ക്രിസ്തീയ കാര്യസ്ഥന്‍

ആരാണ് കാര്യസ്ഥന്‍

മറ്റൊരാളിന്റെ വസ്തുവകകളോ ധനമോ കൈകാര്യം ചെയ്യുന്ന വ്യക്തി ആണ് കാര്യസ്ഥന്‍.
മറ്റൊരാളിന്റെ പ്രതിനിധി ആയി അയാളിന്റെ ഇടപാടുകളില്‍ മേല്‍നോട്ടം വഹിക്കുന്ന വ്യക്തി കാര്യസ്ഥന്‍ ആണ്.
ഒരു കാര്യസ്ഥന്‍ കൈകാര്യം ചെയ്യുന്ന വസ്തുവകകള്‍ അയാളുടെ സ്വന്തം അല്ല, എന്നാല്‍ അത് കൈകാര്യം ചെയ്യുവാന്‍ കാര്യസ്ഥന് അധികാരം ഉണ്ടായിരിക്കും.
പുരാതന കാലത്ത് ഒരു വീട്ടിലെ അല്ലെങ്കില്‍ കൊട്ടാരത്തിലെ തറ വൃത്തിയായി സൂക്ഷിക്കപ്പെടുന്നതു മുതല്‍ ഖജനാവ് വരെ കാര്യസ്ഥന്റെ മേല്‍നോട്ടത്തില്‍ ആയിരുന്നു.

വ്യാപാര വ്യവസായങ്ങളില്‍ ഒരു കമ്പനിയുടെ ധനവും ഉപകരണങ്ങളും ശരിയായും കമ്പനിയുടെ ഉദ്യെശ്യങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും അനുസരിച്ചും കൈകാര്യം ചെയ്യുന്ന മാനേജര്‍ ഒരു കാര്യസ്ഥന്റെ ജോലി ആണ് ചെയ്യുന്നത്.
കാര്യസ്ഥന്‍ പഴയനിയമത്തില്‍

കാര്യസ്ഥന്‍ എന്ന ആശയം പഴയനിയമ കാലത്ത് പരിചിതം ആയിരുന്നു.
കാര്യസ്ഥന്‍ എന്ന അര്‍ത്ഥത്തില്‍ ഒരു എബ്രായ പദം വേദപുസ്തകത്തില്‍ നമ്മള്‍ ആദ്യം കാണുന്നത് ഉല്‍പ്പത്തി 15: 2 ല്‍ ആണ്.
mesheq (meh'-shek) എന്ന ഈ എബ്രായ പദം King James Version ല്‍ steward അഥവാ കാര്യസ്ഥന്‍ എന്നാണു വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
മറ്റു ചില വിവര്‍ത്തനങ്ങളില്‍ അവകാശി എന്നും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
മലയാളത്തിലും അവകാശി എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്.
എങ്കിലും ഇവിടെ എല്ലാം കാര്യസ്ഥന്‍ എന്ന അര്‍ത്ഥം തന്നെ ആണ് വിവക്ഷിക്കുന്നത്.

ദമ്മേശെക്കുകാരനായ എല്യേസർ അബ്രഹാമിന്റെ അടിമയും വിശ്വസ്തനായ കാര്യസ്ഥനും ആയിരുന്നു.
എല്യേസർ അബ്രഹാമിന്റെ എല്ലാ വസ്തുവകകളും നോക്കികാണുകയും തന്റെ യജമാനന്റെ മകന് ഒരു വധുവിനെ കണ്ടെത്തുക എന്ന വലിയ ഉത്തരവാദിത്തവും ഏറ്റെടുക്കുകയും ചെയ്തു.

യാക്കോബ് ലാബാന്റെ കാര്യസ്ഥനായി ചില വര്‍ഷങ്ങള്‍ ജീവിച്ചു.
യജമാനന്റെ ആടുകളെ മേയിക്കുക എന്നതായിരുന്നു അവന്റെ ജോലി.
യൊസഫ് പോത്തിഫെറിന്റെ വീട്ടില്‍ സകലതിനും മേലധികാരി ആയ കാര്യസ്ഥന്‍ ആയിരുന്നു.

സമ്പന്നമായ എല്ലാ കുടുംബങ്ങള്‍ക്കും ഒന്നോ അതിലധികമോ കാര്യസ്ഥന്മാര്‍ ഉണ്ടായിരുന്നു എന്ന് അനുമാനിക്കാം.
യജമാനന്റെ വസ്തുവകകള്‍ കൈകാര്യം ചെയ്യുക എന്നതിനോടൊപ്പം ചില കാര്യസ്ഥന്മാര്‍ കുട്ടികളെ പരിപാലിക്കുന്ന ജോലി കൂടി ഏറ്റെടുത്തിരുന്നു.
കാര്യസ്ഥന്മാരില്‍ പലരും അടിമകള്‍ ആയിരുന്നു; എന്നാല്‍ സ്വതന്ത്രരായവരും കാര്യസ്ഥന്മാരായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

പുതിയ നിയമകാലത്തിലെ കാര്യസ്ഥന്മാര്‍

പുതിയനിയമത്തില്‍ ഗ്രീക്കിലെ രണ്ടു വാക്കുകളെ ഇംഗ്ലീഷില്‍ steward എന്ന് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
epitropos എന്ന ആദ്യത്തെ വാക്കിന്റെ അര്‍ത്ഥം "manager, foreman, or steward." എന്നിവയാണ്.
ഈ വാക്ക് ഗലാത്യര്‍ 4: 2 ല്‍ ഉപയോഗിച്ചിരിക്കുന്നത് ശിശുക്കളുടെ രക്ഷകന്മാര്‍ എന്ന അര്‍ത്ഥത്തില്‍ ആണ്.

Oikonomos എന്ന രണ്ടാമത്തെ വാക്ക് "steward, manager, or administrator" എന്നീ അര്‍ത്ഥത്തില്‍ പുതിയനിയമത്തില്‍ ഒന്നിലധികം പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്.
ഈ വാക്ക് ഗൃഹകാര്യങ്ങളുടെ കാര്യസ്ഥന്‍ എന്ന അര്‍ത്ഥത്തില്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.

സുവിശേഷം പ്രസംഗിക്കുക എന്ന ദൈവീക ഉത്തരവാദിത്തത്തെ കുറിച്ച് പറയുവാന്‍ പൗലോസ്‌ oikonomos എന്ന വാക്കാണ്‌ ഉപയോഗിച്ചത്.
ദൈവം ഗൃഹത്തിന്റെ യജമാനന്‍ ആണ്; തന്റെ വിശ്വസ്തരായ കാര്യവിചാരകന്മാരിലൂടെ ഗൃഹകാര്യങ്ങള്‍ ദൈവം ക്രമീകരിക്കുന്നു.

കാര്യസ്ഥന്‍ എന്ന ആശയം യേശുക്രിസ്തുവിന്റെ കാലത്ത് എല്ലാവര്‍ക്കും സുപരിചിതം ആയിരുന്നു.
യേശുവിന്റെ കാലത്ത് കാര്യസ്ഥന്‍ ഒരു കുടുംബത്തിലെ സകല കാര്യങ്ങളുടെയും മേല്‍നോട്ടക്കാരന്‍ ആയിരുന്നു.
കാര്യസ്ഥന്‍ ആ കുടുംബത്തിലെ വസ്തുവകകളുടെ ഉടമസ്ഥന്‍ അല്ല; എന്നാല്‍ സകലത്തിന്റെയും ഉത്തരവാദി ആയിരുന്നു.
എല്ലാ പ്രശസ്തവും സമ്പന്നവും ആയ കുടുംബങ്ങള്‍ക്കും കാര്യസ്ഥന്മാര്‍ ഉണ്ടായിരുന്നു.
മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമയില്‍ ജോലിക്കാര്‍ക്ക് കൂലികൊടുക്കുന്നത് കാര്യസ്ഥന്‍ ആണ്.  (Matthew 20:8).

ലൂക്കോസ് 16: 1-13 ല്‍ നമ്മള്‍ വായിക്കുന്ന അനീതി ഉള്ള കാര്യസ്ഥന്റെ ഉപമയില്‍നിന്നും കാര്യസ്ഥന്റെ സ്ഥാനത്തെക്കുറിച്ച് നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കാം.
ഈ കാര്യസ്ഥന്‍ സ്വതന്ത്രനായ വ്യക്തി ആയിരുന്നു; യജമാനന്റെ എല്ലാ വ്യവഹാരങ്ങളും അയാള്‍ കൈകാര്യം ചെയ്തിരുന്നു; അയാളുടെ ഹിതം പോലെ അത് കൈകാര്യം ചെയ്യുവാന്‍ അയാള്‍ക്ക്‌ സ്വാതന്ത്ര്യം ഉണ്ടായിരുന്നു.
എന്നാല്‍ എല്ലാത്തിനും ശരിയായ കണക്കു യജമാനന് കൊടുക്കണമായിരുന്നു.
അവിസ്വസ്തന്‍ എന്ന് കണ്ടാല്‍ ഉടന്‍ പിരിച്ചുവിടുകയും ചെയ്യുമായിരുന്നു.

ലൂക്കോസ് 12 ല്‍ നമ്മള്‍ കാണുന്ന കാര്യസ്ഥന്‍ യജമാനന്റെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നു.
വരവ് ചെലവ് കണക്കുകള്‍ നിയന്ത്രിക്കുന്നതും ജോലിക്കാര്‍ക്ക് ജോലികള്‍ വീതിച്ചു നല്‍കുന്നതും അയാള്‍ ആയിരുന്നു.
യേശുവിന്റെ ശിഷ്യന്മാരെ അപ്രകാരമുള്ള കാര്യസ്ഥന്മാരായിട്ടാനാണ് യേശു നിയമിച്ചത്.
യേശുവിന്റെ വരവ് വരെയും സുവിശേഷം എന്ന മഹാ സമ്പത്തിന്റെ വിശ്വസ്തരായ കാര്യവിചാരകന്മാര്‍ ആയിരുന്നു അവരും ഇന്നു നമ്മള്‍ എല്ലാവരും.

ലേഖനങ്ങളില്‍ സുവിഷവേലയുമായി ബന്ധപ്പെടുത്തി ആണ് ഈ ആശയം കൂടുതല്‍ ഉപയോഗിച്ചിരിക്കുന്നത്.
ദൈവരാജ്യത്തിന്റെ മര്‍മ്മത്തിന്റെ കാര്യവിചാരകന്മാര്‍ ആണ് തങ്ങള്‍ എന്ന് പൌലോസും കൂട്ടുപ്രവര്‍ത്തകരും വിശ്വസിച്ചിരുന്നു.

കൊരിന്ത്യര്‍ 4: 1, 2
1  ഞങ്ങളെ ക്രിസ്തുവിന്റെ ശുശ്രൂഷക്കാരും ദൈവമർമ്മങ്ങളുടെ ഗൃഹവിചാരകന്മാരും എന്നിങ്ങനെ ഓരോരുത്തൻ എണ്ണിക്കൊള്ളട്ടെ.
2  ഗൃഹവിചാരകന്മാരിൽ അന്വേഷിക്കുന്നതോ അവർ വിശ്വസ്തരായിരിക്കേണം എന്നത്രേ.

തന്നെ ഏല്‍പ്പിച്ചിരിക്കുന്നതിനെക്കുറിച്ച് അതീവ ജാഗ്രത തനിക്കുണ്ട് എന്നതാണ് ഇവിടെ പൌലോസ് ഉദ്യേശിക്കുന്നത്.
അവരുടെ യജമാനന്‍ കല്‍പ്പിക്കുന്നത് അനുസരിച്ച് വിശ്വസ്തതയോടെ അവര്‍ അത് മറ്റുള്ളവര്‍ക്ക് കൊടുക്കുന്നു.

പത്രോസ് തന്നെയും മറ്റ് ക്രിസ്തീയ വിശ്വാസികളെയും ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി കണ്ടു.

പത്രോസ് 4: 10   ഓരോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ.

ആരാണ് വെദപുസ്തകാടിസ്ഥാനത്തിലുള്ള കാര്യസ്ഥന്‍?

സകലത്തിന്റെയും സൃഷ്ടാവായിരിക്കുന്ന ദൈവത്തിന് സകലത്തിന്മേലും സമ്പൂര്‍ണ്ണ അധികാരം ഉണ്ട്.
ഈ സത്യം ഇല്ലാതെ വേദപുസ്തകത്തിലെ ഒരു ഉപദേശങ്ങള്‍ക്കും അര്‍ത്ഥം ഉണ്ടാകില്ല.

വേദപുസ്തക അടിസ്ഥാനത്തിലുള്ള കാര്യസ്ഥന്‍ എന്നത് ഒരു വ്യക്തിയും ദൈവവും തമ്മിലുള്ള ബന്ധത്തെ നിര്‍വചിക്കുന്നു.
ഇതു ദൈവത്തെ ഉടമസ്ഥന്‍ ആയും മനുഷ്യരെ മേല്‍നോട്ടക്കാരനായും കാണുന്നു.
ഈ ഭൂമിയിലെ എല്ലാ കാര്യങ്ങള്‍ക്കായും കൂട്ടുവേലക്കാരനായി ദൈവം മനുഷ്യനെ കാണുന്നു.
വീണ്ടെടുപ്പു, വിശുദ്ധീകരണം എന്നിവയിലെല്ലാം മനുഷ്യനും ഒരു പങ്കു ഉണ്ട്.

മനുഷ്യരെ ദൈവം സ്വന്തം സാദൃശ്യത്തില്‍ സൃഷ്ടിച്ചിരിക്കുന്നു എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു.
അതിന്റെ അര്‍ത്ഥം, ഈ ഭൂമിയിലെ പ്രവര്‍ത്തികളില്‍ ദൈവവുമായി പങ്കു ചേരുവാന്‍ മനുഷ്യര്‍ യോഗ്യരാണ്‌ എന്നാണ്.
നമ്മള്‍ ദൈവത്തിന്റെ വിശ്വസ്തരായ കാര്യസ്ഥന്മാര്‍ ആയി പ്രവര്‍ത്തിക്കുന്നു; ദൈവത്തിന്റെ മൂല്യവ്യവസ്ഥകള്‍ക്ക് അനുസൃതമായി എല്ലാം ക്രമീകരിക്കുവാന്‍ ദൈവം നമ്മളെ ആക്കിവെച്ചിരിക്കുന്നു.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ കാര്യസ്ഥന്‍ എന്ന സ്ഥാനം നമ്മള്‍ ഈ ഭൂമിയില്‍ ആയിരിക്കുന്നതിന്റെ ദൈവീക ഉദ്യേശ്യത്തെ കാണിക്കുന്നു.
ദൈവത്തിന്റെ സര്‍വ്വലൌകീകവും നിത്യവുമായ രക്ഷാപദ്ധതിയുടെ ഭാഗമാകുവാന്‍ നമുക്ക് ലഭിച്ചിരിക്കുന്ന അനുഗ്രഹിക്കപ്പെട്ട സ്ഥാനം ആണ് കാര്യസ്ഥന്‍ എന്നത്.
കാര്യസ്ഥന്‍ എന്നത് നമ്മളില്‍ നിന്നും ദൈവം എന്തെകിലും എടുക്കുക അല്ല, നമ്മളിലേക്ക് ദൈവത്തിന്റെ മഹിമാധനത്തിനു ഒത്തവണ്ണം നന്മകള്‍ ചൊരിയുവാനുള്ള ദൈവീക പദ്ധതി ആണ്.

കാര്യസ്ഥന്‍ എന്നത് ദൈവത്തിന്റെ സര്‍വ്വാധികാരത്തെ ഈ ലോകത്തില്‍ സാക്ഷിക്കുവാനുള്ള മാര്‍ഗ്ഗം ആണ്.
ഒരു ക്രിസ്തു ശിക്ഷ്യനു ദൈവരാജ്യത്തിനായി പ്രവര്‍ത്തിക്കുവാനുള്ള പ്രചോദനം ആണത്.
ദൈവത്തില്‍ വിശ്വസിച്ചുകൊണ്ടു ഈ ഭൂമിയില്‍ പ്രവര്‍ത്തിക്കുവാനുള്ള ഉറപ്പ് ആണത്.

കാര്യസ്ഥന്‍ എന്നാല്‍ നമ്മളുടെ ജീവിതവും സകല വസ്തുവകകളും ദൈവത്തിനു പൂര്‍ണ്ണമായി സമര്‍പ്പിക്കുന്നതാണ്.
നമ്മളുടെ മേലോ നമ്മളുടെ വസ്തുവകകളുടെ മെലോ നമുക്ക് അധികാരമോ നിയന്ത്രണമോ ഇല്ല എന്നും ദൈവമാണ് സകലതും നിയന്ത്രിക്കുന്നത്‌ എന്നും നമ്മള്‍ സമ്മതിക്കുമ്പോള്‍ മാത്രമേ കാര്യസ്ഥന്‍ ആകുവാന്‍ കഴിയൂ.
എന്ന് പറഞ്ഞാല്‍, നമ്മള്‍, ഒരു കാര്യസ്ഥന്‍ എന്ന നിലയില്‍ ദൈവത്തിന്റെ എപ്പോഴുമുള്ള നീരീക്ഷണത്തിന്‍ കീഴില്‍ ദൈവത്തിന്റെ വസ്തുവകകളുടെ മേല്‍നോട്ടകാരന്‍ മാത്രം ആയിരിക്കുന്നു.
വിശ്വസ്തനായ ഒരു കാര്യസ്ഥന്‍, നമ്മള്‍ നമുക്ക് ഉള്ളവന്‍ അല്ല എന്നും നമുക്കുവേണ്ടി ജീവനെ നല്‍കിയ യേശു ക്രിസ്തുവിന് ഉള്ളവന്‍ ആണ് എന്നും പൂര്‍ണ്ണമായും അംഗീകരിക്കുന്നു.
ചുരുക്കി പറഞ്ഞാല്‍, കാര്യസ്ഥന്‍ എന്നത് നമ്മളുടെ രക്ഷകനും കര്‍ത്താവും ആയ യേശു ക്രിസ്തുവില്‍ ഉള്ള പൂര്‍ണ്ണ അനുസരണം ആണ്.

അങ്ങനെ നമ്മള്‍ നമ്മളുടെ സമയത്തിന്റെയും, കഴിവുകളുടെയും, സമ്പത്തിന്റെയും, നമ്മള്‍ വസിക്കുന്ന ഈ ഭൂമിയുടെയും ദശാംശത്തിന്റെയും പാരമ്പര്യത്തിന്റെയും ചരിത്രത്തിന്റെയും സത്യത്തിന്റെയും ബന്ധങ്ങളുടെയും, അങ്ങനെ എല്ലാറ്റിന്റെയും കാര്യസ്ഥന്മാര്‍ ആണ്.

കാര്യസ്ഥന്മാര്‍ക്കുള്ള 4 പ്രമാണങ്ങള്‍

നമ്മള്‍ സാധാരണ കരുതുന്നതിനെക്കാള്‍ വിശാലമായ അര്‍ത്ഥതലം ഉള്ള കാഴ്ചപ്പാട് ആണ് വേദപുസ്തകപ്രകാരമുള്ള കാര്യസ്ഥന്‍ എന്നത്.
വിശ്വാസം, പ്രവര്‍ത്തി, സാമ്പത്തികം എന്നിവ ഒരുമിച്ച് കൂട്ടിമുട്ടുന്ന ഇടമാണ് കാര്യസ്ഥന്‍ എന്ന സ്ഥാനം.

ഇനി നമുക്ക് കാര്യസ്ഥന്മാര്‍ക്കുള്ള നാല് പ്രമാണങ്ങള്‍ നമുക്ക് നോക്കാം.

1. ദൈവത്തിന്റെ ഉടമസ്ഥത

വേദപുസ്തകത്തിലെ ആദ്യ വാചകം തന്നെ ഈ ഭൂമിയുടെമേലുള്ള ദൈവത്തിന്റെ ഉടമസ്ഥതയെക്കുറിച്ചുള്ളതാണ്.

ഉല്പത്തി 1:1   ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
  
കാര്യസ്ഥന്‍ എന്നതിന്റെ അടിസ്ഥാന പ്രമാണം ആണിത്.
എല്ലാറ്റിന്റെയും ഉടമസ്ഥന്‍ ദൈവം ആണ്; ദൈവത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കാര്യസ്ഥന്മാര്‍ മാത്രമാണ് നമ്മള്‍.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, എല്ലാം ദൈവത്തിന്റെതാണ് എന്ന് അംഗീകരിച്ചുകൊണ്ടുള്ള ഒരു ജീവിതം ആണ് ക്രിസ്തീയ കാര്യസ്ഥന്റ ജീവിതം.
ദൈവനാമ മഹത്വത്തിനായി സകലുരുടെയും നന്മക്കായി എല്ലാ ഭൌതീക വസ്തുവകകളെയും ഉപയോഗിക്കുക എന്നതാണ് ക്രിസ്തീയ കാര്യസ്ഥന്മാര്‍ ചെയ്യേണ്ടത്.
എല്ലാവരോടുമുള്ള ഐക്യത ഒരു ക്രിസ്തീയ കാര്യസ്ഥന്റെ ആദ്യഫലം ആണ്.

നമ്മള്‍ ഉടമസ്ഥര്‍ അല്ല എന്നിരിക്കെ സകലതും പരിപാലിക്കുവാനുള്ള ഉത്തരവാദിത്തം ദൈവം നമ്മളെ ഏല്‍പ്പിചിരിക്കുക ആണ്.
അങ്ങനെ നമ്മള്‍ നമ്മളുടെ കഴിവുകളുടെയും, ദൈവീക ദാനങ്ങളുടെയും സമയത്തിന്റെയും സംസ്കാരത്തിന്റെയും മൂല്യങ്ങളുടെയും നമുക്ക് ചുറ്റുമുള്ള സകലത്തിന്റെയും കാര്യസ്ഥന്‍മാര്‍ ആണ്.
ഒരു ദൈവീക കാര്യസ്ഥന്‍ എന്ന നിലയില്‍ ദൈവത്തിന്റെ ഉദ്യേശ്യം ഈ ഭൂമിയില്‍ നിവൃത്തിക്കപ്പെടുവാനായി നമ്മള്‍ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കേണം.

അങ്ങനെ ദൈവം നമ്മളുടെ അധികാരത്തില്‍ വച്ചിരിക്കുന്ന സകലതും കൈകാര്യം ചെയ്യുന്നതില്‍ നമ്മള്‍ ദൈവത്തോടുള്ള അനുസരണം വ്യക്തമാക്കുന്നു.
ക്രിസ്തീയ കാര്യസ്ഥന്‍ എന്നത് നമ്മളും നമുക്കുല്ലതെല്ലാം ദൈവപ്രവര്‍ത്തിക്കായി സമര്‍പ്പിക്കുന്നതാണ്.
നമ്മളെയോ നമ്മള്‍ക്കുള്ള വസ്തുവകകളോ നമുക്ക് ഇഷ്ടം ഉള്ളതുപോലെ കൈകാര്യം ചെയ്യുവാനുള്ള അധികാരം നമുക്ക് ഇല്ല എന്ന ഏറ്റുപറച്ചില്‍ കൂടി ആണ്.

ആവര്‍ത്തനപുസ്തകം 8: 18   നിന്റെ ദൈവമായ യഹോവയെ നീ ഓർക്കേണം; നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത തന്റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന്നു അവനല്ലോ നിനക്കു സമ്പത്തുണ്ടാക്കുവാൻ ശക്തി തരുന്നതു.

തങ്ങളെ ഏല്‍പ്പിച്ചിരുന്ന ഉത്തരവാദിത്തം സ്വതന്ത്രമായി കൈകാര്യം ചെയ്യുവാനുള്ള സ്വാതന്ത്ര്യം ആദമിനും ഹവ്വയ്ക്കും ഉണ്ടായിരുന്നു എന്നത് കാര്യസ്ഥന്‍ എന്ന സ്ഥാനത്തെ കൂടുതല്‍ അര്‍ത്ഥവക്കാക്കുന്നു.
ദൈവത്തോടുള്ള വിശ്വസ്തതയില്‍ തുടരുവാനും തുടരുവാതിരിക്കുവാനുമുള്ള സ്വാതത്ര്യം വരെ അവര്‍ക്ക് ഉണ്ടായിരുന്നു.
സ്വന്ത തിരഞ്ഞെടുപ്പുപ്രകാരം വിധേയപ്പെടുന്ന ഒരു കാര്യസ്ഥനെ ആണ് മനുഷ്യരില്‍നിന്നും ദൈവം ആഗ്രഹിക്കുന്നത്.
യജമാനന്റെ വസ്തുവകകള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുവാന്‍ ഓരോ കാര്യസ്ഥനും അതിന്റേതായ സ്വാതന്ത്ര്യം ആവശ്യമുണ്ട്.
ഇതാണ് ദൈവവും കാര്യസ്ഥനും തമ്മിലുള്ള ബന്ധത്തിന്റെ ഉദാത്തമായ അവസ്ഥ.

2.  മനുഷ്യന്റെ ഉത്തരവാദിത്തം

ഒരു കാര്യസ്ഥന്‍ ഉത്തരവാദിത്തമുള്ളവനും കണക്ക് ബോധിപ്പിക്കേണ്ടവനും ആണ്.
സ്വാതത്ര്യം എന്നാല്‍ ഉത്തരവാദിത്തം ആണ്.
യജമാനന്‍ ഏല്‍പ്പിച്ച കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് ഉത്തരവാദിത്തം.
നമ്മളുടെ പക്കലുള്ള കാര്യങ്ങള്‍കൊണ്ട് നമ്മള്‍ എന്ത് ചെയ്യുന്നു എന്നതും ഈ ഉത്തരവാദിത്തത്തില്‍ ഉള്‍പ്പെടുന്നു.

നമ്മള്‍ ഈ ലോകത്തില്‍ നമ്മളുടെ അവകാശത്തെകുറിച്ച് സംസാരിക്കുന്നു; ദൈവം നമ്മളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് സംസാരിക്കുന്നു.
നമുക്ക് അവകാശങ്ങള്‍ ഇല്ല; ഉത്തരവാദിത്തങ്ങള്‍ മാത്രമേ ഉള്ളൂ.
കാരണം ഉടമസ്ഥനാണ് അവകാശങ്ങള്‍ ഉള്ളത്; കാര്യസ്ഥന്മാര്‍ക്ക് ഉത്തരവാദിത്തങ്ങള്‍ മാത്രമേ ഉള്ളൂ.

ദൈവത്തിന്റെ വസ്തുവകകള്‍ക്ക്  മേല്‍നോട്ടം വഹിക്കുവാനാണ് ദൈവം നമ്മളെ വിളിച്ചിരിക്കുന്നത്.
ഉത്തരവാദിത്തമുള്ള ഒരു കൂട്ടുകക്ഷി അഥവാ പങ്കാളി ആയിട്ടാണ് ദൈവം നമ്മളെ വിളിച്ചിരിക്കുന്നത്.
ദൈവത്തിന്റെ പദ്ധതിയും ഉദ്യേശ്യവും നിവൃത്തിക്കപ്പെടുവാന്‍ തക്കവണ്ണം പ്രവര്‍ത്തിക്കുവാനുള്ള ഉത്തരവാദിത്തം നമുക്ക് ഉണ്ട്.
ദൈവം നമ്മളില്‍ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങളുടെ ശരിയായ ഉപയോഗവും ക്രമീകരണവും ഒരു ക്രിസ്തീയ കാര്യസ്ഥനില്‍ ഉണ്ട്.

3. കണക്കു ബോധിപ്പിക്കുക

മറ്റൊരാളിന്റെ വസ്തുവകകള്‍ കൈകാര്യം ചെയ്യുന്ന വ്യക്തി എന്ന നിലയില്‍ എല്ലാ കാര്യസ്തന്മാരും കണക്കു ബോധിപ്പിക്കേണ്ടാതായി വരും.
ദൈവം തന്റെ എല്ലാ സൃഷ്ടികളുടെമേലും മനുഷ്യന് അവകാശം നല്‍കിയിട്ടുണ്ട്; എന്നാല്‍ നമ്മുടെ ഹിതം പോലെ അവയെ കൈകാര്യം ചെയ്യുവാന്‍ പാടില്ല.
ദൈവത്തിന്റെ നിരന്തരമായ നോട്ടത്തിന്റെ കീഴില്‍ ദൈവീക നിയമങ്ങള്‍ക്ക് കീഴ്പ്പെട്ടുകൊണ്ട് വേണം നമ്മള്‍ അധികാരം ഉപയോഗിക്കുവാന്‍.

ഇതാണ് താലന്തിനെക്കുറിച്ചുള്ള ഉപമയില്‍നിന്നും നമ്മള്‍ പഠിക്കുന്നത്.
യജമാനന്‍ ഏല്‍പ്പിച്ച സകല കാര്യങ്ങളും എങ്ങനെ കൈകാര്യം ചെയ്തു എന്നതിന്റെ കണക്ക് ഒരിക്കല്‍ കൊടുക്കേണ്ടതായി വരും.
നമ്മള്‍ക്ക് ലഭിച്ചിരിക്കുന്ന സമയം, സമ്പത്ത്, കഴിവുകള്‍, അറിവ്, ബുദ്ധി, ബന്ധങ്ങള്‍ അധികാരം എന്നിങ്ങനെ സകലത്തിന്റെയും കണക്ക് നമ്മള്‍ ബോധിപ്പിക്കേണം.
ഉടമസ്ഥന് നമ്മളോട് കണക്കു ചോദിക്കുവാനുള്ള അധികാരം ഉണ്ട് എന്ന് ഓര്‍ക്കുക.

4.  പ്രതിഫലം

ദൈവരാജ്യത്തിന്റെ മര്‍മ്മങ്ങള്‍ വിശദീകരിക്കുന്ന യേശുവിന്റെ ഉപമകളില്‍ നല്ല കാര്യസ്ഥന്മാര്‍ക്കുള്ള പ്രതിഫലത്തെക്കുറിച്ച് പറയുന്നുണ്ട്.
തങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് തക്കവണ്ണം ഉള്ള പ്രതിഫലം അവര്‍ക്ക് ലഭിക്കും.
ഈ പ്രതിഫലം അപൂര്‍ണ്ണമായിട്ടാണ് എങ്കിലും ഈ ഭൂമിയില്‍ വച്ചും അത്യധികമായി നിത്യതയിലും ലഭിക്കും.

ക്രിസ്തുവിന്റെ കാര്യസ്തന്മാര്‍

നമ്മള്‍ എല്ലാവരും ചില വസ്തുവകകളുടെയും സ്വാധീനങ്ങളുടെയും കാര്യസ്ഥന്മാര്‍ ആണ് എന്ന് നമ്മള്‍ പറഞ്ഞു കഴിഞ്ഞു.
ഇനിയുള്ള ചോദ്യം നമ്മള്‍ എങ്ങനെ ഉള്ള കാര്യസ്ഥന്മാര്‍ ആയിരിക്കേണം എന്നതാണ്.

നമ്മളുടെ ജീവിതവും എല്ലാ നന്മകളും ദൈവത്തിന്റെ ഉടമസ്ഥതയിലും നമ്മളെ എല്പ്പിച്ചിരിക്കുന്നതും ആണ് എന്നതില്‍ നിന്നും നമുക്ക് തുടങ്ങാം.
നമ്മള്‍ വെറും മേല്‍നോട്ടക്കാര്‍ മാത്രം ആണ് എന്ന തിരിച്ചറിവ് നമുക്ക് ഇല്ല എങ്കില്‍ നമുക്ക് യാതൊന്നും ശരിയായി കൈകാര്യം ചെയ്യുവാന്‍ കഴിയുക ഇല്ല.
നമ്മള്‍ കാര്യസ്ഥന്മാര്‍ എന്ന ഉത്തരവാദിത്തപ്പെട്ട സ്ഥാനത്താണ് എന്നും നമ്മള്‍ മനസ്സിലക്കേണം.
ദൈവം എങ്ങനെയുള്ള വസ്തുവകകളെ ആണ് നമ്മളെ ഏല്‍പ്പിച്ചിരിക്കുന്നത്?
നമുക്ക് ഒരു കാറും, വീടും, ചിലപ്പോള്‍ ബാങ്കില്‍ കുറെ പണവും ഉണ്ടായിരിക്കാം.
മിക്കപ്പോഴും നമ്മള്‍ ഇതെല്ലാം എല്ലാം സ്വന്തം അദ്ധ്വാനത്താല്‍ വാങ്ങിച്ചതാണ് എന്നതാണ് നമ്മളുടെ മനോഭാവം.

എന്നാല്‍ സത്യത്തില്‍ ഇതെല്ലാം നമ്മളുടെ സ്വന്തം ആണോ?

നമ്മളുടെ സ്വന്തം എന്ന് നമ്മള്‍ വിളിക്കുന്ന സകലത്തിന്റെയും യഥാര്‍ത്ഥ ഉടമസ്ഥന്‍ ദൈവം ആണ് എന്നതിലേക്ക് നമ്മളുടെ കാഴ്ചപ്പാട് മാറേണം.
ഒരു നല്ല കാര്യസ്ഥന്‍ എന്ന് കരുതി ഇതെല്ലാം ദൈവം നമ്മളെ ഏല്‍പ്പിച്ചിരിക്കുന്നു എന്നെ ഉള്ളൂ.
മനുഷ്യനെക്കുറിച്ചുള്ള ദൈവത്തിന്റെ പ്രധാന പദ്ധതിക്ക് അനുസൃതമായി നമ്മള്‍ ഇതിനെ എല്ലാം കൈകാര്യം ചെയ്യേണം.

എല്ലാം നമ്മളുടെ സ്വന്തമാണ് എന്ന രീതിയില്‍ നമ്മള്‍ അവയെ കൈകാര്യം ചെയ്യുവാന്‍ ശ്രമിക്കുമ്പോള്‍ നമ്മള്‍ സ്വന്ത നിയമങ്ങളും പ്രമാണങ്ങളും രൂപീകരിക്കും.
ഇവിടെ ദൈവത്തിന്റെ നല്ല കര്യസ്തന്മാര്‍ എന്ന നിലയില്‍ നമ്മള്‍ പരാജയപ്പെടുവാന്‍ തുടങ്ങും.
ഫലമായി എല്ലാം, നമ്മളുടെ കഴിവുകളും, സമ്പത്തും എല്ലാം, തെറ്റായ രീതിയില്‍ കൈകാര്യം ചെയ്യുവാന്‍ തുടങ്ങും.
തെറ്റായ രീതികള്‍ വലിയ നാശത്തിലേക്ക് നമ്മളെ എത്തിക്കും.

രാജാധിരാജനായ യേശു ഈ ഭൂയിലേക്ക് വന്നപ്പോള്‍ തന്നെ ദൈവരാജ്യവും വന്നുച്ചേര്‍ന്നു.
യേശുവിന്റെ പ്രജകള്‍ എന്ന നിലയില്‍ എല്ലാ ക്രിസ്തീയ വിശ്വാസികളും ഈ ഭൂയിലെ സകലതും യേശുവിന്റെ വക ആണ് എന്ന് സമ്മതിക്കേണം.
അതിന്റെ അര്‍ത്ഥം യേശുവിന്റെ വസ്തുവകകള്‍ ദൈവരാജ്യത്തിന്റെ മൂല്യവ്യവസ്ഥകള്‍ അനുസരിച്ച് കൈകാര്യം ചെയ്യുവാന്‍ നമ്മള്‍ ബാധ്യസ്ഥര്‍ ആണ്.
അതിന്റെ ലക്ഷ്യം ദൈവരാജ്യത്തിന്റെയും യേശുക്രിസ്തുവിന്റെയും പരമമായ ലക്ഷ്യം നിവൃത്തിക്കുക എന്നതായിരിക്കേണം.

ലളിതമായി പറഞ്ഞാല്‍, നമ്മളുടെ വീട്ടിലെയും ബിസ്സിനസ്സിലെയും മറ്റു എല്ലാ മണ്ഡലങ്ങളിലെയും ചെറുതും വലുതുമായ സകല വസ്തുവകകളും നമ്മളുടെ മനസ്സും ശരീരവും എല്ലാം ദൈവം നമ്മളെ ഏല്‍പ്പിച്ചിരിക്കുന്ന ദൈവത്തിന്റെ സമ്പത്ത് ആണ്.
നമ്മളെ സുഖമായി കാത്തുസൂക്ഷിക്കുക എന്ന ലളിതമായ കാര്യമല്ല ദൈവത്തിന്റെ മുഖ്യ പദ്ധതി.
യേശുവിനു ദൈവരാജ്യം പണിതെടുക്കേണ്ടാതയിട്ടുണ്ട്; ഈ പദ്ധതി നിവര്‍ത്തിക്കാനുള്ള ദൈവത്തിന്റെ വേലക്കാരുടെ കൂട്ടത്തിലാണ് നമ്മള്‍ ഓരോരുത്തരും.
അങ്ങനെ ആണ് നമ്മള്‍ കാര്യസ്ഥന്മാര്‍ ആയതും.

കൊടുക്കുക എന്നത് കാര്യസ്ഥന്മാരുടെ കടമ ആണ്.

നമ്മളുടെ പക്കലുള്ള സമ്പത്ത് ശരിയായി കൈകാര്യം ചെയ്യുന്നതും ദൈവത്തിനായി ദശാംശം വഴിപാട്‌ എന്നിങ്ങനെ വിശ്വസ്തതയോടെ കൊടുക്കുന്നതും കാര്യസ്ഥന്മാരുടെ കടമ ആണ്.
എന്നാല്‍ കാര്യസ്ഥന്‍ എന്നത് നമ്മളുടെ സാമ്പത്തിക കാര്യങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ലാ താനും.
കാര്യസ്ഥന്‍ എന്നത് അതിവിശാലാമായ ഒരു കാഴ്ചപ്പാട് ആണ്.
സമയം, വസ്തുവകകള്‍, പരിസ്ഥിതി, ആരോഗ്യം എന്നിങ്ങനെ സകലവും കാര്യസ്ഥന്റെ കീഴില്‍ വരുന്നു എന്ന് നമ്മള്‍ മുമ്പ് പറഞ്ഞിട്ടുള്ളതാണല്ലോ.

എന്നിരുന്നാലും നമ്മളുടെ സമ്പത്തിന്റെ വിനിയോഗം ഒരു കാര്യസ്ഥന്‍ എന്ന നിലയില്‍ നമ്മളുടെ മനോഭാവത്തെ വ്യകതമായായി പ്രകടിപ്പിക്കുന്നു.
അത് നമ്മളുടെ ഉള്ളില്‍ ഉണ്ടായിരിക്കുന്ന ആത്മീയ മാറ്റങ്ങളെ ബാഹ്യതലത്തില്‍ പ്രതിഫലിപ്പിക്കുന്നു.
ദൈവരാജ്യത്തിന്റെ വിസ്തൃതിക്കായി സമ്പത്ത് ചിലവിടുന്നത്‌ കാര്യസ്ഥന്‍ എന്ന നിലയില്‍ നമ്മളുടെ ഉത്തരവാദിത്തം ആണ്.

കൊടുക്കുക എന്നത് ക്രിസ്തീയ ഉത്തരവാദത്തിന്റെ പ്രവര്‍ത്തി ആണ്.
അത് ദൈവത്തോടുള്ള നന്ദി പ്രകടിപ്പിക്കുന്നു.
അത് സ്വയം സമര്‍പ്പിക്കുന്നതിന്റെ ബാഹ്യ പ്രവൃത്തി ആണ്.
അതുകൊണ്ട് കൊടുക്കുക എന്നത് ഒരിക്കല്‍ മാത്രം സംഭവിക്കേണ്ടുന്ന ഒരു പ്രവൃത്തി അല്ല; അത് ഒരു ജീവിത ശൈലി ആകേണം.
നമ്മള്‍ ആരാണ് എന്നും നമ്മള്‍ ആരുടെതാണ് എന്നും നമ്മളെ ഓര്‍മ്മിപ്പിക്കുന്ന ഒരു ആത്മീയ പ്രവൃത്തി ആണ് കൊടുക്കുക എന്നത്.

ദശാംശം നല്‍കുന്നതിനെക്കുറിച്ച് വെദപുസ്തകത്തില്‍ അനേക ഭാഗങ്ങളില്‍ പറയുന്നുണ്ട്.
നമ്മളുടെ ഭൌതീക നേട്ടത്തിന്റെ നല്ലതും പ്രധാനപ്പെട്ടതും നിര്‍ണായകവുമായ ഒരു ഭാഗം ദൈവത്തിനു തിരികെ കൊടുക്കുന്നതാണ് ദശാംശം കൊണ്ട് ഉദ്യേശിക്കുന്നത്.
എന്നാല്‍ കൊടുക്കുക എന്നത് ദശാംശം മാത്രമോ ഒരു നിശ്ചിത അളവോ അല്ല.
അതൊരു കണക്കില്‍ അധിഷ്ടിതമായ ന്യായപ്രമാണം അല്ല.

കൊടുക്കുക എന്നതിനെക്കുറിച്ച് യേശു നല്ല ഒരു ഉപദേശം നല്‍കിയിട്ടുണ്ട്.
ഒരു സാധുവായ സ്ത്രീ രണ്ടു കാശ് ദൈവാലയ ഭണ്ടാരത്തില്‍ ഇട്ടപ്പോള്‍, അത് ധനവാന്മാര്‍ ഇട്ടതിലും അധികമാണ് എന്ന് യേശു പറഞ്ഞു.
കാരണം ധനവാന്മാര്‍ അവര്‍ക്കുള്ളതിന്റെ ഒരു ചെറിയ ഭാഗം ഭണ്ടാരത്തില്‍ ഇട്ടപ്പോള്‍ ഈ സാധു വിധവ തന്റെ സമ്പത്തു മുഴുവനും നല്‍കി.

നമ്മള്‍ ദൈവത്തിനു കൊടുക്കുന്നത് പ്രധാനമായും നമുക്കുവേണ്ടി ആണ്.
നമ്മള്‍ കൊടുക്കുമ്പോള്‍ നമുക്കുള്ളതെല്ലാം ദൈവത്തിന്റെതാണ് എന്ന് നമ്മള്‍ ഏറ്റുപറയുക ആണ്.
നമ്മള്‍ കാര്യസ്ഥന്മാര്‍ മാത്രം ആയിരിക്കുന്നു.

കൊടുക്കുന്നത് നമ്മളുടെ ജീവിതത്തിലെ സകലത്തിന്റെയും ഉടമസ്ഥന്‍ ദൈവം ആണ് എന്ന സാക്ഷ്യം ആണ്.
ദശാംശം കൊടുക്കുന്നതിനുള്ള വേദപുസ്തകത്തിലെ ആദ്യ പ്രമാണം ആണ്.
എന്നാല്‍ ദശാംശം കൊടുക്കുവാനുള്ള പരിധി ആയി കണക്കാക്കരുത്.
ദൈവം നമ്മളുടെ വരുമാനത്തിന്റെ പത്തു ശതമാനത്തിന്റെ മാത്രം ദൈവം അല്ല; ശേഷിക്കുന്ന തൊണ്ണൂറു ശതമാനവും ദൈവത്തിന്റെത് തന്നെ ആണ്.
നമ്മള്‍ കൊടുക്കുന്നതിന്റെ ശതമാന കണക്കിനെക്കാള്‍ ദൈവം നോക്കുന്നത് കൊടുക്കുവാനുള്ള നമ്മളുടെ മനോഭാവത്തെ ആണ്.

ഉപസംഹാരം

ഞാന്‍ ഈ ഹൃസ്വ പഠനം ഇവിടെ അവസാനിപ്പിക്കട്ടെ.

ക്രിസ്തീയ കാര്യസ്ഥന്‍ എന്നത് നമ്മളുടെ ഈ ഭൂമിയിലെ പ്രവര്‍ത്തനങ്ങളെ എല്ലാം ദൈവത്തിന്റെ ഈ ഭൂമിയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുന്നു.
ദൈവം നമുക്ക് ഒരുക്കിതരുന്ന അവസരങ്ങള്‍ക്ക് ഒത്തവണ്ണം നമ്മളെ ഏല്‍പ്പിച്ചിരിക്കുന്ന സകല നന്മയും ദൈവരാജ്യത്തിന്റെ വ്യാപ്തിക്കായി ദൈവത്തിന്റെ കാര്യസ്ഥന്മാരായി ഉപയോഗിക്കുവാന്‍ നമ്മള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു.

നമ്മള്‍ യേശുവിന്റെ ശിഷ്യന്മാര്‍ ആയി മാറികഴിയുമ്പോള്‍ നമ്മള്‍ ലോകത്തെ നോക്കികാണുന്ന രീതി ആണ് കാര്യസ്ഥന്‍ എന്നത്.
അതിന്റെ രഹസ്യമോ, നമ്മളും നമ്മള്‍ക്കുള്ളതെല്ലാം ദൈവത്തിന്റെ ദാനം ആണ് എന്നതാണ്.

അതുകൊണ്ട് ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിക്കുന്നതിന് മുമ്പേ നമുക്ക് ക്രിസ്തീയ കാര്യസ്ഥനിലേക്കുള്ള ആദ്യ ചുവടു വെക്കാം.
ബുദ്ധിയോടെ വ്യക്തമായ ഒരു തീരുമാനമെടുക്കാം: സകലത്തിന്റെയും ഉടമസ്ഥന്‍ ദൈവം ആണ്.

നമ്മള്‍ വിശ്വസ്തര്‍ ആയിരിക്കേണ്ടുന്ന കണക്കു ബോധിപ്പിക്കുവാന്‍ ബാധ്യതയുള്ള കാര്യസ്ഥന്മാര്‍ മാത്രം.

No comments:

Post a Comment