ഈ സന്ദേശം, “ഞാന്‍ എന്തുകൊണ്ട്
ദശാംശം കൊടുക്കുന്നു?” എന്ന ലളിതമായ ചോദ്യത്തിനുള്ള മറുപടി ആണ്.
ഈ സന്ദേശം കാണുകയും കേള്‍ക്കുകയും
ചെയ്യുന്ന എല്ലാവര്‍ക്കും, അവരവര്‍ക്ക് താല്‍പര്യമുള്ള തീരുമാനത്തില്‍ എത്തിച്ചേരുവാനുള്ള
സ്വാതന്ത്ര്യം ഉണ്ട്.
എന്നിരുന്നാലും അല്‍പസമയം
ഈ സന്ദേശം വായിക്കുവാന്‍ ചിലവഴിക്കേണം എന്ന് ഞാന്‍ അപേക്ഷിക്കുന്നു.
ഞാന്‍ ദശാംശം
കൊടുക്കുവാന്‍ തുടങ്ങിയത് 1978 ല്‍ ആണ്; എനിക്ക് വരുമാനം ഇല്ലാതിരുന്ന ഒരു
ഇടക്കാലത്ത് ഒഴികെ മറ്റെല്ലായ്പ്പോഴും ദശാംശം കൊടുത്തുകൊണ്ടിരുന്നു.
ഞാന്‍ ഇപ്പോഴും ദശാംശം
കൃത്യമായി നല്‍കുന്നു, എന്‍റെ മക്കളെയും ദശാംശം നല്‍കുവാന്‍ ശീലിപ്പിക്കുന്നു.
എന്നെപ്പോലെ, ദശാംശം
സന്തോഷത്തോടെ കൊടുക്കുന്ന ധാരാളം ക്രൈസ്തവ വിശ്വാസികള്‍ ഉണ്ട് എന്നത് ആശ്വാസകരം
തന്നെ ആണ്. അവരെ ഓര്‍ത്ത് ദൈവത്തെ സ്തുതിക്കുന്നു.
ഈ വീഡിയോ തര്‍ക്കത്തിനോ ഖണ്ഡനത്തിനോ
ഉദ്ദേശിച്ചുള്ളതല്ല.
1. ദശാംശം എന്നത് ഒരു പുരാതന ആശയം ആണ്
ഞാന്‍ ദശാംശം നല്‍കുന്നതിനുള്ള
ഒന്നാമത്തെ കാരണം, ദശാംശം ഒരു പുരാതനമായ ആശയം ആണ് എന്നതാണ്.
ദശാംശം എന്നാല്‍ പത്തില്‍
ഒരു അംശം എന്നാണ് അര്‍ത്ഥം.
എന്നാല്‍ ദശാംശം ഒരു ഗണിതശാസ്ത്രപരമായ
കണക്ക് എന്നതിനേക്കാള്‍ ഒരു ആശയം ആണ്.
പത്തില്‍ ഒന്നിനേക്കാള്‍
അധികം ദൈവജനം നല്‍കിയ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പഴയനിയമത്തില്‍ മൂന്ന്
വ്യത്യസ്തങ്ങളായ ദശാംശം നിലനിന്നിരുന്നു; ഇവയെ മൂന്നിനേയും ദശാംശം എന്നാണ്
വിളിച്ചിരുന്നത്.
ഇവ മൂന്നും
വ്യത്യസ്തങ്ങള്‍ ആയ മൂന്ന് ദശാംശങ്ങള്‍ ആയിരുന്നു എങ്കില്‍ അവ മൂന്നും കൂടെ
മുപ്പതു ശതമാനം വരുമായിരുന്നു.
ഞാന്‍, പത്ത് ശതമാനത്തില്‍
കൂടുതല്‍ ദശാംശം ആയി കൊടുക്കുന്നു.
കാരണം എനിക്ക് ഇതു
ദൈവത്തിനു കൊടുക്കുക എന്ന ആശയം ആണ്.
ദശാംശം ഒരു സാമ്പത്തിക
അച്ചടക്കം കൂടി ആണ്.
ദശാംശം നല്‍കുന്ന രീതി
മോശയുടെ ന്യായപ്രമാണത്തോടെ പുതിയതായി ഉത്ഭവിച്ചത് അല്ല.
അബ്രഹാം, മൽക്കീസേദെക്കിന് ദശാംശം നല്‍കിയതായി ഉല്‍പ്പത്തി 14 ലും
ഉല്‍പ്പത്തി 28 ല്‍ യാക്കോബ് ദശാംശം നല്‍കാം എന്ന് വാഗ്ദത്തം
ചെയ്തതായും വേദപുസ്തകത്തില്‍ നമ്മള്‍ വായിക്കുന്നു.
അവരുടെ കാലത്ത്
ന്യായപ്രമാണം ഉണ്ടായിരുന്നില്ല.
അവര്‍ ആ കാലത്ത് മനുഷ്യരുടെ
ഇടയില്‍ നിലവില്‍ ഇരുന്ന ഒരു സമ്പ്രദായം അനുസരിക്കുക മാത്രം ആയിരുന്നു.
സത്യത്തില്‍ ദശാംശം മോശെയുടെ
ന്യായപ്രമാണത്തിനും 600 വര്‍ഷങ്ങള്‍ക്ക് മുമ്പും മനുഷ്യരുടെ ഇടയില്‍
നിലനിന്നിരുന്നു.
വ്യത്യസ്തങ്ങളായ
മതവിശ്വാസങ്ങള്‍ ഉണ്ടായിരുന്ന എല്ലാ ജനങ്ങളും പുരാതന കാലത്ത് അവര്‍ ആരാധിച്ചിരുന്ന
ദേവന്മാര്‍ക്ക് ദശാശം കൊടുത്തിരുന്നു എന്ന് അനേകം ചരിത്രകാരന്മാരും വേദപണ്ഡിതന്മാരും
വിശ്വസിക്കുന്നു.
തങ്ങളുടെ വരുമാനത്തിന്‍റെ
ദശാംശം ദേവന്മാര്‍ക്ക് കൊടുത്താല്‍ അനുഗ്രഹിക്കപ്പെടും എന്ന് എല്ലാവരും
വിശ്വസിച്ചിരുന്നു.
അന്ന് കാര്‍ഷികവൃത്തി
ആയിരുന്നു പ്രധാന തൊഴില്‍ എന്നതിനാല്‍, കാര്‍ഷിക ഫലങ്ങള്‍ ആയിരുന്നു പ്രധാനമായും
ദശാംശം ആയി നല്‍കിയിരുന്നത്.
അതായാത്, ദശാംശം എന്നത്
യഹോവയായ ദൈവത്തെ ആരാധിക്കുന്നവരുടെ മാത്രം ഒരു പ്രത്യേക സമ്പ്രദായം ആയിരുന്നില്ല.
അതിനാല്‍, ദശാംശം എന്നത്
അബ്രഹാമോ യാക്കൊബോ കണ്ടുപിടിച്ചതോ മോശയുടെ ന്യായപ്രമാണത്തോടെ ഉത്ഭവിച്ചു വന്നതോ
അല്ല.
സാന്മാര്‍ഗികവും ആത്മീയവും
ആയ നിയമങ്ങള്‍ മനുഷ്യരുടെ ആരംഭം മുതല്‍ ഈ
ലോകത്ത് നിലനിന്നിരുന്നു.
കൊലപാതകം, മോഷണം, വ്യാജം,
വ്യഭിചാരം എന്നിങ്ങനെയുള്ള പ്രവര്‍ത്തികളെ മനുഷ്യര്‍ പുരാതന കാലം മുതല്‍ തന്നെ തെറ്റും,
പാപവുമായി കരുതിയിരുന്നു.
യഹോവയുടെ ആരാധനയും ആദം
മുതല്‍ ഈ ഭൂമിയില്‍ ഉണ്ടായിരുന്നു.
അതായത്, മോശയുടെ
ന്യായപ്രമാണത്തിലെ സാന്മാര്‍ഗിക നിയമങ്ങള്‍ അവിടെ ആദ്യമായി ഉത്ഭവിച്ചത് അല്ല; അന്ന്
നിലവില്‍ ഉണ്ടായിരുന്നതും ദൈവീക വിശുദ്ധിക്ക് ചേര്‍ന്നതുമായ പ്രമാണങ്ങളെ ന്യായപ്രമാണത്തില്‍ ഉള്‍കൊള്ളിക്കുക
ആയിരുന്നു.
അങ്ങനെ അന്ന് നിലവില്‍
ഇരുന്ന ദശാംശം എന്ന സമ്പ്രദായത്തെയും ന്യായപ്രമാണത്തില്‍ ഉള്‍പ്പെടുത്തി; അതിനെ എല്ലാവര്‍ക്കും
ബാധകമാക്കുകയും ചെയ്തു..
വേദപുസ്തക കാലഘട്ടത്തെ 7
യുഗങ്ങള്‍ അയി കണക്കാക്കി ദൈവത്തിന്‍റെ വീണ്ടെടുപ്പ് പദ്ധതിയെ പഠിക്കുന്നതിനെ ആണ് Dispensational theology എന്ന് വിളിക്കുന്നത്.
ഈ രീതി ആണ് എല്ലാ Protestant, Pentecostal സഭാ വിഭാഗങ്ങള്‍
പിന്തുടരുന്നത്.
ഈ പഠന സമ്പ്രദായം
അനുസരിച്ച്, ഓരോ യുഗങ്ങളും അതിന്‍റേതായ പ്രത്യേക പ്രമാണങ്ങള്‍ക്ക് വിധേയം ആണ്; ആ
കാലഘട്ടത്തില്‍ ജീവിച്ചിരുന്നവര്‍ക്ക് അതാതിന്‍റെ പ്രമാണങ്ങള്‍ മാത്രമേ
ബാധകമാകുന്നുള്ളൂ.
ഇവിടെയും, ദശാംശം ദൈവീക
ആരാധനയുടെ ഭാഗമായി എല്ലാ യുഗങ്ങളിലും നിലവില്‍ ഉണ്ടായിരുന്നു എന്ന് നമ്മള്‍
മനസ്സിലാക്കേണം.
അതായത്, ദശാംശം മോശയുടെ
ഉടമ്പടിക്കും മുമ്പേ, എല്ലാ യുഗങ്ങളിലും മനുഷ്യരുടെ ഇടയില്‍ നിലനിന്നിരുന്നു.
ദശാംശം മോശെയുടെ ഉടമ്പടിയോടെ
പുതിയതായി നിലവില്‍ വന്നതല്ല.
ദൈവം ദശാംശത്തെ
ഉടമ്പടിയില്‍ ഉള്‍പ്പെടുത്തുകയും എല്ലാവര്‍ക്കും ബാധകമാക്കുകയും ആണ് ചെയ്തത്.
എന്നാല്‍, നിര്‍ബന്ധാത്താല്‍,
ശക്തിയോ അധികാരമോ ഉപയോഗിച്ച് ദശാംശം പിരിക്കുവാന്‍ ന്യായപ്രമാണത്തില്‍ വ്യവസ്ഥ
ഇല്ല.
ദശാംശം നല്‍കാത്തവരെ
ശിക്ഷിക്കുവാനുള്ള അധികാരം ദൈവം ആര്‍ക്കും നല്‍കിയിട്ടില്ല.
ദൈവാലയത്തിലെ
പുരോഹിതന്മാരോ അധികാരികളോ, ദശാംശം പിരിക്കുവാനോ, വീഴ്ച വരുത്തുന്നവരെ
ശിക്ഷിക്കുവാനോ പോലിസിനെ നിയമിച്ചതായി അറിവില്ല.
ദശാംശം ഒരിക്കലും ദൈവീക
നീതീകരണത്തിനു കാരണമായി ഭവിച്ചിട്ടില്ല; നീതീകരണം എപ്പോഴും വിശ്വാസത്താല്‍ മാത്രം
ലഭിച്ചിരുന്നു.
ദശാംശം നല്‍കേണം എന്ന്
പുരോഹിതന്മാരും പ്രവാചകന്മാരും റബ്ബിമാരും പഠിപ്പിച്ചിരുന്നു; എന്നാല്‍ നല്‍കാത്തവരെ
ശിക്ഷിച്ചിരുന്നില്ല.
ദശാംശം എന്നും എപ്പോഴും
ദൈവീക ആരാധനയായി, സ്വമനസ്സാലെയും, സന്തോഷത്തോടെയും കൊടുക്കുന്ന, മനുഷ്യരുടെ നന്മയുടെ ഭാഗം ആയിരുന്നു.
ദശാംശം ഒരു ഗണിത
ശാസ്ത്രപരമായ കണക്ക് എന്നതില്‍ ഉപരി ഒരു ആശയം ആയിരുന്നതിനാല്‍, അത് പത്തില്‍
ഒന്നില്‍ കൂടുതല്‍ ആകാമായിരുന്നു.
എന്നാല്‍ വേദപുസ്തകത്തില്‍
ദശാംശത്തെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഇടത്തെല്ലാം പത്തില്‍ ഒരു ഭാഗം എന്ന ആശയം
നമ്മള്‍ കാണുന്നുണ്ട്.
അതിനാല്‍ ദശാംശത്തിനു ഒരു
കുറഞ്ഞ അളവ് ഉണ്ടായിരുന്നു എന്നും നമ്മള്‍ മനസ്സിലാക്കുന്നു.
അതായത്, അത് എന്തെകിലും
ഒരു ഭാഗം അല്ല, എണ്ണപ്പെടുന്ന ഒരു ഭാഗം ആയിരുന്നു.
പഴയ നിയമം, പുതിയ നിയമം
എന്നിങ്ങനെയുള വിഭജനത്തോടെ വേദപുസ്തകം പഠിക്കുന്നവര്‍ ഒരു കാര്യം മനസ്സില്‍
സൂക്ഷികേണ്ടതുണ്ട്: ന്യായപ്രമാണത്തോടെ
ആരംഭിക്കാത്തത് ഒന്നും ന്യായപ്രമാണത്തോടെ നീങ്ങിപ്പോയിട്ടില്ല.
ദശാംശം ന്യായപ്രമാണത്തോടെ
ആരംഭിച്ചത് അല്ലാത്തതിനാല്‍ അത് ന്യായപ്രമാണത്തോടെ നീങ്ങിപ്പോയിട്ടില്ല.
ദശാംശം മൽക്കീസേദെക്കില്‍ ആരംഭിച്ച് യേശുക്രിസ്തു എന്ന മഹാപുരോഹിതനില്‍ തുടരുക
ആണ്.
ദശാംശം അബ്രഹാമില്‍
ആരംഭിച്ച്, വിശ്വാസത്താല്‍ മക്കളായവരില്‍ തുടരുക ആണ്.
ദശാംശം
ഒരു പുരാതനമായ ആശയം ആയതിനാല്‍ ഞാന്‍ അത് തുടരുന്നു.
2.
എന്‍റെ
ആത്മീയ പിതാവ് ദശാംശം കൊടുത്തിരുന്നു
ഞാന്‍
ദശാംശം കൊടുക്കുന്നതിന്‍റെ രണ്ടാമത്തെ കാരണം, എന്‍റെ ആത്മീയ പിതാവായ അബ്രഹാം ദശാംശം
കൊടുത്തിരുന്നു എന്നതാണ്.
ഈ സംഭവം എല്ലാവര്‍ക്കും അറിയാവുന്നതാണ്.
അപ്പോള്‍ അബ്രഹാമിന്റെ പേര് അബ്രാം
എന്നായിരുന്നു.
നാല്
രാജാക്കന്മാര്‍ ഒരുമിച്ചു ചേര്‍ന്ന് സൊദോം, ഗൊമോരാ എന്നീ
പട്ടണങ്ങളെ ആക്രമിച്ചു അവരുടെ വസ്തുവകകളെ കൊള്ളചെയ്യുകയും, അബ്രഹാമിന്‍റെ സഹോദരനായ
ലോത്തിനേയും പിടിച്ചുകൊണ്ട് പോകുകയും ചെയ്തു.
ഈ വിവരം അറിഞ്ഞ അബ്രഹാം തന്റെ ദാസന്മാരുമായി പുറപ്പെട്ടു പോയി, ശത്രുക്കളെ തോല്പ്പിച്ചു, ലോത്തിനെയും കൊള്ളയേയും തിരികെ കൊണ്ടുവന്നു.
തിരികെ വരുന്ന വഴിക്ക്, അത്യുന്നതനായ
ദൈവത്തിന്റെ പുരോഹിതനായിരുന്ന ശാലേംരാജാവായ മൽക്കീസേദെക്ക്, അപ്പവും വീഞ്ഞുമായി അബ്രഹാമിനെ എതിരേറ്റു ചെന്നു, അവനെ അനുഗ്രഹിച്ചു: “സ്വർഗ്ഗത്തിന്നും
ഭൂമിക്കും നാഥനായി അത്യുന്നതനായ ദൈവത്താൽ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ; നിന്റെ ശത്രുക്കളെ നിന്റെ കൈയില്‍ ഏല്പിച്ച
അത്യുന്നതനായ ദൈവം സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.
അവനു അബ്രാം സകലത്തിലും ദശാംശം കൊടുത്തു.”
മൽക്കീസേദെക്കിന് സമ്പത്തിന്‍റെ ആവശ്യം
ഉണ്ടായിരുന്നതുകൊണ്ടോ അദ്ദേഹം അത് ആവശ്യപ്പെട്ടതുകൊണ്ടോ അല്ല അബ്രഹാം ദശാംശം നല്‍കിയത്.
സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായി അത്യുന്നതനായ ദൈവത്തിന്‍റെ നാമത്തില്‍ അദ്ദേഹം
അബ്രഹാമിനെ അനുഗ്രഹിച്ചതുകൊണ്ടാണ് ദശാംശം നല്‍കിയത്.
അത്യുന്നതനായ
ദൈവത്തോടുള്ള ആരാധനയുടെയും സ്തോത്രത്തിന്റെയും ഭാഗമായിട്ടാണ് അബ്രഹാം ദശാംശം നല്‍കിയത്.
മൽക്കീസേദെക്കിന് ദശാംശം നല്‍കുന്നതിലൂടെ
അദ്ദേഹം തന്നെക്കാള്‍ ശ്രേഷ്ഠന്‍ എന്ന് അബ്രഹാം ഏറ്റുപറയുക കൂടി ആണ്.
മൽക്കീസേദെക്ക് ഒരു സാധാരണ പുരോഹിതന്‍ അല്ലായിരുന്നു;
നമുക്ക് അദ്ദേഹത്തെക്കുറിച്ച് വീണ്ടും, തുടര്‍ന്ന് വരുന്ന ഭാഗത്ത് ചിന്തിക്കാം.
അബ്രഹാം ദശാംശം കൊടുത്തതായി
രേഖപ്പെടുത്തിയിരിക്കുന്ന ഒരേഒരു ഭാഗം ആണിത്.
അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതന്‍ ആയ മൽക്കീസേദെക്കിനെ
അബ്രഹാം കണ്ടുമുട്ടുന്നതായും വീണ്ടും ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല.
ഗോത്രപിതാക്കന്മാരുടെ യുഗത്തില്‍, ഗോത്ര
പിതാവായ അബ്രഹാം ഗോത്രപിതാവും, രാജാവും, പുരോഹിതനും പ്രവാചകനും ആയിരുന്നു.
അബ്രഹാം യഹോവയായ ദൈവത്തെ ആരാധിക്കുകയും യാഗം
കഴിക്കുകയും ചെയ്തിരുന്നു.
ദശാംശം ആരാധന ആണ്.
വേദപുസ്തകം, സൃഷ്ടി മുതലുള്ള എല്ലാ മനുഷ്യരുടെയും
എല്ലാ പ്രവര്‍ത്തികളും രേഖപ്പെടുത്തിയിരിക്കുന്ന ഒരു സമ്പൂര്‍ണ്ണ ചരിത്ര പുസ്തകം
അല്ല.
അബ്രഹാമിന്‍റെയോ യാക്കൊബിന്‍റെയോ ജീവിതത്തിലെ
എല്ലാ സംഭവങ്ങളും വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടില്ല.
യേശുക്രിസ്തു പറഞ്ഞതും പ്രവര്‍ത്തിച്ചതുമായ
കാര്യങ്ങള്‍ എല്ലാം വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടില്ല.
അതുപോലെ തന്നെ മറ്റ് ഏതെങ്കിലും അവസരത്തില്‍ അബ്രഹാം
മൽക്കീസേദെക്കിനെ കണ്ടതായോ, അബ്രഹാം ദശാംശം നല്കിയതായോ വേദപുസ്തകത്തില്‍
രേഖപ്പെടുത്തിയിട്ടില്ല.
ഒരു പക്ഷെ, മൽക്കീസേദെക്ക് അല്ലാതെ യഹോവയുടെ
പുരോഹിതന്‍ ആയി മറ്റാരും അന്ന് ഉണ്ടായിരുന്നു കാണുക ഇല്ല.
അബ്രഹാം ദശാംശം കൊടുത്തത് സ്വമേധയായും, പരപ്രേരണ കൂടാതെയുമുള്ള ഒരു
പ്രവര്‍ത്തി ആയിരുന്നു.
ആരും അബ്രഹാമിനെ
നിര്‍ബന്ധിക്കുകയോ, ആവശ്യപ്പെടുകയോ ചെയ്തില്ല.
ദൈവം തന്‍റെ
മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോഴുള്ള സ്വാഭാവികമായ ആരാധനയുടെ ഭാഗം ആയിരുന്നു,
ദശാംശം നല്‍കുക എന്നത്.
ദൈവത്തിനുവേണ്ടി
കൊടുക്കുക എന്നത് എപ്പോഴും സ്വമേധയായും, സ്വാഭാവികമായും ആയിരിക്കേണം.
അബ്രഹാമിനെ
പുതിയനിയമ വിശ്വാസികളുടെ ആത്മീയ പിതാവായാണല്ലോ കണക്കാക്കിയിരിക്കുന്നത്.
സാത്താന്‍റെ
തലയെ തകര്‍ക്കുന്ന ഒരു സന്തതിയെ ദൈവം ഏദന്‍ തോട്ടത്തില്‍ വച്ച് സ്ത്രീയ്ക്ക്
വാഗ്ദത്തം ചെയ്തു.
ഈ
രീതിയിലുള്ള വീണ്ടെടുപ്പു എങ്ങനെ ആയിരിക്കും എന്നും ദൈവം ഏദന്‍ തോട്ടത്തില്‍
വച്ചുതന്നെ കാണിച്ചുകൊടുത്തു.
ദൈവം
ഒരു മൃഗത്തെ കൊന്ന് അതിന്‍റെ രക്തത്തില്‍ പുരണ്ട തോല്‍കൊണ്ട് ഒരു ഉടുപ്പുണ്ടാക്കി മനുഷ്യരുടെ
പാപത്തെ മറച്ചു.
ഇതേ
വാഗ്ദത്തം മോറിയ മലയില്‍ വച്ച് അബ്രാഹമിനോട് ആവര്‍ത്തിച്ചു.
അബ്രഹാമിന്‍റെ
വാഗ്ദത്തതിനു വിശ്വാസത്താല്‍ നമ്മളും അവകാശികള്‍ ആയിരിക്കുന്നു.
ഞാന്‍
ദശാംശം നല്‍കുവാനുള്ള രണ്ടാമത്തെ കാരണം, വിശ്വാസത്താല്‍ എന്‍റെ പിതാവായ അബ്രഹാം
ദശാംശം നല്‍കിയതിലൂടെ ഒരു നല്ല മാതൃക എനിക്ക് വച്ചിരിക്കുന്നു എന്നതാണ്.
3.
എന്‍റെ യജമാനന്‍ ദശാംശം
സ്വീകരിച്ചിരുന്നു
ഞാന്‍ ദശാംശം നല്‍കുന്നതിന്‍റെ മൂന്നാമത്തെ
കാരണം, എന്‍റെ യജമാനനായ ക്രിസ്തു, അബ്രഹാം പിതാവില്‍ നിന്നും ദശാംശം
സ്വീകരിച്ചിരുന്നു എന്നതാണ്.
അതായത് ഒരു മനുഷ്യനില്‍ നിന്നും എന്‍റെ ദൈവം
ദശാംശം സ്വീകരിച്ചിരുന്നു.
ഇതിനു അല്‍പ്പം വിശദീകരണം വേണം എന്ന് എനിക്ക്
അറിയാം.
നമ്മളുടെ ആത്മീയ പിതാവായ അബ്രഹാം, അത്യുന്നതനായ
ദൈവത്തിന്റെ പുരോഹിതനായിരുന്ന ശാലേംരാജാവായ
മൽക്കീസേദെക്കിന് ദശാംശം കൊടുത്തു എന്ന് നമ്മള്‍ രണ്ടു പ്രാവശ്യം പറഞ്ഞു
കഴിഞ്ഞല്ലോ.
ഇനി നമുക്ക് ആരായിരുന്നു മൽക്കീസേദെക്ക് എന്ന് മനസ്സിലാക്കാം.
മൽക്കീസേദെക്കിനെക്കുറിച്ച് ഉല്‍പ്പത്തി പുസ്തകം 14-)0 അദ്ധ്യായത്തില്‍ ആണ് നമ്മള്‍
വായിക്കുന്നത്.
മൽക്കീസേദെക്ക് എന്ന പേരിന്‍റെ അര്‍ത്ഥം, “നീതിയുടെ രാജാവ്” എന്നാണ്
അദ്ദേഹം ശാലേം അഥവാ യെരുശലേമിന്‍റെ രാജാവായിരുന്നു.
ശാലേം എന്ന വാക്കിന്‍റെ അര്‍ത്ഥം “സമാധാനം” എന്നാണ്; അതായത് അദ്ദേഹം “സമാധാനത്തിന്‍റെ രാജാവാണ്.”
മൽക്കീസേദെക്ക് അബ്രഹാമിനെ, സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായ
അത്യുന്നതനായ, ശത്രുക്കളുടെമേല്‍ ജയം നല്‍കിയ, ദൈവത്തിന്‍റെ നാമത്തില്‍ ആണ്
അനുഗ്രഹിച്ചത്.
അതിനാല്‍, തനിക്ക്
ലഭിച്ച സമ്പത്തിന്‍റെ ദശാംശം അബ്രഹാം മൽക്കീസേദെക്കിന്
നല്‍കി.
മൽക്കീസേദെക്ക് തന്നെക്കാള്‍ ആത്മീയമായി ശ്രേഷ്ടന്‍ ആണ് എന്ന്
അബ്രഹാം ഈ പ്രവര്‍ത്തിയിലൂടെ അംഗീകരിക്കുക ആയിരുന്നു.
എബ്രയാര്‍ക്ക് എഴുതിയ ലേഖനത്തില്‍ അപ്പോസ്തലനായ പൌലോസ് ഈ വസ്തുത
എടുത്ത് പറയുന്നുണ്ട്.
എബ്രായര്‍ 6:20 അവിടേക്കു യേശു മൽക്കീസേദെക്കിന്റെ
ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതനായി മുമ്പുകൂട്ടി നമുക്കുവേണ്ടി
പ്രവേശിച്ചിരിക്കുന്നു.
ഇതേ വിഷയം പൌലോസ്, എബ്രായര്‍ 7 ലും തുടരുക ആണ്.
ഇവിടെ മൽക്കീസേദെക്കും ക്രിസ്തുവും നീതിയുടെയും സമാധാനത്തിന്‍റെയും
രാജാക്കന്മാര്‍ ആണ്.
മൽക്കീസേദെക്കിന്‍റെ
പൌരോഹിത്യത്തിന്‍റെ അതുല്യതയെ നിഴലായ് കാണിച്ചുകൊണ്ട്, ലേഖന കര്‍ത്താവ് യേശുവിന്റെ
പൌരോഹിത്യം അഹരോന്റെ ക്രമപ്രകാരമുള്ള ലേവ്യരുടെ പൌരോഹിത്യത്തെക്കാള്‍ ശ്രേഷ്ഠം ആണ്
എന്ന് വിശദീകരിക്കുക ആണ്.
എബ്രായര്‍ 7:3 ല്‍ മൽക്കീസേദെക്കിനെ കുറിച്ച്, “അവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു.” എന്ന് പറയുന്നു.
ഈ വിവരണം യേശുക്രിസ്തുവിനു മാത്രമേ ചേര്‍ന്ന് വരുക ഉള്ളൂ.
ഒരു ഭൌതീക രാജാവും എന്നന്നേക്കും പുരോഹിതന്‍ ആയിരിക്കുക ഇല്ല; ഒരു മനുഷ്യനും
മാതാവും പിതാവും ഇല്ലാതെ ജനിക്കുക ഇല്ല.
അതുകൊണ്ട് മൽക്കീസേദെക്കിന്‍റെ പ്രത്യക്ഷത
യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷത തന്നെ ആയിരുന്നു എന്ന് അനേകം വേദപണ്ഡിതന്‍മാര്‍
വിശ്വസിക്കുന്നു.
അബ്രഹാമിനെ അനുഗ്രഹിക്കുവാനായി ക്രിസ്തു
തന്നെ നീതിയുടെയും സമാധാനത്തിന്‍റെയും രാജാവായി, മനുഷ്യരുടെയും ദൈവത്തിന്‍റെയും
ഇടയില്‍ ഏക മധ്യസ്ഥന്‍ പ്രത്യക്ഷന്‍ ആയി പ്രത്യക്ഷപ്പെട്ടു.
എബ്രായര്‍ 6:20 ല്‍ പറയുന്നു: “യേശു
മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതനായി മുമ്പുകൂട്ടി
നമുക്കുവേണ്ടി പ്രവേശിച്ചിരിക്കുന്നു.”
ഇത് പുരോഹിതന്മാരുടെ ഒരു ക്രമം കാണിക്കുന്നു.
മൽക്കീസേദെക്കിനും ക്രിസ്തുവിനും ഇടയിലുള്ള നീണ്ട കാലയളവില്‍ മറ്റൊരു
പുരോഹിതന്റെ പേര്‍ ഇതേ ക്രമത്തില്‍ പറയുന്നില്ല; ക്രിസ്തുവിനു ശേഷവും ഇല്ല.
അങ്ങനെ ഈ ക്രമം ക്രിസ്തുവില്‍ നിത്യമായി അര്‍പ്പിക്കപ്പെട്ടിരിക്കുന്നു.
ഇതു മൽക്കീസേദെക്കും യേശുവും ഒന്നാണ് എന്ന് കാണിക്കുന്നു.
110-)0 സങ്കീര്‍ത്തനം ഒരു മശിഹാ സങ്കീര്‍ത്തനം
ആണ്.
ഇവിടെ ദാവീദ് മൽക്കീസേദെക്കിനെ യേശുവിന്‍റെ നിഴലായി തന്നെ ചിത്രീകരിക്കുന്നു.
സങ്കീര്‍ത്തനം 110:4 നീ
മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.
ഒരേ സമയത്ത് രണ്ടു മഹാപുരോഹിതന്മാര്‍ ഉണ്ടാകുക സാധ്യമല്ല.
അബ്രഹാം കണ്ടുമുട്ടിയ മൽക്കീസേദെക്ക് യേശു തന്നെ ആയിരുന്നിരിക്കേണം;
ദൈവത്തിനും മനുഷ്യനും ഇടയില്‍ നമുക്ക് ഒരു
മദ്ധ്യസ്ഥന്‍ മാത്രമേ ഉള്ളൂ.
മോശെയുടെ ഉടമ്പടി പ്രകാരം പുരോഹിതന്മാരായി തിരഞ്ഞെടുക്കപ്പെട്ട
ലേവ്യപുത്രന്മാര്‍ക്ക് മനുഷ്യരുടെ പക്കല്‍ നിന്നും ദശാംശം വാങ്ങുവാന്‍ അനുവാദം
ഉണ്ടായിരുന്നു.
എന്നാല്‍ അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്ന മൽക്കീസേദെക്കിന്‍റെയോ എന്നേക്കും
മഹാപുരോഹിതനായിരിക്കുന്ന ക്രിസ്തുവിന്‍റെയോ ക്രമം ലേവ്യരില്‍നിന്നും
ആരംഭിക്കുന്നത് അല്ല.
അപ്പോസ്തോലന്‍ എബ്രായര്‍ക്കു എഴുതിയ ലേഖനത്തില്‍ ഒരു മര്‍മ്മം
വെളിപ്പെടുത്തുന്നുണ്ട്.
അബ്രഹാം മൽക്കീസേദെക്കിന് ദശാംശം കൊടുത്തപ്പോള്‍ അബ്രഹമില്‍ ഉണ്ടായിരുന്ന
ലേവ്യരും ദശാംശം കൊടുത്തിരുന്നു.
“ഉയർന്നവൻ താണവനെ അനുഗ്രഹിക്കുന്നു
എന്നതിന്നു തർക്കം ഏതുമില്ലല്ലോ.”
അതുകൊണ്ട് മൽക്കീസേദെക്കും
അദ്ദേഹത്തിന്‍റെ ക്രമപ്രകാരമുള്ള ക്രിസ്തുവും ലേവ്യരെക്കാള്‍ ഉയര്‍ന്നവര്‍ തന്നെ.
പുതിയനിയ
വിശ്വാസി ഇന്ന് നല്‍കുന്ന ദശാംശം ലേവ്യരില്‍നിന്നും ആരംഭിച്ചതല്ല.
അത് മൽക്കീസേദെക്കില്‍
നിന്നും ആരംഭിച്ച് ക്രമപ്രകാരം ക്രിസ്തുവില്‍ തുടരുകയാണ്.
അത് ദൈവത്തിന് സമര്‍പ്പിക്കപ്പെടുന്നതും, ദൈവരാജ്യത്തിന്റെ ഈ
ഭൂമിയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നതും ആണ്.
അതിനാല്‍ പുതിയനിയമ വിശ്വാസികള്‍, ലേവ്യര്‍ക്ക് അല്ല, ക്രിസ്തുവിന്
ദശാംശം കൊടുക്കുന്നു.
പഴയനിയമത്തില്‍ ജനങ്ങള്‍ ലെവ്യര്‍ക്ക് ദശാംശം കൊടുത്തത്,
അങ്ങനെ ചെയ്യുവാന്‍ ദശാംശത്തിന്റെ അധികാരി ആയ ദൈവം കല്പിച്ചതുകൊണ്ടാണ്.
അന്നും ദശാംശം ലേവ്യരിലൂടെ ദൈവത്തിനുതന്നെ സമര്‍പ്പിക്കപ്പെട്ടിരുന്നു.
ഇന്ന് നമുക്ക് ദശാംശം വാങ്ങുവാന്‍ ലേവ്യരെ ആവശ്യമില്ല; കാരണം
നമുക്ക് മൽക്കീസേദെക്കിന്‍റെ ക്രമപ്രകാരമുള്ള ദൈവത്തിന്‍റെ മഹാപുരോഹിതന്‍ ഉണ്ട്.
ദശാംശം ഇന്ന് ഒരു മനുഷ്യന് നല്‍കുക അല്ല; ദൈവമുമ്പാകെ
മനുഷ്യരില്‍ ഉയര്‍ന്നവനും താണവനും ഇല്ല.
ദശാംശം സകല മനുഷ്യരേക്കാളും, ലേവ്യ പുരോഹിതന്മാരെക്കാളും
ആത്മീയമായി ഉയര്‍ന്നവനായ ക്രിസ്തുവിനാണ് നല്‍കുന്നത്.
ഇത്രയും പറഞ്ഞതില്‍ നിന്നും അബ്രഹാം എന്ന മനുഷ്യന്‍
ക്രിസ്തുവിന് ദശാംശം കൊടുത്തിരുന്നു എന്നും ക്രിസ്തു ദശാംശം മനുഷ്യനില്‍ നിന്നും
സ്വീകരിച്ചിരുന്നു എന്നും മനസ്സിലാക്കവുന്നാതേയുള്ളൂ.
അതുകൊണ്ട് ഞാന്‍ ഇന്നും ദശാംശം എന്‍റെ യജമാനനായ ക്രിസ്തുവിന് നല്‍കികൊണ്ടിരിക്കുന്നു.
4. എന്റെ യജമാനന്‍ ദശാംശത്തെ
ദൃഢീകരിച്ചു
ഞാന്‍ ഇപ്പോഴും ദശാംശം
കൊടുക്കുന്നതിന്റെ നാലാമത്തെ കാരണം എന്റെ യജമാനന്‍ ദശാംശത്തെ ദൃഢീകരിച്ചു അഥവാ അംഗീകരിച്ചു എന്നതാണ്.
മത്തായി 23 ല്‍ യേശുക്രിസ്തു
ശാസ്ത്രിമാരുടെയും പരീശന്മാരുടെയും കപടഭക്തിയെ വിമര്‍ശിക്കുന്നുണ്ട്.
മൂന്നാമത്തെ വാക്യത്തില്‍ അവരെ വിമര്‍ശിക്കുവാനുള്ള കാരണവും
യേശു പറയുന്നുണ്ട്: “അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ.”
അഞ്ചാമത്തെ വാക്യത്തില്‍, “അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിന്നത്രേ ചെയ്യുന്നതു;” എന്നും യേശു
പറയുന്നുണ്ട്.
തീര്‍ച്ചയായും ഇതല്ല യേശു പ്രസംഗിച്ച ദൈവരാജ്യത്തിന്റെ സന്ദേശം.
യേശു പ്രഖ്യാപിച്ച ദൈവരാജ്യത്തിന്റെ പ്രമാണങ്ങള്‍ ആണ് ഗിരിപ്രഭാഷണത്തില്‍
നമ്മള്‍ കാണുന്നത്.
ഗിരി പ്രഭാഷണത്തില്‍ യേശു മോശെയുടെ പ്രമാണങ്ങള്‍ എടുത്തു അതിനു പുതിയ
വ്യാഖ്യാനങ്ങള്‍ നല്‍കുന്നു.
ഇവിടെ നിയമങ്ങളില്‍ നിന്നും, നിയമകര്‍ത്തവിന്റെ ഹൃദയത്തിലേക്ക് നമ്മളുടെ ശ്രദ്ധയെ
തിരിക്കുക ആണ്.
ഗിരിപ്രഭാഷണത്തിന്‍റെ ഉദ്ദേശ്യം നിയമങ്ങളുടെ നിര്‍ബന്ധത്താലുള്ള അനുസരണത്തില്‍
നിന്നും സ്വഭാവത്തിലെക്കും നിയമങ്ങളുടെ നീണ്ട പട്ടികയില്‍ നിന്നും
മനോഭാവത്തിലെക്കും നമ്മളെ നയിക്കുക എന്നതാണ്.
നമ്മള്‍ക്ക് ശരിയായ മനോഭാവം ഉണ്ടായികഴിയുമ്പോള്‍ എല്ലാ നിയങ്ങളും
ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ ആയി മാറും.
പൌലോസും അതുകൊണ്ട് ശരിയായ മനോഭാവത്തോടെ ദൈവത്തിന് കൊടുക്കേണം എന്ന്
പഠിപ്പിച്ചു.
2
കൊരിന്ത്യര്‍ 9:7 അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം
സ്നേഹിക്കുന്നു.
പരീശന്മാരുടെ
പ്രവര്‍ത്തികളെ വിമര്‍ശിക്കുന്നതിനിടെ യേശു ദശാംശം നല്കുന്നതിനെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.
മത്തായി 23:23 കപടഭക്തിക്കാരായ
ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു
ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത
ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു
ത്യജിക്കാതിരിക്കയും വേണം.
യേശു ഇപ്രകാരം പറഞ്ഞു എന്ന് ലൂക്കോസ്
11:42 ലും
രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ വാക്യത്തില്‍ മനസ്സിലാക്കുവാന്‍ പ്രയാസമുള്ളതായി ഒന്നും
തന്നെ ഇല്ല; അര്‍ത്ഥം വ്യക്തമാണ്.
യേശു 4 കാര്യങ്ങള്‍ ആണ് പറയുന്നത്:
1.
പരീശന്മാര്‍
അവരുടെ എല്ലാ നന്മയിലും ദശാംശം കൊടുക്കുന്നു.
2.
എന്നാല്‍ ന്യായം, കരുണ, വിശ്വസ്തത ഇവയെ
ത്യജിച്ചുകളഞ്ഞു.
3.
അവര്‍ നിശ്ചയമായും ദശാംശം കൊടുക്കേണം.
4.
ഒപ്പം അവര്‍ ന്യായം, കരുണ, വിശ്വസ്തത ഇവയെ
മറന്നുകളയരുത്.
ഇവിടെ ദശാംശം നല്‍കുന്നതിനെ യേശു ദൃഢീകരിക്കുക അഥവാ
അംഗീകരിക്കുക ആണ് ചെയ്യുന്നത്.
മത്തായി 23
ആരംഭിക്കുന്നത് :
“അനന്തരം യേശു പുരുഷാരത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞതു:” എന്ന് പറഞ്ഞുകൊണ്ടാണ്.
അതായത് യേശുവിന്‍റെ വാക്കുകള്‍ പരീശന്മാരോടും ശാസ്ത്രിമാരോടും അവിടെ
കൂടിയിരുന്ന ജനങ്ങളോടും തന്‍റെ ശിഷ്യന്മാരോടും പറഞ്ഞതാണ്.
അതായത് തന്‍റെ ശിഷ്യന്മാരെ ദശാംശം നല്‍കേണം എന്ന് തന്നെ യേശു പഠിപ്പിച്ചു.
പുതിയ
നിയമത്തില്‍ ദശാംശം നല്‍കേണം എന്ന് പഠിപ്പിക്കുന്ന വാക്യങ്ങള്‍ ഇല്ല എന്ന്
വാദിക്കുന്നവര്‍ ഇന്നു ഉണ്ട്.
എന്നാല്‍
ഓര്‍ക്കുക, അബ്രഹാമിനും യാക്കൊബിനും ദശാംശം നല്‍കേണം എന്ന് ആവശ്യപ്പെടുന്ന
വാക്യങ്ങള്‍ ഇല്ലായിരുന്നു.
ദശാംശത്തെക്കുറിച്ച്
ദൈവം ദൃഷ്ടാന്തം നല്‍കിയിട്ടുണ്ട്, പ്രമാണങ്ങള്‍ നല്‍കിയിട്ടുണ്ട്, പ്രവാചകന്മാര്‍
സംസാരിച്ചിട്ടുണ്ട്; ഇനിയും വീണ്ടും ദൈവം അതെകാര്യം പറഞ്ഞുകൊണ്ടിരിക്കേണമോ?
ഇവിടെ,
ദൈവീക വീണ്ടെടുപ്പ് പദ്ധതിയുടെ രേഖപ്പെടുത്തല്‍ എങ്ങനെ ആണ് എന്ന് ശ്രദ്ധിക്കുന്നത്
നല്ലതായിരിക്കും.
പഴയനിയമത്തില്‍
വിശദമായി പറഞ്ഞിരിക്കുന്ന മര്‍മ്മങ്ങള്‍ പുതിയമനിയമത്തില്‍ ചുരുക്കിയും
പുതിയനിയമത്തില്‍ വിശദമായി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പഴയനിയമത്തില്‍
ചുരുക്കിയും മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.
അതുകൊണ്ടാണ്,
പഴനിയമത്തിന്‍റെ പിന്‍ബലം ഇല്ലാതെ, സകല മനുഷ്യര്‍ക്കും വേണ്ടിയുള്ള യേശുവിന്‍റെ
പാപപരിഹാര യാഗത്തെ ആര്‍ക്കും വിശദീകരിക്കുവാന്‍ കഴിയാത്തത്.
മാനവരുടെ
വീണ്ടെടുപ്പിന്റെ ദൈവീക പദ്ധതിയുടെ കാലാനുഗതമായ വെളിപ്പാടുകളുടെ എഴുതപ്പെട്ട രേഖ
ആണ് വേദപുസ്തകം.
കാലാനുഗതമായ
വെളിപ്പാടുകള്‍ എന്നാല്‍ പുതിയത് പഴയതിനെ റദ്ദാക്കുക അല്ല, പുതിയത് പഴയതിനെ
കൂടുതല്‍ വിശദമാക്കുക ആണ്.; പുതിയത് പഴതിന്മേലുള്ള പുതിയ വെളിച്ചം ആണ്.
അങ്ങനെ
യേശുവും അപ്പൊസ്തലന്മാരും ദശാംശത്തിലേക്ക് പുതിയ വെളിച്ചം പകര്‍ന്നിട്ടുണ്ട്.
നമ്മള്‍ ദശാംശം കൊടുക്കേണം
എന്നും ന്യായം, കരുണ, വിശ്വസ്തത ഇവയെ മറന്നുകളയരുത് എന്നും യേശു
പഠിപ്പിച്ചു.
അപ്പോസ്തലന്‍ അത് സന്തോഷത്തോടെ കൊടുക്കേണം എന്ന് പറഞ്ഞു.
മൽക്കീസേദെക്ക്, ലേവ്യര്‍, ക്രിസ്തു എന്നിവര്‍ തമ്മിലുള്ള ബന്ധത്തില്‍
ദശാംശത്തിന്റെ പങ്ക് പൗലോസ് വിശദീകരിച്ചിട്ടുണ്ട്.
എല്ലാകാര്യത്തിലും എന്നപോലെ, പുതിയനിയമത്തില്‍ ദശാംശം നല്‍കുന്നതിലും നമ്മളുടെ
മനോഭാവം പ്രധാനപ്പെട്ടതാണ്.
എനിക്ക് വേദപുസ്തകം രണ്ടു പുസ്തകങ്ങള്‍ കൂട്ടിച്ചേര്‍ത്തു വെച്ചതല്ല,
വേദപുസ്തകം മൊത്തമായും ദൈവീക വചനം ആണ്, അത് അനുസരിക്കുവാന്‍ യോഗ്യവും ആണ്.
വേദപുസ്തകത്തില്‍ ദശാംശം നല്‍കേണം എന്ന് വ്യക്തമായി പറയുന്നു.
അതുകൊണ്ട് എന്‍റെ യജമാനന്‍
ദൃഢീകരിച്ചു അഥവാ
അംഗീകരിച്ചു എന്നതിനാല്‍
ഞാന്‍ ദശാംശം നല്‍കുന്നു.
5. അപ്പോസ്തലന്മാര്‍
ദശാംശത്തെ നീക്കിയിട്ടില്ല
ദശാംശം
നല്കുന്നതിനെതിരെയുള്ള മറ്റൊരു ആരോപണം ആണ്, അപ്പോസ്തലനായ പൗലോസ് ദശംശത്തെ നീക്കി,
അത് ‘ഓഹരി’ ആക്കി എന്നത്.
ഇതും
സത്യത്തില്‍നിന്നും അകലെനില്‍ക്കുന്ന ഒരു വാദം ആണ്.
നമുക്ക് ഗലാത്യര്‍ 6 ലേക്ക് പോകാം.
ഗലാത്യര്‍ 6:6 വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന്നു എല്ലാനന്മയിലും ഓഹരി കൊടുക്കേണം.
ഈ
വാക്യത്തിലെ “ഓഹരി” എന്ന പദമാണ് ദശംശത്തെ എതിര്‍ക്കുന്നവര്‍ എടുത്ത് കാണിക്കുന്നത്.
ഇതിനാല്‍
പൗലോസ് ദശാംശത്തെ നീക്കി പകരം “ഓഹരി” സ്ഥാപിച്ചു എന്നാണ് വാദം.
നമുക്ക് ഈ
വാക്യത്തിലേക്കും അതിന്‍റെ സാഹചര്യത്തിലേക്കും നോക്കാം.
ഈ
വാക്യത്തിലെ “ഓഹരി” എന്ന പദത്തിന് ഗ്രീക്കില്‍ ഉപയോഗിച്ചിരിക്കുന്ന “koinoneo” എന്ന വാക്ക് ക്രിയാപദം
ആണ്.
അതിന്‍റെ അര്‍ത്ഥം
“ഓഹരി വക്കുക, പങ്കുവെക്കുക, വിതരണം ചെയ്യുക, പങ്കാളി ആകുക, പകരുക” എന്നിങ്ങനെ
ആണ്.
ഇംഗ്ലിഷില്‍
King James Version ല്‍ communicate അഥവാ ‘പകരുക’
എന്ന വാക്ക് ആണ് ഉപയോഗിച്ചിരിക്കുന്നത്.
നമുക്ക് ഗലാത്യര്‍ 6 ല്‍ പൌലോസ്
പറയുന്ന കാര്യങ്ങള്‍ എന്തെല്ലാം ആണ് എന്ന് നോക്കാം.
ഒന്നാമത്തെ വാക്യം
– വല്ല തെറ്റിലും അകപ്പെട്ടുപോയവരെ യഥാസ്ഥാനപ്പെടുത്തുവീന്‍
രണ്ടാമത്തെ വാക്യം
- തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ
മൂന്നാമത്തെയും നാലാമത്തെയും വാക്യം – സ്വയം നീതീകരണത്തിനെതിരെയുള്ള
മുന്നറിയിപ്പ്.
അഞ്ചാമത്തെ വാക്യം - ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ.
ഇതു പറഞ്ഞതിനു ശേഷം, ആറാമത്തെ
വാക്യത്തില്‍ പറയുന്നു: വചനം പഠിപ്പിക്കുന്നവന്‍റെ ആവശ്യങ്ങളില്‍ ഒരു പങ്ക്
അല്ലെങ്കില്‍ ഒരു ഓഹരി, വചനം പഠിക്കുന്നവൻ നല്‍കേണം.
നമ്മള്‍
വായിച്ച ഈ വേദഭാഗത്തു ദശാംശം കൊടുക്കണമോ, അതിനെ മറ്റൊന്നുകൊണ്ട് മാറ്റികളയണോ
എന്നതല്ല വിഷയം എന്നത് വ്യക്തമാണല്ലോ.
ക്രിസ്തീയ
ശുശ്രൂഷകരെ ഗലാത്യ സഭയിലുള്ള ചിലര്‍ വേണ്ടവിധം സഹായിക്കുന്നില്ല എന്നതാണ് ഈ
വേദഭാഗത്തിന്റെ പശ്ചാത്തലം.
അതുകൊണ്ട്
ശുശ്രൂഷകന്മാരുടെ ആവശ്യങ്ങളില്‍ പൊതുവായ ഒരു പങ്കാളിത്തം പൌലോസ് ആവശ്യപ്പെടുക ആണ്.
വിശ്വാസികളുടെ
നന്മയില്‍ നിന്നും ഒരു പങ്ക് വചനം പഠിപ്പിക്കുന്നവര്‍ക്ക് നല്‍കി അവരെ പിന്താങ്ങേണം
എന്ന് പൌലോസ് പ്രബോധിപ്പിക്കുക ആണ്.
ഒരു പിതാവ്
തന്റെ സ്വത്ത് മക്കള്‍ക്കായി വിഭാഗിച്ചു കൊടുക്കുന്നതുപോലെ നമ്മള്‍ നമ്മളുടെ
സമ്പത്ത് വിഭാഗിച്ചു ദൈവദാസാന്മാര്‍ക്ക് കൊടുക്കേണം എന്ന ആശയം ഇവിടെ ഇല്ല.
അതിലുപരിയായി,
പഴയനിയമ പ്രമാണങ്ങള്‍ക്ക് പുതിയ വ്യാഖ്യാനം നല്‍കുവാന്‍ പൌലോസിനു അധികാരം
ഉണ്ടായിരുന്നില്ല.
യഹൂദ
മതവിശ്വാസ പ്രകാരം റബ്ബിമാരില്‍ തന്നെ ചുരുക്കം ചിലര്‍ക്ക് മാത്രമേ ന്യായപ്രമാണങ്ങളെ
വ്യാഖ്യാനിക്കുവാന്‍ അധികാരം ഉണ്ടായിരുന്നുള്ളൂ.
യേശു
ഇപ്രകാരം അധികാരമുള്ള റബ്ബി ആയിട്ടാണ് ഈ ഭൂമിയില്‍ ആയിരുന്ന കാലമെല്ലാം ശുശ്രൂഷ
ചെയ്തിരുന്നത്.
യേശു ഉള്‍പ്പടെയുള്ള
റബ്ബിമാരില്‍ ആരുംതന്നെ ന്യായപ്രമാണത്തെ മാറ്റി പുതിയ ഒന്ന് സ്ഥാപിച്ചിട്ടില്ല.
യേശുവിന്‍റെ
മരണം പോലും ന്യായപ്രമാണത്തിന്റെ വ്യവസ്ഥകള്‍ പ്രകാരമുള്ള പാപ പരിഹാര യാഗം
ആയിരുന്നു.
ക്രിസ്തീയ
വിശ്വാസത്തില്‍ റബ്ബി എന്ന ആശയം ഇല്ല, യേശുവിന്‍റെ ശിഷ്യന്മാര്‍ മാത്രമേ ഉള്ളൂ.
യേശുവിന്റെ
ശിഷ്യന്മാര്‍ ആരും തന്നെ, നിലവില്‍ ഇരുന്ന വ്യാഖ്യാനങ്ങളെ മാറ്റി പുതിയതൊന്നു
സ്ഥാപിക്കുവാന്‍ അധികാരം ഉള്ളവര്‍ ആയിരുന്നില്ല; പൗലോസ് ഉള്‍പ്പെടെ, ആരും അതിനു
ശ്രമിച്ചിട്ടും ഇല്ല.
യേശു ദൃഢമാക്കിയ അഥവാ
അംഗീകരിച്ച ദശാംശം എന്ന ആശയത്തെ മാറ്റി മറ്റൊന്ന് സ്ഥാപിക്കുവാന്‍ പൌലോസ്
ശ്രമിച്ചു എന്നത് ചിന്തിക്കുവാന്‍ പോലും പ്രയാസം ആണ്.
യേശു ദൃഢമാക്കിയ ഒരു
ഉപദേശത്തെ മാറ്റി മറ്റൊന്ന് വിശ്വസിക്കുവാനും അനുധാവനം ചെയ്യുവാനും തുടങ്ങുമ്പോള്‍
നമ്മള്‍ യേശുവിന്‍റെ ശിഷ്യത്വം ഉപേക്ഷിക്കുക ആണ്.
യേശു ദൃഢമാക്കിയ ഒരു
ഉപദേശത്തെ മാറ്റി മറ്റൊന്ന് സ്ഥാപിക്കുവാന്‍ അപ്പോസ്തലന്മാര്‍ക്ക് അധികാരം ഇല്ലാ
എന്നതിനാലും, അതിന് ആരും ശ്രമിച്ചിട്ടില്ല എന്നതുകൊണ്ടും, ഞാന്‍ ദശാംശം
കൊടുക്കുന്നു.
എല്ലാം ദൈവത്തിന്‍റെതാണ്
ഞാന്‍ എന്തുകൊണ്ട് ദശാംശം
കൊടുക്കുന്നു എന്നതിന് 5 കാരണങ്ങള്‍
ഞാന്‍ പറഞ്ഞു കഴിഞ്ഞു.
ദശാംശത്തെ
വെറുക്കുന്നവരുടെ മറ്റൊരു പഠിപ്പിക്കല്‍ കൂടി പരിശോധിച്ചിട്ട് നമുക്ക് ഈ സന്ദേശം
അവസാനിപ്പിക്കാം.
അവരുടെ വാദം ഇതാണ്:
പഴയനിയമത്തില്‍ 10% മാത്രം ദൈവത്തിന്റെത് ആയിരുന്നു, എന്നാല്‍ പുതിയ നിയമത്തില്‍
എല്ലാം ദൈവത്തിന്റെത് ആണ്.
വളരെ വിശുദ്ധവും ഭക്തി
നിര്‍ഭരവുമായ ഒരു വാദം ആണിത് എന്ന് നമുക്ക് തോന്നും.
എന്നാല്‍ ഇത് തെറ്റായ ഒരു
വാദം ആണ്.
തങ്ങളുടെ സമ്പത്ത്
മുഴുവനും ദൈവത്തിന്റെതാണ് എന്നുതന്നെ ആണ് പഴയനിയമ വിശ്വാസികളും
വിശ്വസിച്ചിരുന്നത്; പുതിയനിയമത്തിലും ഇതിന് മാറ്റമില്ല.
പഴയനിയമ വിശ്വാസികള്‍ക്ക്
ഇതു പറച്ചില്‍ മാത്രമല്ല, പ്രവര്‍ത്തിയും ആയിരുന്നു; പുതിയനിയമ വിശ്വാസികള്‍ക്ക്
ഇതൊരു പറച്ചില്‍ മാത്രം ആണ്.
സകല ശത്രുക്കളുടെയും മേല്‍ വിജയം ലഭിച്ചതിനു ശേഷം, വിശ്രമത്തിന്റെ നാളുകള്‍
ലഭിച്ചപ്പോള്‍ ദാവീദ് ദൈവത്തിന്‍റെ ആലയം നിര്‍മ്മിക്കുവാന്‍ ആഗ്രഹിച്ചു.
എന്നാല്‍ ദൈവം അവനെ അതിന് അനുവദിച്ചില്ല.
ദാവീദിന്റെ മകനായ ശലോമോന്‍ ദൈവാലയം പണിയും എന്ന് ദൈവം അരുളിച്ചെയ്തു.
എങ്കിലും ദൈവാലയത്തിന്റെ പണിക്ക് ആവശ്യമായതില്‍ തനിക്ക് കഴിയുന്നതെല്ലാം
മനപ്പൂര്‍വ്വ ദാനമായി നല്‍കുവാന്‍ ദാവീദ് തീരുമാനിച്ചു.
അങ്ങനെ സ്വര്‍ണ്ണവും വെള്ളിയും, താമ്രവും, ഇരുമ്പും, നാനവർണ്ണമുള്ള കല്ലുകളും, വിലയേറിയ സകലവിധ രത്നങ്ങളും, മറ്റ് വിലകൂടിയ അനേകം കാര്യങ്ങള്‍ ദാവീദ് രാജാവിന്റെ ഭാണ്ടാരത്തില്‍ നിന്നും ദാനമായി നല്‍കി.
അതുശേഷം ദൈവാലയ പണിക്കായി
മനപ്പൂര്‍വ്വ ദാനങ്ങളെ നല്‍കുവാന്‍ അവന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കി.
അവരും സന്തോഷത്തോടെ, പൊന്നും, തങ്കവും,
വെള്ളിയും, താമ്രവും, ഇരിമ്പും, രത്നങ്ങളും, കൊടുത്തു.
ശേഷം ദാവീദ് സമ്പത്തിന്റെ
പിന്നിലെ വലിയ മര്‍മ്മം പ്രസ്താവിക്കുന്നുണ്ട്: സകല ധനവും ബഹുമാനവും ദൈവത്തിങ്കൽനിന്നു വരുന്നു.
1 ദിനവൃത്താന്തം 29:14 എന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂർവ്വമായി ദാനം ചെയ്യേണ്ടതിന്നു
പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ ജനവും
എന്തുള്ളു? സകലവും
നിങ്കൽനിന്നല്ലോ വരുന്നതു; നിന്‍റെ
കയ്യിൽനിന്നു വാങ്ങി ഞങ്ങൾ നിനക്കു തന്നതേയുള്ളു.
അവരുടെ സമ്പത്ത്, സകലവും ദൈവത്തിങ്കൽനിന്നാണ് വരുന്നതു
എന്നും ദൈവത്തിനു കൊടുക്കുമ്പോള്‍ തങ്ങളുടെ പക്കല്‍ നിന്നും യാതൊന്നും
കൊടുക്കുന്നില്ല എന്നും അവര്‍ വിശ്വസിച്ചു.
ഇവിടെ ദാവീദും ജനങ്ങളും ആലയം പണിക്കായി ദാനങ്ങളെ നല്‍കിയത്
ഒരു ഗണിത ശാസ്ത്ര പ്രകാരമുള്ള കണക്കിന്‍റെ അടിസ്ഥാനത്തില്‍ അല്ല, അവര്‍ക്ക്
ഹൃദയത്തില്‍ തോന്നിയതുപോലെ മനപ്പൂര്‍വ്വമായും സന്തോഷത്തോടെയും കൊടുത്തു.
ഉപസംഹാരം
ഞാന്‍ ഈ സന്ദേശം
അവസാനിപ്പിക്കട്ടെ.
ഞാന്‍ എന്തുകൊണ്ട് ദശാംശം
കൊടുക്കുന്നു?
മോശയുടെ ന്യായപ്രമാണത്തിനും
മുമ്പേ, പുരാതന കാലം മുതല്‍ ദശാംശം എന്ന ആശയം നിലനിന്നിരുന്നു.
ന്യായപ്രമാണം ഇല്ലാതെ തന്നെ
എന്‍റെ ആത്മീയ പിതാവായ അബ്രഹാം ദശാംശം നല്‍കി.
എന്‍റെ യജമാനനായ ക്രിസ്തു മൽക്കീസേദെക്കിലൂടെ
ദശാംശം മനുഷ്യനില്‍ നിന്നും സ്വീകരിച്ചു.
എന്‍റെ യജമാനനായ ക്രിസ്തു ദശാംശത്തെ ദൃഢമാക്കി.
അപ്പോസ്തലന്മാര്‍ ആരും ദശാംശത്തെ മാറ്റി
മറ്റൊന്ന് സ്ഥാപിച്ചിട്ടില്ല.
അതുകൊണ്ട് ഞാന്‍ ദശാംശം നല്‍കുന്നത് തുടരുന്നു; അത് എനിക്കൊരു ഗണിത ശാസ്ത്രപ്രകാരമുള്ള
കണക്കല്ല; ഞാന്‍ ഇന്ന് പത്ത് ശതമാനത്തില്‍ കൂടുതല്‍ കൊടുക്കുന്നു.
അവാസിപ്പുക്കുന്നതിനു
മുമ്പ് മറ്റൊരു കാര്യം നിങ്ങളെ ഓര്‍മ്മിപ്പിക്കട്ടെ:
എല്ലാമാസവും ഒന്നാമത്തെ
ശനിയാഴ്ച വൈകിട്ട് 5 മണിക്ക്, പവ്വര്‍ വിഷന്‍ TV ല്‍ ദൈവവചനത്തിന്‍റെ മര്‍മ്മങ്ങള്‍
പങ്കിടുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
മറക്കാതെ കാണുക,
മറ്റുള്ളവരെയും കൂടെ ക്ഷണിക്കുക.
എല്ലാമാസവും ഒന്നാമത്തെ
ശനിയാഴ്ച വൈകിട്ട് 5 മണിക്ക്, പവ്വര്‍ വിഷന്‍ TV ല്‍.
ഈ സന്ദേശം വായിച്ചതിനു വളരെ നന്ദി.
ഇതിന്‍റെ വീഡിയോ കാണുവാന്‍ സന്ദര്‍ശിക്കുക: https://www.youtube.com/watch?v=73BBfVbnSK8
ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!
ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍!
No comments:
Post a Comment