എന്‍റെ അവിശ്വാസത്തിനു സഹായിക്കേണമേ

നമ്മളെ വളരെ ചിന്തിപ്പിക്കുന്ന ഒരു വേദവാക്യം, മര്‍ക്കോസിന്റെ സുവിശേഷം 9-)0 അദ്ധ്യായം 29-)0 വാക്യം, ആണ് ഇന്നത്തെ ചിന്തക്കായി ഞാന്‍ തിരഞ്ഞെടുത്തിട്ടുള്ളത്.
നമ്മള്‍ ഈ വാക്യത്തിന്‍റെ ആഴത്തിലേക്ക് പോകുന്നതിനും മുമ്പ് യേശു ഇതു പറയുന്ന സന്ദര്‍ഭം എന്തായിരുന്നു എന്ന് നോക്കാം.

നമ്മള്‍ മറുരൂപമല എന്ന് വിളിക്കുന്ന മലമുകളിലെ യേശുവിന്റെ രൂപാന്തരത്തെക്കുറിച്ച് ആണ് മാര്‍ക്കോസ് 9-)0 അദ്ധ്യായത്തില്‍ നമ്മള്‍ വായിക്കുന്നത്.
ഈ മല എവിടെ ആണ് എന്നതിനെക്കുറിച്ച് വേദപുസ്തക പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്.
ഈ സംഭവം മാര്‍ക്കോസ് 8-)0 അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്ന സംഭാഷണത്തിനും  ആറു ദിവസം കഴിഞ്ഞാണ് ഉണ്ടായത്.
മാര്‍ക്കോസ് 8-)0 അദ്ധ്യായത്തിലെ സംഭാഷണം ഏകദേശം ഇങ്ങനെ ആയിരുന്നു:
ജനങ്ങൾ എന്നെ ആർ എന്നു പറയുന്നു” എന്നു യേശു ശിഷ്യന്മാരോട് ചോദിച്ചു.
യോഹന്നാൻ സ്നാപകനെന്നും, ഏലീയാവെന്നും, പ്രവാചകന്മാരിൽ ഒരുത്തൻ എന്നും ജനം പറയുന്നു എന്നു അവർ ഉത്തരം പറഞ്ഞു.
അപ്പോള്‍ യേശു അവരോടു: “എന്നാൽ നിങ്ങൾ എന്നെ ആർ എന്നു പറയുന്നു” എന്നു ചോദിച്ചതിന്നു: നീ ക്രിസ്തു ആകുന്നു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.
അതിനുശേഷം യേശു കടന്നുപോകേണ്ടുന്ന കഷ്ടതയെക്കുറിച്ചും ക്രൂശ് മരണത്തെക്കുറിച്ചും, മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും എന്നും അവരോട് പറഞ്ഞു.
ഇതുകേട്ട പത്രോസ് യേശുവിനെ ശാസിച്ചു.
യേശുവോ  പത്രൊസിനെ ശാസിച്ചു: “സാത്താനേ, എന്നെ വിട്ടു പോ; നീ ദൈവത്തിന്റേതല്ല മനുഷ്യരുടെതത്രേ കരുതുന്നതു” എന്നു പറഞ്ഞു.

ഈ സംഭാഷണത്തിനും ആറു ദിവസങ്ങള്‍ക്കു ശേഷം യേശു പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെ കൂട്ടി മലമുകളിലേക്ക് കയറി പോയി. (മര്‍ക്കോസ് 9:2)
അവിടെ അവരുടെ മുന്നില്‍വച്ചു രൂപാന്തരപ്പെട്ടു.
അവന്റെ വസ്ത്രം അത്യന്തം വെളുപ്പായി തിളങ്ങി.
അപ്പോൾ ഏലീയാവും മോശെയും അവർക്കു പ്രത്യക്ഷമായി യേശുവിനോടു സംഭാഷിച്ചുകൊണ്ടിരുന്നു.
ഈ സംഭവത്തിനു ശേഷം അവര്‍ മലമുകളില്‍ നിന്നും താഴേക്കു ഇറങ്ങി വന്നു.

അവര്‍ താഴ്വരയില്‍ എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന ശിഷ്യന്മാരുടെ ചുറ്റിനും വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു.
യേശുവിനെ കണ്ടപ്പോള്‍ അതില്‍ ഒരു ഒരുവന്‍ ഓടി വന്നു ഇപ്രകാരം പറഞ്ഞു:
ഊമനായ ആത്മാവുള്ള എന്റെ മകനെ ഞാൻ നിന്റെ അടുക്കൽ കൊണ്ടുവന്നു.
ഞങ്ങള്‍ വന്നപ്പോള്‍ നീ ഇവിടെ ഇല്ലായിരുന്നതിനാല്‍ അതിനെ പുറത്താക്കേണ്ടതിന്നു ഞാൻ നിന്റെ ശിഷ്യന്മാരോടു പറഞ്ഞു.
എന്നാല്‍ അവർക്കു കഴിഞ്ഞില്ല, എന്നു യേശുവിനോട് പറഞ്ഞു.
അപ്പോള്‍ യേശു ശിഷ്യന്മാരെ നോക്കി ഇപ്രകാരം പറഞ്ഞു: “അവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ പൊറുക്കും?
അതിനുശേഷം യേശു അശുദ്ധാത്മാവിനെ ശാസിച്ചു: “ഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടു പോ; ഇനി അവനിൽ കടക്കരുതു എന്നു ഞാൻ നിന്നോടു കല്പിക്കുന്നു ”എന്നു പറഞ്ഞു.
അപ്പോൾ അതു അവനെ വിട്ടുപോയി.
യേശു അവനെ കൈക്കു പിടിച്ചു നിവർത്തി, അവൻ എഴുന്നേറ്റു.

ഇതിനു ശേഷം യേശുവും ശിഷ്യന്മാരും തമ്മില്‍ ഇതിനെക്കുറിച്ച് ഒരു സംഭാഷണം ഉണ്ടായി.

മര്‍ക്കോസ് 9:28, 29
28     വീട്ടിൽ വന്നശേഷം ശിഷ്യന്മാർ സ്വകാര്യമായി അവനോടു: ഞങ്ങൾക്കു അതിനെ പുറത്താക്കുവാൻ കഴിയാഞ്ഞതു എന്തു എന്നു ചോദിച്ചു.
29     പ്രാർത്ഥനയാൽ അല്ലാതെ ഈ ജാതി ഒന്നിനാലും പുറപ്പെട്ടുപോകയില്ല എന്നു അവൻ പറഞ്ഞു.

ഈ ഹൃസ്വ സന്ദേശത്തില്‍ നമ്മള്‍ 29-)0 മത്തെ വാക്യത്തില്‍ ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഈ വേദഭാഗം ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയിരിക്കുന്നത് “prayer and fasting”, അഥവാ പ്രാര്‍ത്ഥനയാലും ഉപവസത്താലും” എന്നാണ്.
അതായത് “ഉപവാസം” എന്ന വാക്കു കൂടി ഇംഗ്ലീഷില്‍ നമ്മള്‍ കാണുന്നു.
മത്തായി എഴുതിയ സുവിശേഷത്തില്‍ ഈ സംഭാഷണം രേഖപ്പെടുത്തിയിരിക്കുന്നത് 17-)0 അദ്ധ്യായത്തില്‍ ആണ്.
അവിടെ നമ്മള്‍ “പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല” എന്നാണ് വായിക്കുന്നത്.
ഇതിന്‍റെ അര്‍ത്ഥം, ചില പ്രത്യേക തരത്തിലുള്ള ദുരാത്മാക്കള്‍ ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ വിട്ടുപോകയുള്ളൂ എന്നാണോ.
ചില പണ്ഡിതന്മാര്‍ ഇതാണ് യേശു ഉദ്ദ്യേശിച്ചത് എന്ന് പറയുന്നുണ്ട് എങ്കിലും അതിനു വചനത്തില്‍ മതിയായ തെളിവുകള്‍ ഇല്ല.
ഇതാണ് നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നതും.

യേശുവിന്റെ ഈ വാക്കുകള്‍ക്ക് സാങ്കേതികമായ വിശദീകരണങ്ങള്‍ ഉണ്ട്.
മത്തായി എഴുതിയ സുവിശേഷത്തില്‍ ഈ വാക്കുകള്‍ ബ്രാക്കറ്റില്‍ ആണ് കൊടുത്തിരിക്കുന്നത്.
അതായത് മൂലഭാഷയില്‍ അത് ഉണ്ടോ എന്ന് സംശയം ഉണ്ട്.
മര്‍ക്കോസിന്റെ സുവിഷത്തിന്റെ മൂലഭാഷയുടെ മിക്ക പതിപ്പുകളിലും “ഉപവാസം” എന്ന വാക്ക് ഇല്ല.
അതുകൊണ്ടായിരിക്കാം മലയാള തര്‍ജ്ജിമയിലും “ഉപവാസം” എന്ന് വാക്ക് ഇല്ലാത്തത്.
സാങ്കേതികമായ വിശദീകരണം ഉപകാരപ്രദം ആണ് എങ്കിലും നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കുവാന്‍ ആഗ്രഹിക്കുന്നത് ദൈവവചനത്തില്‍ മാത്രം ആണ്.

എഴുപതുപേരെ അയക്കുന്നു

ദുരാത്മാക്കളെ മനുഷ്യരില്‍ നിന്നും പുറത്താക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം ആണോ ഉപവാസവും പ്രാര്‍ത്ഥനയും?
ഇതാണ് നമ്മള്‍ ചിന്തിക്കുന്ന വിഷയം.

ലൂക്കോസിന്റെ സുവിശേഷം 10-)0 അദ്ധ്യായത്തില്‍ എഴുപതുപേരെ ചില പട്ടണങ്ങളിലേക്ക് യേശു അയക്കുന്നതിനെക്കുറിച്ച് നമ്മള്‍ വായിക്കുന്നു.
ശ്രദ്ധിക്കുക, ഇവര്‍ എഴുപതു പേരാണ്; അതായത് യേശുവിന്റെ ശിഷ്യന്മാരെക്കാള്‍ അധികം ആണിവര്‍.
അവര്‍ പോയി, ചില ദിവസങ്ങള്‍ക്ക് ശേഷം സന്തോഷത്തോടെ തിരികെ വന്നു.
അവരുടെ പ്രവര്‍ത്തനത്തില്‍ എന്തെല്ലാമാണ് സംഭവിച്ചത് എന്ന് യേശുവിനോട് അവര്‍ അറിയിച്ചപ്പോള്‍, യേശുവിന്‍റെ നാമത്തിൽ ഭൂതങ്ങളും അവര്‍ക്കു കീഴടങ്ങി എന്നു പ്രത്യേകം അവര്‍ പറഞ്ഞു.
അപ്പോള്‍ യേശു അവരോട് മറുപടി ആയി ഇപ്രകാരം പറഞ്ഞു:

ലൂക്കോസ് 10:19 പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്കു അധികാരം തരുന്നു; ഒന്നും നിങ്ങൾക്കു ഒരിക്കലും ദോഷം വരുത്തുകയും ഇല്ല.

യേശു പറഞ്ഞ വാക്കുകള്‍ ഒന്നുകൂടി പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു; ദയവായി ശ്രദ്ധയോടെ കേള്‍ക്കുക: ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്കു അധികാരം തരുന്നു.
ഇവിടെ യേശു നല്‍കിയ അധികാരത്തില്‍ നിന്നും ഏതെങ്കിലും പ്രത്യേക തരത്തിലുള്ള ദുരാത്മാക്കളെ ഒഴിവാക്കിയിട്ടില്ല.

നമ്മള്‍ എങ്ങനെ ഈ അധികാരം ഉപയോഗിക്കേണം?

ഇനി നമുക്ക് യേശു നല്‍കിയ അധികാരം നമ്മള്‍ എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.

മര്‍ക്കോസിന്റെ സുവിശേഷം 16:15-18 വാക്യങ്ങളില്‍ യേശു ശ്രേഷ്ഠ ദൌത്യം തന്റെ ശിഷ്യന്മാരെ ഭരമേല്‍പ്പിക്കുക ആണ്.
ഈ ഭാഗം, മത്തായി 28:18-20 വരെയുള്ള വാക്യങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതാണ്.
ഈ രണ്ടു വേദഭാഗങ്ങളും ചേര്‍ന്നതാണ് യേശുവിന്റെ ശ്രേഷ്ഠ ദൌത്യം, അഥവാ Great Commission.
നമ്മളുടെ ഇപ്പോഴത്തെ ചിന്തയ്ക്ക് ഇതില്‍ നിന്നും ഒരു വാക്യം മാത്രം വായിച്ചാല്‍ മതിയാകും.

മര്‍ക്കോസ് 16:17 വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും;

യേശു ഇവിടെ വ്യക്തമായ നിര്‍ദ്ദേശം നല്‍കുക ആണ്: യേശുവിന്റെ  നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുക.

ഞാന്‍ എത്രയും പറഞ്ഞതുകൊണ്ടും ഈ വിശദീകരണം തൃപ്തികരം ആയില്ല എന്ന് തോന്നുവര്‍ ഉണ്ടായേക്കാം.
ഭൂതങ്ങളെ പുറത്താക്കുവാനായി നമുക്ക് യേശുവിന്‍റെ നാമത്തില്‍ ഉപവസിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യാമല്ലോ എന്ന് വാദിച്ചേക്കാം.
അതുകൊണ്ട് യേശു എങ്ങനെ ആണ് ഭൂതങ്ങളെ പുറത്താക്കിയത് എന്ന് നമുക്ക് നോക്കാം.

യേശു എങ്ങനെ ആണ് ഭൂതങ്ങളെ പുറത്താക്കിയത്?

മനുഷ്യരില്‍ നിന്നും ഭൂതങ്ങളെ പുറത്താക്കുവാന്‍ യേശു ഒരിക്കലും ഉപവാസവും പ്രാര്‍ത്ഥനയും ക്രമീകരിച്ചിട്ടില്ല.
നമുക്ക് വീണ്ടും മര്‍ക്കോസ് 9-)0 അദ്ധ്യായത്തിലേക്ക് നോക്കാം.

ഭൂതബാധിതനായ മകനും പിതാവും യേശുവിന്‍റെ അടുക്കല്‍ വന്നു.
കുറച്ച് ദിവസങ്ങള്‍ ഉപവസിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തിട്ട് വീണ്ടും വരുവാന്‍ യേശു അവരോട് പറഞ്ഞില്ല.
ഈ മകനില്‍ ഉള്ള ഭൂതം ഒരു പ്രത്യേക ദുരാത്മാവ്‌ ആണ്; സാധാരണന ചെയ്യുന്നതുപോലെ കല്‍പ്പിച്ചാല്‍ അത് വിട്ടു മാറുകയില്ല; അതുകൊണ്ട് ചില ദിവസങ്ങള്‍ ഞാന്‍ ഉപവസിച്ചു പ്രാര്‍ഥിക്കാം, അപ്പോള്‍ ഭൂതം വിട്ടുപോകും, എന്ന് യേശു അവരോട് പറഞ്ഞില്ല.
എന്നാല്‍ യേശു ചെയ്തത് എന്താണ് എന്ന് മര്‍ക്കോസ് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്:

മര്‍ക്കോസ് 9:25 എന്നാറെ പുരുഷാരം ഓടിക്കൂടുന്നതു യേശു കണ്ടിട്ടു അശുദ്ധാത്മാവിനെ ശാസിച്ചു: “ഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടു പോ; ഇനി അവനിൽ കടക്കരുതു എന്നു ഞാൻ നിന്നോടു കല്പിക്കുന്നു ”എന്നു പറഞ്ഞു.

അതായത്, യേശു ഭൂതത്തെ ശാസിച്ചു; വിട്ട് പോകുവാന്‍ കല്‍പ്പിച്ചു.
ഇവിടെ മാത്രമല്ല, മറ്റൊരിടത്തും ദുരാത്മാക്കാള്‍ മനുഷ്യരെ വിട്ടു പോകേണ്ടുന്നതിനായി ഉപവസിച്ചു പ്രാര്‍ത്ഥിക്കുവാന്‍ യേശു ആരോടും പറഞ്ഞിട്ടില്ല.

അപ്പോസ്തലന്മാര്‍ എങ്ങനെ ഭൂതങ്ങളെ പുറത്താക്കി?

ഇനി, അപ്പോസ്തലന്മാര്‍ എങ്ങനെ ഭൂതങ്ങളെ പുറത്താക്കി എന്ന് നമുക്ക് ചിന്തിക്കാം?
അവര്‍ അഭിമുഖീകരിച്ച ഒരു സന്ദര്‍ഭം നമുക്ക് നോക്കാം.
അപ്പോസ്തലനായ പൌലോസും തിമൊഥെയൊസും കൂടെ പ്രാര്‍ഥിക്കുവാനായി പോകുക ആയിരുന്നു.

വഴിമദ്ധ്യേ, വെളിച്ചപ്പാടത്തിയായി ലക്ഷണം പറയുന്ന ഒരു പെണ്‍കുട്ടി അവരുടെ പിന്നാലെ ചെന്നു: ഈ മനുഷ്യർ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാർ, രക്ഷാമാർഗ്ഗം നിങ്ങളോടു അറിയിക്കുന്നവർ എന്നു വിളിച്ചുപറഞ്ഞു.

അപ്പോസ്തല പ്രവര്‍ത്തികള്‍ 16:18 ഇങ്ങനെ അവൾ പലനാൾ ചെയ്തുവന്നു. പൗലൊസ് മുഷിഞ്ഞു തിരിഞ്ഞുനോക്കി അവളിലുള്ള ഭൂതത്തോടു: അവളെ വിട്ടുപോകുവാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയിൽ തന്നേ അതു അവളെ വിട്ടുപോയി.

അപ്പോസ്തലന്‍ ഭൂതത്തെ പുറത്താക്കുവാനായി യേശുവിന്റെ നാമത്തില്‍ കല്‍പ്പിക്കുക ആണ് ചെയ്‌തത്; അവന്‍ ഉപവസിക്കുകയും പ്രാര്‍ഥിക്കുകയും ആയിരുന്നില്ല.
അപ്പോസ്തല പ്രവര്‍ത്തികളുടെ പുസ്തകത്തിലോ, ലേഖനങ്ങളിലോ ഒരിടത്തും ഭൂതത്തെ പുറത്താക്കുവാനായി ഉപവസിച്ചു പ്രാര്‍ഥിക്കുവാന്‍ പറയുന്നില്ല.

യേശു എന്താണ് ഉദ്ദ്യേശിച്ചത്?

യേശു എന്താണ് ഉദ്ദ്യേശിച്ചത്, എന്ന ചോദ്യത്തിന് ഉത്തരം ഇപ്പോഴും ആയിട്ടില്ല എന്ന് തോന്നുന്നു.
“പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല” എന്ന് യേശു പറഞ്ഞതായാണ് മത്തായിയും മര്‍ക്കോസിന്‍റെ ഇംഗ്ലീഷ് തര്‍ജ്ജമയിലും രേഖപ്പെടുത്തിയിരിക്കുന്നത്.
മര്‍ക്കോസിന്റെ മലയാളം തര്‍ജ്ജമയില്‍ “ഉപവാസം” ഒഴിവാക്കിയിട്ടുണ്ട്.

യേശുവോ ശിഷ്യന്മാരോ, യേശുവിന്റെ ഉയിര്‍ത്തെഴുന്നെല്‍പ്പിനു ശേഷവും, ഒരിക്കലും ഭൂതത്തെ പുറത്താക്കുവാനായി ഉപവസിച്ചു പ്രാര്‍ഥിച്ചിട്ടില്ല.
എല്ലാ അവസരങ്ങളിലും യേശുവും ശിഷ്യന്മാരും ഭൂതത്തെ ശാസിച്ചു പുറത്താക്കുക ആണ് ചെയ്തത്.

നമുക്ക് ഒരിക്കല്‍ക്കൂടി മര്‍ക്കോസിന്‍റെ സുവിശേഷം 9-)0 അദ്ധ്യായത്തിലേക്ക് പോകാം.
ഒരു പിതാവും ഭൂതഗ്രസ്തനായ ഒരു മകനും യേശുവിന്‍റെ അടുക്കല്‍ നില്‍ക്കുക ആണ്.
അവര്‍ക്ക് സൌഖ്യം ആവശ്യമുണ്ട്.
ഇവര്‍ ശിഷ്യന്മാരുടെ അടുക്കല്‍ വന്നിരുന്നു എന്നും എന്നാല്‍ അവര്‍ വിടുതല്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടു എന്നും യേശുവിന് അറിയാം.
അപ്പോള്‍ യേശു തന്റെ ശിഷ്യന്മാരെ നോക്കി വിളിച്ചു പറഞ്ഞു: അവിശ്വാസമുള്ള തലമുറയേ

ഇവിടെ എന്തുകൊണ്ടാണ് അവര്‍ക്ക് ഭൂതത്തെ പുറത്താക്കുവാന്‍ കഴിയാതിരുന്നത് എന്ന് യേശു വ്യക്തമാക്കുക ആണ്.
അവര്‍ അവിശ്വാസമുള്ള തലമുറ” ആയിരുന്നു.
അതിന്റെ അര്‍ത്ഥം വ്യക്തമാണ്: ഭൂതത്തെ പുറത്താക്കുവാന്‍ ആവശ്യമായ വിശ്വാസം അവര്‍ക്ക് ഇല്ലായിരുന്നു.

കഥ തുടരുക ആണ്...
ഭൂതം ബാധിച്ചിരുന്ന മകന്‍റെ പിതാവ് യേശുവിനോട്, “മനസ്സല്ലിഞ്ഞു ഞങ്ങളെ സഹായിക്കേണമേ എന്നു പറഞ്ഞു.
യേശു അവനോട് ഭൂതം വിട്ടുപോകേണ്ടുന്നതിനായി ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുവാന്‍ ആവശ്യപ്പെട്ടില്ല.
ഇതൊരു പ്രത്യേക തരം ഭൂതം ആണ്; അതുകൊണ്ട് സാധാരണ ചെയ്യുന്നതുപോലെ ശാസിച്ചാല്‍ ഇതു വിട്ടുപോകയില്ല, എന്ന് യേശു പറഞ്ഞില്ല.
യേശു ആവശ്യപ്പെട്ടത് വിശ്വാസം മാത്രം ആണ്: “വിശ്വസിക്കുന്നവന്നു സകലവും കഴിയും”
ഇതിനുള്ള പിതാവിന്‍റെ ഉത്തരത്തില്‍ ഒരു വലിയ സത്യം അടങ്ങിയിട്ടുണ്ട്.

മര്‍ക്കോസ് 9:24 ബാലന്റെ അപ്പൻ ഉടനെ നിലവിളിച്ചു: കർത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ എന്നു പറഞ്ഞു.

ഇവിടെ പിതാവ് രണ്ടു കാര്യങ്ങള്‍ പറയുക ആണ്:

1.    അവന്‍ യേശുവിലുള്ള വിശ്വാസം ഏറ്റുപറയുന്നു – “കർത്താവേ, ഞാൻ വിശ്വസിക്കുന്നു”
2.    അവന്‍റെ വിശ്വാസത്തില്‍ കുറവായുള്ളത് നികത്തുവാന്‍ സഹായിക്കേണമേ എന്ന് അപേക്ഷിക്കുന്നു – “എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ”

എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ” എന്ന അപേക്ഷ, കൂടുതല്‍ ശക്തവും ദൃഡവുമായുള്ള വിശ്വാസത്താല്‍ അവനെ നിറക്കുവാനുള്ള അപേക്ഷ ആണ്.
അതിനായുള്ള ദൈവകൃപക്കായുള്ള അപേക്ഷ ആണ്.
അവന്‍റെ വിശ്വാസത്തിന് ബലഹീനത ഉണ്ട്; പോരാട്ടം ഉണ്ട്.
അവന്‍ അവിശ്വാസത്തെ ഉപേക്ഷിക്കുക ആണ്; അവന്‍ അതിനോട് പോരാടുക ആണ്; അതിനെ കീഴടക്കുവാന്‍ അവന്‍ യേശുവിന്‍റെ സഹായം തേടുക ആണ്.

യേശു, വേഗം, ശക്തമായ ഉറപ്പുള്ള വിശ്വാസത്താല്‍ അവനെ നിറച്ചു.
ശേഷം, ഭൂതാത്മാവിനോട് പുറത്തുപോകുവാന്‍ യേശു കല്‍പ്പിച്ചു.
ഇതാണ് ഈ അത്ഭുത സംഭവത്തിന്‍റെ ശരിയായ ചിത്രം.

നമുക്ക് ഇവിടെ നിന്നും മുന്നോട്ട്, യേശുവിനും ശിഷ്യന്മാര്‍ക്കും ഒപ്പം സഞ്ചരിക്കാം.
അവര്‍ വിശ്രമിക്കുവാനായി ഒരു വീട്ടില്‍ ചെന്നപ്പോള്‍, ശിഷ്യന്മാര്‍ യേശുവിന്റെ അടുക്കല്‍ ഒരു സ്വകാര്യ സംഭാഷണത്തിന് ഒത്തുകൂടി.
അവര്‍ക്ക് എന്തുകൊണ്ട് ഭൂതത്തെ പുറത്താക്കുവാന്‍ കഴിഞ്ഞില്ല എന്ന് അവര്‍ യേശുവിനോട് ചോദിച്ചു.
യേശു മറുപടി പറഞ്ഞു:

പ്രിയ കുഞ്ഞുങ്ങളെ, ആ സംഭവം ഒന്നുകൂടി ഓര്‍ത്തു നോക്കിക്കേ.
നിങ്ങള്‍ ഭൂതത്തെ പുറത്താക്കുവാന്‍ ശ്രമിച്ചു, എന്നാല്‍ പരാജയപ്പെട്ടു.
നിശ്ചയമായും ആ ഭൂതം വളരെ കഠിനമായതും മറ്റു പലതില്‍ നിന്നും വ്യത്യസ്തവും ആണ്.
നിങ്ങള്‍ക്കോ ആ പിതാവിനോ മതിയായ വിശ്വാസം ഉണ്ടായിരുന്നില്ല.
ഞാന്‍ വന്നപ്പോള്‍ നിങ്ങള്‍ക്ക് പകരം ഞാനായി.
എനിക്ക് എല്ലാ തരത്തിലുള്ള ഭൂതങ്ങളെയും പുറത്താക്കുവാന്‍ മതിയായ വിശ്വാസം ഉണ്ട്.
ഉടന്‍ തന്നെ ആ പിതാവ് തന്‍റെ അവിശ്വാസത്തിനു സഹായിക്കേണമേ എന്ന് അപേക്ഷിച്ചു.
ഞാന്‍ അവന്റെ അവിശ്വാസത്തെ പുറത്താക്കി, അവനെ ശക്തമായ ഉറപ്പുള്ള വിശ്വാസത്താല്‍ നിറച്ചു.
അതിനു ശേഷം ഞാന്‍ ഭൂതാത്മാവിനോട് പുറത്തുപോകുവാന്‍ കല്‍പ്പിച്ചു; അത് ആ ബാലനെ വിട്ടുപോയി.

അതുകൊണ്ട് പ്രിയ ശിഷ്യന്മാരെ, നിങ്ങള്‍ക്ക് ഇത്തരം കഠിനമായ ഭൂതങ്ങളെ പുറത്താക്കി മനുഷ്യരെ വിടുവിക്കുവാന്‍ ആഗ്രഹം ഉണ്ട് എങ്കില്‍, അതിന് മതിയായ ശക്തമായ, ഉറപ്പുള്ള വിശ്വാസത്തിനായി ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
അവിശ്വാസത്തെ കീഴടക്കി വിശ്വാസത്തെ പ്രാപിക്കുവാനുള്ള മാര്‍ഗ്ഗം ഉപവാസവും പ്രാര്‍ത്ഥനയും ആണ്.

ഉപസംഹാരം

ഞാന്‍ ഈ സന്ദേശം ഇവിടെ അവസാനിപ്പിക്കട്ടെ.
വിശ്വാസം ആണ് അത്ഭുതങ്ങളെ സാധ്യമാക്കുന്നത്.
വിശ്വാസം ദൈവത്തിന്‍റെ ദാനം ആണ്.
അതിനായി പ്രാര്‍ഥിക്കുക; നമ്മളുടെ ഹൃദയത്തെ മെച്ചമായ വിശ്വാസത്താല്‍ നിറക്കുക; ദൈവരാജ്യത്തിനായി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുക.

ഓരോ അത്ഭുതവും ദൈവരാജ്യത്തിന്റെ സാന്നിധ്യത്തെ വിളിച്ചറിയിക്കുന്നു.

ഈ സന്ദേശം ശ്രദ്ധയോടെ വായിച്ചതിനു പ്രത്യേക നന്ദി.
എല്ലാ മാസവും ഒന്നാം ശനിയാഴ്ച, വൈകിട്ട് 5 മണിക്ക്, പവര്‍ വിഷന്‍ TV ല്‍ നമ്മളുടെ പ്രോഗ്രാം ഉണ്ട്. ദൈവവചനം ഗൌരവമായി ചര്‍ച്ച ചെയ്യുവാന്‍ നമ്മള്‍ ആ സമയം വിനിയോഗിക്കുന്നുണ്ട്. മറക്കാതെ കാണുക. നിങ്ങളുടെ ബന്ധുക്കളോടും സ്നേഹിതരോടും കൂടെ പറയുക.
എല്ലാ മാസവും ഒന്നാം ശനിയാഴ്ച, വൈകിട്ട് 5 മണിക്ക്, പവര്‍ വിഷന്‍ TV ല്‍.

കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ.


No comments:

Post a Comment