മരുഭൂമിയിലെ ദൈവരാജ്യത്തില്‍ നിന്നും ചില പാഠങ്ങള്‍


യിസ്രായേല്‍ ജനത്തിന്‍റെ മരുഭൂമിയിലെ ദൈവരാജ്യത്തില്‍ നിന്നും ചില പാഠങ്ങള്‍ പഠിക്കാം എന്നാണു ഞാന്‍ എന്ന് ചിന്തിക്കുന്നത്.
അതായത് ഈ സന്ദേശം യിസ്രായേല്‍ ജനത്തിന്‍റെ മരുഭൂമിയിലൂടെയുള്ള യാത്രയുടെ ഒരു പഠനം ആണ്.
എന്നാല്‍, ഈ സംഭവത്തിനെക്കുറിച്ച് പുതിയതായി വ്യാഖ്യാനങ്ങള്‍ അവതരിപ്പിക്കുക അല്ല നമ്മളുടെ ഉദ്ദേശ്യം.
ചില ആത്മീയ പാഠങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി, മരുഭൂയാത്രയെ പുനര്‍ വായിക്കുന്നു എന്നേ ഉള്ളൂ.
പുതിയ നിയമ കാലത്ത് നമ്മള്‍ ആയിരിക്കുന്ന ആരംഭിക്കപ്പെട്ട ദൈവരാജ്യത്തിലെ ജീവിതത്തിനു ഗുണകരമായ പാഠങ്ങള്‍ നമുക്ക് മരുഭൂപ്രയാണത്തില്‍ നിന്നും മനസ്സിലാക്കുവാന്‍ ഉണ്ട്.

ദൈവരാജ്യം

ദൈവരാജ്യം പുതിയ ഭൂമിയില്‍ സ്ഥാപിക്കപ്പെടുന്ന ഒരു യഥാര്‍ത്ഥ രാജ്യം തന്നെ ആണ്.
ഭൂമില്‍ ഒരിക്കല്‍, ആദമിനെയും ഹവ്വയെയും സൂക്ഷിപ്പുകാരായി നിയമിച്ചുകൊണ്ട്, ദൈവരാജ്യം സ്ഥാപിച്ചിരുന്നു.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പാപത്താല്‍ മനുഷ്യര്‍ ദൈവകൃപയില്‍ നിന്നും വീണ്‌പോകുകയും ദൈവരാജ്യം നഷ്ടപ്പെടുകയും ചെയ്തു.
നഷ്ടപ്പെട്ട ദൈവരാജ്യത്തിന്‍റെ പുനസ്ഥാപനം ആണ് വേദപുസ്തകത്തിലെ വിഷയം.

വീണ്ടും ജനനം രക്ഷയുടെ ആരംഭം ആണ്, അവസാനം അല്ല.
ദൈവരാജ്യത്തിന്‍റെ പുനസ്ഥാപനത്തോടെ മാത്രമേ രക്ഷ പൂര്‍ണ്ണമാകുക ഉള്ളൂ.
വീണ്ടെടുക്കപ്പെട്ടവരുടെ നിത്യ വാസസ്ഥലമായ പുതിയ ആകാശത്തെക്കുറിച്ചും പുതിയ ഭൂമിയെക്കുറിച്ചും വെളിപ്പാട് പുസ്തകം 21-)0 അദ്ധ്യായത്തില്‍ പറയുന്നത് നമ്മള്‍ ഓര്‍ക്കുമല്ലോ.
ഇപ്പോഴത്തെ ഈ ഭൂമിയും ആകാശവും മാറിപ്പോകുകയും പുതിയതൊന്നു സ്ഥാപിക്കപെടുകയും ചെയ്യും.

സൃഷ്ടിയുടെ നാളുകളില്‍ സ്ഥാപിക്കപ്പെട്ട ദൈവരാജ്യം സ്വര്‍ഗത്തിന്‍റെ ഒരു പ്രവിശ്യ ആയിരുന്നു.
അത് സൃഷ്ടിച്ചതും നിലനിറുത്തിയതും ക്രമീകരിച്ചതും ദൈവം ആണ്.
അതിനെ ശത്രുവിന്‍റെ കൈയില്‍ നിന്നും സൂക്ഷിക്കുവാനും പരിപാലിക്കുവാനുമായി മനുഷ്യരെ ഏല്‍പ്പിച്ചു.
നിര്‍ഭാഗ്യവശാല്‍ മനുഷ്യരുടെ പക്കല്‍ നിന്നും അത് നഷ്ടപ്പെട്ടുപോയി; അതിനാല്‍ ദൈവം അതിനെ പുനസ്ഥാപിക്കുവാന്‍ പദ്ധതി തയ്യാറാക്കി.

ഈ പുനസ്ഥാപന പ്രക്രിയ ആദ്യമായി ദൈവം അബ്രഹാമിന് വെളിപ്പെടുത്തി കൊടുത്തു.
അബ്രഹാമിന് ലഭിച്ച എല്ലാ വാഗ്ദത്തങ്ങളും ഭൌതീകം ആയിരുന്നു; അബ്രഹാം അതിനെ ഭൌതീകമായി തന്നെ അനുഭവിച്ചു.
എന്നാല്‍, അതിന്‍റെയെല്ലാം പിന്നിലുള്ള ആത്മീയ മര്‍മ്മങ്ങളും ദൈവരാജ്യത്തിന്‍റെ പുനസ്ഥാപനത്തെക്കുറിച്ചുള്ള ദൈവീക പദ്ധതിയും കൂടി ഗ്രഹിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
തനിക്കു ലഭിച്ച എല്ലാ ഭൌതീക അനുഗ്രഹങ്ങളും വരുവാനിരിക്കുന്ന ആത്മീയ നിവര്‍ത്തിയുടെ നിഴലാണ് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
അതുകൊണ്ട് അബ്രഹാം, വിശ്വാസത്താൽ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ കൂടാരങ്ങളിൽ പാർത്തുകൊണ്ടു, ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു. (എബ്രായര്‍ 11:9,10)

മനുഷ്യന്റെ വീഴ്ചക്ക് ശേഷം ദൈവം പൂര്‍ണ്ണമായും അപ്രത്യക്ഷന്‍ ആകുക അല്ല ചെയ്തത്.
ഒരു സന്തതിയെന്ന വാഗ്ദത്തം ഓര്‍മ്മിപ്പിക്കുന്നതിനായി ദൈവം വീണ്ടും വീണ്ടും അബ്രഹാമിന് പ്രത്യക്ഷന്‍ ആയതുപോലെ, ദൈവരാജ്യത്തിന്റെ പുനസ്ഥാപനം നമ്മളെ ഓര്‍മ്മിപ്പിക്കുന്നതിനായി, അതിന്റെ ഭാഗികമായ പ്രത്യക്ഷത, മാനവ ചരിത്രത്തില്‍ ഇടക്കിടെ ഉണ്ടായിട്ടുണ്ട്.
ദൈവരാജ്യത്തിന്റെ പുനസ്ഥാപനത്തിന് മൂന്നു ഘട്ടങ്ങള്‍ ഉണ്ട് എന്ന് നമ്മള്‍ മനസ്സിലാക്കുന്നു:

1.    വാഗ്ദത്തം ചെയ്യപ്പെട്ട ദൈവരാജ്യം
2.    ആരംഭിക്കപ്പെട്ട ദൈവരാജ്യം
3.    നിവര്‍ത്തിക്കപ്പെട്ട ദൈവരാജ്യം

യേശു ക്രിസ്തു തന്റെ പരസ്യ ശുശ്രൂഷ ആരംഭിക്കുന്നത്, “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പ്രസംഗിച്ചുകൊണ്ടാണ്. (മത്തായി 4:17).
യേശുവിന്‍റെ പ്രഖ്യാപനത്തോടെ ദൈവരാജ്യം അതിന്‍റെ രണ്ടാമത്തെ ഘട്ടത്തിലേക്ക് പ്രവേശിച്ചു.
പുതിയ നിയമ സഭ, വാഗ്ദത്തം ചെയ്യപ്പെട്ട ദൈവരാജ്യത്തിന്റെയും നിവര്‍ത്തിയാകുവാനുള്ള ദൈവരാജ്യത്തിന്റെയും മദ്ധ്യേ ആണ്.
നമുക്ക് ദൈവരാജ്യം ആരംഭിക്കപ്പെട്ടതും നിവര്‍ത്തിക്കപ്പെടുവാനുള്ളതും ആണ്.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, പുതിയനിയമ സഭ, പഴയനിയമ വിശുദ്ധര്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ട ദൈവരാജ്യത്തില്‍, ഇനിയും നിവര്‍ത്തിക്കപ്പെടുവാനുള്ള ദൈവരാജ്യത്തിന്റെ അനുഗ്രഹങ്ങള്‍ ഭാഗികമായി അനുഭവിച്ചുകൊണ്ട്‌, ജീവിക്കുക ആണ്.

ഈ ഭൂമിയില്‍ ഉണ്ടായ, ദൈവരാജ്യത്തിന്‍റെ ഒരു പ്രത്യക്ഷത ആണ്, മരുഭൂമിയിലെ ദൈവരാജ്യം.
മരുഭൂമിയിലെ ദൈവരാജ്യം എന്നതുകൊണ്ട്‌ നമ്മള്‍ അര്‍ത്ഥം ആക്കുന്നത്, യിസ്രായേല്‍ ജനം മരുഭൂമിയില്‍ ജീവിച്ച, ദൈവം രാജ്യമായി പ്രഖ്യാപിച്ച, അനുഭവത്തെ ആണ്.
  
ഒരു ദീര്‍ഘ യാത്ര

ദൈവം എന്തുകൊണ്ട് യിസ്രായേല്‍ ജനത്തെ മരുഭൂമിയിലൂടെ നടത്തി, എന്ന ചോദ്യത്തോടെ നമുക്ക് ഈ പഠനം ആരംഭിക്കാം.

പുറപ്പാട് 13: 17, 18
17  ഫറവോൻ ജനത്തെ വിട്ടയച്ച ശേഷം ഫെലിസ്ത്യരുടെ ദേശത്തു കൂടിയുള്ള വഴി അടുത്തതു എന്നു വരികിലും ജനം യുദ്ധം കാണുമ്പോൾ പക്ഷേ അനുതപിച്ചു മിസ്രയീമിലേക്കു മടങ്ങിപ്പോകുമെന്നുവെച്ചു ദൈവം അവരെ അതിലെ കൊണ്ടുപോയില്ല;
18  ചെങ്കടലരികെയുള്ള മരുഭൂമിയിൽകൂടി ദൈവം ജനത്തെ ചുറ്റിനടത്തി. യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു യുദ്ധസന്നദ്ധരായി പുറപ്പെട്ടു.

ഈജിപ്തില്‍ നിന്നും കാനാന്‍ ദേശത്ത്‌ എത്തുവാന്‍ രണ്ട് വഴികള്‍ ഉണ്ടായിരുന്നു.
അതില്‍ ദൈര്‍ഘ്യം കുറഞ്ഞ വഴി, സാധാരണയായി യാത്രക്കാര്‍ ഉപയോഗിക്കുന്ന, ബെല്‍ബെയിസ്, ഏല്‍-അരിഷ്, അസ്കലോന്‍ എന്നിവിടങ്ങളിലൂടെ, ഫെലിസ്ത്യരുടെ രാജ്യത്തിലൂടെ, കനാനന്‍റെ തെക്കേ ഭാഗത്തുള്ള ഗാസയില്‍ എത്തുന്നതായിരുന്നു.
അത് നാലോ അഞ്ചോ ദിവസത്തെ വഴിമാത്രമേ ഉണ്ടായിരുന്നുള്ളൂ.

എന്നാല്‍, അടിമത്തത്തില്‍ ജീവിച്ചിരുന്ന ഒരു നാടോടി കൂട്ടരേ സഹായിക്കുക വഴി ഈജിപ്തിന്‍റെ വിരോധം സമ്പാധിക്കുവാന്‍ ഫെലിസ്ത്യര്‍ ഒരിക്കലും ആഗ്രഹിക്കുക ഇല്ല.
അതുകൊണ്ട്, തങ്ങളുടെ രാജ്യത്തുകൂടെ ഉള്ള, യിസ്രായേല്‍ ജനത്തിന്റെ യാത്രയെ അവര്‍ തടയുക തന്നെ ചെയ്യും.
ഇതു ഒരു യുദ്ധത്തിലേക്ക് നയിച്ചേക്കാം എന്ന് ദൈവം കണ്ടു; ജനം യുദ്ധം കണ്ടു ഭയപ്പെടുവാന്‍ അപ്പോള്‍ ദൈവം ആഗ്രഹിച്ചില്ല.

നാനൂറിലധികം വര്‍ഷങ്ങള്‍ അടിമത്തത്തില്‍ ജീവിച്ച ജനത്തിന്‍റെ തകര്‍ന്ന മനസ്സ്, പൊടുന്നനെയുള്ള ഒരു യുദ്ധത്തിന് പാകമല്ല.
ഈ തകര്‍ച്ചയാണ്, പലപ്പോഴും യിസ്രായേല്‍ ജനം ഭീരുക്കളെപ്പോലെ ചിന്തിക്കുവാനും, പ്രവര്‍ത്തിക്കുവാനും, പിറുപിറുക്കുവാനും, ഈജിപ്തിലെ സുഖങ്ങളെ ഓര്‍ത്ത്‌ വിലപിക്കുവാനും കാരണം.
പൊടുന്നനെ ഒരു യുദ്ധം അഭിമുഖീകരിക്കേണ്ടി വന്നിരുന്നെങ്കില്‍ അവര്‍ അവിടെനിന്നുതന്നെ തിരികെ പോയേനെ.
അതുകൊണ്ട് ദൈവം അവരെ ദൈര്‍ഘ്യമേറിയ മരുഭൂമിയിലൂടെ നയിച്ചു.

ദൈര്‍ഘ്യം കുറഞ്ഞ വഴികള്‍ എപ്പോഴും മെച്ചമായതായിരിക്കേണം എന്നില്ല, എന്നൊരു പാഠം നമുക്ക് ഇവിടെ പഠിക്കാം.
ദൈവം ക്രമീകരിച്ചിരിക്കുന്ന വഴി ദൈര്‍ഘ്യമേറിയതാണെങ്കിലും, അതാണ്‌ ഏറ്റവും നല്ലത്.
ദൈവത്തിന്‍റെ അത്ഭുതകരമായ ഉദ്ദേശ്യം അന്ത്യത്തില്‍ വെളിപ്പെടും; അതുകൊണ്ട് ദൈവത്തെ വിധിക്കാതെ അനുസരിക്കുക മാത്രം ചെയ്യുക.

അമാലേക്യര്‍

യിസ്രായേല്‍ ജനം യുദ്ധം കണ്ടു ഭയപ്പെടാതിരിക്കുവാന്‍, ദൈവം അവരെ, ഫെലിസ്ത്യരുടെ രാജ്യത്തില്‍ നിന്നും അകന്ന്, ദൈര്‍ഘ്യമേറിയ വഴിയിലൂടെ നടത്തി.
ഇതിന്‍റെ അര്‍ത്ഥം മരുഭൂമിയില്‍ യാതൊരു യുദ്ധവും ഇല്ല എന്നല്ല.
അവര്‍ രെഫീദിം എന്ന സ്ഥലത്ത് വന്നപ്പോള്‍ അമാലേക്യര്‍ എന്ന മരുഭൂമിയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ അവരെ ആക്രമിച്ചു. (പുറപ്പാട് 17: 8 - 13)

അമാലേക്യരുടെ ആക്രമണത്തില്‍ നിന്നും പഠിക്കുവാന്‍ എന്തെങ്കിലും മര്‍മ്മം ഉണ്ടോ?
പത്തുബാധകളാല്‍ ഈജിപ്തിനെ തകര്‍ത്തതിനുശേഷം, ചെങ്കടല്‍ പിളര്‍ന്നു മരുഭൂമിയില്‍ എത്തിയ യിസ്രായേല്‍ തകര്‍ക്കുവാന്‍ കഴിയാത്ത ശക്തി ആയി തോന്നി.
അവര്‍ ഇനി യാതൊരു യുദ്ധവും പ്രതീക്ഷിച്ചിരുന്നില്ല.
പക്ഷെ, രെഫീദീം എന്ന സ്ഥലത്തുവച്ച് അമാലേക്യര്‍ അവരെ പിന്നിലൂടെ ആക്രമിച്ചു.
യുദ്ധത്തില്‍ യിസ്രായേല്‍ ജയിച്ചു എങ്കിലും, അവരുടെ സുരക്ഷിത കവചം തകര്‍ന്നതുപോലെ തോന്നി.

യുദ്ധത്തിന് ശേഷം ദൈവം യിസ്രായേല്യരും അമാലേക്യരും തമ്മില്‍ നിത്യ ശത്രുത പ്രഖ്യാപിച്ചു.

ആവര്‍ത്തനപുസ്തകം 25: 17–19
17  നിങ്ങൾ മിസ്രയീമിൽനിന്നു പുറപ്പെട്ടു വരുമ്പോൾ വഴിയിൽവെച്ചു അമാലേക്ക് നിന്നോടു ചെയ്തതു,
18  അവൻ ദൈവത്തെ ഭയപ്പെടാതെ വഴിയിൽ നിന്റെ നേരെ വന്നു നീ ക്ഷീണിച്ചും തളർന്നും ഇരിക്കുമ്പോൾ നിന്റെ പിമ്പിൽ പിന്നണിയിലുള്ള ബലഹീനരെ ഒക്കെയും സംഹരിച്ച കാര്യം തന്നേ ഓർത്തുകൊൾക.
19  ആകയാൽ നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി അടക്കുവാൻ തരുന്ന ദേശത്തു ചുറ്റുമുള്ള നിന്റെ സകലശത്രുക്കളെയും നിന്റെ ദൈവമായ യഹോവ നീക്കി നിനക്കു സ്വസ്ഥത തന്നിരിക്കുമ്പോൾ നീ അമാലേക്കിന്റെ ഓർമ്മയെ ആകാശത്തിൻകീഴിൽനിന്നു മായിച്ചുകളയേണം; ഇതു മറന്നുപോകരുതു.

ദൈവം കല്‍പ്പിച്ചത് ഇതൊക്കെ ആണ്:

1.    നിങ്ങൾ മിസ്രയീമിൽനിന്നു പുറപ്പെട്ടു വരുമ്പോൾ വഴിയിൽവെച്ചു അമാലേക്യര്‍ നിന്നോടു ചെയ്തതു എന്നും ഓര്‍ക്കേണം.
2.    നീ ക്ഷീണിച്ചും തളർന്നും ഇരിക്കുമ്പോൾ നിന്നെ അമാലേക്യര്‍ ആക്രമിച്ചു.
3.    നിന്‍റെ പിമ്പിൽ പിന്നണിയിലുള്ള ബലഹീനരെ ഒക്കെയും സംഹരിച്ചു.
4.    അവര്‍ ദൈവത്തെ ഭയപ്പെട്ടില്ല.
5.    നീ അമാലേക്കിന്റെ ഓർമ്മയെ ആകാശത്തിൻകീഴിൽനിന്നു മായിച്ചുകളയേണം.
6.    അമാലേക്യരെ നിശ്ശേഷം മായിച്ചുകളയുന്ന കാര്യം മറന്നുപോകരുതു.

അമാലേക്യര്‍ എന്ന മരുഭൂമിയിലെ ഗോത്രവര്‍ഗ്ഗം, ഏലിഫാസിന്, തിമ്ന എന്ന വെപ്പാട്ടിയില്‍ ജനിച്ച അമാലേക്കിന്റെ പിന്‍ഗാമികള്‍ ആയിരുന്നു.
ഏലിഫാസ്, യിസ്രായേല്‍ ഗോത്രപിതാവായ യാക്കോബിന്‍റെ സഹോദരന്‍ ഏശാവിന്റെ മകന്‍ ആയിരുന്നു.
അതിന്‍റെ അര്‍ത്ഥം, അമാലേക്യര്‍, ഗോത്രപിതാവായ യാക്കൊബിലൂടെയും അദ്ദേഹത്തിന്‍റെ സഹോദരന്‍ എശാവിലൂടെയും, യിസ്രായേലിന്‍റെ ജഡപ്രകാരമുള്ള സഹോദരങ്ങള്‍ തന്നെ ആയിരുന്നു.
അവര്‍ യിസ്രായേലിന്റെ മാംസവും രക്തവും ആയിരുന്നു.
മിസ്രയീമില്‍ നിന്നുള്ള യാത്രയില്‍ യിസ്രായേലിനെ ആദ്യം ആക്രമിച്ചത് അവര്‍ ആയിരുന്നു.
അവരുടെ ലക്‌ഷ്യം യിസ്രായേല്‍ ജനത്തെ കൊള്ളയടിക്കുകയും തകര്‍ക്കുകയും ചെയ്യുക എന്നതായിരുന്നു.
ദൈവം യിസ്രായേല്‍ ജനവും അമാലേക്യരും തമ്മില്‍, അമാലേക്യര്‍ നിശ്ശേഷം ഇല്ലാതാകുന്നതുവരെ, നിത്യ ശത്രുത കല്‍പ്പിച്ചാക്കി.

ഇന്ന്, അനേകം നൂറ്റാണ്ടുകള്‍ക്ക് ശേഷം അമാലേക്യരുടെ വംശം കണ്ടെത്തുവാന്‍ കഴിയുക ഇല്ല.
അമാലേക്യര്‍ എന്ന ഒരു പ്രത്യേക മനുഷ്യഗണത്തെ ഉന്മൂലനം ചെയ്യുക ഇന്ന് സാധ്യമല്ല.
എന്നാല്‍, അമാലേക്യരെ നിശ്ശേഷം മായിച്ചുകളയുന്ന കാര്യം മറന്നുപോകരുതു, എന്ന കല്‍പ്പന ഇന്നും, ആത്മീയ മണ്ഡലത്തില്‍ നിലനില്‍ക്കുന്നു.
അമാലേക്യര്‍ നമ്മളുടെ ജഡവും രക്തവും, അതിന്‍റെ മോഹങ്ങളും ആണ്; ദൈവരാജ്യത്തിലേക്കുള്ള നമ്മളുടെ പ്രയാണത്തെ അവ ആക്രമിച്ചുകൊണ്ടെയിരിക്കും.
1.       മരുഭൂമിയിലെ ദൈവരാജ്യത്തില്‍ യുദ്ധം ഉണ്ട്; നമ്മളുടെ ജഡത്തിന്റെ മോഹങ്ങളെ നിശ്ശേഷം നശിപ്പിക്കുന്നതുവരെ, നമ്മളുടെ ജഡത്തോട് യുദ്ധം തുടര്‍ന്നുകൊണ്ടേയിരിക്കും.

മരുഭൂമി രാജ്യം അല്ല

മരുഭൂമി ആരുടേയും രാജ്യം അല്ല.
അപൂര്‍വമായി കാണുന്ന ചില തുരുത്തുകളില്‍ താമസിക്കുന്ന, യാത്രക്കാരെ കൊള്ളചെയ്ത് ജീവിക്കുന്ന കൂട്ടമാല്ലാതെ, മറ്റാരും മരുഭൂമിയില്‍ സ്ഥിരമായി താമസിക്കുന്നില്ല.
സാധാരണയായി, മനുഷ്യര്‍ മരുഭൂമിയില്‍ പട്ടണങ്ങള്‍ നിര്‍മ്മിക്കാറില്ല.
മരുഭൂമിയെ ആക്രമിച്ച് കീഴടക്കി രാജ്യത്തോട് ചേര്‍ക്കുവാന്‍ ആരും ശ്രമിക്കാറില്ല.
മരുഭൂമിക്ക് അതിരുകളോ, നിയമങ്ങളോ, രാജാക്കന്മാരോ ഇല്ല.
മരുഭൂമി ഒരു രാജ്യം അല്ല.

എന്നാല്‍, ആരുടേയും രാജ്യമാല്ലാത്തയിടം ദൈവത്തിന്‍റെ രാജ്യം ആണ്.
ഈ ഭൂമി മുഴുവനും, ഇതിലെ ഫലസംപുഷ്ടമായതും അല്ലാത്തതും ആയ ഇടങ്ങള്‍, നദികളും, സമുദ്രവും, കുന്നുകളും, പര്‍വ്വതങ്ങളും, ആകാശവും നക്ഷത്രങ്ങളും, എല്ലാം, ദൈവത്തിന്റെതാണ്.
എല്ലാം അവന്റെ ഉടസ്ഥതയിലും അധികാരത്തിലും ആണ്.
അതുകൊണ്ട് മരുഭൂമി ദൈവത്തിന്‍റെ രാജ്യം ആണ്.

ഫെലിസ്ത്യരുടെ ദേശത്തുകൂടെയുള്ള വഴി ഹൃസ്വവും കൂടുതല്‍ സുഖകരവും ആയിരുന്നു.
പക്ഷെ യിസ്രായേല്‍ ജനം അതുവഴി പോകുവാന്‍ അവര്‍ സമ്മതിക്കുക ഇല്ല.
അതുകൊണ്ട് ദൈവം മനുഷ്യ നിര്‍മ്മിതങ്ങള്‍ ആയ രാജ്യങ്ങളെ ഒഴിവാക്കി, സ്വന്ത രാജ്യത്തിലൂടെ ദൈവജനത്തെ നടത്തി.

നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ, പുതിയ നിയമ വിശ്വാസികള്‍ ഇപ്പോള്‍ ആരംഭിക്കപ്പെട്ട ദൈവരാജ്യത്തില്‍ ആണ്.
മനുഷ്യര്‍ക്ക്‌ അവകാശപ്പെടാത്ത, ദൈവത്തിന്‍റെ സ്വന്തം രാജ്യത്തില്‍ ആണ് നമ്മള്‍ ഇപ്പോള്‍.
എഫെസ്യര്‍ 2: 7 പറയുന്ന പ്രകാരം, ആത്മീയമായി, നമ്മള്‍ ഇപ്പോള്‍ ഉയിര്‍ത്തെഴുന്നെറ്റവനായ ക്രിസ്തുവിനോടൊപ്പം സ്വര്‍ഗ്ഗത്തില്‍ ഇരിക്കുക ആണ്.
അതുകൊണ്ടാണ് ഈ ഭൂമിയില്‍, അന്യരും പരദേശികളും എന്നപോലെ ജീവിക്കുവാന്‍ വേദപുസ്തകം നമ്മളെ ഓര്‍മ്മിപ്പിക്കുന്നത്.
അതായത്, നമ്മള്‍ ഇപ്പോള്‍ മരുഭൂമിയില്‍ ജീവിക്കുന്നു, ഒരു മനുഷ്യന്‍റെ രാജ്യത്തില്‍ അല്ല, ദൈവത്തിനു മാത്രം അവകാശപ്പെട്ട രാജ്യത്തില്‍ ജീവിക്കുന്നു.

മരുഭൂമി നമുക്ക് യാതൊന്നും നല്‍കുക ഇല്ല.
ഒരു യാത്രക്കാരന് യാതൊന്നും നല്‍കുവാന്‍ ഇല്ലാത്ത ശൂന്യവും ഉണങ്ങിയതുമായ സ്ഥലമാണ് മരുഭൂമി.
മുന്നിലും പിന്നിലും ചൂടേറിയ വരണ്ട മണല്‍, ഇടത്തും വലത്തും ഉണങ്ങിയ ശൂന്യമായ ഭൂമി, ശിരസ്സിന് മുകളില്‍ കത്തിജ്വലിക്കുന്ന സൂര്യന്‍, കാല്‍ പാദങ്ങള്‍ക്ക് കീഴെ ചുട്ടുപഴുത്ത മണല്‍.
ഇതാണ് മരുഭൂമി.

ഭൌതീകമായ വസ്തുവകകള്‍ക്കോ സ്ഥാനമാനങ്ങള്‍ക്കോ മരുഭൂമിയില്‍ മൂല്യമില്ല.
വ്യക്തികളുടെ പ്രത്യേക കഴിവുകള്‍കൊണ്ട് പ്രയോജനം ഇല്ല; മരുഭൂമിയില്‍ ആരോഗ്യം സമ്പത്തല്ല.
ദൈവ കൃപയ്ക്ക് മാത്രമേ മരുഭൂമിയില്‍ വിലയുള്ളൂ.

മരുഭൂമി ആഹരമോ, വെള്ളമോ, വസ്ത്രമോ, ആരോഗ്യമോ, തലക്ക് മുകളില്‍ ഒരു മേല്‍ക്കൂരയോ, കാലുകളില്‍ ചെരുപ്പോ നല്‍കുക ഇല്ല.
മരുഭൂമി ഉണങ്ങിയതും ശൂന്യവും ജീവനില്ലാത്തതും താമസയോഗ്യം അല്ലാത്തതുമായ സ്ഥലം ആണ്.

എന്നാല്‍ യിസ്രായേല്‍ ജനത്തിന് മരുഭൂമിയില്‍ എല്ലാം ഉണ്ടായിരുന്നു.
അവര്‍ക്ക് ആഹാരവും, വെള്ളവും, വസ്ത്രവും, ആരോഗ്യവും, ചെരുപ്പുകളും ഉണ്ടായിരുന്നു.
അവര്‍ മരുഭൂമിയില്‍ സമൃദ്ധിയായ ജീവിതം ആസ്വദിച്ചു.

യിസ്രായേല്‍ ജനം സ്വര്‍ഗീയ മന്ന ഭക്ഷിച്ചു; അവരെ അനുഗമിച്ച പിളര്‍ന്ന പാറയില്‍ നിന്നും കുടിച്ചു; ദൈവം രോഗങ്ങളെ അവരുടെ ഇടയില്‍ നിന്നും എടുത്തുകളഞ്ഞു (പുറപ്പാട് 23:25); അവരുടെ ശിരസ്സിനു മുകളില്‍ മേഘം കൂരയായി നിന്നു; അവരുടെ ചെരുപ്പുകള്‍ തേഞ്ഞുപോയില്ല.

സങ്കീര്‍ത്തനം 105: 39 – 41
39  അവൻ തണലിന്നായി ഒരു മേഘം വിരിച്ചു; രാത്രിയിൽ വെളിച്ചത്തിന്നായി തീ നിറുത്തി.
40  അവർ ചോദിച്ചപ്പോൾ അവൻ കാടകളെ കൊടുത്തു; സ്വർഗ്ഗീയഭോജനംകൊണ്ടും അവർക്കു തൃപ്തിവരുത്തി.
41  അവൻ പാറയെ പിളർന്നു, വെള്ളം ചാടി പുറപ്പെട്ടു; അതു ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി.

ആവര്‍ത്തനപുസ്തകം 29: 4 ഞാൻ നാല്പതു സംവത്സരം നിങ്ങളെ മരുഭൂമിയിൽ നടത്തി; നിങ്ങൾ ഉടുത്തിരുന്ന വസ്ത്രം ജീർണ്ണിച്ചിട്ടില്ല; കാലിലെ ചെരിപ്പു പഴകീട്ടുമില്ല.

2.       ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ജനത്തിനു നല്‍കുവാന്‍ യാതൊന്നും മരുഭൂമിയില്‍ ഇല്ല.
അവര്‍ക്ക് ആവശ്യമുള്ളതെല്ലാം ദൈവം തക്ക സമയത്ത് നല്‍കി.

മരുഭൂമിയില്‍ വഴികള്‍ ഇല്ല

മരുഭൂമിയിലേക്ക് പ്രവേശിച്ച യിസ്രായേല്‍ ജനം ആദ്യം ശ്രദ്ധിച്ച കാര്യം മരുഭൂമിയില്‍ വഴികള്‍ ഇല്ല എന്നതായിരിക്കേണം.
അവര്‍ക്ക് അനുഗമിക്കുവാന്‍ പാതകള്‍ ഇല്ല; ഇതിനു മുമ്പ് ഈ വഴി വന്നിട്ടും ഇല്ല.
എന്നാല്‍ അതൊരു പ്രകൂലമാല്ലായിരുന്നു; അനുഗ്രഹം ആയിരുന്നു.

മരുഭൂമി ഒരു മനുഷ്യനും വഴി ഒരുക്കാറില്ല; ഒരു ലക്ഷ്യത്തിലെത്തുവാനുള്ള നല്ല പാതയല്ല മരുഭൂമി.
മുമ്പ് യാത്രചെയ്ത് പരിചയം ഉള്ളവര്‍ക്ക് മാത്രമേ മരുഭൂമിയില്‍ യാത്രചെയ്യുവാന്‍ കഴിയൂ.
കഴിഞ്ഞ 400 വര്‍ഷങ്ങള്‍ ആയി അടിമത്തത്തില്‍ ആയിരുന്ന യിസ്രയെല്യര്‍ക്കു ദീര്‍ഘദൂര യാത്രതന്നെ അപരിചിതം ആയിരുന്നു.
അവര്‍ക്ക് മരുഭൂമിയിലൂടെയുള്ള യാത്ര അതികഠിനം ആയിരുന്നു.
അതുകൊണ്ട് തന്നെ, മരുഭൂമി, കാനാന്‍ ദേശത്തെക്കുള്ള നല്ലമാര്‍ഗ്ഗമായി അവര്‍ക്ക് തോന്നിയിരിക്കില്ല.

തങ്ങളുടെ ലക്ഷ്യ സ്ഥലമായ കനാന്‍ ദേശത്തെക്കുറിച്ചു യിസ്രായേല്‍ ജനം കേട്ടിട്ടുണ്ട്; പക്ഷെ ആരും മുമ്പ് അവിടെ പോയിട്ടില്ല.
മുന്നോട്ട്, ലക്ഷ്യത്തിലേക്കുള്ള യാത്രയെ നയിക്കുവാന്‍ ഒരു നായകനെ അവര്‍ക്ക് ആവശ്യമുണ്ട്; പക്ഷെ അവര്‍ക്ക് മോശെ മാത്രമേ നായകനായുള്ളൂ;
മോശേയ്ക്ക് മിസ്രയീമില്‍ നിന്നും പുറത്തേക്കുള്ള വഴി അറിയാം; എന്നാല്‍ മരുഭൂമിയിലൂടെയുള്ള യാത്രയ്ക്ക് കൂടുതല്‍ പരിചയ സമ്പന്നനായ ഒരു നായകനെ ആവശ്യമുണ്ട്.

അവിടെ, ദൈവം തന്നെ അവരുടെ നല്ല നായകനായി; ബുദ്ധിയും, ദയയും,     വിശ്വസ്തതയുമുള്ള നല്ല നായകനായി മുന്നോട്ട് വന്നു.
ദൈവം അവരുടെ വഴിയും നായകനും ആയി.
മേഘസ്തംഭത്തിലും അഗ്നിതൂണിലുമായി ദൈവം അവരെ നയിച്ചു. (സങ്കീര്‍ത്തനം 78:14)

3.       മരുഭൂമിയില്‍ വഴികള്‍ ഇല്ല; ദൈവമാണ് നമ്മളുടെ വഴി.

  
സമ്പൂര്‍ണ്ണ ആശ്രയം

മരുഭൂമിയിലെ ദൈവരാജ്യത്തെക്കുറിച്ചുള്ള ഇതുവരെയുള്ള ചിന്തകളില്‍ നിന്നും നമ്മള്‍ എന്താണ് മനസ്സിലാക്കേണ്ടത്?
ദൈവരാജ്യത്തിലെ ജീവിതം സമ്പൂര്‍ണ്ണ ആശ്രയത്തിന്റെ ജീവിതം ആണ്.
ദൈവം നല്‍കാതെ നമുക്ക് ഭക്ഷിക്കുവാനോ, ഉടുക്കുവാനോ, ഉറങ്ങുവാനോ കഴിയുക ഇല്ല.
നമ്മളുടെ ആഹാരം, വെള്ളം, വസ്ത്രം, ചെരുപ്പ്, വീട്, ആരോഗ്യം, വെളിച്ചം എന്നിവയെല്ലാം ദൈവത്തിന്റെതാണ്.
നമുക്ക് നമ്മളുടെതായി യാതൊന്നും ഈ മരുഭൂമിയില്‍ ഇല്ല.
നമുക്ക് നമ്മളുടെതായ വഴികളോ, പ്രവര്‍ത്തികളോ, വാക്കുകള്‍ പോലുമോ ഇല്ല.
നമ്മള്‍ നടക്കുന്നതും സംസാരിക്കുന്നതും, പ്രവര്‍ത്തിക്കുന്നതും എല്ലാം ദൈവം നയിക്കുന്നതുപോലെ മാത്രം.
ദൈവം ഇവയെ എടുത്തുമാറ്റിയാല്‍; ദൈവം നയിക്കാതെ ഇരുന്നാല്‍, നമ്മള്‍ മരുഭൂമിയില്‍ മരിക്കുകയെ ഉള്ളൂ.

പുതിയ നിയമ കാലത്തിലെ ആരംഭിക്കപ്പെട്ട ദൈവരാജ്യം സമ്പത്തിന്റെയോ ശക്തിയുടെയോ പ്രകടനം അല്ല.
അത് ദൈവത്തിലുള്ള പരിപൂര്‍ണ്ണ ആശ്രയം ആണ്.
ദൈവരാജ്യത്തിലെ ഒരു പൌരന്‍റെ ആവശ്യങ്ങള്‍ എങ്ങനെ ദൈവം നിറവേറ്റുന്നു എന്നതിന്റെ പ്രഖ്യാപനം ആണത്.
സൌഖ്യവും, ആഹാരവും, സമ്പത്തും, കുടുംബവും, ആത്മീയ കൃപാവരങ്ങളും എല്ലാം ദൈവത്തിന്‍റെ ദാനങ്ങള്‍ ആണ്.

മദ്ധ്യകിഴക്കന്‍ പ്രദേശത്ത് പഴയനിയമകാലത്ത് ജീവിച്ചിരുന്ന അടിമകളെപ്പോലെ ആണ് നമ്മള്‍.
അവിടെ ക്രൂരന്മാരായ യജമാനന്മാരും അവിശ്വസ്തരായ അടിമകളും ഉണ്ടായിരുന്നു.
സ്നേഹസമ്പന്നരായ യജമാനന്‍മാരും, വിശ്വസ്തര്‍ എങ്കിലും സ്വാതത്ര്യമില്ലാത്ത അടിമകളും ഉണ്ടായിരുന്നു.
സ്നേഹസമ്പന്നരായ യജമാനന്മാരും വിശ്വസ്തരും സ്വാതത്ര്യം അനുഭവിച്ചിരുന്നവരുമായ  അടിമകളും ഉണ്ടായിരുന്നു.

മൂന്നാമത്തെ കൂട്ടര്‍ ആയ “സ്വതന്ത്രരായ അടിമകള്‍” തങ്ങളുടെ യജമാനന്‍റെ അടിമയായി ഇരിക്കുന്നതില്‍ സന്തോഷിക്കുന്നവര്‍ ആണ്.
യജമാനന്‍, സ്നേഹവാനായതിനാല്‍ അടിമക്ക് സ്വതന്ത്രമായി കൃഷി ചെയ്യുവാനും വ്യാപാരം നടത്തുവാനുമുള്ള അനുവാദം നല്‍കിയിട്ടുണ്ട്.
ഈ അടിമയ്ക്ക് സ്വന്ത വീട്ടില്‍ ഭാര്യയോടും മക്കളോടും കൂടെ തമാസിക്കാം.
അടിമയ്ക്ക് പണമുണ്ടാക്കാം, സമ്പന്നന്‍ ആകാം.
എന്നാല്‍ എല്ലാം യജമാനന്‍റെ കര്‍തൃത്തത്തിനു കീഴില്‍ ആണ് എന്ന് മാത്രം.
യജമാനന്‍ ചോദിച്ചാല്‍ എല്ലാം അടിമ യജമാനനു തിരികെ നല്‍കേണം.

യജമാനന്‍റെ കര്‍തൃത്തം അടിമയ്ക്ക് സംരക്ഷണം ആണ്.
ഒപ്പം, താന്‍ അനുഭവിക്കുന്ന എല്ലാ നന്മയും യജമാനന്‍റെ വക ആണ് എന്ന് അടിമ എപ്പോഴും ഓര്‍ക്കേണം.
ഇത്തരം അടിമകള്‍ വിശ്വസ്തര്‍ ആണ്; അവര്‍ക്ക് യജമാനന്‍റെ എല്ലാ നന്മയും അനുഭവിക്കുവാന്‍ സ്വാതന്ത്ര്യവും ഉണ്ട്.

4.       ദൈവരാജ്യത്തിലെ ജീവിതം യേശു ക്രിസ്തുവിന്‍റെ കര്‍തൃത്തത്തിന് കീഴിലുള്ള, സമ്പൂര്‍ണ്ണ ആശ്രയത്തിന്റെ ജീവിതം ആണ്.

നമ്മളുടെ സ്വന്തം എന്ന് നമ്മള്‍ വിളിക്കുന്നതിന്റെയെല്ലാം യഥാര്‍ത്ഥ ഉടമ യേശു ക്രിസ്തു ആണ്; നമ്മള്‍ അതിന്റെ എല്ലാം വിശ്വസ്തരായ കാര്യവിചാരകന്മാര്‍ മാത്രം.
വിശ്വസ്തരായ കര്യവിചാരകന്മാര്‍ക്ക് പ്രതിഫലവും അവിശ്വസ്തര്‍ക്ക് നിത്യമായ ശിക്ഷയും ലഭിക്കും.

രാജകീയ നിയമങ്ങള്‍

യഹോവയായ ദൈവത്തെ മാത്രം ആരാധിക്കുന്ന ഒരു രാജ്യം ഈ ഭൂമിയില്‍ സ്ഥാപിക്കുക എന്നത് ദൈവീക ഉദ്ദേശ്യം ആയിരുന്നു.
ഈ ഭൂമിയില്‍, മറ്റനേകം ജാതീയ ദേവന്മാരെ ആരാധിക്കുന്ന രാജ്യങ്ങള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ദൈവ ജനം വിത്യസ്തര്‍ ആയിരിക്കേണം, അവര്‍ യഹോവയായ ദൈവത്തെ മാത്രം ആരാധികുന്നവര്‍ ആയിരിക്കേണം.
സീനായ് പര്‍വ്വത മുകളില്‍ വച്ച്, ഈ രാജ്യത്തെ രൂപപ്പെടുത്തി, അതിനെ പ്രഖ്യാപിക്കുവാന്‍ ദൈവം ആഗ്രഹിച്ചു.
അതിനുവേണ്ടിയാണ് യിസ്രായേല്‍ ജനം മരുഭൂമിയില്‍ സീനായ് പര്‍വതത്തിന്‍റെ അടിവാരത്തില്‍ എത്തിയത്.

ഒരു രാജ്യത്തിന്‍റെ രൂപീകരണത്തിനു നിയമങ്ങളും കല്‍പ്പനകളും ആവശ്യമാണ്‌; ദൈവവും മനുഷ്യരും തമ്മില്‍ ഉടമ്പടി ഉണ്ടാകേണം; അതിനെ മുദ്രയിട്ട് ഉറപ്പിക്കേണം.
മോശെയെ ദൈവം സീനായ് താഴ്‌വരയില്‍ വച്ച് വിളിച്ചപ്പോള്‍ തന്നെ ഈ ദൈവീക പദ്ധതി ദൈവം വെളിപ്പെടുത്തിയിരുന്നു.

പുറപ്പാട് 3: 12 അതിന്നു അവൻ: ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ ജനത്തെ മിസ്രയീമിൽനിന്നു കൂട്ടിക്കൊണ്ടു വരുമ്പോൾ നിങ്ങൾ ഈ പർവ്വതത്തിങ്കൽ ദൈവത്തെ ആരാധിക്കുമെന്നുള്ളതു ഞാൻ നിന്നെ അയച്ചതിന്നു അടയാളം ആകും എന്നു അരുളിച്ചെയ്തു.

“ആരാധിക്കും” എന്നതിന് എബ്രായ ഭാഷയില്‍ abad (aw-bad) എന്ന വാക്ക് ആണ് ഉപയോഗിച്ചിരിക്കുന്നത്.
ഈ വാക്കിന്‍റെ അര്‍ത്ഥം, സേവിക്കുക, അടിമയാക്കുക, കെട്ടപ്പെട്ടവനായിരിക്കുക, ദാസനാകുക, ആരാധിക്കുന്നവന്‍ ആകുക, എന്നിങ്ങനെ ആണ്.

മോശെയെ ദൈവം വിളിച്ചു എന്നതിന് ഇതൊരു തെളിവായി മിസ്രയീമില്‍ അടിമകളായി കഴിയുന്ന യിസ്രായേല്യര്‍ സ്വീകരിക്കേണം എന്നില്ല.
എന്നാല്‍, വിടുവിക്കപ്പെട്ട ദൈവജനം വഴിമദ്ധ്യേ സീനായ് താഴ്‌വരയില്‍ എത്തുമ്പോള്‍, ദൈവവുമായി ഒരു ഉടമ്പടി ബന്ധത്തില്‍ ഏര്‍പ്പെട്ടു, അവര്‍ ദൈവത്തിന്റെ കെട്ടപ്പെട്ട ദാസന്മാര്‍ ആയിത്തീരും എന്നുള്ള ഒരു പ്രവചനം ആണിത്.
മേശേയ്ക്ക് ദൈവീകവിളി സീനായ് താഴ്‌വരയില്‍ വച്ചു ലഭിച്ചതുപോലെ, യിസ്രായേല്‍ ജനത്തിന് അതെ സ്ഥലത്തുവച്ചുതന്നെ പത്തുകല്‍പ്പനകളും പ്രമാണങ്ങളും ലഭിച്ചു.

ദൈവം ജനവുമായി ഒരു ഉടമ്പടി ബന്ധം ആഗ്രഹിച്ചു.
ദൈവരാജ്യം ഒരു ഉടമ്പടിയിലൂടെ സ്ഥാപിക്കപ്പെട്ടു (പുറപ്പാട് 24)
സൂസരെയ്ന്‍ ഉടമ്പടി എന്ന മധ്യപൂര്‍വ്വ ദേശത്തു നിലനിന്നിരുന്ന ഉടമ്പടിയുടെ മാതൃകയില്‍ ഉടമ്പടി ഉറപ്പിക്കപ്പെട്ടു.
ഇവിടെ സൂസരെയ്ന്‍ എന്ന് അറിയപ്പെടുന്ന ഉന്നത അധികാരി ആയി, ദൈവം, ആദ്യം ഉടമ്പടിയുടെ പ്രമാണങ്ങള്‍ പ്രഖ്യാപിച്ചു.
യിസ്രായേല്‍ ജനത്തിന് സ്വീകരിക്കുകയോ തള്ളികളയുകയോ ചെയ്യുവാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു.
അവര്‍ ഉടമ്പടി സ്വീകരിച്ചാല്‍, കൊല്ലപ്പെടുന്ന ഒരു മൃഗത്തിന്റെ രക്തം കൊണ്ട് ഉടമ്പടി ഉറപ്പിക്കും; അതിനു ശേഷം ഉടമ്പടിയുടെ അത്താഴവും ഉണ്ടായിരിക്കും.

പത്തുകല്‍പ്പനകളും പ്രമാണങ്ങളും ആദ്യം ദൈവത്തിന്‍റെ കൈയാലും പിന്നീട് മോശെയുടെ കൈയാലും എഴുതപ്പെട്ടു.
മോശെ അതിനെ താഴ്വാരത്തിലേക്ക് കൊണ്ടുവന്നു, ജനത്തെ വായിച്ചു കേള്‍പ്പിച്ചു.
ജനമെല്ലാം “ആമേന്‍” എന്നുപറഞ്ഞ് അതിനെ സ്വീകരിച്ചു.
ശേഷം ഒരു മൃഗം കൊല്ലപ്പെട്ടു, അതിന്‍റെ രക്തത്താല്‍ ഉടമ്പടി ഉറപ്പിക്കപ്പെട്ടു, ഉടമ്പടിയുടെ അത്താഴവും ഉണ്ടായി.

പുറപ്പാടു പുസ്തകം 24-)0 അദ്ധ്യായത്തില്‍ ദൈവ സന്നിധിയിലേക്ക് 75 യിസ്രായേല്‍ മൂപ്പന്മാരെ ദൈവം വിളിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
അവര്‍ പര്‍വ്വതമുകളിലേക്ക് കയറിചെന്ന്, ദൈവ സന്നിധിയില്‍, കൊല്ലപ്പെട്ട മൃഗത്തിന്റെ മാസം തിന്നുകയും പാനീയം കുടിക്കുകയും ചെയ്തു.
ഇതു ഉടമ്പടിയുടെ അത്താഴം ആയിരുന്നു; ഇതിനാല്‍ ഉടമ്പടി സ്ഥിരമായി ഉറപ്പിക്കപ്പെട്ടു.

പുതിയ നിയമ വിശ്വാസികള്‍ക്ക് പുതിയ ഉടമ്പടിയുടെ ഓര്‍മ്മയാണ് തിരുവത്താഴ ശുശ്രൂഷയിലെ അപ്പവും വീഞ്ഞും.
ദൈവവും മനുഷ്യരും തമ്മിലുള്ള ഉടമ്പടിയെ അത് ഓര്‍മ്മിപ്പിക്കുകയും വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു.
ഇതാണ് അന്ത്യ അത്താഴ സമയത്ത് യേശു ശിഷ്യന്മാരോട് പറഞ്ഞത്.

ലൂക്കോസ് 22:20 അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: “ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു.

മോശെയുടെ ഉടമ്പടി വാഗ്ദത്തം ചെയ്തത്, പുതിയനിയമ ഉടമ്പടി നിവര്‍ത്തിക്കുക ആണ്.
സീനായ് പര്‍വ്വതമുകളില്‍ ദൈവസന്നിധിയില്‍ ക്രമീകരിക്കപ്പെട്ട അത്താഴവും കര്‍ത്താവിന്‍റെ അത്താഴവും, ഒരുപോലെ, ഒരു ഉടമ്പടിയെ ഉറപ്പിക്കുന്നതാണ്.
ദൈവരാജ്യത്തിലെ ജനങ്ങള്‍ ഒരു ഉടമ്പടിയ്ക്ക് കീഴില്‍ ആണ് എന്ന് രണ്ടും ഉറപ്പിക്കുന്നു.

ദൈവവും മോശേയുമായി ഒരു ഉടമ്പടി ഉണ്ടാക്കിയതിന്‍റെ ലക്‌ഷ്യം ഈ വാക്യത്തില്‍ ഉണ്ട്:

പുറപ്പാട് 19: 5, 6
5      ആകയാൽ നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്‍റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ.
6      നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽമക്കളോടു പറയേണ്ടുന്ന വചനങ്ങൾ ആകുന്നു.

പുതിയനിയമ ഉടമ്പടിയുടെ ലക്‌ഷ്യം നമുക്ക് ഈ വാക്യത്തില്‍ കാണാം:

1 പത്രോസ് 2: 9 നിങ്ങളോ അന്ധകാരത്തിൽനിന്നു തന്‍റെ അത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്‍റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.

മരുഭൂമിയിലെ ദൈവരാജ്യം, ആരംഭിക്കപ്പെട്ട ദൈവരാജ്യത്തിന് ഒരു നിഴല്‍ ആണ്.
അനുഗ്രഹിക്കപ്പെട്ട ഒരു ബന്ധത്തിനായി ചില നിബന്ധനകളും പ്രമാണങ്ങളും മോശെയുടെ ഉടമ്പടിയില്‍ ഉണ്ടായിരുന്നു.
പുതിയനിയമ ഉടമ്പടിയും പ്രമാണരഹിതം അല്ല.
മത്തായി 5 മുതല്‍ 7 വരെയുള്ള അദ്ധ്യായങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഗിരിപ്രഭാഷണം ആരംഭിക്കപ്പെട്ട ദൈവരാജ്യത്തിന്റെ വിളംബരപത്രിക ആണ്.
ഇവ തമ്മിലുള്ള വ്യത്യാസം ഇതാണ്: മോശെയുടെ ഉടമ്പടി, പ്രവര്‍ത്തികളുടെ ഉടമ്പടി ആയിരുന്നു എങ്കില്‍; പുതിയ ഉടമ്പടി, നിയമകര്‍ത്താവിന്റെ ഹൃദയം വെളിപ്പെടുത്തുന്നതാണ്.
പുതിയ ഉടമ്പടി പ്രവര്‍ത്തികളെക്കാള്‍, നമ്മളുടെ നല്ല മനോഭാവം ആവശ്യപ്പെടുന്നു.
പുതിയ ഉടമ്പടിയിലൂടെ, മോശെയുടെ ഉടമ്പടി ഇല്ലാതാകുക അല്ല; മറിച്ച് അത് കൂടുതല്‍ ആഴത്തിലേക്ക് പോകുക ആണ്.

5.       ദൈവരാജ്യത്തില്‍ ജീവിക്കുക എന്നത്, ഉടമ്പടി പ്രകാരമുള്ള ജീവിതം ആണ്.
പുതിയ നിയമ സഭയ്ക്കും പ്രമാണങ്ങള്‍ ഉണ്ട്.
അത് നിയമരഹിതമായ, അരാജകത്വം നിറഞ്ഞ രാജ്യം അല്ല.

ലക്ഷ്യം നഷ്ടപ്പെട്ട് പോകരുത്

സമയം തീരുന്നതിനു മുമ്പ്, ഒരു പാഠം കൂടി പഠിച്ചുകൊണ്ട് നമുക്ക് ഈ സന്ദേശം അവസാനിപ്പിക്കാം.

യിസ്രായേല്‍ ജനം മരുഭൂമിയില്‍ സുഖമായി ജീവിക്കുകയാണ്.
ദൈവവുമായി ഒരു ഉടമ്പടി ഉറപ്പിച്ചു കഴിഞ്ഞു.
ഇനി നാളെയെക്കുറിച്ചു ഓര്‍ത്ത്‌ വിഷമിക്കേണ്ട ആവശ്യമില്ല.
അനുഗ്രഹിക്കപ്പെട്ട ഒരു ഭാവി ഉറപ്പാണ്.
അവര്‍ സുരക്ഷിതമായി വാഗ്ദത്ത ദേശത്തേക്ക് യാത്ര ചെയ്യുക ആണ്.

എന്നാല്‍ മരുഭൂമിയിലെ ദൈവരാജ്യത്തില്‍, പലപ്പോഴും കാര്യങ്ങള്‍ ശുഭകരമായി മുന്നോട്ട് നീങ്ങിയില്ല.
ഒന്നിലധികം പ്രാവശ്യം, അവരുടെ സമാധാനം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായി.
ദൈവ ശിക്ഷയായി, അവര്‍ മരുഭൂമിയില്‍ നാല്‍പ്പത് വര്‍ഷങ്ങള്‍ അലഞ്ഞു നടന്നു; അധികമാര്‍ക്കും, വാഗ്ദത്ത ദേശം കാണുവാന്‍ പോലും കഴിഞ്ഞില്ല.
മരുഭൂമിയില്‍ വച്ച് തന്നെ, അവരുടെ നായകനായ മോശെയും മരിച്ചു.

അവര്‍ എല്ലാവരും സ്വര്‍ഗീയ മന്ന ഭക്ഷിച്ചു; പിളര്‍ന്ന പാറയില്‍നിന്നും കുടിച്ചു; മേഘസ്തംഭത്തിന്റെ മറവില്‍ നിന്നോ, അഗ്നിതൂനിന്റെ ഊഷമളതയില്‍ നിന്നോ, കൂട്ടം വിട്ടു ഓടിപ്പോയില്ല; അവര്‍ ആരും മിസ്രയീമിലെക്കു തിരികെ പോയില്ല.
എന്നിട്ടും അവരില്‍ ബഹുഭൂരിപക്ഷവും മരുഭൂമിയില്‍ മരിച്ചുവീണു.

1 കൊരിന്ത്യര്‍ 10:1-6
1        സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻ കീഴിൽ ആയിരുന്നു;
2        എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു മോശെയോടു ചേർന്നു
3        എല്ലാവരും ഒരേ ആത്മികാഹാരം തിന്നു
4        എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു--അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു —
5      എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.
6      ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുർമ്മോഹികൾ ആകാതിരിക്കേണ്ടതിന്നു തന്നേ.

ഇതു പുതിയനിയമ ദൈവരാജ്യത്തിന് ഉള്ള ഒരു മുന്നറിയിപ്പാണ്.

എബ്രായര്‍ 3: 12-14
12  സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ.
13  നിങ്ങൾ ആരും പാപത്തിന്റെ ചതിയാൽ കഠിനപ്പെടാതിരിക്കേണ്ടതിന്നു “ഇന്നു” എന്നു പറയുന്നേടത്തോളം നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ.
14  ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം ക്രിസ്തുവിൽ പങ്കാളികളായിത്തീർന്നിരിക്കുന്നുവല്ലോ.

മരുഭൂമിയിലെ ദൈവരാജ്യത്തില്‍ നിന്നും ചില പാഠങ്ങള്‍ പഠിക്കുവാന്‍ ഈ വാക്യം നമ്മളെ പ്രബോധിപ്പിക്കുന്നു.
യിസ്രായേല്‍ ജനം പരാജയപ്പെടുവാനുള്ള കാരണം, അവരുടെ അവിശ്വാസമുള്ള ദുഷ്ടഹൃദയം കാരണം അവര്‍ പാപത്തിന്റെ ചതിയാൽ കഠിനപ്പെട്ട് പോയതിനാല്‍ ആണ്.
അതിന്റെ ഫലമായി, അവര്‍ ജീവനുള്ള ദൈവത്തെ ത്യജിച്ചുകളഞ്ഞു.
മിസ്രയീമില്‍ നിന്നും പുറപ്പെട്ടപ്പോള്‍ ഇരുപതു വയസ്സിനു മുകളില്‍ പ്രായമുണ്ടായിരുന്ന, യോശുവയും കാലേബും ഒഴികെ, എല്ലാവരും, ഏകദേശം, പുരുഷന്മാര്‍ മാത്രമായി, ആറു ലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റി നാല്‍പ്പത്തെട്ടു പേര്‍, മരുഭൂമിയില്‍ മരിച്ചുവീണു.

ഇതു പുതിയനിയമ സഭയ്ക്കും സംഭവിക്കാം.
യേശുക്രിസ്തുവിലുള്ള നമ്മളുടെ വിശ്വാസം നിരന്തരം പരീക്ഷിക്കപ്പെടുന്ന ഒരു മരുഭൂയാത്രയാണ് വിശ്വസജീവിതം.
നമ്മളുടെ ഹൃദയം, അവിശ്വാസത്താല്‍ എപ്പോഴെങ്കിലും കഠിനപ്പെട്ട് പോയാല്‍ നമ്മള്‍ ദൈവത്തില്‍ നിന്നും അകന്നുപോകുവാന്‍ സാധ്യത ഉണ്ട്.
അതുകൊണ്ട്, ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊള്ളുവാന്‍ ദൈവ വചനം നമ്മളെ പ്രബോധിപ്പിക്കുന്നു.
നമ്മളുടെ ലക്ഷ്യം, മരുഭൂമിയോ, മന്നയോ, പാറയിലെ വെള്ളമോ, നിറം മങ്ങാത്ത വസ്ത്രങ്ങളോ, ചെരുപ്പുകളോ അല്ല.

6.       നമ്മളുടെ ലക്‌ഷ്യം വാഗ്ദത്ത ദേശമായ നിത്യമായ ദൈവരാജ്യം ആണ്.
അതുകൊണ്ട് ലക്ഷ്യം നഷ്ടപ്പെട്ട് പോകാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്ളുക.

ഞാന്‍ ഈ സന്ദേശം ഇവിടെ അവസാനിപ്പിക്കട്ടെ.
അതിന് മുമ്പ് ഒരു കാര്യം നിങ്ങളെ ഓര്‍മ്മിപ്പിക്കട്ടെ.
എല്ലാ മാസവും ഒന്നാമത്തെ ശനിയാഴ്ച വൈകിട്ട് 5 മണിക്ക് പവ്വര്‍ വിഷന്‍ TV ല്‍ ഞാന്‍ ദൈവ വചനം പങ്കിടുന്നുണ്ട്‌.
മറക്കാതെ കാണുവാന്‍ ശ്രമിക്കുക. മറ്റുള്ളവരോടും കൂടെ പറയുക.

ഇപ്പോള്‍ നമ്മള്‍ ആയിരിക്കുന്ന ആരംഭിക്കപ്പെട്ട ദൈവരാജ്യത്തില്‍ വിശ്വസ്തതയോടെ ജീവിക്കുവാന്‍ കര്‍ത്താവ് നിങ്ങളെ സഹായിക്കട്ടെ. ആമേന്‍!

No comments:

Post a Comment