ദൈവസഭയുടെ അധികാരം

ഏത് വിഷയവും നമ്മള്‍ മനസ്സിലാക്കുന്നത് അതിനെ നിര്‍വചിച്ചുകൊണ്ടാണ്. ഒരു പക്ഷേ നമ്മള്‍ മനപ്പൂര്‍വ്വമായും ബോധപൂര്‍വ്വമായും എല്ലാ വിഷയങ്ങളെയും നിര്‍വചിക്കാറില്ലായിരിക്കും. ഒരു കാര്യത്തിന് ഒരു നിര്‍വചനം നല്കുവാന്‍ തക്കവണം പ്രാപ്തിയുള്ളവരായി നമ്മള്‍ സ്വയം കരുതുന്നുണ്ടാകുകയുമില്ല. എന്നാല്‍ എല്ലാം നമ്മള്‍ മനസ്സിലാക്കുന്നത് അതിനെക്കുറിച്ചുള്ള നിര്‍വചനത്തിലൂടെയാണ്. നമ്മളുടെ ഉള്ളില്‍ ഉള്ള ചില നിര്‍വചനങ്ങള്‍ നമ്മള്‍ തന്നെ രൂപീകരിച്ചതാണ്. ചിലത് പൊതു സമൂഹം രൂപീകരിച്ചതാണ്. രാജ്യങ്ങളുടെ ഭരണ സംവിധാനവുമായി ബന്ധപ്പെട്ട്, ഭരണഘടനയിലും നിയമങ്ങളിലും നിര്‍വചനങ്ങള്‍ ഉണ്ട്. അതിന് അനുസരിച്ചാണ് അതിന് പ്രമാണങ്ങള്‍ രൂപീകരിക്കുന്നത്. ഇത് ഒരു രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഘടനയുടെ ഭാഗം ആണ്.

ഭൌതീക വിഷയങ്ങളില്‍ എന്നതുപോലെ ആത്മീയ വിഷയങ്ങളിലും, നമ്മള്‍ നല്‍കുന്ന നിര്‍വചനങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രമാണങ്ങള്‍ രൂപീകരിക്കപ്പെടുന്നത്. രക്ഷയെക്കുറിച്ചും വിശുദ്ധിയെക്കുറിച്ചും എല്ലാം നമുക്ക് നിര്‍വചനങ്ങളും അതിനനുസരിച്ച പ്രമാണങ്ങളും ഉണ്ട്. അവ ദൈവരാജ്യത്തിന്റെ സവിശേഷത ആണ്. അതിനാല്‍ പ്രമാണങ്ങള്‍ക്ക് വ്യത്യാസം വരുത്തണമെങ്കില്‍ ആദ്യം നിര്‍വചനത്തെ മാറ്റേണ്ടി വരും.

ദൈവസഭയുടെ അധികാരം എന്നതാണു നമ്മളുടെ ഇന്നത്തെ വിഷയം. അതിനെക്കുറിച്ചുള്ള പഠനം, അധികാരത്തെ നിര്‍വചിച്ചുകൊണ്ട് ആരംഭിക്കാം. അധികാരം എന്നാല്‍ അനുസരിക്കേണ്ടതും അനുസരിക്കപ്പെടേണ്ടതും ആയ ആഞ്ജാശക്തിയാണ്. അധികാരം നമ്മള്‍ അനുസരിക്കേണ്ടതാണ്, അധികാരം മറ്റുള്ളവര്‍ അനുസരിക്കേണ്ടതാണ്. അധികാരത്തിനു എപ്പോഴും ഒരു ശ്രേണി ഉണ്ടായിരിക്കും. ഈ ശ്രേണിയില്‍, കല്‍പ്പനകള്‍ പുറപ്പെടുവിക്കുന്ന ഒരു ഉന്നതനും അത് അനുസരിക്കുന്ന താഴ്ന്നവനും ഉണ്ടായിരിക്കും. ഏറ്റവും അവസാന പടിയില്‍ നില്‍ക്കുന്നവനും എന്തിന്റെയെങ്കിലും മേല്‍ അധികാരം ഉണ്ടായിരിക്കും. അധികാരത്തിന്റെ ശ്രേണിയില്‍, അധികാരം ഇല്ലാത്തവരായി ആരും ഉണ്ടാകില്ല. അധികാരം ചിലത് ചെയ്യുവാനുള്ള ഉത്തരവാദിത്തം കൂടിയാണ്.   

 
നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത് ഭൌതീക അധികാരമല്ല. രക്ഷിക്കപ്പെട്ട ദൈവജനത്തിന്റെയും, ക്രിസ്തീയ സഭയുടെയും ആത്മീയ അധികാരമാണ് നമ്മളുടെ വിഷയം. രക്ഷിക്കപ്പെട്ട ദൈവജനവും സഭയും ഒന്നുതന്നെയാണ്. ക്രിസ്തീയ സഭ എന്നതിന് വലിയ ഒരു കൂട്ടമോ ഒരു സംഘടനയോ ആവശ്യമില്ല. ഇതും നമ്മളുടെ ചിന്തയില്‍ ഉള്‍പ്പെടും.

മത്തായി എഴുതിയ സുവിശേഷം 8 ആം അദ്ധ്യായം 5 മുതല്‍ 13 വരെയുള്ള ഭാഗത്ത് ഒരു രോഗ സൌഖ്യത്തിന്റെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിലെ പ്രധാന വ്യക്തി, നമ്മളുടെ കര്‍ത്താവ് കഴിഞ്ഞാല്‍, ഒരു റോമന്‍ ശതാധിപന്‍ ആണ്. ശതാധിപന്‍ എന്നു പറഞ്ഞാല്‍ 100 റോമന്‍ പടയാളികളുടെ അധിപനായ ഒരു സൈനീക ഉദ്യോഗസ്ഥന്‍ ആണ്. ഇത് നടക്കുന്നത് കഫർന്നഹൂം എന്ന സ്ഥലത്തുവച്ചാണ്. അത് ഗലീലയുടെ വടക്ക് പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്തിരുന്ന ഒരു പട്ടണം ആയിരുന്നു. ഇതൊരു തുറമുഖ പട്ടണം ആയിരുന്നതിനാല്‍, രാക്ഷ്ട്രീയമായും സാമ്പത്തികമായും തന്ത്രപ്രധാനമായ ഇടം ആയിരുന്നു. അതിനാല്‍ ഇവിടെ സ്ഥിരമായി ഒരു റോമന്‍ സൈനീക താവളം ഉണ്ടായിരുന്നു.

യേശുക്രിസ്തു, പത്രൊസ്, അന്ത്രെയാസ്, മത്തായി എന്നിവരെ ശിഷ്യന്മാരായി വിളിച്ച് ചേര്‍ത്തത് ഈ പട്ടണത്തില്‍ നിന്നായിരുന്നു. യേശുവിന്റെ കാലത്ത്, ഗലീല, യഹൂദ എന്നീ പ്രദേശങ്ങള്‍ എല്ലാം റോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. റോമന്‍ സാമ്രാജ്യം വളരെ വിശാലമായ ഒരു രാജ്യം ആയിരുന്നതിനാല്‍, അവര്‍ അതിനെ പല പ്രവിശ്യകള്‍ ആയി വേര്‍തിരിച്ച്, അവിടെ പ്രാദേശിക ഭരണാധികളെ നിയമിച്ചായിരുന്നു ഭരണം നടത്തിയിരുന്നത്. ഈ പ്രദേശങ്ങളില്‍ നിന്നും റോമന്‍ സാമ്രാജ്യം നികുതി പിരിച്ചിരുന്നു. എല്ലാ രാക്ഷ്ട്രീയ അധികാരങ്ങളും റോമന്‍ ഭരണകര്‍ത്താക്കളില്‍ നിഷിപ്തം ആയിരുന്നു. എന്നാല്‍ അവര്‍ മതകാര്യങ്ങളിലും പ്രാദേശിക സംസ്കാരത്തിലും അധികമായി ഇടപെട്ടിരുന്നില്ല. റോമന്‍ സാമ്രാജ്യത്തിന്റെ താല്പര്യങ്ങള്‍ ഇവിടെയെല്ലാം, എല്ലാ കാര്യത്തിലും സംരക്ഷിക്കപ്പെടുന്നു എന്നു തീര്‍ച്ചയാക്കുകയും ചെയ്യും.

ഈ പ്രദേശങ്ങളില്‍ പലപ്പോഴും റോമന്‍ സാമ്രാജ്യത്തിന് എതിരെ കലാപങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത് റോമന്‍ സമാധാനം എന്ന അവരുടെ പ്രഖ്യാപിത നയത്തിന് എതിരായിരുന്നു. കലാപകാരികളെ രാജ്യദ്രോഹികള്‍ ആയി കണ്ട്, ക്രൂശീകരണം പോലെയുള്ള കടുത്ത ശിക്ഷ നല്കിയിരുന്നു. ഇത്തരം കലാപങ്ങള്‍ ഉണ്ടാകാതെ ഇരിക്കുവാനും, അതിനെ തുടക്കത്തില്‍ തന്നെ അടിച്ചമര്‍ത്തുവാനും ആയിരുന്നു അവിടെ സൈന്യത്തെ നിയോഗിച്ചിരുന്നത്.  

ഇവിടെ ഉണ്ടായിരുന്ന റോമന്‍ സൈന്യത്തിന്റെ ശേഷി എത്രമാത്രമായിരുന്നു എന്നു നമുക്ക് കൃത്യതയില്ല. എന്നാല്‍ ഇവിടെ ഉണ്ടായിരുന്ന സൈന്യത്തില്‍ 100 ല്‍ അധികം പടയാളികള്‍ ഉണ്ടായിരുന്നിരിക്കേണം. അതില്‍ 100 പേരുടെ അധിപനായിരുന്നു, നമ്മള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന സംഭവത്തിലെ ശതാധിപന്‍.

ഒരു ശതാധിപന്‍, ഒരു സൈന്യത്തിലെ പരമാധികാരി അല്ല. അദ്ദേഹം മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സൈനീക ഉദ്യോഗസ്ഥന്‍ ആണ്. അദ്ദേഹത്തിന്റെ കീഴില്‍ 100 പടയാളികള്‍ ഉണ്ട്. ഉന്നത അധികാരി ആഞ്ജാപിക്കുന്ന കല്‍പ്പനകള്‍ ശതാധിപന്‍ തന്റെ പടയാളികളിലൂടെ ദേശത്തു നടപ്പാക്കുന്നു. ശതാധിപന് അത്യാവശ്യഘട്ടങ്ങളില്‍ സ്വന്തമായി തീരുമാനങ്ങള്‍ എടുത്തു പ്രവര്‍ത്തിക്കുവാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. നിയന്ത്രണാധീതമായ ആക്രമങ്ങള്‍ പട്ടണത്തില്‍ പൊട്ടിപുറപ്പെട്ടാല്‍, ഉടന്‍ തന്നെ അതിനെ അടിച്ചമര്‍ത്തുവാനും കലാപകാരികളെ പിടിച്ച് തുറുങ്കില്‍ അടയ്ക്കുവാനും അദ്ദേഹത്തിന് അധികാരം ഉണ്ട്. ഈ അധികാരത്തെ നമുക്ക് കൈമാറ്റം ചെയ്യപ്പെട്ട അധികാരം എന്നു വിളിക്കാം. അദ്ദേഹം ഉപയോഗികുന്ന അധികാരം റോമന്‍ സാമ്രാജ്യത്തിന്റെയും ചക്രവര്‍ത്തിയുടെയും അധികാരമാണ്. അധികാരം സ്വതന്ത്രമായി ഉപയോഗിക്കാം എങ്കിലും, അതിന് ചക്രവര്‍ത്തിയോട് കണക്ക് ബോധിപ്പിക്കേണ്ടി വരും.

റോമന്‍ സൈന്യത്തിന്റെ ഭാഗമായിരുന്നതിനാല്‍, ശതാധിപന്‍റെ മേല്‍ അധികാരം ഉള്ള ഉന്നത വ്യക്തികള്‍ ഉണ്ടായിരുന്നു. അവന് കീഴില്‍ പടയാളികളും ഉണ്ടായിരുന്നു. അവരെല്ലാം സാമ്രാജ്യത്തിന്റെ അധികാരത്തിന്‍ കീഴിലുള്ളവര്‍ ആണ്. ശതാധിപനും അവന് മുകളില്‍ ഉള്ള അധികാരികള്‍ക്കും സ്വന്തമായി നയങ്ങള്‍ ഇല്ല. എല്ലാവരുടെയും അധികാരങ്ങള്‍ റോമന്‍ സാമ്രാജ്യത്തിന്റെ നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും വിധേയം ആണ്. അതായത് റോമന്‍ സാമ്രാജ്യത്തിന്റെ നയങ്ങള്‍ ആണ് ശതാധിപന്‍ നടപ്പിലാക്കുന്നത്. അതിനാണ് ശതാധിപനെ ആ പ്രദേശത്ത് നിയമിച്ചിരിക്കുന്നത്.

ഈ സാമൂഹിക, രാക്ഷ്ട്രീയ പശ്ചാത്തലത്തിന്, നമ്മളുടെ പഠനവുമായി വളരെ ബന്ധമുണ്ട്. അതിനാല്‍ ഇതെല്ലാം മനസ്സില്‍ സംഗ്രഹിച്ചുകൊണ്ടു നമുക്ക് മുന്നോട്ട് നീങ്ങാം.

കഫർന്നഹൂം, ഗലീല പ്രദേശത്തുണ്ടായിരുന്ന ഒരു തുറമുഖ പട്ടണമായിരുന്നു എന്നു പറഞ്ഞല്ലോ. ഗലീലക്കാര്‍ റോമന്‍ സാമ്രാജ്യത്തിന്റെ അധിനിവേശത്തെ ശക്തമായി എതിര്‍ത്തിരുന്നവര്‍ ആണ്. അവരില്‍ ഉള്ള ഒരു കൂട്ടം സ്വാതന്ത്ര്യ സമര പോരാളികളെ ആണ് എരിവുകാര്‍ എന്നു സുവിശേഷങ്ങളില്‍ വിളിക്കുന്നത്. യേശുവിന്റെ ശിഷ്യന്മാരില്‍ ശിമോന്‍ ഒരു ഗലീലിയ എരിവുകാരന്‍ ആയിരുന്നു. അന്നത്തെ രാക്ഷ്ട്രീയ സാഹചര്യത്തില്‍ റോമാക്കാരും ഗലീലക്കാരും ശത്രുക്കളെപ്പോലെയാണ് പരസ്പരം കരുതിയിരുന്നത്. ഗലീലക്കാര്‍ റോമന്‍ സാമ്രാജ്യത്തിനെതിരെ കലാപം ഉണ്ടാക്കുന്നവരും റോമാക്കാന്‍ സ്വദേശീയരായ ഗലീല യഹൂദന്മാരെ അടിച്ചമര്‍ത്തി ഭരിക്കുന്ന അധിനിവേശക്കാരും ആയിരുന്നു. മശിഹായ്ക്കുവേണ്ടിയും അവന്‍ സ്ഥാപിക്കുന്ന വാഗ്ദത്ത രാജ്യത്തിനുവേണ്ടിയും കാത്തിരിക്കുന്ന യഹൂദന്മാര്‍ റോമാക്കാരെ ദേശത്തു നിന്നും പായിക്കുവാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു. ഇത് ഇടയ്ക്കിടെ ആഭ്യന്തര കലാപങ്ങള്‍ക്ക് വഴിവച്ചു. കലാപങ്ങളെ റോമന്‍ സൈന്യം നിഷ്ഠൂരമായി അടിച്ചമര്‍ത്തുമായിരുന്നു. ഇത് കലാപങ്ങളെയോ, സാമ്രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെയോ തളര്‍ത്തിയില്ല. എന്നു മാത്രമല്ല, യഹൂദന്മാരും റോമാക്കാരും തമ്മിലുള്ള ശത്രുത വലുതായിക്കൊണ്ടിരുന്നു. യഹൂദന്മാരുടെ ശത്രുവാണ് റോമന്‍ സൈന്യവും അതിന്റെ ശതാധിപനും. പലപ്പോഴും യഹൂദന്‍റെ സ്വാതന്ത്ര്യ പോരാട്ടങ്ങളെ അടിച്ചമര്‍ത്തിയിരുന്നത് ശതാധിപന്റെ നേതൃത്വത്തില്‍ ഉള്ള റോമന്‍ സൈന്യം ആണ്.  

യേശു, റോമന്‍ ശതാധിപന്റെ ദാസനെ സൌഖ്യമാക്കുന്ന സംഭവം മത്തായി 8 ആം അദ്ധ്യായത്തില്‍ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. യേശു കഫർന്നഹൂമിൽ എത്തിയപ്പോൾ ഒരു ശതാധിപൻ വന്നു അവനോടു: കർത്താവേ, എന്റെ ബാല്യക്കാരൻ പക്ഷവാതം പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടിൽ കിടക്കുന്നു എന്നു അപേക്ഷിച്ചു പറഞ്ഞു. യേശു അവനോടു: “ഞാൻ വന്നു അവനെ സൗഖ്യമാക്കും” എന്നു പറഞ്ഞു. അതിന്നു ശതാധിപൻ: കർത്താവേ, നീ എന്റെ പുരെക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരന്നു സൗഖ്യം വരും. (8:8).

ശതാധിപന്‍ അവന്റെ ദാസന്റെ രോഗ സൌഖ്യത്തിനായി യേശു എന്ന യഹൂദ റബ്ബിയുടെ സഹായം തേടിയത് എന്തുകൊണ്ടാണ് എന്നു നമുക്ക് തീര്‍ച്ചയില്ല. തുടര്‍ന്നുള്ള അവന്റെ വാക്കുകളില്‍, അവന്‍ യഹൂദ മത വിശ്വസത്തോടും യഹോവയായ ദൈവത്തോടും താല്‍പര്യം ഉള്ളവനാണ് എന്നു ഗ്രഹിക്കാം. എന്നാല്‍ മറ്റൊരു റോമന്‍ സൈന്യാധിപന്‍ ആയിരുന്ന കൊര്‍ന്നേല്യൊസ് നെപ്പോലെ അവന്‍ യഹൂദ മത വിശ്വാസത്തെ അംഗീകരിച്ച് ജീവിച്ചുവോ എന്നു നമുക്ക് തീര്‍ച്ചയില്ല.

റോമന്‍ ശതാധിപന്റെ ദാസനാണ് രോഗിയായിരുന്നത്. അവന്‍ വല്ലാതെ പ്രയാസത്തിലായിരുന്നു. അവന്‍ ദീര്‍ഘനാളായി രോഗിയായിരുന്നുവോ എന്നു നമുക്ക് തീര്‍ച്ചയില്ല. ഒരു പക്ഷേ, മറ്റ് വൈദ്യന്‍മാര്‍ ചികില്‍സിച്ചിട്ടും രോഗം ഭേദമാകാത്ത സ്ഥിതിയില്‍ ആയിരുന്നിരിക്കാം. യേശു എന്ന ഒരു യഹൂദ റബ്ബിയെക്കുറിച്ചും, അവന് രോഗങ്ങളെ സൌഖ്യമാക്കുവാന്‍ കഴിവുണ്ട് എന്നതിനെക്കുറിച്ചും ശതാധിപന്‍ കേട്ടിട്ടുണ്ടായിരിക്കാം. ഈ ശതാധിപന് ഒരു പക്ഷേ, യഹൂദ റബ്ബിമാരോടു ബഹുമാനം ഉള്ള വ്യക്തി ആയിരുന്നിരിക്കാം. എന്തായാലും, അവന്‍ യേശുവിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. ശതാധിപന്റെ അപേക്ഷയ്ക്കുള്ള യേശുവിന്റെ മറുപടി പ്രധാനപ്പെട്ടതാണ്: “ഞാൻ വന്നു അവനെ സൗഖ്യമാക്കും” അതായത് യഹൂദ റബ്ബിയായ യേശു, ജാതീയനയും യഹൂദന്മാരുടെ ശത്രുവായി കണക്കാക്കപ്പെട്ടിരുന്നവനും ആയ റോമന്‍ ശതാധിപന്റെ വീട്ടില്‍ ചെന്നു അവന്റെ ദാസനെ സൌഖ്യമാക്കുവാന്‍ തീരുമാനിച്ചു.

യേശുവിന്റെ ഈ പ്രവൃത്തി സാമൂഹികമായി ഒരു വിപ്ലവാത്മകമായ തീരുമാനമാണ്. ഏതെങ്കിലും ഒരു യഹൂദന്‍ റോമാക്കാരോടു സഹകരിക്കുന്നത് കണ്ടാല്‍ അവരെ ഒറ്റുകാരായി കണ്ട്, അവരെ കൊല്ലേണം എന്നു ചിന്തിക്കുന്നവരായിരുന്നു എരിവുകാര്‍, എരിവുകാരുടെ ഗൃദയഭൂമിയില്‍ ആണ് ഇപ്പോള്‍ ഒരു യഹൂദ റബ്ബി ഒരു റോമന്‍ ശതാധിപന്റെ വേലക്കാരനെ സൌഖ്യമാക്കുവാന്‍ അവന്റെ വീട്ടിലേക്ക് പോകുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇവിടെ യേശു നല്‍കുന്ന സന്ദേശം വ്യക്തമാണ്. യേശു പ്രഖ്യാപ്പിച്ച ദൈവരാജ്യവും യഹൂദന്മാര്‍ സ്ഥാപിക്കുവാന്‍ ശ്രമിക്കുന്ന ദൈവരാജ്യവും തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്. യേശുവിന്റെ ദൈവരാജ്യത്തിന്‍റെ നിയമം ശത്രുക്കളെ സ്നേഹിക്കുക എന്നതാണ്. യേശുവിന്റെ ദൈവരാജ്യം ഐഹികം അല്ല എന്നതിനാല്‍, അവന് ഈ ഭൂമിയില്‍ ശത്രുക്കള്‍ ഇല്ല. ദൈവരാജ്യം വന്നിരിക്കുന്നു എന്നു അടയാളങ്ങളിലൂടെ റോമന്‍ ജാതീയരും അറിഞ്ഞിരിക്കേണം. യേശുവിന്റെ ദൈവരാജ്യത്തില്‍, അവനില്‍ വിശ്വസിക്കുന്ന യഹൂദനും, ജാതീയര്‍ക്കും ഒരുപോലെ പ്രവേശനമുണ്ട്. ദൈവകൃപയാല്‍, ദൈവരാജ്യം ശതാധിപന്റെ ഭവനത്തിലേക്ക്, ഒരു ജാതീയന്റെ ഭവനത്തിലേക്ക് നീട്ടപ്പെടുകയാണ്. അവന്റെ യോഗ്യത, ക്രിസ്തുവിലുള്ള വിശ്വസം മാത്രമാണ്.

യേശുവിന്റെ ഈ തീരുമാനം, ശതാധിപനെപ്പോലും ഞെട്ടിച്ചുകാണും. ഉടന്‍ തന്നെ അവന്‍ പ്രതികരിച്ചു: “കർത്താവേ, നീ എന്റെ പുരെക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരന്നു സൗഖ്യം വരും.” (8:8). യോഗ്യനല്ല എന്നു പറയുന്നത്, അര്‍ഹതയില്ല, തുല്യതയില്ല എന്നീ അര്‍ത്ഥങ്ങളില്‍ ആണ്. യഹൂദ റബ്ബിയായ യേശു അവന്റെ വീട്ടില്‍ ചെല്ലുവാന്‍, അവന്‍ യേശു എന്ന യഹൂദ റബ്ബിയോട് തുല്യതയില്ലാത്തവന്‍ ആണ്. യേശുവിന്റെ കൃപ സ്വീകരിക്കുവാന്‍ അവന് യാതൊരു അര്‍ഹതയും ഇല്ല. അവന്‍ ജാതീയനും റോമാക്കാരനും, ശതാധിപനും, യഹൂദന്മാരുടെ ശത്രുവുമാണ്. യേശു അവനെക്കാള്‍ വലിയവനും ശ്രേഷ്ഠനും ഉന്നത അധികാരമുള്ളവനും ആണ്. ശതാധിപന്‍ ദൈവ കൃപയില്‍ നിന്നും അകന്നവന്‍ ആണ്. ഇതെല്ലാം ആണ് അവന്റെ വാക്കുകളില്‍ ഉള്ളത്.

യേശു തുടര്‍ന്നു ശതാധിപന്റെ വീട്ടില്‍ പോയതായി നമ്മള്‍ ഈ വേദഭാഗത്ത് വായിക്കുന്നില്ല. : “പോക, നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ” എന്നു യേശു പറഞ്ഞു. ആ നാഴികയിൽ തന്നേ അവന്റെ ബാല്യക്കാരന്നു സൗഖ്യം വന്നു.” എന്നാണ് നമ്മള്‍ അവിടെ വായിക്കുന്നത്. യേശു കല്‍പ്പിച്ചു, ശതാധിപന്‍ വിശ്വസിച്ചതുപോലെ തന്നെ, രോഗം യേശുവിനെ അനുസരിച്ചു, അത് അവന്റെ ദാസനെ വിട്ടുപോയി. രോഗി സൌഖ്യം പ്രാപിച്ചു. ഇത് യേശുവിനും അവന്‍ വിളമ്പരം ചെയ്ത ദൈവരാജ്യത്തിനും രോഗങ്ങളുടെമേലുള്ള അധികാരത്തിന്റെ അടയാളമാണ്. രോഗങ്ങള്‍ ദൈവരാജ്യത്തിന്റെ ഭാഗമല്ല, രോഗങ്ങള്‍ മറ്റൊരു സംവിധാനത്തിന്റെ സൃഷ്ടിയാണ്. രോഗങ്ങള്‍ ദൈവരാജ്യത്തിന് കീഴ്പ്പെട്ടിരിക്കുന്നു.

ഇവിടെ ശതാധിപന്‍ അധികാരത്തിന് വ്യക്തമായ ഒരു നിര്‍വചനം പറയുന്നുണ്ട്. ആ വേദഭാഗം നമുക്ക് വായിയ്ക്കാം: 


മത്തായി 8: 9 ഞാനും അധികാരത്തിൻ കീഴുള്ള മനുഷ്യൻ ആകുന്നു. എന്റെ കീഴിൽ പടയാളികൾ ഉണ്ടു; ഞാൻ ഒരുവനോടു: പോക എന്നു പറഞ്ഞാൽ പോകുന്നു; മറ്റൊരുത്തനോടു: വരിക എന്നു പറഞ്ഞാൽ വരുന്നു; എന്റെ ദാസനോടു: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.

ശതാധിപന്‍ പറയുന്നതിതാണ്: അവന്‍ അധികാരത്തിന്‍ കീഴില്‍ ഉള്ള മനുഷ്യന്‍ ആണ്. അതായത്, അവന് മുകളില്‍, അവന് കല്‍പ്പനകള്‍ നല്‍കുന്ന അധികാരികള്‍ ഉണ്ട്. അവന്‍ അത് സ്വീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നു. അവന്‍ നടപ്പിലാക്കുന്നത് റോമന്‍ സാമ്രാജ്യത്തിന്റെ കല്‍പ്പനകളും, നിയമങ്ങളും, താല്പര്യങ്ങളും ആണ്. അവന് സ്വന്തമായി നിയമങ്ങളോ, താല്പര്യങ്ങളോ ഇല്ല. അവന്‍ റോമന്‍ സാമ്രാജ്യത്തിന്റെ ദാസന്‍ ആണ്. ദാസന്‍ പ്രമാണങ്ങളോ, നയങ്ങളോ രൂപീകരിക്കുന്നില്ല. ഒരു പടയാളി അവന്റെ രാജാവിനായി പോരാടുന്നു എന്നു മാത്രം. റോമന്‍ ശതാധിപന്‍ ഒരു യോദ്ധാവും, ദാസനും മാത്രമാണ്.

 ശതാധിപന്‍റെ അധികാരത്തിന്‍ കീഴില്‍, അവന്‍ പറയുന്നതു അനുസരിക്കുന്ന 100 പടയാളികള്‍ ഉണ്ട്. അവന് കല്‍പ്പിക്കുവാന്‍ അധികാരം ഉണ്ട്. അവന് അധികാര പരിധിയുള്ള പ്രദേശമുണ്ട്. അവന്‍ ഒരര്‍ത്ഥത്തില്‍ ആ പ്രദേശത്തിന്റെ അധികാരിയാണ്. അധികാരം ഒരു ശ്രേണിയാണ്. അത് ഒരു ഗോവേണി പോലെയാണ്. അത് മുകളില്‍ നിന്നും താഴേക്കു പ്രവര്‍ത്തിക്കുന്നു. ഏറ്റവും താഴത്തെ തട്ടിലുള്ള പടയാളിക്ക് പോലും അവന്റെതായ അധികാരം ഉണ്ട്.

ഈ അധികാരത്തിന്റെ പ്രവര്‍ത്തന രീതി വളരെ ലളിതമായി ശതാധിപന്‍ ഒരു വാക്യത്തില്‍ വിവരിക്കുന്നു. അവന്‍ പറഞ്ഞു: “ഞാൻ ഒരുവനോടു: പോക എന്നു പറഞ്ഞാൽ പോകുന്നു; മറ്റൊരുത്തനോടു: വരിക എന്നു പറഞ്ഞാൽ വരുന്നു; എന്റെ ദാസനോടു: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു”. അതായത്, അവനോടു അവന്റെ മേലധികാരി പോക എന്നു പറഞ്ഞാല്‍ അവന്‍ പോകുന്നു. വരിക എന്നു പറഞ്ഞാല്‍ അവന്‍ വരുന്നു. ഇത് ചെയ്ക എന്നു പറഞ്ഞാല്‍ അവന്‍ അത് ചെയ്യും. ചെയ്യരുത് എന്നു പറഞ്ഞാല്‍ അവന്‍ അത് ചെയ്യുക ഇല്ല. ഇതേ അധികാരം ശതാധിപനും ഉണ്ട്. അവന്‍ അവന്റെ കീഴിലുള്ള പടയാളികളോട് പോകുക എന്നു പറഞ്ഞാല്‍, അവന്‍ പോകും, വരുക എന്നു പറഞ്ഞാല്‍ അവന്‍ വരും, ഇത് ചെയ്യുക എന്നു പറഞ്ഞാല്‍ അവന്‍ അത് ചെയ്യും, ചെയ്യരുത് എന്നു പറഞ്ഞാല്‍ അവന്‍ അത് ചെയ്യുക ഇല്ല.

അധികാരത്തെ ഇത്ര ലളിതമായി വിശദീകരിക്കുന്ന മറ്റൊരു വാചകം നമുക്ക് ലഭ്യമല്ല. ഇതില്‍ നിന്നും ഒരു നിര്‍വചനം രൂപീകരിച്ചാല്‍ അത് ഇങ്ങനെ ആയിരിയ്ക്കും: അധികാരം അനുസരിക്കുവാനും, അനുസരിപ്പിക്കുവാനും ഉള്ള ആഞ്ജാശക്തിയാണ്. ഈ ശക്തി യേശുവിന് ഉണ്ട് എന്നും അതിനാല്‍ യേശുവിന്റെ അധികാര പരിധിയില്‍ ഉള്ള രോഗങ്ങള്‍, യേശു പറഞ്ഞാല്‍ വിട്ടുപോകുകയും അവന്റെ ദാസന് സൌഖ്യമാകുകയും ചെയ്യും.

ശതാധിപന്റെ ഈ പ്രസ്താവന അവന്റെ വിശ്വാസത്തിന്റെ പ്രഖ്യാപനമായിട്ടാണ് യേശു കണ്ടത്. ഒരു പരീക്ഷണം എന്ന രീതിയില്‍ ശതാധിപന്‍ രോഗസൌഖ്യത്തിനായി യേശുവിനെ സമീപിക്കുക ആയിരുന്നില്ല. യേശു കല്‍പ്പിച്ചാല്‍ ഒരു പക്ഷേ രോഗി സൌഖ്യമാകും എന്നല്ല ശതാധിപന്‍ പറഞ്ഞത്. യേശുവിന് രോഗങ്ങളുടെമേല്‍ അധികാരം ഉണ്ട് എന്നും അധികാരമുള്ളവന്‍ കല്‍പ്പിച്ചാല്‍ രോഗം വിട്ടുപോകും എന്ന വിശ്വസമാണ് അവന്‍ പ്രഖ്യാപിച്ചത്. ഈ വിശ്വസം ഉള്ളതിനാല്‍ ആണ് ശതാധിപന്‍ യേശുവിന്റെയടുക്കല്‍ അവന്റെ വേലക്കാരനെ സൌഖ്യമാക്കുവാനുള്ള അപേക്ഷയുമായി എത്തിയത്.

യേശു അവന്റെ വാക്കുകള്‍ കേട്ടിട്ടു അതിശയിച്ചു. “യിസ്രായേലിൽകൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല” എന്നു കൂടെ ഉള്ളവരോടു പറഞ്ഞു. യേശു ശതാധിപന്റെ പ്രസ്താവനയെ, ദൈവരാജ്യത്തിന്റെ അധികാരത്തില്‍ ഉള്ള വിശ്വാസത്തിന്റെ പരസ്യ പ്രഖ്യാപനമായിട്ടാണ് കണ്ടത്. യേശു ദൈവരാജ്യത്തിന്റെ രാജാവാണ്. അവന് രോഗത്തിന്റെ മേല്‍ അധികാരം ഉണ്ട്. അവന്‍ കല്‍പ്പിച്ചാല്‍ രോഗങ്ങള്‍ വിട്ടുപോകും.

യേശുക്രിസ്തുവിന്റെ എല്ലാ അത്ഭുതങ്ങളും അടയാളങ്ങള്‍ ആയിരുന്നു. യേശു ദൈവരാജ്യം വന്നിരിക്കുന്നു എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് സുവിശേഷ പ്രഘോഷണം ആരംഭിക്കുന്നത്. അവന്‍ രാജാവാണ്. യേശു യഹൂദന്മാര്‍ പ്രത്യാശിച്ചിരുന്ന മശിഹാ ആണ്.

 

മര്‍ക്കോസ് 1: 14, 15  

14   എന്നാൽ യോഹന്നാൻ തടവിൽ ആയശേഷം യേശു ഗലീലയിൽ ചെന്നു ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു:

15   കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞു.

ഇതായിരുന്നു യേശുവിന്റെ ആദ്യത്തെ പ്രഖ്യാപനം. യേശു ഈ പ്രഖ്യാപനം ചെയ്യുന്നത് ഗലീലയിലെ കഫര്‍ന്നഹൂമില്‍ ആണ് (മത്തായി 4:17). ശതാധിപന്‍ അത് വിശ്വസിച്ചു.

ഒരിക്കല്‍ യോഹന്നാന്‍ സ്നാപകന്റെ ശിഷ്യന്മാര്‍ യേശുവിന്‍റെ അടുക്കല്‍ വന്ന്, കാരാഗൃഹത്തില്‍ ആയിരുന്ന യോഹന്നാന്റെ ഒരു സന്ദേശം കൈമാറി. യോഹന്നാന്റെ ചോദ്യം ഇതായിരുന്നു: “വരുവാനുള്ളവൻ നീയോ, ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കയോ” (മത്തായി 11:3). അതിനു യേശു പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു:

 

മത്തായി 11: 4, 5 യേശു അവരോടു: “കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർക്കുന്നു; ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കേൾക്കയും കാണുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ. 

യോഹന്നാന്‍ ചോദിച്ചത്, യേശു മശിഹാ തന്നെയോ അതോ ഇനി മറ്റൊരുവന്‍ വരുമോ എന്നാണ്. യേശു അതിനു, ഞാനാണ് മശിഹ എന്ന ഒറ്റവാക്കിലുള്ള മറുപടി നല്‍കിയില്ല. അതിനു പകരം യേശു, അവനിലൂടെ സംഭവിക്കുന്ന അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും ഒരു ചെറിയ പട്ടിക പറഞ്ഞു. അതായത്, ഓരോ അത്ഭുത പ്രവര്‍ത്തിയും മശിഹയും ദൈവരാജ്യം വന്നിരിക്കുന്നു എന്നതിന്റെ അടയാളങ്ങള്‍ ആണ്. അത്ഭുതങ്ങള്‍ യേശുവിന്റെ കീര്‍ത്തി പരക്കുവാനോ, ജനക്കൂട്ടത്തെ ആകര്‍ഷിക്കുവാനോ ചെയ്തതല്ല. അത് ദൈവരാജ്യം വന്നിരിക്കുന്നു എന്നു വിളംബരം ചെയ്യുവാനായി പ്രവര്‍ത്തിച്ചതാണ്.

യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍, യേശു കാനാവിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കിയ അത്ഭുതം വിവരിക്കുണ്ട്. ഇതിന്റെ വിവരണത്തിന് ശേഷം യോഹന്നാന്‍ ഇങ്ങനെ എഴുതി: “യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽ വെച്ചു ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു.” (യോഹന്നാന്‍ 2:11). എല്ലാ അത്ഭുതങ്ങളും, അത് കാണുകയും കേള്‍ക്കുകയും ചെയ്യുന്നവരില്‍ ചിലര്‍ ദൈവരാജ്യത്തില്‍ വിശ്വസിക്കുവാന്‍ വേണ്ടിയുള്ള, ദൈവരാജ്യത്തിന്റെ സാന്നിധ്യത്തിന്റെ അടയാളങ്ങള്‍ ആയിരുന്നു.

എവിടെയാണ് ദൈവരാജ്യം ഉള്ളത്?

എവിടെയാണ് ദൈവരാജ്യം ഉള്ളത്? രാജാവു എവിടെ ഉണ്ടോ അവിടെയെല്ലാം ദൈവരാജ്യം ഉണ്ട്. ഇത് “മജിസ്ട്രേറ്റ് ഉള്ളയിടം കോടതി” എന്നു നമ്മള്‍ പറയുന്നതുപോലെയാണ്. യേശു തന്റെ ഭൌതീക ശുശ്രൂഷകള്‍ ആരംഭിക്കുന്നത് കഫര്‍ന്നഹൂമില്‍ നിന്നും ആണ്. യേശുവിന്റെ ആദ്യ വിളമ്പരം, “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിന്‍” എന്നായിരുന്നു. (മത്തായി 4:17). അവന്‍ ആദ്യം പ്രഖ്യാപിച്ചത്, പാപങ്ങള്‍ മോചിക്കപ്പെട്ടിരിക്കുന്നു എന്നോ, പാപ പരിഹാര യാഗം ക്രമീകരിക്കപ്പെട്ടിരിക്കുന്നു എന്നോ അല്ല. അവന്റെ ആദ്യ വിളമ്പരം, ദൈവരാജ്യം എത്തിപ്പോയി എന്നാണ്. കാരണം, സുവിശേഷം ദൈവരാജ്യത്തിന്റെ നല്ല വിശേഷം ആണ്. ദൈവരാജ്യം പുനസ്ഥാപിക്കുവാന് യേശു വന്നത്. ദൈവരാജ്യം എന്നതാണ് നമ്മളുടെ വീണ്ടെടുപ്പിന്റെ സമ്പൂര്‍ണ്ണ നിവൃത്തി.

അതായത്, ദൈവം മനുഷ്യനായി, മനുഷ്യരുടെ ഇടയില്‍ വന്നപ്പോള്‍ തന്നെ ദൈവരാജ്യം ആരംഭിച്ചു കഴിഞ്ഞു. യേശു അത് തന്‍റെ ശുശ്രൂഷയുടെ ആരംഭത്തില്‍ വിളമ്പരം ചെയ്തു. അന്നുമുതല്‍ അവന്റെ വാക്കുകള്‍ കേട്ട് വിശ്വസിക്കുന്നവര്‍ എല്ലാം, ദൈവരാജ്യത്തിന്റെ അവകാശികള്‍ ആയി.

ഒരു ദിവസം പരീശന്മാര്‍ അവന്റെ അടുക്കല്‍ വന്നു ദൈവരാജ്യത്തിന്റെ പ്രത്യക്ഷതയെക്കുറിച്ച് ചോദിച്ചു. “ദൈവരാജ്യം എപ്പോള്‍ വരുന്നു” എന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. അവരോടു യേശു പറഞ്ഞു: “ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നേ ഉണ്ടല്ലോ” (ലൂക്കോസ് 17: 20, 21). ലൂക്കോസ് 11: 20 ലും യേശു പറഞ്ഞത് ഇതേ സത്യം തന്നെ ആണ്: “എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം.” 

യേശു, പീലാത്തൊസിന്‍റെ മുന്നില്‍ കുറ്റവിചാരണ ചെയ്യപ്പെട്ട അവസരത്തില്‍, പീലാത്തൊസ് അവനോടു,നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചു.” (യോഹന്നാന്‍ 18:33). അതിനു യേശു ഇങ്ങനെ മറുപടി പറഞ്ഞു:  

 

യോഹന്നാന്‍ 18: 37 പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.

ഇത് ഒരു വര്‍ത്തമാന കാലത്തിലുള്ള (Present tense) പ്രസ്താവന ആണ് (You say rightly that I am a king).  ഞാന്‍ ഒരിക്കല്‍ രാജാവാകും എന്നല്ല യേശു പറഞ്ഞത്, ഞാന്‍ ഇപ്പോള്‍ രാജാവു തന്നെ എന്നാണ് യേശു പറഞ്ഞത്. അതായത്, എന്റെ രാജ്യം ഇപ്പോള്‍ തന്നെ ഇവിടെ ഉണ്ട്. യേശു ആണ് ദൈവരാജ്യത്തിലെ രാജാവ്; അവനാണ് ദൈവരാജ്യം. യേശു മനുഷ്യരുടെ ഇടയിലേക്ക് വന്നു, ഇപ്പോള്‍ അവരുടെ ഇടയില്‍ ജീവിക്കുന്നു. അവനില്‍ ദൈവരാജ്യം ഉണ്ട്. ദൈവീക ആരോഗ്യവും രോഗസൌഖ്യവും ദൈവരാജ്യത്തിന്റെ സാന്നിദ്ധ്യത്തിന്റെ അടയാളമാണ്.

ദൈവരാജ്യം വന്നിരിക്കുന്നു എന്ന യേശുവിന്റെ പ്രഖ്യാപനം അന്ന് വലിയ ആശക്കുഴപ്പം ഉണ്ടാക്കി. ദൈവരാജ്യം വന്നിരിക്കുന്നു എങ്കില്‍ അത് എവിടെയാണ്? ഇതാണ് നമ്മള്‍ പരീശന്മാരുടെ ചോദ്യത്തില്‍ കണ്ടത്. യോഹന്നാന്‍ സ്നാപകനും ചോദിച്ചതു ഇതുതന്നെയാണ്. ഒരു പക്ഷേ ശിഷ്യന്മാരുടെ മനസ്സിലും ഈ ചോദ്യം ഉണ്ടായിരുന്നിരിക്കാം. യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തിന് മുമ്പുള്ള വിചാരണവേളയില്‍ യേശു ഈ ചോദ്യത്തിനുള്ള മറുപടി നല്കുന്നുണ്ട്. ഇതാണ് ദൈവരാജ്യത്തെക്കുറിച്ചുള്ള യേശുവിന്റെ അവസാനത്തെ പ്രഖ്യാപനം. യേശു പറഞ്ഞതിങ്ങനെയാണ്:

 

യോഹന്നാന്‍ 18:36 എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.

ഈ വാക്യത്തില്‍ ഒരു പ്രധാന വാക്ക് മലയാളം പരിഭാഷയില്‍ വിട്ടു പോയിട്ടുണ്ട്. യേശു പറഞ്ഞത്: “എന്നാല്‍ ഇപ്പോള്‍ എന്റെ രാജ്യം ഐഹികമല്ല” എന്നാണ്.  (... but now My kingdom is not from here.). അതായത്, ദൈവത്തിന്റെ രാജ്യം ഇപ്പോള്‍ ഭൌതീകമല്ല. അത് മാര്‍മ്മികമായി നില്‍ക്കുന്നു. എങ്കിലും ദൈവരാജ്യം വര്‍ത്തമാന കാലത്ത് തന്നെ നമ്മളുടെ ഇടയില്‍ ഉണ്ട്.

പക്ഷേ, യേശു ഒരു രാജാവിനെപ്പോലെ, രാജകീയ കുടുംബത്തില്‍ ജനിച്ചില്ല. അവന് രാജകീയ പ്രൌഡിയോ, രാക്ഷ്ട്രീയ അധികാരങ്ങളോ ഇല്ലായിരുന്നു. അവന് ഒരു വലിയ കൂട്ടം അനുയായായികളും ഇല്ലായിരുന്നു. അവന്‍ യുദ്ധം ചെയ്തില്ല, പടയാളികളെ പരിശീലിപ്പിച്ചില്ല. യുദ്ധം ചെയ്യുവാന്‍ അവന്‍ ആരോടും പ്രബോധിപ്പിച്ചുമില്ല. ഒരു പ്രദേശവും അവന്‍ കീഴടക്കിയില്ല. അവന് കൊട്ടാരങ്ങളോ പരിചാരകന്മാരോ ഇല്ലായിരുന്നു.

അപ്പോള്‍ അവന്‍ എങ്ങനെ രാജാവാകും? അവന്റെ രാജ്യം എന്താണ്? ഈ ചോദ്യത്തിന്റെ മാര്‍മ്മികമായ മറുപടി നമ്മള്‍ ശതാധിപന്റെ പ്രസ്താവനയില്‍ കണ്ടു കഴിഞ്ഞു. യേശു രോഗങ്ങളുടെയും, പാപത്തിന്റെയും, പിശാചിന്റെയും, മരണത്തിന്റെയുംമേല്‍ അധികാരമുള്ള രാജാവാണ്. യേശു ഇത് യോഹന്നാന്‍ സ്നാപകനോടു അറിയിച്ചു. യേശു ഈ അധികാരത്തേക്കുറിച്ച് പരീശന്മാരോടു പറഞ്ഞു. യേശു അതേ കാര്യം പീലാത്തൊസിനോടും അപ്പോള്‍ അവിടെ കൂടിയ സകല ജനത്തോടും പറഞ്ഞു.

യേശുവിന്റെ ഒന്നാമത്തെ വരവില്‍ അവന്‍ പ്രഖ്യാപിച്ചതും ആരംഭിച്ചതുമായ ദൈവരാജ്യം ആത്മീയവും മാര്‍മ്മികവും ആണ്. എന്നാല്‍ അതിനു ഈ ഭൂമിയില്‍ ഇപ്പോള്‍ത്തന്നെ ഒരു പ്രത്യക്ഷതയും അധികാരവും ഉണ്ട്. ദൈവരാജ്യവും അതിന്റെ അധികാരങ്ങളും യേശുവിലൂടെ പ്രവര്‍ത്തിക്കുവാന്‍ ആരംഭിച്ചു. ആ അധികാരം യേശു അവനില്‍ വിശ്വസിക്കുന്നവര്‍ക്ക് നല്കുകയും ചെയ്തു.  

ലൂക്കോസ് 10 ആം, അദ്ധ്യായത്തില്‍, യേശുക്രിസ്തു 70 പേരെ ദൈവരാജ്യത്തിന്റെ സുവിശേഷവുമായി സമീപത്തുള്ള പട്ടണങ്ങളിലേക്ക് അയക്കുന്നു. അവരുടെ സന്ദര്‍ശനത്തിന് ശേഷം യേശു തന്നെ അവിടെക്കു പോകുവാന്‍ ഉദ്ദേശിച്ചിരുന്നു. അവരെ രണ്ടു പേരുള്ള ഒരു ചെറിയ കൂട്ടമായി പട്ടണത്തിലെ വിവിധ ഭാഗങ്ങളിലേക്ക് അയച്ചു.

അന്നത്തെ കാലത്ത് യാത്ര ദുഷ്കരമായിരുന്നു. നടന്നാണ് യാത്ര ചെയ്യേണ്ടത്. പട്ടണങ്ങള്‍ തൊട്ട് അടുത്തുള്ള പ്രദേശങ്ങള്‍ അല്ല. അത് ദീര്‍ഘമായ യാത്രയാണ്. ചിലപ്പോള്‍ ചെറിയ കാടുകളിലൂടെയും പുഴകളെ മുറിച്ച് കടന്നും കുന്നുകള്‍ കയറിയും പോകേണ്ടിവരും. അതുകൊണ്ടാണ്, വഴിയില്‍ പതിയിരിക്കുന്ന പ്രതികൂലങ്ങളെ ഭയപ്പെടാതെ പോകുവീന്‍ എന്നു യേശു അവരെ ഉപദേശിച്ചത്. യേശു അവരോടു പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്: 

 

ലൂക്കോസ് 10: 19 പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്കു അധികാരം തരുന്നു; ഒന്നും നിങ്ങൾക്കു ഒരിക്കലും ദോഷം വരുത്തുകയും ഇല്ല.

പാമ്പുകളും തേളുകളും അവരുടെ യാത്രയിലെ പ്രതികൂലങ്ങളെ കാണിക്കുന്നു. അത് അന്നൊരു യഥാര്‍ത്ഥ അനുഭവം ആയിരുന്നു. എന്നാല്‍ അതിനു ശേഷം, അതേ വാചകത്തില്‍ തന്നെ പറയുന്ന “ശത്രുവിന്റെ സകല ബലത്തെയും” എന്നത് ആ വാചകത്തിന് മൊത്തമായി ആത്മീയ അര്‍ത്ഥം നല്കുന്നു. യേശു എന്ന രാജാവു തന്റെ സന്ദേശവാഹകര്‍ക്ക്, അതിനെയെല്ലാം ചവിട്ടി കീഴ്പ്പെടുത്തുവാന്‍ അധികാരം നല്കുന്നു. ശത്രു രാജാക്കന്മാരുടെ കഴുത്തില്‍ ചവുട്ടി നില്‍ക്കുന്നത് അവരെ കീഴ്പ്പെടുത്തിയതിന്റെ അടയാളം ആയിരുന്നു (യോശുവ 10:24). ചവിട്ടി താഴ്ത്തുക എന്നത് അധികാരത്തിന്റെ പ്രവൃത്തിയാണ്. ശത്രുവിന്റെ സകല ബലത്തോടൊപ്പം പാമ്പുകളെയും തേളുകളെയും കൂട്ടിച്ചേര്‍ത്തപ്പോള്‍ അത് മനുഷ്യര്‍ക്കെതിരെ നില്‍ക്കുന്ന പൈശാചിക ശത്രുക്കളുടെ പട്ടികയായി. അത് ദൈവരാജ്യത്തിന്റെ ശത്രുക്കളുടെ പട്ടികയാണ്. അതിന്മേല്‍ ദൈവരാജ്യത്തിന്റെ സന്ദേശവാഹകര്‍ക്ക് അധികാരം ഉണ്ട്. അവയെല്ലാം കീഴ്പ്പെടുത്തുവാന്‍ അവര്‍ക്ക് അധികാരം ഉണ്ട്. ഈ അധികാരം ദൈവരാജ്യത്തിന്റെ രാജാവാണ് അവര്‍ക്ക് നല്കിയത്.

അധികാരം മുകളില്‍ ഉള്ളവര്‍ താഴേക്കു പകരുന്നതും താഴെയുള്ളവര്‍ അവരുടെ അധികാര പരിധിയില്‍ പ്രയോഗിക്കുന്നതുമാണ്. അധികാരം പ്രയോഗിക്കപ്പെടുമ്പോള്‍ മാത്രമേ അത് ശക്തിയുള്ളത് ആകുന്നുള്ളൂ. പ്രയോഗിക്കാത്ത അധികാരം കടലാസില്‍ മാത്രം ഒതുങ്ങുന്ന ആശയങ്ങള്‍ ആണ്.

ചെറിയ ആട്ടിന്‍ കൂട്ടം

യേശുക്രിസ്തു അനേകരെ കൂട്ടിവരുത്തി അവര്‍ക്ക് അധികാരം കൈമാറ്റം ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്. അവന്‍ 12 പേരെ തിരഞ്ഞെടുത്തു, അവര്‍ക്ക് ദൈവരാജ്യത്തിന്റെ അധികാരം നല്കി. പിന്നീട് 70 പേരെ തിരഞ്ഞെടുത്തു, അവര്‍ക്ക് ദൈവരാജ്യത്തിന്റെ അധികാരം നല്കി. ചരിത്രത്തിന്റെ മുന്നോട്ടുള്ള പോക്കില്‍ കൂടുതല്‍ പേരിലേക്ക് ദൈവരാജ്യത്തിന്റെ അധികാരം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ അവര്‍ എപ്പോഴും ലോക ജനസംഖ്യയുമായി തട്ടിച്ചു നോക്കിയാല്‍, ഒരു ന്യൂനപക്ഷം ആയിരുന്നു. യേശു എപ്പോഴും ഒരു ചെറിയ കൂട്ടത്തെയാണ് ദൈവരാജ്യത്തിന്റെ അവകാശികളായി കണ്ടിരുന്നത്. അതുകൊണ്ടായിരിക്കാം യേശു ഇങ്ങനെ പറഞ്ഞത്:

 

ലൂക്കോസ് 12: 32 ചെറിയ ആട്ടിന്‍ കൂട്ടമേ, ഭയപ്പെടരുത്; നിങ്ങളുടെ പിതാവു രാജ്യം നിങ്ങള്‍ക്ക് തരുവാന്‍ പ്രസാദിച്ചിരിക്കുന്നു.

അധികാരം രാജ്യത്തിന്‍റെതും രാജാവിന്റേതുമാണ്. രാജാവാണ് രാജ്യം, രാജ്യവും രാജാവും തമ്മില്‍ വേര്‍തിരിക്കുക സാദ്ധ്യമല്ല. രാജാവിന്റെ അധികാരം അദ്ദേഹം നിയമിക്കുന്ന ആരിലേക്കും കൈമാറുവാന്‍ കഴിയും. രാജ്യത്തിന്റെ അധികാരമുള്ള വ്യക്തികള്‍ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. ചെറിയ ആട്ടിന്‍ കൂട്ടവും ദൈവരാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. അവര്‍ ദൈവരാജ്യം കൈവശമാക്കിയവര്‍ ആണ്. അതിനാല്‍ അവര്‍ ദൈവരാജ്യത്തിന്റെ അധികാരം ഉള്ളവര്‍ ആണ്.

എന്താണ് ദൈവരാജ്യം എന്നുകൂടി നമ്മള്‍ മനസ്സിലാകേണ്ടതുണ്ട്. ദൈവരാജ്യം എന്നാല്‍ ദൈവം മനുഷ്യരോടുകൂടെ വസിക്കുന്ന ഇടവും അവസ്ഥയും ആണ്. എവിടെയാണോ ദൈവം മനുഷ്യരോടുകൂടെ വസിക്കുന്നത്, അവിടെ ദൈവരാജ്യം ആണ്. എവിടെയെല്ലാം ദൈവം മനുഷ്യരോടുകൂടെ ഉണ്ടോ അവിടെയെല്ലാം ദൈവരാജ്യവും ഉണ്ട്. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍, ദൈവരാജ്യത്തിന്റെ അധികാരം പ്രാപിച്ച രക്ഷിക്കപ്പെട്ട ദൈവജനം എവിടെയെല്ലാം കൂടിവരുന്നുവോ, അവിടെയെല്ലാം ദൈവരാജ്യം ആണ്. അധികാരമില്ലാത്ത ഒരു രാജ്യവും ഇല്ലാത്തതുപോലെ, എവിടെയെല്ലാം ദൈവരാജ്യത്തിന്റെ സാന്നിധ്യം ഉണ്ടോ, അവിടെയെല്ലാം അധികാരം ഉണ്ട്.

വെളിപ്പാടു പുസ്തകം ഭാവിയില്‍ സംഭവിക്കുവാനിരിക്കുന്ന സംഭവങ്ങളുടെ പ്രവചന ഗ്രന്ഥമാണ്. അതില്‍ 21 ആം അദ്ധ്യായം ആരംഭിക്കുന്നത് ഇങ്ങനെയാണ്:

 

    ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.

   പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ഇറങ്ങുന്നതും ഞാൻ കണ്ടു.

ഇപ്പോള്‍ നമ്മള്‍ വസിക്കുന്ന ഈ ഭൂമിയും അതിന്റെ ആവാസ വ്യവസ്ഥകളും എല്ലാം നീങ്ങിപ്പോയിട്ട്, ദൈവ സൃഷ്ടിയായി, പുതിയ ഒരു ആവാസ വ്യവസ്ഥ ഉണ്ടാകുന്നതിനെക്കുറിച്ചാണ് ഇവിടെ പറയുന്നതു. ഇതിനെ പുതിയ യെരൂശലേം എന്നാണ് ഇവിടെ വിളിക്കുന്നത്. ഇവിടെയാണ് നമ്മള്‍ നിത്യത ചിലവഴിക്കുവാന്‍ പോകുന്നത്. ഇവിടെയാണ് ദൈവരാജ്യം സ്ഥാപിക്കപ്പെടുന്നത്. ഇതിന്റെ പ്രത്യേകത 3 ആം വാക്യത്തില്‍ പറയുന്നു:

 

വെളിപ്പാട് 21: 3 സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.

ഇതാണ് ദൈവരാജ്യം. ദൈവം മനുഷ്യരോടുകൂടെയും മനുഷ്യര്‍ ദൈവത്തോടുകൂടെയും, ദൈവം അവരുടെ ദൈവമായും, മനുഷ്യര്‍ അവന്റെ രാജ്യത്തിലെ ജനമായും ജീവിക്കുന്ന അവസ്ഥയും ഇടവും ആണ് ദൈവരാജ്യം. എവിടെയെല്ലാം നമ്മള്‍ ഈ സഹവാസം കാണുന്നുവോ അവിടെയെല്ലാം ദൈവരാജ്യം ഉണ്ട്.

ദൈവരാജ്യത്തെ കുറിച്ച് നമ്മള്‍ ഇതുവരെയും മനസ്സിലാക്കിയത് കൂട്ടിവായിച്ചാല്‍, അത് ഇങ്ങനെ സംഗ്രഹിക്കാം: യേശുക്രിസ്തു വന്നപ്പോള്‍ ദൈവരാജ്യം ആരംഭിക്കപ്പെട്ടു. അവന്‍ ദൈവരാജ്യം ചെറിയ ആട്ടിന്‍ കൂട്ടമായ ദൈവജനത്തിന് വാഗ്ദത്തം ചെയ്തു. അവരുടെ ഇടയില്‍ യേശുക്രിസ്തുവിന്റെ സാന്നിദ്ധ്യത്താല്‍ ദൈവരാജ്യം ഉണ്ട് എന്നു പ്രഖ്യാപിച്ചു. ഈ രാജ്യത്തിന് പിശാചിന്‍റെമേലും അവന്റെ സകല പ്രവൃത്തികളുടെമേലും അധികാരം ഉണ്ട് എന്നതിന്റെ അടയാളമായി അത്ഭുതങ്ങള്‍ ചെയ്തു. അതില്‍ രോഗികളെ സൌഖ്യമാക്കുക, ഭൂതങ്ങളെ പുറത്താക്കുക, പാപികളെ മാനസാന്തരപ്പെടുത്തുക എന്നിവ ഉള്‍പ്പെട്ടു. പാപത്തിന്റെ മേല്‍ യേശു അധികാരമുള്ളവനായി, പാപം കൂടാതെ ജീവിച്ചു. അവന്‍ മരണത്തെ ജയിച്ചവനായി ഉയിര്‍ത്തെഃഴുന്നേറ്റു.

ഈ യേശു വിശ്വാസികളുടെ ചെറിയ കൂട്ടമായ സഭയെക്കുറിച്ച് പറയുന്ന രണ്ടു വാക്യങ്ങള്‍ ഉണ്ട്. അതുകൂടി നമുക്ക് ചിന്തിക്കാം.

 

മത്തായി 18: 18, 19, 20  

18   നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 

19   ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽനിന്നു അവർക്കു ലഭിക്കും

20 രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു.”

ഇവിടെ യേശു പറയുന്ന രണ്ടോ മൂന്നോ പേര്‍ ആരാണ് എന്നു മനസ്സിലാക്കികൊണ്ടു നമുക്ക് ഈ വാക്യത്തെക്കുറിച്ച് തുടര്‍ന്നു പഠിക്കാം. മത്തായി 18 ആം അദ്ധ്യായത്തില്‍, ഒരു ചെറിയവന്‍ പോലും നശിച്ചുപോകുന്നത് സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന് ഇഷ്ടമല്ല എന്നും അതിനാല്‍ ഒരുവന്‍ പിന്‍മാറ്റത്തില്‍ ആയാല്‍, അവനെ കുറ്റബോധം വരുത്തി തിരികെ സഭയിലേക്ക് കൊണ്ടുവരുവാന്‍ ശ്രമിക്കേണം എന്നും യേശു ക്രിസ്തു ഉപദേശിക്കുന്നതാണ് പശ്ചാത്തലം. അവന്‍ മാനസാന്തരപ്പെടുന്നില്ല എങ്കില്‍, “സഭയെയും കൂട്ടാക്കാഞ്ഞാൽ അവൻ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ.” എന്നും യേശു പറഞ്ഞു. അതായത്, അവനെ വിശ്വാസികളുടെ സഭയില്‍ നിന്നും പുറത്താക്കാം (മത്തായി 18: 14-17). 

ഇത്രയും പറഞ്ഞതിന് തുടര്‍ച്ചയായി ആണ്, യേശു പറഞ്ഞത്: സഭ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും, സഭ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിഞ്ഞിരിക്കും. സഭ ഐക്യതയോടെ പ്രാര്‍ത്ഥിക്കുന്നതെല്ലാം ദൈവം നല്കും.

ആരാണ് ഈ സഭ? യേശുവിന്റെ സഭ, അവന്റെ നാമത്തില്‍ കൂടിവരുന്ന രണ്ടോ മൂന്നോ പേരുടെ ചെറിയ ആട്ടിന്‍ കൂട്ടമാണ്. അവര്‍ ചെറിയ കൂട്ടം ആയിരുന്നാലും, യേശുവിന്റെ നാമത്തില്‍ കൂടിവരുമ്പോള്‍, അവനും അവരുടെ കൂടെ ഉണ്ടായിരിക്കും. ഇങ്ങനെ ഉള്ള ചെറിയ കൂട്ടം, യേശുക്രിസ്തു എന്ന രാജാവിന്റെ സാന്നിധ്യത്താല്‍, ദൈവരാജ്യമായി മാറുന്നു. അതായത്, രണ്ടോ മൂന്നോ പേര്‍ ദൈവരാജ്യത്തിന്റെ ജനമാണ്. രാജാവിന്റെ സാന്നിധ്യം കൂടി ഉള്ളതിനാല്‍, ആ കൂടിവരവ് ദൈവരാജ്യമാണ്. അതിനാല്‍ തന്നെ അവര്‍ക്ക് ദൈവരാജ്യത്തിന്റെ ശക്തിയും അധികാരങ്ങളും ഉണ്ടായിരിക്കും. അവര്‍ക്ക് കെട്ടുവാനും അഴിക്കുവാനും ഉള്ള അധികാരം ഉണ്ടായിരിക്കും. അവര്‍ തീരുമാനിച്ചു കല്‍പ്പിക്കുന്നതെല്ലാം ദൈവരാജ്യത്തില്‍ മാറ്റമില്ലാത്തതായിരിക്കും.

സഭ എന്ന വാക്ക് സുവിശേഷ ഗ്രന്ഥങ്ങളില്‍ രണ്ടു ഭാഗത്ത് മാത്രമേ കാണുന്നുള്ളൂ. ഒന്നു നമ്മള്‍ കണ്ടു കഴിഞ്ഞു. ഈ വേദഭാഗം യേശു പറയുന്നതിന് മുമ്പായി മത്തായി 16: 18 ല്‍ ആണ് യേശു ആദ്യമായി സഭ എന്നു വാക്ക് ഉപയോഗിക്കുന്നത്. യേശു കൈസര്യ എന്ന പ്രദേശത്ത് ആയിരുന്നപ്പോള്‍, അവന്‍ ശിഷ്യന്മാരോടു ചോദിച്ചു: “ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു?”. ഇതിന് പത്രൊസ്: “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു.” (മത്തായി 16: 16). അതിനു മറുപടിയായി യേശു പറഞ്ഞു:

 

മത്തായി 16: 18 നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു. 

ഇതിനോടൊപ്പം അടുത്ത വാക്യം കൂടെ വായിച്ചാലെ സഭയുടെ അധികാരത്തെക്കുറിച്ച് നമ്മള്‍ക്ക് മനസ്സിലാകൂ.

 

മത്തായി 16: 19 സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും” എന്നു ഉത്തരം പറഞ്ഞു.

വെളിപ്പാട് 21: 3, മത്തായി 16: 18, 19; മത്തായി 18: 18, 19, 20 എന്നീ വാക്യങ്ങള്‍ ഒരുമിച്ച് ചേര്‍ത്തു വായിച്ചാല്‍, യേശു പറഞ്ഞ സഭയുടെ അധികാരത്തെ നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം: ദൈവം മനുഷ്യരോടുകൂടെ വസിക്കുന്ന ഇടവും അവസ്ഥയുമാണ് ദൈവരാജ്യം. ഈ ഭൂമിയില്‍ രണ്ടോ മൂന്നോ പേര്‍ യേശുവിന്റെ നാമത്തില്‍ ഒരുമിച്ച് കൂടുമ്പോള്‍ യേശു അവരുടെ ഇടയില്‍ ഉണ്ടാകും. അത് ക്രിസ്തുവിന്റെ വര്‍ത്തമാന കാല സഭയാകും. അത് ഇപ്പോഴത്തെ ദൈവരാജ്യത്തിന്റെ ഒരു ചെറിയ കൂട്ടമായിരിക്കും. ഈ രാജ്യത്തിന് അധികാരം ഉണ്ടായിരിക്കും. അവര്‍ക്ക് പിശാചിന്റെ പ്രവൃത്തികളെ കെട്ടുവാനും അഴിക്കുവാനും ഉള്ള അധികാരം ഉണ്ടായിരിക്കും. അത് ദൈവരാജ്യത്തിന്റെ ജനത്തിന്റെയും ദൈവസഭയുടെയും അധികാരവും തീരുമാനവും ആയതിനാല്‍, സ്വര്‍ഗ്ഗത്തിലും, മാറ്റമില്ലാതെ തന്നെ ഇരിക്കുന്നു.

ദൈവരാജ്യം യേശുക്രിസ്തുവിന്റെ ഒന്നാമത്തെ വരവോടെ ആരംഭിച്ചു കഴിഞ്ഞു. ഇന്നത്തെ മാര്‍മ്മികമായ, സര്‍വ്വലൌകീകമായ ക്രിസ്തുവിന്റെ സഭ ദൈവരാജ്യമാണ്. അതിനു ഇപ്പോള്‍ത്തന്നെ പിശാചിന്‍റെമേലും, അവന്റെ സകല പ്രവൃത്തികളുടെമേലും അധികാരം ഉണ്ട്. ഈ അധികാരം ഉപയോഗിക്കുവാന്‍ സഭ ഒരു വലിയ കൂട്ടം ആയിരിക്കേണമെന്നില്ല. ചെറിയ ആട്ടിന്‍ കൂട്ടത്തിന് ദൈവരാജ്യം പിതാവായ ദൈവം നല്കിയിരിക്കുകയാണ്. ഈ അധികാരം, പൈശാചിക ശക്തികളോട് പോകുവാനും, വരുവാനും, ഇത് ചെയ്യുക എന്നും അത് ചെയ്യരുത് എന്നും കല്‍പ്പിക്കുവാനുള്ള ആഞ്ജാശക്തിയാണ്. അധികാരം ഉപയോഗിയ്ക്കുന്ന സഭ, അതിനു മുകളില്‍ ഉള്ള ദൈവീക അധികാരത്തിന് കീഴ്പ്പെട്ട് ഇരിക്കുന്നിടത്തോളം, സഭ കല്‍പ്പിക്കുന്നത് അതുപോലെ സംഭവിക്കും.   

അധികാരം എപ്പോഴും ഉത്തരവാദിത്തമാണ്. അത് ഓര്‍ത്തുകൊണ്ടു നമുക്ക് ദൈവീക അധികാരത്തെ ഉപയോഗിക്കുവാന്‍ കഴിയേണം.

ഈ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ.


തിരുവചനത്തിന്റെ ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ
online ചാനലുകളില്‍ ലഭ്യമാണ്. വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക. രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.

ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.

കൂടാതെ അനേകം ഇ-ബുക്കുകളും നമ്മള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇ-ബുക്ക് ആവശ്യമുള്ളവര്‍ക്ക് അത് whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍ 9895524854.

naphtalitribebooks.in എന്ന ഇ-ബുക്ക് സ്റ്റോറില്‍ നിന്ന് നേരിട്ടും vathil.in എന്ന website ല്‍ ലഭ്യമായിരിക്കുന്ന link ഉപയോഗിച്ചും ഇ-ബുക്ക് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. എല്ലാ ഇ-ബുക്കുകളും സൌജന്യമാണ്.

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്.  ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!

No comments:

Post a Comment