യേശുവിന്‍റെ ഗിരി പ്രഭാഷണം

യേശുക്രിസ്തുവിന്‍റെ പ്രശസ്തമായ ഗിരി പ്രഭാഷണത്തിനു ഒരു മുഖവുര ആണ് ഈ സന്ദേശം.
അതായത്, ഗിരി പ്രഭാഷണത്തിലെ എല്ലാ വാചകങ്ങളും ഓരോന്നായി എടുത്തു ഇവിടെ നമ്മള്‍ പഠിക്കുന്നില്ല.
എന്താണ് ഗിരി പ്രഭാഷണം, അതിന്റെ പശ്ചാത്തലം, പ്രാധാന്യം, സീനായ് പര്‍വ്വതത്തിലെ സംഭവങ്ങളുമായുള്ള സാമ്യം എന്നിങ്ങനെ ഉള്ള കാര്യങ്ങള്‍ ആണ് നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
ഈ സന്ദേശം യേശുവിന്‍റെ ഗിരി പ്രഭാഷണം നല്ലതുപോലെ മനസ്സിലാക്കുവാന്‍ നമ്മളെ സഹായിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

മത്തായി എഴുതിയ സുവിശേഷം 5 മുതല്‍ 7 വരെയുള്ള അദ്ധ്യായങ്ങളില്‍ ആണ് ഗിരി പ്രഭാഷണം രേഖപ്പെടുത്തിയിരിക്കുന്നത്.
ഇത് യേശുവിന്‍റെ പഠിപ്പിക്കലുകളുടെ വിവരണം ആണ്.
യേശു പ്രസംഗിച്ച സ്ഥലം, ഗലീല കടലിന്‍റെ വടക്ക് പടിഞ്ഞാറെ തീരത്തുള്ള, കഫർന്നഹൂമിനും ഗെന്നേസരെത്തിനും ഇടയില്‍ ആയിരുന്നിരിക്കേണം.
യേശുക്രിസ്തുവിന്‍റെ പ്രഭാഷണങ്ങളില്‍ ഏറ്റവും പ്രശസ്തമായതും ലോകത്തില്‍ തന്നെ ഏറ്റവും പ്രചാരമുള്ളതുമായ പ്രസംഗം ആണിത്.

മത്തായി രേഖപ്പെടുത്തിയിരിക്കുന്ന ഗിരി പ്രഭാഷണം സുവിശേഷങ്ങളില്‍ മറ്റൊരിടത്തും നമ്മള്‍ കാണുന്നില്ല.
ലൂക്കോസ് 6:17-49 വരെയുള്ള വാക്യങ്ങളില്‍ നമ്മള്‍ സാദൃശ്യമുള്ള ഒരു വിവരണം വായിക്കുന്നുണ്ട്.
ഇത് സമതലത്തിലെ പ്രഭാഷണം അഥവാ Sermon on the Plain എന്നാണ് അറിയപ്പെടുന്നത്.
ഈ രണ്ടു വിവരണവും ഒരേ സംഭവം തന്നെ എന്നും വ്യത്യസ്തമായ സാഹചര്യങ്ങള്‍ ആണ് എന്നും അഭിപ്രായം ഉണ്ട്.

സദൂക്യരും പരീശന്മാരും

യേശുവിന്റെ ഗിരിപ്രഭാഷണം നന്നായി മനസ്സിലാക്കുവാന്‍ അന്നത്തെ സാമൂഹികവും മതപരവുമായ പശ്ചാത്തലം അറിഞ്ഞിരിക്കുന്നത് ഏറെ ഗുണം ചെയ്യും.
യേശുവിന്റെ കാലത്ത് യഹൂദന്മാരുടെ ഇടയില്‍ രണ്ട് വിഭാഗങ്ങള്‍ ഉണ്ടായിരുന്നു – സദൂക്യരും പരീശന്മാരും.
യേശു ഈ രണ്ട് കൂട്ടരുമായും അഭിപ്രായ വ്യത്യാസത്തില്‍ ആയിരുന്നു എന്ന് സുവിശേഷങ്ങള്‍ സാക്ഷിക്കുന്നു.
ഇവര്‍ തമ്മിലും കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു.

സദൂക്യര്‍

യേശുവിന്റെ കാലത്തും പുതിയനിയമ കാലത്തും സദൂക്യര്‍ സമൂഹത്തിലെ കുലീനന്മാര്‍ ആയിരുന്നു.
അവര്‍ സമൂഹത്തില്‍ ശക്തരും ദൈവാലയത്തിലെ മുഖ്യപരോഹിതന്‍ പോലെയുള്ള സ്ഥാനങ്ങള്‍ വഹിച്ചിരുന്നതും അവര്‍ ആയിരുന്നു.
അവര്‍ സാധാരണക്കാരുമായി അധികം ഇടപഴകാറില്ലായിരുന്നതിനാല്‍ സധാരണ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ഉണ്ടായിരുന്നില്ല.

മതപരമായി സദൂക്യര്‍, ഉപദേശങ്ങളില്‍ യാഥാസ്ഥിതികര്‍ ആയിരുന്നു.
എഴുതപ്പെട്ട ദൈവ വചനം മാത്രമേ അവര്‍ വിശ്വാസത്തിന് അടിസ്ഥാനമായി സ്വീകരിച്ചിരുന്നുള്ളൂ.
യഹൂദന്മാരുടെ വായ്മൊഴി പാരമ്പര്യങ്ങളെ അവര്‍ വിശ്വസിച്ചിരുന്നില്ല.

സദൂക്യര്‍, മോശെ എഴുതിയ, ഉല്‍പ്പത്തി മുതല്‍ ആവര്‍ത്തനപുസ്തകം വരെയുള്ള പുസ്തകങ്ങളുടെ ആധികാരികത കാത്ത് സൂക്ഷിക്കുന്നതില്‍ ശ്രദ്ധാലുക്കള്‍ ആയിരുന്നു.
മനുഷ്യരുടെ ദൈനംദിന കാര്യങ്ങളില്‍ ദൈവം ഇടപെടുന്നില്ല എന്ന് അവര്‍ വിശ്വസിച്ചു.
എന്നാല്‍ മനുഷ്യരുടെ പുനരുത്ഥാനത്തില്‍ അവര്‍ വിശ്വസിച്ചിരുന്നില്ല.
മരണാനന്തര ജീവിതത്തിലും മരണത്തിനു ശേഷം ലഭിക്കുന്ന പ്രതിഫലത്തിലോ ശിക്ഷയിലോ അവര്‍ വിശ്വസിച്ചിരുന്നില്ല.
ദൂതന്മാരും ഭൂതാത്മാക്കളും ജീവിക്കുന്ന ആത്മീയ മണ്ഡലം ഉണ്ട് എന്നതിലും അവര്‍ വിശ്വസിച്ചിരുന്നില്ല.

പരീശന്മാര്‍

പുതിയനിയമത്തില്‍ പലപ്പോഴും പരാമര്‍ശിക്കപ്പെടുന്ന മറ്റൊരു വിഭാഗം ആയിരുന്നു പരീശന്മാര്‍.
സാധാരണ ജനങ്ങളും സമ്പന്നര്‍ അല്ലാത്ത പുരോഹിതന്മാരും ആയിരുന്നു ഈ വിഭാഗത്തില്‍ ഏറെയും.
മതപരമായി യാഥാസ്ഥികര്‍ ആയിരുന്നു ഇവര്‍.
സാധാരണക്കാര്‍ ഇവരെ അംഗീകരിക്കുകയും ബഹുമാനത്തോടെ കാണുകയും ചെയ്തു.

എഴുതപ്പെട്ട തിരുവചനത്തെ അവര്‍ ദൈവ നിശ്വാസിയമായി കണ്ടു.
ഒപ്പം തന്നെ യഹൂദന്മാരുടെ വായ്മൊഴിയാലുള്ള പ്രമാണങ്ങളെയും തുല്യമായി കണ്ടു വിശ്വസിച്ചു.
ദൈവം സീനായ് പര്‍വതമുകളില്‍ വച്ച്, മോശെക്ക്, പകല്‍ എഴുതപ്പെട്ട വചനവും രാത്രി വായ്‌മൊഴി പ്രമാണങ്ങളും പറഞ്ഞുകൊടുത്തു എന്നും, വായ്മൊഴി പ്രമാണങ്ങള്‍ എഴുതിവെക്കാതെ മോശെ യോശുവയ്ക്ക് പകര്‍ന്നുകൊടുത്തു, യോശുവ തന്റെ പിന്‍ഗാമികള്‍ ആയ യഹൂദ മൂപ്പന്മാര്‍ക്കു പറഞ്ഞുകൊടുത്തു എന്നും യാഥാസ്ഥികര്‍ ആയ യഹൂദന്മാരും പരീശന്മാരും വിശ്വസിച്ചിരുന്നു.
ഈ വായ്മൊഴി പ്രമാണങ്ങള്‍ എഴുതപ്പെട്ട വചനത്തെ കൂടുതല്‍ വിശദീകരിക്കുകയും എഴുതപ്പെട്ടവ എങ്ങനെ ആണ് പ്രായോഗിക ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടത് എന്ന് പഠിപ്പിക്കുകയും ചെയ്യുന്നു എന്നതായിരുന്നു അവരുടെ വാദം.
അതുകൊണ്ട് ഈ പാരമ്പര്യ പ്രമാണങ്ങളെയും നിര്‍ബന്ധമായി പരീശന്മാര്‍ പാലിച്ചിരുന്നു.

എല്ലാം ദൈവത്തിന്‍റെ നിയന്ത്രണത്തില്‍ ആണ് എങ്കിലും മനുഷ്യരുടെ സ്വന്ത തീരുമാനങ്ങള്‍ ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് അവര്‍ വിശ്വസിച്ചു.
മരിച്ചവരുടെ പുനരുത്ഥാനത്തിലും, മരണത്തിനു ശേഷമുള്ള ജീവിതത്തിലും, അവിടെ ലഭിക്കുന്ന പ്രതിഫലത്തിലും ശിക്ഷയിലും അവര്‍ വിശ്വസിച്ചു.
ദൈവദൂതന്മാരും ഭൂതങ്ങളും ജീവിക്കുന്ന ആത്മമണ്ഡലം ഉണ്ട് എന്നും അവര്‍ വിശ്വസിച്ചിരുന്നു.    

യേശു പ്രധാനമായും സാധാരണക്കാരുടെ ഇടയില്‍ ആണ് ശുശ്രൂഷ ചെയ്തത്.
അതുകൊണ്ട് തന്നെ യേശുവിന് നിരന്തരം പരീശന്മാരുമായി ഏറ്റുമുട്ടേണ്ടി വന്നു.

യേശുവും പരീശന്മാരും

യേശുവിന്‍റെ ഗിരിപ്രഭാഷണം നമ്മള്‍ പഠിക്കുമ്പോള്‍ പരീശന്മാരോടുള്ള യേശുവിന്റെ മനോഭാവം എന്തായിരുന്നു എന്ന് കൂടി നമ്മള്‍ മനസ്സിലാക്കേണം.
പരീശന്മാരുടെ ന്യായപ്രമാണത്തിന്റെ വ്യാഖ്യാനത്തിന് ഒരു ബദല്‍ രേഖ ആണ് യേശുവിന്റെ പ്രഭാഷണം.

പരീശന്മാര്‍ തങ്ങളാണ് മോശെയുടെ ന്യായപ്രമാണത്തിന്റെ സൂക്ഷിപ്പുകാര്‍ എന്ന് സ്വയം കരുതി.
അതുകൊണ്ട് അവര്‍ ദൈവത്തിന്‍റെ സ്വന്ത ജനം ആണ് എന്നും മശിഹ അവര്‍ക്കായി വരും എന്നും വിശ്വസിച്ചു.
ദാവീദിന്‍റെ വംശാവലിയില്‍,  ഭൌമീകമായി തന്നെ ഒരു രാജാവായി മശിഹ വരും എന്ന് കാത്തിരുന്നു.
മശിഹ യിസ്രായേല്‍ ജനത്തെ റോമന്‍ സാമ്രാജ്യത്തിന്റെയും സകല ശത്രുക്കളുടെയും കൈയ്യില്‍ നിന്നും വിടുവിക്കുകയും അങ്ങനെ എന്നന്നേക്കും സമാധാനം ഉണ്ടാകുകയും ചെയ്യും എന്ന് പ്രത്യാശിച്ചു.
ദൈവവുമായി ഉത്തമ ബന്ധത്തില്‍ ആയിരിക്കുവാന്‍ ദൈവപ്രമാണങ്ങള്‍ മുഴുവന്‍ പാലിക്കേണം എന്ന് അവര്‍ പഠിപ്പിച്ചു.

യിസ്രായേല്‍ ജനം ബാബിലോണിയ അടിമത്തത്തില്‍ ആയിത്തീരുവാനുള്ള കാരണം ന്യായപ്രമാണങ്ങളുടെ ലംഘനം ആണ് എന്നും പ്രമാണങ്ങളുടെ അനുസരണം വ്യക്തിപരവും ദേശീയവും ആയ ഉത്തരവാദിത്തം ആണ് എന്നും അവര്‍ വാദിച്ചു.

അതുകൊണ്ട് ന്യായപ്രമാണങ്ങള്‍, ലംഘനങ്ങള്‍ക്ക് സാധ്യത ഇല്ലാതെ തന്നെ, വിശദമായി പഠിപ്പിക്കേണ്ടിയിരുന്നു.
അതിനാല്‍ യഹൂദ പാരമ്പര്യപ്രകാരം കൈമാറി ലഭിച്ച വിശദീകരണങ്ങളും, പ്രമാണങ്ങളും, ജീവിത ശൈലികളും എല്ലാം എഴുതപ്പെട്ട ന്യായപ്രമാണങ്ങളോടൊപ്പം തുല്യ പ്രാധാന്യത്തോടെ അനുസരിച്ച് പോന്നു.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍, ന്യായപ്രമാനങ്ങളെ അതി തീവ്രമായി വ്യാഖ്യാനിച്ചതിലൂടെ അതിന്‍റെ ദൈവീക ഉദ്ദേശ്യം അവര്‍ നഷ്ടമാക്കി കളഞ്ഞു.
ന്യായപ്രമാണങ്ങളും യഹൂദ വായ്മൊഴി പാരമ്പര്യങ്ങളും അവര്‍ ഉയര്‍ത്തിപ്പിടിച്ചത് പ്രമാണങ്ങളുടെ നിലവാരം ഉയര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു എങ്കിലും യഥാര്‍ത്ഥത്തില്‍ പരീശന്മാരുടെ പഠിപ്പിക്കലുകള്‍ പ്രമാണങ്ങളെ തകര്‍ക്കുക ആയിരുന്നു.

എഴുതപ്പെട്ട പ്രമാണങ്ങളും വായ്മൊഴി പാരമ്പര്യങ്ങളും പാലിക്കുക എന്നത് പരീശന്മാര്‍ക്ക് എല്ലാം ആയിരുന്നു.
ഒരു വ്യക്തിയുടെ ഹൃദയം ദൈവവുമായുള്ള ബന്ധത്തില്‍ എങ്ങനെ ആയിരിക്കുന്നു എന്നതിന് അവര്‍ യാതൊരു പ്രാധാന്യവും നല്‍കിയില്ല.
ന്യായപ്രമാണപ്രകാരമുള്ള ശുദ്ധി അവര്‍ക്ക് നിര്‍ബന്ധം ആയിരുന്നതിനാല്‍ അവര്‍ ജാതികളില്‍ നിന്നും പാപികളില്‍ നിന്നും അകന്ന് ജീവിച്ചു.
ഇത്തരം ജഡപ്രകാരം ഉള്ളതും മതപരവുമായ ആചാരങ്ങളിലുള്ള അമിത പ്രാധാന്യം കാരണം അവര്‍ സ്വയം നീതിയിലെക്കും കപട ഭക്തിയിലേക്കും വഴുതിവീണു.

യേശു പരീശന്മാരെ എതിര്‍ക്കുന്നു

തന്റെ ശുശ്രൂഷാ കാലത്തെല്ലാം യേശു പരീശന്മാരുടെ കപട ഭക്തിയേയും സ്വയം നീതീകരണത്തെയും എതിര്‍ത്തുകൊണ്ടിരുന്നു.
അവരുടെ ആത്മീയ അന്ധതയേയും ദുഷ്ടതയേയും യേശു പരസ്യമായി തന്നെ എതിര്‍ത്തു.
യിസ്രായേല്‍ ജനം നീതിയോടെ ജീവിക്കുവാനാണ് ദൈവം ന്യായപ്രമാണങ്ങളെ നല്‍കിയത്.
എന്നാല്‍ പരീശന്മാര്‍ അതിനെ ദുഷിപ്പിച്ചു.
ദയ, കരുണ, സാന്മാര്‍ഗികത എന്നിവ ഒന്നും ഇല്ലാതെ മനുഷ്യരുടെമേല്‍ താങ്ങുവാന്‍ കഴിയാത്ത ഭാരം അവര്‍ കെട്ടിവച്ചു.
അങ്ങനെ യഹൂദന്മാരുടെ ജീവിതം പരീശന്മാര്‍ രൂപപ്പെടുത്തിയ ന്യായപ്രമാണങ്ങളുടെ വിശദീകരണങ്ങള്‍ക്ക് അടിമ ആയി.
അതുകൊണ്ട്, പുറമേ നീതിയുള്ളവരും അകമേ ദുഷ്ടത നിറഞ്ഞവരും ആയിരിക്കുന്ന പരീശന്മാരെ യേശു തള്ളികളഞ്ഞു.

ഗിരി പ്രഭാഷണവും സീനായ് മലയും

ഇനി നമുക്ക്, നമ്മള്‍ ഇത്രത്തോളം പറഞ്ഞ സാമൂഹിക പശ്ചാത്തലത്തില്‍ ഗിരി പ്രഭാഷണത്തെ പഠിക്കാം.

മത്തായി സുവിശേഷം എഴുതിയത് മുഖ്യമായും യഹൂദ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി ആണ്.
അതുകൊണ്ട് ദൈവീക ചരിത്രം എഴുതുമ്പോള്‍ പാലിക്കപ്പെട്ടിരുന്ന പല രീതികളും മത്തായിയും അനുധാവനം ചെയ്യുന്നുണ്ട്.
കൂട്ടത്തില്‍, മത്തായി മനപ്പൂര്‍വ്വമായി തന്നെ, സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചുള്ള യഹൂദ കാഴ്ചപ്പാടും യേശു അവതരിപ്പിച്ച കാഴ്ചപ്പാടും തമ്മിലുള്ള അന്തരം നമ്മളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നുണ്ട്.

സ്വര്‍ഗ്ഗരാജ്യം എന്നത് യോഹന്നാന്‍ സ്നാപകനോ യേശുവോ അവതരിപ്പിച്ച ഒരു പുതിയ ആശയം ആയിരുന്നില്ല.
സ്വര്‍ഗ്ഗരാജ്യം എന്നത് പഴയനിയമ കാലം മുതല്‍ യഹൂദന്‍റെ പ്രത്യാശ ആയിരുന്നു.
അവരുടെ എല്ലാ ശത്രുക്കളെയും തോല്‍പ്പിച്ച് എന്നന്നേക്കും നിലനില്‍ക്കുന്ന ഒരു രാജ്യം സ്ഥാപിക്കുന്ന ഒരു ഭൌമീക രാജാവായാണ്‌ അവര്‍ മശിഹയെ പ്രതീക്ഷിച്ചിരുന്നത്.
അങ്ങനെ ദേശത്ത്‌ എന്നും സമൃദ്ധിയും സമാധാനവും ഉണ്ടാകും. 

ഇതുതന്നെ ആണ്, ചില വ്യത്യാസങ്ങളോട് കൂടി, മാനവരാശിയെക്കുറിച്ചുള്ള ദൈവത്തിന്‍റെ പദ്ധതിയും.
ദൈവം രാജാവായും, ജനം രാജകീയ പുരോഹിതന്മാരും ആയിരിക്കുന്ന ഒരു വിശുദ്ധ രാജ്യത്തിന്റെ രൂപീകരണം പഴയ നിയമകാലത്ത് തന്നെ ആരംഭിച്ചിരുന്നു.
യിസ്രായേല്‍ ജനം മരുഭൂമിയിലൂടെ യാത്രചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ ദൈവം സീനായ് പര്‍വ്വതമുകളില്‍ ഇറങ്ങിവന്നത് അവന്റെ രാജ്യം പ്രഖ്യാപിക്കുവാന്‍ ആണ്.

പുറപ്പാട് 19:5,6
5      ആകയാൽ നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ.
 6     നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽമക്കളോടു പറയേണ്ടുന്ന വചനങ്ങൾ ആകുന്നു.

യിസ്രായേല്‍ ജനവും ദൈവവുമായുള്ള, സീനായില്‍ വച്ചുള്ള കൂടികാഴ്ചയുടെ ലക്ഷ്യം ദൈവരാജ്യം സ്ഥാപിക്കുക എന്നതായിരുന്നു.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ദൈവം അബ്രഹാമിനെ വിളിച്ചു വേര്‍തിരിച്ചതിന്റെ ഉദ്ദേശ്യം ഇതായിരുന്നു.

ഒരു രാജ്യത്തിന്‌ ഒരു രാജാവും ഭരണ മേഖലയും ജനവും നിയമങ്ങളും വേണം.
ഇവിടെ ദൈവം അവരുടെ രാജാവാണ്, വാഗ്ദത്ത ദേശം ഭരണമേഖല ആണ്, യിസ്രായേല്‍ രാജ്യത്തിലെ ജനവും.
രാജ്യത്തെയും ജനത്തെയും ഭരിക്കുന്നതിന് ആവശ്യമായ നിയമങ്ങള്‍ രാജവില്‍നിന്നും നേരിട്ട് പ്രാപിക്കുവാന്‍ രാജാധിരാജാവായ ദൈവം മോശെയെ പര്‍വ്വത മുകളിലേക്ക് വിളിച്ചു.

എന്നാല്‍ രാജാവ് പര്‍വ്വതമുകളില്‍ വന്നത് നിയമങ്ങള്‍ നല്‍കുവാന്‍ വേണ്ടി മാത്രം ആയിരുന്നു എന്ന് ചിന്തിക്കരുത്.
രാജാവ് വന്നത് ഇതുവരെയും ഒരു രാജ്യം അല്ലാതിരുന്ന യിസ്രായേലിനെ തികഞ്ഞ ഒരു രാജ്യമായി പ്രഖ്യപിക്കുവാനും ഉറപ്പിക്കുവാനും ആണ്.
ദൈവം രാജ്യമായി പ്രഖ്യാപിച്ച ഏക രാജ്യം ആണ് യിസ്രായേല്‍.
ദൈവം രാജാവായിരിക്കുന്ന ഏക രാജ്യവും യിസ്രായേല്‍ ആണ്.
ദൈവവും മനുഷ്യനും തമ്മിലുള്ള ഒരു ഉടമ്പടിയിലൂടെ നിലവില്‍ വന്ന ഏക രാജ്യവും യിസ്രായേല്‍ ആണ്.

സീനായ് പര്‍വ്വത മുകളിലേക്ക് കയറിപോകുന്ന, യിസ്രായേലിലെ ഏറ്റവും ശക്തനായ രക്ഷ്ട്രീയ നേതാവിലേക്ക് നമുക്ക് ശ്രദ്ധയെ തിരിക്കാം.
ദൈവത്തിന്‍റെ സന്നിധിയില്‍ 40 രാവും പകലും മോശെ ചിലവഴിച്ചു.
ഒരു രാജ്യത്തിന്റെ ആരംഭവം ദൈവം പ്രഖ്യാപിച്ചു, അതിന്റെ നിയമങ്ങളും ദൈവം മോശെക്ക് നല്‍കി.
മോശെ അതിനുശേഷം താഴ്വാരത്തിലേക്ക് ഇറങ്ങി വന്നു, യാഹോവയ്ക്ക് യാഗം കഴിച്ചു, ഉടമ്പടിയുടെ അത്താഴത്തില്‍ പങ്കുചേര്‍ന്നു.
അങ്ങനെ യിസ്രായേല്‍ എന്ന ഒരു പുതിയ രാജ്യം നിലവില്‍ വന്നു.

യേശു പര്‍വ്വത മുകളില്‍

മത്തായി 5-)0 അദ്ധ്യായത്തില്‍, പുരുഷാരത്തെ കണ്ടാറെ മലമുകളിലേക്ക് കയറുന്ന യേശുവിനെ നമ്മള്‍ കാണുന്നു.
അവന്‍ മലമുകളില്‍ ഇരുന്ന ശേഷം ശിഷ്യന്മാര്‍ യേശുവിന്റെ അടുക്കല്‍ വന്നു.
യേശു തിരുവായ്മൊഴിഞ്ഞു അവരോട് ദൈവരാജ്യത്തിന്റെ പ്രമാണങ്ങള്‍ ഉപദേശിച്ചു.
ഈ സംഭവം യിസ്രായേല്‍ ജനം ന്യായപ്രമാണങ്ങള്‍ ദൈവത്തില്‍നിന്നും പ്രാപിക്കുന്നതിനായി സീനായ് പര്‍വ്വതിന്റെ താഴ്വാരത്തില്‍ ഒരുമിച്ച് കൂടിയതിനെ ഓര്‍മ്മിപ്പിക്കുന്നു.

അങ്ങനെ മത്തായി ഇവിടെ ഒരു പുതിയ മോശെയെയും, ഒരു പുതിയ നിയമകര്‍ത്താവിനെയും അവതരിപ്പിക്കുക ആണ്.
യേശു നിയമകര്‍ത്താവും മദ്ധ്യസ്ഥന്‍ ആയ പ്രവാചകനും ആണ്.

സീനായ് പര്‍വ്വതമുകളില്‍ ദൈവം അവന്റെ രാജ്യം പ്രഖ്യാപിച്ചു; പ്രഭാഷണ ഗിരിയില്‍ യേശു അവന്റെ രാജ്യം പ്രഖ്യാപിച്ചു.
എന്നാല്‍ ഈ രണ്ടു രാജ്യങ്ങളും വ്യത്യസ്തം അല്ല, അവ രണ്ടും ഒന്ന് തന്നെ ആണ്.
കാരണം ദൈവരാജ്യത്തില്‍ ദൈവത്തിന്‍റെ മുന്‍നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവര്‍ എല്ലാവരും, യേശുവിന്‍റെ ഏക പാപ യാഗത്തില്‍ വിശ്വസിക്കുന്ന എല്ലാവരും ഉള്‍പ്പെടുന്നു.
അതില്‍ യഹൂദനും വീണ്ടെടുക്കപ്പെട്ട ജാതീയരും ഉണ്ട്.
പഴയനിയമത്തില്‍ ദൈവരാജ്യം യിസ്രായേല്‍ ജനത്തിന് വാഗ്ദത്തമായി ലഭിച്ചു; എന്നാല്‍ ക്രൂശിലെ യാഗത്തിലൂടെ സകല മനുഷ്യരിലേക്കും ഇറങ്ങിചെല്ലുന്ന രക്ഷ ഒരു മര്‍മ്മമായി മറഞ്ഞിരുന്നു.
പഴയനിയമത്തില്‍ ദൈവരാജ്യം ഒരു വാഗ്ദത്തവും മര്‍മ്മവും ആയിരുന്നു.
യേശു പ്രഭാഷണ ഗിരിമുകളില്‍ ആരംഭിച്ച ദൈവരാജ്യത്തിന്റെ നിഴല്‍ ആയിരുന്നു മരുഭൂമിയിലെ യിസ്രായേല്‍.
അങ്ങനെ, യേശു ആരംഭിച്ച ദൈവരാജ്യത്തിന്റെ പ്രമാണങ്ങള്‍ ആണ് യേശുവിന്റെ ഗിരി പ്രഭാഷണങ്ങള്‍.

പ്രഭാഷണം

യേശു ക്രിസ്തുവിന്റെ ഇഹലോക ശുശ്രൂഷകള്‍ ആരംഭിച്ചതിനു ചില നാളുകള്‍ കഴിഞ്ഞ്, അത്ഭുതങ്ങളും അടയാളങ്ങളാലും ദൈവരാജ്യത്തിന്റെ സാന്നിദ്ധ്യം അറിയിച്ചതിനുശേഷം ആണ് യേശു ഗിരി പ്രഭാഷണം നടത്തുന്നത്.
അതായത് രാജാവ് വന്നു കഴിഞ്ഞു; രാജാവിന്റെ അധികാരവും ശക്തിയും വെളിപ്പെടുത്തി; ഇപ്പോള്‍ രാജ്യത്തിന്റെ പ്രമാണങ്ങള്‍ പ്രഖ്യാപിക്കുക ആണ്.
4-)0 അദ്ധ്യായത്തിന്റെ അവസാനത്തില്‍, യേശു ഇതുവരെ ചെയ്തതെല്ലാം മത്തായി ചുരുക്കി പറയുന്നുണ്ട്:

മത്തായി 4:23 പിന്നെ യേശു ഗലീലയിൽ ഒക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ടു അവരുടെ പള്ളികളിൽ ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകലദീനത്തെയും വ്യാധിയെയും സൗഖ്യമാക്കുകയും ചെയ്തു.

അതിനു ശേഷം, മത്തായി 5-)0 അദ്ധ്യായത്തില്‍, പുരുഷാരത്തെ കണ്ടാറെ യേശു മലമേല്‍ കയറി, തിരുവായ്മൊഴിഞ്ഞു അവരോട് ദൈവരാജ്യത്തിന്റെ പ്രമാണങ്ങള്‍ ഉപദേശിച്ചു.
യേശുവിന്റെ ആദ്യ വാക്കുകള്‍ ഇതായിരുന്നു: “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.
യേശുവിലൂടെ ദൈവരാജ്യം കൈവശം ആക്കുന്നവരുടെ ജീവിതം എപ്രകാരം ആയിരിക്കും എന്ന് യേശു പറയുക ആണ്.
യേശുവിന്റെ പുത്തന്‍തലമുറ അനുയായികള്‍ എങ്ങനെ ജീവിക്കേണം എന്ന് യേശു ഇവിടെ വിശദീകരിക്കുക ആണ്.
യേശുവിന്റെ ഗിരിപ്രഭാഷണങ്ങളുടെ കേന്ദ്ര ആശയം ഈ വാക്യത്തില്‍ നമുക്ക് വായിക്കുവാന്‍ കഴിയും:

മത്തായി 5:20 നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.

ഇവിടെ, പരീശന്മാരുടെ പഠിപ്പിക്കലിനെക്കുറിച്ച് നമ്മള്‍ മുമ്പ് ചിന്തിച്ചതെല്ലാം നിങ്ങള്‍ ഓര്‍ക്കുന്നുണ്ട് എന്ന് ഞാന്‍ കരുതട്ടെ.
തീര്‍ച്ചയായും പരീശന്മാരുടെ പഠിപ്പിക്കലുകളില്‍ തെറ്റായ ചിലത് ഉണ്ടായിരുന്നു; യേശു അത് ഇവിടെ തിരുത്തുക ആണ്.
മോശെയുടെ ന്യായപ്രമാണത്തെ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു പരീശന്മാര്‍ ഉപദേശ വ്യാഖ്യാനങ്ങള്‍ പഠിപ്പിച്ചത്, എങ്കിലും ഫലത്തില്‍ അവരുടെ ഉപദേശങ്ങള്‍ ന്യായപ്രമാണങ്ങളെ അതിന്റെ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിപ്പിക്കുക ആയിരുന്നു.

മേശെയുടെ ന്യായപ്രമാണങ്ങള്‍ ക്രിസ്തുവിലൂടെ ഉള്ള രക്ഷയിലേക്കു ജനങ്ങളെ നയിക്കുവാന്‍ വേണ്ടി ഉള്ളത് ആയിരുന്നു.
എന്നാല്‍ പരീശന്മാരുടെ വ്യാഖ്യാനങ്ങള്‍ പ്രവര്‍ത്തിയാലുള്ള വിശ്വാസം എന്ന തെറ്റായ ലക്ഷ്യത്തിലേക്ക് ജനങ്ങളെ തരിച്ചുവിട്ടു.

ഗിരി പ്രഭാഷണത്തില്‍ ഇടക്കിടെ, “എന്ന് പൂര്‍വ്വന്മാരോട് അരുളിച്ചെയ്തത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ” എന്ന് പറയുന്നതിലൂടെ മോശെയുടെ ന്യായപ്രമാണങ്ങളിലെക്ക് ജനങ്ങളുടെ ശ്രദ്ധയെ തിരിക്കുവാന്‍ യേശു ശ്രമിക്കുന്നുണ്ട്.
അതുനുശേഷം “ഞാനോ നിങ്ങളോട് പറയുന്നതു” എന്ന് പറയുന്നതിലൂടെ മോശെയുടെ ന്യായപ്രമാണങ്ങളെക്കാള്‍ ശ്രേഷ്ടമായത് തന്‍റെ പ്രമാണങ്ങള്‍ ആണ് എന്ന് യേശു പറയുക ആണ്.

ദൈവം, നമ്മോടുള്ള കൃപയാല്‍ ക്രമീകരിക്കുന്ന പാപപരിഹാര യാഗത്തിലൂടെ രക്ഷയും ദൈവരാജ്യത്തിലേക്കുള്ള അവകാശവും ഉണ്ട് എന്ന് യേശു പഠിപ്പിച്ചു.
യഥാര്‍ത്ഥത്തില്‍ അബ്രഹാമും അവന്റെ സന്തതിപരമ്പരകളും രക്ഷിക്കപ്പെടുന്നത് കൃപയാല്‍ ദൈവം ക്രമീകരിക്കുന്ന യാഗത്തിലൂടെ തന്നെ ആണ്.
മോറിയ മലയിലെ യാഗം ഇതിന്‍റെ നല്ല ദൃഷ്ടാന്തം ആണ്.
ഈ മര്‍മ്മം അബ്രഹാം മനസ്സിലാക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്തതിലൂടെ അവന്‍റെ വിശ്വാസത്തെ അവന് നീതിക്കായി കണക്കിട്ടു.

ഗിരിപ്രഭാഷണത്തിലെ വിഷയം

ഗിരി പ്രഭാഷണം ഒന്നിലധികം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
ദൈവത്തിനായ് സമര്‍പ്പിക്കപ്പെട്ടു ദൈവ പ്രസാദകരമായ ഒരു ജീവിതം, എങ്ങനെ നയിക്കാം എന്നാണ് ഇവിടെ പറയുന്നത്.
കപടഭക്തി ഇല്ലാതെ സ്നേഹവും കൃപയും നിറഞ്ഞ, ബുദ്ധിയും വിവേചനവും ഉള്ള ഒരു അനുഗ്രഹിക്കപ്പെട്ട ജീവിതം എങ്ങനെ നയിക്കാം; അതാണ്‌ ഗിരിപ്രഭാഷണത്തിലെ മുഖ്യ വിഷയം.

ദൈവരാജ്യത്തിലെ ജീവിതത്തിന്‍റെ ഒരു പൂര്‍വ്വദര്‍ശനം ആണ് നമുക്ക് ഗിരിപ്രഭാഷണത്തില്‍ ലഭിക്കുന്നത്.
ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയുടെ ദൈവവുമായുള്ള ബന്ധം ആണ് ഇവിടെ വിവരിക്കപ്പെടുന്നത്.
ക്ഷമാശീലനായ ദൈവം മനുഷ്യരുമായി ബന്ധപ്പെടുവാന്‍ മുന്‍കൈ എടുക്കുക ആണ്.
ഇത്രമാത്രം ശ്രേഷ്ടനായ ദൈവത്തോട് ബന്ധത്തിലായിരിക്കുവാനായി നമ്മളുടെ ഹൃദയത്തെയും ക്രമീകരിക്കേണ്ടാതായിട്ടുണ്ട്.

സ്വന്ത ജീവിതത്തില്‍ യേശു ജീവിച്ചു കാണിച്ചുതന്നതും പഠിപ്പിച്ചതുമായ ജീവിത ശൈലി ആണ് ഗിരി പ്രഭാഷണത്തില്‍ നമ്മള്‍ കാണുന്നത്.
അത് Beatitudes എന്ന് ഇംഗ്ലീഷില്‍ വിളിക്കുന്ന അനുഗ്രഹ പ്രഭാഷണത്തോടെ ആരംഭിക്കുന്നു.
ദൈവരാജ്യത്തില്‍ ആരാണ് അനുഗ്രഹിക്കപ്പെട്ടവര്‍ എന്ന് പറയുകയാണ്‌ ഇവിടെ.
അതിനുശേഷം പരീശന്മാരുടെ നീതിയെ കവിയുന്ന നീതിക്കായി ശിഷ്യന്മാരെയും ജനത്തെയും യേശു നിയോഗിക്കുക ആണ്.

ഗിരിപ്രഭാഷണത്തില്‍ യഹൂദ ന്യായപ്രമാണം, കോപം, വ്യഭിചാരം, വിവാഹമോചനം, പുനര്‍ വിവാഹം, പ്രതിജ്ഞ, പ്രതികാരം, ശത്രുവിനെ സ്നേഹിക്കുക, ദാനധര്‍മ്മങ്ങള്‍, പ്രാര്‍ത്ഥനയും ഉപവാസവും, സമ്പത്ത്, വസ്തുവകകള്‍, മറ്റുള്ളവരെ വിധിക്കുക, എന്നിങ്ങനെയുള്ള അനേകം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
യേശു പലപ്പോഴും യഹൂദ ന്യായപ്രമാണത്തില്‍ നിന്നും ഉദാഹരണങ്ങള്‍ ഉപയോഗിക്കുകയും താന്‍തന്നെ ആണ് ന്യായപ്രമാണങ്ങളുടെ നിവര്‍ത്തി എന്ന് പറയുകയും ചെയ്യുന്നുണ്ട്.

പാറപ്പുറത്ത് വീട് പണിത ബുദ്ധിയുള്ള മനുഷ്യന്‍റെ ഉപമയോടെ ഗിരി പ്രഭാഷണം അവസാനിക്കുന്നു.
“ഈ വചനങ്ങളെ യേശു പറഞ്ഞുതീർന്നപ്പോൾ പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു” എന്ന് പറഞ്ഞുകൊണ്ട് മത്തായി ഗിരിപ്രഭാഷണ വിവരണം അവസാനിപ്പിക്കുന്നു.

ഗിരിപ്രഭാഷണം അനുസരിക്കുവാന്‍ സദ്ധ്യമായതാണ്

മനുഷ്യന് സ്വന്ത പ്രവര്‍ത്തിയാല്‍ രക്ഷ സാധ്യമല്ല എന്നും അതിനാല്‍ അവന് ദൈവ കൃപ ആവശ്യമാണ്‌ എന്നും വേദപുസ്തകം പഠിപ്പിക്കുന്നു.
അഥവാ ഇതാണ് വേദപുസ്തകത്തിന്റെ കാഴ്ചപ്പാട്.
മനുഷ്യനെ ഈ സത്യത്തിലേക്ക് നയിക്കുക എന്നതാണ് മോശെയുടെ ന്യായപ്രമാണത്തിന്റെ ഉദ്ദേശ്യം.
സുവിശേഷത്തിന്റെ ആവശ്യകതയും യേശുവിന്റെ യാഗത്തെയും തിരിച്ചറിയുക എന്നതായിരുന്നു ന്യായപ്രമാണത്തിന്റെ ഉദ്ദേശ്യം.

എന്നാല്‍ ഗിരിപ്രഭാഷണത്തിന്റെ ലക്ഷ്യം മറ്റൊന്നാണ്.
മനുഷ്യന് ചെയ്യുവാന്‍ കഴിയാത്ത ചില പ്രമാണങ്ങള്‍ അവന്‍റെമേല്‍വെക്കുക എന്നതായിരുന്നില്ല യേശുവിന്‍റെ ഉദ്ദേശ്യം; ഉന്നതമായ, ദൈവരാജ്യത്തിന് യോജിച്ച വിധമുള്ള ഒരു ജീവിത ശൈലിയെ യേശു പരിചയപ്പെടുത്തുക ആണ്.
അവ തീര്‍ച്ചയായും സാധ്യമല്ലാത്ത പ്രമാണങ്ങള്‍ അല്ല, സാധ്യമായ പ്രമാണങ്ങള്‍ തന്നെ ആണ്.
ന്യായപ്രമാണം അസാധ്യമായവ ആയിരുന്നു എങ്കില്‍ യേശുവിന്റെ പ്രമാണങ്ങള്‍ സാധ്യമായവ ആയിരുന്നു.
ഗിരിപ്രഭാഷണം ദൈവത്തില്‍ നിന്നുള്ള ജ്ഞാനം ആണ്; നമ്മളുടെ ജീവിത മൂല്യങ്ങള്‍, കാഴ്ചപ്പാടുകള്‍, സ്വഭാവങ്ങള്‍, പ്രവര്‍ത്തികളില്‍ ഊന്നിയുള്ള സ്വയനീതീകരണം, ദൈവത്തോട് ഉള്ള പൂര്‍ണ്ണ ഹൃദയത്തോടെയുള്ള സമര്‍പ്പണം എന്നി വിഷയങ്ങളില്‍, വിശ്വാസത്താല്‍ ദൈവ കൃപയോടെ നമ്മള്‍ വരുത്തേണ്ട പുനര്‍ക്രമീകരണം ആയിരുന്നു യേശുവിന്റെ വിഷയങ്ങള്‍.     

ഗിരി പ്രഭാഷണങ്ങള്‍ ന്യായപ്രമാണങ്ങള്‍ അല്ല, സുവിശേഷം ആണ്.
ഇപ്പോഴുള്ളതും വരുവാനിരിക്കുന്നതുമായ ദൈവരാജ്യത്തിലേക്ക് യേശു നമ്മളെ ക്ഷണിക്കുക ആണ്.
ദൈവരാജ്യത്തിന്റെ ഉന്നത നിലവാരത്തിനു ഒത്തവണ്ണം ജീവിക്കുവാനുള്ള ദൈവ കൃപ യേശുവിന്റെ വാക്കുകളില്‍ ഉണ്ട്.
മോശെയുടെ ന്യായപ്രമാണം നമുക്ക് കൃപ നല്‍കിയില്ല, യേശുവിന്റെ ഗിരിപ്രഭാഷണത്തില്‍ ദൈവകൃപ ഉണ്ട്.

ഗിരിപ്രഭാഷണം മനസ്സിലാക്കുക

ഗിരിപ്രഭാഷണം ശരിയായി മനസ്സിലാകുവാന്‍ നമ്മള്‍ മനസ്സില്‍ സൂക്ഷിച്ചിരിക്കെണ്ടുന്ന ഒരു സത്യം ഉണ്ട്.
യേശു ഈ ഭൂമിയില്‍ വന്നതും ശുശ്രൂഷ ചെയ്തതും ന്യായപ്രമാണങ്ങളെ നിവര്‍ത്തിക്കുവാന്‍ ആണ്, നീക്കേണ്ടതിനു അല്ല.
ന്യായപ്രമാണത്തെ നീക്കികളയാതെ ആണ് യേശു പുതിയ പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്‌.

മത്തായി 5:17 ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു.

നിവര്‍ത്തിക്കുക എന്നത് നീക്കുക എന്നതിന്‍റെ വിപരീത അര്‍ത്ഥത്തില്‍ ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
ഒന്നാം നൂറ്റാണ്ടിലെ യഹൂദ റബ്ബിമാരുടെ ഉത്തരവാദിത്തം ആയിരുന്നു ന്യായപ്രമാണം നിവര്‍ത്തിക്കുക എന്നത്.
ഇവിടെ ഉപയോഗിച്ചിരിക്കുന്ന ‘നിവര്‍ത്തിക്കുക’ എന്ന വാക്കിന്‍റെ സാങ്കേതികമായ അര്‍ത്ഥം ന്യായപ്രമാണത്തെ, അത് മനുഷ്യര്‍ക്ക്‌, ദൈവം ഉദ്ദേശിച്ചത് പോലെ അനുസരിക്കുവാന്‍ കഴിയുന്ന രീതിയില്‍ വ്യാഖ്യാനിക്കുക എന്നതാണ്.
ന്യായപ്രമാണത്തെ മനുഷ്യന് അനുസരിക്കുവാന്‍ സാധ്യമല്ലാത്ത രീതിയില്‍ തെറ്റായി വ്യഖ്യനിക്കുന്നതിനെ ‘നീക്കുക’ എന്നും പറയുമായിരുന്നു.   
യേശു വന്നത് ന്യായപ്രമാനത്തെ നീക്കുവാനല്ല; ന്യായപ്രമാനത്തെ നിവര്‍ത്തിക്കുവാനും അത് മനുഷ്യന് അനുസരിക്കുവാന്‍ സാധ്യമായ രീതിയില്‍ ശരിയായി വ്യാഖ്യാനിക്കുവാനും പഠിപ്പിക്കുവാനും ആണ്.
യേശുവിന്റെ ഈ പഠിപ്പിക്കലിന്റെ പൊരുള്‍ ഹൃദയ ശുദ്ധിയും ദൈവത്തോടുള്ള നിര്‍മ്മല മനസ്സാക്ഷിയും ആയിരുന്നു.

പ്രഭാഷണ സംഗ്രഹം

ഗിരി പ്രഭാഷണം, Beatitudes എന്ന് ഇംഗ്ലീഷില്‍ വിളിക്കുന്ന അനുഗ്രഹ പ്രഭാഷണത്തോടെ ആരംഭിക്കുന്നു.
മത്തായി 5:3-11 വരെയുള്ള വാക്യങ്ങളില്‍ ‘ഭാഗ്യവാന്മാര്‍’ എന്ന് വിളിക്കപ്പെടുന്നവരുടെ ഒരു പട്ടിക യേശു പറയുക ആണ്.
യേശു ഇവിടെ ആരെയെങ്കിലും സ്വര്‍ഗരാജ്യത്തില്‍ നിന്നും മാറ്റിനിറുത്തുക അല്ല; എല്ലാവരെയും സ്വര്‍ഗ്ഗരാജ്യത്തിലേക്ക് ക്ഷണിക്കുക ആണ്.
യേശു സ്വര്‍ഗരാജ്യത്തെ മനുഷ്യര്‍ക്ക്‌ പരിചയപ്പെടുത്തി കൊടുക്കുക ആണ്.

യേശുവിനോടോപ്പമുള്ള ഒരു പുതിയ സമൂഹത്തെ ആണ് അനുഗ്രഹ പ്രഭാഷണം വിവരിക്കുന്നത്.
ഇവ യേശുവിലൂടെ പൂര്‍ത്തീകരിക്കപ്പെടുന്ന ദൈവത്തിന്റെ പ്രമാണങ്ങള്‍ ആണ്.
ഈ പുതിയ സമൂഹത്തില്‍ ആത്മാവില്‍ ദരിദ്രര്‍ ആയവര്‍, കരുണയുള്ളവര്‍, സമാധാനം ഉണ്ടാക്കുന്നവര്‍, നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവര്‍, യേശുവിന്റെ നാമം നിമിത്തം ഉപദ്രവിക്കപ്പെടുന്നവര്‍ എന്നിങ്ങനെ ഉള്ള ഒരു കൂട്ടം മനുഷ്യര്‍ ഉണ്ട്.

അനുഗ്രഹ പ്രഭാഷണം സ്വര്‍ഗരാജ്യത്തിലെ മൂല്യ വ്യവസ്ഥകളെ വിവരിക്കുക ആണ്.
എഴുതപ്പെട്ടതും വായ്മൊഴിയാല്‍ ലഭിച്ചതുമായ ന്യായപ്രമാനങ്ങളെ പിന്നെയും വ്യാഖ്യാനിച്ച് രൂപപ്പെടുത്തിയ ഒരു മൂല്യ വ്യവസ്ഥ പരീശന്മാര്‍ക്ക് ഉണ്ടായിരുന്നു.
അവ അനുസരിക്കുന്നതിലൂടെ പ്രവര്‍ത്തികളിലൂടെ നീതീകരണം എന്ന ഒരു വ്യവസ്ഥ അവര്‍ രൂപപ്പെടുത്തി.
പരീശന്മാരുടെ വ്യാഖ്യാനങ്ങള്‍ അനുസരിക്കുന്നതിലൂടെയുള്ള സ്വയം നീതീകരണം ജനങ്ങളില്‍ ഉളവായി.

ഒരിക്കല്‍ ഒരു ധനവാനായ യുവാവ് യേശുവിനെ കാണുവാനും നീതീകരിക്കപ്പെടുവാനും വന്നത് ഓര്‍ക്കുന്നുണ്ടായിരിക്കുമല്ലോ.
പരീശന്മാരുടെ വ്യഖ്യാനങ്ങള്‍ അനുസരിച്ച് എല്ലാ ന്യായപ്രമാണങ്ങളും അദ്ദേഹം അനുസരിച്ച് ജീവിക്കുന്നുണ്ടായിരുന്നു.
എന്നാല്‍ യേശു അവന്റെ ഹൃദയത്തിലേക്ക് നോക്കി; അവന് ദൈവരാജ്യം നിഷേധിച്ചു.
യേശുവിനും ദൈവരാജ്യത്തിനും ആവശ്യം ആത്മാവില്‍ ദരിദ്രര്‍ ആയവരെ ആണ്.

യേശുവിന്റെ അനുഗ്രഹ പ്രഭാഷണങ്ങളുടെ അടിസ്ഥാനം ഭൌതീക ആസ്തികള്‍ അല്ല; ആത്മീയ യാഥാര്‍ത്ഥ്യങ്ങള്‍ ആണ്.
ആത്മാവില്‍ ദരിദ്രര്‍ ആയവര്‍ പാപികള്‍ അല്ല; പാപികള്‍ അതില്‍ ഉള്‍പ്പെടും എന്നേയുള്ളൂ.
ആത്മാവില്‍ ദരിദ്രര്‍ ആയവര്‍, നീതികരിക്കപ്പെട്ട ഒരു ജീവിതത്തിന് ദൈവത്തിന്‍റെ കൃപ ആവശ്യമാണ്‌ എന്ന് തിരിച്ചറിഞ്ഞവര്‍ ആണ്.
തങ്ങളുടെ യാതൊരു പ്രവര്‍ത്തിയും നീതീകരിക്കുക ഇല്ല എന്ന സത്യം മനസ്സിലാക്കിയവര്‍ ആണത്.
യേശുവില്‍ വിശ്വസിക്കാതെയും ദൈവത്തിന്‍റെ കൃപ ലഭിക്കാതെയും ആര്‍ക്കും സ്വര്‍ഗീയ അനുഗ്രഹം പ്രാപിക്കുവാന്‍ കഴിയുക ഇല്ല.

സ്വയം നീതീകരിച്ച ഒരു യഹൂദനോടൊപ്പം പ്രാര്‍ത്ഥിക്കുവാന്‍ പോയ ചുങ്കക്കരനായ മനുഷ്യന്‍ ആത്മാവില്‍ ദരിദ്രര്‍ ആയവരുടെ ദൃഷ്ടാന്തം ആണ്.
ഈ ഉപമ ലൂക്കോസിന്റെ സുവിശേഷം 18: 9-14 വരെയുള്ള ഭാഗങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വന്തപ്രവര്‍ത്തികളില്‍ ആശ്രയിച്ചു സ്വയം നീതീകരിക്കുന്നവരെക്കുറിച്ചാണ് യേശു ഈ ഉപമയില്‍ പറയുന്നത്.

രണ്ടു മനുഷ്യര്‍, ഒരു പരീശനും ഒരു ചുങ്കക്കാരനും ദൈവാലയത്തിലേക്കു പ്രാര്‍ത്ഥിക്കുവാന്‍ പോയി.
ന്യായപ്രമാണപ്രകാരം തനിക്ക് ചെയ്യുവാന്‍ കഴിഞ്ഞ സല്‍പ്രവര്‍ത്തികള്‍ക്കായി പരീശന്‍ ദൈവത്തിന് നന്ദി പറഞ്ഞു.
തന്‍ ചെയ്ത നല്ല പ്രവര്‍ത്തികളും അവന്‍ എടുത്തു പറഞ്ഞു.
എന്നാല്‍ ചുങ്കക്കരാന്‍ ആത്മാവില്‍ ദരിദ്രന്‍ ആയിരുന്നു; അവന്, ദൈവ മുമ്പാകെ വെക്കുവാന്‍, ന്യായപ്രമാണപ്രകാരം ചെയ്ത നല്ല പ്രവര്‍ത്തികളുടെ പട്ടിക ഇല്ലായിരുന്നു.
ആത്മാവിന്‍റെ ദാരിദ്ര്യം അവര്‍ തിരിച്ചറിഞ്ഞു; ‘പാപിയായ എന്നോട് കരുണ ഉണ്ടാകണമേ’ എന്ന് ദൈവാത്തോട് യാചിച്ചു.
തന്റെ ആത്മാവിലെ ദാരിദ്ര്യത്തെ ഏറ്റുപറഞ്ഞ ചുങ്കക്കാരന്‍ ദൈവത്താല്‍ നീതീകരിക്കപ്പെട്ടവാനായി വീട്ടിലേക്കു പോയി.

നമുക്ക് നമ്മളെത്തന്നെ നീതീകരിക്കുവാന്‍ കഴിയുക ഇല്ല എന്ന തിരിച്ചറിവിന്റെ അവസ്ഥ ആണ് ആത്മാവില്‍ ദരിദ്രര്‍ ആയിരിക്കുക എന്നത്.
അങ്ങനെ തിരിച്ചറിഞ്ഞവര്‍, ക്രിസ്തുവിന്‍റെ ഏക യാഗത്താലുള്ള വീണ്ടുപ്പില്‍ വിശ്വസിക്കുവാനായി ദൈവത്തിന്‍റെ കൃപക്കായി യാചിക്കും.
നിശ്ചയമായും അവര്‍ സ്വര്‍ഗരാജ്യത്തില്‍ അനുഗ്രഹിക്കപ്പെട്ടവര്‍ ആയിരിക്കും.

യേശു എന്താണ് പറഞ്ഞത്?

ഗിരി പ്രഭാഷണത്തില്‍ യേശു എന്താണ് പഠിപ്പിച്ചത്?
ഈ ചോദ്യത്തിന് ഉത്തരം ലഭിക്കണം എങ്കില്‍ യേശുവിന്റെ ഇഹലോക ശുശ്രൂഷയുടെ പ്രത്യേകത എന്താണ് എന്ന് നമ്മള്‍ അറിയേണം.

യേശു ഒരു യഹൂദ റബ്ബി ആയിട്ടായിരുന്നു ശുശ്രൂഷ ചെയ്തിരുന്നത്.
യേശു അധികാരമുള്ള ഒരു യഹൂദ റബ്ബി ആയിരുന്നു.
എന്താണ് അധികാരമുള്ള റബ്ബി എന്ന് പറഞ്ഞാല്‍?

ഗിരിപ്രഭാഷണം അവസാനിക്കുമ്പോള്‍ മത്തായി പറയുന്നതിങ്ങനെ ആണ്:

മത്തായി 7:28, 29
28 ഈ വചനങ്ങളെ യേശു പറഞ്ഞുതീർന്നപ്പോൾ പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു;
29 അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവൻ അവരോടു ഉപദേശിച്ചതു.

യേശുവിന്റെ കാലത്ത് രണ്ടു തരത്തിലുള്ള റബ്ബിമാര്‍ ഉണ്ടായിരുന്നു.
അവരില്‍ അധികവും, ന്യായപ്രമാണം നിലവില്‍ ഇരിക്കുന്ന വ്യഖ്യാനങ്ങളോടെ മാത്രം പഠിപ്പിക്കുവാന്‍ കഴിവുള്ളവര്‍ ആയിരുന്നു.
പുതിയതായി ഒരു വ്യാഖ്യാനവും നടത്തുവാന്‍ അവര്‍ ശ്രമിക്കാറില്ലായിരുന്നു.

രണ്ടാമത്തെ കൂട്ടര്‍ s'mikhah അഥവാ പുതിയ വ്യാഖ്യാനങ്ങള്‍ നടത്തുവാന്‍ അധികാരം ഉള്ളവര്‍ ആയിരുന്നു.
ഈ അധികാരം ഉള്ളവര്‍ക്ക് പുതിയ വ്യാഖ്യാനങ്ങള്‍ പഠിപ്പിക്കുവാനും നിയമപരമായ കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുവാനും അധികാരം ഉണ്ടായിരുന്നു.
ഇന്നത്തെ ദൈവദാസന്മാര്‍ക്ക് ലഭിക്കുന്ന "ordination" പോലെ ആയിരുന്നു ഈ അധികാരത്തെ അന്ന് കണക്കാക്കിയിരുന്നത്.
യേശു ഇപ്രകാരം അധികാരം ഉള്ള ഒരു റബ്ബി ആയിട്ടാണ് ശുശ്രൂഷ ചെയ്ത്പോന്നത്.

യേശുവിന്റെ ഗിരിപ്രഭാഷണത്തിന്റെ അന്ത്യത്തില്‍ ജനം വിസ്മയിച്ചു.
അത് യേശു പറഞ്ഞ കാര്യങ്ങള്‍ പുതിയതും ഞെട്ടിപ്പിക്കുന്നതും ആയതുകൊണ്ടല്ല; യേശു വ്യക്തമായും ശക്തമായും അധികാരത്തോടെയും ആണ് സംസാരിച്ചത്.
യേശുവിന്റെ ഉപദേശങ്ങള്‍ മൗലികം ആയിരുന്നു; എന്നാല്‍ അത് അപ്രതീക്ഷിതം ആയിരുന്നില്ല.

ബുദ്ധിയുള്ള മനുഷ്യന്‍റെ ഉപമ

മത്തായി 7:24-27 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഉപമയോടെ ആണ് ഗിരി പ്രഭാഷണം അവസാനിക്കുന്നത്.
രണ്ടു മനുഷ്യരെ യേശു ഇവിടെ പരിചയപ്പെടുത്തുക ആണ്; ഒന്ന് ബുദ്ധിയുള്ള മനുഷ്യനും മറ്റൊന്ന് ബുദ്ധിയോടെ പ്രവര്‍ത്തിക്കാതിരുന്ന മനുഷ്യനും.
അവര്‍ വീട് വെക്കുവാന്‍ തീരുമാനിച്ചു; യോജ്യമായ ഒരു സ്ഥലവും അവര്‍ കണ്ടെത്തി.
അതായത് രണ്ടു പേര്‍ക്കും ഒരു പോലെയുള്ള സ്ഥലം ലഭിച്ചു എന്ന് വേണം നമ്മള്‍ കരുതുവാന്‍; മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഒരുപോലെയുള്ള അവസരം രണ്ടു പേര്‍ക്കും ലഭിച്ചു.
ഒരു മനുഷ്യന്‍ വേഗം ഉറപ്പില്ലാത്ത മണ്ണില്‍ തന്നെ വീടിന്റെ അടിത്തറ പാകി വീട് നിര്‍മ്മിച്ചു.
വളരെ വേഗം അദ്ദേഹത്തിന്‍റെ വീട് പണി കഴിയുകയും ചെയ്തു.
എന്നാല്‍ രണ്ടാമത്തെ മനുഷ്യന്‍ ബുദ്ധിയുള്ള മനുഷ്യന്‍ ആയിരുന്നു.
അദ്ദേഹം ഉറപ്പില്ലാത്ത മണ്ണില്‍ ആഴത്തില്‍ കുഴി എടുത്തു; താഴേക്ക്‌ ഉറപ്പുള്ള പാറ കണ്ടെത്തും വരെ അദ്ദേഹം കുഴിച്ചു കൊണ്ടിരുന്നു.
അതിനു കുറെ നാളുകള്‍ എടുത്തു എങ്കിലും, അദ്ദേഹം ഉറപ്പുള്ള പാറ കണ്ടെത്തി, അതിനു മുകളില്‍ വീടിന്‍റെ അടിത്തറ ഇട്ടു.
അദ്ദേഹത്തിന്‍റെ വീട് പണി അല്‍പ്പം താമസിച്ചു എങ്കിലും അദ്ദേഹവും പണി പൂര്‍ത്തിയാക്കി.

ചില ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വലിയ മഴയും ശക്തമായ കാറ്റും ഉണ്ടായി; മഴയും കാറ്റും രണ്ടു വീടിനുമുകളിലും ആഞ്ഞു പതിക്കുകയും വീശുകയും ചെയ്തു.
കാറ്റും മഴയും വളരെ ശക്തം ആയിരുന്നതിനാല്‍, ആഴത്തില്‍ കുഴി എടുക്കാതെ മണലിന്മേല്‍ പണിത വീട് തകര്‍ന്നു വീണു പോയി; അതിന്റെ വീഴ്ച ഭയങ്കരം ആയിരുന്നു.
എന്നാല്‍ ആഴത്തില്‍ കുഴിച്ച് ഉറപ്പുള്ള പാറ കണ്ടെത്തി, അതിന്മേല്‍ വീണ് പണിത ബുദ്ധിയുള്ള മനുഷ്യന്‍റെ വീട് മഴയേയും കാറ്റിനെയും ചെറുത്തു നിന്നു; അത് തകര്‍ന്നു പോയില്ല.

യേശുവിന്റെ ഗിരി പ്രഭാഷണത്തെ കേട്ടു അനുസരിക്കുന്നവര്‍ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു എന്നും, അനുസരിക്കാത്തവര്‍ ഒക്കെയും മണലിന്മേൽ വീടു പണിത മനുഷ്യനോടു തുല്യനാകുന്നു എന്നും പറഞ്ഞുകൊണ്ട് യേശു പ്രഭാഷണം അവസാനിപ്പിക്കുക ആണ്.

ഇവിടെ നമ്മള്‍ നമ്മളോട് തന്നെ ചോദിക്കേണ്ടുന്ന ഒരു ചോദ്യം ഉണ്ട്: നമ്മള്‍ ആരെപ്പോലെ ആണ്?
യേശുവിന്റെ ഗിരിപ്രഭാഷണത്തിലെ വാക്കുകളെ നമ്മള്‍ ഹൃദയത്തില്‍ സംഗ്രഹിക്കുകയും അനുസരിക്കുകയും ചെയ്യുമോ?
എങ്കില്‍ നമ്മള്‍ ബുദ്ധിയോടെ വീട് പണിയുന്ന മനുഷ്യര്‍ ആകും.

ഉപസംഹാരം

യേശുവിന്റെ ഗിരിപ്രഭാഷണം കേള്‍ക്കുവാന്‍, അവിടെ തന്റെ ശിഷ്യന്മാരും ജനങ്ങളും അടങ്ങുന്ന ഒരു കൂട്ടം ആളുകള്‍ ഉണ്ടായിരുന്നു.
മത്തായി ഈ പ്രഭാഷണം രേഖപ്പെടുത്തിയത് പിന്നീട് ചേര്‍ക്കപ്പെടുന്ന സകലര്‍ക്കും വേണ്ടി ആണ്.
അതായത് ഗിരി പ്രഭാഷണം നമുക്ക് വേണ്ടിയുള്ളതാണ്.

നമ്മള്‍ക്ക് യേശു ഉപദേശിച്ച ഉന്നതമായ നിലയിലേക്ക് ഉയരുവാന്‍ കഴിഞ്ഞില്ല എന്ന് വന്നേക്കാം.
എന്നാല്‍ നമ്മളുടെ എപ്പോഴും ഉള്ള ലക്ഷ്യം ഈ ഉന്നതിയിലേക്ക് ഉയരുക എന്നതായിരിക്കേണം.
നമ്മള്‍ പരാജയപ്പെടുമ്പോള്‍ എല്ലാം ദൈവത്തോടെ ക്ഷമ യാചിക്കുകയും കൂടുതല്‍ മെച്ചമാകുവാന്‍ ആത്മാര്‍ത്ഥമായും തീരുമാനിക്കുകയും വേണം.
നമ്മളുടെ പരാജയം എത്രമാത്രം ഗുരുതരം ആയാലും ദൈവത്തിനു നമ്മളോട് ക്ഷമിക്കുവാനും ഒരു പുതിയ തുടക്കം നമുക്ക് നല്‍കുവാനും കഴിയും.

നമ്മള്‍ അതുപോലെതന്നെ ജീവിക്കുവാന്‍ വേണ്ടി ആണ് യേശു ഗിരിപ്രഭാഷണത്തിലെ ഉപദേശങ്ങള്‍ പഠിപ്പിച്ചത്.
യേശു അതെ ഉന്നതിയില്‍ ജീവിച്ചു; തന്റെ ശിഷ്യന്മാരെ അങ്ങനെ തന്നെ ജീവിക്കുവാന്‍ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു.
പരിശുദ്ധാത്മാവിന്റെ ശാക്തീകരണത്താല്‍ അവര്‍ അപ്രകാരം ജീവിക്കുകയും ചെയ്തു.
അതിന്റെ അര്‍ത്ഥം, നമുക്കും ദൈവ കൃപയാല്‍ അപ്രകാരം ജീവിക്കുവാന്‍ കഴിയും എന്നാണ്.
ഇതായിരിക്കണം നമ്മളുടെ മനോഭാവം.
നമ്മള്‍ ഇതുവരെ എന്ത് നേടി എന്നല്ല, എന്ത് നേടുവാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു എന്നതിനാണ് ഏറെ പ്രാധാന്യം.

ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി ആനുഗ്രഹിക്കട്ടെ. ആമേന്‍.


No comments:

Post a Comment