മുന്‍ നിയമനം

“മുന്‍ നിയമനം” എന്ന വിഷയത്തെക്കുറിച്ച് അല്പ്പമായി ചിന്തിക്കാം എന്നാണു ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നത്.
നൂറ്റാണ്ടുകളായി അനേകം ദൈവ ശാസ്ത്രഞ്ജന്മാര്‍ ചര്‍ച്ച ചെയ്യുകയും തര്‍ക്കിക്കുകയും ചെയ്യുന്ന വിഷയം ആണിത്.
എന്നാല്‍ നമ്മള്‍ ഇന്ന് തര്‍ക്കിവാണോ, എതിര്‍ക്കുവാനോ അല്ല ഈ വിഷയം ചിന്തിക്കുന്നത്.
ഒരു സാധാരണ വിശ്വാസി “മുന്‍ നിയമനം” എന്ന വിഷയത്തെക്കുറിച്ച് അത്യാവശ്യമായും അറിഞ്ഞിരിക്കേണ്ടുന്ന കാര്യങ്ങള്‍ മാത്രം വിശദീകരിക്കുക എന്നതാണ് എന്‍റെ ഉദ്ദേശ്യം.

അല്‍പ്പം പ്രയാസമുള്ള വിഷയം ആയതിനാല്‍ ഈ സന്ദേശം ശ്രദ്ധയോടെ കാണുകയും കേള്‍ക്കുകയും ചെയ്യേണം എന്ന് ഞാന്‍ അപേക്ഷിക്കുന്നു.

ദൈവ ശാസ്ത്രത്തില്‍ “മുന്‍ നിയമനം” എന്നതിന്‍റെ അര്‍ത്ഥം, ഒരു മനുഷ്യ ജീവിതത്തിന്‍റെ അന്തിമമായ ഭാവിയോടുള്ള ബന്ധത്തില്‍, അവന്‍റെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും ദൈവ ഹിതപ്രകാരം ക്രമീകരിക്കപ്പെടുന്നു എന്നതാണ്.
അതായത്, “മുന്‍ നിയമനം” എന്നത്, ആത്മരക്ഷയുടെ കാര്യത്തില്‍, മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്നത്‌ ദൈവീക ഇച്ഛാശക്തി ആണ്, എന്ന ഉപദേശം ആണ്.
മുന്‍ നിയമനം” എന്നത് നിശ്ചയമായും വേദപുസ്തക അടിസ്ഥാനമുള്ള ഒരു ഉപദേശം തന്നെ ആണ്.
അപ്പോസ്തലനായ പൌലോസിന്‍റെ ലേഖനങ്ങളില്‍ നാല് പ്രാവശ്യം “മുന്‍ നിയമന”ത്തെക്കുറിച്ച് പറയുന്നുണ്ട്.
നമുക്ക് രണ്ടു വേദഭാഗങ്ങള്‍ വായിക്കാം:   

റോമര്‍ 8: 29 & 30
29  അവൻ മുന്നറിഞ്ഞവരെ തന്‍റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്‍റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.
30  മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.

എഫെസ്യര്‍ 1: 6 അവൻ പ്രിയനായവനിൽ നമുക്കു സൗജന്യമായി നല്‍കിയ തന്‍റെ കൃപാ മഹത്വത്തിന്‍റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ.

മുന്‍ നിയമിച്ചുമിരിക്കുന്നു എന്ന വാക്കിന്‍റെ മൂല ഭാഷ “pro-or-izo” എന്ന ഗ്രീക്ക് പദം ആണ്.
ഈ ഗ്രീക്ക് പദത്തിന്റെ അര്‍ത്ഥം, “മുന്നമേ നിര്‍ണ്ണയിക്കുക”, “നിയോഗിക്കുക”, “കാലത്തിനും മുമ്പേ തീരുമാനിക്കുക” എന്നിങ്ങനെ ആണ്.

എന്താണ് ദൈവം കാലത്തിനും മുമ്പേ തീരുമാനിച്ചത്?
റോമര്‍ 8:29 ഉം 30 ഉം അനുസരിച്ച്, ചില വ്യക്തികളെ തന്‍റെ പുത്രനോട് അനുരൂപരാകുവാൻ തക്കവണ്ണം ദൈവം മുന്‍ നിയമിക്കുകയും, അവരെ വിളിക്കുകയും, നീതീകരിക്കുകയും, തേജസ്കരിക്കുകയും ചെയ്തു.
അതായത്, “മുന്‍ നിയമനം” എന്നത്, മനുഷ്യരില്‍ ചില വ്യക്തികള്‍ രക്ഷിക്കപ്പെടും എന്ന് ദൈവം മുന്നിയമിച്ചിരിക്കുന്നു, എന്ന വേദപുസ്തക അടിസ്ഥാനത്തിലുള്ള ഉപദേശം ആണ്.

വിശ്വാസത്തിന്‍റെ വെസ്റ്റ്‌മിന്‍സ്റ്റെര്‍ ഏറ്റുപറച്ചില്‍

ചരിത്ര പ്രസിദ്ധമായ വിശ്വാസത്തിന്‍റെ വെസ്റ്റ്‌മിന്‍സ്റ്റെര്‍ ഏറ്റുപറച്ചിലിനെ കുറിച്ച് മനസ്സിലാക്കാതെ ഇനി നമുക്ക് മുന്നോട്ടു പോകുക സാധ്യം അല്ല.
1643 ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ്റ്, അറിവും, ദൈവീക പരിജ്ഞാനവും, വിവേക ബുദ്ധിയും ഉള്ള 151 ദൈവശാസ്ത്രജ്ഞന്മാരെ വെസ്റ്റ്‌മിന്‍സ്റ്റെര്‍ സന്യാസി മഠത്തില്‍ വിളിച്ചു കൂട്ടി.
അവരില്‍ ഭൂരിപക്ഷവും പ്രസ്സ്ബിറ്റെരിയന്‍, പ്യൂരിറ്റന്‍ വിഭാഗക്കാര്‍ ആയിരുന്നു.
ഈ കൂടിവരവിന്റെ ഉദ്ദേശ്യം, ആരാധന, ക്രിസ്തീയ ഉപദേശങ്ങള്‍, സഭാ ഭരണം, രാജ്യഭരണം എന്നിവയെക്കുറിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നതായിരുന്നു.
നീണ്ട അഞ്ച് വര്‍ഷങ്ങളുടെ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ “വിശ്വാസത്തിന്‍റെ വെസ്റ്റ്‌മിന്‍സ്റ്റെര്‍ ഏറ്റുപറച്ചില്‍” അഥവാ Westminster Confession of faith തയ്യാറായി.

1647 ല്‍ ഈ വിശ്വാസ രേഖ, യാതൊരു മാറ്റങ്ങളും കൂടാതെ, സ്കോട്ട്ലാന്‍ഡിലെ സഭയുടെയും പ്രസ്സ്ബിറ്റെരിയന്‍ സഭയുടെയും അംഗീകൃത ഉപദേശമായി തീര്‍ന്നു.
എന്നാല്‍ ചില മാറ്റങ്ങള്‍ കൂടാതെ അംഗീകരിക്കുവാന്‍ ആദ്യം ഇംഗ്ലണ്ടിലെ സഭ മടിച്ചു എങ്കിലും പിന്നീട് 1690 ല്‍ വില്യം ഓറഞ്ച് എന്ന് അറിയപ്പെട്ടിരുന്ന രാജാവിന്‍റെ കാലത്ത് അത് മാറ്റങ്ങള്‍ കൂടാതെ തന്നെ അംഗീകരിക്കപ്പെട്ടു.
അതുനു ശേഷം, പ്രധാനപ്പെട്ട പല ക്രിസ്തീയ വിഭാഗങ്ങളും ഇത് സഭയുടെ ഉപദേശങ്ങള്‍ ആയി അംഗീകരിച്ചു.

എന്നിരുന്നാലും “വിശ്വാസത്തിന്‍റെ വെസ്റ്റ്‌മിന്‍സ്റ്റെര്‍ ഏറ്റുപറച്ചില്‍” വേദപുസ്തകത്തിന് തുല്യമോ പകരമോ ആകുന്നില്ല എന്ന് കൂടി നമ്മള്‍ ഓര്‍ക്കേണം.
ഈ “ഏറ്റുപറച്ചിലില്‍” ത്രിത്വം, യേശുവിന്‍റെ മരണത്താലുള്ള പാപ പരിഹാര യാഗം, ഉയിര്‍പ്പ്, ദൈവ വചനം മാത്രം, വിശ്വാസം മാത്രം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ വിശദീകരിക്കപ്പെടുന്നു.
കൈസ്തവ സഭ ഇന്നേവരെ രൂപപ്പെടുത്തിയിട്ടുള്ള വിശ്വാസ പ്രഖ്യാപനങ്ങളില്‍ ഏറ്റവും മികച്ചതായി ഇതിനെ ഇന്നും വേദ പണ്ഡിതന്മാര്‍ കാണുന്നു.
ദൈവ വചന സത്യങ്ങളെ ഏറ്റവും ശരിയായ രീതിയില്‍ വിശദീകരിക്കുന്ന ഈ “ഏറ്റുപറച്ചില്‍” കാലത്തിനു അധീതമായി ഇന്നും അംഗീകരിക്കപ്പെടുകയും, പ്രൊട്ടസ്റ്റെന്റ്റ് സഭകളും സുവിശേഷ വിഹിത സഭകളും പിന്തുടരുകയും ചെയ്യുന്നു.

വിശ്വാസത്തിന്‍റെ വെസ്റ്റ്‌മിന്‍സ്റ്റെര്‍ ഏറ്റുപറച്ചില്‍”ലിലെ മൂന്നാമത്തെ അദ്ധ്യായത്തില്‍ 3, 4, 5 ഭാഗങ്ങളില്‍ പറയുന്ന കാര്യങ്ങളുടെ ചുരുക്കം ഇങ്ങനെ ആണ്:

ദൈവകല്‍പ്പിത പ്രകാരം, അവന്‍റെ മഹത്വത്തിന്റെ വെളിപ്പെടുത്തലിനായി, ചില മനുഷ്യരും ദൂതന്മാരും നിത്യജീവനായും മറ്റുള്ളവര്‍ നിത്യ നരകത്തിനായും മുന്‍ നിയമിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ മുന്‍ നിയമിക്കപ്പെട്ടിരിക്കുകയും മുന്‍ നിയോഗിക്കപ്പെട്ടിരിക്കുകയും  ചെയ്തിരിക്കുന്ന ഈ ദൂതന്മാരും മനുഷ്യരും, പ്രത്യേകമായും മാറ്റമില്ലാതെയും രൂപീകൃതമാണ്. അവരുടെ എണ്ണം സുനിശ്ചിതവും കൃത്യവും ആയതിനാല്‍ കൂട്ടുവാനോ കുറയ്ക്കുവാനോ കഴിയുക ഇല്ല.                  

കാല്‍വിനിസം – Calvinism

കാല്‍വിനിസത്തിന്‍റെ വ്യവസ്ഥിതമായ വ്യാഖ്യാനം ആണ് വിശ്വാസത്തിന്‍റെ വെസ്റ്റ്‌മിന്‍സ്റ്റെര്‍ ഏറ്റുപറച്ചില്‍”

എന്താണ് കാല്‍വിനിസം?
ജോണ്‍ കാല്‍വിന്‍, 1509 മുതല്‍ 1564 വരെ, പ്രോട്ടസ്റ്റെന്റെ നവീകരണ കാലത്ത്, ജനീവയില്‍ ജീവിച്ചിരുന്ന, ഒരു ഫ്രഞ്ച് ദൈവശാസ്ത്രഞ്ജന്‍ ആയിരുന്നു.
ക്രൈസ്തവ ദൈവശാസ്ത്രത്തിനു അദ്ദേഹം നല്‍കിയ മഹത്തായ സംഭാവനയാണ് കാല്‍വിനിസം എന്ന് അറിയപ്പെടുന്ന ഉപദേശങ്ങള്‍.

ഓരോ മനുഷ്യരുടെയും ജീവിതത്തില്‍ എന്തെല്ലാം സംഭവിക്കേണം എന്ന്  ദൈവം, നിത്യമായ, തന്റെ സ്വന്ത ഹിതപ്രകാരമുള്ള തീരുമാനത്താല്‍ കല്‍പ്പിച്ചിരിക്കുന്നു എന്നാണ് “മുന്‍ നിയമനം” എന്ന പദത്തെ അദ്ദേഹം വ്യാഖ്യാനിക്കുന്നത്.
എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടവര്‍ അല്ല, ചിലര്‍ നിത്യ ജീവനായും മറ്റുചിലര്‍ നിത്യശിക്ഷക്കായും മുന്‍ നിയമിക്കപ്പെട്ടിരിക്കുന്നു.
അതിനാല്‍ മനുഷ്യര്‍ ഒന്നുകില്‍ നിത്യജീവനായോ അല്ലെങ്കില്‍ നിത്യ ശിക്ഷക്കായോ മുന്‍ നിയമിക്കപ്പെട്ടിരിക്കുന്നു.

കാല്‍വിനിസത്തിന്‍റെ അഞ്ച് പ്രമാണങ്ങള്‍

കാല്‍വിനിസത്തിന്‍റെ അഞ്ച് പ്രമാണങ്ങള്‍ ഓര്‍ക്കുവാന്‍ എളുപ്പത്തിനായി ഇംഗ്ലീഷില്‍ TULIP എന്ന സംക്ഷേപം ഉപയോഗിക്കാറുണ്ട്.
അവയുടെ അര്‍ത്ഥം ഇങ്ങനെ ആണ്.

·        TULIP ലെ T എന്ന അക്ഷരം സമ്പൂര്‍ണ്ണമായ മലിനീകരണത്തെ, അല്ലെങ്കില്‍ വീഴ്ചയെ കുറിക്കുന്നു.
·        U എന്ന അക്ഷരം ഉപാധിരഹിതമായ തിരഞ്ഞെടുപ്പിനെ കുറിക്കുന്നു.   
·        L എന്ന അക്ഷരം പരിമിതമായ പപപരിഹാരത്തെ കുറിക്കുന്നു.
·        I, ചെറുക്കാനാവാത്ത ദൈവകൃപയെയും;
·        TULIP ലെ അവസാന അക്ഷരമായ P, ദൈവകൃപയിലുള്ള വിശുദ്ധന്മാരുടെ സ്ഥിരതയെയും കുറിക്കുന്നു.

അതായത്:

·        എല്ലാ മനുഷ്യരും സമ്പൂര്‍ണ്ണമായും പാപത്താല്‍ മലിനപ്പെട്ടിരിക്കുന്നതിനാല്‍ സ്വന്ത രക്ഷക്കായി യാതൊന്നും ചെയ്യുവാന്‍ അവര്‍ക്ക് കഴിയുക ഇല്ല.
·        രക്ഷ എല്ലാവര്‍ക്കും ഉള്ളതല്ല; ഭൂമിക്കു അടിസ്ഥാനം ഇടുന്നതിനും മുമ്പേ ദൈവം സ്വന്ത തീരുമാനപ്രകാരം തിരഞ്ഞെടുത്തവര്‍ക്ക് മാത്രം ലഭിക്കുന്നതാണ്.
·        തിരഞ്ഞെടുക്കപ്പെടുന്നവരുടെ സ്വഭാവമോ പ്രവര്‍ത്തികളോ ദൈവം അടിസ്ഥാനമാക്കുന്നില്ല; ദൈവത്തിന്‍റെ പരമാധികാര പ്രകാരം ആണ് തിരഞ്ഞെടുപ്പ് അല്ലെങ്കില്‍ മുന്‍ നിയമനം നടക്കുന്നത്.
·        ഇപ്രകാരം തിരഞ്ഞെടുക്കപ്പെടുന്നവര്‍ ചെറുക്കാനാവാത്ത ദൈവകൃപയാല്‍ ദൈവത്തോട് ആകര്‍ഷിക്കപ്പെടുന്നു.
·         ഒരിക്കല്‍ രക്ഷിക്കപ്പെട്ടു കഴിഞ്ഞാല്‍, രക്ഷ ഒരിക്കലും നഷ്ടപ്പെട്ടു പോകയില്ല.

ഇനി നമുക്ക് ഈ അഞ്ചു പ്രമാണങ്ങളെയും കൂടുതല്‍ വിശദമായി മനസ്സിലാക്കാം.

1.    സമ്പൂര്‍ണ്ണമായ മലിനീകരണം

ആദ്യത്തെ പ്രമാണം, മനുഷ്യരുടെ സമ്പൂര്‍ണ്ണമായ മലിനീകരണം അല്ലെങ്കില്‍ വീഴ്ച എന്നതാണ്.
വിശ്വാസത്തിന്‍റെ വെസ്റ്റ്‌മിന്‍സ്റ്റെര്‍ ഏറ്റുപറച്ചി”ലില്‍ ഇത് ഇപ്രകാരമാണ് വിശദീകരിക്കുന്നത്.
മനുഷ്യരുടെ ആദ്യ മാതാപിതാക്കന്മാര്‍ സാത്താന്‍റെ പരീക്ഷയില്‍ വീഴുകയും വിലക്കപ്പെട്ട ഫലം കഴിക്കുന്നതിലൂടെ പാപം ചെയ്യുകയും ചെയ്തു.
ഇതു കാരണം അവര്‍ക്കുണ്ടായിരുന്ന നീതീകരണത്തില്‍ നിന്നും ദൈവവുമായുണ്ടായിരുന്ന സംസര്‍ഗ്ഗത്തില്‍ നിന്നും അവര്‍ വീണുപോയി.
അങ്ങനെ അവര്‍ പാപത്തില്‍ മരിച്ചവര്‍ ആയി; .ദേഹവും ദേഹിയും കൂടെ പൂര്‍ണ്ണമായും മലിനമായി.
അവര്‍ എല്ലാ മനുഷ്യരുടെയും വേര് ആയതിനാല്‍ സകലരിലും കുറ്റം ചുമത്തപ്പെട്ടു.
പാപത്തിലുള്ള മരണവും മലിനമാക്കപ്പെട്ട പ്രകൃതിയും അവരുടെ ജഡീക സന്തതി പരമ്പരകളിലേക്ക് പകരപ്പെട്ടു.
ഈ ആദ്യ പാപം മൂലം മനുഷ്യര്‍ എല്ലാവരും സമ്പൂര്‍ണ്ണമായും കഴിവില്ലാത്തവരും, ബലഹീനരും, എല്ലാ നന്മയ്ക്കും എതിരായവരും അതിക്രമങ്ങള്‍ക്കും ദുഷ്ടതയ്ക്കും അനുകൂലമായവരും ആയി മാറി.

നിശ്ചയമായും, യുക്തിഭദ്രമായി ചിന്തിക്കുന്ന ആര്‍ക്കും മനുഷ്യന്‍റെ സമ്പൂര്‍ണ്ണ വീഴ്ചയെ നിഷേധിക്കുവാന്‍ കഴിയുക ഇല്ല.
ഈ ലോകം പാപത്താല്‍ നിറഞ്ഞിരിക്കുക ആണ്.
കുലപാതകം, പീഡനം, ക്രൂരത, നിയമരാഹിത്വം മുതലായവ നിത്യ സംഭവങ്ങള്‍ ആയിരിക്കുന്നു.

പൌലോസ്, റോമര്‍ക്ക് എഴുതിയ ലേഖനം 5:12 ല്‍ “ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” എന്ന് വ്യക്തമാക്കുന്നു.

2.    ഉപാധിരഹിതമായ തിരഞ്ഞെടുപ്പ്

കാല്‍വിന്‍റെ ചിന്തകളിലെ രണ്ടാമത്തെ ഉപദേശം ആയ, ഉപാധിരഹിതമായ തിരഞ്ഞെടുപ്പ് എന്നത്, രക്ഷിക്കപെടുവാനുവാന്‍ ഉള്ളവരെ, മുന്‍ നിയമനത്തിന്‍റെ ഭാഗമായി, ദൈവം തിരഞ്ഞെടുക്കുന്നു എന്നതാണ്.
അതിന്‍റെ അര്‍ത്ഥം, മുന്‍കൂട്ടി കാണുന്ന യാതൊരു നന്മയുടെയും അടിസ്ഥാനത്തില്‍ അല്ല, ദൈവം അവരെ തിരഞ്ഞെടുക്കുന്നത്.
സ്വയം ദൈവഹിതത്തിനായി സമര്‍പ്പിക്കുന്നവരെ, ഭാവിയിലേക്ക് നോക്കി ദൈവം കണ്ടെത്തുകയല്ല ചെയ്യുന്നത് എന്ന് കാല്‍വിന്‍ ദൃഡമായി വിശ്വസിച്ചു.
ദൈവം സ്വന്തം ഇഷ്ടപ്രകാരം ഒരു നിശ്ചിത കൂട്ടം വ്യക്തികളെ തിരഞ്ഞെടുക്കുന്നു.

നമ്മളുടെ ചിന്തകളുടെയോ പ്രവര്‍ത്തികളുടെയോ ഫലമായിട്ടാണ് ദൈവം തിരഞ്ഞെടുപ്പ് നടത്തുന്നത് എങ്കില്‍ ദൈവീക സര്‍വ്വാധിപത്വവും, മനുഷ്യരുടെ ജീവിതത്തിലും ചരിത്രത്തിലും ദൈവത്തിന് പ്രവര്‍ത്തിക്കുവാനുള്ള സര്‍വ്വാധികാരവും ഇല്ലാതാകും.
അതുകൊണ്ട്, രക്ഷിക്കപെടുവാനുള്ളവരുടെ എണ്ണവും പേരുകളും, ഭൂമിയുടെ ആരംഭത്തിനും മുമ്പേ ശ്വാശതമായി നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു.
ദൈവത്തിന്‍റെ മുന്‍ നിര്‍ണ്ണയത്തെ മാറ്റുവാന്‍ മനുഷ്യര്‍ക്കാര്‍ക്കും സാധ്യമല്ല.

ഈ തിരഞ്ഞെടുപ്പിനെ “ഉപാധിരഹിതം” എന്ന് വിളിക്കുന്നത്‌, തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയിലുള്ള ഏതെങ്കിലും നന്മയോ, ഏതെങ്കിലും പ്രവര്‍ത്തിയോ, വിശ്വാസം പോലുമോ മുന്‍കൂട്ടി കണ്ടിട്ടോ അടിസ്ഥാനമാക്കിയോ അല്ല തിരഞ്ഞെടുപ്പ് നടത്തുന്നത് എന്നതുകൊണ്ടാണ്.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ദൈവത്തിന്‍റെ ദയ ലഭിക്കുന്നു, തിരഞ്ഞെടുക്കപെടാത്തവര്‍ക്ക് ഉപാധിരഹിതമായി ദൈവീക നീതിയും ലഭിക്കുന്നു.
മനുഷ്യരുടെ ജീവിതത്തില്‍ ദൈവത്തിനുള്ള സര്‍വ്വധികാരമാണ് ഈ തിരഞ്ഞെടുപ്പിന് ആധാരം.
മനുഷ്യര്‍ പാപികള്‍ ആയിരികുമ്പോള്‍ തന്നെ, മനുഷ്യരുടെ പരിമിതികള്‍ക്ക് ഉപരിയായി, രക്ഷിക്കുന്ന ദൈവകൃപയാല്‍ ദൈവം ചിലരെ നിത്യരക്ഷയ്കായി തിരഞ്ഞെടുക്കുന്നു.
ദൈവകൃപ ലഭിക്കുവാനായി ഇവര്‍ യാതൊന്നും പ്രവര്‍ത്തിച്ചിട്ടില്ല.

3.       പരിമിതമായ പാപ പരിഹാരം

മൂന്നാമത്തെ പ്രമാണം, യേശുക്രിസ്തുവിന്‍റെ പാപപരിഹാര യാഗം പരിമിതം ആണ് എന്നതാണ്.
ഇതിന്‍റെ അര്‍ത്ഥം, ദൈവം ഒരിക്കലും സകല മനുഷ്യരെയും മാനസാന്തരത്തിലേക്കോ രക്ഷയിലേക്കോ നയിക്കുവാന്‍ ആഗ്രഹിക്കുന്നില്ല.
യേശുവിന്‍റെ യാഗത്തിലൂടെ ലഭ്യമായ വീണ്ടെടുപ്പ് ഒരിക്കലും എല്ലാ മനുഷ്യര്‍ക്കും ലഭ്യമാകില്ല.
പാപപരിഹാരം മുന്‍ നിയമന പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ചിലര്‍ക്ക് മാത്രമേ ബാധകമാകുന്നുള്ളൂ.

ഇവിടെ, ചില വേദപണ്ഡിതന്‍മാര്‍ കാല്‍വിനോട് വിയോജിക്കുന്നു.
അവര്‍ ഉദ്ധരിക്കുന്ന ഒരു വാക്യം ഉണ്ട്:

യോഹന്നാന്‍ 3:16  തന്‍റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.

വേദപുസ്തകം വ്യക്തമായി പറയുന്നു: യേശുക്രിസ്തുവിന്‍റെ മരണം സകല മനുഷ്യര്‍ക്കുമുള്ള പാപ പരിഹാരം ആണ്.
എല്ലാവരും മാനസന്തരപ്പെടെണം എന്നും ആരും നശിച്ചു പോകരുത് എന്നുമാണ് ദൈവം ആഗ്രഹിക്കുന്നത്.
രക്ഷ സകല മനുഷ്യര്‍ക്കും ഉള്ളതാണ്; ഒരു ചെറിയ കൂട്ടത്തിന് മാത്രം ഉള്ളത് അല്ല, എന്ന് അവര്‍ വാദിക്കുന്നു.

എന്നാല്‍, രക്ഷ യേശുവിന്‍റെ ക്രൂശുമരണത്തിലൂടെ ഉള്ള പപപരിഹാരത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രമേ ലഭിക്കുക ഉള്ളൂ എന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാമല്ലോ.
രക്ഷ എന്നത് ഒരു നിയപ്രകാരമുള്ള വാഗ്ദാനം ആണ്.
മനുഷ്യരുടെ സ്വതന്ത്ര ഇച്ഛാശക്തിക്ക് ഭംഗം വരാതെ, രക്ഷ സ്വീകരിക്കുവാണോ നിരസിക്കുവാണോ ഉള്ള സ്വാതന്ത്ര്യം മനുഷ്യര്‍ക്ക്‌ ഉണ്ട്.
ദൈവം സൌജന്യമായി നല്‍കുന്ന രക്ഷ സ്വീകരിക്കുവാന്‍ നമ്മളെ പ്രാപ്തര്‍ ആക്കെണ്ടതിനായി, ദൈവം മനുഷ്യരോട് സ്നേഹപൂര്‍വ്വം ഇടപെട്ടുകൊണ്ടിരിക്കുന്നു.
ദൈവം ഒരിക്കലും രക്ഷ ആരുടേയും മേല്‍ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്നില്ല.

4.      ചെറുക്കാനാവാത്ത ദൈവകൃപ

ചെരുക്കാനവാത്ത ദൈവ കൃപ എന്നതാണ് കാല്‍വിന്റെ നാലാമത്തെ ഉപദേശം.
ദൈവ കൃപ, പൊതുവായ കൃപ എന്നും രക്ഷക്കായുള്ള കൃപ എന്നും രണ്ടു തരം ഉണ്ട് എന്ന് കാല്‍വിന്‍ വിശ്വസിച്ചിരുന്നു.
പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന അനുഗ്രഹങ്ങള്‍ എല്ലാം പൊതുവായ കൃപയാല്‍ ആണ്.
ഇതു നീതിമാന്മാരും ദുഷ്ടന്മാരും ഒരുപോലെ അനുഭവിക്കുന്നു.

എന്നാല്‍ രക്ഷക്കായുള്ള ദൈവ കൃപ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രം ലഭിക്കുന്നതും അത് രക്ഷയിലേക്കു നയിക്കുന്നതും ആകുന്നു.
ഇത് മനുഷ്യരെ സുവിശേഷം സ്വീകരിക്കുവാനും രക്ഷയെ തിരസ്കരിക്കാതെ ഇരിക്കുവാനും സഹായിക്കുന്നു.
രക്ഷക്കായുള്ള ദൈവകൃപ ചെരുക്കാനാവാത്തത് ആണ്; അത് തിരഞ്ഞെടുക്കപ്പെട്ടവരെ രക്ഷക്കായി അനുകൂലമായി പ്രതികരിക്കുവാന്‍ സഹായിക്കുന്നു.

ദൈവം ആരെയും രക്ഷയ്ക്കായി നിര്‍ബന്ധിക്കുന്നില്ല; നിര്‍ബന്ധം മനുഷ്യരുടെ സ്വതന്ത്ര ഇച്ഛാശക്തിക്ക് എതിരായി തീരും.
ഒരു വ്യക്തിയെ അവന്‍റെ സ്വതന്ത്ര ഇച്ഛാശക്തിക്ക് എതിരായി നിര്‍ബന്ധിച്ച് രക്ഷയിലേക്ക് നയിക്കുക അല്ല; അവനെ രക്ഷയ്ക്ക് അനുകൂലമായി പ്രതികരിക്കുവാന്‍ പ്രാപ്തന്‍ ആക്കുക ആണ്.

റോമാലേഖനത്തില്‍ നിന്നും വീണ്ടും വായിക്കട്ടെ:

റോമര്‍ 8: 28 എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.

ദൈവം, കൃപയാല്‍ മനുഷ്യരെ അവങ്കലേക്ക്‌ ആകര്‍ഷിക്കുന്നു എന്നതും, ദൈവം നമ്മളെ പ്രാപ്തര്‍ ആക്കുകയും പരിജ്ഞാനം നല്‍കുകയും ചെയ്യുന്നു എന്നതും, മാനസാന്തരം, വീണ്ടും ജനനം എന്നിവയുടെ ആവശ്യകതയെക്കുറിച്ച് ബോധ്യം വരത്തക്കവണ്ണം നമ്മളുടെ ജീവിതത്തിലെ സകല കാര്യങ്ങളേയും ക്രമീകരിക്കുകയും ചെയ്യുന്നു എന്നതും സത്യമാണ്

യോഹന്നാന്‍ 6:44 ല്‍ യേശുവിന്‍റെ വാക്കുകള്‍ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്:

“എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.”

എന്നാല്‍ ദൈവകൃപയുടെ ക്ഷണം മനുഷ്യര്‍ക്ക്‌ നിരസിക്കുവാന്‍ കഴിയും എന്നതാണ് കൂടുതല്‍ ശരി.
ദൈവകൃപ ലഭിച്ചുകഴിഞ്ഞാലും നന്മ തിന്മകളെ തിരഞ്ഞെടുക്കുവാനുള്ള സ്വതന്ത്ര ഇച്ഛാശക്തി മനുഷ്യര്‍ക്ക്‌ ഉണ്ടാകും.
ഇത് എബ്രാര്‍ക്ക് എഴുതിയ ലേഖനത്തില്‍ വ്യക്തമാകുന്നുണ്ട്.

എബ്രായര്‍ 6: 4 - 6
4  ഒരിക്കൽ പ്രകാശനം ലഭിച്ചിട്ടു സ്വർഗ്ഗീയദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും
5  ദൈവത്തിന്‍റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്‍റെ ശക്തിയും ആസ്വദിക്കയും ചെയ്തവർ പിന്മാറിപ്പോയാൽ
6  തങ്ങൾക്കു തന്നേ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവന്നു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ടു അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിവുള്ളതല്ല.

ഒരിക്കല്‍ ദൈവകൃപ ലഭിക്കുകയും പരിജ്ഞാനം പ്രാപിക്കുകയും ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്തവര്‍ പാപത്തില്‍ വീഴുവാനും ദൈവകൃപയില്‍ നിന്നും അകന്നു പോകുവാനും സാധ്യതയുണ്ട് എന്ന് ഈ വാക്യങ്ങള്‍ പറയുന്നു.
അതിന്‍റെ അര്‍ത്ഥം ദൈവകൃപ ചെറുക്കുവാന്‍ കഴിയുന്നതാണ്.
ദൈവത്തിന്‍റെ സ്നേഹവും, കരുണയും കൃപയും എല്ലാം മനുഷ്യര്‍ക്ക്‌ സ്വീകരിക്കുവാനും തിരസ്കരിക്കുവാനും കഴിയും.

5.   ദൈവകൃപയിലുള്ള വിശുദ്ധന്മാരുടെ സ്ഥിരത

കാല്‍വിന്റെ അഞ്ചാമത്തെ ഉപദേശം, ദൈവകൃപയിലുള്ള വിശുദ്ധന്മാരുടെ സ്ഥിരതയെക്കുറിച്ചാണ്.
അതായത് ഒരിക്കല്‍ രക്ഷിക്കപ്പെട്ടവര്‍ എന്നേക്കും രക്ഷിക്കപ്പെട്ടവര്‍ ആണ്; അവര്‍ക്ക് രക്ഷ നഷ്ടമാകുക ഇല്ല.
ദൈവം വിളിച്ച് പരിശുദ്ധാത്മാവിനാല്‍ വിശുദ്ധീകരിക്കപ്പെട്ടവര്‍ പൂര്‍ണ്ണമായും എന്നേക്കുമായും, ദൈവകൃപയില്‍ നിന്നും വീണുപോകുകയില്ല.
അവര്‍ അന്ത്യത്തോളം കൃപയില്‍ നിലനില്‍ക്കുകയും നിത്യമായി രക്ഷിക്കപ്പെടുകയും ചെയ്യും.

അവര്‍, ഒരു പക്ഷെ, പിശാചിന്റെയും ലോകത്തിന്‍റെയും പരീക്ഷകളാലും സകല മനുഷ്യരിലും ഉള്ള മലിനതയാലും, അവരുടെ സ്ഥിരതയ്ക്കായുള്ളത് അല്‍പ്പകാലത്തെക്ക് അവഗണിച്ചു പാപത്തില്‍ വീഴുകയും അവിടെ തുടരുകയും ചെയ്തേക്കാം.
അങ്ങനെ അവര്‍ ദൈവകോപത്തിനു ഇരയായി തീരുകയും, പരിശുദ്ധാത്മാവിനെ ദുഖിപ്പിക്കുകയും തല്‍ഫലമായി ദൈവകൃപാലുള്ള അനുഗ്രഹങ്ങള്‍ നഷ്ടമാക്കുകയും ചെയ്തേക്കാം.
അവര്‍ക്ക് താല്‍ക്കാലികമായ ശിക്ഷയും ലഭിച്ചേക്കാം.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, തിരഞ്ഞെടുക്കപ്പെട്ടവര്‍ ഭാഗികമായോ, താല്‍ക്കാലികമായോ മാത്രമേ ദൈവകൃപയില്‍ നിന്നും അകന്നുപോകുന്നുള്ളൂ.
ഒരിക്കലും മടങ്ങി വരുവാന്‍ കഴിയാതെ നഷട്ടപ്പെട്ടു പോകുവാന്‍ ദൈവം അനുവദിക്കുക ഇല്ല; രക്ഷ ഒരിക്കലും നഷ്ടപ്പെട്ടു പോകുക ഇല്ല.

എന്നാല്‍, ഒരിക്കല്‍ രക്ഷിക്കപെടുന്നവര്‍ എന്നന്നേക്കും രക്ഷിക്കപ്പെട്ടവര്‍ ആയിരിക്കും എന്ന് വേദപുസ്തകം പഠിപ്പിക്കുന്നില്ല.
നമ്മള്‍ മുകളില്‍ വായിച്ച എബ്രായ ലേഖനത്തിലെ വേദഭാഗം ദൈവകൃപയില്‍ നിന്നും വീണു പോകുന്നവരെ തിരികെ കൊണ്ടുവരുന്നത് അസാദ്ധ്യം എന്നാണു പറയുന്നത്.
സ്വന്ത ഇഷ്ടപ്രകാരം പാപത്തിലേക്ക് തിരികെ പോകുന്നവര്‍ക്കായി മറ്റൊരു പാപ പരിഹാരയാഗം ഇല്ല.

എബ്രായര്‍ 3:14 ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം ക്രിസ്തുവിൽ പങ്കാളികളായിത്തീർന്നിരിക്കുന്നുവല്ലോ.

അര്‍മിനീയനിസം - Arminianism

കാല്‍വിനെക്കുറിച്ചു മാത്രം ചിന്തിച്ചുകൊണ്ട്‌ ഈ പഠനം അവസാനിപ്പിച്ചാല്‍ ഇത് അപൂര്‍ണ്ണമാകും.
അതുകൊണ്ട് നമുക്ക് മുന്‍ നിയമനം എന്ന വിഷയത്തില്‍ അര്‍മിനീയനിസം എന്ന വീക്ഷണ രീതി എന്താണ് എന്നുകൂടി ചിന്താക്കാം.

എന്താണ് അര്‍മിനീയനിസം?
അര്‍മിനീയനിസം എന്നത്, രക്ഷയുമായി ബന്ധപ്പെടുത്തി, ദൈവത്തിന്‍റെ സര്‍വ്വാധികാരം, മനുഷ്യന്‍റെ സ്വതന്ത്ര ഇച്ഛാശക്തി എന്നിവയെ കുറിച്ചുള്ള ഒരു പഠന ശാഖ ആണ്.
ഇതു കാല്‍വിനിസത്തോടുള്ള ഒരു പ്രതികരണം ആണ് എന്നും പറയാം.

1560 മുതല്‍ 1609 വരെ ജീവിച്ചിരുന്ന ജെകൊബസ് അര്‍മിനീയസ് എന്ന ഡച്ച് വേദശാസ്ത്ര പണ്ഡിതന്‍ രൂപപ്പെടുത്തിയ ഉപദേശങ്ങള്‍ ആണ് അര്‍മിനീയനിസം എന്ന് അറിയപ്പെടുന്നത്.
കാല്‍വിനിസം ദൈവത്തിന്‍റെ സര്‍വ്വാധിപത്യത്തിനു ഊന്നല്‍ നല്‍കുമ്പോള്‍ അര്‍മിനീയനിസത്തിന്‍റെ ശ്രദ്ധ മനുഷ്യരുടെ ഉത്തരവാദിത്തത്തില്‍ ആണ്.
കാല്‍വിനിസം പോലെതന്നെ അര്‍മിനീയനിസംവും അഞ്ച് പ്രമാണങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു.

1.     ഭാഗികമായ മലിനത

അര്‍മിനീയനിസത്തിന്‍റെ ആദ്യ പ്രമാണം, ഭാഗികമായ മലിനതയാണ്.
മനുഷ്യര്‍ ആദ്യ പാപത്താല്‍ മലിനപ്പെട്ടു എന്ന് അര്‍മിനീയനിസം സമ്മതിക്കുന്നു എങ്കിലും മനുഷ്യര്‍ക്ക്‌ ദൈവത്തെ അന്വേഷിക്കുവാന്‍ ഇപ്പോഴും കഴിയും എന്ന് വിശ്വസിക്കുന്നു.
മനുഷ്യര്‍ പാപത്താല്‍ ദൈവകൃപയില്‍ നിന്നും വീണ് കളങ്കപ്പെട്ടു എങ്കിലും മുന്‍കൂട്ടി ലഭിക്കുന്ന കൃപയാല്‍ അവന് ദൈവത്തെ തിരഞ്ഞെടുക്കുവാനും രക്ഷയെ സ്വീകരിക്കുവാനും കഴിയും.
മുന്‍കൂട്ടി ലഭിക്കുന്ന കൃപയാല്‍, മനുഷ്യരുടെ ഇച്ഛാശക്തി സ്വതന്ത്രമായിരിക്കുകയും പരിശുട്ധാത്മാവിന് കീഴ്പ്പെടുവാന്‍ അവനു കഴിയുകയും ചെയ്യും.
പക്ഷെ, അര്‍മിനീയനിസത്തില്‍ വിശ്വസിക്കുന്ന അനേകര്‍ ഈ പ്രമാണത്തെ തള്ളികളയുകയും കാല്‍വിനിസത്തോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്നുണ്ട്.

2.     ഉപധിയോടെയുള്ള തിരഞ്ഞെടുപ്പ്

അര്‍മിനീയനിസത്തിലെ രണ്ടാമത്തെ ഉപദേശം, ഉപാധിയോടെയുള്ള തിരഞ്ഞെടുപ്പ് ആണ്.
മുന്‍കൂട്ടി ലഭിക്കുന്ന ദൈവകൃപയാല്‍, സ്വതന്ത്ര ഇച്ഛാശക്തി ഉപയോഗിച്ച്, ക്രിസ്തുവിലുള്ള വിശ്വാസം മൂലമുള്ള നിത്യമായ രക്ഷയോട്, മനുഷ്യര്‍ അനുകൂലമായി പ്രതികരിക്കും എന്ന മുന്നറിവ് പ്രകാരം, ദൈവം തിരഞ്ഞെടുപ്പ് നടത്തുന്നു.
ക്രിസ്തുവില്‍ വിശ്വസിക്കും എന്ന മുന്നറിവ് അനുസരിച്ച് മാത്രം ദൈവം ചിലരെ രക്ഷക്കായി തിരഞ്ഞെടുക്കുന്നു.
അതിനാല്‍ ആരും തന്നെ നിത്യജീവനായോ നരകത്തിനായോ മുന്‍ നിയമിക്കപ്പെടുന്നില്ല.

എന്നാല്‍ ഈ വാദത്തിന്‍റെ പരിമിതി, മനുഷ്യരുടെ ജീവിതത്തില്‍ ഇടപെടുവാനുള്ള ദൈവത്തിന്‍റെ സര്‍വ്വധികാരത്തെ ദുര്‍ബലപ്പെടുത്തുന്നു എന്നതാണ്.

3.     പരിമിതമാല്ലാത്ത പാപ പരിഹാരം

അര്‍മിനീയനിസത്തിലെ മൂന്നാമത്തെ ഉപദേശം, പരിമിതമല്ലാത്ത പാപ പരിഹാരം ആണ്.
യേശു എല്ലാ മനുഷ്യര്‍ക്കും വേണ്ടി ആണ് മരിച്ചത്, തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കും വിശ്വസിക്കാത്തവര്‍ക്കും കൂടെയാണ് യേശു മരിച്ചത്.
അതുകൊണ്ട് യേശുവില്‍ വിശ്വസിക്കുന്ന ഏതൊരു വ്യക്തിക്കും രക്ഷ പ്രാപിക്കാം.

1 യോഹന്നാന്‍ 2:2 അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സർവ്വലോകത്തിന്റെ പാപത്തിന്നും തന്നേ.

യേശുവില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും രക്ഷ ലഭ്യമാണ്; യേശു രക്ഷിക്കപ്പെടുന്നവര്‍ക്ക് വേണ്ടി മാത്രമല്ല മരിച്ചത്.
എന്നാല്‍ വിശ്വാസത്താല്‍ മാത്രമേ ഒരു വ്യക്തിക്ക് അതില്‍ പങ്കാളിയാകുവാന്‍ കഴിയൂ.
വേദപുസ്തകം ഈ കാഴ്ചപ്പാടാണ് നല്‍കുന്നത്.

4.     ചെറുക്കുവാന്‍ കഴിയുന്ന ദൈവകൃപ

അര്‍മിനീയനിസത്തിലെ നാലാമത്തെ ഉപദേശം, ചെറുക്കുവാന്‍ കഴിയുന്ന ദൈവകൃപ എന്നതാണ്.
രക്ഷയ്ക്കായുള്ള ദൈവ വിളിയെ മനുഷ്യര്‍ക്ക്‌ ചെറുക്കുവാനും നിരസിക്കുവാനും കഴിയും.
നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ രക്ഷക്കായുള്ള ദൈവകൃപ ഒരു നിയമപരമായ വാഗ്ദാനം ആണ്; സ്വീകരിക്കുവാനും തള്ളികളയാനുമുള്ള സ്വതന്ത്ര ഇച്ഛാശക്തി നമുക്ക് ഉണ്ട്.

നമ്മളെ തിരഞ്ഞെടുക്കുന്നതിലൂടെയും വീണ്ടെടുക്കുന്നതിലൂടെയും, ദൈവം നമ്മളുടെ സ്വതന്ത്ര ഇച്ഛാശക്തിയെ മറികടക്കുന്നില്ല.
ദൈവത്തെ സ്വീകരിക്കുവാന്‍ തക്കവണ്ണം നമ്മളുടെ ഹൃദയത്തെ രൂപപ്പെടുത്തുന്നതേ ഉള്ളൂ.
ഭൂരിപക്ഷം വേദപണ്ഡിതന്മാരും, ഈ ഉപദേശം, മനുഷ്യന്‍റെ സ്വതന്ത്ര ഇച്ഛാശക്തിക്ക് യോജ്യമാണ് എന്നതിനാല്‍ ഇതിനോട് അനുകൂലിക്കുന്നു.

5.     ഉപാധികളോടെയുള്ള രക്ഷ

ഉപാധികളോടെയുള്ള രക്ഷ എന്നതാണ് അര്‍മിനീയനിസത്തിലെ അഞ്ചാമത്തെ ഉപദേശം.
അതായത്, രക്ഷിക്കപ്പെട്ടതിനു ശേഷം പരിശുദ്ധാത്മാവിന്റെ നടത്തിപ്പ് മനപ്പൂര്‍വമായി നിരസിച്ചാല്‍ രക്ഷ നഷ്ടപ്പെടും.
അന്ത്യത്തോളം രക്ഷയുടെ സൂക്ഷിപ്പ് ആവശ്യമാണ്‌.
നമ്മള്‍ മുകളില്‍ ചര്‍ച്ച ചെയ്ത വേദവാക്യങ്ങള്‍ ഉപാധികളോടെയുള്ള രക്ഷ എന്ന ഉപദേശത്തെ സാധൂകരിക്കുന്നു.

മുന്‍ നിര്‍ണ്ണയം – മൂന്ന് കാഴ്ചപ്പാടുകള്‍

മുന്‍ നിര്‍ണ്ണയത്തെക്കുറിച്ച് മൂന്ന് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ആണ് ഉള്ളത്.

കാല്‍വിന്റെ കാഴ്ച്ചപ്പാടായ ഉപാധിരഹിത തിരഞ്ഞെടുപ്പ് എന്നത്: ദൈവീക പദ്ധതിക്കനുസരിച്ച്, മനുഷ്യരുടെ സ്വതന്ത്ര ഇച്ഛാശക്തിക്ക് അതീതമായി, ദൈവഹിതപ്രകാരം വ്യക്തികളെ തിരഞ്ഞെടുക്കുന്നു, എന്നതാണ്.

അര്‍മിനീയനിസത്തിലെ കാഴ്ച്ചപ്പാടായ ഉപാധിയോടെയുള്ള തിരഞ്ഞെടുപ്പ്, ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെക്കുറിച്ചുള്ള മുന്നറിവിന്‍ പ്രകാരം വ്യക്തികളെ നിത്യരക്ഷക്കായി ദൈവം തിരഞ്ഞെടുക്കുന്നു, എന്നതാണ്.

മുന്‍ നിയമനത്തെ കുറിച്ച് മൂന്നാമതൊരു കാഴ്ച്ചപ്പടുകൂടി ഉണ്ട്.
അതിനെ ഏക സ്വരൂപമായ തിരഞ്ഞെടുപ്പ് എന്നാണു വിളിക്കുന്നത്‌.
സഭകള്‍ പോലെയുള്ള ഏകീകൃതമായ സമൂഹത്തെ മൊത്തമായി ദൈവം തിരഞ്ഞെടുക്കുന്നു.
വ്യക്തികള്‍ക്ക് ഈ സമൂഹത്തില്‍ അംഗമാകുന്നതിലൂടെ ദൈവീക മുന്‍ നിയമനത്തിലും തിരഞ്ഞെടുപ്പിലും ഭാഗമാകുവാന്‍ കഴിയും.

മുന്‍ നിയമനത്തെ കുറിച്ചുള്ള ഈ മൂന്നു കാഴ്ച്ചപ്പാടുകളില്‍ കൂടുതല്‍ അംഗീകാരം കാല്‍വിന്റെ ഉപദേശത്തിനു തന്നെ ആണ്.
ഒരു വ്യക്തിയെക്കുറിച്ചോ, സംഭവത്തെക്കുറിച്ചോ ദൈവത്തിനുള്ള മുന്നറിവിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ, ദൈവം സ്വന്തഹിതപ്രകാരം, നിത്യരക്ഷയ്ക്കായി, തിരഞ്ഞെടുക്കുകയും മുന്നിയമിക്കുകയും ചെയ്യുന്നു.
ദൈവം, തന്‍റെ ഹിതം നിവര്‍ത്തിക്കെണ്ടതിനായി, പരമാധികാരത്തോടെ, എന്നാല്‍ മനുഷ്യന്‍റെ സ്വതന്ത്ര ഇച്ഛാശക്തിയെ ഹനിക്കാതെ, അതിനെ ഉറപ്പിച്ചുകൊണ്ട്‌ തന്നെ, പ്രവര്‍ത്തിക്കുന്നു.

ദൈവീക മുന്നറിവ്

ഇനി നമുക്ക് ദൈവീക മുന്നറിവ് എന്താണ് എന്ന് മനസ്സിലാക്കാം.

റോമര്‍ 8:29 അവൻ മുന്നറിഞ്ഞവരെ തന്‍റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്‍റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.

“മുന്നറിവ്” എന്നതിന്‍റെ ഗ്രീക്ക് പദം “proginosko “ എന്നാണ്
അതിന്‍റെ അര്‍ത്ഥം കാലത്തിനും മുമ്പേ അറിയുക എന്നാണ്.
ഈ അര്‍ത്ഥം അക്ഷരാര്‍ത്ഥത്തില്‍ നമ്മള്‍ ഇവിടെ പ്രയോഗിച്ചാല്‍, ഒരു വ്യക്തി സുവിശേഷത്തെ സ്വീകരിക്കും എന്ന മുന്നറിവിന്‍റെ അടിസ്ഥാനത്തില്‍ ദൈവം മുന്‍ നിയമിക്കുകയും തിരഞ്ഞെടുക്കുകായും ചെയ്യുന്നു എന്ന് പറയേണ്ടി വരും.

നിശ്ചയമായും ദൈവം എല്ലാം മുന്‍കൂട്ടി കാണുന്നു; അതിനാല്‍ ഈ അറിവിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തുവാനും മുന്‍ നിയമിക്കുവാനും ദൈവത്തിനു കഴിയും.
ഇതാണ് മുന്‍ നിയമനത്തെക്കുറിച്ചുള്ള അര്‍മിനീയന്‍ കാഴ്ചപ്പാട്.
എന്നാല്‍ വേദപുസ്തകം ഈ അര്‍ത്ഥത്തില്‍ അല്ല, മുന്‍ നിയമനം, തിരഞ്ഞെടുപ്പ്, മുന്നറിവ് എന്നിവയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

ഭാവി അറിയുവാനുള്ള ദൈവത്തിന്റെ കഴിവിനെ കുറിച്ചല്ല റോമര്‍ 8:29 ല്‍ പറഞ്ഞിരിക്കുന്നത്.
“അറിയുക”, “മുന്നറിയുക” എന്നീ പദങ്ങള്‍ വേദപുസ്തകത്തില്‍ വ്യത്യസ്തമായ അര്‍ത്ഥത്തില്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.
ഒരു വ്യക്തിയുമായി ബന്ധുത്വത്തില്‍ ആകുന്നതിനെ ഈ വാക്ക് പരാമര്‍ശിക്കുന്നു.
ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള, അഗാധമായ ദൃഡബന്ധത്തെക്കുറിച്ച് പറയുവാന്‍ ഈ പദം വേദപുസ്തകത്തില്‍ ഉപയോഗിക്കുന്നു.
ഇതു ദൈവത്തിന്‍റെ മുന്നറിവില്‍, കാലത്തിനും മുമ്പേ, ദൈവീക കല്‍പ്പന പ്രകാരം നിലവില്‍ വന്ന രക്ഷയുടെ മുന്‍ നിയമിക്കപ്പെട്ട ബന്ധുത്വം ആണ്.
ഭൂമിയും ആകാശങ്ങളും സൃഷ്ടിക്കുന്നതിനും മുമ്പേ, നമ്മള്‍ ജനിക്കുന്നതിനും വളരെ നാളുകള്‍ക്ക് മുമ്പേ, ദൈവം തിരഞ്ഞെടുത്തവരെ വ്യക്തിപരമായി തന്നെ മുന്നറിയുകയും, അവരെ തന്റെ ആടുകളായി തിരഞ്ഞെടുക്കുകയും ചെയ്തു.
ഈ തിരഞ്ഞെടുപ്പ്, ഈ വ്യക്തികള്‍ ഭാവിയില്‍ ദൈവത്തെ അനുഗമിക്കും എന്ന് അറിയാവുന്നതുകൊണ്ടല്ല, അവര്‍ ദൈവത്തെ അനുഗമിക്കും എന്ന് ഉറപ്പിക്കുവാന്‍ ആണ്.
ദൈവം മുന്നറിയുകയും തിരഞ്ഞെടുക്കുകയും ചെയ്തതുകൊണ്ടാണ് അവര്‍ അവനെ അനുഗമിക്കുന്നത്.

ഇവിടെ വിഷയം, ആരെല്ലാം വിശ്വസിക്കും എന്നതല്ല, എന്തുകൊണ്ട് ചിലര്‍ സുവിശേഷത്തില്‍ വിശ്വസിക്കുന്നു, മറ്റ് ചിലര്‍ നിരസിക്കുന്നു എന്നതാണ്.
ദൈവീക കരുണയ്ക്കായി ചിലരെ തിരഞ്ഞെടുക്കുന്നു, മറ്റ് ചിലരെ പാപത്തിലും മത്സരത്തിനായും ഉപേക്ഷിക്കുന്നു എന്നുമാത്രം.

സ്വതന്ത്ര ഇച്ഛാശക്തിയും മുന്‍ നിയമനവും

ഇപ്പോള്‍ മറ്റൊരു ചോദ്യം നമ്മളുടെ മനസ്സില്‍ ഉയര്‍ന്ന് വന്നേക്കാം.
ആരെല്ലാം യേശുവില്‍ വിശ്വസിക്കേണം എന്ന് ദൈവം മുന്‍ നിയമിക്കുന്നെങ്കില്‍ അത് മനുഷ്യരുടെ സ്വതന്ത്ര ഇച്ഛാശക്തിയെ ഇല്ലാതാക്കുകയില്ലേ?

നമുക്ക് സ്വതന്ത്ര ഇച്ഛാശക്തി ഉണ്ട് എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു; യേശുവില്‍ വിശ്വസിക്കുന്നവര്‍ എല്ലാം രക്ഷിക്കപ്പെടും എന്നും വേദപുസ്തകം പറയുന്നു.
ദൈവത്തെ അന്വേഷിക്കുന്നവരിലോ വിശ്വസിക്കുന്നവരിലോ ആരെയെങ്കിലും തള്ളികളയുന്നതായി വേദപുസ്തകം പഠിപ്പിക്കുന്നില്ല.
സ്വതന്ത്ര ഇച്ഛാശക്തിയും, ഒരു വ്യക്തി ദൈവത്തിങ്കലേക്കു ആകര്‍ഷിക്കപ്പെടുക, രക്ഷയില്‍ വിശ്വസിക്കുക എന്നതും, ദൈവീക മുന്‍ നിയമനവും മനുഷ്യര്‍ക്ക്‌ പൂര്‍ണ്ണമായും മനസ്സിലാക്കുവാന്‍ കഴിയാത്ത മര്‍മ്മം ആണ്.
എന്നാല്‍ അത് ദൈവീക ജ്ഞാനത്തില്‍ അനുഗ്രഹമായി നിവര്‍ത്തിക്കപ്പെടുന്നുണ്ട്.

നമുക്ക് ഇത്രമാത്രം അറിയാം:
രക്ഷിക്കപെടെണ്ടവരെ ദൈവം മുന്‍ നിയമിക്കുന്നു; രക്ഷിക്കപ്പെടുവാന്‍ നമ്മള്‍ ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കേണം
ഇത് രണ്ടും സത്യം ആണ്.

ഉപസംഹാരം

മുന്‍ നിയമനം എന്ന ഉപദേശത്തിനെതിരെയുള്ള വിമര്‍ശനം അത് നീതിയുക്തം അല്ല എന്നതാണ്.
എന്തുകൊണ്ടാണ് ദൈവം ചിലരെ മാത്രം തിരഞ്ഞെടുക്കുന്നത് എന്നതാണ് ചോദ്യം.
എന്നാല്‍, മനുഷ്യരില്‍ ആരും തന്നെ രക്ഷയ്ക്ക് യോഗ്യരല്ല എന്ന് നമ്മള്‍ ഓര്‍ക്കേണം.
എല്ലാ മനുഷ്യരും പാപം ചെയ്ത് നിത്യ ശിക്ഷക്ക് വിധിക്കപ്പെട്ടിരുന്നു.
അതിന്‍റെ ഫലമായി നമ്മള്‍ നിത്യമായി നരകത്തിലാകുന്നത് നീതി തന്നെ ആണ്

എന്നാല്‍ നമ്മളില്‍ ചിലരെ രക്ഷിക്കുവാന്‍ ദൈവം തീരുമാനിച്ചു.
തിരഞ്ഞെടുക്കപ്പെടാത്തവരോട് ദൈവം നീതികേടായി പ്രവര്‍ത്തിക്കുന്നില്ല, കാരണം അവര്‍ അര്‍ഹിക്കുന്നത് അവര്‍ക്ക് ലഭിക്കുന്നു എന്നേയുള്ളൂ.
ദൈവം ചിലരോട് കൃപ കാണിക്കുന്നു..

കാല്‍വിനിസവും അര്‍മിനീയനിസവും, രണ്ടും അതില്‍തന്നെ പൂര്‍ണ്ണമല്ല; ദൈവത്തിന്‍റെ സര്‍വ്വധിപത്യവും മനുഷ്യരുടെ സ്വതന്ത്ര ഇച്ഛാശക്തിയും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുവാന്‍ രണ്ടിനും വേണ്ടരീതിയില്‍ കഴിയുന്നില്ല.
കാരണം, ദൈവത്തിനു മാത്രം മനസ്സിലാകുന്ന ഒരു മര്‍മ്മത്തെ വിശദീകരിക്കുവാന്‍ മനുഷ്യന്‍റെ പരിമിതമായ ബുദ്ധിക്ക് കഴിയുക ഇല്ല.

ഈ സന്ദേശം നിങ്ങള്ക്ക് അനുഗ്രഹമായിരുന്നു എന്ന് വിശ്വസിച്ചുകൊണ്ടു, ഇവിടെ അവസാനിപ്പിക്കട്ടെ.
അതിനു മുമ്പ് ഒരു കാര്യം കൂടി നിങ്ങളെ ഓര്‍മ്മിപ്പിക്കട്ടെ:
എല്ലാ മാസവും ഒന്നാമത്തെ ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പവ്വര്‍ വിഷന്‍ TV ഞാന്‍ ദൈവ വചനം പങ്കുവെക്കുന്നുണ്ട്.
മറക്കാതെ കാണുക; മറ്റുള്ളവരോടും കൂടെ പറയുക.

ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ! ആമേന്‍!

No comments:

Post a Comment