സമ്പത്ത് സൃഷ്ടിക്കുന്നതെങ്ങനെ? - ഒരു ക്രിസ്തീയ കാഴ്ചപ്പാട്

എന്താണ് സമ്പത്ത്?

എന്താണ് സമ്പത്ത് എന്ന ചോദ്യത്തോടെ നമുക്ക് ഈ ചര്‍ച്ച ആരംഭിക്കാം.

വേദപുസ്തക അടിസ്ഥാനത്തില്‍ സമ്പത്ത് എന്നത് ലോകചിന്തകളില്‍ നിന്നും വിഭിന്നം ആണ്.
സ്വര്‍ഗരാജ്യത്തിന്റെ മൂല്യ വ്യവസ്ഥകള്‍ ലോകത്തിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധം ആണ്.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ലോകം സമ്പത്ത് എന്ന് വിളിക്കുന്നതിനെ അല്ല സ്വര്‍ഗം സമ്പത്ത് എന്ന് വിളിക്കുന്നത്‌.
സ്വര്‍ഗീയ കാഴ്ചപ്പാട് അനുസരിച്ച് സമ്പത്ത് എന്നാല്‍, ശാരീരികവും, ഭൌതീകവും, മാനസികവും ആത്മീയവും എല്ലാം ഒരുമിച്ചു ചേര്‍ന്നതാണ്.

ദൈവം ഈ ഭൂമിയെ സൃഷ്ടിച്ചത് വര്‍ദ്ധനവിന്റെ പ്രമാണം അനുസരിച്ചാണ്.
എല്ലാ ജീവനുള്ള ജീവികള്‍ക്കും സന്താനപുഷ്ടി ഉള്ളവരായി വര്‍ദ്ധിക്കുവാന്‍ കഴിവുണ്ട്.

ഈ ഭൂമിയിലെ സമ്പത്തിനെ ശരിയായി ക്രമീകരിച്ചുകൊണ്ട് സുഖകരമായ ഒരു ജീവിതം കെട്ടിപടുക്കുവാന്‍ ദൈവം എല്ലാ മനുഷ്യര്‍ക്കും കഴിവുകള്‍ നല്‍കിയിട്ടുണ്ട്.
എന്നാല്‍ വേദപുസ്തക പ്രമാണങ്ങള്‍ അറിയായ്കകൊണ്ടും അവ ശരിയായി പ്രമാണിക്കാത്തതുകൊണ്ടും മനുഷ്യര്‍ മിക്കപ്പോഴും കഷ്ടതയിലും ദാരിദ്ര്യത്തിലും ജീവിക്കുന്നു.

ദ്രവ്യാഗ്രഹം അതിമോഹം എന്നിവയില്‍ വീണുപോകാതെ ഇരിക്കുവാന്‍ ദൈവം നമുക്ക് ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.
ഈ ലോകത്തിലുള്ള എല്ലാ മനുഷ്യര്‍ക്കും ആവശ്യം വേണ്ട ആഹാരവും വസ്ത്രവും ഭവനങ്ങളും നമുക്ക് ഉണ്ടാക്കുവാന്‍ കഴിയുന്ന രീതിയിലാണ് ദൈവം ഭൂമിയെ സൃഷ്ടിച്ചത്.
എന്നാല്‍ പാപം നമ്മളുടെ നന്മകളെ മോഷ്ടിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു.
അതുകൊണ്ട് അനേകമായിരിങ്ങള്‍ ഈ ഭൂമിയില്‍ പട്ടിണിയിലും കൊടും ദാരിദ്ര്യത്തിലും ജീവിക്കുന്നു.
ഒരു വശത്ത്‌ ആഹാരസാധനങ്ങള്‍ മിച്ചം വന്ന് നശിക്കുമ്പോള്‍ മറുവശത്ത്‌ ആഹാരത്തിനായി മനുഷ്യര്‍ കേഴുന്നു.
ഈ ദുരവസ്ഥയില്‍ നിന്നും രക്ഷപെടുവാനുള്ള മാര്‍ഗ്ഗം ദൈവത്തിന്റെ പക്കല്‍ മാത്രമേ ഉള്ളൂ.

നമ്മള്‍ ജീവിക്കുന്ന ഈ ലോകം മുഴുവന്‍ കൃത്യതയാല്‍ നിയന്ത്രിക്കപെടുന്നു.
ദൈവം സാര്‍വ്വലൌകീകമായ ചില പ്രകൃതി നിയമങ്ങളുടെ അടിസ്ഥാനത്തിന്മേലാണ് ഈ ഭൂമിയെ സൃഷ്ടിച്ചു ആക്കിവചിരിക്കുന്നത്.
ഗുരുത്വാകർഷണ നിയമം, ആരോഹണ നിയമം, ചലനാത്മക നിയമം എന്നിങ്ങനെ ഉള്ള ചില പ്രകൃതി നിയമങ്ങളാല്‍ ഭൂമി നിയന്ത്രിക്കപ്പെടുന്നു.

ധനം ഒരു നിഷ്‌പക്ഷമായ ഉപകരണം മാത്രമാണ്; അതിന്റെ ഉടമസ്ഥന്റെ സ്വഭാവം അത് സ്വീകരിക്കുന്നു.
അതുകൊണ്ട് ഒന്നുകില്‍ നമുക്ക് അതിന്റെ ഉപയോഗത്തെക്കുറിച്ച് വ്യക്തമായ ഉദ്യേശ്യം ഉണ്ടായിരിക്കേണം.
ധനത്തെകുരിച്ചുള്ള ദൈവത്തിന്റെ ഉദ്യേശ്യം മനസ്സിലാക്കുന്നതാണ് ഏറെ നല്ലത്.
ധനം നമ്മളുടെ പക്കല്‍ എത്തിച്ചേരുന്നതിനു മുമ്പായി അതിന്റെ ഉദ്യേശ്യം എന്തെന്ന് നമ്മള്‍ തീരുമാനിക്കേണം.
  
സമ്പത്തിനെക്കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍

ഞാന്‍ മുമ്പ് പറഞ്ഞതുപോലെ സമ്പത്ത് എപ്പോഴും ധനവും വസ്തുക്കളും അല്ല.
മാനവ ചരിത്രത്തിലും സമ്പത്തിനെക്കുറിച്ചുള്ള കഴപ്പാടുകള്‍ എപ്പോഴും ഒന്നായിരുന്നില്ല.

സമ്പത്ത് പഴയ നിയമത്തില്‍

ഏദന്‍ തോട്ടത്തില്‍ ആദമിനും ഹവ്വക്കും സമ്പത്ത് എന്നാല്‍ വ്യക്തിപരമായ ധനമോ വസ്തുക്കളോ ആയിരുന്നില്ല.
സമ്പന്നമായ വസ്തുക്കളാല്‍ ചുറ്റപ്പെട്ട് അവര്‍ ജീവിച്ചു; സമ്പൂര്‍ണ്ണ ദൈവീക ആരോഗ്യം അനുഭവിച്ചു; മാനസികമായി സമ്പന്നമായ സമാധാനം അനുഭവിച്ചു; ആത്മീയമായി അവര്‍ സമ്പന്നതയില്‍ ആയിരുന്നു.
എന്നാല്‍ അവര്‍ക്ക് വ്യകതിപരമായി സ്വത്തുക്കള്‍ യാതൊന്നും ഇല്ലായിരുന്നു.

മരുഭൂമിയില്‍ യിസ്രായേല്‍ ജനത്തിനു സമ്പത്ത് ഒരു ഭാരം ആയിരുന്നു.
അവര്‍ ചുമന്നുകൊണ്ടു പോയിരുന്ന സ്വര്‍ണത്തിനും വെള്ളിക്കും മരുഭൂമിയില്‍ യാതൊരു ക്രയവിക്രയ ശേഷിയും ഉണ്ടായിരുന്നില്ല.
മരുഭൂമിയില്‍ വ്യപാരശാലകളോ ബാങ്കുകളോ യാതൊന്നും ഉണ്ടായിരുന്നില്ല.
ദൈവത്തിന്റെ ആലയത്തിന്റെ കെട്ടുപണിക്കായി കൊടുക്കുക എന്ന ദൈവീക ഉദ്യേശ്യം വെളിപ്പെടുന്നതുവരെ സമ്പത്ത് ഒരു ഭാരം മാത്രം ആയിരുന്നു.

ദാവീദ് രാജാവിന്റെ കാലത്ത് ശത്രുവിന്റെമേലുള്ള വിജയം ആയിരുന്നു സമ്പത്ത്.
ദാവീദ് ഒരു യോദ്ധാവായിരുന്നു.
ദൈവം വാഗ്ദ്ധാനം ചെയ്ത ദേശമെല്ലാം ദാവീട് പിടിച്ചെടുത്തു; യെരുശലേം പട്ടണത്തെ രാജ്യ തലസ്ഥാനം ആക്കി.

ശലോമോന്‍ രാജാവ് അതിവ ധനവാന്‍ ആയിരുന്നു എങ്കിലും ലോകം കണ്ടിട്ടുള്ളതിലേക്കും വലിയ ബുദ്ധിമാന്‍ എന്ന നിലയിലാണ് അദ്ദേഹം എന്നും അറിയപ്പെട്ടിരുന്നത്.
ഒരു അനുഗ്രഹം ചോദിച്ചുകൊള്ളുവാന്‍ ദൈവം അവസരം നല്‍കിയപ്പോള്‍ ശലോമോന്‍ ബുദ്ധിവൈഭവം അനുഗ്രഹമായി ചോദിച്ചു വാങ്ങി.
അദ്ദേഹത്തിനു ജ്ഞാനം സമ്പത്തായിരുന്നു; ജ്ഞാനത്തോടൊപ്പം സകല ഭൌതീക സമ്പത്തും ലഭിക്കുകയും ചെയ്തു. 

സമ്പത്ത് പുതിയ നിയമത്തില്‍

യേശു ക്രിസ്തുവിനു അനേകം ധനവാന്മാര്‍ ആയ ശിഷ്യന്മാര്‍ ഉണ്ടായിരുന്നു എങ്കിലും പുതിയനിയമത്തില്‍ പൊതുവേ ആത്മീയ സമ്പന്നതക്കാണ്‌ കൂടുതല്‍ മുന്‍തൂക്കം.
നമ്മള്‍ ഈ ഭൂമിയില്‍ പരദേശികളും അന്യരും ആണ് എന്ന സത്യം സമ്പത്തിനോടുള്ള നമ്മളുടെ മനോഭാവത്തെ നിയന്ത്രിക്കുന്നു.
പഴയനിയമത്തിലും അനാഥരോടും വിധവമാരോടും ഉള്ള കരുതല്‍ ഉണ്ടായിരുന്നു എങ്കിലും യേശു അതിനെ ദൈവരാജ്യത്തിന്റെ സുവിശേഷത്തിന്റെ ഭാഗമാക്കി മാറ്റി.
കൊടുക്കുന്നത് വാങ്ങിക്കുന്നതിനെകാല്‍ ഏറെ നല്ലത് എന്ന് പുതിയ നിയമം പഠിപ്പിച്ചു.

സമ്പത്ത് വ്യത്യസ്തമായ സാഹചര്യങ്ങളില്‍

നമ്മളുടെ ജീവിതത്തിലെ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളില്‍ സംമ്പതിനെകുറിച്ചുള്ള നമ്മളുടെ കാഴ്ചപ്പാടും വ്യത്യാസപ്പെട്ടിരിക്കും.
  
ഉദാഹരണത്തിന്:

·     സ്കൂള്‍ ഫീസ് കൊടുക്കുവാന്‍ പ്രയാസപ്പെടുന്ന സാധുവായ കുട്ടിക്ക് സമ്പത്ത് പണമാണ്.
·     തെരുവില്‍ വിശന്നു അലഞ്ഞുനടക്കുന്ന ഒരു ഭിക്ഷക്കാരനു സമ്പത്ത് ആഹാരമാണ്.
·    രോഗിയായ ഒരുവന് സമ്പത്ത് ആരോഗ്യം ആണ്.
·    തിരക്കേറിയ ജീവിതം നയിക്കുന്ന ഒരു വ്യവസായിക്ക് സമ്പത്ത് സമയം ആണ്.
·    ഭൌതീക വസ്തുക്കള്‍ യഥാര്‍ഥത്തില്‍ ഈ പട്ടികയില്‍ ഏറ്റവും താഴയേ വരൂ.

ആവശ്യത്തിനു ആഹാരവും ആരോഗ്യവും മനസമാധാനവും ഇല്ല എങ്കില്‍ നമ്മളുടെ ഭാതീക വസ്തുക്കള്‍ ഒരു ഭാരമായി തീരും.
എന്നാല്‍ സമ്പത്ത് ഒരിക്കലും ഭാരമായി തീരുവാന്‍ പാടില്ല, അത് എപ്പോഴും ഒരു അനുഗ്രഹം ആയിരിക്കേണം.
സമ്പത്ത് എന്നാല്‍ ദാരിദ്രം ഇല്ലാത്ത, ശത്രുഭയം ഇല്ലാത്ത, രോഗങ്ങള്‍ ഇല്ലാത്ത അവസ്ഥ ആണ്.

ഇനി നമുക്ക് വേദപുസ്തക അടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കുവാനുള്ള 5 പ്രമാണങ്ങള്‍ പഠിക്കാം.
നമ്മള്‍ ഒന്നാമത്തെ പ്രമാണത്തില്‍ നിന്നും അഞ്ചാമത്തെ പ്രമാണത്തിലേക്ക് പോകുമ്പോള്‍, ഓര്‍ക്കുക, അഞ്ചാമത്തെ പ്രമാണമാണ്‌ ഏറ്റവും പ്രധാനപ്പെട്ടത്.
അതുകൊണ്ട് ഈ സന്ദേശം മുഴുവന്‍ കാണുക അല്ലെങ്കില്‍ കേള്‍ക്കുക.

സമ്പത്തിനെ കുറിച്ചുള്ള ചില വേദപുസ്തക പ്രമാണങ്ങള്‍ മാത്രമേ നമ്മള്‍ ഇവിടെ ചിന്തുക്കുന്നുള്ളൂ.
സമ്പത്ത് ഉണ്ടാക്കുവാനുള്ള തന്ത്രങ്ങളോ കുറുക്കു വഴികളോ ഇവിടെ പറയുന്നില്ല.

ഇനി നമുക്ക് മുന്നോട്ട് പോകാം.

1.   പൂര്‍വ്വപിതക്കന്മാരില്‍ നിന്നും പിന്തുടര്‍ച്ചയായി പ്രാപിക്കുക

ഇതു സമ്പത്ത് സൃഷ്ടിക്കുവാനുള്ള ലളിതമായ മാര്‍ഗ്ഗം ആണ്.
യഥാര്‍ഥത്തില്‍ ഇവിടെ ഒരാള്‍ സമ്പത്ത് സൃഷ്ടിക്കുന്നില്ല; പിന്തുടര്‍ച്ചയായി പ്രാപിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.
എന്നിരുന്നാലും ഇതു ഒരാളിലേക്കു സമ്പത്ത് കൊണ്ടുവരും.
നിങ്ങളുടെ മുന്‍ഗാമി സമ്പന്നന്‍ ആയിരുന്നു എങ്കില്‍, അദ്ദേഹം അത് നിങ്ങള്‍ക്കായി വച്ചിരിക്കുന്നു എങ്കില്‍ നിങ്ങള്‍ അതിനു അവകാശി ആയി തീരുന്നു.
ഇതു ഇത്രമാത്രം ലളിതം ആണ്.

ഇതു എളുപ്പമായ ധനം അഥവാ easy money എന്ന വിഭാഗത്തില്‍ വരുന്നില്ല എങ്കിലും സമ്പത്ത് സൃഷ്ടിക്കുവാനുള്ള നല്ല മാര്‍ഗ്ഗം അല്ല.
കാരണം ഇത്തരം സമ്പത്തിനെ നമുക്ക് ആശ്രയിക്കുവാന്‍ കഴിയുക ഇല്ല.
അതിന്റെ അര്‍ഥം, ഇത്തരം സമ്പത്ത് ഒരുവനെ ദീര്‍ഘകാലത്തേക്ക് സമ്പന്നമാക്കുകയോ സാമ്പത്ത് നീങ്ങിപ്പോകുകയോ ചെയ്യാം.

ഇങ്ങനെ ലഭിക്കുന്ന പൂര്‍വിക സ്വത്തിന്റെ ദീര്‍ഘകാല ഗുണം ചില വ്യവസ്ഥകള്‍ക്ക് വിധേയം ആണ്.
ഇതാണ് പൂര്‍വീക സ്വത്തിന്റെ പ്രശ്നം.
കാരണം പൂര്‍വികരുടെ പക്കല്‍ നിന്നും ധനം മാത്രമായി നമുക്ക് പ്രാപിക്കുവാന്‍ കഴിയുക ഇല്ല; പൂര്‍വീകര്‍ സമ്പാദിച്ചു വച്ചിരിക്കുന്ന എല്ലാം നമ്മളിലേക്ക് എത്തിച്ചേരും.
അതില്‍ അനുഗ്രഹവും ശാപവും കണ്ടേക്കാം.
സമ്പത്ത് നമ്മള്‍ അവകാശമായി പ്രാപിക്കുമ്പോള്‍ മറ്റു ചിലത് വേണ്ട എന്ന് പറയുവാനുള്ള സ്വാതത്ര്യം നമുക്ക് ഇല്ല.
അതുകൊണ്ട് എങ്ങനെ ആണ് നമ്മളുടെ പൂര്‍വികര്‍ സമ്പത്ത് ഉണ്ടാക്കിയത് എന്നതിന് പ്രാധ്യാന്യം ഉണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് അത് നില നില്‍ക്കുന്നതും മാറിപോകുന്നതും.

സദൃശ്യവാക്യങ്ങള്‍ 13: 22  ഗുണവാൻ മക്കളുടെ മക്കൾക്കു അവകാശം വെച്ചേക്കുന്നു; പാപിയുടെ സമ്പത്തോ നീതിമാന്നു വേണ്ടി സംഗ്രഹിക്കപ്പെടുന്നു.

സമയത്തിന്റെ പരിമിതി കാരണം കൂടുതല്‍ വിശദീകരിക്കാതെ ഈ വിഷയം ഇവിടെ വിടുന്നു.

2. കഠിനാധ്വാനം ആണ് സമ്പത്തിന്റെ രഹസ്യം

സമ്പത്ത് സൃഷ്ടിക്കുന്നതിന്റെ രഹസ്യം കഠിനാധ്വാനം ആണ്.
കഠിനാധ്വാനം എന്നതുകൊണ്ട്‌ സ്വന്തം ജഡത്തിലുള്ള ആശ്രയം അല്ല.
കഠിനാധ്വാനം എന്നാല്‍ നമ്മളുടെ ശാരീരികവും, ഭൌതീകവും, ആത്മീയവുമായ ആരോഗ്യത്തെ സമ്പത്ത് സൃഷ്ടിക്കുന്നതിനായി ഉപയോഗിക്കുക എന്നതാണ്.
ഇത് സമ്പത്ത് സൃഷ്ടിക്കുവാനുള്ള വേദപുസ്തകം പറയുന്ന മാര്‍ഗ്ഗം ആണ്.

നമ്മള്‍ മുമ്പ് പറഞ്ഞതുപോലെ, ആദമും ഹവ്വയും സമ്പത്ത് സൃഷ്ടിച്ചിരുന്നില്ല.
ദൈവം അവര്‍ക്കുവേണ്ടി സകല സമ്പത്തും സൃഷ്ടിക്കുകയും അവരെ അതിന്റെ മദ്ധ്യേ ആക്കുകയും ആണ് ചെയ്തത്.
അവര്‍ സമ്പത്തുക്കളാല്‍ ചുറ്റപ്പെട്ടിരിന്നു എങ്കിലും യാതൊന്നും നമ്മളെപ്പോലെ സ്വന്തമാക്കിയിരുന്നില്ല.

എന്നാല്‍ പാപത്തിനുശേഷം ദൈവം അവരെ തോട്ടതില്‍നിന്നും പുറത്താക്കി.
അവര്‍ തോട്ടത്തില്‍നിന്നും പുറത്തേക്ക് പോകവേ സമ്പത്ത് ഉണ്ടാക്കുവാനുള്ള മാര്‍ഗ്ഗം ദൈവം അവര്‍ക്ക് പറഞ്ഞുകൊടുത്തു.
കഠിനാധ്വാനം ചെയ്യുക എന്നതായിരുന്നു അത്.

ഉല്‍പ്പത്തി 3: 23  അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കി.

ഈ വാക്യത്തില്‍ ഒരു മര്‍മ്മം മറഞ്ഞിരിക്കുന്നുണ്ട്.
ദൈവം ആദമിനെ സൃഷ്ടിച്ചത് ഭൂമിയിലെ മണ്ണ് കൊണ്ടാണ്; ഇപ്പോള്‍ ഭൂമിയില്‍ കഠിനാധ്വാനം ചെയ്യുവാന്‍ ദൈവം പറയുന്നു.
അതായത് ആദമിന്റെ ജഡശരീരം ഈ ഭൂമിയില്‍ നിന്നുമുണ്ടാക്കി; അതെ ഭൂമിയില്‍ കഠിനമായി അധ്വാനിച്ചു വേണം സമ്പത്ത് സൃഷ്ടിക്കുവാന്‍.
ആദം സ്വന്ത ജഡത്തോട് മല്ലുപിടിച്ചു സമ്പത്ത് ഉണ്ടാക്കേണം.

നമ്മള്‍ ഈ ഭൂമിയില്‍ ജഡത്തില്‍ ജീവിക്കുന്നിടത്തോളം കഠിനാധ്വാനം അല്ലാതെ സമ്പത്ത് ഉണ്ടാക്കുവാന്‍ വേറെ മാര്‍ഗ്ഗം ഒന്നും ഇല്ല.
സമ്പത്ത് സൃഷ്ടിക്കുവാന്‍ ദൈവം നിര്‍ദ്ദേശിച്ചിരിക്കുന്ന മാര്‍ഗ്ഗം ഇതാണ്, മനുഷ്യര്‍ക്ക്‌ അത് മാറ്റുവാന്‍ കഴിയുക ഇല്ല.

നമ്മളുടെ ശാരീരിക അധ്വാനം കൂടാതെ ഉണ്ടാക്കുന്ന എല്ലാ സമ്പത്തും എളുപ്പമായ ധനം (easy money) ആണ്.
എളുപ്പമായ ധനം ദൈവീക പദ്ധതി അല്ല.
എളുപ്പമായ ധനത്താല്‍ നമ്മളെ അനുഗ്രഹിക്കുക എന്നത് ദൈവീക പദ്ധതി അല്ല.

ഭാഗ്യം എന്നത് ഒരു ക്രിസ്തീയ വിശ്യാസിയുടെ ആശ്രയം അല്ല, ഭാഗ്യം അനിശ്ചിതവും അനര്‍ഹവും ആണ്.
ദൈവം എല്ലാവിധ ചൂഷണത്തെയും വെറുക്കുന്നു; ചൂഷണത്താലും കൌശലത്താലും ഉണ്ടാക്കുന്ന സമ്പത്ത് എളുപ്പമായ ധനം (easy money) ആണ്.
വിയര്‍പ്പാണ് ദൈവത്തിന്റെ അനുഗ്രഹത്തിന്റെ അടയാളം.
ആദമിനോട് ദൈവം ആവശ്യപ്പെട്ടത് വിയര്‍പ്പുകൊണ്ട് ആഹാരം കഴിക്കുവാണ്.
അഴുക്കുപുരണ്ടതും പരുപരുത്തതുമായ കരങ്ങള്‍ നല്ല സമ്പത്തിന്റെ അടയാളം ആണ്.
ആധുനിക സാമ്പത്തിക ശാസ്ത്രഞ്ജന്‍മാരും മനുഷ്യവിഭവശേഷി ആണ് ശരിയായ സമ്പത്ത് എന്ന് സമ്മതിക്കുന്നു.
മനുഷ്യവിഭവശേഷിയുടെ മറ്റൊരു രൂപം ആണ് ഭൌതീക സമ്പത്ത്.

സദൃശ്യവാക്യങ്ങള്‍ 12: 27   മടിയൻ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല; ഉത്സാഹമോ മനുഷ്യനു വിലയേറിയ സമ്പത്താകുന്നു.

3.  ദീര്‍ഘക്ഷമ സമ്പത്ത് സൃഷ്ടിക്കും

മൂന്നാമത്തെ പ്രമാണമായി ഒരു ഉപദേശം നല്‍കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ദീര്‍ഘക്ഷമ സമ്പത്തിനെ സൃഷ്ടിക്കും;  ദീര്‍ഘക്ഷമ എന്നാല്‍ ദീര്‍ഘമായി കാത്തിരിക്കുക എന്നാണു.
കഠിനാധ്വാനം ഒരു നിക്ഷേപം പോലെ ആണ്; അത് നല്ല ഒരു പ്രതിഫലം നല്‍കേണ്ടതിനായി സ്വയം അധ്വാനിച്ചുകൊണ്ടേ ഇരിക്കും.
പാകമാകുവാന്‍ അതിനു സമയം ആവശ്യമുണ്ട്.
അതുകൊണ്ട് കഠിനാധ്വനത്തോടൊപ്പം ദീര്‍ഘമായ കാത്തിരുപ്പിനെയും കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

സഭാപ്രസംഗി 11: 1  നിന്റെ അപ്പത്തെ വെള്ളത്തിന്മേൽ എറിക; ഏറിയനാൾ കഴിഞ്ഞിട്ടു നിനക്കു അതു കിട്ടും;

ദീര്‍ഘക്ഷമക്ക് വലിയ ശക്തി ഉണ്ട്; അത് ആരെയും നിരാശരാക്കുന്നില്ല.
രണ്ടു പ്രമാണങ്ങളെയും ഒന്നിച്ചാക്കി പറഞ്ഞാല്‍ കഠിനാധ്വാനവും ദീര്‍ഘക്ഷമയും വേദപുസ്തക അടിസ്ഥാനത്തിലുള്ള സമ്പത്ത് സൃഷ്ടിക്കുവാന്‍ അത്യാവശ്യം ആണ്.

4.  കൊടുക്കുക എന്നത് വര്‍ദ്ധനവിനുള്ള സ്വര്‍ഗീയമായ രീതി ആണ്

സമ്പത്തിന്റെ സൃഷ്ടിക്കുള്ള നാലാമത്തെ പ്രമാണം ലോകപ്രമാണങ്ങള്‍ക്ക് വിരുദ്ധം ആണ്.
കൂട്ടിവെക്കുക എന്നതാണ് സമ്പത്ത് സൃഷ്ടിക്കുവാനുള്ള ലോക പ്രമാണം.
ലഭിക്കുക എന്നതല്ലാതെ വര്‍ദ്ധനവിന് മറ്റൊരുമാര്‍ഗ്ഗം ലോകത്തിനു ഇല്ല.
എന്നാല്‍ ദൈവത്തിന്റെ പ്രമാണം കൊടുക്കുക എന്നതാണ്; നൂറു മടങ്ങ്‌ തിരികെ ലഭിക്കുവാന്‍ കൊടുക്കുക.

അപ്പോസ്തല പ്രവര്‍ത്തികള്‍ 20: 35  ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്നു കർത്താവായ യേശു താൻ പറഞ്ഞ വാക്കു ഓർത്തുകൊൾകയും വേണ്ടതു എന്നു ഞാൻ എല്ലാംകൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.

ഒരു ലോക മനുഷ്യന് ഇതു യുക്തിരഹിതമായി തോന്നിയേക്കാം, പക്ഷെ ഒരു ആത്മീയനു ഇതു സത്യമാണ് എന്ന് അറിയാം.
താത്വികമായി ഇതു തെളിയിക്കുവാന്‍ കഴിയുക ഇല്ല; എന്നാല്‍ ഇതു സത്യമാണന്ന് അനുഭവിച്ചറിയുവാന്‍ കഴിയും.
കൊടുക്കുവാനുള്ള ധൈര്യം ഇല്ലാത്തവര്‍ക്ക് അത് തിരികെ ലഭിക്കുന്നത് കാണുവാന്‍ കഴിയുക ഇല്ല.
അപകടസാധ്യത വിജയത്തിനെ പ്രധാന ചേരുവ ആണ്.

5.  സമ്പത്ത് ഒരു ദൈവീക ദാനം ആണ്

നമ്മള്‍ ഇത്രയും നേരം പറഞ്ഞതെല്ലാം അഞ്ചാമത്തെ പ്രമാണത്തിന്‍ കീഴില്‍ വരുന്നു.
ഈ പ്രമാണത്തിന്റെ പിന്‍ബലം ഇല്ലാതെ മനുഷ്യന്റെ യാതൊരു പ്രവര്‍ത്തിയും ശ്വാശതം ആകില്ല.
സമ്പത്ത് ഒരു ദൈവീക ദാനം ആണ്.

ദൈവം നമുക്ക് ദാനമായി നല്‍കിയത് മാത്രമേ യഥാര്‍ത്ഥ സമ്പത്ത് ആകുന്നുള്ളൂ; കാരണം സമ്പത്തില്‍ ആരോഗ്യവും, സമാധാനവും, ഭൌതീക വസ്തുക്കളും, ആത്മീയ അനുഗ്രഹങ്ങളും ഉള്‍പ്പെടുന്നു.
അതായാത് സമ്പത്ത് അളക്കുന്ന ദൈവരാജ്യത്തിലെ മൂല്യ വ്യവസ്ഥ ലോകത്തിന്റെതിനേക്കാള്‍ വ്യത്യസ്തം ആണ്.
ദൈവത്തിന്റെ വഴികള്‍ എപ്പോഴും കാലത്തിനും സംസ്കാരങ്ങള്‍ക്കും അധീതം ആണ്.

അതുകൊണ്ട് സമ്പത്തിനോടുള്ള നമ്മളുടെ മനോഭാവം പ്രധാനപ്പെട്ടതാണ്.
നമ്മളുടെ ശക്തിയും കഴിവും കൊണ്ട് നമ്മള്‍ സമ്പത്ത് സൃഷ്ടിക്കുന്നില്ല.
ദൈവവുമായി നല്ല ബന്ധമുള്ളവര്‍ക്കായുള്ള ദൈവീക ദാനം ആണ് സമ്പത്ത്.

ദൈവത്തോടുള്ള നല്ല ബന്ധം എന്ന വിഷയത്തെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താങ്കള്‍ക്ക് ആഗ്രഹം ഉണ്ടെങ്കില്‍ ദയവായി youtube.com/thenaphtalitribe.എന്ന ഞങ്ങളുടെ വീഡിയോ ചാനല്‍ സന്ദര്‍ശിക്കുക.
അവിടെ Claim your Blessings എന്ന video ല്‍ ഈ വിഷയം വിശദമായി പറഞ്ഞിട്ടുണ്ട് എന്നതിനാല്‍ ഇവിടെ വീണ്ടും ആവര്‍ത്തിക്കുന്നില്ല.
ഓര്‍ക്കുക, നമ്മള്‍ സമ്പത്തില്‍ വിശ്വസിക്കുന്നില്ല; ദൈവത്തില്‍ ആണ് വിശ്വസിക്കുന്നത്.
ദൈവത്തെകാള്‍ അധികമായി മനുഷ്യരെയും വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നത് വിഡ്ഢിത്തം ആണ്.

സമ്പത്തിനെ ദൈവീക ദാനമായി കാണുവാന്‍ നമുക്ക് നന്ദിയുള്ള ഒരു മനസ്സ് വേണം.
നമ്മളുടെ ജഡത്തിന്റെ ബലംകൊണ്ടു മാത്രം സമ്പത്തിനെ വര്‍ദ്ധിപ്പിച്ചു എന്ന ചിന്ത അഹംഭാവം ആണ്.

ഈ അവസരത്തില്‍ ദാവീദ് രാജാവിന്റെ കാലത്തെ ഒരു സംഭവം ഞാന്‍ ഓര്‍ക്കുന്നു.
ഒരു യോദ്ധാവ് എന്ന നിലയില്‍ രക്തപങ്കിലമായ കരങ്ങള്‍ ഉണ്ട് എന്ന കാരണത്താല്‍ യാഹോവയുടെ ആലയം പണിയുന്നതില്‍ നിന്നും ദാവീദിനെ ദൈവം വിലക്കി.
ദൈവം ദാവീദിന്റെ മകനായ ശലോമോനെ അടുത്ത രാജാവായി തിരഞ്ഞെടുക്കുകയും ദൈവാലയം പണിയുവാന്‍ നിയോഗിക്കുകയും ചെയ്തു.
എന്നിരുന്നാലും ദൈവാലയം പണിയുവാന്‍ ആവശ്യമായതെല്ലാം കൂട്ടിവെക്കുവാന്‍ ദാവീദ് തീരുമാനിച്ചു.
സ്വര്‍ണവും വെള്ളിയും മറ്റു വിശേഷ വസ്തുക്കളും ആലയത്തിന്റെ നിര്‍മ്മിതിക്കായി ദാവീദ് സ്വയം നല്‍കി.
അതിനുശേഷം ദാനങ്ങള്‍ നല്‍കുവാന്‍ ജനങ്ങള്‍ക്ക്‌ അവസരം നല്‍കി.
അവരും തങ്ങളുടെ സമ്പത്തില്‍ നിന്നും ധാരാളം നല്‍കി.
അപ്പോള്‍ സമ്പത്തിനെക്കുറിച്ചുള്ള ഒരു മര്‍മ്മം ദാവീദ് പ്രസ്താവിച്ചു.

1 ദിനവൃത്താന്തം 29: 14 & 16
14   എന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂർവ്വമായി ദാനം ചെയ്യേണ്ടതിന്നു പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ ജനവും എന്തുള്ളു? സകലവും നിങ്കൽനിന്നല്ലോ വരുന്നതു; നിന്റെ കയ്യിൽനിന്നു വാങ്ങി ഞങ്ങൾ നിനക്കു തന്നതേയുള്ളു.

16   ഞങ്ങളുടെ ദൈവമായ യഹോവേ, നിന്റെ വിശുദ്ധനാമത്തിന്നായി നിനക്കു ഒരു ആലയം പണിവാൻ ഞങ്ങൾ ശേഖരിച്ചിട്ടുള്ള ഈ സംഗ്രഹമെല്ലാം നിന്റെ കയ്യിൽനിന്നുള്ളതു; സകലവും നിനക്കുള്ളതാകുന്നു.

സമ്പത്തില്‍ ആരോഗ്യം, സമാധാനം, ഭൌതീക വസ്തുക്കള്‍, ആത്മീയ അനുഗ്രഹങ്ങള്‍ എന്നിവ എല്ലാം ഉണ്ടായിരിക്കേണം.
ദൈവത്തിനു മാത്രമേ ഇതു എല്ലാം ഒരുമിച്ചു നല്‍കുവാന്‍ കഴിയൂ.
അതുകൊണ്ട് ശരിയായ സമ്പത്ത് എപ്പോഴും ദൈവത്തിന്റെ ദാനം ആയിരിക്കും.

ഈ മനോഭാവം നമ്മളില്‍ നിലനിറുത്തുവാന്‍ ദൈവീക കൂട്ടായ്മ നമുക്ക് ആവശ്യമുണ്ട്.

സങ്കീര്‍ത്തനം 1: 1, 2
1    ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും
2 യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ.

ഈയ്യോബിന്റെ ജീവചരിത്രം നമുക്ക് ഇവിടെ ഓര്‍ക്കാം.
അക്കാലത്തെ ഏറ്റവും വലിയ സമ്പന്നന്‍ ആയിരുന്നു ഇയ്യോബ്.
അദ്ദേഹത്തിന്റെ വിജയ രഹസ്യമോ ദൈവത്തെ ഭയപ്പെട്ടു ജീവിച്ചു എന്നതാണ്.
ദൈവം അതില്‍ പ്രീതിപ്പെട്ടു; അവന്റെ കൈവേലകളെ അനുഗ്രഹിക്കുകയും അവന്റെ സമ്പത്തിനെ കാക്കുകയും ചെയ്തു.
ദൈവം അവന്റെ സമ്പത്തിനു ചുറ്റിനും വേലികെട്ടി സൂക്ഷിച്ചു; ലോകത്തിലെ സാമ്പത്തിക മണ്ഡലത്തില്‍ എന്ത് തന്നെ സംഭവിച്ചാലും അത് ഇയ്യോബിനെ ബാധിക്കില്ലായിരുന്നു.
ദൈവത്തിന്റെ കരുതല്‍ അത്രമാത്രം ആയിരുന്നു.

ഉപസംഹാരം

ഈ ഹൃസ്വ സന്ദേശം ഇവിടെ അവസാനിപ്പിക്കട്ടെ.

നമ്മള്‍ സമ്പത്തിന്റെ സൃഷ്ടിക്കായി 5 പ്രമാണങ്ങള്‍ ചര്‍ച്ച ചെയ്യുക ആയിരുന്നു.
ഈ ഭൂമിയില്‍ അല്ലലില്ലാതെ ജീവിക്കുവാന്‍ സമ്പത്ത് ആവശ്യമാണ്‌.
ഒരു യഥാര്‍ത്ഥ ക്രിസ്തീയ വിശ്വാസിയുടെ പക്കലുള്ള സമ്പത്ത് മറ്റൊരു ലോകമനുഷ്യന്റെ കൈയ്യിലുള്ള സംബത്തിനേക്കാള്‍ ഏറെ നല്ലതാണ്.


സമ്പത്ത് സൃഷ്ടിക്കുന്നത് കഠിനാധ്വാനത്താലും ദീര്‍ഘക്ഷമയാലും ആണ്.
സമ്പത്ത് ദൈവത്തിന്റെ ദാനം ആണ്; ദൈവം ആണ് നമുക്ക് ആരോഗ്യവും, സമാധാനവും അധ്വാനിക്കുവാനുള്ള സമയവും നല്‍കുന്നത്.
അതുകൊണ്ട് ഒരിക്കലും സമ്പത്തിനു പിന്നാലെ ഓടരുത്; ദൈവവുമായുള്ള നല്ല കൂട്ടായ്മ ബന്ധത്തില്‍ ജീവിക്കുക; സമ്പത്ത് നിങ്ങളെ പിന്തുടരും.


സങ്കീര്‍ത്തനം 23: 6  നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.

No comments:

Post a Comment