു ഏറ്റവും ശരിയെന്ന് അനേകം പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. യഹോവ എന്ന വാക്കിന് “സ്വയംഭൂ” “സ്വയമായി നിലനില്‍ക്കുന്നവന്‍” എന്നും അര്‍ത്ഥമുണ്ട്. അവന്‍ സൃഷ്ടിക്കപ്പെട്ടതല്ല. അവന് സൃഷ്ടാവില്ല. അവന്‍ മാറ്റമില്ലാത്തവന്‍ ആണ്, നിത്യനാണ്. അവന് നിലനില്‍ക്കുവാന്‍ മാറ്റരുടെയും സഹായം ആവശ്യമില്ല. അവന്റെ അസ്തിത്വം മറ്റാരുമായും, മറ്റൊന്നിനോടും ആശ്രയിച്ചിരിക്കുന്നില്ല. ഈ അര്‍ത്ഥങ്ങള്‍ എല്ലാം ദൈവം സ്വീകരിച്ച യഹോവ എന്ന പേരില്‍ ഉണ്ട്.
പഴയനിയമത്തിലും പുതിയനിയമത്തിലും മനുഷ്യരുടെ പേരുകള്‍ക്ക് ഒരു പ്രത്യേക അര്‍ത്ഥം ഉണ്ട്. പേരുകളുടെ അര്‍ത്ഥം ആ വ്യക്തിയുടെ സ്വഭാവ സവിശേഷതയുടെ വെളിപ്പെടുത്തല്‍ ആണ്. അല്ലെങ്കില്‍ പേരുകള്‍ അവന്റെ ജീവ ചരിത്രത്തത്തിന്റെയോ, അവനെക്കുറിച്ചുള്ള ദൈവീക പദ്ധതിയുടെയോ വെളിപ്പെടുത്തല്‍ ആണ്. അബ്രാഹാമിന്റെ പേരിന്റെ അര്‍ത്ഥം, “ബഹുജാതികള്‍ക്ക് പിതാവ്” എന്നാണ്. (ഉല്‍പ്പത്തി 17:5). യാക്കോബിന്റെ പേരിന്റെ അര്‍ത്ഥം, “കുതികാല്‍ പിടിക്കുന്നവന്‍” എന്നും “മറിച്ചിടുന്നവന്‍” എന്നും “സ്ഥാനം കവരുന്നവന്‍” എന്നും ആണ്. ഈ പേരിനു “ദൈവം സംരക്ഷിക്കട്ടെ” എന്നും അര്‍ത്ഥം ഉണ്ട്. മോശെ എന്ന പേരിന്, “വെള്ളത്തില്‍ നിന്നും വലിച്ചെടുക്കപ്പെട്ടവന്‍” എന്ന അര്‍ത്ഥമാണ്. മോശെയെ നൈല്‍ നദിയിലെ വെള്ളത്തില്‍ നിന്നും ജീവിതത്തിലേക്ക് വലിച്ചെടുത്തതുപോലെ, പില്‍ക്കാലത്ത് അവന്‍ സകല യിസ്രായേല്‍ ജനത്തെയും അടിമത്വത്തില്‍ നിന്നും വലിച്ചെടുത്തു. യോശുവയുടെ പേരിന്റെ അര്‍ത്ഥം “യഹോവ രക്ഷകന്‍” എന്നാണ്. യേശു എന്ന പേരിന്റെ അര്‍ത്ഥം “യഹോവ രക്ഷിക്കുന്നു” എന്നാണ്. പുതിയനിയമത്തില്‍ പത്രൊസ് എന്ന പേരിന് “പാറ” എന്ന അര്‍ത്ഥമാണ് ഉള്ളത്. ഇങ്ങനെ വേദപുസ്തക ചരിത്രത്തില്‍ വ്യക്തികളുടെ പേരിന് അവരുടെ ജീവിതവുമായോ സ്വഭാവവുമായോ ബന്ധമുള്ള അര്‍ത്ഥം ഉണ്ട്. ഈ പശ്ചാത്തലത്തില്‍ വേണം നമ്മള്‍ “യഹോവ” എന്ന പേരിനെയും മനസ്സിലാക്കുവാന്‍.
മോശെയോടു ദൈവം, “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ” എന്നും “യാഹ് വെ” എന്ന പേരും നിത്യമായ പേരായിരിക്കും എന്ന് പറയുമ്പോള്‍ അത് അവന്റെ സത്വത്തിന്റെ വെളിപ്പെടുത്തല്‍ ആണ്. അത് നമ്മളുടെ പേരുപോലെ ഉള്ള ഒരു പേരല്ല. അത് മറ്റ് ജാതീയ ദേവന്‍മാരില്‍ നിന്നും അവനെ തിരിച്ചറിയുവാനുള്ള പേരല്ല. യാഹ് വെ അവന്റെ സവിശേഷ സ്വഭാവങ്ങളുടെ വെളിപ്പെടുത്തല്‍ ആണ്. അവന്‍ ആരാണ് എന്നതിന്റെ വെളിപ്പടുത്തല്‍ ആണിത്.
സീനായ് പര്‍വ്വതമുകളില്‍ വച്ച്, മോശെയുടെ പക്കല്‍ ദൈവം ഏല്‍പ്പിച്ച പ്രമാണങ്ങള്‍, യഥാര്‍ത്ഥത്തില്‍ നിയമങ്ങള്‍ അല്ല. അത് ദൈവത്തിന്റെയും ദൈവരാജ്യത്തിന്റെയും വിശുദ്ധിയുടെ വെളിപ്പെടുത്തല്‍ ആണ്. മോശെയോടു ദൈവം വിശദീകരിച്ചതുപോലെ ആയിരിയ്ക്കും എപ്പോഴും ദൈവവും ദൈവരാജ്യവും. അതിനു മാറ്റമുണ്ടാകുകയില്ല. ദൈവത്തിന് അതിനില്‍ നിന്നും വ്യത്യസ്തമായി അവന്റെ രാജ്യത്തെക്കുറിച്ച് വിവരിക്കുവാന്‍ സാധ്യമല്ല. അത് പ്രയാസമുള്ളതാണോ അല്ലയോ എന്നത് വിഷയമല്ല. ദൈവവും ദൈവരാജ്യവും വിശുദ്ധമാണ്. ദൈവം നല്കിയ പ്രമാണങ്ങള്‍ അതിന്റെ വെളിപ്പെടുത്തല്‍ ആണ്. അതിനു മാറ്റമുണ്ടായാല്‍ അത് ദൈവരാജ്യത്തിന്റെ പ്രമാണങ്ങള്‍ അല്ലാതെ ആയിത്തീരും. അത് ദൈവരാജ്യം അല്ലാതെ ആകും. വ്യത്യസ്തമായ നിയമങ്ങള്‍ വ്യത്യസ്തമായ രാജ്യങ്ങളെ കാണിക്കുന്നു. നിയമങ്ങള്‍ ഒരു രാജ്യത്തിന്റെ സ്വഭാവ സവിശേഷതയാണ്, അതിന്റെ അസ്തിത്വത്തിന്റെ അടയാളമാണ്. നിയമങ്ങളും ജീവിത രീതികളും ഒരു രാജ്യത്തെ മറ്റൊന്നില്‍ നിന്നും വേര്‍തിരിച്ച് നിറുത്തുന്നു. ദൈവരാജ്യത്തിന്റെ വിശുദ്ധിയുടെ പ്രമാണങ്ങള്‍ അതിനെ ലോകത്തിന്റെ ക്രമത്തില്‍ നിന്നും വേര്‍തിരിച്ച് നിറുത്തുന്നു.
ഇതുവരെ നമ്മള്‍ പഠിച്ചതു ചുരുക്കി പറഞ്ഞാല്‍, ദൈവം തന്റെ പേരായി വെളിപ്പെടുത്തുന്നതും നിത്യമായി സ്ഥാപിക്കുന്നതും ഇതാണ്: “ഞാന്‍ ആകുന്നു” എന്ന ദൈവം അവനാണ്. ഉളവായതെല്ലാം ഉളവാക്കിയവനും സ്വയംഭൂവും, സ്വയം അസ്തിത്വമുള്ളവനും അവനാണ്. അവന്‍ ഏക സത്യ ദൈവമാണ്. അവനല്ലാതെ മറ്റൊരു ദൈവമില്ല.
യാഹ് വേ എന്ന പേര് ദൈവം സ്വീകരിച്ചു പ്രഖ്യാപിക്കുമ്പോള്‍, അവന്‍ അവന്റെ സത്വത്തെ വെളിപ്പെടുത്തുക ആയിരുന്നു എന്നു നമ്മള്‍ മനസ്സിലാക്കി കഴിഞ്ഞു. ഇതൊരു പേരല്ല, ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ വെളിപ്പെടുത്തല്‍ ആണ്. അതിനാല്‍ ഈ പേരില്‍ എന്തെല്ലാം അര്‍ത്ഥങ്ങള്‍ അല്ലെങ്കില്‍ സ്വഭാവ വിശേഷങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നു കൂടി പഠിക്കാം. ഒന്നു രണ്ടു കാര്യങ്ങള്‍ നമ്മള്‍ പറഞ്ഞു കഴിഞ്ഞു. യാഹ് വേ എന്നാല്‍ സ്വയംഭൂ എന്നാണ് അര്‍ത്ഥം. അതായത് അവനെ ആരും സൃഷ്ടിച്ചതല്ല, അവനൊരു സൃഷ്ടിയല്ല. അതിനാല്‍ അവന് ആരംഭമോ അവസാനമോ ഇല്ല.
യാഹ് വേ സ്വയം നിലനില്‍ക്കുന്ന ദൈവമാണ്. അവന് നിലനില്‍ക്കുവാനായി യാതൊരു സൃഷ്ടിയുടെയും സഹായമോ പിന്തുണയോ ആവശ്യമില്ല. അവന്‍ നിത്യനായ ദൈവമാണ്. ദൈവം ഒരിയ്ക്കലും ദൈവമല്ലാതെ ഇരുന്നിട്ടില്ല. ദൈവം ഒരിയ്ക്കലും ദൈവമല്ലാതെയിരിക്കുകയില്ല. അതുകൊണ്ടാണ് ദൈവം മോശെയോടു പറഞ്ഞത്, “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു”. ഞാന്‍ ആകുന്നു എന്നു പറയുവാന്‍ കഴിയുന്ന ഏക ദൈവം യഹോവയായ ദൈവം മാത്രമാണ്. ഞാന്‍ ആകുന്നു എന്ന് ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് പറയുവാന്‍ കഴിയില്ല. അതില്‍ ഞാന്‍ മാത്രമാകുന്നു എന്ന ധ്വനികൂടി ഉണ്ട്. അതിനാല്‍, “ഞാന്‍ ആകുന്നു” എന്ന് പറയുവാന്‍ കഴിയുന്ന ഏക ദൈവം “ഞാന്‍ ആകുന്നു” എന്നാണ് യഹോവയായ ദൈവം അവകാശപ്പെട്ടത്.
യഹോവ സ്വയംഭൂവായ ദൈവം ആണ് എന്നു പറയുമ്പോള്‍ അതിനര്‍ത്ഥം അവന്‍ കാലാതീതന്‍ ആണ് എന്നാണ്. ദൈവത്തിന്നു ഒരു ഭൂതകാലമോ, ഭാവി കാലമോ ഇല്ല. അവന് വര്‍ത്തമാന കാലമേ ഉള്ളൂ. അവന്‍ ആയിരുന്ന ദൈവമല്ല, ഭാവിയില്‍ ആകുന്ന ദൈവമല്ല, അവന്‍ കാലാതീതമായി ദൈവമാണ്. കാലങ്ങള്‍ അവന്റെ സൃഷ്ടിയാണ്. അതിനാല്‍ കാലങ്ങള്‍ അവനെ ബാധിക്കുന്നില്ല. അവന്‍ വര്‍ത്തമാനകാലത്തിലെ ദൈവം ആണ്. അവന്‍ ഒരു പഴയ സങ്കല്‍പ്പമല്ല, ഇന്നത്തെയും എന്നപോലെ എന്നത്തേയും സത്യമാണ്.
അവന്‍ മാത്രമാണു ദൈവം. അവനല്ലാതെ മറ്റൊരു ദൈവം ഇല്ലാത്തതിനാല്‍, അവന് വെല്ലുവിളികള്‍ ഇല്ല. അവന് ദൈവം എന്ന നിലയില്‍ ശത്രുക്കള്‍ ഇല്ല. മറ്റൊരു ദൈവത്തെയും തോല്‍പ്പിക്കേണ്ട കാര്യം ഇല്ല. അതുകൊണ്ടാണ്, ജാതീയ ദേവന്മാരെ വ്യാജം എന്നു അവന്‍ വിളിക്കുന്നത്. ജാതീയ ദേവന്‍മാര്‍ എന്നൊരു ദൈവമോ, ദേവന്മാരോ ഇല്ല. അങ്ങനെ ഒന്നു നിലനില്‍ക്കുന്നില്ല. ജാതീയ ദേവന്‍മാര്‍ എന്നത് സങ്കല്‍പ്പവും, മിഥ്യയും, വ്യാജവും മാത്രമാണ്.
യഹോവയായ ദൈവം മാറ്റമില്ലാത്ത ദൈവമാണ്. മാറ്റങ്ങള്‍ ഭൂതകാലത്തിന്റെ ഭാഗമാണ്. അവന് ഭൂതകാലമില്ലാത്തതിനാല്‍ മാറ്റങ്ങള്‍ സാധ്യമല്ല. ഇതിനെക്കുറിച്ച് യാക്കോബ് അപ്പോസ്തലന്‍ പറയുന്ന വാക്യം പ്രശസ്തമാണ്: “അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.” (യക്കോബ് 1:17). പഴയനിയമത്തിലും ദൈവം മാറ്റമില്ലാത്തവന്‍ ആണ് എന്ന് പറയുന്നുണ്ട്. മലാഖി 3:6 ല്‍ “യഹോവയായ ഞാന്‍ മാറാത്തവന്‍” എന്നു ദൈവം പറയുന്നു.
ആധുനിക തത്വ ശാസ്ത്രങ്ങളോ, സാങ്കേതിക വിദ്യയോ, മാനവിക ചിന്തകളോ, രാക്ഷ്ട്രീയമോ യാതൊന്നും ദൈവത്തെ മാറ്റുന്നില്ല. നമുക്ക് നിത്യമായി മാറ്റമില്ലാതെ നിലനില്‍ക്കുന്ന ദൈവത്തെ സ്വീകരിക്കാം അല്ലെങ്കില്‍ തള്ളിക്കളയാം. ഇതിനിടയില്‍ മൂന്നാമതൊരു മാര്‍ഗ്ഗം ഇല്ല. നമ്മള്‍ മാറിയേക്കാം, ലോക ക്രമങ്ങള്‍ മാറിയേക്കാം. എന്നാല്‍ അതനുസരിച്ച് ദൈവം മാറുന്നില്ല. നമുക്ക് ദൈവത്തെ മാറ്റുവാനും കഴിയുക ഇല്ല. അതുകൊണ്ടാണ് ദൈവം പറഞ്ഞത്: “ഇതു എന്നേക്കും എന്റെ നാമവും തലമുറതലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.” (പുറപ്പാട് 3: 15).
പുറപ്പാടു
പുസ്തകം 3:15 ല്‍ ആണല്ലോ ദൈവം യഹോവ എന്ന പേര് തനിക്കായി സ്വീകരിക്കുന്നത്. ആ
വാക്യം നമ്മള്‍ മുകളില്‍ വായിച്ചിരുന്നു. മറ്റൊരു ആത്മീയ മര്‍മ്മം
ഗ്രഹിക്കുന്നതിനായി,
അതേ വാക്യത്തിലേക്ക് നമുക്ക് ഒന്നുകൂടി പോകാം. വാക്യം ഇങ്ങനെ ആണ്:
പുറപ്പാട് 3: 15 ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറതലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.
ഈ വാക്യത്തില്‍ ദൈവം വെളിപ്പെടുത്തുന്ന അവന്റെ ഒരു സ്വഭാവ സവിശേഷത ഉണ്ട്. അത് അവന്‍ എക്കാലവും യിസ്രായേല്‍ ജനത്തിന്റെ ദൈവമാണ് എന്ന സത്യമാണ്. അതാണ് അവന്‍ പറയുന്നതു: “അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ”. ഇതിലെ മര്‍മ്മം മനസ്സിലാക്കുവാനായി, നമുക്ക് അല്പം കൂടി ആഴത്തിലേക്ക് പോകാം.
പുറപ്പാടു 2:24 ല്‍ നമ്മള്‍ വായിക്കുന്നതിങ്ങനെ ആണ്: “ദൈവം അവരുടെ നിലവിളി കേട്ടു; ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമവും ഓർത്തു.” ഈ വാക്യം യിസ്രായേല്‍ ജനം മിസ്രയീമില്‍ അടിമത്വത്തില്‍ ആയിരുന്നപ്പോള്‍, വിടുതലിനായി ദൈവത്തോട് നിലവിളിച്ചതിനെക്കുറിച്ചാണ് പറയുന്നതു. ദൈവം അവരുടെ നിലവിളികേട്ടു. അവരെ അടിമത്വത്തില്‍ നിന്നും വിടുവിക്കുവാന്‍ തീരുമാനിച്ചു. ഈ തീരുമാനത്തിന്റെ അടിസ്ഥാന കാരണം കൂടി അവിടെ പറയുന്നുണ്ട്: “ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമവും ഓർത്തു.” എന്താണ് ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ചെയ്ത നിയമം? അത് അവരുമായുള്ള മാറ്റമില്ലാത്ത, നിത്യമായ ഒരു ഉടമ്പടി ആണ്.
വേദപുസ്തകത്തില്‍ ഉടമ്പടി എന്ന വാക്ക് ആദ്യം കാണുന്നത് ഉല്‍പ്പത്തി 9: 10 ല്‍ ആണ്. ദൈവം നോഹയോട് പറഞ്ഞു: “ ഞാൻ, ഇതാ, നിങ്ങളോടും നിങ്ങളുടെ സന്തതിയോടും, ഭൂമിയിൽ നിങ്ങളോടുകൂടെ ഉള്ള പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളുമായ സകലജീവജന്തുക്കളോടും പെട്ടകത്തിൽനിന്നു പുറപ്പെട്ട സകലവുമായി ഭൂമിയിലെ സകലമൃഗങ്ങളോടും ഒരു നിയമം ചെയ്യുന്നു. (ഉല്‍പ്പത്തി 9, 10). ഇവിടെ നിയമം എന്ന വാക്കിന്റെ എബ്രായ പദം ബെറീത്ത് (b@riyth - ber-eeth') എന്നാണ്. ഇതിന്റെ അര്‍ത്ഥം ഉടമ്പടി എന്നാണ്. ഈ ഉടമ്പടി നോഹയുടെ ഉടമ്പടി എന്നാണ് അറിയപ്പെടുന്നത്. അത് “ഇനി സകലജഡവും ജലപ്രളയത്താൽ നശിക്കയില്ല; ഭൂമിയെ നശിപ്പിപ്പാൻ ഇനി ജലപ്രളയം ഉണ്ടാകയുമില്ല” എന്നുള്ള ഉടമ്പടി ആയിരുന്നു. ദൈവവും ഭൂമിയും തമ്മിലുള്ള ഈ ഉടമ്പടിയുടെ നിത്യ അടയാളമായി ദൈവം അവന്റെ വില്ല് മേഘത്തില്‍ വെച്ചു. വില്ല് എന്നതിന് എബ്രായ ഭാഷയില്‍ ഉപയോഗിച്ചിരിക്കുന്ന പദം, കെഷേത്ത് (Qeshet - keh'-sheth) എന്ന വാക്കാണ്. ഈ വാക്കിന് മഴവില്ല് എന്ന അര്‍ത്ഥം ഉണ്ട്. എന്നാല്‍ അതിന് കൂടുതല്‍ പ്രസക്തമായ മറ്റൊരു അര്‍ത്ഥം കൂടി ഉണ്ട്. അത്, അമ്പും വില്ലും എന്നു നമ്മള്‍ പറയുന്നതിലെ വില്ലാണ്. അതായത് യുദ്ധത്തില്‍ പടയാളികള്‍ ഉപയോഗിയ്ക്കുന്ന വില്ല് ആണ്. അത് ദൈവത്തിന്റെ യുദ്ധത്തിന്റെ വില്ല് ആണ്. അതാണ് ദൈവം ആകാശത്ത് വെച്ചത്. മഴവില്ല് നോക്കിയാല്‍, ദൈവത്തിന്റെ യുദ്ധത്തിന്റെ വില്ല്, ഭൂമിയിലേക്ക് തിരിയാതെ സ്വര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞിരിക്കുന്നത് കാണാം. അത്, ദൈവം സമാധാനം വാഗ്ദത്തം ചെയ്യുന്നതിന്റെ അടയാളമാണത്. അതാണ് ദൈവം പറഞ്ഞത്: “ഞാൻ ഭൂമിയുടെ മീതെ മേഘം വരുത്തുമ്പോൾ മേഘത്തിൽ വില്ലു കാണും. അപ്പോൾ ഞാനും നിങ്ങളും സർവ്വജഡവുമായ സകലജീവജന്തുക്കളും തമ്മിലുള്ള എന്റെ നിയമം ഞാൻ ഓർക്കും; ഇനി സകലജഡത്തെയും നശിപ്പിപ്പാൻ വെള്ളം ഒരു പ്രളയമായി തീരുകയുമില്ല. (ഉല്‍പ്പത്തി 9:14, 15).
എന്നാല്‍ പുറപ്പാടു 2:24 ല്‍ ദൈവം സൂചിപ്പിക്കുന്ന ഉടമ്പടി നോഹയുടെ ഉടമ്പടി അല്ല. അത് ദൈവം അബ്രാഹാമിനോട് ചെയ്ത ഉടമ്പടി ആണ്. ഈ ഉടമ്പടി, അബ്രാഹാമിന്റെ സന്തതി തലമുറകള്‍ക്ക് കൂടി ഉള്ളതായിരുന്നു. അതിനാല്‍, അതേ ഉടമ്പടി യിസ്ഹാക്കും യാക്കോബും ആയി വീണ്ടും ദൈവം ഉറപ്പിച്ചു. ഇങ്ങനെ ഉടമ്പടികള്‍ ആവര്‍ത്തിച്ചു ഉറപ്പിക്കുന്ന രീതി പഴയനിയമ കാലത്ത് ഉണ്ടായിരുന്നു.
ദൈവം
അബ്രാഹാമുമായുള്ള ഉടമ്പടിയെ നമുക്ക് അബ്രാഹാമിന്റെ ഉടമ്പടി എന്നു വിളിക്കാം. അത്
ആദ്യം കാണുന്നത് ഉല്‍പ്പത്തി 12 ല്‍ ആണ്.
ഉല്‍പ്പത്തി 12: 2
2 ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും;
നീ ഒരു അനുഗ്രഹമായിരിക്കും.
3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ
ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും
അനുഗ്രഹിക്കപ്പെടും.
ഈ ഉടമ്പടി പല പ്രാവശ്യം ആവര്‍ത്തിച്ച് ഉറപ്പിക്കുന്നുണ്ട്. ഉല്‍പ്പത്തി 15:13-16 വരെയുള വാക്യങ്ങളില്‍, യിസ്രായേല്‍ ജനം മിസ്രയീമില്‍ 400 വര്‍ഷങ്ങള്‍ അടിമകളായി താമസിക്കേണ്ടിവരും എന്നു ദൈവം അബ്രാഹാമിനോട് അറിയിക്കുന്നുണ്ട്. എന്നാല്‍ “അതിന്റെ ശേഷം അവർ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും.” എന്നും നാലാം തലമുറക്കാര്‍ വാഗ്ദത്ത ദേശത്തേക്ക് തിരികെ വരും എന്നും ദൈവം ഉടമ്പടി ചെയ്യുന്നുണ്ട്.
ഇങ്ങനെ ആദ്യമായി അബ്രാഹാമിന് നല്‍കിയതും, പിന്നീട് അദ്ദേഹത്തിന്റെ തലമുറയായ യിസ്ഹാക്കിനോടും, യാക്കോബിനോടും വീണ്ടും ഉറപ്പിച്ചതും ആയ ഉടമ്പടി ആണ്, പുറപ്പാടു 2: 24 ല്‍ ദൈവം ഓര്‍ക്കുന്നത്. ഈ ഉടമ്പടി പ്രകാരമാണ് യിസ്രായേല്‍ ജനത്തെ മിസ്രയീമില്‍ നിന്നും വിടുവിക്കുവാന്‍ ദൈവം മോശെയെ നിയോഗിക്കുന്നത്. മോശെയോട് ദൈവം ആദ്യം സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്: “ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു” (പുറപ്പാടു 3: 6). അതായത്, ദൈവം ഉടമ്പടികളുടെ ദൈവമാണ്. യഹോവ ഉടമ്പടികളെ തലമുറ തലമുറയായി സൂക്ഷിയ്ക്കുന്ന ദൈവമാണ്. അവന്‍ ഉടമ്പടികളെ മറക്കുകയോ ഭേദിക്കുകയോ ചെയ്യുകയില്ല. ഇത് യഹോവയുടെ വളരെ പ്രധാന ഒരു സ്വഭാവ വിശേഷമാണ്. യഹോവ മനുഷ്യരുമായി ചെയ്യുന്ന ഒരു ഉടമ്പടിയും അവന് ഉപേക്ഷിക്കുവാന്‍ സാധ്യമല്ല, കാരണം അവന് ഭൂതകാലം എന്നൊന്നില്ല. ഒന്നും പഴയതാകുന്നില്ല. അതിനാല്‍ ദൈവീക ഉടമ്പടികള്‍ നിത്യമാണ്.
ഇതാണ്, “ഇതു (യഹോവ എന്ന നാമം) എന്നേക്കും എന്റെ നാമവും തലമുറതലമുറയായി
എന്റെ ജ്ഞാപകവും ആകുന്നു.” എന്നു പറഞ്ഞപ്പോള്‍ ദൈവം അര്‍ത്ഥമാക്കിയത്. അവന്‍
എന്നും എപ്പോഴും,
നിത്യമായി ദൈവജനത്തെ വിടുവിക്കുവാനും, പരിപാലിക്കുവാനും
അവരോടു കൂടെ ഉണ്ട്. യഹോവ നിത്യമായി മനുഷ്യരോടൊപ്പം വസിക്കുന്ന ദൈവമാണ്. ഇതേ ആശയം
നമുക്ക് വെളിപ്പാടു പുസ്തകത്തിലും കാണാം. പുതിയ യെരൂശലേമിനെക്കുറിച്ച് പറയുന്ന
യോഹന്നാന്‍ പറയുന്നതിങ്ങനെയാണ്:
വെളിപ്പാടു 21: 3 സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.
ഇവിടെയെല്ലാം ദൈവം സജീവമായി, അവന്‍ തിരഞ്ഞെടുത്ത മനുഷ്യരുടെ ജീവിതത്തില്‍ ഇടപെടുന്നു എന്ന് കാണാം. അവന്റെ ജനത്തിന്റെ കഷ്ടത കണ്ടുകൊണ്ട് മാറി നില്‍ക്കുന്ന ദൈവമല്ല, അവന്‍ അവന്റെ ജനത്തെ കഷ്ടതകളില്‍ നിന്നും വിടുവിക്കുന്ന ദൈവമാണ്. അതുകൊണ്ടാണ് ദൈവം യിസ്രായേല്‍ ജനത്തിന്റെ നിലവിളികേട്ട് അവരെ വിടുവിക്കുവാനായി മോശെയെ നിയോഗിക്കുന്നതും. ഇത് പാപത്തിന്റെ ബന്ധനത്തില്‍ അകപ്പെട്ട ദൈവജനത്തിന്റെ വിടുതലിന്റെ ചിത്രമാണ്. നമ്മളെ വിടുവിക്കുവാന്‍ യഹോവയായ ദൈവം സജീവമായി, എപ്പോഴും നമ്മളുടെ കൂടെ ഉണ്ട്.
സ്വയം ഭൂവായ, സമയ ബന്ധനമില്ലാത്ത,
കാലാതീതനും നിത്യനുമായ, ഭൂതവും ഭാവിയും ഇല്ലാത്ത ദൈവമാണ് യഹോവയായ
ദൈവം. ഈ ആത്മീയ മര്‍മ്മം ഉള്‍ക്കൊള്ളുന്ന മറ്റൊരു വാക്യം കൂടി വേദപുസ്തകത്തില്‍
ഉണ്ട്. അതുകൂടി ഇവിടെ ചേര്‍ത്തു ചിന്തിച്ചുകൊണ്ടു ഈ പഠനം അവസാനിപ്പിക്കാം.
ദാനിയേല്‍ 7:9 ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.
ഈ വാക്യത്തിലെ “വയോധികനായ” എന്നത് ഇംഗ്ലീഷില്‍ “Ancient of Days” എന്നാണ്. ഇത് മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്താല്‍, “പുരാതനനായ”, “ദിവസങ്ങള്‍ക്കും, കാലങ്ങള്‍ക്കും മുമ്പുള്ള” എന്നിങ്ങനെ ആയിരിയ്ക്കും അതിന്റെ അര്‍ത്ഥം. ഇത് ദൈവത്തിന്റെ അസ്തിത്വം സകല സൃഷ്ടികള്‍ക്കും മുമ്പേ ഉള്ളതാണ് എന്ന ആശയം നല്കുന്നു.
ദാനീയേലിന്റെ പ്രവചന പുസ്തകം പ്രധാനമായും, അരാമിക്, ഹീബ്രു എന്നീ രണ്ട് ഭാഷയില്‍ ആണ് എഴുതപ്പെട്ടിരിക്കുന്നത്. ഇതുകൂടാതെ ഗ്രീക്ക്, പേര്‍ഷ്യന്‍ വാക്കുകളും ഈ പുസ്തകത്തില്‍ കാണാം. ഇതില്‍ 2 ആം അദ്ധ്യായം 4 ആം വാക്യത്തിന്റെ രണ്ടാമത്തെ പകുതി മുതല്‍ 7 ആം അദ്ധ്യായം 28 ആം വാക്യം വരെ അരാമിക്ക് ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ “വയോധികന്‍” എന്നതിന്റെ മൂല ഭാഷ അരാമിക് ആണ്. ഇത്, നമ്മള്‍ ഇംഗ്ലീഷില്‍ കണ്ടതുപോലെ, മൂല ഭാഷയിലും രണ്ട് വാക്കാണ്. ഒന്ന് അറ്റീക് (`attiyq - at-teek') എന്ന വാക്കും, രണ്ടാമത്തേത്, “യോം” (yowm - yome) എന്ന വാക്കുമാണ്. അറ്റീക് എന്ന അരാമിക് വാക്കിന്റെ അര്‍ത്ഥം Ancient അഥവാ “പുരാതനനായ” എന്നാണ്. “യോം” എന്ന വാക്കിന്റെ അര്‍ത്ഥം, of days അഥവാ “ദിവസങ്ങളെ സംബന്ധിച്ച”, “കാലത്തെ സംബന്ധിച്ച” എന്നിങ്ങനെ ആണ്.
ഇത് രണ്ടും കൂടി
ചേര്‍ന്ന ശരിയായ പരിഭാഷ,
“അതിപുരാതനനായ” അല്ലെങ്കില്‍ “ദിവസങ്ങള്‍ക്കും കാലങ്ങള്‍ക്കും മുമ്പേ ഉണ്ടായിരുന്ന”
എന്നായിരിക്കേണം. അതായത്, ന്യായാസനത്തില്‍ ഇരിക്കുന്നവനായി
ദാനിയേല്‍ പ്രവാചകന്‍ കണ്ടത്, അതിപുരാതനനായ ദൈവത്തെയാണ്. ആ
ദൈവം കാലാതീതനാണ്. കാലങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പേ ദൈവം ഉണ്ടായിരുന്നു. കാലങ്ങളെയും
സമയങ്ങളെയും അവന്‍ സൃഷ്ടിച്ചതാണ്. അതിനാല്‍ അവന്‍ കാലങ്ങള്‍ക്ക് അധീനന്‍ അല്ല. ഇതേ
ആശയമാണ് യഹോവ എന്ന നാമത്തിലും ഉള്ളത്. മോശെയും ഇതേ സത്യം തന്നെ പറഞ്ഞിരുന്നു.
സങ്കീര്‍ത്തനങ്ങള്‍ 90: 1, 2
1 കർത്താവേ, നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു;
2 പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.
യെശയ്യാവ് 43: 13 ല്‍ “ഇന്നും ഞാൻ അനന്യൻ തന്നേ” എന്നു ദൈവം പറയുന്നതും ഇതേ അര്‍ത്ഥത്തില്‍ തന്നെയാണ്. ഇതിന്റെ മലയാളത്തില്‍ ഉള്ള പരിഭാഷ അത്ര വ്യക്തമല്ല. ഇംഗ്ലീഷില്‍ അത് “Indeed before the day was, I am He” എന്നാണ്. ഇതിന്റെ പരിഭാഷ ഏകദേശം ഇങ്ങനെ ആയിരിക്കേണം: “നിശ്ചയമായും കാലത്തിനും മുമ്പേ ഞാന്‍, ഞാന്‍ ആകുന്നു”. അതായത് കാലങ്ങള്‍ക്ക് മുമ്പേ ദൈവം ഉണ്ടായിരുന്നു. അന്ന് കാലങ്ങള്‍ ഇല്ലായിരുന്നതിനാല്‍ അവന്‍ ഭൂതകാലത്തില്‍ അല്ലായിരുന്നു, വര്‍ത്തമാന കാലത്തില്‍ അവന്‍ “ഞാന്‍ ആകുന്നു”.
കാലങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിന് മുമ്പേ അവന്‍ ഉണ്ടായിരുന്നു എന്നതിനാല്‍ അവന് ആരംഭം ഇല്ല. കാലങ്ങള്‍ ഇല്ലാതായി കഴിഞ്ഞും അവന്‍ ഉണ്ടായിരിക്കും എന്നതിനാല്‍ അവന് അവസാനവും ഇല്ല. ദൈവം ആരംഭവും അവസാനവും ഇല്ലാത്തവനാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അവനാണ് ആരംഭവും അവസാനവും.
യഹോവ എന്ന നാമത്തിന്റെ അര്‍ത്ഥത്തിലൂടെ ദൈവത്തിന്‍റെ സത്വത്തേയും സ്വഭാവ വിശേഷത്തെയും അല്‍പ്പമായി മനസ്സിലാക്കുവാന്‍ നമ്മള്‍ ശ്രമിക്കുക ആയിരുന്നു. എന്നാല്‍, എത്രമാത്രം സുദീര്‍ഘമായി നമ്മള്‍ പഠിച്ചാലും, മനുഷ്യ മനസ്സിന് അപൂര്‍ണ്ണമായി മാത്രമേ ദൈവം എന്ന നിതാന്ത സത്യത്തെ ഗ്രഹിക്കുവാന്‍ കഴിയൂ. അതിനാല്‍ ഈ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ.
അതിനു മുമ്പായി, നമ്മളുടെ സുവിശേഷ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒന്നു രണ്ടു കാര്യങ്ങള്‍ പറയുവാന്‍ ആഗ്രഹിക്കുന്നു.
തിരുവചനത്തിന്റെ
ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.
വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക. രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.
ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.
പഠനക്കുറിപ്പുകള്‍
ഇ-ബുക്ക് ആയി ലഭിക്കുവാന്‍ whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍
9895524854. ഈ-ബുക്കുകളുടെ ഒരു interactive catalogue ലഭിക്കുവാനും whatsapp ലൂടെ ആവശ്യപ്പെടാം.
ഇ-ബുക്ക് ഓണ്‍ലൈനായി ഡൌണ്‍ലോഡ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ naphtalitribebooks.in എന്ന ഇ-ബുക്ക് സ്റ്റോര്‍ സന്ദര്‍ശിക്കുക. അവിടെ നിന്നും താല്പര്യമുള്ള അത്രയും ഈ-ബുക്കുകള്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. എല്ലാ ഈ-ബുക്കുകളും സൌജന്യമാണ്.
എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്. ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.
ഇതെല്ലാം കൂടാതെ,
എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ച വൈകീട്ട് 6.30 മുതല്‍ 8.30 വരെ, എറണാകുളത്ത്, കാക്കനാട് എന്ന സ്ഥലത്തു വച്ച് Desert People എന്ന പേരില്‍ നമ്മള്‍ ഒരു ബൈബിള്‍ ക്ലാസ്സ്
ക്രമീകരിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍
ആഗ്രഹികുന്നവര്‍ whatsapp ല്‍ DP എന്നൊരു
സന്ദേശം അയക്കുക.
ഫോണ്‍ നമ്പര്‍ 9895524854
ദൈവം നിങ്ങളെ
എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!
No comments:
Post a Comment