നഗ്നരും ലജ്ജിതരുമായി

മനുഷ്യ നിര്‍മ്മിതമായ യാതൊന്നിനും നമ്മളുടെ പാപങ്ങളെ ദൈവത്തില്‍ നിന്നും മറച്ചുവെക്കുവാന്‍ കഴിയില്ല എന്നതിനാല്‍, നഗ്നരും പാപത്താല്‍ ലജ്ജിതരും ആയി ദൈവസന്നിധിയില്‍ നില്‍ക്കുന്നതാണ് സത്യസന്ധത.
നമ്മളുടെ പാപങ്ങളെയും അതിന്റെ ലജ്ജയേയും ദൈവം പാപപരിഹാര രക്തത്താല്‍ മൂടിമറയ്ക്കട്ടെ.

ഇതാണ് ഈ സന്ദേശത്തിന്റെ മുഖ്യ വിഷയം.

നഗ്നരും ലജ്ജിതരുമായി

ഉല്പ്പത്തി പുസ്തകം 3-)0 അദ്ധ്യായം 9 മുതല് 11 വരെയുള്ള വാക്യങ്ങളില് നമ്മള് ഇപ്രകാരം വായിക്കുന്നു.

9   യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു.
10  തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവൻ പറഞ്ഞു.
11  നീ നഗ്നനെന്നു നിന്നോടു ആർ പറഞ്ഞു? തിന്നരുതെന്നു ഞാൻ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവൻ ചോദിച്ചു.

 ഇത് ഉല്‍പ്പത്തി പുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന മനുഷ്യന്‍റെ വീഴ്ചയുടെ കഥ ആണ്.
ദൈവം പതിവുപോലെ വൈകുന്നേരം മനുഷ്യരെ കാണുവാനും കൂട്ടായ്മയില്‍ ആയിരിക്കുവാനുമായി ഏദന്‍ തോട്ടത്തില്‍ എത്തി.
സാധാരണ, ദൈവത്തിന്‍റെ വരവിനായി കാത്തിക്കുന്ന മനുഷ്യരെ അന്നു പതിവിനു വിപരീതമായി തോട്ടത്തില്‍ എങ്ങും കണ്ടില്ല.
സര്‍വ്വജ്ഞാനി ആയ ദൈവം അവരെ വിളിച്ചു, “നീ എവിടെ എന്നു ചോദിച്ചു.
മറുപടി ആയി ആദം വിളിച്ചുപറഞ്ഞു: “ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവൻ പറഞ്ഞു.
അവര്‍ ദൈവത്തിന്‍റെ അടുത്തു ഉണ്ട്, എങ്കിലും നഗ്നരും ലജ്ജിതരുമാകയാല്‍ വൃക്ഷങ്ങളുടെ ഇടയില്‍ ഒളിച്ചിരിക്കുക ആണ്.
ഇതിനോടുള്ള ദൈവത്തിന്‍റെ ആദ്യ പ്രതികരണം, “നീ നഗ്നനെന്നു നിന്നോടു ആർ പറഞ്ഞു?” എന്നൊരു ചോദ്യം ആയിരുന്നു.
തുടര്‍ന്നു മനുഷ്യരുടെ നഗ്നതയ്ക്കും ലജ്ജക്കും കാരണം എന്തായിരിക്കാം എന്ന് ദൈവം തന്നെ പറഞ്ഞു: “തിന്നരുതെന്നു ഞാൻ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവൻ ചോദിച്ചു.

ദൈവം ആണ് ഈ പ്രപഞ്ചത്തില്‍ സകലതും സൃഷ്ടിച്ചത്.
മനുഷ്യര്‍ക്ക് ദൈവം സ്വതന്ത്ര ഇശ്ചാശക്തി നല്‍കി; സ്വര്‍ഗ്ഗരാജ്യത്തോട് വിശ്വസ്തതയോടെ ജീവിക്കുവാനും സ്വര്‍ഗ്ഗവുമായുള്ള ബന്ധം വിശ്ചെദിച്ചു ശത്രുവിന്‍റെ പക്ഷം ചേരുവാനും ദൈവം സ്വാതന്ത്ര്യം നല്‍കി.
ഉല്‍പ്പത്തി 2:9 ല്‍ പറയുന്നപ്രകാരം അനുസരണത്തിന്‍റെയും ജീവന്‍റെയും അടയാളമായും മത്സരത്തിന്റെയും ശാപത്തിന്റെയും അടയാളമായും രണ്ട് വൃക്ഷങ്ങളെ ദൈവം ഏദന്‍ തോട്ടത്തില്‍ വേര്‍തിരിച്ചു.
അവ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷവും ആയിരുന്നു.
ജീവവൃക്ഷത്തിന്റെ ഫലം കഴിച്ചു ജീവിക്കുവാനും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിന്‍റെ ഫലം കഴിച്ചു മരിക്കുവാനും മനുഷ്യന് സ്വാതന്ത്ര്യം ലഭിച്ചു.
അങ്ങനെ ആണ് മനുഷ്യര്‍ സൃഷ്ടിക്കപ്പെട്ടതും, മനുഷ്യര്‍ ജീവിക്കേണം എന്ന് ദൈവം ആഗ്രഹിച്ചതും.

നമ്മളുടെ സന്ദേശത്തിലെ ഒരു ചിന്ത ഉല്‍പ്പത്തി 2:25 നെ കേന്ദ്രീകരിച്ച് ആണ്.

ഉല്‍പ്പത്തി 2:25 മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവർക്കു നാണം തോന്നിയില്ലതാനും.

ആദമും ഹവ്വയും നഗ്നര്‍ ആയിരുന്നു, പക്ഷെ നാണം തോന്നിയില്ല. എന്തുകൊണ്ട്?
ഈ ചോദ്യത്തിന് നമ്മള്‍ സാധാരണ പറയാറുള്ള ഒരു മറുപടി ഉണ്ട്:
അവര്‍ ദൈവ തേജസ്സിനാല്‍ മൂടപ്പെടിരുന്നു എന്നതിനാല്‍ അവര്‍ക്ക് നഗ്നതയോ നാണമോ തോന്നിയില്ല.
റോമര്‍ 3:23 ഇങ്ങനെ ആണ് പറയുന്നത്: “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,
അതിന്‍റെ അര്‍ത്ഥം, ആദമും ഹവ്വയും ദൈവതെജസ്സിനാല്‍ മൂടപ്പെട്ടിരുന്നു, പാപം ഹേതുവായി അവര്‍ക്ക് തേജസ്സ് നഷ്ടപ്പെട്ടു.

നാണം ഇല്ലാത്ത നഗ്നതയെക്കുറിച്ചു നമുക്ക് ചിന്തിക്കുവാന്‍ കഴിയുക ഇല്ല.
ലജ്ജ നഗ്നതയോട് ചേര്‍ന്നിരിക്കുന്നു; നഗ്നത നാണം ആണ്.
അതുകൊണ്ട് ആദമും ഹവ്വയും നഗ്നര്‍ ആണ് എന്ന് വായിക്കുമ്പോള്‍ വേഗം നമ്മള്‍ അവരെ എന്തെങ്കിലും കൊണ്ട് ഉടുപ്പിക്കുവാന്‍ ശ്രമിക്കും.
അതുകൊണ്ട്, ദൈവ തേജസ്സിനാല്‍ മൂടപ്പെട്ടിരുന്നതിനാല്‍ അവര്‍ നഗ്നര്‍ അല്ലായിരുന്നു എന്ന് നമ്മള്‍ വാദിക്കും; എന്നാല്‍ സത്യം അതല്ല എന്ന് ദൈവവചനം തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ദൈവ തേജസ്സ് നമ്മള്‍ ഉടുക്കുന്നതുപോലെയുള്ള വസ്ത്രം അല്ല.
അതിന്‍റെ ഉദ്ദേശ്യം നഗ്നതയെ വസ്ത്രം മറയ്ക്കുന്നതുപോലെ മറയ്ക്കുക എന്നതല്ല.
നമ്മളുടെ അനുദിന ജീവിതത്തില്‍ നമ്മള്‍ അനുഭവിക്കുന്ന ദൈവസാന്നിധ്യമാണ് മനുഷ്യരുടെ മേല്‍ ഉണ്ടായിരുന്ന ദൈവീക തേജസ്സ്.
ദൈവത്തിന്‍റെ സ്വരൂപവും സാദൃശ്യവും അവര്‍ക്ക് ലഭിച്ചത് ദൈവ തേജസ്സിനാല്‍ ആണ്.

എന്നാല്‍ ദൈവതേജസ്സു നഷ്ടപ്പെട്ടതുകൊണ്ടല്ല അവര്‍ നഗ്നര്‍ ആയതു.
പാപത്തിനു മുമ്പും മനുഷ്യര്‍ നഗ്നര്‍ ആയിരുന്നു എന്ന് ദൈവവചനം പറയുന്നു.
ദൈവ തേജസ്സിനാല്‍ അവര്‍ മൂടപ്പെട്ടിരുന്നു എങ്കിലും അവര്‍ നഗ്നര്‍ ആയിരുന്നു.
“മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവർക്കു നാണം തോന്നിയില്ലതാനും.”

അവര്‍ പാപത്തിനു ശേഷവും നഗ്നര്‍ ആയിരുന്നു
ദൈവം, നീ എവിടെ എന്നു ചോദിച്ചപ്പോള്‍ തങ്ങള്‍ നഗ്നര്‍ ആണ് എന്നായിരുന്നു ആദമിന്‍റെ മറുപടി.
എന്നാല്‍ നമ്മള്‍ക്ക് അറിയാം, ദൈവം വരുന്നതിനു മുമ്പായി തന്നെ മനുഷ്യര്‍, “അത്തിയില കൂട്ടിത്തുന്നി തങ്ങൾക്കു അരയാട ഉണ്ടാക്കി.” (ഉല്‍പ്പത്തി 3:7)
അവര്‍ പരസ്പരം നോക്കിയപ്പോള്‍ തങ്ങളുടെ നഗ്നത മറഞ്ഞിരിക്കുന്നത് കണ്ടു.
അവര്‍ അവര്‍ക്ക് മുമ്പില്‍ നഗ്നര്‍ ആയിരുന്നില്ല; അവര്‍ മനുഷ്യര്‍ക്ക്‌ മുമ്പില്‍ നഗ്നര്‍ ആയിരുന്നില്ല.
എന്നിട്ടും ദൈവം വിളിച്ചപ്പോള്‍ അവര്‍ വൃക്ഷങ്ങളുടെ ഇടയില്‍ ഒളിച്ചു; തങ്ങള്‍ നഗ്നര്‍ ആണ് എന്ന് വിളിച്ചു പറഞ്ഞു.

എന്ന് പറഞ്ഞാല്‍, ആദമും ഹവ്വയും ദൈവമുമ്പാകെ വരുവാന്‍ തയ്യാറാകാതെ ഇരുന്നത് അവര്‍ക്ക് നഗ്നതയാല്‍ ലജ്ജ തോന്നിയാതിനാല്‍ ആണ്.
ഇവിടെ നഗ്നത അല്ല വിഷയം, നാണം ആണ്.

അവര്‍ പാപം ചെയ്തു കഴിഞ്ഞപ്പോള്‍ എന്താണ് സംഭവിച്ചത് എന്ന് നമുക്ക് വായിക്കാം:

ഉല്പ്പത്തി 3:7  ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങൾ നഗ്നരെന്നു അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങൾക്കു അരയാട ഉണ്ടാക്കി.

ഉടനെ ഇരുവരുടെയും കണ്ണു തുറന്നു”, എന്നതിന്‍റെ അര്‍ത്ഥം പാപത്തിന് മുമ്പ് അവരുടെ കണ്ണുകള്‍ അടഞ്ഞു അന്ധര്‍ ആയിരുന്നു എന്നല്ല.
അവര്‍ക്ക് മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ കാണുവാന്‍ കഴിഞ്ഞു എന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്.
അവര്‍ പാപത്തിന് മുമ്പും നഗ്നര്‍ ആയിരുന്നു; അവര്‍ക്ക് അത് കാണുവാനും കഴിഞ്ഞിരുന്നു.
ഇപ്പോള്‍ അവര്‍ക്ക് കൂടുതല്‍ കാണുവാന്‍ കഴിഞ്ഞു – അവര്‍ നഗ്നതയുടെ നാണം കൂടെ കണ്ടു.
നാണം എന്നത് പാപം കൂട്ടിച്ചേര്‍ത്ത ഘടകം ആണ്.

ഉല്‍പ്പത്തി 2:25 ല്‍ രേഖപ്പെടുത്തിയിരിക്കുന്ന വാക്യത്തിലും പാപത്തിനു ശേഷം ഉള്ള ആദമിന്റെയും ഹവ്വയുടെയും പ്രതികരണത്തിലും ഈ സമസ്യക്കുള്ള പരിഹാരം ഉണ്ട്.
ഉല്‍പ്പത്തി 2:25 ല്‍ പറയുന്നു: “മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവർക്കു നാണം തോന്നിയില്ലതാനും.”
പാപത്തിനു മുമ്പ് അവര്‍ അത്തിയില കൊണ്ട് തങ്ങളുടെ നഗ്നതയെ മറയ്ക്കുവാന്‍ ശ്രമിച്ചില്ല.
കാരണം അവരുടെ നഗ്നതയെ മറയ്ക്കേണ്ടുന്ന ആവശ്യം ഉണ്ടായിരുന്നില്ല.
എന്നാല്‍ പാപത്തിനു ശേഷം അവര്‍ ഉടന്‍ തന്നെ അത്തിയില കൊണ്ട് അരയാട ഉണ്ടാക്കി തങ്ങളുടെ നഗ്നതയെ മറയ്ക്കുവാന്‍ ശ്രമിച്ചു.

ഇവിടെ നമ്മള്‍ രണ്ടു തരത്തിലുള്ള നഗ്നതയെ കാണുകയാണ് – നാണമില്ലാത്ത നഗ്നതയും നാണം ഉള്ള നഗ്നതയും.
പാപത്തിനു ശേഷം അവര്‍ മറയ്ക്കുവാന്‍ ശ്രമിച്ചത് നാണമുള്ള നഗ്നതയെ ആണ്.
ഇതിനായി അവര്‍ അത്തി ഇലകള്‍ കൂട്ടിച്ചേര്‍ത്തു ഒരു അരയാട ഉണ്ടാക്കി.

ഈ ഇലകള്‍ മൂന്നാമതൊരു വൃക്ഷത്തെ കാണിക്കുന്നു.
ജീവന്‍റെ വൃക്ഷം, നന്മ തിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷം എന്നിവ അത്തിവൃക്ഷം അല്ല.
ആദമും ഹവ്വയും അവരുടെ നഗ്നത മറയ്ക്കുവാന്‍ മൂന്നാമതൊരു വൃക്ഷം കണ്ടെത്തി.
ആദം ഹവ്വയെ നോക്കി, ഹവ്വ ആദമിനെ നോക്കി; അവരുടെ നഗ്നത മറയ്ക്കപ്പെട്ടിരുക്കുന്നാതായി കണ്ടു.

ഉല്‍പ്പത്തി 3:8 ല്‍ നമ്മള്‍ വീണ്ടും വായിക്കുന്നു: വൈകുന്നേരം ആയപ്പോള്‍, “യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു.

ഇപ്പോള്‍ ഇവിടെ ജീവവൃക്ഷവും, നന്മ തിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷവും, അരയട ഉണ്ടാക്കിയ ഇലകളുടെ അത്തിവൃക്ഷവും, അവര്‍ ദൈവത്തില്‍ നിന്നും ഒളിച്ച വൃക്ഷങ്ങളേയും കാണാം.
വൃക്ഷങ്ങളുടെ ഈ ചിത്രത്തിന് ഒരു മര്‍മ്മം ഉണ്ട്; അത് നമുക്ക് പിന്നീട് ചിന്തിക്കാം.

ദൈവം വിളിച്ചപ്പോള്‍ തങ്ങള്‍ നഗ്നര്‍ ആണ് എന്ന് ആദം സമ്മതിച്ചു.
ഇവിടെ ആണ് ആ ചോദ്യം ഉയരുന്നത്: വലിയ അത്തിയിലകളാല്‍ ഉണ്ടാക്കിയ അരയട ഉടുത്തിരുന്നപ്പോള്‍ അവര്‍ക്ക് എന്തുകൊണ്ട് നഗ്നത തോന്നി.
യാതൊന്നും തങ്ങളുടെ അരയില്‍ ഉടുക്കാതെ ആണ് അവര്‍ ഇന്നെയോളം എല്ലാ ദിവസവും വൈകുന്നേരം, ദൈവത്തിന്‍റെ മുന്നില്‍ നിന്നത്.
എന്തുകൊണ്ട് അന്നും, പ്രത്യേകിച്ച് യാതൊന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്‍, പതിവുപോലെ അരയട ഇല്ലാതെ തന്നെ ദൈവത്തിന്റെ മുന്നില്‍ നില്‍ക്കാഞ്ഞത് എന്ത്?
അവര്‍ പാപത്തിന് മുമ്പും ശേഷവും നഗ്നര്‍ ആയിരുന്നു.
എന്നാല്‍ പാപത്തിന് മുമ്പ് അവര്‍ ലജ്ജിതര്‍ ആയിരുന്നില്ല; പാപത്തിനുശേഷം ലജ്ജിതര്‍ ആയി.
അതിന്‍റെ അര്‍ത്ഥം, നാണം പാപത്തിന്‍റെ ഫലമായുളവായതാണ്, അത് മനുഷ്യരെയും ദൈവത്തെയും തമ്മില്‍ അകറ്റി.
ദൈവവും മനുഷ്യനും തമ്മിലുള്ള അകല്‍ച്ചയുടെ കാരണം പാപത്തിന്‍റെ നാണം ആണ്.
എന്തുകൊണ്ടാണ് ഇന്നും മനുഷ്യര്‍ ദൈവ മുമ്പാകെ നില്‍ക്കുവാന്‍ ആഗ്രഹിക്കാത്തത് എന്നതിന്‍റെ ഉത്തരം ഇതാണ്.
നാണം ആണ് കാരണം നഗ്നത അല്ല; കാരണം മനുഷ്യര്‍ എല്ലാവരും എപ്പോഴും ദൈവമുമ്പാകെ നഗ്നര്‍ ആണ്.

എബ്രായര്‍ 4:13 അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളതു.

അര്‍ത്ഥം വ്യക്തമാണ്: നമ്മള്‍ എപ്പോഴും ദൈവ മുമ്പാകെ നഗ്നര്‍ ആയിരിക്കുന്നു.
എന്നാല്‍ ഈ സത്യത്തെ അഭിമുഖീകരിക്കാതെ, നമ്മളുടെ പാപങ്ങളെ നമ്മള്‍ ഉണ്ടാക്കിയ അരയാടകളാല്‍ വിജയകരമായി മൂടിയിരിക്കുന്നു എന്ന ഒരു മിഥ്യാധാരണ സൃഷ്ടിച്ചു അതിനുള്ളില്‍ കഴിയുവാന്‍ നമ്മള്‍ ആഗ്രഹിക്കുക ആണ്.
മതപരമായ പ്രവര്‍ത്തികളാലും ചടങ്ങുകളാലും, ലോകപ്രകാരമുള്ള നല്ല പ്രവര്‍ത്തികളാലും, തത്വ ശാസ്ത്രങ്ങളാലും, മത്സരമനോഭാവം കൊണ്ടും, നിര്‍ലജ്ജമായ പ്രവര്‍ത്തികളാലും ഇപ്രകാരമൊരു അയാര്‍ത്ഥമായ അരയാട ഉണ്ടാക്കുവാന്‍ നമ്മള്‍ ശ്രമിക്കുക ആണ്.
ഒരു മിഥ്യാലോകത്ത് ജീവിക്കുവാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു.

എന്നാല്‍ നമ്മള്‍ ഒരിക്കലും ദൈവത്തിന്‍റെ മുമ്പാകെ നില്‍ക്കുവാന്‍ ആഗ്രഹിക്കുന്നില്ല; കാരണം നമ്മള്‍ ലജ്ജിതര്‍ ആണ്.
നമ്മളുടെ തത്വശാസ്ത്രങ്ങള്‍ കൊണ്ടും, പ്രവര്‍ത്തികള്‍ കൊണ്ടും, മനോഭാവം കൊണ്ടും പാപത്തിന്‍റെ നാണം ദൈവത്തില്‍ നിന്നും മറയ്ക്കുവാന്‍ പരാജയപ്പെടുക ആണ്.

വിചാരണ

ദൈവം വിളിച്ചപ്പോള്‍ ആദ്യം മടിച്ചു നിന്നും എങ്കിലും ആദമും ഹവ്വയും ദൈവത്തിന്റെ മുന്നില്‍ വന്നുനിന്നു.
വിചാരണ ആരംഭവിച്ചു.

അവര്‍ തങ്ങളുടെ നഗ്നതയില്‍ ലജ്ജിതര്‍ ആണ് എന്ന് ദൈവത്തിനു മനസ്സിലായി.
വലിയ അത്തിയിലകളാല്‍ തങ്ങളുടെ നഗ്നതയെ മറച്ചിരിക്കുന്നതിനാല്‍ അവര്‍ ശാരീരികമായി നഗ്നര്‍ ആയിരുന്നില്ല.
എന്നാല്‍ അവരുടെ ലജ്ജയെ മറയ്ക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.
നഗ്നര്‍ ആയി ദൈവത്തിന്‍റെ മുന്നില്‍ നില്‍ക്കുന്നതില്‍ അപാകത ഒന്നും ഇല്ല; എന്നാല്‍ അവര്‍ പാപത്താല്‍ ലജ്ജിതരായി ദൈവത്തിന്‍റെ മുമ്പാകെ നിന്നു.
ഇപ്പോള്‍ ഇന്നലെയെക്കാള്‍ കൂടുതല്‍ കാണുവാന്‍ പാപം മൂലം അവര്‍ക്ക് കഴിഞ്ഞു; അവര്‍ നഗ്നതയുടെ ലജ്ജ കണ്ടു.
മനുഷ്യര്‍ക്ക്‌ മുന്നില്‍ അവരുടെ നഗ്നതയെ അവര്‍ മറച്ചു; എന്നാല്‍ നാണത്തെ മറയ്ക്കുവാന്‍ കഴിഞ്ഞില്ല.
അതുകൊണ്ടാണ് അവര്‍ വൃക്ഷങ്ങളുടെ ഇടയില്‍ ഒളിച്ചത്.

എന്നിട്ടും ദൈവത്തിന്‍റെ വിളിയോട് അനുസരണ ഉള്ളവരായി അവര്‍ വൃക്ഷങ്ങളുടെ ഇടയില്‍ നിന്നും പുറത്തേക്ക് വന്നു.
യാതൊന്നിനും അവരെ ദൈവത്തിന്‍റെ ദൃഷ്ടിയില്‍ നിന്നും മറയ്ക്കുക ഇല്ലാ എന്ന് അവര്‍ക്ക് അറിയാമായിരുന്നു; കാരണം സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു.
അതുകൊണ്ട് അവര്‍ ദൈവ മുമ്പാകെ നില്‍ക്കുക ആണ്, നഗ്നരും ലജ്ജിതരുമായി.
അവര്‍ ഏറ്റുപറയുക ആണ്, പാപത്തിന്‍റെ ലജ്ജയെ യാതൊന്ന് കൊണ്ടും ദൈവത്തില്‍ നിന്നും മറയ്ക്കുവാന്‍ കഴിയുക ഇല്ല.
പാപത്തിന്‍റെ ലജ്ജ എപ്പോഴും വെളിപ്പെട്ടു തന്നെ ഇരിക്കും.

ദൈവം വന്നപ്പോള്‍ ആദമും ഹവ്വയും വൃക്ഷങ്ങളുടെ ഇടയില്‍ മറഞ്ഞിരുന്നതിനാല്‍ തന്നെ, തങ്ങള്‍ പാപം ചെയ്തുപോയി, നഗ്നതയുടെ ലജ്ജ വെളിവായി വന്നു, അതുകൊണ്ട് ദൈവ മുമ്പാകെ നില്‍ക്കുവാനുള്ള നീതീകരണം ഞങ്ങള്‍ക്ക് ഇനി ഇല്ല എന്ന് അവര്‍ തുറന്നു സമ്മതിക്കുക ആണ്.
അത്തിയിലകൊണ്ട് അരയാട ഉണ്ടാക്കിയ, ആദം വിളിച്ചുപറഞ്ഞു: ദൈവമേ, ഞാന്‍ നഗ്നന്‍ ആണ്.
അത്തിയില ഞങ്ങളുടെ ശാരീരിക നഗ്നതയെ മറയ്ക്കുന്നുണ്ടായിരിക്കാം, പക്ഷെ നാണത്തെ മറയ്ക്കുവാന്‍ അതിനു കഴിയുന്നില്ല
സകലവും ദൈവത്തിന്‍റെ “കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു” എന്ന് അവര്‍ക്ക് അറിയാമായിരുന്നു.
അവര്‍ ദൈവ മുമ്പാകെ നീതിമാന്മാരെ പോലെ നില്‍ക്കുവാന്‍ ശ്രമിച്ചില്ല.
അവരുടെ അത്തിയിലയുടെ അരയാടയ്ക്കു ഒരു മാനുഷിക വിശദീകരണമോ തത്വശാസ്ത്രപരമായ ന്യായീകരണമോ നല്‍കുവാന്‍ അവര്‍ ശ്രമിച്ചില്ല.
ദൈവത്തിന്‍റെ സര്‍വ്വജ്ഞാനത്തെ അവര്‍ അംഗീകരിച്ചു; പാപത്തെയും അതിന്‍റെ പരിണത ഫലത്തെയും അവര്‍ ഏറ്റുപറഞ്ഞു.
അവര്‍ ദൈവത്തിന്‍റെ മുമ്പാകെ നഗ്നരും ലജ്ജിതരും ആയി നിന്നു.

ഇതു ഈ കഥയിലെ ഒരു സുപ്രധാനമായ വഴിത്തിരിവാണ്.
വുക്ഷങ്ങളുടെ ഇടയില്‍ ഒളിച്ചിരുന്നുകൊണ്ട് തങ്ങള്‍ നഗന്ര്‍ ആയതിനാല്‍ ദൈവമുമ്പാകെ വരുവാന്‍ മടിയുണ്ട് എന്ന് വിളിച്ചുപറഞ്ഞതിലൂടെ അവര്‍ പാപം ഏറ്റുപറഞ്ഞു.
പിന്നീടു അവര്‍ പാപത്തിന്റെ ലജ്ജയോടെ ദൈവ സന്നിധിയില്‍ നിന്നു.
അതുകൊണ്ട് ദൈവം മനുഷ്യരുമായുള്ള തകര്‍ന്ന ബന്ധത്തെ പുനര്‍ക്രമീകരിക്കുവാന്‍ തുടങ്ങി.
പുനസ്ഥാപനത്തിന്റെ പ്രക്രിയ ആരംഭിച്ചു.

വിചാരണയ്ക്കും ശിക്ഷാവിധിക്കും ശേഷം ദൈവം പുനസ്ഥാപനത്തിനുള്ള ദൈവീക പദ്ധതി വിളംബരം ചെയ്തു.
പിശാചിന്‍റെ തലയെ തര്‍ക്കുന്ന ഒരു സന്തതിയെ ദൈവം സ്ത്രീയ്ക്ക് വാഗ്ദത്തം ചെയ്തു. (ഉല്‍പ്പത്തി 3:15)
ദൈവത്തിന്‍റെ ശത്രുവായിരുന്ന പിശാചിനെ, മനുഷ്യന്‍റെ ശത്രുവും ആക്കി പ്രഖ്യാപിച്ചു.
ദൈവവും മനുഷ്യരും തമ്മിലുള്ള യുദ്ധത്തെ ദൈവം ഏറ്റെടുത്തു.
പിശാചിന്‍റെ തലയെ തര്‍ക്കാനുള്ള സന്തതിയെ ദൈവം നല്‍കാം എന്ന് വാഗ്ദത്തം നല്‍കി.
ഇനി മുതല്‍ യുദ്ധം ദൈവത്തിന്റെതാണ്; ജയാളിയായ രാജാവിനെ ദൈവം നല്‍കും.

ഉല്‍പ്പത്തി 3:15 ല്‍ ദൈവം അവളുടെ സന്തതിക്കും എന്നാണു പറയുന്നത്, അവരുടെ സന്തതി’ എന്നല്ല.
അതായത്, പുരുഷന്റെ ഇഷ്ടത്താല്‍ അല്ലാതെ സ്ത്രീയില്‍ ജനിക്കുന്ന സന്തതി പിശാചിന്‍റെ തല തകര്‍ക്കും.
അങ്ങനെ അനേകം വര്‍ഷക്ക് ശേഷം, കാലത്തിന്റെ തികവില്‍, യേശു ക്രിസ്തു പുരുഷന്‍റെ അറിവില്ലാതെ, സ്ത്രീയുടെ സന്തതി ആയി ഈ ഭൂമിയില്‍ ജനിച്ചു.
യേശു ദൈവത്തിന്‍റെ വാഗ്ദത്തം ആണ്, അവന്‍ പിശാചിന്‍റെ തലയെ തകര്‍ക്കുവാനായി സ്ത്രീയുടെ സന്തതി ആയി, വാഗ്ദത്ത പ്രകാരം ജനിച്ചവന്‍ ആണ്.

ദൈവത്തിന്‍റെ സന്നിധിയില്‍ നില്‍ക്കുക

ഇപ്പോഴും, ദൈവത്തിന്‍റെ സന്നിധിയില്‍ നില്‍ക്കേണ്ടത് എങ്ങനെ?” എന്ന നമ്മളുടെ ചോദ്യത്തിന് ഉത്തരം ആയിട്ടില്ല.
ആദമിനും ഹവ്വയ്ക്കും നഗ്നതയെയും നാണത്തെയും പരസ്പരം മറയ്ക്കുവാന്‍ അത്തിയിലകൊണ്ടുള്ള അരയാട ഉണ്ടായിരുന്നു.
എന്നാല്‍ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്, പാപത്തെയും നാണത്തെയും പൂര്‍ണ്ണമായും മറയ്ക്കുന്ന, കൂടുതല്‍ മെച്ചമായ ഒരു വസ്ത്രം വേണമായിരുന്നു.
മനുഷ്യര്‍ എപ്പോഴും ദൈവമുമ്പാകെ നഗ്നര്‍ ആണ്; പക്ഷെ നാണത്തോടെ നില്‍ക്കുവാന്‍ കഴിയുക ഇല്ല.
പാപത്തിന്‍റെ ലജ്ജ മനുഷ്യനെ ദൈവത്തില്‍നിന്നും അകറ്റുന്നു.
അതുകൊണ്ട് അവരുടെ ലജ്ജയെ മറയ്ക്കുന്ന ഒരു വസ്ത്രം അവര്‍ക്ക് ആവശ്യമുണ്ട്; ദൈവമുമ്പാകെ നീതീകരിക്കുന്ന ഒരു വസ്ത്രം ആവശ്യമുണ്ട്.
എന്നാല്‍, നിര്‍ഭാഗ്യവശാല്‍ നമ്മള്‍ മനുഷ്യര്‍ക്ക്‌ അത്തിയിലകൊണ്ടുള്ള അരയാട മാത്രമേ ഉണ്ടാക്കുവാന്‍ കഴിയൂ.
നമ്മളുടെ ലജ്ജയെ മറയ്ക്കുവാന്‍ കൂടുതല്‍ മെച്ചമായ വസ്ത്രം ദൈവത്തിനു മാത്രമേ നല്‍കുവാന്‍ കഴിയൂ.

മനുഷ്യന്‍റെ പാപത്താല്‍ ഉളവായ നാണമുള്ള നഗ്നതയെ മറയ്ക്കുവാനും അവനെ നീതീകരിക്കുവാനും എന്താണ് ആവശ്യമായുള്ളത് എന്ന് ദൈവത്തിനു അറിയാം,
അതുകൊണ്ട്, ദൈവം ഒരു മൃഗത്തെ കൊന്നു, അതിന്‍റെ രക്തം പുരണ്ട തോൽകൊണ്ടു ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു.
ആദമും ഹവ്വയും അത്തി ഇലകള്‍ കൊണ്ട് അരയാട ഉണ്ടാക്കി; ദൈവം ഒരു മൃഗത്തിന്‍റെ രക്തത്തില്‍ കുതിര്‍ന്ന തോല്‍കൊണ്ട് ഉടുപ്പ് ഉണ്ടാക്കി.

അങ്ങനെ ദൈവം അവര്‍ക്ക് ശരിയായ ഉടുപ്പ് ഉണ്ടാക്കികൊടുത്തു.
ആ ഉടുപ്പ് പാപത്തെയും, നഗ്നതയേയും നാണത്തെയും മറയ്ക്കുന്നതായിരുന്നു.

ഇവിടെ ഒന്ന് നിന്നിട്ട് മുന്നോട്ട് പോകാം എന്ന് ഞാന്‍ കരുതുന്നു.
എന്തുകൊണ്ടാണ് നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്‍റെ ഫലം തിന്നാത്തത് എന്ന് സാത്താന്‍ ഹവ്വയോട് ചോദിച്ചു.
ദൈവം മരണം മുന്നറിയിപ്പായി നല്‍കികൊണ്ട് അത് കഴിക്കരുത് എന്ന് കല്‍പ്പിച്ചിട്ടുണ്ട്‌ എന്ന് ഹവ്വ മറുപടി പറഞ്ഞു.
ദൈവം നീതിമാനായ ദൈവമാണ് എന്നും തന്‍റെ കല്‍പ്പനകള്‍ മാറ്റം കൂടാതെ നടപ്പിലാക്കും എന്നും സാത്താന് നല്ലതുപോലെ അറിയാമായിരുന്നു.
എന്ന് പറഞ്ഞാല്‍: “തിന്നുന്ന നാളിൽ നീ മരിക്കും.” എന്ന് ദൈവം കല്‍പ്പിച്ചിട്ടുണ്ട്‌ എങ്കില്‍ വിലക്കപ്പെട്ട ഫലം ഭക്ഷിക്കുന്ന നാളില്‍ മനുഷ്യര്‍ മരിക്കുക തന്നെ ചെയ്യും.
എന്നാല്‍ പിശാചു കള്ളനാണ് എന്നാണു നമ്മളുടെ കര്‍ത്താവ് നമ്മളോട് പറഞ്ഞിരിക്കുന്നത്.
യേശുവിന്‍റെ വാക്കുകള്‍ യോഹന്നാന്‍റെ സുവിശേഷം 8:44 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പിശാചു ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ല; സാത്താന്‍ സത്യത്തിൽ നില്ക്കുന്നതുമില്ല.
പിശാചു ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.
അതുകൊണ്ട് പിശാചു ഹവ്വയോടു ഒരു ഭോഷ്ക് പറഞ്ഞു: നിങ്ങൾ മരിക്കയില്ല നിശ്ചയം.

ഇനി നമുക്ക് ആ സംഭവങ്ങളിലേക്ക് കൂടുതല്‍ അടുത്തു ചെല്ലാം.
നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ, വിലക്കപ്പെട്ട ഫലം കഴിക്കുന്ന നാളില്‍ തന്നെ മനുഷ്യര്‍ മരിക്കും എന്ന് പിശാചു വിശ്വസിച്ചു.
അവര്‍ മരിച്ചാല്‍, ഈ ഭൂമിയെ മനുഷ്യരെകൊണ്ട്‌ നിറച്ചു, മനുഷ്യര്‍ ഭൂമിയെ കീഴടക്കി, വാഴുക എന്ന ദൈവത്തിന്റെ പദ്ധതി തകരും.
മനുഷ്യര്‍ മരിച്ചാല്‍, ഭൂമി വീണ്ടും ശൂന്യമായി കിടക്കും.
ഈ ഭൂമിയില്‍ ദൈവരാജ്യം സ്ഥാപിക്കുക എന്ന ദൈവീക പദ്ധതി നിവൃത്തിക്കപ്പെടുക ഇല്ല.
അത് പിശാചിന് ജയം ആയിരിക്കും.

യേശു പറഞ്ഞതുപോലെ സാത്താന്‍ ആദിമുതല്‍ തന്നെ കൊലപാതകി ആയിരുന്നു.
അവന്‍ ആദമിനെയും ഹവ്വയെയും കൊല്ലുവാന്‍ തീരുമാനിച്ചു.
എന്നാല്‍ ദൈവത്തിനു മെച്ചമായ ഒരു പദ്ധതി ഉണ്ടായിരുന്നു.
ദൈവം പാപം ചെയ്ത മനുഷ്യരുടെ ജീവിതത്തില്‍ ശരിയായ സമയത്ത് തന്നെ ഇടപെട്ടു.
അവര്‍ മരിക്കുന്നതിനു മുമ്പു തന്നെ ദൈവം ആദമിനെയും ഹവ്വയെയും കണ്ടു, അവരുടെ ജീവിതത്തില്‍ ജീവനായി ഇടപെട്ടു.
മനുഷരും ദൈവും തമ്മില്‍ ഉണ്ടായിരുന്നതും തകര്‍ന്നുപോയതുമായ ബന്ധം പുനസ്ഥാപിച്ചു.

എങ്ങനെ ആണ് ദൈവം അത് ചെയ്തത്?
തകര്‍ന്ന ബന്ധത്തെ പുനസ്ഥാപിക്കുവാന്‍ ദൈവം രണ്ടു കാര്യങ്ങള്‍ ചെയ്തു:

1.    ദൈവം പിശാനും മനുഷ്യര്‍ക്കും ഇടയില്‍ ഒരു യുദ്ധം പ്രഖ്യാപിച്ചു; യുദ്ധം ദൈവം ഏറ്റെടുത്തു.

പിശാചിന് എതിരെ വിജയകരമായി യുദ്ധം ചെയ്യുവാന്‍ മനുഷ്യര്‍ക്ക്‌ ചെയ്യുവാന്‍ സാധ്യമല്ല എന്ന് ദൈവത്തിനു അറിയാം.
അതുകൊണ്ട് പിശാചിന്റെ തലയെ തകര്‍ക്കുന്ന ഒരു സന്തതിയെ തരാം എന്ന് ദൈവം തന്നെ വാഗ്ദാനം നല്‍കി.

2.    വരുവാനിരിക്കുന്ന മശിഹയെ പ്രതിനിധാനം ചെയ്യുന്നതും പാപിയായ മനുഷ്യര്‍ക്ക്‌ പകരമായും, ഒരു മൃഗം പാപപരിഹാരയാഗമായി തീരുക എന്ന വ്യവസ്ഥ ദൈവം അവതരിപ്പിച്ചു.

അങ്ങനെ ഒരു മൃഗം കൊല്ലപ്പെട്ടു, രക്തം പാപപരിഹാരത്തിനായി ഭൂമില്‍ ഒഴിക്കപ്പെട്ടു.
ഈ മൃഗം, സകലമനുഷ്യരുടെയും പാപപരിഹാരത്തിനായി, മനുഷ്യര്‍ക്ക്‌ പകരമായി, സ്വയം യാഗമായി തീരുന്ന, ദൈവത്തിന്റെ വാഗ്ദത്തമായ സ്ത്രീയുടെ സന്തതിയെ പ്രതിനിധാനം ചെയ്യുന്നു.
ഈ യാഗം ദൈവും മനുഷ്യരും തമ്മിലുള്ള ബന്ധത്തെ എന്നന്നേക്കുമായി പുനസ്ഥാപിക്കും.
മൃഗം കൊല്ലപ്പെട്ടത്, ആദമിനും ഹവ്വയ്ക്കും പകരമായിട്ടാണ്, അവര്‍ മരിക്കേണ്ടത്തിനു പകരമായി ഒരു മൃഗം കൊല്ലപ്പെട്ടു.
ഈ ഭൂമിയിലെ ആദ്യ മരണം ഇതായിരുന്നു, ഭൂമിയില്‍ ആദ്യം വീണ രക്തം ഈ മൃഗത്തിന്‍റെ രക്തം ആയിരുന്നു.
ആദ്യ മരണം പാപപരിഹാര യാഗമായി തീര്‍ന്ന മൃഗത്തിന്റെതും ആദ്യ രക്തം പാപപരിഹാരത്തിനായുള്ള രക്തവും ആയിരുന്നു.

ഈ മൃഗത്തിന്റെ തോല്‍ അതിന്‍റെ രക്തത്തില്‍ കുതിര്‍ന്നും മൂടപ്പെട്ടും ഇരുന്നു.
അതിന്റെ അര്‍ത്ഥം ദൈവം ആദമിനും ഹവ്വയ്ക്കും ഉടുപ്പ് ഉണ്ടാക്കി അവരുടെ നാണമുള്ള നഗ്നതയെ മറച്ചതു ചുവന്ന രക്തം കൊണ്ടാണ്; രക്തം ആണ് ഉടുപ്പായി മാറിയത്.
അങ്ങനെ മനുഷ്യര്‍ ഒരിക്കല്‍ കൂടി നഗ്നരും എന്നാല്‍ നാണമില്ലാത്തവരും ആയി ദൈവ സന്നിധിയില്‍ നിന്നു.

ചില വേദപണ്ഡിതന്‍മാര്‍, ദൈവം ഏദന്‍ തോട്ടത്തില്‍ വച്ച് ആദ്യമായി പാപ പരിഹാര യാഗം എന്ന വ്യവസ്ഥ സ്ഥാപിച്ചു എന്ന് വിശ്വസിക്കുന്നു.
മാത്രവുമല്ല, ദൈവം അല്ല മൃഗത്തെ കൊന്നത്, ദൈവത്തിന്‍റെ നിര്‍ദ്ദേശപ്രകാരം ആദമാണ് മൃഗത്തെ കൊന്നത് എന്നും അവര്‍ വിശ്വസിക്കുന്നു.
അങ്ങനെ രക്തം ചൊരിഞ്ഞുള്ള പാപ പരിഹാര യാഗം എന്ന വ്യവസ്ഥ നിലവില്‍ വന്നു.

ഈ വ്യവസ്ഥ പ്രകാരം കായീനും ഹാബേലും രക്തം ചൊരിഞ്ഞുള്ള യാഗം തന്നെ പാപ പരിഹാരത്തിനായി അര്‍പ്പിക്കണം ആയിരുന്നു.
എന്നാല്‍ കായീന്‍ അവന്‍റെതായ വ്യാഖ്യാനം നല്‍കി; ദൈവം അത് നിരസിക്കുകയും ചെയ്തു.
ഹാബേല്‍ ഒരു മൃഗത്തെ കൊന്നു യാഗമായി അര്‍പ്പിച്ചു; ദൈവം, വ്യവസ്ഥ പ്രകാരം അത് സ്വീകരിക്കുകയും ചെയ്തു.

ദൈവ സന്നിധിയില്‍ നില്‍ക്കുക

ഇതു വരെയും നമ്മള്‍ നാണമില്ലാത്ത നഗ്നത, നാണമുള്ള നഗ്നത, എന്നീ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുക ആയിരുന്നുവല്ലോ.
പാപം നാണമുള്ള നഗ്നതയെ ഉളവാക്കി എന്നും മനുഷ്യരുടെ യാതൊരു പ്രവര്‍ത്തികള്‍ക്കും അതിനെ മറയ്ക്കുവാന്‍ കഴിയുക ഇല്ല എന്നും നമ്മള്‍ കണ്ടു കഴിഞ്ഞല്ലോ.
നാണമുള്ള നഗ്നത മറയ്ക്കുവാന്‍ യാഗമൃഗത്തിന്‍റെ രക്തത്താലുള്ള ഉടുപ്പ് ആവശ്യമുണ്ട്.
ഈ ഉടുപ്പ് ദൈവത്തിനു മാത്രമേ നല്‍കുവാന്‍ കഴിയുക ഉള്ളൂ.
ദൈവം നല്‍കുന്ന ഉടുപ്പില്ലാതെ നമ്മള്‍ എപ്പോഴും നഗ്നരും ലജ്ജിതരും ആയിരിക്കും.

ഇനി നമുക്ക് ഈ സന്ദേശത്തിലെ പ്രധാന വിഷയം ചിന്തിക്കാം:
നമ്മള്‍ ദൈവ സന്നിധിയില്‍ എങ്ങനെ നില്‍ക്കേണം?

നമുക്ക് ഉല്‍പ്പത്തിയില്‍ നിന്നും കുറെദൂരം മുന്നോട്ട് നീങ്ങാം.
യേശു ഒരിക്കല്‍, പ്രാർത്ഥിപ്പാൻ ദൈവാലയത്തിൽ   പോയ രണ്ടു മനുഷ്യരുടെ ഉപമ പറഞ്ഞു.
ഉപമ ലൂക്കോസിന്റെ സുവിശേഷം 18:9-14 വരെയുള്ള വാക്യങ്ങളില് രേഖപ്പെടുത്തിയിരിക്കുന്നു.
പ്രാർത്ഥിപ്പാൻ പോയവരില്‍ ഒരുത്തൻ പരീശനും മറ്റൊരുവൻ സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചു പുറംതള്ളിയ ചുങ്കക്കാരനും ആയിരുന്നു.
താന്‍ ചെയ്ത എല്ലാ നല്ല കാര്യങ്ങളും എണ്ണി പറഞ്ഞുകൊണ്ട് പരീശന്‍ പ്രാര്‍ത്ഥിച്ചു.
എല്ലാം കാണുന്നതും അറിയുന്നവനുമായ ദൈവത്തിന്‍റെ മുമ്പാകെ നഗ്നായി നില്‍ക്കുന്നു എന്ന ബോധം അവനു ഇല്ലായിരുന്നു.
അതുകൊണ്ട് പാപത്തെ, താന്‍ ചെയ്ത മതപരമായ നീതി പ്രവര്‍ത്തികള്‍കൊണ്ട്, ദൈവത്തില്‍ നിന്നും മറച്ചുവെക്കുവാന്‍ ശ്രമിക്കുക ആയിരുന്നു.
അവന് പാപത്തിന്‍റെ ലജ്ജ തോന്നിയില്ലാ താനും.

എന്നാല് സകലവും ദൈവത്തിന്റെ മുമ്പാകെ നഗ്നനവും മലര്‍ന്നതുമായിരിക്കുന്നു എന്ന് അറിയാമായിരുന്ന ചുങ്കക്കാരന് ലജ്ജയോടെ ദൈവത്തിന്റെ സന്നിധിയില് നിന്നു.
അവന്‍ ദൂരത്തു നിന്നുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു.
ഉപമയുടെ അവസാനത്തില്‍ ചുങ്കക്കരാന്‍ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; എന്നാല്‍ പരീശന്‍റെ പ്രാര്‍ത്ഥനയെ ദൈവം നിരസിച്ചു.

ഈ ഉപമയില്‍, മതപരമായ നീതിപ്രവര്‍ത്തികളാല്‍ പാപത്തെയും അതിന്‍റെ നാണമുള്ള നഗ്നതയെയും ദൈവത്തില്‍ നിന്നും മറയ്ക്കുവാന്‍ പരീശന്‍ ശ്രമിക്കുക ആണ്.
അവന്‍റെ മനസ്സില്‍ നിഗളം ഉണ്ടായിരുന്നു; നഗ്നനും ലജ്ജിതനുമായ ചുങ്കക്കാരനെ അവന്‍ പുച്ഛത്തോടെ നോക്കി.
എന്നാല്‍ ദൈവമുമ്പാകെ സകവും നഗ്നവും മലര്‍ന്നതുമായിരിക്കുന്നു എന്ന സത്യം അവന്‍ ഓര്‍ത്തില്ല.
ഒരു മനുഷ്യനും തന്റെ പാപത്തെയും അതിന്റെ ലജ്ജയേയും മതപരമോ ലോകപരമോ ആയ നീതി പ്രവര്‍ത്തികളാല്‍ ദൈവത്തില്‍നിന്നും മറയ്ക്കുവാന്‍ സാധ്യമല്ല.

എന്നാല്‍ ചുങ്കക്കാരന്‍, പാപത്തിന്‍റെ നഗ്നതയില്‍ ലജ്ജിതനായി ദൈവ സന്നിധിയില്‍ നിന്നു.
അവന്‍റെ നഗ്നതയെയും ലജ്ജയേയും മതപ്രകാരമോ ലോകപ്രകാരമോ ആയ നീതി പ്രവര്‍ത്തികളാല്‍ മറയ്ക്കുവാന്‍ അവന്‍ ശ്രമിച്ചില്ല.
അവന്‍ പാപത്തിന്‍റെ ലജ്ജ മറയ്ക്കുവാന്‍, ദൈവത്തില്‍ നിന്നും ഒരു ഉടുപ്പിനായി യാചിച്ചു.
ദൈവം അവനെ നീതിമാന്‍ എന്ന് പ്രഖ്യാപിച്ചു.

നമുക്കുള്ള സന്ദേശം വ്യക്തമാണ്: ദൈവ സന്നിധിയില്‍ നഗ്നരും ലജ്ജിതരുമായി നില്‍ക്കുക.
നഗ്നരായി നില്‍ക്കുവാന്‍ പ്രത്യേകിച്ച് യാതൊന്നും നമ്മള്‍ ചെയ്യേണ്ടതില്ല.
ദൈവ സന്നിധിയില്‍ നഗ്നര്‍ ആയി നില്‍ക്കുക എന്നത്, “സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു” എന്ന ബോധ്യം മാത്രം ആണ്.
അപ്പോള്‍ പ്രധാനപ്പെട്ട കാര്യം, ദൈവ സന്നിധിയില്‍ പാപത്തിന്‍റെ ലജ്ജയോടെ നില്‍ക്കുക എന്നതാണ്.

ഇനി നമുക്ക് ദാവീദിന്‍റെ ജീവിതത്തിലേക്ക് പോകാം.
2 ശമൂവേല്‍ 12-)0 അദ്ധ്യായത്തില്‍ ദാവീദിന്‍റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.
ഊരീയാവിന്‍റെ ഭാര്യ ബത്ത്-ശേബയെ, ദാവീദ് ഭാര്യയായി എടുത്തതില്‍ അവന്‍ പാപം ചെയ്തു.
ഒരു രഹസ്യ പദ്ധതിയിലൂടെ ദാവീദ് ഊരീയാവിനെ ശത്രുക്കളായ അമോന്യരുടെ കയ്യാല്‍ കൊല്ലുക ആയിരുന്നു.
എന്നാല്‍ സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി” കിടക്കുന്നതിനാല്‍ ദാവീദിന്‍റെ രഹസ്യ പ്രവര്‍ത്തി ദൈവം കണ്ടു.
ദൈവം പ്രവാചകനായ നാഥാനെ അയച്ചു ദാവീദിന് പാപം ബോധ്യപ്പെടുത്തുകയും ശിക്ഷ അറിയിക്കുകയും ചെയ്തു.
ഈ അവസരത്തിലെ ദാവീദിന്‍റെ പ്രതികരണം നമുക്ക് വലിയ പാഠങ്ങള്‍ നല്‍കുന്നു.
ദാവീദ് നാഥാനോട് പറഞ്ഞു: “ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു”.
അതിനാല്‍ ദാവീദിന്‍റെ ജീവനെ മരണ ശിക്ഷയില്‍ നിന്നും വിടുവിച്ചു; എന്നാല്‍ ബത്ത്-ശേബയില്‍ ജനിക്കാനിരിക്കുന്ന കുഞ്ഞു മരിക്കും.

ഈ സാഹചര്യത്തില്‍ ആണ് ദാവീദ് 32-)0 സങ്കീര്‍ത്തനം എഴുതുന്നത്‌.
നമുക്ക് ഈ സങ്കീര്‍ത്തനത്തിലെ 5-)മത്തെ വാക്യം വായിക്കാം:

സങ്കീര്‍ത്തനം 32:5 ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല. എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റുപറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു.

അപ്പോസ്തല പ്രവര്‍ത്തികള്‍ 13:22 ല്‍, ദൈവം യിസ്രായേലിന് രാജാവായി തിരഞ്ഞെടുത്ത ദാവീദിനെക്കുറിച്ച് ഇപ്രകാരമാണ് പറയുന്നത്; “ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്റെ ഹിതം എല്ലാം ചെയ്യും.
എനിക്കു ബോധിച്ച പുരുഷന്‍” എന്നത് ഇംഗ്ലീഷില്‍ a man after My own heart എന്നാണു നമ്മള്‍ വായിക്കുന്നത്.
അതായത് ദൈവം ദാവീദിനെ “എന്‍റെ ഹൃദയപ്രകാരമുള്ള മനുഷ്യന്‍” എന്നാണു വിളിച്ചത്.
നമ്മള്‍ മുകളില്‍ കണ്ടത്, ദാവീദ് പാപം ചെയ്തു എന്നാണു.
എന്നിട്ടും ദൈവം ദാവീദിനെ, തന്‍റെ ഹൃദയപ്രകാരമുള്ള മനുഷ്യന്‍ എന്ന് വിളിച്ചത് എന്തുകൊണ്ടായിരിക്കും?

ഉത്തരം വ്യക്തവും ലളിതവും ആണ്.
ദൈവം ദാവീദിന് പാപബോധം വരുത്തിയപ്പോള്‍, ദൈവ സന്നിധിയില്‍ നഗ്നനും ലജ്ജിതനുമായി നില്‍ക്കുവാന്‍ തന്നെ ദാവീദ് തീരുമാനിച്ചു.
എന്തെങ്കിലും ന്യായവിസ്തരത്താലോ സല്‍പ്രവര്‍ത്തികളുടെ നീണ്ട പട്ടിക കൊണ്ടോ പാപത്തിന്‍റെ നാണമുള്ള നഗ്നതയെ ദൈവത്തില്‍ നിന്നും മറയ്ക്കുവാന്‍ ദാവീദ് ശ്രമിച്ചില്ല.
അതുനു പകരം, ദാവീദ് വിളിച്ചു പറഞ്ഞു: “ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു”.

ദൈവ സന്നിധിയില്‍ സകവും നഗ്നതും മലര്‍ന്നതുമായിരിക്കുന്നു എന്നത് വേദപുസ്തകം പറയുന്ന ഒരു സത്യം ആണ്; അതിനു നമ്മള്‍ ഒന്നും ചെയ്യേണ്ടതില്ല.
എന്നാല്‍, ലജ്ജയോടെ ദൈവ സന്നിധിയില്‍ നില്‍ക്കുക എന്നത് നമ്മള്‍ക്ക് ഉണ്ടാകേണ്ടുന്ന ഒരു മനോഭാവം ആണ്; ദൈവം അതിനെ കണക്കിടുകയും ചെയ്യുന്നു.
ദാവീദ് ദൈവ  മുമ്പാകെ നഗ്നനും ലജ്ജിതനുമായി നിന്നു, അവന്‍റെ കൃത്യം ഏറ്റു പറഞ്ഞു.
ദൈവം അവനോടു ക്ഷമിച്ചു.

പാപം ദൈവ സന്നിധിയില്‍ വെറുപ്പ് ഉളവാക്കുന്നു; ദൈവവുമായുള്ള കൂട്ടായ്മയെ അത് തകര്‍ക്കുന്നു.
എന്നാല്‍ പാപം ക്ഷമിക്കപ്പെടുമ്പോള്‍; ഒരു മൃഗത്തിന്‍റെ രക്തത്തില്‍ കുതിര്‍ന്ന തോല്‍ ആദമിനും ഹവ്വയ്ക്കും ഉടുപ്പായതുപോലെ, പാപം ക്രിസ്തുവിന്‍റെ നീതിയാല്‍ മറയ്ക്കപ്പെടുന്നു.
അപ്പോള്‍ ദൈവം നമ്മളില്‍ സന്തോഷിക്കുന്നു; ദൈവവുമായുള്ള ബന്ധം പുനസ്ഥാപിക്കപ്പെടുന്നു.

ഉപസംഹാരം

ഞാന്‍ ഈ സന്ദേശം ഇവിടെ അവസാനിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു.

ഉല്‍പ്പത്തിയിലെ മനുഷ്യരുടെ കഥയിലെ വൃക്ഷങ്ങളെക്കുറിച്ച് പിന്നീട് ചിന്തിക്കാം എന്ന് ഞാന്‍ മുമ്പ് പറഞ്ഞിരുന്നുവല്ലോ.
ആദമിനും ഹവ്വയ്ക്കും ഏദന്‍ തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെ ഫലം തിന്നുവാന്‍ പാടില്ലാ എന്ന് ദൈവത്തില്‍ നിന്നും കല്‍പ്പന ലഭിച്ചിരുന്നു.
പാപം ചെയ്തതിനുശേഷം അവര്‍ അത്തിയുടെ ഇലകളാല്‍ ഒരു അരയാട ഉണ്ടാക്കി നഗ്നത മറയ്ക്കുവാന്‍ ശ്രമിച്ചു.
ദൈവം അവരെ കാണുവാന്‍ വന്നപ്പോള്‍ അവര്‍ക്ക് നഗ്നതയുടെ നാണം തോന്നിയതിനാല്‍ വൃക്ഷങ്ങളുടെ ഇടയില്‍ ഒളിച്ചു.
വേദപുസ്തകത്തില്‍ വ്യക്തമായി പറഞ്ഞിട്ടില്ല എങ്കിലും നമുക്ക് ഊഹിക്കുവാന്‍ കഴിയുന്ന ഒരു കാര്യം കൂടി ഉണ്ട്: അവരുടെ പാപ പരിഹാരത്തിനായി ഒരു മൃഗത്തെ കൊന്നു, അതിന്‍റെ രക്തം ഒരു വൃക്ഷത്തിന്‍റെ ചുവട്ടില്‍ ഒഴിച്ചുകളഞ്ഞു.

പാപം വൃക്ഷത്താല്‍, ഒരു മൃഗത്തിലൂടെ വന്നു.
വൃക്ഷത്തിന്‍റെ ഇലകളാല്‍ പാപത്തെ മറയ്ക്കുവാന്‍ മനുഷ്യര്‍ ശ്രമിച്ചു.
വൃക്ഷങ്ങളുടെ ഇടയില്‍ ഒളിച്ചിരിന്നു ദൈവത്തില്‍ നിന്നും മറഞ്ഞിരിക്കാം എന്ന് മനുഷ്യര്‍ ചിന്തിച്ചു.
ഒരു മൃഗത്തിന്‍റെ രക്തം, പാപപരിഹാരത്തിനായി ഒരു വൃക്ഷത്തിന്‍റെ ചുവട്ടില്‍ ഒഴിച്ചുകളഞ്ഞു.

കഥയുടെ അവസാനം വൃക്ഷത്തിന്‍റെ ഇലകൊണ്ടുള്ള അരയാട മാറ്റി, പകരം യാഗ മൃഗത്തിന്‍റെ രക്തം കൊണ്ടുള്ള ഉടുപ്പ് ദൈവം ധരിപ്പിച്ചു.

പുതിയ നിയമത്തില്‍ നമ്മള്‍ വീണ്ടും ഒരു യാഗമൃഗത്തേയും രക്തം കൊണ്ട് മൂടപ്പെട്ട ഒരു വൃക്ഷത്തേയും കാണുന്നു.
യേശുക്രിസ്തു എന്ന, സ്ത്രീയുടെ സന്തതിയെ യാഗമൃഗമായി ഇവിടെ നമ്മള്‍ കാണുന്നു.
വൃക്ഷത്തില്‍ നിന്നും ഉണ്ടാക്കിയെടുത്ത കുരിശ് പൂര്‍ണ്ണമായും രക്തത്തില്‍ മൂടപ്പെട്ട് നില്‍കുന്നു.
യാഗമൃഗമായ യേശുവിന്‍റെ രക്തം തടികുരിശിന്‍റെ ചുവട്ടില്‍ ഒഴിക്കപ്പെടുകയാണ്.
യേശുവിന്‍റെ ഉടുപ്പ് റോമന്‍ പടയാളികള്‍ ഊരിയെടുത്തപ്പോള്‍, രക്തം കൊണ്ട് നഗ്നത മറയ്ക്കപ്പെട്ടവനായി, സകല മാനവ ജാതികളുടെയും പാപപരിഹാരത്തിനായി യേശു ക്രൂശില്‍ മരിച്ചു.
ഈ രക്തത്താല്‍ ഉളവായ ഉടുപ്പ് യേശുവിന്‍റെ ഏക പാപ പരിഹാര യാഗത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും സൗജന്യമായി ലഭിക്കും.

എന്നാല്‍ ലോകത്തിലുള്ള എല്ലാ മനുഷ്യര്‍ക്കും യേശുവിന്‍റെ രക്തത്താലുള്ള ഉടുപ്പ് ലഭിക്കേണം എന്നില്ല.
അത്തിയിലകൊണ്ട് ശാരീരികമായി നഗ്നത മറയ്ക്കപ്പെട്ടിരുന്നു എങ്കിലും ആദമും ഹവ്വയും തങ്ങളുടെ നഗ്നതയും ലജ്ജയും ദൈവത്തോട് ഏറ്റുപറഞ്ഞു.
സകലവും ദൈവമുമ്പാകെ നഗ്നതും മലര്‍ന്നതുമായിരിക്കുന്നു എന്ന് അവര്‍ക്ക് അറിയാമായിരുന്നു.
വൃക്ഷങ്ങളുടെ ഇടയില്‍ ഒളിച്ചതിലൂടെയും, തങ്ങള്‍ നഗ്നരും ലജ്ജിതരും ആണ് എന്ന് പറഞ്ഞതിലൂടെയും, അവര്‍ക്ക് മെച്ചമായ ഒരു ഉടുപ്പ് വേണം എന്നും അത് ദൈവം നല്‍കേണം എന്നും ഏറ്റുപറഞ്ഞു.

യേശു പറഞ്ഞ ഉപമയിലെ പരീശന്‍ മതപരമായ സല്‍പ്രവര്‍ത്തികളാല്‍ തന്‍റെ നാണമുള്ള നഗ്നത മറയ്കുവാന്‍ കഴിയും എന്ന് വിശ്വസിച്ചു കൊണ്ട് ലജ്ജകൂടാതെ ദൈവ സന്നിധിയില്‍ നിന്നു.
ദൈവം അവന്‍റെ പ്രാര്‍ത്ഥനയെ നിരസിച്ചു.
എന്നാല്‍ ചുങ്കക്കാരന്‍ ആകട്ടെ, താന്‍ നഗ്നന്‍ എന്ന് തിരിച്ചറിഞ്ഞ് ലജ്ജയോടെ ദൈവസന്നിധിയില്‍ നിന്നു; ദൈവം അവനെ നീതിയുടെ ഉടുപ്പിനാല്‍ അണിയിച്ചു.    

നമ്മള്‍ക്ക് നിര്‍ലജ്ജാകരമായ പ്രവര്‍ത്തികളാല്‍ പാപത്തിന്‍റെ ലജ്ജയെ മറികടക്കുവാന്‍ ശ്രമിക്കാം.
എന്നാല്‍ അത് പ്രശ്നത്തിന് പരിഹാരം ആകുക ഇല്ല; കാരണം ലജ്ജയുടെ കാരണം പാപം ആണ്.
ദൈവം ആഗ്രഹിക്കുന്നത് ഇതാണ്: നമ്മള്‍ നഗ്നരും അതില്‍ ലജ്ജിക്കുന്നവരുമായി ദൈവ സന്നിധിയില്‍ നില്‍ക്കേണം.
എങ്കില്‍ മാത്രമേ ദൈവത്തിന് ശരിയായ ഉടുപ്പ്കൊണ്ട് നമ്മളുടെ നഗ്നതയേയും ലജ്ജയേയും മൂടുവാന്‍ കഴിയു.

നമ്മള്‍ എപ്പോഴും ദൈവ മുമ്പാകെ നഗ്നര്‍ ആണ് എന്ന് നമ്മള്‍ മനസ്സിലാക്കുക.
നമ്മള്‍ ലജ്ജയോടെ, ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു” എന്ന് ഏറ്റുപറഞ്ഞാല്‍ ദൈവം നമ്മളെ, യേശുവിന്‍റെ രക്തം കൊണ്ട് ഉണ്ടാക്കിയ ഒരു ഉടുപ്പിനാല്‍ പൊതിയും.
രോഗികള്‍ക്ക് മാത്രമേ വൈദ്യനെകൊണ്ട് ആവശ്യമുള്ളൂ.
അതുകൊണ്ട് ദൈവ മുമ്പാകെ നഗ്നരും ലജ്ജിതരുമായി നില്‍ക്കുക.

ഇപ്പോള്‍ ദൈവമുമ്പാകെ നഗ്നരും ലജ്ജിതരുമായി നില്‍ക്കുന്നവരെ ദൈവം നീതിയുടെ വസ്ത്രം അണിയിക്കും.
അവര്‍ നിത്യതയില്‍ ലജ്ജകൂടാതെ എന്നേക്കും വസിക്കും.  

ഈ സന്ദേശം ഇത്രത്തോളം ശ്രദ്ധയോടെ കേട്ടതിനു വളരെ നന്ദി.
എല്ലാ മാസവും ഒന്നാമത്തെ ശനിയാഴ്ച വൈകിട്ട് 5 മണിക്ക് Powervision TV ല്‍ നമ്മള്‍ ദൈവ വചനം ഗൌരവമായി ചര്‍ച്ച ചെയ്യുന്നുണ്ട്. മറക്കാതെ കാണുക.
നിങ്ങളുടെ ബന്ധുമിത്രാധികളോട് പറയുക.
എല്ലാ മാസവും ഒന്നാമത്തെ ശനിയാഴ്ച വൈകിട്ട് 5 മണിക്ക് Powervision TV ല്‍.
ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍.


No comments:

Post a Comment