ഇന്നു നമ്മള്‍ വളരെ
ലളിതവും എന്നാല്‍ പ്രധാനപ്പെട്ടതുമായ ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാന്‍
ശ്രമിക്കുക ആണ്.
യേശുവിന് ഒരു
അത്ഭുതം പ്രവര്‍ത്തിക്കുവാന്‍ മനുഷ്യരുടെ വിശ്വാസം ആവശ്യമുണ്ടോ?
ഞാന്‍ ഈ ചോദ്യത്തെ
മറ്റൊരു രീതിയിലൂടെ വീണ്ടും ചോദിക്കുവാന്‍ ആഗ്രഹിക്കുന്നു.
സ്വീകര്‍ത്താവിന്റെ
വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ആണോ യേശു അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്?
മറ്റൊരു രീതിയില്‍
പറഞ്ഞാല്‍, മനുഷ്യന് വിശ്വാസം ഇല്ലാ എങ്കില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള
യേശുവിന്‍റെ കഴിവും അധികാരവും പരിമിതപ്പെടുമോ?
ഉത്തരം
കണ്ടെത്തുന്നതിനായി നമുക്ക് വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരു സംഭവം
നോക്കാം:
മര്‍ക്കോസ്
6:5,6
5 ഏതാനും ചില രോഗികളുടെമേൽ
കൈവെച്ചു സൗഖ്യം വരുത്തിയതു അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്‍വാൻ
കഴിഞ്ഞില്ല.
6 അവരുടെ അവിശ്വാസം ഹേതുവായി
അവൻ ആശ്ചര്യപ്പെട്ടു. അവൻ ചുറ്റുമുള്ള
ഊരുകളിൽ ഉപദേശിച്ചുകൊണ്ടു സഞ്ചരിച്ചുപോന്നു.
മത്തായി 13:58 അവരുടെ അവിശ്വാസംനിമിത്തം അവിടെ വളരെ വീര്യപ്രവർത്തികളെ ചെയ്തില്ല.
ഈ വാക്യങ്ങളുടെ സാഹചര്യം
ഞാന്‍ അല്‍പ്പമായി പറയാം.
യേശു കഫര്‍ന്നഹൂമില്‍
നിന്നും തന്റെ പിതൃനഗരമായ നസ്രെത്തില്‍ എത്തി.
തൊട്ടടുത്ത
ഗ്രാമങ്ങളില്‍ യേശു ചെയ്ത അത്ഭുത പ്രവര്‍ത്തികള്‍ ഇവിടെയും ആവര്‍ത്തിക്കപെടും എന്ന
പ്രതീക്ഷ ന്യായമായും ഉണ്ടായിരുന്നു.
എന്നാല്‍, നിര്‍ഭാഗ്യവശാല്‍
യേശുവിന് നസ്രേത്തില്‍ യാതൊരു അത്ഭുതപ്രവര്‍ത്തികളും ചെയ്യുവാന്‍ കഴിഞ്ഞില്ല.
ഞാന്‍ മുമ്പ്
പറഞ്ഞതുപോലെ, നസ്രേത്ത് യേശുവിന്‍റെ പിതൃദേശം ആണ്, യേശു ഇവിടെ ആണ് വളര്‍ന്നത്.
ഇവിടേക്കുള്ള യാത്ര
മര്‍ക്കോസും മത്തായിയും വിവരിക്കുന്നുണ്ട്.
യേശു നസ്രേത്തിലെ
യഹൂദ പള്ളിയില്‍ പോകുകയും ദൈവവചനം വായിക്കുകയും പഠിപ്പിക്കുകയും ചെയ്തു.
കേട്ടവര്‍ അനേകര്‍ അവന്റെ
അറിവിലും ആധികാരികതയിലും അതിശയിച്ചു.
അവരുടെ ചോദ്യം
ഇതായിരുന്നു: “ഇവന്നു ഇവ എവിടെനിന്നു? ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കയ്യാൽ നടക്കുന്ന
വീര്യപ്രവൃത്തികളും എന്തു?”
അവര്‍ക്ക് യേശുവിന്‍റെ
മരപ്പണിക്കാരനായ പിതാവിനെയും മറിയ എന്ന മാതാവിനെയും സഹോദരി സഹോദരന്മാരെയും അറിയാം.
എന്നാല്‍, ഒരു യഹൂദ
റബ്ബി ആയി ശ്രൂഷിക്കുവാന്‍ യേശുവിനെ പഠിപ്പിച്ച, പരിശീലിപ്പിച്ച,
അധികാരപ്പെടുത്തിയ ഒരു ഗുരുവായ റബ്ബിയെക്കുറിച്ച് അവര്‍ക്ക് അറിവില്ല.
മറ്റൊരു അവസരത്തില്‍,
യേശുവിന്‍റെ പഠിപ്പിക്കലുകള്‍ കേട്ട യഹൂദന്മാര്‍ അതില്‍ ആശ്ചര്യപ്പെടുകയും അവന്‍
അധികാരം ഉള്ളവനായി സംസാരിക്കുന്നു എന്ന് പറയുകയും ചെയ്തു എന്ന് നമ്മള്‍
വേദപുസ്തകത്തില്‍ വായിക്കുന്നുണ്ട്.
അധികാരം ഉള്ളവന്‍
എന്നതുകൊണ്ട് അവിടെ ഉദ്ദ്യേശിച്ചത്, ന്യായപ്രമാണങ്ങള്‍ക്കും പ്രവാചകന്മാരുടെ
ഉപദേശങ്ങള്‍ക്കും പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കുവാനും മനുഷ്യരുടെ ഇടയിലുള്ള തര്‍ക്കങ്ങളില്‍
ഇടപെടുവാനുമുള്ള അധികാരം എന്നാണ്.
ഇതേ അധികാരങ്ങള്‍
ഉള്ള ഒരു യഹൂദ റബ്ബിയുടെ കീഴില്‍ ശിഷ്യനായി പഠിക്കുകയും പരിശീലനം നേടുകയും
ഗുരുവില്‍ നിന്നും അധികാരം പ്രാപിക്കുകയും ചെയ്യുന്ന ശിഷ്യനായ റബ്ബിയ്ക്ക് മാത്രമേ
അതെ അധികാരത്തോടെ ശുശ്രൂഷിക്കുവാന്‍ കഴിയൂ.
ഇതാണ് യഹൂദ
വിശ്വാസവും പാരമ്പര്യവും.
എന്നാല്‍, യേശുവിന്‍റെ
പിതൃദേശത്തുള്ളവര്‍ യേശുവിന് അങ്ങനെ ഒരു ഗുരു ഉണ്ടായിരുന്നതായി കേട്ടിട്ടേ ഇല്ല.
അതുകൊണ്ട് അവര്‍
യേശുവില്‍ വിശ്വസിച്ചില്ല.
സാഹചര്യം ഇങ്ങനെ
ആണ് എന്ന് വിശദമാക്കിയതിനു ശേഷം മര്‍ക്കോസ് രേഖപ്പെടുത്തുന്നു: “അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്‍വാൻ കഴിഞ്ഞില്ല.”
ഇവിടെ ഒരു ചോദ്യം
ഉദിക്കുന്നു: “എന്തുകൊണ്ടാണ് യേശുവിന് വീര്യപ്രവര്‍ത്തികള്‍ ചെയ്യുവാന്‍
കഴിയാതിരുന്നത്?”
മര്‍ക്കോസ് തുടര്‍ന്നു
പറയുന്നു: “അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചര്യപ്പെട്ടു.”
മത്തായി ഇത് അല്‍പ്പം
വ്യത്യസ്തം ആയി ആണ് രേഖപ്പെടുത്തിയിരിക്കുന്നത്: “അവരുടെ അവിശ്വാസംനിമിത്തം അവിടെ
വളരെ വീര്യപ്രവർത്തികളെ ചെയ്തില്ല.”
ഈ വാക്യങ്ങളെ
നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം എന്ന് തോന്നുന്നു: നസ്രേത്തിലെ ജനങ്ങളുടെ അവിശ്വാസം
നിമിത്തം യേശുവിന് വീര്യപ്രവര്‍ത്തികള്‍ യാതൊന്നും ചെയ്യുവാന്‍ കഴിഞ്ഞില്ല,
അല്ലെങ്കില്‍ യേശു വീര്യപ്രവര്‍ത്തികള്‍ ചെയ്തില്ല.
അതായത് യേശു
വീര്യപ്രവര്‍ത്തികള്‍ ചെയ്യും എന്ന് ജനങ്ങള്‍ വിശ്വസിച്ചിരുന്നില്ല.
എന്നാല്‍, നമ്മള്‍
തെറ്റായ വ്യഖ്യനങ്ങളിലേക്ക് പോകുവാതിരിക്കുവാനായി മാര്‍ക്കോസ് രണ്ടു വാചകം കൂടെ
പറയുന്നുണ്ട്:
മര്‍ക്കോസ് 6:2 ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു
വിസ്മയിച്ചു: ഇവന്നു ഇവ എവിടെനിന്നു? ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കയ്യാൽ
നടക്കുന്ന വീര്യപ്രവൃത്തികളും എന്തു?
അതായത് യേശുവിന്റെ
കയ്യാല്‍ വീര്യപ്രവര്‍ത്തികള്‍ തൊട്ടടുത്ത ഗ്രാമങ്ങളില്‍ നടക്കുന്നുണ്ട് എന്ന്
അവര്‍ക്ക് അറിയാമായിരുന്നു.
മര്‍ക്കോസ് 6:5 ഏതാനും ചില
രോഗികളുടെമേൽ കൈവെച്ചു സൗഖ്യം വരുത്തിയതു അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും
ചെയ്‍വാൻ കഴിഞ്ഞില്ല.
യേശു ആരെയും
സൌഖ്യമാകിയില്ല എന്നല്ല, ചില രോഗികള്‍ അവന്‍റെ അടുക്കല്‍ വരുകയും വന്നവരുടെ
എല്ലാവരുടെയുംമേല്‍ യേശു കൈവെച്ച് സൌഖ്യമാക്കുകയും ചെയ്തു.
നമ്മളുടെ
ചോദ്യത്തിന് ഇപ്പോഴും മറുപടി ആയിട്ടില്ല: എന്തുകൊണ്ടാണ് തന്റെ പിതൃദേശത്ത്
യേശുവിന് വീര്യപ്രവര്‍ത്തികള്‍ ചെയ്യുവാന്‍ കഴിയാതിരുന്നത്?
അത്ഭുതങ്ങള്‍
പ്രവര്‍ത്തിക്കുവാന്‍ യേശുവിന് മനുഷ്യരുടെ വിശ്വാസത്തിന്‍റെ പിന്‍ബലം
ആവശ്യമായിരുന്നുവോ?
അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള
യേശുവിന്റെ ശക്തിയും അധികാരവും മനുഷ്യരുടെ വിശ്വാസത്തില്‍ അടിസ്ഥാനപ്പെട്ടതായിരുന്നുവോ?
യേശു അത്ഭുതങ്ങളും
അടയാളങ്ങളും പ്രവര്‍ത്തിച്ച മിക്കയിടങ്ങളിലും സ്വീകര്‍ത്താക്കളുടെ വിശ്വാസം
ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍
മനുഷ്യരുടെ വിശ്വാസത്തില്‍ അധിഷ്ടിതമായല്ല യേശുവിന്‍റെ ശക്തിയും അധികാരവും പ്രവര്‍ത്തിച്ചിരുന്നത്.
ക്രിസ്തുവിന്‍റെ
അത്ഭുതങ്ങള്‍ ചെയ്യുവാനുള്ള അധികാരത്തെ മനുഷ്യരുടെ അവിശ്വാസത്തിനു തടഞ്ഞു
നിറുത്തുവാന്‍ കഴിഞ്ഞിരുന്നില്ല.
മനുഷ്യരുടെ
അവിശ്വാസത്തെ മറികടന്നുകൊണ്ട് പ്രവര്‍ത്തിക്കുവാന്‍ യേശുവിന് കഴിയുമായിരുന്നു.
പരസ്പര വിരുദ്ധം
എന്ന് നമുക്ക് തോന്നുന്ന ഈ സാഹചര്യത്തെ നമുക്ക് എങ്ങനെ മനസ്സിലാക്കുവാന്‍ കഴിയും?
നമുക്ക് യേശു ഈ
ഭൂമിയില്‍ ആയിരുന്നപ്പോള്‍ ചെയ്ത രണ്ടു അത്ഭുതപ്രവര്‍ത്തികള്‍ നോക്കാം.
യോഹന്നാന്‍ എഴുതിയ സുവിശേഷം 5-)0 അദ്ധ്യായത്തില്‍ മുപ്പത്തിയെട്ടു വര്‍ഷങ്ങള്‍ ആയി
രോഗി ആയിരുന്ന ഒരു വ്യക്തിയെ സൌഖ്യമാക്കുന്നതു വിവരിക്കുന്നുണ്ട്.
യേശു
യെരുശലെമിലുള്ള ബേഥെസ്ദാ എന്ന കുളത്തിനരികെ ചെന്നു.
പലവിധത്തില്‍ ഉള്ള
രോഗം ബാധിച്ചവര്‍ ആ കുളത്തിന്‍റെ വക്കില്‍ കിടപ്പുണ്ടായിരുന്നു.
ചില പ്രത്യേക സമയത്ത് ഒരു ദൂതന്‍ ഇറങ്ങിവന്ന് ഈ കുളത്തിലെ വെള്ളം കലക്കും
എന്നും അപ്പോള്‍ ആദ്യം ഇറങ്ങുന്ന രോഗിയായ വ്യക്തി സൌഖ്യം പ്രാപിക്കും എന്ന് അവര്‍
വിശ്വസിച്ചിരുന്നു.
അങ്ങനെ അനേകര്‍ക്ക്
സൌഖ്യം ലഭിച്ചുകൊണ്ടിരുന്നു.
അവിടെ ഉണ്ടായിരുന്ന
വലിയ ജനക്കൂട്ടത്തിന്റെ നടുവില്‍ മുപ്പത്തിയെട്ടു വര്‍ഷങ്ങള്‍ ആയി
രോഗിയായിരിക്കുന്ന ഒരു മനുഷ്യനെ യേശു ശ്രദ്ധിച്ചു.
“നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ” എന്നു
യേശു അവനോടു ചോദിച്ചു.
ആ മനുഷ്യന് അത് യേശു ആണന്നോ, യേശു
അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവന്‍ ആണന്നോ അറിയുമായിരുന്നില്ല.
അവന്‍റെ ഏക പ്രതീക്ഷ വെള്ളം
കലങ്ങുന്നതായിരുന്നു.
അവന്‍ യേശുവിനോട്: യജമാനനേ, വെള്ളം കലങ്ങുമ്പോൾ
എന്നെ കുളത്തിൽ ആക്കുവാൻ എനിക്കു ആരും ഇല്ല; ഞാൻ തന്നേ ചെല്ലുമ്പോൾ മറ്റൊരുത്തൻ
എനിക്കു മുമ്പായി ഇറങ്ങുന്നു എന്നു ഉത്തരം പറഞ്ഞു.
അവന്‍റെ വാക്കുകള്‍ വിശ്വാസത്തിന്റെ
വാക്കുകള്‍ അല്ല.
അവന്‍ പാപങ്ങള്‍ ഏറ്റുപറയുകയോ
പാപക്ഷമക്കായി അപേക്ഷിക്കുകയോ ചെയ്തില്ല.
കുളത്തിലെ വെള്ളം കലങ്ങുമ്പോള്‍
വെള്ളത്തില്‍ ആദ്യം ഇറങ്ങുവാന്‍ സഹായിക്കേണമേ എന്നുപോലും അവന്‍ യേശുവിനോട്
അപേക്ഷിച്ചില്ല.
അവന്‍ യേശുവിലുള്ള വിശ്വാസം ഏറ്റുപറയുന്നതെ
ഇല്ല.
അവന്റെ വാക്കുകള്‍
നിറയെ നിരാശ ആയിരുന്നു.
എന്നിട്ടും യേശു
അവനെ സൌഖ്യമാക്കി; യേശു അവനോടു പറഞ്ഞു: “എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു
നടക്ക”.
ഉടനെ ആ മനുഷ്യൻ
സൗഖ്യമായി കിടക്ക എടുത്തു നടന്നു.
ഇവിടെ ഒരു മനുഷ്യന്‍റെ
വിശ്വാസത്തില്‍ അധിഷ്ടിതമാല്ലാതെ യേശു ഒരു അത്ഭുതം പ്രവര്‍ത്തിക്കുക ആയിരുന്നു.
അതായത്, അവനെ
സൌഖ്യമാക്കുവാന്‍ യേശു ആശ്രയിച്ചത് തന്റെ സ്വന്തം വിശ്വാസത്തിലും തന്‍റെമേലുള്ള
പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിലും ആണ്.
ഇനി നമുക്ക്
മറ്റൊരു സംഭവത്തിലേക്ക് പോകാം.
ലൂക്കോസിന്റെ സുവിശേഷം 22-)0
അദ്ധ്യായത്തില്‍ ആണ് ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരു കൂട്ടം റോമന്‍
പടയാളികളും മഹാപുരോഹിതന്റെ സേവകന്മാരും യൂദായുടെ നേതൃത്വത്തില്‍ യേശുവിനെ
പിടിക്കുവാന്‍ വന്നു.
ഉടന്‍ തന്നെ ശീമോന്‍
പത്രോസ് തന്റെ വാള്‍ ഊരി മഹാപുരോഹിതന്റെ സേവകരില്‍ ഒരുത്തനെ വെട്ടി, അവന്റെ വലത്തെ
കാതു അറത്തുമാറ്റി.
എന്നാല്‍ യേശു
പത്രോസിനെ തടഞ്ഞു; സേവകന്റെ കാതു തൊട്ടു സൌഖ്യമാക്കി.
മഹാപുരോഹിതന്റെ
സേവകന്‍ യേശുവിന്റെ അനുയായി ആയിരുന്നില്ല; അവന്‍ വന്നത് യേശുവിനെ പിടിക്കുവാന്‍
ആണ്.
അവര്‍ യേശുവിന്റെ
ശിഷ്യന്മാരുടെ ഭാഗത്തുനിന്നും ഒരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല; അറത്തുമാറ്റപ്പെട്ട
കാതു യേശു സൌഖ്യമാക്കും എന്ന് പ്രതീക്ഷിച്ചിരുന്നില്ല.
അവന് വിശ്വാസം
ഇല്ലായിരുന്നു; അവന്‍ സൌഖ്യത്തിനായി അപേക്ഷിച്ചില്ല.
എന്നിട്ടും യേശു
അവനെ സൌഖ്യമാക്കി.
ഈ രണ്ടു
സംഭവങ്ങളില്‍ നിന്നും നമ്മള്‍ എന്താണ് മനസ്സിലാക്കേണ്ടത്?
സ്വീകര്‍ത്താക്കള്‍
യേശുവില്‍ വിശ്വസിച്ചിരുന്നില്ല; അവര്‍ സൌഖ്യത്തിനായി അപേക്ഷിച്ചതുമില്ല.
എന്നാല്‍ യേശു
അവരുടെ ജീവിതത്തില്‍ ഒരു അത്ഭുതം പ്രവര്‍ത്തിച്ചു.
ഇതു
തെളിയിക്കുന്നത് ഇതാണ്:
അത്ഭുതങ്ങളും
അടയാളങ്ങളും പ്രവര്‍ത്തിക്കുവാനുള്ള യേശുവിന്റെ ശക്തിയും അധികാരവും ഒരിക്കലും
മനുഷ്യരുടെ വിശ്വാസത്തില്‍ അധിഷ്ടിതം ആയിരുന്നില്ല.
യേശുവിന്‍റെ
ശക്തിയും അധികാരവും ദൈവത്തില്‍ നിന്നും പരിശുദ്ധാത്മ അഭിഷേകത്താല്‍ ലഭിച്ചതാണ്.
യേശുവിന്‍റെ
വീര്യപ്രവര്‍ത്തികളുടെ അടിസ്ഥാനം തന്‍റെ മേലുള്ള അഭിഷേകവും തന്‍റെ വിശ്വാസവും
ആയിരുന്നു.
എന്നാല്‍
എന്തുകൊണ്ട് യേശുവിന് തന്റെ പിതൃദേശത്ത് വീര്യപ്രവര്‍ത്തികള്‍ ചെയ്യുവാന്‍
കഴിഞ്ഞില്ല.
നമുക്ക് ആ
സംഭവത്തിലേക്ക് ഒന്നുകൂടി പോകാം.
യേശു തന്‍റെ
പിതൃദേശമായ നസ്രെത്തിലെ യഹൂദ പള്ളിയില്‍ ദൈവവചനം വായിക്കുകയും അധികാരമുള്ള ഒരു
റബ്ബി ആയി തിരുവെഴുത്തുകളെ വ്യാഖ്യാനിക്കുകയും ചെയ്തു.
എന്നാല്‍ യേശു ഒരു
അംഗീകൃത റബ്ബിയുടെ അടുക്കല്‍ പഠിക്കുകയോ പരിശീലിക്കയോ ചെയ്തിട്ടില്ല എന്ന്
അവിടുത്തെ ജനങ്ങള്‍ക്ക് അറിയാമായിരുന്നതിനാല്‍ അവര്‍ യേശുവിനെ നിരസിച്ചു.
യേശുവിനു
അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയും എന്ന് അവര്‍ക്ക് അറിയാമായിരുന്നു;
എന്നാല്‍ അതിനു അധികാരം ഉള്ളതായി കണ്ടില്ല.
ഒരു പക്ഷെ യേശു
ഏതെങ്കിലും ദുരാത്മാവിന്റെ ശക്തിയാല്‍ അത്ഭുതങ്ങള്‍ ചെയ്യുന്നതായിരിക്കാം എന്ന്
അവര്‍ ചിന്തിച്ചു കാണും.
അതുകൊണ്ട് അവര്‍ യേശുവിനെ
നിരസിച്ചു.
ദൈവാലയത്തില്‍
നിന്നും അവര്‍ താന്താങ്ങളുടെ വീടിലേക്ക് പോയി.
എന്നാല്‍
സാധുക്കളായ ചില രോഗികള്‍ യേശുവിന്‍റെ അടുക്കല്‍ വന്നു.
വന്ന
എല്ലാവരുടെമേലും യേശു കൈവച്ചു, അവര്‍ സൌഖ്യം പ്രാപിച്ചു.
കൂടുതല്‍ രോഗികളും,
ബധിരരും, മൂകരും, പക്ഷപാതക്കാരും, ഭൂതഗ്രസ്തരുമായവര്‍ ആ ദേശത്ത് ഉണ്ട് എന്ന്
യേശുവിന് അറിയാമായിരുന്നു.
അവരെ
സൌഖ്യമാക്കുവാന്‍ യേശുവിന് മനസ്സായിരുന്നു; പക്ഷെ ആരും അവന്റെ അടുക്കല്‍ വന്നില്ല.
അതിനാല്‍, വീര്യപ്രവര്‍ത്തികള്‍
യാതൊന്നും അവിടെ ചെയ്യുവാന്‍ യേശുവിന് കഴിഞ്ഞില്ല.
ഇതിന്‍റെ അര്‍ത്ഥം,
മനുഷ്യരുടെ വിശ്വാസത്തിന്റെ ബലത്തില്‍ ആയിരുന്നില്ല യേശു വീര്യപ്രവര്‍ത്തികള്‍
ചെയ്തിരുന്നത്.
യേശുവിന്
വീര്യപ്രവര്‍ത്തികള്‍ ചെയ്യാമായിരുന്നു; പക്ഷെ ആരും അവന്റെ അടുക്കല്‍ വന്നില്ല.
അതുകൊണ്ടാണ്
മത്തായി, “അവരുടെ അവിശ്വാസംനിമിത്തം അവിടെ വളരെ വീര്യപ്രവർത്തികളെ ചെയ്തില്ല.”
എന്ന് രേഖപ്പെടുത്തിയത്.
ഇവിടെ മത്തായി
കാര്യങ്ങളെ കൂടുതല്‍ വ്യകതമാക്കുക ആണ്:
മനുഷ്യരുടെ
വിശ്വാസത്തിന്റെ അടിസ്ഥാനത്തിലോ പിന്‍ബലത്തിലോ അല്ല യേശു അത്ഭുതങ്ങള്‍ ചെയ്തത്.
ജനങ്ങള്‍ യേശുവിനെ
നിരസിച്ചതിനാല്‍ യേശു അവിടെ യാതൊരു വീര്യപ്രവര്‍ത്തികളും ചെയ്തില്ല.
നമ്മള്‍ മുമ്പ്
പറഞ്ഞതുപോലെ, ആ ദേശത്ത് അനേകം രോഗികള്‍ ഉണ്ടായിരുന്നു.
യേശു വളര്‍ന്ന ദേശം
ആയിരുന്നതിനാല്‍ അവന് രോഗികളുടെ വീടുകള്‍ സന്ദര്‍ശിക്കുവാനും അവരെ
സൌഖ്യമാക്കുവാനും കഴിയുമായിരുന്നു.
അങ്ങനെ ചില
വീര്യപ്രവര്‍ത്തികള്‍ ചെയ്യാമായിരുന്നു; പക്ഷെ യേശു അങ്ങനെ ചെയ്തില്ല.
ഒരു
മാന്ത്രികനെപ്പോലെ, അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് പ്രശസ്തി നേടുക യേശുവിന്‍റെ
ഉദ്ദേശ്യം ആയിരുന്നില്ല.
യേശു ഈ ഭൂമിയില്‍
ജനിച്ചത് ദൈവരാജ്യം വന്നിരിക്കുന്നു എന്ന് പ്രഖ്യാപിക്കുവാന്‍ ആണ്.
ദൈവരാജ്യത്തിന്റെ
പുനസ്ഥാപനം എന്ന ദൈവീക പദ്ധതിയുടെ ഒരു പ്രധാന ഭാഗം ആയിരുന്നു ക്രൂശിലെ മരണത്താലുള്ള
പാപ പരിഹാര ബലി.
വീണ്ടെടുപ്പ്
എന്നാല്‍, ദൈവീക മുന്‍ നിര്‍ണ്ണയപ്രകാരമുള്ള സകല മനുഷ്യരും ഉള്‍പ്പെടെയുള്ള
ദൈവരാജ്യത്തിന്റെ വീണ്ടെടുപ്പ് ആണ്.
യേശു ചെയ്ത
അത്ഭുതങ്ങള്‍ തന്‍റെ ശക്തിയുടെയോ അധികാരത്തിന്റെയോ വെറും പ്രകടനം ആയിരുന്നില്ല.
അതുകൊണ്ടാണ് യേശു
ചെയ്ത അത്ഭുതങ്ങളെ ദൈവവചനത്തില്‍ “അടയാളങ്ങള്‍” എന്ന് വിളിച്ചിരിക്കുന്നത്. (യോഹന്നാന്‍ 20:30)
യേശു ചെയ്ത
അത്ഭുതങ്ങള്‍ ദൈവരാജ്യം വന്നിരിക്കുന്നു എന്നതിന്‍റെ അടയാളങ്ങള്‍ ആണ്.
ദൈവരാജ്യം
മശിഹായുടെ രാജ്യം ആണ്; അടയാളങ്ങള്‍ യേശു മശിഹ ആണ് എന്ന് തെളിയിക്കുക ആണ്.
ഇതിനോടൊപ്പം നമ്മള്‍
ഗൌരവമായ മറ്റൊരു മര്‍മ്മം കൂടി മനസ്സിലാക്കേണ്ടതുണ്ട്.
യേശുവിന്റെ ഓരോ
അത്ഭുങ്ങളും ദൈവകൃപയുടെ പകര്‍ച്ച കൂടി ആയിരുന്നു.
പുതിയനിയമത്തില്‍
നമ്മള്‍ കാണുന്ന ഒരു മനുഷ്യനുപോലും ഒരു ദൈവീക അത്ഭുതം സ്വീകരിക്കുവാന്‍ തക്കതായ
വലിയ വിശ്വാസം കാണുന്നില്ല.
നമ്മളെക്കാള്‍ വലിയ
വിശ്വാസത്തിനു അവര്‍ ഉടമകള്‍ ആയിരുന്നില്ല.
മനുഷ്യരുടെ, പര്‍വ്വത
സമാനമായ വിശ്വാസമല്ല അത്ഭുതങ്ങള്‍ ഉളവാക്കിയത്.
അത്ഭുതങ്ങള്‍
യേശുവിലൂടെ പകര്‍ന്ന ദൈവ കൃപ ആണ്.
ലാസറിന്റെ
കല്ലറക്കല്‍ നില്‍ക്കുന്ന മേരിയും മാര്‍ത്തയും പോലും അസാധാരണമായ വിശ്വാസം
പ്രകടിപ്പിക്കുന്നില്ല.
യേശു ലാസറിനെ
ഉയര്പ്പിച്ചത്, ലാസറിനോ, സഹോദരിമാര്‍ക്കോ അസാധാരണ വിശ്വാസം
ഉണ്ടായിരുന്നതുകൊണ്ടല്ല.
ഈ സത്യം ആ
സംഭവത്തിന്‍റെ വിവരണം ശാന്തമായി പഠിച്ചാല്‍ നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും.
എന്നാല്‍ ദൈവകൃപ ഇറങ്ങിചെല്ലുവാന്‍
തയ്യാറായപ്പോള്‍, നസ്രേത്തിലെ ജനങ്ങള്‍ അതിനെ നിരസിച്ചു.
ചില സാധുക്കള്‍
യേശുവിന്‍റെ അടുക്കല്‍ വന്നു; അവര്‍ക്ക് ദൈവകൃപ പ്രാപിക്കുവാന്‍ കഴിഞ്ഞു.
അതിന്റെ അര്‍ത്ഥം, മറ്റനേകര്‍ക്ക്
ലഭിച്ച ചൈതന്യമുള്ള ദൈവകൃപ നസ്രേത്തിലെ ജനങ്ങള്‍ അവിശ്വാസം നിമിത്തം നിരസിച്ചു;
അവര്‍ക്ക് അത് പ്രാപിക്കുവാന്‍ കഴിഞ്ഞില്ല.
അനേകം സന്ദര്‍ഭങ്ങളില്‍
മനുഷ്യരില്‍ നിന്നും വിശ്വാസത്തെ യേശു ആവശ്യപ്പെടുന്നുണ്ട്.
എന്നാല്‍ യേശു
ആഗ്രഹിച്ചപ്പോള്‍ എല്ലാം മനുഷ്യരുടെ അവിശ്വാസത്തെ യേശുവിന് മറികടക്കുവാന്‍
കഴിഞ്ഞിട്ടുണ്ട്.
യേശുവിന്റെ
രോഗസൌഖ്യ ശുശ്രൂഷയില്‍ ഉടനീളം വിശ്വാസത്തിനു നല്ല ഒരു പങ്കു നല്‍കുവാന്‍ മര്‍ക്കോസ്
തന്റെ സുവിശേഷത്തില്‍ ശ്രമിച്ചിട്ടുണ്ട്.
എന്നാല്‍
മനുഷ്യരുടെ വിശ്വാസം എപ്പോഴും അത്യാവശ്യം ആയിരുന്നില്ല; വിശ്വാസം പരമമായ ആവശ്യം
ആയിരുന്നില്ല.
ദൈവത്തിന്‍റെ
അധികാരത്തെയും ശക്തിയേയും തടയുവാനോ പരിമിതപ്പെടുത്തുവാനോ യാതൊന്നിനും സാധ്യമല്ല.
മര്‍ക്കോസ്
എഴുതിയതിനില്‍ നിന്നും അല്‍പ്പം വ്യത്യസ്തം ആയി, “അവരുടെ അവിശ്വാസംനിമിത്തം അവിടെ
വളരെ വീര്യപ്രവർത്തികളെ ചെയ്തില്ല.” എന്ന് മത്തായി രേഖപ്പെടുത്തിയത്
എന്തുകൊണ്ടായിരിക്കേണം.
മത്തായി പറയുന്നത്,
യേശു മനപ്പൂര്‍വ്വമായി യാതൊരു വീര്യപ്രവര്‍ത്തികളും നസ്രേത്തില്‍ ചെയ്തില്ല
എന്നാണ്.
എന്തുകൊണ്ട്?
നമ്മള്‍ മുമ്പ്
പറഞ്ഞതുപോലെ വീര്യപ്രവര്‍ത്തികള്‍ ചെയ്യുന്ന ഒരു അത്ഭുതമനുഷ്യനായി പ്രശസ്തന്‍
ആകുവാനല്ല യേശു വന്നത്.
ദൈവരാജ്യത്തിന്റെ
പുനസ്ഥാപനം ആയിരുന്നു യേശുവിന്റെ ലക്ഷ്യം.
അതുകൊണ്ട് തന്നെ
ആരുടേയും വീടുകളിലേക്കോ ജീവിതത്തിലേക്കോ അതിക്രമിച്ചു കയറിച്ചെന്നു അത്ഭുതങ്ങള്‍
പ്രവര്‍ത്തിക്കുവാന്‍ യേശു ഒരിക്കലും ശ്രമിച്ചിട്ടില്ല.
മറ്റൊരു രീതിയില്‍
പറഞ്ഞാല്‍, നമ്മളുടെ സ്വതന്ത്ര ഇശ്ചാശക്തിയെ ഭേദിക്കുവാന്‍ യേശു ആഗ്രച്ചില്ല.
നമുക്ക് എല്ലാവര്‍ക്കും
യേശുവിലൂടെ ലഭിക്കുന്ന ദൈവകൃപ സ്വീകരിക്കുവാനും നിരസിക്കുവാനുമുള്ള സ്വാതന്ത്ര്യം
ദൈവം നല്‍കിയിട്ടുണ്ട്.
അത്ഭുതങ്ങള്‍
ദൈവകൃപയുടെ പകര്‍ച്ച ആണ്; എന്നാല്‍ അത് ചെറുക്കാനാവാത്തത് അല്ല.
അതുകൊണ്ട് തന്നെ,
നസ്രേത്തിലെ ജനങ്ങള്‍ക്ക് ദൈവകൃപ സ്വീകരിക്കുവാനും തിരസ്കരിക്കുവാനും ഉള്ള
സ്വാതന്ത്ര്യം ഉണ്ടായിരുന്നു.
ദൈവകൃപ നിയപരമായ
ഒരു വാഗ്ദാനം ആണ്; അത് തിരസ്കരിക്കുവാനാകത്തത് അല്ല.
യേശു നസ്രേത്തില്‍
വീര്യപ്രവര്‍ത്തികള്‍ യാതൊന്നും ചെയ്തില്ല, കാരണം ജനങ്ങള്‍ യേശുവിനെയും
ദൈവകൃപയെയും നിരസിച്ചു.
ഉപസംഹാരം
ഞാന്‍ ഈ ഹൃസ്വ
സന്ദേശം ഇവിടെ അവസാനിപ്പിക്കട്ടെ.
വീര്യപ്രവര്‍ത്തികള്‍
ചെയ്യുവാനുള്ള യേശുവിന്റെ ശക്തിയും അധികാരവും മനുഷ്യരുടെ വിശ്വാസത്തില്‍ അധിഷ്ടിതം
അല്ല.
യേശു എപ്പോഴും തന്‍റെ
മേലുള്ള അഭിഷേകത്തിലും അധികാരത്തിലും ആശ്രയിച്ചു.
നമ്മളുടെ
അവിശ്വാസത്തിനു ദൈവത്തിന്‍റെ അധികാരത്തെ പരിമിതപ്പെടുത്തുവാന്‍ കഴിയുക ഇല്ല.
മനുഷ്യന്‍റെ
വിശ്വാസം എന്നത് യേശുവിലൂടെ ലഭിക്കുന്ന അത്ഭുതങ്ങള്‍ സ്വീകരിക്കുവാനുള്ള മനോഭാവം
ആണ്.
യേശു ഒരിക്കലും
നമ്മളുടെ സ്വതന്ത്ര ഇശ്ചാശക്തിയെ ഭേദിക്കുന്നില്ല.
എല്ലാ അത്ഭുതങ്ങളും
ദൈവരാജ്യം നമ്മളുടെ ഇടയില്‍ തന്നെ ഉണ്ട് എന്നതിന്‍റെ അടയാളം ആണ്.
എല്ലാ അത്ഭുതങ്ങളും
ദൈവകൃപയുടെ പകര്‍ച്ച ആണ്.
ദൈവത്തില്‍ നിന്നും
നമ്മള്‍ ഒന്നും പ്രവര്‍ത്തികളാല്‍ പ്രാപിക്കുന്നില്ല.
ദൈവം നിങ്ങളെ
സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍.
No comments:
Post a Comment