പഴയനിയമകാലത്തും പുതിയനിയമ കാലത്തും ബുദ്ധിയിലും, ബലത്തിലും, സമ്പത്തിലും ശക്തരായ ജനമാണ് യിസ്രായേല്‍. അനേക പ്രാവശ്യം അവര്‍ മറ്റ് രാജ്യങ്ങളുടെ കീഴില്‍ പ്രവാസികളും അടിമകള്‍ ആയി ജീവിച്ചിട്ടുണ്ട് എങ്കിലും, അവര്‍ അതിശക്തമായി തിരിച്ച് വന്നിട്ടുണ്ട്. ഈ ജനതയുടെ ബുദ്ധിവൈഭവവും, ശക്തിയും ലോകത്തെ മറ്റ് എല്ലാ ജനസമൂഹങ്ങളെയും എക്കാലത്തും അതിശയിപ്പിച്ചിട്ടുണ്ട്. അവരുമായി യുദ്ധചെയ്യുക അല്ല, സൌഹൃദമാണ് ഏറെ നല്ലത് എന്നു ഇന്ന് ലോകത്തിലെ പല രാജ്യങ്ങളും, അവരുടെ ശത്രുക്കള്‍ പോലും തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെ തകര്‍ക്കുവാന്‍ വഴികള്‍ അന്വേഷിക്കുന്നവരും എല്ലാ കാലത്തും ഉണ്ടായിരുന്നു.
യിസ്രായേല്‍ യഹോവയായ ദൈവത്താല്‍, അവന്റെ സ്വന്ത ജനമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സമൂഹമാണ് എന്നു നമുക്ക് അറിയാമല്ലോ. അവര്‍ ജയാളികള്‍ ആയി ജീവിക്കേണം എന്നു ദൈവം ആഗ്രഹിച്ചു എങ്കിലും അവര്‍ എക്കാലവും അങ്ങനെ ജീവിച്ചിട്ടില്ല. ഉയര്‍ച്ച താഴ്ചകള്‍ ഉള്ള ഒരു ഗ്രാഫ് പോലെയായിരുന്നു അവരുടെ ജീവിതം. പുതിയനിയമ സഭയും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടം ആണ്. ക്രിസ്തീയ സഭയും എപ്പോഴും ജയാളികള്‍ ആയിരിക്കേണം എന്നാണ് ദൈവത്തിന്‍റെ ആഗ്രഹം. എന്നാല്‍ ഇന്നത്തെ ക്രിസ്തീയ സഭ ജയാളികള്‍ ആണോ എന്നതില്‍ സംശയം ഉണ്ട്.
പരിശുദ്ധാത്മാവ് നമ്മളുടെ മേല്‍ വരുമ്പോള്‍ നമ്മള്‍ക്ക് ശക്തി ലഭിക്കും എന്നാണ്, നമ്മളുടെ കര്‍ത്താവ് പുതിയനിയമ സഭയായ നമ്മള്‍ക്ക് നല്കിയ വാഗ്ദത്തം. (അപ്പോസ്തല പ്രവൃത്തികള്‍ 1: 8). ദൈവരാജ്യത്തിന്‍റെ ശക്തിയും അധികാരവും വഹിക്കുന്നവര്‍ ആണ് പുതിയനിയമ സഭ. എന്നാല്‍ ഇന്ന് നമ്മള്‍ ചുറ്റിനും നോക്കിയാല്‍, കര്‍ത്താവ് ആഗ്രഹിച്ച സഭ തന്നെയാണോ ഇന്നത്തെ സഭ എന്നു നമുക്ക് സംശയം തോന്നാം. ജയോല്‍സവമായി ജീവിക്കുക എന്നു പറഞ്ഞാല്‍, വൈകാരികമായ ബാഹ്യ പ്രകടങ്ങള്‍ ആണോ എന്നു നമ്മള്‍ ചിന്തിച്ചേക്കാം. കാരണം, പാത്തിന്‍മേലോ, ലോകത്തിന്‍മേലോ, ജഡത്തിന്‍മേലോ ഉള്ള ജയം നമ്മള്‍ എങ്ങും കാണുന്നില്ല. ഇന്നത്തെ സുവിശേഷ വിഹിത വേര്‍പെട്ട സഭകള്‍ പോലും ലോകത്തോട് അനുരൂപരായി ജീവിക്കുന്നു. എങ്കിലും വേദപുസ്തകം പറയുന്ന ആത്മീയ മര്‍മ്മങ്ങള്‍ക്ക് മാറ്റം ഉണ്ടാകുക സാധ്യമല്ല. ദൈവജനം, അത് യിസ്രായേല്‍ എന്ന പഴയനിയമ സഭയായാലും, പുതിയനിയമ സഭ ആയാലും, അവര്‍ മറ്റ് ജനസമൂഹത്തെക്കാള്‍ അനുഗ്രഹിക്കപ്പെട്ടവരും, അതിനാല്‍ ശക്തരും, ജയാളികളും ആണ്.
എന്താണ് ദൈവീക അനുഗ്രഹത്തിന്റെയും, ജയത്തിന്റെയും പിന്നിലെ ആത്മീയ മര്‍മ്മം? എന്തുകൊണ്ടാണ് യിസ്രായേല്‍ ജനം അവരുടെ ശത്രുക്കളെക്കാള്‍ ശക്തര്‍ ആയിരുന്നത്. എന്തുകൊണ്ട് ആണ് അവര്‍ ശത്രുക്കളെ തോല്‍പ്പിച്ച് ദേശങ്ങള്‍ കൈവശമാക്കിയത്. എന്തുകൊണ്ടാണ്, അനേകം ജാതീയ രാജാക്കന്മാര്‍ പീഡിപ്പിച്ചിട്ടും, പുതിയനിയമ സഭ വളരുകയും ദേശങ്ങളെ കൈവശമാക്കുകയും ചെയ്തത്? എന്തുകൊണ്ടാണ് ഇന്ന് ക്രൈസ്തവ സഭ ബലഹീനമായി പോയത്? എങ്ങനെ സഭയ്ക്ക് മടങ്ങി വരുവാന്‍ കഴിയും? ഈ ചോദ്യങ്ങളുടെ ഉത്തരം ആണ് നമ്മള്‍ അന്വേഷിക്കുന്നത്.
അതിനായി, പഴയനിയമത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന, യിസ്രായേല്‍ ജനത്തിന്റെ ചരിത്രത്തിലെ ഒരു സംഭവം നമുക്ക് ശ്രദ്ധയോടെ
പഠിക്കാം. ഈ ചരിത്ര സംഭവം നമുക്ക് പരിചിതമാണ്. അതിനാല്‍ അതിലെ പ്രധാന കാര്യങ്ങളിലൂടെയും
ആത്മീയ മര്‍മ്മങ്ങളിലൂടെയും മാത്രമേ നമ്മള്‍ സഞ്ചരിക്കുന്നുള്ളൂ. ഈ
സംഭവത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പുതിയനിയമത്തിലും കാണപ്പെടുന്നു എന്നതിനാല്‍, ഇത് നമുക്ക് ദൃഷ്ടാന്തമായി സംഭവിച്ചിരിക്കുന്നു എന്ന് കണക്കാക്കാം. ഇതില്‍
നിന്നും ചില പാഠങ്ങള്‍ പുതിയനിയമ വിശ്വാസികളും പഠിക്കേണ്ടിയിരിക്കുന്നു.
ഈ ചരിത്രം സംഖ്യാപുസ്തകം 22 ആം അദ്ധ്യായത്തില്‍ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ നമ്മള്‍, മോവാബ്യ സമഭൂമിയില്‍ പാളയം അടിച്ചിരിക്കുന്ന യിസ്രായേല്‍ ജനത്തെ കാണുന്നു. യിസ്രായേല്‍ ജനം മിസ്രയീമില്‍ നിന്നും പുറപ്പെട്ടത് മുതല്‍ അവര്‍ കനാന്‍ ദേശം സ്വന്തമാക്കുന്നത് വരെയുള്ള ചരിത്രം യുദ്ധത്തിന്റെയും ജയത്തിന്റെയും ചരിത്രമാണ്. ഈ ചരിത്രത്തില്‍ യിസ്രായേല്‍ ജനത്തിന്റെ പരാജയവും, മാനസാന്തരവും, മടങ്ങിവരവും, ശത്രുക്കളുടെമേലുള്ള ജയവും ഉണ്ട്. പൊതുവേ, അവരുടെ ചരിത്രം, ജയത്തിന്റെ ചരിത്രം ആണ്. എല്ലാ വീഴ്ചയുടെയും അന്ത്യത്തില്‍, അവര്‍ക്ക് വാഗ്ദത്ത ദേശം കൈവശമാക്കുവാന്‍ കഴിഞ്ഞു. ഈ ജയത്തിന്റെ പശ്ചാത്തലത്തില്‍ വേണം നമ്മള്‍ ഈ സംഭവം പഠിക്കുവാന്‍.
സംഖ്യാപുസ്തകം 22 ആം അദ്ധ്യായം ആരംഭിക്കുന്നത്, “യിസ്രായേൽമക്കൾ യാത്രപുറപ്പെട്ടു യെരീഹോവിന്റെ സമീപത്തു യോർദ്ദാന്നക്കരെ മോവാബ് സമഭൂമിയിൽ പാളയമിറങ്ങി.” എന്ന് പറഞ്ഞുകൊണ്ടാണ്. ഈ സംഭവം നടക്കുന്നതു, മോശെയുടെ മരണത്തിന് തൊട്ട് മുമ്പാണ്. യിസ്രായേല്‍ 40 വര്‍ഷങ്ങളായി മരുഭൂമിയില്‍ അലഞ്ഞു നടക്കുക ആയിരുന്നു. മിസ്രയീമില്‍ നിന്നും പുറപ്പെട്ടവരില്‍, അന്ന് 20 വയസ്സിന് മുകളില്‍ ഉണ്ടായിരുന്നവരില്‍ ഭൂരിപക്ഷവും മരുഭൂമിയില്‍ മരിച്ചുവീണു. അവരുടെ പ്രയാണ യാത്രയുടെ അവസാന ഘട്ടത്തില്‍ അവര്‍ എത്തി. അവര്‍ യോര്‍ദ്ദാന്‍ നദിയുടെ കിഴക്ക്, മോവാബ് സമഭൂമിയില്‍ പാളയം അടിച്ചു.
ഇതിനോടകം തന്നെ, യിസ്രായേല്‍ രണ്ടു രാജാക്കന്മാരെ തോല്‍പ്പിച്ചിരുന്നു. അമോര്‍യ്യരുടെ രാജാവായ സീഹോന്‍, ബാശാന്‍ രാജാവായ ഓഗ് എന്നിവരെ അവര്‍ യുദ്ധത്തില്‍ പരാജയപ്പെടുത്തി അവരുടെ ദേശം പിടിച്ചടക്കി. അതിനുശേഷമാണ് അവര്‍ മോവാബ് സമഭൂമിയില്‍ പാളയം അടിച്ചത്. യിസ്രായേല്‍ ജനം പാളയമടിച്ച സ്ഥലം, അപ്പോള്‍, മോവാബ്യരുടേത് ആയിരുന്നില്ല. ആ പ്രദേശം മോവാബ്യരുടേത് ആയിരുന്നു, എന്നാല്‍ അമോര്‍യ്യര്‍ ആ സ്ഥലം പിടിച്ചടക്കി അവരുടെതാക്കി. യിസ്രായേല്‍ ജനം, അമോര്‍യ്യരെ തോല്‍പ്പിച്ചപ്പോള്‍, ആ ദേശം യിസ്രയേലിന്‍റേത് ആയി. അവിടെ ആണ് അവര്‍ പാളയം അടിച്ചത്. ഇവിടെ നിന്നുമാണ് അവര്‍ യോര്‍ദ്ദാന്‍ കടന്ന് കനാന്‍ ദേശത്തേക്ക് പോകുന്നത്.
അമോര്‍യ്യരെയും ബാശാശാന്‍ രാജ്യത്തെയും യിസ്രായേല്‍ തോല്‍പ്പിച്ച്, മോവാബ്യ സമഭൂമി കൈവശമാക്കി എന്ന്, മോവാബിലെ രാജാവായ ബാലാക്ക് അറിഞ്ഞു. അദ്ദേഹം ഭയചകിതന്‍ ആയി. യിസ്രയേലിന്റെ അടുത്ത ലക്ഷ്യം മോവാബ്യ ദേശമായിരിക്കാം എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹം ഭയപ്പെട്ടത് ഇതെല്ലാം ആയിരുന്നു: യിസ്രായേല്‍ ജനം എണ്ണത്തില്‍ വളരെ ആയിരിക്കുന്നു. അവര്‍ ഇപ്പോള്‍ തന്നെ അമോര്‍യ്യരൊട് യുദ്ധം ചെയ്ത് അവരെ തോല്പ്പിച്ചു അവരുടെ ദേശം പിടിച്ചടക്കിയിരിക്കുന്നു. കാള വയലിലെ പുല്ലു നക്കിക്കളയുന്നതുപോലെ യിസ്രായേല്‍ ജനം മോവാബ്യരേയും അയല്‍ രാജ്യങ്ങളെയും നക്കിക്കളയും.
യിസ്രയേലിന്റെ ജൈത്രയാത്രയുടെ നല്ല ഒരു വിവരണം ആണ് ഈ ചെറിയ വാചകങ്ങളില്‍ ഉള്ളത്. യിസ്രായേല്‍ ജനത്തെ തോല്‍പ്പിക്കുവാന്‍ മോവാബ്യര്‍ക്കോ, അയല്‍ രാജ്യങ്ങള്‍ക്കൊ കഴിയുക ഇല്ലാ എന്നും, അവരുടെ രാജ്യത്തിന്റെ അടയാളം പോലും ശേഷിക്കാതെ, യിസ്രായേല്‍ അവരെ തുടച്ചുനീക്കും എന്നും ബാലാക്കിന് മനസ്സിലായി. അന്ന് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം അവരുടെ ദേവന്‍മാര്‍ തമ്മിലുള്ള യുദ്ധമായിരുന്നു. അതായത് യിസ്രയേലിന്റെ ദൈവമായ യഹോവയോട് പൊരുതി ജയിക്കുവാന്‍ മോവാബ്യ ദേവനായ കെമോശിന് കഴിയില്ല. യഹോവയായ ദൈവത്തോട് എതിരിട്ട് ജയിക്കുവാന്‍ ജാതീയ ദേവന്‍മാര്‍ക്ക് കഴിയുക ഇല്ല. ഇന്നത്തെ ക്രൈസ്തവ സഭ മറന്നുപോയിരിക്കുന്ന ഒരു ആത്മീയ മര്‍മ്മം ആണിത്. അത് ജാതീയനായ ബാലാക്ക് തിരിച്ചറിഞ്ഞു.
യിസ്രായേല്‍ ജനത്തിന്റെ നാളിതുവരെയുള്ള ചരിത്രം ജയോല്‍സവത്തിന്റെ ചരിത്രമാണ് എന്നും അതിന്റെ പിന്നിലെ രഹസ്യവും അദ്ദേഹം മനസ്സിലാക്കി. അതുകൊണ്ടാണ്, അദ്ദേഹം, തന്റെ മൂപ്പന്മാരെ ജാതീയ വെളിച്ചപ്പാടന്‍ ആയ ബിലെയാമിന്റെ അടുക്കല്‍ അയച്ച് അവനോട് ഇങ്ങനെ ആവശ്യപ്പെടുന്നത്: “നീ വന്നു എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ”.
അതായത് യിസ്രായേല്‍ ജനം യഹോവയായ ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടവര്‍ ആണ്. യഹോവയുടെ അനുഗ്രഹം അവരുടെ ശക്തിയും ജയവും ആണ്. യഹോവയാണ് മോവാബ്യ ദേവനായ കൊമോശിനെക്കാള്‍ ശക്തന്‍. യഹോവയായ ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടവരെ യുദ്ധത്തില്‍ തോല്‍പ്പിക്കുവാനോ, ഓടിച്ചുകളയുവാനോ, ഇല്ലാതാക്കുവാനോ ജാതീയ ദേവന്‍മാര്‍ക്കോ അവരുടെ അനുയായികള്‍ക്കൊ കഴിയുക ഇല്ല. അതുകൊണ്ട് ബാലക്ക്, ജാതീയ വെളിച്ചപ്പാടന്‍ ആയിരുന്ന ബിലെയാമിനോടു പറഞ്ഞു: “നീ വന്നു എനിക്കു വേണ്ടി ഈ ജനത്തെ ശപിക്കേണമേ; അവർ എന്നെക്കാൾ ഏറ്റവും ബലവാന്മാർ ആയിരിക്കകൊണ്ടു പക്ഷേ അവരെ തോല്പിച്ചു ദേശത്തുനിന്നു ഓടിച്ചുകളവാൻ എനിക്കു കഴിവുണ്ടാകുമായിരിക്കും”. ബിലെയാം വന്ന് യിസ്രായേല്‍ ജനത്തെ ശപിച്ചാല്‍, അവരുടെമേലുള്ള യഹോവയുടെ അനുഗ്രഹം നീങ്ങിപ്പോകും എന്നും അപ്പോള്‍ അവരെ തോല്‍പ്പിക്കുവാന്‍ കഴിയും എന്നുമാണ് ബാലാക്ക് പറയുന്നത്. യഹോവയുടെ അനുഗ്രഹം ഉള്ള ജനത്തെ ഒരിയ്ക്കലും തോല്‍പ്പിക്കുവാന്‍ സാധ്യമല്ല എന്ന് ബാലാക്ക് ഏറ്റുപറയുക ആണ്.
ബാലാക്ക് മനസ്സിലാക്കിയിരിക്കുന്ന ഈ മര്‍മ്മം വലിയതാണ്. ഈ തിരിച്ചറിവ് ആണ് ശക്തരും ജയാളികളും ആകുവാന്‍ നമുക്കും ആദ്യം വേണ്ടത്. ദൈവജനത്തിന്‍റെ ശക്തി യഹോവയായ ദൈവത്തിന്റെ അനുഗ്രഹമാണ്. എന്നാല്‍ ദൈവീക അനുഗ്രഹങ്ങളുടെ പിന്നില്‍ ഒരു ആത്മീയ മര്‍മ്മം ഉണ്ട്. അത് മനസ്സിലാക്കുവാന്‍ ബാലാക്കിന് കഴിഞ്ഞില്ല. പിന്നീട് ബിലെയാം ആണ് ഈ ആത്മീയ രഹസ്യം അവനോട് വെളിപ്പെടുത്തുന്നത്. ബിലെയാമിന്റെ ഈ ഉപദേശത്തിലേക്ക് പോകുന്നതിനു മുമ്പായി, ആരാണ് ബിലെയാം എന്നു മനസ്സിലാക്കുവാന്‍ ശ്രമിക്കാം.
വേദപുസ്തകത്തില്‍ വിവരിക്കപ്പെടുന്ന ഏറ്റവും കുപ്രസിദ്ധന്‍ ആയ പ്രവാചകന്‍ ആയിരുന്നു ബിലെയാം. യഥാര്‍ത്ഥത്തില്‍, പ്രവാചകന്‍ എന്ന പേരിന് അവര്‍ അര്‍ഹനല്ല. അവര്‍ ഒരു ജാതീയ വെളിപ്പാടുകാരന്‍ ആയിരുന്നു. അവന്‍ യഹോവയായ ദൈവത്തിന്റെ പ്രവാചകന്‍ അല്ലായിരുന്നു. യോശുവ 13: 22 ല്‍ ബിലെയാമിനെ പ്രശ്നക്കാരന്‍ എന്നാണ് വിളിച്ചിരിക്കുന്നത്. സംഖ്യാപുസ്തകത്തിലും പുതിയനിയമത്തിലും ബിലെയാമിനെക്കുറിച്ച് ഉള്ള പരമര്‍ശങ്ങള്‍ ഒന്നും പ്രശംസനീയം അല്ല.
ബിലെയാമിന്റെ പിതാവിന്റെ പേര്‍, ബെയോര്‍ എന്നായിരുന്നു. അവന്‍ ജീവിച്ചിരുന്നത് യൂഫ്രട്ടീസ് നദീതീരത്തുള്ള പെഥോര്‍ എന്ന സ്ഥലത്തായിരുന്നു. (സംഖ്യാപുസ്തകം 22: 5). അബ്രാഹാമിന്റെ പഴയ വാസസ്ഥലമായിരുന്ന ഊര്‍ എന്ന സ്ഥലവും മെസൊപ്പൊത്താമ്യ എന്ന ദേശവും ബിലെയാമിന്റെ പെഥോര്‍ എന്ന ദേശവും, വിശാലമായ ഒരു പ്രദേശത്തില്‍ തന്നെയോ, സമീപത്തോ ആയിരുന്നു. അവിടെ ബഹുദൈവ വിശ്വസം നിലനിന്നിരുന്നു. അതായത്, ഒന്നിലധികം ദേവന്മാരെ ആരാധിക്കുന്നവര്‍ ആയിരുന്നു അവിടെ ഉള്ള ജനം. മറ്റ് ദേവന്മാരെ ആരാധിക്കുന്ന കൂട്ടത്തില്‍, ചിലര്‍ യിസ്രയേലിന്റെ ദൈവമായ യഹോവയെയും ആരാധിച്ചിരുന്നു. അബ്രാഹാമിന്റെ പിതാവും ഒരു ബഹുദൈവ വിശ്വാസി ആയിരുന്നു എന്നാണ് വേദപണ്ഡിതന്മാരുടെ അഭിപ്രായം.
ചരിത്രവും, ദേശവും, പശ്ചാത്തലവും, ബിലെയാമിന്റെ പ്രവര്‍ത്തികളും പഠിച്ചാല്‍, ബിലെയാം ഒരു ബഹുദൈവ വിശ്വാസിയായിരുന്നു എന്ന് കരുതാം. ജാതീയ ദേവന്മാരെ ആരാധിക്കുന്ന കൂട്ടത്തില്‍ യഹോവയായ ദൈവത്തെയും അവന്‍ ദൈവമായി അംഗീകരിച്ചു. ഒരു പക്ഷേ യഹോവയുടെ ശക്തിയും അധികാരവും തിരിച്ചറിയുവാനും അവന് കഴിഞ്ഞിട്ടുണ്ടായിരിക്കാം. എന്നാല്‍, ബിലെയാം, ഒരു യഹൂദനോ, ജാതീയ ദേവന്മാരെ ഉപേക്ഷിച്ചുകളഞ്ഞിട്ട് യഹോവയായ ദൈവത്തെ മാത്രം ആരാധിച്ചിരുന്നവനോ അല്ല.
പുരാതന ചരിത്രകാരന്മാരുടെയും യഹൂദ റബ്ബിമാരുടെയും രചനകളില്‍, ബിലെയാമിനെയും അവന്റെ പിതാവായ ബെയോരിനെയും ജാതീയ വെളിച്ചപ്പാടന്‍മാര്‍ ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. യഹൂദന്മാര്‍ മോശെയെ എങ്ങനെ കണ്ടുവോ അതുപോലെയുള്ള സ്ഥാനം ബിലെയാമിന് ജാതീയരുടെ ഇടയില്‍ ഉണ്ടായിരുന്നു. ബിലെയാമിന്‍റെ കുടുംബം പാരമ്പര്യമായി വെളിച്ചപ്പാടന്മാരും, മന്ത്രവാദികളും, ആഭിചാരം ചെയ്യുന്നവരും ആയിരുന്നു. മറ്റുള്ളവരെ ശപിക്കുക, അനുഗ്രഹിക്കുക എന്നതായിരുന്നു അവരുടെ സവിശേഷ പ്രവര്‍ത്തനങ്ങള്‍. അവര്‍ അനുഗ്രഹിച്ചാല്‍ ജനം അനുഗ്രഹിക്കപ്പെടും എന്നും അവര്‍ ശപിച്ചാല്‍ ജനം ശപിക്കപ്പെടും എന്ന് വിശ്വസിക്കപ്പെട്ടിരുന്നു. അതുകൊണ്ടാണ് ബാലാക് പറഞ്ഞത്: “നീ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ, നീ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു ഞാൻ അറിയുന്നു.”
ബിലെയാമിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വാക്കുകളില്‍ നിന്നും അവന് യഹോവയുടെ ശക്തിയെക്കുറിച്ച് അറിയാമായിരുന്നു എന്നു നമുക്ക് അനുമാനിക്കാം. യഹോവ അനുഗ്രഹിച്ച ജനത്തെ ശപിക്കുവാന്‍ സാധ്യമല്ല എന്നും അവന് അറിയാമായിരുന്നു. അവന്‍ ഒരു പക്ഷേ യഹോവയെ ഭയപ്പെട്ടിരുന്നുകാണും. അതിലുപരി, യഹോവയായ ദൈവത്തിന്റെ അനുഗ്രഹം ഒരു ജനതയുടെമേല്‍ ഉണ്ടാകേണം എങ്കില്‍ അവര്‍ പാലിച്ചിരിക്കേണ്ടുന്ന ആത്മീയ പ്രമാണം എന്തായിരുന്നു എന്നും അവന് അറിയാമായിരുന്നു.
ബിലെയാം വ്യാജനും ദുഷ്ടനും ആയിരുന്നു എങ്കിലും യിസ്രായേല്‍ ജനത്തെക്കുറിച്ചുള്ള അനുഗ്രഹത്തിന്‍റെ വാക്കുകള്‍ ദൈവം അവന്‍റെ വായില്‍ നിറച്ചു; അവന്‍ യിസ്രായേലിനെ അനുഗഹിച്ചു പ്രവചിച്ചു.
ബിലെയാമിനെക്കുറിച്ച് ഇത്രയും മനസ്സിലാക്കികൊണ്ട് നമുക്ക് വീണ്ടും ബാലാക്കിലേക്കും യിസ്രായേല്‍ ജനത്തിലേക്കും തിരികെ പോകാം. ചരിത്രം നമുക്ക് അറിയാവുന്നത് ആണ് എങ്കിലും, നമ്മളുടെ ഇന്നത്തെ ചിന്തയിലേക്ക് വരുവാനായി, ചില സംഭവങ്ങളിലൂടെ ഒന്നുകൂടി യാത്രചെയ്യാം.
യിസ്രായേല്‍ ജനത്തെ കണ്ട ബാലാക്ക്, അവരെ ശപിക്കേണ്ടതിനായി ബിലെയാമിനെ വിളിക്കുവാന്‍ മോവാബ്യ മൂപ്പന്മാരേയും മിദ്യാന്യ മൂപ്പന്മാരേയും ദൂതന്മാരായി അയച്ചു. എന്നാല്‍ ബിലെയാം ഉടനടി അവരുടെ ക്ഷണം സ്വീകരിച്ചു യാത്ര പുറപ്പെട്ടില്ല. യിസ്രായേല്‍, യഹോവയായ ദൈവത്തെ ആരാധിക്കുന്ന ജനമാണ് എന്ന് ബിലെയാമിന് അറിയാമായിരുന്നതുകൊണ്ടും, അവന്‍ വെളിച്ചപ്പാടന്‍ ആയിരുന്നതിനാലും, യഹോവയോട് ആലോചന ചോദിക്കുവാന്‍ തീരുമാനിച്ചു. ഇത് ബിലെയാം അവന്റെ സുരക്ഷിതത്വം കണക്കാക്കി ചെയ്തു എന്നു മാത്രം നമ്മള്‍ മനസ്സിലാക്കിയാല്‍ മതി. ഇതിനാല്‍ അവന്‍ യഹോവയുടെ പ്രവാചകന്‍ ആകുന്നില്ല. യഹോവയോട് എതിര്‍ക്കുന്നത് നല്ലതാകില്ല എന്ന ബോധ്യം അവന് ഉണ്ടായിരുന്നു.
ഈ ബോധ്യം ഇന്നത്തെ മന്ത്രവാദികള്‍ക്കും ആഭിചാരകന്‍മാര്‍ക്കും ഉണ്ട്. അവര്‍ക്ക് അവര്‍ സേവിക്കുന്ന ദേവന്റെ മാത്രമല്ല, അവര്‍ എതിര്‍ക്കുന്ന ദൈവത്തിന്റെ ശക്തിയെക്കുറിച്ചും അറിയാം. അതിനാല്‍ ശക്തനായ യഹോവയെ എതിരിടുവാന്‍ അവര്‍ തയ്യാറാകില്ല. അതുപോലെ തന്നെ, യഹോവയുടെ അനുഗ്രഹം ഇല്ലാത്തവരെ അവര്‍ ഭയക്കേണ്ടതില്ല. യഹോവയുടെ അനുഗ്രഹത്തിന്റെ രഹസ്യം എന്താണ് എന്നും മന്ത്രവാദികള്‍ക്കും വെളിച്ചപ്പാടന്‍മാര്‍ക്കും അറിയാം. യിസ്രായേല്‍ എന്നോ, ക്രിസ്ത്യാനി എന്നോ പേര് ഉള്ളപ്പോള്‍ തന്നെ യഹോവയുടെ അനുഗ്രഹം നഷ്ടപ്പെടുവാനും സാധ്യതയുണ്ട് എന്നും ബിലെയാമിനെപ്പോലെയുള്ള വെളിച്ചപ്പാടന്‍മാര്‍ക്ക് അന്നും ഇന്നും അറിയാം. ഇതാണ് തുടര്‍ന്നുള്ള ചരിത്രം നമ്മളോട് പറയുന്നത്.
ബിലെയാം, മോവാബ്യ മൂപ്പന്മാരോടും മിദ്യാന്യ മൂപ്പന്മാരോടും, അന്ന് രാത്രി അവനോടുകൂടെ താമസിക്കുവാന്‍ ആവശ്യപ്പെട്ടു. അവന്‍ യഹോവയോട് ആലോചന ചോദിക്കും. യഹോവ അവനോട് അരുളിച്ചെയ്യുന്നതുപോലെ അവന്‍ ഉത്തരം പറയാം എന്നു പറഞ്ഞു. മോവാബ്യ പ്രഭുക്കന്മാർ ബിലെയാമിനോടുകൂടെ അന്ന് രാത്രി താമസിച്ചു. എന്നാല്‍ അന്ന് രാത്രി, യഹോവ ബിലെയാമിനോടു, “നീ അവരോടുകൂടെ പോകരുതു; ആ ജനത്തെ ശപിക്കയും അരുതു; അവർ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു എന്നു കല്പിച്ചു.”
ഇവിടെ ഒരു ചോദ്യം നമ്മളുടെ മനസ്സില്‍ ഉയര്‍ന്നേക്കാം. ഒരു ജാതീയ വെളിച്ചപ്പാടിനോട് ദൈവം അരുളപ്പാടുകള്‍ അറിയിക്കുമോ? അതിനുള്ള ഉത്തരം ഇതാണ്: ദൈവം ആരെയും, എന്തിനെയും, തന്റെ പദ്ധതിയുടെ നിവൃത്തിയ്ക്കായി ഉപയോഗിക്കും. അത് ദൈവത്തിന്റെ സര്‍വ്വാധികാരത്തില്‍പ്പെട്ട കാര്യം ആണ്. അബ്രാഹാമിന്റെ പിതാവും, പേര്‍ഷ്യന്‍ രാജാവായ കോരെശും ബഹുദൈവ വിശ്വാസികള്‍ ആയിരുന്നു. ഈ ഭൂമിയില്‍ ഒന്നും, ആരും ദൈവത്തിന്റെ അധികാരത്തിന് വെളിയില്‍ ആയിരിക്കുന്നില്ല. ഏറ്റവും നല്ല ഉദാഹരണമാണ്, പേര്‍ഷ്യന്‍ രാജാവായ കോരെശ്.
യഹൂദന്മാരെ 70 വര്‍ഷങ്ങളുടെ പ്രവാസത്തില്‍നിന്നും സ്വന്ത ദേശത്തിലേക്കു മടങ്ങിപ്പോകുവാനും യെരുശലെമില്‍ ദൈവാലയം പണിയുവാനും അനുവാദം കൊടുത്ത ജാതീയനായ രാജാവ് ആണ് കോരെശ്. അനേക ദേവന്മാരില്‍ അവന്‍ വിശ്വസിച്ചിരുന്നു; അക്കൂട്ടത്തില്‍ യഹോവയെയും അവന്‍ അംഗീകരിച്ചിരുന്നു. അതില്‍ കൂടുതലായ യാതൊരു ബന്ധവും അവന് യഹോവയായ ദൈവവുമായി ഉണ്ടായിരുന്നില്ല. എങ്കിലും, കോരെശിനെ ദൈവം തന്‍റെ ജനത്തിന്റെ വിടുതലിനായി തിരഞ്ഞെടുത്തു.
കോരെശ് ജനിക്കുന്നതിനു ഏകദേശം 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദൈവത്തിന്‍റെ പ്രവാചകനായ യെശയ്യാവ് അദ്ദേഹത്തെക്കുറിച്ച് 44: 28 ആം വാക്യത്തില്‍ ഇങ്ങനെ പ്രവചിച്ചു: “കോരെശ് എന്റെ ഇടയൻ അവൻ എന്റെ ഹിതമൊക്കെയും നിവർത്തിക്കും എന്നും യെരൂശലേം പണിയപ്പെടും, മന്ദിരത്തിന്നു അടിസ്ഥാനം ഇടും എന്നും ഞാൻ കല്പിക്കുന്നു.”
യെശയ്യാവ് 45: 1 ല്‍ “അഭിഷിക്തനായ” കോരെശ് എന്നാണ് അദ്ദേഹത്തെ ദൈവം വിളിക്കുന്നത്. പഴയനിയമത്തില്‍, യിസ്രായേല്‍ ജനത്തിന് വെളിയില്‍ ഒരു മനുഷ്യനെ “അഭിഷിക്തന്‍” എന്ന് വിളിക്കുന്നത് ഇവിടെ മാത്രം ആണ്. “അഭിഷിക്തന്‍” എന്ന് പറയുവാന്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം, മഷീആക്ക് (mashiyach - maw-shee'-akh) എന്ന വാക്ക് ആണ്. ഈ വാക്കിന്റെ അര്‍ത്ഥം “മശിഹാ” എന്നാണ്. എന്നാല്‍, ഇതിന്റെ അര്‍ത്ഥം കോരെശ്, യഹൂദന്മാര്‍ പ്രത്യാശവച്ചിരുന്ന മശിഹാ ആയിരുന്നു എന്നല്ല.
അഭിഷിക്തന്‍’ അഥവാ മശിഹാ എന്ന വാക്കിന്, ‘ഒരു പ്രത്യേക ദൈവീക ഉദ്ദേശ്യത്തിനായി വേര്‍തിരിച്ച് അധികാരപ്പെടുത്തിയവന്‍’ എന്ന അര്‍ത്ഥമാണ് ഉള്ളത്. ഈ അര്‍ത്ഥത്തില്‍ ആണ് മശിഹാ എന്ന വാക്ക് കോരെശിനെക്കുറിച്ച് പറയുവാന്‍ ഉപയോഗിച്ചിരിക്കുന്നത്. കോരെശ് ഒരു പ്രത്യേക ദൈവീക പ്രവര്‍ത്തിക്കായി ദൈവം അധികാരപ്പെടുത്തിയ വ്യക്തി ആയിരുന്നു. കോരെശ്, യിസ്രായേലിന് പ്രവാസത്തില്‍നിന്നും സ്വാതന്ത്ര്യം നല്കി. യെരുശലെമില്‍ ദൈവാലയം പണിയുവാനുള്ള ചെലവ് തന്‍റെ രാജകീയ ഭണ്ടാരത്തില്‍ നിന്നും നല്‍കി, ദൈവാലത്തിലെ വസ്തുവകകള്‍ അവന്‍ തിരികെ കൊടുത്തു.
ഇതില്‍ നിന്നും നമ്മള്‍ മനസ്സിലാക്കേണ്ടത് ഇതാണ്: ദൈവത്തിന്, അവന്റെ സര്‍വ്വാധികാരത്തില്‍, വിശ്വാസികളെയും അവിശ്വാസികളേയും തന്‍റെ ഹിതം ഭൂമിയില്‍ നിറവേറ്റെണ്ടാതിനായി ഉപയോഗിക്കുവാന്‍ കഴിയും.
ജാതീയ വെളിച്ചപ്പാടന്‍ ആയിരുന്നിട്ടും, ബിലെയാം യഹോവയെ ഭയപ്പെട്ടു, അതിനാല്‍ അവന്‍ യഹോവയോട് ആലോചന ചോദിച്ചു. യഹോവയുടെ അനുഗ്രഹം യിസ്രായേല്‍ ജനത്തില്‍ നിന്നും മാറിപ്പോയിട്ടുണ്ടെങ്കില്‍, യഹോവയായ ദൈവം അനുവദിച്ചാല്‍, അവന് ബാലാക്കിന്റെ ദൂതന്മാരുടെ കൂടെ പോയി, യിസ്രായേലിനെ ശപിക്കാം. അല്ലായെങ്കില്‍, യിസ്രായേലിനെ ശപിച്ചാല്‍ അത് അവന് ശാപമായി തീരും.
ഈ സംഭവങ്ങള്‍ ശരിയായി ഗ്രഹിക്കുവാന്‍, എന്താണ് ശാപവും അനുഗ്രഹവും എന്നു കൂടി നമ്മള്‍ മനസ്സിലാക്കേണം. അനുഗ്രഹത്തിലും ശാപത്തിലും, ഭൌതീക തലത്തിലുള്ള നന്മകളും നഷ്ടങ്ങളും ഉണ്ട്. എന്നാല്‍, ദൈവീക അനുഗ്രഹവും ശാപവും ഭൌതീക നന്മകളും കഷ്ട-നഷ്ടങ്ങളും മാത്രം അല്ല.
ഉല്‍പ്പത്തി 12: 2 ആം വാക്യത്തില്‍ “ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.” എന്നു ദൈവം അബ്രാഹാമിനോട് വാഗ്ദത്തം ചെയ്തു. ഇത് ദൈവം അബ്രാഹാമിന് ഭൌതീക നന്മകള്‍ നല്കാം എന്ന വാഗ്ദത്തമാണ്. എന്നാല്‍ 3 ആം വാക്യം ഇങ്ങനെ ആണ്: “നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.” 2 ആം വാക്യവും 3 ആം വാക്യവും ഒരേ കാര്യമല്ല പറയുന്നത്. 2 ആം വാക്യം അബ്രാഹാമിനും സന്തതി പരമ്പരകള്‍ക്കും ഭൌതീക നന്മകള്‍ നല്കാം എന്നു ഉറപ്പ് നല്കുമ്പോള്‍, 3 ആം വാക്യത്തില്‍ ദൈവം പറയുന്നത് ദൈവീക സംരക്ഷണത്തെക്കുറിച്ചാണ്. ദൈവം ഇവിടെ നല്‍കുന്ന വാഗ്ദത്തം, അബ്രാഹാമിനെ അനുഗ്രഹിക്കാം എന്നല്ല, അബ്രാഹാമിനെ അനുഗ്രഹിക്കുന്നവരെ അനുഗ്രഹിക്കാം എന്നാണ്. ദൈവം അബ്രാഹാമിനെ ശപിക്കും എന്നല്ല, അബ്രാഹാമിനെ ശപിക്കുന്നവരെ അവന്‍ ശപിക്കും എന്നാണ്. ദൈവീക അനുഗ്രഹം, അബ്രാഹാമിനോടു ചേര്‍ന്ന് നില്‍ക്കുവാനും, ദൈവീക ശാപം അബ്രാഹാമിനെക്കുറിച്ചുള്ള ഭയം മറ്റ് ജന സമൂഹങ്ങളിലും രാജ്യങ്ങളിലും ഉണ്ടാകുവാനും ഇടയാക്കും. ഇത് ദൈവം അബ്രാഹാമിന് കൊടുക്കുന്ന സംരക്ഷണത്തിന്‍റെ വാഗ്ദത്തം ആണ്.
ഈ വാഗ്ദത്തത്തിന്റെ നിവൃത്തി, അബ്രാഹാമിന്റെ ജീവിതത്തില്‍ പല സംഭവങ്ങളിലും കാണാം. അബ്രഹാം കനാന്‍ ദേഹത്ത് എത്തിച്ചേര്‍ന്നതിന് ശേഷം, അവിടെ ഒരു ക്ഷാമം ഉണ്ടായി. അപ്പോള്‍ അവന്‍ മിസ്രയീമിലേക്ക് പോയി. അവിടെ അവന്റെ ഭാര്യയെ മിസ്രയീം രാജാവായ ഫറവോന്‍ പിടിച്ചുകൊണ്ടു പോയി. എന്നാല്‍, അബ്രഹാമിന്റെ ഭാര്യയായ സാറായി നിമിത്തം യഹോവ ഫറവോനെയും അവന്റെ കുടുംബത്തെയും അത്യന്തം ദണ്ഡിപ്പിച്ചു. ദണ്ഡനത്തിന്‍റെ കാരണം സാറയെ ഭാര്യയായി എടുത്തതാണ് എന്നു മനസ്സിലാക്കിയ ഫറവോന്‍, സാറായിയെ തിരികെ കൊടുത്തു. മിസ്രയീം ദേശം വിട്ട് പോകുവാന്‍ ഫറവോന്‍ അബ്രാഹാമിനോടു കല്‍പ്പിച്ചു.
ഉല്‍പ്പത്തി 35: 5 ല്‍ നമ്മള്‍ വായിക്കുന്നു: “പിന്നെ അവർ (യാക്കോബും കുടുംബവും - ശേഖേംപട്ടണത്തിൽ നിന്നും ബേഥേലിലേക്ക്) യാത്രപുറപ്പെട്ടു; അവരുടെ ചുറ്റുമിരുന്ന പട്ടണങ്ങളുടെ മേൽ ദൈവത്തിന്റെ ഭീതി വീണതു കൊണ്ടു യാക്കോബിന്റെ പുത്രന്മാരെ ആരും പിന്തുടർന്നില്ല.”
യോശുവ 2: 9 ല്‍ രാഹാബ്, ദേശത്തെ ഒറ്റു നോക്കുവാന്‍ ചെന്ന യിസ്രയേല്യ പുരുഷന്മാരോടു പറയുന്നതിങ്ങനെ ആണ്: “യഹോവ ഈ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു; നിങ്ങളെയുള്ള ഭീതി ഞങ്ങളുടെമേൽ വീണിരിക്കുന്നു; ഈ ദേശത്തിലെ നിവാസികൾ എല്ലാവരും നിങ്ങളുടെ നിമിത്തം ഉരുകിപ്പോകുന്നു എന്നു ഞാൻ അറിയുന്നു.”
ദൈവത്തെ അനുഗ്രഹിക്കുന്നവരെ അനുഗ്രഹിക്കുക എന്നതും അവരെ ശപിക്കുന്നവരെ ശപിക്കുക എന്നതും ദൈവം അവന്റെ ജനത്തിന് നല്‍കുന്ന സംരക്ഷണമാണ്. ഈ സംരക്ഷണം ദൈവം അബ്രാഹാമിന്നും അവന്റെ സന്തതി പരമ്പരകള്‍ക്കും നല്കി. പുതിയനിയമ യിസ്രായേല്‍ ആയ നമ്മള്‍ക്കും ഇന്ന് ഈ സംരക്ഷണം ഉണ്ട്. അതിനാല്‍ ദൈവം അനുഗ്രഹിച്ചവരെ ആര്‍ക്കും ശപിക്കുവാന്‍ സാധ്യമല്ല. ദൈവീക അനുഗ്രഹം നമ്മളുടെമേല്‍ ഉണ്ടെങ്കില്‍, നമ്മളെ ആര്‍ക്കും ശപിക്കുവാന്‍ സാധ്യമല്ല. ഈ ആത്മീയ മര്‍മ്മം അറിയാവുന്നവര്‍ ആണ് ജാതീയ മന്ത്രവാദികളും വെളിച്ചപ്പാടന്‍മാരും. അതുകൊണ്ടാണ് ബിലെയാം, യഹോവയുടെ അനുവാദം ഇല്ലാതെ, യിസ്രായേല്‍ ജനത്തെ ശപിക്കുവാന്‍ പുറപ്പെടാഞ്ഞത്.
ബാലാക്കിന്റെ ദൂതന്മാര്‍ ബിലെയാമിന്റെ അടുക്കല്‍ വന്ന ദിവസം രാത്രിയില്‍ അവന്‍ യഹോവയായ ദൈവത്തോട് ആലോചന ചോദിച്ചു. എന്നാല്‍, “ദൈവം ബിലെയാമിനോടു: നീ അവരോടുകൂടെ പോകരുതു; ആ ജനത്തെ ശപിക്കയും അരുതു; അവർ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു എന്നു കല്പിച്ചു. (സംഖ്യാപുസ്തകം 22: 12)
അതിനാല്‍ ബിലെയാം ബാലാക്കിന്റെ ദൂതന്മാരോടുകൂടെ പോയില്ല. എങ്കിലും, തുടര്‍ച്ചയായ പ്രലോഭനങ്ങള്‍ ബിലെയാമിന് ഉണ്ടായി. അതിനാല്‍ അവന്‍ വീണ്ടും യഹോവയോട് അനുവാദം ചോദിച്ചു. അങ്ങനെ യഹോവ അവന് ബാലാക്കിന്റെ അടുക്കല്‍ പോകുവാന്‍ അനുവാദം കൊടുത്തു. “എന്നാൽ ഞാൻ നിന്നോടു കല്പിക്കുന്ന കാര്യം മാത്രമേ ചെയ്യാവു” എന്നു ദൈവം കല്‍പ്പിച്ചു.
22 ആം വാക്യത്തില്‍ ബിലെയാം ബാലാക്കിന്റെ അടുക്കല്‍ പോകുന്നത് കണ്ടു യഹോവയുടെ കോപം ജ്വലിച്ചു എന്നു നമ്മള്‍ വായിക്കുന്നു. അവന്റെ തുടര്‍ന്നുള്ള യാത്രയില്‍ ദൈവത്തിന്റെ ഒരു ദൂതന്‍ അവന് മുന്നില്‍ പ്രതിയോഗിയായി, വാളൂരിപ്പിടിച്ചു കൊണ്ടു നിന്നു. ദൂതന്‍ ബിലെയാമിന്റെ വഴി നാശകരം ആകുന്നു എന്ന് അറിയിച്ചു. അതായത്, യഹോവയാല്‍ അനുഗ്രഹിക്കപ്പെട്ടവരെ ശപിക്കുവാന്‍ ശ്രമിക്കുന്നത് നാശകരം ആയിരിയ്ക്കും. എങ്കിലും, ദൈവം മുമ്പ് പറഞ്ഞതുപോലെ, “ഞാൻ നിന്നോടു കല്പിക്കുന്ന വചനം മാത്രമേ പറയാവു” എന്ന മുന്നറിയിപ്പോടെ ബിലെയാമിന്റെ യാത്രയെ അനുവദിച്ചു.
ബിലെയാം ബാലാക്കിനെ കണ്ടപ്പോഴും, “ദൈവം എന്റെ നാവിന്മേൽ ആക്കിത്തരുന്ന വചനമേ ഞാൻ പ്രസ്താവിക്കയുള്ളു” എന്നു പറഞ്ഞു. “പിറ്റെന്നാൾ ബാലാക്ക് ബിലെയാമിനെ ബാമോത്ത്-ബാലിലേക്കു കൂട്ടിക്കൊണ്ടുപോയി; അവിടെനിന്നു അവൻ ജനത്തിന്റെ ഒരു അറ്റം കണ്ടു.” (22: 41).
സംഖ്യാപുസ്തകം 23 ആം അദ്ധ്യായം 5 മുതലുള്ള വാക്യത്തില്‍, യിസ്രായേല്‍ ജനത്തെക്കുറിച്ചുള്ള ബിലെയാമിന്റെ ആദ്യത്തെ പ്രവചനം വായിയ്ക്കാം. “യഹോവ ഒരു വചനം ബിലെയാമിന്റെ നാവിന്മേല്‍ ആക്കികൊടുത്തു.” ഈ പ്രവചനത്തിന്റെ പ്രധാന ഭാഗം ഇതാണ്: “ദൈവം ശപിക്കാത്തവനെ ഞാൻ എങ്ങനെ ശപിക്കും? യഹോവ പ്രാകാത്തവനെ ഞാൻ എങ്ങനെ പ്രാകും?” (23: 8). 9 ആം വാക്യത്തില്‍ എന്തുകൊണ്ടാണ് ദൈവത്തിന്റെ അനുഗ്രഹം യിസ്രായേല്‍ ജനത്തിന്റെ മേല്‍ ഉള്ളത്, എന്തുകൊണ്ടാണ് യഹോവ പ്രാകാത്തവനെ ഒരു ജാതീയ വെളിച്ചപ്പാടന് പോലും പ്രാകുവാന്‍ കഴിയാത്തത് എന്നു ബിലെയാം പറയുന്നുണ്ട്. ഈ വാക്കുകള്‍, യഹോവ അവന്റെ നാവിന്മേല്‍ കൊടുത്തതാണ് എന്ന് 8 ആം വാക്യത്തില്‍ പറയുന്നതിനാല്‍, യിസ്രയേലിന്റെ അനുഗ്രഹത്തിന്റെ പിന്നിലെ ദൈവീക മര്‍മ്മം യഹോവ തന്നെ വെളിപ്പെടുത്തുകയാണ് എന്ന് വേണം മനസ്സിലാക്കുവാന്‍. ഈ മര്‍മ്മം ബിലെയാം പ്രസ്താവിക്കുന്നത് ഇങ്ങനെ ആണ്:
സംഖ്യാപുസ്തകം 23: 9 “... ഇതാ തനിച്ചു പാർക്കുന്നോരു ജനം; ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നതുമില്ല.”
ഈ പ്രവചനത്തിലേക്ക്
നമുക്ക് തിരികെ വരാം. അതിനു മുമ്പ് ബിലെയാമിന്റെ രണ്ടാമത്തെ പ്രവചനത്തിലേക്ക് കൂടി
പോകാം. അവിടെയും യിസ്രായേല്‍ ജനത്തിന്റെ അനുഗ്രഹത്തിന്റെ മര്‍മ്മം ബിലെയാം
വെളിപ്പെടുത്തുന്നുണ്ട്. ഒന്നാമത്തെ പ്രവചനത്തില്‍ ദേഷ്യം തോന്നിയ ബാലാക്ക്, ബിലെയാമിനെ, മറ്റൊരു
സ്ഥലത്ത്, പിസ്ഗ
കൊടുമുടിയിൽ സോഫീം എന്ന മുകൾപ്പരപ്പില്‍ നിറുത്തി. ഇവിടെയും യഹോവ ബിലെയാമിന് ഒരു
വചനം നല്കി. അവന്‍ പ്രവചിച്ചതില്‍ പ്രധാനപ്പെട്ട ഒരു വാചകം
ഇതായിരുന്നു:
സംഖ്യാപുസ്തകം 23: 21, 23
21 “യാക്കോബിൽ തിന്മ കാണ്മാനില്ല; യിസ്രായേലിൽ കഷ്ടത ദർശിപ്പാനുമില്ല; അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കുന്നു; രാജകോലാഹലം
അവരുടെ മദ്ധ്യേ ഉണ്ടു.”
23 ആഭിചാരം യാക്കോബിന്നു പറ്റുകയില്ല;
ലക്ഷണവിദ്യ യിസ്രായേലിനോടു ഫലിക്കയുമില്ല;”
(21 "He has not observed iniquity in Jacob, Nor has He seen wickedness in Israel. The LORD his God is with him, And the shout of a King is among them. - NKJV)
ബിലെയാമിന്റെ മൂന്നാമത്തെ പ്രവചനത്തില്‍ അവന്‍ ഇങ്ങനെ പറഞ്ഞ് നിറുത്തി: “നിന്നെ (യിസ്രായേലിനെ) അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ. (24: 9). ഈ മൂന്നു പ്രവചനങ്ങളില്‍ നിന്നും നമ്മള്‍ മനസ്സിലാക്കുന്നത് ഇതാണ്: ദൈവം അബ്രാഹാമിന് കൊടുത്ത സംരക്ഷണത്തിന്റെ വാഗ്ദത്തം അവന്റെ സന്തതി പരമ്പരയായ യിസ്രയേല്യരുടെമേല്‍ ഉണ്ടായിരുന്നു. അവരെ അനുഗ്രഹിക്കുന്നവരെ യഹോവ അനുഗ്രഹിക്കും, അവരെ ശപിക്കുന്നവരെ യഹോവ ശപിക്കും. എന്നാല്‍ ഇതിനൊരു ആത്മീയ മര്‍മ്മം കൂടി ഉണ്ട്. അത് ഒന്നാമത്തെയും രണ്ടാമത്തെയും പ്രവചനത്തില്‍ ബിലെയാം പറയുന്നുണ്ട്. അത് ഇങ്ങനെ ആണ്: “... ഇതാ തനിച്ചു പാർക്കുന്നോരു ജനം; ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നതുമില്ല.” (23:9). “യാക്കോബിൽ തിന്മ കാണ്മാനില്ല” (23: 21).
അതായത്, യിസ്രായേല്‍ ജാതികളോടു കൂടെ ഇടകലര്‍ന്ന്, ജാതീയ ദേവന്മാരെ ആരാധിച്ച്, അവരുടെ ജീവിത രീതികളെ പിന്തുടര്‍ന്ന് ജീവിക്കുന്നവര്‍ അല്ല. അവര്‍ ജാതികളില്‍ നിന്നും വേറിട്ട്, ജാതികളുടെ കൂട്ടത്തില്‍ എണ്ണപ്പെടാതെ, തനിയെ പാര്‍ക്കുന്ന ജനമാണ്. അതിനാല്‍ അവരില്‍ തിന്മ കാണാനില്ല. അതുകൊണ്ട്, “ആഭിചാരം യാക്കോബിന്നു പറ്റുകയില്ല; ലക്ഷണവിദ്യ യിസ്രായേലിനോടു ഫലിക്കയുമില്ല;” (23: 23). എന്നു മാത്രമല്ല, യിസ്രായേലിനെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; യിസ്രായേലിനെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ. (24:9).
ഇതാണ് യിസ്രയേലിന്റെ മേലുള്ള ദൈവീക അനുഗ്രഹങ്ങളുടെ പിന്നിലെ ആത്മീയ രഹസ്യം. ഇതിനാലാണ് അവര്‍, “കാള വയലിലെ പുല്ലു നക്കിക്കളയുന്നതുപോലെ” അവരുടെ ശത്രുക്കളെ നക്കിക്കളഞ്ഞത്. (സംഖ്യാപുസ്തകം 22: 4).
ഇതേ ദൈവീക വാഗ്ദത്തം പുതിയനിയമ യിസ്രായേല്‍ ആയ നമ്മളുടെ മേലും ഉണ്ട്. ദൈവം അശക്തനോ, അവിശ്വസ്തനോ അല്ല. അതിനാല്‍ ഇന്നും ഈ വാഗ്ദത്തങ്ങള്‍ക്ക് ക്ഷീണം വന്നിട്ടില്ല. എന്നാല്‍ ദൈവീക അനുഗ്രഹവും സംരക്ഷണവും, ജാതികളോട് കൂടെ ചേരാതെ, തനിച്ചു പാര്‍ക്കുന്ന ജനത്തിന് ഉള്ളതാണ്. തിന്മ അശേഷം ഇല്ലാത്ത ജനത്തിന് ഉള്ളതാണ്. അങ്ങനെ ഉള്ള പുതിയനിയമ വിശ്വാസികളും യഹോവയാല്‍ അനുഗ്രഹിക്കപ്പെട്ടവര്‍ ആണ്. അവരെ ആരും ശപിക്കുകയില്ല. അവര്‍ക്ക് ആഭിചാരം പറ്റുകയില്ല; ലക്ഷണവിദ്യയും അവര്‍ക്ക് ഫലിക്കയുമില്ല. ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടാത്ത പുതിയനിയമ വിശ്വാസികളും, കാള വയലിലെ പുല്ലു നക്കിക്കളയുന്നതുപോലെ അവരുടെ ശത്രുക്കളെ നക്കിക്കളയും.
യിസ്രായേല്‍ ജനത്തെ ശപിക്കാതെ, അവരെ അനുഗ്രഹിച്ചതിന് ശേഷം ബിലെയാം തിരികെപോയി എന്നാണ് സംഖ്യാപുസ്തകം 24: 25 പറയുന്നത്. ബിലെയാം പറഞ്ഞതൊന്നും അവന്റെ വാക്കുകള്‍ ആയിരുന്നില്ല, യഹോവ അവന് നല്കിയ അരുളപ്പാടുകള്‍ ആയിരുന്നു. എന്നാല്‍, അതുകൊണ്ടു അവന്‍ വിശുദ്ധനാകുന്നില്ല. അവന്‍ ദുഷ്ടനായ ഒരു വെളിച്ചപ്പാടുകാരന്‍ തന്നെ ആയിരുന്നു. യഹോവയുടെ അരുളപ്പാടുകളില്‍ നിന്നും ബിലെയാം, യിസ്രായേല്‍ ജനത്തിന്റെ അനുഗ്രഹത്തിന്റെയും ജയത്തിന്റെയും രഹസ്യം മനസ്സിലാക്കി. അത് യിസ്രായേല്‍ ജനത്തിന്റെ വേര്‍പാട് ആയിരുന്നു. യിസ്രായേല്‍ ജാതികളോടു ഇടകലരാതെ, വേര്‍പെട്ട് തനിച്ചു പാര്‍ത്തു. അതിനാല്‍ അവരുടെ ഇടയില്‍ തിന്മ ഇല്ലായിരുന്നു. വേര്‍പാടായിരുന്നു യിസ്രയേലിന്റെ അനുഗ്രഹം. വേര്‍പാടായിരുന്നു അവരുടെ ജയത്തിന്റെ മര്‍മ്മം. അതിനാല്‍ ഈ വേര്‍പാട് ഇല്ലാതായാല്‍ യിസ്രയേലിന്റെ ദൈവീക അനുഗ്രവും അവരുടെ ശക്തിയും ജയയവും ഇല്ലാതാകും. ഇതാണ് അവന്‍ ബാലാക്കിന് കൊടുത്ത ഉപദേശം.
ബിലെയാമിന്റെ ദുഷ്ട ഉപദേശത്തെക്കുറിച്ച്, 1
കൊരിന്ത്യര്‍ 10: 8 ലും വെളിപ്പാടു 2: 14 ലും പരാമര്‍ശമുണ്ട്.
വെളിപ്പാട് 2: 14 എങ്കിലും നിന്നെക്കുറിച്ചു കുറഞ്ഞോരു കുറ്റം പറവാൻ ഉണ്ടു; യിസ്രായേൽമക്കൾ വിഗ്രഹാർപ്പിതം തിന്നേണ്ടതിന്നും ദുർന്നടപ്പു ആചരിക്കേണ്ടതിന്നും അവരുടെ മുമ്പിൽ ഇടർച്ചവെപ്പാൻ ബാലാക്കിന്നു ഉപദേശിച്ചുകൊടുത്ത ബിലെയാമിന്റെ ഉപദേശം പിടിച്ചിരിക്കുന്നവർ അവിടെ നിനക്കുണ്ടു.
ഈ വേദഭാഗം, പത്മോസില്‍ ആയിരുന്ന യോഹന്നാന്റെ കൈവശം യേശുക്രിസ്തു ഏല്‍പ്പിച്ച, പെര്‍ഗ്ഗമൊസിലെ സഭയ്ക്കുള്ള ദൂതില്‍ ഉള്ളതാണ്. അവരുടെ ഇടയില്‍, ബിലെയാമിന്റെ ഉപദേശത്തില്‍ വീണുപോയ ചിലര്‍ ഉണ്ട് എന്നു കര്‍ത്താവ് ചൂണ്ടിക്കാണിക്കുക ആണ്. ബിലെയാമിന്റെ ഉപദേശം എന്തായിരുന്നു എന്നു ഇവിടെ പറയുന്നുണ്ട്. യിസ്രായേല്‍ ജനത്തിന്റെ വേര്‍പാടും, അവരുടെ ശക്തിയും ജയവും ഇല്ലാതെയാക്കുവാന്‍, ബിലെയാം ബാലാക്കിന് നല്കിയ ഉപദേശങ്ങള്‍ ആണിവ. അത് യിസ്രായേല്‍ ജനത്തിന് ഇടര്‍ച്ചയായി. യിസ്രായേല്‍ വിഗ്രഹാര്‍പ്പിതം ഭക്ഷിച്ചു, മോവാബ്യ സ്ത്രീകളുമായി ദുര്‍ന്നടപ്പ് ആചരിച്ചു. തനിച്ചു പാര്‍ത്തിരുന്ന ജനം ജാതികളുമായി ഇടകലര്‍ന്ന് ജീവിക്കുവാന്‍ തുടങ്ങി. അവര്‍ തനിച്ചു പാര്‍ക്കുന്ന ജനം അല്ലാതെയായി. യിസ്രായേലിനെ ജാതികളുടെ കൂട്ടത്തില്‍ എണ്ണുവാന്‍ തുടങ്ങി. അവരുടെ ഇടയില്‍ തിന്മ ഉണ്ടായി.
യിസ്രയേലിന്റെ വീഴ്ചയുടെ ചരിത്രമാണ് സംഖ്യാപുസ്തകം 25 ആം അദ്ധ്യായത്തില്‍ നമ്മള്‍ വായിക്കുന്നത്. അതിന്റെ വിവരണങ്ങള്‍ നമുക്ക് ഇവിടെ പ്രധാനമല്ല. എങ്കിലും എന്താണ് സംഭവിച്ചത്, അതിന്റെ ഫലമായി യിസ്രായേലിന് എന്തു സംഭവിച്ചു എന്ന് അറിയുന്നത് ആവശ്യമാണ്. ഈ അദ്ധ്യായത്തില്‍ വിവരിക്കുന്ന ദുര്‍ന്നടപ്പിനെ ആണ് ബിലെയാമിന്റെ ഉപദേശം എന്ന് വിളിക്കുന്നത്.
സംഖ്യാപുസ്തകം 25 ആം അദ്ധ്യായത്തില്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു: “യിസ്രായേൽ ശിത്തീമിൽ പാർക്കുമ്പോൾ ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി.” ശിത്തീം എന്നത് അവര്‍ താമസിച്ചിരുന്ന മോവാബ്യ സമഭൂമിയുടെ പേരാണ്. മോവാബ്യ സ്ത്രീകള്‍, യിസ്രായേല്‍ ജനത്തെ അവരുടെ ദേവന്മാരുടെ ബലികൾക്കു ക്ഷണിക്കുകയും യിസ്രായേല്‍ ജനം അതില്‍ പങ്കെടുത്ത് ഭക്ഷിച്ചു മോവാബ്യരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു. അങ്ങനെ “യിസ്രായേൽ ബാൽപെയോരിനോടു ചേർന്നു”. (25: 3). ഈ സംഭവത്തെക്കുറിച്ച്, സങ്കീര്‍ത്തനങ്ങള്‍ 106: 28 ല്‍ പറയുന്നതിങ്ങനെ ആണ്: “അനന്തരം അവർ ബാൽപെയോരിനോടു ചേർന്നു; പ്രേതങ്ങൾക്കുള്ള ബലികളെ തിന്നു.”
വേര്‍പാട് നഷ്ടപ്പെട്ട യിസ്രായേലിന് ദൈവീക അനുഗ്രഹവും നഷ്ടമായി. യിസ്രയേലിനെക്കുറിച്ചുള്ള ഭയം ജാതികള്‍ക്ക് ഇല്ലാതെയായി. യിസ്രയേലിന്റെ ശക്തി നഷ്ടപ്പെട്ടു. അവര്‍ ജയാളികള്‍ അല്ലാതെയായി.
അതിനാല്‍, യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു. യിസ്രായേല്‍ ജനത്തിന്റെ വേര്‍പാട് കാത്തു സൂക്ഷിക്കുന്നതില്‍ വീഴ്ചവരുത്തിയ ജനത്തിന്റെ തലവന്‍മാരെ പരസ്യമായി തൂക്കിക്കൊല്ലുവാന്‍ യഹോവ കല്‍പ്പിച്ചു. അങ്ങനെ അവരെ പരസ്യമായ കാഴ്ചയാക്കി. ബാൽപെയോരിനോടു ചേർന്ന യിസ്രയേല്യരെ കൊല്ലുവാനും യഹോവ കല്‍പ്പിച്ചു. പുരോഹിതനായ അഹരോന്‍റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ്, ഒരു യിസ്രായേല്‍ പുരുഷനെയും മിദ്യാന്യസ്ത്രീയെയും കുന്തംകൊണ്ട് കുത്തിക്കൊന്നു. ഫീനെഹാസ് യഹോവയ്ക്കുവേണ്ടി തീഷ്ണതയോടെ പ്രവര്‍ത്തിച്ചു. ജനത്തില്‍ യഹോവയ്ക്കായി തീഷ്ണത ഉള്ള ഒരുവന്‍ എഴുന്നേറ്റപ്പോള്‍, ബാധ യിസ്രായേൽമക്കളെ വിട്ടുമാറി. ദൈവം, ഫീനെഹാസിനും അവന്റെ സന്തതിക്കും നിത്യ പൌരോഹിത്യത്തിന്റെ നിയമം കൊടുത്തു. യഹോവയുടെ കോപം കൊണ്ടുള്ള ബാധകൊണ്ടു മരിച്ചുപോയവർ ഇരുപത്തിനാലായിരം പേർ ആയിരുന്നു.
ബിലെയാമിന്റെയും അവന്റെ ഉപദേശത്തിന്റെയും അതിന്‍ മൂലമുണ്ടായ യിസ്രായേല്‍ ജനത്തിന്റെ തകര്‍ച്ചയുടെയും ചരിത്രം ഇവിടെ അവസാനിക്കുകയാണ്. എന്താണ് നമ്മള്‍ ഇതില്‍ നിന്നും പഠിക്കേണ്ടുന്നത്? ദൈവീക അനുഗ്രഹം ദൈവീക സംരക്ഷണം ആണ്. അതിന്റെ രഹസ്യമോ, ജാതികളില്‍ നിന്നുള്ള വേര്‍പാടാണ്.
ബിലെയാമിന്റെ ഉപദേശത്തെക്കുറിച്ചു, വെളിപ്പാടു പുസ്തകത്തിലെ പരാമര്‍ശത്തിലേക്ക് നമുക്ക് തിരികെ പോകാം. പത്മോസ് ദീപിലേക്ക് നാടുകടത്തപ്പെട്ട യോഹന്നാന് യേശുക്രിസ്തു പ്രത്യക്ഷന്‍ ആയി നല്‍കിയ വെളിപ്പാടുകളുടെ രേഖയാണല്ലോ വേദപുസ്തകത്തിലെ അവസാന പുസ്തകമായ വെളിപ്പാട് പുസ്തകം. അതിലെ 2, 3 അദ്ധ്യായങ്ങളില്‍, അന്ന് നിലവിലിരുന്ന ഏഴ് സഭകള്‍ക്കുള്ള പ്രത്യേകമായ ദൂത്, യേശുക്രിസ്തു യോഹന്നാനെ ഏല്‍പ്പിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. ഈ കത്തുകളുടെ പ്രാഥമിക ഉദ്ദേശ്യം അന്ന് നിലവില്‍ ഉണ്ടായിരുന്നതും, കത്തുകളില്‍ പറയുന്നതുമായ പ്രാദേശിക സഭകള്‍ക്കുള്ള പ്രത്യേക സന്ദേശം ആയിരുന്നു. ഒപ്പം ഈ ദൂതുകള്‍ എല്ലാം, ചരിത്രത്തില്‍ എക്കാലവും ഉള്ള ആഗോള സഭകള്‍ക്കും വ്യക്തികള്‍ക്കും ഉള്ള സന്ദേശങ്ങള്‍ ആണ്. എല്ലാ ദൂതുകളും, എക്കാലത്തെയും, എല്ലായിടത്തെയും സഭകള്‍ക്കും വിശ്വാസികള്‍ക്കും ഉള്ളതാണ്. ഒരു സന്ദേശവും കാലഹരണപ്പെട്ടിട്ടില്ല. എല്ലാ ദൂതുകള്‍ക്കും സഭയുടെ ചരിത്രത്തില്‍ ഒരു സമാന്തര കാലഘട്ടം ഉണ്ട് എന്നു വേദപണ്ഡിതന്മാര്‍ കരുതുന്നു.
വെളിപ്പാടു 2: 12 – 17 വരെയുള്ള ദൂത് പെര്‍ഗ്ഗമൊസ് എന്ന സ്ഥലത്തെ സഭയ്ക്ക് ഉള്ളതാണ്. ഇവിടെ ആണ് ബിലെയാമിന്റെ ഉപദേശത്തെക്കുറിച്ച് നമ്മള്‍ വായിക്കുന്നത്. പെര്‍ഗ്ഗമൊസ് സഭയുടെ സമാന്തര കാലഘട്ടം 313 AD മുതല്‍ 538 AD വരെയാണ്. ഈ ചരിത്രകാലഘട്ടത്തില്‍ ആത്മീയമായും സാന്മാര്‍ഗ്ഗീകമായും സഭ തളരുകയും സഭയില്‍ മാലിന്യം കലരുകയും ചെയ്തു. അതിനു മുമ്പ് കൊടിയ ഉപദ്രവങ്ങള്‍ ഉണ്ടായി എങ്കിലും സഭ തകര്‍ന്നില്ല. അതിനാല്‍ നീക്ക് പോക്കുകളിലൂടെ സഭയുടെ ഉപദേശങ്ങളെ തകര്‍ക്കുവാന്‍ പിശാച് ശ്രമിച്ചു. ഈ കാലഘട്ടത്തില്‍, ജാതികളുമായുള്ള വേര്‍പാടിനായി, അതീവ ശ്രദ്ധയോടെ പോരാടി നില്‍ക്കുന്നതില്‍ സഭ പരാജയപ്പെട്ടു. തല്‍ഫലമായി, സഭയുടെ മൂല്യങ്ങള്‍ നശിക്കുവാന്‍ തുടങ്ങി; ആത്മീയ, സാന്മാര്‍ഗ്ഗീക നിലവാരം താഴ്ന്നു; ജാതീയ ആരാധനയും ജീവിത ശൈലിയും സഭ സ്വീകരിക്കുവാന്‍ തുടങ്ങി. പ്രാദേശിക സംസ്കാരത്തിന്‍റെയും നാട്ടുനടപ്പിന്റെയും പേരില്‍, അനേകം ജാതീയ രീതികള്‍ സഭ സ്വീകരിച്ചു. ജാതീയ ആചാരങ്ങളെയും, ഉത്സവങ്ങളെയും, അടയാളങ്ങളെയും, പാരമ്പര്യങ്ങളെയും, ക്രൈസ്തവ സഭ, പുനര്‍നാമകരണം ചെയ്യുകയും, പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കുകയും ചെയ്ത് സഭയ്ക്കുള്ളിലേക്ക് സ്വീകരിച്ചു. തല്‍ഫലമായി സഭയുടെ ആത്മീയ ശക്തി ക്ഷയിച്ചു. ക്രമേണ, ഇന്ന് നമ്മള്‍ കാണുന്ന, സാമൂഹ്യ സംഘടനയായി സഭകള്‍ അധപ്പതിച്ചു.
ഇന്നത്തെ ക്രൈസ്തവ സഭകള്‍ ശക്തി ക്ഷയിച്ച പേക്കോലങ്ങള്‍ മാത്രമാണ്. ജാതീയ ലോകത്തിന്റെ ഇംഗിതത്തിന് അനുസരിച്ച് തുള്ളിക്കൊണ്ടിരിക്കുന്ന ശിംശോനെപ്പോലെ ആണ്. സഭ ലോകത്തെ സ്വാധീനിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. സഭ ലോകത്തിന്റെ ഉപ്പും വെളിച്ചവുമായിരുന്ന പഴയകാലം ഇന്ന് ഓര്‍മ്മയില്‍ നിന്നുപോലും മാഞ്ഞുപോകുകയാണ്. ഇന്ന് ലോകം സഭയെ നിയന്ത്രിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തോട് ചേരുവാനാണ് സഭ ഇന്ന് വ്യഗ്രത കാണിക്കുന്നത്. സുവിശേഷ വിഹിത സഭകള്‍ എന്നും വേര്‍പെട്ടവര്‍ എന്നും സ്വയം വിശേഷിപ്പിക്കുന്നവര്‍ പോലും ഇന്ന് ജാതീയ ആചാരങ്ങളുടെ ചുമടു ചുമക്കുന്നവര്‍ ആണ്. നമ്മള്‍ അതിനെ നാട്ട് നടപ്പ് എന്നോ ദേശീയത എന്നോ വിളിച്ചേക്കാം. പക്ഷേ ക്രൈസ്ത സഭയ്ക്ക് ഒരു സംസ്കാരമേ ഉള്ളൂ, ഒരു നടപ്പേ ഉള്ളൂ. അത് ദൈവരാജ്യത്തിന്റെ പ്രമാണങ്ങള്‍ അനുസരിച്ചുള്ള വേര്‍പെട്ട ജീവിതമാണ്. വേര്‍പാട് നഷ്ടപ്പെട്ടാല്‍ ദൈവജനത്തിന്റെ സ്ഥിതി എന്താവും എന്ന് ഇന്നത്തെ സഭയെ നോക്കിയാല്‍ വേഗം മനസ്സിലാകും.
നമ്മളുടെ കര്‍ത്താവ് ഇങ്ങനെയുള്ള ഒരു സഭയെ അല്ല രൂപപ്പെടുത്തിയത്. യോഹന്നാന്റെ സുവിശേഷം 17: 16 ല്‍ യേശുക്രിസ്തു പ്രാര്‍ത്ഥിക്കുന്നതിങ്ങനെ ആണ്: “ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല.” ലോകത്തോട് ഇടകലര്‍ന്ന് ജീവിക്കുവാനല്ല, ലോകത്തില്‍ നിന്നും വേര്‍പെട്ട് ജീവിക്കുവാനാണ് കര്‍ത്താവ് നമ്മളെ വിളിച്ചത്. എങ്കിലും, നമ്മളുടെ ചുറ്റിനുമുള്ള ക്രൈസ്തവ വിശ്വാസികളുടെ ഇന്നത്തെ ആത്മീയ അവസ്ഥ നമ്മളെ നിരാശപ്പെടുത്തുന്നുണ്ട്. എങ്കിലും, നമുക്ക് ആശ്വാസത്തിന്നും പ്രത്യാശയ്ക്കും വകയുണ്ട്.
പെര്‍ഗ്ഗമൊസ് സഭയോടുള്ള ദൂതില്‍, അവിടെ വിശ്വസ്തതയോടെ ജീവിച്ച ഒരു കൂട്ടരെക്കുറിച്ചും പറയുന്നുണ്ട്. അവരെക്കുറിച്ച് കര്‍ത്താവ് പറഞ്ഞതിങ്ങനെ ആണ്: “നീ എന്റെ നാമം മുറുകെ പിടിച്ചിരിക്കുന്നു; നിങ്ങളുടെ ഇടയിൽ, ... എന്റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസിനെ കൊന്ന കാലത്തുപോലും നീ എങ്കലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല.” (വെളിപ്പാട് 2: 13).
സഭയുടെ ചരിത്രത്തില്‍, അനേകം കാലഘട്ടങ്ങളില്‍, വേര്‍പാടില്‍ നിന്നും വീണുപോയ ഭൂരിപക്ഷത്തെ നമുക്ക് കാണാം. എന്നാല്‍ എക്കാലത്തും സത്യസന്ധതയോടെ ജീവിച്ച ഒരു ചെറിയ കൂട്ടം ഉണ്ടായിരുന്നു. എത്ര ഭയങ്കരമായ ആത്മീയ തകര്‍ച്ച, ഏത് കാലത്തുണ്ടായാലും, അപ്പോഴെല്ലാം വിശുദ്ധന്മാരുടെ ഒരു ചെറിയ കൂട്ടമെങ്കിലും അവശേഷിക്കും.
1 രാജാക്കന്മാര്‍ 19 ആം അദ്ധ്യായത്തില്‍, പ്രവാചകനായ ഏലീയാവിന്റെ ജീവചരിത്രത്തിലെ ഒരു പ്രധാന സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. ഈസേബെലിന്റെ ഭീഷണിയില്‍ ഭയപ്പെട്ട് ഓടി ഒളിച്ച ഏലീയാവ്, മരുഭൂമിയില്‍, ചൂരച്ചെടിയുടെ തണലില്‍ കിടന്നുറങ്ങി. അവിടെ ദൈവം അവനോട് സംസാരിച്ചു. ഏലീയാവ് ദൈവത്തോട് പറഞ്ഞു: “...യിസ്രായേൽമക്കൾ നിന്റെ നിയമത്തെ ഉപേക്ഷിച്ചു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു നിന്റെ പ്രവാചകന്മാരെ വാൾകൊണ്ടു കൊന്നുകളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു എന്നു പറഞ്ഞു.” (19:10). എന്നാല്‍ അവനോട് ദൈവം പറയുന്ന മറുപടി ഇങ്ങനെ ആണ്: “എന്നാൽ ബാലിന്നു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരം പേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു.” (19:18). അതായത്, എക്കാലത്തും, എത്ര പ്രതികൂല സാഹചര്യത്തിലും, വേര്‍പാടും വിശുദ്ധിയും സൂക്ഷിച്ച് ദൈവത്തെ ആരാധിക്കുന്ന ഒരു കൂട്ടം ഉണ്ടായിരിക്കും. അവര്‍ ഒരിയ്ക്കലും അശേഷം ഇല്ലാതാകില്ല.
ഈ സന്ദേശം ചുരുക്കുവാന്‍ ആഗ്രഹിക്കുന്നു. പഴയനിയമത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന യിസ്രയേലിന്റെ ചരിത്രത്തില്‍, ശ്രദ്ധേയനായി എന്നും നില്‍ക്കുന്ന ഒരു വ്യക്തിയാണ് ശിംശോന്‍. അവന്‍ ജനിക്കുന്നതിന് മുമ്പ് ദൈവം അവനെ നാസീര്‍ വ്രതക്കാരനായി തിരഞ്ഞെടുത്തതാണ്. പഴയനിയമ പ്രമാണ പ്രകാരം, നാസീര്‍ വ്രതം അനുഷ്ഠിക്കുന്നവന്‍, ജീവിത രീതിയില്‍ ബാഹ്യമായ ഒരു വേര്‍പാട് അനുഷ്ഠിക്കേണം. അവന്റെ നാസീര്‍ വ്രതം ഇത്തരം വേര്‍പാടുമായി ബന്ധിക്കപ്പെട്ടിരുന്നു. അതിനാല്‍, വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയുമരുതു, അവന്റെ തലയിൽ ക്ഷൌരക്കത്തി തൊടുവിക്കരുതു എന്നൊക്കെയുള്ള പ്രമാണങ്ങള്‍ ശിംശോന് ഉണ്ടായിരുന്നു. അതായത് അവന്റെ ശക്തി അവന്‍ സൂക്ഷിയ്ക്കുന്ന വേര്‍പാടില്‍ അധിഷ്ഠിതമായിരുന്നു. ഈ വേര്‍പാട് പിന്നീട് ശിംശോന് നഷ്ടമായി. ഫലമായി, യിസ്രയേലിന്റെ ശത്രുക്കളായിരുന്ന ഫെലിസ്ത്യര്‍ അവനെ പിടിച്ചു. അവന്‍ അശക്തന്‍ ആയി, അവരുടെ അടിമയായി. അവന്റെ തകര്‍ച്ച ഭയങ്കരം ആയിരുന്നു. അവന്റെ ജീവിതത്തിന്റെ അവസാനത്തില്‍, അവന്‍ ഫെലിസ്ത്യരുടെ ക്ഷേത്രത്തില്‍ ഒരു പരിഹാസപാത്രമായി നിന്നു.
ഇന്നത്തെ ക്രൈസ്തവരുടെ ഒരു നേര്‍ കാഴ്ചയാണ് ശിംശോന്‍. വേര്‍പാട് നഷ്ടപ്പെട്ട സഭ ഇന്ന് ലോകത്തിന്റെ ഹിതത്തിന് അനുസരിച്ച്, ലോകക്കാരുടെ മുന്നില്‍ ഒരു പരിഹാസമായി നിലനില്‍ക്കുന്നു. എന്നാല്‍ നമ്മള്‍ നിരാശപ്പെടേണ്ടതില്ല. ഇപ്പൊഴും ജാതീയ ജീവിത രീതികളുമായും, ലോകവുമായും വേര്‍പാട് നഷ്ടപ്പെടാത്ത ഒരു ശേഷിപ്പ് അവശേഷിക്കുന്നുണ്ട്. അവര്‍ ഒരിയ്ക്കലും ഇല്ലാതെയാകില്ല. അവര്‍ക്ക് ഈ സന്ദേശം ഒരു പ്രചോദനവും, പ്രബോധനവും ആകട്ടെ. യഹോവയാല്‍ അനുഗ്രഹിക്കപ്പെട്ടവരായും, ജയോല്‍സവത്തോടെയും ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍, വേര്‍പാട് അനുഷ്ഠിക്കട്ടെ. വേര്‍പാട് ആണ് ദൈവീക അനുഗ്രഹത്തിന്റെ മര്‍മ്മം. വേര്‍പാട് ആണ് ദൈവജനത്തിന്റെ ശക്തിയും, ജയവും.
ഈ സന്ദേശം ഇവിടെ
അവസാനിപ്പിക്കട്ടെ. അതിനു മുമ്പ് ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി പറഞ്ഞുകൊള്ളട്ടെ.
തിരുവചനത്തിന്റെ
ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുന്ന അനേകം വീഡിയോകളും ഓഡിയോകളും നമ്മളുടെ online ചാനലുകളില്‍ ലഭ്യമാണ്.
വീഡിയോ കാണുവാന്‍ naphtalitribetv.com എന്ന ചാനലും ഓഡിയോ കേള്‍ക്കുവാന്‍ naphtalitriberadio.com എന്ന ചാനലും സന്ദര്‍ശിക്കുക. രണ്ടു ചാനലുകളും subscribe ചെയ്യുവാന്‍ മറക്കരുത്. അത് ഇനിയും പ്രസിദ്ധീകരിക്കുന്ന വീഡിയോ, ഓഡിയോ എന്നിവ നഷ്ടപ്പെടാതെ ലഭിക്കുവാന്‍ സഹായിക്കും.
ഇതിന്റെ എല്ലാം വേദപഠന കുറിപ്പുകളും online ല്‍ ലഭ്യമാണ്. English ല്‍ വായിക്കുവാന്‍ naphtalitribe.com എന്ന വെബ്സൈറ്റും, മലയാളത്തിനായി vathil.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.
പഠനക്കുറിപ്പുകള്‍
ഇ-ബുക്ക് ആയി ലഭിക്കുവാന്‍ whatsapp ലൂടെ ആവശ്യപ്പെടാം. ഫോണ്‍ നമ്പര്‍
9895524854. ഈ-ബുക്കുകളുടെ ഒരു interactive catalogue ലഭിക്കുവാനും whatsapp ലൂടെ ആവശ്യപ്പെടാം.
ഇ-ബുക്ക് ഓണ്‍ലൈനായി ഡൌണ്‍ലോഡ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ naphtalitribebooks.in എന്ന ബുക്ക് സ്റ്റോര്‍ സന്ദര്‍ശിക്കുക. അവിടെ നിന്നും താല്പര്യമുള്ള അത്രയും ഈ-ബുക്കുകള്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. എല്ലാ ഈ-ബുക്കുകളും സൌജന്യമാണ്.
എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്. ദൈവ വചനം ഗൌരമായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പ്രോഗ്രാമുകള്‍ മറക്കാതെ കാണുക മറ്റുള്ളവരോടും കൂടെ പറയുക.
ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!
No comments:
Post a Comment