ദൈവരാജ്യത്തിലെ മൂല്യങ്ങള്‍

ദൈവവുമായുള്ള ബന്ധം

രണ്ടുപേര്‍ തമ്മിലുള്ള സ്നേഹ ബന്ധം അവര്‍ക്കിടയില്‍ പൊതുവായി കാണപ്പെടുന്ന മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും.
ഒരുവന്‍ മറ്റൊരുവന്റെ ജീവിത കാഴ്ചപ്പാടുകളും ജീവിത മൂല്യങ്ങളും മനസിലാക്കിയെങ്കില്‍ മാത്രമേ, അവര്‍ തമ്മില്‍ എന്തെല്ലാം പൊതുവായിട്ടുണ്ട് എന്ന് അറിയുവാന്‍ കഴിയൂ.
ഒരു വ്യക്തി അദ്ദേഹം കടന്നുപോയ ജീവിത അനുഭവങ്ങളുടെയും, അദ്ദേഹത്തിന്റെ ജീവിത മൂല്യങ്ങളുടെയും ആകെ തുക ആണ്.
ജീവിതമൂല്യങ്ങളില്‍ പരസ്പരം യോജിക്കാവുന്ന മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ ബന്ധങ്ങള്‍ ആഴമുള്ളതു ആയിത്തീരുന്നു.
അതിന്‍റെ അര്‍ത്ഥം, രണ്ടുപേര്‍ ജീവിതത്തില്‍ പാലിച്ച് അനുസരിച്ച് ജീവിക്കുന്ന മൂല്യങ്ങളില്‍ ഉള്ള യോജിപ്പിന്‍റെ പരപ്പ് ആണ് അവരുടെ ബന്ധത്തിന്‍റെ ആഴം.

മനുഷ്യ ബന്ധങ്ങളെക്കുറിച്ചുള്ള ഈ പ്രമാണങ്ങള്‍ മനുഷ്യനും ദൈവവുമായുള്ള ബന്ധത്തിനും ബാധകം ആണ്.
ദൈവത്തിന്‍റെ മൂല്യങ്ങള്‍ നമ്മള്‍ സ്വീകരിക്കുകയും അതിനോട് യോജിക്കാത്തവയെ നമ്മളുടെ ജീവിതത്തില്‍ നിന്നും അകറ്റിക്കളയുകയും ചെയ്യുന്നതിലൂടെ ആണ് ദൈവവുമായി ഗാഡമായ ബന്ധം നമ്മള്‍ സ്ഥാപിക്കുന്നത്.
ക്രിസ്തീയ ജീവിതത്തിന്‍റെ വളര്‍ച്ച എന്നത് ക്രിസ്തുവിനെപ്പോലെ ആകുക എന്നതാണ്; അതായത് യേശുവിന്‍റെ മൂല്യങ്ങളോട് നമ്മള്‍ എത്രമാത്രം ചേര്‍ന്നിരിക്കുന്നു എന്നതാണ്.
അതിനാല്‍ ദൈവരാജ്യത്തിന്റെ മൂല്യവ്യവസ്ഥിതിയെ ക്കുറിച്ച് നമ്മള്‍ ശരിയായി മനസ്സിലാക്കിയിരിക്കേണം.

യേശുവിന്‍റെ മൂല്യങ്ങളെ ശരിയായി മനസ്സിലാക്കിയില്ലാ എങ്കില്‍ നമ്മള്‍ യേശുവിനെ ശരിയായി മനസ്സിലാക്കിയിട്ടില്ല.
ദൈവം എന്തെല്ലാമാണ് മൂല്യമുള്ളതായി കണക്കാക്കുന്നത് എന്ന് അറിയാതെ നമുക്ക് ക്രിസ്തുവിനെപ്പോലെ ആകുവാന്‍ കഴിയുക ഇല്ല.
അതുപോലെ തന്നെ ദൈവരാജ്യത്തിന്റെ മൂല്യങ്ങളെക്കുറിച്ചുള്ള ശരിയായ അറിവും അനുസരണവും നമ്മളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുക തന്നെ ചെയ്യും.


നിര്‍വചനം

ഒരു രാജ്യത്തിലെ എല്ലാ പ്രമാണങ്ങളും അതിന്‍റെ രാജാവ് രുപീകരിക്കുന്നതാണ്.
ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ എന്ന് പറഞ്ഞാല്‍ രാജാവിന്റെ നിയമങ്ങള്‍ ആണ്; രാജാവിന്റെ നിയമങ്ങള്‍ അദ്ദേഹത്തിന്‍റെ മൂല്യങ്ങള്‍ ആണ്.
രാജകീയ ഭരണമുള്ള ഒരു രാജ്യത്ത് നിയമങ്ങളും മൂല്യങ്ങളും ഒന്നുതന്നെ ആണ്.
രാജാവിന്റെ മൂല്യങ്ങള്‍ രാജാവിനെ വ്യക്തമായി മനസ്സിലാക്കുവാന്‍ നമ്മളെ സഹായിക്കുന്നു, കാരണം മൂല്യങ്ങള്‍ അദ്ദേഹത്തിന്‍റെ സ്വഭാവം ആണ്.
അതായത്, രാജകീയ ഭരണമുള്ള ഒരു രാജ്യത്തെ എല്ലാ നിയമങ്ങളും രാജാവിന്റെ സ്വഭാവത്തെ കുറിച്ചുള്ള വെളിപ്പാടുകള്‍ ആണ്.

പഴയ നിയമ പ്രമാണങ്ങള്‍ പലപ്പോഴും ഒരു രാജാവിന്റെ കഠിനമായ കല്‍പ്പനകള്‍ ആയി നമുക്ക് തോന്നിയിട്ടുണ്ട്.
എന്നാല്‍ യേശു വന്നത് രാജാവിന്റെ കല്‍പ്പനകളില്‍ നിന്നും അദ്ദേഹത്തിന്‍റെ സ്വഭാവത്തിലേക്ക് നമ്മളുടെ ശ്രദ്ധയെ തിരിക്കുവാന്‍ ആണ്.
ഒരു കൊച്ചു കുട്ടിയെ സംബന്ധിച്ചിടത്തോളം, അതിന്റെ മാതാപിതാക്കള്‍ പറയുന്നതെല്ലാം കഠിനമായ കല്‍പ്പനകള്‍ ആയി തോന്നിയേക്കാം.
എന്നാല്‍ അത് വളര്‍ന്ന് കഴിയുമ്പോള്‍, തങ്ങളുടെ മാതാപിതാക്കന്മാര്‍ അവരുടെ ജീവിത മൂല്യങ്ങള്‍ അനുസരിച്ച് അവനെ വളര്‍ത്തിയെടുക്കുവാന്‍ ശ്രമിക്കുക ആയിരുന്നു എന്ന് മനസ്സിലാക്കും.
അപ്പോള്‍ കല്‍പ്പനകള്‍ മാതാപിതാക്കന്മാരുടെ സ്വഭാവമായും മൂല്യമായും മാറും.
അതിനാല്‍, സ്വഭാവ രൂപീകരണത്തിന് മുമ്പ് എപ്പോഴും നിയമം ഉണ്ടായിരിക്കും.

എന്നിരുന്നാലും പഴയനിയമ കല്‍പ്പനകള്‍ അത് അനുസരിച്ചുള്ള ജീവിതത്തെ അസാധ്യമാക്കുന്നതായിരുന്നു.
എന്നാല്‍ യേശു വന്നു, ദൈവത്തിന്‍റെ സ്വഭാവത്തെ നമുക്ക് വെളിപ്പെടുത്തി തന്നു; ദൈവീക മൂല്യങ്ങളുടെ അറിവ് അത് അനുസരിച്ചു ജീവിക്കുവാന്‍ നമുക്ക് സഹായമായി.
നമ്മള്‍ ഒരിക്കല്‍ ക്രിസ്തുവിനെപ്പോലെ ആയിതീര്‍ന്നാല്‍, അല്ലെങ്കില്‍ ക്രിസ്തുവിനെപ്പോലെ ആകുന്തോറും കല്‍പ്പനകളുടെ ആവശ്യം തന്നെ ഇല്ലാതാകും.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, എല്ലാ കല്‍പ്പനകളും മൂല്യങ്ങള്‍ ആയി മാറും.

അനുസരണത്തില്‍ നിന്നും സ്വഭാവത്തിലേക്കും, നിയമങ്ങളില്‍ നിന്നും മനോഭാവത്തിലെക്കും നമ്മളുടെ ശ്രദ്ധയെ തിരിക്കുക എന്നതാണ് യേശുവിന്റെ ഗിരി പ്രഭാഷണത്തിന്റെ മുഖ്യ ഉദ്ദേശ്യം.
നമ്മളുടെ മനോഭാവം ആണ് പ്രവര്‍ത്തികള്‍ ആയി മാറുന്നത് എന്ന് യേശുവിന് അറിയാമായിരുന്നു.
മനോഭാവത്തില്‍ മാറ്റം വരാതെയുള്ള മാനസാന്തരം താല്‍ക്കാലികവും നിരാശാജനകവും ആണ്.
ശരിയായ മനോഭാവം, ശരിയായ സ്വഭാവത്തെ സൃഷ്ടിക്കും.
അതുകൊണ്ടാണ് യേശു എപ്പോഴും, പ്രവര്‍ത്തികളെക്കാള്‍, ശരിയായ മനോഭാവത്തിന് ഊന്നല്‍ നല്‍കിയത്.

എന്തുകൊണ്ട് വ്യത്യസ്തമായ മൂല്യ വ്യവസ്ഥിതി?

വീണ്ടും ജനനം പ്രാപിച്ച ക്രിസ്തീയ വിശ്വാസികള്‍ എല്ലാവരും ദൈവരാജ്യത്തിലേക്കാണ് വീണ്ടും ജനിച്ചിരിക്കുന്നത്; അവര്‍ ഇനി സാത്താന്റെ രാജ്യത്തില്‍ അല്ല.
അതുകൊണ്ട് തന്നെ നമ്മളുടെ ജീവിത മൂല്യങ്ങള്‍ ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് അനുസരിച്ച് മാറേണ്ടത് അനിവാര്യം ആണ്.

യേശു തന്റെ പരസ്യശുശ്രൂഷ, പ്രസംഗങ്ങളോടെയും അത്ഭുത പ്രവര്‍ത്തികളോടെയും ആരംഭിച്ചു.
അല്‍പ്പനാളുകള്‍ക്കുള്ളില്‍ തന്നെ ഒരു ചെറിയ പുരുഷാരം അവനെ അനുഗമിക്കുവാന്‍ തുടങ്ങി.
അങ്ങനെ ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ പ്രഖ്യാപിക്കുവാന്‍ ആവശ്യമായ കേള്‍വിക്കാരെ യേശുവിന് ലഭിച്ചു.
ദൈവത്തിന്‍റെ മൂല്യങ്ങള്‍ വെളിപ്പെടുത്തുന്ന അനുഗ്രഹ പ്രഭാഷണത്തോടെ യേശു ഗിരി പ്രഭാഷണം ആരംഭിച്ചു; ദൈവരാജ്യത്തിന്റെ മൂല്യവ്യവസ്ഥകള്‍ പ്രഖ്യാപിച്ചു.

പിശാചു അവന്റെ രാജ്യം എങ്ങനെ ഭരിക്കുന്നു എന്നത് യേശുവിന് വിഷയം അല്ല; ദൈവരാജ്യം എങ്ങനെ ക്രമീകരിക്കപ്പെടെണം എന്നതാണ് യേശുവിന് മുഖ്യം.
ദൈവരാജ്യത്തിന്റെ പ്രജകള്‍ എന്ന നിലയില്‍ നമ്മളുടെ ജീവിത മൂല്യങ്ങള്‍, ലോകത്തിന്‍റെ മൂല്യങ്ങളില്‍ നിന്നും വിഭിന്നമായി, ദൈവരാജ്യത്തോട് അനുരൂപപ്പെടെണം എന്ന് യേശു പഠിപ്പിച്ചു.
യേശുവിന്റെ അനുഗ്രഹ പ്രഭാഷണത്തിലെയും ഗിരി പ്രഭാഷണത്തിലെയും മൂല്യങ്ങള്‍ ദൈവരാജ്യത്തില്‍ കേന്ദ്രീകൃതമായ ഒരു ജീവിതം നമ്മളില്‍ നിന്നും ആവശ്യപ്പെടുന്നു.
അതിന്റെ അര്‍ത്ഥം, ഈ ലോകത്തില്‍ നമ്മള്‍ ആയിരിക്കുമ്പോള്‍ തന്നെ, ഭൌതീകതയില്‍ കേന്ദ്രീകൃതമായ ജീവിതമല്ല, മറിച്ച് ഒരു ആത്മീയ ജീവിതം നയിക്കുവാനാണ് യേശു നമ്മെ ആഹ്വാനം ചെയ്യുന്നത്.
തിന്നുക, കുടിക്കുക, ഉടുക്കുക എന്നിവയില്‍ മാത്രം ശ്രദ്ധിക്കുന്ന ജീവിതം ലൌകീക ജീവിതം ആണ്; ആത്മീയ ജീവിതമോ, ദൈവരാജ്യത്തില്‍ നിക്ഷേപങ്ങളെ സ്വരൂപിക്കുവാന്‍ ബന്ധപ്പെടുന്നു.

ഇവിടെ ഒരു ചോദ്യം ഉയര്‍ന്നു വന്നേക്കാം: നമ്മള്‍ ഈ ഭൂമിയില്‍ ജീവിക്കുമ്പോള്‍ എങ്ങനെ നമുക്ക് ദൈവരാജ്യത്തില്‍ നിക്ഷേപങ്ങള്‍ സ്വരൂപിക്കുവാന്‍ കഴിയും?
ദൈവരാജ്യം എന്നത് ആത്മീയമായ രാജ്യമാണ്; അത് ആരംഭിച്ചതും, നിലനിറുത്തുന്നതും, നിത്യതയാക്കി മാറ്റുന്നതും ദൈവം ആണ്.
അതിനെക്കുറിച്ചുള്ള ഒരു സന്തോഷ വാര്‍ത്ത ഇതാണ്: ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് ഒത്തവണ്ണമുള്ള നമ്മളുടെ ഭൂമിയിലെ ജീവിതം തന്നെ അവിടെ നിക്ഷേപമായി മാറ്റപ്പെടുക ആണ്.

രാജ്യത്തിന്‍റെ സംസ്കാരം

ഒരു രാജ്യം എന്നത് കോട്ടകളാല്‍ സംരക്ഷിക്കപ്പെടുന്ന ഒരുകൂട്ടം വിശ്വാസങ്ങള്‍ ആണ്.
ദൈവരാജ്യത്തിനും കോട്ടകളാല്‍ സംരക്ഷിക്കപ്പെടുന്ന വിശ്വാസങ്ങള്‍ ഉണ്ട്.
ദൈവരാജ്യത്തിന്റെ സംസ്കാരം എന്നത് രാജത്വത്തിനായുള്ള പോരാട്ടം ആണ്.
അത് അന്ധകാരത്തിന്റെ രാജ്യത്തിനെതിരെയും, സാത്താന്യ മൂല്യങ്ങള്‍ക്ക് എതിരെയും, സത്യത്തിനായി വ്യാജത്തിനെതിരെയും നിരന്തരമായി നടത്തുന്ന പോരാട്ടം ആണ്.
ഇവിടെ വെളിച്ചം അന്ധകാരത്തിനെതിരെ പോരാടുക ആണ്.  

നമ്മള്‍ ഒരു ആത്മീയ യുദ്ധത്തില്‍ ആണ്.
പൗലോസ്‌ പറഞ്ഞു: നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.
ഇവിടെ പറയുന്ന സ്വര്‍ലോകങ്ങളില്‍ വസിച്ചുകൊണ്ടാണ് സാത്താന്യശക്തികള്‍ ഈ ലോകത്തെ ഭരിക്കുന്നതും അവരുടെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതും.
അവരുടെ പക്കല്‍ വഞ്ചനയും, ചതിയും, തത്വശാസ്ത്രങ്ങളും, വിശ്വാസ വ്യവസ്ഥകളും, അവരുടെ മൂല്യങ്ങളും, ലൌകീക കാഴ്ചപ്പാടുകളും ഉണ്ട്.
ഈ സാത്താന്യ ചിന്തകള്‍ക്ക് ചുറ്റിനും കുറെ മനുഷ്യര്‍ ഒരുമിച്ച് കൂടുമ്പോള്‍ അവര്‍ ഒരു രാജ്യമായി മാറുന്നു.

അന്ധകാരത്തിന്‍റെ രാജ്യത്തിന്‍റെ, ദൈവരാജ്യത്തിനെതിരെയുള്ള പോരാട്ടം, ക്രിസ്തീയ മൂല്യങ്ങള്‍ക്ക് എതിരെയുള്ള പോരാട്ടം ആണ്.
യഥാര്‍ത്ഥത്തില്‍ നമ്മള്‍ അജ്ഞാതരായ ഒരു കൂട്ടം ദുരാത്മാക്കളോട് അല്ല യുദ്ധം ചെയ്യുന്നത്; നമ്മള്‍ കാണുകയും കേള്‍ക്കുകയും അഭിമുഖീകരിക്കുകയും ചെയ്യുന്ന, ദുരാത്മാക്കളുടെ മൂല്യവ്യവസ്ഥിതിയോട് ആണ് നമ്മള്‍ യുദ്ധം ചെയ്യുന്നത്.
ഈ ദുഷ്ട മൂല്യ വ്യവസ്ഥിതി പ്രചരിപ്പിക്കുന്നതാകട്ടെ ഒരു കൂട്ടം മനുഷ്യരും.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, സാത്താന്‍, അവന്റെ ദുഷിച്ച മൂല്യങ്ങളും, സംസ്കാരവും, ലോക കാഴ്ചപ്പാടുകളും, പ്രമാണങ്ങളും പ്രചരിപ്പിക്കുവാനും പ്രാവര്‍ത്തികമാക്കുവാനും മനുഷ്യരെ ഉപയോഗിച്ചുകൊണ്ടിരിക്കുക ആണ്.
നമ്മള്‍ ഇത്തരം സാത്താന്യ കോട്ടകള്‍ക്ക് എതിരായി ആണ് യുദ്ധം ചെയ്യുന്നത്.

എല്ല രാജ്യങ്ങളും അതിന്റെ സംസ്കാരം കൊണ്ട് തിരിച്ചറിയപ്പെടുന്നു.
സംസ്കാരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടാകുന്നു.
വെളിച്ചത്തിന്റെ സാമ്രാജ്യം ഇരുളിന്‍റെ സാമ്രാജ്യവുമായി ഏറ്റുമുട്ടുന്നത് സ്വാഭാവികം മാത്രം ആണ്.
പരമാധിപത്യത്തിനും രാജത്വത്തിനുമായി ദൈവരാജ്യം സാത്താന്യ രാജ്യവുമായി എപ്പോഴും സംഘര്‍ഷത്തില്‍ ആണ്.

വെദപുസ്തകത്തിന്റെ മൂല്യവ്യവസ്ഥക്കെതിരെ ഉള്ള പോരാട്ടം ഒരു തുടര്‍ക്കഥ ആണ്.
ലോകവും ലോകത്തിലെ ബുദ്ധിമാന്മാരും ഭരണകര്‍ത്താക്കളും തുടര്‍ച്ചയായി ക്രൈസ്തവ മൂല്യങ്ങളെ ആക്രമിച്ചു കൊണ്ടിരിക്കുന്നു.
ഒരു വ്യക്തിയോ, സമൂഹമോ, രാജ്യമോ ക്രൈസ്തവരെ ആക്രമിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അവര്‍ ആക്രമിക്കുന്നത് ദൈവരാജ്യത്തിന്റെ മൂല്യങ്ങളെ ആണ്.

നമ്മളുടെ ത്വക്കിന്റെ നിറം നോക്കിയോ, സാമ്പത്തികം, ജോലി, വിദ്യഭാസം, മതം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലോ, നമ്മള്‍ ആക്രമിക്കപ്പെടുകയോ പാര്‍ശവല്‍ക്കരിക്കപ്പെടുകയോ ചെയ്താല്‍ ലോകം അതിനെ ‘അനീതി’ എന്ന് വിളിക്കും.
എന്നാല്‍ ക്രിസ്തീയ മൂല്യങ്ങള്‍ കാരണം നമ്മള്‍ ആക്രമിക്കപ്പെടുകയോ പാര്‍ശവല്‍ക്കരിക്കപ്പെടുകയോ ചെയ്താല്‍, ആ ആക്രമണത്തെ, ലോകം, ആധുനിക സംസ്കാരം, പരിഷ്കൃതം, തുല്യത എന്നൊക്കെ വിളിക്കും.
ലോകത്തിനു മുമ്പില്‍ നമ്മള്‍ അസഹിഷ്ണരും അപരിഷ്കൃതരും ആയിത്തീരും.

ഇതിനേക്കാള്‍ അപകടകരമായ ഒരു അവസ്ഥ ആത്മീയ ലോകത്ത് നിലനില്‍ക്കുന്നുണ്ട്.
നമ്മള്‍ വേദപുസ്തക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ചാല്‍ ആധുനിക സുവിശേഷ പ്രസംഗകരും വേദപണ്ഡിതന്മാരും നമ്മള്‍ നിയമവാദികള്‍ ആണ്, പുതിയനിയമ ഉപദേശങ്ങള്‍ക്കും കൃപയ്ക്കും എതിരാണ് എന്നൊക്കെ പറഞ്ഞു ആക്രമിക്കും.
ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ പറയുമ്പോള്‍, “പുതിയ നിയമത്തില്‍ വ്യക്തമായി അങ്ങനെ എഴുതിയിട്ടുണ്ടോ?” എന്ന് ചോദിക്കുന്ന ആധുനികര്‍ക്കുള്ള മറുപടി, “ദൈവവചനത്തില്‍ ഇങ്ങനെ വ്യക്തമായി എഴുതിയിട്ടുണ്ട്” എന്നതായിരിക്കേണം.

നമ്മള്‍ പിശാചിന്‍റെ ലോക സാമ്രാജ്യത്തിന് എതിരാണ്.
ലോക സാമ്രാജ്യവുമായി നമ്മള്‍ പോരാട്ടത്തില്‍ ആണ്, കാരണം, ദൈവരാജ്യത്തിന്റെ മൂല്യവ്യവസ്ഥകള്‍ അന്ധകാരത്തിന്‍റെ മൂല്യങ്ങള്‍ക്ക് എതിരാണ്.

കെരുക്സ് - Kerux

ഇനി നമുക്ക് കെരുക്സ് എന്ന ഗ്രീക്ക് പദം പരിചയപ്പെടാം.
‘പ്രസംഗി’ എന്ന വാക്കിന്‍റെ ഗ്രീക്ക് പദം ആണ് കെരുക്സ് – Kerux; അതിന്‍റെ ക്രിയാ പദം കെരുസ്സോ - kerusso  എന്നാണ്.
കെരുക്സ് എന്ന വാക്ക് അപ്പോസ്തലനായ പൗലോസ്‌ ഉപയോഗിച്ചിട്ടുണ്ട്:

2 തിമൊഥെയൊസ് 1:11  ആ സുവിശേഷത്തിന്നു ഞാൻ പ്രസംഗിയും അപ്പൊസ്തലനും ഉപദേഷ്ടാവുമായി നിയമിക്കപ്പെട്ടിരിക്കുന്നു.

ചരിത്രപരമായി, ഒരു രാജ്യത്തിലെ രാജാവ്, തന്റെ ഇഷ്ടങ്ങളും, ആഗ്രഹങ്ങളും, വിചാരങ്ങളും, പദ്ധതികളും, പ്രതീക്ഷകളും, താന്‍ കാത്തുസൂക്ഷിക്കുവാന്‍ ആഗ്രഹിക്കുന്ന സംസ്കാരവും, മൂല്യങ്ങളും, നിയമങ്ങളും എല്ലാം ജനങ്ങളെ അറിയിക്കുവാനായി നിയമിക്കുന്ന രാജകീയ പ്രതിനിധി ആണ് കെരുക്സ്.
ഒരു കെരുക്സിന്റെ സഹായമില്ലാതെ രാജാവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി തങ്ങളുടെ ജീവിതത്തെ അതിനനുസൃതമായി ക്രമീകരിക്കുവാന്‍ ജനങ്ങള്‍ക്ക്‌ കഴിയുക ഇല്ലായിരുന്നു.

അങ്ങനെ അപ്പോസ്തലനായ പൌലോസ് തന്നെത്തന്നെ കെരുക്സ് അഥവാ രാജകീയ പ്രതിനിധി ആയി കരുതി.
സ്വര്‍ഗീയനായ രാജാവിന്‍റെ ഹിതം ജനങ്ങളെ അറിയിക്കുക, അതിന്‍പ്രകാരം തങ്ങളുടെ ജീവിതത്തെ ക്രമീകരിക്കുവാന്‍ ജനങ്ങളെ സഹായിക്കുക എന്നതായിരുന്നു പൌലോസിന്റെ  ദൌത്യം.
യേശുവും, ദൈവരാജ്യത്തിന്റെ മൂല്യങ്ങളും, സംസ്കാരവും, പ്രതീക്ഷയും നമ്മളെ അറിയിക്കുന്ന കെരുക്സ് ആയി ഈ ഭൂമിയില്‍ ശുശ്രൂഷ ചെയ്തു.
യേശുവും പൗലോസും മാത്രമല്ല, നമ്മള്‍ എല്ലാവരും ദൈവത്തിന്‍റെ കെരുക്സ് ആണ്.
ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ മറ്റുള്ളവരെ അറിയിക്കുക എന്നതാണ് നമ്മളുടെ ദൌത്യം.
അത് നമ്മളുടെ ജീവിതത്തിലൂടെ നമ്മള്‍ ചെയ്തുതീര്‍ക്കെണ്ടുന്ന ഉത്തരവാദിത്തം ആണ്.

നിത്യതയില്‍ നിക്ഷേപങ്ങള്‍ സ്വരൂപിക്കുക

നമ്മള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്, ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ അനുസരിച്ചുള്ള ഈ ഭൂമിയിലെ നമ്മളുടെ ജീവിതം തന്നെ നിത്യതയില്‍ നിക്ഷേപം ആയി മാറ്റപ്പെടുന്നു എന്നാണ്.
നമ്മളുടെ താല്‍ക്കാലിക വസതി ആയ ഈ ഭൂമിയില്‍ നിക്ഷേപം സ്വരൂപിക്കുന്നത് ദൈവ വചനം പ്രോത്സാഹിപ്പിക്കുന്നില്ല.

ദൈവരാജ്യത്തില്‍ നിക്ഷേപം സ്വരൂപിക്കുന്നതിന് നമ്മളെ ഉല്‍സാഹിപ്പിക്കുവാന്‍ യേശു ഒരിക്കല്‍ ഒരു ഉപമ പറഞ്ഞു.
അവിശ്വസ്തനായ ഒരു കാര്യസ്ഥന്റെ ഉപമ ആണ് ഇത്.
ലൂക്കോസിന്റെ സുവിശേഷം 16-)0 അദ്ധ്യായത്തില്‍ ഇതു രേഖപ്പെടുത്തിയിരിക്കുന്നു.
അവന്‍ അവിശ്വസ്തനും ഉത്തരവാദിത്തം ഇല്ലാത്തവനും ആയിരുന്നു എങ്കിലും അവന്‍ ഭാവിയിലേക്ക്  കരുതുന്നതില്‍ ബുദ്ധി കാണിച്ചു എന്ന് യേശു പറഞ്ഞു.

ഉപമ ഇങ്ങനെ ആണ്:
ധനവാനായോരു മനുഷ്യനു ഒരു കാര്യവിചാരകൻ ഉണ്ടായിരുന്നു.
അവൻ വസ്തുവക നാനാവിധമാക്കുന്നു എന്നു യജമാനന്‍ അറിഞ്ഞു.
യജമാനന്‍ അവനെ വിളിച്ചു, കാര്യവിചാരത്തിന്റെ കണക്കു വേഗം ഏല്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടു.
അതോടെ, യജമാനന്‍ അവനെ കാര്യവിചാരത്തിൽനിന്നു നീക്കുവാൻ പോകുക ആണ് എന്ന് അവന്‍ മനസ്സിലാക്കി.
ഭാവിയില്‍ ഇനി താന്‍ എന്ത് ചെയ്യും എന്ന ചിന്ത അവനെ ഭരിച്ചു.
തന്നെ ഇനി മറ്റൊരു യജമാനന്‍ കാര്യവിചാരകന്‍ ആയി നിയമിക്കുക ഇല്ല; കഠിനാധ്വാനം ചെയ്തു ജീവിക്കുവാന്‍ അവന് പ്രാപ്തിയില്ല; ഭിക്ഷയെടുത്തു ജീവിക്കുവാന്‍ അവന്‍ ലജ്ജിച്ചു.
അതിനാല്‍ ഭാവിയിലേക്ക് ബുദ്ധിയോടെ കരുതുവാന്‍ അവന്‍ തീരുമാനിച്ചു.
അവൻ യജമാനന്‍റെ കടക്കാരിൽ ഓരോരുത്തനെ വിളിച്ചു വരുത്തി ഒന്നാമത്തവന്‍റെ കടം പകുതി ആയി ഇളച്ചുകൊടുത്തു; മറ്റ് പലരുടെയും കടം പകുതി ആയി ഇളച്ചുകൊടുത്തു.
തന്നെ യജമാനന്‍ കാര്യവിചാരത്തിൽനിന്നു നീക്കിയാൽ ഇവർ തങ്ങളുടെ വീടുകളിൽ ചേർത്തുകൊള്ളും എന്ന് അവന്‍ കരുതി.
ഇതു അനീതി ആണ് എങ്കിലും കാര്യവിചാരകൻ ബുദ്ധിയോടെ പ്രവർത്തിച്ചതുകൊണ്ടു യജമാനൻ അവനെ പുകഴ്ത്തി.
യേശു ഉപമ അവസാനിപ്പിക്കുന്നത് ഇങ്ങനെ ആണ്: അനീതിയുള്ള മമ്മോനെക്കൊണ്ടു നിങ്ങൾക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. അതു ഇല്ലാതെയാകുമ്പോൾ അവർ നിത്യകൂടാരങ്ങളിൽ നിങ്ങളെ ചേർത്തുകൊൾവാൻ ഇടയാകും.

യേശു ഇവിടെ കാര്യസ്ഥന്റെ ഉത്തരവാദിത്തം ഇല്ലായ്മയേയോ അനീതിയേയോ പ്രകീര്‍ത്തിക്കുക അല്ല.
ഉപമയിലെ അവസാന ഭാഗത്തുള്ള “നിത്യകൂടാരങ്ങളിൽ നിങ്ങളെ ചേർത്തുകൊൾവാൻ ഇടയാകും” എന്ന വാക്കുകള്‍ ആണ് യേശുവിന്റെ സന്ദേശം.
ഈ ഭൂമിയിലെ സമ്പത്ത്കൊണ്ട് നിത്യതയില്‍ നിക്ഷേപിക്കുക എന്നതാണ് ഉപമയുടെ അര്‍ത്ഥം.

നിക്ഷേപത്തിന്റെ വ്യവസ്ഥകള്‍

ബുദ്ധിയുള്ള ഒരു നിക്ഷേപത്തിന് ദൈവരാജ്യത്തിലെ വ്യവസ്ഥകള്‍ നമ്മള്‍ മനസ്സിലാക്കിയിരിക്കേണം.
സമയപരിമിധി നിമിത്തം ദൈവരാജ്യത്തിലെ എല്ലാ മൂല്യ വ്യവസ്ഥകളും നമുക്ക് ഇവിടെ ചര്‍ച്ച ചെയ്യുവാന്‍ കഴിയുക ഇല്ല.
എങ്കിലും പ്രധാനപ്പെട്ട അഞ്ച് മൂല്യ വ്യവസ്ഥകളെക്കുറിച്ച് നമുക്ക് അല്‍പ്പമായി ചിന്തിക്കാം.

1.    ഈ ഭൂമിയിലെ ജീവിതം ഒരു നിക്ഷേപം ആണ്

ഈ പ്രമാണം ഈ സന്ദേശത്തിലുടനീളം മറക്കാതെ ഇരിക്കുക.
നമ്മളുടെ മുഖ്യ ചര്‍ച്ചാ വിഷയം, നിക്ഷേപം എന്നതല്ല, ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ എന്നതാണ്.
എന്നാല്‍ ദൈവത്തിന്‍റെ മൂല്യങ്ങള്‍ എന്നതുതന്നെ നിയമങ്ങളും, മൂല്യങ്ങള്‍ അനുസരിച്ചുള്ള ജീവിതം തന്നെ നിക്ഷേപവും ആണ്.

അന്ത്യകാലത്തെക്കുറിച്ചും, യേശുവിന്റെ രണ്ടാമത്തെ വരവ്, വിശ്വസ്തര്‍ക്കുള്ള പ്രതിഫലം അവിശ്വസ്തര്‍ക്കുള്ള ശിക്ഷ എന്നിവയെക്കുറിച്ചും  ഉള്ള പ്രവചനങ്ങള്‍ മത്തായി 25-)0 അദ്ധ്യായത്തില്‍ യേശു പറഞ്ഞു അവസാനിപ്പിക്കുക ആണ്.
1-)0 മത്തെ വാക്യം മുതല്‍ 13-)0 മത്തെ വാക്യം വരെയുള്ള ഭാഗത്ത് പത്തു കന്യകമാരുടെ ഉപമ കര്‍ത്താവ് പറയുന്നു.
14 മുതല്‍ 30 വരെയുള്ള വാക്യങ്ങളില്‍ അഞ്ച് താലന്തുകളുടെ ഉപമ പറയുന്നു.
31 മുതല്‍ 46 വരെയുള്ള വാക്യങ്ങളില്‍ നീതിമാന്മാര്‍ക്ക് ലഭിക്കുവാനിരിക്കുന്ന പ്രതിഫലത്തെക്കുറിച്ചും ദുഷ്ടന്മാര്‍ക്കുള്ള ശിക്ഷയെക്കുറിച്ചും കര്‍ത്താവ് പറയുന്നു.

യേശുക്രിസ്തു തേജസ്സോടെ സകലവിശുദ്ധരുമായി തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന നാള്‍ വരും.
അപ്പോള്‍ സകലജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു, ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.
കര്‍ത്താവ് തന്റെ വലത്തുള്ളവരോടു: അനുഗ്രഹിക്കപ്പെട്ടവരേ, നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ, എന്ന് അരുളിച്ചെയ്യും.
കര്‍ത്താവ് തുടര്‍ന്നു പറയും: എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു; ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു;
നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു.
അപ്പോള്‍ നീതിമാന്മാർ, അവര്‍ ഒരിക്കലും കർത്താവിനെ വിശന്നുകണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചുകണ്ടിട്ടു കുടിപ്പാൻ തരികയോ, അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ, നഗ്നനായി കണ്ടിട്ടു ഉടുപ്പിക്കയോ, രോഗിയായിട്ടോ തടവിലോ കണ്ടിട്ടു അവന്റെ അടുക്കൽ ചെല്ലുകയോ ചെയ്തിട്ടില്ല എന്ന് മറുപടി പറയും.
യേശു അവരോട്, “എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.”

പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ എന്ന് കല്‍പ്പിക്കും.
യേശു തുടര്‍ന്നു പറയുന്നതിങ്ങനെ ആണ്:
എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല; അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല.
അവർ, കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു നിരാശയോടെ മറുപടി പറയും.
അവൻ അവരോടു: ഈ ഏറ്റവും ചെറിവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും.
അതുനു ശേഷം അവിശ്വസ്തരെ കര്‍ത്താവ് നിത്യദണ്ഡനത്തിലേക്കും നീതിമാന്മാരെ നിത്യജീവങ്കലേക്കും കല്‍പ്പിച്ചു അയക്കും.

ഈ ഉപമയിലെ ഏറ്റവും പ്രധാനപ്പെട്ട വാക്യം ഇതാണ്:

മത്തായി 25: 40 രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.

ദുഷ്ടന്മാരെ ശിക്ഷിക്കുന്നത് അവരുടെ ചുറ്റിലും ജീവിച്ച സാധുക്കളോട് അനുകമ്പ കാണിക്കതിരുന്നതിലൂടെ യേശുവിനെ സേവിക്കാതെ ഇരുന്നതിനാല്‍ ആണ്.
അവര്‍ ശിക്ഷിക്കപ്പെട്ടത് അവര്‍ ചെയ്ത പാപം നിമിത്തം അല്ല, അവര്‍ ചെയ്യേണ്ടിയിരുന്ന കാര്യങ്ങള്‍ ചെയ്യാതെ ഇരുന്നതിനാല്‍ ആണ്.
ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ അനുസരിച്ച് ജീവിക്കുവാന്‍ അവര്‍ പരാജയപ്പെട്ടു, അത് പാപമായി സ്വര്‍ഗ്ഗം കരുതി.

ഇവിടെ സന്ദേശം വളരെ വ്യക്തം ആണ്.
ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ അനുസരിച്ചുള്ള ജീവിതം ദൈവരാജ്യത്തിനുള്ള സേവനം ആണ്.
ഇതു ദൈവരാജ്യത്തില്‍ നിക്ഷേപിക്കുവാനുള്ള സ്വാഭാവിക മാര്‍ഗ്ഗം ആണ്.
ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ അനുസരിച്ചുള്ള ജീവിതം നിത്യതയില്‍ പ്രതിഫലത്തോടെ മാനിക്കപെടും.

നമ്മളുടെ ഈ ഭൂമിയിലെ ജീവിതം ദൈവരാജ്യത്തില്‍ നിക്ഷേപിക്കുവാനുള്ള ഒരു നല്ല അവസരം ആണ്.
ആയതിനാല്‍, ഈ നല്ല അവസരം, ബുദ്ധിയോടെ, നല്ല നിക്ഷേപത്തിനായി ഉപയോഗിക്കുക. 

2.    കൊടുക്കുന്നത് വാങ്ങുന്നതിനേക്കാള്‍ അനുഗ്രഹം

ദൈവരാജ്യത്തിന്‍റെ രണ്ടാമത്തെ മൂല്യം ആദ്യത്തെതിനോട് വളരെ സാമ്യം ഉള്ളതാണ്.
ഈ ഭൂമിയിലെ ജീവിതം തന്നെ ദൈവരാജ്യത്തില്‍ നിക്ഷേപം ആയി മാറുന്നു എന്ന് നമ്മള്‍ കണ്ടു കഴിഞ്ഞല്ലോ.
നമ്മളുടെ എല്ലാ പ്രവര്‍ത്തികളും നിത്യതയിലേക്ക് പ്രതിഫലത്തിനായോ ശിക്ഷക്കായോ നമ്മളെ പിന്തുടരും.

ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് നമുക്ക് ഒരു വാക്യം വായിക്കാം.

അപ്പോസ്തല പ്രവര്‍ത്തികള്‍ 20: 35  ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്നു കർത്താവായ യേശുതാൻ പറഞ്ഞ വാക്കു ഓർത്തുകൊൾകയും വേണ്ടതു എന്നു ഞാൻ എല്ലാംകൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.

യേശുവിന്റെ ഈ വാക്കുകള്‍ സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടില്ല.
എന്നാല്‍ യേശു പറഞ്ഞതും ചെയ്തതുമായ എല്ലാ കാര്യങ്ങളും സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടില്ല. (യോഹന്നാന്‍ 21:25)
യേശു പറഞ്ഞ അമൂല്യമായ വാക്കുകള്‍ പലതും ജനങ്ങള്‍ ഓര്‍മ്മയില്‍ വക്കുകയും വാമൊഴി ആയി അവ പകരുകയും ചെയ്തിരുന്നു.
ആ കൂട്ടത്തില്‍ ഉള്ള അനേകം വാക്കുകളില്‍ നിന്നും പരിശുദ്ധാത്മാവ് ഈ വാക്കുകളെ എഴുതപ്പെട്ട ദൈവവചനത്തില്‍ ഉള്‍പ്പെടുത്തുവാന്‍ തീരുമാനിക്കുക ആയിരുന്നു.
ഇതു ഈ വാക്കുകളുടെ പ്രാധാന്യത്തെ കാണിക്കുന്നു.
ദൈവരാജ്യത്തിന്റെ മൂല്യ വ്യവസ്ഥിതിയെക്കുറിച്ചാണ് ഈ വാക്യം പറയുന്നത്.  

ഈ ലോകത്തിന്റെ മൂല്യവ്യവസ്ഥിതി പറയുന്നത്, വാങ്ങുക, കൂട്ടിവക്കുക എന്നാണ്.
എന്നാല്‍ ദൈവരാജ്യത്തിന്റെ മൂല്യം ദൈവരാജ്യത്തില്‍ നിക്ഷേപം ഉണ്ടാകേണ്ടതിന് കൊടുക്കുക എന്നാണ്.
കൊടുക്കുക എന്നത് നഷ്ട്ടപ്പെടുക എന്നല്ല.
ഭൌതീക ജീവിതത്തില്‍ കൊടുക്കുന്നതെല്ലാം ദൈവരാജ്യത്തില്‍, വലിയ പ്രതിഫലത്തിനായി സ്വീകരിക്കപ്പെടുന്നു.

3.    പ്രതിഫലം ചങ്ങല പോലെ തുടരുന്നു.

പ്രതിഫലവും അനുഗ്രഹവും വ്യക്തികളില്‍ നിന്നും വ്യക്തികളിലേക്ക് ചങ്ങലപോലെ തുടരുന്നു.
ഈ അത്ഭുത സത്യത്തില്‍ നമ്മള്‍ സന്തോഷിക്കേണം.

മത്തായി 10: 41, 42
41 പ്രവാചകൻ എന്നുവച്ചു പ്രവാചകനെ കൈക്കൊള്ളുന്നവന്നു പ്രവാചകന്റെ പ്രതിഫലം ലഭിക്കും. നീതിമാൻ എന്നുവച്ചു നീതിമാനെ കൈക്കൊള്ളുന്നവന്നു നീതിമാന്റെ പ്രതിഫലം ലഭിക്കും.
42 ശിഷ്യൻ എന്നുവച്ചു ഈ ചെറിയവരിൽ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീർ മാത്രം കുടിപ്പാൻ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”

പ്രവാചകന്‍ ദൈവത്താല്‍ പ്രത്യേകം നിയമിക്കപെടുന്ന വ്യക്തി ആണ്, ഒരു ശിഷ്യന്‍ ഗുരുവിനാല്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയും.
ഏലിശയെക്കുറിച്ച് ചിന്തിച്ചു നോക്കൂ.
അദ്ദേഹം ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിച്ചുകൊണ്ട് ദൈവത്തിന്‍റെ അരുളപ്പാടുകള്‍ അറിയിച്ചുകൊണ്ടിരുന്നു.
അവര്‍ യഹോവയായ ദൈവത്തിന്‍റെ പ്രവാചകന്മാര്‍ ആയതിനാല്‍ ജനങ്ങള്‍ അവരെ അവരുടെ വീടുകളില്‍ സ്വീകരിച്ചു.
ഈ പ്രവര്‍ത്തികള്‍ക്ക് തീര്‍ച്ചയായും അവര്‍ക്ക് ദൈവരാജ്യത്തില്‍ പ്രതിഫലം ലഭിക്കും.

ഒരു പ്രവാചകനെ പ്രവാചകന്‍ എന്ന് വച്ചു കൈക്കൊള്ളുക എന്ന് പറഞ്ഞാല്‍, ദൈവീക നിയോഗത്തെയും, ദൈവീക ദൂതിനെയും, അതിലൂടെ പ്രവാചകനെ അയച്ച ദൈവത്തേയും സ്വീകരിക്കുക എന്നാണ്.
അത്, ക്രിസ്തുവിനു വേണ്ടി, പ്രവാചകനെയും ശിഷ്യനേയും, ദൈവസഭയോടുള്ള കൂട്ടായ്മയും സ്നേഹവും നിമിത്തം സ്വീകരിക്കുക എന്നാണ്.
ഇതിനെ യേശുവിനെ സ്വീകരിക്കുന്നതിനു തുല്യമായി ദൈവരാജ്യത്തില്‍ കണക്കാക്കുന്നു.

ഒരു പ്രവാചകന്‍റെയും ശിഷ്യന്റെയും ശുശ്രൂഷയ്ക്ക്, പ്രവാചകന് ലഭിക്കുന്ന അതെ പ്രതിഫലം അവരെ സീകരിക്കുന്നവര്‍ക്കും നിത്യതയില്‍ ലഭിക്കും.

യേശു മറ്റൊരു അവസരത്തില്‍, നമ്മള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തികള്‍ക്കും ഈ ഭൂമിയില്‍ വച്ച് ഭാഗികമായും, നിത്യതയില്‍ തുടര്‍ന്നും ദൈവഹിതം അനുസരിച്ച് പ്രതിഫലം ലഭിക്കും എന്ന് പറഞ്ഞു.

മര്‍ക്കോസ് 10: 29, 30
29   അതിന്നു യേശു: എന്റെ നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരന്മാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാൽ,
30   ഈ ലോകത്തിൽ തന്നേ, ഉപദ്രവങ്ങളോടുംകൂടെ നൂറു മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരുമില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

നമ്മള്‍ ഈ ഭൂമിയില്‍ ചെയ്ത സകല പ്രവര്‍ത്തികള്‍ക്കും നിത്യതയില്‍ തക്ക പ്രതിഫലം ലഭിക്കും.
ഈ പ്രതിഫലത്തില്‍ നമ്മളുടെ പൂര്‍വ്വ പിതാക്കന്മാരുടെ യാതൊരു പ്രവര്‍ത്തിയും ഉള്‍പ്പെടുന്നില്ല.
എന്നാല്‍ ഈ ഭൂമിയില്‍ ജീവിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളില്‍ തലമുറ തലമുറകളായി ചങ്ങല പോലെ തുടരുന്ന അനുഗ്രഹങ്ങള്‍ ഉണ്ട്.

ആവര്‍ത്തനപുസ്തകം 7: 9 ആകയാൽ നിന്റെ ദൈവമായ യഹോവ തന്നേ ദൈവം; അവൻ തന്നേ സത്യദൈവം എന്നു നീ അറിയേണം: അവൻ തന്നെ സ്നേഹിച്ചു തന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറവരെ നിയമവും ദയയും പാലിക്കുന്നു.

4.    ദൈവരാജ്യത്തിലെ ശതമാന കണക്ക്

നമ്മള്‍ ഈ ഭൂമിയില്‍ വച്ച് നിക്ഷേപിക്കുന്നതെല്ലാം ശതമാനക്കണക്കില്‍ ആണ് ദൈവരാജ്യത്തു രേഖപ്പെടുത്തുന്നത് എന്നത് രസകരമായ ഒരു സത്യം ആണ്.

ഒരു ദിവസം യേശു ദൈവാലയത്തില്‍ സദൂക്യരോടും പരീശന്മാരോടും സംവാദിച്ചുകൊണ്ട് ഇരിക്കുക ആയിരുന്നു.
യേശു ദൈവാലയത്തില്‍ നിന്നും വാണിഭക്കാരെയും കച്ചവടക്കാരെയും പുറത്താക്കിയിരുന്നു.
ഇതു ദൈവാലയത്തിലെ വരുമാനത്തെ സാരമായി ബാധിച്ചു.
യേശു അപ്പോള്‍ പുരുഷാരം ഭണ്ഡാരത്തിൽ പണം ഇടുന്നത് നോക്കിയിരുന്നു.
ധനവാന്മാർ പലരും വളരെ ഇട്ടു.
ദരിദ്രയായ ഒരു വിധവ വന്നു ഒരു പൈസക്കു ശരിയായ രണ്ടു കാശ് ഇട്ടു. (മര്‍ക്കോസ് 12:41–44)
അപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു, ദൈവരാജ്യത്തിന്റെ മൂല്യങ്ങളെക്കുറിച്ച് ഒരു പാഠം പറഞ്ഞുകൊടുത്തു.
ഭണ്ഡാരത്തിൽ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു.
എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽനിന്നു ഇട്ടു; ഇവളോ തന്റെ ഇല്ലായ്മയിൽനിന്നു തനിക്കുള്ളതു ഒക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു എന്നു യേശു അവരോടു പറഞ്ഞു.
എന്ന് പറഞ്ഞാല്‍ ഈ വിധവ അവളുടെ സമ്പത്തിന്റെ 100% ഭാണ്ടാരത്തില്‍ ഇട്ടു.

വിധവയുടെ ദാനം സ്വര്‍ഗ്ഗത്തില്‍ അങ്ങനെ ആണ് കണക്കാക്കപ്പെടുന്നത് എന്നാണ് യേശു വ്യക്തമാക്കിയത്.
അവള്‍ അവളുടെ സമ്പത്തിന്റെ 100% വും ദൈവത്തിനു കൊടുത്തു.
മറ്റുള്ളവര്‍ ലോകത്തിന്റെ മൂല്യം അനുസരിച്ച് വളരെ കൂടുതല്‍ കൊടുത്തേക്കാം; എന്നാല്‍ അത് അവരുടെ സമ്പത്തിന്റെ 100% അല്ല.

അതിന്റെ അര്‍ത്ഥം, ദൈവരാജ്യത്തിലെ കണക്ക് നമ്മളുടെ മൊത്തം സമ്പത്തിന്റെ ശതമാനക്കണക്കില്‍ ആണ്.
ഓര്‍ക്കുക, ദൈവം നമുക്ക് നല്‍കിയ ആരോഗ്യവും, സമയവും, പണവും എല്ലാം നമ്മളുടെ സമ്പത്ത് ആണ്.
നമ്മള്‍ ഇവയെകൊണ്ട് ദൈവരാജ്യത്തെ പിന്തുണക്കേണം എന്നാണ് ദൈവീക പദ്ധതി.

നമ്മള്‍ എന്തെങ്കിലും ദൈവത്തിനു കൊടുക്കുമ്പോള്‍ യാതൊന്നും നമ്മളുടെ പക്കല്‍നിന്നും കൊടുക്കുന്നില്ല എന്ന് നമ്മള്‍ ഓര്‍ക്കേണം.

സകല ശത്രുക്കളുടെയും മേല്‍ വിജയം ലഭിച്ചതിനു ശേഷം, വിശ്രമത്തിന്റെ നാളുകള്‍ ലഭിച്ചപ്പോള്‍ ദാവീദ് ദൈവത്തിന്‍റെ ആലയം നിര്‍മ്മിക്കുവാന്‍ ആഗ്രഹിച്ചു.
എന്നാല്‍ അവന്‍ യോദ്ധാവായതിനാല്‍, രക്തം ചൊരിഞ്ഞിട്ടുള്ളതിനാല്‍, ദൈവാലയം നിര്‍മ്മിക്കുവാന്‍ ദൈവം ദാവീദിനെ അനുവദിച്ചില്ല.
ദാവീദിന്റെ മകനായ ശലോമോന്‍ ദൈവാലയം പണിയും എന്ന് ദൈവം അരുളിച്ചെയ്തു.
എങ്കിലും ദൈവാലയത്തിന്റെ പണിക്ക് ആവശ്യമായതില്‍ തനിക്ക് കഴിയുന്നതെല്ലാം മനപ്പൂര്‍വ്വ ദാനമായി നല്‍കുവാന്‍ ദാവീദ് തീരുമാനിച്ചു.
അങ്ങനെ സ്വര്‍ണ്ണവും വെള്ളിയും, താമ്രവും, ഇരുമ്പും, നാനവർണ്ണമുള്ള കല്ലുകളും, വിലയേറിയ സകലവിധ രത്നങ്ങളും, മറ്റ് വിലകൂടിയ അനേകം കാര്യങ്ങള്‍ ദാവീദ് രാജാവിന്റെ ഭാണ്ടാരത്തില്‍ നിന്നും ദാനമായി നല്‍കി.
അതുശേഷം ദൈവാലയ പണിക്കായി മനപ്പൂര്‍വ്വ ദാനങ്ങളെ നല്‍കുവാന്‍ അവന്‍ ജനങ്ങള്‍ക്ക്‌ അവസരം നല്‍കി.
അവരും സന്തോഷത്തോടെ, പൊന്നും, തങ്കവും, വെള്ളിയും, താമ്രവും, ഇരിമ്പും, രത്നങ്ങളും, കൊടുത്തു.
 അങ്ങനെ ജനം ഏകാഗ്രഹൃദയത്തോടെ, മനഃപൂർവ്വമായി കൊടുത്തതുകൊണ്ടു അവർ സന്തോഷിച്ചു.
ശേഷം ദാവീദ് സമ്പത്തിന്റെ പിന്നിലെ വലിയ മര്‍മ്മം പ്രസ്താവിക്കുന്നുണ്ട്: സകല ധനവും ബഹുമാനവും ദൈവത്തിങ്കൽനിന്നു വരുന്നു.

1 ദിനവൃത്താന്തം 29:14  എന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂർവ്വമായി ദാനം ചെയ്യേണ്ടതിന്നു പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ ജനവും എന്തുള്ളു? സകലവും നിങ്കൽനിന്നല്ലോ വരുന്നതു; നിന്റെ കയ്യിൽനിന്നു വാങ്ങി ഞങ്ങൾ നിനക്കു തന്നതേയുള്ളു.

നമ്മളുടെ സകല സമ്പത്തും ദൈവത്തിന്റെതും, ദൈവത്തില്‍ നിന്നു വരുന്നതും ആകയാല്‍, നമ്മള്‍ ദൈവത്തിനായി തിരികെ നല്‍കുന്നത് ലഭിച്ചതിന്റെ എത്ര ശതമാനം ആണ് എന്ന് ദൈവം കണക്കാക്കുന്നു.
ഈ കണക്കുകൂട്ടലിന്റെ രീതി സ്വാഭാവികവും നീതിപൂര്‍വ്വവും ആണ്.

അതിന്റെ അര്‍ത്ഥം നമ്മള്‍ ദൈവരാജ്യത്തിനായി ചിലവാക്കിയ സമ്പത്തിന്റെ ലോകപ്രകാരമുള്ള വലിപ്പം അല്ല, ദൈവം നമ്മളെ ഏല്‍പ്പിച്ച സമ്പത്തിന്റെ എത്ര ശതമാനം ആണ് അത് എന്നതാണ് സ്വര്‍ഗ്ഗം കണക്കാക്കുന്നത്.
സ്വര്‍ഗ്ഗം ശതമാനക്കണക്കില്‍ നിക്ഷേപം സ്വീകരിക്കുന്നു.

5.    രഹസ്യമായ ആത്മീയതയ്ക്ക് പ്രതിഫലം ഉണ്ട്.

ആരും അറിയാതെപോകുന്ന നമ്മളുടെ ആത്മീയതക്ക് ദൈവരാജ്യത്തില്‍ വലിയ പ്രതിഫലം ഉണ്ട്.
ഒപ്പം നിത്യതയില്‍ പ്രതിഫലത്തിനു ഇരട്ടിപ്പ് ഇല്ല എന്നും മനസിലാക്കുക.

ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന നമ്മളുടെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഭൂമിയില്‍ യാതൊരു പ്രതിഫലവും ലഭിക്കില്ല.
ഒപ്പം ഈ ലോകത്തിലെ പ്രതിഫലം ലക്ഷ്യം വച്ചുകൊണ്ടുള്ള യാതൊരു പ്രവര്‍ത്തനങ്ങള്‍ക്കും ദൈവരാജ്യത്തില്‍ വീണ്ടും പ്രതിഫലം ലഭിക്കില്ല.

നമ്മളുടെ രഹസ്യ ആത്മീയതയുടെ നല്ല ഉദാഹരണം ആണ്, പ്രാര്‍ത്ഥന.
പ്രാര്‍ത്ഥന എന്നത് തികച്ചും വ്യക്തിപരമായ ആത്മീയ ആവിഷ്കരണം ആണ്.
രഹസ്യ പ്രാര്‍ത്ഥനയുടെ ഉദ്ദേശ്യം മനുഷ്യരുടെ സ്തുതിയോ, ആത്മീയ പരിവേഷമോ അല്ല.
രഹസ്യ പ്രാര്‍ത്ഥന, ദൈവവുമായുള്ള നേരിട്ടുള്ള, സംഭാഷണം ആണ്.

യേശു, മറ്റാരും അറിയാതിരിക്കുന്ന, അവനെ സ്വര്‍ഗീയ പിതാവായി അംഗീകരിക്കുന്ന, രഹസ്യ പ്രാര്‍ത്ഥനയ്ക്ക് വളരെ പ്രാധാന്യം നല്‍കി.

മത്തായി 6:5-7
5 നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ആകരുതു; അവർ മനുഷ്യർക്കു വിളങ്ങേണ്ടതിന്നു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർത്ഥിപ്പാൻ ഇഷ്ടപ്പെടുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
6 നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.
7 പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നതു.

ഇവിടെ യേശു പ്രാര്‍ത്ഥനയുടെ ഉദ്ദേശ്യത്തെക്കുറിച്ചും രീതിയെക്കുറിച്ചും ആണ് പറയുന്നത്.
നമ്മള്‍ പ്രാർത്ഥിക്കുമ്പോള്‍, മനുഷ്യർക്കു വിളങ്ങേണ്ടതിന്നു പ്രാർത്ഥിക്കാതെ രഹസ്യത്തിലുള്ള നമ്മളുടെ പിതാവിനോടു പ്രാർത്ഥിക്കേണം.
നമ്മളെ രഹസ്യത്തിൽ കാണുന്നതും പരസ്യമായി പ്രതിഫലം നല്കുന്നവനുമായ സ്വര്‍ഗീയനായ പിതാവുമായുള്ള വ്യക്തിപരമായ സംഭാഷണം ആയിരിക്കേണം അത്.
നമ്മള്‍ പ്രാർത്ഥിക്കയിൽ ജാതികളെപ്പോലെ ജല്പനം ചെയ്യുകയും അതിഭാഷണം നടത്തുകയും അരുത്.

മത്തായി 6:1-4 വരെയുള്ള വേദഭാഗങ്ങളില്‍ സാധുക്കള്‍ക്കായി നല്‍കുന്ന സഹായങ്ങളെക്കുറിച്ച് യേശു പറയുന്നു.
ഭിക്ഷകൊടുക്കുമ്പോൾ മനുഷ്യരാൽ മാനം ലഭിപ്പാൻ തക്കവണ്ണം കൊടുക്കരുത്; അല്ലെങ്കില്‍ സ്വർഗ്ഗത്തിലുള്ള പിതാവിന്റെ പക്കൽനിന്നും നമുക്ക് പ്രതിഫലം ലഭിക്കില്ല.
നമ്മളുടെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിന്നു വലങ്കൈ ചെയ്യുന്നതു എന്തു എന്നു ഇടങ്കൈ അറിയരുതു.
രഹസ്യത്തിൽ കാണുന്ന നമ്മളുടെ പിതാവു നമുക്ക് പരസ്യമായി പ്രതിഫലം തരും.

യേശു ദൈവരാജ്യത്തിന്റെ മറ്റൊരു മൂല്യത്തെക്കുറിച്ച് സംസാരിക്കുക ആണ്.
സല്‍പ്രവര്‍ത്തികള്‍ ചെയ്യുമ്പോഴുള്ള നമ്മളുടെ മനോഭാവം ആണ് സ്വര്‍ഗ്ഗം കണക്കില്‍ എഴുതുന്നത്‌; സ്ഥലമോ, രീതികളോ അല്ല.
യേശുവിന്റെ ഗിരി പ്രഭാഷണത്തില്‍ എല്ലായിടവും നമ്മളുടെ മനോഭാവത്തിനാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്.  
അതായത്, പരസ്യമായി പ്രാർത്ഥിക്കുകയോ, രഹസ്യമായി പ്രാർത്ഥിക്കുകയോ; പരസ്യമായി മറ്റുള്ളവരെ സഹായിക്കുകയോ, രഹസ്യമായി സഹായിക്കുകയോ ആകാം.
ഒരേ വാക്കുകളോ വാചകങ്ങളോ ദൈവവചനമോ പ്രാര്‍ത്ഥനയില്‍ ആവര്‍ത്തിച്ചെന്നിരിക്കാം.
നമ്മളുടെ മനോഭാവം ദൈവത്തെ പ്രസാദിപ്പിക്കുക എന്നത് മാത്രം ആണെങ്കില്‍ നമുക്ക് ഈ ലോകത്തില്‍ വച്ചുതന്നെ പരസ്യമായും ദൈവരാജ്യത്തിലും പ്രതിഫലം ലഭിക്കും.
ഇതു പ്രതിഫലത്തിന്റെ ഇരട്ടിപ്പ് അല്ല; ദൈവവചന പ്രകാരം നമുക്ക് ലഭിക്കുന്ന ഒരേ പ്രതിഫലം ആണ്.

നമ്മളുടെ മനോഭാവം മനുഷ്യനെ സന്തോഷിപ്പിക്കുക എന്നതാണ് എങ്കില്‍, നമ്മളുടെ പ്രവര്‍ത്തികളുടെ സ്ഥലമോ, രീതിയോ എന്തുതന്നെ ആയാലും, നമുക്ക് മനുഷ്യരില്‍ നിന്നും പ്രതിഫലം ലഭിക്കും, ദൈവരാജ്യത്തില്‍ പ്രതിഫലം ലഭിക്കുക ഇല്ലാതാനും.

ഉപസംഹാരം

ഞാന്‍ ഈ സന്ദേശം ഇവിടെ അവസാനിപ്പിക്കട്ടെ.
ദൈവരാജ്യത്തിന്റെ മൂല്യ വ്യവസ്ഥകള്‍ ലോകത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധം ആണ്; കാരണം ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ സ്വര്‍ഗീയ രാജാവാണ് നിശ്ചയിക്കുന്നത്.
അവ നമ്മള്‍ അനുസരിച്ച് ജീവിക്കേണം എന്ന് തന്നെയാണ് ദൈവം ആഗ്രഹിക്കുന്നത്.
അവ അസാദ്ധ്യങ്ങള്‍ അല്ല; സാദ്ധ്യമായവ തന്നെ ആണ്.
ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ അനുസരിച്ചുള്ള ജീവിതം നിത്യതക്കായുള്ള നിക്ഷേപങ്ങള്‍ ആണ്; മനുഷ്യന്‍റെ എല്ലാ പ്രവര്‍ത്തികള്‍ക്കും ദൈവരാജ്യത്തില്‍ പ്രതിഫലം ഉണ്ട്.

അതുകൊണ്ട് ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ അനുസരിച്ച് നമുക്ക് ജീവിക്കാം; ദൈവരാജ്യത്തിന് ഒത്തവണ്ണം ജീവിക്കാം.
കര്‍ത്താവ് നിങ്ങളെവരെയും അനുഗ്രഹിക്കട്ടെ. ആമേന്‍.


No comments:

Post a Comment