വിടുതലിനെ അറിയുക


എന്താണ് പൈശാചിക ബന്ധനം, എങ്ങനെ ആണ് സാത്താന്യ ബന്ധനം നമ്മളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്‌, എങ്ങനെ നമുക്ക് വിടുതല്‍ പ്രാപിക്കാം എന്നീ വിഷയങ്ങള്‍ ആണ് നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുവാന്‍ പോകുന്നത്.

നമ്മളുടെ കര്‍ത്താവിന്റെ ചില വാക്കുകള്‍ വായിച്ചുകൊണ്ട് നമുക്ക് ഈ ചര്‍ച്ച ആരംഭിക്കാം.

ലൂക്കോസ് 19: 41 - 44
41       അവൻ നഗരത്തിന്നു സമീപിച്ചപ്പോൾ അതിനെ കണ്ടു അതിനെക്കുറിച്ചു കരഞ്ഞു:
42       ഈ നാളിൽ നിന്റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു.
43       നിന്റെ സന്ദർശനകാലം നീ അറിയാഞ്ഞതുകൊണ്ടു നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞു നാലുപുറത്തും ഞെരുക്കി
44       നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ടു, നിങ്കൽ കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും.

 വീണ്ടും ജനനം പ്രാപിച്ച എല്ലാ ക്രിസ്തീയ വിശ്വാസികളും സാത്താന്‍റെ രാജ്യത്തില്‍ നിന്നും വിടുവിക്കപ്പെട്ടു ദൈവ പുത്രനായ ക്രിസ്തുവിന്‍റെ രാജ്യത്തില്‍ ആയിരിക്കുന്നു എന്നത് സത്യം തന്നെ ആണ്.
നമ്മള്‍ യേശു ക്രിസ്തുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ചപ്പോള്‍ ഈ മാറ്റം സംഭവിച്ചു.
കൃപയാല്‍ വിശ്വസം മൂലം, യേശുക്രിസ്തു ക്രൂശില്‍ പിശാചിന്‍റെ മേല്‍  നേടിയ ആത്മീയ ജയത്തില്‍ നമ്മള്‍ വിശ്വസിക്കുകയും, ഏറ്റുപറയുകയും ചെയ്തപ്പോള്‍, നമ്മള്‍ അന്ധകാരത്തിന്‍റെ അടിമത്തത്തില്‍ നിന്നും ദൈവരാജ്യത്തിലേക്ക് മാറ്റപ്പെടുക ആണ് ഉണ്ടായത്.

എന്നാല്‍, സാത്താനെയും കൂട്ടായ ദൂതന്മാരെയും സ്വര്‍ഗത്തില്‍ നിന്നും ദൈവം പുറത്താക്കുകയും ക്രൂശില്‍ ദൈവ പുത്രന്‍ പിശാചിനെ തകര്‍ക്കുകയും ചെയ്തു എങ്കിലും പിശാചോ കൂട്ടാളികളോ പൂര്‍ണ്ണമായി നശിപ്പിക്കപ്പെട്ടിട്ടില്ല.
സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ടതോ ക്രൂശിലെ പരാജയമോ അവരുടെ സമ്പൂര്‍ണ്ണ നാശം അല്ല.
അവരുടെ സമ്പൂര്‍ണ്ണ നാശം അന്ത്യകാലത്ത് സംഭവിക്കുവാന്‍ ഇരിക്കുന്നതെ ഉള്ളൂ.
ഇതിനിടയിലുള്ള ഈ കാലത്ത് ഈ ഭൂമിയില്‍ സഞ്ചരിക്കുവാനും പ്രവര്‍ത്തിക്കുവാനുമുള്ള സ്വാതന്ത്ര്യം പിശാചിന് ഉണ്ട് .
ദൈവത്തിന്‍റെ സ്വന്തജനത്തെപ്പോലും ഈ കാലയളവില്‍ പിശാച് തകര്‍ക്കുവാന്‍ ശ്രമിക്കുന്നുണ്ട്.

പുതിയ നിയമത്തില്‍ സഭയുടെ ഭാഗം ആയിരുന്ന വിശ്വാസികള്‍ പിന്മാറ്റത്തില്‍ പോയ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
2 കൊരിന്ത്യര്‍ 12:7 ല്‍ തന്നെ കുത്തുന്ന സാത്താന്‍റെ ദൂതനെ കുറിച്ച് അപ്പോസ്തലനായ പൗലോസ്‌ പറയുന്നു.
പത്രോസിന്‍റെ ഒന്നാമത്തെ ലേഖനം 5: 8 ല്‍ നമ്മള്‍ നിർമ്മദരായിരിക്കേണം എന്നും ഉണർന്നിരിക്കേണം എന്നും പറയുന്നു.
കാരണം, നമ്മളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.

എഫെസ്യര്‍ക്ക് എഴുതിയ ലേഖനം 6-)൦ അദ്ധ്യായം 12-)൦ വാക്യത്തില്‍ നമുക്ക് ശത്രുവിനെതിരെ ഉള്ള പോരാട്ടത്തെക്കുറിച്ച് പൗലോസ്‌ പറയുന്നു.

എഫെസ്യര്‍ 6:12  നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.

ഇതിന്‍റെ അര്‍ത്ഥം, നമുക്ക് ഒരു ശത്രു ഉണ്ട്; അവന്‍ ജഡരക്തമല്ല; നമുക്ക് അവനോട് പോരാട്ടം ഉണ്ട് എന്നാണ്.

പിശാചിന് ഈ ഭൂമിയില്‍ ഇപ്പോള്‍ സ്വതന്തനായി സഞ്ചരിക്കുവാനും പ്രവര്‍ത്തിക്കുവാനും സ്വാതത്ര്യം ഉണ്ട് എന്നതിനാല്‍ അവര്‍ ക്രിസ്തീയ വിശ്വാസികളെ വെറുതെ വിടുകയില്ല എന്നത് തീര്‍ച്ചയാണ്.
അതുകൊണ്ട് നമ്മള്‍ അവന്റെ തന്ത്രങ്ങള്‍ അറിയേണം; ഒപ്പം ദൈവം നമുക്ക് ഒരുക്കിയിരിക്കുന്ന വിടുതലിന്‍റെ വഴികളെയും നമ്മള്‍ അറിഞ്ഞിരിക്കേണം.

ഈ സന്ദേശത്തില്‍, പിശാച് ഒരു വിശ്വാസിയുടെ ജീവിതത്തിനുമേല്‍ കൊണ്ടുവരുവാന്‍ ഇടയുള്ള പീഡനങ്ങളെ ബന്ധനം എന്നും, ഇതില്‍ നിന്നും രക്ഷപെടുവാനായുള്ള ദൈവീക വഴികളെ വിടുതല്‍ എന്നും ആണ് നമ്മള്‍ വിളിക്കുന്നത്‌.


എന്താണ് ബന്ധനം, വിടുതല്‍ എന്നിവ?

നമ്മളുടെ വിടുതലിനെക്കുറിച്ചു അറിയേണം എങ്കില്‍ എന്താണ് ബന്ധനം എന്ന് കൂടി അറിഞ്ഞിരിക്കേണം.
പിശാചിന്‍റെ ഒരു ബന്ധനവും ഒരു ദിവസം കൊണ്ട് സംഭവിക്കുന്നതല്ല; അതൊരു പടിപടിയായ  പ്രക്രിയ ആണ്.
നമ്മളുടെ അവഗണന മൂലം യാഥാര്‍ത്ഥ്യം ആകുന്ന സാത്താന്‍റെ ദീര്‍ഘകാല പദ്ധതി ആണത്.
പിശാചിന്‍റെ ഈ പദ്ധതി മനസ്സിലാക്കുന്നതിനായി നമ്മളുടെ കര്‍ത്താവിന്‍റെ വാക്കുകള്‍ നമുക്ക് മനസ്സിലാക്കുവാന്‍ ശ്രമിക്കാം.

യേശു ക്രിസ്തു തന്റെ പരസ്യ ശുശ്രൂഷയുടെ അന്ത്യത്തില്‍ യെരുശലേം പട്ടണത്തിലേക്ക് വരുകയാണ്.
പട്ടണത്തെ സമീപിച്ചപ്പോള്‍ യേശു അതിനെ കണ്ടു അതിനെക്കുറിച്ചു കരഞ്ഞു എന്നാണ് നമ്മള്‍ വായിക്കുന്നത്.
ഈ പട്ടണം അതിന്റെ സമാധാനത്തിന്നുള്ളതു അവഗണിക്കുക ആണ്.
അതിന്റെ ഫലമായി ശത്രുവിന്‍റെ ബന്ധനം അഥവാ ഉപരോധം അതിന്‍റെമേല്‍ വരുവാന്‍ പോകുക ആണ്.
ശത്രു അതിനെ വളഞ്ഞ് ആക്രമിക്കുവാന്‍ പോകുക ആണ്.
യെരുശലെമിന് നേരെ AD 70 സംഭവിച്ച ശത്രുവിന്‍റെ ആക്രമണവും യെരുശലേം പട്ടണത്തിന്റെയും ദൈവാലയത്തിന്റെയും സമ്പൂര്‍ണ്ണ നാശവും യേശു ഇവിടെ പ്രവചിക്കുക ആണ് ചെയ്യുന്നത്.

യേശുവിന്‍റെ ഈ വാക്കുകളില്‍ നിന്നും അന്നാളിലെ യുദ്ധതന്ത്രങ്ങളെക്കുറിച്ചും അതിലൂടെ പിശാചിന്‍റെ ബന്ധനത്തിന്‍റെ രീതിയെക്കുറിച്ചും ചില കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും.
ഇത്തരം യുദ്ധതന്ത്രങ്ങള്‍ മനസ്സിലാക്കുവാന്‍ നമ്മള്‍ പുരാതനകാലത്തെ യുദ്ധങ്ങളെക്കുറിച്ചും, പട്ടണങ്ങളെക്കുറിച്ചും അറിയേണ്ടതുണ്ട്.
പഴയകാലത്ത് സുരക്ഷിതവും സമ്പന്നവും ആയിരിക്കുന്ന പട്ടണങ്ങളെ കീഴടക്കുവാന്‍ ശത്രുക്കള്‍ ഉപയോഗിച്ചിരുന്ന ഒരു തന്ത്രം ആയിരുന്നു, വളഞ്ഞ് ആക്രമിക്കുക അഥവാ ബന്ധിക്കുക എന്നത്.
യോശുവയും കൂട്ടരും തകര്‍ത്ത യെരിഹോ പട്ടണത്തിന്‍റെ ചരിത്രം ഒരു നല്ല ഉദാഹരണം ആണ്.

അക്കാലത്ത് എല്ലാ പ്രധാനപ്പെട്ട പട്ടണങ്ങള്‍ക്കും ശക്തവും വീതിയും ഉള്ള ചുറ്റുമതില്‍ ഉണ്ടായിരുന്നു.
ഒരു ശത്രുവിനും അതിനുമീതെ കയറുവാന്‍ കഴിഞ്ഞിരുന്നില്ല.
ശത്രുക്കള്‍ക്ക് അതിനെ തകര്‍ക്കുക അതീവ പ്രയാസം ആയിരുന്നു.
അതിനുമുകളിലൂടെ സാധാരണ ഗതിയില്‍ അമ്പുകള്‍ അയക്കുവാനും പ്രയാസമായിരുന്നു.
ഇത്തരം പുരാതന പട്ടണങ്ങള്‍ക്കു ഒരു വാതില്‍ മാത്രമേ ഉണ്ടായിരിക്കുക ഉള്ളൂ.
അതിനു വലുതും പോക്കമുള്ളതും, അതിശക്തവുമായ തടികൊണ്ടുള്ള വാതില്‍ പാളികള്‍  ഉണ്ടായിരിക്കും.
ഒരിക്കല്‍ വാതില്‍ അടച്ചാല്‍ പിന്നെ ആര്‍ക്കും പട്ടണത്തിനുള്ളിലെക്ക് കടക്കുവാണോ പുറത്തേക്ക് പോകുവാണോ കഴിയുക ഇല്ല.
ഇങ്ങനെ ആ പട്ടണം ശത്രുവില്‍ നിന്നും സുരക്ഷിതം ആയിരിക്കും.

ഇത്തരം പട്ടണങ്ങളെ കീഴടക്കുവാന്‍ ശത്രുക്കള്‍ അവയെ ബന്ധിക്കും.
അതിനായി 4 മാര്‍ഗ്ഗങ്ങള്‍ അവര്‍ ഉപയോഗിക്കും.
അതിനെക്കുറിച്ച് യേശു നമ്മള്‍ വായിച്ച വാക്യത്തില്‍ പറയുന്നുണ്ട്.

1.  ശത്രുക്കൾ നിനക്കു ചുറ്റും വാടകോരും

“വാടകോരും” എന്ന വാക്കിന്‍റെ അര്‍ത്ഥം എന്താണ്?
ചുറ്റുമതില്‍ കെട്ടി സുരക്ഷിതമായിരിക്കുന്ന പട്ടണത്തിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിക്കുവാനായി പട്ടണവാസികള്‍ മതിലിനു വെളിയില്‍ വലിയ വീതിയിലും ആഴത്തിലും തോടുപോലെ ഓട കുഴിക്കാറുണ്ടായിരുന്നു.
ഇത്തരം ഓട കുഴിക്കുന്നതിനെ ആണ് ‘വാടകോരും’ എന്ന് മലയാളത്തില്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
ഈ ഓടയില്‍ അല്ലെങ്കില്‍ തോട്ടില്‍ മനുഷ്യനെ തിന്നുന്ന മുതല, ചീങ്കണ്ണി പോലെയുള്ള ജീവികളെ വളര്‍ത്തുമായിരുന്നു.
ഇതിനു മുകളിലൂടെ പട്ടണത്തിലേക്ക് പ്രവേശിക്കുവാന്‍ ഒരു പാലം ഉണ്ടായിരിക്കും.
പല പട്ടണങ്ങള്‍ക്കും, ആവശ്യമില്ലത്തപ്പോഴോ ശത്രു വരുന്നത് കാണുമ്പോഴോ പാലം ഉള്ളിലേക്ക് വലിക്കുവാന്‍ ഉള്ള സംവിധാനവും ഉണ്ടായിരുന്നു.
ഇതു പട്ടണത്തിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.

പക്ഷെ ഇവിടെ പട്ടണക്കാര്‍ അല്ല; ശത്രുക്കള്‍ ആണ് ഓട നിര്‍മ്മിക്കുന്നത്.
ഇതിന്‍റെ സാഹചര്യം എന്താണ്?

ശത്രുവരുന്നത്‌ കണ്ട പട്ടണ നിവാസികള്‍ എല്ലാവരും പട്ടണത്തിനുള്ളിലെക്ക് കയറി സുരക്ഷിതര്‍ ആയി ഇരിക്കുക ആണ്.
പട്ടണത്തിന്‍റെ വലുതും ശക്തവുമായ വാതില്‍ അടച്ചു.
ഇതാണ് യോശുവയുടെ കാലത്ത് യെരിഹോ പട്ടണക്കാര്‍ ചെയ്തത്.
ഈ പട്ടണത്തിന് ശത്രുഭയം ഇല്ലായിരുന്നതിനാല്‍ അവര്‍ നിര്‍മ്മിച്ച ഓട ഇല്ലായിരുന്നു എന്ന് അനുമാനിക്കാം.
ഇപ്പോള്‍ ശത്രു ആ പട്ടണത്തിന് ചുറ്റും ഓട നിര്‍മ്മിച്ച് അതിനെ ബന്ധിക്കുക ആണ്.

ഇതാണ് സുരക്ഷിതം എന്ന് സ്വയം ചിന്തിക്കുന്ന ഒരു പട്ടണത്തെ ബന്ധിക്കുവാനുള്ള ശത്രുവിന്‍റെ ആദ്യത്തെ പടി.
ആരും ഈ പട്ടണത്തിന് പുറത്തേക്ക് പോകുകയോ മറ്റാരും തന്നെ സഹായവുമായി അകത്തേക്ക് പോകുകയോ ചെയ്യുവാന്‍ പാടില്ല എന്നതാണ് ശത്രുവിന്‍റെ ഉദ്ദേശ്യം.
ഇതിന്‍റെ ഫലമായി, ആഹരസധാനങ്ങളുടെ വരവ് നിലക്കും.
സമ്പന്നമായ ഒരു പട്ടണത്തിന് ഒരു പക്ഷെ ചില നാളുകളിലേക്ക് ആവശ്യമായ ആഹാരത്തിന്‍റെ കരുതല്‍ ശേഖരം ഉണ്ടായിരിക്കാം.
അതുകൊണ്ട് ശത്രു ഉണ്ടാക്കിയ ഓട അവരെ പെട്ടന്ന് ബാധിച്ചില്ല എന്ന് വന്നേക്കാം.
കുറെ നാളുകള്‍ അനങ്ങാതെ ഇരുന്നാല്‍ ശത്രുക്കള്‍ തങ്ങളുടെ ആക്രമണ പദ്ധതി ഉപേക്ഷിച്ചിട്ട് തിരികെ പോയേക്കാം എന്ന് അവര്‍ കരുതും.

ശത്രുവിനെ ശ്രദ്ധിക്കാതിരിക്കുന്നതില്‍ വിജയിക്കുവാനുള്ള നേരിയ സാദ്ധ്യത ഉണ്ട്.
ശത്രു സൈന്യത്തിനും ആഹാരം വേണമല്ലോ.
അതുകൊണ്ട് പട്ടണത്തിന് ചുറ്റും ഓട നിര്‍മ്മിച്ചതിനു ശേഷം ശത്രുക്കള്‍ പട്ടണ നിവാസികളുമായി ഒരു സന്ധി അഥവാ ഉടമ്പടി ഉണ്ടാക്കുവാന്‍ ശ്രമിക്കും.
ഉടമ്പടി ശത്രുവിന് ഗുണകരം ആയിരിക്കേണം; പകരമായി പട്ടണക്കാര്‍ക്ക് സമാധാനം വാഗ്ദാനം ചെയ്യും.
ശത്രുവിന് ചിലപ്പോള്‍ കുറെ സമ്പത്ത് നല്‍കേണ്ടി വരും; മറ്റ് ചിലപ്പോള്‍ നീണ്ടു നില്‍ക്കുന്ന നികുതിയുടെ ഉടമ്പടി ആയിരിക്കാം ആവശ്യപ്പെടുന്നത്.
ഉടമ്പടി ഉണ്ടായാല്‍ ശത്രുക്കള്‍ പട്ടണത്തെ ആക്രമിക്കാതെ അവരുടെ സൈന്യത്തെ പിന്‍വലിക്കും.

ഇവിടെ ആണ് അനേകം ക്രൈസ്തവര്‍ പിശാചുമായി സന്ധി ചെയ്യുന്നത്.
നീക്കുപോക്കുകളും സന്ധിയും ഇരുകൂട്ടര്‍ക്കും ജയം നല്‍കുന്ന ഉടമ്പടി ആയി തോന്നിയേക്കാം.
പക്ഷെ, ഓര്‍ക്കുക, സാത്താന്‍ എപ്പോഴും ഭോഷ്ക്ക് പറയുന്നവനും തന്ത്രശാലിയും ആണ്.
അവര്‍ വരുന്നത് അറക്കുവാനും മുടിക്കുവാനും കൊല്ലുവാനുമാണ്.
അവന്‍ ഒരിക്കലും ഒരു താല്‍ക്കാലിക നീക്ക്പോക്കില്‍ തൃപ്തനാകുക ഇല്ല; പിശാചിന്‍റെ ലക്ഷ്യം നമ്മളെ പൂര്‍ണ്ണമായും നശിപ്പിക്കുകയും തുടച്ചു നീക്കുകയും ചെയ്യുക എന്നതാണ്.

പട്ടണ നിവാസികള്‍ ശത്രുവുമായി ഉടമ്പടി ചെയ്യുവാന്‍ വിസമ്മതിച്ചാല്‍ മതിലിന് ചുറ്റും നിര്‍മ്മിച്ച ഓട അങ്ങനെ തന്നെ തടര്‍ന്നും ഇരിക്കും.
ദിവസങ്ങള്‍ക്കോ ആഴ്ചകള്‍ക്കോ ഉള്ളില്‍ അവര്‍ ആഹരമില്ലതെ മരിക്കും.
നമുക്ക് നിത്യവും ആഹാരം വേണം, അത് ലഭിക്കാതെ വന്നാല്‍ ജീവിച്ചിരിക്കുക സാധ്യമല്ല.
അതായത്, പിശാചിനെ എതിര്‍ത്ത് നില്‍ക്കുക എന്നത് ഒരു പോരാട്ടം ആണ്.

പിശാചിന്‍റെ ബന്ധനത്തിന്‍റെ ആദ്യപടി നമ്മളുടെ വഴികള്‍ അടക്കുക എന്നതാണ്.
നമ്മളുടെ ജീവിതത്തില്‍ മുന്നോട്ട് പോകുവാനുള്ള എല്ലാ വാതിലുകളും അടഞ്ഞതായി നമുക്ക് അനുഭവപ്പെടും.
പിശാച് ഒരു പക്ഷെ നമ്മളുടെ സാമ്പത്തിക മാര്‍ഗ്ഗങ്ങള്‍ അടച്ചേക്കാം; ബന്ധുമിത്രാധികള്‍ നമ്മളെ ഉപേക്ഷിച്ചെക്കാം; നമ്മളുടെ ആരോഗ്യം ക്ഷയിക്കുന്നതായി തോന്നിയേക്കാം; നമ്മളുടെ ഭര്‍ത്താവും ഭാര്യയും മക്കളും നമ്മളോടൊപ്പം നിന്നില്ല എന്ന് വന്നേക്കാം.
നമ്മളിലേക്കുള്ള എല്ലാ വഴികളും പുറത്തോട്ടുള്ള എല്ല വഴികളും പിശാച് അടക്കുക ആണ്.
എന്നിരുന്നാലും ഭാരപ്പെടരുത്, ഭയപ്പെടരുതു, പിശാചുമായി ഒരിക്കലും ഉടമ്പടി ചെയ്യരുത്.
പിശാചിനെ തോല്‍പ്പിക്കുവാന്‍ ഒരു മാര്‍ഗ്ഗം ഉണ്ട്.    

2.  നിന്നെ വളഞ്ഞു

പട്ടണത്തെ ചുറ്റും വളയുക എന്നതാണ് പിശാചിന്‍റെ ബന്ധനത്തിന്‍റെ രണ്ടാമത്തെ പടി.
പട്ടണത്തിന് ചുറ്റും ആഴത്തിലും വീതിയിലും ഒരു ഓട ശത്രു ഉണ്ടാക്കി കഴിഞ്ഞു.
പട്ടണത്തിലെ നിവാസികള്‍ ഭയത്തോടെ കഴിയുക ആണ്.

യോശുവ 2:9 ല്‍ യിസ്രായേല്‍ ചരന്മാരോട് രാഹാബ് പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുക.
യിസ്രായേല്‍ ജനത്തെക്കുറിച്ചുള്ള ഭയം യെരിഹോ പട്ടണ നിവസികളുടെമേല്‍ വീണിട്ട് അവര്‍ ഭയം നിമിത്തം ഉരുകിപോയിരിക്കുന്നു.

പട്ടണ നിവാസികള്‍ ഭയത്തിലാണ് എങ്കിലും ചില ദിവസങ്ങള്‍ കൂടി ജീവിക്കുവാന്‍ ആവശ്യമായ ആഹാരം അവരുടെ പക്കല്‍ ഉണ്ട്.
രക്ഷക്കായുള്ളത് ചിന്തിക്കുവാനും രക്ഷാ പദ്ധതി തയ്യാറാക്കുവാനും സമയം ഉണ്ട്.
അവരുടെ ദൈവത്തോട് അവരെ രക്ഷിക്കുവാനായി അപേക്ഷിക്കുവാനും കാത്തിരിക്കുവാനും സമയം ഉണ്ട്.
എങ്കിലും, ആഹാരം തീര്‍ന്നുകൊണ്ടേ ഇരിക്കുക ആണ്, അതുകൊണ്ട് ഈ സാഹചര്യം അധിക നാളുകള്‍ തുടരുവാന്‍ സാധ്യമല്ല.
ശത്രുവുമായി നീക്ക്പോക്കിന് അവര്‍ തയ്യാറല്ല എങ്കില്‍ ഒരു ദൈവീക ഇടപെടലിനായും പോരട്ടത്തിനായും അവര്‍ പ്രത്യാശയോടെ കാത്തിരിക്കും.

സാഹചര്യം ഇങ്ങനെ തുടരുമ്പോള്‍ ശത്രു സൈന്യം പട്ടണത്തെ ചുറ്റി വളയും.
ശത്രു തങ്ങളുടെ സൈന്യത്തിന്‍റെ ശേഷി പ്രകടിപ്പിക്കുക ആണ്.
വിജയിക്കാതെ പിന്മാറുക ഇല്ല എന്ന് വിളിച്ചു പറയുക ആണ്.
ഇതു അന്ത്യ യുദ്ധത്തിനായുള്ള, നേരിട്ടുള്ള പോരാട്ടത്തിന്‍റെ തയ്യാറെടുപ്പാണ്.
പട്ടണത്തിനുള്ളില്‍ നിവാസികള്‍ എല്ലാം ഭയച്ചകിതര്‍ ആണ്, എങ്കിലും കീഴടങ്ങിയിട്ടില്ല.
അവര്‍ക്ക് വലിയതും ശക്തവും ആയ ചുറ്റുമതിലും ശക്തമായ വാതിലും ഉണ്ട്; അവര്‍ ഇപ്പോഴും സുരക്ഷിതര്‍ ആണ്.
ഒരു ശത്രുവിനും പട്ടണത്തിനുള്ളിലേക്ക് കടക്കുവാന്‍ കഴിയുക ഇല്ല.

പട്ടണത്തിന് വെളിയിലുള്ള ശത്രു സൈന്യത്തിന്‍റെ കോലാഹലം അവര്‍ കേള്‍ക്കുന്നുണ്ട്.
ശത്രു സൈന്യം പട്ടണ നിവാസികളെ ശപിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുകയാണ്.
ശത്രുവുമായി നീക്ക്പോക്ക് ഉണ്ടാക്കുവാന്‍ ഇപ്പോഴും അവസരം ഉണ്ട്.
എന്നാലും പട്ടണ നിവാസികള്‍ കീഴടങ്ങുവാന്‍ തയ്യാറല്ല.

ഇത്രയും കാര്യങ്ങള്‍ ചെയ്യുവാന്‍ ശത്രുക്കള്‍ ചില ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം.
ഇതൊരു നീണ്ട പ്രക്രിയ ആണ്.
പട്ടണവാസികള്‍ക്ക് സാഹചര്യം നിയന്ത്രണാതീതം ആണ്; കാര്യങ്ങള്‍ കൈവിട്ടു പോയിരിക്കുന്നു.
ഇനി ഒരു ദൈവീക ഇടപെടല്‍ മാത്രമേ രക്ഷയായുള്ളൂ.


3.  നാലുപുറത്തും ഞെരുക്കും

ശത്രു സൈന്യം പട്ടണത്തോട് കൂടുതല്‍ കൂടുതല്‍ അടുക്കുകയാണ്.
അവര്‍ നിര്‍മ്മിച്ച ഓടയ്ക്ക്‌ കുറുകെ പലയിടത്തും അവര്‍ താല്‍ക്കാലിക പാലം നിര്‍മ്മിക്കും.
പട്ടണത്തിലേക്ക് ഒന്നിലധികം വഴികള്‍ അവര്‍ കണ്ടെത്തുകയാണ്.
ഈ പാലങ്ങള്‍ ശത്രുവിന്‍റെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ ആയിരിക്കും.
അതിനുശേഷം അന്ത്യ യുദ്ധം ആരംഭിക്കും.

പട്ടണ നിവാസികളെ നശിപ്പിക്കണം എങ്കില്‍ അവര്‍ പട്ടണത്തിനുള്ളിലേക്ക് പ്രവേശിക്കേണം.
ഓട പട്ടണത്തെ നശിപ്പിക്കുക ഇല്ല; പടയാളികള്‍ ചുറ്റിനും നില്‍ക്കുന്നതുകൊണ്ട് പട്ടണം നശിക്കുക ഇല്ല.
ഭീഷിണിയും, ശാപ വാക്കുകള്‍ക്കും വെല്ലുവിളികള്‍ക്കും പട്ടണ നിവാസികളെ ഭയപ്പെടുത്തുവാന്‍ കഴിഞ്ഞേക്കാം പക്ഷെ നശിപ്പിക്കുവാന്‍ കഴിയുക ഇല്ല.

ഈ സാഹചര്യത്തില്‍ ശത്രു തങ്ങളുടെ നവീനവും ഏറ്റവും ശക്തവും മാരകവും ആയ ആയുധം, തീയമ്പുകള്‍ ഉപയോഗിക്കുവാന്‍ തുടങ്ങും.
അമ്പുകളുടെ അഗ്രത്തു തീപന്തങ്ങള്‍ ചേര്‍ത്തുകെട്ടി ആണ് തീയമ്പുകള്‍ ഉണ്ടാക്കുന്നത്.
ശത്രുക്കള്‍ ഇത്തരം തീയമ്പുകള്‍ പട്ടണത്തിന്‍റെ വലിയ മതിലുകള്‍ക്കും മുകളിലൂടെ പട്ടണത്തിലേക്ക് അയക്കും.
ഇവയെ ചെറുക്കുവാന്‍ വലിയ പ്രയാസം ആണ്.
എവിടെ എല്ലാം തീയമ്പുകള്‍ വീഴുന്നുവോ അവിടെ എല്ലാം തീ പടര്‍ന്നു പിടിക്കും.
നിമിഷ നേരത്തിനുള്ളില്‍ പട്ടണം മുഴുവന്‍ അഗ്നിക്ക് ഇരയായി തീര്‍ന്നു ഒരു പിടി ചാരം മാത്രം ആയി അവശേഷിക്കും.

പിശാചിന്‍റെ തീയമ്പുകള്‍ മാരകമായ ആയുധം ആണ്.
എല്ലാ സംരക്ഷണത്തിനും മുകളിലൂടെ അവ പറന്ന് എത്തും.
എന്നാല്‍ നമ്മള്‍ നിരാശപ്പെടെണ്ടതില്ല; നമ്മളുടെ പക്കല്‍ ശക്തമായ ഒരു ആയുധം ഉണ്ട്.
വിശ്വാസം എന്ന പരിചയാല്‍ ശത്രുവിന്‍റെ എല്ലാ തീയമ്പുകളെയും നമുക്ക് എതിര്‍ക്കുവാന്‍ കഴിയും.

എഫെസ്യര്‍ 6:16  എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്‍പ്പിൻ.

വാതിലുകള്‍ തകര്‍ക്കുന്നു.

തീയമ്പുകള്‍ അയക്കാതെ, പട്ടണത്തിന്‍റെ വാതില്‍ തകര്‍ത്തുകൊണ്ട് ശത്രുവിന് അകത്തു പ്രവേശിക്കുവാനും ശ്രമിക്കും.
പട്ടണത്തിലേക്കുള്ള ഏക പ്രവേശന കവാടം ആണ് ചുറ്റുമതിലില്‍ ഉറപ്പിച്ചിട്ടുള്ള വാതില്‍.
ഈ കവാടത്തിനു വളരെ ശക്തവും, ഭാരവും വലുപ്പവും ഉള്ള തടികൊണ്ടുള്ള വാതില്‍ ഉണ്ടായിരിക്കും എന്ന് നമ്മള്‍ കണ്ടു കഴിഞ്ഞല്ലോ.

ശത്രു വരുന്നത് കണ്ടപ്പോള്‍ തന്നെ പട്ടണവാസികള്‍ വാതില്‍ അടച്ച് ഭദ്രം ആക്കിയതാണ്.
വാതില്‍ തകര്‍ത്ത് അകത്തേക്ക് പ്രവേശിക്കുക എന്നത് ശത്രുവിന് എളുപ്പമല്ല.

എന്നാല്‍ പട്ടണത്തെ തോല്‍പ്പിക്കുവാനും നശിപ്പിക്കുവാനും ശത്രു നിശ്ചയിച്ചു കഴിഞ്ഞു.
അതുകൊണ്ട് അവര്‍ വാതിലിനെ തകര്‍ക്കുവാന്‍ ശ്രമിക്കും.

ഇതിനായി അവര്‍ കാട്ടില്‍നിന്നും വലിയ ഒരു വൃക്ഷം വെട്ടി അതിന്റെ ശാഖകള്‍ മുറിച്ചു മാറ്റി തായ്ത്തടി മാത്രം ആക്കും.
അതിന്റെ ശേഷം അതിന്റെ വേരിന്‍റെ ഭാഗത്ത് കൂര്‍ത്ത കല്ലുകളോ ലോഹ കഷണങ്ങളോ ഉറപ്പിച്ചു വെക്കും.
ഇതു ഒന്നോ രണ്ടോ പേര്‍ക്ക് പിടിച്ചു ഉയര്‍ത്തുവാന്‍ കഴിയുക ഇല്ല.
അതുകൊണ്ട് സൈന്യത്തിലെ എല്ലാ പടയാളികളും ഒരുമിച്ച് ചേര്‍ന്ന് അത് പൊക്കി എടുത്തു എല്ലാവരുടെയും സര്‍വശക്തിയും ഉപയോഗിച്ച് പട്ടണത്തിന്‍റെ വാതിലില്‍ ആഞ്ഞു ഇടിക്കും.
തുടര്‍ച്ചയായി ഇതു ചെയ്യുമ്പോള്‍ പട്ടണവാതില്‍ തകരും.
അങ്ങനെ അവര്‍ വാതില്‍ തകര്‍ത്ത് അകത്തേക്ക് പ്രവേശിക്കും.
  
4.    നിന്നെയും നിന്നിലുള്ള നിന്‍റെ മക്കളെയും നിലത്തു തള്ളിയിടും.

സാത്താന്‍റെ ബന്ധനത്തിന്‍റെ നാലാമത്തെ പടി പട്ടണത്തിന്‍റെ പരാജയവും നാശവും ആണ്.
പട്ടണത്തെ ശത്രു കീഴടക്കും; പട്ടണം കൊള്ളയടിക്കപ്പെടും; നിവാസികളെ എല്ലാം കൊന്നുകളയും.
എല്ല നിവാസികളും കൊല്ലപ്പെട്ടിരിക്കുന്നു എന്ന് ശത്രു തീര്ച്ചയാക്കും.
ഇനി ഒരിക്കലും ഈ പട്ടണം മനുഷ്യരുടെ ഓര്‍മ്മയില്‍ പോലും വരാതെവണ്ണം ഭൂമിയുടെ മുഖത്തു നിന്നുതന്നെ തുടച്ചു നീക്കപ്പെടും.
പട്ടണത്തിലെ എല്ലാ നദികളും ഉറവകളും കിണറുകളും നശിപ്പിക്കപ്പെടും; ഇനി ഒരിക്കലും ആഹാരം ഉണ്ടാകാതെ ഇരിക്കെണ്ടതിനായി കൃഷിയിടങ്ങള്‍ തീവച്ചു നശിപ്പിക്കും.
പട്ടണത്തിലെ പ്രധാന ആരാധനാലയം കൊള്ളയടിക്കുകയും തീകൊണ്ട് നശിപ്പിക്കുകയും ചെയ്യും.
യാതൊന്നും ഇനി അവിടെ ജീവിക്കയില്ല.
കാറ്റിനും മഴയ്ക്കുമായി പട്ടണത്തെ വിട്ടുകൊടുക്കും.
ഇനി ഒരിക്കലും ഈ പട്ടണം ആരും പണിയരുത്.

ഇതെല്ലാം ആയിരുന്നു പുരാതന കാലത്ത് ഒരു ശത്രു രാജ്യം മറ്റൊരു രാജ്യത്തോട് യുദ്ധത്തില്‍ ചെയ്തിരുന്നത്.
ശത്രുവിനെ ദൂരത്തുനിന്നു തന്നെ ഓടിച്ചു കളയാത്ത, ശത്രുവിനെ പരാജയപ്പെടുത്തുവാന്‍ കഴിയാത്ത രാജ്യങ്ങളുടെ അന്ത്യം ഇതായിരുന്നു.
അന്ത്യത്തിലെ പതനം പൂര്‍ണ്ണവും എന്നന്നേക്കും ഉള്ളതും ആയിരുന്നു.
  
വിടുതലിന്‍റെ വഴി

ഇത്രയും കാര്യങ്ങളില്‍ നിന്നും സാത്താന്‍റെ ബന്ധനം എന്താണ്; എങ്ങനെ സംഭവിക്കും എന്നെല്ലാം മനസ്സിലായി കാണും എന്ന് ഞാന്‍ കരുതുന്നു.
പിശാചിന്‍റെ ബന്ധനത്തിനെ ഓരോ പടിയും ദൈവവചനം നമ്മളെ പഠിപ്പിക്കുന്നത്‌ നമ്മള്‍ അവന്‍റെ തന്ത്രങ്ങള്‍ക്ക് നേരെ ജാഗ്രതയോടെ ഇരിക്കുവാന്‍ വേണ്ടി ആണ്.

ഇനി നമുക്ക് പിശാചിന്‍റെ ബന്ധനത്തില്‍ നിന്നും വിടുതല്‍ പ്രാപിക്കുവാന്‍ സഹായിക്കുന്ന 6 കാര്യങ്ങള്‍ നോക്കാം.

1.  പിശാചിന് ഇടം നല്‍കരുത്

നമുക്ക് എതിരെ നില്‍ക്കുവാന്‍ പിശാചിന് ഒരു അവസരവും നല്‍കരുത്.
എഫെസ്യര്‍ 4:27 ല്‍ എഴുതിയിരിക്കുന്ന   പിശാചിന്നു ഇടം കൊടുക്കരുതു.” എന്ന വാക്യത്തില്‍ “ഇടം” എന്ന വാക്കിന്‍റെ ഗ്രീക്ക് മൂല ഭാഷയിലെ “topos” എന്ന വാക്കിന്‍റെ അര്‍ത്ഥം മലയാളത്തില്‍ “സ്ഥലം” എന്നാണ്.
അതായത് നമ്മളുടെ ജീവിതത്തില്‍ ഒരു പോട്ടുപോലുള്ള സ്ഥലം പോലും പിശാചിന് കൊടുക്കരുത്.
സൂചി കുത്താന്‍ സ്ഥലം പിശാചിന് നല്‍കിയാല്‍, അവന്‍ പട്ടണം മുഴുവന്‍ പിടിച്ചടക്കും.

മുന്‍കരുതല്‍ ഒരു ആക്രമണം ആണ്.
ആക്രമണം ആണ് പ്രതിരോധത്തെക്കാള്‍ നല്ലത്.
ആക്രമണം എന്നത്, നമ്മളോട് പോരാടുവാന്‍ ശത്രു പദ്ധതി തയ്യാറാക്കുമ്പോള്‍ തന്നെ അവനെ ആക്രമിച്ചു തോല്‍പ്പിക്കുന്നതാണ്.
നമുക്ക് എതിരെ പദ്ധതികള്‍ തയ്യാറാക്കുവാന്‍ പോലും ശത്രുവിന് അവസരം കൊടുക്കാതിരിക്കുന്നതാണ് ആക്രമണം.
പ്രതിരോധം ആക്രമണമല്ല; പ്രതിരോധം ശത്രുവിന്‍റെ ആയുധങ്ങളെ തടയുക മാത്രമാണ്.

1-)൦ സങ്കീര്‍ത്തനം ആക്രമണോല്‍സുകര്‍ ആയിരിക്കുവാന്‍ നമ്മളെ ഉപദേശിക്കുന്നു.

സങ്കീര്‍ത്തനം 1:1 ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും ...

ദുഷിച്ച സ്ഥലം, ദുഷ്ട കൂട്ടുകെട്ട്, ദുഷ്ട പ്രവര്‍ത്തി എന്നിവയെല്ലാം നമുക്ക് എതിരെ പദ്ധതി തയ്യാറാക്കുവാന്‍ പിശാചിന് അവസരം നല്‍കും.
ദുഷ്ടതയില്‍ നിന്നും അകന്നു നില്‍ക്കുന്നതാണ്, ബുദ്ധിപരമായ പങ്കളിത്തത്തെക്കാള്‍ നല്ലത്.
ഒരു രീതിയില്‍ പറഞ്ഞാല്‍, ദുഷ്ടന്മാരുമായുള്ള സഹവര്‍ത്തിത്തം പിശാചിനുള്ള ക്ഷണം ആണ്.

2.  നിർമ്മദരായി ഉണർന്നിരിക്കുക  

1 പത്രോസ് 5:8 നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.

പുരാതന കാലത്ത് സമ്പന്നവും ശക്തവുമായിരുന്ന എല്ലാ പട്ടണങ്ങള്‍ക്കും വളരെ വീതിയുള്ളതും ഉയരം ഉള്ളതുമായ ചുറ്റുമതില്‍ ഉണ്ടായിരിക്കും എന്ന് നമ്മള്‍ പറഞ്ഞുകഴിഞ്ഞല്ലോ.
ഈ ചുറ്റുമതിലിന്‍റെ മുകളില്‍ ചില സ്ഥലങ്ങളില്‍ അവര്‍ ഉയരം കൂടിയ ഗോപുരങ്ങള്‍ ഉണ്ടാക്കുമായിരുന്നു.
ചില പട്ടണങ്ങളില്‍ പട്ടണത്തിനുള്ളില്‍ ഇത്തരം ഉയരം ഉള്ള ഗോപുരങ്ങള്‍ കാണും.
ഇതിനു മുകളില്‍, വിഷം പുരട്ടിയ ആയുധങ്ങളുമായി പട്ടാളക്കാര്‍ രാപകല്‍ കാവല്‍ നില്‍ക്കുക പതിവായിരുന്നു.
വളരെ ജാഗ്രതയോടെ, ദൂരെനിന്നും വരുന്ന ശത്രുവിനെ കാണുവാന്‍ കഴിയുന്ന, ഉറങ്ങാതെ കാവല്‍ നില്‍ക്കുന്ന പടയാളികളെ ഓരോ യാമത്തിലും മാറി മാറി നിയമിക്കും.
അവര്‍ എപ്പോഴും അവരുടെ കഴുത്തു നീട്ടി, ദൂരേക്ക്, ശത്രുക്കള്‍ വരുന്നുണ്ടോ എന്ന് നോക്കികൊണ്ടിരിക്കും.
ഇത്തരം കാവല്‍ക്കാരെക്കുറിച്ച് വേദപുസ്തകത്തില്‍ ഒന്നിലധികം സ്ഥലത്ത് പറയുന്നുണ്ട്.

ദൂരെനിന്നും ശത്രു പട്ടണത്തെ ലക്ഷ്യമാക്കി വരുന്നത് കണ്ടാല്‍ അവര്‍ ഉടന്‍ തന്നെ കാഹളം ഊതി പട്ടണവാസികളെയും രാജാവിനെയും അറിയിക്കും.
രാജാവിന്‍റെ കല്‍പ്പന ലഭിച്ചുകഴിഞ്ഞാല്‍ അല്ലെങ്കില്‍ അവര്‍ക്ക് മുമ്പ് തന്നെ ലഭിച്ചിരിക്കുന്ന കല്‍പ്പന പ്രകാരം അവര്‍ ഉടന്‍ തന്നെ ശത്രുവിനെ ആക്രമിച്ചു കൊല്ലുകയോ ഓടിക്കുകയോ ചെയ്യും.
ഇതു അവരുടെ ഉത്തരവാദിത്തം ആണ്; അങ്ങനെ അവര്‍ പട്ടണത്തെ സംരക്ഷിക്കുന്നു.

ഈ കാവല്‍ക്കാര്‍ക്ക് രാത്രിയിലും പകലും ഉറങ്ങുവാന്‍ അനുവാദം ഇല്ല; കാരണം പട്ടണത്തിലെ സകല നിവാസികളുടെയും ജീവന്‍റെ സുരക്ഷ അവരുടെ കൈകളില്‍ ആണ്.
കാവല്‍ സമയത്ത് ഉറങ്ങുന്ന കാവല്‍ക്കാരന്‍ പട്ടണത്തിന് തന്നെ ഭീക്ഷിണി ആണ്.

അവര്‍ എപ്പോഴും നിർമ്മദര്‍ ആയിരിക്കും; അവരുടെ ബുദ്ധിയെയോ കാഴ്ചയെയോ മന്ദമാക്കുന്ന യാതൊന്നും – മദ്യമോ മയക്ക്മരുന്നുകളോ യാതൊന്നും അവര്‍ കഴിക്കുവാന്‍ പാടില്ല.
അവരുടെ ചിന്ത സാദാനേരം, ശത്രുക്കളെ ഓടിച്ചുകളഞ്ഞ് പട്ടണത്തെയും ജനങ്ങളെയും രക്ഷിക്കുക എന്നത് മാത്രം ആയിരിക്കേണം.

അവര്‍ പരാജയപ്പെട്ടാല്‍ ശത്രുവിനെതിരെ നില്‍ക്കുന്നതില്‍ പട്ടണം മുഴുവന്‍ പരാജയപ്പെടുക ആണ്.
അവരുടെ പരാജയം അല്ലെങ്കില്‍ അവരുടെ അവിശ്വസ്തത ശത്രുവിന്‍റെ ആദ്യ വിജയം ആണ്.

അതുകൊണ്ട് നിർമ്മദരായിരിക്കുക; ഉണർന്നിരിക്കുക.
ശത്രുവിനെ അവന്റെ ദേശത്ത്‌ വച്ചുതന്നെ ആക്രമിക്കുന്നതാണ് ഏറെ നല്ലത്.
ശത്രു നമ്മളുടെ സമീപത്തേക്ക് വരുവാന്‍ അവസരം നല്‍കരുത്.
ശത്രുവിന് നമ്മളുടെ ജീവിതത്തില്‍ ഇടം നല്‍കരുത്.
ആക്രമണം ആണ് പ്രതിരോധത്തെക്കാള്‍ നല്ലത്. 
    
3.  ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്‍പ്പിൻ

യാക്കോബ് 4:7  ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.

വിടുതല്‍ ഉണ്ടാകുന്നതുവരെ പിശാചിനോട്‌ എതിര്‍ത്ത് നില്പ്പീന്‍ എന്നാണ് യാക്കോബ് അപ്പോസ്തലന്‍ നമ്മളെ ഉപദേശിക്കുന്നത്.
ദൈവത്തിനു കീഴടങ്ങി ഇരിക്കേണം എന്നും യാക്കോബ് നമ്മളെ ഓര്‍മ്മിപ്പിക്കുന്നു.
ദൈവത്തിനു കീഴടങ്ങി ഇരിക്കുക, പിശാചിനോട്‌ എതിര്‍ത്ത് നില്‍ക്കുക എന്ന് പറഞ്ഞാല്‍ നിഷ്ക്രിയര്‍ ആയി ഇരിക്കുക എന്നല്ല.
അത് നിഷ്ക്രിയതയോ മടിയോ അല്ല; ശത്രുവിനോടുള്ള ക്രിയാത്മകമായ യുദ്ധം ആണത്.

ഇതു ശത്രുവില്‍ നിന്നുള്ള വിടുതലിന്‍റെ മൂന്നാമത്തെ പടി ആണ്.
നമ്മള്‍ ആദ്യത്തെ രണ്ടു പടികളിലും പരാജയപ്പെട്ടതുകൊണ്ടാണ് മൂന്നാമത്തെ ഈ ഘട്ടത്തില്‍ എത്തിയത്.
ശത്രുവിന് ഇടം നല്‍കരുത് എന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു.
നിര്‍മ്മദരരും ഉണര്‍ന്നിരിക്കുന്നവരും ആയിരിക്കുവാന്‍ നമ്മള്‍ പരാജയപ്പെട്ടു.
അതുകൊണ്ട് ശത്രു ഇപ്പോള്‍ പട്ടണത്തിന്‍റെ സമീപം എത്തി അതിനെ ചുറ്റി വളഞ്ഞിരിക്കുന്നു.

എന്നാല്‍ പട്ടണവാസികള്‍ക്ക് ഭയം ഉണ്ട് എങ്കിലും നിഷ്ക്രിയര്‍ ആയി ഇരിക്കുന്നില്ല.
ചുറ്റുമതിലിന് മുകളിലൂടെ കുന്തങ്ങളും അമ്പുകളും ശത്രുവിന് നേരെ അയക്കുവാന്‍ അവര്‍ ശ്രമിക്കും.
പട്ടണ നിവാസികള്‍ ചുറ്റുമതിലിനാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന പട്ടണത്തിനുള്ളില്‍ ആണ്; ശത്രു ആകട്ടെ വെളിയില്‍ തുറന്ന സ്ഥലത്തും.
ഇവിടെ പട്ടണവാസികള്‍ക്ക് മേല്‍കൈ ഉണ്ട്; അതിനാല്‍ അവര്‍ തീര്‍ത്തും നിരാശര്‍ അല്ല.
ശത്രു അയക്കുന്ന സാധാരണ അമ്പുകള്‍ക്ക് മതിലിനു മുകളിലൂടെ അകത്തേക്ക് വരുവാന്‍ കഴിയുക ഇല്ല.

4.  വിശ്വാസം എന്ന പരിച

നമ്മള്‍ തീ അമ്പുകളെക്കുറിച്ച് മുമ്പ് പറഞ്ഞത് വീണ്ടും ഓര്‍ക്കുമല്ലോ.
ഇതു ശത്രുവിന്റെ ബന്ധനത്തിന്‍റെ അവസാനത്തെ ഘട്ടം ആണ്.
ശത്രു പട്ടണത്തെ ചുറ്റും വളഞ്ഞ് ഞെരുക്കുക ആണ്.
നമ്മളെ പൂര്‍ണ്ണമായും ഇല്ലാതാക്കുവാനായി ആക്രമിക്കുക ആണ്.
പട്ടണത്തിന് ചുറ്റുമുള്ള മതില്‍ ശക്തവും വാതില്‍ അടച്ചിരിക്കുകയും ആണ് എങ്കിലും മതിലിന് മുകളിലൂടെ ശത്രു പട്ടണത്തിലേക്ക് തീ അമ്പുകള്‍ അയക്കും.

ആര്‍ക്കും ഒന്നിനും തീ അമ്പുകളെ ചെറുക്കുവാന്‍ കഴിയുക ഇല്ല.
അത് വീഴുന്ന സ്ഥലം എല്ലാം അഗ്നിക്ക് ഇരയാകും.
ഒരു മനുഷ്യനും അതിനെതിരെ നില്‍ക്കുവാന്‍ കഴിയുക ഇല്ല.
പട്ടണത്തിലെ മുഴുവന്‍ വെള്ളം ഉപയോഗിച്ചാലും അതിനെ ശമിപ്പിക്കുവാന്‍ കഴിയുക ഇല്ല.
ഈ അവസ്ഥയില്‍ പട്ടണത്തിന്‍റെ എല്ലാ സമാധാനവും പ്രത്യാശയും ഇല്ലാതാകും.

എന്നാല്‍ വിശ്വസ്തനായ ഒരു ക്രൈസ്തവ വിശ്വാസിക്ക് ശത്രുവിന്‍റെ തീ അമ്പുകളെ തോല്‍പ്പിക്കുവാന്‍ കഴിയുന്ന ശക്തമായ ഒരു ആയുധം ഉണ്ട്.
അത് വിശ്വാസം എന്ന പരിച ആണ്.
അത് എന്തിലെങ്കിലുമോ ആരിലെങ്കിലുമോ ഉള്ള വിശ്വാസം അല്ല; ക്രൂശില്‍ പിശാചിനെ തോല്‍പ്പിച്ച യേശു ക്രിസ്തുവിലും അവന്‍ നേടിയ ജയത്തിലും ഉള്ള വിശ്വാസം ആണ്.

എഫെസ്യര്‍ 6:16 എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ.

യേശുവിലുള്ള ഈ വിശ്വാസത്തിനു ശത്രുവിന്‍റെ എല്ലാ തീ അമ്പുകളെയും തകര്‍ക്കുവാന്‍ കഴിയും.
അതിന്റെ അര്‍ത്ഥം, നമ്മള്‍ ഒരു സാഹചര്യത്തിലും ശത്രുവിന് എതിരെ നില്‍ക്കുവാന്‍ മതിയായ ആയുധമില്ലാത്ത അവസ്ഥയില്‍ ആകുന്നില്ല.
നമ്മളുടെ ജീവിത സാഹചര്യം എന്തും ആകട്ടെ; പിശാചിന്‍റെ ബന്ധനം എത്രമാത്രം കഠിനം ആകട്ടെ; സാത്താനെ തകര്‍ക്കുവാന്‍ കഴിയുന്ന ഒരു ആയുധം നമ്മളുടെ പക്കല്‍ ഉണ്ട്.
യേശുവിലും ക്രൂശില്‍ പിശാചിന്‍റെ മേല്‍ യേശു നേടിയ ജയത്തിലുമുള്ള ഉറച്ച വിശ്വാസം ശത്രുവിന്‍റെ എല്ലാ തീ അമ്പുകളെയും തകര്‍ത്ത് നമുക്ക് ജയം തരും.

5.  ആത്മാവിന്‍റെ വാള്‍

എഫെസ്യര്‍ 6:17 രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്‍റെ വാളും കൈക്കൊൾവിൻ.

ഈ വാക്യത്തില്‍ പരാമര്‍ശിക്കപ്പെടുന്ന വാള്‍ സാധാരണ പടയാളികളുടെ കൈയില്‍ കാണുന്ന നീളം കൂടിയ വാള്‍ അല്ല.
ഇതു നീളം കുറഞ്ഞ, ഇരു വായ്ത്തല ഉള്ള നമ്മളുടെ കത്തി പോലെയുള്ള ആയുധം ആണ്.
ഇതിനു ഇരു വായ്ത്തല ഉണ്ട് എങ്കിലും, ശത്രുവിനെ അടുത്തുനിന്നുകൊണ്ട് മാത്രമേ ആക്രമിക്കുവാന്‍ കഴിയൂ.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, അടുത്തു എത്തുന്ന ശത്രുവിനെ, മുഖാമുഖം ആക്രമിക്കുവാന്‍ ഉപയോഗിക്കുന്ന ആയുധം ആണ് ദൈവ വചനം എന്ന ആത്മാവിന്‍റെ വാള്‍.

നമ്മള്‍ മുമ്പ് ശത്രുക്കള്‍ പട്ടണ വാതില്‍ തകര്‍ക്കുന്നതിനെക്കുറിച്ച് പറഞ്ഞത് ഓര്‍ക്കുണ്ടല്ലോ?
അങ്ങനെ പട്ടണ വാതില്‍ തകര്‍ത്ത ശതുക്കള്‍ പട്ടണത്തിനുള്ളിലേക്ക് പ്രവേശിച്ചിരിക്കുക ആണ്.
തീ അമ്പുകള്‍ അയക്കാതെ പട്ടണത്തില്‍ പ്രവേശിക്കുവാനുള്ള രീതി ആണ് വാതില്‍ തകര്‍ക്കുക എന്നത്.
പട്ടണത്തില്‍ പ്രവേശിക്കുന്ന ശത്രുക്കള്‍ ഒരു പക്ഷെ എല്ലാ നിവാസികളെയും കൊന്നൊടുക്കിയെക്കാം; സ്ത്രീകളെ ജീവനോടെ ശേഷിപ്പിച്ചെക്കാം; ദൈവാലയം വെള്ളിക്കും പോന്നിനും വേണ്ടി കൊള്ളയടിക്കുകയും ചെയ്തേക്കാം.
അങ്ങനെ പട്ടണത്തിന്‍റെ സാഹചര്യം കഠിനം ആയി തീര്‍ന്നിരിക്കുന്നു.
കാരണം ശത്രുവിനെ പരാജയപ്പെടുത്തി ഓടിക്കുവാന്‍ അവര്‍ക്ക് ഇതുവരെയും കഴിഞ്ഞില്ല.

ഈ സാഹചര്യത്തില്‍ പോലും ഒരു യഥാര്‍ത്ഥ ക്രൈസ്തവ വിശ്വാസിക്ക് പ്രത്യാശക്കു വക ഉണ്ട്.
അവന്‍റെ പക്കല്‍ ദൈവ വചനം എന്ന ആത്മാവിന്‍റെ വാള്‍ ഉണ്ട്.

യേശുക്രിസ്തുവിനെ പിശാചു മരുഭൂമിയില്‍ പരീക്ഷിച്ചപ്പോള്‍ യേശു ഈ വാള്‍ സത്താന് എതിരെ ഉപയോഗിച്ചു; ശത്രുവിനെ തോല്‍പ്പിച്ച് ഓടിച്ചു കളഞ്ഞു.
ഇതു യേശു നമുക്ക് കാണിച്ചുതന്ന ഒരു ദൃഷ്ടാന്തം ആണ്.
പിശാചിനെ ഓടിച്ചുകളയുവാനും തോല്‍പ്പിക്കുവാനും ദൈവവചനം ഉപയോഗിക്കേണം.

6.  കർത്താവിന്‍റെ അമിത ബലത്തില്‍ ശക്തിപ്പെടുക.

എഫെസ്യര്‍ 6:10 ഒടുവിൽ കർത്താവിലും അവന്‍റെ അമിത ബലത്തിലും ശക്തിപ്പെടുവിൻ.

ഇതാണ് ശത്രുവിനെതിരെ നമ്മള്‍ പ്രയോഗിക്കെണ്ടുന്ന ഏറ്റവും മൂര്‍ച്ചയേറിയ ആയുധം.
ഈ ഉറച്ച പാറമേല്‍ നിന്നുകൊണ്ട് വേണം നമ്മള്‍ ശത്രുവായ പിശാചിനോട്‌ പൊരുതുവാന്‍.
കര്‍ത്താവിന്‍റെ അമിത ബലത്തിലുള്ള ശക്തി ഇല്ലാതെ മറ്റ് യാതൊരു ആയുധവും ഫലിക്കയില്ല.

കാല്‍വരി ക്രൂശിന്‍റെ ചുവട്ടില്‍ നിന്നിരുന്ന എല്ലാവരും യേശു ക്രൂശില്‍ കിടന്നു രക്തം വാര്‍ന്നു ഒഴുകി മരുക്കുന്നതാണ് കണ്ടത്.
എന്നാല്‍ ഒരു മനുഷ്യന്, അപ്പോസ്തലനായ പൌലോസിന് ചില നാളുകള്‍ക്കു ശേഷം ക്രൂശുമരണത്തെക്കുറിച്ച് ഒരു വെളിപ്പാട് ലഭിച്ചു.
ഭൌതീകമണ്ഡലത്തില്‍ യേശു ക്രൂശില്‍ മരിക്കുമ്പോള്‍ ആത്മമണ്ഡലത്തില്‍ എന്താണ് സംഭവിച്ചത് എന്ന് പൌലോസ് വെളിപ്പാടിനാല്‍ മനസ്സിലാക്കി.
ആത്മമണ്ഡലത്തില്‍ സംഭവിച്ചതാണ് സത്യം എന്നും അതിന്റെ പരിണത ഫലം ഭൌതീക മണ്ഡലത്തിലും നമുക്ക് അനുഭവിക്കുവാന്‍ കഴിയും എന്നും അവന്‍ മനസ്സിലാക്കി.
പലോസിന് വെളിപ്പാടിനാല്‍ ലഭിച്ച സത്യം കൊലോസ്യര്‍ക്ക് എഴുതിയ ലേഖനം   2: 14,15 വാക്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ആത്മമണ്ഡലത്തില്‍ യേശു സാത്താനെ തോല്‍പ്പിച്ചു, പിശാചിനെ ക്രൂശില്‍ തറച്ചു, അവന്‍റെ ആയുധങ്ങള്‍ പിടിച്ചെടുത്തു ക്രൂശില്‍ ജയോത്സവം കൊണ്ടാടി.

ഇതു മനസ്സിലാക്കിയ അപ്പോസ്തോലന്‍ മറ്റൊരു അവസരത്തില്‍ വിളിച്ചു പറഞ്ഞു: “ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം.” (2 കൊരിന്ത്യര്‍ 2:14)

പിശാചിന്‍റെമേല്‍ യേശു നേടിയ ജയം എന്ന സത്യം ആണ് കര്‍ത്തവിലുള്ള അമിത ബലത്തിന്റെ ശ്രോതസ്.
ഈ പരമമായ സത്യത്തില്‍ നിന്നും ശക്തി പ്രാപിക്കാതെ നമുക്ക് ശത്രുവിനെ പരാജയപ്പെടുത്തുവാനോ ഓടിക്കുവാനോ കഴിയുക ഇല്ല.
ഈ ബലമാണ്‌ നമ്മളുടെ ഇടം കാത്തുസൂക്ഷിക്കുവാന്‍ നമുക്ക് പ്രാപ്തി നല്‍കുന്നത്.
ഈ ബലം നിര്‍മ്മദര്‍ ആയിരിക്കുവാനും ഉണര്ന്നിരിക്കുവാനും നമ്മളെ സഹായിക്കുന്നു.
ഈ ബലം പിശാചിനോട്‌ എതിര്‍ത്തുനില്‍ക്കുവാന്‍ നമ്മളെ സഹായിക്കുന്നു.
ഈ ബലം പിശാചിന്‍റെ തീയമ്പുകളെ വിശ്വാസം എന്ന പരിചയാല്‍ കെടുത്തുവാന്‍ നമ്മളെ സഹായിക്കുന്നു.
യേശുക്രിസ്തു പിശാചിനെ ക്രൂശില്‍ പരാജയപ്പെടുത്തി എന്ന സത്യത്തില്‍ അടിസ്ഥാനമായ കര്‍ത്താവിന്റെ അമിത ബലത്തില്‍ ശക്തിപ്പെടാതെ നമുക്ക് ശത്രുവിനെ പ്രജയപ്പെടുത്തുവാന്‍ കഴിയുക ഇല്ല.

ഉപസംഹാരം

അതുകൊണ്ട് പിശാചിന്‍റെ ബന്ധനം എന്നത് യാഥാര്‍ത്ഥ്യം ആണ് എന്ന് മനസിലാക്കുക.
എന്നാല്‍ അത് നമ്മളുടെ ജീവിതത്തില്‍ സംഭവിക്കേണം എന്ന് നിര്‍ബന്ധം ഇല്ല.
പിശാചിന്‍റെ ബന്ധനം ഒരു ദിവസം കൊണ്ട് സംഭവിക്കുന്നത്‌ അല്ല.
കുറെ നാളുകള്‍ എടുക്കുന്ന പടിപടിയായ ഒരു പ്രക്രിയ ആണത്.
പിശാചിന്‍റെ തന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ് അവനെ തോല്‍പ്പിച്ച് ഓടിക്കുവാന്‍ നമ്മള്‍ പരാജപ്പെട്ടാല്‍ ശത്രു നമ്മളോട് അടുത്ത് വരുകയും നമ്മളെ ചുറ്റിവളഞ്ഞു ആക്രമിച്ച് നമ്മളുടെ നന്മകളെ മോഷ്ടിക്കുകയും മുടിക്കുകയും നമ്മെ കൊല്ലുകയും ചെയ്യും.

എന്താണ് ആത്മീയ യുദ്ധം എന്നതിനും അത് എങ്ങനെ ചെയ്യേണം എന്നതിനും ദൈവവചനം അനേകം നിര്‍ദ്ദേശങ്ങളും കല്‍പ്പനകളും നല്‍കുന്നുണ്ട്.
മാത്രവുമല്ല പിശാചിനെ തോല്‍പ്പിക്കുവാന്‍ ആവശ്യമായ ആത്മീയ ആയുധങ്ങളും നമുക്കുണ്ട്.

അതുകൊണ്ട്, പിശാചിന് നമ്മളുടെ ജീവിതത്തില്‍ ഇടം നല്‍കാതെ നമ്മള്‍ ജീവിക്കേണം.
നിര്‍മ്മദര്‍ ആയി ഉണര്ന്നിരിക്കുന്നവര്‍ ആയിരിക്കേണം.
പിശാചിനോട്‌ എതിര്‍ത്തുനില്‍ക്കുകയും ദൈവത്തിനു കീഴ്പ്പെട്ടിരിക്കുകയും വേണം.
ശത്രുവിന്‍റെ തീ അമ്പുകളെ വിശ്വാസം എന്ന പരിച്ചയാല്‍ കെടുത്തുകയും ദൈവവചനം എന്ന ആത്മാവിന്‍റെ വാള്‍ ഉപയോഗിക്കുകയും വേണം.
ഒടുവില്‍, യേശുക്രിസ്തു ക്രൂശില്‍ പിശാചിനെ തോല്‍പ്പിച്ചു എന്ന സത്യത്തില്‍ അടിസ്ഥാനമായ കര്‍ത്താവിന്‍റെ അമിതബലത്തില്‍ ശക്തിപ്പെടെണം.

ഞാന്‍ ഈ സന്ദേശം ഇവിടെ അവസാനിപ്പിക്കട്ടെ.
ഈ സന്ദേശം നിങ്ങള്‍ക്ക് അനുഗ്രഹം ആയിരുന്നു എന്ന് വിശ്വസിക്കട്ടെ.
ദൈവകൃപയാല്‍ നമുക്ക് വീണ്ടും മറ്റൊരു ദൈവീക സന്ദേശവുമായി കണ്ടുമുട്ടാം എന്ന് പ്രത്യാശിക്കുന്നു.

ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.  

No comments:

Post a Comment