ആദിയിൽ വചനം ഉണ്ടായിരുന്നു

 നാല് സുവിശേഷങ്ങൾ

വേദപുസ്തകത്തിലെ പുതിയനിയമ ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്ന സുവിശേഷ ഗ്രന്ഥങ്ങൾ, യേശുക്രിസ്തുവിന്റെ ജീവിതം, പ്രവർത്തനങ്ങൾ, പഠിപ്പിക്കലുകൾ, മരണം, അടക്കം, ഉയിർപ്പ് എന്നിവ വിവരിക്കുന്നതാണ്. പുതിയനിയമത്തിൽ 4 വ്യത്യസ്തങ്ങൾ ആയ സുവിശേഷ രചനകൾ ഉണ്ട്. എന്നാൽ അവ ഓരോന്നായി പ്രത്യേകമായി യേശുക്രിസ്തുവിന്റെ ജീവിതം പൂർണ്ണമായി വിവരിക്കുന്നില്ല.

 

4 സുവിശേഷങ്ങളും 4 വ്യക്തികൾ ആണ് രചിച്ചത്. അവർ, മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നിവർ ആണ്. ഇവരിൽ മത്തായിയും യോഹന്നാനും യേശുക്രിസ്തുവിന്റെ 12 ശിഷ്യന്മാരിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ മർക്കൊസും ലൂക്കൊസും ശിഷ്യന്മാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. മത്തായി ഒരു നികുതി പിരിവുകാരനും, യോഹന്നാൻ ഒരു മീൻപിടുത്തക്കാരനും ആയിരുന്നു (മത്തായി 9:9, 4:21). അവർ രണ്ടു പേരും യഹൂദന്മാർ ആയിരുന്നു. മർക്കൊസും ഒരു യഹൂദൻ ആയിരുന്നു. അദ്ദേഹം അപ്പൊസ്തലനായ പത്രോസിന്റെ അനുയായി ആയിരുന്നു. ലൂക്കോസ് ഒരു യഹൂദ ഇതര (ജാതീയൻ) വിഭാഗക്കാരൻ ആയിരുന്നു. അദ്ദേഹം ഗ്രീക്ക് പ്രദേശങ്ങളിൽ കുടിയേറി താമസിച്ച ഒരു യഹൂദ കുടുംബത്തിൽപ്പെട്ടവനായിരുന്നു എന്നും ചില പണ്ഡിതന്മാർക്ക് അഭിപ്രായം ഉണ്ട്. ലൂക്കോസ് ഒരു വൈദ്യനും, ചരിത്രകാരനും ആയിരുന്നു. അദ്ദേഹം അപ്പൊസ്തലനായ പൌലൊസിന്റെ അനുയായി ആയിരുന്നു. യേശുക്രിസ്തുവിൽ നിന്നും നേരിട്ടു കാണുകയും, കേൾക്കുകയും, ഗ്രഹിക്കുകയും ചെയ്തതിന്റെ വിവരണം ആണ് മത്തായിയും, യോഹന്നാനും രേഖപ്പെടുത്തിയത്. എന്നാൽ മർക്കൊസും ലൂക്കൊസും, യേശുക്രിസ്തുവിനെ നേരിൽ കാണുകയും, കേൾക്കുകയും ചെയ്തവരിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ആണ് എഴുതിയത്.