പെന്തക്കോസ്ത് മുന്നേറ്റത്തിൻറെ ചരിത്രം

(ഈ ലേഖനത്തില്‍ "പെന്തെക്കൊസ്ത്" എന്നു എഴുതിയതില്‍ അക്ഷര പിശക് സംഭവിച്ചിട്ടുണ്ട്. അതിനാല്‍ ഇവിടെ "പെന്തക്കോസ്ത്" എന്നു കാണുന്ന വാക്കുകളെ, ദയവായി "പെന്തെക്കൊസ്ത്" എന്നു തിരുത്തി വായിക്കുവാന്‍ അപേക്ഷിക്കുന്നു. പിശക് സംഭവിച്ചതില്‍ ഖേദിക്കുന്നു.)  

പെന്തെക്കൊസ്ത് ഒരു യഹൂദ ഉല്‍സവമാണ്. ഗ്രീക്കു ഭാഷയില്‍, അന്‍പത് എന്ന അര്‍ത്ഥം ഉള്ള പെന്‍റെകോസ്റ്റെ എന്ന വാക്കില്‍ നിന്നാണ് പെന്തെക്കൊസ്ത് എന്ന പദം ഉണ്ടായത് (pentekoste). ഇംഗ്ലണ്ടില്‍ ഈ ഈ ദിവസത്തെ വിറ്റ്സണ്‍ എന്നും വിറ്റ് സണ്‍ഡേ എന്നും വൈറ്റ് സണ്‍ഡേ എന്നും വിളിക്കാറുണ്ട് (Whitsun, Whitsunday, White Sunday). എബ്രായ ഭാഷയില്‍ ഇതിനെ ഹാഗ് ഷാവോട്ട് എന്നാണ് വിളിക്കുന്നത് (Hag Shavuot). ദൈവം മോശെയ്ക്ക് സീനായ് പര്‍വ്വതമുകളില്‍ വച്ച് ന്യായപ്രമാണങ്ങള്‍ നല്കിയത് ഈ ദിവസമാണ് എന്നു യഹൂദന്മാര്‍ വിശ്വസിക്കുന്നു. ഇത് അവര്‍ക്ക്, ഗോതമ്പ് വിളവെടുപ്പിന്റെ ആദ്യഫല പെരുന്നാള്‍ ആയ വാരോല്‍സവം ആയിരുന്നു (Festival of the Weeks). പെന്തെക്കൊസ്ത് ഉല്‍സവം യഹൂദന്‍മാര്‍ക്ക് ഏറെ ആഹ്ളാദമുള്ള പെരുന്നാള്‍ ആണ്. പെസഹയ്ക്ക് ശേഷം 50 ആം ദിവസമാണ് യഹൂദന്മാര്‍ ഈ ഉല്‍സവം ആചരിക്കുന്നത്. ആരോഗ്യവാന്മാരായ എല്ലാ യഹൂദ പുരുഷന്മാരും ഈ ഉല്‍സവം ആചരിക്കുവാനായി യെരൂശലേമില്‍ എത്തുമായിരുന്നു. 

 

യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിന് ശേഷം, യെരൂശലേമില്‍ കൂടിയിരുന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ശിഷ്യന്മാരും വിശ്വാസികളും അടങ്ങിയ 120 പേരുടെമേല്‍ പരിശുദ്ധാത്മാവിന്റെ പകര്‍ച്ച ഉണ്ടായത് പെന്തക്കോസ്ത് ദിവസം ആണ്. അന്നാണ് പുതിയ നിയമ ക്രിസ്തീയ സഭ രൂപീകൃതമാകുന്നതും. അതിനാല്‍ പെന്തക്കോസ്ത് ക്രിസ്തീയ സഭയ്ക്കും പുതിയനിയമത്തിന്റെ ആദ്യഫല പെരുന്നാള്‍ ആണ്. ഈ ചരിത്ര സംഭവത്തില്‍ നിന്നുമാണ് പെന്തകോസ്ത് എന്ന പേരില്‍ അറിയപ്പെടുന്ന ക്രിസ്തീയ സഭാ വിഭാഗം ആ പേര് സ്വീകരിച്ചത്. പെന്തക്കോസ്ത് സഭകള്‍ 20 ആം നൂറ്റാണ്ടില്‍ ആരംഭിച്ച ഒരു ആത്മീയ മുന്നേറ്റമാണ്. പൊതുവേ പ്രൊട്ടസ്റ്റന്‍റ് വിശ്വാസ പ്രമാണങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന, ലോകത്തിന്റെ ചരിത്രത്തെ, രാക്ഷ്ട്രീയമായും ആത്മീയമായും വളരെ സ്വാധീനിച്ച, ഈ ആത്മീയ മുന്നേറ്റത്തിന്റെ ചരിത്രമാണ് നമ്മള്‍ ഇവിടെ ഹൃസ്വമായി വിവരിക്കുന്നത്.

ക്രിസ്തുവിന്റെ ഉയിര്‍പ്പിന് ശേഷം ആദ്യത്തെ പെന്തക്കോസ്ത് നാളില്‍ ഉണ്ടായ പരിശുദ്ധാത്മ സ്നാനം ഒരിക്കല്‍ മാത്രമായി സംഭവിച്ചതല്ല എന്നും അന്ന് മുതല്‍ എക്കാലവും തുടരുന്ന ഒരു ആത്മീയ അനുഭവം ആണ് എന്നതുമാണ് പെന്തക്കോസ്ത് സഭാ വിശ്വാസികളുടെ അടിസ്ഥാന വിശ്വസം. സുപരിചിതമല്ലാത്ത അന്യഭാഷകളില്‍ സംസാരിക്കുക എന്നത് പരിശുദ്ധാത്മ പകര്‍ച്ചയുടെ പ്രത്യക്ഷ അടയാളമാണ് എന്നും അവര്‍ വിശ്വസിക്കുന്നു.  

പതിനെട്ടാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന ജോണ്‍ വെസ്ലിയുടെ ഹോളിനെസ്സ്, 19 ആം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ഉണ്ടായ കെസ് വിക് ഹൈയര്‍ ലൈഫ് മുന്നേറ്റം എന്നീ പ്രസ്ഥാനങ്ങളില്‍, പെന്തക്കോസ്ത് മുന്നേറ്റത്തിന്റെ വേരുകള്‍ കാണാം. (John Wesley, Holiness movement, Keswick Higher Life movement). രക്ഷിക്കപ്പെട്ടതിന് ശേഷം, ദൈവ കൃപയുടെ രണ്ടാമത്തെ പ്രവര്‍ത്തിയായി വിശുദ്ധീകരണം ഉണ്ടാകുമെന്നും  പാപമില്ലാത്ത വിശുദ്ധിയുടെ പൂര്‍ണ്ണതയിലേക്ക് ദൈവജനം എത്തും എന്നും വെസ്ലി വിശ്വസിച്ചു. ഇത് രക്ഷയുടെ ഉന്നതമായ രണ്ടാമത്തെ അവസ്ഥയാണ്. സുവിശേഷകനും ഉണര്‍വ്വ് പ്രാസംഗികനുമായിരുന്ന ചാള്‍സ് ഫിന്നി ഇതേ ആശയങ്ങള്‍ വിശ്വസിച്ചിരുന്നു (Charles Finney- August 29, 1792 – August 16, 1875). അവര്‍ നടത്തിയ ആത്മീയ മുന്നേറ്റമാണ് പിന്നീട് പെന്തക്കോസ്ത് മുന്നേറ്റമായി മാറിയത്.

അന്നത്തെ കാലത്തെ പാരമ്പര്യത്തിനും അര്‍ത്ഥശൂന്യമായ ആചാരങ്ങള്‍ക്കും, ഔപചാരികതകള്‍ക്കും എതിരായ ഒരു മുന്നേറ്റമായിരുന്നു വെസ്ലി നയിച്ചത്. ക്രിസ്തീയ വിശ്വാസികള്‍ വ്യക്തിപരമായ ആത്മീയ അനുഭവത്തിലൂടെ മാറ്റങ്ങള്‍ക്ക് വിധേയരാകേണം എന്നു വെസ്ലി വിശ്വസിച്ചു. ഈ അനുഭവവും മാറ്റവും പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ മാത്രമേ സാധ്യമാകൂ. പരിശുദ്ധാത്മാവിലുള്ള സ്നാനം ഹോളിനെസ്സ് മുന്നേറ്റത്തിന്റെ പ്രധാന സവിശേഷത ആയിരുന്നു. എന്നാല്‍ അന്യഭാഷാ ഭാഷണത്തില്‍ അവര്‍ വിശ്വസിച്ചിരുന്നില്ല.

യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് ആസന്നമായി എന്ന ചിന്ത ശക്തമായ ഒരു ചരിത്ര പശ്ചാത്തലത്തിലാണ് പെന്തക്കോസ്ത് മുന്നേറ്റം ആരംഭിക്കുന്നത്. അതിനാല്‍ ഒരു അന്ത്യ കാല ആത്മീയ ഉണര്‍വ്വ് ലോകത്തിലാകമാനം ഉണ്ടാകും എന്ന് അവര്‍ പ്രതീക്ഷിച്ചു. 19 ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഡി. എല്‍. മൂഡി, ആര്‍. എ. റ്റോറി എന്നീ സുവിശേഷ പ്രഭാഷകര്‍, ലോകത്തെ സുവിശേഷീകരിക്കുവാന്‍ പ്രാപ്തമാക്കുന്ന ഒരു ആത്മീയ ഉണര്‍വ്വിനെക്കുറിച്ച് നിരന്തരം പ്രസംഗിക്കുമായിരുന്നു ( DL Moody – 1837-1899, R. A. Torrey – 1856-1928). ഈ കാലയളവില്‍, ചെറിയ ക്രിസ്തീയ കൂട്ടായ്മകള്‍, ആദ്യ പെന്തക്കോസ്ത് നാളിലെതീന് സമാനമായ ആത്മപകര്‍ച്ച അനുഭവിക്കുവാന്‍ തുടങ്ങിയിരുന്നു. അവരുടെ ഇടയില്‍ ദൈവീക രോഗ സൌഖ്യവും അന്യഭാഷാ ഭാഷണവും ഉണ്ടായി. അവര്‍ വെസ്ലിയുടെ ദൈവശാസ്ത്ര കാഴപ്പാടുകളെ പിന്തുടര്‍ന്നു.

പെന്തക്കോസ്ത് മുന്നേറ്റക്കാര്‍, വെസ്ലി പറഞ്ഞ രണ്ടാമത്തെ ദൈവകൃപയുടെ പ്രവര്‍ത്തിയെ, പരിശുദ്ധാത്മാവിലുള്ള സ്നാനമായും അതിന്റെ പ്രത്യക്ഷ അടയാളം അന്യഭാഷാ ഭാഷണമായും വ്യാഖ്യാനിച്ചു. എന്നാല്‍ ആത്മ സ്നാനത്തോടെ വിശ്വാസികള്‍ സമ്പൂര്‍ണ്ണമായി വിശുദ്ധരാകും എന്നു പെന്തക്കോസ്ത് മുന്നേറ്റക്കാര്‍ വിശ്വസിച്ചില്ല.

ചാള്‍സ് ഫോക്സ് പര്‍ഹാം

പെന്തക്കോസ്ത് മുന്നേറ്റത്തിലെ ഒരു പ്രധാന വ്യക്തിയാണ് ചാള്‍സ് ഫോക്സ് പര്‍ഹാം (Charles Fox Parham). 1873 ജൂണ്‍ 4 ആം തീയതി, അമേരിക്കയിലെ ഐഓവ യിലെ മസ്കാറ്റിന്‍ എന്ന സ്ഥലത്തു ജനിച്ച ചാള്‍സ് ഫോക്സ് പര്‍ഹാം ഒരു അമേരിക്കന്‍ സുവിശേഷകന്‍ ആയിരുന്നു (Iowa, Muscatine, Charles Fox Parham - മരണം 1929 ജനുവരി 29). അദ്ദേഹം ദൈവീക രോഗ ശാന്തിയിലും പരിശുദ്ധാത്മ സ്നാനത്തിലും അന്യഭാഷാ ഭാഷണത്തിലും വിശ്വസിച്ചിരുന്നു.

അദ്ദേഹം സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്, 1890 ല്‍, അദ്ദേഹത്തിന്റെ 15 ആം വയസ്സില്‍ ആണ്. 1897 ല്‍ സെപ്റ്റംബറില്‍ പര്‍ഹാമും അദ്ദേഹത്തിന്റെ മകന്‍ ക്ലോഡ് ഉം രോഗികളായി (Claude). എന്നാല്‍ അത്ഭുതകരമായി ദൈവീക രോഗസൌഖ്യം പ്രാപിച്ചു. അതിനു ശേഷം പര്‍ഹാം മരുന്നുകള്‍ ഉപയോഗിക്കുന്നത് ഉപേക്ഷിക്കുകയും, ദൈവീക രോഗ സൌഖ്യത്തെക്കുറിച്ച് പ്രസംഗിക്കുവാനും തുടങ്ങി. 1898 ല്‍ അദ്ദേഹം കന്‍സാസില്‍ ഉള്ള ടോപേക്ക എന്ന സ്ഥലത്തേക്ക് മാറി താമസിച്ചു (Kansas, Topeka). അവിടെ “ബേഥേല്‍ ഹീലിങ് ഹോം” എന്ന പേരില്‍ ഒരു പ്രവര്‍ത്തനവും “അപ്പോസ്തോലിക് ഫെയ്ത്ത്” എന്ന മാസികയും ആരംഭിച്ചു (Bethel Healing Home, Apostolic Faith magazine). അദ്ദേഹം ആരാധനാ മദ്ധ്യേ സ്തോത്രകാഴ്ച സ്വീകരിച്ചിരുന്നില്ല. വിശ്വാസത്താല്‍ മാത്രം ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു.

1900 ഒക്ടോബറില്‍ അദ്ദേഹം അവിടെ “ബേഥേല്‍ ബൈബിള്‍ സ്കൂള്‍” ആരംഭിച്ചു (Bethel Bible School). വിശ്വാസത്താല്‍ മാത്രം പ്രവര്‍ത്തിച്ച ഈ സ്ഥാപനത്തില്‍ അദ്ദേഹം കുട്ടികളില്‍ നിന്നും ഫീസ് വാങ്ങിയിരുന്നില്ല. ഏകദേശം 40 പേര്‍ ഈ സ്കൂളില്‍ ചേര്‍ന്നു. വേദപുസ്തകം മാത്രമായിരുന്നു ഏക പാഠപുസ്തകം. പരിശുദ്ധാത്മാവ് അദ്ധ്യാപകനും, പര്‍ഹാം ആത്മാവിന്റെ നാവും ആയിരുന്നു.

1990 ഡിസംബര്‍ 31 ആം തീയതി ബേഥേല്‍ ബൈബിള്‍ സ്കൂളില്‍ വര്‍ഷാവസാന ആരാധന നടന്നു. അടുത്ത ദിവസം, 1991 ജനുവരി 1 ആം തീയതിയും ഒരു ആരാധന ക്രമീകരിച്ചു. ഈ ആരാധനയില്‍ ആണ് ആഗ്നെസ് ഒസ്മാന്‍ പരിശുദ്ധാത്മാവിന്റെ നിറവിനായി പ്രാര്‍ത്ഥിക്കുവാന്‍ പര്‍ഹാമിനോട് ആവശ്യപ്പെടുന്നത് (Agnes Ozman). പ്രാര്‍ത്ഥിച്ച ഉടന്‍ തന്നെ, ആഗ്നെസ് ഒസ്മാന്‍ അന്യഭാഷയില്‍ സംസാരിക്കുവാന്‍ തുടങ്ങി. ആഗ്നസ് ചൈനീസ് ഭാഷയാണ് സംസാരിച്ചത് എന്നും ചില ദിവസങ്ങള്‍ അവര്‍ തുടര്‍ന്നും അതേ ഭാഷ മാത്രമേ സംസാരിച്ചുള്ളൂ എന്നും സ്ഥിരീകരിക്കപ്പെടാത്ത വാര്‍ത്ത ഉണ്ട്. ജനുവരി 3 ആം തീയതി പര്‍ഹാമിന്റെ ബൈബിള്‍ സ്കൂളിലെ ഒരു ഡസനിലധികം വിദ്യാര്‍ത്ഥികള്‍ കൂടി അനുഭാഷാ ഭാഷണത്തോടെ പരിശുദ്ധാത്മ സ്നാനം പ്രാപിച്ചു.

അമേരിക്കയിലെ വിസ്കോസിന്‍ എന്ന സംസ്ഥാനത്തുള്ള നെബ്രാസ്ക എന്ന സ്ഥലത്തു, 1870 സെപ്റ്റംബര്‍ 15 ആം തീയതിയാണ് ആഗ്നസ് ഒസ്മാന്‍ ജനിച്ചത് (Wisconsin, Nebraska). അവര്‍ മെത്തോഡിസ്റ്റ് എപ്പിസ്കോപ്പല്‍ ചര്‍ച്ചിലെ അംഗമായിരുന്നു (Methodist Episcopal Church). അവര്‍ പര്‍ഹാമിന്റെ ബൈബിള്‍ സ്കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയായിരുന്നു. 20 ആം നൂറ്റാണ്ടിലെ പെന്തക്കോസ്ത് മുന്നേറ്റത്തിന്റെ ആരംഭത്തില്‍ ആദ്യമായി അന്യഭാഷാ ഭാഷണം നടത്തിയത് ഒസ്മാന്‍ ആണ് എന്നു വിശ്വസിക്കപ്പെടുന്നു. അന്ന് അവര്‍ക്ക് 30 വയസ്സും അവര്‍ അവിവാഹിതയും ആയിരുന്നു. 1937 ല്‍ അവര്‍ മരിച്ചു.

പരിശുദ്ധാത്മ പകര്‍ച്ചയ്ക്ക് ശേഷം, പര്‍ഹാമിന് അനുകൂലമായ സാഹചര്യമല്ല അവിടെ ഉണ്ടായത്. പ്രാദേശിക ദിനപത്രങ്ങള്‍, അദ്ദേഹത്തിന്റെ ബൈബിള്‍ സ്കൂളിനെ “ബാബേല്‍ ഗോപുരം” എന്നു വിളിച്ചു. അദ്ദേഹത്തിന്റെ മുന്‍കാല വിദ്യാര്‍ത്ഥികളില്‍ ചിലര്‍ അദ്ദേഹത്തെ “വ്യാജന്‍” എന്നു വിളിച്ചു. അദ്ദേഹത്തിന് ബൈബിള്‍ സ്കൂള്‍ നടത്തുവാന്‍ പണം കണ്ടെത്തുവാന്‍ പ്രയാസമായി. അങ്ങനെ 1901 ല്‍ ടോപ്പേക്ക എന്ന സ്ഥലത്തെ പര്‍ഹാമിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചു.

രക്ഷിക്കപ്പെട്ട ഒരു വ്യക്തി, വിശുദ്ധീകരണത്തിന് ശേഷം പരിശുദ്ധാത്മ സ്നാനം പ്രാപിക്കേണം എന്നും ആത്മീയ സ്നാനം ഒരു വിശ്വാസിയെ ശാക്തീകരിക്കും എന്നും പര്‍ഹാം പഠിപ്പിച്ചു. 1903 ല്‍ മിസ്സോറിയില്‍ ഉള്ള ഏല്‍ ഡൊറാഡൊ സ്പ്രിങ്സ് എന്ന സ്ഥലത്ത് അദ്ദേഹം ക്രിസ്തുവിലൂടെ ലഭിക്കുന്ന രോഗ സൌഖ്യത്തെക്കുറിച്ച് പ്രസംഗിക്കവേ, കന്‍സാസിലെ, ഗലീന എന്ന സ്ഥലത്തു താമസിച്ചിരുന്ന മേരി ആര്‍തര്‍ എന്ന സ്ത്രീ ദൈവീക രോഗസൌഖ്യം പ്രാപിച്ചു. (Missouri, El Dorado Springs, Kansas, Galena, Mary Arthur). അതിനാല്‍ അവര്‍ പര്‍ഹാമിനെ ഗലീനയില്‍ ദൈവ വചനം പ്രസംഗിക്കുവാനായി ക്ഷണിച്ചു. 1903 ലെ ശൈത്യകാലത്ത് അദ്ദേഹം അവിടെ വചനം പ്രസംഗിച്ചു. 1904 ജനുവരിയില്‍ ന്യൂസ് ഹെറാള്‍ഡ് എന്ന അവിടുത്തെ പ്രാദേശിക ദിന പത്രം, അദ്ദേഹത്തിന്റെ ശുശ്രൂഷയില്‍ ആയിരത്തോളമാളുകള്‍ ദൈവീക രോഗസൌഖ്യം പ്രാപിച്ചതായും, 800 പേര്‍ രക്ഷിക്കപ്പെട്ടതായും വാര്‍ത്ത പ്രസിദ്ധീകരിച്ചു (News Herald).

ഗലീന യില്‍ നിന്നും പര്‍ഹാമിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗം കന്‍സാസ്, ടെക്സാസ്, ഒക്ലഹോമ എന്നിവിടങ്ങളിലേക്ക് പരന്നു. 1904 ല്‍ കന്‍സാസിലെ കീല്‍വില്ലേ എന്ന സ്ഥലത്തു ആദ്യമായി അദ്ദേഹം ഒരു പെന്തക്കോസ്ത് സഭാ ഹാള്‍ നിര്‍മ്മിച്ചു (Kansas, Keelville). പ്രാദേശിക കൂട്ടായ്മകളെ ചര്‍ച്ച് അഥവാ സഭ എന്നു വിളിക്കുന്നതിനെ പര്‍ഹാം അനുകൂലിച്ചില്ല. അദ്ദേഹം കൂട്ടായ്മകളെ “അപ്പോസ്തോലിക് ഫെയ്ത്ത് അസംബ്ലീസ്” എന്നാണ് വിളിച്ചിരുന്നത് ("apostolic faith assemblies").

ഇതേ കാലയളവില്‍, 1904, 05 വര്‍ഷങ്ങളില്‍ ആണ് പ്രസിദ്ധമായ വെല്‍ഷ് റിവൈവല്‍ ഉണ്ടാകുന്നത്. ഇത് ലോകമാകെ ഒരു ആത്മീയ ഉണര്‍വ്വിനെക്കുറിച്ചുള്ള പ്രതീക്ഷ വിശ്വാസികള്‍ക്കിടയില്‍ വര്‍ദ്ധിപ്പിച്ചു. വെല്‍ഷ് റിവൈവലില്‍ ആയിരക്കണക്കിന് ജനങ്ങള്‍ മാനസാന്തരപ്പെടുകയും അന്യഭാഷാ അടയാളത്തോടെ പരിശുദ്ധാത്ഥമ സ്നാനം പ്രാപിക്കുകയും ചെയ്തു.

1905 ല്‍ പര്‍ഹാം ടെക്സാസില്‍ ഉള്ള ഹൂസ്റ്റണിലേക്ക് താമസം മാറ്റി (Texas, Houston). 1906 ല്‍ അദ്ദേഹം അവിടെ ഒരു ബൈബിള്‍ സ്കൂള്‍ ആരംഭിച്ചു. വില്യം ജെ. സെയ്മൂര്‍ എന്ന കറുത്ത വര്‍ഗ്ഗക്കാരന്‍ അവിടെ വിദ്യാര്‍ത്ഥിയായി (William J. Seymour). 1906 ല്‍, മുമ്പ് ബൈബിള്‍ സ്കൂളിലെ പാചകക്കാരി ആയിരുന്ന ലൂസി ഫാറോ, ആത്മ നിറവ് പ്രാപിച്ച്, കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സ് എന്ന സ്ഥലത്തേക്ക് സുവിശേഷവുമായി പോയി (Lucy Farrow, California, Los Angeles). കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ വില്യം സെയ്മൂര്‍ ലോസ് ഏഞ്ചേല്‍സിലേക്ക് പോയി. അവിടെയുള്ള സെയ്മൂര്‍ ന്റെ പ്രവര്‍ത്തനങ്ങള്‍ ആണ് പിന്നീട് അസൂസ തെരുവിലെ പെന്തക്കോസ്ത് ഉണര്‍വ്വായി തീര്‍ന്നത്.

എന്നാല്‍ അസൂസ തെരുവിലെ വൈകാരികമായ ആരാധനയോടും, വെള്ളക്കാരും കറുത്ത വര്‍ഗ്ഗക്കാരും ഇടകലര്‍ന്ന് ആരാധിക്കുന്നതിനെയും പര്‍ഹാം വിമര്‍ശിച്ചു. അതിനാല്‍ സെയ്മൂര്‍, പര്‍ഹാമുമായുള്ള ബന്ധം ഉപേക്ഷിച്ചു. ക്രമേണ പര്‍ഹാമിന്റെ സ്വധീനം പെന്തക്കോസ്ത് മുന്നേറ്റത്തില്‍ കുറഞ്ഞുവന്നു. പര്‍ഹാം 1929 ജനുവരി 29 ആം തീയതി ഈ ലോകവാസം അവസാനിപ്പിച്ചു. 

വില്യം ജോസെഫ് സെയ്മൂര്‍ ഉം അസൂസ തെരുവും

പെന്തക്കോസ്ത് മുന്നേറ്റത്തിന്റെ ജന്മ ഗൃഹം എന്നു അറിയപ്പെടുന്നത് അസൂസ തെരുവിലുള്ള അപ്പോസ്തോലിക് ഫെയ്ത്ത് മിഷന്‍ എന്ന സ്ഥാപനമാണ് (Azusa Street, The Apostolic Faith Mission). ഇതിന് നേതൃത്വം നല്കിയത് വില്യം ജോസെഫ് സെയ്മൂര്‍ എന്ന കറുത്ത വര്‍ഗ്ഗക്കാരനായ ഒരു സുവിശേഷകന്‍ ആയിരുന്നു (William Joseph Seymour). 

1870 മെയ് മാസം 2 ആം തീയതി, സെയ്മൂര്‍ അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്ത്, സെന്റെര്‍വില്ലെ എന്ന സ്ഥലത്തു ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ്, സൈമണ്‍ സെയ്മൂര്‍ ഉം മാതാവ്, ഫില്ലിസ് സലബാര്‍ ഉം, സ്വതന്ത്രരാക്കപ്പെട്ട അടിമകള്‍ ആയിരുന്നു (Simon Seymour, Phyllis Salabarr, freed slaves). വില്യം സെയ്മൂര്‍ ന്റെ കുട്ടിക്കാലം ദാരിദ്ര്യത്തില്‍ ആയിരുന്നു എന്നും, ഔദ്യോഗിക വിദ്യാഭ്യാസം വേണ്ടത്ര ലഭിച്ചില്ല എന്നതിനും അപ്പുറം ഉള്ള ചരിത്രം ഇന്ന് വിശദമായി ലഭ്യമല്ല. കുട്ടിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന് ദൈവീക ദര്‍ശനങ്ങള്‍ ലഭിച്ചിരുന്നു. 25 ആം വയസ്സില്‍, 1895 ല്‍, അദ്ദേഹം ഇന്‍ഡിയാന എന്ന സംസ്ഥാനത്തെ ഇന്‍ഡിയാനപൊളിസ് എന്ന സ്ഥലത്ത് ഒരു ഹോട്ടലില്‍ വെയിറ്റര്‍ ആയി ജോലിക്ക് ചേര്‍ന്നു (Indiana, Indianapolis). അവിടെ അദ്ദേഹം മെത്തോഡിസ്റ്റ് സഭയില്‍ അംഗമായി (Simpson Chapel Methodist Episcopal Church). അവിടെ ആഫ്രിക്കന്‍-അമേരിക്കക്കാര്‍ അംഗങ്ങള്‍ ആയുണ്ടായിരുന്നു.

1900 ല്‍  അദ്ദേഹം ഓഹിയോ സംസ്ഥാനത്തുള്ള, സിന്‍സിനാറ്റി എന്ന സ്ഥലത്തേക്ക് താമസം മാറ്റി (Ohio, Cincinnati). അവിടെ ചര്‍ച്ച് ഓഫ് ഗോഡ് റെസ്റ്റൊറേഷന്‍ മൂവ്മെന്‍റ് എന്നും ഈവെനിംഗ് ലൈറ്റ് സെയിന്‍റ്സ് എന്നും അറിയപ്പെട്ടിരുന്ന ഹോളിനെസ്സ് പ്രസ്ഥാനത്തോട് ചേര്‍ന്നു (Church of God Restoration Movement, The Evening Light Saints). ഇവര്‍ വിശ്വാസികളുടെ വിശുദ്ധീകരണത്തിലും, ദൈവീക രോഗ സൌഖ്യത്തിലും, യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് ആസന്നമായിരിക്കുന്നു എന്നും വിശ്വസിച്ചു. അതിനാല്‍ വംശീയ വിഭാഗീയതകള്‍ കൂടാതെ ക്രിസ്തീയ വിശ്വാസികള്‍ എല്ലാവരും ഒരുമിച്ച് ഒരു സഭയില്‍ ദൈവത്തെ ആരാധിക്കേണം എന്നും അവര്‍ വിശ്വസിച്ചു. ഇത് സെയിമൂറിനെ ഏറെ ആകര്‍ഷിച്ചു.

ഇവിടെ താമസിക്കുമ്പോള്‍ സെയിമൂറിനെ വസൂരി ബാധിച്ചു, അദ്ദേഹത്തിന്റെ ഇടത്തെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. 1902 ല്‍ അദ്ദേഹം ചര്‍ച്ച് ഓഫ് ഗോഡിലെ ഒരു ഔദ്യോഗിക ശുശ്രൂഷകന്‍ ആയി. 1905 ല്‍ അദ്ദേഹം കുടുംബത്തോടൊപ്പം, ടെക്സസിലെ ഹൂസ്റ്റണ്‍ എന്ന സ്ഥലത്തേക്ക് താമസം മാറ്റി. അവിടെ വച്ചാണ് അദ്ദേഹം, ഹോളിനെസ്സ് പ്രസ്ഥാനത്തിലെ ശുശ്രൂഷക ആയിരുന്ന ലൂസി ഫാരോയെ കണ്ടുമുട്ടുന്നത് (Lucy Farrow). ഇവരിലൂടെയാണ് സെയ്മൂര്‍, പര്‍ഹാമിനെ പരിചയപ്പെടുന്നത്.

പര്‍ഹാം അപ്പോള്‍ ഒരു ബൈബിള്‍ സ്കൂള്‍ നടത്തുന്നുണ്ടായിരുന്നു. പര്‍ഹാം പഠിപ്പിച്ച, പരിശുദ്ധാത്മ സ്നാനം, അന്യഭാഷാ ഭാഷണം എന്നിവയില്‍ സെയിമൂറിന് താല്‍പര്യം തോന്നി. എന്നാല്‍, പര്‍ഹാം, വംശീയ വിഭാഗീയതയില്‍ വിശ്വസിച്ചിരുന്ന ഒരു വെള്ളക്കാരന്‍ ആയിരുന്നു. അതിനാല്‍ സെയിമൂറിനെ ബൈബിള്‍ സ്കൂളില്‍ ചേര്‍ത്തു എങ്കിലും വെള്ളക്കാരായ കുട്ടികള്‍ ഇരിക്കുന്ന ക്ലാസ് മുറിയില്‍ ഇരിക്കുവാന്‍ അനുവദിച്ചില്ല. സെയിമൂറിന്, വാതിലിന് വെളിയില്‍ ഇരുന്നു ക്ലാസ്സുകള്‍ ശ്രദ്ധിക്കാം എന്നതായിരുന്നു വ്യവസ്ഥ. ഇതില്‍ സെയ്മൂര്‍ ദുഖിതന്‍ ആയിരുന്നതിനാലാകം അധിക നാളുകള്‍ അദ്ദേഹം ക്ലാസ്സുകളില്‍ പങ്കെടുത്തില്ല. എങ്കിലും, പര്‍ഹാമിലൂടെ, പരിശുദ്ധാത്മ സ്നാനത്തെക്കുറിച്ചും അന്യഭാഷാ ഭാഷണത്തെക്കുറിച്ചും അദ്ദേഹം കൂടുതല്‍ മനസ്സിലാക്കി.

ഹൂസ്റ്റണില്‍ താമസിക്കുമ്പോള്‍ ആണ് അദ്ദേഹം നീലെ ടെറിയെ പരിച്ചപ്പെടുന്നത് (Neeley Terry). അവര്‍ ലോസ് ഏഞ്ചെല്‍സ് നിന്നും സമീപകാലത്ത് ഹൂസ്റ്റണനിലേക്ക് വന്ന, ഹോളിനെസ്സ് മുന്നേറ്റത്തിലെ ഒരു വിശ്വാസി ആയിരുന്നു. ഈ കണ്ടുമുട്ടല്‍ കാരണമാകാം, സെയ്മൂര്‍ സുവിശേഷവുമായി ലോസ് ഏഞ്ചെല്‍സിലേക്ക് പോയത്. അവിടെ, 1906 ല്‍, അദ്ദേഹം, നോര്‍ത്ത് ബോണി ബ്രെ അവന്യൂ വില്‍ ഉള്ള, റിച്ചാര്‍ഡ് ആസ്ബറിയുടെ വീട്ടില്‍ ഒരു കൂടിവരവ് ആരംഭിച്ചു (214 North Bonnie Brae Avenue, Richard Asberry). ഏപ്രില്‍ 9 ആം തീയതി, ഈ കൂടിവരവില്‍ പങ്കെടുത്തവരില്‍ ചിലര്‍ അന്യഭാഷയില്‍ സംസാരിക്കുവാന്‍ തുടങ്ങി. ഈ ആത്മീയ അനുഭവം മൂന്നു ദിവസങ്ങള്‍ നീണ്ടു നിന്നു. ഏപ്രില്‍ 12 ആം തീയതി, സെയിമൂറിനും അന്യഭാഷാ ഭാഷണം ലഭിച്ചു.

ഈ പുതിയ ആത്മീയ അനുഭവം കേട്ടറിഞ്ഞ അനേകം കൂട്ടമായി പ്രാര്‍ത്ഥനായോഗങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തി. അതിനാല്‍, 1906 ഏപ്രില്‍ 14 ആം തീയതി വെള്ളിയാഴ്ച, അദ്ദേഹം അസൂസ തെരുവിലെ ഒരു പഴയ പള്ളിയിലേക്ക്  ആരാധന മാറ്റി (312 Azusa Street). 40 അടി വീതിയും 60 അടി നീളവും ഉണ്ടായിരുന്ന ഈ കെട്ടിടം മുമ്പ് ഒരു മെത്തോഡിസ്റ്റ് പള്ളി ആയിരുന്നു. സെയ്മൂര്‍ അത് എടുത്തപ്പോള്‍, അതൊരു ഗോഡൗണ്‍ ഉം കുതിരയെ കെട്ടുന്ന സ്ഥലവും ആയിരുന്നു. സെയ്മൂര്‍ ഇവിടെ എല്ലാ ദിവസവും, ഒരു ദിവസം മൂന്ന് ആരാധന ക്രമീകരിച്ചു. മൂന്ന് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി ആരാധനാ യോഗങ്ങള്‍ നടത്തപ്പെട്ടു. 24 മണിക്കൂറും പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു.  

അവിടെയുള്ള ആരാധനയ്ക്ക് എഴുതിവച്ച ക്രമീകരണങ്ങള്‍ ഇല്ലായിരുന്നു. ജനങ്ങള്‍ പരിശുദ്ധാത്മാവിന്റെ നിയോഗം അനുസരിച്ചു പാട്ടുകള്‍ പാടുകയും പ്രാര്‍ത്ഥിക്കുകയും പ്രസംഗിക്കുകയും അനുഭവ സാക്ഷ്യം പറയുകയും ചെയ്തു. യോഗങ്ങളില്‍ കറുത്ത വര്‍ഗ്ഗക്കാരും വെളുത്ത വര്‍ഗ്ഗക്കാരും പങ്കെടുത്തു. അവര്‍ ആത്മാവില്‍, അന്യഭാഷയില്‍ പാടുകയും സംസാരിക്കുകയും ചെയ്തു. ചിലര്‍ ആത്മാവില്‍ നിലത്തു വീഴുകയും ചെയ്തു.

ഇവിടെ സംഭവിച്ച ആത്മീയ ഉണര്‍വ്വ് അമേരിക്കയിലും അയല്‍രാജ്യങ്ങളിലും പരന്നു. 1906 ഏപ്രില്‍ 18 ആം തീയതിയിലെ ലോസ് ഏഞ്ചേല്‍സ് ഡെയിലി റ്റൈംസ് എന്ന ദിനപത്രം അസൂസ തെരുവിലെ ആത്മീയ ഉണര്‍വിനെക്കുറിച്ച് വിശദമായ വാര്‍ത്ത നല്കി (Los Angeles Daily Times). അതേ ദിവസമാണ് സാന്‍ ഫ്രാന്‍സിസ്കോ യില്‍ ഭൂകമ്പം ഉണ്ടായത്. ഇത് അന്ത്യകാലത്തെക്കുറിച്ചുള്ള ചിന്തകള്‍ക്ക് വേഗം കൂട്ടുകയും ജനങ്ങളുടെ ഇടയില്‍ ആത്മീയ ദാഹം ഉണ്ടാകുവാന്‍ സഹായമാകുകയും ചെയ്തു. രക്ഷ, വിശുദ്ധി, പരിശുദ്ധാത്മാവിലുള്ള സ്നാനം എന്നീ ചിന്തകള്‍ക്ക് പുതു ജീവന്‍ ഉണ്ടായി. പരിശുദ്ധത്ത്മാവിന്‍റെ കൃപാ വരങ്ങള്‍ വിശ്വാസികളില്‍ കൂടുതല്‍ വെളിപ്പെട്ടുവന്നു. അസൂസ തെരുവിലെ ഉണര്‍വിന്‍റെ ആദ്യ വര്‍ഷം തന്നെ ഏകദേശം 13,000 വിശ്വാസികള്‍ അന്യഭാഷകളില്‍ സംസാരിച്ചു.

വളരെ വേഗം ആയിരക്കണക്കിന് ആളുകള്‍ ഓരോ പ്രാര്‍ത്ഥനാ യോഗങ്ങളിലും പങ്കെടുക്കുവാന്‍ വന്നു. അമേരിക്കയിലെ ദേശീയ ദിനപത്രങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു. പലപ്പോഴും വാര്‍ത്തകള്‍, ഉണര്‍വ്വിന് അനുകൂലമായിരുന്നില്ല. എങ്കിലും ആത്മീയ ഉണര്‍വ്വും അനുഭവങ്ങളും തടസ്സമില്ലാതെ തുടര്‍ന്നു. ആയിരക്കണക്കിന് ആളുകള്‍ ഉണര്‍വ് യോഗങ്ങളില്‍ പങ്കെടുക്കുകയും അവര്‍ പരിശുദ്ധാത്മാവിന്റെ അഗ്നിയോടെ തങ്ങളുടെ ദേശത്തേക്ക് തിരികെ പോകുകയും ചെയ്തു.

സെയ്മൂര്‍ കൂടുതല്‍ ശുശ്രൂഷകന്മാരെ നിയമിച്ചു, സമീപത്തുള്ള സ്ഥലങ്ങളില്‍ കൂട്ടായ്മകള്‍ ഉണ്ടായി. 1906 സെപ്റ്റംബറില്‍ ദി അപ്പോസ്തോലിക് ഫെയ്ത്ത് എന്ന പേരില്‍ ഒരു ക്രിസ്തീയ ദിനപത്രം ആരംഭിച്ചു (The Apostolic Faith). അതിനു 20, 000 ത്തോളം വായനക്കാര്‍ ഉണ്ടായി. 1907 ല്‍ സെയ്മൂര്‍ പസിഫിക് അപ്പോസ്തോലിക് ഫെയ്ത്ത് മിഷന്‍ എന്ന സംഘടന ആരംഭിച്ചു (Pacific Apostolic Faith Mission, Los Angeles). 1908 മെയ് 13 ആം തീയതി സെയ്മൂര്‍, ജെന്നി ഇവാന്‍സ് മൂര്‍ നെ വിവാഹം കഴിച്ചു (Jennie Evans Moore).

എന്നാല്‍ മൂന്നു വര്‍ഷങ്ങളുടെ തുടര്‍ച്ചയായ ഉണര്‍വ്വിന് ശേഷം, സെയിമൂറിന്റെ പ്രവര്‍ത്തനങ്ങളുടെ സ്വാധീനം കുറഞ്ഞു. വിശ്വാസികളുടെ ഇടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായി. 1908 മുതല്‍ വെള്ളക്കാരായ വിശ്വാസികള്‍ കറുത്ത വര്‍ഗ്ഗക്കാരോടൊപ്പം ആരാധനയ്ക്ക് ചേരാതെ, പ്രത്യേകമായ സഭ രൂപീകരിച്ചു. 1922 സെപ്റ്റംബര്‍ 28 ആം തീയതി, ഹൃദയാഘാതത്തെ തുടര്‍ന്നു അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.      

ജോണ്‍ വെസ്ലി, പര്‍ഹാം, ഡി, എല്‍. മൂഡി എന്നിവരെല്ലാം പെന്തകോസ്ത് മുന്നേറ്റത്തിന്റെ ആദ്യകാല പ്രവര്‍ത്തകര്‍ ആയിരുന്നു എങ്കിലും സെയ്മൂറിന്റെ അസൂസ തെരുവിലെ ആത്മീയ ഉണര്‍വാണ് ഈ മുന്നേത്തത്തിന്റെ ആരംഭമായി കരുതപ്പെടുന്നത് (John Wesley, Parham, D. L. Moody).

വിന്‍സണ്‍ സൈനാന്‍ എന്ന ചരിത്രകാരന്‍, പെന്തക്കോസ്ത് മുന്നേറ്റത്തിന്റെ ആദ്യകാല ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട് (Harold Vinson Synan - 1 December 1934). അദ്ദേഹം, അസൂസ തെരുവിലെ സംഭവങ്ങളെക്കുറിച്ച് ഇങ്ങനെയെല്ലാമാണ് എഴുതിയിരിക്കുന്നത്: ക്രിസ്തീയ സഭകള്‍ക്ക് അന്നേവരെ പരിചിതമല്ലായിരുന്ന പുതുമയുള്ള കാര്യങ്ങള്‍ ആണ് അസൂസ തെരുവില്‍ സംഭവിച്ചത്. അസൂസ തെരുവില്‍ ഉണ്ടായ ആത്മീയ ഉണര്‍വ് യോഗങ്ങള്‍ എല്ലാ രാത്രികളിലും മൂന്ന് വര്‍ഷങ്ങള്‍ തുടര്‍ന്നു. യോഗം നടക്കുമ്പോള്‍, ജനങ്ങള്‍ ആത്മാവില്‍ ആരാധിച്ചുകൊണ്ടിരിക്കുമ്പോള്‍, സെയ്മൂര്‍, പുള്‍പിറ്റില്‍ ഒരു പഴയ ചെരുപ്പ് പെട്ടിയില്‍ തലപൂഴ്ത്തി ഇരിക്കുമായിരുന്നു. വില്യം സെയ്മൂര്‍ വിശ്വാസികളുടെമേല്‍ കരം വച്ച് പ്രാര്‍ത്ഥിക്കുകയും അവര്‍ പരിശുദ്ധാത്മ സ്നാനം പ്രാപിച്ച് അന്യഭാഷകളില്‍ സംസാരിക്കുകയും ചെയ്തു.

വിശ്വാസികള്‍ നൃത്തം ചെയ്തു ദൈവത്തെ ആരാധിക്കുകയും, അന്യഭാഷകളില്‍ സംസാരിക്കുകയും, നിലത്ത് വീണ് കിടന്ന് ഉരുളുകയും ചെയ്യുമായിരുന്നു. ചിലര്‍ മരിച്ചവരെപ്പോലെ മുന്നോട്ട് വീഴുകയും, നിലവിളിക്കുകയും, കരയുകയും, ചിരിക്കുകയും ചെയ്തു. മറ്റ് ചിലര്‍ നിലത്തു നിന്നു പൊങ്ങി ഇരിക്കുകയോ , പൊങ്ങി കിടക്കുകയോ ചെയ്യുമായിരുന്നു. ചിലര്‍ ദര്‍ശനങ്ങള്‍ കണ്ടു, മറ്റുചിലര്‍ അന്യഭാഷാ ഭാഷണത്തെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. ആത്മാവിന്റെ നിയോഗം ലഭിക്കുന്ന ആര്‍ക്കും പാട്ടുകള്‍ പാടുകയോ, പ്രസംഗിക്കുകയോ ചെയ്യാം. വളരെ അപൂര്‍വ്വമായേ സെയ്മൂര്‍ പ്രസംഗിച്ചുള്ളൂ. അവിടെ പ്രത്യേകിച്ച് ഗായക സംഘം ഉണ്ടായിരുന്നില്ല. കൃത്യമായ എഴുതിവച്ച ആരാധാനാ ക്രമം ഉണ്ടായിരുന്നില്ല. പക്ഷേ എല്ലാവരും ആത്മാവില്‍ എരിവുള്ളവരായി ആരാധനയില്‍ പങ്കെടുത്തു. സെയ്മൂര്‍ ജനങ്ങളുടെ ഇടയിലൂടെ നടക്കുമ്പോള്‍, അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെ പോക്കറ്റില്‍ വിശ്വാസികള്‍ ഡോളര്‍ നോട്ടുകള്‍ തിരുകി വച്ചു. എന്നാല്‍ അതൊന്നും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. രക്ഷിക്കപ്പെട്ട്, വിശുദ്ധീകരണം പ്രാപിച്ച്, ആത്മ സ്നാനം പ്രാപിക്കുവാന്‍ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു.

അസൂസ തെരുവിലെ ഉണര്‍വ് യോഗങ്ങളില്‍ ഭാഷയും ദേശവും വര്‍ഗ്ഗവും ഒരു തടസ്സമായിരുന്നില്ല. ഇംഗ്ലീഷ് അറിഞ്ഞുകൂടാത്ത, മറ്റ് ഭാഷയില്‍ നിന്നുള്ളവര്‍ക്കും, അവരവരുടെ ഭാഷയില്‍ പാട്ടുകള്‍ പാടുവാനും പ്രസംഗിക്കുവാനും കഴിയുമായിരുന്നു. ഇത്തരം പ്രസംഗങ്ങള്‍ക്ക് പരിഭാഷ ഉണ്ടായിരുന്നില്ല. മറ്റുള്ളവര്‍ക്ക് പരിശുദ്ധാത്മാവ് പ്രസംഗത്തിന്റെ ആശയം മനസ്സിലാക്കിക്കൊടുത്തു. ജനം ശരിയായി പ്രതികരിക്കുകയും ചെയ്യുമായിരുന്നു.

അസൂസ തെരുവില്‍ വംശീയ വേര്‍തിരിവില്ലാതെ കറുത്ത വര്‍ഗ്ഗക്കാരും വെളുത്ത വര്‍ഗ്ഗക്കാരും ഒന്നു ചേര്‍ന്ന് ഒരേ സ്ഥലത്തു ദൈവത്തെ ആരാധിക്കുന്ന കാഴ്ച, അന്നത്തെ അമേരിക്കയില്‍ പുതുമയുള്ളത് ആയിരുന്നു ഇത് 1924 വരെ തുടര്‍ന്നു. അന്നത്തെ സഭകള്‍ ആയിരുന്ന ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ക്രൈസ്റ്റ്, ക്ലീവ് ലാന്‍ഡ്ച ലെ ചര്‍ച്ച് ഓഫ് ഗോഡ്, പെന്തക്കോസ്തല്‍ ഹോളിനസ് ചര്‍ച്ച്, പെന്തക്കോസ്തല്‍ അസ്സെംബ്ലീസ് എന്നിവയെല്ലാ വംശീയവും സംഘടാപരവുമായ വേര്‍തിരിവും ഇല്ലാത്തത് ആയിരുന്നു (The Church of God in Christ, the Church of God (Cleveland), the Pentecostal Holiness Church, and the Pentecostal Assemblies of the World). എന്നാല്‍ ക്രമേണ വടക്കന്‍ അമേരിക്കന്‍ പെന്തക്കോസ്ത് സഭകള്‍, സാമൂഹികമായ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി, വംശീയമായി വേര്‍തിരിഞ്ഞു. എങ്കിലും വംശീയ വേര്‍തിരിവുകള്‍ ഇല്ലാത്ത ആത്മീയ കൂട്ടങ്ങള്‍ നിശ്ശേഷം ഇല്ലാതായില്ല.

അസൂസ തെരുവിലെ ആത്മീയ ഉണര്‍വിന്‍റെ വാര്‍ത്ത വളരെ വേഗം അമേരിക്കയില്‍ എല്ലായിടവും പരന്നു. ലോസ് ഏഞ്ചല്‍സ്, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ നിന്നും, അമേരിക്കയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും, മറ്റ് രാജ്യങ്ങളില്‍ നിന്നു പോലും, ജനം അസൂസ തെരുവിലേക്ക് ഒഴുകി. അവര്‍ ആത്മ സ്നാനം പ്രാപിച്ചവരായി, ആത്മീയ അനുഭവങ്ങളുമായി സ്വദേശങ്ങളിലേക്ക് തിരികെ പോയി. ഇത് പെന്തക്കോസ്ത് ആശയങ്ങളും അനുഭവങ്ങളും വേഗത്തില്‍ വ്യാപിക്കുവാന്‍ ഇടയാക്കി. ചില പ്രാദേശിക സഭകള്‍ മൊത്തമായി പെന്തക്കോസ്റ്റ് അനുഭവത്തിലേക്ക് മാറി. ചില സ്ഥലങ്ങളില്‍, വിശ്വാസികള്‍, പഴയ സഭകളെ ഉപേക്ഷിച്ച് പുതിയ കൂടിവരവുകള്‍ ആരംഭിച്ചു.

സെയ്മൂര്‍ അനേകം രാജ്യങ്ങളിലേക്ക് മിഷണറിമാരെ അയച്ചു, അദ്ദേഹത്തിന്റെ അപ്പ്സ്തോലിക് ഫെയ്ത്ത് ദിനപത്രം 4,05, 000 കോപ്പികള്‍ വിതരണം ചെയ്തു. ഇതില്‍ സെയ്മൂറിന്റെ ദൈവ ശാസ്ത്ര കാഴ്ചപ്പാടുകളും, പ്രസംഗങ്ങളും, മറ്റ് ദൈവദാസന്‍മാരുടെ പ്രബോധനങ്ങളും, അനുഭവ സാക്ഷ്യങ്ങളും, ആത്മീയ ഉണര്‍വ്വിന്റെ വാര്‍ത്തകളും ഉണ്ടായിരുന്നു.

1907 ല്‍ അമേരിക്കന്‍ മിഷനറിമാര്‍ ആഫ്രിക്കയിലും, ലൈബീരിയയിലും പെന്തക്കോസ്ത് സഭകള്‍ സ്ഥാപിച്ചു. 1908 സൌത്ത് ആഫ്രിക്കയില്‍ സഭകള്‍ തുടങ്ങി (Liberia, South Africa). അന്യഭാഷാ ഭാഷണം ആയിരുന്നു അവരുടെ പ്രത്യേകത. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് ആസന്നമാണ് എന്ന ചിന്ത വളരെ ശക്തമായി. വിശ്വാസികള്‍ അതിനായി തങ്ങളെ തന്നെ ഒരുക്കി കാത്തിരുന്നു.

അസൂസ തെരുവിലെ യോഗങ്ങളില്‍, ആദ്യമായി ആത്മ സ്നാനം പ്രാപിച്ചത്, ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള അബുന്‍ഡിയോ, റോസ ലോപെസ് എന്നിവര്‍ ആയിരുന്നു (Abundio, Rosa López). എന്നാല്‍ 1909 ല്‍ ഒരു ഭിന്നത ഉണ്ടാകുകയും ലാറ്റിന്‍ അമേരിക്കന്‍ വിശ്വാസികള്‍, 1912 ല്‍ അവരുടെഥായ സ്വതന്ത്രമായ പെന്തക്കോസ്ത് സഭകള്‍ കാലിഫോര്‍ണിയ, ടെക്സാസ്, ഹവായ് എന്നിവിടങ്ങളില്‍ ആരംഭിക്കുകയും ചെയ്തു (California, Texas, and Hawaii)

വില്യം സെയ്മൂറിന്റെ സഹ പ്രവര്‍ത്തകന്‍ ആയിരുന്ന ഫ്ലോറന്‍സ് ക്രാഫോഡ് പെന്തക്കോസ്ത് അനുഭവത്തെ അമേരിക്കയുടെ വടക്ക് പടിഞ്ഞാറ് പ്രദേശങ്ങളില്‍ എത്തിച്ചു. അവിടെ 1908 ല്‍ അപ്പോസ്തോലിക് ഫെയ്ത്ത് ചര്‍ച്ച് ആരംഭിച്ചു (Florence Crawford, Apostolic Faith Church). ഷിക്കാഗോയിലെ നോര്‍ത്ത് അവന്യൂ മിഷന്‍ ലെ പാസ്റ്റര്‍ ആയിരുന്ന വില്യം ഹോവാര്‍ഡ് ഡര്‍ഹാം, മധ്യ പശ്ചിമ അമേരിക്കയില്‍ ഈ പുതിയ ആത്മീയ അനുഭവങ്ങളെ എത്തിച്ചു (North Avenue Mission in Chicago, William Howard Durham). അദ്ദേഹത്തിന്റെ സഭയില്‍ നിന്നും ആത്മീയ അനുഭവം പ്രാപിച്ചവര്‍ ആണ് കാനഡയിലെ പെന്തക്കോസ്തല്‍ അസ്സംബ്ലീസ് ആരംഭിച്ചത് (Pentecostal Assemblies of Canada). ഇതില്‍ പ്രധാനിയായിരുന്നു, ഗാസ്റ്റന്‍ ബി. കാഷ് വെല്‍ (Gaston B. Cashwell). 1950 കളില്‍ ഓറല്‍ റോബെര്‍ട്സ് നെ പോലെയുള്ള അമേരിക്കന്‍ സുവിശേഷകരുടെ പ്രവര്‍ത്തന ഫലമായി പെന്തക്കോസ്ത് ആശയങ്ങള്‍ അമേരിക്കയില്‍ വേഗം പടര്‍ന്നുപിടിച്ചു (Oral Roberts).

ആദ്യകാല പെന്തക്കോസ്ത് വിശ്വാസികള്‍ പൊതുവേ സമ്പത്തികമായി സാധുക്കളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ആയിരുന്നു. അവരില്‍ കൂടുതലും ആഫ്രിക്കന്‍ അമേരിക്കക്കാരും, പാവങ്ങളായ തെക്കന്‍ അമേരിക്കയിലെ വെള്ളക്കാരും ആയിരുന്നു. പ്രാരംഭ ഘട്ടത്തില്‍, വടക്കേ അമേരിക്കയിലെ പ്രദേശിക സഭകളാണ് പെന്തക്കോസ്ത് ആശയങ്ങള്‍ സ്വീകരിച്ചത്. ഒരു സംഘടനയും മൊത്തമായി അതിനെ സ്വീകരിച്ചിരുന്നില്ല. 1914 ല്‍ ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ക്രൈസ്റ്റ് എന്ന സഭയാണ് ആദ്യമായി പെന്തക്കോസ്ത് വിശ്വാസങ്ങളില്‍ അധിഷ്ഠിതമായി ആരംഭിച്ച സംഘട സ്വഭാവത്തോടെയുള്ള സഭ (Church of God in Christ). 1908 ല്‍ ഇംഗ്ലണ്ടിലെ ആദ്യത്തെ പെന്തക്കോസ്ത് സഭ വില്യം ഒളിവര്‍ ഹച്ചിന്‍സന്‍, ബോണിമോത്ത് എന്ന സ്ഥലത്തു, ഇമ്മാനുവേല്‍ മിഷന്‍ ഹാളില്‍ ആരംഭിച്ചു (William Oliver Hutchinson, Bournemout, Emmanuel Mission Hall). അത് പിന്നീട് അപ്പോസ്തലിക് ഫെയ്ത്ത് ചര്‍ച്ച് എന്നു അറിയപ്പെട്ട പെന്തക്കോസ്ത് സഭകളുടെ കൂട്ടായ്മയുടെ കേന്ദ്രമായി മാറി (Apostolic Faith Church). 1914 ല്‍ ജോര്‍ജ് ജെഫ്രിസ്, അയര്‍ലണ്ടില്‍, ബെല്‍ഫാസ്റ്റ് എന്ന സ്ഥലത്ത് ഒരു സഭ ആരംഭിച്ചു. 1915 ല്‍ മോനാഗന്‍ എന്ന സ്ഥലത്ത് മറ്റൊരു സഭ ആരംഭിച്ചു. അങ്ങനെ ഏലീം ഫോര്‍ സ്ക്വയര്‍ ഗോസ്പല്‍ അലയന്‍സ് എന്ന പ്രസ്ഥാനം നിലവില്‍ വന്നു. അദ്ദേഹത്തിന്റെ സഭ ഏലീം പെന്തക്കോസ്തല്‍ ചര്‍ച്ച് എന്നു അറിയപ്പെട്ടു. ഇതായിരുന്നു യൂറോപ്പിലെ ആദ്യകാല പെന്തക്കോസ്ത് സഭ. (George Jeffreys, Belfast, Monaghan, Elim Foursquare Gospel Alliance, Elim Pentecostal Church). 

അസൂസ തെരുവില്‍ നിന്നും പ്രാപിച്ച പെന്തക്കോസ്ത് അനുഭവങ്ങളോടെ വിദേശ രാജ്യങ്ങളിലേക്ക് പോയ ആദ്യത്തെ മിഷനറിമാര്‍, എ. ജി. ഗാര്‍ ഉം അദ്ദേഹത്തിന്റെ ഭാര്യയും ആണ് (A. G. Garr). അവര്‍ ആദ്യം ഇന്ത്യയിലും പിന്നീട് ചൈനയിലേക്കും പോയി. റ്റി. ബി. ബാരറ്റ് ഒരു നോര്‍വീജിയന്‍ മെത്തോഡിസ്റ്റ് പാസ്റ്റര്‍ ആയിരുന്നു (T. B. Barratt). അദ്ദേഹം അസൂസ തെരുവിലെ സൈമൂറിന്റെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായി. 1906 ല്‍ അദ്ദേഹം യൂറോപ്പിലേക്ക് തിരികെ പോയി. സ്വീഡന്‍, നോര്‍വെ, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ പെന്തക്കോസ്ത് സഭകള്‍ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ പെന്തക്കോസ്ത് അനുഭവത്തിലേക്ക് വന്ന പ്രധാന വ്യക്തികള്‍, ആംഗ്ലിക്കന്‍ സഭയുടെ പുരോഹിതന്‍ ആയിരുന്ന, അലക്സാണ്ടര്‍ ബോഡി, ജര്‍മ്മനിയിലെ ക്രൈസ്തവ പുരോഹിതന്‍ ആയിരുന്ന ജോനാഥന്‍ പോള്‍, സ്വീഡിഷ് ബാപ്തിസ്റ്റ് പാസ്റ്റര്‍ ആയിരുന്ന ലെവി പെത്രുസ് എന്നിവര്‍ ആയിരുന്നു (Alexander Boddy, the Anglican vicar of All Saints' in Sunderland, England, German minister Jonathan Paul, Lewi Pethrus, the Swedish Baptist minister).

1914 ആയപ്പോഴേക്കും പെന്തക്കോസ്ത് മുന്നേറ്റം ലോകത്തിലെ 50 രാജ്യങ്ങളിലേക്കു വ്യാപിച്ചു. ഇന്ന് ഏകദേശം 6000 ലക്ഷത്തിലധികം പെന്തക്കോസ്ത് വിശ്വാസികള്‍ ലോകത്തിലാകെമാനം ഉണ്ട്. ഏകദേശം 23,000 പെന്തക്കോസ്ത് -  കരിസ്മാറ്റിക് വിഭാഗങ്ങളും ഉണ്ട്. 

ആദ്യകാല  എതിര്‍പ്പുകള്‍ 

ആദ്യകാല പെന്തക്കോസ്ത് വിശ്വാസികളും സഭകളും വലിയ എതിര്‍പ്പുകളേയും വിവേചനത്തെയും നേരിടേണ്ടി വന്നു. അവരുടെ മുന്‍ ഗാമികളായി അറിയപ്പെടുന്ന ഹോളിനെസ്സ് പ്രസ്ഥാനക്കാരില്‍ നിന്നും ആയിരുന്നു കൂടുതല്‍ എതിര്‍പ്പുകള്‍ ഉണ്ടായത്. 1910 ല്‍ ഹോളിനെസ്സ് സഭയായിരുന്ന “പില്ലര്‍ ഓഫ് ഫയര്‍ ചര്‍ച്ചിന്റെ” ലീഡര്‍ ആയിരുന്ന അല്‍മ വൈറ്റ്, പെന്തക്കോസ്ത് മുന്നേറ്റത്തിനെതിരെ, “ഭൂതങ്ങളും ഭാഷണങ്ങളും” എന്ന ശീര്‍ഷകത്തില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു (Holiness  Movement, Pillar of Fire Church, Alma White, Demons and Tongues). അന്യഭാഷാ ഭാഷണത്തെ അവര്‍ “സാത്താന്റെ അസ്‌പഷ്‌ട ജല്‍പനം” എന്നും പെന്തക്കോസ്ത് ആരാധനയെ “ഭൂതത്തിന്റെ ആരാധനയുടെ മൂര്‍ദ്ധന്യം” എന്നും വിശേഷിപ്പിച്ചു ("satanic gibberish", "the climax of demon worship"). മറ്റൊരു ഹോളിനെസ്സ് പ്രഭാഷകന്‍ ആയിരുന്ന ഡബ്ലു. ബി. ഗോഡ്ബേ, അസൂസ തെരുവിലെ ആത്മീയ അനുഭവങ്ങളെ, സാത്താന്റെ പ്രഭാഷകര്‍” എന്നും ദുര്‍മന്ത്രവാദികള്‍ എന്നും വിളിച്ചു (W. B. Godbey , "Satan's preachers, jugglers, necromancers, enchanters, magicians, and all sorts of mendicants"). ഡോ. ജി. കാംബെല്‍ മോര്‍ഗന്‍, പെന്തക്കോസ്ത് മുന്നേറ്റത്തെ, “സാത്താന്റെ അവസാനത്തെ ശര്‍ദ്ദി” ആയി വിശേഷിപ്പിച്ചു (Dr. G. Campbell Morgan, "the last vomit of Satan").

ജര്‍മ്മനിയില്‍ ഹിറ്റ്ലറിന്റെ നേതൃത്വത്തില്‍ നടന്ന യഹൂദന്മാരുടെ കൂട്ടക്കുരുതിയുടെ കാലത്ത്, പെന്തക്കോസ്ത് വിശ്വാസികളും പീഡിപ്പിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്തു എന്നു ചരിത്രകാരന്‍മാര്‍ പറയുന്നു. അന്യഭാഷാ ഭാഷണം ഒരു മാനസിക വൈകല്യമായി പരിഗണിക്കുകയും പാസ്റ്റര്‍മാരെയും വിശ്വാസികളെയും തടവിലാക്കുകയും കൊല്ലുകയും ചെയ്തു. ഇറ്റലിയിലും ഇതേ അനുഭവം അവര്‍ക്ക് ഉണ്ടായി. 

പെന്തക്കോസ്ത് വിശ്വാസങ്ങള്‍

പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിന് പ്രമുഖ പ്രാധാന്യം നല്‍കുന്ന വിശ്വാസമാണ് പെന്തക്കോസ്ത് മുന്നേറ്റത്തിനുള്ളത്. അത് ഒരു വിശ്വാസിയും പരിശുദ്ധാത്മാവും തമ്മിലുള്ള തികച്ചും വ്യക്തിപരവും നേരിട്ടുള്ളതുമായ ബന്ധവും പ്രവര്‍ത്തനവുമാണ്. ആത്മ സ്നാനത്തിലൂടെ ഒരു വിശ്വാസി ദൈവത്തെ വ്യക്തിപരമായി തന്നെ അനുഭവിച്ച് അറിയുകയാണ്. പെന്തക്കോസ്ത് മുന്നേറ്റത്തിന്റെ ഉദ്ദേശ്യം ക്രിസ്തീയ വിശ്വാസത്തെ ആദ്യ നൂറ്റാണ്ടിലെ അനുഭവത്തിലേക്ക് തിരികെ കൊണ്ടുപോകുക എന്നതാണ്.

പരിശുദ്ധാത്മ സ്നാനം എന്ന വിഷയത്തില്‍, ജോണ്‍ വെസ്ലിയുടെ ഹോളിനെസ്സ് മുന്നേറ്റവും പെന്തക്കോസ്ത് മുന്നേറ്റവും തമ്മില്‍ ഒരു വ്യത്യാസം ഉണ്ട്. ഹോളിനെസ്സ് മുന്നേറ്റക്കാര്‍, അപ്പോസ്തല പ്രവൃത്തികളില്‍ രേഖപ്പെടുത്തിയിടൂള്ള അന്യഭാഷാ ഭാഷണം ഒരിക്കല്‍ മാത്രമായി സംഭവിച്ചതാണ് എന്നും, അതിനെ പരിശുദ്ധാത്മ സ്നാനത്തിന്‍റെ പ്രത്യക്ഷ  അടയാളമായി കാണേണ്ടതില്ല എന്നും വാദിച്ചു. എന്നാല്‍, പെന്തക്കോസ്ത് മുന്നേറ്റത്തില്‍ പരിശുദ്ധാത്മ സ്നാനത്തിന്റെ പ്രത്യക്ഷ അടയാളം അന്യഭാഷാ ഭാഷണം ആയിരുന്നു. ആദ്യ നൂറ്റാണ്ടില്‍ പെന്തക്കോസ്ത് നാളില്‍ പരിശുദ്ധാത്മ പകര്‍ച്ച ഉണ്ടായപ്പോള്‍ എന്തെല്ലാം സംഭവിച്ചുവോ അതെല്ലാം അതേപോലെ തന്നെ ഇന്നും സംഭവിക്കും എന്നു പെന്തക്കോസ്ത് മുന്നേറ്റക്കാര്‍ വിശ്വസിക്കുന്നു. 

മറ്റ് പെന്തക്കോസ്ത് ഉപദേശങ്ങളില്‍ ചിലത് ഇതൊക്കെയാണ്. എഴുതപ്പെട്ടിരിക്കുന്ന ദൈവ വചനം അന്തിമവും ആധികാരികവും തെറ്റുകള്‍ ഇല്ലാത്തതും ആണ്. തിരുവചനം ഏത് കാര്യത്തിലും അന്തിമവും ശരിയുമാണ്. വിശ്വാസവും ആത്മീയതയും വ്യക്തിപരമായി അനുഭവിച്ച് അറിയുന്നതായിരിക്കേണം. അത് ചില ചിന്തകളും തത്വങ്ങളും ആചാരങ്ങളും മാത്രമായിരിക്കരുത്. പരിശുദ്ധാത്മാവ് ഓരോ വിശ്വാസികളിലും വസിക്കുകയും, പ്രവര്‍ത്തിക്കുകയും, അവരെ നയിക്കുകയും ചെയ്യുന്നു. ആത്മാവു ഒരു നിരന്തര യാഥാര്‍ഥ്യമാണ്. അത് ദൈവ ശക്തിയാണ്. മാനസാന്തരം പരിശുദ്ധാത്മ സ്നാനത്തിലേക്ക് നയിക്കുന്ന രൂപാന്തരമായിരിക്കേണം. മാനസാന്തരപ്പെട്ട അനുഭവത്തില്‍ തുടര്‍ന്നു ജീവിക്കുവാന്‍ ആത്മശക്തി ആവശ്യമാണ്. അന്യഭാഷാ ഭാഷണം, പ്രവചനം, ദൈവീക രോഗസൌഖ്യം എന്നീ വരങ്ങള്‍ ആത്മ സ്നാനത്തിന്റെ അടയാളങ്ങള്‍ ആണ്.

ഒരു വ്യക്തി വീണ്ടും ജനനം പ്രാപിക്കുമ്പോള്‍ തന്നെ അവന്‍ വിശുദ്ധീകരിക്കപ്പെടുന്നു. അവന്റെ പഴയകാല പാപങ്ങള്‍ എല്ലാം മായ്ക്കപ്പെടുന്നു. മാനസാന്തരപ്പെട്ടത്തിന് ശേഷവും ഒരു വ്യക്തി പാപം ചെയ്യുവാന്‍ സാധ്യതയുണ്ട്. എന്നാല്‍, പാപ പ്രവൃത്തികള്‍ ചെയ്യാതെ ജീവിക്കുവാന്‍ ആത്മാവു അവനെ ശാക്തീകരിക്കും. റോമര്‍ 6: 11 ല്‍ നമ്മള്‍ വായിക്കുന്നതിങ്ങനെയാണ്: “അവ്വണ്ണം നിങ്ങളും പാപസംബന്ധമായി മരിച്ചവർ എന്നും ക്രിസ്തുയേശുവിൽ ദൈവത്തിന്നു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നേ എണ്ണുവിൻ.”

വിശുദ്ധീകരണം പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമാണ്. രക്ഷിക്കപ്പെടുമ്പോള്‍ തന്നെ വിശുദ്ധീകരണം പൂര്‍ണ്ണമാകുന്നു എന്നും, വിശുദ്ധീകരണം ഒരു തുടര്‍ പ്രക്രിയ ആണെന്നും, വിശുദ്ധീകരിക്കപ്പെട്ടവര്‍ മാത്രമേ പരിശുദ്ധാത്മ സ്നാനം പ്രാപിക്കുന്നുള്ളൂ എന്നും, രക്ഷിക്കപ്പെട്ടവര്‍ ആഗ്രഹിക്കുന്നു എങ്കില്‍ പര്‍ശുദ്ധാത്മ സ്നാനം പ്രാപിക്കുവാന്‍ കഴിയും എന്നും ഉള്ള വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ നിലവിലുണ്ട്. എന്നാല്‍ രക്ഷ പരിശുദ്ധാത്മ സ്നാനത്തിന് ആവശ്യമാണ് എന്നതില്‍ അഭിപ്രായ വ്യത്യാസം ഇല്ല.

പെന്തക്കോസ്ത് ഉപദേശപ്രകാരം മൂന്നു സ്നാനങ്ങള്‍ ഉണ്ട്. ഒന്നു ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിലേക്ക് സ്നാനത്തിലൂടെ ചേരുക എന്നതാണ്. ഇത് രക്ഷിക്കപ്പെടുമ്പോള്‍ പരിശുദ്ധാത്മാവിനാല്‍ സംഭവിക്കുന്നു. രണ്ടാമത്തേത് വെള്ളത്തലുള്ള സ്നാനം ആണ്. ലോകത്തോട് മരിച്ചു ക്രിസ്തുവില്‍ പുതിയതായി ജീവിക്കുന്നതിനെ ഇത് കാണിക്കുന്നു. ഒരു വ്യക്തിയുടെ ഉള്ളില്‍ പരിശുദ്ധാത്മാവിനാല്‍ സംഭവിച്ച വീണ്ടും ജനനം എന്ന അനുഭവത്തിന്റെ പ്രത്യക്ഷമായ സാക്ഷ്യം ആണ് വെള്ളത്താലുള്ള സ്നാനം. മൂന്നാമത്തെ സ്നാനം, പരിശുദ്ധാത്മാവില്‍ നിറയുന്നതാണ്. ഇവിടെ ക്രിസ്തു പരിശുദ്ധാത്മാവിനാല്‍ രക്ഷിക്കപ്പെട്ട ഒരു വിശ്വാസിയെ സ്നാനപ്പെടുത്തുകയാണ്.  

യേശുക്രിസ്തുവിന്റെ പാപയാഗത്തില്‍  വിശ്വസിച്ച്, രക്ഷിക്കപ്പെട്ടവര്‍ മാത്രമേ വെള്ളത്താലുള്ള സ്നാനം സ്വീകരിക്കേണ്ടതുള്ളൂ. സ്നാനം വെള്ളത്തില്‍ മുഴുകിയുള്ളത് ആയിരിക്കേണം. ആത്മാവില്‍ സംഭവിച്ച വീണ്ടും ജനനത്തിന്റെ പ്രത്യക്ഷമായ അടയാളമോ സാക്ഷ്യമോ ആണ് വെള്ളത്തില്‍ മുഴുകിയുള്ള സ്നാനം. സ്നാനം രക്ഷിക്കപ്പെടുവാനല്ല, രക്ഷിക്കപ്പെട്ടവര്‍ സ്വീകരിക്കേണ്ടുന്ന ദൈവീക കല്‍പ്പനയാണ്. അതിനാല്‍ പെന്തക്കോസ്ത് വിശ്വാസികള്‍ ശിശു സ്നാനത്തില്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ ശിശുക്കളെ ദൈവ സന്നിധിയില്‍ സമര്‍പ്പിച്ച്, അനുഗ്രഹിക്കുന്ന രീതി അവര്‍ക്കിടയില്‍ ഉണ്ട്. എന്നാല്‍ ഇത് നിര്‍ബന്ധമായ ആചാരമല്ല. കുട്ടികള്‍ എപ്പോള്‍ രക്ഷയെക്കുറിച്ച് വിശ്വസിക്കുവാന്‍ പ്രായമാകുന്നുവോ, അപ്പോള്‍, അവര്‍ വിശ്വസിക്കുന്നു എങ്കില്‍ വെള്ളത്തില്‍ മുഴുകി സ്നാനം സ്വീകരിക്കാം. 

യേശുക്രിസ്തുവും അവനിലൂടെ നിവര്‍ത്തിയായ വീണ്ടെടുപ്പും ആണ് പെന്തക്കോസ്ത് ദൈവ ശാസ്ത്രത്തിന്റെ കേന്ദ്രബിന്ദു. ഒരു വ്യക്തി വീണ്ടും ജനനം പ്രാപിക്കുമ്പോള്‍ തന്നെ പരിശുദ്ധാത്മാവ് അവനില്‍ വസിക്കുവാന്‍ തുടങ്ങും. എന്നാല്‍ തുടര്‍ന്നു, പരിശുദ്ധാത്മാവിന്റെ നിറവ് പ്രാപിക്കേണ്ടതുണ്ട്. പരിശുദ്ധാത്മാവിലുള്ള നിറവിനെയാണ് ആത്മ സ്നാനം എന്നു വിളിക്കുന്നത്.

പരിശുദ്ധാത്മാവിലുള്ള സ്നാനം രക്ഷിക്കപ്പെടുവാനുള്ള മാര്‍ഗ്ഗം അല്ല. ഒരു വ്യക്തി രക്ഷിക്കപ്പെട്ടതിന് ശേഷമാണ് പരിശുദ്ധാത്മ സ്നാനം പ്രപ്പിക്കുന്നത്. ഇത് ഒരു ദൈവീക ദാനം ആണ്. എന്നാല്‍ രക്ഷിക്കപ്പെടുവാന്‍ ആത്മ സ്നാനം അത്യാവശ്യമാണ് എന്നു കരുതുന്ന ചില വിഭാഗങ്ങളും ഉണ്ട്. പരിശുദ്ധാത്മ സ്നാനത്തിലൂടെ ഒരു വ്യക്തി തന്റെമേലുള്ള നിയന്ത്രണം ഉപേക്ഷിച്ച്, സമ്പൂര്‍ണ്ണമായി ദൈവത്തിന്റെ അധികാരത്തില്‍ ഏല്‍പ്പിച്ചുകൊടുക്കുകയാണ്. ഇത് ക്രിസ്തുവിനെ കൂടുതല്‍ അനുഭവിച്ച് അറിയുവാനും, അവന്റെ സാന്നിധ്യത്തിലും നിയന്ത്രണത്തിലും ജീവിക്കുവാനും ഒരു വിശുദ്ധ ജീവിതം നയിക്കുവാനും ആവശ്യമാണ്. ദൈവ കൃപയാല്‍ മാത്രമേ ഒരുവന് ആത്മ സ്നാനം പ്രാപിക്കുവാന്‍ കഴിയൂ. ഓരോരുത്തരും അത് ആഗ്രഹിക്കുകയും വേണം.

വെള്ളത്തില്‍ മുഴുകി സ്നാനപ്പെടുന്നതുപോലെ, ആത്മാവില്‍ മുഴുകി സ്നാനം പ്രാപിക്കേണം. ആത്മ സ്നാനം പ്രാപിക്കുന്ന വ്യക്തി പരിശുദ്ധാത്മാവില്‍ നിറയപ്പെടുന്നു. ഇത് പെന്തക്കോസ്ത് നാളില്‍ യേശുവിന്റെ ശിഷ്യന്‍മാര്‍ക്ക് ഉണ്ടായ അനുഭവത്തിന്റെ തനി ആവര്‍ത്തനം ആണ്. ഇതിനെക്കുറിച്ച് അപ്പോസ്തല പ്രവൃത്തികള്‍ 4: 31 ല്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: “ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.”

രക്ഷിക്കപ്പെട്ട എല്ലാവര്‍ക്കും, ആഗ്രഹിക്കുന്നുവെങ്കില്‍, പരിശുദ്ധാത്മ സ്നാനം പ്രാപിക്കുവാന്‍ കഴിയും. വെള്ളത്തലുള്ള സ്നാനം എപ്പോഴും ആത്മ സ്നാനത്തിന് യോഗ്യതയായി ആവശ്യമില്ല. എങ്കിലും വേദപുസ്തകത്തിലെ പൊതുവായ മാതൃക, മാനസാന്തരം, വീണ്ടും ജനനം, വെള്ളത്തലുള്ള സ്നാനം, പരിശുദ്ധാത്മ സ്നാനം എന്നിങ്ങനെയാണ്. എപ്പോള്‍, എങ്ങനെ, എവിടെ വച്ച് ആത്മ സ്നാനം പ്രാപിക്കാം എന്നതിന് നിശ്ചിത പ്രമാണമൊന്നും ഇല്ല. കാരണം അത് ആത്മാവിന്റെ പ്രവര്‍ത്തിയാണ്. പരിശുദ്ധാത്മ സ്നാനം ആത്മാവില്‍ നിറഞ്ഞ ജീവിതത്തിന്റെ ആരംഭം ആണ്. അത് ഒരു തുടര്‍ പ്രക്രിയ ആയിരിക്കേണം. 

പരിശുദ്ധാത്മ സ്നാനം പ്രാപിച്ചു എന്നതിന്റെ പ്രത്യക്ഷ അടയാളം അന്യാഭാഷാ ഭാഷണം ആണ്. “എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി. എന്ന് അപ്പോസ്തല പ്രവൃത്തികള്‍ 2: 4 ല്‍ നമ്മള്‍ വായിക്കുന്നു. അപ്പോസ്തല പ്രവൃത്തികള്‍ 10: 44, 45, 46 വാക്യങ്ങളില്‍ നമ്മള്‍ വായിക്കുന്നത് ഇങ്ങനെ ആണ്: “ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവു വന്നു. അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കയാൽ പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെമേലും പകർന്നതു കണ്ടു വിസ്മയിച്ചു.” അന്യഭാഷാ ഭാഷണം എന്നാല്‍ ഒരു വ്യക്തി പരിശുദ്ധാത്മാവില്‍ തികച്ചും അപരിചിതമായ ഒരു ഭാഷയില്‍ സംസാരിക്കുന്നതാണ്. അത് “ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ” ആയിരിക്കേണം (അപ്പോസ്തല പ്രവൃത്തികള്‍ 2:4). എന്നാല്‍, അസൂസ തെരുവിലെ ഉണര്‍വ്വിന്റെ കാലത്ത് തന്നെ, അന്യ ഭാഷാ ഭാഷണം എന്നത് പരിശുദ്ധാത്മ സ്നാനത്തിന്റെ ഏക പ്രത്യക്ഷ അടയാളം എന്ന പര്‍ഹാമിന്റെ ഉപദേശത്തെ തള്ളിക്കളഞ്ഞിരുന്നു. അന്യഭാഷാ ഭാഷണം പരിശുത്തത്മ സ്നാനത്തിന്റെ ഒരു അടയാളമാണ് എന്നു തിരുത്തപ്പെട്ടു. 

അന്യഭാഷാ ഭാഷണം ചെയ്യുന്നവര്‍ എല്ലാവരും ഒരേ ഭാഷയല്ല സംസാരിക്കുന്നതു. അത് ഒന്നുകില്‍ ഭൂമിയില്‍ മറ്റൊരു സമൂഹം സംസാരിക്കുന്ന ഭാഷ ആയിരിക്കാം. അത് ഭാഷണം ചെയ്യുന്ന വ്യക്തി പഠിച്ചിട്ടുള്ളതോ, അറിഞ്ഞിട്ടുള്ളതോ ആകേണമെന്നില്ല. അല്ലെങ്കില്‍ അത് ദൈവം അവര്‍ക്ക് നല്‍കുന്ന സ്വര്‍ഗ്ഗീയമായ ഒരു ഭാഷ ആയിരിക്കാം. (xenolalia - Acts 2, glossolalia - in Acts 8:17-19, 10:44-46, 19:1-6).

ആത്മ സ്നാനം ഒരു താല്‍ക്കാലിക അനുഭവം അല്ല. ആത്മസ്നാനം പ്രാപിച്ചവര്‍ ആത്മാവില്‍ നിറഞ്ഞവരായി തുടര്‍ന്നു ജീവിക്കുന്നു. ആത്മാവു അവര്‍ക്ക് പാപത്തോടു പോരാടി ജയിക്കുവാന്‍ ശക്തി പകരുന്നു. പാപ പങ്കിലമായ പഴയ ജീവിതത്തെ ഉപേക്ഷിച്ച് ഒരു പുതിയ വിശുദ്ധ ജീവിതം നയിക്കുവാന്‍ പരിശുദ്ധാത്മാവ് സഹായിക്കും. ആത്മസ്നാനം, ആത്മീയ യുദ്ധത്തിനായും വിശ്വാസിയെ ശാക്തീകരിക്കുന്നു. ആത്മീയ യുദ്ധം ആത്മീയ ശത്രുക്കള്‍തിരെയുള്ള യുദ്ധമാണ്. അതിനാല്‍ ആത്മാവിന്റെ നിറവും ശക്തിയും ആവശ്യമാണ്.

ആദ്യ നൂറ്റാണ്ടില്‍ ക്രിസ്തീയ സഭയില്‍ പ്രത്യക്ഷമായിരുന്ന എല്ലാ ആത്മീയ കൃപാവരങ്ങളും ഇന്നും പ്രാപ്യമാണ് എന്ന് പെന്തക്കോസ്ത് സഭകള്‍ പഠിപ്പിക്കുന്നു. ആത്മീയ കൃപാവരങ്ങള്‍ക്കൊപ്പം ആത്മാവിന്റെ ഫലങ്ങളും ഉണ്ട്. ഫലങ്ങള്‍ ഒരു വ്യക്തി വീണ്ടും ജനനം പ്രാപിച്ചു എന്നതിന്റെയും അവന്‍ മാനസാന്തരത്തിന്റെ അനുഭവത്തിലും ആത്മാവിന്റെ നടത്തിപ്പിലും ജീവിക്കുന്നു എന്നതിന്റെയും പ്രത്യക്ഷമായ അടയാളമാണ്.

രക്ഷിക്കപ്പെട്ട എല്ലാ ക്രിസ്തീയ വിശ്വാസികള്‍ക്കും ഒരു അളവില്‍ ആത്മീയ വരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആത്മീയ വരങ്ങള്‍ ദൈവീകമായ സവിശേഷമായ കഴിവുകള്‍ ആണ്. അത് ദൈവ ശക്തിയുടെയും ദൈവീക സാന്നിദ്ധ്യത്തിന്റെയും അടയാളമാണ്. കൃപാവരങ്ങള്‍ ഒരു വ്യക്തിയുടെ സ്വന്തമായ കഴിവുകള്‍ അല്ല, അത് പരിശുദ്ധാത്മാവിന്റെ ആവിഷ്കരണം ആണ്. വ്യക്തികളിലൂടെയാണ് കൃപാവരങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എങ്കിലും അവ ദൈവ സഭയുടെ സ്വത്താണ്. അതിനാല്‍, അത് സഭയുടെ ആത്മീയ വര്‍ദ്ധനവിനായും നടത്തിപ്പിനായും ഉപയോഗിക്കേണം. എല്ലാ കൃപാവരങ്ങളും, അത് പരിശുദ്ധാത്മാവില്‍ നിന്നാണോ എന്ന്  സഭ വിവേചിക്കേണം.

രോഗികളെ സൌഖ്യമാക്കുവാനും, പൈശാചിക ബന്ധനങ്ങളില്‍ നിന്ന് വിടുവിക്കുവാനും, സുവിശേഷ ഘോഷണത്തിനും വേണ്ടിയാണ് ആത്മവരങ്ങള്‍ നല്‍കപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഒരു പട്ടിക, 1 കൊരിന്ത്യര്‍ 12: 8, 9, 10 വാക്യങ്ങളില്‍, അപ്പൊസ്തലനായ പൌലൊസ് പറയുന്നുണ്ട്: ഒരുത്തന്നു ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരുത്തന്നു അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു; വേറൊരുത്തന്നു അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരുവന്നു അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരം; മറ്റൊരുവന്നു വീര്യപ്രവൃത്തികൾ; മറ്റൊരുവന്നു പ്രവചനം; മറ്റൊരുവന്നു ആത്മാക്കളുടെ വിവേചനം; വേറൊരുവന്നു പലവിധ ഭാഷകൾ; മറ്റൊരുവന്നു ഭാഷകളുടെ വ്യാഖ്യാനം.”

ദൈവീക രോഗസൌഖ്യം ഇന്നും ലഭ്യമാണ് എന്നു പെന്തക്കോസ്ത് വിശ്വാസികള്‍ വിശ്വസിക്കുന്നു. രോഗസൌഖ്യം വേദപുസ്തകത്തില്‍ കാണുന്ന ഒരു സത്യമാണ്. രോഗസൌഖ്യം യേശുക്രിസ്തുവിന്റെ പാപയാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. അതിനാല്‍ അത് രക്ഷയുടെ ഭാഗമാണ്. ദേഹം, ദേഹി, ആത്മാവ് എന്നീ മനുഷ്യന്റെ മൂന്നു ഘടകങ്ങള്‍ക്കും രക്ഷ ലഭ്യമാണ്. രോഗം ആദ്യ മനുഷ്യന്‍റെ പാപത്തിലുള്ള വീഴ്ചയാല്‍ ലോകത്തില്‍ വന്നതാണ്. രക്ഷ വീണുപോയ മനുഷ്യന്റെ പുനസ്ഥാപനം ആണ്. യേശുക്രിസ്തുവിന്റെ രണ്ടാമത്തെ പ്രത്യക്ഷതയോടെ രക്ഷിക്കപ്പെട്ട ജനം രോഗങ്ങളില്‍ നിന്നും കഷ്ടതകളില്‍ നിന്നും പൂര്‍ണ്ണമായും വിടുവിക്കപ്പെടും. ഇപ്പോള്‍ അനുഭവിക്കുന്ന രോഗ സൌഖ്യം അതിന്റെ മുന്‍ രുചി ആണ്. 

എങ്കിലും പ്രാര്‍ത്ഥിക്കുന്ന എല്ലാവരും ദൈവീക രോഗസൌഖ്യം പ്രാപിക്കുന്നില്ല. അതിനുള്ള കാരണങ്ങള്‍ ഇതൊക്കെയാണ്. എല്ലാ ദാനങ്ങളെപ്പോലെയും രോഗസൌഖ്യവും ദൈവത്തില്‍ നിന്നും അവന്റെ പരമാധികാരത്തിന് കീഴില്‍ സംഭവിക്കുന്നു. ദൈവം കഷ്ടതകളിലൂടെ വിശ്വാസികളെ വിശ്വാസവും സഹിഷ്ണതയും പഠിപ്പിക്കുന്നു. രോഗ സൌഖ്യം ചിലപ്പോഴെല്ലാം സാവധാനത്തിലും ക്രമേണയും സംഭവിക്കുന്നു. വിശ്വാസത്താല്‍ രോഗസൌഖ്യം ഏറ്റെടുക്കുവാന്‍ ഒരുവന് കഴിയാത്തപ്പോള്‍ രോഗസൌഖ്യം അനുഭവിക്കുവാന്‍ കഴിയാതെ പോയേക്കാം. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റുപറയാത്തതും ഉപേക്ഷിക്കാത്തതുമായ പാപം രോഗ സൌഖ്യത്തിന് തടസ്സമാണ്. എന്നാല്‍ എല്ലാ രോഗങ്ങളുടെയും കാരണം പാപം അല്ല. രോഗികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ വേദപുസ്തകം ഉപദേശിക്കുന്നതിനാല്‍, ദൈവം സൌഖ്യമാക്കുമോ ഇല്ലയോ എന്ന് നോക്കാതെ, രോഗികള്‍ക്കായി പ്രാര്‍ത്ഥിക്കേണം. ദൈവം രോഗം സൌഖ്യമാക്കിയില്ല എങ്കിലും നമ്മളുടെ വിശ്വാസത്തിനും ദൈവത്തിലുള്ള ആശ്രയത്തിനും മാറ്റമുണ്ടാകുകയില്ല. 

പെന്തക്കോസ്ത് മുന്നേറ്റത്തിന്റെ ആദ്യകാലങ്ങളില്‍ രോഗസൌഖ്യത്തിനായി മരുന്ന് കഴിക്കുന്നതും വൈദ്യന്‍മാരെ കാണുന്നതും തെറ്റാണ് എന്ന് വിശ്വാസികള്‍ കരുതിയിരുന്നു. എന്നാല്‍ ക്രമേണ ഈ ചിന്തയ്ക്ക് വ്യത്യാസം വന്നു. എങ്കിലും മരുന്നുകള്‍ ഉപേക്ഷിച്ചിട്ട്, പ്രാര്‍ത്ഥനയാല്‍ മാത്രം രോഗസൌഖ്യം എന്ന വിശ്വസം ഇന്നും ചില പെന്തക്കോസ്ത് സമൂഹകങ്ങളില്‍ ഉണ്ട്.       

ചില പെന്തക്കോസ്ത് സഭകള്‍ കാല്‍ കഴുകല്‍ ഒരു ശുശ്രൂഷയായി അനുഷ്ടിക്കാറുണ്ട്. ഇത് ലാളിത്വത്തേയും ശുശ്രൂഷ മനോഭാവത്തെയും കാണിക്കുന്നു എന്നു അവര്‍ വിശ്വസിക്കുന്നു. (യോഹന്നാന്‍ 13:14-17). തങ്ങളുടെ വരുമാനത്തിന്റെ 10 ശതമാനം ദശാംശമായി സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യുന്നത് പെന്തക്കോസ്ത് ഉപദേശമാണ്.

ദൈവത്തിന്നു പഴയകാലത്തെപ്പോലെ തന്നെ ഇന്നും മനുഷ്യരുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയും എന്ന് പെന്തക്കോസ്ത് വിശ്വാസികള്‍ വിശ്വസിക്കുന്നു. ആദ്യ പെന്തക്കോസ്ത് ദിവസം ഉണ്ടായ പരിശുദ്ധാത്മ പകര്‍ച്ചയുടെ അനുഭവം അന്ത്യ നാളുകളില്‍ വീണ്ടും ഉണ്ടാകും എന്നു അവര്‍ വിശ്വസിക്കുന്നു. പെന്തക്കോസ്ത് നാളിലെ അനുഭവത്തെ മുന്‍ മഴ എന്നും  അന്ത്യനാളുകളിലെ ആത്മ പകര്‍ച്ചയെ പിന്‍മഴ എന്നു അവര്‍ വിളിക്കുന്നു.

കൂദാശകള്‍ എന്ന് വിളിക്കപ്പെടുന്നതൊന്നും പെന്തക്കോസ്ത് സഭകളില്‍ ഇല്ല. തിരുവത്താഴ ശുശ്രൂഷയും സ്നാനവും പെന്തക്കോസ്ത് സഭകളില്‍ ഉണ്ട് എങ്കിലും അത് മറ്റ് സഭാ വിഭാങ്ങളിലെപ്പോലെ കൂദാശകള്‍ അല്ല. അവര്‍ അതിനെ യേശുക്രിസ്തുവിന്റെ കല്‍പ്പനകളും ചട്ടങ്ങളും ആയി കാണുന്നു. അദൃശ്യമായ ആത്മീയ മര്‍മ്മങ്ങളുടെ ദൃശ്യമായ പ്രതീകകങ്ങള്‍ ആണ് കല്‍പ്പനകള്‍ ആയി ആചരിക്കപ്പെടുന്നത്. ഇതില്‍ പ്രധാനമായത് സ്നാനവും തിരുവത്താഴ ശുശ്രൂഷയും ആണ്. ഇവയെ ദൈവ കൃപയുടെ ശ്രോതസ്സായി പെന്തക്കോസ്ത് സഭകള്‍ കണക്കാക്കുന്നില്ല. 

പെന്തക്കോസ്ത് സഭകളില്‍ ആരാധനയ്ക്ക് ഔപചാരികത ഇല്ല. ആരാധന പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടേണ്ടതാണ് എന്നു അവര്‍ വിശ്വസിക്കുന്നു. അവര്‍ വൈകാരികമായും പ്രകടനാത്മകമായും ആരാധനയില്‍ പങ്കെടുക്കുന്നു. ശരീരവും, മനസ്സും, ആത്മാവും സമ്പൂര്‍ണ്ണമായും ആരാധനയില്‍ ഭാഗമാകുന്നു. ആരാധനയില്‍ ദൈവീക സാന്നിധ്യം വ്യക്തിപരമായി തന്നെ അനുഭവപ്പെടേണം എന്നു അവര്‍ ആഗ്രഹിക്കുന്നു. ഇതിനായി വ്യക്തികളെ ഒരുക്കുന്ന രീതിയിലാണ് ആരാധന ക്രമീകരിക്കുന്നത്. അതിനായി ഉച്ചത്തില്‍ പാട്ടുകള്‍ പാടുകയും, ദൈവവചനം വായിക്കുകയും, സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നു.

പരിശുത്മാവിന്റെ കൃപാവരങ്ങള്‍ പ്രകടിപ്പിക്കുവാനും ഉപയോഗിക്കുവാനും വിശ്വാസികള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ട്. ആരാധനയില്‍ ഉള്ള വിശ്വാസികളുടെ പങ്കാളിത്തമാണ് പെന്തക്കോസ്ത് സഭകളുടെ മറ്റൊരു പ്രത്യേകത. വിശ്വാസികള്‍ക്ക് കൈകള്‍ അടിച്ചു ശബ്ദമുണ്ടാക്കി പാട്ടുകള്‍ പാടുവാനും, നൃത്ത്വം ചെയ്യുവാനും ഉള്ള സ്വാതന്ത്ര്യമുണ്ട്. വ്യക്തിപരമായ അനുഭവ സാക്ഷ്യങ്ങള്‍ പറയുവാന്‍ അവസരമുണ്ട്. പ്രസംഗങ്ങള്‍ കൂടുതലും, വേദപുസ്തകത്തിലെ സംഭവങ്ങളെ ആസ്പദമാക്കിയുള്ള നിര്‍ദ്ദേശങ്ങളും, പ്രചോദനങ്ങളും ആണ്. പ്രസംഗങ്ങള്‍ക്കിടയില്‍ വിശ്വാസികള്‍, അനുകൂലമായി പ്രതികരിക്കും. ഇതെല്ലാം അവരുടെ സജീവ പങ്കാളിത്തത്തെ കാണിക്കുന്നു. ആരാധനയിലും പ്രാര്‍ത്ഥനയിലും രോഗികള്‍ സൌഖ്യമാകുക, അന്യഭാഷയില്‍ സംസാരിക്കുക, ദൈവീക ദൂതുകള്‍ അറിയിക്കുക, ഭാവിയെക്കുറിച്ച് പ്രവചിക്കുക, വ്യക്തികളെ വിവേചിച്ച് സംസാരിക്കുക, എന്നിവയെല്ലാം പെന്തക്കോസ്ത് കൂടിവരവുകളില്‍ ഉണ്ടാകും.

അന്ത്യകാലത്ത്, യേശുക്രിസ്തു രാജാധി രാജാവായി വീണ്ടും വരും എന്ന് പെന്തക്കോസ്ത് സഭകള്‍ വിശ്വസിക്കുന്നു. അതിനാല്‍, ക്രിസ്തുവിന്റെ വരവ് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. അതിന് ശേഷം ക്രിസ്തു രാജാവായി, ഈ ഭൂമിയില്‍ ആയിരം ആണ്ട് വാഴ്ചായുണ്ടാകും എന്നും അവര്‍ വിശ്വസിക്കുന്നു. പൊതുവേ പെന്തക്കോസ്ത് സഭകള്‍, മഹോപദ്രവ കാലത്തിനു മുമ്പ് ക്രിസ്തുവിന്റെ രഹസ്യമായ പ്രത്യക്ഷത ഉണ്ടാകും എന്നും അപ്പോള്‍ വിശ്വാസികള്‍ മദ്ധ്യ ആകാശത്തിലേക്ക് എടുക്കപ്പെടും എന്നും, അവര്‍ മഹോപദ്രവ കാലത്ത് മദ്ധ്യാകാശത്തില്‍ ക്രിസ്തുവിനോടു കൂടെ ആയിരിയ്ക്കും എന്നും വിശ്വസിക്കുന്നു. 1830 കളില്‍ ജോണ്‍ നെല്‍സണ്‍ ഡാര്‍ബി എന്ന വേദ പണ്ഡിതനാണ് ഈ ആശയം പ്രചരിപ്പിച്ചത് (John Nelson Darby). പിന്നീട് സ്കോഫീല്‍ഡ് റെഫറന്‍സ് ബൈബിള്‍ ഈ ചിന്തയെ 20 ആം നൂറ്റാണ്ടില്‍ അമേരിക്കയില്‍ പ്രചരിപ്പിച്ചു (Scofield Reference Bible). എന്നാല്‍ ഇപ്പോള്‍ ക്രിസ്തുവിന്റെ വരവ് മഹോപദ്രവ കാലത്തിനു ശേഷമായിരിക്കും എന്നും അതിന് ഒരു പ്രത്യക്ഷത മാത്രമേ ഉണ്ടായിരിക്കുക ഉള്ളൂ എന്നും വിശ്വസിക്കുന്ന അനേകം വേദപണ്ഡിതന്മാര്‍ ഉണ്ട്. 

ആദ്യകാല പെന്തക്കോസ്ത് സഭകള്‍ പൊതുവേ അര്‍മീനിയന്‍ ചിന്തകളെ പിന്തുടരുന്നവര്‍ ആയിരുന്നു. രക്ഷ സുരക്ഷിതമാണ്, അത് നഷ്ടപ്പെടുകയില്ല എന്നു അവര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ അതിനായി ഒരു വിശ്വാസി രക്ഷയുടെ ആദ്യത്തെ അനുഭവത്തിന് ശേഷവും തുടര്‍ന്നും മാനസാന്തരത്തിലും, വിശ്വാസത്തിലും ഉറച്ച് ജീവിക്കേണം. സ്വര്‍ഗ്ഗം, നരകം എന്നിവ യഥാര്‍ത്ഥ്യങ്ങള്‍ ആണ് എന്നു അവര്‍ വിശ്വസിക്കുന്നു.  

പെന്തക്കോസ്ത് വിശ്വാസികള്‍ ഒരു പ്രത്യേക സമൂഹമായി ജീവിക്കുവാന്‍ ഏറെ ഇഷ്ടപ്പെടുന്നു. അവരുടെ ദൈനംദിന പ്രവര്‍ത്തികളും ദൈവീക ആരാധന ആണ്. എല്ലാ നന്മകളും ദൈവത്തിന്റെ ദാനം ആണ്. പെന്തക്കോസ്ത് സഭകള്‍, ദൈവ ശാസ്ത്രത്തെക്കാള്‍ കൂടുതല്‍ അനുഭവങ്ങളില്‍ ഊന്നല്‍ നല്കുന്നു. ഇത് ഒരേ സമയം അവരുടെ ഒരു പ്രത്യേകതയും ന്യൂനതയും ആണ്. വേദശാസ്ത്രപരമായ ആഴത്തിലുള്ള പഠനങ്ങള്‍ പെന്തക്കോസ്ത് സഭകളില്‍ കുറവാണ്.

പെന്തക്കോസ്ത് എന്നത് ഒരു സഘടനാ സംവിധാനവുള്ള സഭയല്ല. അതൊരു മുന്നേറ്റവും അനുഭവവും ആണ്. ഇതില്‍ വിശ്വസിക്കുന്ന അനേകം സഭാ വിഭാഗങ്ങളെ ഈ പേര് ഉള്‍ക്കൊള്ളുന്നു. പെന്തക്കോസ്ത് സഭകള്‍ തീവ്ര സ്വഭാവമുള്ളവരും മൌലീക വാദികളും ആണ് എന്നൊരു തെറ്റിദ്ധാരണ ഉണ്ട്. ക്രിസ്തീയ സഭകളുടെ അടിസ്ഥാന ഉപദേശങ്ങള്‍, പൊതുവേ, പെന്തക്കോസ്ത് സഭകളും അംഗീകരിക്കുന്നുണ്ട്. യുദ്ധങ്ങളെക്കാള്‍ ഉപരി സമാധാന ശ്രമങ്ങള്‍ക്കാണ് പെന്തക്കോസ്ത് വിശ്വാസികള്‍ ഉന്നല്‍ നല്‍കുന്നത്. “എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിപ്പിൻ. ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല.” എന്ന വേദവാക്യം പെന്തക്കോസ്ത് വിശ്വാസത്തിന്റെ ഭാഗം ആണ് (എബ്രയാര്‍ 12:14).

പെന്തക്കോസ്ത് സഭയും സ്ത്രീകളും

ആദ്യകാല പെന്തക്കോസ്ത് മുന്നേറ്റത്തില്‍ സ്ത്രീകള്‍ക്ക് വലിയ പ്രധാന്യം ഉണ്ടായിരുന്നു. പരിശുദ്ധാത്മ സ്നാനം ലഭിച്ചവര്‍, അവര്‍ സ്ത്രീ ആണെങ്കിലും പുരുഷന്‍ ആണെങ്കിലും, ഒരുപോലെ, കര്‍ത്താവിന്റെ രണ്ടാമത്തെ വരവിനായി വിശ്വാസികളെ ഒരുക്കുവാന്‍ കടപ്പെട്ടവരാണ് എന്നതാണ് അവരുടെ കാഴ്ചപ്പാട്. പരിശുദ്ധാത്മ സ്നാനം, സ്ത്രീകളെ നീതീകരിക്കുകയും, ശാക്തീകരികരിക്കുകയും ചെയ്യുന്നു. പര്‍ഹാമിന്‍റെ ബൈബിള്‍ സ്കൂളില്‍, ആഗ്നസ് ഒസ്മാന്‍ എന്ന യുവതിയാണ് ആദ്യമായി അന്യഭാഷാ ഭാഷണത്തോടെ ആത്മ സ്നാനം പ്രാപിച്ചത്. ഫ്ലോറന്‍സ് ക്രാഫോര്‍ഡ്, ഐഡ റോബിന്‍സണ്‍, ഐമീ സെമ്പില്‍ മാക് ഫെര്‍സണ്‍ എന്നിവര്‍ പുതിയ സഭകള്‍ സ്ഥാപിക്കുകയും സഭാ ശുശ്രൂഷകരോ, സഹ ശുശ്രൂഷകരോ ആയി പ്രവര്‍ത്തിക്കുകയും ചെയ്തു. സ്ത്രീകള്‍ ക്രിസ്തീയ ഗാനങ്ങള്‍ എഴുതുകയും പെന്തക്കോസ്ത് പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിക്കുകയും ബൈബിള്‍ സ്കൂളുകളില്‍ പഠിപ്പിക്കുകയും ചെയ്തു. എന്നാല്‍ സഭയില്‍ സ്ത്രീകളുടെ സ്ഥാനത്തെക്കുറിച്ച് ഉള്ള ആശയകുഴപ്പം ആദ്യമുതല്‍ തന്നെ നിലനിന്നു. ക്രമേണ, സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ സഭകളെയും ബാധിച്ചു, സ്ത്രീകളുടെ പ്രവര്‍ത്തന മണ്ഡലങ്ങള്‍ ചുരുങ്ങി വന്നു.

ആദ്യകാല അഭിപ്രായ വ്യത്യാസങ്ങള്‍

ആദ്യകാല പെന്തക്കോസ്ത് വിശ്വാസികള്‍ ജോണ്‍ വെസ്ലിയുടെ ഹോളിനെസ്സ് പരമ്പര്യം ഉള്ളവര്‍ ആയിരുന്നു. അവര്‍ വിശുദ്ധീകരണത്തെ കുറിച്ച് വെസ്ലി പഠിപ്പിച്ച ഉപദേശങ്ങളില്‍ വിശ്വസിക്കുന്നവര്‍ ആയിരുന്നു. വിശുദ്ധീകരണം വ്യക്തവും പൊടുന്നനെ ഉണ്ടാകുന്നതുമായ ദൈവകൃപയുടെ രണ്ടാമത്തെ പ്രവര്‍ത്തനവുമാണ് എന്നു വെസ്ലി പഠിപ്പിച്ചു (definite, instantaneous experience and second work of grace). ആത്മസ്നാനം പ്രാപിക്കുവാന്‍ ഇപ്രകാരമുള്ള വിശുദ്ധീകരണം ആവശ്യമാണ് എന്നും വെസ്ലി വിശ്വസിച്ചു. രക്ഷിക്കപ്പെട്ടതിന് ശേഷമാണ് ഒരു വ്യക്തി വിശുദ്ധീകരണം പ്രാപിക്കുന്നത്. വിശുദ്ധീകരണം പ്രാപിച്ച വിശ്വാസി പാപം ചെയ്യുവാനുള്ള പ്രേരണയില്‍ നിന്നും മുക്തനാണ്. ദൈവകൃപയുടെ അനുഭവം രക്ഷയിലും, വിശുദ്ധീകരണത്തിലും, ആത്മ സ്നാനത്തിലും അനുഭവിക്കുന്നു. താന് വെസ്ലി പഠിപ്പിച്ചത്.

എന്നാല്‍ വെസ്ലിയുടെ ഹോളിനെസ്സ് പ്രസ്ഥാനത്തില്‍ ഉള്‍പ്പെടാത്തവര്‍, പ്രത്യേകിച്ച് ബാപ്തിസ്റ്റ് സഭകളില്‍ നിന്നും പെന്തക്കോസ്ത് വിശ്വാസത്തിലേക്ക് വന്നവര്‍, വ്യത്യസ്ഥമായ കാഴ്ചപ്പാട് ഉള്ളവര്‍ ആയിരുന്നു. 1910 ല്‍ ഷിക്കാഗോയിലെ വില്ല്യം ദര്‍ഹാം, “നിവര്‍ത്തിക്കപ്പെട്ട (പൂര്‍ത്തീകര്‍ക്കപ്പെട്ട) പ്രവര്‍ത്തി” എന്നൊരു ചിന്ത മുന്നോട്ട് വച്ചു.  (William Durham, Finished Work). ഇത് അനുസരിച്ച് ഒരു വ്യക്തി രക്ഷിക്കപ്പെടുമ്പോള്‍ തന്നെ വിശുദ്ധീകരിക്കപ്പെടുന്നു. എങ്കിലും, അതിനുശേഷം, ജീവിതകാലമെല്ലാം ദൈവകൃപയില്‍ അവന്‍ വളര്‍ന്നു കൊണ്ടേയിരിക്കും. വിശുദ്ധീകരണം ഒരു തുടര്‍ പ്രക്രിയ ആണ്. രക്ഷയും ആത്മസ്നാനവും എന്ന രണ്ടു ദൈവകൃപയുടെ അനുഭവങ്ങള്‍ ഉണ്ട്. ഈ ചിന്തകള്‍ പെന്തക്കോസ്ത് മുന്നേറ്റത്തെ രണ്ട് വിഭാഗങ്ങള്‍ ആയി പിരിച്ചു.

1911 ആയപ്പോഴേക്കും വെള്ളക്കാരായ അമേരിക്കക്കാര്‍, അസൂസ തെരുവിലെ കറുത്ത വര്‍ഗ്ഗക്കാരനായ സെയ്മൂറിനോട് അകലുവാന്‍ തുടങ്ങി. അവര്‍ 1914 ല്‍ അമേരിക്കയിലെ അര്‍കന്‍സസ് ല്‍ ഉള്ള ഹോട്ട് സ്പ്രിംഗ് എന്ന സ്ഥലത്തു ഒരുമിച്ചുകൂടി ഒരു പുതിയ ഒരു പെന്തക്കോസ്ത് സഭയ്ക്ക് രൂപം നല്കി (Arkansas, Hot Springs). അങ്ങനെ, “ജനറല്‍ കൌണ്‍സില്‍ ഓഫ് ദി അസംബ്ലീസ് ഓഫ് ഗോഡ്” എന്ന പ്രസ്ഥാനം നിലവില്‍ വന്നു (General Council of the Assemblies of God). ഇവര്‍ “നിവര്‍ത്തിക്കപ്പെട്ട (പൂര്‍ത്തീകര്‍ക്കപ്പെട്ട) പ്രവര്‍ത്തി” എന്ന ഉപദേശത്തെ സ്വീകരിച്ചു. ഇതോടെ പെന്തക്കോസ്തില്‍ ഉണ്ടായിരുന്ന ഉപദേശപരവും, വംശീയവുമായ ഐക്യം ഇല്ലാതെയായി.   

പെന്തക്കോസ്തിന്‍റെ ആകര്‍ഷണത

മത വിശ്വാസങ്ങള്‍ ഏറെ പരിഹസിക്കപ്പെടുന്ന വര്‍ത്തമാന കാലത്ത്, പെന്തക്കോസ്ത് വിശ്വസം വലിയ മുന്നേറ്റം നടത്തികൊണ്ടിരിക്കുകയാണ്. എന്താണ് അതിനുള്ള കാരണം? ആകര്‍ഷണീയവും വിശ്വസനീയവും ആയ ആത്മീയ അനുഭവങ്ങള്‍ ആണ് പെന്തക്കോസ്ത് മുന്നേറ്റത്തിന്റെ പ്രത്യേകത. അവര്‍ വ്യക്തികളുടെ അനുഭവങ്ങളെ ആണ് മുന്നോട്ട് വയ്ക്കുന്നത്. അനുഭവങ്ങള്‍ സത്യമാണ്. അതിനെ ആര്‍ക്കും നിഷേധിക്കുവാന്‍ സാധ്യമല്ലല്ലോ. ഓരോ പ്രദേശത്തിന്റെയും, ദൈവ വചനത്തിന് വിരുദ്ധമല്ലാത്ത സംസ്കാരവും, സംഗീതവും, പാരമ്പര്യവും സ്വീകരിക്കുന്നു എന്നതും പെന്തക്കോസ്ത് സഭകളുടെ ആകര്‍ഷണീയത ആണ്. സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസികള്‍ അത്യുല്‍സാഹികള്‍ ആണ്. പെന്തക്കോസ്ത് വിശ്വസം ദൈവവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നതിനാല്‍, അതിനു ആദ്യ നൂറ്റാണ്ടിലെ അനുഭവത്തോട് ഏറെ താതാത്മ്യം പ്രാപിക്കുവാന്‍ കഴിയുന്നുണ്ട്.

ഇന്ന് പെന്തക്കോസ്ത് സഭകള്‍ ഒരു വലിയ വിശ്വാസ സമൂഹമാണ്. എങ്കിലും, ലോക ക്രൈസ്തവ സഭാവിഭാങ്ങളുടെ വേദികളില്‍ പെന്തക്കോസ്ത് സഭകള്‍ക്ക് വലിയ സ്വധീനം ഇല്ല. ഇത് ലോകപരമായി ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവര്‍ പെന്തക്കോസ്ത് സഭകളില്‍ കുറവാണ് എന്നതിനാലോ, ലോകത്തിലെ സ്ഥാന മാനങ്ങളില്‍ ആത്മീയരായ വിശ്വാസികള്‍ക്ക് താല്‍പര്യമില്ലാത്തതിനാലോ ആകാം. എന്നാല്‍ ഭാവിയില്‍ പെന്തക്കോസ്ത് സഭകളുടെ സ്വധീനം ലോകത്ത് വര്‍ദ്ധിക്കുവാനാണ് സാധ്യത.

പെന്തക്കോസ്ത് വിശ്വാസവും മറ്റ് സഭാ വിഭാഗങ്ങളും

പെന്തക്കോസ്ത് മുന്നേറ്റത്തിന്റെ ആദ്യത്തെ 60 വര്‍ഷങ്ങള്‍, അവരുടെ വിശ്വാസങ്ങളും ആരാധനാ രീതികളും, അവരുടെ വിശ്വാസികളിലും സഭകളിലും മാത്രം ഒതുങ്ങി നിന്നു. മറ്റ് സഭാ വിഭാഗങ്ങള്‍ പെന്തക്കോസ്ത് വിശ്വാസികളെ “ഉരുളുന്ന വിശുദ്ധന്മാര്‍” എന്നു വിളിച്ചു ("holy rollers"). എന്നാല്‍ 1950, 1960 വര്‍ഷങ്ങളില്‍ പെന്തക്കോസ്ത് അനുഭവം മറ്റ് സഭാ വിഭാഗങ്ങളിലേക്കും വ്യാപിച്ചു. ബാപ്തിസ്റ്റ്, ലൂതറന്‍, പ്രെസ്സ്ബിറ്റേറിയന്‍, റോമന്‍ കത്തോലിക്ക സഭകളില്‍ പെന്തക്കോസ്ത് അനുഭവമുള്ള വിശ്വാസികളുണ്ടായി. ഇതിനെ, പെന്തക്കോസ്ത് സഭകളില്‍ നിന്നും വേര്‍തിരിച്ച് കാണുവാന്‍ വണ്ടി, കരിസ്മാറ്റിക്ക് മുന്നേറ്റം എന്നാണ് വിളിക്കുന്നത് (charismatic movement). ഇവരെ നിയോ പെന്തക്കോസ്തലിസം എന്നും വിളിക്കാറുണ്ട് ("neo-Pentecostalism"). ക്രമേണ, പരിശുദ്ധാത്മ സ്നാനം, ആത്മീയ കൃപാ വരങ്ങള്‍ എന്നിവ മറ്റ് സഭകളും അംഗീകരിച്ചു.   

പെന്തക്കോസ്ത് മുന്നേറ്റവും ചെറിയ അഭിപ്രായ വ്യത്യാസങ്ങളാല്‍ ഒന്നിലധികം വിഭാഗങ്ങള്‍ ആയി പിരിഞ്ഞിട്ടുണ്ട്. അവ പ്രധാനമായും ഹോളിനെസ്സ് പെന്തകോസ്ത്, ഫിനിഷ്ഡ് വര്‍ക്ക് പെന്തക്കോസ്ത്, വന്‍നെസ്സ് പെന്തക്കോസ്ത് എന്നിവയാണ്. (Holiness Pentecostals, Finished Work Pentecostals, Oneness Pentecostalism). ഇന്ന് ഏകദേശം 23,000 വ്യത്യസ്ത വിഭാഗങ്ങള്‍ പെന്തക്കോസ്ത് മുന്നേറ്റത്തില്‍ ഉണ്ട്. ഇവരെല്ലാം ദൈവവുമായുള്ള വ്യക്തിപരമായ ബന്ധത്തിലും, യേശുക്രിസ്തുവിലൂടെ ഉള്ള രക്ഷയിലും പരിശുദ്ധാത്മ സ്നാനത്തിലും വിശ്വസിക്കുന്നവര്‍ ആണ്. അന്യഭാഷാ ഭാഷണവും, ആത്മീയ കൃപാ വരങ്ങളും ഫലങ്ങളും അവരുടെ പൊതുവായ വിശ്വാസമാണ്.

പെന്തക്കോസ്ത് സഭകള്‍ക്ക് കേന്ദ്രീകൃതമായ ഒരു ഏക ഭരണ സംവിധാനമോ നേതൃത്വമൊ ഇല്ല. കാരണം അവര്‍ പരിശുദ്ധാത്മാവിന്റെ നിയോഗത്തിലും നടത്തിപ്പിലും വിശ്വസിക്കുന്നവര്‍ ആണ്. എങ്കിലും, പ്രധാനപ്പെട്ട സഭകള്‍ ചേര്‍ന്ന, പെന്തക്കോസ്തല്‍ വേള്‍ഡ് ഫെല്ലൊഷിപ്പ് എന്ന ഒരു ആഗോള സംഘടന നിലവില്‍ ഉണ്ട് (Pentecostal World Fellowship). ഇപ്പോള്‍ ഏകദേശം 3000 ലക്ഷത്തിലധികം വിശ്വാസികള്‍ പെന്തക്കോസ്ത് സഭകളില്‍ ഉണ്ട്. ഇത് വളരെ വേഗം വളരുന്ന ഒരു ക്രൈസ്തവ സഭാ വിഭാഗമാണ്. പെന്തക്കോസ്ത് വിശ്വാസികളേയും മറ്റ് സഭകളിലെ പെന്തക്കോസ്ത് അനുഭവങ്ങളില്‍ വിശ്വസിക്കുന്ന കരിസ്മാറ്റിക്ക് വിശ്വാസികളേയും ഒരുമിച്ച് കൂട്ടിയാല്‍, അവര്‍ ഏകദേശം 6500 ലക്ഷത്തില്‍ അധികം വരും (Charismatic Christianity).

പെന്തക്കോസ്ത് മുന്നേറ്റത്തെക്കുറിച്ചുള്ള ഹൃസ്വമായ ഈ ചരിത്ര വിവരണം ഇവിടെ അവസാനിപ്പിക്കട്ടെ. അതിനു മുമ്പായി, നമ്മളുടെ സുവിശേഷ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി പറയുവാന്‍ ആഗ്രഹിക്കുന്നു.

തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.

വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക. രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.

പഠനക്കുറിപ്പുകള്‍ ഇ-ബുക്ക് ആയി ലഭിക്കുവാന്‍ whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍ 9895524854. ഈ-ബുക്കുകളുടെ ഒരു interactive catalogue ലഭിക്കുവാനും whatsapp ലൂടെ ആവശ്യപ്പെടാം.

ഇ-ബുക്ക് ഓണ്‍ലൈനായി ഡൌണ്‍ലോഡ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ naphtalitribebooks.in എന്ന ഇ-ബുക്ക് സ്റ്റോര്‍ സന്ദര്‍ശിക്കുക. അവിടെ നിന്നും താല്പര്യമുള്ള അത്രയും ഈ-ബുക്കുകള്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. എല്ലാ ഈ-ബുക്കുകളും സൌജന്യമാണ്.

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.  ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍! 

 

No comments:

Post a Comment