ദൈവദാസന്മാരുടെ അകാല മരണം - Prof. Jacob Abraham


ഇന്ന് നമ്മള്‍ ഒരു പ്രധാനപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുക ആണ്: എന്തുകൊണ്ടാണ് ദൈവത്തിന്‍റെ അഭിഷിക്തര്‍ അകാലത്തില്‍ മരിക്കുന്നത്?
പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് അകാലത്തില്‍ മരിച്ച ദൈവദാസന്മാരുടെ എണ്ണത്തേക്കാള്‍ പത്ത് ഇരട്ടിയിലധികം പേര്‍ ഇന്ന് പലവിധത്തില്‍ അകാലത്തില്‍ മരിക്കുന്നുണ്ട്.
അവരില്‍ ചിലര്‍ അപകടങ്ങളില്‍ കൊല്ലപ്പെടുന്നു; ചിലര്‍ ഗുരുതരമായ രോഗങ്ങളാല്‍ മരിക്കുന്നു. ചിലര്‍ ശത്രുക്കളുടെ കൈയാല്‍ കൊല്ലപ്പെടുന്നു.
ഇതിന് ശരിയായ വിശദീകരണം നമ്മളുടെ പക്കല്‍ ഇല്ല എന്നതുകൊണ്ടാകാം നമ്മള്‍ പലപ്പോഴും തത്വഞാനത്തില്‍ അധിഷ്ടിതമായ വിശദീകരണങ്ങളില്‍ ആശ്രയിക്കുനത്.
ഇത്തരം വിശദീകരണങ്ങള്‍ മതങ്ങളുടെ വിശദീകരണം ആണ്, വേദപുസ്തകം നല്‍കുന്ന വിശദീകരണം അല്ല.
മതത്തിന്‍റെ ഭൂരിഭാഗവും തത്വജ്ഞാനം ആണ്; അവയ്ക്ക് ദൈവവചനം പോലെ തോന്നിപ്പിക്കുന്ന വാദങ്ങള്‍ അവതരിപ്പിക്കുവാന്‍ കഴിയും.

മതങ്ങള്‍ മനുഷ്യന് നല്‍കുന്ന ആശ്വസത്തെ പൊടുന്നനവെ തകര്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
യഥാര്‍ത്തത്തില്‍, ദൈവത്തിന്‍റെ അഭിഷിക്തന്മാര്‍ അകാലത്തില്‍ മരിക്കുന്നതിന് ശരിയായ വിശദീകരണം നല്‍കുവാന്‍ മനുഷ്യര്‍ക്ക്‌ ആര്‍ക്കും കഴിയുക ഇല്ല.
നമ്മള്‍ പറയുന്നതെല്ലാം, വേര്‍പെട്ടുപോയവരുടെ, ജീവിച്ചിരിക്കുന്ന പ്രിയപ്പെട്ടവരെയും നമ്മളെ തന്നെയും ആശ്വസിപ്പിക്കുവാനുള്ള തത്വജ്ഞാനം മാത്രം ആണ്.
നമ്മള്‍ മുകളില്‍ ചോദിച്ച ചോദ്യത്തിന് നേരിട്ടുള്ള ഒരു ഉത്തരം വേദപുസ്തകം തരുന്നില്ല.


ദൈവവചനത്തിനു പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കുന്ന അനുഗ്രഹിക്കപ്പെട്ട ദൈവദാസന്മാര്‍ നമ്മളുടെ ഇടയില്‍ ഉണ്ട്.
അവരെ ഞാന്‍ ബഹുമാനിക്കുന്നു; അവരെ ഓര്‍ത്ത്‌ ദൈവത്തെ സ്തുതിക്കുന്നു.
എന്നാല്‍, ഞാന്‍, ദൈവവചനം വ്യാഖ്യാനിക്കാറില്ല.
വചനം ദൈവത്തിന്‍റെതാണ് എന്നും അത് ദൈവത്തിന്‍റെ ആലോചനകള്‍ ആണ് എന്നും ഞാന്‍ വിശ്വസിക്കുന്നു.
അവയെ വ്യാഖ്യാനിച്ച് പുതിയ അര്‍ത്ഥങ്ങള്‍ നല്‍കുവാന്‍ തക്കവണ്ണം ഉള്ള ജ്ഞാനം എനിക്കോ, മറ്റ് മനുഷ്യര്‍ക്കോ ഇല്ല എന്നാണ് എന്‍റെ വിശ്വാസം.
കഴിഞ്ഞ നാളുകളില്‍, മനുഷ്യര്‍ നല്‍കിയ പുത്തന്‍ വ്യാഖ്യാനങ്ങള്‍ ആത്മീയ ജീവിതത്തിനു ഗുണമല്ല ചെയ്തിട്ടുള്ളത് എന്ന് ആര്‍ക്കും മനസ്സിലാക്കുവാന്‍ കഴിയും.
എന്നാല്‍ ഇന്നും ചില ബഹുമാന്യരായ ദൈവദാസന്മാര്‍ തങ്ങളുടെ സഞ്ചിയില്‍ തങ്ങളുടേതായ കുറെ വ്യാഖ്യാനങ്ങളുമായി ഓടിനടക്കുക ആണ്.
ഏതു വചനം കിട്ടിയാലും അതിലേക്ക് അവരുടെ കൈയില്‍ ഉള്ള വ്യാഖ്യാനങ്ങള്‍ ഇടിച്ചുകേറ്റുക ആണ്.
പുട്ടുകുറ്റിയില്‍ പുട്ട് ഇടിച്ചുകേറ്റുന്നതുപോലെ ആണിത്.
പുട്ട്, പുട്ടുകുറ്റിയില്‍ നിന്നും പുറത്തേക്ക് വരേണ്ടുന്നതിനു പകരം, പുട്ടുകുറ്റിയിലേക്ക് പുട്ട് ഇടിച്ച് കയറ്റുകയാണ്.
ഇതു വചനത്തെതന്നെ വികൃതമാക്കുന്നു.

അതുകൊണ്ട് വചനത്തിന്‍റെ അര്‍ത്ഥം വചനത്തില്‍ നിന്നും സ്വാഭാവികമായി പുറത്തേക്ക് വരട്ടെ.
വ്യാഖ്യാനങ്ങള്‍ വചനത്തിലേക്ക് ഇടിച്ചുകയറ്റുന്നത് നമുക്ക് അവസാനിപ്പിക്കാം.
വചനം വിശദീകരിക്കുവാന്‍ നമുക്ക്, ചരിത്ര പശ്ചാത്തലം, സാംസ്കാരിക പശ്ചാത്തലം, ഭാഷയുടെ പ്രത്യേകത, വചനം എഴുതപെട്ട വ്യക്തി, സാഹചര്യം എന്നിവയെ എല്ലാം ഉപയോഗിക്കാം.
എന്നാല്‍ നമ്മളുടെ വ്യാഖ്യാനങ്ങള്‍ മാത്രം വചനത്തിലേക്ക് ഇടിച്ചുകേറ്റരുത്‌.
നമ്മളുടെ ഈ ചര്‍ച്ചയില്‍ ദൈവവചനത്തെ വിശദീകരിക്കുക മാത്രമേ ഞാന്‍ ചെയ്യുന്നുള്ളൂ; ഞാന്‍ വചനത്തെ വ്യഖ്യനിക്കാറില്ല, വിശദീകരിക്കുക മാത്രമേ ചെയ്യാറുള്ളൂ.

ഈ സന്ദേശം ആദിയോടന്തം ശ്രദ്ധയോടെ കേള്‍ക്കുകയും കാണുകയും ചെയ്യേണം എന്ന് ഞാന്‍ പ്രത്യേകം അപേക്ഷിക്കുന്നു.
ഭാഗികമായി കേള്‍ക്കുന്നത് തെറ്റിദ്ധാരണകള്‍ ഉണ്ടാകുവാന്‍ കാരണമായേക്കാം.

നമ്മളുടെ ആശ്വാസം
  
1 തെസ്സലൊനീക്യര് 4:13 ല്‍ നമ്മള്‍ ഇപ്രകാരം വായിക്കുന്നു: “സഹോദരന്മാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.”
തുടര്‍ന്ന്, നമ്മളുടെ കര്‍ത്താവിന്‍റെ രഹസ്യ വരവിങ്കില്‍, മരിച്ചവര്‍ ഉയിര്‍ക്കുമെന്നും അവര്‍ക്കൊപ്പം ജീവിച്ചിരിക്കുന്നവര്‍ മേഘങ്ങളില്‍ എടുക്കപ്പെടും എന്നും പൌലോസ് പറയുന്നു.
അദ്ദേഹം ആ ഭാഗം അവസാനിപിക്കുന്നത് ഈ വാക്കുകള്‍ കൊണ്ടാണ്: “ഈ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചുകൊൾവിൻ.”
മരിച്ചവരെക്കുറിച്ച് ദുഖിക്കാതെ, അവരുടെ പുനരുദ്ധാരണം, വിശുദ്ധന്മാരുടെ ഉല്‍പ്രാപണം എന്നീ സത്യങ്ങളില്‍ പ്രത്യാശവച്ചുകൊണ്ട്‌ അന്യോന്യം ആശസിപ്പിച്ചുകൊള്ളൂവാന്‍ ആണ് പൌലോസ് ഉപദേശിക്കുന്നത്.
എന്തുകൊണ്ടാണ് അഭിഷിക്തര്‍ അകാലത്തില്‍ മരിക്കുന്നത് എന്നല്ല ഈ വേദഭാഗത്തെ വിഷയം എങ്കിലും, വിശുദ്ധന്മാരുടെ മരണത്തെക്കുറിച്ച് ഓര്‍ത്ത്‌ ആശ്വസിക്കുവാന്‍ മറ്റൊന്നും പൌലോസ് പറയുന്നില്ല.

സഭയുടെ ആദ്യകലാത്ത് അകാലത്തില്‍ മരിച്ചുപോയ അഭിഷിക്തര്‍ ആണ് സ്തെഫാനോസും യാക്കോബും.
വേദപുസ്തകത്തില്‍ ഒരിടത്തും, അവരുടെ ഇഹലോക ശുശ്രൂഷ അവസാനിച്ചതുകൊണ്ട് ദൈവം അവരുടെ ജീവനെ എടുത്തതാണ് എന്ന് പറഞ്ഞിട്ടില്ല.
അവരുടെ അകാല ദേഹവിയോഗത്തിനു വചനത്തില്‍ യാതൊരു വിശദീകരണവും ലഭ്യമല്ല.

സാധാരണയായി, ദൈവത്തിന്‍റെ അഭിഷിക്തര്‍, അകാലത്തില്‍, രോഗത്താലോ, അപകടത്തിലോ മരിക്കുമ്പോള്‍, അവരുടെ ഇഹലോക ശുശ്രൂഷ അവസാനിച്ചതിനാല്‍ ദൈവം അവരുടെ ജീവനെ എടുത്തതാണ് എന്ന് നമ്മള്‍ പറയാറുണ്ട്‌.
ജീവനോടെ ഇരിക്കുന്ന ബന്ധുമിത്രാധികളെ ആശ്വസിപ്പിക്കുവാന്‍ ഇതു നല്ല വാക്കുകള്‍ ആണ്; പക്ഷെ വേദപുസ്തക സത്യം അല്ല.
ഇത്തരം തത്വഞാനത്താല്‍ ആദിമ സഭ ഒരിക്കലും സ്തെഫാനോസിന്‍റെയോ യാക്കൊബിന്‍റെയോ മരണത്തെ വിശദീകരിച്ചില്ല.
അപ്പോസ്തല പ്രവര്‍ത്തികള്‍ 8:2 ല്‍ നമ്മള്‍ വായിക്കുന്നത് ഇങ്ങനെ ആണ്: “ഭക്തിയുള്ള പുരുഷന്മാർ സ്തെഫാനൊസിനെ അടക്കം ചെയ്തു. അവനെക്കുറിച്ചു വലിയൊരു പ്രലാപം കഴിച്ചു.
അതിന്‍റെ അര്‍ത്ഥം, സ്തെഫനോസിന്റെ ഇഹലോക ശുശ്രൂഷ അവസാനിച്ചപ്പോള്‍ ദൈവം അവന്റെ ജീവനെ എടുത്തു എന്ന തത്വഞാനത്തില്‍ അവര്‍ ആശ്വസിക്കുക ആയിരുന്നില്ല.

ഇയ്യോബിന്‍റെ കഥ

ഈ വിഷയത്തില്‍ അല്‍പ്പം വെളിച്ച ലഭിക്കേണ്ടാതിനായി നമുക്ക് ഇയ്യോബിന്‍റെ കഥയിലേക്ക് പോകാം.
ഇയ്യോബിന്‍റെ പുസ്തകം വേദപുസ്തകത്തിലെ പുസ്തകങ്ങളില്‍ ആദ്യം രചിക്കപ്പെട്ട പുസ്തകം ആയിട്ടാണ് കരുതുന്നത്.
ഇയ്യോബ് ജീവിച്ചിരുന്ന ചരിത്രകാലഘട്ടം നമുക്ക് നിശ്ചയമില്ല.
മോശെ, മിദ്യാന്യരുടെ ഇടയില്‍ ജീവിച്ചിരുന്നപ്പോള്‍ ആണ് ഈ പുസ്തകം എഴുതിയത് എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.
അക്കാലത്ത് ദൈവീക വെളിപ്പടുകള്‍ക്ക് പരിമിതി ഉണ്ടായിരുന്നതിനാല്‍, ഇയ്യോബിന്റെ പുസ്തകത്തില്‍ ലഭ്യമായ ദൈവീക വെളിപ്പടുകളുടെ അടിസ്ഥാനത്തില്‍ ഗൌരവമായ ഉപദേശങ്ങള്‍ രൂപീകരിക്കുന്നത് നല്ലതല്ല.
ഭൌതീക അനുഗ്രഹങ്ങള്‍ ദൈവ പ്രസാദത്തിന്റെയും നീതീകരണത്തിന്റെയും പ്രത്യക്ഷ അടയാളം ആയിരുന്നു എന്ന് അക്കാലത്ത് വിശ്വസിക്കപ്പെട്ടിരുന്നു.
എന്നാല്‍ ഇന്നു, ഭൌതീക അനുഗ്രഹങ്ങലെക്കുറിച്ചുള്ള നമ്മളുടെ കാഴ്ചപ്പാടിന് വ്യത്യാസം ഉണ്ട്.

ഈ പുസ്തകത്തിന്‍റെ ആരംഭത്തില്‍, വിശുദ്ധന്മാര്‍ക്ക് നേരെ അപവാദങ്ങളുമായി സാത്താന്‍ ദൈവ സന്നിധിയില്‍ നില്‍ക്കുന്നത് നമ്മള്‍ കാണുന്നു.
സാത്താന്‍ എവിടെ ആയിരുന്നു എന്ന ദൈവത്തിന്റെ ചോദ്യത്തിന്, അവന്‍ ഭൂമില്‍ ഊടാടി സഞ്ചരിക്കുക ആയിരുന്നു എന്ന് മറുപടി പറയുന്നു.
ഉടന്‍തന്നെ, ദൈവഭക്തനായ ഇയ്യോബിന്‍റെ മേല്‍ സാത്താന്‍ കണ്ണുവച്ചോ എന്ന് ദൈവം ചോദിക്കുന്നു.
ദൈവത്തിന്‍റെ ഈ ചോദ്യം, സാത്താന്‍ എപ്പോഴും ദൈവത്തിന്‍റെ അഭിഷിക്തരെ തകര്‍ക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കും എന്നും അതിനു ദൈവത്തിന്‍റെ അനുവാദം ആവശ്യമില്ല എന്നുമാണ്.
എന്നാല്‍ ദൈവം ഇയ്യോബിന് ചുറ്റും വേലികെട്ടി സൂക്ഷിച്ചിരിക്കുന്നതിനാല്‍ സാത്താന് യാതൊരു ദോഷവും ചെയ്യുവാന്‍ കഴിഞ്ഞില്ല എന്ന് അവന്‍ ഏറ്റുപറഞ്ഞു.
ഇയ്യോബിന്‍റെ ഭൌതീക നന്മകള്‍ കാരണമാണ് അവന്‍ ദൈവത്തോടെ കൂറ് പുലര്‍ത്തുന്നത് എന്ന് സാത്താന്‍ ആരോപിച്ചു.
ഭൌതീക നന്മകള്‍ നഷ്ടപ്പെട്ടാലും ഇയ്യോബ് ദൈവത്തെ ആരാധിക്കും എന്ന് ദൈവത്തിന് നിശ്ചയം ഉണ്ടായിരുന്നതിനാല്‍ അവന്‍റെ ഭൌതീക നന്മകളില്‍ കൈവെക്കുവാന്‍ ദൈവം സാത്താനെ അനുവദിച്ചു.
എന്നാല്‍ അതിനായി ദൈവം ഇയ്യോബിന് ചുറ്റും കെട്ടിയിരുന്ന വേലി പൊളിച്ചുകളഞ്ഞതായി വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടില്ല.
ദൈവം താനും നേരിട്ട് ഇയ്യോബിന് ഒരു ദോഷവും ചെയ്തില്ല; ഇയ്യോബിന്റെ ഭൌതീക നന്മകളില്‍ തൊടുവാന്‍ സാത്താന് അനുവാദം കൊടുക്കുക മാത്രമേ ചെയ്തുള്ളൂ.

ആദ്യത്തെ പരീക്ഷ പരാജയപ്പെട്ടപ്പോള്‍ സാത്താന്‍ വീണ്ടും ദൈവത്തിന്‍റെ അടുക്കല്‍ എത്തി.
ഇയ്യോബിന്റെ “അസ്ഥിയും മാസവും ഒന്ന് തോടുക; അവന്‍ നിന്റെ മുഖത്തു നോക്കി ത്യജിച്ചു പറയും” എന്നായി സാത്താന്റെ അടുത്ത ആരോപണം.
ഇയ്യോബ് 2:6 ല്‍ യഹോവ സാത്തനോട് ഇങ്ങനെ പ്രത്യേകം പറയുന്നുണ്ട്: “അവന്‍റെ പ്രാണനെ മാത്രം തൊടരുത്”.

ഇവിടെ ഒരു ചോദ്യം ഉയരുന്നുണ്ട്: എന്തുകൊണ്ടാണ് ദൈവം ഇയ്യോബിന്റെ പ്രാണനെ തൊടരുത് എന്ന് പ്രത്യേകം കല്‍പ്പിച്ചത്?
ദൈവം അങ്ങനെ പ്രത്യേകം കല്‍പ്പിചില്ലായിരുന്നു എങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു?
തീര്‍ച്ചയായും സാത്താന്‍ ഇയ്യോബിന്‍റെ പ്രാണനെ തൊടുകയും അവന്‍ മരിക്കുകയും ചെയ്യുമായിരുന്നു.
അതുകൊണ്ടാണ് ഇയ്യോബിന്‍റെ സര്‍വ്വനന്മകളുടെമേലും ശരീരത്തിന്മേലും കൈവെക്കുവാന്‍ സാത്താനെ അനുവദിച്ചപ്പോഴും ജീവന്‍റെമേല്‍ കൈവേക്കരുത് എന്ന് ദൈവം പ്രത്യേകം കല്‍പ്പിക്കുന്നത്.
ദൈവം ഇയ്യോബിന്‍റെ ചുറ്റും കെട്ടിയിരുന്ന വേലി പോളിച്ചുകളഞ്ഞതായി വചത്തില്‍ രേഖപ്പെടുത്തിയിട്ടും ഇല്ല.

ഇതിന്‍റെ അര്‍ത്ഥം സാത്താന് ഒരു മനുഷ്യന്‍റെ ജീവനെ എടുത്തുകളയുവാന്‍ കഴിയും എന്നല്ലേ?
ആദ്യകാല വിശ്വാസികള്‍ക്ക് സ്തെഫാനോസിന്റെയും യാക്കോബിന്റെയും ജീവനെ പിശാചു എടുത്തുകളഞ്ഞതാണ് എന്നതില്‍ സംശയം ഉണ്ടായിരുന്നില്ല.
അവരുടെ ഭൌതീക ശുശ്രൂഷകള്‍ അവസാനിച്ചതിനാല്‍ ദൈവം അവരുടെ ജീവന്‍ അകാലത്തില്‍ എടുത്തതാണ് എന്ന തത്വഞാനത്തില്‍ വിശ്വാസികള്‍ ആശ്വസിച്ചില്ല.
മദ്ധ്യാകാശത്തില്‍, മേഘങ്ങളില്‍, ക്രിസ്തുവിനോടുകൂടെ അവരെ വീണ്ടും കാണാം എന്നതായിരുന്നു അവരുടെ പ്രത്യാശ.

കാരണം, മരണം ദൈവത്തിന്‍റെ ആയുധമോ, പരിഹാരമാര്‍ഗ്ഗമോ അല്ല.
ദൈവത്തിന്‍റെ പക്കല്‍ മരണത്തിന്‍റെ നീക്കുപോക്കുകള്‍ ആണ് ഉള്ളത്.
മരണം സാത്താന്റെ ആയുധം ആണ്.

ഹാബേലിന്‍റെ മരണം

ഇനി നമുക്ക് വേദപുസ്തകത്തിലെ ആദ്യത്തെ പുസ്തകമായ ഉല്‍പ്പത്തിയിലേക്ക് പോകാം.
അനുഗ്രഹിക്കപ്പെട്ട ഒരു ആരാധനയ്ക്ക് ശേഷം ദൈവത്തിന്‍റെ പ്രസാദം ലഭിച്ച ഹാബെലിനെ, ദൈവം തള്ളിക്കളഞ്ഞ കയീന്‍ കൊന്നു.
ഇവിടെ, തന്‍റെ ഭൌതീക ശുശ്രൂഷകള്‍ അവസാനിച്ചതിനാല്‍ ഹാബെലിന്‍റെ ജീവനെ ദൈവം എടുത്തതല്ല.
ഉല്‍പ്പത്തി 3 ല്‍ ദൈവം ആദമിനും ഹവ്വയ്ക്കും കാണിച്ചുകൊടുത്ത മാതൃക പ്രകാരം ഹാബേല്‍ ദൈവത്തിന് യാഗം കഴിച്ചു.
അതിന്‍റെ പേരില്‍, ഹാബെലിനെ സ്വന്തം സഹോദരന്‍ കൊന്നു.
നമ്മളുടെ ഭാഷയില്‍, ഇന്നത്തെ സാഹചര്യത്തില്‍ പറഞ്ഞാല്‍, ദൈവത്തിന് പ്രസാധകരമായ ശുശ്രൂഷ ചെയ്തതിന്‍റെ പേരിലാണ് ഹാബേലിനെ കയീന്‍ കൊന്നത്.
ഉല്‍പ്പത്തി 4:10 ല്‍ ദൈവം കയീനോട് പറയുന്നതിങ്ങനെ ആണ്: “നിന്‍റെ അനുജന്‍റെ രക്തത്തിന്‍റെ ശബ്ദം ഭൂമിയില്‍ നിന്നു എന്നോട് നിലവിളിക്കുന്നു.”
ഇത് പ്രതികാരത്തിനായി യാചിക്കുന്ന ശബ്ദം ആണ്, അകാല മരണത്തെ പുകഴ്ത്തുന്ന ശബ്ദം അല്ല.

കൊല്ലപ്പെട്ട പഴയനിയമ പ്രവാചകന്മാര്‍

പഴയനിയമത്തിലെ യിസ്രായേല്‍ മത്സരികള്‍ ആയിരുന്നു.
തങ്ങളുടെ പിന്മാറ്റത്തെക്കുറിച്ചുള്ള ദൈവീക അരുളപ്പാടുകള്‍ അവര്‍ക്ക് ഇഷ്ടമായിരുന്നില്ല.
അതുകൊണ്ട്, തങ്ങളുടെ പിന്മാറ്റത്തെ ക്രമീകരിക്കുന്നതിന് പകരം, ദൈവീക ആലോചനകള്‍ അറിയിച്ച പ്രവാചകന്മാരെ അവര്‍ കൊന്നുകളഞ്ഞു.
ഇതിനെക്കുറിച്ച് യേശു പറഞ്ഞത് എന്താണ് എന്ന് നോക്കാം:

ലൂക്കോസ് 11: 50, 51
50     ഹാബേലിന്റെ രക്തംതുടങ്ങി യാഗപീഠത്തിന്നും ആലയത്തിന്നും നടുവിൽവെച്ചു പട്ടുപോയ സെഖര്യാവിന്റെ രക്തംവരെ
51     ലോകസ്ഥാപനംമുതൽ ചൊരിഞ്ഞിരിക്കുന്ന സകല പ്രവാചകന്മാരുടെയും രക്തം ഈ തലമുറയോടു ചോദിപ്പാൻ ഇടവരേണ്ടതിന്നു തന്നേ. അതേ, ഈ തലമുറയോടു അതു ചോദിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

തങ്ങളുടെ ഇഹലോക ശുശ്രൂഷ അവസാനിച്ചതിനാല്‍ ഈ പ്രവാചകന്മാരുടെ ജീവന്‍ ദൈവം എടുത്തതാണ് എന്ന തത്വശാസ്ത്രം യേശു പറഞ്ഞില്ല.
യേശു വ്യക്തമായി പറഞ്ഞു: പ്രവാചകന്മാരെ യിസ്രായേല്‍ ജനം കൊന്നു; അവരുടെ മരണത്തിന് യിസ്രായേല്‍ ഉത്തരവാദികള്‍ ആണ്.

അപ്പോസ്തലനായ പൌലോസിന്‍റെ ശുശ്രൂഷ

ഇവിടെ അപ്പോസ്തലനായ പൌലോസിന്‍റെ പ്രശസ്തമായ വാക്കുകള്‍ ഞാന്‍ ഓര്‍ക്കുന്നു:

2 തിമൊഥെയൊസ് 4: 6, 7
6        ഞാനോ ഇപ്പോൾതന്നേ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു.
7        ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു.

അപ്പോസ്തലനായ പൌലോസിന്‍റെ മരണം ഒരു രക്തസാക്ഷിത്തം ആയിരുന്നു; അദ്ദേഹം 64 മത്തെയോ 65 മത്തയോ വയസ്സില്‍ മരിച്ചു.
അപ്പോഴേക്കും പൌലോസ് മരിക്കുവാന്‍ തയ്യാറായിരുന്നു.
തന്‍റെ ഓട്ടം തികെച്ചു എന്ന് അദ്ദേഹം സ്വയം പ്രഖ്യാപിച്ചു.

അപ്പോസ്തല പ്രവര്‍ത്തികള്‍ 21 ല്‍ പൌലോസ് യെരുശലെമിലെക്കുള്ള യാത്രാമദ്ധ്യേ സോര്‍ എന്ന സ്ഥലത്തു എത്തിച്ചേരുകയും അവിടെ ശിഷ്യന്മാര്‍ക്ക് ഒപ്പം ഏഴ് ദിവസങ്ങള്‍ താമസിക്കുകയും ചെയ്തു.
അവിടെ ഉണ്ടായിരുന്ന ശിഷ്യന്മാര്‍ “പൗലൊസിനോടു യെരൂശലേമിൽ പോകരുതു എന്നു ആത്മാവിനാൽ പറഞ്ഞു.”
ശിഷ്യന്മാര്‍ പൌലോസിനോട്‌ യെരുശലെമില്‍ പോകരുത് എന്ന് ആത്മാവില്‍ പറഞ്ഞു എന്നാണു എവിടെ എഴുതിയിരിക്കുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക.
അത് ദൈവത്തില്‍ നിന്നുള്ള ഒരു മുന്നറിയിപ്പും നിര്‍ദ്ദേശവും ആയിരുന്നു.
പക്ഷെ, പൗലോസ്‌ തന്റെ യാത്ര തുടരുവാന്‍ തന്നെ തീരുമാനിച്ചു.

സോരില്‍ നിന്നും പൗലോസ്‌ യാത്ര തുടര്‍ന്ന് കൈസര്യയില്‍ എത്തി, അവിടെ ഫിലിപ്പോസ് എന്നാ സുവിശേഷകന്റെ വീട്ടില്‍ ചില നാളുകള്‍ താമസിച്ചു.
ഒരു ദിവസം യെഹൂദ്യയില്‍ നിന്നും അഗബോസ് എന്ന് പേരുള്ള ഒരു പ്രവാചകന്‍ അവിടെ വന്നു.
യഹൂദന്മാര്‍ പൌലോസിനെ പിടിച്ചുകെട്ടി റോമാക്കാരുടെ കൈയില്‍ ഏല്‍പ്പിക്കും എന്ന് “പരിശുദ്ധാത്മാവ് പറയുന്നു” എന്ന് അദ്ദേഹം പ്രവചിച്ചു പറഞ്ഞു.
ഇതുകേട്ടപ്പോള്‍ യെരുശലെമില്‍ പോകരുത് എന്ന് അവിടെ ഉണ്ടായിരുന്ന എല്ലാവരും പൌലോസിനോട്‌ അപേക്ഷിച്ചു.
പൌലോസ് അതിനു പറഞ്ഞ മറുപടി നമ്മള്‍ ശ്രദ്ധയോടെ വായിക്കേണ്ടതുണ്ട്:

അപ്പോസ്തല പ്രവര്‍ത്തികള്‍ 21: 13 അതിന്നു പൗലൊസ്: നിങ്ങൾ കരഞ്ഞു എന്റെ ഹൃദയം ഇങ്ങനെ തകർക്കുന്നതു എന്തു? കർത്താവായ യേശുവിന്റെ നാമത്തിന്നു വേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിപ്പാനും ഞാൻ ഒരുങ്ങിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

പൌലോസ് തന്‍റെ ശുശ്രൂഷ അവസാനിപ്പിച്ച് മരിക്കുവാന്‍ തയ്യാറായിരുന്നു.
അപ്പോസ്തല പ്രവര്‍ത്തികളിലും ലേഖനങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്ന പൌലോസിന്‍റെ അന്ത്യകാലത്തെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ പൌലോസ് തന്‍റെ ശുശ്രൂഷ അവസാനിപ്പിച്ച് മരിക്കുവാന്‍ തയ്യാറായിരുന്നു എന്ന് മനസ്സിലാക്കുവാന്‍ നമുക്ക് കഴിയും.
അപ്രകാരമുള്ള ഒരു മാനസിക അവസ്ഥ രൂപപെട്ടിരുന്നു എന്ന് നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ആരും തന്‍റെ മരണം പ്രവചിച്ചില്ല എങ്കിലും മരിക്കുവാന്‍ താന്‍ തയ്യാറാണ് എന്ന് പൌലോസ് പ്രഖ്യാപിക്കുക ആണ്.
തന്‍റെ നിര്യാണകാലം അടുത്തു എന്നും പോരാട്ടം അവസാനിച്ചു എന്നും ഓട്ടം തികെച്ചു എന്നും പൗലോസ്‌ പ്രഖ്യാപിക്കുക ആണ്.
യരുശലെമിലേക്ക് പോകരുതു എന്ന് പരിശുദ്ധാത്മാവ് പൌലോസിനോട്‌ പറഞ്ഞു.
എന്നാല്‍ പൌലോസ് യരുശലെമിലേക്ക് പോയി, അവിടെ അവന്‍ പിടിക്കപ്പെട്ടു, പിന്നീട് റോമില്‍ വച്ച് കൊല്ലപ്പെട്ടു എന്ന് പാരമ്പര്യ ചരിത്രം പറയുന്നു.

ഫിലിപ്പിയര്‍ 1: 21 ല്‍ പൗലോസ്‌ പറയുന്നു: “എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു.”
23 – മത്തെ വാക്യത്തില്‍, “വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ടു”, എന്ന് പറയുന്നു.
മരണമാണ് ഇനി ഏറെ തനിക്ക് വ്യക്തിപരമായി നല്ലത് എന്ന് അദ്ദേഹം കരുതി.
ജഡത്തില്‍ ജീവിക്കുന്നതിനാല്‍ വേലയ്ക്കു ഫലം ഉണ്ടാകും എന്ന് 22 – മത്തെ വാക്യത്തിലും 24 – മത്തെ വാക്യത്തില്‍, ജഡത്തിൽ ഇരിക്കുന്നതു അവരുടെ വിശ്വാസത്തിന്‍റെ അഭിവൃദ്ധിക്കും സന്തോഷത്തിനും സഹായമാകും എന്നും പൌലോസ് പറയുന്നുണ്ട്.
അതായത് പൗലോസ്‌ കൂടുതല്‍ നാളുകള്‍ ജീവിച്ചിരുന്നാല്‍ ദൈവരാജ്യത്തിന് കൂടുതല്‍ പ്രയോജനപ്പെടും എന്ന് തന്നെ പൌലോസിന് അറിയാമായിരുന്നു.
എന്നിരുന്നാലും മരിച്ചാല്‍ മതി എന്ന ഒരു ചിന്ത പൌലോസിന്റെ മനസ്സില്‍ ഉടലെടുത്തിരുന്നു.
അപ്പോസ്തലനായ യോഹന്നാന്‍റെ  ആയുസ്സുമായി തട്ടിച്ചു നോക്കിയാല്‍, പൌലോസ് വീണ്ടും 25 വര്‍ഷങ്ങള്‍ക്കധികം ജീവിച്ചിരിക്കെണ്ടാതായിരുന്നു.

തീര്‍ച്ചയായും ക്രിസ്തുവിനു വേണ്ടി മരിക്കുക എന്നത് ശ്രേഷ്ടമായ കാര്യം തന്നെ ആണ്.
അതുപോലെ തന്നെ, ദൈവരാജ്യത്തിനായി അകാലത്തില്‍ മരിക്കുന്നത് രക്തസാക്ഷിത്തം ആണ്.
ദൈവം രക്തസാക്ഷിത്തത്തെ അധികം മാനിക്കുന്നു.
എന്നാല്‍ എല്ലാ രക്തസാക്ഷിത്തവും, ശുശ്രൂഷ തികച്ചതിനാല്‍ ദൈവം തന്‍റെ അഭിഷിക്തനെ തിരികെ വിളിക്കുന്നത്‌ അല്ല.
ഒരു അഭിഷിക്തന്റെ ദീര്‍ഘകാല ജീവിതം ഈ ഭൂമിയിലെ സഭയ്ക്ക് അനുഗ്രഹം തന്നെ ആണ്.
പൌലോസ് വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് അവതരിപ്പിച്ചില്ല.

യേശു എന്താണ് ദൈവത്തിന്‍റെ അഭിഷിക്തര്‍ എല്‍ക്കേണ്ടാതായി വന്നേക്കാവുന്ന ഉപദ്രവങ്ങള്‍, വെറുപ്പ്‌, മരണം എന്നിവയെക്കുറിച്ച് പറഞ്ഞത്:

മത്തായി 24: 9 അന്നു അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്‍റെ നാമംനിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.

യേശു പറഞ്ഞത് ശ്രദ്ധാപൂര്‍വ്വം വായിക്കുക: “അവര്‍” നിങ്ങളെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്യും.
ദൈവം നമ്മളുടെ ജീവനെ അകാലത്തില്‍ എടുത്തുമാറ്റും എന്ന് യേശു പറഞ്ഞില്ല.
ദൈവത്തിന്‍റെ അഭിഷിക്തരുടെ അകാല മരണം, അവരുടെ ഭൌതീക ശുശ്രൂഷകള്‍ അവസാനിച്ചതുകൊണ്ട് ദൈവം അവരുടെ ജീവനെ എടുക്കുന്നതുകൊണ്ട് സംഭവിക്കുന്നതാണ് എന്ന് ദൈവ വചനം ഒരിടത്തും പഠിപ്പിക്കുന്നില്ല.
യേശു പറഞ്ഞത്, “അവര്‍”, അതായത്, ദൈവരാജ്യത്തിന്റെ ശത്രുക്കള്‍, നിങ്ങളെ കൊല്ലും എന്നാണ്

ഏലിയാവിന്‍റെ ശുശ്രൂഷ

ഒരു ദൈവദാസന്‍ അദ്ദേഹത്തെ ദൈവം ഏല്‍പ്പിച്ച ദൌത്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് മുമ്പേ മരിക്കുമോ?
ദൈവത്തിന്‍റെ അഭിഷിക്തര്‍ ദൈവം അവരെ ഭരമേല്‍പ്പിച്ചിരിക്കുന്ന ദൌത്യങ്ങള്‍ അവസാനിക്കുന്നതുവരെ മരിക്കുക ഇല്ല എന്നാണ് പലരും പഠിപ്പിക്കുന്നത്‌.
എല്ലാ ദൈവദാസന്മാരോടുമുള്ള ബഹുമാനം നിലനിറുത്തികൊണ്ട് തന്നെ പറയട്ടെ, ഈ ചിന്താഗതി വചനപ്രകാരം ഉള്ളതല്ല.

ഏലിയാവ് പഴയനിയമ കാലത്തെ ബഹുമാനിക്കപ്പെട്ടിരുന്ന ഒരു പ്രവാചകന്‍ ആയിരുന്നു.
1 രാജാക്കന്മാര്‍ 19 –)0 അദ്ധ്യായത്തില്‍ ഏലിയാവിനെ അടുത്ത ദിവസം തന്നെ കൊല്ലുമെന്ന് ഈസേബെല്‍ ഭീഷണിപ്പെടുത്തുന്നതായി വായിക്കുന്നു.
ഭയന്നുപോയ ഏലിയാവ്, ഓടി മരുഭൂമിയിൽ ചെന്ന് ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിപ്പാൻ ഇച്ഛിച്ചു.
അവന്‍ യഹോവയോടു പ്രാര്‍ത്ഥിച്ചു: “ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ”. അതിനുശേഷം അവന്‍ അനിടെ കിടന്നു ഉറങ്ങി.
ഏലിയാവ് വീണ്ടും അവിടെനിന്ന് ഓടി ദൈവത്തിനെ പര്‍വ്വതമായ ഹോരേബ് വരെ പോയി, ഒരു രാത്രി ഒരു ഗുഹയില്‍ കിടന്നുറങ്ങി.
അവിടെ ദൈവത്തിന്‍റെ വചനം അവനെ അന്വേഷിച്ച് ചെന്ന് “അവനോടു: ഏലീയാവേ, ഇവിടെ നിനക്കു എന്തു കാര്യം എന്നു ചോദിച്ചു.
അവിടെവച്ച് അവന്റെ ജീവനെ തിരികെ എടുക്കുന്നതിനു പകരം, ദൈവം മൂന്ന് ദൌത്യങ്ങള്‍ അവനെ ഏല്‍പ്പിച്ചു.

1.       ഹസായേലിനെ അരാമിന്നു രാജാവായിട്ടു അഭിഷേകം ചെയ്ക.
2.       നിംശിയുടെ മകനായ യേഹൂവിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്യേണം.
3.      സാഫാത്തിന്റെ മകനായ എലീശയെ, എലിയാവിന് പകരം പ്രവാചകനായിട്ടു അഭിഷേകം ചെയ്യേണം.

എന്നാല്‍ ഏലിയാവിന ഇതില്‍ ഒരു ദൌത്യം മാത്രമേ പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞുള്ളു.
അദ്ദേഹം, എലീശയെ തനിക്കു പകരം പ്രവാചകനായി അഭിഷേകം ചെയ്തു.
അതുശേഷം ഏലിയാവിനെ ദൈവം ജീവനോടെ മേഘങ്ങളിലേക്ക് എടുത്തു.

ഏലീശ മറ്റു രണ്ടു ദൌത്യങ്ങളും പൂര്‍ത്തീകരിച്ചു എങ്കിലും, തന്‍റെ ദൌത്യം പൂര്‍ത്തിയാക്കാതെ ഏലിയാവ് ഈ ലോകത്തില്‍ നിന്നും മാറ്റപ്പെട്ടു.
അതിന്‍റെ അര്‍ത്ഥം ഒരു ദൈവദാസന്‍, തനിക്ക് ദൈവം കല്‍പ്പിച്ചുനല്‍കിയ ദൌത്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്പ്, ഈ ലോകത്തുനിന്നും മാറ്റപ്പെടില്ല, എന്ന് നമുക്ക് പഠിപ്പിക്കുവാന്‍ കഴിയില്ല.
അതുകൊണ്ട് തന്നെ, ഒരു അഭിഷിക്തന്റെ അകാല മരണം അദ്ദേഹത്തിന്‍റെ ഇഹലോക ദൌത്യങ്ങള്‍ പൂര്‍ത്തിയായതുകൊണ്ടാണ് എന്നും പഠിപ്പിക്കുവാന്‍ കഴിയില്ല.

എന്തുകൊണ്ടാണ് എലിയാവിന് ദൈവം കല്‍പ്പിച്ച് നല്‍കിയ മൂന്ന് ദൌത്യങ്ങളില്‍ ഒന്ന് മാത്രം പൂര്‍ത്തിയായപ്പോള്‍ ദൈവം അവനെ ജീവനോടെ എടുത്തത് എന്ന് നമുക്ക് അറിഞ്ഞുകൂടാ.
അതിന്‍റെ കാരണങ്ങള്‍ ഒന്നും വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയ്യിട്ടില്ല.
എന്നാല്‍, തങ്ങളുടെ ശുശ്രൂഷയുടെ  അവസാന നാളുകളില്‍, എലിയാവും അപ്പോസ്തലനായ പൌലോസും മരിക്കുവാന്‍ തയ്യാറായിരുന്നു എന്ന് നമ്മു മനസ്സിലാക്കുവാന്‍ കഴിയും.
അവരുടെ ജീവിതത്തില്‍ നിന്നും നമ്മള്‍ മനസ്സിലാക്കേണ്ടുന്ന ഒരു അപ്രിയ സത്യം ആണ്.

സ്വതന്ത്ര ഇശ്ചാശക്തിയും ദൈവീക സംരക്ഷണവും

നമ്മളുടെ ഈ പഠനം തുടരുന്നതിനായി, നമുക്ക് 1 ശമുവേല്‍ 25-)0 അദ്ധ്യായത്തിലേക്ക് പോകാം.
ദാവീദ് രാജാവ് പാരാൻമരുഭൂമിയിൽ എത്തിയപ്പോള്‍, സമീപത്തുള്ള നാബാൽ എന്നാ ധനികനായ വ്യാപാരിയുടെ അടുക്കല്‍ തന്‍റെ സേവകരെ അയച്ചു, ആഹാരവും പാര്‍ക്കുവാന്‍ സ്ഥലവും ചോദിച്ചു.
എന്നാല്‍ നാബാല്‍ ദാവീദിനെ തള്ളികളഞ്ഞു, ദുഷിച്ച് സംസാരിച്ചു.
അതുകൊണ്ട് അവനോടു പ്രതികാരം ചെയ്യുവാന്‍ ദാവീദ് ഒരുങ്ങി, 400 ആളുകളുമായി പുറപ്പെട്ടു.
അപ്പോള്‍, നാബാലിന്റെ ഭാര്യ, അബീഗയില്‍, വേഗം ബുദ്ധിയോടെ പ്രവര്‍ത്തിച്ചു.
അവള്‍ വീഞ്ഞും, മാംസവും, അത്തിപ്പഴവുമായി ദാവീദിനെ എതിരേറ്റു ചെന്നു.
അവള്‍ ദാവീദിന്‍റെ മുന്നില്‍ കവന്നുവീണ് തന്‍റെ ഭര്‍ത്താവിനോട് കരുണതോന്നുവാന്‍ അപേക്ഷിച്ചു.
29 -)0 വാക്യത്തില്‍ ദാവീദിനെ ആശ്വസിപ്പിക്കുവാനായി അവള്‍ പറഞ്ഞു: “മനുഷ്യൻ നിന്നെ പിന്തുടർന്നു നിനക്കു ജീവഹാനി വരുത്തുവാൻ എഴുന്നേറ്റാലും യജമാനന്റെ പ്രാണൻ നിന്റെ ദൈവമായ യഹോവയുടെ പക്കൽ ജീവഭാണ്ഡത്തിൽ കെട്ടപ്പെട്ടിരിക്കും”.

ഭാണ്ടാരത്തില്‍ കെട്ടപ്പെടുക എന്ന് പറഞ്ഞാല്‍ വളരെ ശ്രദ്ധയോടെ സുരക്ഷിതമായി സൂക്ഷിക്കുക എന്നാണ്.
ദാവീദിന്‍റെ കാലത്ത്, വിലയേറിയ ഒരു വസ്തു ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോള്‍, അതിനെ തുണി, പഞ്ഞി, മറ്റ് മൃദുവായ വസ്തുക്കള്‍ എന്നിവകൊണ്ട് പലപ്രാവശ്യം പൊതിയുമായിരുന്നു.
ഇതു മറ്റൊരു സ്ഥലത്ത് സുരക്ഷിതമായി എത്തപ്പെടെണം എന്ന് കരുതി ആണ്.
ദാവീദിന്‍റെ ജീവനും ദൈവം ഇപ്രകാരം പൊതിഞ്ഞ് സൂക്ഷിക്കുന്നു എന്നാണ് അബീഗയില്‍ പറഞ്ഞത്.

ഇതിന്‍റെ അര്‍ത്ഥം, നമ്മള്‍ നമുക്ക് ഇഷ്ടമുള്ള എവിടെ പോയാലും, എന്ത് ചെയ്താലും, എങ്ങനെ ജീവിച്ചാലും, ദൈവം നമ്മളുടെ ജീവനെ സംരക്ഷിച്ചുകൊള്ളും എന്നാണോ?
അങ്ങനെ ആകുവാന്‍ സാധ്യത ഇല്ല.
ദൈവം സമയാസമയങ്ങളില്‍ കല്‍പ്പിക്കുന്നത് അനുസരിച്ചുകൊണ്ട് നമ്മള്‍ ജീവിച്ചാല്‍ ദൈവീക സംരക്ഷണം നമുക്ക് ലഭിക്കും എന്ന് മാത്രമേ ഇതിന് അര്‍ത്ഥമുള്ളൂ.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ദൈവീക സംരക്ഷണവും, മറ്റെല്ലാ ദൈവീക അനുഗ്രഹങ്ങള്‍ പോലെതന്നെ നമ്മളുടെ സ്വതന്ത്ര ഇച്ഛാശക്തിക്ക് വിധേയം ആണ്.

ഇവിടെ മനുഷ്യരുടെ സ്വതന്ത്ര ഇച്ഛാശക്തിയെക്കുറിച്ച് ഒന്നുരണ്ട് വാക്കുകള്‍ പറയട്ടെ.
മനുഷ്യരുടെ ജീവിത ലക്ഷ്യത്തെ സാരമായി ബാധിക്കുന്ന തിരഞ്ഞെടുപ്പുകള്‍ നടത്തുവാനുള്ള ദൈവം നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യത്തെ ആണ് നമ്മള്‍ സ്വതന്ത്ര ഇച്ഛാശക്തി എന്ന് വിളിക്കുന്നത്‌.
നമ്മളുടെ തിരഞ്ഞെടുപ്പ് മനുഷ്യപ്രകൃതിക്ക് അനുസരിച്ചുമാത്രമേ സാധ്യമാകുക ഉള്ളൂ.
അതായത്, എല്ലാ മനുഷ്യര്‍ക്കും, മനുഷ്യപ്രകൃതിക്ക് വിധേയമായി സ്വതന്ത്ര ഇച്ഛാശക്തിയുണ്ട്.
ഈ ലോകത്തിന്‍റെ പാപപങ്കിലമായ ഇപ്പോഴത്തെ അവസ്ഥ ആദമും ഹവ്വയും സ്വതന്ത്രമായി എടുത്ത തിരഞ്ഞെടുപ്പിന്‍റെ അനന്തര ഫലം ആണ്.
ദൈവം മനുഷ്യരെ സ്വന്ത സ്വരൂപത്തിലും സാദൃശ്യപ്രകാരവും ആണ് സൃഷ്ടിച്ചത്
അതില്‍ സ്വതന്ത്ര ഇച്ഛാശക്തിയുമുണ്ട്.

നമുക്ക് സ്വതന്ത്ര ഇശ്ചാശക്തി ഉണ്ട്, അതിനു നമ്മള്‍ ഉത്തരവാദികളും ആണ്.
അതിന്റെ അര്‍ത്ഥം, തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം നമുക്ക് ഉണ്ട്, ഒപ്പം തന്നെ ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുക്കുവാനുള്ള ഉത്തരവാദിത്തവും നമ്മുടേതാണ്.
പഴയനിയമത്തില്‍ ദൈവം യിസ്രായേല്‍ ജനത്തെ ഒരു രാജ്യമായി തിരഞ്ഞെടുത്തു എങ്കിലും ഓരോരുത്തരും ആ തിരഞ്ഞെടുപ്പിനെ അംഗീകരിക്കെണ്ടിയിരുന്നു.
മാത്രവുമല്ല, യിസ്രായേലിന് വെളിയിലുള്ളവര്‍ക്കും യഹോവയായ ദൈവത്തിന്‍റെ കര്‍തൃത്തത്തെ അംഗീകരിക്കുവാനും വിശ്വസിക്കുവാനും സ്വാതന്ത്ര്യം ഉണ്ടായിരുന്നു.
അങ്ങനെ ആണ് രാഹാബ്, രൂത്ത് എന്നിവര്‍ യിസ്രായേലിന്റെ ഭാഗം ആയത്.
നമ്മളുടെ എല്ലാ പ്രവര്‍ത്തനങ്ങളും, ആഗ്രഹങ്ങളും, ലക്ഷ്യങ്ങളും, സ്വമനസ്സാലെ ചെയ്യുന്നതാണ്; നമ്മള്‍ അതിനെല്ലാം ഉത്തരവാദികള്‍ ഉണ്ട്.

നമ്മളുടെ സ്വതന്ത്ര ഇശ്ചാശക്തി ദൈവഹിതപ്രകാരം ഉപയോഗിക്കേണ്ടുന്നതിനായി നമ്മള്‍ എപ്പോഴും ദൈവത്തോട് ആശയവിനിമയം ചെയ്യേണം.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍, ഞാനും നിങ്ങളും ഉള്‍പ്പെടുന്ന എല്ലാ മനുഷ്യരും നമ്മള്‍ ജീവിക്കുന്ന ആവാസവ്യവസ്ഥിതിയാല്‍ സ്വാധീനിക്കപ്പെടുന്നുണ്ട്.
വില്യം ബാര്‍ക്ലെ എന്ന വേദപണ്ഡിതന്റെ അഭിപ്രായത്തില്‍ ഒരു മനുഷ്യനും അവന്‍ ജീവിക്കുന്ന സാഹചര്യത്തിന് മുകളിലേക്ക് ഒരു പരിധിയില്‍ കൂടുതല്‍ ഉയരുവാന്‍ കഴിയുക ഇല്ല.
മനുഷ്യന്‍ ഇപ്പോഴും തന്‍റെ ആവസവ്യവസ്ഥിതിയുടെ സ്വാധീനത്തിലും നിയന്ത്രണത്തിലും ആണ്.
അങ്ങനെ, ഒരു മനുഷ്യന് കൃത്യ സമയത്ത് ജോലിക്ക് എത്തേണ്ടിവരുമെന്നതിനാല്‍, തന്‍റെ വീട്ടില്‍നിന്നും കൃത്യമായ സമത്ത് യാത്ര പുറപ്പെടെണ്ടിയിരിക്കുന്നു.
ഒരു വിദ്യാര്‍ത്ഥി, ഒരു പുരോഹിതന്‍, ഒരു പാസ്റ്റര്‍ എന്നിവരെല്ലാം കൃത്യസമയം പാലിക്കുവാനും ലക്ഷ്യസ്ഥലങ്ങളില്‍ എത്തുവാനും നിര്‍ബന്ധിതര്‍ ആണ്.    
കഴിഞ്ഞ, ഏകദേശം 30 വര്‍ഷങ്ങള്‍ ആയി ജോലിയോടൊപ്പം സുവിശേഷവേല ചെയ്യുകയും, അതില്‍ തന്നെ 15 വര്‍ഷങ്ങള്‍ ഒരു സഭയുടെ ശുശ്രൂഷകന്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്ത എനിക്ക്, പലപ്പോഴും ദൈവത്തോട് ക്ഷമ പറഞ്ഞുകൊണ്ട് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിന് വിധേയന്‍ ആകേണ്ടി വന്നിട്ടുണ്ട്.
ഇതു ഞാന്‍ തുറന്നു പറയുന്നു; മറ്റു ദൈവദാസന്മാരുടെ അനുഭവവും വ്യത്യസ്തമല്ല എന്നും എനിക്ക് അറിയാം.
മനുഷ്യരായിട്ടുള്ളവര്‍ എല്ലാവരും അവര്‍ ആയിരിക്കുന്ന ആവസവ്യവസ്ഥിതിയാല്‍ സ്വാധീനിക്കപ്പെടാറുണ്ട്.
ഇതിനെ ഒരു വലിയ പാപമായി ഞാന്‍ ചിത്രീകരിക്കുക അല്ല; എന്നാല്‍ ഇതു ദൈവത്തിന്‍റെ വഴി അല്ല.
പാപം എന്നാ അവസ്ഥയില്‍ വീണുകിടക്കുന്ന നമ്മളെ, ആവസവ്യവസ്ഥിതിയ്ക്ക്, ദൈവത്തെക്കാള്‍ അധികമായി, ആകര്‍ഷിക്കുവാന്‍ കഴിയും.

അതുകൊണ്ടാണ്, ദൈവവും മനുഷ്യരും തമ്മില്‍ എപ്പോഴും ഒരു ആശയവിനിമയ വിടവ് നിലനില്‍ക്കുന്നുണ്ട് എന്ന് വേദപണ്ഡിതന്മാര്‍ പറയുന്നത്.
ദൈവഹിതം നമ്മളുടെ ജീവിതത്തില്‍ നടപ്പാകേണ്ടതിനായി നമ്മളുടെ ജീവിതത്തില്‍ നിര്‍ബന്ധപൂര്‍വ്വം ദൈവം ഇടപേടെണം എന്ന് നമ്മള്‍ ആഗ്രഹിക്കുന്നു.
എന്നാല്‍ പലപ്പോഴും, ദൈവം നമുക്ക് തന്നിരിക്കുന്ന സ്വതന്ത്ര ഇശ്ചാശക്തിയെ ഭേദിക്കാതെ, മൃദുവായി നമ്മളോട് സംസാരിക്കുവാന്‍ മാത്രമേ ദൈവം ഇഷ്ടപ്പെടാറുള്ളൂ.
നമുളുടെ സ്വതന്ത്ര ഇശ്ചാശക്തിയെ ബഹുമാനിക്കാതിരിക്കുവാന്‍ ദൈവത്തിന് കഴിയുക ഇല്ല.
പലപ്പോഴും ദൈവം നമ്മളോട് പോകരുത് എന്ന് പറയുമ്പോള്‍, പോകുക എന്ന് സാഹചര്യം പറയും; ദൈവം ചെയ്യരുത് എന്ന് പറയുമ്പോള്‍ സാഹചര്യം ചെയ്യുവാന്‍ പ്രേരിപ്പിക്കും.
നമ്മളുടെ ഭാവിയെക്കുറിച്ച് ഓര്‍ത്ത് ദൈവം വ്യകുലപ്പെടുന്നില്ല; കാരണം ശുഭകരമായ ഒരു ഭാവി ദൈവം കരുതിയിട്ടുണ്ട്.
എന്നാല്‍ നമ്മള്‍ ഭാവിയെക്കുറിച്ച് ഓര്‍ത്തു വ്യാകുലപ്പെടുന്നു, കാരണം നമ്മളുടെ സാഹചര്യങ്ങള്‍ ശുഭകരമായ ഒരു ഭാവി വാഗ്ദാനം ചെയ്യുന്നില്ല.
അതുകൊണ്ട് നമ്മള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിന് വിധേയമാകുന്നു.
നിശ്ചയമായും, ദൈവവും മനുഷ്യരും തമ്മില്‍ ഒരു ആശയവിനിമയ വിടവ് ഉണ്ട്; നമ്മള്‍ ആഗ്രഹിക്കുന്നതുപോലെ നിര്‍ബന്ധമായി, ശക്തിയോടെയും അധികാരത്തോടെയും ദൈവം നമ്മളുടെ ജീവിതത്തില്‍, നമ്മളുടെ അനുവാദം കൂടാതെ ഇടപെടുന്നില്ല.
ദൈവത്തിന്‍റെ ഇടപെടലുകള്‍, ദൈവീക പാതയില്‍ തന്നെ ജീവിക്കുവാന്‍ നമ്മളെ നിബന്ധിക്കുന്നില്ല എന്നതാണ് മനുഷ്യരുടെ പ്രശനം.
എന്നാല്‍ ഓര്‍ക്കുക, ദൈവം ഒരിക്കലും നിശബ്ദന്‍ ആയിരുന്നിട്ടില്ല.

സോരിലെ ശിഷ്യന്മാര്‍ പൗലൊസിനോട് “യെരൂശലേമിൽ പോകരുതു എന്നു ആത്മാവിനാൽ പറഞ്ഞു.”
യരുശലെമിലേക്കുള്ള യാത്ര മാറ്റിവെക്കുവാനാണ് ദൈവം പൌലോസിനോട്‌ പറഞ്ഞത്.
അതിനുശേഷം ദൈവം അഗബോസ് എന്ന പ്രവാചകനെ പൌലോസിന്റെ അടുക്കല്‍ അയച്ചു, യഹൂദന്മാര്‍ പൌലോസിനെ പിടിച്ചുകെട്ടി റോമാക്കാരുടെ കൈയില്‍ ഏല്‍പ്പിക്കും എന്ന് “പരിശുദ്ധാത്മാവ് പറയുന്നു” എന്ന് അറിയിച്ചു.
ഒരിക്കല്‍ കൂടി അവിടെ ഉണ്ടായിരുന്നവര്‍ യാത്ര മാറ്റി വെക്കുവാക്കുവാന്‍ പൌലോസിനോട്‌ അപേക്ഷിച്ചു.
എന്നാല്‍ തന്റെ യാത്ര മാറ്റിവെക്കുവാന്‍ പൌലോസ് തയ്യാറായില്ല.

ഏലിയാവിന് മൂന്ന് ദൌത്യം കൂടെ ചെയ്ത്തീര്‍ക്കുവാന്‍ ഉണ്ടായിരുന്നു എങ്കിലും മരിക്കുവനായി പ്രാര്‍ഥിച്ചു.
ഇവരെല്ലാം അവരുടെ ആവസവ്യവസ്തിയുടെ സമ്മര്‍ദ്ടത്തിനനുസരിച്ചു പ്രവര്‍ത്തിക്കുക ആയിരുന്നു.
ദൈവം സംസാരിച്ചു; മനുഷ്യര്‍ മറ്റൊരു വഴിക്ക് പോയി; നാശം സംഭവിച്ചു.
പൗലോസ്‌ മരിച്ചു, ഏലിയാവ് തന്റെ ദൌത്യം ശിഷ്യനെ ഏല്‍പ്പിച്ചുകൊണ്ട് എടുക്കപ്പെട്ടു.

ദയവാവി, തെറ്റിദ്ധാരണകള്‍ ഒഴിവാക്കിയാലും; ഞാന്‍ ആരെയും കുറ്റം പറയുക അല്ല.
നമ്മള്‍, ഞാന്‍ ഉള്‍പ്പെടെയുള്ള മനുഷ്യര്‍, നമ്മളുടെ ആവാസവ്യവസ്ഥിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വിധേയമാകാറുണ്ട്.
ഒരു മനുഷ്യനും അതിനുമുകളില്‍ ജീവിക്കാനാവില്ല.
മനുഷ്യരും അവരുടെ ആവാസവ്യവസ്ഥിതിയുടെ സമ്മര്‍ദ്ദവും എന്നതല്ല നമ്മളുടെ ഇപ്പോഴത്തെ വിഷയം എന്നതിനാല്‍, ഈ വിഷയം ഞാന്‍ ഇവിടെ നിറുത്തട്ടെ.

ദൈവത്തില്‍ നിന്നും നമുക്ക് ലഭിക്കുന്ന എല്ലാ അനുഗ്രഹങ്ങളും, സംരക്ഷണവും നമ്മളുടെ സ്വതന്ത്ര ഇശ്ചാശക്തിക്ക് വിധേയം ആണ്.
സ്വതന്ത്ര ഇശ്ചാശക്തി ദൈവത്തിന്‍റെ ദാനം ആണ്, ദൈവം ഒരിക്കലും അതിനെ ഭേദിക്കുന്നില്ല.
ദൈവം നല്കുന്നതെല്ലാം സ്വീകരിക്കുവാനും തള്ളികളയാനും നമുക്ക് സ്വാതന്ത്ര്യം ഉണ്ട്.
മനുഷികമാണ് എങ്കിലും ദൈവത്തിന്‍റെ ശബ്ദത്തേക്കാള്‍ അധികം പലപ്പോഴും നമ്മള്‍ നമ്മളുടെ ആവാസവ്യവസ്ഥിതിയുടെ, അല്ലെങ്കില്‍ സാഹചര്യങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാരുണ്ട്.
നമ്മളുടെ തെറ്റായ തീരുമാനങ്ങള്‍ വലിയ നാശം വരുത്തിവക്കും.

മൂന്ന് സാധ്യതകള്‍

ഒരു ടെലിവിഷന്‍ പ്രോഗ്രാമില്‍ നമ്മളുടെ സമയത്തിന് പരിമിധി ഉണ്ടല്ലോ.
അതുകൊണ്ട് ഈ സന്ദേശത്തിന്റെ അവസാന ഭാഗത്തേക്ക് നമുക്ക് കടക്കാം.

പഴയനിയമത്തിലെ യിസ്രായേലിന്റെ ചരിത്രം തുടര്‍ച്ചയായ പോരാട്ടങ്ങളുടെ കഥ ആണ്.
വാഗ്ദത്ത ദേശം കൈവശപ്പെടുത്തിയത്തിനു ശേഷവും അവരുടെ ശത്രുക്കളുമായുള്ള പോരാട്ടം തുടരുക ആണ്.
പഴയനിയമ വിശ്വാസികള്‍ ഭാതീക തലത്തില്‍ യുദ്ധത്തില്‍ ആയിരുന്നു എങ്കില്‍, പുതിയ നിയമ വിശ്വാസികള്‍ ഒരു ആത്മീയ പോരാട്ടത്തില്‍ ആണ്.
ഇതിനെക്കുറിച്ച് അപ്പോസ്തലനായ പൌലോസ് എഫെസ്യര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്.

എഫെസ്യര്‍ 6: 12 നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.

നമ്മള്‍ വാഴ്ചകളോടും അധികാരങ്ങളോടും അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും യുദ്ധത്തില്‍ ആണ്.
ഈ യുദ്ധത്തില്‍ പങ്കെടുക്കുന്ന ദൈവത്തിന്‍റെ അഭിഷിക്തന്മാര്‍ കാലാള്‍ പടയാളികള്‍ അല്ല, അവര്‍ മുന്നണിയുടെ മുന്നില്‍ നിന്ന് പോരാടുന്ന യുദ്ധവീരന്മാര്‍ ആണ്.
അവര്‍ ഇപ്പോഴും യുദ്ധത്തില്‍ ആണ്, ഏറ്റവും അപകടകരമായ സ്ഥലങ്ങളില്‍ അവര്‍ നില്‍ക്കുന്നു.

മുകളില്‍ ഇതുവരെയും നമ്മള്‍ ചിന്തിച്ച കാര്യങ്ങളുടെ അടിസ്ഥാനാത്തില്‍, അഭിഷിക്തരുടെ അകാല മരണത്തെക്കുറിച്ച് ഞാന്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് ഈ സന്ദേശം അവസാനിപ്പിക്കാം.
ദൈവദാസന്മാരുടെ അകാലമരണത്തെ ഞാന്‍ “പടച്ചട്ടയില്‍ മരിക്കുക” അഥവാ Die in harnessഎന്ന് വിളിക്കുവാന്‍ ആണ് ആഗ്രഹിക്കുന്നത്.
പോരാട്ടത്തിലെ എല്ലാ മരണവും രക്തസാക്ഷിത്തം ആണ്.
നമ്മള്‍ രക്തസാക്ഷിത്തത്തെ കണക്കാക്കുന്നതുപോലെ ആകണമെന്നില്ല ദൈവം അതിനെ കാണുന്നത്.
ഒരു ക്രൂരനായ മനുഷ്യനോ സുവിശേഷ വിരോധിയോ, മനപ്പൂര്‍വ്വമായി, സുവിശേഷത്തിന്റെ പേരില്‍ ഒരു ക്രിസ്തീയ വിശ്വാസിയെ കൊല്ലുന്നതിനെ ആണ് നമ്മള്‍ രക്തസാക്ഷിത്തം എന്ന് വിളിക്കുന്നത്‌.
എന്നാല്‍ വിശ്വാസികള്‍ യുദ്ധം ചെയ്യുന്നത് ലോകമനുഷ്യരോട് അല്ല; ജഡരക്തങ്ങളോട് അല്ല.
സ്തെഫാനോസ്, യാക്കോബ്, പത്രോസ്, പൌലോസ് എന്നിവരെപ്പോലെയുള്ളവരെ കൊല്ലുവാന്‍ കല്‍പ്പന ഇട്ടത് ഒരു രാജാവും നടപ്പാക്കിയത് ഒരു ആരാച്ചാരും ആയിരിക്കാം.
എണ്ണം ആത്മീയ യുദ്ധത്തില്‍ ആയിരിക്കുന്നവര്‍ കൊല്ലപ്പെടുന്നത് സാത്താന്റെ കല്‍പ്പനപ്രകാരവും ദുഷ്ട സൈന്യത്തിന്റെ പ്രവര്‍ത്തനത്താലും ആണ്.
ആത്മീയപോരട്ടത്തില്‍ യുദ്ധവീരന്മാരെ കൊല്ലുന്നത്, വാഴ്ചകളും, ഈ അന്ധകാരത്തിന്റെ ലോകാധിപതിയും, സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയും അത്രേ.
ദുഷ്ടാത്മസേന ദൈവത്തിന്‍റെ അഭിഷിക്തന്മാരെ കൊല്ലുവാന്‍ പദ്ധതി ഇടുകയും, അവരുടെ സ്വാധീനത്തിലുള്ള മനുഷ്യരിലൂടെ ദൈവത്തിന്‍റെ അഭിഷിക്തരെ കൊല്ലുകയും ചെയ്യുന്നു.

ഇതാണ്, നമുക്ക് വെധപുസ്തകത്തില്‍ നിന്നും മനസ്സിലാക്കുവാന്‍ കഴിയുന്ന സത്യം.
പഴയനിയമ കാലത്ത് രക്തസാക്ഷിത്തം സംഭവിച്ചത് പ്രകാരം ആണ്, പുതിയനിയമ കാലത്തും വചനാടിസ്ഥാനത്തില്‍ മറ്റൊരു വിശദീകരണം സാധ്യമല്ല.
സുവിശേഷവിരോധികളായ മനുഷ്യര്‍ പിശാചിന്‍റെ കൈയിലെ ആയുധം മാത്രമാണ്.
അന്ധകാരശക്തികളുടെ പദ്ധതിപ്രകാരം സംഭവിക്കുന്ന എല്ലാ മരണവും രക്തസാക്ഷിത്തം ആണ്.
ഒരു ദൈവദാസന്‍ ക്രൂശില്‍ തറച്ച് കൊല്ലപ്പെട്ടെക്കാം; മറ്റൊരാള്‍ ഈര്‍ച്ചവാളിന് ഇരയായെക്കാം, മറ്റൊരാള്‍ പ്രകൃതി ദുരന്തത്തില്‍ അകപ്പെട്ടെക്കാം, ഇനിയും ഒരാള്‍ വാഹന അപകടത്തില്‍ കൊല്ലപ്പെട്ടെക്കാം.
ഓര്‍ക്കുക, വാഹന അപകടങ്ങള്‍ മനപ്പൂര്‍വ്വവും മനപ്പൂര്‍വ്വം അല്ലാത്തതും ആയേക്കാം.
എന്നാല്‍ രാജ്യത്തിന്‍റെ നിയമം ഇതിനെ രണ്ടിനേയും കൊലപാതകം എന്നാണു വിളിക്കുന്നത്‌; ഒന്ന് മനപ്പൂര്‍വ്വമായതും, മറ്റൊന്ന് മനപ്പൂര്‍വ്വം അല്ലാത്തതുമായ കൊലപാതകം.
വിശേഷണം എന്തായിരുന്നാലും വാഹന അപകടങ്ങള്‍, നിയമത്തിന് മുന്നില്‍ കൊലപാതകം തന്നെ ആണ്.
ഇതു പതിവിലും കൂടുതലായി, ദൈവത്തിന്‍റെ അഭിഷിക്തന്മാരുടെ ജിവിതത്തില്‍ സംഭവിക്കുമ്പോള്‍, അതിന്റെ പിന്നില്‍ പിശാചിന്‍റെ കരം ഉണ്ടോ എന്ന് നമ്മള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു.

അതുകൊണ്ട്, മരണവിധം കണക്കിടാതെ, ദൈവരാജ്യത്തിന്റെ സുവിശേഷത്തിനായി, പടച്ചട്ടയില്‍ തന്നെ മരിക്കുന്ന, യുദ്ധവീരന്മാര്‍ എല്ലാം രക്തസാക്ഷികള്‍ ആണ്.
മരണവിധം അല്ല ഒരു അഭിഷിക്തന്റെ മരണം രക്തസാക്ഷിത്തം ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്; അദ്ദേഹത്തിന്‍റെ മരണത്തിന് പിന്നില്‍ പൈശാചിക ശക്തികളുടെ ഗൂഡപദ്ധതി ഉണ്ടായിരുന്നോ എന്നതാണ്.
ഒരു അഭിഷിക്തന്‍റെ ജീവിതം ദൈവം അകാലത്തില്‍ എടുക്കും എന്ന് ദൈവവചനം പറയുന്നില്ല എന്നതിനാല്‍, അഭിഷിക്തരുടെ അകാലത്തിലുള്ള മരണം രക്തസാക്ഷിത്തം തന്നെ ആണ്.

ഈ മനസ്സിലാക്കലുകളുടെ അടിസ്ഥാനത്തില്‍, അഭിഷിക്തരുടെ അകാല മരണത്തിനു മൂന്ന് സാധ്യത, എല്ലാ ദൈവസ്സന്മാരുടെയും വിശ്വാസികളുടെയും പരിഗണയ്ക്കായി, മുന്നോട്ട് വെക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

1.    കാലാള്‍ പടകളുടെ പിന്തുണ ലഭിക്കുന്നില്ല.

എന്‍റെ ഒന്നാമത്തെ നിഗമനം, യുദ്ധമുന്നണിയിലെ യുദ്ധവീരന്മാര്‍ക്ക് കാലാള്‍ പടയുടെ പിന്തുണ വേണ്ടവണ്ണം ലഭിക്കുന്നില്ല.
യുദ്ധത്തില്‍, ശത്രുവിനോട് പോരാടുവാന്‍, മുന്നണിയുടെ മുഖത്ത് നില്‍ക്കുന്ന യുദ്ധവീരന്മാരും സാധാരണ കാലാള്‍ പടയാളികളും ഉണ്ട്.
എന്നാല്‍ കാലാള്‍ പടയാളികളുടെ മതിയായ പിന്തുണ ലഭിക്കാതെ ഒരു യുദ്ധവീരനും ജയിക്കില്ല; കാരണം ഒരു യുദ്ധവും ഒറ്റയാള്‍ പോരാട്ടം അല്ല.
കാലാള്‍ പടയാളികള്‍ യുദ്ധവീരന്മാര്‍ക്ക് പിന്തുണ നല്‍കുകയും സംരക്ഷണം നല്‍കുകയും ചെയ്യുന്നു.
യുദ്ധവീരന്മാര്‍ ഇല്ലാതെ കാലാളുകള്‍ക്ക് യുദ്ധം ജയിക്കുവാന്‍ കഴിയുക ഇല്ല.

ദൈവത്തിന്‍റെ അഭിഷിക്തര്‍, യുദ്ധമുന്നണിയുടെ മുഖത്ത് നില്‍ക്കുന്ന  യുദ്ധവീരന്മാര്‍ ആണ്.
അവര്‍ എരിവുള്ളവരും വീരന്മാരുമാണ്; അവരെ കൂടാതെ നമുക്ക് ഈ ആത്മീയയുദ്ധം ജയിക്കുവാന്‍ സാദ്ധ്യമല്ല.
അതുകൊണ്ട് അവരുടെ സുരക്ഷ നമുക്ക് പ്രധാനപ്പെട്ടതാണ് എന്ന് മനസ്സിലാക്കി, നമ്മള്‍ എപ്പോഴും അവരുടെ ചുറ്റിനും താമ്ര മതിലുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കേണം.
അവര്‍ യുദ്ധമുഖത്ത് യുദ്ധം ചെയ്യുന്നു, നമ്മള്‍ അവരെ പിന്തുണയ്ക്കുന്നു.

ഇവിടെ ഞാന്‍ ഒരു ചോദ്യം ചോദിക്കട്ടെ? ദൈവദാസന്മാരുടെ സംരക്ഷണത്തിനായി നമ്മള്‍ എരിവോടെ പ്രാര്‍ഥിക്കാറുണ്ടോ?
പലപ്പോഴും ഇതില്‍ പരാജയപെട്ടു പോയിട്ടുണ്ട് എന്ന് ഞാന്‍ എളിമയോടെ സമ്മതിക്കുന്നു.
യുദ്ധമുന്നണിയില്‍ നില്‍ക്കുന്ന വീരന്മാരായ അഭിഷിക്തരെ പിന്താങ്ങി പ്രാര്‍ഥിക്കുവാന്‍ നമ്മള്‍ എന്നും പരാജയപ്പെടുക ആണ്.
അവര്‍ മരിക്കുമ്പോള്‍, നമ്മള്‍ പുതിയ തത്വചിന്തകളും വിശദീകരണവുമായി ആയി രംഗത്ത് എത്തും.
ഇതു ആശ്വാസകരം ആണ് എങ്കിലും, പ്രയോജനരഹിതം ആണ്.

തത്വജ്ഞാനം അല്ല ത്തിനുള്ള പരിഹാരം, പ്രാര്‍ത്ഥന ആണ്.
നമ്മളുടെ തെറ്റ് നമുക്ക് മനസ്സിലാക്കാം, കുറ്റം നമുക്ക് ദൈവത്തോട് ഏറ്റുപറയാം, ദൈവത്തിന്‍റെ അഭിഷിക്തന്മാര്‍ക്ക് വേണ്ടി മുടങ്ങാതെ പ്രാര്‍ത്ഥിക്കാം.
ഇന്നുമുതല്‍ ഒരു അഭിഷിക്തനും അകാലത്തില്‍ മരിക്കാതെ ഇരിക്കെണ്ടതിനായി നമുക്ക് എരിവോടെ പ്രാര്‍ഥിക്കാം.

2.  യുദ്ധവീരന്മാര്‍ക്ക് പറ്റുന്ന വീഴ്ച

അഭിഷിക്തരുടെ അകാല മരണത്തെക്കുറിച്ചുള്ള എന്റെ രണ്ടാമത്തെ നിഗമനം, യുദ്ധമുഖത്ത് നില്‍ക്കുമ്പോള്‍ മനപ്പൂര്‍വ്വമോ അല്ലാതെയോ പറ്റുന്ന ചെറിയ വീഴകള്‍ പോലും ദുരന്തമായി മാറാം, എന്നതാണ്.
യുദ്ധമുന്നണിയില്‍ നില്‍ക്കുന്ന വീരന്മാര്‍ എപ്പോഴും ശത്രുവിന്‍റെ എല്ലാ പ്രവര്‍ത്തികളും ശ്രദ്ധയോടെ വീക്ഷിക്കേണ്ടതുണ്ട്.
ഇതില്‍ അരനിമിഷ നേരത്തേക്കെങ്കിലും പാളീച്ച പറ്റിയാല്‍, മാരകമായ പ്രത്യാഘാതം ഉണ്ടാകാം.

ശത്രുവിന്റെ തന്ത്രങ്ങള്‍ മനസ്സിലാക്കുക എന്നത് യുദ്ധത്തിന്‍റെ വിജയത്തിന് അനിവാര്യം ആണ്.
മോശെയും യോശുവയും ശത്രുവിനെക്കുറിച്ചുപഠിക്കുവാന്‍ ചാരന്മാരെ അയച്ചിട്ടുണ്ട്.
ശത്രുവിന്‍റെ ബലം, ബലഹീനത, തന്ത്രങ്ങള്‍ എന്നിവ മനസ്സിലാക്കുന്നത് യുദ്ധത്തില്‍ ശരിയായ രീതി ആണ്.
കാരണം, നമ്മളുടെ ബലം, ബലഹീനത എന്നിവ ശത്രു മനസ്സിലാക്കികൊണ്ടാണ് അവന്‍ തന്ത്രങ്ങള്‍ മെനഞ്ഞിരിക്കുന്നത്.
നമ്മളുടെ ശത്രു ഒരു മാന്യന്‍ അല്ല; അവന്‍ നമ്മളുടെ ബലഹീനതയില്‍ ആക്രമിക്കും.
സാത്താൻ നമ്മെ തോല്പിക്കരുതു; അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ.” എന്ന് 2 കൊരിന്ത്യര്‍ 2: 11 ല്‍ അപ്പോസ്തലനായ പൌലോസ് നമ്മളെ ഉപദേശിക്കുന്നു.

ദൈവത്തിന്‍റെ അഭിഷിക്തന്മാര്‍ ഇപ്പോഴും ജാഗ്രതയോടെ ശത്രുവിന്‍റെ തന്ത്രങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കേണം.
തന്റെ രാജാവായ ദൈവത്തിന്‍റ ശബ്ദം ശ്രവിച്ചുകൊണ്ടിരിക്കേണം.
യുദ്ധം ദൈവത്തിന്റെതാണ് എന്നതിനാല്‍, നമ്മള്‍ എവിടെ പോകേണം, എന്ത് ചെയ്യേണം എന്നെല്ലാം അവന്‍ തീരുമാനിക്കട്ടെ.

അതായത്, ശത്രുവിന്‍റെ തന്ത്രങ്ങള്‍ അറിയുക, നമ്മളുടെ രാജാവിന്റെ കല്‍പ്പനകള്‍ ശ്രദ്ധയോടെ അനുസരിക്കുക എന്നത് യുദ്ധത്തില്‍ വിജയിക്കുവാന്‍ അനിവാര്യം ആണ്.
മനപ്പൂര്‍വ്വം അല്ലാത്ത ഒരു പിഴവ് പോലും അപകടത്തിലേക്ക് നമ്മളെ നയിച്ചേക്കാം.
അതുകൊണ്ട്, നമ്മളുടെ രാജാവ്, പ്രസംഗിക്കുവാന്‍ പറഞ്ഞാല്‍ നമുക്ക് പ്രസംഗിക്കാം; അദ്ദേഹം നിശബ്ദരായിരിക്കുവാന്‍ പറഞ്ഞാല്‍ നിശബ്ദര്‍ ആയിരിക്കാം; പോകാന്‍ പറഞ്ഞാല്‍ പോകാം, പോകണ്ടാ എന്ന് പറഞ്ഞാല്‍ പോകാതിരിക്കാം.

എന്നാല്‍, നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ തന്നെ, എല്ലാ മനുഷ്യരും അവര്‍ ജീവിക്കുന്ന ആവാസവ്യവസ്ഥിയുടെ അല്ലെങ്കില്‍ സാഹചരത്തിന്റെ സമ്മര്‍ദ്ദത്തിന് വിധേയര്‍ ആണ്.
അതുകൊണ്ട് നമ്മള്‍ പലപ്പോഴും തെറ്റായ തീരുമാനങ്ങള്‍ എടുക്കുകയും അപകടത്തില്‍ വീഴുകയും ചെയ്യാറുണ്ട്.
അത്തരം അവസരങ്ങളില്‍, ദൈവം ഒരു അഭിഷിക്തന്റെ ജീവന്‍ എടുക്കുക അല്ല ചെയ്യുന്നത്; ഒരു അഭിഷിക്തന്റെ അകാല മരണം ദൈവരാജ്യത്തിന്‌ ഗുണം ചെയ്യുക ഇല്ല.
എന്നിരുന്നാലും, യുദ്ധക്കളത്തിലെ എല്ലാ മരണവും രക്തസാക്ഷിത്തം ആണ്.

ദൈവത്തിന് എല്ലാം അറിയാമല്ലോ എന്നും, ദൈവം അറിയാതെ യാതൊന്നും നമ്മളുടെ ജീവിതത്തില്‍ സംഭവിക്കുന്നില്ല എന്നും നമ്മള്‍ വാദിക്കാറുണ്ട്.
ദൈവത്തിന്റെ മുന്നറിവില്‍ ലോകാരംഭം മുതല്‍ നിത്യതവരെയുള്ള സംഭവങ്ങള്‍ വര്‍ത്തമാനകാലമായി തുന്നിരിക്കുന്നു.
എന്നാല്‍ അതിന്‍റെ അര്‍ത്ഥം, നമ്മളുടെ സ്വതന്ത്ര ഇശ്ചാശക്തിയെ ഭേദിച്ചുകൊണ്ട് ദൈവം പ്രവര്‍ത്തിക്കും എന്ന് അര്‍ത്ഥം ഇല്ല.
ദൈവം ഒരിക്കലും നമ്മളുടെ സ്വതന്ത്ര ഇശ്ചാശക്തിയെ ഭേദിക്കുന്നില്ല

3.  മുറിവുകളും മരണവും യുദ്ധത്തില്‍ സംഭവ്യം ആണ്.

എന്‍റെ മൂന്നാമത്തെ നിഗമനം, യുദ്ധത്തില്‍ പരിക്കേല്‍ക്കുക എന്നതും മരിക്കുക എന്നതും സംഭവ്യം ആണ് എന്നതാണ്.
ആത്മീയയുദ്ധം ഒരു ഐതീഹ്യമല്ല, അതൊരു അമ്മൂമ്മ കഥയല്ല; ആത്മീയയുദ്ധം ഭൌതീക യുദ്ധത്തേക്കാള്‍ സത്യം ആണ്.
അത് ദൈവരാജ്യവും സാത്താന്റെ രാജ്യവും തമ്മിലുള്ള ഘോരമായ യുദ്ധം ആണ്.
അത് അധികാരത്തിനും വാഴ്ചയ്ക്കും വേണ്ടിയുള്ള യുദ്ധം ആണ്.
ദൈവത്തിന്‍റെ അഭിഷിക്തര്‍ ഈ യുദ്ധത്തില്‍ പോരാടുവനായി നിയോഗം ലഭിച്ചവര്‍ ആണ്; അവര്‍ യുദ്ധ മുഖത്തേക്ക് അയക്കപ്പെട്ടവര്‍ ആണ്.

യുദ്ധത്തില്‍ അപകടവും, മുറിവേല്‍ക്കുന്നതും മരിക്കുന്നതും സംഭവ്യം ആണ്.
ഒരു യോദ്ധാവ് യുദ്ധകളത്തിലേക്ക് പോകുന്നത്, മുരിവേല്‍ക്കുവാണോ, മരിക്കുവാനോ അല്ല; എന്നാല്‍ അപകടവും മരണവും സംഭവ്യം ആണ് എന്ന് അവന് അറിയാം.

നമ്മള്‍ അപകടവും, മുറിവുകളും, മരണവും മുന്നില്‍ കണ്ടുകൊണ്ടു തന്നെ ആണ് ദൈവത്തിങ്കല്‍ നിന്നും ഈ വലിയ നിയോഗം ഏറ്റെടുത്തത്.
സുവിശേഷവേല ഭീരുക്കളുടെ പണിയല്ല; നമ്മള്‍ ദൈവത്തിനുവേണ്ടി മരിക്കുവാന്‍ പോലും തയ്യാറാണ്.
അതുകൊണ്ട് അപകടവും മരണവുമൊന്നും ദൈവരാജ്യത്തിന്റെ യുദ്ധവീരന്മാര്‍ക്ക് ഭീഷണി അല്ല.
ആത്മീയയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മരണത്തിനും അപ്പുറം ലഭിക്കാനിരിക്കുന്ന നിത്യതയിലും പ്രതിഫലത്തിലും ആണ് പ്രത്യാശ വച്ചിരിക്കുന്നത്.
ഇതാണ് അവരെ മുന്നോട്ട് നയിക്കുന്ന പ്രചോദനം.

നമ്മള്‍ ഇതിനെ യുദ്ധത്തിന്‍റെ യാഥാര്‍ത്യമായി കാണണം.
മരണത്തെ തത്വഞാനത്താല്‍ പുകഴ്ത്തുക അല്ല ചെയ്യേണ്ടത്; മരണം എപ്പോഴും എല്ലായിടത്തും മരണം തന്നെ ആണ്.
ക്രിസ്തുവിനുവേണ്ടി മരിക്കുവാന്‍ നമ്മള്‍ തയ്യാറാണ്; മരണത്തിനു ശേഷമുള്ള പ്രതിഫലം ഒരു സത്യം ആണ്.
ദൈവരാജ്യത്തിലെ നിത്യത, ഈ ഭൂമിയിലെ ജീവിതത്തെക്കാള്‍ വലുതാണ്‌.
ദൈവരാജ്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ മരിക്കുന്നത്, അത് ഈതു വിധം ആയാലും, രക്തസാക്ഷിത്തം ആണ് എന്നോര്‍ത്ത് നമുക്ക് ആശ്വസിക്കാം.
നമ്മള്‍ ദീര്‍ഘകാലം ജീവിക്കുന്നത് ദൈവരാജ്യത്തിന് ഗുണവും മരിക്കുന്നത് നമുക്ക് ലാഭവും ആണ്.

ഒരു വേദഭാഗം വായിച്ചുകൊണ്ട് ഞാന്‍ ഈ സന്ദേശം എവിടെ അവസാനിപ്പിക്കട്ടെ.

1 തെസ്സലോനീക്യര്‍ 4: 16 - 18
16  കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.
17  പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.
18  ഈ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചുകൊൾവിൻ.

ഈ സന്ദേശം ഇതുവരെ കേട്ടതിനും കണ്ടതിനും വളരെ നന്ദി.
എല്ലാ മാസവും ഒന്നാമത്തെ ശനിയാഴ്ച വൈകിട്ട് 5 മണിക്ക് Powervision TV ല്‍ ദൈവവചനം, മായവും കളങ്കവും ഇല്ലാതെ, പഠിപ്പിക്കുവാന്‍ ഞാന്‍ എത്തുന്നുണ്ട്.
മറക്കാതെ കാണുക. മറ്റുള്ളവരോടും കൂടെ പറയുക.
ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ആമേന്‍.

No comments:

Post a Comment